ലോകപ്രസിദ്ധ തക്ഷശില സര്‍വ്വകലാശാലയില്‍ പണ്ടൊരു പ്രൊഫെസറുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ ഗുരു എന്നുപറയും. ഇന്ത്യയിലെ ആദ്യത്തെ കിങ്‌മേക്കറും മൂപ്പരായിരുന്നു. ചരിത്രത്തിലാദ്യമായി (അവസാനമായും?) ഒരു ശൂദ്രനെ രാജാവായി വാഴിക്കാന്‍ മുന്നോട്ടുവന്ന ബ്രാഹ്മണനും മൂപ്പരുമാത്രമായിരുന്നു. നന്ദരാജാവിന്റെ കൊട്ടാരദാസികളിലൊരാളായ മുരയ്ക്കു ജനിച്ച മകനെ രാജാവാക്കിയത് ചാണക്യതന്ത്രങ്ങളായിരുന്നു. മുര എന്ന ശൂദ്രസ്ത്രീയില്‍ നിന്നുമാണ് മൗര്യസാമ്രാജ്യം എന്നപേരുതന്നെ ഉണ്ടായത്.
ചാണക്യന്റെ തല ചന്ദ്രഗുപ്തന്റെ മെയ്യോടുചേര്‍ന്നപ്പോള്‍ ഡിനോസറിനു ബുദ്ധിയുദിച്ചതുപോലെയായി. അതാണ് മൗര്യസാമ്രാജ്യത്തിന്റെ ചരിത്രം. രാജാവിന്റെ മുകളിലും താഴെയുമായി ഒരേസമയം ഉപദേശകനായും പ്രധാനമന്ത്രിയായും ചാണക്യന്‍ തിളങ്ങി. ചന്ദ്രഗുപ്തമൗര്യന്റെ പേരും പെരുമയും അതിര്‍ത്തികടന്നത് അദ്ദേഹം വഴിയായിരുന്നു.
അന്നു ചൈനയില്‍ നിന്നും ഒരു പണ്ഡിതനായ സഞ്ചാരി പ്രധാനമന്ത്രിയെ കാണാനെത്തി. കൊട്ടാരംവിട്ടുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യവസതിയില്‍ വച്ചു കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം കിട്ടിയ സഞ്ചാരി, പ്രധാനമന്ത്രിയുടെ വസതിതേടിയെത്തി. ഒരു മണിസൗധം പ്രതീക്ഷിച്ചിടത്ത് പ്രദേശവാസികളുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു കുടില്‍. അനുവാദം ലഭിച്ചു അകത്തുകയറിയപ്പോള്‍ ചെറിയമുറിയില്‍ ഒരു വിളക്കിന്റെ വെളിച്ചത്തിലിരുന്നു ചാണക്യന്‍ എന്തോ ഓലയിലെഴുതുന്ന തിരക്കിലായിരുന്നു. ഉപചാരപൂര്‍വ്വം ആഗതനോടു ഇരിക്കാന്‍ ആംഗ്യംകാണിച്ചു, ഒരുരണ്ടുമിനിറ്റുനേരത്തേക്കു ക്ഷമചോദിച്ച് എഴുതിക്കൊണ്ടിരിക്കുന്നതു മുഴുമിപ്പിച്ചു. എഴുത്തു കഴിഞ്ഞയുടന്‍ അദ്ദേഹം ആ വിളക്കണച്ചു. മറ്റൊന്നെടുത്തു കത്തിച്ചു. ആഗതനു കുടിക്കാനും ഭക്ഷിക്കാനുമുള്ളത് ഉപചാരപൂര്‍വ്വം സ്വയമെടുത്തു നല്കി. കേട്ടറിഞ്ഞ ചാണക്യനെന്ന 'ഭീകരനെ' കണ്ട്് അയാള്‍ അദ്ഭുതപരതന്ത്രനായി.
ചൈനക്കാരനുമായി ഗഹനമായ വിഷയങ്ങളില്‍ വാദപ്രതിവാദങ്ങളും ആശയക്കൈമാറ്റങ്ങളുമെല്ലാമായി നേരം പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്വവസതിയില്‍ ഇത്രയും തിരക്കുകള്‍ക്കിടയിലും ഒരു വിദേശസഞ്ചാരിയോടു ആഥിത്യമര്യാദയോടുകൂടി പെരുമാറാനും ചര്‍ച്ചയ്ക്കായും മറ്റും സമയം ചിലവിട്ടതിനും നന്ദിപറഞ്ഞുകൊണ്ട് ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു. എത്രയാലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല കൗടില്യന്‍ - ഒരു വിളക്കൂതി മറ്റൊന്നു തെളിച്ച് അതിഥിയെ സ്വീകരിക്കുന്ന ഭാരതീയ ചടങ്ങിന്റെ പിന്നിലെന്തായിരിക്കണം കാര്യം. അത് ആതിഥ്യമര്യാദയുടെ ഭാഗമല്ലെന്നും ചടങ്ങല്ലെന്നും ചാണക്യന്‍ പറഞ്ഞപ്പോള്‍ ചൈനക്കാരനില്‍ ആശ്ചര്യമേറി. പിന്നെയെന്തിനായിരുന്നു ചാണക്യന്‍ അങ്ങിനെ ചെയ്തത് എന്നായി സഞ്ചാരി.
സുഹൃത്തേ ചില സമയങ്ങളില്‍ ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതിലേറെ സമയങ്ങളില്‍ ഞാന്‍ പ്രജയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രിയെന്ന നിലയില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സ്വത്തായ വിളക്ക് തെളിക്കും. പ്രജയെന്നനിലയിലാവുമ്പോള്‍ അതണച്ചു സ്വന്തമായതു തെളിക്കും എന്നര്‍ത്ഥം.
ചാണക്യനു സമശീര്‍ഷരായി മറ്റൊരാളില്ലാതെ, വാക്കിനു എതിര്‍വാക്കില്ലാതെ വാഴുന്ന കാലം. രാജ്യാന്തര പ്രശസ്തി. ഖജനാവുതന്നെ സ്വന്തം വരുതിയില്‍. പ്രതിപക്ഷം എന്നല്ല ചോദിക്കാനും പറയാനും തന്നെ ആളില്ലാക്കാലം. അന്നു മൂപ്പരു വിചാരിച്ചിരുന്നെങ്കില്‍ 35 ലക്ഷത്തിന്റേതല്ല 350കോടിയുടെ മുന്തിയ ഏര്‍പ്പാടില്‍ തന്നെ രണ്ടിനുപോവാനുള്ള വകയുണ്ടായിരുന്നു. അതുചെയ്യാത്തതാണു ചാണക്യനെ വ്യത്യസ്തനാക്കിയതും ചരിത്രത്തിലൊരിടം നേടിക്കൊടുത്തതും. ആചാരവെടിയോടെ അസ്തമിക്കുന്നതായിരിക്കും മറ്റുള്ളവരുടെ ഓര്‍മ്മകള്‍. ആചാരവെടിയേറ്റ ജനഹൃദയങ്ങളിലെ മിക്ക നേതാക്കളുടെയും സ്ഥാനം ഉരുണ്ടുവീഴുന്നതു ചവറ്റുകുട്ടിയിലേക്കായിരിക്കും. ചരിത്രം ആരെയും അവഗണിക്കാറില്ല. പുറമ്പോക്കില്‍ ഒരു ചവറ്റുകുട്ട സ്ഥാപിച്ച് പലരെയും ആദരിക്കുകയാണു പതിവ്.
രാജ്യത്തിനാവശ്യം ധാരാളികളായ ചക്രവര്‍ത്തിമാരെയല്ല, പോരാളികളായ ചാണക്യന്‍മാരെയാണ്. മരുന്നിനുപോലുമില്ലാതാവുന്നതും ആയൊരു വംശപരമ്പരയാണ്. കൗടില്യതന്ത്രങ്ങളില്‍ നിന്നുപിടിവിട്ട് നാം പണം കായ്ക്കുന്ന മരത്തിലെ സര്‍ദാര്‍ജി ക്രൂരഫലിതത്തിലേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. നിലം തൊടുംമുമ്പേ ചാണക്യനൊരു സല്യൂട്ട്.
September 25, 2012
June 10, 2012
ടി.പി. വധം - ഒരു ക്വട്ടേഷന്‍ സന്ദേശം
ഇടുക്കിയിലെ
''മണി'' മുഴക്കത്തോടെ ഫ്രം ഫോര്‍ റ്റു
തേര്‍ട്ടീന്‍ ലക്കി
നെയിംസ് വെളിപ്പെടുത്തണമെന്ന
തങ്കച്ചന്റെ അഭ്യര്ത്ഥന കേട്ടപ്പോള്‍
ചിരിനിര്ത്താനാണു പാടുപെട്ടത്. എന്തുകൊണ്ടു
ടി.പി. വധത്തിനുമാത്രം
ഇന്തമാതിരിയൊരു അന്വേഷണം എന്ന പലരുടേയും
ചോദ്യത്തിന്റെ ഉത്തരത്തിന്റെ പാതി ആയൊരു അഭ്യര്ത്ഥനയിലുണ്ട്. മേഘസന്ദേശം പോലെ, മയൂരസന്ദേശം
പോലെ ഒരു ക്വട്ടേഷന്‍
സന്ദേശത്തിന്റെ ഫൈനല്‍ എഡിറ്റിങ്ങായിരുന്നു ടി.പി. വധം.
ആ സന്ദേശം എല്ലാവര്ക്കും കിട്ടി. അതായത്
കേരളത്തില്‍ എണീറ്റുനടക്കാന്‍ പറ്റാത്തവരെല്ലാം കൂടി ഒരു പാര്ട്ടി രൂപീകരിച്ചാല് ആ
പാര്ട്ടിയെ എതിര്ക്കുന്നവരെ തട്ടാന്‍ നാലാളെ
കിട്ടാന്‍ ലച്ചം തേച്ചും വേണ്ത്ത
സുന്ദരമായ യാഥാര്ത്ഥ്യമാണു വെളിപ്പെട്ടത്.
