ഭൂമുഖത്തെന്തിനോടാണ് നിത്യനേറ്റവും വലിയ
ആരാധനയെന്നു ആരെങ്കിലും ചോദിച്ചാല്‍ മൊട്ടത്തലയില് തുടുത്ത ആപ്പിളോ ഉണക്കു
തേങ്ങയോ പഴുത്ത ചക്കയോ വീണ് ബോധോദയമോ മോഹാലസ്യമോ
ഒന്നുമുണ്ടാവേണ്ടകാര്യമില്ല. ഉത്തരം എന്നേ റെഡിയാണ് - അതു വനിതകളോടാണ്,
വനിതകളോടുമാത്രം. അടുത്തത് ആരോടാണെന്നു ചോദിച്ചാല്‍ പണ്ട് ചാര്‍ലി ചാപ്ലിന്
പറഞ്ഞ മറുപടി നിത്യനും പറയും. അങ്ങിനെയൊന്നുണ്ടായിട്ടുവേണ്ടേ?
ഞാനെന്നും എല്ലാവരോടും നിത്യകാമുകിയോടു നിത്യവും, ക്ഷമയുടെ
നെല്ലിപ്പടിയില്‍ നിന്നും മഹതി ഉരുണ്ടുതാഴെവീഴുന്നതിനും തപ്പിത്തടഞ്ഞ്
എഴുന്നേല്ക്കുന്നതിനുമിടയിലെ ആ നാലു സെക്കന്റില്‍ കൂടി
അതുദ്ബോധിപ്പിക്കുന്നതാണ്.
പണ്ടു പായില്‍ കയ്യും
കാലുമിട്ടടിക്കുന്ന കുഞ്ഞായിരിക്കുമ്പോള്‍ ആണും പെണ്ണും തമ്മില്‍ വലിയ
വകഭേദമുണ്ടോ? ഉണ്ടെന്നാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ഇല്ലെന്നാണെന്റെ
ഉത്തരം. ഒരേ കരച്ചില്, ഒരാവശ്യത്തിനും മുടക്കമില്ല. സദാ പരിചാരകര്‍
ചുറ്റിലും. ഇമ്മിണി ബല്യ തറവാടാണെങ്കില് സെന്‍ട്രി ഡ്യൂട്ടിക്ക് ആളുകള്‍
മാറിമാറി. കുടുംബം തികച്ചും ഒരു മോണ്സ്റ്ററുടെ ഉത്തരവിനായി കാതോര്‍ത്തു
ചുറ്റിലുമിരിക്കുന്ന എന്തുസുന്ദരമായ അവസ്ഥയാണത്. അതുകൊണ്ടാണ് രജനീഷ്
പറഞ്ഞത് സ്വാര്‍ത്ഥതയുടെ ഏറ്റവും വലിയ ഉദാഹരണം മുലകുടിമാറാത്ത
കുട്ടികളാണെന്ന്. കാരണം ലോകം തന്നെ അവരെ ശുശ്രൂഷിക്കാന്‍ വേണ്ടിയാണെന്നൊരു
ബോധമാണവരില്, ആണ്‍പെണ്‍ ഭേദമില്ലാതെ. അതായത് ആണും പെണ്ണും രണ്ടു കൈവഴിയായി
ഒഴുകാന്‍ തുടങ്ങുക പിന്നീടാണ്.
യാതൊരുവിധ വിവേചനവുമില്ലാതെ
പിള്ളാരു രണ്ടും വളരട്ടെ എന്നു കരുതിയാണ് വീട്ടില്‍ ചില പരിഷ്കാരങ്ങളൊക്കെ
നടപ്പില്‍വരുത്തിയത്. ഒന്ന് ആണാണെന്നും മറ്റേത് പെണ്ണാണെന്നും ഏതെങ്കിലും
ഒന്നിന് മറ്റേതിനേക്കാള്‍ ഏതെങ്കിലും ആനുകൂല്യമുണ്ടെന്ന ബോധമുളവാക്കുന്ന
യാതൊന്നും വാക്കിലോ നോക്കിലോ ചിന്തയിലോ ഉണ്ടാവരുത്. പൊരക്ക്
തീപ്പിടിച്ചകാര്യമറിയിച്ചാലും അടിയന്തിരമായി ഒരു തീരുമാനത്തിലെത്താന്‍
ചുരുങ്ങിയത് ഒന്നരദിവസത്തെ സമയമെങ്കിലും ആവശ്യമായിവരുന്നതുകൊണ്ട്
നിത്യകാമുകി പൊതുവേ അഭിപ്രായം ചോദിച്ചു കുളത്തിലിറങ്ങുക പതിവില്ല.
മൂപ്പരുടെ തീരുമാനം ഇങ്ങോട്ടറിയിക്കും, സമാധാനപ്രിയനായതുകൊണ്ടും മൂപ്പരുടെ
കഴിവില്‍ അപാരവിശ്വാസമുള്ളതുകൊണ്ടും സ്വന്തം നിലയില്‍ പിന്നെയൊരാലോചോനയില്ല.
ഫയലില്‍ കണ്‍സെന്റ് വിത്തൗട്ട് കമന്റ്സ് രേഖപ്പെടുത്തുകമാത്രമാണ് പതിവ്.
അങ്ങിനെ രണ്ടിനും ഒരേ ഭക്ഷണം, ഒരേ വെള്ളം, തവിടുപൊടിയാക്കാനുള്ള
സകലസാമഗ്രികളും ഒന്നുതന്നെ. പറിച്ചുകീറാനുള്ള വാരികകള്‍ പത്രക്കടലാസുകള്‍,
മുനകുത്തിയൊടിക്കാനുള്ള പെന്നുകള് പെന്സിലുകള്, എന്തിന് പിഴുതു
വേരോട്ടത്തിന്റെ കൃത്യത അറിയുവാനുപകരിക്കുന്ന സസ്യലതാദികള്‍, പുറംകടലില്പോയി
ആദ്യമായി കൊമ്പനെ കുടുക്കിയ അരയന്റെ അഭിമാനത്തോടെ അമ്മ നട്ടുനനച്ച
പയറിന്റെ പൂവുമൊടിച്ച് 'കിത്തിപ്പോയ്' എന്നുവിളിച്ചുപറഞ്ഞ് ഓടിയണയുവാനുള്ള
സൗകര്യം ഒന്നിനും ഒരു കുറവുമില്ല. സമ്പൂര്‍ണ തുല്യത. കൂടാതെ ഒന്.എന്‍.വി
പാടിയതുപോലെ കയ്യില്‍ വളയില്ല, പാടാത്തതുപോലെ കാതില്‍ തുളയില്ല,
മെയ്യിലലങ്കാരമൊന്നുമില്ല. ചെക്കന് കലമുടച്ചാല് പെണ്ണു കച്ചട്ടിയുടക്കുന്ന
പ്രകൃതം.
