
പഴയകാരണവരുടെ ചെല്ലപ്പെട്ടികൊണ്ടുമാത്രം നിലവിലെ കാരണവര്‍ക്കു കഴിയാനുള്ള ഉപായമൊന്നും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തതായി അറിവില്ല. അതില്ലെന്നതിനുള്ള തെളിവാണ് അല്ലെങ്കില്‍ ഉള്ളത് കുബുദ്ധിയെന്നതിനുള്ള തെളിവാണ് ഈയൊരവസരം. ഒരു സമൂദായത്തിന്റെ പേരും പറഞ്ഞു നടത്തുന്ന കൊള്ളയുടെ അവസാനത്തെ ഉദാഹരണമാണ് മലപ്പുറത്തെ മുപ്പതിലേറെ സ്കൂളുകള്‍ക്കുള്ള അംഗീകാരാവശ്യം. കാതുകേള്‍ക്കാത്തവര്‍ക്കും കണ്ണുകാണാത്തവര്‍ക്കും നാവെടുക്കാന്‍ പറ്റാത്തവര്‍ക്കുമായുള്ള ഏതാനും സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തപോലെ സാമുദായികകൊള്ളസംഘങ്ങളുടെ സ്ഥാപനങ്ങള്‍ക്കും അംഗീകാരം കൊടുക്കണമെന്ന ലീഗിന്റെ ന്യായമായ ആവശ്യം കേരളം മൊത്തം ചര്‍ച്ചചെയ്യുമ്പോഴേക്കും സുകുമാരന്‍നായരിലെ പ്യൂണ്‍ബുദ്ധിയാണോയെന്നറിയില്ല ഒറ്റ പ്രസ്താവനകൊണ്ട്ു ആ ചര്‍ച്ചയെ നാടുകടത്തി ലീഗിനെ രക്ഷിച്ചു.
സ്വര്‍ഗത്തിന്റേതായ ഒരു സൂചിക്കുഴ സിദ്ധാന്തമുണ്ടായിരുന്നു പണ്ട്. അതായത് ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്ന അന്നുമാത്രമേ ധനികന് സ്വര്‍ഗത്തിലെത്തുകയുള്ളൂ. സമാനമായ ഒരു സിദ്ധാന്തമാണ് പെരുന്നയില്‍ നിന്നും ഇപ്പോള്‍ വന്നിട്ടുള്ളത്. താക്കോല്‍സ്ഥാന സിദ്ധാന്തം. ചുരുക്കിപ്പറയാം. വാക്കുകള്‍ക്ക് തീപ്പിടിച്ച വിലയാണ്. സമയത്തിനും. സെക്യുലര്‍ എന്നൊരു വാക്കു ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തുവച്ചിട്ടുള്ളതുകാരണം ചില്ലറ ബുദ്ധിമുട്ടുകള്‍ ഇല്ലാതെയില്ല. അപ്പോ ന്യായമായും അതുകൊണ്ടുള്ള തൊന്തരവു മുസ്ലീം ലീഗിനുണ്ടോയെന്നു ചോദിച്ചാല്‍, തല്ക്കാലം കെ.ടിയുടെ ഇതു ഭൂമിയാണ് എന്ന നാടകത്തിലെ കഥാപാത്രം പറയുന്നതുപോലെ 'ശോദ്യാണ്' എന്നുമാത്രമേ പറയാന്‍ കഴിയൂ.
