April 11, 2008

രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും പിന്നെ ദരിദ്രവാസികളും

ഒരെഴുത്തുകാരന്റെ അല്ലെങ്കില്‍ കലാകാരന്റെ ഏറ്റവും വലിയ പ്രതിബന്ധത ജനങ്ങളോടാണ്‌. ആരാന്റെ ഘടികാരത്തിനനുസരിച്ച്‌ സ്വജീവിതം ചിട്ടപ്പെടുത്തുന്നവര്‍ പെരിയ ശാസ്‌ത്രജ്ഞനായില്ലെങ്കില്‍ ചിന്ന കോല്‍ക്കാരനെങ്കിലുമാവുകയാണ്‌ പതിവ്‌. അവനവന്റെ ജീവിതരീതിക്കനുസരിച്ച്‌ ഘടികാരസൂചികള്‍ ഒപ്പിച്ചുവെക്കുന്നവരാണ്‌ കലാകാരന്‍മാരാവുക. അങ്ങിനെയുള്ളവര്‍ വല്ലതുമായിപ്പോയെങ്കില്‍ നേരെ പോയി കാലുപിടിക്കേണ്ടത്‌ ജനങ്ങളുടേതാണ്‌. കലാകാരനെ സംബന്ധിച്ചിടത്തോളം ഭരണകൂടം എന്നുപറഞ്ഞാല്‍ തൊഴുതുനിന്ന്‌ പട്ടുംവളയും വാങ്ങി വാലാട്ടി നില്‌ക്കുവാനുള്ള വേദി കെട്ടിക്കൊടുക്കുന്ന സ്ഥാപനവുമല്ല. മാനം മര്യാദയായി നീണ്ടുനിവര്‍ന്നുനിന്ന്‌ നട്ടെല്ലുവളയാതെ നാലുചീത്ത വിളിക്കേണ്ട സംഗതിയാണ്‌. അതുകൊണ്ടാണ്‌ കേരളത്തിലെ എഴുത്തുകാരില്‍ സ്വന്തമായൊരു തലയും നട്ടെല്ലുമുണ്ടായിരുന്ന നാരായണപിള്ള 'എഴുത്തുകാര്‍ വളര്‍ത്തുപട്ടികളാവരുത്‌ തെരുവുപട്ടികളാകണം' എന്നു പറഞ്ഞത്‌.

കഴിഞ്ഞദിവസം കേരളത്തില്‍ ചലച്ചിത്രഅവാര്‍ഡുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. അക്കാദമി പുല്ലുതിന്നാത്തത്‌ കേരളത്തില്‍ അവശേഷിക്കുന്ന പൈക്കളുടെ ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്‌. ഏതവാര്‍ഡ്‌ കമ്മിറ്റിയെയും എക്കാലത്തും കുഴയ്‌ക്കുന്നത്‌ ഒരു സംഗതിയാണ്‌. കൈ നക്കുന്നവന്‌ കൊടുക്കണമോ അതോ കാല്‍ നക്കുന്നവനു കൊടുക്കണമോ എന്ന ദാര്‍ശനീകമായ ചോദ്യം. ആയൊരവസരത്തിലാണ്‌ ചെയര്‍മാന്റെ യുക്തമായ തീരുമാനത്തിന്‌ മേമ്പ്രന്‍മാര്‍ വിഷയം വിടുക. കൈനക്കുന്നവനെക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ കാല്‌നക്കുന്നവന്‍ തന്നെയായതുകൊണ്ട്‌്‌ അവനുകൊടുക്കണം എന്ന ഉചിതമായ തീരുമാനം കൈക്കൊള്ളലാണ്‌ ചെയര്‍മാന്റെ കടമ.