സംഗതികളങ്ങിനെ പുരോഗമിക്കുമ്പോഴാണ് കളിയില്‍ ചില്ലറ
മാറ്റം ദൃശ്യമാവുന്നത്. രണ്ടുവയസ്സ് തികച്ചുമാവാത്ത പെണ്ണ് ഒരു നാള്
വന്നുപറഞ്ഞു. 'നിക്ക് മാലവേണം, കാതല്‍ വേണം, ബളവേണം'. ഇതു കേട്ട പാതി
കേള്‍ക്കാത്ത പാതി, ഞാന്‍ നേരത്തേപറഞ്ഞ ആ കണ്‍സന്റ് വിത്തൗട്ട് കമന്റ്സ്
മുന്‍കാലപ്രാബല്യത്തോടെ നള്‍ ആന്റ് വോയ്ഡ് ആയി, പോതിയുടെ കോമരത്തെ
അനുസ്മരിപ്പിക്കും വിധം മഹതി ഒരു മികച്ച പ്രകടനം കാഴ്ചവച്ചു. 'അന്നേ
പറഞ്ഞതാ ഞാന്‍ കാതു കുത്തിക്കാന്‍, ഇനിയിപ്പോ എത്ര പാടുണ്ട് അതൊന്നു
കുത്താന്‍'. തത്സമയം തന്വംഗിയുടെ മുന്നില്‍ പെട്ട നമ്മുടെ ഒരു ഗ്രന്ഥം
ബഹിരാകാശം ലക്ഷ്യംവച്ചു കുതിച്ചുയര്ന്നുവെങ്കിലും ഒടുക്കത്തെ ആ
സീലിംഗുകാരണം തിരിച്ചു ക്രാഷ്ലാന്റുചെയ്യേണ്ടിവന്ന വിവരവും ഇതോടൊപ്പം
വ്യസനസമേതം അറിയിക്കുന്നു.
അടുത്തദിവസം തന്നെ നോക്കുമ്പോഴേക്കും
ആടയാഭരണങ്ങളെല്ലാമണിഞ്ഞ് അന്തസ്സായിരിക്കുകയാണു മോള്. കൊള്ളക്കാരന്
വീരപ്പന്റെ ദേഹം പോലെ കിട്ടിയതെല്ലാം ചാര്ത്തിയിട്ടുണ്ട്്. പോലിസിന്റെയും
ഫയര്ഫോഴ്സിന്റയും ഇന്ത്യന്‍ പട്ടാളത്തിന്റെയും ബി.എസ്.എഫിന്റെയും
ചിഹ്നങ്ങളെല്ലാം സമൃദ്ധമായുള്ളതായിരുന്നു വീരപ്പന്റേ കാക്കിക്കുപ്പായം.
എഴുത്തുവായനയും അറിയാത്തതുകൊണ്ട് വ്യത്യസ്തമായ അടയാളങ്ങളെക്കൊണ്ട് യാതൊരു
തൊന്തര്വ്വുമുണ്ടായില്ല. ആരെ തട്ടിയാലും മൂപ്പര് ചിഹ്നം പറിക്കും
കുപ്പായത്തില്‍ തുന്നിച്ചേര്‍ക്കും. ഒരു തിറക്കുവേണ്ടത്ര വളകള്‍ കൈയ്യിലും
മാലകള്‍ കഴുത്തിലുമായി മോളങ്ങിനെ തെക്കുവടക്കു നടക്കുകയാണ്. കാതില്‍ സംഗതി
ചാര്‍ത്താന്‍ ഒരു രക്ഷയുമില്ലാത്തതുകൊണ്ട് ആ ശ്രമം മാത്രം വിജയം കണ്ടില്ല.
അതിനടുത്ത ദിവസം സംഗതി ഒന്നുകൂടി പുരോഗമിച്ചു. അകത്തെ റേഡിയോയെടുത്തു
കുളുമുറിയിലെ ബക്കറ്റില്‍ കൊണ്ടുപോയിട്ട് 'ബാബ'യെ കുളിപ്പിക്കുന്ന
ചടങ്ങുകൂടി ഭംഗിയാക്കിയപ്പോള് നിത്യനൊരു കാര്യം ഉറപ്പായി. നമ്മളായിട്ട്
ഉത്സാഹിക്കുകയൊന്നും വേണ്ടതില്ല. ഞാന്‍ കാവിലെ തമ്പുരാട്ടിയെപ്പോലെ
ആടയാഭരണങ്ങളണിഞ്ഞു നില്ക്കേണ്ടവളും കുഞ്ഞിനെ കുളിപ്പിക്കേണ്ടവളുമാണെന്ന
ബോധം, മുളച്ചാല്‍ ബോധിവൃക്ഷമല്ല പച്ചച്ചീരയാവേണ്ടതാണെന്ന ബോധം
ചീരവിത്തിനുള്ളതുപോലെ കുട്ടികളിലുമുണ്ടാവണം. ചെക്കന് കിട്ടിയ കല്ലെടുത്ത്
കണ്ടതിനെ എറിയുമ്പോഴാണ് പെണ്ണ് അവനോടൊപ്പം ചേര്‍ന്ന് ഒരു കല്ലെടുത്തു
കണ്ടതിനു ഞാനും പാസാക്കട്ടെയെന്നു ചിന്തിക്കാതെ കഷ്ടപ്പെട്ടു റേഡിയോയെ
കുളിപ്പിച്ച് പൗഡറിടുവിക്കുന്നത്.
ഫെമിനിസ്റ്റുകള്‍
അവകാശപ്പെടുന്നതുപോലെ, ആണിനെ ആണായും പെണ്ണിനെ പെണ്ണായും എരുമയെയും
പോത്തിനെയും വളര്‍ത്തുന്നതുപോലെ വളര്ത്തുന്നതുകൊണ്ടല്ല
വിവേചനമുടലെടുക്കുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്. വിവരമുള്ളവരല്ലേ
വിശ്വസിച്ചുകളയാമെന്നുകരുതി അതങ്ങുവിശ്വസിച്ചു, പരീക്ഷിച്ചു. വിവേചനമെന്നു
പേരിട്ടുവിളിക്കുന്ന ചിലത് നൈസര്ഗികവാസനകളാവുമ്പോള് സംഗതിയുടെ കിടപ്പറിയാന്
നിരീക്ഷണങ്ങള്ക്കപ്പുറത്തുള്ള ഉള്ക്കാഴ്ചയാണു മരുന്നിനെങ്കിലും
വേണ്ടതെന്നു തോന്നുന്നു.