നായരുടെ പാര്‍ട്ടി, തീയ്യരുടെ പാര്‍ട്ടിയെന്നെല്ലാം പറഞ്ഞു നമുക്ക് സഭയില്‍ കയറിയിരിക്കുവാനുള്ള ചാന്‍സില്ല. പണ്ടങ്ങിനെയൊരു പരീക്ഷണം നടത്തിനോക്കിയിരുന്നു. ആത്മഹത്യക്കും കൊലപാതകത്തിനുമിടയിലെ ആ ആര്‍ത്തനാദം പെട്ടെന്നു തന്നെ നിലച്ചതുകൊണ്ടു നാടും നായരും രക്ഷപ്പെട്ടു. ഒരു രാഷ്ട്രീയപാര്‍ട്ടി വേണ്ടിവന്നാല്‍ ഉണ്ടാക്കും എന്നു പണ്ടു വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ വിശാലലക്ഷ്യങ്ങളെക്കുറിച്ചെല്ലാം ഈഴവാചാര്യന് അന്നു നല്ല ബോദ്ധ്യവുമുണ്ടായിരുന്നു. പിന്നീടൊന്നു പതംവന്നാലോചിച്ചിട്ടുണ്ടാവണം. പതിനെട്ടടവും പൂഴിക്കടകനുമറിയുന്ന ആചാര്യന് ഏതായാലും ശിഷ്യരുടെ ചവുട്ടുകൊണ്ടു ചാവാനില്ലെന്നു തീര്‍ച്ചപ്പെടുത്തി. പാര്ട്ടിയെപറ്റി പിന്നീട് മിണ്ടിയില്ലെന്നുമാത്രമല്ല എന്തുണ്ടാക്കിയാലും പാര്‍ട്ടിമാത്രമുണ്ടാക്കുകയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

പരലോകത്തെ ഇല്ലാത്ത സ്വര്‍ഗത്തെപറ്റി ജീവിച്ചിരിക്കുമ്പോള്‍ ബേജാറാവേണ്ട കാര്യമൊന്നുമില്ല. സ്വര്‍ഗത്തിന്റെ കൃത്യമായ കിടപ്പെവിടെയാണെന്നു മത-സമുദായ നേതാക്കള്‍ക്കു നന്നായറിയാം. കുളക്കോഴിയും കുളത്തിലേക്കുള്ളവഴിയും പോലെ നൈസര്‍ഗികമായ ഒരു ബോധമാണത്. ഭൂമിയിലെ സ്വര്‍ഗമാണല്ലോ അതതു പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് അതിതാണ് അതിതാണെന്നു വിളിച്ചുപറയുവാന്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്നില്ല. ആ മഹാന്റെ കുലത്തില്‍പിറന്നുപോയതുകൊണ്ടു മാത്രം രാജ്യഭാരമേല്‍ക്കേണ്ടിവന്ന ആയൊരു അവധൂതനുണ്ടല്ലോ. ശുഭ്രവസ്ത്രധാരി. മൂപ്പരെക്കൊണ്ട് ആയൊരു ഔപചാരിക പ്രഖ്യാപനം നമുക്കങ്ങു നടത്തിക്കാവുന്നതേയുള്ളൂ.
ജീവിച്ചിരിക്കുമ്പോള്‍ കണ്ണ് ഭൂമിയിലെ സ്വര്‍ഗത്തിലാവണം. വേണ്ടിവന്നാല്‍ ഒട്ടകങ്ങളെ വരിവരിവരിയായി സൂചിക്കുഴയിലൂടെ കടത്താനുള്ള സംവിധാനമൊക്കെ പടച്ചോന്റെ കൃപകൊണ്ടു ജനാധിപത്യത്തില്‍ സാദ്ധ്യമാണ്. അക്കാര്യത്തില്‍ ഹൈന്ദവനെന്നോ കൃസ്ത്യാനിയെന്നോ മുസല്‍മാനെന്നോ വകഭേദമൊന്നുമില്ല. മതനേതാക്കള്‍ ഏകോദരസഹോദരന്മാരാണ്. പുട്ടിന് പപ്പടം വാങ്ങാന്‍ ഗതിയില്ലാത്തവനും കട്ടന്‍ കുടിക്കുന്ന പൊട്ടനും രണ്ടു കോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവനുമാണല്ലോ ചത്തുമലച്ചാലുള്ള സ്വര്‍ഗത്തിന്റെ അവകാശികള്‍. ഭൂമിയുടെ അവകാശികളായി ഭൂമാഫിയയെയും മതസമുദായസംഘടനകളെയും നമ്മളെന്നേ അംഗീകരിച്ചുകഴിഞ്ഞു.
പരലോകസ്വര്‍ഗത്തെപറ്റിയുള്ള ചര്‍ച്ചയും വാഗ്വാദങ്ങളും കൈവെട്ടും കാല്‍വെട്ടും തലതെറിക്കലുമെല്ലാം അവിടെ നടന്നോട്ടെ. സ്വര്‍ഗത്തെപറ്റിയൊരു തീര്‍പ്പുണ്ടാവുമ്പോഴേക്ക് ഭൂമിയില്‍ ആരൊക്കെ ബാക്കിയാവും എന്നു കണ്ടറിയേണ്ടതാണ്. ഇതേപറ്റി മുന്തിയ ചര്‍ച്ചകള്‍ കുറേക്കാലമായി നടത്തുന്ന താലിബാനികളുടെ നാട്ടില്‍ സ്ക്വയര്‍ കിലോമീറ്ററില്‍ ഇന്നത്തെനിലക്ക് ഒരു മുയ്മന്‍ മനുഷ്യനെ കാണാന്‍ കഴിയുമോയെന്നു സംശയമാണ്.