ഒരു ഒന്നൊന്നര ടൂ
ഇന്‍ വണ്‍ പ്രഖ്യാപനമായിരുന്നു
അത് - ക്വട്ടേഷന്‍ - ഒരേസമയം ചരിത്രപരമായ മണ്ടത്തരവും
കാലത്തിന്റെ ദൗത്യവും പാര്ട്ടി
തന്നെ നിറവേറ്റി. ആ ചുവരെഴുത്തു
വായിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി അന്വേഷണം കാറ്റിനുപാറുന്ന
ചപ്പില് നിന്നും അതുവരെ കിളച്ചാല്‍
കിട്ടാത്ത അസഹിഷ്ണുതയുടെ വിഷവൃക്ഷത്തിന്െ വേരുകളിലേക്കിറങ്ങി.
പൊതുജനത്തിന്റേതുപോലല്ലോ നേതാക്കളുടെ ജീവന്‍. ദേ ആര്‍
മോര് ഈക്വല്‍. ഇക്കണ്ടതെല്ലാം ഉണ്ക്കിയാല്
മാത്രം പോരല്ലോ? അതൊന്നും അനുഭവിക്കാന്‍
യോഗമില്ലാതാവുന്നതിനെക്കാള് ഭീകരമായി മറ്റെന്തുണ്ട് ലോകത്തില്‍?
ഇടുക്കിവീരനെ
പുറത്താക്കിയാല്‍ മാത്രം പോരാ നേപ്പാളിലെ
രാജാവിന്റെ ആത്മാവിനെ ആനയും പൂജാരിയും
സഹിതം നാടുകടത്തിയപോലെ പടിയടച്ചു പിണ്ഡം വെക്കേണ്ടതാണ്.
ഒരു പ്രത്യയശാസ്ത്ര ശുദ്ധികലശവും
നടത്തണം. ഈ ''ഉത്തമ
കമ്മ്യൂണിസ്റ്റിനെ' കുറേകാലമായി കേട്ടു മാനസികനില തകരാറിലായി
പോയ അണികളുണ്ടെങ്കില് അവരെ
കൌണ്സിലിങ്ങിനു വിധേയരാക്കി
സാധാരണരാഷ്ട്രീയജീവിതത്തിലേക്കു
തിരിച്ചുകൊണ്ടുവരികയും വേണം.
മതമാവട്ടെ
രാഷ്ടീയമാവട്ടെ വിശ്വാസം വിശ്വാസംതന്നെയാണ്. സത്യവും
വിശ്വാസവും അമ്മയെയും അച്ഛനെയും പോലെയാണ്.
പ്രത്യക്ഷത്തില്‍ അമ്മ ഒരു സത്യവും
അച്ഛന്‍ ഒരു വിശ്വാസവും
എന്നു പറയാം. സത്യവും വിശ്വാസവും
തമ്മിലുള്ള സാമ്യം അതാണ് അന്തരവും
അതുതന്നെയാണ്. രണ്ടും ചേരുംപടി ചേരുന്നിടത്താണ്
മാനവികത പൂത്തുലയുന്നതു. അതില്ലാത്തിടത്താണു സര്വ്വനാശത്തിന്റെ
രാക്ഷസത്തിരമാലകള്‍ ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നു. മതം
മാത്രമല്ല രാഷ്ട്ടീയവും ഒരു വിശ്വാസം
മാത്രമാവുമ്പോഴാണ് രണ്ടും മനുഷ്യനെ മയക്കുന്ന
കറുപ്പായി മാറുന്നതും മൊത്തത്തില്‍ താലിബാനിസവും
ഫാസിസവുമായി അധപതിക്കുന്നതും. മാര്ക്സ്
തീര്ത്തും ശരിയാണ്.
മതം മതനേതാക്കള്ക്കുവേണ്ടിയായപ്പോള്
വിലങ്ങനെ വളര്ന്ന അരമനകള്‍ മാനവികതയുടെ
പ്രയാണത്തിനു മാര്ഗതടസ്സങ്ങളായി. സത്യം
വിളിച്ചുപറഞ്ഞതിനു ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോ
പറഞ്ഞ സത്യം മാറ്റിപറഞ്ഞു ജീവന്‍
നിലനിര്‍ത്തി. അവസരമൊത്തുവന്നപ്പോള്‍ സത്യം
പിന്നീടു തെളിയിച്ചു. പരന്നഭൂമി താങ്ങിനിര്ത്തിയ
ബൈബിളും വിശ്വാസങ്ങളുടെ ഏദന്തോട്ടവും ഭൂമി
ഉരുണ്ടതോടെ നിലം പൊത്തിയില്ലെന്നതു മറ്റൊരു
ചരിത്രം. ഉരുണ്ടഭൂമിയിലും വിശ്വാസങ്ങള്‍ നന്നായി ക്ലച്ചുപിടിച്ചൂ. വിശ്വാസങ്ങളുടെ
ചരിത്രം അതാണു. വിശ്വാസത്തിന്റെ അലക്
സത്യബോധമാണെങ്കില് പിടി ഇതര വിശ്വാസങ്ങളോടുള്ള
സഹിഷ്ണുതയായിരിക്കണം
മാര്ക്സിസം
എല്ലായിടത്തും മതത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നൂവെന്നു
പറയുന്നില്ല, പക്ഷേ പാര്ട്ടിയുടെ
അപഥസഞ്ചാരവും വഴിവിട്ട ബന്ധങ്ങളും കാണുമ്പോള്‍
വ്യതിയാനങ്ങളുടെ വേറിട്ട മാര്ഗത്തിലാണു
പാര്ട്ടിയെന്നു ആളുകള്‍
മൊത്തം സംശയിക്കുന്നു. മൊത്തം ആളുകളുടെയും തലയുടെ
കുഴപ്പമാണെന്ന ഈദിഅമീന്‍ നിലപാടിലേക്കു പാര്‍ട്ടിയെത്തുമ്പോള്‍ സ്വാഭാവികമായും നേതാക്കളുടെ തല പരിശോധിക്കുവാന്‍
ആളുകള്‍ പുറപ്പെടുന്നു. ആശയം
ആമാശയങ്ങള്ക്കു വഴിമാറുമ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ
ഉടവാള് ക്വട്ടേഷന്‍ വടിവാളായി മാറുന്നു. പാര്ട്ടിയുടെ സഞ്ചാരഗതി കുരിശുയുദ്ധപാതയിലോ
വിശുദ്ധയുദ്ധപാതയിലോ അതോ ഇനി
കക്ഷത്തിലെ മാനിഫെസ്റ്റോ വലിച്ചെറിഞ്ഞു ഉത്തരത്തിലെ ഗീതയില്‍ കെട്ടിത്തൂങ്ങാനുള്ള പുറപ്പാടോ
എന്നു തോന്നുംവിധമാണ് പ്രയാണം. അന്യന്റെ
ശബ്ദം സംഗീതം പോലെയാസ്വദിക്കാനുള്ള സഹിഷ്ണുതയാണ്
മാര്ക്സിസം
ആവശ്യപ്പെടുന്നത്. മാര്ക്സിനു
വേണ്ടിയിരുന്നതും.
വിശ്വാസവും
അന്ധവിശ്വാസവും തമ്മില്‍ വ്യത്യാസമില്ലെന്നു തെളിയിക്കുകയാണു
പലപ്പോഴുമായുള്ള അരുംകൊലകളും അതിന്റെ മോഡസ് ഓപ്പറാന്റിയും.
വിശ്വാസത്തിന്റെ പേരിലുള്ള കൊലയും അന്ധവിശ്വാസത്തിന്റെ
പേരിലുള്ള നരബലിയും തമ്മില്‍ വ്യത്യാസമില്ലാതാവുകയാണ്. ഒന്നു
കരളിനെ ബാധിച്ചതാണെങ്കില്‍ മറ്റേത് കൊരളിനെ ബാധിച്ച
കാന്സര്‍. ഫലമോ
നാളെയൊരുപക്ഷേ ആരുമോര്മ്മിക്കാത്ത ദുരന്തമായി
ഒട്ടനവധി ഷഹീദുകളും രകതസാക്ഷികളും ബലിദാനികളും. സിംഹത്തെയും
കടുവയെയും യാഗത്തില്‍ ബലികൊടുക്കുന്ന പതിവില്ലാത്തതുകൊണ്ട്
വന്കിടകുത്തകബൂര്ഷ്വാഭൂപ്രഭു
വര്ഗങ്ങളുടെ ബോണ്സായിയായി സങ്കല്പിച്ച് നിരായുധനായവനെയും
കിടന്നുറങ്ങുന്നവനെയും ജീവിച്ച വര്ഷത്തിനു
ആനുപാതികമായി കഷണങ്ങളാക്കി വെട്ടിനുറുക്കുകയാണ് ട്രെന്റി ആര്ട്ട്
ഓഫ് ക്വട്ടേഷന്‍ കില്ലിംഗ്.
