November 02, 2007

കിതക്കുന്ന പെണ്ണും കുതിക്കുന്ന വനിതയും

എപ്പോഴും സത്യമായിരിക്കും യുദ്ധത്തിലെയും കലാപത്തിലെയും ആദ്യത്തെ രക്തസാക്ഷി. രണ്ടാമത്തേത്‌ പെണ്ണും. സ്വാഭാവികമായും പിന്നെ മൂന്നാമത്തേത്‌ കുട്ടികളാകാതിരിക്കാന്‍ വേറെ വഴിയൊന്നുമില്ല.

അത്‌ ബൈബിള്‍ കക്ഷത്തില്‍ വച്ച്‌ നടത്തിയ കുരിശുയുദ്ധത്തിലായാലും ഖുറാന്റെ തണലിലെ ജിഹാദായാലും പെണ്ണിന്റെ ഗതി അധോഗതി. മതങ്ങളുടെ പതിനാറടിയന്തിരത്തിനുവേണ്ടി നടന്നത്ര യുദ്ധങ്ങള്‍ എതായാലും രാഷ്ട്രീയത്തിനുവേണ്ടി നടന്നിട്ടില്ല.

യുദ്ധത്തില്‍ സ്‌ത്രീകളോട്‌ മാന്യമായി പെരുമാറും എന്നുപറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും എന്നുതന്നെയാണര്‍ത്ഥം. ലോകത്തെ ഏതുപട്ടാളസാഹിത്യകാരന്‍ വിവര്‍ത്തനം ചെയ്‌താലും അര്‍ത്ഥം മാറിപ്പോവുകയില്ല.

ഇരുപതാം നൂറ്റാണ്ടിലെ ഇമ്മിണി ബല്യ യുദ്ധം രണ്ടാം ലോകമഹായുദ്ധമായിരുന്നല്ലോ. പരാക്രമം പെണ്ണിനോടു നടത്തിയകാര്യത്തില്‍ ചെങ്കുപ്പായക്കാര്‍ നാസികളെ ബഹുദൂരം പിന്നിലാക്കിയതാണ്‌ ചരിത്രം.

ചൈനയിലെ ജപ്പാന്‍ പട്ടാളക്കാര്‍ക്കുവേണ്ടി കംഫര്‍ട്ട്‌ വുമണായി പിടിച്ചുകൊണ്ടുപോയ വനിതകളുടെ എണ്ണം രണ്ടുലക്ഷമായിരുന്നു. നിത്യേന നാല്‌പതോളം ബലാല്‌സംഗത്തിനിരയായി ഇവരില്‍ ചിലരെങ്കിലും. ഇവരുടെ മുക്കാല്‍ഭാഗവും യുദ്ധം തീരുന്നതിനുമുമ്പായിതന്നെ ഒടുങ്ങി.

മുസ്ലീം തീവ്രവാദികളുടെ കൈയ്യില്‍ പെട്ട അള്‍ജീറിയന്‍ യുവതികളുടെ കഥയറിയുമ്പോള്‍ ജപ്പാന്‍ പട്ടാളക്കാര്‍പോലും ലജ്ജിച്ചു തലതാഴ്‌ത്തിപ്പോവും. പെണ്ണിന്റെ മടമ്പുവെളിയില്‍ കണ്ടതിന്‌ അഫ്‌ഗാനിസ്ഥാനില്‍ കാലിനുവെടിവെച്ചെങ്കില്‍ പര്‍ദയിടാതെ വെളിയിലിറങ്ങിയതിനുള്ള അള്‍ജീറിന്‍ മോഡല്‍ തലതന്നെ വെട്ടിക്കളയലായിരുന്നു. തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളിലേക്ക്‌ തട്ടിയെടുക്കുപ്പെടുന്ന വനിതകളുടെ എണ്ണം ആര്‍ക്കും കിട്ടാറുമില്ല.

സ്റ്റാലിന്റെ പട്ടാളക്കാര്‍ക്ക്‌ മുകളില്‍ നിന്നും കിട്ടിയ ഉത്തരവ്‌ പരമാവധി ജര്‍മ്മന്‍ വനിതകളെ പിടിച്ചുകൊണ്ടുപോയി തടവിലിടാനായിരുന്നു. ഇട്ടാല്‍ മാത്രം പോരാ. നിത്യേന കൂട്ടബലാല്‍സംഗം ചെയ്യുകയും വേണം. പട്ടാളക്കാര്‍ക്ക്‌ ഇതിന്‌ പ്രത്യേകിച്ച്‌ ഒരുത്തരവിന്റെ ആവശ്യം ലോകാരംഭകാലം മുതല്‍ ഇന്നോളം വേണ്ടിവന്നിട്ടില്ല.

ബാക്കി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഉത്തരവിന്റെ ആവശ്യം ഉണ്ടായിരുന്നുതാനും.ജര്‍മ്മന്‍ ജനതയുടെ ആത്മാഭിമാനം തകര്‍ക്കാന്‍ വിപ്ലവബുദ്ധിയിലുദിച്ച ഒരു വഴി പെണ്ണിനെ പിഴപ്പിക്കലായിരുന്നു. ബലാല്‍സംഗം ചെയ്‌താല്‍ മാത്രം പോരാ. കര്‍മ്മം നിരന്തരം അനുഷ്‌ഠിച്ച്‌ ഗര്‍ഭിണിയായെന്നുറപ്പാക്കുകയും വേണം. അതുമാത്രം പോരാ തന്റെയുള്ളില്‍ വളരുന്ന തന്തയാരെന്നറിയാത്തതിനെ നശിപ്പിച്ചുകളയാതിരിക്കാന്‍ ആവശ്യമായ കാലം തടങ്കലില്‍ തന്നെ സൂക്ഷിക്കുകയും വേണം. പ്രസവിക്കലല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ബാക്കിയുണ്ടെങ്കില്‍ തുറന്നുവിട്ടേക്കുക.

അങ്ങിനെ റഷ്യന്‍ പട്ടാളക്കാര്‍ക്ക്‌ പിറന്ന തന്തയില്ലാപ്പൈതങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല നല്ലൊരു ശതമാനം തന്നെയായിരുന്നു ജര്‍മ്മന്‍ തെരുവുകളില്‍ തേരാപാരാ നടന്നു എന്നറിയുമ്പോള്‍ മുന്തിയ ഭീകരന്‍ ഹിറ്റലറോ അതോ സ്‌റ്റാലിനോ എന്നു തോന്നുക സ്വാഭാവികം.

മതരാഷ്ട്രീയ ഭേദമന്യേ വനിതകളോടുള്ള നിലപാട്‌ മേല്‍പറഞ്ഞതായിരുന്നു. അപ്പോള്‍ പെണ്ണിന്‌ എറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടിവന്നത്‌ മതങ്ങളില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നുമാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ആണില്‍ നിന്ന്‌്‌ എന്നും പറയാം.

ഈ പശ്ചാത്തലത്തില്‍ നിന്നും മാറി ഇനി ഏഷ്യാ-പെസഫിക്‌ കോണ്‍ഫറന്‍സ്‌ ഒണ്‍ റിപ്രൊഡക്ടീവ്‌ ആന്റ്‌ സെക്ഷ്വല്‍ ഹെല്‍ത്ത്‌ ഹൈദരാബാദില്‍ വ്‌ച്ച്‌ നടന്നപ്പോഴുണ്ടായ ചില നിരീക്ഷണങ്ങളിലേക്ക്‌. ഫിലിപ്പൈന്‍സില്‍ നിന്നും വന്ന എലിസബത്ത്‌ (മുഴുവന്‍ പേരും വായിക്കാന്‍ പറ്റിയില്ല പിന്നല്ലേ എഴുതല്‍) പറഞ്ഞത്‌ കാത്തലിക്‌ വിശ്വാസം പിന്തുടരുന്ന ഭരണാധികാരികള്‍ സ്‌ത്രീക്ക്‌ വിവാഹമോചനത്തിന്റെ അവകാശം നിഷേധിക്കുന്നു എന്നാണ്‌.

എതാണ്ടിന്ത്യന്‍ ജനാധിപത്യം പോലെ. ഒരിക്കല്‍ വരിക്കാനല്ലാതെ നേതാക്കളെ മൊയ്‌ശൊല്ലാനുള്ള അധികാരമില്ല. ശിഷ്ടകാലം മുഴുവന്‍ വിക്രമാദിത്യനും വേതാളവും പോലെ കെട്ടിഞേന്നുപോവുക.

മാടില്‍ പശുവിന്റെ സ്ഥാനമാണ്‌ ദൈവം സഹായിച്ച്‌ മതങ്ങള്‍ പെണ്ണിന്‌ നല്‌കിയിരിക്കുന്നത്‌. ഇണചേര്‍ക്കല്‍, പിന്നെ പ്രസവം, അനന്തരം കറവ. അതുവറ്റിയാല്‍ വീണ്ടും ആദ്യം തൊട്ടു തുടങ്ങും. നാല്‌ക്കാലിക്ക്‌ കറവതുടങ്ങി വറ്റുന്നതുവരെ ഒരിടവേളയുണ്ടെന്ന ഒരാനുകൂല്യവുമുണ്ട്‌. ഇരുകാലിക്ക്‌ തല്‌ക്കാലം ആ ഇടവേളയും ലഭിക്കുന്നില്ലെന്നതാണ്‌ സത്യം.

2005 മാര്‍ച്ചിലെ ടൈംസ്‌ വാരിക പറഞ്ഞത്‌ ശരിയാണെങ്കില്‍, കുട്ടികളുണ്ടാകുന്നത്‌ ലൈംഗീകബന്ധത്തില്‍ കൂടിയാണെന്ന കാര്യം 33% ഫിലിപ്പിനോ ദമ്പതികള്‍ക്കും തിരുപാടില്ല. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്‌. 2.36% ആണ്‌ ജനസംഖ്യാവര്‍ദ്ദന. ലോകത്തില്‍ ഏറ്റവും കൂടുതല്‍. ദിനംപ്രതി 4000 ജനനം. താങ്‌സ്‌ റ്റു മതം ആന്റ്‌ ഗ്രന്ഥം എന്നല്ലാതെന്തുപറയുവാന്‍. 94 ശതമാനം കൃസ്‌ത്യന്‍ ജനത. അതില്‍ 84 ശതമാനം റോ്‌്‌്‌മന്‍ കത്തോലിക്കക്കാരുള്ള രാജ്യത്തിന്റെ സ്ഥിതിയാണിത്‌. അക്കൂട്ടരാണിവിടെ സുവിശേഷം പറഞ്ഞുനടക്കുന്നത്‌.

മരിച്ച ശേഷം മാത്രം ജീവിച്ചുകൊണ്ടിരിക്കുന്ന അഭയ ഇവിടെ ഒരു മതത്തിന്റെ വികലമായ കാഴ്‌ചപ്പാടുകളുടെ ഉത്തരമില്ലാത്ത നടുക്കുന്ന ചോദ്യമായി മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിക്കൊണ്ടേയിരിക്കുന്നു. അന്വേഷണം നടക്കുന്നു. പിന്നെ ഓടുന്നു. ഒന്നു കിതക്കുന്നു. പിന്നെ വിശ്രമിക്കുന്നു. ഒടുവില്‍ അഭയയെപ്പോലെ അന്വേഷണഫലം കൂവ്വത്തില്‍ പതിക്കുന്നു.

ജുഡീഷ്യറിയെയും ജനാധിപത്യത്തെയും ഒരുപോലെ വിഡ്ഡികളാക്കിക്കൊണ്ട്‌ ഏദന്‍തോട്ടത്തില്‍ സാത്താന്‍മാര്‍ നിര്‍ബാധം വിലസുന്നു.

ബാക്കിയെല്ലാവര്‍ക്കും ഗ്രന്ഥം മനുഷ്യനുവേണ്ടിയാണെങ്കില്‍ ചിലരുടെ വിശ്വാസപ്രകാരം മനുഷ്യന്‍ ഗ്രന്ഥത്തിനുവേണ്ടിയാണ്‌. അവരുടെ വിശ്വാസം അവരെ രക്ഷിക്കുന്നു. ബാക്കിയുള്ളവരെ വഴിയാധാരമാക്കുകയും ചെയ്യുന്നു. ഇന്‍ഷാ അള്ള. അതുകൊണ്ട്‌ ഗര്‍ഭനിരോധനമാര്‍ഗങ്ങളും അബോര്‍ഷനും ഒന്നും അനുവദനീയമല്ല. പ്രത്യുല്‌പാദനപരമല്ലാത്ത ലൈംഗീകതയും അനുവദനീയമല്ല (ലേഡീസ്‌ ഓണ്‍ലി).

അപ്പോള്‍ സ്വാഭാവികമായും ലോകം മുന്നോട്ടുനടക്കുമ്പോള്‍ വനിതകള്‍ ഒരു പ്രകാശവര്‍ഷം പിന്നോട്ടുസഞ്ചരിക്കും. പിന്നാലെ ഒരു സമൂഹവും. ചുരുക്കിപ്പറഞ്ഞാല്‍ തന്റെ മനസ്സിനും ശരീരത്തിനും മേലുള്ള സ്‌ത്രീയുടെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌.

മലേഷ്യയില്‍ നി്‌ന്നുമെത്തിയ സെയ്‌തുല്‍ മുഹമ്മദ്‌ കാസിമിന്റെ അഭിപ്രായത്തില്‍ ഇതെല്ലാം ചെയ്‌തുകൂട്ടുന്നത്‌ ഖുറാനെ വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ചിട്ടാണെന്നാണ്‌. പെണ്ണിനെ അടിമയാക്കാനും ആണിനെ ഉടമയാക്കാനുമായി ചില സ്വയം പ്രഖ്യാപിത പുരോഹിതന്‍മാര്‍ കുരുടന്റെ ആനവിവരണം പോലെ വ്യാഖ്യാനിച്ച്‌ ഖുറാന്‍ ഒരു പരുവമാക്കിയെന്നാണ്‌ അവരുടെ അഭിപ്രായം.

മുഹമ്മദ്‌ മലക്കുപോയി എന്നത്‌ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ചാല്‍ അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഇങ്ങിനെ കിട്ടും - മല മുഹമ്മദിനെ അന്വേഷിച്ചുചെന്നു.

ചിരിക്കാനുള്ള കഴിവും പ്രത്യുത്‌പാദനത്തിലുപരിയായ സെക്‌സുമാണ്‌ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം. പ്രത്യുത്‌പാദനപരമല്ലാത്ത സെക്‌സ്‌ എതിര്‍ക്കപ്പെടുമ്പോള്‍ മനുഷ്യനും മൃഗത്തുനുമിടയിലുള്ള ആ വിടവ്‌ നികത്തലുതന്നെയായിരിക്കണം ഉദ്ദേശം. ലൈംഗീക ബന്ധത്തിന്റെ ഫലമായി ഇന്നോളം ഒരാണും പ്രസവിച്ചതായി അറിയില്ല. അതുകൊണ്ട്‌ പെണ്ണിന്റെ കുലത്തൊഴില്‍ പ്രസവമല്ലാതെ വേറൊന്നുമായിപ്പോവരുത്‌. അരക്കില്ലത്തിലെ തീയെക്കാളും അപകടകാരിയാണ്‌ അരക്കെട്ടിലെ തീയ്യെന്നറിയുവാന്‍ കാമശാസ്‌ത്രം പഠിക്കുകയൊന്നും വേണ്ട.

ഇനി മറ്റൊരു വശം. ഇതേ യോഗത്തില്‍ പങ്കെടുത്ത ചൈനയിലെ ഒരു ഉപമന്ത്രി സെയ്‌ഗ്‌ ഷാവോയുടെ വാക്കുകള്‍. 2006 മുതല്‍ കെയര്‍ ഫോര്‍ ദ ഗേള്‍ പ്രൊജക്ട്‌ എന്നൊരു പദ്ധതി ചൈന നടപ്പിലാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തലാണ്‌ ലക്ഷ്യം. 1980 മുതല്‍ രാഷ്ട്രീയ സാമ്പത്തീക വികസന പ്രകൃയയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്‌ വനിതകള്‍.

ചൈനീസ്‌ ജനതയില്‍ 83 ശതമാനം പേരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. നഗരങ്ങളില്‍ മിക്കവാറും ജനനം ഒരു കുട്ടിയിലും ഗ്രാമങ്ങളില്‍ രണ്ടിലും തിബത്തുപോലുള്ള ന്യൂനപക്ഷ പ്രദേശങ്ങളില്‍ രണ്ടിലേറെയും കുട്ടികളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ജനസംഖ്യ ചൈന ഭാരമായല്ല മറിച്ച്‌ മനുഷ്യവിഭവശേഷിയായാണ്‌ കരുതുന്നതെന്നും.

ഇനി വേറൊരു വശം. ഒരു മാനേജ്‌മെന്റെ പഠനപ്രകാരം 2020 ആകുമ്പോഴേക്കും ലോകത്തിലെ കോടീശ്വരരില്‍ കൂടുതല്‍ പെണ്ണുങ്ങളായിരിക്കും. ഇരുപതുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ അറുപതുശതമാനം സമ്പത്തും വനിതകളുടെ അധീനതയിലായിരിക്കും. അതോടെ രാമായണത്തിന്റെ കഥ കഴിയും. കര്‍ക്കടത്തില്‍ യുവാക്കള്‍ സീതായനം മുറിയാതെ ചൊല്ലി കാലയാപനം കഴിക്കേണ്ട കാലം സമാഗതമായെന്നര്‍ത്ഥം. ഇപ്പോ പെണ്ണിന്‌ വിദ്യ കൊടുത്തുകൂടെന്നു പറഞ്ഞതിന്റെ അര്‍ത്ഥം പുരിഞ്ചിതാ?പെണ്ണിന്‌ അടിമയും ആണ്‌ ഉടമയുമാണെന്ന സാര്‍വ്വദേശീയ നയത്തില്‍ മാത്രമാണ്‌ സര്‍വ്വമതസാഹോദര്യം ദര്‍ശിക്കുവാന്‍ കഴിയുക.

ഏതായാലും ദ്രവിച്ച കുറേ ഗ്രന്ഥങ്ങളും കെട്ടിപ്പിടിച്ച്‌ മലര്‍ന്നുകിടന്നു തുപ്പുന്നവര്‍, മാഡത്തിന്റെ കാലൊച്ചകള്‍ക്ക്‌ കാതോര്‍ക്കുവാന്‍ കാലമായെന്നുതോന്നുന്നു. ലോകം ഒരിക്കലും ഗ്രന്ഥത്തിനനുസരിച്ച്‌ മാറുകയില്ല. മാറ്റം രേഖപ്പെടുത്തിവെക്കാന്‍ കൊള്ളുമെന്നതില്‍ കവിഞ്ഞ്‌ അതുകൊണ്ട്‌ വലിയ കാര്യവുമില്ല. ആര്‍ക്കെങ്കിലും ഒരു സ്‌കെയിലും പെന്‍സിലും കൊണ്ട്‌ വരച്ചുവെക്കുവാന്‍ ലോകത്തിന്റെ പ്രയാണം ഒരു നേര്‍രേഖയിലുമല്ല. ഇതു മനസ്സിലാക്കാത്തവര്‍ അഥവാ ഉദരനിമിത്തം കണ്ടില്ലെന്നു നടക്കുന്നവര്‍ക്കായി ഒരിടമുണ്ട്‌, കാലാനുസൃതമായി മാറാത്തതിനെല്ലാമുള്ള ഒരിടം. അതാണ്‌ ചരിത്രത്തിന്റെ ചവറ്റുകുട്ട.

October 27, 2007

കേരളത്തിലെ കലാപശാലകള്‍ അഥവാ കശാപ്പുശാലകള്‍

ഇന്ത്യയിലെ ആദ്യത്തെ നൂറു കലാശാലകളെടുത്താല്‍ അക്കാദമിക്‌ റാങ്കിങ്ങില്‍ ഒരെണ്ണം പോലും കേരളത്തില്‍ നിന്നുണ്ടാവുകയില്ല. ജനാധിപത്യമര്യാദ പ്രകാരം നാറിയ റാങ്കിങ്ങ്‌ നമ്മള്‍ മാറ്റിവെക്കുക. റാഗിങ്ങില്‍ മുന്തിയ ഒരു പത്തെണ്ണമെടുക്കുക. മുന്നില്‍ നിന്നു നയിക്കുവാന്‍ കൂട്ടബലാല്‍സംഗം ഫെയിം എസ്‌. എം. ഇയും തൊട്ടുതാഴെ ഇന്നലത്തെ പ്രകൃതിവിരുദ്ധം ഫെയിം കാര്‍ഷിക കലാശാലയും കാണാതിരിക്കുകയില്ല.

ഇനി റാഗിങ്ങിനെയും മാറ്റിവെക്കുക. വിവിധ കാമ്പസ്‌ തനതുകലാപരൂപങ്ങളായ അടിച്ചുകൊല്ലല്‍, എറിഞ്ഞുകൊല്ലല്‍, വെട്ടിക്കൊല്ലല്‍, കുത്തിക്കൊല്ലല്‍ ആദിയായവയില്‍ മികച്ച 20 എണ്ണമെടുത്താല്‍ ഇരുപതും നമ്മളുടേതായിരിക്കും.

ഒന്നാം സ്ഥാനം വിപ്ലവകാരികള്‍ക്കു കൊടുക്കാതെ വയ്യ. രണ്ടാം സ്ഥാനത്തിനായി സംഘപരിവാറിന്റെയും എന്‍.ഡി.എഫുകാരുടെയും കുട്ടിക്കുരങ്ങന്‍മാര്‍ മത്സരിക്കട്ടെ.

ഇന്ന്‌ ഈ വരികള്‍ കുറിക്കുമ്പോഴേക്കും നമ്മള്‍ ഒന്നുകൂടി മെച്ചപ്പെട്ടു. ഒരു എ.എസ്‌.ഐ യെ ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌ കോളേജില്‍ വച്ചു തല്ലിക്കൊന്നു. ഇവറ്റകളാണെന്ന്‌ അവറ്റകള്‍. അവറ്റകളാണെന്ന്‌ ഇവറ്റകള്‍. അല്ല ചെറ്റകളാണെന്ന്‌ നാട്ടുകാര്‍. പോലീസുകാര്‍ ത്രിശങ്കുവിലും..

എന്തായാലും പോലീസുകാരുടെ വകയായിരിക്കും ഈയൊരു ഹര്‍ത്താല്‍ എന്നാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപനം കേട്ടപ്പോള്‍ തോന്നിയത്‌. സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടത്‌ അവര്‍ക്കാണല്ലോ. പിന്നെയും ആലോചിച്ചപ്പോള്‍ അച്ചടക്കത്തിന്റെ ഭാഗമായി അവരത്‌ ചെയ്യുമോ എന്നൊരു സംശയം തോന്നി. ഒന്നുകൂടി ആലോചിച്ചൂ. അഭ്യന്തരമന്ത്രിയെ കെട്ടിപ്പിടിച്ച്‌ ജയില്‍പുള്ളി വിപ്ലവാങ്കി പുതപ്പിച്ച്‌ ജയില്‍ നിയമങ്ങള്‍ക്ക്‌ ലാല്‍സലാം പറഞ്ഞസ്ഥിതിക്ക്‌ പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ നടത്തിക്കൂടെന്നുമില്ല. അങ്ങിനെ വന്നാല്‍ മഴമേഘം കണ്ട മയിലിനെപ്പോലെ വിപ്ലവകാരികള്‍ നൃത്തം ചവുട്ടുകയാണ്‌ വേണ്ടത്‌.

എന്നാല്‍ വിപ്ലവകാരികളെക്കാളും ബുദ്ധി പോലീസുകാര്‍ക്കുള്ളതുകൊണ്ട്‌ അവര്‍ സംയമനം പാലിച്ചു. അപ്പണികൂടി കൊന്നവര്‍ക്കുതന്നെ വിട്ടുകൊടുത്തു. കൊന്നാല്‍ പാവം തിന്നാല്‍ തീരും എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചുകൊണ്ട്‌ വിഡ്ഡികളെല്ലാം കൂടി സംയുക്തമായി ഹര്‍ത്താലും പ്രഖ്യാപിച്ചു. മരണകാരണമായ പട്ടികക്കെതിരായിട്ടായിരിക്കണം ഈ ഹര്‍ത്താല്‍.

കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ കോടതി നിരീക്ഷിച്ചപ്പോള്‍ എന്തായിരുന്നു പുകില്‌? അതോടുകൂടി കലാലയങ്ങളിലെ ജന്മിത്വം അവസാനിച്ചുണ്ടായേക്കാവുന്ന വന്‍ വിടവിലേക്ക്‌ വര്‍ഗീയത കടന്നുകയറും എന്നായിരുന്നു നിരീക്ഷണം.

എന്‍.ഡി.എഫുകാരും എം.എസ്‌.എഫുകാരും എബിവിപി ക്കാരുമെല്ലാം കോളിജുകളില്‍ തെക്കുവടക്ക്‌ നടന്ന്‌ മതേതരത്വത്തിന്റെ കല്‌പവൃക്ഷത്തിന്‌ വളമിട്ടുകൊടുക്കുകയായിരുന്നു ഇതുവരെ.

ഇപ്പറഞ്ഞ ന്യായം കേരളീയ സമൂഹത്തിലെ അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മൂട്ടകള്‍ക്കും അസ്സലായി ബോധിച്ചു. ജീവശ്ശവമായ ശിഷ്യനെക്കാളും നല്ലത്‌ ചത്ത കുരിക്കളോടു പൊരുതുന്നതാണെന്ന്‌ പറഞ്ഞത്‌ സഞ്‌ജയനാണ്‌. മൂപ്പരുടെ തമാശ യാഥാര്‍ത്ഥ്യമാക്കിയതാണ്‌ ലേറ്റസ്റ്റ്‌ സാംസ്‌കാരികനേട്ടം.

മരിച്ചയായുടെ മക്കള്‍ നാവടക്കാന്‍ പറയുന്നതുവരെ ചലിച്ച അഥവാ ചിലച്ച ആ നാവുകള്‍ ഇപ്പോള്‍ താണുപോയോ? പ്രത്യേകിച്ച്‌ കേരളത്തിലെ വിദ്യാഭ്യാസരംഗം ഉത്തരമൊരു പ്രതിസന്ധി നേരിടുമ്പോള്‍ നാവനങ്ങാത്തതിന്റെ കാരണമെന്താണ്‌?
ഉത്തരം ലളിതം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം. ഉണ്ണാന്‍ പോകുന്നതിന്‌ കുറച്ചേറെയും.

ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ രാഷ്ട്രീയം എന്നായിരുന്നു പഴയനിരീക്ഷണം. കേരളത്തിലെ കാമ്പസുകള്‍ അതു തിരുത്തി ഒരു തെമ്മാടിയുടെ ആദ്യത്തെ അഭയകേന്ദ്രമാണ്‌ കേമ്പസ്‌ രാഷ്ട്രീയം എന്നാക്കുമ്പോള്‍ വിദ്യാഭ്യാസത്തിനു ഭാവിയുണ്ട്‌. രാഷ്ടീയ മുതലാളിമാര്‍ക്കഭിമാനിക്കാന്‍ വഹയുണ്ട്‌.

എന്നാല്‍ ഇവിടത്തെ ചെഗുവേരമാര്‍ സ്വന്തം മക്കളോടു ചെയ്‌തുകളയുന്നത്‌ കനത്ത അനീതിയാണ്‌. അക്ഷരവിരോധികളല്ലാത്തവരെ നേരെ കൊണ്ടുപോയി കൊടി കണ്ണിന്‌ ഹറാമായ മാതയുടേയും നികൃഷ്ട അച്ഛന്‍മാരുടെയും കച്ചവട സ്ഥാപനത്തിലാക്കി വിപ്ലവസ്വപ്‌നങ്ങളുമായി അടുത്ത ഫ്‌ളൈറ്റിന്‌ തിരിക്കും.

ഇനി പിതാവ്‌ ആദര്‍ശത്തില്‍ നിന്നെന്നപോലെ പുത്രന്‍ അക്ഷരത്തില്‍ നിന്നും തുല്യ അകലത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ നല്ലത്‌ നാട്ടിലെ കോളേജാണെന്ന തിരിച്ചറിവിനും ക്ഷാമമില്ല. ഒരു കൊടി സഹായം. യഥാ പിതാ തഥാ പുത്ര.

കേരളത്തിലെ കലാലയങ്ങളിലെ രാഷ്ട്രീയവും റാഗിങ്ങും ഒന്നണലിയാണെങ്കില്‍ മറ്റേത്‌ പേപ്പട്ടിയാണ്‌. കലാലയങ്ങളുടെ നന്മയ്‌ക്കായി ഏറ്റവും നല്ലത്‌ രണ്ടിനെയും തല്ലിക്കൊല്ലുകയാണ്‌. ഇനി അണലിയെ വേണമെങ്കില്‍ കാഴ്‌ചബംഗ്ലാവിലേക്കു മാറ്റുകയുമാവാം. തിരുവനന്തപുരത്ത്‌ ഇപ്പോള്‍തന്നെ ഒന്നുണ്ടല്ലോ.