അതുകൊണ്ട് ആണ് ആണായും പെണ്ണ് പെണ്ണായും
വളരട്ടെ. കരയും കടലുമെന്നപോലെ. കര കരയായും കടല്‍ കടലായും നില്‍ക്കുമ്പോഴാണ്
ഭൂമിയില്‍ ജീവന്റെ സംഗീതം അവശേഷിക്കുക. ആ ബന്ധം വഷളാവുമ്പോഴാണ് സൂനാമി
സംഭവിക്കുന്നത്. സര്‍വ്വനാശം. ഒന്നില്ലാതെ മറ്റതിന് പ്രസക്തിയില്ല.
നിലനില്പുമില്ല. അപ്പോള്‍ വിവേചനത്തിന്റെ തുടക്കം കൊടുത്ത വളത്തിലല്ല,
വിത്തില്‍ തന്നെയാണെന്നു വരികയാണ്. ശുപ്പാമണി ഭാഗവതരുടെ നൃത്തസംഗീതക്ലാസില്
നിന്നല്ല കുയിലു പാടാന്‍ പഠിച്ചതും ആണ്മയിലിന്റെ മോഹനനാട്ടത്തിന്റെ
അരങ്ങേറ്റം നടക്കുന്നതും. പുള്ളിപ്പുലിയുടെ പുള്ളിപോലെ തലമുറതലമുറയായി
കൈമാറിവരുന്ന ഒരു ബോധമാണിതിനു പിന്നില്‍.
സ്വന്തം കാലിലെ മുറിവിന്
ആരാന്റെ തലക്കു ചികിത്സിച്ചതുകൊണ്ടു വല്ല കാര്യവുമുണ്ടോ? ഇതിഹാസകാരനെ തന്നെ
കുഴക്കിയ പെണ്ണുങ്ങളെത്രയായിരുന്നു. ഭഗവാന് ശ്രീകൃഷ്ണന് തന്നെ
വിചാരിച്ചിട്ടും ഒഴിവാക്കാന്‍ പറ്റാതെപോയതാണ് മഹാഭാരതയുദ്ധം. യുദ്ധത്തിന്റെ
വിത്തും വേരും അന്വേഷിച്ചു പോയാലെത്തുക സ്വന്തം ദുര്യേഗത്തിന് കശ്മലന്
ദുര്യോധനന് അനുജന് ദുശ്ശാസനന് കെട്ടഴിച്ചുവിച്ച കൃഷ്ണയുടെ മുടിയിലാണ്.
അഞ്ചണ്ണത്തിനെ കൊണ്ടുമതു കെട്ടിച്ചില്ലെന്നു മാത്രമല്ല, കുലം മുച്ചൂടും
മുടിപ്പിക്കുകയും ചെയ്തു. അവസാനം യുദ്ധം എന്തിനുവേണ്ടിയാരുന്നു, എന്താണു
നേടിയത് എന്നറിയാന്‍ വ്യാസന് കവടിനിരത്തേണ്ട പരുവത്തിലാക്കിക്കൊടുത്തത്
പെണ്ണൊരുത്തിയാണ്. അതുകൊണ്ടു സ്വാതന്ത്ര്യമില്ലെന്നു മാത്രം പറയരുത്.
സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നതിനു കൂടി തെളിവാണ് ആ മനുമന്ത്രം. 'ന!
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'. അതര്ഹിക്കുന്നില്ലെന്നു പറയുന്നത്
ഉണ്ടായിരുന്നെന്നതിനുള്ള തെളിവല്ലേ. സ്വാതന്ത്ര്യം ഉപയോഗിച്ചില്ലെന്നതല്ലേ
നേര്. ഇന്നല്ലേ സ്വന്തം പേരുപോലും ഇല്ലാതായത്. സീതാ രാമചന്ദ്രനായിരുന്നില്ല
സീത സീതയായിരുന്നു. ദ്രൗപദി ചതുരവീരരഞ്ച് എന്നായിരുന്നില്ല,
ദ്രൗപദിയെന്നുമാത്രമായിരുന്നു. ഈവ് മിസ്. ആദം ആയിരുന്നില്ല. അതൊന്നൊന്നര
ഈവുതന്നെയായിരുന്നു.
അപ്പോള്‍ സുസ്വതന്ത്ര്യമായി സുമുഖരോടുമൊപ്പം
നടന്ന സുസ്തനികളെപ്പോഴാണ് പിന്നിലായിപ്പോയത്? സ്വന്തം വ്യക്തിത്വമെപ്പോഴാണ്
കെട്ടിയോന്റെ നിഴലായിപ്പോയത്? ഏതു ചുരത്തിലെ എത്രാമത്തെ വളവില്‍ വച്ചാണ്
ആണുങ്ങള് പെണ്ണുങ്ങളെ നിയമം ലംഘിച്ച് ഓവര്ടേക്കുചെയ്തുപോയത്? ഭൂമി
സൂര്യനുചുറ്റും തിരിയുമ്പോള്‍ സമൂഹം പെണ്ണിനുചുറ്റു തിരിഞ്ഞതാണ് നമ്മുടെ
ചരിത്രം. ആദിമകലണ്ടറുകളുടെ അടിസ്ഥാനം പെണ്ണിന്റെ ആര്ത്തവചക്രമാണെന്നു
ചരിത്രം. പ്രശ്നപരിഹാരം തേടിയുള്ള നടപ്പാവട്ടെ മൂക്കത്തെ കണ്ണടയക്ക്
നാടൊട്ടാകെ തിരയുന്നതുപോലെയാണ്.
