August 03, 2009

ഒരു ദരിദ്ര 'മഹാരാജാവും' സമ്പന്ന സേവകരും

air india.jpgസേവകരുടെ എണ്ണം കൂടിപ്പോയി. 'മഹാരാജാവ്‌' കടത്തിലായി. അല്ലെങ്കില്‍ സേവകര്‍ നാവടക്കി പണിയെടുത്തില്ല. മഹാരാജാവ്‌ കുത്തുപാളയെടുത്തു. സേവകരുടെ ഒടുക്കത്തെ മുദ്രാവാക്യം വിളി ഹേതുവായി കമ്പനി പൂട്ടി താക്കോലുമെടുത്ത്‌ ആത്മരക്ഷാര്‍ത്ഥം മഹാരാജാവ്‌ വടക്കോട്ടേക്ക്‌ പലായനം ചെയ്‌തു. ഈ മഹാരാജാവിന്റെ ആസ്ഥാനം കേരളത്തിലാണെങ്കില്‍ പണ്ടേ രക്ഷപ്പെട്ടേനെ. കുത്തുപാളയെടുത്തതിന്റെ കാരണങ്ങള്‍ക്കുമാത്രം ക്ഷാമമുണ്ടാകുമായിരുന്നില്ല.

ദി സെയിം മുഴക്കോലുകൊണ്ട്‌ എയര്‍ഇന്ത്യയെ ഇപ്പോള്‍ ആര്‍ക്കും അളക്കേണ്ടതില്ല. മഹാരാജാവിന്റെ അംഗരക്ഷകന്‍മാര്‍ പറയുന്നത്‌ സത്യമാണെങ്കില്‍ നശിച്ച കേരളവുമായി ബന്ധമില്ലാതെതന്നെ എയര്‍ഇന്ത്യ 5000 കോടിയുടെ കടത്തിലാണ്‌.

ആരെ നന്നാക്കിയിട്ടാണ്‌ ഇങ്ങിനെ കടത്തില്‍ പുയിത്തുപോയത്‌ എന്ന്‌ തലയ്‌ക്ക്‌ സ്ഥിരതയുള്ള ആരും ചോദിച്ചുപോവും. രാവണന്റെ ഈ ആകാശനൗകയിലാവട്ടെ വൈശ്രവണന്‍മാരല്ലാതെ ഒരൊറ്റ കുചേലനും കയറി കടം പറഞ്ഞ ചരിത്രമില്ല.

വ്യോമമാര്‍ഗം ഈ ശകടം ഗമിക്കുന്ന നേരം, സ്വമേധയാ വല്ലപ്പോഴും ഒന്ന്‌ ഭൂമിയിലുള്ളവര്‍ക്ക്‌ ദര്‍ശനം നല്‌കുന്ന ആ അനര്‍ഘനിമിഷങ്ങളില്‍ കെട്ടിയോളെയും കുട്ട്യേളെയും കൂട്ടി ദരിദ്രവാസികള്‍ പറമ്പിലിറങ്ങി നിരന്നുനിന്ന്‌ വലംകൈ കണ്ണിനു സമാന്തരമായി പിടിച്ച്‌ മുകളിലേക്ക്‌ നോക്കി അതാണു മക്കളേ 'ബിമാനം' എന്നു പറഞ്ഞതുകൊണ്ടും, അനുസരണയില്ലാത്ത ദരിദ്രപ്പിള്ളേര്‍ കുതറി ബിമാനത്തിനു പിന്നാലെയോടി കൂക്കിവിളിച്ചതുകൊണ്ടും ഊരിപോവുന്ന കളസം ഇടംകൈകൊണ്ട്‌ യഥാസ്ഥാനത്തുനിര്‍ത്താന്‍ പാടുപെട്ട്‌ വലംകൈയ്യില്‍ ചരലുവാരി വായുവില്‍ ചരലാര്‍ച്ചന നടത്തിയതുകൊണ്ടും തന്നെ 'മഹാരാജാവി'നുണ്ടായ നഷ്ടം ചില്ലറയല്ല എന്നാണെങ്കില്‍ രക്ഷയില്ല. ദരിദ്രവാസികളല്ലേ കാരണം. ഖജനാവുതന്നെ ശരണം.