വിപ്ലവം തന്നെ ശ്വസിച്ചുവളര്ന്ന
ധീരനായ, നട്ടെല്ലുള്ള വിപ്ലവകാരിയായ ടി.പി.യെ വെട്ടിനുറുക്കിയതിനു
വിപ്ലവത്തിന്റെ കേരളത്തിലെ സര്വ്വാധികാര്യക്കാരെ
സംശയിച്ച മഹാപാപികള്‍ പണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയെ തന്നെ സംശയിച്ചുകളയുമെന്നു തോന്നിപ്പോവുന്നതായിരുന്നു
തുടക്കത്തിലെ ഗീര്വീണം. ഒരു
മുഴുമനുഷ്യനാവാന് ജന്മം ഒന്നുംകൂടി ജനിക്കണമെന്നു
ലോകത്തിനു നന്നായി ബോദ്ധ്യമുള്ള ബുദ്ധിമാത്രമില്ലാത്ത
ബുദ്ധിജീവികളെയാണു കൊന്നതു ഞമ്മളല്ലെന്ന സത്യവിശ്വാസപ്രചരണത്തിനു
നിയോഗിച്ചത്. അവരുടെ മൊഴിമുത്തുകളും സാസ്കാരിക ലോകത്തെ നെടിയ
നെറൂദമാരുടെ താണുപോയതും തരംതാണുപോയതുമായ നാവുകളും
ജനങ്ങളുടെ വിശ്വാസത്തിന്റെ ഗ്രാഫു കുത്തനെ ഉയര്ത്തി. ''വായില്‍ എല്ല്
സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല'' എന്ന്
അധികാരികളോട് ചേര്ന്ന് നിന്ന
ബുദ്ധിജീവികളെ സംബോധന ചെയ്ത് അടിയന്തരാവസ്ഥയ്ക്കുശേഷം
പറഞ്ഞത് അരുണ്‍ ഷൂരിയായിരുന്നു.
മതവിശ്വാസികള്‍
ദൈവം രക്ഷിച്ചോളും എന്നു
പറഞ്ഞു കൊല്ലിക്കുന്നു. പാര്ട്ടി രക്ഷിച്ചോളും
എന്ന ഉറപ്പിന്മേല്
പാര്‍ട്ടിയും കൊല്ലിക്കുന്നു.
കൊല്ലാനും ചാവാനും ആളുകുറയുമ്പോഴുള്ള പുതിയവഴിയാണ്
ക്വട്ടേഷന്‍. അതാണബന്ധത്തിലായതും. കഴിഞ്ഞ ദിവസത്തെ ഒരു
മുഖ്യകൊടുവാള്പിടിയുടെ അറസ്റ്റോടുകൂടി
ഒരു ശതമാനത്തിന്റെ ആനുകൂല്യത്തില്‍
മാറിനിന്നവരുടെ സംശയത്തിനു കൂടി നിവൃത്തിയായി. പാര്ട്ടി പറഞ്ഞതു മുഴുവനായും
ശരിയായി വന്നു. ആര്ക്കും
പങ്കില്ല. അതായത് പാര്ട്ടിക്കു
പുറത്താര്ക്കും. സത്യം ജനത്തിനു
ബോധ്യപ്പെട്ടതുകൊണ്ട് ചാനല്‍
ചര്‍ച്ചകളില്‍ ഇനിയങ്ങോട്ടു
വിപ്ലവപ്രതിഭകളാരും പങ്കെടുത്തു ചക്കിനുകെട്ടിയ മൂരിയുടെ ധര്മ്മം
നിര്വ്വഹിക്കേണ്ടെന്നു തീരുമാനിക്കുകയും
ചെയ്തു.
പെണ്വാണിഭക്കേസിലെ പ്രതികള്‍ പോവുമ്പോലെ തലയില്‍
മുണ്ടിട്ടുപോകേണ്ടവരാണോ ഇക്കണ്ട മഹാവിപ്ലവകാരികളെല്ലാം. അന്തസ്സോടെ
അരയുംതലയും മുറുക്കി അരോമല്‍ ചേകോന്മാരെ, നെഞ്ചുവിരിച്ച് സി.ഐ.എയെ
നേരിട്ട ചെയെപ്പോലെ നിലകൊള്ളേണ്ട യോഗ്യന്മാരിങ്ങിനെ തലമറച്ച് വിതുമ്പിക്കൊണ്ടു
പോവുന്നതു ലോകം കാണുമ്പോള്‍ തലതാണുപോവുകയാണ്. ഈയൊരുഗ്രന്
വിപ്ലവദൗത്യവുമായി അക്കൂട്ടരെ ആശീര്വദിച്ചയച്ച
ഫ്യൂഡല്‍ ശുംഭന്മാര് ഉറപ്പുള്ള കയറും കൊണ്ട്
അടിയന്തിരമായി ലക്ഷണമൊത്ത മാവു നോക്കേണ്ടതാണു.
പടച്ചോനില്‍
വിശ്വസിക്കാത്തവരായിരുന്നു പണ്ടത്തെ അവിശ്വാസികള്‍. ഇന്നതു
പാര്‍ട്ടിയില്‍ വിശ്വസിക്കാത്തവരാണ്.
മതേതരര്ക്ക് മതത്തില്‍ നിന്നും
പണ്ടു നേരിട്ട അതേ ഭീഷണിയാണിപ്പോള്‍
പാര്ട്ടിയേതര്ക്കും.
അവിശ്വാസികളുടെ ജീവനും മനസ്സമാധാനവുമെല്ലാം ഇപ്പോള്തന്നെ പാര്ട്ടിയുടെ
ഔദാര്യമാവുമ്പോള് വിപ്ലവാനന്തര സര്വാധിപത്യ
ഭരണകൂടത്തിന്റെ കീഴില്‍ തലയില്ലാത്തവര്ക്കുമാത്രമായിരിക്കും
ജീവിക്കാനുള്ള അവകാശമെന്നുതോന്നുന്നു. ഏതായാലും അതുണ്ടാവില്ലെന്നു പാര്ട്ടി ഉറപ്പിച്ചിട്ടള്ളതാണ് ഏക
ആശ്വാസം. വാരിക്കുന്തവും വടിവാളും ലന്തത്തോക്കും നാടന്ബോംബുമായി സങ്കല്പത്തിലെ ഒരു
വിപ്ലവം ദ്രവിച്ച കടലാസില്‍ മാത്രമായിരിക്കുമെന്നും
ജനാധിപത്യത്തിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗിക്കുക മാത്രമേ
ഇന്ത്യന്‍ സാഹചര്യത്തില്‍ നടക്കുകയുള്ളൂവെന്നു കാരാട്ടു വ്യക്തമാക്കിയ സ്ഥിതിക്ക്
അതു ഭാവിയിലെ സര്വ്വാധികാര്യക്കാരാവുന്നതും സ്വപ്നം കണ്ടുനടക്കുന്ന
കൊല്ലിനും കൊലയ്ക്കും അധികാരമുള്ള താണനേതാക്കളെയും
അണികളെയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ട ചുമതല ജനറല്‍ സിക്രട്ടറിക്കുണ്ട്.
അല്ലെങ്കില്‍ കിട്ടാന്പോവുന്ന വോട്ടിനെ
പറ്റി പിന്നീട് ബേജാറാവേണ്ടിവരില്ല. മുറിച്ച
മെമ്പര്ഷിപ്പിറ്റിന്റെ കുറ്റിയെണ്ണിയാല് മതിയാവും.
വിപ്ലവം നടത്തി അധികാരം കൊയ്യുന്ന
പരിപാടി ഉപേക്ഷിച്ചതിനുള്ള പ്രതിഫലമാണല്ലോ വിപ്ലവപ്രതിഭകള്ക്ക് സര്‍ക്കാരില്‍
നിന്നും ലഭിക്കുന്ന അച്ചാരം - ജനസേവനത്തിനുള്ള
ശമ്പളവും പെന്ഷനും രണ്ടുമൊന്നായിട്ടുമെല്ലാം
കിട്ടിക്കൊണ്ടിരിക്കുന്നത്. ഇങ്ങിനെ കിട്ടുന്ന ശമ്പളവും
പെന്ഷനുംമൊഴിച്ച് ബാക്കിയെല്ലാം
ബൂര്ഷ്വയാവുന്ന പതിവാണ്
പ്രശ്നം. ജനാധിപത്യത്തിന്റെ
സാമ്പത്തികാനുകൂല്യങ്ങള്‍ കൈപ്പറ്റുകയും അതോടൊപ്പമുള്ള അവിശ്വാസികളോടുള്ള സഹിഷ്ണുത അശേഷം കാണിക്കാതിരിക്കുകയും
ചെയ്യുമ്പോഴാണ് ചന്ദ്രശേഖരന്മാര് സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയും കേരളത്തിലെ പാര്ട്ടിയെയും
കാത്തിരിക്കുന്നത് ബംഗാള്‍ പദവിയായിരിക്കും. പാര്ട്ടി നശിക്കരുത് - ഇടതുപക്ഷം
ഇല്ലാതാവുകയുമരുത്.
---------------------------
വാര്ത്ത: പുരുഷന്മാരോടൊപ്പം നൃത്തമാടിയതിനു നാലു യുവതികളെ പാക്കിസ്ഥാനില്
ഗോത്രസമിതി വധിച്ചു. മതത്തെ അവഹേളിച്ചു
കുടുംബത്തിനും മാനക്കേടുണ്ടാക്കിയെന്നതെല്ലാമാണു കുറ്റങ്ങള്.
പിന്കുറി:
ഞാനൊരു സംശയത്തിലാണ്. ഇവിടുത്തെപോലെ അവിടെയും എന്നെഴുതണോ അതോ
അവിടുത്തെപോലെ ഇവിടെയും എന്നെഴുതണോ?
