May 19, 2008

വിദ്യകൊണ്ട്‌ പ്രബുദ്ധരായി

വിദ്യകൊണ്ട്‌ പ്രബുദ്ധരായശേഷം വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുവാന്‍ മലയാളികളെ ഉപദേശിച്ചത്‌ ദാര്‍ശനീകനായ ആ സന്ന്യാസി വര്യനാണ്‌. ശ്രീനാരായണഗുരുദേവന്‍. പറഞ്ഞതപ്പടി ശിഷ്യന്‍മാര്‍ നടപ്പിലാക്കി. 'വിദ്യ' തന്നെ വ്യവസായമാക്കി ഒറ്റയടിക്ക്‌ പ്രബുദ്ധരാവുക മാത്രമല്ല വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ട്‌ കാണിച്ചുകൊടുക്കുകയും ചെയ്‌തു. മന്നത്താചാര്യനും അനുയായികളോടു പറഞ്ഞത്‌ ഏതാണ്ടിതുതന്നെയായിരുന്നു. മന്നം ഷുഗര്‍മില്ലും ഒട്ടനവധി സ്‌കൂളുകളും സ്ഥാപിക്കാന്‍ മൂപ്പര്‍ മുന്‍കൈയ്യെടുത്തതും നാടുനന്നാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു.

രണ്ടുകൂട്ടരുടെയും നേരവകാശികളായി അരങ്ങിലാടിത്തിമര്‍ത്തവര്‍ ലേശം കൂടുതല്‍ പ്രബുദ്ധരായിപ്പോയതാണ്‌ വലിയ കുഴപ്പം. താമസിയാതെ സര്‍വ്വ ജാതി-മത നപൂംസകങ്ങളും എന്നും ലാഭം മാത്രമുണ്ടാക്കി ചരിത്രം സൃഷ്ടിച്ച 'വിദ്യ' തന്നെ വ്യവസായമാക്കി ഹരിശ്രീ കുറിച്ചു. വളര്‍ന്നു. പിന്നെ കൊഴുത്തു.

ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വിദ്യയാണ്‌ കുഴപ്പമുണ്ടാക്കിയത്‌. 'വിദ്യാഭ്യാസം' എന്നൊരര്‍ത്ഥം വിദ്യയ്‌ക്കുണ്ടെങ്കിലും കണ്‍കെട്ടും മായാജാലവുമടക്കം സകലസംഗതികളും 'വിദ്യ' പെറ്റ മക്കളുതന്നെയാണ്‌.

ഗുരു കാണാത്തത്‌ കണ്ടെത്തുമ്പോഴാണ്‌ ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന 'വിദ്യ' യെടുത്ത്‌ ഗുരുവിന്റെതന്നെ കണ്ണുകുത്തിപ്പൊട്ടിക്കുകയാണ്‌ ഒരു ശിഷ്യന്‌ നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.

ആരു ഭരിച്ചാലും നമ്മുടേത്‌ നമുക്ക്‌ കിട്ടണം. പണിക്കര്‍ കണ്ടുപിടിച്ച്‌ പകര്‍പ്പവകാശത്തിനു കാശുവാങ്ങാതെ സകല ജാതിമതകോമരങ്ങള്‍ക്കും പകര്‍ന്നുകൊടുത്ത സമദൂരസിദ്ധാന്തം അതിലേക്കുള്ള മാര്‍ഗമാണ്‌. അതായത്‌ ആര്‍ക്കും നമ്മളെതിരല്ല. ഒറ്റ കണ്ടീഷന്‍. നമ്മള്‍ 'വിദ്യ'കൊണ്ട്‌ പ്രബുദ്ധരാവുന്നതിനും വിദ്യ വിറ്റ്‌ അഭിവൃദ്ധിപ്പെടുന്നതിനും സംഘടനകൊണ്ട്‌ അന്ധരാകുന്നതിനും ആരും ഇടങ്കോലിടരുത്‌. ഇത്രേയുള്ളൂ.

ഇപ്പോള്‍ സംഭവിച്ചത്‌ നോക്കുക. സ്വന്തം പേര്‌ നാലിടത്തു നാലുവിധമെഴുതുന്ന എല്ലാവരും എസ്‌.എസ്‌.എല്‍.സി പാസായി. ഇനി ഇവരെക്കൊണ്ട്‌ ആര്‍ക്ക്‌ പ്രയോജനം? സ്വാശ്രയ മുതലാളിമാര്‍ക്ക്‌ ഇഷ്ടം പോലെ കൊള്ളയടിക്കാന്‍ ഇത്ര നല്ലൊരവസരം ലോകചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. അതിന്റെ ക്രഡിറ്റ്‌ അഭിനവമുണ്ടശ്ശേരിക്കുതന്നെയാണ്‌. മടിയില്‍ കനമുള്ള രക്ഷിതാക്കളുടെ മുഴുവന്‍ പിള്ളേരും നാളെ അഭയം പ്രാപിക്കുക സ്വാശ്രയകൊള്ള സംഘം നടത്തുന്ന കലാലയങ്ങളെയായിരിക്കും. യാതൊരു ഗതിയുമില്ലാത്തവരാകട്ടെ പീടികമുകളില്‍ മാടം കെട്ടി പിള്ളാരെപിടിക്കാന്‍ നടക്കുന്ന പാരലല്‍ കോളേജുകളിലേക്കും. ആര്‍ക്കെന്തു ഗുണം?

പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതിവെയ്‌ക്കണം. അതിനും മിനക്കെടാന്‍ പറ്റാതെപോയത്‌ ആ എട്ടുശതമാനത്തിനാണ്‌. ശരിക്കും ആ എട്ടുശതമാനമെന്നു കേട്ടാലപമാനപൂരിതമാകണമന്തരംഗം. അതായത്‌ ബേബി പോയിട്ട്‌ ഗ്രാന്റ്‌ഫാദന്‍ വന്നാലും അക്കൂട്ടര്‍ ഇനി പ്രബുദ്ധരാവാന്‍ സാദ്ധ്യതയില്ല.

പണ്ടൊരു രാജാവ്‌ രാജ്യത്തെ മടിയന്‍മാരെ കണ്ടുപിടിക്കാന്‍ നടത്തിയ ഒരു പരീക്ഷണമാണ്‌ ഓര്‍മ്മവരുന്നത്‌. ചെണ്ടകൊട്ടി നാടൊക്കെ വിളംബരം നടത്തി ; പ്രദേശത്തെ സകലമാന മടിയന്‍മാര്‍ക്കും നാളെമുതല്‍ ശാപ്പാട്‌ കൊട്ടാരത്തില്‍. മടിയന്‍മാരെ മൊത്തം പല്ലക്കിലേറ്റി സൈന്യം മടികൂടാതെ കൊട്ടാരത്തില്‍ എത്തിക്കൂന്നതായിരിക്കും. അങ്ങിനെ മൊത്തം മടിയന്‍മാരും കൊട്ടാരത്തിലെത്തി. വിസ്‌തൃതമായ പന്തലില്‍ ഉപവിഷ്ടരായി. സദ്യവിളമ്പാന്‍ രാജാവ്‌ ഉത്തരവിട്ടു. മുഴുവനായൂം വിളമ്പിത്തീര്‍ന്ന്‌ ഉണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലിനു തീക്കൊടുക്കാന്‍ സൈന്യാധിപനും കൊടുത്തൂ വേറൊരു ഉത്തരവ്‌. തീയ്യാളാന്‍ തൂടങ്ങിയപ്പോഴേക്കും മടിയന്‍മാര്‍ മരണയോട്ടം തുടങ്ങി. തീയ്യാളിപ്പടര്‍ന്നിട്ടും എഴുന്നേറ്റുപോവാതിരുന്ന മൂന്നെണ്ണത്തിനോട്‌ സേനാനായകന്‍ ഓടിരക്ഷപ്പെടാന്‍ അലറി. കിട്ടിയ മറുപടി വേണമെങ്കില്‍ കൊണ്ടുവന്നതുപോലെ പല്ലക്കിലെടുത്ത്‌ കൊണ്ടുപോയിക്കൊള്ളാനായിരുന്നു.

ഓടിരക്ഷപ്പെട്ടവരൊന്നും മടിയന്‍മാരല്ല. ഓടാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ലല്ലോ. അവര്‍ക്കെല്ലാം രാജാവിന്റെ വക 25 ചാട്ടയടി വിധിച്ചു. പുറമേ ചുമന്നുകൊണ്ടുവന്ന വകയില്‍ എക്ട്രാപവര്‍ ഒരഞ്ചടി വീതം സൈന്യം സ്‌പെഷ്യല്‍.

ചത്താലും സ്വയമോടിപ്പോവാന്‍ തയ്യാറല്ലാതിരുന്ന മൂന്നാളുകളേ യഥാര്‍ത്ഥ മടിയന്‍മാരായുള്ളൂ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ലാത്ത മൂന്നേമൂന്നാളുകള്‍. അവരെ ആസ്ഥാനമടിയന്‍മാരായി വാഴ്‌ത്തി ആസ്ഥാനപണ്ഡിതന്‍മാരോടൊപ്പമിരുന്നുകൊള്ളാന്‍ രാജാവ്‌ കല്‌പിച്ചു. അവറ്റകള്‍ക്ക്‌ ശിഷ്ടകാലത്തേക്കുള്ള വഹ ഖജനാവില്‍ നിന്നും കൊടുത്തുകൊള്ളുവാനുമായിരുന്നു ഉത്തരവ്‌.

രാജാവ്‌ മന്ത്രിയായവതരിച്ച 'വിദ്യ' അഥവാ മായജാലമാണല്ലോ ജനാധിപത്യം. ബേബിസാറിനും ചെയ്യാവുന്നത്‌ അതുതന്നെയാണ്‌. ഇപ്പോ തോറ്റ 8 ശതമാനത്തിനെയും തേങ്ങയെ എണ്ണക്കുരുവാക്കിയതുപോലെ ആസ്ഥാനമടിയന്‍മാരായി പ്രഖ്യാപിക്കുക. അനന്തരം അവറ്റകളുടെ ശിഷ്ടകാലത്തേക്കുള്ളത്‌, അതായത്‌ ഒരു 100 കൊല്ലം ചുരുങ്ങിയത്‌, തടിക്കും തലയ്‌ക്കും യാതോരു തേയ്‌മാനവും സംഭവിക്കാതെ ആളുകള്‍ ചാവുകയില്ല, ഖജനാവില്‍ നിന്നും വകയിരുത്തുക. അതിനുള്ള വഹയില്ലെങ്കില്‍ ഖജനാവു തന്നെ അങ്ങേല്‌പിച്ചുകൊടുത്തേക്കുക. അവരും വാഴട്ടെ ഇനിയങ്ങോട്ട്‌. ഒരു മന്ത്രിയായി ഭവിക്കാന്‍ എസ്‌.എസ്‌.എല്‍.സി പാസാവണമെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിവരെ ആവാം. ഒരു കുഴപ്പവുമില്ല.