July 02, 2010

ജാതിക്കൊലയും ജാതിരാഷ്ട്രീയവും


മനിതനില്‍ നിന്നുമാണ് മാന്യതയുണ്ടായതെന്നു തോന്നുന്നു. മനിതന്‍ മുന്നോട്ടുപോവുമ്പോള്‍ മാന്യത പിടിവിട്ടു പിന്നോട്ടുപോവുകയാണ്. അല്ലാതെ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് സംഭവിക്കേണ്ട കാര്യമില്ല. കറുത്ത സായിപ്പന്‍മാരുടെ ചാനലുകള്‍ ജാതിയുടെ പേരില്‍ അമ്മ മകളെ കൊന്നതിന് നല്കിയ ചെല്ലപ്പേര് 
Honor Killing എന്നാണ്.

ഇനി ഹോണര്‍ എന്ന അംഗ്രേസിയുടെ അര്‍ത്ഥം ഒന്നുനോക്കിയാല്‍ സംഗതിയുടെ പോക്ക് പിടികിട്ടും. Dr Samuel Johnson, in his A Dictionary of the English Language (1755), defined honour as having several senses, the first of which was 'nobility of soul, magnanimity, and a scorn of meanness. അതായത് ആത്മാവില്‍ വിശുദ്ധിയും മഹത്വവും ഉണ്ടായിരിക്കണം, അല്പത്വം നാലയലത്തുണ്ടാവാനും പാടുള്ളതല്ല.

ഈയൊരു പദത്തെയാണ് ജാതിക്കൊല എന്നുവിളിക്കേണ്ട സംഗതിക്ക് എടുത്തുചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ജാതിക്കും മതത്തിനും യാതൊരു മഹത്വവും കല്പിക്കാത്തതുകൊണ്ടാണല്ലോ നമ്മള്‍ സെക്യുലര്‍ ആയത്. അതായത് ഹോണറബ്ള്‍ ആയി ഒന്നും നമ്മള്‍ ജാതിയില്‍ കണ്ടില്ല. ഇപ്പോള്‍ ജാതിക്കുവേണ്ടി ജാതിയുടെ പേരില്‍ ജാതിഭ്രാന്തന്‍മാര്‍ നടത്തിയ കൊലകള്‍ മുഴുവന്‍ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് ആയത് എന്തു ന്യായത്തിന്‍മേലാണ്?

സൗകര്യം കിട്ടുമ്പോഴെല്ലാം നാനാത്വത്തിലെ ഏകത്വത്തെപ്പറ്റി ലോകജനതയ്ക്ക് സ്‌പെഷല്‍ ക്ലാസെടുത്തുകൊടുക്കുന്നവരാണ് നമ്മള്‍. അതേ നമ്മളുടെ ഹെഡ്ഡാഫീസായ ദില്ലിയിലാണ് മാന്യവധങ്ങള്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നത്.

സംസ്‌കാരസമ്പന്നരായ ആളുകളുടെ കേളീപ്രദേശമാണ് മഹാനഗരങ്ങള്‍. ഗ്രാമങ്ങള്‍ വിവരദോഷികളുടെയും. എന്നാലും ഇവിടെ നടന്ന ജാതി-വര്‍ഗീയ കലാപങ്ങളുടെ കണക്കെടുത്താല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും നടന്നിട്ടുണ്ടാവുക സംസ്‌കാരസമ്പന്നരുടെ വിഹാരരംഗമായ മഹാനഗരങ്ങളിലായിരിക്കും. തൂണിനുകെട്ടിയ പട്ടിയെപോലെ ജാതിക്കു ചുറ്റും തിരിയുകയാണ് നമ്മുടെ സംസ്‌കാരമെങ്കില്‍ സത്യമായും നമ്മുടെ തലകള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പോലീസിന്റെ കഴിവുകേടിനെപറ്റി ഘോരഘോരം ആളുകള്‍ പ്രസംഗിക്കുന്നതു കേട്ടു. അതായത് അന്യജാതിക്കാരനെ കെട്ടിയ മകളെ അമ്മ കൊന്നു കൊലവിളിച്ചു. മാനവകുലത്തിന്റെ അന്തസ്സ് പാതാളദര്‍ശനം നടത്തിയെങ്കിലും ജാതിയുടെ മഹത്വം വാനോളമുയര്‍ന്നു. പെങ്ങളെയും കെട്ടിയോനെയും ആങ്ങളമാരും മാതാപിതാക്കളും ബന്ധുമിത്രാദികളും എല്ലാം ചേര്‍ന്ന് ഒരു സംയുക്തമുന്നേറ്റത്തിലൂടെ വലയിലാക്കി വെട്ടിനുറുക്കി വലിച്ചെറിഞ്ഞൂ. ദാനവകുലത്തിന്റെ അന്തസ്സ് അന്നുവരെ കാണാത്ത ഉയരമാണ് കീഴടക്കിയത്. ഈ സംഭവങ്ങളെല്ലാം നടന്നത് പോലീസുകാരുടെ കൊള്ളരുതായ്മ കൊണ്ടാണ് എന്നതായിരുന്നു ചിലരുടെ തങ്കപ്പെട്ട അഭിപ്രായം.