അതുകൊണ്ടുതന്നെ ചെയര്‍മാന്‌ ഭാഷയുടെ യാതൊരാവശ്യവുമില്ല. നല്ലതും ഒട്ടുമറിയാത്തതാണ്‌. മലയാളം കേട്ടയാളെ കൂടി കണ്ടിട്ടില്ലാത്തൊരാളാണെങ്കില്‍ ഏറ്റവും മുന്തിയ സിലക്ഷന്‍ എന്നുപറയാം. ഗായകരുടെ അക്ഷരശുദ്ധിക്ക്‌ മാര്‍ക്കിടുവാന്‍ ഭാഷാന്ധത ഒരു വലിയ അനുഗ്രഹവുമാകും. രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല.

മഹാത്മാഗാന്ധിക്ക്‌ കിട്ടാത്ത സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലോകത്തെത്രയാള്‍ക്കുകിട്ടി. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സമ്മാനം അതായതുകൊണ്ട്‌ കിട്ടിയവരെല്ലാം ഗാന്ധിജിയെക്കാളും മികച്ച സമാധാനപ്രവാചകനാണെന്ന്‌ നോബല്‍ കമ്മിറ്റിയിലെ വിവരദോഷികള്‍ കൂടി പറയുമെന്നു തോന്നുന്നില്ല.

സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിമേയാന്‍ കാശില്ലാത്ത, സ്‌കൂളില്‍ പോകാന്‍ പിള്ളേര്‍ക്ക്‌ ഉടുതുണിയില്ലാത്ത, ഉടുതുണി കിട്ടിയാല്‍തന്നെ പോകാന്‍ കിലോമീറ്ററുകണക്കിന്‌ ഇന്നും സര്‍ക്കാര്‍ വിദ്യാലയമില്ലാത്ത, കര്‍ക്കിടകം മുട്ടിവിളിക്കുമ്പോള്‍ ഉള്ള വിദ്യാലയങ്ങള്‍ തന്നെ ഇടിഞ്ഞുവീണ്‌ പിള്ളേര്‍ കാലഗതിപ്രാപിക്കുന്ന നരകമാണിവിടം. അത്തരമൊരു സമൂഹത്തിന്‌ ഈ മഹാമഹവും അനന്തരം അനിവാര്യമായ പുലഭ്യം പറയലും കേള്‍ക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ നാലുസ്‌തുതി പറയുവാന്‍ തോന്നിയാല്‍ എന്തദ്‌ഭുതം?

ഇപ്പോള്‍ത്തന്നെ അഭിനയത്തിന്റെയും ഗാനത്തിന്റെയും ഒക്കെ മര്‍മ്മം കണ്ടെത്തി ചികിത്സവിധിക്കാന്‍ പ്രത്യേകപരിശീലനം കിട്ടിയ നിലയവിദ്വാന്‍മാര്‍ മാതൃഭൂമിയിലും മനോരമയിലും ഏഷ്യാനെറ്റിലും ഒക്കെയായി തേരാപാരനടക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനു ബുദ്ധിമുട്ടുണം? അവരു കൊടുക്കട്ടെ. കൊടുത്തു കോണിയിറക്കട്ടെ. ഇനി അതും ജനത്തിന്റെ കാശാണെന്ന അഭിപ്രായമുള്ളവര്‍ കാണും. അവര്‍ക്ക്‌ ഒരു ബഹിഷ്‌കരണപ്രസ്ഥാനം തുടങ്ങാവുന്നതേയുള്ളൂ. ജനം പോയി ദേശാഭിമാനി വാങ്ങട്ടെ. കണ്‍കുളിര്‍ക്കെ കൈരളിയും കാണട്ടെ. പറ്റാത്തവര്‍ 'സന്ദ്രിക' വായിക്കട്ടെ. അതും പിടിക്കാത്തവര്‍ 'ജന്മഭൂമി'യില്‍ തപ്പി സത്യം കണ്ടുപിടിക്കട്ടെ.

ദരിദ്രരില്‍ ദരിദ്രന്‍മാരാണിവിടെ നികുതി മാനംമര്യാദയായി ഒടുക്കുന്നത്‌. ലോട്ടറിരാസാക്കന്‍മാരുടെ സഹസ്രകോടികള്‍ പോനാല്‍ പോകട്ടും പോട. ബാക്കിയുള്ളവറ്റകളുടെ അണ്ണാക്കിലേക്ക്‌ വല്ലതും വീഴാതെ ചത്തുപോകരുതെന്ന മഹാമനസ്‌കത ഒന്നുകൊണ്ടുമാത്രമായിരിക്കണം കുട്ടനാട്ടെ കര്‍ഷകന്‍ വിത്തിട്ടത്‌.