കുറച്ചുകാലം മുന്നേ നമ്മെ ഞെട്ടിച്ചത്‌ കൂടെപ്പിറപ്പിനെപ്പോലെ, ഇനി അതിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത്‌ കാമുകിയായെങ്കിലും കരുതേണ്ട ഒരു വിദ്യാര്‍ത്ഥിനിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌ത്‌ ബോധം വന്നപ്പോള്‍ ഭീഷണിസഹിതം ബസ്സില്‍ കയറ്റിവിട്ടുകൊടുത്ത വാര്‍ത്തയാണ്‌. പ്രതികള്‍ സമൂഹത്തിലെ പണച്ചാക്കുകള്‍. കിരീടം വെക്കാത്ത രാജാക്കന്‍മാര്‍. രക്ഷിക്കാന്‍ മുന്‍നിരയില്‍ രാഷ്ട്രീയ-മാഫിയാ കൂട്ടുകെട്ട്‌. ഇരയോ ഉടുതുണിക്കുമറുതുണിയില്ലാത്ത ഒരു പാവം പെണ്‍കുട്ടി. ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലെ നിത്യവൃത്തിക്ക്‌ ഗതിയില്ലാത്ത മാതാപിതാക്കളുടെ ഏകമകള്‍.

ഇപ്പോ കാര്‍ഷിക കോളിജിലെ പിള്ളേര്‍ സംസ്‌കാരത്തിന്റെ ഭൂമി ഉഴുതുമറിച്ച്‌ കൊള്ളിവെക്കുകയാണ്‌. പ്രകൃതിയില്‍ നിന്നും അവറ്റകള്‍ പഠിച്ചത്‌ പ്രകൃതിവിരുദ്ധ പാഠങ്ങളാണ്‌. അവരെ രക്ഷിക്കാന്‍ പാടുപെടുന്ന യൂണിവേഴ്‌സിറ്റിക്കാരുടെ കളി കാണുമ്പോള്‍ അവരുതാനല്ലയോ ഗുരുക്കന്‍മാര്‍ എന്നു തോന്നാം.

മൊത്തം പ്രകൃതിവിരുദ്ധ നേതാക്കന്‍മാരെയും ഇപ്പോള്‍ പ്രകൃതിയില്‍ നിന്നും തപ്പിയെടുക്കേണ്ട ഗതികേടിലാണ്‌ പോലീസുകാര്‍. പ്രതികള്‍ ഒരേതൂവല്‍ പക്ഷികള്‍. എസ്‌.എം.ഇ ബ്രാന്‍ഡ്‌ തന്നെ. ഇര ആണാണെന്നൊരു വ്യത്യാസമുണ്ട്‌. നെയ്‌ത്തുപണിയെടുത്തുണ്ടാക്കിയ കാശുമായി കൃഷിപഠിക്കാന്‍ എത്തിയ ദരിദ്രവാസി.

പണക്കൊഴുപ്പിന്റെ പ്രകടനവേദിയില്‍ നിയമങ്ങള്‍ പലപ്പോഴും വഴിതെറ്റിപ്പോവുന്നു. രാഷ്ട്രീയക്കാരുടെ ഉരുളിയായി കലാലയങ്ങളും ചട്ടുകങ്ങളായി വിദ്യാര്‍ത്ഥികളും മാറുമ്പോള്‍ രാഷ്ട്രീയ-മാഫിയാ സംരക്ഷണം ഉറപ്പ്‌. നെയ്‌ത്തുപണിയെടുത്ത്‌ കിട്ടിയ നാലുമുക്കാലും കൊണ്ട്‌ കോളിജിലെത്തിയ പാവം പയ്യന്‌ ഞരമ്പുമുറിക്കാന്‍ ബ്ലേഡും ഉറപ്പ്‌. ഇതു താന്‍ടാ വിപ്ലവം. ലാല്‍സലാം

October 17, 2007

ആസേതുഹിമാചലം നരനില്‍ നിന്നും വാനരനിലേക്ക്‌

നരന്‍ പണിതതോ വാനരന്‍ പണിതതോ അതോ സ്വയം ഭൂവോ ആകട്ടെ സേതു അവിടെയുണ്ട്‌. ഉള്ളതുകൊണ്ടാണല്ലോ ഇടിച്ചുനിരത്തേണ്ട ആവശ്യം വന്നത്‌.

നരനും വാനരനും കൈകോര്‍ത്ത ആദ്യത്തെ സംരംഭമാണ്‌ രാമസേതു അഥവാ ആദംസ്‌ ബ്രിഡ്‌ജ്‌. ആദം എന്നുണ്ടെങ്കിലും ബൈബിളില്‍ ബ്രിഡ്‌ജെന്നൊരു പരാമര്‍ശമില്ലാത്തതുകൊണ്ട്‌ തല്‌ക്കാലം ആവഴി ചിന്തിക്കേണ്ടതില്ല.

ഇനി ചുണാമി എന്ന്‌ തമിഴനും സുനാമി എന്നു ബാക്കിയുള്ളവരും ലാളിച്ചുവിളിച്ച സംഗതി നക്കിയെടുത്ത ജീവിതങ്ങള്‍ക്ക്‌ രാമന്റെ ചരിത്രത്തോളം പഴക്കമില്ല.

അയോദ്ധ്യാ അംശം കോസലദേശത്ത്‌ ദശരഥന്‍ മകന്‍ ശ്രീരാമന്‍ എന്നയാളുടേ ജനനസര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖകളോ ഇന്നോളം കണ്ടുകിട്ടിയിട്ടില്ല. അതായത്‌ ജനനം രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട്‌ രാമന്‍ ജനിച്ചിട്ടില്ല. ഇനി ദശരഥന്‍ മകന്‍ ശ്രീരാമന്റെ പേരില്‍ ഒരു മരണസര്‍ട്ടിഫിക്കറ്റും ആരും വാങ്ങിയിട്ടില്ല. അതുകൊണ്ട്‌ മരിച്ചു എന്നുപറയാനും വകുപ്പില്ല. ആയൊരു സത്യമാണ്‌ ആര്‍ക്കിയോളജിക്കല്‍ മഹാന്‍മാര്‍ കണ്ടെത്തി കോടതിയില്‍ ബോധിപ്പിച്ചത്‌.

എന്നാല്‍ സുനാമിയെടുത്തുകൊണ്ടുപോയ രാമന്‍മാര്‍ പലരും ജനിച്ചു എന്നതിനു തെളിവുണ്ട്‌. മരിച്ചത്‌ സുനാമി കാരണമാണെന്നും.ഇങ്ങിനെയൊരു കടുംകൈ അവറ്റകള്‍ ചെയ്യുമെന്ന്‌ സര്‍ദാര്‍ജിയും മദാമ്മയും സ്വപ്‌നത്തില്‍ കൂടി കരുതിക്കാണില്ല. നമ്മള്‍ മതേതരര്‍, മതമേതായാലും അതിനുമുന്നില്‍ മുട്ടുകാലിലിഴയുന്നവര്‍ തല്‌ക്കാലം തീരുമാനമെടുക്കേണ്ട. കുറച്ചു ഗുമസ്‌തന്‍മാരും കോടതിയും കൂടി തീരുമാനിക്കട്ടെ. അടി ഗുമസ്‌തനം വോട്ട്‌ ഞമ്മക്കും.

സുനാമി ഇത്രകണ്ട്‌ ഭീകരമായതിന്റെ കാരണം പവിഴപ്പുറ്റുകള്‍ക്കേറ്റ നാശമാണെന്ന കണ്ടെത്തല്‍ നടന്നത്‌ ഏതായാലും ഡോ.പര്‍വീണ്‍ തൊഗാഡിയയുടെ വര്‍ഗീയ ലാബില്‍ നടന്ന പരീക്ഷണത്തിലല്ല.അന്താരാഷ്ട്ര സുനാമി സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ടും ഇന്ത്യാ ഗവണ്‍മെന്റിന്റെ സുനാമി കണ്‍സള്‍ട്ടന്റുമായ സത്യം മൂര്‍ത്തി "That chain of coral islets saved costal kerala that day" എന്നാണ്‌ എഴുതിവച്ചത്‌.

എന്നാലും സുനാമി ഫണ്ട്‌ എല്ലാരെക്കാളും നമ്മള്‌ ഗംഭീരമാക്കുകയും ചെയ്‌തു. കടലുതന്നെ കേട്ടറിവുമാത്രമുള്ള ദൈവപുത്രന്‍മാര്‍ സുനാമിയുടെ അടുത്തവരവും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോഴത്തെ ഫണ്ട്‌ വിവാദം അപ്പോഴെങ്കിലും ഒന്നവവസാനിക്കുമല്ലോ.

"This physical bridge saved thousands of lives in 2004" എന്നെഴുതിവച്ചത്‌ കുമ്മനം രാജശേഖരനും വാനരസേനകളുമല്ല. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍.ഗോപാലകൃഷ്‌ണനാണ്‌. ശ്രീലങ്കന്‍ തീരത്ത്‌ നാശം വിതിച്ച സുനാമി ഈ വന്‍മതിലും കടന്ന്‌ കേരളത്തിലെത്തുമ്പോഴേക്കും കിതച്ചുപോയി എന്നതാണു സത്യം. അതുകൊണ്ട്‌ ശ്രീലങ്കയും ഇന്തോനീഷ്യയും കേരളത്തില്‍ ആവര്‍ത്തിച്ചില്ല എന്നത്‌ അതിലേറെ സത്യം. ഇങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ച മൂര്‍ത്തിയെ ഒരു കട്ടന്‍ ചായക്കും പരിപ്പുവടക്കും ക്ഷണിച്ചു എന്നൊരപരാധമേ സേതുസമുദ്രം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ ചെയര്‍മാന്‍ എന്‍.കെ. രഘുപതി ചെയ്‌തുള്ളൂ. അതോടെ ചെയറിലുള്ള മൂപ്പരുടെ ഇരിപ്പ്‌ നിലത്തായി. താമസിയാതെ പുറത്തുമായി.

3600ഓളം സസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണ്‌ മാന്നാര്‍ കടലിടുക്ക്‌. അതിന്‌ നാശം വരുത്തരുതെന്ന്‌ വാദിക്കുന്നത്‌ ഗ്രീന്‍പീസ്‌ ഇന്ത്യയുടെ ആക്ടിവിസ്റ്റായ അരീസ ഹമീദാണ്‌. സേ്‌തുസമുദ്രം പ്രൊജക്‌റ്റ്‌ ഇതിന്റെ നാശത്തിനായിരിക്കും വഴിവെക്കുക എന്നുവാദിക്കാന്‍ അവര്‍ കൂട്ടുപിടിക്കുന്നത്‌ 2000 ല്‍ ഇപ്പോഴത്തെ മന്ത്രി ടി. ആര്‍ ബാലു ചെയ്‌ത പ്രസംഗത്തെയാണ്‌.

ആസേതുഹിമാചലം (ഈ പ്രയോഗത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ മദാമ്മയും സര്‍ദാര്‍ജിയും കൂടി തയ്യാറാക്കിയിട്ടുണ്ട്‌.) പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. യാഥാര്‍ത്ഥ്യം മാത്രം പടിക്കുപുറത്താക്കിയാണ്‌ ചര്‍ച്ച.

രാമനുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊളിക്കണം അല്ലെങ്കില്‍ അവിടെത്തന്നെ നിന്നോട്ടെ എന്ന മട്ടിലാണ്‌ കരുണാനിധിയുടെ സങ്കീര്‍ത്തനം.

മൂപ്പരുടെ ആത്മീയ നേതാവായ രാവണന്റെ ലങ്ക സൂനാമിയടിച്ച തീരപ്രദേശം പോലെയാക്കുവാന്‍ വേണ്ടി നരനും വാനരനും കൈകോര്‍ത്ത ആദ്യത്തെ സഹകരണസംഘത്തിന്റെ പ്രൊജക്ട്‌്‌ മാനേജര്‍ ഹനുമാന്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച്‌ രാമലക്ഷ്‌മണന്‍മാര്‍ക്ക്‌ കൈമാറിയ വരമ്പാണ്‌ രാമസേതു.

രാവണനെ ആരാധിക്കുന്ന ദ്രാവിഡന്റെ മുഖ്യശത്രു കേരളത്തിലെ ആര്യന്‍മാരാണ്‌. ചിന്തയില്‍ ശൂദ്രത്വവും കര്‍മ്മത്തില്‍ ബ്രാഹ്മണ്യവും പ്രാവര്‍ത്തികമാക്കിയ മന്ദബൂദ്ധികള്‍. എല്ലാം രാമനും അയോദ്ധ്യയും പോലുള്ള ഒരു വിശ്വാസം. സത്യത്തിന്റെ പുറത്തു ജീവിക്കുക വെള്ളത്തിനടിയില്‍ കഴിയുന്നതുപോലെയാണ്‌. കൂടിയാല്‍ മുപ്പതു സെക്കന്റ്‌. വിശ്വാസത്തിന്റെ കരയില്‍ എത്രകാലം വേണമെങ്കിലും സുഭിക്ഷം കഴിയാനുള്ള വകുപ്പുണ്ട്‌.

ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ ചുരുങ്ങിയത്‌ ഒരു ജില്ലയിലെയെങ്കിലും ആര്യന്‍മാരെ ജലസമാധിയാക്കുവാന്‍ പറ്റിയ വരുണാസ്‌ത്രമായിരുന്നു. അതിപ്പോള്‍ ഏതാണ്ട്‌ കൈവിട്ടുപോയി. അപ്പോള്‍ വീണുകിട്ടിയ അടുത്ത ആയുധമാണ്‌ രാമസേതു. ഇനി അതെങ്ങിനെയെങ്കിലും ഒന്നു പൊളിച്ചുകിട്ടണം.

സുനാമിക്കുള്ള ചാന്‍സാണെങ്കില്‍ തൊഴിലില്ലായ്‌മ പോലെ കൂടിക്കൂടി വരുന്നേയുള്ളുതാനും. സേതുബന്ധനത്തിന്‌ മോക്ഷം കൊടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒരു സുനാമി നല്‌കി കുലഗുരു ശുക്രാചാര്യര്‍ അനുഗ്രഹിക്കുകയാണെങ്കില്‍ സംഗതി ക്ലീന്‍.പതിനാലു മുല്ലപ്പെരിയാര്‍ ഇഫക്ടുള്ള വരുണാസ്‌ത്രമായിരിക്കും സേതുലസ്‌ സേതുസമുദ്രം.

വയനാട്ടിലെ എടക്കല്‍ ഗുഹയും തുഷാരഗിരിയുമൊക്കെ സന്ദര്‍ശിക്കാന്‍ പോയവരേ ബാക്കിയാവുകയുള്ളൂ. കേരളത്തിലെ ആര്യന്‍മാര്‍ എന്നുകരുതുന്ന ശൂദ്രന്‍മാരുടെ വംശം തന്നെ കുറ്റിയറ്റുപോകും. പത്തുതലയുണ്ടായിരുന്നിട്ടും ഇത്രയും ബുദ്ധി രാവണനുണ്ടായിരുന്നില്ല. ഇതിന്റെ നാലിലൊന്നുണ്ടായിരുന്നെങ്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന്‌ നിവര്‍ന്നുനടക്കുന്ന ഒരു രാമനും ചാടിക്കളിക്കുന്ന കൊച്ചുരാമന്‍മാരും സ്വാഹ എന്നു വാത്മീകി എഴുതുമായിരുന്നു. കരുണാനിധി അന്നു ജനിക്കാതെ പോയതും രാവണന്റെ ഗതികേട്‌ എന്നല്ലാതെന്തുപറയുവാന്‍.

ഏതായാലും നരനില്‍ നി്‌ന്നും വാനരനിലേക്ക്‌ തിരിച്ചുനടക്കാനുള്ള കാലമായി. ആരും വഴിതെറ്റിപ്പോവുകയില്ല. മുന്നില്‍ മദാമ്മയും പിന്നില്‍ സര്‍ദാര്‍ജിയും നയിക്കാനുള്ള കാലത്തോളം.

October 09, 2007

പാഠം ഒന്ന്‌: ഒരു കൂലി പ്രസംഗകനും കൂലി നടനും.

ചിന്തയുടെ ഉച്ചസ്ഥായിയിലിരിക്കുമ്പോള്‍ തന്നെ വിജയന്‍മാഷ്‌ മംഗളം പാടിയവസാനിപ്പിച്ചു. അവസാനം പാടിയത്‌ ജനകീയ ചാരാസൂത്രണം ആട്ടക്കഥയിലെ കോടതി കാണ്ഡമായിരുന്നു.

പരിഷത്തിലെ പാപ്പൂട്ടിയും കൂട്ടരും പാഠത്തിലെ ലേഖനത്തിന്റെ പേരില്‍ മാനനഷ്ടത്തിനു കേസുകൊടുത്തു. ജന്മനാ ഇല്ലാത്തവര്‍ക്ക്‌ അതുപിന്നീട്‌ നഷ്ടപ്പെട്ടു എന്നു പറയുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കോടതി തള്ളി. ലേഖനത്തില്‍ പറഞ്ഞതാകട്ടെ എണ്ണപ്പെട്ട വിപ്ലവകാരികളെല്ലാം ചാരപ്പണിയാണ്‌ എടുക്കുന്നതെന്നും. വിജയന്‍ മാഷ്‌ പറഞ്ഞതില്‍ ഉറച്ചുനില്‌ക്കുകയും ചെയ്‌തു. മാഷു പറഞ്ഞത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി കണ്ടെത്തി. വിപ്ലവരോമാഞ്ചങ്ങള്‍ക്ക്‌ മാനമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.

പറയാനുള്ളതു മുഴുമിപ്പിച്ച്‌ മാഷ്‌ പിന്നോട്ടേക്ക്‌ മറിഞ്ഞു. ശുഭം. വാ വിട്ട വാക്കും കൈവിട്ട ആയുധവും വിട്ടാല്‍ വിട്ടതാണ്‌. തിരിച്ചുപിടിക്കുക അസാദ്ധ്യം. എന്നാല്‍ ഒരു മറുമരുന്ന്‌ ആചാര്യന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. വാ വിട്ടുപോയതിനെ വഴിതിരിച്ചുവിടുക എന്നു പറയും.

വിശേഷ ബുദ്ധി അശേഷമില്ലാത്തവരോ അല്ലെങ്കില്‍ തത്‌ക്കാലം പണയം വെക്കാന്‍ തയ്യാറായവരോ ആയ രണ്ടു അജാനനാക്കുകളെയാണ്‌ ഇതിനാവശ്യം. മാനാപമാനങ്ങള്‍ അരിയപെരിയ തീണ്ടാത്തവരായാല്‍ അത്രയും നല്ലത്‌. അതിലൊരാള്‍ രാവിലെ പറഞ്ഞത്‌ ഉച്ചക്ക്‌ തിരുത്തി പരിചയ സമ്പത്തുള്ള പ്രസംഗത്തൊഴിലാളിയും നാഴികക്കു നാല്‌പതുവട്ടം വേണമെങ്കിലും വാക്കുമാറ്റാന്‍ തയ്യാറുള്ളവനുമായിരിക്കണം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം എന്നതു യോഗ്യത. ഉണ്ണാന്‍ പോകുന്ന ചോറിനുള്ള നന്ദി മുന്‍കൂട്ടി പ്രകാശിപ്പിക്കാനുള്ള സന്നദ്ധത അധികയോഗ്യത.

വരട്ടുതത്വവാദിയായ മാഷെ വിമര്‍ശിക്കുവാനായി ദേശാഭിമാനിയുടെ താളുകളില്‍ ജീന്‍സുമണിഞ്ഞ്‌ കൗബോയ്‌ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ട പുരോഗമനവാദിയും ബുദ്ധഭിക്ഷുവുമായിരിക്കണം അടുത്തയാള്‍. മാഷുടെ മകനെക്കൊണ്ട്‌ പറഞ്ഞത്‌ പൊല്ലാപ്പായപ്പോള്‍ നിരുപാധികം കാലില്‍ വീണ്‌ മാപ്പുപറഞ്ഞത്‌ അധികയോഗ്യത.

'കുറുനരി ലക്ഷം കൂടുകിലൊരു ചെറുനരിയോടേല്‍ക്കാനെളുതോ' ന്നു ചോദിച്ചത്‌ കുഞ്ചനാണ്‌. നരി പിന്നോട്ടുമറിഞ്ഞുപോയത്‌ പത്രസമ്മേളനത്തിനിടയിലായിരുന്നു. നരിയുടെ അലര്‍ച്ച കേട്ടു മൂത്രം പോവുകയല്ലാതെ അലറി ശീലമില്ലാത്തതുകൊണ്ട്‌ സ്വാഭാവികമായും കുറുനരികള്‍ കിട്ടിയ ചാന്‍സിന്‌ നാലോരിയിട്ടു. അതിനുള്ള സ്വാതന്ത്ര്യമൊക്കെ ഇന്ത്യാമഹാരാജ്യത്തുണ്ട്‌.

വിജയന്‍മാഷ്‌ വടിയായത്‌ ബഹുത്ത്‌ അച്ചാ. പ്രസംഗത്തൊഴിലാളിയുടെ നേതൃത്വത്തില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സുധീഷ്‌ കൊണ്ടുപോയി കൊല്ലിച്ചതാണെന്ന്‌ ക്ലിയറാവുകയും ചെയതു. വിജയന്‍മാഷ്‌ പറഞ്ഞതിലും കോടതി നിരീക്ഷിച്ചതിലും കുച്ച്‌ നഹി.

വിജയന്‍മാഷുടെ മരണം സുകുമാരന്‍മാഷെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്‌. ആ ഞെട്ടലില്‍ നിന്നുവന്ന വെളിപാടായിരുന്നു പത്രസമ്മേളനം. അങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ്‌ ഫോണിലൂടെ ഒഴുകിയെത്തിയ സുധീഷിന്റെ തന്തക്കുവിളി. തന്തക്കുവിളിച്ചതിന്റെ ന്യായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി 'പോടാ പട്ടി' എന്നും. അതും കേട്ട്‌ തൃപ്‌തിയായിരിക്കുമ്പോഴാണ്‌ ചാവുപായില്‍ നിന്നും വിജയന്‍മാഷുടെ പുത്രകളത്രാദികളുടെ വക വൃത്തിയായി അടുത്തത്‌ - നാവടക്കുക ഇന്നുതന്നെ. ശിവ ശിവ! ഒരു സാധാരണക്കാരനാണെങ്കില്‍ സഞ്ചയനം ഇന്നേക്ക്‌ കഴിയേണ്ടതാണ്‌. സുകുമാരന്‍മാഷായതുകൊണ്ട്‌ പോലീസുകാര്‍ തല്‌ക്കാലം രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിജയന്‍ മാഷെ ആദരിച്ചതിന്റെ ബാക്കി ഉണ്ടയുമായി തൃശ്ശൂരേക്ക്‌ വിടേണ്ടിവന്നേനെ.

സ്വന്തം തടി ഭയന്ന്‌ മാളത്തിലിരിക്കലല്ല ജീവിതം. ലക്ഷ്യമെന്താണോ അതിനുവേണ്ടി മരിക്കലാണ്‌ ജീവിതം എന്ന സത്യം തത്ത്വമസി എഴുതിയതുകൊണ്ട്‌ അറിയണമെന്നില്ല. ബുദ്ധഭിക്ഷുക്കള്‍ക്കും തിരുപാടുകിട്ടിക്കൊള്ളണമെന്നില്ല. കൂലിപ്രസംഗകനും നടനും വിജയന്‍ മാഷുടെ ജീവിതത്തില്‍ നിന്നും അഥവാ മരണത്തില്‍ നിന്നും പഠിക്കാവുന്ന പാഠവും അതുതന്നെയാണ്‌.

September 26, 2007

ആദ്യം കളരിക്കുപുറത്ത്‌ പിന്നെ രാഘവന്‍ഗുരുക്കളുടെ നെഞ്ചത്ത്‌

സഹകരണം അഥവാ സമ്പൂര്‍ണ സഹകരണത്തിന്റെ ഉത്തമ മാതൃകയാണ്‌ പരിയാരത്ത്‌ അരങ്ങുതകര്‍ത്തത്‌്‌. അമ്മയെ തല്ലിയാലും രണ്ടഭിപ്രായത്തിന്‌ സ്‌കോപ്പുണ്ടെങ്കിലും ദൈവം സഹായിച്ച്‌ ഇവിടെയതില്ല.

തിരഞ്ഞെടുപ്പ്‌ നടത്തേണ്ട ഉദ്യോഗസ്ഥന്‍മാര്‍, കാവല്‍മാലാഖമാരായ പോലീസുകാര്‍ പിന്നെ പേരുകേട്ട സഹകാരികളും കൈകോര്‍ത്തപ്പോള്‍ പണ്ട്‌ മാര്‍ക്‌സ്‌ പറഞ്ഞ ഭരണകൂടം കൊഴിഞ്ഞുവീഴുന്ന സുന്ദര മുഹൂര്‍ത്തം.

ഒന്നുകൂടി ചിന്തിച്ചാല്‍ ഇവിടുത്തെ വിപ്ലവകാരികള്‍ ലെനിനും മുമ്പ്‌ ജനിച്ചിരുന്നെങ്കില്‍ വിപ്ലവം ലോകം മുയ്‌മന്‍ ഇതിനകം നടന്നേനെ. ഭരണകൂടം കാലമെത്തിയിട്ടും സ്വയം കൊഴിഞ്ഞുവീഴാത്തതുകൊണ്ട്‌ നാട്ടുകാരെല്ലാരും കൂടി റഷ്യയിലെ പോലെ കൊഴിച്ചുതാഴെയിട്ട അവസ്ഥയും ഉണ്ടാകുമായിരുന്നില്ല.

ഇപ്പോള്‍ കണ്ണൂരില്‍ പട്ടയം കിട്ടിയ ഈ ജനകീയ ജനാധിപത്യ സഹകരണ വിപ്ലവത്തിന്‌ ഒരു 13 ജില്ലയില്‍ കൂടി വിരിവിന്‌ അപേക്ഷിച്ചാല്‍ സംഗതി ക്ലീന്‍. സമ്പൂര്‍ണ വിപ്ലവ കേരളം. പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വിരിവുനേടേണ്ടകാര്യം സി.പി.ഐ സഖാക്കള്‍ക്ക്‌ വിട്ടുകൊടുത്താല്‍ ഭംഗിയാക്കിത്തരും.

നേരാം വണ്ണം വിപ്ലവം നടത്തി തലപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ ഉള്ള തലവച്ച്‌ നന്നായി സഹകരിക്കലാണ്‌. തലക്കനം മാത്രമല്ല മടിക്കനവും കൂടിക്കൊണ്ടേയിരിക്കും.

അല്‌പബുദ്ധികളായ നേതാക്കളുടെ ഏറ്റവും വലിയ ആസ്‌തി ബഹുഭൂരിപക്ഷം വരുന്ന മന്ദബൂദ്ധികളായ അനുയായികളാണ്‌. മാര്‍ക്‌സിസത്തിന്റെ പരാജയകാരണവും സഹകരണത്തിന്റെ വിജയകാരണവും അതുതന്നെയാണ്‌. പടക്കളത്തിലെ കുതിരയെപ്പോലെ അക്കൂട്ടര്‍ ചാവുന്നതുവരെ ഓടിക്കൊള്ളും. ജയവും തോല്‍വിയും കുതിരയുടെ പുല്ലിലും വെള്ളത്തിലും യാതൊരു വ്യതിയാനവും ഉണ്ടാക്കുകയുമില്ല.

നയിക്കപ്പെടുന്നവരുടെ ബുദ്ധി ദാരിദ്ര്യരേഖക്ക്‌ ലേശം താഴെയാവുന്നതുകൊണ്ട്‌ ഒരുപാട്‌ ഗുണങ്ങളുണ്ട്‌. വോട്ടില്ലെങ്കിലും നേരം പരപരാ വെളുക്കുന്നതിനും മുമ്പുതന്നെ വന്ന്‌ ക്യൂവില്‍ നിന്നുകൊള്ളും. അരണയുടെ അവസ്ഥയായതുകൊണ്ട്‌ അടി രണ്ടു കിട്ടിയാലും രണ്ടടി നടക്കുമ്പോഴേക്കും അടിയുടെ ഓര്‍മ്മ പാടേ മാറിക്കിട്ടും. പിന്നെ വേദനമാത്രമേ കാണുകയുള്ളൂ. പില്‍ക്കാലത്ത്‌ മാളത്തില്‍ നിന്നും പാമ്പിനെപോലെ ഓര്‍മ്മകള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുക നേതാക്കള്‍ക്കുമാത്രമാവും.