December 02, 2011
മല്ലുവിന് ഉയിര് തമിഴന് തണ്ണി
ദുരന്തം ആക്ഷേപഹാസ്യത്തിനു വിഷയമാവരുത്. പക്ഷേ അതിനുമുമ്പുള്ള സമൂഹത്തിന്റെ കുറ്റകരമായ നിസ്സംഗതയോ?അണകെട്ടി നിര്‍ത്തിയ വെള്ളവും ചിന്തയുടെ നീരൊഴുക്കില്ലാത്ത തലയും ഏതാണ്ടൊരുപോലെയാണ്. ലേശം മുന്തിയ അപകടകാരി തലയാണെന്ന് കാലം ഇതിനകം തെളിയിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുലക്ഷം മനുഷ്യരുടെ ജീവനും നാലു ജില്ലകളുടെ നിലനില്പും ഒരു കുലുക്കത്തിലോ അല്ലെങ്കില്‍ പ്രായാധിക്യം ഹേതുവായുള്ള അണക്കെട്ടിന്റെ സ്വാഭാവിക ചരമത്തിലോ അസ്തുവാകാമെന്ന മുന്നറിയിപ്പ് തരുന്നത് മേഖലയിലെ സാങ്കേതിക വിദഗ്ദ്ധന്‍മാരാണ്. ഒന്നും സംഭവിക്കില്ലെന്ന ഉറപ്പും വിദഗ്ദ്ധര്‍ പറയുന്നതു കളവാണെന്നു കണ്ടെത്തുന്നവരാകട്ടെ നാവുകൊണ്ടുമാത്രം കോട്ടകെട്ടാനറിയുന്നവരും.
ചാരായഷാപ്പില്‍ കയറുന്നവന്റെ കാകദൃഷ്ടിയല്ല നേതാക്കള്‍ക്കു വേണ്ടത്. വേണ്ടത് കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് ഭൂമിയിലെ പൊത്തിലെ ചുണ്ടെലിയുടെ മീശ കാണുന്ന ഈഗ്ള്‍സ് ഐയാണ്. തലയില്‍ ആള്‍പ്പാര്‍പ്പു വേണം. ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ന്ന ഉറപ്പ് നട്ടെല്ലിനുമുണ്ടെങ്കില്‍ സംഗതി ഭേഷായി.
ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നു പറഞ്ഞത് മാര്‍ക്‌സാണ്. ആദ്യം ഭോപ്പാല്‍ ദുരന്തം. പിന്നെ ആന്‍ഡേഴ്‌സണ്‍ വിചാരണ പ്രഹസനം. ലോകത്തെങ്ങും അണക്കെട്ടുകള്‍ ജാതകപ്രകാരം ജീവന്‍ വെടിയാത്തപക്ഷം ദയാവധം നടപ്പിലാക്കുകയാണു പതിവ്. കാലത്തിനുമുന്നേ നടന്ന പെരിയോറുടെ പിന്‍ഗാമികള്‍ ഇങ്ങിനെ പിറകോട്ടുനടക്കുന്നത്് ഏതായാലും ശരിയല്ല. കാടെല്ലാം നാടായ ഒരു നൂറ്റാണ്ടില്‍ മുല്ലപ്പെരിയാറിനെ കാണേണ്ടത് 100 കൊല്ലം മുമ്പിലത്തെ കണ്ണുകൊണ്ടല്ല. അന്നാണെങ്കില്‍ ചാവാന്‍ കുറച്ച് 'പക്ഷിമൃഗാദിവാസി'കള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.
കരിങ്കല്ലും സുര്‍ക്കിയും കൊണ്ടുനിര്‍മ്മിച്ച് 50 വര്‍ഷത്തേക്കു ആയുസ്സു ഗണിച്ചെഴുതിയ ജാതകമാണ് മുല്ലപ്പെരിയാറിന്റേത്. ഒന്നുകില്‍ ലക്ഷോപലക്ഷം ജനങ്ങളുടെ ആയുസ്സിന്റെ ബലം കൊണ്ട്. അല്ലെങ്കില്‍ സായിപ്പിന്റെ കൈപ്പുണ്യം കൊണ്ട്. അതുമല്ലെങ്കില്‍ അന്തകാലത്തു സുര്‍ക്കി കടലാസായി മാറി സ്വിസ്ബാങ്കിലെത്തുന്ന സാങ്കേതികവിദ്യകളില്ലാതിരുന്നതുകൊണ്ട്. അല്ലാതെ 60 കൊല്ലം ആയുസ്സ് നീട്ടിക്കിട്ടേണ്ട കാര്യമില്ല. പറഞ്ഞ 50 കഴിഞ്ഞ് സെഞ്ചുറി തികച്ച് വീണ്ടും ഒരു ദശകം കൂടി നിന്നപടി നില്ക്കുന്നതുകൊണ്ട് ഇനിയെന്തു സംഭവിക്കാന്‍ എന്നതാണ് തമിഴന്റെ ലാ പായിന്റ്. പോരാത്തതിന് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ കൊണ്ട് ആയുസ്സുനീട്ടിക്കിട്ടുന്ന വിദ്യയും ഇടക്കിടെ പരീക്ഷിക്കുന്നുണ്ട്.
അതായത് ജാതകപ്രകാരം 40ല്‍ വടിയാവേണ്ട കുഞ്ഞിരാമന്‍ 80 വയസ്സുവരെ അരോഗദൃഢഗാത്രനായി നിന്നു. അതുകൊണ്ടുതന്നെ ഇനിയും ഒരു 80 വര്‍ഷം കൂടി തെക്കേക്കണ്ടത്തില്‍ കുഞ്ഞിരാമനുവേണ്ടി ഒരു കുഴിയെപറ്റി ആരും ചിന്തിക്കേണ്ടതില്ല എന്ന ശാസ്ത്രീയ വീക്ഷണമാണ് തമിഴകത്തിന്റേത്. പ്രകൃതി എവര്‍ക്കും കനിഞ്ഞരുളുന്ന ഒരു അന്ത്യയാത്രാമൊഴി ആസ്വദിക്കാനുള്ള ഭാഗ്യം കുഞ്ഞിരാമനുമുണ്ടാവുക സ്വാഭാവികമാണ്. കരിങ്കല്ലും സുര്‍ക്കിയുമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കുഞ്ഞിരാമന്‍ തിന്നത് കൊട്ടനവലും ബന്നങ്ങയുമാണെന്നു പറഞ്ഞിട്ടും കാര്യമില്ല. പൊട്ടുന്നിടം സിമന്റു വാരിപ്പൂശിയതുകൊണ്ടു കാര്യമില്ല. ഇത്രയും സങ്കീര്‍ണമായ ഒരു നിര്‍മ്മിതിയുടെ ബലക്ഷയത്തിന് ശങ്കരാടി ഏതോ സിനിമയില്‍ പറയുന്നതുപോലെ ഇച്ചീരി സിമന്റും ഇച്ചീരി മണലും നല്ലോണം വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ അണക്കെട്ട് ധാതുപുഷ്ടി വീണ്ടെടുക്കുമെന്ന വിശ്വാസം അയ്യാവുടെ തണ്ണിയും മല്ലുവിന്റെ ഉയിരും കൊണ്ടുപോവുമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
ദ്രവിച്ച് കമ്പിപുറത്തായി വീഴാറായ കോണ്‍ക്രീറ്റു കാലിന്‍മേല്‍ നില്ക്കുന്ന ബസ്‌ഷെല്‍ട്ടറിനെ ഒരു ക്ലബുകാര്‍ വന്ന് വൃത്തിയായി പെയിന്റടിച്ചു. ആ മഹദ് കൃത്യം അനുഷ്ഠിക്കാന്‍ മാത്രം ബുദ്ധി മറ്റാര്‍ക്കുമില്ലെന്ന് തെളിയിക്കാനായി എംബ്ലം സഹിതം ക്ലബുകാര്‍ പേരെഴുതിവെയ്ക്കുകയും ചെയ്തു. ക്ലബിന്റെ ഉടമസ്ഥാവകാശം കടുപ്പപ്പെട്ട ഒരു മൃഗത്തിന്റെ പേരിലായിരുന്നതുകൊണ്ട് ആളുകള്‍ ചോദ്യം ചെയ്യാനൊന്നും പോവാതെ അവിടെ ഒരു ബോര്‍ഡു സ്ഥാപിച്ചു. ക്ലബുകാരുടെ വിവരക്കേടിനുള്ള സര്‍ട്ടിഫിക്കാറ്റായി. ബുദ്ധിയുള്ള ജനം മഴലേശം കൊണ്ടാലും ശരി പുറത്തുതന്നെ ബസുകാത്തുനിന്നു. വലിയ കാലതാമസമില്ലാതെ അതുനിലം പൊത്തുകയും ചെയ്തു.
എക്‌സ്പയറി ഡേറ്റുകഴിഞ്ഞ് പിന്നെയും അറുപതുകൊല്ലം ചുരത്തിയ കാമധേനുവിന്റെ അകിടിലാണ് തമിഴന്റെ വിശ്വാസം. കാമധേനുവിന്റെ ഉയിരിലല്ല. അതുകൊണ്ടുതന്നെ തമിഴ്മക്കള്‍ക്ക് മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തില്‍ ആശങ്കയേയില്ല. അസാരം ആശങ്കയുള്ളത് ഇന്നലെ നിര്‍മ്മിച്ചതും ശാസ്ത്രീയമായ എല്ലാ സുരക്ഷാക്രമീകരണങ്ങളുമുള്ള അതിര്‍ത്തിക്കടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തിലാണ്. അതു തമിഴര്‍ക്ക് ഭീഷണിയാണെന്ന കാര്യത്തില്‍ ലവലേശം സംശയം അവര്‍ക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നരദിവസം തണ്ണി മുടങ്ങുന്നതിലും നല്ലത് 35ലക്ഷം ജലസമാധിയാവുന്നതാണെന്ന വിശാലവീക്ഷണമാണ് തമിഴരുടേത്. മല്ലുവിന് ജീവന്‍ തമിഴനു തണ്ണി എന്ന ഒന്നാംതരം ഫോര്‍മുലയാണ് മുഖ്യമന്ത്രി വച്ചിട്ടുള്ളത്. വാക്കൊന്നിനു അണ്ടിപ്പരിപ്പ് ഒരുനാഴി വീതം അകത്താക്കി ചര്‍ച്ചിക്കേണ്ടത് മല്ലുവിന്റെ ഉയിരിനാണോ അയ്യാവുടെ മുല്ലക്കാണോ മുന്തിയ പരിഗണന വേണ്ടതെന്നല്ല. ഉള്ളി തോലുപൊളിച്ചു വിത്തു കണ്ടെത്തുന്ന ചര്‍ച്ചകളല്ല ഇനി ആവശ്യം.