ആ പാവങ്ങള്‍ ആയിരങ്ങള്‍ കടം വാങ്ങി അവനവനു പണിയുണ്ടാക്കിവെക്കുന്നു. മിടുമിടുക്കന്‍മാര്‍ കോടികള്‍ കടംവാങ്ങി ബാങ്കിനു പണിയുണ്ടാക്കിവെക്കുന്നു. ഇതാണ്‌ കൃഷിയും കച്ചവടവും തമ്മിലുള്ള കാര്യമായ വ്യത്യാസം. വെള്ളം വറ്റിയ തോട്ടിലെ പരലുപോലെ കൃഷിക്കാര്‍ ശ്വസംപോകുന്ന അവസ്ഥയിലിരിക്കുമ്പോള്‍ അവാര്‍ഡ്‌ മഹാമഹം. മന്ത്രിമാര്‍ക്കും തന്ത്രിമാര്‍ക്കും മാധ്യമസിണ്ടിക്കേറ്റിനും പരമാനന്ദം.

ഈ ദരിദ്രസംസ്ഥാനത്ത്‌ ദ്രവിച്ച സ്‌കൂളുകള്‍ ഉരുണ്ടുവീണ്‌ കുട്ടികള്‍ വീരസ്വര്‍ഗം പൂകുന്ന ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍, ഒരു ജനതയെതീറ്റിപ്പോറ്റാന്‍വേണ്ടി വിത്തിട്ടവന്‍ കയറുമായി മരംകയറുന്ന സാക്ഷരസുന്ദര കേരളത്തിലെ ദരിദ്രവാസികളുടെ മടിക്കുത്ത്‌ പിടിച്ചുപറിച്ചിട്ട്‌ മോഹന്‍ലാലിനും മറ്റുള്ളവറ്റകള്‍ക്കും എന്താണാവോ നേടാനുള്ളത്‌? അയാള്‍ എഴുതിവിടുന്നതുപോലെ ഗുരുകാരണവന്‍മാരുടെ കടാക്ഷത്തിനാണെങ്കില്‍ സ്‌കോപ്പില്ല. ഏതുചിരജ്ജീവിക്കും അകാലമൃത്യുവിന്‌ സാദ്ധ്യതയുള്ള ശാപത്തിനുമാത്രമാണ്‌ സാദ്ധ്യത.

അച്ഛന്‍ ആനക്കാരനായതുകൊണ്ട്‌ മകന്റെ ആസനത്തിനു തഴമ്പുണ്ടാകും എന്നു തെളിയിച്ചതിനായിരിക്കണം വിജയിക്കവാര്‍ഡ്‌്‌ കെടച്ചത്‌. പാടിയിട്ടാവാന്‍ വഴിയില്ല.
വല്ലാത്തപാട്ടുകള്‍ പാടുന്നവനെക്കള്‍
പാടാത്തവന്‍ നല്ലൂ നിരൂപിച്ചാല്‍
എന്നു നമ്പ്യാര്‍ പണ്ടുപാടിയത്‌ ഇതെല്ലാം മുന്‍കൂട്ടി കണ്ടിട്ടു തന്നെയാവണം. അല്ലെങ്കില്‍ കീറ്റസ്‌ (അതോ വേറെയാരെങ്കിലോ) പാടിയപോലെ 'പാടിയ പാട്ടുകള്‍ മനോഹരം. പാടാത്തത്‌ അതിമനോഹരം.' അതെല്ലാംകൊണ്ട്‌ പാടാത്തതിനായിരിക്കണം കൊടുത്തത്‌.