എതിരാളികളുടെ വകയായോ ഏമാന്‍മാരുടെ വകയായോ അടി രണ്ടു കിട്ടണം അല്ലെങ്കില്‍ കൊടുക്കണമെന്നല്ലാതെ നാളേക്ക്‌ പെന്‍ഷന്‍ കിട്ടണമെന്നൊന്നും അവറ്റകള്‍ കിനാവുകൂടി കാണുകയില്ല.

ആയ കാലത്തുകിട്ടിയ അടി ആപത്തുകാലത്ത്‌ ക്ഷയമായി മാറുകയാണ്‌ പതിവ്‌. ആ സുവര്‍ണാവസരം സമാഗതമായാല്‍ അടിക്കു മതിയായ കാരണമായ ആ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ തന്നെ പോയി കിടന്ന്‌ മരിക്കാം. ചികിത്സിച്ച്‌ കൊല്ലുന്ന വഹയിലുള്ള ബില്ല്‌ അടക്കാന്‍ സഹായനിധിക്കായി പാട്ടനാദം പുറപ്പെടുവിപ്പിക്കാനുള്ള ആളുകള്‍ക്ക്‌ ക്ഷാമമുണ്ടാവുകയില്ല. ഗീത പറഞ്ഞതുപോലെ സംഭവിക്കുന്നതെല്ലാം അപ്പോഴാണ്‌ നേതാക്കളുടെ നല്ലതിനാവുക.

സഹകരണ മേഡിക്കല്‍ കോളിജുകളുടെ കാര്യത്തിലുള്ള ഈ ശുഷ്‌കാന്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളിജുകളുടെ കാര്യത്തില്‍ ഒട്ടുംതന്നെ ആവശ്യമില്ലെന്നതാണ്‌ പുതിയ വിപ്ലവലൈന്‍. സര്‍ക്കാര്‍ ധര്‍മ്മാശുപത്രികളില്‍ തറയില്‍ ചുരുണ്ടുകൂടി ചികിത്സ തേടുക ബൂര്‍ഷ്വാഭരണകൂടത്തിന്റെ പിണിയാളുകളുകളായ വന്‍കിട കുത്തക മുതലാളിമാരാണ്‌. അവറ്റകളെ ശരിക്കുപറഞ്ഞാല്‍ വിഷം കൊടുത്തു കൊല്ലുകയാണ്‌ വേണ്ടത്‌.

കോഴിക്കോടു മെഡിക്കല്‍ കോളിജുപോലുള്ള ഇടങ്ങളില്‍ എടുത്തിട്ട കെട്ടിടങ്ങള്‍ കൂടി ദ്രവിച്ചുവീഴുകയല്ലാതെ ഒരൊറ്റ വെള്ളക്കുപ്പായക്കാരെയും നിയമിച്ച്‌ വിപ്ലവത്തിന്റെ ഭാവി ഹലാക്കാക്കിക്കളയരുത്‌. അതാണ്‌ അടവുനയം.

ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത ആദിവാസികളുടെയും കൂലിപ്പണിക്കാരന്റെയും ഏകാശ്രയകേന്ദ്രങ്ങളാണല്ലോ സഹകരണ ആശുപത്രികളും മേഡിക്കല്‍ കോളിജുകളും. അങ്ങോട്ട്‌ ഒന്നറിയാതെ കയറിപ്പോയാല്‍ പിന്നെ ജീവനുണ്ടെങ്കില്‍ കിടപ്പാടത്തിന്റെ ആധാരം മാനേജരെ ഏല്‌പിച്ച്‌ അന്തസ്സായി തിരിച്ചിറങ്ങാം. ഫീസടച്ചാല്‍ സ്റ്റാര്‍ട്ടാവുന്ന ആംബുലന്‍സ്‌ അവിടെത്തന്നെയുള്ള സ്ഥിതിക്ക്‌ ചത്തുപോയാലും ഭയക്കണ്ട കാര്യമില്ല.

കളരിക്കുപുറത്ത്‌ അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത്‌ എന്നു കേട്ടിട്ടുണ്ട്‌. കളരിക്കുപുറത്തായ ഗുരുക്കളുടെ നെഞ്ചത്ത്‌ എന്നത്‌ ഇപ്പോള്‍ എല്ലാവരും പരിയാരത്തു കണ്ടു. പൈതങ്ങള്‍ക്ക്‌‌ നാവില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വിധിപ്രകാരം വരച്ചുകൊടുത്ത്‌ വിപ്ലവത്തിന്റെ ഹരിശ്രീയെഴുതിച്ച കണ്ണൂരിലെ പേരുകേട്ട ഗുരുക്കളാണ്‌ എം.വി.അര്‍.

നമ്മള്‍ ഹരിശ്രീ കുറിച്ച ശിഷ്യന്‍മാര്‍ നമ്മളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കുമ്പോള്‍ ഗുരുക്കള്‍ക്ക്‌ വിറളിപിടിക്കുകയാണോ വേണ്ടത്‌ അല്ലെങ്കില്‍ പാണഡവരെ അനുഗ്രഹിച്ച ഭീഷ്‌മരെപ്പോലെ നീണ്ടുനിവര്‍ന്നുനിന്ന്‌ മൂര്‍ദ്ദാവില്‍ കൈവെച്ച്‌ കള്ളവോട്ടുചെയ്‌ത ആങ്കുട്ട്യേളെ ഓരോരുത്തരെയായി വരിവരിയായി നിര്‍ത്ത്‌ ആയുഷ്‌മാന്‍ ഭവ: എന്നും ധീരവനിതകളെ ദീര്‍ഘസുമംഗലീ ഭവ: എന്നും അനുഗ്രഹിക്കുകയല്ലേ വേണ്ടത്‌.

വസന്തം സമാഗതമാവുമ്പോള്‍ നാം കുയിലിന്റെ സംഗീതം കേള്‍ക്കുന്നു. അതുവരെ ആ പക്ഷി മൗനം പാലിക്കുന്നു എന്നു പറഞ്ഞത്‌ ചാണക്യനാണ്‌. എല്‍.ഡി.എഫ്‌ ഭരണം തുടങ്ങിയതുമുതല്‍ കേരളത്തില്‍ മൊത്തത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമാണ്‌. അതുകൊണ്ടുതന്നെ മന്ത്രിസഭയിലെ കവികോകിലമായ സുധാരന്റെ നാവിനു വിശ്രമവുമില്ല. താന്തോന്നി രാഗത്തില്‍ വിപ്ലവതാളത്തില്‍ അവസാനം പാടിയതാകട്ടെ "എല്ലാം നീതിപൂര്‍വ്വ"മെന്നും.

'വിധി' വിപരീതമാവുമ്പോള്‍ 'ചിന്ത' കാടുകയറിപ്പോവുമെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ ബഹുമാനപ്പെട്ട കോടതി താത്‌ക്കാലികമായി ബൂര്‍ഷ്വാകോടതിയായി മാറും. ഏതാണ്ട്‌ അതിനുള്ളൊരു സാദ്ധ്യതയും ഇല്ലാതില്ല.

August 17, 2007

ശ്രീകൃഷ്‌ണനും സുധാകരഗീതയും

'ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞന്‍'. ശ്രീകൃഷ്‌ണന്‌ എവിടെ ചെന്നാലും ഇനിയൊരു ജോലികിട്ടാത്ത പ്രശ്‌നമുണ്ടാവുകയില്ല. എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തിരിക്കുന്നത്‌ നാവില്‍ സുദര്‍ശനമുള്ള സുധാകരനാണ്‌.

കൈക്കും കാലിനുമൊക്കെ എല്ലുകളുള്ളതുകൊണ്ട്‌ പ്രവര്‍ത്തനത്തിനൊരു പരിമിതിയുണ്ട്‌. നാവിനെല്ലില്ലാത്തതുകൊണ്ട്‌ പറയുന്നതിനുമാത്രം യാതൊരു പരിമിതിയിമില്ല. പറയുന്നതു ചെയ്യണമെന്നാരും പറയുകയില്ല. ചെയ്യാതിരിക്കുന്നവരാണ്‌ യോഗ്യര്‍.

പറയുന്നതു ചെയ്‌താല്‍ സ്ഥിരതാമസം ചിലപ്പോള്‍ ജയിലിലാക്കേണ്ടിയും വരും. പറഞ്ഞതു ചെയ്യാത്തതുകൊണ്ട്‌ ആരും ജയിലിലെത്തിപ്പോവുമെന്ന്‌ ഭയക്കുകയും വേണ്ട.മനുഷ്യര്‍ ഒരുപാട്‌ പറയുന്നു. കുറച്ചുമാത്രം ചെയ്യുന്നു. എന്നിട്ടുതന്നെ ലോകം ഇത്രയും പുരോഗമിച്ചു. ഇനി ചെയ്യുന്നത്‌ സമ്പൂര്‍ണമായും നിര്‍ത്തി പറച്ചില്‍ മാത്രമാക്കിയാല്‍ പിടിച്ചാല്‍ കിട്ടാത്ത പുരോഗതിയായിരിക്കും. അതു തെളിയിക്കുവാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌ മൂപ്പര്‍.

സഖാവ്‌ ഇ.എം.എസിന്റെ വേര്‍പാടുണ്ടാക്കിയ വിടവിലേക്ക്‌ പാര്‍ട്ടി കുറച്ചാളുകളെ ജീവനോടെ പിടിച്ചിട്ടിട്ടുണ്ടായിരുന്നു. വിടവിന്റെ ആഴം വച്ചുനോക്കിയാല്‍ പാര്‍ട്ടിമുഴുവന്‍ അങ്ങോട്ടുചെന്നാലും നികത്താന്‍ പറ്റിയെന്നുവരില്ല. എല്ലാവരും കൂടി തൂക്കിയെടുത്ത്‌ മന്ത്രിയെ അങ്ങോട്ടിട്ടതോടെ അവിടെയൊരു വിടവുണ്ടായിരുന്നോ എന്ന്‌ വിളിച്ചുചോദിക്കേണ്ട സ്ഥിതിയാണ്‌. .

പണ്ട്‌ ലീഗിനെയും കൂട്ടി ഭരണത്തിലിരിക്കുന്ന അവസരത്തില്‍ ഒരു പൊതുയോഗത്തിനെത്തി ഇ.എം.എസ്‌. സഖാവിനെ കൈ പിടിച്ച്‌ വേദിയിലേക്കുള്ള കോണി കയറ്റുമ്പോള്‍, തിരുമേനീ സൂക്ഷിക്കണം കോണിക്കിളക്കംണ്ട്‌ ന്നു പറഞ്ഞുപോലും സഹായി."നോം മനസ്സിരുത്ത്‌ണ്‌്‌ണ്ട്‌" ന്നായിരുന്നു ഇ.എം.എസിന്റെ മറുപടി.

നമ്പൂതിരി ഫലിതം ലീഗിനെക്കുറിച്ചായിരുന്നു. ലീഗിന്റെ 'കോണി' ചതിച്ച്‌ തിരുമേനി കാര്യസ്സന്‍ സഹിതം താഴെയെത്താന്‍ വലിയകാലമൊന്നും വേണ്ടിവന്നില്ല. വലിയ സാഹിത്യവാസനയും അഗാധമായ പാണ്ഡിത്ത്യവുമുള്ള മഹാന്‍മാര്‍ അങ്ങിനെയാണ്‌. പലപ്പോഴും പറയുന്നത്‌ പ്രതീകാത്മകമായിരിക്കും. അപ്പോള്‍ തീര്‍ച്ചയായും ഇ.എം.എസ്സിന്റെ വിടവ്‌ നിത്യേന നികത്തിക്കൊണ്ടിരിക്കുന്ന സഖാവിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കണം. അച്ചുതാനന്ദന്‍ പറഞ്ഞപോലെ തള്ളിക്കളയരുത്‌.

ചില്ലറക്കാലം കൊണ്ട്‌ നാവ്‌ സുദര്‍ശനചക്രമാക്കി ആളുകളെ അരിഞ്ഞുവീഴ്‌ത്തിക്കൊണ്ട്‌ സുധാകരനിലെ ശ്രീകൃഷ്‌ണന്‍ അഥവാ രാഷ്ട്രതന്ത്രജ്ഞന്‍ ജൈത്രയാത്ര തുടരുകയാണ്‌.

പണ്ട്‌ ഒരു കുഞ്ഞിരാമന്‍ തന്റെ ഫാര്യ ചിരുതയിയോട്‌ 'ഞ്ഞി മക്കളക്കൊല്ലല്ലേ ചിരുതേ' എന്നു പറഞ്ഞിരുന്നു. നിത്യേന രാത്രി അത്താഴം വിളമ്പുമ്പോഴാണ്‌ ഇതു പറയുക. ഇതു കേള്‍ക്കേണ്ട താമസം ബുദ്ധി ദാരിദ്ര്യരേഖക്ക്‌ ലേശം താഴെയായ ചിരുത കുഞ്ഞിരാമന്റെ കഞ്ഞിയും കൂടി മക്കള്‍ക്ക്‌ വിളമ്പിക്കൊടുക്കും. അക്കാലത്ത്‌ ഭൂമിയില്‍ വെള്ളമുണ്ടായിരുന്നതുകൊണ്ട്‌ കുഞ്ഞിരാമന്‍ കോരിക്കുടിച്ച്‌ ചുരുണ്ടുകൂടും. അങ്ങിനെ പട്ടിണികിടന്നുകിടന്ന്‌ ഒരുനാള്‍ കുഞ്ഞിരാമന്‍ മക്കളെയും ചിരുതയെയും നിത്യപട്ടിണിക്കിട്ട്‌ നിത്യതയില്‍ വിലയിച്ചു. അപ്പോഴാണ്‌ കുഞ്ഞിരാമന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ചിരുതേയിക്ക്‌ കിട്ടിയത്‌. ലോകത്തിനും.

ഇ.എം.എസും കുഞ്ഞിരാമനും ചെയ്‌തത്‌ കവടിയുടെ സഹായമില്ലാത്ത ഒന്നാംതരം ഭാവി പ്രവചനമായിരുന്നു. ഇപ്പോള്‍ സുധാകരന്‍ ശ്രീകൃഷ്‌ണനിലൂടെ അവതരിപ്പിക്കുന്നതും അതുതന്നെയാണ്‌. കേരളത്തിന്റെ ഭാവി. എങ്ങിനെയെന്ന്‌ നോക്കാം.

പാല്‍പൊടിയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലാകുമായിരുന്നു കൃഷ്‌ണനില്ലാത്ത പാണ്ഡവന്‍മാര്‍. മഹാഭാരതയുദ്ധം പാണ്ഡവരുടെ വന്‍വിജയമാക്കിയതാണ്‌ ശ്രീകൃഷ്‌ണന്റെ വിജയം.എന്തായിരുന്നു അന്തിമഫലം?

ബുദ്ധിജീവികളില്‍ മരുന്നിനുപോലും ഒരെണ്ണം ബാക്കിയായില്ല. ഭീഷ്‌മ-കൃപ-ദ്രോണാദികള്‍ ഒന്നൊഴിയാതെ വടിയായി. സത്യത്തിന്റെയും ത്യാഗത്തിന്റെയും പര്യായവും ആരായിരിക്കണം ഒരു നല്ല സുഹൃത്ത്‌ എന്ന്‌ ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയത കര്‍ണന്‍ ഭാരതത്തിന്റെ മഹാവ്യഥയായി. ചുരുക്കത്തില്‍ കൊള്ളാവുന്നവരെല്ലാം വീണു. കുറ്റം ഏതായാലും നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കള്ളനു കഞ്ഞിവെച്ചു എന്ന കുറ്റം.

അപ്പോള്‍ ബാക്കിയായവരൊക്കെ ആരായിരുന്നു. ധര്‍മ്മത്തില്‍ നിന്നും ചിലപ്പോഴല്ലെങ്കില്‍ പലപ്പോഴും വ്യതിചലിക്കേണ്ടിവന്ന ധര്‍മ്മപുത്രന്‍, തന്നെക്കാള്‍ മുന്തിയവനെ ഗുരുവിനെക്കൊണ്ടടിപ്പിച്ച ഏവറേജ്‌ സ്വാശ്രയകോളേജ്‌ വിദ്യാര്‍ത്ഥി വിജയന്‍ ഏലിയാസ്‌ അര്‍ജുനന്‍, ആനയുടെ ബലവും ആനയുടെ തന്നെ തലയുമുണ്ടായിരുന്ന ഭീമന്‍, പിന്നെ ചത്തതിനൊക്കുമേ ജീവിച്ചരിക്കിലും എന്നവസ്ഥയിലായ കുറെ വൃദ്ധജനങ്ങള്‍. എല്ലാറ്റിനുമുപരിയായി തവിടുപൊടിയായ രാജ്യവും.

ഈ നാടിനെ ഈ സ്ഥിതിയിലാക്കിക്കൊടുത്തതിന്‌ പ്രതിഫലമായി അച്ചുതാനന്ദന്‌ കിട്ടിയതാകട്ടെ പെണ്ണിന്റെ ശാപവും. സുധാകരനിലെ ദാര്‍ശനീകന്‍ ചൂണ്ടിക്കാട്ടിത്തരുന്നതും അതാണ്‌.

സമീപഭാവിയിലെ നമ്മുടെ പ്രയാണം തീര്‍ച്ചയായും അങ്ങോട്ടേക്കാണ്‌. അപ്പോഴേക്കും ശ്രീകൃഷ്‌ണന്റെ സുദര്‍ശനചക്രം ആരെങ്കിലും വീണ്ടെടുത്ത്‌ മഹാഭാരതയുദ്ധത്തിലെന്നപോലെ വീണ്ടും ഇരുട്ടാക്കി വഴിമുടക്കിക്കൂടായ്‌കയില്ല. അതിനു പരിഹാരമായി മന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഉള്ളതെടുത്ത്‌ അമ്പലത്തിനുചുറ്റും വിളക്കുകള്‍ തെളിച്ചുവച്ചിരിക്കും.

അവസാനത്തിലേക്കുള്ള വഴിമാത്രം ആരും തെറ്റിപ്പോവരുത്‌. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പുകാരോട്‌ ഒരു വാക്കുപറഞ്ഞാല്‍ ഭഗവദ്‌ ഗീത കാലാനുസൃതമായ മാറ്റം വരുത്തി സുധാകരഗീതയാക്കി ഇറക്കിക്കൊടുക്കുകയും ചെയ്യും.

ഭഗവാന്‍ ഉവാച: ഇന്നുമിടുക്കന്‍മാരുടെ കൈയ്യിലുള്ള കൊടി ഇന്നലവരെ മണ്ടന്‍മാരുടേതായിരുന്നില്ലേ. ഇന്നത്തെ സഖാക്കളുടെ കോടികള്‍ ഇന്നലത്തെ ജനകോടികളുടേതായിരുന്നില്ലേ?. ഇന്നു നീ വാടകപിരിക്കുന്ന റിസോര്‍ട്ട്‌്‌ ഇന്നലെ നീ കൊണ്ടുവന്നതാണോ?

സുധാകര ഉവാച: ലാല്‍സലാം.

July 30, 2007

വിദ്യാഭാസം വഴി സെന്‍ട്രല്‍ ജയിലിലേക്ക്‌

പണ്ടൊരു വിദേശപത്രപ്രവര്‍ത്തകന്‌ അനന്തപുരിയില്‍ കറങ്ങുമ്പോള്‍ വെറുതെ ഒരു രസംതോന്നി. സംഘങ്ങള്‍ സംഘങ്ങളായലയുന്നതും ചുരുങ്ങിയത്‌ ഹിപ്പൊപ്പൊട്ടാമസിന്റെ സൈസുവരുന്നതുമായ കുറെ ജീവികളെ മൂപ്പര്‍ തുടര്‍ന്ന്‌ ഇന്റര്‍വ്യൂ ചെയ്‌തു.
ഒരൊറ്റ ചോദ്യമേയുണ്ടായിരുന്നുള്ളൂ മൂപ്പര്‍ക്ക്‌.എന്താണ്‌ ജോലി? ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ മഹാരഥന്‍മാര്‍ക്കും.'സോഷ്യല്‍ വര്‍ക്ക്‌'
വേശ്യാവൃത്തി അനാദികാലം മുതലേ ഒരു തൊഴിലായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഉത്തരാധുനീകകാലത്തെ തലക്ക്‌ സ്ഥിരതയില്ലാത്ത ലേബര്‍ വകുപ്പുപോലും സാമൂഹ്യസേവനം തൊഴിലായി അംഗീകരിച്ച്‌ ഉത്തരവിട്ടിട്ടില്ല.
മുതല്‍മുടക്കായി ആകെ മൊത്തം നാലരമുളം നാക്ക്‌. എത്ര കുറുക്കിക്കെട്ടിയാലും അയലത്തെ പറമ്പിലെ വാഴ വലിച്ചിടുന്ന ഗോവിന്റെ നാക്കും ഗോവിന്ദന്റെ നാക്കും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ആശയം രണ്ടുകൂട്ടര്‍ക്കും പ്രശ്‌നമല്ല. ആമാശയമാണ്‌ പ്രശ്‌നം.

ഇങ്ങിനെയുള്ള മഹാരഥന്‍മാര്‍ തലപ്പത്തെത്തിയാല്‍ എണ്ണം സ്വാഭാവികമായും കൂടേണ്ടത്‌ ജയിലിന്റേതാണ്‌. പോക്കിങ്ങിനെതന്നെയാണെങ്കില്‍ നഷ്ടത്തിലോടുന്ന വിദ്യാലയങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടി ലാഭകരമായ ജയിലുകളാവുന്ന കാലം വിദൂരമല്ല. സായിപ്പിനെ അനുകരിക്കുക ഫാഷനായ സ്ഥിതിക്ക്‌ ജയില്‍ നടത്തിപ്പ്‌ സ്വകാര്യമേഖലക്ക്‌ വിട്ടുകൊടുക്കാവുന്നതേയുള്ളൂ. പിന്നെ മന്ത്രി ബേജാറാവേണ്ടിവരില്ല. ചെയ്‌തകുറ്റത്തിന്റെ തോതനുസരിച്ച്‌ ഫൈവ്‌ സ്റ്റാറില്‍ തുടങ്ങി സാദാ പോക്കറ്റടിക്കാരനുള്ള തട്ടുകട സ്‌റ്റൈല്‍ വരെ മുതലാളി ശരിപ്പെടുത്തിക്കൊടുക്കും. വിദ്യാലയങ്ങളുടെ എണ്ണം കുറഞ്ഞിടത്താണ്‌ സാധാരണ ജയിലിന്റെ എണ്ണം കൂടുക.

കേരളത്തില്‍ വിദ്യാലയങ്ങളുടെ അളവില്‍ കുറവുണ്ടായിട്ടില്ല. ഗുണത്തില്‍ കുറവേ സംഭവിച്ചിട്ടുമുള്ളൂ. ഗുണകരമായി കുത്തനെ താഴോട്ടുവളര്‍ന്ന്‌ ഇപ്പോ നിലം കുഴിച്ച്‌ മുന്നേറുകയാണ്‌. ഒരൊറ്റ മുണ്ടുമുടുത്ത്‌ ട്രെയിനില്‍ കയറിയ നമ്പൂതിരി രണ്ടു പരിഷ്‌കാരികള്‍ ഇരിക്കുന്നതിനിടയില്‍ ഒരല്‌പം സ്ഥലം മാന്തിയെടുക്കുമ്പോള്‍ ഒരുവന്‍ പ്രതിഷേധിച്ചു `ഡോങ്കി`. താന്‍മാത്രം കുറക്കേണ്ടെന്നുകരുതി മറ്റവനും പ്രതിവചിച്ചു, `മങ്കി`.`അല്ല, രണ്ടിനുമിടയില്‍` എന്നും പറഞ്ഞ്‌ തിരുമേനി അമര്‍ന്നിരുന്നതായി കേട്ടിട്ടുണ്ട്‌. ആ തിരുമേനിയുടെ അവസ്ഥയാണ്‌ എയ്‌ഡഡ്‌ മുതലാളിക്കും അദ്ധ്യാപഹയനുമിടയിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥ.സരസ്വതീ വിളയാട്ടം ജന്മനാ ഉള്ളവര്‍ ഈ നീരാളിപ്പിടുത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട്‌ വല്ലവിധേനയും ജീവിക്കും. മറ്റുള്ളവര്‍ ബസ്സിന്‌ കല്ലെറിയുക, തുറന്ന സ്‌കൂളുകള്‍ അടപ്പിക്കുക, അടക്കാത്ത സ്‌കൂളുകളില്‍ കര്‍സേവ നടത്തുക ആദിയായ അടിസ്ഥാന വിദ്യാഭ്യാസം നേടി തെരുവിലിറങ്ങി ബിരുദമെടുക്കും. തികച്ചും സ്വാഭാവികം.

ബന്ദ്‌ ഹര്‍ത്താല്‍ തുടങ്ങിയ അവശ്യസര്‍വ്വീസുകളുടെ നടത്തിപ്പുചുമതലയാണ്‌ പിന്നെ. എ.സി. മുറിയിലിരുന്ന്‌ നേതാവ്‌ ഉത്തരവിടുമ്പോള്‍ പ്രത്യേകം പൂജിച്ച ശിലകള്‍ ശേഖരിച്ചുവെക്കണം. വിവിധതരം കല്ലുകള്‍, താര്‍വീപ്പകള്‍, പൊട്ടിയ കുപ്പികള്‍ തുടങ്ങിയ ഇന്‍സ്‌ട്രുമെന്റ്‌സ്‌ ഓഫ്‌ റിവല്യൂഷനുമായി പെരുവഴിയില്‍ മലമ്പാമ്പിനെപ്പോലെ കിടക്കുക. അതുവഴി വരുന്നവരുടെ തലക്കിട്ട്‌ കരിങ്കല്ലുകൊണ്ട്‌ രണ്ടു ബോധവല്‌ക്കരണം നടത്തുക.

ബിരുദപഠനം വിജയകരമായി പൂര്‍ത്തിയായി. പിന്നീട്‌ ബിരുദാനന്തരബിരുദത്തിനുള്ള പഠനമാണ്‌. മാഫിയാ രാസാക്കന്‍മാരുടെ അടുക്കളയാണ്‌ കാമ്പസ്‌. ഒരു പിച്ചാത്തിയില്‍ തുടങ്ങി മെഷീന്‍ ഗണ്‍ വരെ സ്‌പെഷ്യലൈസേഷന്‍. പിന്നീട്‌ നാട്ടുകാരുടെ ഭാഗ്യം കൊണ്ടെങ്ങാനും ജയിലിലെത്തിപോയെങ്കിലായി. സകലമാഫിയകളുടെ സംരക്ഷണ സേനയിലേക്കും നടത്തുന്ന റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ അണിചേരാനുള്ള പ്രഥമ യോഗ്യത ജന്മനാ ഗുണ്ടയായിരിക്കണം എന്നതാണ്‌.
ബ്രാഹ്മണനെപ്പോലെയാണ്‌ ഇക്കൂട്ടരും. ബ്രാഹ്മണ്യം പോലെ ഗുണ്ടത്വവും കര്‍മ്മം കൊണ്ടാണെന്നു പറയാറുണ്ട്‌. പറച്ചിലേയുള്ളൂ അങ്ങനെയൊരു ഗുണ്ടയെ കാണിക്കാന്‍ പറ്റില്ല. ബ്രാഹ്മണനെയും. ഗുണ്ടാ ജന്മസ്യ എന്നുതന്നെയാണ്‌. രണ്ടാമത്തേത്‌ രാഷ്ട്രീയ പിന്‍ബലമുണ്ടായിരിക്കണം. യഥാക്രമം തല്ല്‌, വെട്ട്‌, കുത്ത്‌, കൊല ആദിയായ സുകുമാര കലകളിലെ പ്രാവീണ്യം അനിവാര്യം. ഈവക വിഷയങ്ങളില്‍ കേരളത്തില്‍ ഡോക്ടറേറ്റുള്ള മുഴുവനാളുകളും രാഷ്ട്രീയക്കാരായിരിക്കും. മിനിയാന്നിവിടെ വിമാനമിറങ്ങി ഇന്നലേക്ക്‌ പടര്‍ന്ന ആഫ്രിക്കന്‍ പായലാണ്‌്‌ മാഫിയ. കുടിപ്പക ഒന്നുകൊണ്ടുമാത്രം ഒരുത്തനെയും അവന്റെ കുടുംബത്തെയും നടുറോഡിലിട്ട്‌ വണ്ടി കയറ്റി കൊന്നശേഷം സ്വന്തം സ്ഥാപനത്തില്‍ ലഡുവിതരണം നടത്തിയ മഹാന്‍ പറഞ്ഞത്‌ പണ്ടേ ഞാന്‍ വിപ്ലവകാരിയാണെന്നാണ്‌. സാംസ്‌കാരിക നായകന്‍മാരുടെ നാവു താണുപോയതുകൊണ്ടുമാത്രമായിരിക്കണം ചുരുങ്ങിയത്‌ അപമാനപൂരിതമാകണമന്തരംഗം എന്നും പറഞ്ഞ്‌ ഉറഞ്ഞുതുള്ളാതിരുന്നത്‌.