ഇനി സ്വന്തം നിലയിലുള്ളതും ആരാന്റേത്‌ പാട്ടത്തിനെടുത്തതുമായി 147 എയര്‍ക്രാഫ്‌റ്റുകളാണുള്ളത്‌. 147 വണ്ടിയുടെ നടത്തിപ്പിനായി 45 ഡയറക്ടര്‍മാരുണ്ട്‌. 45 ഡയറക്ടര്‍മാര്‍ നിരന്നുനിന്നു 45 ഡയറക്ഷനുകളിലേക്ക്‌ ഒരോരുടേയും ശേഷിക്കനുസരിച്ച്‌ കെട്ടിവലിച്ചു എന്നുവേണം കരുതാന്‍. ഡയറക്ടര്‍മാരുടെ എണ്ണം കൊണ്ട്‌ ഒരു കമ്പനിയും പച്ചപിടിച്ചതായി ചരിത്രത്തിലില്ല. കുത്തുപാളയെടുത്തുപോയതല്ലാതെ.

വേസ്റ്റ്‌ മാനേജ്‌മെന്റുകൂടി പഠിച്ച മിടുക്കന്‍മാരുള്ള ഈ സുവര്‍ണകാലത്ത്‌ ഇത്രയെണ്ണം വേസ്റ്റാണ്‌ അവരെ വേസ്റ്റ്‌ബിന്നിലേയ്‌ക്ക്‌ മാറ്റേണ്ട കാലം അതിക്രമിച്ചു എന്നൊരു നോട്ട്‌ ഒരു വിദഗ്‌ദ്ധനും എഴുതാത്തതാണ്‌ വിനയായത്‌. സ്വാഭാവികമായും അനിവാര്യമായത്‌ സംഭവിച്ചു. എല്ലാവരും കൂടി ഒടുക്കം മഹാരാജനെ കുളിപ്പിച്ചുകിടത്തി.

സ്വന്തം വിമാനങ്ങളും താവളങ്ങളും രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജാംഷേഡ്‌ജി ഇതു കാണാനുണ്ടായിരുന്നെങ്കില്‍ ഒന്നുകില്‍ സകലത്തിനെയും നിരത്തിനിര്‍ത്തി തലയ്‌ക്കുവെടിവെച്ച്‌ ലോകക്ഷേമാര്‍ത്ഥം ജയിലില്‍ പോയാലും വേണ്ടില്ലെന്നു കരുതുമായിരുന്നു, അല്ലെങ്കില്‍ അതിനു കഴിയാത്തതില്‍ മനംനൊന്ത്‌ പിസ്റ്റള്‍ സ്വന്തം തലയ്‌ക്ക്‌ തിരിച്ചുപിടിച്ചിട്ടുണ്ടാകുമായിരുന്നു.

147 വണ്ടിക്ക്‌ മൊത്തത്തില്‍ 31000 ജീവനക്കാരാണുള്ളത്‌. അമിതജീവനക്കാരുടെ ഭാരമാണെന്ന്‌ മാനേജ്‌മെന്റ്‌. അല്ലെന്ന്‌ തൊഴിലാളികള്‍. മൊത്തം 147 മഹാരാജാക്കന്‍മാര്‍ക്ക്‌ 31000 പാദസേവകര്‍ എന്നത്‌ ലേശം കൂടിയ കണക്കാണെങ്കിലും ശമ്പളത്തിന്റെ കണക്കെടുത്താല്‍ പണ്ട്‌ സായിപ്പിന്റെ കാര്യസ്ഥന്‍ പറഞ്ഞതുപോലെയാണ്‌. എനിക്കും ഏമാനും കൂടി 1000 രൂപ. അതായത്‌ ഏമാന്‌ 950 എനിക്ക്‌ 50.

മേല്‍കണക്കുവച്ചാല്‍ ഒരു മഹാരാജാവിന്‌ ശരാശരി 210 പാദുഷമാര്‍ അഥവാ തൊഴിലാളികള്‍. അതിനുപുറമേ ഈ വണ്ടിയെ ആശ്രയിച്ചുകഴിയുന്ന അടുത്തൂണ്‍ പറ്റിയവരുടേയും പന്നിപ്പനിപോലെ ചത്തവരില്‍ നിന്നും അടുത്തൂണ്‍ അവകാശികളിലേക്കു പടര്‍ന്നുകയറിയതിന്റേയും കണക്കുവേറെയും.

തൊഴിലാളികള്‍ പറയുന്നതുപ്രകാരം 80% ജീവനക്കാരും ശരാശരി 15000 രൂപ ശമ്പളക്കാരാണ്‌. അതായത്‌ മൊത്തം ശമ്പളബില്ലിന്റെ 30 ശതമാനം മാത്രമാണ്‌ 80 ശതമാനം തൊഴിലാളികള്‍ക്കായി വേണ്ടത്‌. പ്രതിവര്‍ഷം ശമ്പളമായി മഹാരാജാവ്‌ സേവകര്‍ക്ക്‌ കൊടുക്കുന്നത്‌ 3500കോടി രൂപ. ഈ 3500 കോടിയുടെ 30 ശതമാനം വരുന്ന 1050 കോടി മാത്രമാണ്‌ 31000ല്‍ 80 ശതമാനം വരുന്ന 24800 ജീവനക്കാര്‍ക്കും കൂടി വരിക എന്നു ഗണിതശാസ്‌ത്രം.