രാമനും സുഗ്രീവനും കൂടി ബാലിയെ വടിയാക്കാനായി ഒപ്പുവച്ച കരാറിന്റെ പേരില്‍ ഒരു കുരങ്ങനും ചുരണ്ടിയാല്‍ കുരങ്ങിനെ കിട്ടുന്നവനും കൂടി പോരിനിറങ്ങിയാല്‍ അതു കിഷ്‌കിന്ധാരാജ്യവും അയോദ്ധ്യരാജ്യവും തമ്മിലുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ്, പരിഹാരം ഇന്ത്യന്‍ഭരണഘടനക്കപ്പുറത്താണെന്നാണ് തലൈവിയും കലൈജ്ഞരും വാദിക്കുക. ഭരണഘടനയെന്നത് ഒരു നാനാവാതസംഹാരിയല്ല. തിരുവിതാംകൂറും മദിരാശിയും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചാല്‍ പിന്നെയെന്ത് രാജ്യം എന്തുരാജ്യപദവി. നമുക്ക് നല്ലതിനാണെങ്കില്‍ രാജഭരണം വരണം, ഇനി പട്ടാളഭരണമായാലും കുഴപ്പമില്ലെന്ന സുന്ദരമായ വീക്ഷണമാണ് നമ്മുടേത്.
സായിപ്പിന്റെ കണക്കുപ്രകാരം ചിലവു കയുടെ 7% പിരിഞ്ഞുകിട്ടുന്നതായിരുന്നു ഇടപാട്. പിന്നീട് 110 കൊല്ലം കൊണ്ട് എന്തുകിട്ടിയെന്നത് നാം നമ്മോടുതന്നെ ചോദിക്കേണ്ടതാണ്? ഓരോ കരാറും വേണ്ടത് കാലാകാലത്തേക്കല്ല, കാലികമായി താനേ പുതുങ്ങാനുള്ള വകുപ്പോടെയായിരിക്കണം ഇനിയങ്ങോട്ടുള്ളത്. നമ്മളായി പുതുക്കേണ്ട ആവശ്യം കൂടി വരരുത്.
റിക്ടര്‍ സ്‌കെയിലില്‍ 5നുമീതെയുള്ള കുലുക്കമാണെങ്കില്‍ സംഗതി പോക്കാണെന്ന് സെസ്സും 6 നുമീതെ വന്നാല്‍ പറയുകയേ വേണ്ടെന്ന് ഐ.ഐ.ടി. റൂര്‍ക്കി വിദഗ്ദ്ധരും പറഞ്ഞുകഴിഞ്ഞു. അവരേക്കാളെല്ലാം മെച്ചപ്പെട്ട സാങ്കേതികവിദഗ്ദ്ധരെക്കൊണ്ട് നില്ക്കക്കള്ളിയില്ലാതായിരിക്കുകയാണ് തമിഴരുടെ സകല കഴകങ്ങളിലും. കേട്ടാല്‍ തോന്നുക ഇനി ഇടുക്കി കുലുങ്ങണമെങ്കില്‍ ജില്ലാകലക്ടറുടെ സമ്മതം വേണമെന്നാണ്. മൂന്നില്‍ കുലുങ്ങണോ നാലില്‍ കുലുങ്ങണോയെന്നെല്ലാം കലക്ടര്‍ക്കു തീരുമാനിക്കാവുന്നതേയുള്ളു. ഈ ജില്ലകൊണ്ടു തോറ്റൂവെന്നു വന്നാല്‍ കലക്ടര്‍ ആറില്‍ കുലുങ്ങട്ടേയെന്നങ്ങു ശപിക്കും. തീര്‍ന്നു കഥ മല്ലുവിന്റെ ഉയിരിന്റേയും അയ്യാവുടെ മുല്ലയുടേയും.
ഇതെഴുതി തീരുമ്പോഴേക്കും ഒരു ശുഭവാര്‍ത്ത വന്നിട്ടുണ്ട്. കേരളത്തിലെ സാസ്‌കാരികനായകന്‍മാര്‍ തമിഴകത്തെ സാംസ്‌കാരികനായകന്‍മാര്‍ക്ക് കത്തെഴുതാനുള്ള ഗംഭീരപദ്ധതിയാണ് അഴീക്കോട് ആസൂത്രിക്കുന്നത്. ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്കുമാത്രമല്ല എഴൈതോഴന്‍മാര്‍ക്കും ജാതിമതഭേദമന്യേ മതമേലദ്ധ്യക്ഷന്‍മാര്‍ക്കും നൂറ്റൊന്നാവര്‍ത്തിച്ച് വിജയം ഉറപ്പിക്കാവുന്ന ഒരു പദ്ധതിയാണ്. നാമെല്ലാം ഭാരതീയ്യര്‍ എന്ന വിശാലകാഴ്ചപ്പാട് അവരെ അറിയിക്കുവാനായി മല്ലൂ തമിള്‍ ഭായീ ഭായീ എന്ന് ഹിന്ദിയിലെഴുതിയാല്‍ സംഗതി ജോറായി. പ്രശ്‌നം നാളെത്തന്നെ പരിഹരിക്കപ്പെടുകയും ചെയ്യും. അഴീക്കോടിന്റെ ബുദ്ധിയാണു ബുദ്ധി.
മുല്ലപ്പെരിയാര്‍ ഭാവിയില്‍ പൊട്ടാനുള്ള സാദ്ധ്യത കണ്ട് ഭരണഘടനയില്‍ പ്രൊവിഷനുണ്ടാക്കാത്തതുകാരണം 35ലക്ഷത്തിന്റെ കാര്യം കട്ടപ്പൊകയെന്നാണ് തമിഴക കാഴ്ചപ്പാടെങ്കില്‍ നമ്മള്‍ സൂക്ഷിക്കണം. ഭരണഘടനയിലെ പഴുതിനെക്കാളും വലുതാണ് 35ലക്ഷം ജീവനെങ്കില്‍, പുരട്ച്ചി തലൈവിയെ ഉപദേശിച്ചു നന്നാക്കാനുള്ള ആര്‍ജവം ഇന്ദ്രപ്രസ്ഥത്തിനില്ലായെങ്കില്‍ അനന്തപുരിക്ക് സ്വയമങ്ങു തീരുമാനിക്കാവുന്നതേയുള്ളൂ. 1200 കോടിയുടെ വെള്ളം പോയാലും 30ലക്ഷത്തിന്റേതെന്നുതന്നെ കാണിക്കുന്ന മീറ്റര്‍തന്നെ പുനസ്ഥാപിക്കാമെന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെങ്കില്‍ അങ്ങിനെ. മീറ്റര്‍ പിന്നീട് മാറ്റിവെക്കാവുന്നതല്ലേയുള്ളൂ. മല്ലുവിനുയിര്. നമ്മ ഉയിരുന്നുയിരായ തമിഴ്മക്കള്‍ക്കു തണ്ണി.
November 17, 2011
സദാ-ചാരന്‍മാര്‍ നാടുവാഴുമ്പോള്‍
ക്രമം
എന്നൊരു സംഗതിയുണ്ട്. അതുതെറ്റുന്നതാണ് അക്രമം എന്നാണ് നിത്യന്റെ ധാരണ.
ഈയൊരു ക്രമത്തിന്റെ ഭാഗമാണ് നിര്‍ബന്ധമായും പാലിക്കേണ്ട അസാരം നിയമങ്ങളും
ചില്ലറ സദാചാരചിന്തകളുമെല്ലാം. ഇതെല്ലാം നോക്കിനടത്താന്‍ പോലീസും കോടതിയും
മാധ്യമങ്ങളുമെല്ലാമുള്ള ഒരു സംവിധാനത്തിനാണ് ജനാധിപത്യം എന്നുപറയുക.
അതിനോടു മതേതരത്വവും കൂടിയാവുമ്പോള്‍ സംഗതി ലേശം മുന്തിയതാവും. അതായത് ഈ
ക്രമം നിശ്ചയിക്കുന്നവേളയില്‍ പടച്ചോനുതന്നെ പുറത്താണ് സ്ഥാനം.
അങ്ങിനെയുള്ളൊരു സംഗതിയെ ശക്തിപ്പെടുത്താനാണിപ്പോള്‍ കുറച്ചു
സദാ-ചാരന്‍മാന്‍മാര്‍ കുറുവടിയും കരിങ്കല്ലുമായി കിടപ്പറകള്‍ക്ക്
കാവലിരിക്കുന്നത്.