ജന്ഡറോ ജനിതകമോ എന്തോ ആവട്ടെ,
ഏതുവിധത്തില്‍ നോക്കിയാലും പെണ്ണിന്റെ ഭാവി കണലെടുത്ത മടലുപോലെയാക്കിയതില്
ആണുങ്ങള് വഹിക്കുന്ന പങ്കിനെ കുറച്ചു കാണുന്നില്ല. പെണ്ണു വിചാരിച്ചാല്‍
നാലുനാളുകൊണ്ടു നിലക്കുനിര്‍ത്താന്‍ പറ്റാത്ത പുരുഷോത്തമന്മാരൊന്നും
ഭൂമിയിലുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല. കെട്ടാത്തതും
കിട്ടാത്തതുമായ ആണുങ്ങള്‍ക്കു ഇപ്പറഞ്ഞതു ബാധകമല്ല. കെട്ടാത്ത
പെണ്ണുങ്ങള്‍ക്ക് വിവേചനത്തിന്റെ ഈ വിഷയമേ ബാധകമല്ല. വിരസമായ ഈ രചനയില്‍
മുഴുകി ആത്മാഹുതി ചെയ്യേണ്ട യാതൊരു കാര്യവുമില്ലാത്തതിനാല് അവര്‍
ജയ-മായാ-മമത-ദൈവങ്ങളില്‍ ആരെയെങ്കിലും സ്മരിച്ച് കൈയ്യെത്താവുന്ന ദൂരത്തുള്ള
ആണുങ്ങളെക്കൊണ്ട്, വിശിഷ്യാ അവരുടെ മൂക്കുകൊണ്ട്, ക്ഷ, ഝ, ജ്ഞ, ഋ എല്ലാം
വടിവിലെഴുതിക്കട്ടെ.
നിങ്ങളില്ലാതെ നമുക്കെന്താഘോഷം? ജീവിതം
ആഘോഷമാക്കണമെന്ന് മനസാ ആഗ്രഹിക്കുന്നവരാണ് ഭൂമുഖത്തെ ആണുങ്ങള് മുയ്മനും.
അപ്പന്ചത്ത പതിനാറടിയന്തിരത്തെക്കാള് മുന്തിയ തെളിവ് ഇതിനു വേറെവേണോ? ഇനി,
ഒരാഘോഷത്തിന് ആദ്യം വേണ്ട ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റി അഥവാ
പശ്ചാത്തലസൗകര്യം ലേശം മനസ്സമാധാനമാണ്. നിങ്ങളെക്കൊണ്ട് ഏറ്റവുമെളുപ്പം
കഴിയുന്ന പണി ക്രമസമാധാനപ്രശ്നങ്ങളില്ലാത്തവിധത്തില് സമാധാനത്തെ
വഴിതിരിച്ചുവിടുകയാണ്.
ഈയൊരു കാര്യം അസ്സലായി
മനസ്സിലായതുകൊണ്ടല്ലേ മിസിസു പറയേണ്ടതാമസം, പണ്ടൊരു ശുംഭന് ഗദയും വലിച്ചു,
കേട്ടപാതി കേള്‍ക്കാത്ത പാതി പാഞ്ഞത്. താന്‍ ജന്മത്തില്
കണ്ടിട്ടുകൂടിയില്ലാത്ത, അതുകണ്ടവരെതന്നെ കണ്ടിട്ടില്ലാത്ത,
കേട്ടിട്ടുകൂടിയില്ലാത്ത, ഏതു കാട്ടിലെന്നുകൂടിയറിയാത്ത, ഇനി
കണ്ടുകിട്ടിയാല്‍ തന്നെ വച്ചൊത്തുനോക്കുവാന് ഒരു സാമ്പിളുകൂടിയില്ലാതെ
കല്യാണസൗഗന്ധികവും തേടി ചാടിപ്പുറപ്പെട്ടതു കുഞ്ചനെക്കൊണ്ട്
'കണ്ടവസ്തുക്കളില് കാംക്ഷയുണ്ടായവള്
കൊണ്ടുവാ കൊണ്ടുവാ എന്നു കല്പിക്കയും
ശണ്ഠകൂടീടുമെന്നോര്ത്തു ഭയപ്പെട്ടു
മണ്ടിത്തുടങ്ങും മയങ്ങാതെ നിങ്ങളും'
എന്നു ചീത്തവിളിപ്പിക്കാനായിരുന്നോ അല്ലെങ്കില്‍ തിര്വോന്തരം അരുവിയോടംശം ദേശത്തെ , മധുസൂദനന് നായരെക്കൊണ്ട്
'പ്രേമപഞ്ചകം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപ്പുണര്ന്നുകൊണ്ടറിയിച്ചൂ ഭീമസേനന്
തങ്കം! എനിക്കു കൈയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്‍'
എന്നു പാടിക്കാനായിരുന്നോ? തിണ്ടിന്മ്മേലില് നിന്നും ഒരു ചെമ്മരത്തിപ്പൂ
പറച്ച് തത്ക്കാലം ഇതുകൊണ്ടൊപ്പിക്കെന്നും പറഞ്ഞ് അതാ 'ശ്ലഥനീലവേണിയില്
വാരിചൂടിച്ചാല്' പോരായിരന്നോ വൃകോദരന്്?
ആ തടിയന്റെ കാര്യം
പോട്ടെ, ഇതിഹാസകാരന് പുരുഷോത്തമനായി കാട്ടിത്തന്ന ശ്രീരാമന്റെ ജീവിതം
കട്ടപ്പൊകയാക്കിയത് മിസിസിന്റെ കണ്ണില്‍ പെട്ട ഹലാക്കിന്റെ ഒരു
മാനായിരുന്നില്ലേ. പ്രപഞ്ചത്തിന്റെ പൊരുളറിയാവുന്ന മനസ്സില്‍നിന്നും ആ
മാനിന്റെ ജാതകം മാത്രം ഡിലീറ്റായിപ്പോയതായിരുന്നോ? മിസിസ് രാമന് മാനിനെ
കണ്ട ശേഷമുള്ള രാമന്റെ കഷ്ടപ്പാടുകളുടെ കഥയായിരുന്നില്ലേ ശരിക്കും രാമായണം.
അതില്ലായിരുന്നെങ്കില്‍ വാത്മീകി അതിനു സീതായനമെന്നു പേരിടുമായിരുന്നു.