പോലീസുകാര്‍ ഇനിതൊട്ട് നാട്ടിന് കാവല്‍ നില്ക്കണോ അതോ ലന്തത്തോക്കുമെടുത്ത് ഓരോ വീട്ടിലെയും കിടപ്പുമുറികള്‍ക്ക് കാവല്‍ നില്‍ക്കണോ എന്നെല്ലാം ആലോചിച്ച് തീരുമാനിക്കാവുന്നതേയുള്ളൂ. ചര്‍ച്ചയ്ക്ക് വരുന്നതിനുമുന്‍പേ അതൊന്നും ആലോചിക്കാന്‍ ആളുകള്‍ക്ക് സമയം കിട്ടണമെന്നുമില്ല. ഏതായാലും ഒന്നു നടപ്പാക്കി. കിട്ടിയ വടികൊണ്ടു പോലീസുകാരുടെ തലയ്ക്കിട്ടു കൊട്ടി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുവാനും കൊട്ടിയവരുടെ തന്തയ്ക്കുവിളിക്കാനുമുള്ള അവകാശം തല്ക്കാലം ഇല്ലാത്തതുകൊണ്ട് അപമാനം അക്കൂട്ടര്‍ മുന്നിലത്തെ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചുകാണണം. തരം കിട്ടുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും ദരിദ്രവാസിയുടെ യോഗം തെളിയുമ്പോള്‍ ആയൊരു കണക്കു പലിശ സഹിതം തീര്‍ക്കുക മാത്രമാണ് പോലീസുകാരുടെ മുന്നിലുള്ള വ്യവസ്ഥാപിത മാര്‍ഗം.

ഒരു മതനിരപേക്ഷ സമൂഹത്തില്‍ ജാതിയുടെ പേരിലുള്ള തെമ്മാടിത്തത്തിന് ഹോണര്‍ അഥവാ മഹത്തരം എന്ന വിശേഷണം പകര്‍ന്നു നല്കിയത് പോലീസുകാരാണോ രാഷ്ട്രീയനേതൃത്വങ്ങളാണോ അധമ മാധ്യമ സംസ്‌കാരമാണോ എന്നെല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ട ചുമതല ഇവിടുത്തെ സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ക്കുണ്ട്. കുപ്പിവെള്ളവും അണ്ടിപ്പരിപ്പും തിന്ന് കൊളസ്‌ട്രോളും ഗ്യാസ്ട്രബഌമായി നിലം തൊടാത്ത തീസിസുകള്‍ക്കു ചുറ്റും ഭ്രമണംചെയ്യുന്നവര്‍ അടിയന്തിരമായി ഒരു ദണ്ഡിയാത്ര നടത്തേണ്ട സമയമാണിത്.

ഈ ജാതിക്കൊലയ്ക്ക് ജാതിരാഷ്ട്രീയവുമായി വല്ല ബന്ധവുമുണ്ടോ? സെക്യുലറിസം എന്ന വാക്ക് ഭരണഘടനയില്‍ പതിഞ്ഞതോടെ ചത്തകുതിരകളായ ജാതികളെ ഒന്നൊന്നായി പുനര്‍ജീവിപ്പിച്ച് പടയോട്ടം നടത്തിച്ചതിന് ഉത്തരവാദികള്‍ ആരാണ്? നാലാള്‍ കേട്ടാല്‍ നാറ്റക്കേസെന്നു പറയുന്ന സംഗതിയാണ് ഇന്ത്യയിലെ ജാതിമാഹാത്മ്യം. ഉദരനിമിത്തം നാലുവോട്ടിനായി ഈ സെപ്റ്റിക് ടാങ്ക് ഒരിക്കലെങ്കിലും ചുമക്കാത്തവരായി ഒരൊറ്റ രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് ഭീകരന്‍മാരെക്കാളും വലിയ ഭീകരസത്യം.

