
കഴുതരൂപം കൈവിട്ടു കിങ്മേക്കര്‍ പദമലങ്കരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ തലേക്കെട്ടുകഴിച്ചു അര്‍ദ്ധവൃത്താകൃതിയില്‍ തമ്പുരാനുമുന്നിലണയുന്ന മലയന്റെ അതേ അവസ്ഥയും.
ചുരുക്കിപ്പറഞ്ഞാല്‍ ജനത്തിന്റെ കിങ്മേക്കര്‍ പദവി അഞ്ചുകൊല്ലത്തില് ഒരു ദിവസമാണ്. ബാക്കി ദിവസം മുഴുവന്‍ രാജാക്കളുടെ വണ്ടി റോഡിലിറങ്ങിയാല്‍ കിട്ടിയ വഴിക്കു ജീവനുംകൊണ്ടോടേണ്ട തെണ്ടികളാവും കിങ്മേക്കേഴ്സ്. ലോകത്തെവിടെയും കിങ്ങിനെക്കാളും മുന്തിയതാണ് കിങ്മേക്കര്‍. ചന്ദ്രഗുപ്തനെ ആരോര്‍മ്മിക്കാന്‍. ഇന്ത്യാചരിത്രത്തിലാദ്യമായി ആ ശൂദ്രനെ രാസാവാക്കിയ ചാണക്യനെന്ന ബ്രാഹ്മണനല്ലേ താരം. എല്ലാ തിരയും ഏതാണ്ടൊരുപോലെയാണ്. തിരഞ്ഞെടുപ്പുമങ്ങിനെയാണ്. ഇത്തവണ മന്തു ഇടതുകാലിലുള്ളവനെ തിരഞ്ഞെടുത്തെങ്കില്‍, അടുത്തതിനു മന്തു വലതുകാലിലുള്ളവന്‍. ഒന്നുകില്‍ കടലില്‍ ചാടുക. അല്ലെങ്കില്‍ ചെകുത്താനു നിവേദ്യമാവുക. ആയൊരു ഘട്ടത്തിലാണ് ചില്ലറപ്രതീക്ഷകളുമായി ഐ.ആര്.എസ് വിട്ട ഐ.ഐ.ടി ക്കാരന് പ്രത്യക്ഷപ്പെടുന്നത്. വി.ഐ.പി മന്തും റെഡ്ലൈറ്റ് ഹുങ്കും കൊട്ടാരക്കെട്ടും വേണ്ടെന്നു പറഞ്ഞവനില്‍ ജനം അവന്റെ മിശിഹായെ കണ്ടു്. തെറ്റുപറയാനില്ല.
വസന്തം സമാഗതമാവുമ്പോള്‍ നാം കുയിലിന്റെ സംഗീതം കേള്‍ക്കുന്നു. അതുവരെ ആ പക്ഷി മൗനം പാലിക്കുന്നു എന്നു പറഞ്ഞത് ചാണക്യനാണ്. വലിച്ച ചുരുട്ടിന്റെ കടം വീട്ടാന്‍കൂടി മൂലധനമില്ലാതിരുന്ന മാര്‍ക്സിനെക്കാള്‍ ഭേദം നമുക്കൊരു വഴികാട്ടിയ ചാണക്യനാണെന്നു തോന്നുന്നത് മനുഷ്യസഹജം. മാര്‍ക്സിനോടൊപ്പം നടന്നു തലതെറിക്കുന്നതിലും നല്ലത് ഉദരനിമിത്തം തിരിഞ്ഞതലയുമായി കഴിയുകയാണ്. തല്ക്കാലം ഭരണകൂടം സമയമാവുമ്പോള്‍ കൊഴിഞ്ഞുപോവട്ടെ എന്നു നമുക്കു സമാധാനിക്കാം. അതുവരെ നമ്മളായിട്ട് കൊഴിക്കണ്ട. ഭരണം ഇതേപടി തുടര്‍ന്നുപോയാല്‍ മൊത്തത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാലതാമസമില്ലെന്ന അവസ്ഥയിലാണു ആപ്പ് ഇടിത്തീയായി പെയ്യാന്‍ പോവുന്നത്. അപ്പോഴും അടിക്കാരന് ആണ്ടിയുടെ പിന്മുറക്കാരായ നേതാക്കള്‍ ഞമ്മളാണു വിപ്ലവം ബാക്കി പ്ലവഗങ്ങള് എന്നു പറഞ്ഞുകൊണ്ടേയിരിക്കും.