മണിച്ചന്റെ മണിയും ഇക്കണ്ട പരിഷകളുടെ കാശും കൈനീട്ടി വാങ്ങി വിപ്ലവത്തിനാക്കം കൂട്ടിയത്‌ ഗുണ്ടകളാണോ അതോ രാഷ്ട്രീയക്കാരാണോ? ജനം തീരുമാനിച്ചോട്ടെ. അങ്കക്കാരനും ബപ്പിരിയനും പോലെയാണ്‌ ഗുണ്ടകളും രാഷ്ട്രീയക്കാരും. രണ്ടുകൂടി ഒന്നായിമാത്രമേ ആടുകയുള്ളൂ.നാടിന്റെ ജാതകത്തില്‍ എന്നെങ്കിലും ഒരു ശുക്രദശയുണ്ടെങ്കില്‍ ഇവറ്റകളുടെയെല്ലാം സുഖവാസകേന്ദ്രം സെന്‍ട്രല്‍ ജയിലായിക്കൂടെന്നില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും സ്ഥിതിയുമായി തട്ടിച്ചുനോക്കിയാല്‍ ജയില്‍ ഇപ്പോള്‍തന്നെ സ്വര്‍ഗമാണ്‌. രംഭ തിലോത്തമ മേനകമാരുടെ നേരിയൊരു കുറവേ തല്‌ക്കാലമുള്ളൂ.
മൊബൈല്‍ ഫോണില്‍ ആഭ്യന്തരമന്ത്രിയെ തന്നെ വിളിച്ച്‌ നിര്‍ദ്ദേശം കൊടുക്കുവാനുള്ള അവകാശം പ്രധാനമന്ത്രി കഴിഞ്ഞാല്‍ പിന്നെ ജയില്‍പുള്ളിക്കു കിട്ടിയത്‌ എടുത്തുപറയേണ്ട ഒരു നേട്ടമാണ്‌. ലോകചരിത്രത്തിലെ ആദ്യ സംഭവം. പനിച്ചുവിറച്ച്‌ മരിച്ചാലും ധര്‍മ്മാശുപത്രീല്‍ കിടക്കുന്നോന്‌ പനിമന്ത്രിയെ അവസാനത്തെവിളി വിളിക്കാന്‍വരെ പറ്റുകയില്ല.

ജയിലിലെ ബീഡിയുടെ കുറവ്‌ അടിയന്തിരമായി അവസാനിപ്പിക്കണമെന്നൊരഭിപ്രായം ഈയിടെ ഉണ്ടായിരുന്നു. ബീഡി വലിച്ച്‌ വിപ്ലവത്തിന്റെ അനശ്വരതയെപ്പറ്റി ചിന്തിക്കാന്‍ ചെഗുവേരമാര്‍ക്ക്‌ സൗകര്യം ഇതിനകം കിട്ടിക്കാണുമെന്ന്‌ കരുതുന്നു. മാറിയ കാലാവസ്ഥയില്‍ ഇനി ബീഡിയും വലിച്ച്‌ നടന്നാല്‍ പാര്‍ട്ടി അസ്‌തുവായിപ്പോകുമെന്ന്‌ മിനിയാന്ന്‌ ഒരു കനത്ത സഖാവിന്റെ ലാബിലെ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. പരിഹാരക്രിയയായി ഇനി ഈ സുഖവാസ കേന്ദ്രങ്ങളെല്ലാം ബാര്‍ അറ്റാച്ച്‌ഡ്‌ സെന്‍ട്രല്‍ ജയിലായിക്കൂടെന്നുമില്ല.

ഇനി ലേശം സംസ്‌കാരം അവശേഷിക്കുന്ന ആരെങ്കിലും ജയിലിലുണ്ടെങ്കില്‍ അവരെ നേരെയാക്കാന്‍ സാംസ്‌കാരിക നായകന്‍മാരെത്തന്നെ അങ്ങോട്ടയക്കാന്‍ പരിപാടി സര്‍ക്കാരിനുണ്ട്‌. തീഹാര്‍ ജയിലില്‍ കഴിയാന്‍ പറ്റാത്തതിലുള്ള വെശമം കൊണ്ട്‌ ഉറക്കം കിട്ടാത്ത സാംസ്‌കാരിക സാമ്രാട്ട്‌ അക്കൂട്ടരെയും തെളിച്ചുകൊണ്ട്‌ അങ്ങോട്ടെത്തുന്ന നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.

പട്ടാളത്തില്‍ നിന്നും ചാടിപ്പോയി പണ്ടൊരു വെടിയാല്‍ പലരെ കൊന്ന സുധാകരന്‍ ജാതകവശാല്‍ ജയിലിലെത്തി. അവിടെവെച്ച്‌ മൂപ്പര്‍ പിന്നീട്‌ പരിചയപ്പെട്ടത്‌ യതിയെയായിരുന്നു. മുന്നിലിരിക്കുന്നവന്റെ മനസ്സുവായിക്കാന്‍ അറിയുന്ന അസ്സല്‍ മനശ്ശാസ്‌ത്രഞ്‌ജന്‍ നിത്യചൈതന്യ യതിയെ. അനന്തരം ധാരാളം ചര്‍ച്ചചെയ്യപ്പെട്ട ഒരു പുസ്‌തകവുമെഴുതി - ക്രിമിനോളജിക്ക്‌ ഒരു ആമുഖം എന്നോ മറ്റോ. നല്ലനടപ്പിന്റെ ഭാഗമായി താമസിയാതെ പുറത്തെത്തി സുധാകരന്‍ പഴയ നടപ്പു തുടര്‍ന്നു. താമസിയാതെ താടിയും തലയും നീട്ടി തെമ്മാടി സന്ന്യാസിയായങ്ങ്‌ അവതരിച്ചു. ആശ്രമമായി ശിഷ്യരായി വെച്ചടി വെച്ചടി കേറ്റം. ഇപ്പോ ജാതകവശാല്‍ സ്വാമി വീണ്ടും ജയിലിലെത്തി. ഒരു ബ്രിട്ടീഷുകാരിയെ ആദ്യം ശിഷ്യയാക്കി പിന്നെ വിധിപ്രകാരം ബലാല്‍സംഗം ചെയ്‌ത്‌ ഭാര്യയുമാക്കി. അച്ഛന്‍ സായിപ്പിന്റെ സ്വത്തുമുഴുവന്‍ ലാപ്‌ടോപ്പടക്കം സ്വാമി സ്വാഹയാക്കി. ജന്മനാ ക്രിമിനലായവനെ യതിക്കു മാറ്റുവാന്‍ പറ്റിയില്ലെങ്കിലും നാഴികക്ക്‌ നാല്‌പതുവട്ടം വാക്കുമാറ്റുന്ന നായകന്‍മാര്‍ക്ക്‌ ചിലപ്പോള്‍ കഴിയാതിരിക്കില്ല.
സാംസ്‌്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ എണ്ണത്തിലെ കുറവുതന്നെ ചിലപ്പോള്‍ പരിഹരിച്ചുപോവാനും സാദ്ധ്യതയുണ്ട്‌.ജയിലിലെ രാഷ്ട്രീയ ക്രിമിനലുകളുടെ സൗകര്യക്കുറവിനെക്കുറിച്ച്‌ മാത്രമാണ്‌ ആളുകളുടെ വേവലാതി. വര്‍ഷങ്ങളായി പരോള്‍ കിട്ടാത്തവര്‍, വക്കീലിന്‌ കാശുമുടക്കാനില്ലാത്തവര്‍, രോഗികള്‍ അങ്ങിനെ എത്രയോപേര്‍ അവിടെയുണ്ട്‌. അവരുടെ കാര്യം ആരുനോക്കാന്‍? യഥാ രാജാ തഥാ പ്രജാ എന്നു ചാണക്യന്‍.

ഒരദ്ധ്യാപകനെ ക്ലാസ്‌റൂമിലിട്ട്‌ വെട്ടിനുറുക്കി കൊച്ചുവിദ്യാര്‍ത്ഥികളുടെ സമനില തെറ്റിച്ച വിപ്ലവകാരികളെല്ലാം പുറത്ത്‌. ഒരു സാധുവിനെ അച്ഛനമ്മമാരുടെ കണ്‍മ ുന്നില്‍ നിന്ന്‌ വലിച്ചിട്ട്‌ പീസ്‌പീസാക്കി ആര്‍ഷഭാരതം സ്ഥാപിച്ച യോഗ്യരും അന്തസ്സായി കഴിയുന്നു. ജയിലില്‍ നിന്നുതന്നെ ഒരു കുറ്റവാളിയെ അടിച്ചുകൊന്ന യോഗ്യന്‍മാരും അവിടെത്തന്നെ സുഭിക്ഷം കഴിയുന്നു. ഇവറ്റകളെയെല്ലാം മാറ്റിമറിക്കാന്‍ കൈതപ്രത്തിന്റെ സംഗീതത്തിനു കഴിയുമെങ്കില്‍ കൈതപ്രത്തിന്റെ വായ ദയവായി അടപ്പിക്കരുത്‌. നിത്യന്റെ ഒരഭ്യര്‍ത്ഥനയാണ്‌. നിര്‍ത്താതെ പാടിക്കണം. എത്ര ലക്ഷം കൊടുത്താലും തരക്കേടില്ല. നാടുനന്നായിക്കിട്ടുന്ന ഏര്‍പ്പാടാണ്‌.

ബലാല്‍സംഗം എന്ന പുണ്യകര്‍മ്മം അനുഷ്‌ഠിച്ചെത്തിയവര്‍, മാതാപിതാക്കളെ വെട്ടിക്കൊന്ന വീരശൂരപരാക്രമികള്‍, അന്നന്നത്തെ അന്നത്തിനുവകയില്ലാത്ത ്‌അസംഖ്യം വന്‍കിടകുത്തകബൂര്‍ഷ്വാസികളെ വകവരുത്തിയ ചെഗുവേരമാര്‍, രാമരാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാക്ഷസപ്പടയെ നിഗ്രഹിച്ച കാവിക്കാര്‍ അങ്ങിനെ എത്രയെത്ര ആളുകളാണ്‌ എങ്ങിനെയെങ്കിലും ഒന്നു നന്നായിക്കിട്ടാനായി ജയിലിലിപ്പോള്‍ ക്യൂനില്‌ക്കുന്നത്‌.

നമ്മുടെ സാംസ്‌കാരികനായകര്‍ അങ്ങോട്ടുപോയി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിന്‌ മുന്‍പ്‌ സര്‍ക്കാര്‍ ഒന്നു ചെയ്യുക. അക്ഷരമറിയുന്നവര്‍ക്കെല്ലാം മഹാത്മജിയുടെ ആത്മകഥയോ ലൂഷാവ്‌ചിയുടെ എങ്ങിനെ നല്ല കമ്മ്യൂണിസ്‌റ്റാകാം എന്ന കിത്താബോ കൊടുക്കുക. പോരാ. പഠിച്ചതിനു തെളിവായി നല്ലൊരു പരീക്ഷ നടത്തി 70 ശതമാനം കിട്ടുന്നവരെ മാത്രം വെളിയില്‍ വിട്ടേക്കുക. ആദ്യം വേണ്ടത്‌ നല്ല വിദ്യാഭ്യാസമാണ്‌. രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കാത്ത തരം. വിപ്ലവകാരികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം പുതിയ സാഹചര്യത്തില്‍ അടിമയെയും ഉടമയെയും സൃഷ്ടിക്കുന്നത്‌ മൂലധനമല്ല നല്ല വിദ്യാഭ്യാസമാണ്‌. ഇതുമനസ്സിലാക്കിയതുകൊണ്ടാണല്ലോ നേതാക്കളുടെ മക്കള്‍ സ്വാശ്രയകോളെജിലും എരപ്പാളികളുടെ പിള്ളേര്‍ പരാശ്രയ വിദ്യാലയങ്ങളിലും എത്തിയത്‌.

July 04, 2007

പാലോറമാതയുടെ പൈക്കുട്ടി - ഒരനുശോചനക്കുറിപ്പ്‌

പാലോറമാതയുടെ ആ പഴയ പൈക്കുട്ടിയുടെ ഇപ്പോഴത്തെ ഗതിയിലാണ്‌ നാടിന്റെ ആശങ്ക. കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായും ആത്മനിഷ്‌ഠമായും ഉള്‍ക്കൊണ്ടുകൊണ്ടുവേണം ബല്യബല്യ കാര്യങ്ങള്‍ അപഗ്രഥിക്കുവാന്‍.

വിവരമില്ലാത്തവര്‍ ആചാര്യന്‍മാര്‍ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങള്‍ പോയി മനസ്സിരുത്തി വായിക്കുക. നാട്ടില്‍ കിട്ടിയില്ലെങ്കില്‍ അതു പഠിപ്പിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോര്‍്‌ട്ട്‌ അറ്റാച്ച്‌ഡ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍വ്വകലാപശാലയുണ്ട്‌ മൂന്നാറില്‍. വൈസ്‌ചാന്‍സലറായി പ്രൊഫെസര്‍ സഖാവ്‌ വെളിയം. പിന്നെ പ്രൊഫസര്‍മാരുടെ ഒരു വന്‍ നിരതന്നെയാണ്‌ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ആറുമാസമാണ്‌ കോഴ്‌സ്‌ കാലാവധി. ഉലക്കയില്‍ നിന്നും പാന്തം പൊളിക്കേണ്ടവിധം മൂന്നുമാസം കൊണ്ട്‌ വെളിയം പഠിപ്പിക്കും. അടുത്തമൂന്നുമാസം കൊണ്ട്‌ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ പഠിപ്പിക്കുക ഇസ്‌മയിലാണ്‌. കാലില്ലാത്ത സുന്ദരിയുടെ ബാലേ എന്നൊരു കെയ്‌സ്‌ സ്റ്റഡി ആ മുടിയില്ലാത്തയാളാണ്‌ കൈകാര്യം ചെയ്യുക.

പ്രശസ്‌തമാനേജ്‌മെന്റെ സ്‌കൂളുകളിലൊക്കെ പഠിച്ചുമിടുക്കരായ മണ്ടന്‍മാര്‍ക്ക്‌ ആരെങ്കിലും നക്കാപ്പിച്ച ലച്ചങ്ങള്‍ ശമ്പളം കൊടുക്കുകയാണല്ലോ പതിവ്‌. മുന്നാറിലെ ഈ കലാപശാലയില്‍ നിന്നും പഠിച്ചുപുറത്തിറങ്ങുന്നവര്‍ കോടികളെടുത്ത്‌ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ ഖജനാവിലിടുകയാണ്‌ ചെയ്യുക.

തൊഴിലന്വേഷിച്ച്‌ ലോകത്തെവിടെയും പോകേണ്ടതുമില്ല. സാമ്രാജ്യത്വ പാദസേവ, വന്‍കിട കുത്തക ബൂര്‍ഷ്വാസി, ഫാസിസ്റ്റ്‌, വരട്ടുതത്വവാദി തുടങ്ങിയ വിശേഷണങ്ങളൊന്നും മറുകുപോലെ കൂടേനടക്കുകയില്ല. തങ്കപ്പെട്ട വിപ്ലകകാരികളായി ശിഷ്ടകാലം കഴിയുകയും ചെയ്യാം.

വീണ്ടും പാലോറമാതയുടെ പൈക്കുട്ടിയിലേക്ക്‌. നാവെടുത്തവനെല്ലാം മാതകൊടുത്ത പൈക്കുട്ടിയുടെ ഗതിയെപ്പറ്റിപ്പറയുന്നതു പറയുന്നതു കേട്ടാല്‍ തോന്നുക മരണമില്ലാത്ത മാതയുടെ പൈക്കുട്ടിയെ, ഇനി ഗ്രാമര്‍ മിസ്റ്റേക്കുണ്ടെങ്കില്‍ മാതയുടെ മരണമില്ലാത്ത പൈക്കുട്ടിക്ക്‌ ചവക്കാന്‍ സഖാക്കള്‍ ബോംബിട്ടുകൊടുത്തു എന്നാണ്‌.

സംഗതി വസ്‌തുനിഷ്‌ഠമായി പരിശേധിക്കണം. പൈക്കുട്ടി പശുഗണത്തില്‍ വരുമെന്നാണ്‌ നിത്യന്റെ അറിവ്‌. പശുവിനെ കൊല്ലുക പാപമാണ്‌. റാവന്‍ എന്ന വിഖ്യാതമായ കവിതയില്‍ എഡ്‌ഗര്‍ അലന്‍ പോ പറയുന്നതു നോക്കുക. എല്ലാ മരണവും വേദനാജനകമാണ്‌. എന്നാല്‍ അതൊരു സുന്ദരിയുടേതാകുമ്പോള്‍ ദു:ഖം പത്തിരട്ടിയാകും. അതുകൊണ്ട്‌ തീര്‍ച്ചയായും ക്ഷീരമുള്ളോരകിടിന്നുടമയായ യൗവ്വനയുക്തയായ കാമധേനുവിന്റെ കൊലപാതകം ന്യായീകരിക്കാവുന്നതല്ല. തീര്‍ച്ചയായും അതൊരു ഒന്നൊന്നര പാപം തന്നെയാണ്‌.

അമ്പലത്തിലെ ചെണ്ട വംശനാശം വന്നുപോകാതിരിക്കാനും മറ്റുമായി സംഘപരിവാരം പോലും ചില്ലറ ഇളവുകള്‍ അനുവദിക്കുന്നുണ്ട്‌. ചുരത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച്‌ വാര്‍ദ്ധക്യത്തിലേക്ക്‌ വീഴുന്ന പശുവിന്റെ കഴുത്തില്‍ വാളുവീഴ്‌ത്തുവാന്‍ വകുപ്പുണ്ട്‌. മനുഷ്യന്‍മാര്‍ക്കില്ലാത്ത സ്ഥിതിക്ക്‌ പൈക്കള്‍ക്കായി ഒരു വൃദ്ധസദനത്തിനുള്ള സാദ്ധ്യത തല്‌ക്കാലം ഏതായാലുമില്ല. സംഘപരിവാരം വാഴുന്നിടത്തും വിപ്ലവകാരികള്‍ വാഴുന്നിടത്തും.

ഒരു നിഗമനത്തിലെത്തുന്നതിനു മുന്‍പേ ഇപ്പറഞ്ഞ വസ്‌തുകകളെല്ലാം പരിഗണിക്കണം. പ്ലസ്‌ ബയോളജിക്കലി, പാലോറമാതാസ്‌ പൈക്കുട്ടി വാസ്‌ നോട്ട്‌ ഇമ്മോര്‍ട്ടല്‍. ബയോളജിക്കലി ആന്റ്‌ ഇക്കണോമിക്കലി ഓണ്‍ലി രക്തസാക്ഷികള്‍സ്‌ ആര്‍ ഇമ്മോര്‍ട്ടല്‍.

അങ്ങിനെ വരുമ്പോള്‍ ആ പൈക്കുട്ടിയെ സംരക്ഷിക്കണം. തീര്‍ച്ചയായും സംരക്ഷിച്ചു. കട്ടന്‍ചായ സഖാക്കള്‍ക്ക്‌ ഒണക്കപ്പുല്ല്‌ പൈക്കുട്ടിക്ക്‌. പരിപ്പുവട സഖാക്കള്‍ക്ക്‌ കടലപ്പുണ്ണാക്ക്‌ പൈക്കുട്ടിക്ക്‌. അങ്ങിനെ ആരെയും മോഹിപ്പിക്കുന്ന വിധത്തിലായിരുന്നു പൈക്കുട്ടിയുടെ വളര്‍ച്ച.

വളര്‍ച്ച പൂര്‍ണമായാല്‍ പിന്നെ തുടങ്ങുക തളര്‍ച്ചയാണ്‌. അതെല്ലാം ജര്‍മ്മന്‍ഭാഷയിലെ താളിയോലകളിലുണ്ട്‌. അതില്ലാത്ത ഒരു സംഗതി മാറ്റം മാത്രമാണെന്ന്‌ മാര്‍ക്‌സ്‌. അപ്പോള്‍ സ്വാഭാവികമായും പ്രകൃതിനിയമപ്രകാരവും നാട്ടാചാരപ്രകാരവും പൈക്കുട്ടി വാര്‍ദ്ധക്യത്തിലേക്കു കടക്കണം. വൈരുദ്ധ്യാത്മക ഭൗതീകവാദപ്രകാരവും പ്രായം പടവലം പോലെ താഴോട്ട്‌ വളരുകയില്ല. പോക്ക്‌ മേലോട്ടുതന്നെയാണ്‌.

അങ്ങിനെ പാലോറമാതാസ്‌ പൈക്കുട്ടി ചെറുബാല്യം വിട്ട്‌ കൗമാരത്തിലൂടെ വളര്‍ന്ന്‌ ഗോമാതാവായി നന്നായി ചുരത്തി വാര്‍ദ്ധക്യത്തിലേക്കു വഴുതിനീങ്ങി വയസ്സത്തിപശുവായെന്നര്‍ത്ഥം. അതാണ്‌ സാമൂഹ്യനീതി നടപ്പിലാക്കാനുള്ള പറ്റിയ സമയം. നല്ലൊരു വെട്ടുകത്തിയെടുത്തു പ്രയോഗം ആരംഭിക്കുക. അതിലെന്തിത്ര തെറ്റ്‌. നരകിക്കാതെ കഥ കഴിഞ്ഞു. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്‌?

മാതയുടെ പൈക്കുട്ടി ആയുസ്സെത്തി തന്നെയല്ലേ മരിച്ചത്‌. നാട്ടുകാര്‍ക്കൊക്കെ ആവേശമായി നല്ലനിലയില്‍ ജീവിച്ച്‌ ദേശാഭിമാനിയായി മരിച്ചു. അതുകൊണ്ട്‌ ദേശം മുഴുവനം അഭിമാനിക്കുക. ആദരാഞ്‌ജലിയര്‍പ്പിക്കുക.

June 27, 2007

കുരിശിന്റെ വഴിയേ അരിവാളും

കമ്മ്യൂണിസവും കൃസ്‌തുമതവും തമ്മില്‍ ഒരുപാട്‌ സാമ്യമുണ്ട്‌. രണ്ടു നാടകവും തുടങ്ങിയത്‌ ഒരുപോലെയാണ്‌. അടിച്ചമര്‍ത്തപ്പെട്ടവന്റെ നാവായി പ്രത്യക്ഷപ്പെടും ആദ്യരംഗത്തില്‍. അന്ത്യരംഗം കൊഴുപ്പിക്കുക പക്ഷേ അവന്റെ ആര്‍ത്തനാദമായിരിക്കും.

ധനികന്‍ സ്വര്‍ഗത്തിലെത്തുന്നത്‌ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനു സമമാണ്‌ എന്നു ബൈബിള്‍. ചൂഷണവ്യവസ്ഥയുടെ ആണിക്കല്ല്‌ സ്വകാര്യസ്വത്താണെന്ന്‌ കമ്മ്യൂണിസ്‌റ്റുകാരുടെ ബൈബിളും. അതു താനല്ലയോ ഇത്‌ എന്ന്‌ വര്‍ണ്യത്തിലാശങ്കക്കൊന്നും സ്ഥാനമില്ല. രണ്ടും ഒന്നു തന്നെയാണ്‌. ചുരുങ്ങിയത്‌ സ്വത്തുകാര്യത്തിലെങ്കിലും.

വയനാട്ടിലെ ആദിവാസിയുടെ ഭൂമിയുടെ കിടപ്പ്‌ നോക്കുക. മൂന്നാറിലെ റിസോര്‍ട്ടു റവല്യൂഷനും നോക്കുക. കുരിശും കൊണ്ട്‌ ചെകുത്താന്‍ മലകയറ്റം ആരംഭിച്ചതോടെ നിയമം നിയമത്തിന്റെ വഴിയിലും മതേതരത്വം അതിന്റെ വഴിയിലും ആദിവാസി പെരുവഴിയിലുമായതാണ്‌ കൈയ്യേറ്റത്തിന്റെ ചരിത്രം. അഥവാ കുടിയേറ്റത്തിന്റ സുവര്‍ണജൂബിലി ചരിത്രം.

ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകാരന്റെ അടിസ്ഥാനയോഗ്യത നല്ലൊരു ഹൃദയവും ഭേദപ്പെട്ടൊരു തലയും ഉരുക്കിന്റെ നട്ടെല്ലുമാണ്‌. ഇപ്പോള്‍ നടുവില്‍ പറഞ്ഞ സംഗതിയേ ഉള്ളൂ. കാലപ്രവാഹത്തില്‍ കമ്മ്യൂണിസ്റ്റുകാരനും കരിങ്കാലിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്ത അവസ്ഥവരെയെത്തിയതാണ്‌. അപ്പോള്‍ സൂക്തങ്ങളെല്ലാം മാറ്റിയെഴുതുകയേ രക്ഷയുള്ളൂ. മയിലെണ്ണയില്‍ മുക്കിയെടുത്ത ഈര്‍ക്കിലിപോലെ സൂക്തങ്ങള്‍ വളക്കാന്‍ പറ്റിയ യോഗ്യന്‍മാരെ കണ്ടെത്തി ദ്രവിച്ച ഗ്രന്ഥങ്ങള്‍ അങ്ങോട്ടേല്‌പിച്ചുകൊടുക്കുക. അക്കൂട്ടര്‍ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ മാര്‍ക്‌സും മര്‍ക്കസും ഇരട്ടപെറ്റ സന്തതികളാണെന്നുവരെ പറഞ്ഞുതരും.

മാറി കുരിശിലേക്കു വരിക. മലകയറ്റത്തോടെ കാടുകയ്യേറ്റത്തോടെ മതം പച്ചപിടിച്ചു. കൊടുങ്കാടുകള്‍ പുല്‍മേടുകളായി. പുല്‍മേടുകള്‍ കുഞ്ഞാടുകളെക്കൊണ്ട്‌ നിറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും അറവുകാരുടെ എണ്ണം കൂടി. സ്വത്തും. ഒടുവില്‍ സൂക്തം തിരുത്തിയെഴുതി - സ്വര്‍ഗം ഒട്ടകങ്ങള്‍ക്കുള്ളതാകുന്നു. ആമീന്‍.

ഭൂമിയിലെ സ്വര്‍ഗമാണ്‌ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്‌നം. കേരളത്തിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ പണ്ട്‌ നെഹറു കാശ്‌മീരിനെക്കൊണ്ടു പറഞ്ഞതുപോലെ അത്‌ മൂന്നാറാണ്‌. അവിടെ മാനംമര്യാദയായി കഴിയാനുള്ള റിസോര്‍ട്ട്‌ തൊഴിലാളി വര്‍ഗത്തിന്‌ കിട്ടിയാല്‍ അതുതന്നെയാണ്‌ വിപ്ലവം. സ്വര്‍ഗസ്ഥനായ മാര്‍ക്‌സേ അവിടുത്തേക്ക്‌ പ്രണാമം.

മേല്‍പറഞ്ഞ ഗണത്തില്‍ പെട്ടൊരു കമ്മ്യൂണിസ്റ്റുകാരന്‍ പണ്ടുണ്ടായിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെയാണ്‌ ധനികന്‍ സ്വര്‍ഗത്തിലെത്തുകയെങ്കില്‍ വത്തിക്കാന്‍ സ്വന്തമായുള്ള പോപ്പിന്‌ വിധിച്ചത്‌ നരകമായിരിക്കും എന്ന്‌ നിരീക്ഷിക്കാന്‍ മാത്രം ബുദ്ധിയും ഹൃദയവിശാലതയും അതുപ്രകടിപ്പിക്കുവാന്‍ നല്ലൊരു നട്ടെല്ലുമുണ്ടായിരുന്ന സഖാവ്‌ ദാമോദരന്‍. മൂപ്പരുടെ വംശം കുറ്റിയറ്റുപോയി. കുലത്തില്‍ പിറന്നിട്ടും കുരങ്ങായിപ്പോയത്‌ ചില്ലറ മൂന്നാറിലുണ്ട്‌. പകല്‍ പത്രസമ്മേളനം നടത്തി കൈകള്‍ പരിശുദ്ധമാണെന്ന്‌ തെളിയിച്ചുകൊണ്ടേയിരിക്കുന്നവര്‍. രാത്രി റിസോര്‍ട്ടിന്റെ കണക്ക്‌ പരിശോധിച്ച്‌ വിപ്ലവത്തിനുവേഗം കൂട്ടുന്ന വെളിവറ്റ വിപ്ലവകാരികള്‍.