നാലുപെണ്ണുങ്ങളാണ്‌ അടൂരിന്‌ വിനയായത്‌. ഒറ്റപ്പെണ്ണാണെങ്കില്‍ എന്തെങ്കിലും ഒപ്പിക്കാമായിരുന്നു എന്നാണേതാണ്ട്‌ ജുറിയുടെ അഭിപ്രായം. സംഗതി നാലുപെണ്ണുങ്ങളുടെ കഥയായിപ്പോയിപോലും. പണ്ട്‌ ഒരു പോസ്‌റ്റിന്‌ നാലു സുന്ദരിമാര്‍ വന്നപ്പോല്‍ അഭിമുഖം നടത്തിയ സ്ഥാപനത്തിലെ 'സൂരിനമ്പൂതിരിപ്പാടി'നു പറ്റിയതും അതുതന്നെയാണ്‌. ഏതിനെയെല്ലാം തള്ളണം ഏതിനെ കൊള്ളണം എന്നുപിടികിട്ടാനാവാതെ ബോധം പോയി. ബോധം തെളിഞ്ഞപ്പോള്‍ 'കണ്‍മുന്നില്‍ നീയാണ്‌ സൈനബാ' ന്നു കോഴിക്കോടുകാരന്‍ പാടിയപോലെ അപ്‌സരസ്സുകള്‍ ഒന്നല്ല രണ്ടല്ല നാലെണ്ണം. ഒന്നിനെയും തള്ളാന്‍ മതിയായ കാരണമില്ലാത്തതുകൊണ്ട്‌ നാലെണ്ണത്തിനെയും നിയമിച്ചതായി ഉത്തരവിട്ടു. പോസ്‌റ്റൊന്നും. ജൂറിക്കും സൂരിക്കും ആരുടെയും വിരോധവുമില്ല.

ഇനി ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അതെഴുതിയ ആള്‍ക്കും ചിട്ടപ്പെടുത്തിയ വ്യക്തിക്കും പാടിയ ഗാനഗന്ധര്‍വ്വന്‍ അഥവാ കോകിലത്തിനും ഒരവാര്‍ഡ്‌ അപ്പോ തന്നെ കൊടുക്കണം എന്നു നിത്യന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അങ്ങിനെ പലര്‍ക്കും തോന്നിയിട്ടുണ്ടാകാം. അതിലൊന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. നേരില്‍ കാണുമ്പോള്‍ യാതൊരു ലുബ്ധതയും കാട്ടാതെ അവരവര്‍ കൈയ്യയച്ചു കൊടുത്തുകൊള്ളും. ്‌അത്രയ്‌ക്കൊക്കെ ഉദാരശീലരാണ്‌ മലയാളികള്‍.

മികച്ച മേനകയ്‌ക്കും കേള്‍വിപ്പെട്ട കോകിലത്തിനും കൊടുക്കുന്ന കാശുകൊണ്ട്‌ രാവിലെത്തൊട്ട്‌ രാത്രിവരെ മൂത്രിഫിക്കേഷന്‍ ഫെസിലിറ്റിയില്ലാത്തതുകൊണ്ടുമാത്രം മൂത്രം മുട്ടിച്ചുനടക്കുന്ന നമ്മുടെ മഹാനഗരങ്ങളിലെ ബാക്കി യോഷമാര്‍ക്ക്‌ ആശ്വാസമാവുന്ന ഒരു മൂത്രപ്പുര കെട്ടിക്കൊടുക്കരുതോ? അഭിനന്ദിക്കാന്‍ നാലാളുണ്ടാവുകയും ചെയ്യും. അതിനായിരിക്കണം ഖജനാവില്‍ കൈയ്യിടേണ്ടത്‌. അല്ലാതെ തങ്കഅങ്കി ചാര്‍ത്തിയവന്‌ തോര്‍ത്തുമുണ്ട്‌ വാങ്ങിക്കൊടുക്കാനാവരുത്‌.