അതുകൊണ്ട് യഥാര്‍ത്ഥപ്രശ്നം സ്ത്രീ സ്വാതന്ത്ര്യമല്ല,
സ്വാതന്ത്ര്യമില്ലായ്മയുടെ പ്രശ്നമേയില്ല. പ്രശ്നം സ്വന്തമായി ഒരു ജയിലു
പണിത് അതില്‍ തലമുറകളായി സ്ഥിരതാമസമാക്കിയതാണ്. പ്രൊഫഷണല്‍
വിദ്യാഭ്യാസരംഗത്തു മികച്ചുനില്ക്കുന്നത് പെണ്‍കുട്ടികളാണെന്നും പലയിടത്തും
50 ശതമാനം അവരാണെന്നും പഠനങ്ങള്‍ പറയുമ്പോള്‍ പ്രൊഫഷനിലേക്കെത്തുന്നത് 10
ശതമാനം കൂടിയില്ലാതായിപ്പോവുന്നതെന്തുകൊണ്ടാണ്? അതിനുള്ള
സ്വാതന്ത്ര്യമില്ലാഞ്ഞിട്ടാണോ അതോ സൗകര്യമില്ലാത്തതുകൊണ്ടാണോ? 50
ശതമാനത്തിനു പഠിക്കാന്‍ പോവാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്
പണിക്കുപോവാനുള്ളതുമുണ്ടാവണമല്ലോ?
നിത്യന് സ്വന്തംനിലയ്ക്കൊരു
സര്വ്വേനടത്തിയതിന്റെ രത്്നച്ചുരുക്കം ഇങ്ങിനെ വരും. നേരത്തേ പറഞ്ഞ 50
ശതമാനം മുന്തിയ പിള്ളാരില് മുക്കാല്‍ പങ്കിനും യാതൊരു ലീവിനും
അര്‍ഹതയില്ലാത്ത മുന്തിയ പണിയാണ്. കാലത്ത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്
അടുക്കളയിലെത്തണം. പിന്നെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന, അലീക്കായുടെ
നൂലുണ്ടയൊഴിച്ച് മറ്റെല്ലാസംഗതികളുമുള്ള ഉഗ്രപോരാട്ടം. പോരാട്ടാനന്തരം
ബ്രേക്ക്ഫാസറ്റും ലഞ്ചും കബറടക്കിയ പെട്ടികള്‍ റെഡി. ഉടനോടിവന്നു ജയറാം
പടിക്കലിനെ മനസില്‍ ധ്യാനിച്ചുകൊണ്ട് കണ്ണുതുറക്കാത്ത കുട്ടികളെ നന്നായി
ഉരുട്ടിയശേഷം ഉണര്ന്നപരുവത്തിലായാല് നിവര്ത്തിനിര്ത്തണം. തൃശൂര്‍പൂരത്തിന്റെ
തയ്യാറെടുപ്പുകളെക്കാളും ഒന്നുകൂടി കടുപ്പപ്പെട്ട സംഗതിയാണ് വടക്കോട്ടു
വിളിക്കുമ്പോള്‍ തെക്കോട്ടുപോവുന്ന പിള്ളാരെ സ്കൂളിലേക്കു റെഡിയാക്കി
വണ്ടിക്കുവച്ചുകൊടുക്കുന്ന ചടങ്ങ്. ഇതു കഴിഞ്ഞുവേണം അനന്തശയനം അയ്യങ്കാരായി
വാഴുന്ന മൂന്നാംക്ലാസു ഡിഗ്രിക്കാരനെ കാപ്പിയുമായി ചെന്ന്
കാലുപിടിച്ചെഴുന്നേല്പ്പിക്കാന്. അപ്പോള്‍ അദ്ദേഹം ഒരുവിധം
എഴുന്നേറ്റിരുന്ന് കാപ്പിവാങ്ങി ധ്യാനനിമഗ്നനായി കല്പിക്കും പോയി പത്രം
വന്നോയെന്നുനോക്കാന്, വന്നെങ്കില്‍ കൊണ്ടുവരാന്‍, വന്നില്ലെങ്കില്‍
അടുത്തവീട്ടില്‍ കൊടുത്തോയെന്നറിയാന്, കൊടുത്തില്ലെങ്കില്‍ അതിന്റെ കാരണം
ചെക്കന് വരുമ്പോള്‍ ചോദിക്കാന്‍. പത്രം വന്നെങ്കില്‍ അതൊന്നുനോക്കി ഇസ്രയേലും
ഈജിപ്തും അമേരിക്കയും ഇറാനും എല്ലാം യഥാസ്ഥാനത്തുണ്ടെന്നുറപ്പുവരുത്തി
വരുമ്പോഴേക്കും കുളിക്കാനായി ഉന്തിത്തള്ളി വിടണം. കുളികഴിഞ്ഞു വരുന്നതും
നോക്കിയിരിക്കണം, തലയില്‍ വല്ലതുമുള്ളവനാണെങ്കില് നന്നായി തോര്ത്തിയോ എന്നു
നോക്കണം, തലയിലൊന്നുമില്ലാത്തവനാണെങ്കില് ദൈവത്തിനു സ്്തുതി
പറയാവുന്നതുമാണ്. പിന്നെ ഇസ്തിരിവച്ച ഡ്രസ്സെടുത്തുകൊടുക്കണം.
പാന്റിലദ്ദേഹമിറങ്ങിയങ്ങിനെ സ്ഥിതിചെയ്യുന്ന അസുലഭനിമിഷത്തില് സിപ്
ഇട്ടിട്ടുണ്ടോയന്നെ നോക്കുകയുമാവാം. കൈയ്യുടെ ബട്ടണ്‍
മൂന്നാംക്ലാസുകാരനിടുമ്പോള് നെഞ്ചത്തേത് ഒന്നാം ക്ലാസുകാരിയിടണം. പിന്നെ
ബ്രീഫ് കെയ്സും വണ്ടിത്താക്കോലുമെടുത്ത് ഉന്തിത്തള്ളി വണ്ടിയിലെത്തിക്കണം.