അപ്പോള്‍ മൂന്നില്‍ രണ്ടുഭാഗവും പോകുന്ന വഴി അടയണം. അതാരടക്കും. തീയ്‌ക്ക്‌ വിറകുമതിയാവാത്തതുപോലെയാണ്‌ മനുഷ്യന്റെ ആഗ്രഹങ്ങളും. അധികാരം കൂടിയുണ്ടാവുമ്പോള്‍ ആഗ്രഹങ്ങള്‍ കാട്ടുതീയാവുന്നു. വിഭവങ്ങള്‍ വെണ്ണീറാവുന്നു.

എന്തിനുംപോന്ന ഈ 45 ഡയറക്ടര്‍മാര്‍ക്കും പുറമേ കൊള്ളയ്‌ക്കും പിടിച്ചുപറിയ്‌ക്കും അധികാരമുള്ള 108 ജനറല്‍ മാനേജര്‍മാരുമുണ്ട്‌ മഹാരാജാവിന്റെ കാര്യങ്ങള്‍ ഭംഗിയാക്കാന്‍. ഇവരെല്ലാം കൂടി അവരവരാലാവും വണ്ണം മഹാരാജനെ സേവിച്ചു. അവരവര്‍ക്കാവശ്യമുള്ളത്‌ മഹാരാജാവില്‍ നിന്നുമെടുത്തു. ഒന്നാം തരം സോഷ്യലിസ്‌റ്റ്‌്‌ രീതി.

എല്ലാവരും ഇങ്ങിനെ ആത്മാര്‍ത്ഥമായി ഉത്സാഹിച്ചിട്ടും മഹാരാജന്റെ അസ്ഥികൂടം ബാക്കിയായതിന്‌ നമ്മളാരോടാണ്‌ നന്ദി പറയേണ്ടത്‌? അതെങ്കിലും ബാക്കിയാക്കിയതിന്‌ എല്ലാവരെയും ചുരുങ്ങിയത്‌ മുക്തകണ്‌ഠം പ്രശംസിക്കുകയാണ്‌ വേണ്ടത്‌. പറ്റുമെങ്കില്‍ ബെസ്റ്റ്‌്‌ ലീഡര്‍ഷിപ്പ്‌ അവാര്‍ഡോ മറ്റോ സംഘടിപ്പിച്ച്‌ ആള്‍ക്കൊന്നുവീതം കൊടുക്കുകയും വേണം.

എഞ്ചിനീയര്‍മാര്‍ വാങ്ങുന്ന പ്രവര്‍ത്തനലാഭത്തിന്റെ ഇന്‍സന്റീവ്‌ ശമ്പളത്തിന്റെ മൂന്നിരട്ടിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇങ്ങിനെ കൊടുത്തുപോറ്റാന്‍ നാട്ടില്‍ കിട്ടാത്ത ചരക്കുകളാണോ എഞ്ചിനീയര്‍മാര്‍? 5000കോടി നഷ്ടത്തിലുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനലാഭം കണക്കുകൂട്ടുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിനും ആ വിദ്യയെ അടിസ്ഥാനപ്പെടുത്തി ശമ്പളത്തിന്റെ പലമടങ്ങുകള്‍ ഇന്‍സെന്റീവായി കൊടുക്കാന്‍ തീരുമാനിച്ച തലകളും ഈ ദരിദ്രനാടിന്റെ ആദരവര്‍ഹിക്കുന്നു. ഇങ്ങിനെയുള്ളവരെല്ലാം കൂടി പരമാവധി ശ്രമിച്ചിട്ടും അഭ്യന്തരമാര്‍ക്കറ്റില്‍ 17.1 ശതമാനം കൈയ്യിലുണ്ട്‌ എന്നതുതന്നെ ആ മേഖലയുടെ പ്രത്യേകതയാകണം.