ഇല്ലാത്ത മഹത്വം ജാതിയുടെ ശിരസ്സില്‍ വച്ചുകെട്ടിക്കൊടുത്തത് ജാതിരാഷ്ട്രീയമാണ്. അങ്ങിനെയാവുമ്പോള്‍ ജാതിരാഷ്ട്രീയത്തിന്റെ വൃത്തികെട്ട കുടത്തില്‍നിന്നും പുറത്തുചാടിയ സത്വമാണ് ജാതിക്കൊല. ജാതിരാഷ്ട്രീയം എന്നതിന് കാസ്റ്റ് പൊളിറ്റിക്‌സ് എന്നാവാമെങ്കില്‍ ജാതിയുടെ പേരിലുള്ള കൊലയ്ക്ക് കാസ്റ്റ് കില്ലിംഗ് എന്നുപറയാന്‍ നാവ് എന്തുകൊണ്ടു വളയുന്നില്ല. ഇനി ഹോണര്‍ കില്ലിംഗ് വെളിപ്പെടുത്തുന്നത് ജാതിക്ക് നമ്മള്‍ കല്പിച്ചുകൊടുക്കുന്ന മഹത്വം തന്നെയല്ലേ. എങ്ങിനെയാണ് നമ്മള്‍ സെക്യുലറാവുന്നത്?


ചാനല്‍ ചര്‍ച്ചകളില്‍ ഒരു കൂട്ടര്‍ പുതിയൊരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയില്‍ ഊന്നിയൂന്നിയാണ് നടുവൊടിഞ്ഞത്. കിടിലന്‍ ആശയം. പത്രപ്രവര്‍ത്തകയായ മകളെ അന്യജാതിയില്‍ പെട്ട ഒരുത്തനെ കെട്ടിയ മഹാപാതകത്തിന് മാതാപിതാക്കള്‍ വധശിക്ഷയ്ക്കു വിധിച്ചു. ജാതിയുടെ പേരില്‍ മകളെ കൊന്ന അമ്മയില്‍നിന്നും പെങ്ങളെയും കെട്ടിയോനെയും വെട്ടിനുറുക്കിയ ആങ്ങളമാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പുറപ്പെടുന്ന തലകളെ ജീവനോടെ എത്രയും പെട്ടെന്ന് കോട്ടക്കലിലോ വൈദ്യമഠത്തിലോ എത്തിക്കുകയാണ് വേണ്ടത്. ലക്ഷണമൊത്ത ഒരു നെല്ലിക്കാത്തളം ആ മൂര്‍ദ്ദാവില്‍ ഒരിക്കലും ഒരു അലങ്കാരമായി ഭവിക്കുകയില്ല, ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

വിശേഷിച്ച് ഒന്നും നമ്മളെക്കൊണ്ട് ചെയ്യാനില്ലാത്തപക്ഷം ആടാന്‍ പറ്റിയ ഏറ്റവും മുന്തിയ അനുഷ്ഠാനകലാരൂപമാണ് ആഴത്തിലുള്ള പഠനവും നിയമനിര്‍മ്മാണവും. ആദിവാസികളെ വൃത്തിയായി ഒരരുക്കാക്കി ഇപ്പോള്‍ അരിവാളായി (രോഗം) മരിക്കാന്‍ യോഗമുണ്ടാക്കിക്കൊടുത്തതെല്ലാം ചില്ലറക്കാര്യങ്ങളാണോ. 


ഘോരഘോരനിയമനിര്‍മ്മാണങ്ങളിലൂടെ അങ്ങിനെ എന്തെല്ലാം സംഗതികളില്‍ നമ്മള്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് റിപ്പോര്‍ട്ടു വരുമ്പോഴേയ്ക്കും മന്ത്രിസഭയുടെ കാലാവധി തന്നെ കഴിഞ്ഞിട്ടുണ്ടാവും. അതുവരെ സിറ്റിങ്ങും സ്റ്റാന്റിംഗുമായി മണിക്കൂറുകളെ കുരുതികൊടുത്ത് മിനിറ്റുകള്‍ വിരചിക്കുന്ന അസ്സലൊരേര്‍പ്പാട്. ധനനഷ്ടവും മാനഹാനിയും ജനത്തിനു മാത്രമെന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം.