രണ്ടും വീഞ്ഞുപോലെയാണ്‌. അടക്കം ചെയ്‌ത കുപ്പിയുടെ ഷേപ്പിലാണ്‌ വിശ്രം. ബ്ലേഡുകാര്‍ പാര്‍ട്ടിക്കാരായാല്‍ പാര്‍ട്ടി ബ്ലേഡ്‌ രൂപം കൈവരിക്കും. മണിച്ചന്‍മാര്‍ വിപ്ലവത്തില്‍ ആകൃഷ്ടരായി വന്നാല്‍ പാര്‍ട്ടി സ്‌പിരിട്ട്‌ പരുവത്തിലാകും. മുന്നാറിലെ പ്രത്യേക പരിതസ്ഥിതിയില്‍ അത്‌ റിസോര്‍ട്ട്‌ രൂപം കൈവരിച്ചു. അത്രതന്നെ.

മനുഷ്യന്‍ ആത്യന്തികമായി ഒരു കൈയ്യേറ്റജീവിയാണ്‌. ഒരിക്കലും ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാത്തതുകൊണ്ടാണല്ലോ സര്‍വ്വ മതങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ വേറൊരുവിധത്തില്‍ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവാന്‍ ഉപദേശിച്ചത്‌. ഇനി അങ്ങിനെ തൃപ്‌തിപ്പെടുന്നവര്‍ മന്ദബൂദ്ധികള്‍ മാത്രമായിക്കൂടെന്നുമില്ല. സദുപദേശം കേട്ട്‌ ലോകത്താരും വഴിതെറ്റിപ്പോലും സാധാരണ നന്നായിപ്പോകാറില്ല. അങ്ങിനെയാരെങ്കിലും നന്നാവുമെങ്കില്‍ ബുദ്ധനും മഹാത്മജിയും വിവേകാനന്ദനും ശ്രീനാരയണനും കൃഷ്‌ണപ്പിള്ളയും ജനിച്ച മണ്ണില്‍ എല്ലാവരും ചുരുങ്ങിയത്‌ മൊത്തം ഡിവൈഡഡ്‌ ബൈ ദാറ്റ്‌ ഫൈവെങ്കിലുമാകുമായിരുന്നു.

ഇക്കൂട്ടരില്‍ ആരുടെയെങ്കിലും നാലുവാക്ക്‌ കേള്‍ക്കാത്തവര്‍ ബധിരസമുദായത്തില്‍ ജനിച്ചുപോയവര്‍ മാത്രമായിരിക്കും. അക്കൂട്ടര്‍ നമ്മളെക്കാള്‍ കുറച്ചുകൂടി നല്ലവരായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഇതൊക്കെക്കൊണ്ടാണ്‌ ഒരു ശുഭ മുഹൂര്‍ത്തത്തില്‍ മനുഷ്യന്‍ നിയമനിര്‍മ്മാണം തുടങ്ങിയത്‌.

എല്ലാവരും സമന്‍മാരാണ്‌ എന്നാല്‍ ചിലര്‍ കൂടുതല്‍ സമന്‍മാരാണെന്നു പറഞ്ഞത്‌ ജോര്‍ജ്‌ ഓര്‍വെലാണ്‌. ഈ കൂടുതല്‍ സമന്‍മാരാണ്‌ എപ്പോഴും നിയമം നിര്‍മ്മിക്കുക. കൂടുതല്‍ സമന്‍മാരായവര്‍ നിയമം ചാടിക്കടക്കുമ്പോള്‍ സമന്മാരുടെ ധര്‍മ്മം അതനുസരിക്കുകയാണ്‌.

പകൃതി അതിന്റെ മൂഴുവന്‍ സൗന്ദര്യസങ്കല്‌പങ്ങളോടും കൂടി അണിയിച്ചൊരുക്കിയ നൂറ്റാണ്ടുകള്‍ക്കുമുന്‍പത്തെ നിബിഡവനമായിരുന്ന മൂന്നാര്‍ ഒരദ്‌ഭുത പ്രതിഭാസമാണ്‌. കൈയ്യേറ്റത്തിന്റ ചരിത്രത്തിലും മൂന്നാര്‍ ഒരു നൂതന അദ്ധ്യായമാണ്‌ എഴുതിച്ചേര്‍ത്തിരിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍
കുരിശുമെടുത്തഥ കൃസ്‌ത്യാനികളും
ചട്ടക്കാരും വേട്ടക്കാരും
വിപ്ലവകാരികള്‍ ഇടതും വലതും
മൂന്നാര്‍ മലകള്‍ കിളച്ചുമറിച്ചു
കിട്ടിയ വസതു വളച്ചുപിടിച്ചു
നല്ലൊരു വടിയില്‍ കൊടിയും കെട്ടി
ബി.ഒ.ടിയില്‍ റിസോര്‍ട്ടും പൊക്കി
വിപ്ലവമങ്ങു തുടങ്ങീടുന്നൂ

എല്ലാവഴിയും എന്നിലേക്കു നയിക്കുന്നു എന്നു ഭഗവാന്‍ പറഞ്ഞതുപോലെ എല്ലാവഴിയും മൂന്നാറിലേക്കു നയിച്ചു. ആദ്യം ചാടിക്കടന്നു വളച്ചുകൂട്ടിയ നിയമനിര്‍മ്മാതാക്കളും പിന്നീട്‌ റൂള്‍ ഓഫ്‌ ഇസ്‌മായേല്‍ പ്രകാരം കടന്നുവന്നവരും റിസോര്‍ട്ടുപണിതു.

ഒരു വിപ്ലവത്തില്‍ റിസോര്‍ട്ടിനു വഹിക്കാനുള്ള പങ്കിനെ പറ്റി മന്ദബുദ്ധികളോടു സംസാരിച്ചിട്ടെന്തുകാര്യം. അതൊക്കെ വെളിയം ഇസ്‌മയില്‍ ആദിയായ വിപ്ലവകാരികള്‍ റിസര്‍ച്ച്‌ നടത്തി കണ്ടെത്തിയ പ്രപഞ്ചസത്യങ്ങളാണ്‌. അത്തരം മഹാകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്യുക നിലത്തുകുത്തിയിരുന്നിട്ടാണോ? വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കാന്‍ അതിനു പറ്റിയ സ്ഥലം വേണം. കോട്ടിട്ടോന്‍ നിലത്താണോ കിടക്കുക.

വിപ്ലവം ഏതാണ്ട്‌ കൈയ്യെത്തുന്ന ദൂരത്ത്‌ എത്തിനില്‍ക്കുകയാണ്‌ . ആ സുഖപ്രസവത്തിന്റെ ആദ്യലക്ഷണമാണ്‌ നാലുകോടി വീഴ്‌ത്താന്‍ ഉദ്ദേശിച്ച്‌ കുലുക്കിയ പാട്ടയില്‍ പത്തുകോടി വീണ്‌ പന്ന്യന്റെ നടുവുളുക്കിപ്പോയത്‌.

നാലുകോടി പിരിക്കാന്‍തന്നെ ചുരൂങ്ങിയത്‌ മലയാളികള്‍ മൊത്തം സി.പി.ഐക്കാരായിരിക്കണം എന്നൊക്കെ ചില വിഡ്ഡികള്‍ പറയും.

മല്യ ഒറ്റയൊരാളേയുള്ളൂ. മൂപ്പര്‍ക്കൊരിക്കല്‍ ഒരു ബോധോദയമുണ്ടായി ഗുരുവായൂരപ്പന്റെ ദാരിദ്ര്യം മാറ്റണം. സ്വര്‍ണക്കൊടിമരമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മല്യ ജനിച്ച ശേഷം എന്നെങ്കിലും ഒരു സ്‌മോളടിച്ച എല്ലാവരുടെയും പങ്ക്‌ അതിലുണ്ട്‌. അതുകൊണ്ട്‌ ഗുരുവായൂരിലെ കൊടിമരം കുടിയന്‍മാര്‍ക്കവകാശപ്പെട്ടതാണെന്ന്‌ പറയാന്‍ പറ്റുമോ? അങ്ങിനെയാണെങ്കില്‍ തീര്‍ച്ചയായും ഇടതുവലതുവിപ്ലവകാരികളുടെ റിസോര്‍ട്ടുകള്‍ കള്ളനു കഞ്ഞിവെക്കാന്‍ കിട്ടിയ അടുക്കളകളാണ്‌.

വെറുതെയല്ല പറഞ്ഞത്‌ കൈയ്യേറ്റ ഭൂമിയിലെ ആരാധനാലയങ്ങള്‍ അഥവാ കുരിശും രാഷ്ട്രീയപാര്‍ട്ടികളുടെ ആരാധനാലയങ്ങള്‍ അഥവാ റിസോര്‍ട്ടുകളും പൊളിക്കുവാന്‍ പാാാാടുുുുുളളതല്ല. അതായത്‌ കുരിശിന്റെ വഴിയില്‍ അരിവാള്‍ പ്രയാണം തുടങ്ങി.

ഇനി വത്തിക്കാന്‍ പോലൊരു സംവിധാനം മൂന്നാറിലും ഏര്‍പ്പെടുത്തിയാല്‍ മൊത്തത്തില്‍ ഗംഭീരമായി. പാര്‍ട്ടി സിക്രട്ടറിമാരെ തിരഞ്ഞെടുക്കുന്ന മീറ്റീംഗ്‌ തന്നെ ഉദാഹരണം. ഏഴൈകള്‍ വിവരമറിയാന്‍ റിസോര്‍ട്ടിനു ചുറ്റും കൂട്ടിലിട്ട വെരുകിനെപ്പോലെ നടക്കുമ്പോള്‍ നേതാക്കളാരും പുറത്തിറങ്ങിക്കളയരുത്‌. അത്യാഹിതമൊന്നുമില്ലാതെ തിരഞ്ഞെുടുപ്പ്‌ നടന്നുകഴിഞ്ഞാല്‍ ലേശം കുന്തിരിക്കം കത്തിച്ച്‌ വെള്ളപ്പുകയുയര്‍ത്തിയാല്‍ മാത്രം മതി. വിശ്വസിച്ച ജനം നമ്മുടെ കാര്യം തല്‌ക്കാലം കട്ടപ്പുകയായി കരുതി സമാധാനിച്ചുകൊള്ളും.

അങ്ങിനെയെത്രപേര്‍ ഗുരുവായൂരപ്പനിലും തന്ത്രിയിലും മന്ത്രിയിലും എല്ലാം വിശ്വസിക്കുന്നു. വിശ്വസിച്ചുപോയ വകയില്‍ ഒരു നാലണപോലും ആര്‍ക്കും നഷ്ടപരിഹാരം കൊടുക്കുവാന്‍ ലോകത്തിലെ ഒരു കോടതിയും വിധിക്കുകയില്ല.

വിപ്ലവം നടത്തിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ പറ്റിയ തെറ്റ്‌ വെളിയത്തിനും പിണറായിക്കും പറ്റുകയില്ല. ഏറ്റവും വലിയ തെറ്റ്‌ വിപ്ലവം നടത്തി എന്നതാണ്‌. സോവിയറ്റ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടി ലോകത്തിലെ ഏറ്റവും മുന്തിയ മുതലാളിയായി മാറിയത്‌ വിപ്ലവം നടത്തിയശേഷമാണ്‌. സോഷ്യലിസ്‌റ്റ്‌ വിപ്ലവം നടന്നുകഴിഞ്ഞാല്‍ പിന്നെ കമ്മ്യൂണിസത്തിലേക്കുള്ള പ്രയാണമാണ്‌. അതായത്‌ പാര്‍ട്ടി സ്വയം അസ്‌തുവായി ഉണ്ടാക്കിവച്ച സ്വത്തെല്ലാം അടുത്തമുതലാളി കൊണ്ടുപോകുന്ന അനര്‍ഘനിമിഷം. ആരുകൊണ്ടുപോയാലും നാലണ തൊഴിലാളിക്ക്‌ കിട്ടിയിട്ടില്ല എന്നെല്ലാര്‍ക്കും ആശ്വസിക്കാം.

അതുകൊണ്ട്‌ വിപ്ലവം നടത്താതെ തന്നെ ഒരു നൂറ്റാണ്ടുകാലം സുഭിക്ഷം കഴിയാനുള്ള വസ്‌തുവഹകള്‍ റിസോര്‍ട്ടടക്കം വനത്തില്‍ വിളയിച്ചു. കിഴക്കന്‍ യൂറോപ്പിലെ അസ്‌തുവായ പാര്‍ട്ടികളിലെ മൂക്കില്‍ ശ്വാസമുള്ള എല്ലാറ്റിനേം കൂട്ടിക്കൊണ്ടുവന്ന്‌ കാണിച്ചുകൊടുക്കേണ്ട സംഗതിയാണ്‌. സഖാക്കളേ നാം മുന്നോട്ട്‌. ഒരടിമുന്നോട്ട്‌ പത്തടി പിന്നോട്ട്‌.

June 17, 2007

പ്രതിഭാ പട്ടേലിനെ കണ്ടെത്തല്‍

ഒടുക്കം അനിവാര്യമായത്‌ സംഭവിച്ചു. കോണ്‍ഗ്രസുകാരും വിപ്ലവകാരികളുമെല്ലാം കൂടി ശതകോടി ഇന്ത്യരില്‍ നിന്നും ഒരു പരമയോഗ്യയെ കണ്ടെത്തി.

ഏകഭര്‍തൃത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തല്‌ക്കാലം ഒരു രാഷ്ട്രപതിക്കേ സ്‌കോപ്പുള്ളൂ. പതിയായതുകൊണ്ട്‌ ആണുതന്നെയാവണമെന്നതായിരുന്നു ഇതുവരെ നാട്ടുനടപ്പ്‌. ഇപ്പോള്‍ വിപ്ലവകരമായ ഒരു തീരുമാനമാണ്‌ വന്നത്‌. വനിതക്കും പതിയാവാം.

കോണ്‍ഗ്രസുകാര്‍ വിപ്ലവകാരികള്‍ക്കും വിപ്ലവകാരികള്‍ കോണ്‍ഗ്രസുകാര്‍ക്കും നന്ദിപറഞ്ഞു. മാരത്തോണ്‍ വട്ടമേശസമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ അകമഴിഞ്ഞ്‌ സഹായിച്ച അണ്ടിപ്പരിപ്പുകള്‍ക്ക്‌ പൊതുജനവും നന്ദിരേഖപ്പെടുത്തിയിരിക്കണം. ആളുകള്‍ക്കെന്തും പറയാം.

നൂറുകോടി അരുമയാന മക്കളെ മുന്നില്‍ നിന്നു നയിക്കുക ചില്ലറപ്പണിയാണോ? നേരാം വണ്ണം കണ്ണും കാതും തലയും പ്രവര്‍ത്തിപ്പിക്കുന്നവരെക്കൊണ്ട്‌ പറ്റുകയില്ല. മുന്നില്‍ നിന്നുപോയിട്ട്‌ പിന്നില്‍ നിന്നുകൂടി നയിക്കുക സാദ്ധ്യമല്ല. ഇനി ഈ പണിക്കില്ലെന്ന്‌ കലാം സാര്‍ പറഞ്ഞല്ലോ?

അപ്പോള്‍ അത്തരത്തിലുള്ള ഒരാളെ കണ്ടെത്തണം. കഴിഞ്ഞതവണത്തെ അബദ്ധം പറ്റിപ്പോവരുത്‌. ചരിത്രം ആവര്‍ത്തിക്കും എന്നാണ്‌. എന്നാല്‍ അതെപ്പോഴും ആവര്‍ത്തിക്കുക വിഡ്ഡികളുടെ തലയിലാണ്‌. മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരും അതിബുദ്ധികളായ മാര്‍ക്‌സിസ്‌റ്റുകാരും കൂടിചേരുമ്പോള്‍ ന്യായമായും സാമാന്യബുദ്ധിക്ക്‌ സാദ്ധ്യതയുണ്ട്‌. അതുകൊണ്ട്‌ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ല.

വിപ്ലവകാരികള്‍ പണ്ടേ ഇതു ചൂണ്ടിക്കാട്ടിയതാണ്‌. പഞ്ചാബില്‍ മഞ്ചലെടുക്കാന്‍ നാലാളില്ലാത്ത സുര്‍ജിത്ത്‌ സഖാവായിരുന്നല്ലോ പണ്ട്‌ ഇന്ദ്രപ്രസ്ഥത്തിലെ കിങ്‌മേക്കര്‍. ചില ആളുകള്‍ അങ്ങിനെയാണ്‌ നാട്ടില്‍ വിലയില്ലെങ്കിലും പേട്ടയില്‍ പുല്ലുവിലയായിരിക്കും. അന്ന്‌ രാജ്യതാല്‌പര്യം മുന്‍നിര്‍ത്തി സഖാവ്‌ ഒരു മാതൃകാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നു. സഖാവിന്‌ വല്ല സ്വര്‍ണപ്രശ്‌നവും വശമുണ്ടോ എന്നുവരെ പലര്‍ക്കും തോന്നിപ്പോയിരുന്നു. അത്രകണ്ട്‌ അനുയോജ്യ വ്യക്തിത്വം. ക്യാപ്‌റ്റന്‍ ലക്ഷ്‌മി.

പഞ്ചേന്ദ്രിയങ്ങള്‍ മാത്രമല്ല ബാക്കിയുള്ളതും ലോക്കൗട്ട്‌ പ്രഖ്യാപിച്ച സുന്ദരമായ അവസ്ഥ. വെടിപൊട്ടിച്ചാലും കുലുങ്ങാത്ത കേള്‍വി. കണ്ണില്‍ കുത്തിയാലും കാണാത്ത കാഴ്‌ച. കണ്ണും കാതുമാണ്‌ ഏറ്റവും അപകടകാരികള്‍. അതു രണ്ടിന്റെയും ഉപദ്രവം അശേഷമില്ല. എന്തോ നമുക്ക്‌ യോഗമില്ലാതായി എന്നുപറയുന്നതാവും ശരി. അവര്‍ സൈഡായി. സുര്‍ജിത്‌ ആംഗ്യേഷു ഉവാച. കാരാട്ടും യെച്ചൂരിയും കൂടി അതേപടി കസാരയിലെടുത്ത്‌ വീട്ടിലെത്തിച്ചുകൊടുത്തു.

ഒന്നുകില്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം താനെ നിലയ്‌ക്കുന്നവര്‍ അല്ലെങ്കില്‍ ജന്മനാ അതിനെക്കൊണ്ടുള്ള ഉപദ്രവം ഇല്ലാത്തവര്‍. അവര്‍ കാണേണ്ടതു മാത്രമേ കാണുകയുള്ളൂ. കേള്‍ക്കേണ്ടതുമാത്രമേ കേള്‍ക്കുകയുമുള്ളൂ. ഒരു ജനതയെ മുന്നില്‍ നിന്നു നയിക്കേണ്ടവരുടെ പ്രധാന യോഗ്യത ഇത്രയുമായിരിക്കണം. നേരാംവണ്ണമുള്ള ഇന്ദ്രിയങ്ങളുമായി നാട്ടില്‍ പ്രവര്‍ത്തിക്കുക ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കാട്‌ അത്തരക്കാര്‍ക്കുള്ളതാണ്‌. അങ്ങിനെയുള്ളവര്‍ക്ക്‌ തല ഉടലില്‍ തന്നെ വേണമെന്ന നിര്‍ബന്ധവും ഉണ്ടാവരുത്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷം ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രനിമിഷമാണെന്ന്‌ സോണിയാജി വിലയിരുത്തി. സര്‍ദാര്‍ജി കൈയ്യടിച്ചു. വയറുനിറഞ്ഞ വിപ്ലവകാരികള്‍ നന്നായി ഓരിയിട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരമല്ലെങ്കില്‍ പൂന്താനത്തിന്റെ സിദ്ധാന്തപ്രകാരം സിംഹങ്ങള്‍ സൃഗാലങ്ങളായി വളര്‍ന്നു. ഗര്‍ജനം ഇപ്പോള്‍ പണ്ടത്തെപ്പോലെ പതിവില്ല. ഗര്‍ജിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. റിസോര്‍ട്ടുകള്‍ തലയില്‍ വീണ്‌ ചത്തുപോയെന്നായിരിക്കും പിന്നെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌്‌.

പ്രതിഭാപട്ടേലിനെ തിരഞ്ഞെടുത്ത നിമിഷംപോലെ അപൂര്‍വ്വം ചില നിമിഷങ്ങളാണ്‌ ഇന്ത്യയിലെ ചരിത്രനിമിഷങ്ങള്‍. ആദ്യത്തേത്‌ ഇന്ദിരാജി കോണ്‍ഗ്രസ്‌ പ്രസിഡണ്ടായത്‌. രണ്ടാമത്തെ സുന്ദരനിമിഷം മൂപ്പര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത്‌. മൂന്നാമത്തെ ചരിത്രമുഹൂര്‍ത്തം സോണിയാജി അനുരാഗപരവശയായി രാജീവ്‌ജിയെ കാംബ്രിഡ്‌ജിലെ പാരലല്‍ കോളിജില്‍ വച്ചു കണ്ടത്‌. നാലാമത്തെ ചരിത്രമുഹൂര്‍ത്തം രാജീവ്‌ജി കോണ്‍ഗ്രസ്‌ ജനറല്‍ സിക്രട്ടറിയായത്‌. അഞ്ചാമത്തെ ചരിത്രശുഭമുഹൂര്‍ത്തം പതിനാറുകൊല്ലത്തെ നീണ്ട കാത്തിരിപ്പിനുശേഷം സോണിയാജി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിച്ചത്‌. പിന്നെ ഭാവിഭാരതത്തിന്റെ വരദാനമായി സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിയ രാഹുല്‍ജി ഭൂജാതനായത്‌. അടുത്ത ചരിത്രനിമിഷമാണ്‌ പ്രിയങ്കയുടെ ജനനം.

ഇലക്ട്രിക്‌ പോസ്‌റ്റില്‍ എഞ്ചിനീയറുടെ പത്തിരട്ടി വേഗത്തില്‍ കുരങ്ങന്‍ പാഞ്ഞുകയറും. ലൈന്‍ ഓഫാക്കാന്‍ ഒരാള്‍ ഓഫീസിലുണ്ടായാല്‍ മതി. അങ്ങിനെ സോണിയാജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായത്‌ മറ്റൊരനര്‍ഘനിമിഷം. പ്രതിഭാ പട്ടേലിനെ കണ്ടെത്തിയതാകട്ടെ വേറൊരസുലഭനിമിഷം. താരതമ്യം ചെയ്യാന്‍ വേറൊരു കൂടിക്കാഴ്‌ചയേ ലോകചരിത്രത്തിലുള്ളൂ. മെക്‌സിക്കോയില്‍ വച്ച്‌ ഫിദല്‍ കാസ്‌ട്രോ ഏണസ്‌റ്റോ ചെഗുവേരയെ കണ്ടെത്തിയ വിപ്ലവമുഹൂര്‍ത്തം.

മുകളില്‍ പറഞ്ഞ എല്ലാ നല്ല ലക്ഷണങ്ങളുമുള്ള മഹതി. പണ്ടത്തെ ഉരുക്കുമനുഷ്യന്റെ പേരിന്റെ പാതി പേരിനോടൊപ്പമുണ്ട്‌. കലപ്പവലിക്കാന്‍ കെല്‌പില്ലാത്ത മൂരിയാണ്‌്‌ കോതാമൂരിയാവുക. അതായത്‌ ഗവര്‍ണര്‍. ആയൊരു എക്‌സ്‌പീരിയന്‍സുമുണ്ട്‌. കോണ്‍ഗ്രസുകാര്‍ക്ക്‌്‌ തൃപ്‌തിയായി.

സഖാക്കള്‍ കാരാട്ടുസഖാവിന്റെ നേതൃത്വത്തില്‍ വന്നു കോണ്‍ഗ്രസുകാര്‍ കാണാത്ത കോണിലൂടെ ഒന്നു നോക്കി. നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും എല്ലാം ഏണസ്‌റ്റോ ചെഗുവേരയുടെ ഊര്‍ജ്വസ്വലത. ജോസഫ്‌ സ്റ്റാലിന്റെ പട്ടേല്‍മുഷ്ടി. കാസ്‌ട്രോയുടെ വാക്‌ചാതുരി. ഹോചിമിന്റെ എളിമ. ഗ്രാംഷിയുടെ സര്‍ഗശേഷി - പണ്ട്‌ വള്ളത്തോള്‍ മഹാത്മജിയെപ്പറ്റി പറഞ്ഞപോലെ ചെല്ലുവിന്‍ ആ മഹാത്മാവിന്‍ നികടത്തില്‍.

ഇനി എന്നെങ്കിലും ചക്കവീണ്‌ മുയലുവടിയായപോലെ ഒരു ഇന്ത്യന്‍ വിപ്ലവം നമ്മളാവുന്നത്ര ഉത്സാഹിച്ചിട്ടും നടന്നുപോവുകയാണെങ്കില്‍ അന്നത്തേക്കും ഏറ്റവും നല്ല പ്രസിഡണ്ട്‌. ലാല്‍സലാം.

ഇന്ത്യാ മഹാരാജ്യത്തിന്‌ ആദ്യത്തെ വനിതാപതിയെ (രാഷ്ട്ര) കിട്ടുന്ന നിമിഷമാണ്‌. വനിതകളേ കയ്യും മെയ്യും മറന്നാഹ്ലാദിക്കുക. നിത്യന്‍ വകയും ഒരു ചീയേഴ്‌സ്‌. വനിതാപ്രധാനമന്ത്രിയായി ഇന്ദിരാജി ഭരിച്ചിരുന്നപ്പോഴാണല്ലോ വനിതകളുടെ സ്ഥിതി വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ടുപോയത്‌.

വെച്ചടി വെച്ചടി കേറ്റമായാരുന്നു വനിതകള്‍ക്ക്‌. സഞ്‌ജയ്‌ജിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന അടിയന്തിരത്തോടെ വനിതകള്‍ മാനത്തോളമുയര്‍ന്ന്‌ ഇന്ദ്രസദസ്സിലെ അപ്‌സരസ്സുകളെ വെല്ലുവിളിച്ചു.

വനിതകളെ തട്ടി വഴിനടക്കാന്‍ പറ്റാത്ത വിധത്തിലാണ്‌ രാജ്യം. എന്നിട്ടും വനിതകളുടെ സ്ഥിതിയോ? പരമദയനീയം. ആ പരമദയനീയ സ്ഥിതിക്കുള്ള ഒരു പെര്‍മനന്റ്‌ പരിഹാരമാണ്‌ പ്രതിഭാ പട്ടേല്‍.

അതുകൊണ്ടുമാത്രമാണ്‌ അന്നുതൊട്ടിന്നോളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വാക്കിലും പ്രവര്‍ത്തിയിലും നടപ്പാക്കി ലോകത്തിന്റെ ആദരവു പിടിച്ചുപറ്റിയ നിര്‍മലാ ദേശ്‌പാണ്ഡെയെ ആദ്യവട്ടം തന്നെ പടിയടച്ച്‌ പിണ്ഡം വച്ചത്‌.

May 27, 2007

ദൈവത്തിന്റെ സുരക്ഷ ചെകുത്താന്റെ കൈകളില്‍

"ശിവ: ശിലാതലേ ശേതേ
ശേഷേ ശേതേ ജനാര്‍ദ്ദനാ
ശേതേച ഭാനുരാകാശേ
മന്യേ മന്ത്രി തന്ത്രി ശങ്കയാ"

വിവര്‍ത്തിച്ചാല്‍ ഇങ്ങിനെ വരും. മന്ത്രിയെയും തന്ത്രിയെയും ഭയന്ന്‌ പരമശിവന്‍ പര്‍വ്വതത്തില്‍ പാറപ്പുറത്തും മഹാവിഷ്‌ണു സമുദ്രത്തില്‍ അനന്തതല്‌പ്പത്തിലും കിടക്കുന്നു. സൂര്യനാവട്ടെ ഇങ്ങോട്ടിറങ്ങാതെ ആകാശത്തിലും. വിഷ്‌ണുഭഗവാന്റെ സ്ഥിതി ഇപ്പരുവത്തിലാണെങ്കില്‍ പിന്നെ വെറുമൊരു അവതാരം ഗുരുവായൂരില്‍ തങ്ങുന്ന കാരം ആലോചിക്കുകയേ വേണ്ട.