പണ്ടൊരു
പള്ളീലച്ചന്‍ കാട്ടില്‍ പെട്ടുപോയ കഥ ചിലരെങ്കിലും കേട്ടുകാണും. അച്ചന്‍
വഴിതെറ്റിയെത്തിയതാവട്ടെ ഏതാനും നരഭോജികളുടെ സമീപത്തും. അത്യാവശ്യം സൈസുള്ള
അച്ചനെ കണ്ടപാടെ അവരു പിടിച്ചുകെട്ടി. കൊഴുത്തൊരു അച്ചനെത്തന്നെ
വിശക്കുന്നവര്‍ക്കുമുന്നിലെത്തിച്ച ഈശോമിശിഹായ്ക്കു എല്ലാവരും കൂടി
സ്തുതിയുംപറഞ്ഞു. ഉരുളിയില്‍ വെള്ളം തിളക്കാന്‍ തുടങ്ങി. അടുത്ത കര്‍മ്മം
അച്ചനെ അതിലേക്കാനയിക്കുകയാണ്. അതിനായി അവരുടെ തലവന്‍ മുന്നോട്ടുവരുമ്പോള്‍
അറിയാതെ അച്ചന്‍ ഇംഗ്ലീഷില്‍ കര്‍ത്താവിനെ വിളിച്ചുപോയി. തലവന്‍ ഉടന്‍
അച്ചനോട് പറഞ്ഞു 'ഓ ഫാദര്‍ യൂ ആര്‍ ഫ്രം ഇംഗ്ലണ്ട്. ഐ ഡിഡ് മൈ സ്റ്റഡീസ് ദെയര്‍ ഇന്‍ ഓക്‌സഫേഡ്' . എന്നിട്ടാണോ മോനേ നീയിങ്ങിനെ നികൃഷ്ടകര്‍മ്മം അനുഷ്ഠിക്കുന്നത്- അച്ചന്‍ ചോദിച്ചുപോയി. ഇല്ലച്ചോ, അവിടെയെത്തിയശേഷം
ഞാനൊരുപാടുമാറി. മാറിയതിനുള്ള തെളിവായി അരയില്‍ നിന്നും കത്തിയും മുള്ളും
എടുത്തുകാണിച്ചുകൊടുത്തു. അച്ചനെ ശാപ്പിടുന്നത് പഴയതുപോലെ വെറും
കൈകൊണ്ടായിരിക്കില്ലെന്നുമാത്രം. ഇവിടെ കഥയും ജീവിതവും
വ്യത്യാസമില്ലാതാവുകയാണ്.
ഒരു
വാനരസേനയ്ക്ക് ബാറിനകത്തെ പെമ്പിള്ളാരെ ഒളിഞ്ഞുനോക്കി
കണ്‍ട്രോളുപോവാനിടയാക്കിയത് ഭാരതീയസംസ്‌കാരത്തോടുള്ള ഊക്കന്‍
പ്രേമമായിരുന്നു. ടെക്‌നോപാര്‍ക്കിലെ പെണ്‍കൊടി പയ്യന്‍സിന്റെ
ബൈക്കിനുപിന്നിലിരുന്നപ്പോഴോ ഇരിക്കാന്‍ പോവുമ്പോഴോ ഇരിക്കാന്‍ പോവാന്‍
പോവുമ്പോഴോ കണ്‍ട്രോളിന്റെ പിടുത്തം വിട്ടുപോയത് ഭാരതസ്ത്രീകള്‍ തന്‍
ഭാവശുദ്ധിയെ പറ്റിയുള്ള ഘടാഘടിയന്‍ സങ്കല്പങ്ങളായിരുന്നു. അത്തരം മഹദ്
വ്യക്തികളെ ഒളിഞ്ഞുനോട്ടക്കാരും സദാ-ചാരന്‍മാരുമെല്ലാമായി
അധിക്ഷേപിക്കുന്നത് ഭയങ്കര കടുംകൈ തന്നെയാണ്.
ഇങ്ങിനെ
കുറേയാളുകള്‍ ചൊറിയും കുത്തി സദാ-ചാരക്കണ്ണുമായി
ഇരിക്കാനില്ലായിരുന്നെങ്കില്‍ ഈ നാടിന്റെ അവസ്ഥയെന്താകുമായിരുന്നു. ദൈവം
തന്നെ കൈയ്യബദ്ധം തിരിച്ചറിഞ്ഞ് അടിയറവുപറഞ്ഞ ഈവുമാരെ നേര്‍ക്കാക്കിയും
ഈവ്ടീസിങ്ങുകാരെ കാലപുരിക്കയച്ചുമേ വിശ്രമിക്കൂ എന്ന വാശിയിലുള്ള
സദാചാരന്‍മാരുടെ പ്രവര്‍ത്തനത്തെ അപലപിക്കുകയാണോ വേണ്ടത്? പടച്ചോന്
പരാജയപ്പെട്ട ദൗത്യമാണ് അവര്‍ സംഘടിച്ചൊളിച്ചിരുന്ന് കല്ലും വടിയുമായി
നിര്‍വ്വഹിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ടും അവരുടെ സ്ഥാനം പടച്ചോനും ഒരു
പടി മുകളിലല്ലേ.
അങ്ങിനെ ജീവിതംതന്നെ ഒളിഞ്ഞുനോക്കാനായി സമര്‍പ്പിച്ച ഈ
മഹാന്‍മാരുടെ കാലത്തു ജീവിക്കുന്നതു തന്നെ ഒരുഭാഗ്യമായി
നിത്യനെപ്പോലുള്ളവര്‍ കണക്കാക്കുമ്പോഴാണ് കാരശ്ശേരിമാഷ്
അവിടുത്തുകാരനായിപ്പോയതില്‍ ലജ്ജിക്കുന്നത്. മാഷക്കറിയാതിരിക്കില്ല, ലജ്ജയ്ക്കുള്ള
ശിക്ഷയും തല്ലിക്കൊല്ലലുതന്നെയാണ്. ബാക്കിക്ക് എറിഞ്ഞുകൊല്ലലും. തസ്ലീമാ
നസ്രീന്‍ ഒന്നു ലജ്ജിച്ചപ്പോഴുണ്ടായ ആ ഫത്വ ഓര്‍മ്മയില്ലേ.
രാവിലെയെഴുന്നേറ്റു തലയൊന്നു തപ്പിനോക്കിയശേഷം മാത്രമാണ് അവരിന്നും
ബെഡ്‌കോഫിക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. ബാവ വിഷയത്തില്‍ ആര്‍ക്കെങ്കിലും
പരാതിയുണ്ടെങ്കില്‍ അത് ആ സ്ത്രീക്കുമാത്രമായിരിക്കണം എന്നെല്ലാം കാരശ്ശേരി
മാഷെപ്പോലെ 'വിവരമില്ലാത്തവര്‍'ക്കു പറയാം. നാടില്‍ സദാചാരം പൂത്തുലയുന്നത് കണ്ണിനുകണ്ടുകൂടാത്തവര്‍.
ജനം
അങ്ങിനെയാണ്. ഏതെങ്കിലും പുതിയ വഴികണ്ടാല്‍ അതുവഴി എങ്ങിനെ വഴിതെറ്റാം
എന്നന്വേഷിക്കുന്ന ലക്ഷണംകെട്ട വര്‍ഗമാണ്. മദ്ധ്യകാലഘട്ടത്തില്‍ അച്ചടി
കണ്ടുപിടിച്ചപ്പോള്‍ അതുവഴി ജനം വഴിതെറ്റിപ്പോവുമോ എന്നുഭയന്നവരായിരുന്ന
അന്നത്തെ സദാ-ചാരന്‍മാര്‍. അരുതാത്തതെല്ലാം വായിച്ച്
വഴിതെറ്റിപ്പോവാതിരിക്കാനായി അന്നത്തെ പുണ്യാളന്‍മാര്‍ വായിക്കേണ്ടതിന്റെ
ലിസ്റ്റു പുറത്തിറക്കിയെന്നു ചരിത്രം. അവരുടെ ദീര്‍ഘവീക്ഷണവും ബുദ്ധിയും
അച്ചടിയന്ത്രത്തിനില്ലാതിരുന്നതുകൊണ്ട് ഫാനിഹില്ലും ലേഡിചാറ്റര്‍ലീസ്
ലവറുമെല്ലാം വെളിച്ചം കണ്ടു. ജനം വഴിതെറ്റി
ലൈംഗികഅരാജകത്വത്തിനടിമപ്പെട്ടുപോയെന്നാണ് ചരിത്രം.
ഒ.അബ്ദുള്ള
ചാനലില്‍ പ്രത്യക്ഷനായി സംഗതികള്‍ വേണ്ടവിധം വിശദീകരിച്ചതായാണറിവ്.
ഭാര്യമാരുടെ സദാചാരവകുപ്പില്‍ ഗള്‍ഫുഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടത്ര
ശ്രദ്ധപുലര്‍ത്താന്‍ നേരമില്ലാത്തതുകാരണം ആ പണി നല്ലവരായ നാട്ടുകാര്‍
ഏറ്റെടുത്ത് ഭംഗിയാക്കണമെന്ന ഒരു നിര്‍ദ്ദേശമാണ് മൂപ്പര്‍ക്കുള്ളത്. അതു
വിജയം കാണുമ്പോള്‍ സ്വാഭാവികമായും ബാവമാര്‍ സംഭവിക്കുമെന്നുമേ അദ്ദേഹം
അഭിപ്രായപ്പെട്ടുള്ളൂ. ഇത്രയല്ലേ പറഞ്ഞുള്ളൂ. വിദേശത്തുപോവുന്ന
ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ചാസ്റ്റിറ്റി ബെല്‍റ്റ് ധരിപ്പിച്ച് അതിന്റെ
താക്കോല്‍ സദാ-ചാരന്‍മാരെ ഏല്പിക്കണമെന്നു പറയാത്തതുതന്നെ മഹാഭാഗ്യം.
ഏതായാലും
സ്ത്രീപുരുഷ ബന്ധത്തിലെ വിഹിതവും അവിഹിതവും ഇനി സദാചാരന്‍മാര്‍ മാറാപ്പിലെ
ഗ്രന്ഥം തപ്പി തീരുമാനിക്കുമെന്ന സ്ഥിതി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.
അത്തരമൊരു പ്രദേശത്തെ പെണ്ണിനെ ഭര്‍ത്താവിന്റെ അച്ഛന്‍ ബലാല്‍സംഗം
ചെയ്തതിനുകിട്ടിയ ശിക്ഷ കുറെക്കാലം ചര്‍ച്ചയായിരുന്നു. ശിക്ഷ കിട്ടിയത്
പെണ്ണിനാണ്. ശിഷ്ടകാലം ആ കിഴവനെ ഭര്‍ത്താവായി
സ്വീകരിച്ചുകൊള്ളുവാനായിരുന്നു നാട്ടുകൂട്ടം വിധിച്ചത്. ഭര്‍ത്താവിനെ
മകനായി സ്വീകരിക്കണമോ എന്നു പറഞ്ഞുവോയെന്നറിയില്ല. ആങ്ങള ഏതോ പെണ്ണിനെ
പ്രേമിച്ചതിനുള്ള ശിക്ഷയും കിട്ടിയത് അവിടെ പെങ്ങള്‍ക്കാണ്. നാട്ടുകൂട്ടം
പെങ്ങള്‍ക്കു വിധിച്ചുകൊടുത്ത ശിക്ഷ കൂട്ടബലാല്‌സംഗവും.
