Photo credit - http://rampages.us |
ഒടുക്കത്തെ വയറുകൊണ്ടാണ് ഡിനോസര്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിപ്പോയതെന്നാണ് ശാസ്ത്രം പറയുന്നത്. ഭുമിയിലെ സകലതും തിന്നു തീര്‍ത്തശേഷം പട്ടിണിണികിടന്നു അസ്തുവായി എന്നു ചുരുക്കം. സമാനമായൊരു അവസ്ഥയെയാണ് മനുഷ്യനും നേരിടാന്‍ പോവുന്നതെന്നു ശാസ്ത്രം പറയുന്നു. പെരിയ വയറുകാരണം ഡിനോസര്‍ നാടുനീങ്ങിയെങ്കില്‍ തിരിഞ്ഞ തലകാരണം മനുഷ്യകുലം അസ്തുവായി എന്നാവും ചരിത്രം അടയാളപ്പെടുത്തുക. എന്തു ചരിത്രം, അതോടുകൂടി ചരിത്രത്തിന്റെയും അവസാനമാവുമല്ലോ. 14ാലാം നൂറ്റാണ്ടിലെ നോസ്ത്രദാമൂസ് ലോകാവസാനം നടക്കുമെന്ന് പ്രവചിച്ചത് 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. അതുകഴിഞ്ഞു. അവസാനിക്കാനായി, അവസാനം പ്രവിചിക്കപ്പെടുവാനായി ലോകം പിന്നെയും ബാക്കി.
എലിപ്പനി, ഡെങ്ങിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി ആദിയായി പനികള്‍ക്കും ഭുചലനങ്ങള്‍ക്കും സുനാമികള്‍ക്കും വില്‍മ, ഹെലേന, റീത, കത്രീണ, എന്തിന് ഐറിനും വീശിയടിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത നമ്മളാണ് സ്വന്തം ബുദ്ധിയൊന്നുകൊണ്ടുമാത്രം മുച്ചൂടും മുടിയാന്‍ പോവുന്നത്. ബുദ്ധിയൊന്നു കൊണ്ടുമാത്രം ഇക്കണ്ടതൊക്കെ നേടി. അതേ ബുദ്ധിയൊന്നുകൊണ്ടുമാത്രം നേടിയതൊക്കെയും നശിപ്പിക്കുന്ന ബുദ്ധിയുടെ മായാപ്രപഞ്ചം തന്നെയാവുന്നു മനുഷ്യന്‍.
പൊന്നുകായ്ക്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ മുറിക്കണമെന്ന ചൊല്ല് മനുഷ്യനു മാത്രമല്ല പ്രപഞ്ചത്തിനും ബാധകമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ വലിയകളി ഏതായാലും അവസാനിക്കാതെ തരമില്ല എന്ന ചിന്ത അത്ര തരംതാണതൊന്നുമല്ല. മനുഷ്യന്റെ കുടിലബുദ്ധി അവന്റെ കുലം മുടിക്കാന്‍ മാത്രം മതിയാവുകയില്ലെന്നാണ് ഹോക്കിങ്‌സ് കണ്ടെത്തിയിരിക്കുന്നത്. കുടിലബുദ്ധി ഒന്നുകൂടി പുരോഗമിച്ച് കൃത്രിമബുദ്ധി ഉണ്ടാക്കുന്നതില്‍ ചെന്നു നില്ക്കുമ്പോഴാണ് ആയൊരു സാദ്ധ്യതയുള്ളതെന്ന് ഹോക്കിങ്‌സ് പറയുന്നു. നേരായബുദ്ധിയുടെ കാലത്ത് വിശപ്പടക്കാനുള്ള ഓട്ടമായിരുന്നു. ലോകത്തിനു വലിയനാശമുണ്ടായില്ല. ബുദ്ധി ലേശം കൂടി കൂടിയപ്പോള്‍ ആര്‍ത്തിയടക്കാനുള്ള തത്രപ്പാട്. കണ്ണില്‍ കണ്ടതെല്ലാം തനിക്കായുള്ളതെന്ന ബോധത്തിലേക്കുള്ള ഓട്ടം. ബുദ്ധി വീണ്ടും വളര്‍ന്നു. തിരിഞ്ഞ തലയിലെ കുടിലബുദ്ധിയായി അതോടുകൂടി ലോകം തന്നെ തനിക്കായാണെന്ന ഉത്തമബോദ്ധ്യം കൈവന്നു. കുടില ബുദ്ധിയില്‍ നിന്നും ഹോക്കിങ്‌സ് ഭയക്കുന്ന കൃത്രിമബുദ്ധിയിലേക്കുള്ള തവളച്ചാട്ടമാണിനി. അതോടെ പ്രപഞ്ചവും അതിലെ സര്‍വ്വസ്വവും നമ്മുടെ കാല്‍ച്ചുവട്ടില്‍. തലക്കുമീതെ കാലനും.
Photo credit- Getty |
വിനാശകാലേ വിപരീതബുദ്ധി എന്ന നമ്മുടെ ചൊല്ല് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ട കാലമാണ് - വിനാശകാലേ കൃത്രിമബുദ്ധി.