ഉഗ്രവിപ്ലവം നടത്തി ഭരണകൂടത്തെ തൂത്തെറിയാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തുനില്ക്കുന്ന വിപ്ലവകാരികള്‍ തങ്കപ്പെട്ടവരാണെന്നു വന്നാല്‍ ഭരണകൂടം അവര്‍ക്കും വി.ഐ.പി. സ്റ്റാറ്റസു നല്‍കും. പിന്നെ ശമ്പളം നല്‍കും പെന്‍ഷനും നല്‍കും. മുന്തിയ ഇനമാണു, ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നു കണ്ടാല്‍ ചിലപ്പോള്‍ രണ്ടും ഒന്നായും നല്‍കും. ചില വിപ്ലവപ്ലവഗങ്ങള്‍ക്ക് ഇതൊന്നുമറിയാന്‍ വഴിയില്ല. അവറ്റകള്‍ക്ക് ആകെ അറിയാവുന്ന പണി അടുപ്പത്തെ കലത്തില്‍ മണ്ണുവാരിയിടുകയാണ്. ഇരുന്നിടത്തുകിട്ടുന്ന ഇക്കണ്ടതെല്ലാം വേണ്ടെന്നു വച്ച്, സ്വന്തം തലതന്നെ തെറിച്ചുപോയേക്കാവുന്ന സംഗതി നടത്തുകയാണ്. ബുദ്ധിയുടെ ഒരു കിടപ്പ്. ചിലരങ്ങിനെയാണ് - ആത്മഹത്യയില്‍ ആനന്ദം കണ്ടെത്തും. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഭൗതികമായി ഇന്നില്ല. നിനക്കൊന്നു പുകയ്ക്കാന്‍ തോന്നുന്നതുപോലെയാണ് എനിക്കു മരിക്കാന്‍ തോന്നുന്നതെന്നായിരുന്നു ഒരിക്കല്‍ അവന് പറഞ്ഞത്.

'വിധി' വിപരീതമാവുമ്പോള്‍ 'ചിന്ത' കാടുകയറിപ്പോവുമെന്നും ചാണക്യന് പറഞ്ഞിട്ടുണ്ട്. അങ്ങിനെ വരുമ്പോള്‍ പലതും സംഭവിക്കും. ബിമാനത്തിലിരുന്നു മാത്രം വെള്ളപ്പൊക്കം കണ്ടോന് വെള്ളത്തിലിറങ്ങും. ഏഴാംകടലും കടന്നെത്തിയ കപ്പിത്താന് കണ്ടൂറാട്ടിയില്‍ വീണുമരിക്കും. കുഷ്ഠരോഗിയെ ചിത്രത്തില്‍ മാത്രം കണ്ടോന് ഫാദര്‍ഡാമിയന്റെ അവതാരമായി കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കും. പഴയ ഗാന്ധിയുടെ ദണ്ഡിയാത്രയിലും മുന്തിയ പുതിയ ഗാന്ധിയുടെ കൊച്ചിയാത്ര അരങ്ങുതകര്‍ക്കും. തറവാട്ടില്‍ പിറന്നോന് തറയിലിരിക്കും. ബ്ലാക്ക് ക്യാറ്റിനെ മാറ്റി വൈറ്റ് കാപ് വെക്കും. മുതലകള്‍ പറന്നുകളിക്കുമ്പോള്‍ ഒട്ടകപക്ഷികള്‍ നിന്തിത്തുടിക്കും. ആനകള്‍ ആട്ടിന്‍കൂട്ടിലുറങ്ങി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു പൊറോട്ടയും ബീഫും വെട്ടിവിഴുങ്ങും.
കടലിനും ചെകുത്താനുമിടയില്‍ ആപ്പായപ്പോള്‍ ഉണ്ടായ പുകില് ചില്ലറയല്ല. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ വിതച്ചത് ഇങ്ങു അനന്തപുരിവരെ വിളയുന്ന പരുവത്തിലായി. നമ്മുടെ പ്രകൃതിയും ചരിത്രത്തിന്റെ വികൃതിയും ഒന്നായ ശുഭമുഹൂര്‍ത്തത്തില്‍ കീശയിലെ ലോട്ടറിടിക്കറ്റു പോക്കറ്റടിച്ചുപോയതുപോലെയായി പലര്‍ക്കും. ബമ്പര്‍ മ്മാനത്തിന്റെ ടിക്കറ്റാണു ഇടതിനു കൈമോശം വരാന്‍ പോവുന്നത്. അങ്ങിന്ദ്രപ്രസ്ഥത്തില്‍ ആപ്പും കോണ്‍ഗ്രസും കൂടി കോപ്പായെങ്കില്‍, ഇങ്ങിവിടെ കോപ്പിനു പറ്റിയത് ഇടത്തും വലത്തുമില്ലാത്തവരാണ്. ഹുങ്കൃതി ഒന്നുകൊണ്ടുമാത്രം ജനാധിപത്യത്തില്‍ കച്ചോടം നടത്തിക്കൊണ്ടുപോവാമെന്നു വിചാരിക്കുന്നവരുടെ പെട്ടിക്കടകള്‍ പൂട്ടാറായി.