അനന്തരം കണ്ണില്‍ നിന്നും മൂന്നാംക്ലാസുകാരന് മിന്നിമറയുന്നതുവരെ വലതുകൈ
പൊക്കി ട്രാഫിക് പോലീസുകാരനെപ്പോലെ അസ്സലൊരു ചിരിയുമായി (അതുവേണ്ടെന്ന ഒരു
ആനുകൂല്യം പോലീസുകാരനുണ്ട്) വടിപോലെ നില്‍ക്കണം. വണ്ടി കണ്മറഞ്ഞാല് ഉടുത്തത്
സാരിയാണങ്കില് വാരിക്കുത്തി കൈരണ്ടും നടുവിലൂന്നി അസ്സലായൊരു
ദീര്ഘശ്വാസമാവാം. (സൂക്ഷിക്കണം, മൂന്നാംക്ലാസിന്റെ നാലാംക്ലാസു മാതാവ്
പരിസരത്തുണ്ടെങ്കില് ദീര്‍ഘശ്വാസം അന്ത്യശ്വാസമായിപ്പോവാനുള്ള
സാദ്ധ്യതയുണ്ട്. അതുകൊണ്ട് അതു അടുത്തൊരവസരത്തിലേക്കു
മാറ്റിവെക്കാവുന്നതുമാണ്). എന്റെ ഹൂറിമാരേ നിങ്ങള്‍ മുയ്മനും പഠിച്ചത് ഹോം
സയന്സാണോ? അല്ല, അറിയാതെ ചോദിച്ചുപോവുകയാണ്. കാര്യത്തിന്റെ
കിടപ്പിങ്ങിനെയാണെങ്കില് മനുഷ്യക്കടത്തില്പെട്ട് ഗള്ഫിലെത്തിപ്പോവുന്നവരും
നിങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങള്‍ക്കു കടത്തുകാരന്റെ
മേല്വിലാസമറിയാമെന്നുള്ളതോ?
ആണിനും പെണ്ണിനും മാത്രമായി ചെയ്യാന്‍
പറ്റുന്ന പണി ഭൂമുഖത്തൊന്നെയുള്ളൂ. അതൊരു ജന്മവാസനയുടെ ഭാഗമാണ്. അതു
മാറ്റിനിര്‍ത്തുക. പരമ്പരാഗതമായി ആണുങ്ങള് കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്‍
കൈവച്ചാല്‍ തുല്യതകൈവരിക്കുമെന്നു തലക്കുവെളിവില്ലാത്തവര് പറഞ്ഞുതന്നു. അതു
നമ്മള് കേട്ടു. നമ്മളത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു.
ഫലമോ അതുംകൂടി ഒഴിവായികിട്ടിയല്ലോ എന്ന് ആണുങ്ങള് ആശ്വസിച്ചു.
അതേ സമയം നിങ്ങളുടേതെന്ന് പരമ്പരാഗതമായി കരുതിവരുന്ന ഏതെങ്കിലും മേഖലയില്‍
ആണുങ്ങള് പാരച്യൂട്ടില്‍ വന്നിറങ്ങിയോ? അതൊട്ടില്ലതാനും. നിങ്ങളാണെങ്കില്‍
അവരെ അതിലേക്കു വിളിച്ചാനയിച്ചോ? അതുമില്ല. തുല്യത പിന്നെയെവിടുന്നാണു
പറന്നുവന്ന് ഉമ്മറത്തിരിക്കുക? ഉത്തരവാദിത്വങ്ങള്‍
പങ്കുവെയ്ക്കപ്പെടുമ്പോഴാണു തുല്യതാബോധം സൃഷ്ടിക്കപ്പെടുന്നത്. ചോറുതിന്നുക
എന്റെ ഉത്തരവാദിത്വവും പാത്രം കഴുകുക ചേച്ചിയുടെ ഉത്തരവാദിത്വവുമാണെന്ന
ഒരു ബോധം ചിന്നതിലേ ചെറുക്കന് നമ്മളായിട്ടു ഉണ്ടാക്കിക്കൊടുക്കുകയാണ്.
ചൊട്ടയിലെ ശീലം ചുടലവരേയെന്നാണല്ലോ. ഈ ബോധത്തെയാണു ചവുട്ടി മറിച്ചിടേണ്ടത്.
അതാണ് നിങ്ങളെയാരും പഠിപ്പിക്കാത്തതും. അതു ചെയ്യേണ്ടതാവട്ടെ നിങ്ങളല്ലാതെ
മറ്റാരുമല്ലതാനും.
ലോകത്തെ ഏറ്റവും മുന്തിയ അദ്ധ്യാപനം
അമ്മമാരുടേതാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആ നെടുനീളന്‍ സിലബസില്‍ ഇതുകൂടി
ഉള്‍പ്പെടുത്തുക. തിന്നെണീറ്റുപോവുമ്പോള് ചുറ്റിലുമുള്ള അവശിഷ്ടങ്ങളും കൂടി
എടുത്തോളാന്‍ പഠിപ്പിക്കുക, കൊണ്ടുപോയി കൊട്ടാനും, വൃത്തിയായി പാത്രം
കഴുകിവെയ്പിക്കാനും പഠിപ്പിക്കുക. അടുത്തതായി ഉടുവസ്ത്രം അലക്കുവാനും
പഠിപ്പിക്കുക. അനിയത്തിയെയോ അനിയനേയോ കുളിപ്പിച്ചുകൊടുക്കാനും
പഠിപ്പിക്കുക.
ഇതെന്റേത് അതവളുടേത് എന്നൊരു തൊഴില്വിഭജനത്തിന്റെ
മുളയില്‍ ഈയൊരു ബോധത്തിന്റെ തിളച്ചവെള്ളം ഒഴിക്കാത്തതാണു പ്രശ്നം. അതു
മുളയിലേ നുള്ളുന്നതോടുകൂടി സംഗതി ക്ലീന്‍. ഭാവിയില്‍ അവനും അവന്റെ കെട്ടിയോളം
ഒരേസമയം ഉറങ്ങിയുണരും. അടുക്കളയിലെത്തും. പിള്ളാരെ പറഞ്ഞുവിടും. ശേഷം
ജോലിസ്ഥലത്തേക്കും കുതിക്കും. അടുത്ത തലമുറയില്‍ നടേ പറഞ്ഞ 50 ശതമാനവും
പ്രഫഷണലുകളായി രംഗത്തുണ്ടാവുകയും ചെയ്യും. ഞങ്ങള്‍ തുടങ്ങി. നിങ്ങളോ?