പണ്ടൊരു
ആത്മീയാചാര്യന്‍ പറഞ്ഞത് മാസത്തില്‍ കുറേദിവസം സ്ത്രീകള്‍ അശുദ്ധരാകയാല്‍
ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചും ആവശ്യത്തിനനുസരിച്ചും
കെട്ടിക്കൊള്ളണമെന്നായിരുന്നു. കെട്ടിയ നാലിന്നും ഒരേസമയമായാല്‍ വീണ്ടും
നാലെണ്ണം കെട്ടുമോയെന്നും ഇതെന്താ നിങ്ങളുടെ ആളുകളെല്ലാം
വിത്തുകാളകളാണോയെന്നും ആരോ തിരിച്ചുചോദിച്ചതായും കേട്ടു. ഫാഗ്യത്തിന് ഫത്വ
ഇറങ്ങിയില്ലെന്നേയുള്ളൂ.
അതായത്
ആണിനുമാത്രമേ ലൈഗിംകതയുടെ ആവശ്യമുള്ളൂവെന്നര്‍ത്ഥം. പാത്തുമ്മായുടെയും
ആടിന്റേയും ധര്‍മ്മം ഒന്നുതന്നെയെന്ന സുന്ദരസങ്കല്പം. ഒന്നു കട്ടിലിലേക്കും
മറ്റത് ബിരിയാണിച്ചെമ്പിലേക്കുമെന്ന വ്യത്യാസം മാത്രം. വിഡ്ഢിത്തം
വിളമ്പുകയെന്നത് നമ്മുടെ മൗലികാവകാശമാണ്. പ്രശ്‌നം ഒരുവന്റെ വിഡ്ഢിത്തം
മറ്റുള്ളവന്‍ നിയമമായി അംഗീകരിച്ചുകൊള്ളണം എന്നുപറയുമ്പോഴാണ്. അതും
നാടുവാഴുന്നത് രാസാവും സദ്ദാമുമൊന്നുമല്ലാത്തപ്പോള്‍.
സദ-ചാര
നിഘണ്ടുവിലെ സ്‌നേഹത്തിന്റെ അര്‍ത്ഥം വെറുപ്പെന്നാണ്. തിരിച്ചും.
സംസ്‌കാരം എന്ന സംഗതി ഏതോ ഇരുമ്പുലയക്കയാണെന്നും. കൊടുക്കലിന്റേയും
കൊള്ളലിന്റെയും ചരിത്രം കൂടിയാണ് സംസ്‌കാരം എന്നെല്ലാം ആര്‍ക്കു
ബോദ്ധ്യപ്പെടുവാന്‍. കൊടുക്കല്‍വാങ്ങലില്ലാത്ത സംസ്‌കാരവും കനോളികനാലിലെ
വെള്ളവും തമ്മില്‍ വലിയ അന്തരമുണ്ടാവണമെന്നില്ല. രുധിരപാനം കൗതുകമായ
കൊതുകല്ലാതെ വേറൊന്നും അവിടെ വളരുകയുമില്ല. ജനാധിപത്യത്തില്‍ നിലവിലുള്ള
നിയമം വച്ച് വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രി ഓതുവാനേ
വഴിയുള്ളൂവെന്നത് അടിച്ചുകൊന്നവരുടെ ഭാഗ്യം.
തലകുത്തിനിന്ന
ഹെഗലിനെ നേരെയാക്കി നിര്‍ത്തിയത് കാള്‍മാര്‍ക്‌സാണെങ്കില്‍ അത്രത്തോളം
പോന്നൊരു ദൗത്യമാണ് സദാ-ചാരന്‍മാരുടേത്. നമ്മള്‍ ദുരാചാര വാത്സ്യായന്‍മാരെ
കല്ലിന്റേയും കമ്പിന്റെയും മാന്ത്രികശക്തിയാല്‍ മാറ്റി അസ്സല്‍
സദാചാരവത്സലരാക്കി ഉയര്‍ത്തുക. അങ്ങിനെയുള്ളവരെ വെറും 'പോലീസു' കാരാക്കി
തരംതാഴ്ത്തി സദാചാരപോലീസ് എന്നൊന്നും അധിക്ഷേപിക്കരുത്. വെറും സദാ-ചാരന്‍
എന്നു പുനര്‍നാമകരണം ചെയ്യുക. പോലീസുകാരെ അപമാനിച്ചൂവെന്ന് അവര്‍ക്കും
വേണ്ട. ആരെയെങ്കിലും ആദരിച്ചു എന്നും നമുക്കും തോന്നിപ്പോവേണ്ട.
പിന്നെ, ഇനിയങ്ങോട്ട്
ഏതെങ്കിലും ആണായിപിറന്നവന് പെണ്ണായി പിറന്നവളോടോ വൈസ് വേഴസായോ എന്തെങ്കിലും തോന്നുന്ന
പക്ഷം ആ വികാരവിചാരങ്ങള്‍ ഒരു കടലാസിലാക്കി സ്ഥലത്തെ മുഖ്യസദാ-ചാരന്‍
സമക്ഷം ഹാജരായി അപേക്ഷിക്കുക. അപേക്ഷയില്‍ ന്യായമുണ്ടെന്നു തോന്നുന്ന പക്ഷം
മതിലുകയറിമറിയുവാന്‍ പര്യാപ്തമായ നല്ലൊരു ഏണി സദാ-ചാര കമ്മിറ്റി വകയായി
ലഭിക്കുന്നതായിരിക്കും.
November 03, 2011
മൂപ്പന്‍സായ്‌വിന്റെ മയ്യഴി, മൂക്കാത്തസായ്‌വിന്റെയും
മയ്യഴി ഇപ്പോള്‍ ഘനഗംഭീരമായി ഒരു വിഷയം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. മാഹി കോളേജില്‍ ശരാശരി ഒരദ്ധ്യാപകന്‍ രണ്ടു പിള്ളേരെ പഠിപ്പിച്ചാല്‍ മതിയോ അതോ കൂടുതല്‍ പിള്ളാരെ പിഴപ്പിക്കണമോ എന്ന ന്യായമായ സംശയം. മയ്യഴിയിലെ മൂക്കാത്ത സായ്പന്‍മാരെല്ലാംകൂടി കൂലംകഷമായി ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. കേരളത്തിലെ കുട്ടികള്‍ മൊത്തം പ്രശ്‌നക്കാരായതുകൊണ്ട് ഒരെറ്റയെണ്ണത്തിനെയും അങ്ങോട്ടു കയറ്റി കലാശാല കലാപശാലയാക്കരുതെന്ന നല്ല സൊയമ്പന്‍ തീരുമാനം.
നിത്യന്റെ അറിവുവച്ച് പണ്ടുപണ്ടേ കേരളത്തില്‍ കന്യാകുമാരിമുതല്‍ പാറശ്ശാലവരെയുള്ള ഒരു കോളേജിലും അഡ്മിഷന്‍ കിട്ടാന്‍ സാദ്ധ്യതയില്ലാത്ത മയ്യഴിനിവാസികളാണ് മാഹികോളേജിലേക്ക് അപേക്ഷ പൂരിപ്പിക്കുക. എസ.്എസ്.എല്‍.സിക്ക് 210ല്‍ ഉന്നതവിജയം കരസ്ഥമാക്കിയ മയ്യഴിനിവാസികള്‍ ഫസ്റ്റുഗ്രൂപ്പിനുതന്നെ പോയി ചേരും. അതായത് മിഷ്യന്‍കല്ലെടുക്കുവാനുള്ള തുമ്പിയുടെ ഒരു എളിയശ്രമം. ഗണിതശാസ്ത്രത്തിന്റെ അഭിന്ന്യതിക്കായി നമ്മളെക്കൊണ്ട് കാര്യമായൊന്നും സംഭാവന ചെയ്യാനില്ലെന്ന ബോധോദയം ആദ്യത്തെ ക്ലാസോടുകൂടി സംഭവിക്കും. പിന്നെ നിലവിലുള്ള വ്യവസ്ഥിതിയില്‍ ഏറ്റവും നല്ലത് മറ്റു സുകുമാരകലകളില്‍ പ്രാവീണ്യം നേടി രണ്ടുകൊല്ലം കൊണ്ടു പുറത്തുകടക്കുകയാണ്. അങ്ങിനെ ഉത്തമവിദ്യാര്‍ത്ഥികളുടെ സമൂഹം കോളേജിനുണ്ടാക്കിയ സല്‍പേര് ഇപ്പോള്‍ അദ്ധ്യാപന്‍ ഒന്നുക്ക് വിദ്യാര്‍ത്ഥി രണ്ട് എന്ന അനുപാതത്തിലെത്തിനില്‍ക്കുകയാണ്.