ഇനി സര്‍ക്കാര്‍ വക അവാര്‍ഡുകള്‍ കൊടുത്തേ പറ്റൂ എന്നുണ്ടെങ്കില്‍ കുറച്ചുകൂടി കൊടുക്കുക. പോലീസുകാര്‍ തല്ലിക്കൊന്നു വലിച്ചെറിഞ്ഞ ഉദയന്റെ അമ്മയ്‌ക്ക്‌ തുടര്‍ന്നും ജീവിക്കുന്നവകയില്‍ ആദ്യമായൊന്ന്‌ - കേരളത്തിന്റെ ദുഖപുത്രി-സര്‍ക്കാര്‍വക.

എതെങ്കിലും പ്രസ്ഥാനത്തില്‍ വിശ്വസിച്ചുപോയി എന്നകുറ്റത്തിനുള്ള ശിക്ഷയായി രാവിലെ കിടക്കപ്പായില്‍നിന്നെഴുന്നേറ്റുപോയവന്‍ തിരിച്ച്‌ വേറൊരു പായില്‍ ചുരുട്ടിക്കൂട്ടിയെത്തുന്നതുകണ്ട്‌ ബോധം പോയ അവരുടെ ഭാര്യമാര്‍, പറക്കമുറ്റാത്ത കിടാങ്ങള്‍, വൃദ്ധമാതാപിതാക്കള്‍, നിരാലംബരായ സഹോദരങ്ങള്‍ - സഹനത്തിന്റെ ആഴമളക്കാന്‍ കനകസിംഹാസനത്തിലിരിക്കുന്നവര്‍ക്കു കഴിഞ്ഞന്നുവരില്ല. ഇവരെല്ലാം തുടര്‍ന്നും ജീവിക്കുന്നതിന്‌ എതവാര്‍ഡാണ്‌ സുഹൃത്തേ കൊടുക്കുക? ഇവരെ വെട്ടിനുറുക്കിയ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക്‌ സംയുക്തമായി പങ്കിടാന്‍ മികച്ച നരാധമഅവാര്‍ഡ്‌ കൊടുക്കാന്‍ എന്തിനാണ്‌ പിന്നെ വൈകുന്നത്‌?

ഒരു ചെക്കന്‍ പണ്ട്‌ പായസം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വല്യച്ഛന്‍ കയറിവരുന്നത്‌. അപ്പോ മോന്‍-സ്‌റ്ററുടെ അമ്മ അച്ഛാ കുറച്ചു പായസമെടുക്കട്ടേന്നു വിളിച്ചുചോദിച്ചു. വല്യച്ഛന്‌ പ്ലശരുള്ളതാ ഒരു വിത്തൗട്ട്‌പായസം കൊടുത്താമതീന്ന്‌ ചെക്കന്‍ വിളിച്ചുപറഞ്ഞതുകേട്ടിട്ടുണ്ട്‌. അതുപോലെയാണ്‌ അടുത്തപ്രാവശ്യം. രണ്ടവാര്‍ഡാണ്‌ കൊടുക്കുക. നല്ലനടനും സഹനടനും. അതായത്‌ ആദ്യത്തേത്‌ മഹാനടനം, രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും മാത്രം പ്രാപ്യമായത്‌. രണ്ടാമത്തേത്‌ സഹനടനം, പണ്ട്‌ സായിപ്പ്‌ തോട്ടത്തിലുലാത്തുമ്പോല്‍ സിഗരറ്റുപെട്ടിയും ആ
ഷ്‌ട്രേയുമെടുത്ത്‌ പിന്നാലെ നടന്നവന്റെ പുനരാവിഷ്‌കരണം. സഹനടനം എന്നുപറഞ്ഞാല്‍ എതാണ്ട്‌ സഹശയനം പോലെയെന്തെങ്കിലുമായിരിക്കണം എന്നായിരുന്നു ഈയുള്ളവന്റെ ആദ്യധാരണ. സഹശയനത്തില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമാണ്‌. രണ്ടുപേരുടെയും റോളുകള്‍ ഒന്നിനൊന്നുമെച്ചമായില്ലെങ്കില്‍ ക്ലൈമാക്‌സ്‌ സമ്പൂര്‍ണവിജയമാവണമെന്നില്ല. ചിലപ്പോള്‍ എട്ടുനിലയില്‍ പൊട്ടിയെന്നും വരും.