March 01, 2013
February 02, 2013
നായരു പിടിച്ച പുലിവാല്

പഴയകാരണവരുടെ ചെല്ലപ്പെട്ടികൊണ്ടുമാത്രം നിലവിലെ കാരണവര്‍ക്കു കഴിയാനുള്ള ഉപായമൊന്നും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തതായി അറിവില്ല. അതില്ലെന്നതിനുള്ള തെളിവാണ് അല്ലെങ്കില്‍ ഉള്ളത് കുബുദ്ധിയെന്നതിനുള്ള തെളിവാണ് ഈയൊരവസരം. ഒരു സമൂദായത്തിന്റെ പേരും പറഞ്ഞു നടത്തുന്ന കൊള്ളയുടെ അവസാനത്തെ ഉദാഹരണമാണ് മലപ്പുറത്തെ മുപ്പതിലേറെ സ്കൂളുകള്‍ക്കുള്ള അംഗീകാരാവശ്യം. കാതുകേള്‍ക്കാത്തവര്‍ക്കും കണ്ണുകാണാത്തവര്‍ക്കും നാവെടുക്കാന്‍ പറ്റാത്തവര്‍ക്കുമായുള്ള ഏതാനും സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തപോലെ സാമുദായികകൊള്ളസംഘങ്ങളുടെ സ്ഥാപനങ്ങള്‍ക്കും അംഗീകാരം കൊടുക്കണമെന്ന ലീഗിന്റെ ന്യായമായ ആവശ്യം കേരളം മൊത്തം ചര്‍ച്ചചെയ്യുമ്പോഴേക്കും സുകുമാരന്‍നായരിലെ പ്യൂണ്‍ബുദ്ധിയാണോയെന്നറിയില്ല ഒറ്റ പ്രസ്താവനകൊണ്ട്ു ആ ചര്‍ച്ചയെ നാടുകടത്തി ലീഗിനെ രക്ഷിച്ചു.
സ്വര്‍ഗത്തിന്റേതായ ഒരു സൂചിക്കുഴ സിദ്ധാന്തമുണ്ടായിരുന്നു പണ്ട്. അതായത് ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്ന അന്നുമാത്രമേ ധനികന് സ്വര്‍ഗത്തിലെത്തുകയുള്ളൂ. സമാനമായ ഒരു സിദ്ധാന്തമാണ് പെരുന്നയില്‍ നിന്നും ഇപ്പോള്‍ വന്നിട്ടുള്ളത്. താക്കോല്‍സ്ഥാന സിദ്ധാന്തം. ചുരുക്കിപ്പറയാം. വാക്കുകള്‍ക്ക് തീപ്പിടിച്ച വിലയാണ്. സമയത്തിനും. സെക്യുലര്‍ എന്നൊരു വാക്കു ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തുവച്ചിട്ടുള്ളതുകാരണം ചില്ലറ ബുദ്ധിമുട്ടുകള്‍ ഇല്ലാതെയില്ല. അപ്പോ ന്യായമായും അതുകൊണ്ടുള്ള തൊന്തരവു മുസ്ലീം ലീഗിനുണ്ടോയെന്നു ചോദിച്ചാല്‍, തല്ക്കാലം കെ.ടിയുടെ ഇതു ഭൂമിയാണ് എന്ന നാടകത്തിലെ കഥാപാത്രം പറയുന്നതുപോലെ 'ശോദ്യാണ്' എന്നുമാത്രമേ പറയാന്‍ കഴിയൂ.
നായരുടെ പാര്‍ട്ടി, തീയ്യരുടെ പാര്‍ട്ടിയെന്നെല്ലാം പറഞ്ഞു നമുക്ക് സഭയില്‍ കയറിയിരിക്കുവാനുള്ള ചാന്‍സില്ല. പണ്ടങ്ങിനെയൊരു പരീക്ഷണം നടത്തിനോക്കിയിരുന്നു. ആത്മഹത്യക്കും കൊലപാതകത്തിനുമിടയിലെ ആ ആര്‍ത്തനാദം പെട്ടെന്നു തന്നെ നിലച്ചതുകൊണ്ടു നാടും നായരും രക്ഷപ്പെട്ടു. ഒരു രാഷ്ട്രീയപാര്‍ട്ടി വേണ്ടിവന്നാല്‍ ഉണ്ടാക്കും എന്നു പണ്ടു വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ വിശാലലക്ഷ്യങ്ങളെക്കുറിച്ചെല്ലാം ഈഴവാചാര്യന് അന്നു നല്ല ബോദ്ധ്യവുമുണ്ടായിരുന്നു. പിന്നീടൊന്നു പതംവന്നാലോചിച്ചിട്ടുണ്ടാവണം. പതിനെട്ടടവും പൂഴിക്കടകനുമറിയുന്ന ആചാര്യന് ഏതായാലും ശിഷ്യരുടെ ചവുട്ടുകൊണ്ടു ചാവാനില്ലെന്നു തീര്‍ച്ചപ്പെടുത്തി. പാര്ട്ടിയെപറ്റി പിന്നീട് മിണ്ടിയില്ലെന്നുമാത്രമല്ല എന്തുണ്ടാക്കിയാലും പാര്‍ട്ടിമാത്രമുണ്ടാക്കുകയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

പരലോകത്തെ ഇല്ലാത്ത സ്വര്‍ഗത്തെപറ്റി ജീവിച്ചിരിക്കുമ്പോള്‍ ബേജാറാവേണ്ട കാര്യമൊന്നുമില്ല. സ്വര്‍ഗത്തിന്റെ കൃത്യമായ കിടപ്പെവിടെയാണെന്നു മത-സമുദായ നേതാക്കള്‍ക്കു നന്നായറിയാം. കുളക്കോഴിയും കുളത്തിലേക്കുള്ളവഴിയും പോലെ നൈസര്‍ഗികമായ ഒരു ബോധമാണത്. ഭൂമിയിലെ സ്വര്‍ഗമാണല്ലോ അതതു പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് അതിതാണ് അതിതാണെന്നു വിളിച്ചുപറയുവാന്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്നില്ല. ആ മഹാന്റെ കുലത്തില്‍പിറന്നുപോയതുകൊണ്ടു മാത്രം രാജ്യഭാരമേല്‍ക്കേണ്ടിവന്ന ആയൊരു അവധൂതനുണ്ടല്ലോ. ശുഭ്രവസ്ത്രധാരി. മൂപ്പരെക്കൊണ്ട് ആയൊരു ഔപചാരിക പ്രഖ്യാപനം നമുക്കങ്ങു നടത്തിക്കാവുന്നതേയുള്ളൂ.