ഇനി അഥവാ തലപോയാല്‍ പോട്ടെന്നും കരുതി മൂപ്പര്‍ അവിടെത്തന്നെയുണ്ടായി രുന്നെങ്കില്‍ ഗുരുവായൂരിലെത്തുന്ന ഭക്തശിരോമണികളില്‍ 99 ശതമാനത്തിന്റെ തലയും സുദര്‍ശനം വക അക്കൗണ്ടില്‍ വരവുവെക്കപ്പെടുമായിരുന്നു.

ഉണ്ണിമൂത്രം പുണ്യാഹം എന്നുകേട്ടിട്ടുണ്ട്‌. കാരണം കളങ്കലേശമില്ലാത്ത കുട്ടികള്‍ ദൈവതുല്യരാണ്‌. അങ്ങിനെയുള്ളൊരു ശിശു പണ്ട്‌ ചുറ്റമ്പലം ചുറ്റുന്നതിനിടയില്‍ ഒന്നു ശൂശുവാക്കി. എന്തുകൊണ്ടും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം. ദൈവനിന്ദ ആന്റ്‌ നിയമലംഘനം. എങ്കിലും ആരും കുഞ്ഞിനെ തൂക്കിക്കൊന്നില്ല. മോന്‍ ചെയ്‌ത കുറ്റത്തിന്‌ അമ്മയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതുമില്ല. അച്ഛനെ തല്ലിക്കൊന്നു ഇലക്ട്രിക്‌ പോസ്‌റ്റില്‍ തൂക്കി മാതൃകാ ശിക്ഷ നടപ്പിലാക്കിയതുമില്ല. പകരം അമ്പലം വിഴുങ്ങികള്‍ ആ വകയില്‍ ഒരു ബില്ല്‌ എഴുതിക്കൊടുക്കുകയാണ്‌ ചെയ്‌തത്‌. ശുദ്ധീകരണപ്രകൃയയുടെ ചിലവ്‌. മന്ദബുദ്ധികളുടെ വിവരം വെച്ച്‌ ചുരുങ്ങിയത്‌ മൂത്രം താഴോട്ടുപോയ അതേപടി തിരിച്ചെടുത്ത്‌ യഥാസ്ഥാനത്തെത്തിക്കണം എന്നുപറയാത്തത്‌ മഹാഭാഗ്യം.

കുരിശ്‌ കാടുകയറി ഭൂമികൈയ്യേറുന്നു. പള്ളി വടിവാളിന്റെ ഗോഡൗണാവുന്നു. ഒരു കാര്യം വ്യക്തമാണ്‌. സകലദൈവങ്ങളുടെയും ദൈനംദിന കാര്യങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന പണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌ ചെകുത്താനാണ്‌. തന്ത്രപ്രധാനമേഖലകളിലെല്ലാം വിന്യസിച്ചിരിക്കുന്നത്‌ ചെകുത്താനെയാണ്‌.

വയലാര്‍ രവിയുടേയോ വയലാറില്ലാത്ത രവിയുടേതോ ചെറുമകന്‍ എന്നതല്ല പ്രശ്‌നം. അവിടെയുള്ള ത്രികാലജ്ഞാനികള്‍ക്ക്‌ ചോറുണു നടത്തുന്ന കുട്ടിയുടെ തലമുറയില്‍ ഏതെങ്കിലും വേറെ മതത്തില്‍പെട്ടവരുണ്ടെന്നറിയാനുള്ള ദിവ്യദൃഷ്ടിയുണ്ടോ ആവോ?

ഒരു പരിഷ്‌കൃതസമൂഹത്തിന്‌ പറ്റിയ പണിയല്ല ഗുരുവായൂരില്‍ നടന്നത്‌ എന്ന്‌ സാംസ്‌കാരിക പ്രതിഭകള്‍ അലമുറയിടുന്നതും കേട്ടു. ഇത്‌ പരിഷ്‌കൃതസമൂഹമാണെ ന്നതിനുള്ള തെളിവ്‌ കൈയ്യിലുള്ളവര്‍ നിലവില്‍ അക്കൂട്ടര്‍ മാത്രമാണ്‌. കണ്ട മെത്രാനും മുക്രിക്കും തന്ത്രിക്കും മുന്നില്‍ മുട്ടിടിക്കുന്ന മതേതരത്വമാണോ പരിഷ്‌കൃതസമൂഹത്തിന്റെ ലക്ഷണം. അല്ലെങ്കില്‍ നാഴികക്കു നാല്‌പതുവട്ടം വാക്കുമാറ്റുന്ന സാംസ്‌കാരികഗുണ്ടകളുടെ വിഹാരകേന്ദ്രമെന്നതോ?

പയ്യന്‌ ചോറും കൊടുത്ത്‌ പുണ്യാഹം തളിച്ച തന്ത്രിവര്യനെ പടിയടച്ച്‌ പിണ്ഡം വെക്കാതെ തലപ്പത്തുകുത്തിയിരുന്ന്‌ തുടര്‍ന്നും തിരുമേനിയെന്ന്‌ വിളിക്കാന്‍മാത്രം അറിയുന്ന നാവുള്ള വിപ്ലവകാരികളാണോ സംസ്‌കാരസമ്പന്നര്‍? ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം അറബിക്കടലിന്റെ ഗതിമാറ്റുകയാണ്‌ തന്ത്രിയെമാറ്റുന്നതിലു മെളുപ്പം. വിപ്ലവകാരികള്‍ക്കും മറിച്ചൊരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.

ചില പ്പോള്‍ ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍ നടന്നേക്കും എന്ന്‌ ഭക്തന്‍മാര്‍ കരു തുന്നുണ്ടാകും. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന്‌ മറ്റാരെക്കാളും നന്നായി അറിയുക തന്ത്രിക്കുതന്നെയാണ്‌. ഒരു ചെയര്‍ എടുത്തിട്ടിരിക്കുകയല്ലാതെ വല്ലതും കളിച്ചാല്‍ ചെയര്‍മാന്റെ അവസാനത്തെ അത്താഴവും അനന്തരം പുണ്യാഹവും നടക്കുകയല്ലാതെ തന്ത്രി നടക്കുപുറത്തെത്തുകയില്ല.

ആകെ മൊത്തം ദൈവം സഹായിച്ച്‌ ഒന്നും ചെയ്യുവാന്‍ പറ്റുകയില്ല. കക്ഷത്തിലുള്ള ദേവസ്വം താഴെപോവരുത്‌. ഉത്തരത്തിലുള്ള വിപ്ലവത്തെ പുണരുകയും വേണം. കൈയ്യെത്തുന്നിടത്ത്‌ തലയെത്തുകയില്ല. നട്ടെല്ലിനാണങ്കില്‍ രാജയക്ഷ്‌മാവും. ഇടക്കിടക്ക്‌ കുരുടന്‍ മാങ്ങക്കെറിഞ്ഞപോലെ ഒരേറുപാസാക്കും. ലക്ഷ്യം അശേഷം തെറ്റിപ്പോവാതെ അതുവന്നു തലയില്‍ തന്നെ പതിക്കും.

മഹാവിപ്ലവത്തിലേക്കുള്ള ചാമുണ്ഡികളുടെ കൂട്ടചാട്ടത്തിന്റെ ഒന്നാംഘട്ടമാണ്‌ ദേവസ്വം ഭരണം. മനുഷ്യന്‍ കയറി അശുദ്ധമാക്കിയതിനുള്ള പുണ്യാഹത്തിന്റെ ഏതാണ്‌ ഒരു മൈല്‍ നീളമുള്ള ചാര്‍ത്ത്‌ തന്ത്രി കുറിച്ചുകൊടുക്കും. അതു കാലതാമസംവിനാ എത്തിച്ചുകൊടുത്തു സംഗതി ഗംഭീരമാക്കലാണ്‌ തലപ്പത്തുള്ള മഹാന്‍മാരുടെ കടമ. തന്ത്രിയാണ്‌ അവസാനവാക്ക്‌ എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത സ്ഥിതിക്ക്‌ ഇതല്ലാതെ പിന്നെ വേറെന്തു പണി.

ദേവസ്വത്തിന്റെ നടപടി ശരിയായില്ല എന്ന്‌ കുമ്മനവും പ്രഖ്യാപിച്ചിട്ടുണ്ട്‌. യേശുദാസടക്കം സകലമാന വിശ്വാസികളെയും കയറ്റി അടിയന്തിരമായി അനുഗ്രഹിപ്പിച്ചുകൊടുക്കണമെന്നും. അപ്പോള്‍ ആരാ ഇവിടെ അവിശ്വാസികള്‍.

ശ്രീനാരായണ ഗുരു പുഴയില്‍ മുങ്ങി കിട്ടിയ കല്ലെടുത്തിട്ടതെല്ലാം പൊതുജനത്തിന്‌ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത ഏതെങ്കിലും കുറ്റിക്കാട്ടിലായിരുന്നു. നടുറോഡിലും കൂടി സ്‌തൂപം നാട്ടി എതാണ്ട്‌ നിത്യപൂജ ഏര്‍പ്പാടാക്കുന്ന വിധത്തിലാണ്‌ ചെഗുവേരയുടെ നേരവകാശികളുടെ പ്രയാണം. ഹരഹരോഹര! കാവിയുമുടുത്തു പളനിക്കുപായുന്ന യോഗ്യനും ചോപ്പുമുടുത്തു വരിവരിയായി വന്ന്‌ സ്‌തൂപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന യോഗ്യനും തമ്മിലുള്ള വ്യത്യാസമെന്താണ്‌? പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലുള്ളതോ?

അതുകൊണ്ട്‌ ക്ഷേത്രഭരണം വിശ്വാസികള്‍ക്കല്ല കൊടുക്കേണ്ടത്‌. ക്ഷേത്രം മാത്രമല്ല പള്ളികളും. എല്ലാംകൂടി ഒരു ബോര്‍ഡുണ്ടാക്കി മൊത്തം അന്ധവിശ്വാസികള്‍ക്ക ങ്ങോട്ട്‌ ഏല്‌പിച്ചുകൊടുത്തേക്കുക. ഇപ്പോഴുള്ള സ്ഥിതി മാറുമെന്നുമാത്രമല്ല. ഒന്നുകൂടി ഭംഗിയാവുകയും ചെയ്യും സംഗതികള്‍.

എന്നൊ നമ്മുടെയോ അല്ലെങ്കില്‍ ആചാര്യന്‍മാരുടെയോ മാരകമായ അടിയേറ്റ്‌ ദൈവം ബിസ്‌മികൂടിപ്പോയെന്ന്‌ കരുതി ഇപ്പോ യാതൊരു ഒച്ചപ്പാടുമില്ലാതെ സമാധാനത്തോടെ കഴിയുന്ന ഒരുകൂട്ടം അന്ധവിശ്വാസികളുണ്ട്‌. യുക്തിവാദികള്‍. ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കായി മാറ്റിവെക്കുക. കാരണം അവരുടെ തലതൊട്ട പ്പനായിരുന്നല്ലോ മഹര്‍ഷി ചാര്‍വ്വാകന്‍. ബലിമൃഗം സ്വര്‍ഗത്തിലെത്തുന്നുവെന്ന്‌ ഉറപ്പാണെങ്കില്‍ ഭക്താ നീ നിന്റെ അച്ഛനെയും അമ്മയെയും ബലികൊടുത്ത്‌ സ്വര്‍ഗം ഉറപ്പാക്കൂ അവര്‍ നരകത്തിലെത്തിപ്പോകേണ്ടെന്ന്‌ കളിയാക്കിയ ദാര്‍ശനീകന്‍.

ചാര്‍വ്വാകന്‌ മഹര്‍ഷിപദം കൊടുക്കാന്‍ മാത്രം ഔന്നത്യം വേറൊരു സംസ്‌കാര ത്തിനും അവകാശപ്പെടാനില്ല. മഹര്‍ഷി ചാര്‍വ്വാകന്റെയും സ്വാമിവിവേകാനന്ദന്റെ യും പിന്‍ഗാമികള്‍ വെറും കൂപമണ്ഡുകങ്ങളായി അധ:പതിക്ക രു ത്‌.കാമകലകളില്‍ ഗവേഷണം നടത്തി ലോകോത്തരഗ്രന്ഥമായ കാമശാസ്‌്‌ത്രമെഴുതിയ വത്സ്യായനും നിരീശ്വരവാദിയായ ചാര്‍വ്വാകനും മഹര്‍ഷിപദം കൊടുത്ത സംസ്‌കാരത്തിന്റെ പ്രതി നിധിയായി ഇവിടെനിന്നും ചിക്കാഗോയിലേക്കുപോയ വിവേകാനന്ദന്‍ പറഞ്ഞത്‌ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്‍മാരെ എക്‌സ്‌ക്ലൂഷന്‍ എന്ന നിങ്ങളുടെ പദം തര്‍ജുമചെയ്യുവാന്‍ എനിക്കെന്റെ സംസ്‌കാരത്തിന്റെ നാവായ സംസ്‌കൃതത്തില്‍ വാക്കുകളില്ലെന്നാണ്‌.

ഇന്നലെ നഗരപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സുസ്‌മേരവദനം നോട്ടീസുമായി 'ഇതൊന്നു വായിക്കണം'. 'മതത്തെ അറിയുക മനുഷ്യനെ സ്‌നേഹി ക്കുക' സംഗതി ലളിതം. മനുഷ്യനെ സ്‌നേഹിക്കാന്‍ മതത്തെ അറിയേണ്ടകാര്യമു ണ്ടോ എന്നതു വേറെകാര്യം. മതം ഉണ്ടാവുന്നതിനും മുന്നേ മനുഷ്യനും സ്‌നേഹവും ഉണ്ടായിരുന്നുവെന്നത്‌ മന്ദബുദ്ധികളോടെ ആരു പറഞ്ഞുമനസ്സിലാക്കും. ഹിന്ദുവാട്ടെ ഇസ്ലാമാകട്ടെ കൃസ്‌ത്യാനിയാട്ടെ മതഭ്രാന്തന്‍ കുങ്കുമം ചുമക്കുന്ന കഴുതയപ്പോലെയാണ്‌. കഴുതയ്‌ക്ക്‌‌ വിഴുപ്പും കുങ്കുമവും സമം. വിമര്‍ശം കഴുതയെ പാടാന്‍ പഠിപ്പിക്കുന്ന പോലെയും. മ്യൂസിക്‌ ക്ലാസെടുത്തതുകൊണ്ടു കാര്യമില്ലെന്നുമാത്രമല്ല അത്‌ കഴുതയെ വിളറിപിടിപ്പിക്കുകയും ചെയ്യും.

നോട്ടീസിലേക്ക്‌ ഒന്നും കൂടി നോക്കുമ്പോള്‍ മനുഷ്യന്റെ മൊത്തം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന്റെ ചീട്ടാണ്‌ കണ്ടത്‌. മതത്തെ അറിയുക എന്നുപറഞ്ഞാല്‍ ഇസ്ലാ മിനെ അറിയുക. വേറൊന്നും മതമായി തത്‌ക്കാലം അംഗീകരിച്ചിട്ടില്ല. സൂക്തങ്ങള്‍ക്ക്‌ യാതൊരു ക്ഷാമവുമില്ല. "ഇസ്ലാമില്‍ പൗരോഹിത്യമില്ല, തീവ്രവാദമില്ല, നിരപരാധി യായ ഒരാളെ കൊന്നാല്‍ അവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊലചെയ്‌തതുപോലെയാണ്‌ എന്നു പഠിപ്പിക്കുന്ന ഖുര്‍-ആന്‍ അനുയായിക്ക്‌ എങ്ങിനെ തീവ്രവാദിയാകാന്‍ കഴിയും?" ശോദ്യാണ്‌. കെ.ടി മുഹമ്മദിന്റെ ഇതു ഭൂമിയാണ്‌ എന്ന നാടകത്തില്‍ പറഞ്ഞതുപോലെ 'ശോദ്യാണ്‌'.

ജുതനായിപ്പോയി ജനിച്ചുപോയതുമാത്രമായിരുന്നു പേളിന്റെ കുറ്റം ഒരു വിഡ്ഡി ഖുര്‍-ആന്‍ വായിച്ചു. വേറൊരു തെമ്മാടി തലവെട്ടി. ആങ്ങള പ്രേമിച്ച കുറ്റത്തിന്‌ പെങ്ങളെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ഒന്നാംതരം നീതി നടപ്പാക്കല്‍. മകന്റെ ഭാര്യയെ അച്ഛന്‍ ബലാല്‍സംഗം ചെയ്‌തു. ഉടന്‍ വന്നു ഫത്വ. മകന്റെ ഭാര്യ ഇനി അപ്പാവുക്കു പൊണ്ടാട്ടിതാന്‍. യുധിഷ്‌ഠിരാദികളഞ്ചുംകൂടി ഒരുത്തിയെ വേട്ടപ്പോള്‍ കുഞ്ചന്‍ പാടിയപോലെ സംഗതി വാലുള്ള വാനരര്‍ക്കും ചിതം വരാ. ഇങ്ങ്‌ കേരളത്തില്‍ ഒരുത്തന്‍ ഒരു മുസ്ലീം പെണ്ണിനെ പ്രേമിച്ചു. ലോകാപരാധം. മനുഷ്യസ്‌നേഹികളെല്ലാം ഒത്തുചേര്‍ന്നു. താമസംവിനാ ആ ചെറുപ്പക്കാരന്റെ ദേഹം മൊത്തത്തില്‍ നാവുപോലെ അതിമനോഹരം. എല്ലിന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.

ആദ്യം സ്വയം നന്നാവുക പറ്റുമെങ്കില്‍ കൂടെയുള്ളവരെയും നന്നാക്കുക. മനുഷ്യനെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ ഒരു പ്രവാചകന്റെയും ഒരു ദൈവത്തിന്റെയും ഒരു മതത്തിന്റെയും ഊന്നുവടി ആവശ്യമില്ലാത്ത ആളുകളെ വെറുതെവിടുക.

പറയുന്നതിലല്ല കാര്യം പറയുന്നത്‌ പ്രാവര്‍ത്തികമാക്കുന്നതിലാണ്‌. എല്ലില്ലാത്ത നാക്കിന്‌ വഴങ്ങാത്ത അക്ഷരങ്ങളൊന്നുമില്ല. അതുകൊണ്ട്‌ എന്തും പറയാം. ഇതുപോലൊരു നാല്‌പത്തെട്ട്‌ സൂക്തം ഇരുന്ന ഇരിപ്പില്‍ നിത്യനെഴുതിത്തരാം. നടപ്പാക്കാന്‍ ആളെ വേറെ നോക്കണം.

ഇനി ഈ സഹിഷ്‌ണുതക്ക്‌ തെളിവുവേണമെ ന്നുള്ളവര്‍ക്ക്‌ ഒരു മാര്‍ഗമുണ്ട്‌. ഇതുപോലൊരു നോട്ടീസുമെടുത്തു ഇറാനിലോ സൗദിയിലോ അല്ലെങ്കില്‍ ഇടവലത്തുതന്നെയുള്ള പാക്കിസ്ഥാനിലോ ചെല്ലുക. നാല്‌ക്കവലയില്‍ നിന്ന്‌ വിതരണം ചെയ്യുക. ശേഷം സ്‌ക്രീനില്‍.

May 18, 2007

കുറുമാന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ - ഒരവലോകനം

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തുചോദ്യങ്ങളുടെ ഗജമേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനുതന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥവരെ എഴുതേണ്ടിവന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതുകൊണ്ട്‌ നാടകത്തില്‍ കൈവച്ചതേയില്ല. കപിത്വം പ്രസവവാര്‍ഡുമുതില്‍ നിഴലുപോലെ പിന്‍തുടരുന്നതുകൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റുപോകുന്ന പണ്ടത്തെ ഗോലിസോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യറാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചുചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതുകൊണ്ടുതന്നെ കഥകളിക്കാരുടെ മെയ്‌വഴക്കം നാടകനടന്‍മാര്‍ക്കും വേണ്ടതാണ്‌.

'നാനൃഷി കവി' എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശവര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടിവരും. അങ്ങിനെ പലേ കാരണങ്ങള്‍കൊണ്ടും കൈയ്യില്‍കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‌്‌ക്കുകയില്ല.

ഇനിയും യോഗ്യതാസര്‍ട്ടിഫിക്കറ്റും തിരക്കിവരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍പായസത്തിന്‌ സര്‍ട്ടിഫിക്കറ്റുകിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചുകഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടുകൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂഎന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുതലയോടെ അനായാസതയോടുകൂടി കഥപറഞ്ഞുപോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചുകൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെതന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിതശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നുകിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നുതന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞുപുളഞ്ഞു അലസഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യസൃഷ്ടികള്‍ ഇന്മമെടുക്കുക. അതായത്‌ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടുപാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാരസാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാരസാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മകഥയാവാം അല്ലാതിരിക്കാം. മാറിനിന്നുകൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞുകഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യഘട്ടത്തില്‍. അതുകൊണ്ടുതന്നയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടുകൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറവരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞുനോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്രകണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യസ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്തപറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രം വെന്നിക്കൊടിപാറിക്കാന്‍ പറ്റിയ മഞ്ഞുമലയാണത്‌. കുഞ്ചനും, ഹാസസാഹിത്യം എന്നൊന്നില്ല എന്നുറക്കെപ്രഖ്യാപിച്ച സാഹിത്യവിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃതധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതുകൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യസൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണുശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടുകൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണവിവേചനത്തിനുനേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നുകൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിടപറയുന്നു ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃതസമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതുശൈലിയില്‍ തന്റ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെതന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതുകാല്‍ വച്ചുകയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതുകാല്‍ വച്ചാല്‍ വേളി കഴിച്ചുകൊണ്ടുവന്നവക ഒരു നാലെണ്ണവും രണ്ടുകാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറപറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തുനോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടുകൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടുകെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞുതുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രുകൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥപറഞ്ഞുശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടുസൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചുചെയ്‌തു. കുട്ടന്‍നായര്‍ക്കുവേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടുംകുറ്റവാളിയായി. ദുര്‍ഗുണപരിഹാരപാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായിതന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരുപക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍വിജയം തൃണവല്‌ഗണിച്ചുകൊണ്ട്‌ തിരികെയെത്തുന്നു. ഒരേസമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചുകൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചുകൊണ്ട്‌ ഒടുക്കം ഒരു മരണവീട്ടില്‍ കാലുകുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചുപോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കുപോലെയായിരിക്കണം എന്നകാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നുകാട്ടേണ്ടതു തുറന്നുകാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹപോലെയായാല്‍ പിന്നെ തിരിഞ്ഞുനോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈപ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടുകഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചുകൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. 'അവകാശിക'ളെ കണ്ട്‌ ബോധംപോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചുതീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

May 10, 2007

മുന്നാറില്‍ കുരിശ്‌ മലകയറുമ്പോള്‍

മുടിയുടെ ഭംഗി നഷ്ടപ്പെടാതെ തലമൊട്ടയടിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ്‌ സൈലന്റ്‌ വാലിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. വനം കൊള്ളയടിച്ചും മണ്ണുമാന്തിയും റിസോര്‍ട്ടുകള്‍ പണിതും ഇതിനകം തലമൊട്ടയായ മുന്നാറിന്‌ ആദ്യമായി അനുയോജ്യമായ ഒരു വിഗ്‌ വച്ചുപിടിപ്പിക്കും. നമ്മുടെ മെഗാസ്‌റ്റാറുകളുടെ സൗന്ദര്യം മുടിയോ അതോ വിഗ്ഗോ? പിന്നെ ബോളിവുഡ്‌ നടിമാരൊക്കെ ചെയ്യുന്നപോലെ കുറഞ്ഞുപോയത്‌ വച്ചുപിടിപ്പിച്ചും കൂടിപ്പോയത്‌ ചെത്തിമിനുക്കിയും ഒരു പാരിസ്ഥിതിക ശസ്‌ത്രക്രിയ. അതുകഴിഞ്ഞ്‌ ആര്‍ട്ടിഫിഷ്യല്‍ മിസ്റ്റ്‌ ക്രിയേഷന്‍.

ചവുട്ടിക്കൊന്നു കല്ലറയിലേക്കെടുക്കുന്നതുവരെ നോക്കിനിന്നശേഷം കല്ലറപൊളിച്ച്‌ ശവത്തിനു ജീവന്‍ കൊടുക്കുമെന്നു പ്രഖ്യാപിക്കലാണ്‌ സദാ സാദാ സര്‍ക്കാര്‍ നയം.

പണ്ടു മഞ്ഞും തണുപ്പും കാരണം കാക്ക വരാതിരുന്ന മുന്നാറില്‍ ഇപ്പോളവ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇടതടവില്ലാതെ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന ചില വിചിത്രജീവികളും മുന്നാറില്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. പണ്ട്‌ കള്ളന്‌ കഞ്ഞിവെച്ചവരും ഇന്ന്‌ ബിരിയാണി വെക്കുന്നവരും മത്സരിച്ച്‌ മലകയറി പത്രസമ്മേളനം നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌.

ഞാന്‍ കട്ടു എന്ന സാദാനീതിവാക്യം പത്താളുകള്‍ പത്തുവിധത്തില്‍ അവതരിപ്പിച്ചു - ഞാനല്ലല്ലോ അനിയന്‍. അനുജനല്ലല്ലോ ഞാന്‍. ലോകത്തൊരിടത്തും അനുജനുണ്ടാവുന്നത്‌ ഏട്ടന്റെ തകരാറുകൊണ്ടല്ലല്ലോ. എനിക്കോ എന്റെ കുടുംബാംഗങ്ങള്‍്ക്കോ അവിടെ ഭൂമിയില്ല. പട്ടിക്കും പൂച്ചക്കൂം ഉണ്ടോയെന്ന്‌ നിശ്‌‌ചയവുമില്ല. കോടതി വേണമെങ്കില്‍ അവറ്റകളോടു തന്നെ ചോദിക്കട്ടെ.

എങ്ങിനെയാണ്‌ ഇനി ഇത്‌ തെളിയിക്കുക ? രേഖകളില്‍ സര്‍ക്കാരിന്റെ ഭൂമി. അടിച്ചുമാറ്റിയത്‌ ബിനാമി പേരില്‍. രേഖ വ്യാജം. സീലു വ്യാജം. ഒപ്പും വ്യാജം. എന്നാല്‍ മൊത്തത്തില്‍ നിര്‍വ്യാജം. വേണമെങ്കില്‍ മഹാന്‍മാരെ മൂന്നാര്‍ കയ്യേറിയതാണെന്ന്‌ തെളിയിക്കുകയുയാവും എളുപ്പം. അങ്ങിനെ ഒരു കേസ്‌ കോടതിയില്‍ കൊടുക്കുക. അല്ലെന്നു തെളിയിക്കാന്‍ സഹ്യന്റെ കാമുകി ഒരു വക്കീലിനെ ശട്ടം കെട്ടട്ടെ.

ജാതകത്തില്‍ കയ്യേറ്റയോഗമുണ്ടെങ്കില്‍ അങ്ങിനെ പല അത്ഭുതങ്ങളും സംഭവിക്കും. ഇപ്പോള്‍ തന്നെ കുരിശ്‌ സ്വയം മലകയറിയില്ലേ? ഇനി മലയും കൊണ്ടല്ലാതെ മരക്കുരിശ്‌ താഴെയിറങ്ങുന്ന പ്രശ്‌നമില്ല. ജീസസിന്‌ വെള്ളം വീഞ്ഞാക്കാനേ പറ്റിയുള്ളൂ. കുരിശിന്‌ ജീവന്‍ കൊടുക്കാന്‍ പറ്റിയത്‌ ജോസഫിനാണ്‌.

വാക്കുകള്‍ അരുവിയിലെ കല്ലുകള്‍ പോലെയാണ്‌. കാലപ്രവാഹത്തില്‍ തേയ്‌മാനം വന്ന്‌ ഷേപ്പുതന്നെ മാറിപ്പോകും. അങ്ങിനെ പൂര്‍വ്വാശ്രമത്തിലെ കുടിയേറ്റമാണ്‌ ഇപ്പോള്‍ കൈയ്യേറ്റമായി രൂപാന്തരം പ്രാപിച്ചത്‌.

ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ പുണ്യകര്‍മ്മമായിരുന്നല്ലോ കുടിയേറ്റം എന്ന വനം കൈയ്യേറ്റം. മഹത്തായ ചരിത്രസംഭവങ്ങളുടെ ജൂബിലികളാണ്‌ മനുഷ്യന്‍ ആഘോഷിക്കുക. അടുത്തകാലത്താണല്ലോ മഹത്തായ കൈയ്യേറ്റത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്‌. ആഘോഷിച്ചത്‌ കുരങ്ങന്‍മാരൊന്നുമല്ല. ഏതൊരു മനുഷ്യനെ ചുരണ്ടിനോക്കിയാലും ഉള്ളിലൊരു കുരങ്ങുണ്ടാവുമെന്ന്‌ വേണമെങ്കില്‍ സമാധാനിക്കാം.