പണ്ടൊരവാര്‍ഡ്‌ പ്രഖ്യാപനം വന്നപ്പോള്‍ കിട്ടാത്തവന്‍ നിലംപതിച്ചു. ഇന്ന്‌ കിട്ടിയ കഥയാലോചിച്ചിട്ടാവണം വേറൊരുവന്‍ നിലംപരിശായത്‌. പണ്ടൊരു നമ്പൂതിരി കോണിയില്‍ നിന്നും താമസംവിനാ താഴെയെത്തിയപ്പോള്‍ ആളുകളെടുത്ത്‌ ഡോക്ടറുടെയടുത്ത്‌ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു, ' എല്ലിന്‌ തകരാറുണ്ട്‌ .എന്തെങ്കിലും ചെയ്യണമെങ്കില്‍ ബോധം കെടുത്തണം'.
'ശുംഭന്‍. ബോധമുണ്ടെങ്കില്‍ ഇങ്ങിനെയെല്ലാം സംഭവിക്ക്വോടോ?' ന്നു തിരുമേനി തിരിച്ചുചോദിച്ചതായി കേട്ടിട്ടുണ്ട്‌. ബോധമില്ലാത്ത ഭരണാധികാരികളും അവരുടെ മുന്നില്‍ കൈനീട്ടിനില്‌ക്കുവാന്‍മാത്രം ബോധമുള്ള കലാകാരന്‍മാരും കൂടിയാവുമ്പോള്‍ സംഗതി ശുഭം.


17 comments:

  1. ഒരു ചെക്കന്‍ പണ്ട്‌ പായസം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വല്യച്ഛന്‍ കയറിവരുന്നത്‌. അപ്പോ മോന്‍-സ്‌റ്ററുടെ അമ്മ അച്ഛാ കുറച്ചു പായസമെടുക്കട്ടേന്നു വിളിച്ചുചോദിച്ചു. വല്യച്ഛന്‌ പ്ലശരുള്ളതാ ഒരു വിത്തൗട്ട്‌പായസം കൊടുത്താമതീന്ന്‌ ചെക്കന്‍ വിളിച്ചുപറഞ്ഞതുകേട്ടിട്ടുണ്ട്‌. അതുപോലെയാണ്‌ അടുത്തപ്രാവശ്യം. രണ്ടവാര്‍ഡാണ്‌ കൊടുക്കുക. നല്ലനടനും സഹനടനും. അതായത്‌ ആദ്യത്തേത്‌ മഹാനടനം, രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും മാത്രം പ്രാപ്യമായത്‌. രണ്ടാമത്തേത്‌ സഹനടനം, പണ്ട്‌ സായിപ്പ്‌ തോട്ടത്തിലുലാത്തുമ്പോല്‍ സിഗരറ്റുപെട്ടിയും ആഷ്‌ട്രേയുമെടുത്ത്‌ പിന്നാലെ നടന്നവന്റെ പുനരാവിഷ്‌കരണം. സഹനടനം എന്നുപറഞ്ഞാല്‍ എതാണ്ട്‌ സഹശയനം പോലെയെന്തെങ്കിലുമായിരിക്കണം എന്നായിരുന്നു ഈയുള്ളവന്റെ ആദ്യധാരണ. സഹശയനത്തില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമാണ്‌. രണ്ടുപേരുടെയും റോളുകള്‍ ഒന്നിനൊന്നുമെച്ചമായില്ലെങ്കില്‍ ക്ലൈമാക്‌സ്‌ സമ്പൂര്‍ണവിജയമാവണമെന്നില്ല. ചിലപ്പോള്‍ എട്ടുനിലയില്‍ പൊട്ടിയെന്നും വരും.

    ReplyDelete
  2. ഹാറ്റ്സ് ഓഫ് ടു യൂ നിത്യാ..

    കുറിക്കു കൊള്ളുന്ന കുറിപ്പ്...