ജീവിച്ചിരിക്കുമ്പോള്‍ കണ്ണ് ഭൂമിയിലെ സ്വര്‍ഗത്തിലാവണം. വേണ്ടിവന്നാല്‍ ഒട്ടകങ്ങളെ വരിവരിവരിയായി സൂചിക്കുഴയിലൂടെ കടത്താനുള്ള സംവിധാനമൊക്കെ പടച്ചോന്റെ കൃപകൊണ്ടു ജനാധിപത്യത്തില്‍ സാദ്ധ്യമാണ്. അക്കാര്യത്തില്‍ ഹൈന്ദവനെന്നോ കൃസ്ത്യാനിയെന്നോ മുസല്‍മാനെന്നോ വകഭേദമൊന്നുമില്ല. മതനേതാക്കള്‍ ഏകോദരസഹോദരന്മാരാണ്. പുട്ടിന് പപ്പടം വാങ്ങാന്‍ ഗതിയില്ലാത്തവനും കട്ടന്‍ കുടിക്കുന്ന പൊട്ടനും രണ്ടു കോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവനുമാണല്ലോ ചത്തുമലച്ചാലുള്ള സ്വര്‍ഗത്തിന്റെ അവകാശികള്‍. ഭൂമിയുടെ അവകാശികളായി ഭൂമാഫിയയെയും മതസമുദായസംഘടനകളെയും നമ്മളെന്നേ അംഗീകരിച്ചുകഴിഞ്ഞു.
പരലോകസ്വര്‍ഗത്തെപറ്റിയുള്ള ചര്‍ച്ചയും വാഗ്വാദങ്ങളും കൈവെട്ടും കാല്‍വെട്ടും തലതെറിക്കലുമെല്ലാം അവിടെ നടന്നോട്ടെ. സ്വര്‍ഗത്തെപറ്റിയൊരു തീര്‍പ്പുണ്ടാവുമ്പോഴേക്ക് ഭൂമിയില്‍ ആരൊക്കെ ബാക്കിയാവും എന്നു കണ്ടറിയേണ്ടതാണ്. ഇതേപറ്റി മുന്തിയ ചര്‍ച്ചകള്‍ കുറേക്കാലമായി നടത്തുന്ന താലിബാനികളുടെ നാട്ടില്‍ സ്ക്വയര്‍ കിലോമീറ്ററില്‍ ഇന്നത്തെനിലക്ക് ഒരു മുയ്മന്‍ മനുഷ്യനെ കാണാന്‍ കഴിയുമോയെന്നു സംശയമാണ്.
പെരുന്നയില്‍ പണ്ടു വെറൊരു സിദ്ധാന്തമുണ്ടായിരുന്നു. പണിക്കരുടെ

അതേപറ്റി നേരില്‍ പറയാന്‍ ഇന്ന് ദേശ്മുഖില്ല, പണിക്കരദ്ദേഹവുമില്ല. അതുകൊണ്ടു ചെന്നിത്തലക്കും കുഴപ്പമില്ല. ചാണ്ടിക്കൊട്ടുമില്ല. ഇങ്ങിനെയാണോ വേണ്ടത്? പൊതുജനത്തിനുള്ളതുപോലെ ലേശം നേരും മര്യാദയുമൊക്കെ രാഷ്ട്രീയക്കാര്‍ക്കും സമുദായ നേതാക്കള്‍ക്കുമായിക്കൂടെ എന്നതാണ് നായരുടെ ന്യായമായ ചോദ്യം.
ചോദ്യകര്‍ത്താവുന്റെ തലയിപ്പോള്‍ പെരുവഴിയിലെ ചെണ്ടപോലെയായി. കലിപ്പടങ്ങുന്നില്ലല്ലോടാന്നു പറഞ്ഞപ്പോള്‍ ബുഷിന്റെ തന്തക്കിട്ട് നാലുവിളിക്കെടാ മുദ്രാവാക്യം എന്നു പറഞ്ഞവനെ് ഓര്‍മ്മവരുന്നു. ഒരു വസ്തു പേടിക്കാനില്ല. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും ചീത്തവിളിക്കുന്നതിനും ഒബാമയെ വിളിക്കുന്നതിനും സത്യത്തില്‍ ഒരേ ഇഫക്ടാണ്. വിളിക്കുന്നതിനു മുന്‍പും വിളിച്ചതിനുശേഷവും നമ്മുടെ ഫോട്ടത്തില് വ്യത്യാസമൊന്നും സംഭവിക്കുകയില്ല. ആയൊരു ധൈര്യത്തിലാണ് ഞാനും ഇതെഴുതുന്നത്.
തന്നെ കൊന്നാലുമിനി ചെന്നിത്തലയെ താക്കോല്‍സ്ഥാനത്ത് ഇരുത്തുകയില്ലെന്നു നായര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല വിഷയത്തില്‍ സോണിയാഗാന്ധി പ്രതികരിച്ചില്ലെങ്കില്‍ അവസാനത്തെ അടവു പയറ്റുമെന്നും പറഞ്ഞിരിക്കുകയാണ്. തൃശൂര്‍പൂരത്തിലെ കുടമാറ്റം കണക്കെ ഒരേര്‍പ്പാട് - കൂടുമാറ്റം. അറ്റകൈക്കുമാത്രമാണു അതു ചെയ്യുക. അതു ചെയ്യണമെങ്കില്‍ സോണിയാഗാന്ധി മറുപടിപറയണമെന്നു ഒരു ക്ലോസുണ്ട്. അതായത് മാഡം മറുപടിച്ചില്ലെങ്കില്‍ നായര്‍ കൂടുമാറുകയില്ല. ദേശ്മുഖും പണിക്കരദ്ദേഹവുമാണ് കരാറുണ്ടാക്കിയത്. അന്ന് അസി.സിക്രട്ടറിയായിരുന്ന നായരിലെ പ്യൂണിന് അതിന്റെയൊരു പകര്‍പ്പെടുത്തുവെയ്ക്കാനുള്ള ബുദ്ധിയുമുണ്ടായില്ല. കടലാസും കൊണ്ടുവന്നു ജാതിസംഘടനയുമായി കരാറൊപ്പിട്ടതിനു ജയിലിലെത്തിപ്പോവുകയില്ലെന്ന ഉറപ്പ് എല്ലാവര്ക്കും കിട്ടിയപ്പോഴാണ് ചാണ്ടിക്കും ചെന്നിത്തലക്കും ദുഷ്യന്ത്യന്റെ രോഗം പിടിപിട്ടെത് - മഹാവിസ്മൃതി. നായര്‍ക്കെന്തു ജയില്‍ എന്തു കോടതി? അതേപറ്റിയൊന്നും ആലോചിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ എയ്ഡഡ് സ്കൂള്‍ അംഗീകാര വിവാദം കൊഴുക്കുന്ന നേരം നായര്‍ ഈ വിവരക്കേടുവിളമ്പി വിവാദമുണ്ടാക്കുമായിരുന്നോ?

Labels:
Nithyan Kozhikode,
നിത്യന് കോഴിക്കോട്
Subscribe to:
Posts (Atom)