45 ഡയറക്ടര്‍മാരും 108 ജനറല്‍മാനേജര്‍മാരും ചൊറികുത്തിയിരിക്കാനുണ്ടായിട്ടും കാലാനുസൃതമായി മാറ്റം വല്ലതും നടത്തിയിരുന്നെങ്കില്‍ മഹാരാജാവിരുന്നിടം സ്വകാര്യ വിദേശ കമ്പനികള്‍ കൈയ്യേറുമായിരുന്നോ? ആളിരിക്കേണ്ടിടത്ത്‌ ആളിരുന്നില്ലെങ്കില്‍ വേറെയേതോ ജീവി ഇരിക്കുമെന്ന്‌ പ്രമാണം.

തിരുവേപ്പതിയോ കേരളാ സോപ്‌സോ മറ്റോ ആണെങ്കില്‍ ഒടുക്കത്തെ പൂട്ടിട്ട്‌ പൂട്ടി കാരണങ്ങളെല്ലാം തൊഴിലാളികളുടെ തലയില്‍ വച്ചുകെട്ടി സ്ഥലം വിടാമായിരുന്നു. പ്രതിഷേധമായി നാലു മുദ്രാവാക്യനിവേദ്യം അര്‍പ്പിച്ച്‌ തൊഴിലാളികളും പിരിയും. പൂട്ടിക്കാന്‍ പാടുപെട്ട യൂണിയന്‍ നേതാക്കള്‍ സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട്‌ അടുത്ത വേദിയിലേക്ക്‌ കുതിക്കും. നല്ലകുതിപ്പാണെങ്കില്‍ തൊഴിലാളികളെ മാത്രമല്ല, ചിലപ്പോള്‍ മന്ത്രിമാരായി മുതലാളികളെക്കൂടി രക്ഷിക്കും. എയര്‍ഇന്ത്യയാവുമ്പോള്‍ അതുപറ്റുമോ? ജീവന്‍രക്ഷാമരുന്നായി ഖജനാവുതന്നെ ശരണം.

6 comments:

NITHYAN said...

ആരെ നന്നാക്കിയിട്ടാണ്‌ ഇങ്ങിനെ കടത്തില്‍ പുയിത്തുപോയത്‌ എന്ന്‌ തലയ്‌ക്ക്‌ സ്ഥിരതയുള്ള ആരും ചോദിച്ചുപോവും. രാവണന്റെ ഈ ആകാശനൗകയിലാവട്ടെ വൈശ്രവണന്‍മാരല്ലാതെ ഒരൊറ്റ കുചേലനും കയറി കടം പറഞ്ഞ ചരിത്രമില്ല.

mljagadees said...

സത്യം.
നമ്മുടെ കേരളത്തിലെ പല സര്‍ക്കാര്‍ വ്യവസായങ്ങളും അങ്ങനെ തന്നെയാണ്. മില്‍മ, ksrtc, പട്ടുനൂല്‍ കൃഷിയുടെ ഒരു സര്‍ക്കാര്‍ ബോര്‍ഡ്(പേര് മറന്നുപോയി) തുടങ്ങി അനേകം. ഓരോ സര്‍ക്കാര്‍ മാറി വരും തോറും, മാനേജര്‍മാരുടേയും മറ്റ് non-productive ഉദ്യോഗസ്ഥരുടേയും എണ്ണം കൂടിവരും.

chithrakaran:ചിത്രകാരന്‍ said...

സ്വാര്‍ത്ഥ കക്ഷി രാ‍ഷ്ട്രീയത്തിന്റെ ഇത്തിക്കണ്ണി ആക്രമണത്താല്‍ നമ്മുടെ സ്ഥാപനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു.

Jayesh San said...

mikkavarum mnc kalil natakkunna karyamanu ithu....emanmar varikkazhinju vallathum undenkilaayi....

സത said...

good one..

കണ്ണനുണ്ണി said...

ആഗോള പ്രതിസന്ധി, ഇന്ധന വിലകയറ്റം, യാത്രക്കാരുടെ കുറവ് തുടങ്ങിയ കാരണങ്ങള്‍ ഉണ്ടെങ്കില്‍ കൂടി എയര്‍ ഇന്ത്യ യുടെ പ്രതിസന്ധിക്ക് ഒരു വലിയ അളവ് വരെ കാരണം കെടുകാര്യസ്ഥതയും, ആത്മാര്തത ഇല്ലായ്മയും ഒക്കെ തന്നെ..... പക്ഷെ വിഷമകരമായ വസ്തുത എന്തെന്നാല്‍..... നഷ്ടത്തിന് കാരണം ഒരു ചെറിയ ശതമാനത്തിന്റെ കുറ്റം ആണെങ്കിലും ...ഭലം അനുഭവിക്കാന്‍ പോവുന്നത് ഒരു വലിയ സമൂഹം ആണെന്ന് ഉള്ളതാണ്