    ReplyDelete
  3. നല്ല ഒരു പോസ്റ്റ്

    ReplyDelete
  4. Gift, Prize, Award, Gold.......These are headier than the liquor that Malayalee consumes these days.......

    Nithyan mocks at this insane instinct induced into the innocent minds by the incinerators of Indian ethics and incarnations of indecency.

    Narayana Swamy (Goa)

    ReplyDelete
  5. ഇത് കലക്കി മച്ചാ.
    അവാര്‍ഡ് കിട്ടിയവനും, കിട്ടാത്തവനും, കൊടുത്തവനും കൊടുക്കാത്തവനും പരസ്പരം പാടുന്ന പൂരപ്പാട്ടു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ക്കാര്‍ പാടുന്ന തെറിപ്പാട്ടൊരു പാട്ടാണോ? അതില് വല്ല തെറിയുമുണ്ടോ?! ഇവന്മാരു പാടുന്ന പാട്ടല്ലേ പാട്ട് !!

    പണ്ട് മോഹന്‍ലാല്‍ ‘കാലാപാനി’ എടുത്തപ്പോള്‍ അതിനു മികച്ച ചിത്രത്തിനുള്ള അവാര്‍ഡു കൊടുത്തില്ലെന്നും മികച്ച രണ്ടാമത്തെ ചിത്രമായി കാലാപാനിയെ തരം താഴ്ത്തിയെന്നും ആരോപിച്ചു ആ അവാര്‍ഡ് താന്‍ നിരസിക്കുന്നുവെന്നും പറ്ഞ്ഞു. കാലാപാനിയുടെ അവാര്‍ഡ് നിരസിച്ച അതേ ലാല്‍ അതേ സ്റ്റേജില്‍ അതേ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഒരു ഉളുപ്പുമില്ലാതെ വാങ്ങി.

    ‘നാലു പെണ്ണുങ്ങള്‍’ നാലു കഥയാണെന്നും നാലിനേയും പരസ്പരം കൂട്ടിച്ചേര്‍ക്കുന്നതില്‍ സംവിധായകന്‍ പരാജയപെട്ടെന്നും ജൂറി വിലയിരുത്തല്‍. ഈ ജൂറി അംഗങ്ങള്‍ വിശ്വപ്രസിദ്ധ ചലചിത്രകാരന്‍ ‘അക്കിരാ കുറസോവ’ യുടെ അവസാന കാല ചിത്രങ്ങളിലോന്നായ ‘ഡ്രീംസ്’ കണ്ടിട്ടുണ്ടോ എന്തൊ? വ്യത്യസ്ത ഒന്‍പത് സ്വപ്നങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ആ സിനിമ. ഒന്‍പതും തികച്ചും വ്യത്യസ്തം. അതിനെ ആരും മോശം സിനിമ എന്നു ലോകത്തിലിന്നു വരെ വിലയിരുത്തിയിട്ടില്ല.

    പണ്ട്, തിയ്യറ്ററില്‍ ഒറ്റ ദിവസം കൊണ്ടു മതിയാക്കി പെട്ടി മാറിയ ചിത്രമാണ് ലെനിന്‍ രാജേന്ദ്രന്‍ സഖാവിന്റെ ‘കുലം’ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്ല്യമുള്ള സിനിമ എന്ന അവാര്‍ഡ് അന്നത്തെ ഇടതു സര്‍ക്കാര്‍ നല്‍കി.മിണ്ടാന്‍ ഒരു എമ്പോക്കികളും ഉണ്ടായില്ല. സാധാരണ ജനമല്ലാതെ...

    ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ ഇവന്മാരുടെ മുഖത്തു നോക്കി പാടാന്‍ എനിക്കു മുട്ടുന്നു :
    ‘താനാരോ തന്നാരോ തന
    താനേത് .......ണ്ടോ”

    ReplyDelete
  6. Nithyan,

    grt post.... ivaronnum nannavillede.... orikkalum... oru kalathum gathipidikoola.. nammude keralam alle?