തലയില്‍ തേങ്ങ വീണ പട്ടികണക്കെ പലരും കിട്ടിയ വഴിയില്‍ വച്ചുപിടിക്കുന്നു. മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ചിലര്‍ അന്ധാളിച്ചു നില്ക്കുന്നു. തേങ്ങയുടെ വരവു മുന്‍കൂട്ടിക്കണ്ട അപൂര്‍വ്വത്തില്‍ അപൂര്‍വ്വം പ്രതിഭകളാണു പി.സിയും സുരേന്ദ്രനുമൊക്കെ. പാര്‍ട്ടിക്കതീതരായി ഉയരാനുള്ള വിനീതശ്രമമാണു രണ്ടുകൂട്ടരുടേയും. അതിനുള്ള വെടിമരുന്നൊക്കെ കയ്യിലുണ്ടുതാനും. കിട്ടിയ ചാന്‍സ് നന്നായി ഉപയോഗിക്കാന്‍ പി.സിയെ ആരും പഠിപ്പിക്കേണ്ട, സുരേന്ദ്രനെയും. മാനനഷ്ടത്തിനു കേസുകൊടുക്കുമെന്ന് വിളിച്ചുപറയുക എളുപ്പമാണ്. കൊടുക്കുക കഷ്ടവുമാണ്. കോടതിയില്‍ ആദ്യം മാനമുണ്ടായിരുന്നൂവെന്നു തെളിയിക്കണം. അതു ചില്ലറപണിയല്ല. പിന്നെ ഉണ്ടായിരുന്ന മാനമാണു നഷ്ടമായതെന്നു തെളിയിക്കണം. അതു അതിലേറെ പണിയും.
സഭയിലിരുത്താന്‍ പറ്റാത്തവരെക്കൊണ്ടു സഭ നിറഞ്ഞു എന്ന പരാതി
ഹസ്തിനപുരത്തില്‍ ദുശ്ശാസനന് ദ്രൗപതിയുടെ സാരിയില്‍ കൈവച്ചപ്പോള്‍ കണ്ണടയെടുക്കാനോടിയ കിളവന്മാരുടെ കാലംതൊട്ട് ഇങ്ങോട്ടു കേള്‍ക്കുന്നതാണ്. സഭക്കകത്തെയും പുറത്തെയും പ്രകടനം കണക്കിലെടുത്താല്‍ ആരില്ലെങ്കിലും സഭയില്‍ ഉണ്ടാവേണ്ട ആളാണ് പി.സി.യെന്ന തോന്നല്‍ മൂപ്പരുണ്ടാക്കി. ആപ്പും ആര്‍എംപിയും സിഎംപിയും പീസീജോര്‍ജും സീപീജോണും സാറാജോസഫും ഗീതാനന്ദനും ജാനുവും എല്ലാം ഒരുകുടയിലായാല്‍ പിന്നെ ഒരില്ലിയുടെ താങ്ങു ധാരാളം സുരേന്ദ്രന് അകത്ത്. വല്ലതും നടക്കുമോയെന്നറിയാന്‍ നടേശഗുരു പുരപ്പുറത്തുകയറിയിരിപ്പുണ്ട്. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്നതുപോലെ, ബി.ജെ.പി അത്രമോശം പാര്‍ട്ടിയല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇതിനകം കൊടുത്തുകഴിഞ്ഞു. ഇനി നായകരും വില്ലന്മാരും എല്ലാവരും കൂടിച്ചേര്‍ന്നുള്ള ട്വന്റി-ട്വന്റി സംഘനൃത്തമാണ്. സംഘനൃത്തത്തിനു അങ്ങിനെയൊരു ഗുണമുണ്ട്. ഒരുത്തന് അഥവാ ഒരുത്തി തോന്നിയതുപോലെ കളിച്ചാല്‍ മതി, എല്ലാ മികവും ഹലാക്കാവും. എല്ലാവരുടേയും പ്രതീക്ഷ ഇപ്പോള്‍ അതിലാണ്. ഏതെങ്കിലും കാലൊടിഞ്ഞ ഒന്നിനെ അങ്ങോട്ടു കടത്തിവിട്ടു പരിപാടി കുളമാക്കുവാന്‍. അതുകൊണ്ടുതന്നെ ആപ്പിന്റെ ഭാരിച്ച ഉത്തരവാദിത്വം ട്രൂപ്പില്‍ പ്രതിഭകളെ ഉറപ്പാക്കുകയാണ്, വെറും ചൂലല്ല, കൊള്ളരുതാത്തവര്‍ക്കെതിരെ കുറ്റിച്ചൂലെടുക്കുകയുമാണ്.