വിഭജിച്ചുഭരിക്കാന്‍ പണ്ട് സായിപ്പിനെ കയ്യയഞ്ഞു സഹായിച്ചത് ഇവിടുത്തെ ജാതികളായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു കണക്കുകിട്ടാന്‍ സായിപ്പ് ജാതി തിരിച്ച് തലയെണ്ണി, അതിന് സെന്‍സസ് എന്നു നാമകരണം ചെയ്തു. അനന്തരം മുക്കാല്‍ നൂറ്റാണ്ട് കഴിയാറായിട്ടും ജാതിയുടെ എണ്ണം പിടിക്കാന്‍ നടക്കുകയാണ് കറുത്തസായിപ്പന്‍മാര്‍. വെളുത്ത സായിപ്പു ഭിന്നിപ്പിച്ചു ഭരിച്ചു. കാപ്പിരി സായിപ്പ് പ്രീണിപ്പിച്ചു ഭരിച്ചു. എന്തുണ്ട് വ്യത്യാസം. അയ്യരുടെ കുറിയും അയ്യങ്കാരുടെ കുറിയും പോലെ നെറ്റിയെന്ന വിശാല കാന്‍വാസില്‍ ഒന്നു കുത്തനെ നില്ക്കുമ്പോള്‍ മറ്റത് വിലങ്ങനെ കിടക്കും.

ഇല്ലാത്ത മഹത്വം ജാതിക്കും മതത്തിനും കൊടുത്തതാണ് എല്ലാറ്റിനും കാരണമെന്നിരിക്കേ ജന്മനാ ഭ്രാന്തിന്റെ ബീജം വഹിക്കുന്ന പട്ടിക്ക് പേ പിടിച്ചതിന്റെ കാരണം പോത്തിന്റെ തലയില്‍ ഇട്ടുകൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജാതിക്കൊലയുടെ കാലത്തും ജാതിതിരിച്ച് സെന്‍സസ് വേണമെന്ന് വാദിക്കുന്ന ജാതിരാഷ്ട്രീയക്കാര്‍ മുന്നില്‍ നിന്ന് രാജ്യത്തെ പിന്നോട്ടു നയിക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി കാലമിത്രയായിട്ടും ഒരേക സിവില്‍കോഡില്ലാത്ത നിങ്ങള്‍ എന്ത് സെക്യുലറാണെന്ന് ചോദിച്ച തസ്ലീമ നസ്രീന്‍ എത്ര ശരി.

3 comments:

  1. മനിതനില്‍ നിന്നുമാണ് മാന്യതയുണ്ടായതെന്നു തോന്നുന്നു. മനിതന്‍ മുന്നോട്ടുപോവുമ്പോള്‍ മാന്യത പിടിവിട്ടു പിന്നോട്ടുപോവുകയാണ്. അല്ലാതെ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് സംഭവിക്കേണ്ട കാര്യമില്ല. കറുത്ത സായിപ്പന്‍മാരുടെ ചാനലുകള്‍ ജാതിയുടെ പേരില്‍ അമ്മ മകളെ കൊന്നതിന് നല്കിയ ചെല്ലപ്പേര്
    Honor Killing എന്നാണ്.

    ReplyDelete
  2. ഹെയ്...!!! ജാതിയോ ????
    അങ്ങനെയൊന്ന് ഇന്ത്യാമഹാരാജ്യത്ത്...
    ആര്‍ഷഭാരതത്തില്‍ ...
    ഉണ്ടായിട്ടേയില്ല.
    വെറുതെ ആളെ തമ്മിലടിപ്പിക്കാന്‍
    ചിലരിറങ്ങിയിരിക്കുന്നു !!!
    ജാതിയും ജാതി രാഷ്ട്രീയവും,ജാതിക്കൊലയുമൊക്കെ
    നമ്മുടെ മഹത്തായ രാജ്യത്തുണ്ടെന്ന് സ്ഥാപിക്കാന്‍ !!!
    ന്വാം അദ്വൈതിണ് :)

    ReplyDelete