    Unni
    CA, USA

    ReplyDelete
  7. നിത്യന്‍, തകര്‍ത്തുകളഞ്ഞു. ഒരവാര്‍ഡ്‌ നിത്യനും

    ReplyDelete
  8. എല്ലാം ഒരു പ്രഹസനം മാത്രം

    നല്ല കുറിപ്പ്

    ReplyDelete
  9. സത്യാധിഷ്ഠിതമായ ഒരു വിശകലനം. വളരെ നന്നായിരിക്കുന്നു. മലയാളം കണ്ട മഹാനടന്മാരായ ഒടുവില്‍ ഉണ്ണിക്കൃഷ്ണനും കുഞ്ഞാണ്ടിയും ഒക്കെ അരങ്ങൊഴിഞ്ഞു..ആരുമറിയാതെ..

    പൊളിറ്റിക്സ്‌ അറിയുന്ന ചില കോമരങ്ങള്‍ അവരുടെ മുന്നിലൂടെ മഹാനടന്‍മാരായി നടക്കുന്നതു കാണുമ്പോഴൊക്കെ ഞാന്‍ ഒരുപാടു വേദനിച്ചിരുന്നു....

    അഭിനയത്തിന്റെ കാതല്‍ അറിയുന്ന എത്രപേര്‍ ഇന്നുണ്ട്‌..ഏതെങ്കിലുമൊക്കെ കോമരത്തിനു വിളക്കെടുക്കാതെ ഇവിടെ ആര്‍ക്കും ആട്ടക്കാരനാകാന്‍ പറ്റുന്നില്ല ഇപ്പോള്‍..

    ഈ പോസ്റ്റിനു നിത്യനു നന്ദി...

    ReplyDelete
  10. എന്റെ വക ഒരു അവാര്‍ഡു നിത്യന്‍ മാഷിനു. മാഷു പറഞത് അക്ഷരം പ്രതി ശരിയാണു

    ReplyDelete
  11. എന്നും ലാലിനും മമ്മൂട്ടിക്കും മത്രം മതിയോ അവാര്‍ഡു കേരളത്തില്‍ ഭരണം മാറുന്നതുപോലെയാണു അവാര്‍ഡും ഒരു കൊല്ലം മമ്മൂട്ടി അടുത്ത കൊല്ലം മോഹന്‍ ലാല് ചെറിയ വേഷം ചെയ്യുന്ന പല നടമ്മാരും നായകരല്ലാത്തതിനാല്‍ അവാര്‍ഡു ലഭിക്കാതെ പോകുന്നു

    ReplyDelete
  12. നിത്യാ

    ഉഗ്രന്‍. രാക്ഷസരാജാക്കന്മാരും രാവണപ്രഭുക്കളും നീണാള്‍ വാഴട്ടെ. മുറ തെല്ലും തെറ്റാതെ അവര്‍ക്ക് അരിയിട്ടുവാഴ്ചനടത്തുന്ന അവാര്‍ഡ് കമ്മിറ്റി പിമ്പുകളും.

    അഭിവാദ്യങ്ങളോടെ,
    രാജീവ് ചേലനാട്ട്

    ReplyDelete
  13. വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും നന്ദി. വായിക്കപ്പെടുന്നില്ലേന്നൊരു സംശയം ആദ്യമുണ്ടായിരുന്നത്‌ പിന്നീട്‌ തീര്‍ന്നു. ഒരുവര്‍ഷം തുടര്‍ച്ചയായി പത്രത്തില്‍ കോളമെഴുതിയപ്പോഴുണ്ടായതിലും സുഖം. ഒന്നുകൂടി ഗൗരവമായ വായനയും ബ്ലോഗില്‍ നടക്കുന്നുവെന്നു തോന്നുന്നു.

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട് നിത്യന്‍ ..
    സ്നേഹാശംസകളോടെ,

    ReplyDelete
  15. ഭാവതീവ്രതയേറിയ കുറിക്കുകൊള്ളുന്ന ശൈലി. നിത്യന്‍ ആശംസകള്‍.

    ReplyDelete