വനം കൈയ്യേറി പടികൊടുത്ത്‌ പട്ടയം പോക്കറ്റിലാക്കി ആദിവാസികളെ പടിയടച്ച്‌ പിണ്ഡം വച്ചവര്‍ ഒന്നടങ്കം ആദരിക്കപ്പെട്ടു. പണ്ടു കുരിശ്‌ മലകയറിയതിന്റെ ഗുണമാണ്‌ അക്കണ്ടത്‌. ഗോഡ്‌സ്‌ ഔണ്‍ കണ്‍ട്രി അതായത്‌ ഏദന്‍തോട്ടം കാണക്കാണെ സാത്താന്റെ പിടിയിലമര്‍ന്നു. വിലക്കപ്പെട്ട കനി ഒരു തുണ്ടുപുകയിലയായും ഒരുപാക്കറ്റുചാരായമായും അവതരിച്ചു. ഒരു കീറത്തുണി ഔവ്വയെ വശീകരിച്ചു. ഫയലിലിഴയഞ്ഞുമാത്രം ശീലിച്ചിരുന്ന സര്‍ക്കാര്‍ഗുമസ്‌തന്‍മാര്‍ ഏദനില്‍ സര്‍പ്പമായി ഇഴഞ്ഞു. ഒരു തുണ്ടുപുകയിലയിലും ഒരു പാക്കറ്റുചാരായത്തിലും ആദം ഫ്‌ളാറ്റ്‌. ഔവ്വക്കും കിട്ടി പ്രതിഫലം - അവിഹിത ഗര്‍ഭം.

കുരിശും ചുമന്നുവരുന്ന ചെകുത്താനെ നേരിടുക ചില്ലറപ്പണിയല്ല. കര്‍ത്താവ്‌ നോക്കുകുത്തിയായി. കൈയ്യേറ്റക്കാര്‍ അവരവരുടെ മാര്‍ഗത്തില്‍ ചരിച്ചു. വിപ്ലവകാരികളിലായിരുന്നു ജനത്തിന്റെ അവസാനത്തെ പ്രതീക്ഷ. അതും കടലുകടക്കാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. അടിസ്ഥാനവര്‍ഗം ആദിവാസിയല്ലെന്ന ഉള്‍വിളി വേഗംതന്നെയുണ്ടായി.

ആദിവാസി ഭൂമിയില്‍ എ.സി.വീടുകളൊക്കെയുണ്ട്‌ അതൊക്കെ ഒഴിപ്പിക്കാന്‍ പറ്റ്വോന്ന്‌ പണ്ട്‌ ചോദിച്ചതും 24കാരറ്റ്‌ വലതനായിരുന്നു. ചിലപ്പോള്‍ ആദിവാസിപ്രേമം മൂത്തിട്ടാവാനും സാദ്ധ്യതയുണ്ട്‌. ആദിവാസി എ.സി.യില്‍ഡ കിടന്ന്‌ വിറച്ച്‌ ചത്തുപോകരുതല്ലോ. ഒടുക്കം വായില്ലാക്കുന്നിലപ്പനെപ്പോലെ ആദിവാസിയെ പാറപ്പുറത്ത്‌ പ്രതിഷ്‌ഠിക്കാന്‍ നടത്തിയ ശ്രമം സുപ്രീംകോടതി ഏസ്‌ യൂഷ്വല്‍ ചുരുട്ടി ചവറ്റുകുട്ടയിലിടുകയാണ്‌ ചെയ്‌തത്‌. അങ്ങനെ ഭാഗ്യത്തിന്‌ ആദിവാസികളുടെ ലാസ്‌റ്റ്‌ സപ്പര്‍ ഒഴിവായിക്കിട്ടി.

മഞ്ഞില്‍ കുളി കഴിഞ്ഞീറന്‍മുടിയുമായി നിന്ന സഹ്യന്റെ സൗന്ദര്യധാമത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ആദ്യം കയറിയിറങ്ങിയത്‌ സായിപ്പാണ്‌. ബലാല്‍സംഗത്തിന്‌ വേണമെങ്കില്‍ നാട്ടുനടപ്പുപ്രകാരം നാല്‌പതടി സായിപ്പിന്‌ കൊടുക്കാം. എന്നാല്‍ കൊലക്കുറ്റത്തിന്‌ മരണംവരെ തൂക്കിലിടേണ്ടത്‌ മാറിമാറി ഭരിച്ച യോഗ്യന്‍മാരെയാണ്‌. സായിപ്പിന്റെ കുഞ്ഞിക്കാലാണ്‌ ആദ്യം മുന്നാറിലെത്തിയതെങ്കിലും ഒരു ഒറ്റ നില വീടുപോലും സായിപ്പ്‌ അവിടെ പണിതില്ല. ഭാവിയിലേക്കുള്ള വന്‍നേട്ടമായി പിന്നീട്‌ മാറിയ തേയിലതോട്ടമല്ലാതെ. ഒരൊറ്റ ആദിവാസിയെയും സായിപ്പ്‌ ചവുട്ടിയിറക്കിയതുമില്ല.

സകലവകുപ്പില്‍ പെട്ട ഉദ്യോഗസ്ഥന്‍മാരും കൈയ്യേറാന്‍ പറ്റാവുന്നിടത്തോളം കൈയ്യേറിയുട്ടുണ്ടെന്നാണ്‌ മാധ്യമസിണ്ടിക്കേറ്റുകാര്‍ പറയുന്നത്‌. പീഡനക്കേസില്‍ പ്രതിയായ ഒരുദ്യോഗസ്ഥന്‍ പന്ത്രണ്ടേക്കറിനെയാണ്‌ ഇപ്പോ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

ആദിവാസികളുടെ നെഞ്ഞിനുനേരെ ഗര്‍ജിച്ച ആ തോക്കുകളൊന്നും എന്തേ ഇപ്പോളൊരു അത്യാവശ്യം വന്നപ്പോള്‍ ഓരിയിടുക കൂടി ചെയ്യാത്തത്‌? മൂന്നാര്‍ മുന്നേറേക്കര്‍ മോചനത്തിനുപോയ മുക്തിബാഹിനികള്‍ ഒഴിപ്പിക്കാന്‍ കണ്ടത്‌ നാലു ബീന്‍സ്‌ ചെടികളാണ്‌. റിസോര്‍ട്ടുകള്‍ കാണുവാന്‍ ശേഷിയുള്ള ഭൂതക്കണ്ണാടി തല്‌ക്കാലം നിലവിലില്ല.

മലമുകളില്‍ ഒരു കുരിശ്‌ ഏഷ്യാനെറ്റ്‌ എടുത്തെടുത്ത്‌ കാണിച്ചു. അതെന്തുകൊണ്ടെടുത്തു കളയുന്നില്ലെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള ഉദ്യോഗസ്ഥമറുപടിയാണ്‌ സമ്മാനാര്‍ഹം. മതപരമായ ചിഹ്നമായതുകൊണ്ട്‌ അതത്ര എളുപ്പമല്ലെന്നായിരുന്നു പ്രതികരണം. അതായത്‌ ആദിവാസി ജോഗിയുടെ തലപിളര്‍ന്ന്‌ ലോകസമാധാനം സ്ഥാപിച്ച തോക്ക്‌ ഇവിടെയെടുത്താല്‍ മതേതരത്വത്തിന്റെ മേല്‍ക്കൂര നിലംപൊത്തിപ്പോകും.

ഇതാണ്‌‌ മതേതരത്വമാണെങ്കില്‍ മാനവകുലം കണ്ട എക്കാലത്തെയും മഹാവിഡ്ഡികളായിരിക്കും മലയാളികള്‍.സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടിയ കുരിശ്‌ ഏതായാലും കര്‍ത്താവിന്റേതാകാന്‍ വഴിയില്ല. ചെകുത്താന്റേതാണെന്ന്‌ ഉറപ്പായ സ്ഥിതിക്ക്‌ ചവുട്ടി മറിച്ചിടാന്‍ കാലുപൊങ്ങാത്ത മന്തുകാലികള്‍ സാത്താന്റെ സന്തതിപരമ്പരയില്‍ പെട്ടതാവാനേ വഴിയുള്ളൂ. അച്ചുതാനന്ദന്‍ ആദ്യം പടിയടച്ച്‌ പിണ്ഡം വെക്കേണ്ടത്‌ ഖജനാവിന്‌ കാവലിരിക്കുന്ന 30 വെള്ളിക്കാശിന്‌ നാടിനെ ഒറ്റുകൊടുക്കുന്ന ഈ യൂദാസുകളെയാണ്‌.

അടിവസ്‌ത്രം കൈയ്യേറി തന്ത്രപ്രധാനമേഖലകളില്‍ ആക്രമണം അഴിച്ചുവിടുന്ന ഉറുമ്പിനെ ഒഴിപ്പിക്കാന്‍ ഗണപതിഹോമം നടത്തിയതുകൊണ്ടുകാര്യമില്ല. അങ്ങിനെതന്നെ ഊരിയെടുത്ത്‌ തിളക്കുന്ന വെള്ളത്തിലിട്ട്‌ ഉറുമ്പിനെക്കൊന്ന്‌ സംഗതി തിരിച്ചുപിടിക്കുകയാണ്‌ ഏകമാര്‍ഗം. "ദുഷ്ടുകിടക്കെ വരട്ടും വ്രണമതു പൊട്ടും
പിന്നെയൊരു സമയത്തില്‍" ന്നാണ്‌ കുഞ്ചന്‍ പറഞ്ഞത്‌. അതുകൊണ്ട്‌ സകല ദുഷ്ടന്‍മാരെയും നിഗ്രഹിച്ച്‌ തിരിക്കാന്‍ കെല്‌പുള്ള ഒരു രാജര്‍ഷി (രാജൂനാരായണസ്വാമി - ഋഷിരാജ്‌) ടീമിനെതന്നെയാണ്‌ അച്ചുതാനന്ദന്‍ അയക്കുക എന്നാണ്‌ ജനവിശ്വാസം. ആശ്വാസവും. ടീമിന്‌ അഭിവാദ്യങ്ങള്‍ ഇന്‍ അഡ്വാണ്‍സ്‌. കൂടെവിടുന്നത്‌ വാഴക്കൈ ഒടിയുമ്പോള്‍ ഓടിയകലുന്ന ലന്തത്തോക്കുകാരെയായിരിക്കരുത്‌ എന്നുമാത്രം.

April 26, 2007

ഇനി രാഹുകാലം - ഒരു സര്‍ദാര്‍ജി ഫലിതം

ആദിയില്‍ വചനമുണ്ടായി. പിന്നീടാണ്‌ പ്രവൃത്തി. ഉത്തരപ്രദേശത്ത്‌ ഇപ്പോള്‍ വചനങ്ങളുടെ പെരുമഴക്കാലമാണ്‌. രാഹുലിന്റെ വചനാമൃതപ്രവാഹത്തില്‍ യാദവകുലം ഒലിച്ച്‌ യമുനയിലെത്തുമോ അതോ സ്വന്തം നാവിന്‍ തുമ്പിലെ ഗുളികകടാക്ഷം കൊണ്ട്‌ വടക്കന്‍ ടോമിന്റെ മഹാത്യാഗിയായ മാഡവും ഭഗത്സിങ്ങിന്റെ പിന്‍മുറക്കാര്‍ക്ക്‌ സര്‍ദാര്‍ജി ചൂണ്ടിക്കാട്ടിക്കൊടുത്ത പിടിവള്ളിപുത്രനും പെരുവഴിയിലാകുമോ എന്നേ ഇനി അറിയേണ്ടൂ.

ശെയ്‌ത്താന്‍ കണ്ണില്‍ ടോര്‍ച്ചടിക്കുമ്പോള്‍ മാലാഖമാര്‍ക്ക്‌ ഉറക്കം കിട്ടുകയില്ല. ഉത്തരദേശത്തെ വിലക്കപ്പെട്ട കനി വിഡ്ഡികള്‍ ഭുജിക്കുന്നതിനും മുന്നേ സാത്താനെ ഓടിക്കണം. ദേശം വടക്കാവു മ്പോള്‍ പറ്റിയത്‌ പൂരപ്പാട്ടാണ്‌. വായില്‍ തോന്നിയത്‌ കോതമാര്‍ പാടിയാല്‍ മതി. ജനകോടികളുടെ സാക്ഷരതാ നിലവാരം ദാരിദ്ര്യരേഖക്കും പത്തുമീറ്റര്‍ താഴെയായതുകൊണ്ട്‌ രണ്ടാമതൊന്നാലോ ചിക്കേണ്ടതില്ല.

ഒരൊറ്റ പൂവും പരിമളം പരത്താത്ത പ്രദേശമാണ്‌ അറേബ്യ. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധ ദ്രവ്യങ്ങളാകട്ടെ അവിടെനിന്നുമാണ്‌ വരുന്നത്‌. രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയി ല്ലാത്തവരാണ്‌ വടക്കേ ഇന്ത്യയിലെ മഹാഭൂരിപക്ഷവും. അസ്ഥിക്ക്‌ തുല്യം കോടികളുടെ ആസ്ഥിയി ല്ലാത്ത ഒരൊറ്റ നേതാവും അവിടെയില്ലതാനും. ഉലക്ക കൈയ്യില്‍ കിട്ടിയാല്‍ അതിന്റെ മുകളില്‍ നിന്നും പാന്തം പൊളിക്കാന്‍ നോക്കുന്നവരാണ്‌ നേതാക്കന്‍മാര്‍. ഉലക്കകൊണ്ട്‌ കോണകം കെട്ടാന്‍ തിരി ക്കുന്നവര്‍ അണികളും.

ഉത്തര്‍പ്രദേശും ബീഹാറും ഉപ്പുവെള്ളം കയറിയ പുഞ്ചകൃഷി പോലെയായപ്പോള്‍ ഇരുമെയ്യാണെങ്കിലു മൊരൊറ്റകരളായ ലാലുമുലയയാദവന്‍മാര്‍ വിലങ്ങനെ വളര്‍ന്നതാണ്‌ എടുത്തുപറയാവുന്ന ഏകനേട്ടം.

ഒരു നമ്പൂതിരി ഫലിതമുണ്ട്‌. തന്നെ മുഖംകാണിക്കാന്‍ വന്ന വാല്യക്കാരന്‍ രാമനോട്‌ നമ്പൂതിരി ചോദി ച്ചു `നീയ്യേ സിദ്ധികൂടിയത്‌ അതോ നിന്റെ ഏട്ടനോ`. `അടിയന്‍ തന്നെ തിരുമേനീ` എന്നായിരു ന്നു രാമന്റെ മറുപടി. `ഭേഷ്‌` എന്ന്‌ നമ്പൂതിരിയും. ഒന്നൊന്നര ബുദ്ധിയുള്ള ആ നമ്പൂതിരിയും കാര്യസ്സനും പിന്നീടവതരിച്ചത്‌ മന്ദബുദ്ധികളായ കോണ്‍ഗ്രസുകാരായിട്ടായിരിക്കും.

ഹൈക്കമാണ്ടിന്റെയും വക്താവിന്റെയും ജനനം അങ്ങിനെയാവാനേ വഴിയുള്ളൂ. പൂന്താനത്തിന്റെ പരിണാമസിദ്ധാന്തപ്രകാരം പുലി ചത്ത്‌ എലിയായിടും. നരി ചത്ത്‌ നാറിയുമായിടും. മാഡവും മകനും കൂടി അതപ്പടി സത്യമാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. ‌

ഒരു വിവേകശാലിയുടെ നാവ്‌ ഹൃദയത്തിലും വിവരദോഷിയുടെ ഹൃദയം നാവിന്‍ തുമ്പിലുമാണ്‌ സ്ഥിതി ചെയ്യുക. ജനിതകശാസ്‌ത്രപ്രകാരം ഗാന്ധി ദ ഗ്രേറ്റുമായി പാശം വല്ലതും ഉണ്ടോ? കുച്ച്‌ നഹി. എങ്കിലും കൊട്ടമുള്ളില്‍ കുടുങ്ങിയ ഖദര്‍ഷാളുപോലെ മഹാത്മാ ഗാന്ധി നടുവെപിളര്‍ന്ന്‌ ഗാന്ധിഭാഗം ആനന്ദഭ വനത്തില്‍ കുടുങ്ങി. മഹാത്മാവാകണമെന്ന നിര്‍ബന്ധമൊന്നും ആനന്ദഭവനക്കാര്‍ക്കുണ്ടായിരുന്നില്ല. സാദാ ഗാന്ധിയായിക്കിട്ടിയാല്‍ തന്നെ ധാരാളം. അതുകൊണ്ട്‌ നെഹറുകുടുംബം ഗാന്ധി ബ്രാന്റ്‌ായി. കുടുംബത്തിലെ തൊഴിലില്ലായ്‌മ അന്നവസാനിക്കുകയും ചെയ്‌തു. ആനന്ദഭവനം ആ...ന...ന്ദ നടനമാടിനാന്‍.

സര്‍ക്കാര്‍ ഭൂമി ടാറ്റ കൈയ്യേറി എന്നുകേട്ടപ്പോള്‍ ഒരാളുടെ പ്രതികരണം 'ടാറ്റ അങ്ങിനെ ചെയ്യോ' എന്നായിരുന്നു. ഗാന്ധിപോലുള്ള ഒരു ബ്രാന്റായിരുന്നു അതും. ജാംഷഡ്‌ജി ടാറ്റയായിരുന്നെങ്കില്‍ അതുചെയ്യുമായിരുന്നില്ല എന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനമാണത്‌. ഒപ്പം ജാംഷഡ്‌ജി ടാറ്റയുടെ മകനാണ്‌ രത്തന്‍ ടാറ്റ അഥവാ രത്തന്‍ ടാറ്റ കുടുംബമാണ്‌ എന്ന ഇന്ദിരാഗാന്ധിയന്‍ അന്ധവിശ്വാസവും.

സത്യവും അഹിംസയും എന്റെ ദൈവങ്ങളാണെന്ന്‌ മഹാത്മാഗാന്ധി പ്രഖ്യാപിച്ചു . പ്രഖ്യാപനം വാക്കിലൊതുങ്ങിയില്ല. സ്വാഭാവികമായും മരുന്നിനുപോലും ഒരൊറ്റയെണ്ണം ഗാന്ധിക്കുടുംബത്തില്‍ നിന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയതുമില്ല. സത്യവും അഹിംസയും എന്റെ പിശാചുക്കളാണെന്ന്‌ ഫെയ്‌ക്‌ ഗാന്ധിമാര്‍ പ്രഖ്യാപിച്ചില്ലെന്നേയുള്ളൂ. മഹാനും മക്കുണവും തമ്മിലുള്ള വ്യത്യാസമാണത്‌.

ഇനിയെന്നാണാവോ ഇന്ത്യക്കാര്‍ രാഹുല്‍ പറഞ്ഞ ആ മഹാസത്യം മനസ്സിലാക്കുക. `മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്‌ക്കാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ്‌ എന്റെ വരവ്‌. എന്റെ കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ അതുനടപ്പിലാക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യസമരമാകട്ടെ പാക്കിസ്ഥാന്റെ വിഭജനമാകട്ടെ അല്ലെങ്കില്‍ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ നയിക്കുന്നതിലാകട്ടെ.............`

സൈക്കളോട്ടക്കാരന്റെ വാക്കുകളൊന്നുമല്ല. ഒരു ദേശീയ നേതാവിന്റെ വചനപ്രഘോഷണങ്ങളായ തുകൊണ്ട്‌ ഗൗരവത്തോടെ കാണണം. കൂടാതെ ഭാവിഭാരതത്തിന്‌ ഇനി ആകെയുള്ളൊരു പ്രതീക്ഷ രാഹൂലാണെന്ന്‌ 'നമ്പൂതിരിയുടെ കാര്യസ്സന്‍' പ്രഖ്യാപിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആരും തന്നെ ഇതൊരു സര്‍ദാര്‍ജി ഫലിതമായെടുത്ത്‌ ചിരിച്ചുതള്ളിക്കളയരുത്‌.

മൂപ്പരുടെ കുടുംബം വിചാരിച്ചതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തൊട്ടിങ്ങോളം എത്രയെത്ര എണ്ണമാണ്‌ ബ്രിട്ടീഷുകാരുടെ കൈകൊണ്ട്‌ ആ കുടും ബത്തില്‍ നിന്നും വടിയായത്‌? ആരും അതൊന്നും ആലോചിക്കുകയില്ല. എത്രയെത്ര ആളുകളെയാണ്‌ ആനന്ദഭവനത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയി സായിപ്പ്‌ തൂക്കിക്കൊന്നത്‌? ഉണ്ട തീരുവോളം വെടിവെച്ചുകൊന്നത്‌? ഉണ്ടതീര്‍ന്നുപോയപ്പോള്‍ തല്ലിക്കൊന്നത്‌? രാജ്യത്തിനൊരത്യാവശ്യം വന്ന പ്പോള്‍ ഗാന്ധിയുടെ പേരു കണ്ടുകെട്ടി സ്വന്തം വാലറ്റത്ത്‌ ചേര്‍ത്തു. ആദ്യമായി തന്റെ കിരീട ധാരണം ഉറപ്പുവരുത്തിക്കൊടുത്തതിനുള്ള കൂലി വരമ്പത്തുനിന്നുതന്നെ കൊടുത്തു.

കേരളത്തിലെ ഇ.എം.എസ്‌ മന്ത്രിസഭയെ കാലപുരിക്കയച്ചുകൊടുത്ത്‌ അക്‌്‌നോളജ്‌മെന്റ്‌ കൈയ്യില്‍ കിട്ടുന്നതുവരെ നെഹറുവിന്റെ ഉറക്കം കെടുത്തി. അടുത്ത ദശകത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം മൊത്തം ഇന്ത്യക്കാര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുള്ള തിലോദകമായി അടിയന്തിരാവസ്ഥ. സ്വാതന്ത്ര്യവും ജനാധിപത്യവും സ്വകുടുംബ ത്തിനുമാത്രമായി നിജപ്പെടുത്തി. ബാക്കിയുള്ളവരുടെ ജീവന്‍ ദേശസാല്‍ക്കരിച്ചു. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ജീവിക്കാനുള്ള അവകാശം തല്‌ക്കാലം ചത്തവര്‍ക്കുമാത്രമേയുള്ളൂവെന്ന അത്യുഗ്രന്‍ നീതിബോധം നടപ്പിലാക്കി. അയല്‍പക്കത്തെ കുടുംബം കലക്കി എന്ന്‌ നാലാളെക്കൊണ്ട്‌ പറയി ക്കുന്നതിലും വലിയൊരഭിമാനം പേരുകേട്ട തറവാട്ടുകാര്‍ക്ക്‌ പിന്നെ ലഭിക്കുവാനുമില്ല. കുടുംബകിരീട ത്തിലെ ഒരു പൊന്‍തൂവലായി ബംഗ്ലാദേശ്‌ വിളങ്ങിനിന്നീടുമ്പോള്‍ നിലയ്‌ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ കുഷ്‌ഠമായും പരിലസിക്കുന്നു.

ഒടുവിലായി ഇനി 21ാം നൂറ്റാണ്ടിലേക്ക്‌ കൈപിടിച്ച്‌ ഇന്ത്യയെ നടത്തിക്കേണ്ട എന്നോ മറ്റോ പണ്ട്‌ കുടുംബയോഗത്തില്‍ തീരുമാനിച്ചു പോയിരുന്നെങ്കില്‍ എന്തായിരുന്നു ഇന്ത്യയുടെ ഭാവി എന്നാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇരുപതാം നൂ്‌റ്റാണ്ടിന്റെ ഒടുക്കത്തെ രാത്രിയില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ കാലചക്രം ഭാരതാംബയുടെ മൂര്‍ദ്ദാവില്‍ ഇട്ട്‌ കഥ കഴിക്കൂമായിരുന്നു. ആരുണ്ടിതൊക്കെ ഓര്‍ക്കാന്‍.

ഉഗാണ്ടയിലെ ഈഡിഅമീന്‍ ഒരു നാള്‍ മന്ത്രിയെ വിളിച്ചു കല്‌പിച്ചു - രാജ്യം നാളെത്തൊട്ട്‌ എന്റെ പേരില്‍ ഈഡി എന്നറിയപ്പെടണം. ഞെട്ടിപ്പോയ മന്ത്രി ഒന്നാലോചിച്ചു, പിന്നെ പറഞ്ഞു. പ്രഭോ ലോകത്ത്‌ സൈപ്രസ്‌ എന്നൊരു രാജ്യമുണ്ട്‌ അവിടുത്തെ ആളുകള്‍ അറിയപ്പെടുക സൈപ്രിയട്‌സ്‌ എന്നാണ്‌. അങ്ങിനെ വരുമ്പോള്‍ നാളെ ഇവിടത്തുകാര്‍ അറിയപ്പെടുക ഈഡിയറ്റ്‌സ്‌ എന്നായിരിക്കും. അങ്ങിനെയാണ്‌ ഉഗാണ്ട ഈഡിയായി മാറാതിരുന്നത്‌. ഇന്ത്യയെന്നാല്‍ ഇന്ദിരയും ഇന്ദിരയെന്നാല്‍ ഇന്ത്യയും ആണെന്ന ഉത്തമബോദ്ധ്യം പണ്ടു കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. ഈഡി അമീന്‍മാര്‍ക്കാവട്ടെ യാതൊരു കുറവുമുണ്ടായിരുന്നതുമില്ല. എന്നിട്ടും എന്തോ ഭാഗ്യത്തിന്‌ രാജ്യത്തിന്റെ പേരുമാറിയില്ല. നമ്മള്‍ ഇന്ദ്രിയന്‍സ്‌ എന്നറിയപ്പെട്ടതുമില്ല. ഇതെല്ലാം ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇപ്പോ അമേഠിയിലെ അമാനുഷന്‍ തന്നെ വേണ്ടിവന്നു.

അതുകൊണ്ടൊക്കെത്തന്നെയാണ്‌ ഭാരതത്തിന്റെ ഭാവി സര്‍ദാര്‍ജി രാഹുലില്‍ ചൂണ്ടിക്കാട്ടിക്കൊ ടുത്തത്‌. ഇനി രാഹുകാലം.

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' മുഴുവന്‍ സത്യമാണ്‌. എന്നാല്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ളതല്ലെന്ന വലിയ അറിവുള്ളതുകൊണ്ടാണ്‌ ചില സത്യങ്ങള്‍ അതില്‍പെടാതെ പോയത്‌. അതിലൊന്നാണ്‌ ഇന്ദിരാപ്രിയദര്‍ശിനി എങ്ങിനെ ഇന്ദിരാഗാന്ധിയായി എന്ന സത്യം - ഇന്ദിരാപ്രിയദര്‍ശിനിയെന്ന കാശ്‌മീരി ബ്രാഹമണപുത്രി കെട്ടാന്‍പോകുന്ന ഫിറോസ്‌ ഘണ്ടി എന്ന മുസ്ലീം യുവാവിനെ മാമോദീസമുക്കി ഘണ്ടിയെ ഗാന്ധിയാക്കിയ സത്യം. മറ്റൊരു സത്യം മൂപ്പരുടെ ചെറുമകന്‍ തന്നെ വിറ്റ്‌ കാശാക്കുന്നുണ്ട്‌ - മഹാത്മജിക്ക്‌ ബംഗാളി കലാകാരിയും മഹാകവി ടാഗോറിന്റെ ബന്ധുവുമായിരുന്ന സരളാ ദേവിയുമായുണ്ടായിരുന്ന വിവാഹേതരപ്രണയത്തിന്റെ ചരിത്രം.

മഹാന്‍മാര്‍ സത്യമാണ്‌ പറയുക. എന്നാല്‍ എല്ലാസത്യങ്ങളും വിളിച്ചുപറയുവാനുള്ളതല്ല എന്ന ഉത്തമബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്യും. സരസ്വതീവിളയാട്ടം കൊണ്ട്‌ രാഹുല്‍ മഹാനാവുന്ന ലക്ഷണമേതായാലും ഇല്ല. ലക്ഷ്‌മീ കടാക്ഷം കൊണ്ട്‌ ലക്ഷ്‌മീ മിത്തലാവുകയല്ലാതെ ആരും ഇന്നോളം മഹാനായിട്ടില്ല. ഇനി മഹാനായേ അടങ്ങൂ എന്നാണെങ്കില്‍ ഒരൊറ്റ വഴിയുണ്ട്‌. സ്വസ്ഥമായി ഇരിക്കുമ്പോള്‍ എല്ലാ മനുഷ്യരും മഹാന്‍മാരാണ്‌ എന്നോതോ മഹാന്‍ പറഞ്ഞിട്ടുണ്ട്‌. പണ്ട്‌ മാതാമഹിയും അതുതന്നെയാണ്‌ പറഞ്ഞത്‌ - നാവടക്കൂ പണിയെടുക്കൂ എന്ന്‌.