പെരുന്നയില്‍ പണ്ടു വെറൊരു സിദ്ധാന്തമുണ്ടായിരുന്നു. പണിക്കരുടെ

അതേപറ്റി നേരില്‍ പറയാന്‍ ഇന്ന് ദേശ്മുഖില്ല, പണിക്കരദ്ദേഹവുമില്ല. അതുകൊണ്ടു ചെന്നിത്തലക്കും കുഴപ്പമില്ല. ചാണ്ടിക്കൊട്ടുമില്ല. ഇങ്ങിനെയാണോ വേണ്ടത്? പൊതുജനത്തിനുള്ളതുപോലെ ലേശം നേരും മര്യാദയുമൊക്കെ രാഷ്ട്രീയക്കാര്‍ക്കും സമുദായ നേതാക്കള്‍ക്കുമായിക്കൂടെ എന്നതാണ് നായരുടെ ന്യായമായ ചോദ്യം.
ചോദ്യകര്‍ത്താവുന്റെ തലയിപ്പോള്‍ പെരുവഴിയിലെ ചെണ്ടപോലെയായി. കലിപ്പടങ്ങുന്നില്ലല്ലോടാന്നു പറഞ്ഞപ്പോള്‍ ബുഷിന്റെ തന്തക്കിട്ട് നാലുവിളിക്കെടാ മുദ്രാവാക്യം എന്നു പറഞ്ഞവനെ് ഓര്‍മ്മവരുന്നു. ഒരു വസ്തു പേടിക്കാനില്ല. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും ചീത്തവിളിക്കുന്നതിനും ഒബാമയെ വിളിക്കുന്നതിനും സത്യത്തില്‍ ഒരേ ഇഫക്ടാണ്. വിളിക്കുന്നതിനു മുന്‍പും വിളിച്ചതിനുശേഷവും നമ്മുടെ ഫോട്ടത്തില് വ്യത്യാസമൊന്നും സംഭവിക്കുകയില്ല. ആയൊരു ധൈര്യത്തിലാണ് ഞാനും ഇതെഴുതുന്നത്.
തന്നെ കൊന്നാലുമിനി ചെന്നിത്തലയെ താക്കോല്‍സ്ഥാനത്ത് ഇരുത്തുകയില്ലെന്നു നായര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല വിഷയത്തില്‍ സോണിയാഗാന്ധി പ്രതികരിച്ചില്ലെങ്കില്‍ അവസാനത്തെ അടവു പയറ്റുമെന്നും പറഞ്ഞിരിക്കുകയാണ്. തൃശൂര്‍പൂരത്തിലെ കുടമാറ്റം കണക്കെ ഒരേര്‍പ്പാട് - കൂടുമാറ്റം. അറ്റകൈക്കുമാത്രമാണു അതു ചെയ്യുക. അതു ചെയ്യണമെങ്കില്‍ സോണിയാഗാന്ധി മറുപടിപറയണമെന്നു ഒരു ക്ലോസുണ്ട്. അതായത് മാഡം മറുപടിച്ചില്ലെങ്കില്‍ നായര്‍ കൂടുമാറുകയില്ല. ദേശ്മുഖും പണിക്കരദ്ദേഹവുമാണ് കരാറുണ്ടാക്കിയത്. അന്ന് അസി.സിക്രട്ടറിയായിരുന്ന നായരിലെ പ്യൂണിന് അതിന്റെയൊരു പകര്‍പ്പെടുത്തുവെയ്ക്കാനുള്ള ബുദ്ധിയുമുണ്ടായില്ല. കടലാസും കൊണ്ടുവന്നു ജാതിസംഘടനയുമായി കരാറൊപ്പിട്ടതിനു ജയിലിലെത്തിപ്പോവുകയില്ലെന്ന ഉറപ്പ് എല്ലാവര്ക്കും കിട്ടിയപ്പോഴാണ് ചാണ്ടിക്കും ചെന്നിത്തലക്കും ദുഷ്യന്ത്യന്റെ രോഗം പിടിപിട്ടെത് - മഹാവിസ്മൃതി. നായര്‍ക്കെന്തു ജയില്‍ എന്തു കോടതി? അതേപറ്റിയൊന്നും ആലോചിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ എയ്ഡഡ് സ്കൂള്‍ അംഗീകാര വിവാദം കൊഴുക്കുന്ന നേരം നായര്‍ ഈ വിവരക്കേടുവിളമ്പി വിവാദമുണ്ടാക്കുമായിരുന്നോ?