April 20, 2007

മന്ത്രിയും തന്ത്രിയും പിന്നെ ഗുരുവായൂരപ്പനും

പണ്ട്‌ ഗുരൂവായൂരിലെ ഭക്തഗുണ്ടകള്‍ നിയമം ലംഘിച്ച്‌ മണിയടിച്ച കൃഷ്‌ണപിള്ളയുടെ നടുപ്പുറത്ത്‌ തായമ്പക കൊട്ടുകയുണ്ടായി. "ഉശിരുള്ള നായര്‍ മണിയടിക്കട്ടെ എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ" എന്നായിരുന്നു അടി ചറപറാ വീഴുമ്പോള്‍ സഖാവ്‌ വിളിച്ചുപറഞ്ഞത്‌.
സഖാവ്‌ അടികൊണ്ടത്‌ ഗുരുവായൂരില്‍ പ്രവേശനമില്ലാത്ത മുയ്‌മനാളുകള്‍ക്കും വേണ്ടിയായിരുന്നു. ഒരു സാംസ്‌കാരികഗുണ്ടയെയോ ഗാനഗന്ധര്‍വ്വനെയോ അതിന്റെയുള്ളില്‍ കയറ്റി ഗുരുവായൂരപ്പനെക്കൊണ്ട്‌ അനുഗ്രഹിപ്പിക്കണം അഥവാ ഇനി അപ്പനെക്കൊണ്ട്‌ പറ്റിയില്ലെങ്കില്‍ പയ്യനെക്കൊണ്ടെങ്കിലും അനുഗ്രഹിപ്പിക്കണം എന്നുപറയാനായിരുന്നില്ല.
മഹാന്‍മാരുടെ വരികള്‍ നേരെചൊവ്വെ വായിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം മന്ദബുദ്ധികള്‍ക്കുള്ളതാണ്‌. ബുദ്ധിയുള്ളവര്‍ക്കുള്ളത്‌ വരികള്‍ക്കിടയിലായിരിക്കും. അല്ലെങ്കില്‍ വരികള്‍ക്കപ്പുറത്ത്‌ മരത്തിലോ മാനത്തോ കാണണം.ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രി ഇത്രയേ പറഞ്ഞുള്ളൂ. യേശുദാസ്‌ ഗുരുവായൂരില്‍ കയറി പാടുമ്പോള്‍ ബാക്കിയുള്ള ജനസംഖ്യയുടെ 25% വരുന്ന നസ്രാണികള്‍ മുഴുവനും അ്‌മ്പലത്തിനുപൂറത്ത്‌ ലേശം ദൂരെ മാറിനിന്ന്‌ ഹലേലൂയ്യ പാടിക്കൊള്ളണം.
ജീവിതത്തിലൊരിക്കലും പണിക്കര്‍ സ്വയം കൊട്ടാറില്ല. ഇടതുവിപ്ലവകാരികളാണെങ്കില്‍ അസുരവാദ്യമാണ്‌ പണിക്കര്‍ക്ക്‌ പഥ്യം. അരോചകം പിടിച്ച ബൂര്‍ഷ്വാ കോണ്‍ഗ്രസുകാരാണെങ്കില്‍ ഇടയ്‌ക്ക മതി. രണ്ടുപേരും മാറിമാറിക്കൊട്ടുമ്പോള്‍ നടേശന്‍ പണ്ട്‌ കുഴലുവിളിച്ചു. അതായിരുന്നു പണിക്കരുടെ സുവര്‍ണ കാലഘട്ടം. പണിക്കര്‍ ശ്രീരാമനും താന്‍ ലക്ഷ്‌മണനും എന്നായിരുന്നു അന്നത്തെ നടേശദര്‍ശനം. മലയാളികളുടെ മഹാഭാഗ്യത്തിന്‌ ശൂര്‍പ്പണഖ അന്നേദിവസം അതുവഴിപോയില്ല.
ഇപ്പോള്‍ ലക്‌്‌ഷമണന്‍ ശ്രീരാമനെതിരായി മാനനഷ്ടത്തിന്‌ കേസും ഫയല്‍ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ രാമലക്ഷമണന്‍മാരും അവരവരുടെ വ്യക്തമായ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പണിക്കരുമാത്രമല്ല ഗുരുവായൂരപ്പമനശ്ശാസ്‌ത്രത്തില്‍ പി.എച്ച്‌്‌.ഡി. എടുത്ത യോഗ്യന്‍മാരെല്ലാം അഭിപ്രായം അച്ചായന്റെ കടലാസില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്‌്‌. ക്ഷേത്രാചാരം തീരുമാനിക്കേണ്ടത്‌ തന്ത്രിയാണ്‌. വളരെ ശരിയാണ്‌. അക്കാര്യത്തില്‍ ഗുരുവായൂരപ്പന്‍ വരെ തന്ത്രിക്ക്‌ താഴെയാണ്‌.
പണ്ട്‌ മാസത്തിനൊരൊന്നാം തീയ്യതിയുണ്ടെങ്കില്‍ എന്തായിരുന്നു പുകില്‌. കരുണാകരന്റെയും പരിവാരങ്ങളുടെയും വരവില്‍പ്പെട്ട്‌ ഗുരുവായൂരപ്പന്‍ തന്നെ വടിയായിപ്പോവാതിരുന്നത്‌ തന്ത്രിയുടെ ഭാഗ്യം കൊണ്ടായിരിക്കണം. കാമക്രോധലോഭമോഹമില്ലാത്തവനാണ്‌ യഥാര്‍ത്ഥ ഭക്തന്‍ എന്നു പറഞ്ഞ കൃഷ്‌ണനെ തൊഴാന്‍ ഇപ്പറഞ്ഞതിന്റെയെല്ലാം മൂര്‍ത്തിമത്ഭാവം തന്നെ മുന്നില്‍. അതും ഒന്നാം തീയ്യതി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞപോലെ പോലീസുകാരുടെ ചവിട്ടും കോണ്‍ഗ്രസുകാരുടെ തെറിയും ഏറ്റുവാങ്ങി സായൂജ്യമടയുകയായിരുന്നു ഭക്തന്‍മാര്‍.
പണിക്കര്‌ പറഞ്ഞതാണ്‌ ശരി. തന്ത്രിക്ക്‌ മീതെയാണ്‌ ഗുരുവായൂരപ്പന്റെ സ്ഥാനമെങ്കില്‍ മൂപ്പര്‍ നേരിട്ട്‌ അതിനൊരു പരിഹാരമുണ്ടാക്കുമായിരുന്നു. ഗുരുവായൂരപ്പനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള അധികാരം മാത്രമല്ല വേണ്ടിവന്നാല്‍ തൂക്കിക്കൊല്ലാനുള്ള അധികാരം കൂടി തന്ത്രിക്കുണ്ടായിരിക്കണം. കുമ്മനം രാജശേഖരനും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്‌.
കുമ്മനത്തിന്റെ ആചാര്യന്‍മാരുടെ അഭിപ്രായത്തില്‍ ഭാരതത്തില്‍ ജനിച്ചവരും ഭാരതീയ ശൈലിയില്‍ ജീവിക്കുന്നവരും ഹിന്ദുക്കളാണ്‌. അതായത്‌്‌ മുഹമ്മദലി ജിന്നയൊഴിച്ച്‌ ദാവൂദ്‌ ഇബ്രാഹിമടക്കം മുയ്‌മന്‍ മുഹമ്മദീയര്‍. പിന്നെ വത്തിക്കാനിലെ പോപ്പും ഇറ്റലിയിലെ സോണിയയുമൊഴിച്ചുള്ള മൊത്തം കൃസ്‌ത്യാനികള്‍.
അങ്ങിനെ നോക്കുമ്പോള്‍ അഹിന്ദുക്കളായി വരുന്നത്‌ ജനനസര്‍ട്ടിഫിക്ക്‌റ്റില്ലാത്തവരും ഇന്നും കാട്ടിനുവെളിയിലിറങ്ങാത്ത കാട്ടുനായ്‌ക്കന്‍മാരും ഉടുതുണിയുടുത്തു ശീലിച്ചിട്ടില്ലാത്ത മറ്റുകൂട്ടരുമായിരിക്കും. അവര്‍ക്ക്‌ ഗുരുവായൂരപ്പനെക്കൊണ്ടും അവശ്യമില്ല ഗുരുവായൂരപ്പന്‌ അവരെക്കാണ്ടും യാതൊരാവശ്യവുമില്ല.
ഇനി യേശുദാസ്‌ മാത്രം കയറി ഒറ്റക്കൊരു സംഘഗാനം പാടിയാല്‍ മതിയോ? കൃഷ്‌ണനെപ്പറ്റിയെഴുതാന്‍ വേണ്ടി മാത്രം കവിയായ യൂസഫലി കേച്ചേരി കയറിയാല്‍ സഖാവേ ഗുരുവായൂരമ്പലം ഇടിഞ്ഞുപൊളിഞ്ഞുപോവുമോ? യേശുദാസിന്റെ അത്ര സാംസ്‌കാരികഗുണ്ടകളുടെ സപ്പോര്‍ട്ട്‌ മൂപ്പര്‍ക്കില്ലാത്തതുകൊണ്ടാണോ?
കേരളത്തിലെ മൂന്നുകോടി ജനത്തിലൊരാളായ യേശുദാസിന്റെ കാര്യം നോക്കാന്‍ മൂപ്പര്‍ക്ക്‌ നേരമില്ലെങ്കില്‍ ഭാര്യയും രണ്ടുമക്കളുമൊക്കെയുണ്ട്‌. മൂന്നുകോടി ജനത്തിന്റെ നേതാവിന്‌ പണി വേറെയുണ്ട്‌. തല്‌ക്കാലം നാലു കൈയ്യടി കിട്ടിയെന്നുവരും. തലയില്‍ ആള്‍പ്പാര്‍പ്പുള്ളവന്റെ നാല്‌പതു ചീത്ത പിന്നാലെ വരുന്നതിന്റെ മുന്നോടിയാണ്‌ സഖാവേ മന്ദബുദ്ധികളുടെ നാലു കൈയ്യടി.
ഇനി സെക്യുലാറിസം (മലയാളമില്ല) എല്ലാ പ്രകാരത്തിലും നടപ്പാക്കിയേ അടങ്ങൂ എന്നാണെങ്കില്‍ നിത്യന്‍ വക ഒരു പ്രണാമം ഒപ്പം ഒരുപിടി അഭിവാദ്യങ്ങളും. ആദ്യമായി സകലമാന ആരാധനാലയങ്ങളും ദേശസാല്‍ക്കരിച്ച്‌ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. സി.ഐ.എ വിചാരിച്ചാലും ഭക്തനേത്‌ വിഭക്തനേതെന്ന്‌ അറിയുവാന്‍ കഴിയുകയില്ല. താടിവെച്ചോനെല്ലാം സന്ന്യാസിയാണെങ്കില്‍ കുമ്പിടുന്നോനെല്ലാം ഭക്തനുമാണ്‌. യഥാര്‍ത്ഥഭക്തന്‌ മല്യ സ്വര്‍ണം പൂശിയ കൊടിമരം തൊഴുന്നതിലും സുഖമുണ്ടാവും ഓവുപാലത്തിലുന്നു പ്രാര്‍ത്ഥിക്കുവാന്‍.
ജാതിമതസംവരണവും ജാതിമതസംഭരണവും അവസാനിപ്പിച്ച്‌ സാമ്പത്തീകസംവരണം ഏര്‍പ്പെടുത്തി മാര്‍ക്‌സിനോടടുത്ത്‌ മര്‍ക്കസില്‍ നിന്നും അകലുക. ഹൈദരബാദ്‌ നൈസാമിനും ബ്രൂണെ സുല്‍ത്താനും മാപ്പിളയായി കണക്കാക്കി ആരെങ്കിലും പത്തിരിയിട്ടുകൊടുത്തിട്ടുണ്ടോ? അതു മീന്‍ വില്‌ക്കുന്ന മാപ്പിളക്കും വിയര്‍ത്തുനാറുന്ന പുലയനുമുള്ളതാണ്‌. നാലുകാശുള്ളവനുള്ളതല്ല.
എനിക്കൊരു സുഹൃത്തുണ്ട്‌. നല്ല അസ്സല്‍ തറവാട്ടില്‍ പിറന്ന യോഗ്യന്‍. കൈക്കോട്ടുപണിയും മറ്റുമായി കഴിഞ്ഞുപോകുന്നു. നാട്ടില്‍ എന്‍.എസ്‌.എസിന്റെ യോഗത്തിന്‌ മൂപ്പര്‍ക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും കുറിമാനം ലഭിക്കുകയാണ്‌ പതിവ്‌. വിഭജനത്തിന്റെ പുതിയ അതിര്‌ കറന്‍സിയാണ്‌. ജാതിയല്ല. അതുമനസ്സിലാക്കാന്‍ എടുക്കേണ്ടതും കൊടുക്കേണ്ടതും ഒരു നൂറ്റാണ്ടുമുമ്പത്തെ സര്‍വ്വേയുമല്ല.

April 03, 2007

ചില ഉപഭോക്തൃദിന ചിന്തകള്‍

വെളുത്ത സായിപ്പിനെല്ലാം യുദ്ധമാണെങ്കില്‍ കറുത്ത സായിപ്പിനെല്ലാം ആഘോഷമാണ്‌. അത്യാവശ്യം ചിലപ്പോള്‍ സംഗതി ആചരണവുമാകും. ദാരിദ്ര്യത്തിനെതിരെ യുദ്ധം, ചൂഷണത്തിനെതിരെ യുദ്ധം, സാര്‍സിനെതിരെ യുദ്ധം, കത്രീണക്കെതിരെ യുദ്ധം അങ്ങിനെ പോകുന്നു യുദ്ധങ്ങള്‍. ഒരുമാതിരിപ്പെട്ട നന്മകളെയെല്ലാം കുഴിച്ചുമൂടിക്കൊണ്ട്‌ തിന്മക്കെതിരായ യുദ്ധം മാത്രം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബാക്കിയുള്ള നന്മകള്‍ കൂടി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാവുന്നതോടുകൂടിയേ തിന്മക്കെതിരായ യുദ്ധത്തിന്‌ ശാശ്വതമായ ഒരന്ത്യം പ്രതീക്ഷിക്കാവൂ.

മാര്‍ച്ച്‌ 15ന്‌ ലോക ഉപഭോക്തൃദിനം നമ്മള്‍ വൃത്തിയായങ്ങ്‌ ആഘോഷിച്ചു. കടലാസായ കടലാസുകളിലെല്ലാം സുസ്‌മേരവദനനായി സഖാവ്‌ അച്ചുതാനന്ദന്റെ ആഹ്വാനം - ഉണരൂ ഉപഭോക്താവേ ഉണരൂ.... മാധ്യമസിണ്ടിക്കേറ്റുകാര്‍ സി.ഐ.എ യുടെ നാലു വെള്ളിക്കാശും വാങ്ങി എന്തെങ്കിലും ഒപ്പിച്ചതല്ല. നേരുമാത്രം നേരത്തെ അറിയിക്കുന്ന കടലാസിലും സംഗതിയുണ്ട്‌.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം. പിന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണ ക്ലാസുകള്‍ - മൊത്തത്തില്‍ മാവേലിനാട്‌ തിരിച്ചുവരാനുള്ള ഏതാണ്ടെല്ലാ ഏര്‍പ്പാടുകളുമായി.

`കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കുക` - ഏതായാലും അതൊരഭ്യര്‍ത്ഥനയല്ല. ഭാഷാരോഗ്യശാസ്‌ത്രപ്രകാരം സംഗതി ഉത്തരവുതന്നെയാണ്‌. കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉതപന്നത്തിനും ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ഉറപ്പാക്കാത്തവരെ കരണക്കുറ്റിക്കടിക്കണമെന്നോ കരിയോയിലില്‍ കുളിപ്പിക്കണമെന്നോ എന്നൊന്നും എവിടെയും തത്‌ക്കാലം എഴുതിവെച്ചിട്ടില്ലെന്ന്‌ മാത്രമേയുള്ളൂ.

സേവനം എന്നാല്‍ നിഷ്‌കാമകര്‍മ്മം. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട്‌ നമ്മളതിനെ ചില്ലറ ഭേദഗതിക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌്‌. ലോകത്തെ ഏറ്റവും മികച്ച തൊഴിലിനാണ്‌ നമ്മള്‍ സേവനം എന്നുപറയുക. ഉത്തരവാദിത്വം കുച്ച്‌നഹി. ആനുകൂല്യങ്ങളാകട്ടെ എ.ഡി.ബി. പ്രസിഡണ്ടിനെക്കാളും നാലണ കൂടുതല്‍. അങ്ങിനെയുള്ള ഒരേയൊരു ജനവിഭാഗത്തിന്റെ ആവാസമേഖലയാണ്‌ ഭാരതം. അതു ജനസേവനം ഫസ്റ്റ്‌ക്വാളിറ്റി. ഈ സേവനം തത്‌ക്കാലം കൊടുക്കുന്ന വിലയുമായി ആരും താരതമ്യം ചെയ്യേണ്ടതില്ല. ആര്‍ക്കും എപ്പോഴും കയറി വിധിപ്രകാരം സേവിക്കാം. ഭരണഘടനപ്രകാരം പ്രത്യേകിച്ചൊരു സര്‍ട്ടിഫിക്കറ്റിന്റെയൊന്നും ആവശ്യമില്ല.

അടുത്തത്‌ ജനത്തിന്റെ പോക്കറ്റടിച്ചുകൊണ്ട്‌ സേവനം നടത്തുന്ന വാഴ്‌ത്തപ്പെട്ടവര്‍. ജനസേവനം രണ്ടാംതരം. പ്രധാനമായും സ്വകാര്യ ആശുപത്രികള്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ എന്നിവകേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഇക്കൂട്ടരുടെ അത്യൂത്സാഹം ഒന്നുകൊണ്ടുമാത്രമാണ്‌ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും ക്ലീനായി കിട്ടിയത്‌. എന്തായിരുന്നു ഈ രംഗങ്ങളിലെ കുതിച്ചുചാട്ടം?

ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നട്ടെല്ല്‌്‌ ആരോഗ്യമുള്ള ജനതയാണെന്നാണ്‌ വയ്‌പ്‌. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തലക്കാരോഗ്യമുള്ള ഡോക്ടര്‍മാര്‍ അത്യാവശ്യവും. കൊടുക്കുന്ന ഫീസിന്റെ മൂല്യം ലഭിക്കുന്ന സേവനത്തിനും ഉണ്ടെന്ന്‌ ജനം ഉറപ്പാക്കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ട്‌. അപ്പോള്‍ പിന്നെ നമ്മുടെ പള്ളക്ക്‌ കത്തികയറ്റേണ്ട യോഗ്യന്‌ സര്‍ജിക്കല്‍ നൈഫ്‌ പോയിട്ട്‌ കറിക്കത്തിയെടുക്കേണ്ട യോഗ്യതയുണ്ടോ എന്നറിയുവാന്‍ രോഗിക്കുള്ള സംവിധാനമെന്താണ്‌?

അതായത്‌ എല്ലാ സ്വകാര്യ-സഹകരണ അറവുശാലകളിലും പുറത്ത്‌ ഒരു ബോര്‍ഡ്‌ തൂക്കുവാന്‍ സര്‍ക്കാരിന്‌ ഉപദേശിക്കാവുന്നതേയുള്ളൂ. താഴെ പറയുന്ന വിവരങ്ങള്‍ അതിലുണ്ടാവുകയും വേണം.

1. പഠിച്ചതു മെറിറ്റിലോ റിസര്‍വേഷനിലോ അതോ തന്തയുടെ പോക്കറ്റിന്റെ ബലത്തിലോ
2. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണെങ്കില്‍ അതിന്റെ പേര്‌ അല്ലെങ്കില്‍ പഠിച്ച മേടിക്കല്‍ കോളേജിന്റെ പേര്‌
3. പഠനസംബന്ധമായ വിശദ വിവരങ്ങള്‍, ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍, കൊടുത്ത കൈക്കൂലികള്‍, പിടിച്ച കാലുകള്‍ ആദിയായവ
4. ലഭിച്ച മാര്‍ക്ക്‌/ശതമാനം/ഗ്രേഡ്‌

വിവരാവകാശ വിപ്ലവത്തിന്റെ കാലത്ത്‌ അതില്‍ പെടുത്തി ചെയ്യേണ്ട സംഗതിയാണ്‌. അവനവന്റെ പള്ളക്ക്‌ കത്തികയറ്റുന്നവന്റെ യോഗ്യതയെപ്പറ്റിയുള്ള വിവരം പോലും അറിയുവാന്‍ അവകാശമില്ലെങ്കില്‍ പിന്നെയീ വിവരാവകാശം കൊണ്ടെന്ത്‌ വിപ്ലവമാണ്‌ നടക്കാന്‍ പോകുന്നത്‌്‌?

ലോകം മുഴുക്കെ സാര്‍സ്‌ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ മൊത്തം വടിയായത്‌ അഞ്ഞൂറെണ്ണമായിരുന്നു. രണ്ടുമൂവ്വായിരം കൊല്ലങ്ങള്‍ക്കുമുന്‍പേ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടുകീറി ശസ്‌ത്രക്രിയ നടത്തിയ സുശ്രുതന്റെ നാട്ടില്‍, വയനാട്ടില്‍ മാത്രം വയറിളകിചത്തുപോയതും അത്രതന്നെയെണ്ണമായിരുന്നു. മാനാപമാനങ്ങളൊന്നും ഒട്ടുംതന്നെ ബാധിക്കാത്തതുകൊണ്ട്‌ അന്നത്തെ ശങ്കരന്‍മന്ത്രി കയറെടുത്തില്ല കശുമാവുതേടിയതുമില്ല.

ആരോഗ്യരംഗത്തെ വികസനത്തിന്റെ ചരിത്രം അങ്ങിനെയാണ്‌. 1956ലെ ആദ്യത്തെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഡോ.എ.ആര്‍.മേനോനില്‍ നിന്നും പടവലം പോലെ വളര്‍ന്ന്‌ ശ്രീമതിടീച്ചറിലെത്തി നിലം തൊട്ടുനില്‍ക്കുകയാണ്‌. ഒരുകാലത്ത്‌ ജനങ്ങളുടെ ആശാകേന്ദങ്ങളായിരുന്ന സര്‍ക്കാരാശുപത്രികളെ മുഴുവന്‍ കടല്‍പാലത്തിന്റെ കമ്പിത്തൂണുപോലെയാക്കിയതിന്റെ ഉത്തരവാദിത്വം പൊതുജനത്തിനാണോ അതോ വാഴുന്നവര്‍ക്കോ?

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ്‌ തടയും അല്ലെങ്കില്‍ പിരിച്ചുവിട്ടുവലയും എന്നു ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ കണക്കുകള്‍ നോക്കണം. വിപ്ലവകാരികള്‍ ആരോഗ്യമേഖലയില്‍ തട്ടിക്കൂട്ടിയ കൊള്ളസങ്കേതങ്ങളാണല്ലോ സഹകരണആശുപത്രികള്‍. ഡോക്ടര്‍മാരും വിപ്ലവകാരികളും കൂടി സഹകരിച്ച്‌ സാധാരണ വിവരദോഷിയുടെ ഹൃദയം നിലപ്പിച്ച്‌ ബില്ലടച്ചശേഷം ബോഡി ആംബുലന്‍സില്‍ വിട്ടിലെത്തിച്ചുകൊടുക്കുന്ന ശ്ലാഘനീയ ഏര്‍പ്പാടാണ്‌ അവിടെ നടക്കുന്നത്‌.

സ്‌നേഹം മാത്രം എന്നും പറഞ്ഞ്‌ നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന്‍ ചത്തുപോയി. കാശില്ലാത്തതുകൊണ്ട്‌ ബന്ധുക്കള്‍ കരുതി തല്‌ക്കാലം ലേശം സ്‌നേഹം കൊടുക്കാം ബില്ല്‌ പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച്‌ ബോഡിയെടുത്തോളാനാണ്‌. ഭാഗ്യത്തിന്‌ നാട്ടില്‍ ചിരട്ടക്കച്ചവടം നടത്തുന്നവരാരും സന്ന്യാസിമാരല്ല. അതുകൊണ്ട്‌ മൂപ്പരെ ദഹിപ്പിക്കേണ്ട ചിരട്ടക്ക്‌ ക്ഷാമം നേരിട്ടില്ലെന്നുമറിഞ്ഞു.

ലോകത്തിപ്പോള്‍ ആരും തോല്‌ക്കാത്ത രണ്ടേ രണ്ടു പരീക്ഷകളാണുള്ളത്‌. ഒന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെടറുടേത്‌ രണ്ടാമത്തേത്‌ ടീച്ചര്‍മാരുടേത്‌. നിത്യന്റെ നാട്ടിലെ നല്ല വഹയുള്ള രണ്ടുരക്ഷിതാക്കള്‍ എന്തെഴുതിയാലും ജയിച്ചു എന്ന ദുഷ്‌പേരുണ്ടാക്കാത്ത രണ്ടെണ്ണത്തിനെ ഒരുവഴിക്കാക്കാന്‍ കണ്ടെത്തിയത്‌ കര്‍ത്താവിന്റെ ഈ രണ്ടു മാര്‍ഗങ്ങളായിരുന്നു. അതോടുകൂടി ജനം കുരിശിന്റെ വഴിയിലുമായി. ഈപ്പറഞ്ഞ രണ്ടുയോഗ്യന്‍മാരില്‍ ഒരു 210കാരന്‍ ഹെല്‍ത്ത്‌ ഇന്‍സേട്രായി ആരോഗ്യരംഗം വെടിപ്പാക്കിക്കൊണ്ടിരിക്കുന്നു. 212 കാരന്‍ നാലുലക്ഷം വീശി സംസൃകൃതാദ്ധ്യാപകനായി രൂപാന്തരം പ്രാപിച്ചു. യാതൊരു കുഴപ്പവുമില്ല. അവനവന്‍ പഠിച്ചതെന്തെന്നും പഠിപ്പിക്കുന്നതെന്തെന്നും അവനവനുതന്നെ അറിയില്ല. പിള്ളേരുടെ ഭാവി ശോഭനം. സംസ്‌കൃതത്തിന്റേത്‌ അതിലേറെ ശോഭനം.

കൊടുത്ത കൈക്കൂലി മുതലാളിക്കാണെങ്കിലും അദ്ധ്യാപഹയന്‍മാരുടെ തൊള്ളയിലേക്കുപോകുന്നത്‌ ജനത്തിന്റെ നികുതിപ്പണമാണ്‌. ആയൊരു വഹയില്‍ ജനത്തിന്‌ അവരുടെ പിള്ളേരെ പഠിപ്പിക്കുന്നോന്റെ യോഗ്യത എന്തെന്നറിയുവാന്‍ അവകാശമില്ലേ? കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുണ്ടായിരിക്കണം എന്ന കാര്യം സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടുതാനും. മെത്രാനെയും മുക്രിയെയും ഒരേസമയം ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു മതേതരത്വത്തിന്‌ സ്‌കോപ്പില്ലാത്തതുകൊണ്ട്‌ നിയമനം പി.എസ്‌.സിക്കുവിടുന്നത്‌ ലേശം ദഹനക്കേടിനു ഹേതുവാകും. തല്‌ക്കാലം ഇത്രയെങ്കിലും ചെയ്യാവുന്നതേയുള്ളൂ. എല്ലാ സ്‌കൂളുകളുടെയും മുന്നില്‍ ഒരു ബോര്‍ഡു തൂക്കുക. വാദ്ധ്യാന്‍മാരുടെ എസ്‌.എസ്‌.എല്‍. സി മുതല്‍ അങ്ങോട്ടുള്ള മാര്‍ക്കും ടി.ടി.സി/ബി.എഡ്‌ മാര്‍ക്കും പഠിച്ച യൂണിവേഴ്‌സിറ്റിയുടെ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റെടുത്ത പീടികയുടെ പേരും വിലാസവും അതില്‍ രേഖപ്പെടുത്തുക.

കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന സേവനത്തിനുമുറപ്പാവണമെന്നു തോന്നുന്നുവെങ്കില്‍ ജനം മക്കളെ അവിടങ്ങളില്‍ പഠിപ്പിക്കട്ടെ. അല്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ ബോര്‍ഡും വായിച്ച്‌ നടന്ന്‌ സമാധാനത്തോടെ മരിക്കട്ടെ. പറയുന്നതിലല്ല മഹത്വം. അതു നടപ്പാക്കുന്നതിലാണ്‌.