ഗുരുവായൂരപ്പന്റെ കഴിഞ്ഞ കൊല്ലത്തെ പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റു നോക്കിയിട്ടല്ല അടുത്ത കൊല്ലത്തെ നടവരവ്. സരസ്വതീദേവിയുടെ ക്ഷേത്രമാണ്. അവിടുത്തെ ഊരാളന്‍മാര്‍ക്ക് യു,ജി.സി. സ്‌കെയിലിലുള്ള നടവരവ് മുടങ്ങാതെയെത്തിക്കുക കേന്ദ്രന്റെ ഉത്തരവാദിത്വമാണ് അഥവാ മൂപ്പന്‍സായ്‌വിനോടുള്ള ഉപകാരസ്മരണയാണ്. അതു മുടങ്ങാതെ കൊടുത്തയക്കുകയും ചെയ്യുന്നു. വിവരമില്ലായ്മ മൗലികാവകാശമായി ചിലര്‍ കരുതുന്നതുകൊണ്ടാണ് വിവരാവകാശനിയമം തന്നെ നമുക്കു പാസാക്കേണ്ടിവന്നത്. അതുപ്രകാരം കിട്ടിയ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തലങ്ങും വിലങ്ങും പാറിനടക്കുമ്പോള്‍ മറനീക്കി പുറത്തുവരുന്നതോ അന്ധമായ പ്രാദേശികവാദത്തിന്റെ സുവര്‍ണരേഖകളും.
ഇനി ഒരല്പം ചരിത്രപശ്ചാത്തലം. മൂപ്പന്‍സായ്‌വിന്റെ പ്രേതം ആവേശിച്ച ചില്ലറയാളുകളാണ്് മയ്യഴിയുടെ മുതല്‍ക്കൂട്ട്. കറുമ്പിയമ്മമാരുടെയും കണാരിമാരുടെയും ബോധത്തിന്റെ പാതാറില്‍ മയ്യഴിയുടെ ഹൃദയം ഇന്നും കുടികൊള്ളുന്നത് അങ്ങ് പ്രാന്‍സിലാണെന്നു തോന്നാറുണ്ട്്. ഒരുനാള്‍ സഞ്ജയനോടു മരുമകന്‍ ചോദിച്ചു. 'നമ്മള്‍ വലിയമാടാവില്‍ തറവാട്ടുകാര്‍ക്ക് സര്‍പ്പവിഷം ഏല്ക്കുകയില്ലാന്ന് സ്‌കൂളില്‍ എല്ലാരും പറയുന്നുണ്ട്്, നേരാണോ അമ്മാമാ'? നാട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാമ്പിനതറിയോ എന്ന കാര്യത്തില്‍ മാത്രമാണൊരു സംശയം എന്നായിരുന്നു സഞ്ജയന്റെ മറുപടി. പ്രാന്‍സിലെ സായിപ്പിന്റെ സ്ഥിതിയും ആ പാമ്പിന്റേതില്‍ നിന്നും ഏറെ വ്യത്യസ്തമാവാനുള്ള സാദ്ധ്യതയൊന്നുമില്ല.
കുമാരന്‍മാഷെപ്പോലുള്ള 'വിവരദോഷികള്‍' ഫ്രാന്‍സേ കിത്തേ മാഹി ആഞ്ഞു വിളിക്കാന്‍ തുടങ്ങി. മനസ്സമാധാനത്തോടെ രണ്ടുപെഗ്ഗും വിട്ട് മയ്യഴിയിലെ കാറ്റുകൊള്ളാന്‍ പറ്റാത്ത സ്ഥിതി മാഷും കുട്ട്യേളും കൂടി ഉണ്ടാക്കിയപ്പോള്‍ സായിപ്പ് ആഞ്ഞുതുഴഞ്ഞൂവെന്നു ചരിത്രം.
മയ്യഴിയെ കേരളത്തോടു ലയിപ്പിക്കണമെന്നു പറഞ്ഞ മയ്യഴിഗാന്ധിക്ക് ആയുസ്സിന്റെ ബലം കൊണ്ടുമാത്രമായിരിക്കണം മഹാത്മാഗാന്ധിയുടെ വിധി ഏതായാലുമുണ്ടായില്ല.
പോവാന്‍ കാലത്ത് മൂപ്പന്‍ സായ്‌വ് മയ്യഴിയിലെ തന്റെ പ്രജകളെ വിളിച്ചുകൂട്ടി. ഫ്രഞ്ച് പൗരന്‍മാരായി തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ കൈപൊക്കുവാന്‍ ആജ്ഞാപിച്ചു. സായിപ്പിന്റെ കല്പനയും അതിന്റെ തര്‍ജ്്ജുമയും ഫ്രഞ്ചിലായിരുന്നതുകൊണ്ട് സംഗതി എല്ലാവര്‍ക്കും അസ്സലായി മനസ്സിലായി. പറഞ്ഞതിന്റെ അര്‍ത്ഥമെന്നോണംം സായിപ്പിന്റെ കയ്യുയര്‍ന്നതോടെ പലകൈകളും മൂപ്പന്‍സായിപ്പിന്റേതിനെക്കാളും അന്തസ്സായി ഉയര്‍ന്നു. അവര്‍ കപ്പലുകയറി.
കുമാരന്‍മാഷെപ്പോലെയുള്ള 'ദേശദ്രോഹികള്‍' ആ ശുഭമുഹൂര്‍ത്തത്തിലും ഭാരത്മാതാ കീ ജയ് ആഞ്ഞുവിളിച്ചു മൂപ്പനെ അപമാനിച്ചൂവെന്നുമാണ് ഐതിഹ്യം.
അന്ന് കപ്പലുകയറിയ നിരക്ഷരകുക്ഷികള്‍ കോട്ടും സൂട്ടും ടൈയ്യും നെഞ്ചത്തൊരു ട്രാന്‍സിസ്റ്ററുമായി മയ്യഴിമണ്ണില്‍ തിരിച്ചെത്തി. കേരളത്തില്‍ പേരുകേട്ട 'ലക്ഷം' ഗോവിന്ദന്‍നായരുടെ ലക്ഷം വീടാണെങ്കില്‍ മയ്യഴിയെ ഫെയ്മസാക്കിയതാവട്ടെ മൂപ്പന്‍സായ്്പിന്റെ ലക്ഷം പെന്‍ഷനാണ്്. ലക്ഷത്തിന്റെ പെന്‍ഷനും പതിനായിരങ്ങളുടെ തൊഴിലില്ലായ്മാവേതനവും മുടങ്ങാതെ വരവായതോടെ രാജ്യദ്രോഹികളൂടെ അന്തസ്സ് തീപ്പെട്ടി കണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നു. ദേശസ്‌നേഹികളുടേത് പടവലം പോലെ താഴോട്ടും.
പ്രാന്‍സ് കണ്ടെന്നും കണ്ടത് പ്രാന്‍സല്ല ആഫ്രിക്കയിലെ സായ്പിന്റെ ഏതോ കോളനിയാണെന്നും പലരും കരുതുന്ന ഫ്രഞ്ചുപൗരന്‍മാര്‍ മയ്യഴിയില്‍ ആഘോഷിക്കുന്നത് ഫ്രഞ്ച് സ്വാതന്ത്ര്യദിനമാണ്. ടാഗോര്‍ പാര്‍ക്കിലെ മറിയാന്ന് പ്രതിമക്ക് അഭിവാദ്യമര്‍പ്പിക്കലും ഫ്രഞ്ചുദേശീയഗാനം മര്‍സ്യലേഴ്‌സ് ആലപിക്കലുമാണ് കലാപരിപാടി. കുറച്ചുകൊല്ലങ്ങള്‍ മുന്നേ തലയ്ക്കുവെളിവുള്ളവരോ അതോ വെളിവറ്റവരോ ആരോ മരിയാന്നെ മാറ്റി അറബിക്കടലിലേക്ക് ഇളക്കി പ്രതിഷ്ഠിച്ചതിനുശേഷം ചടങ്ങിന്റെ ഗതിയെന്തായി എന്നത് നിത്യന് നല്ല നിശ്ചയമില്ല.
മൂവായിരം കൊല്ലം ശുനകരുമായുള്ള സഹവാസമുണ്ടായിട്ടും നന്ദിയെന്തെന്നറിയാത്ത ജീവിയാണ് മനുഷ്യന്‍. പോരാത്തതിന് വാലില്ലാതെതന്നെ അതാട്ടാനും പഠിച്ചു. ദോഷം പറയരുതല്ലോ അതേ തിയറി ഓഫ് സഹവാസം വച്ച് സായിപ്പിന്റെ ഗുണഗണങ്ങളൊന്നും നമ്മുടെ അരിയപെരിയെ പോയില്ല. കൊള്ളരുതായ്മകളാവട്ടെ ഒന്നൊഴിയാതെ കിട്ടുകയും ചെയ്തു. പുതുച്ചേരിയുമായുള്ള സംബന്ധം വഴി തമിഴന്റെ ദുശ്ശീലങ്ങളും കൂടിയായപ്പോള്‍ പിന്നെ തിരഞ്ഞുനോക്കേണ്ടിവന്നില്ല. സ്വാഭാവികമായും സംഭവിക്കാവുന്നത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലും തമിഴകത്തുമെല്ലാം അഞ്ചുകൊല്ലം വീതം നടക്കുന്ന മാമാങ്കത്തിലെ അധികാരക്കൈമാറ്റം കേന്ദ്രഭരണപ്രദേശങ്ങളില്‍ അത്രകണ്ട് നടക്കാത്തൊരു സംഗതിയാണ്. മൂപ്പന്‍ ചത്താല്‍മാത്രം വഴിക്രമത്തില്‍ മക്കളും അവറ്റകളുടെ മക്കളും രാജാവാകാനുള്ള സംവിധാനമില്ലാത്തത് ജനാധിപത്യത്തിന്റെ ഒരു പോരായ്മയാണെന്ന അഭിപ്രായമേ മയ്യഴിയിലെ വിനീതവിധേയന്‍മാര്‍ക്കുള്ളൂ.
മയ്യഴിയിലെ സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായതിനാല്‍ അപേക്ഷിക്കുന്നവര്‍ മയ്യഴിയിലെ പ്രജകളായിരിക്കണം. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും കലാലയത്തിലേക്കും പ്രവേശനത്തിനും റസിഡന്‍സി നിര്‍ബന്ധം. ഒരു പാട് അദ്ധ്യാപകരും അദ്ധ്യാപകേതരും സേവിക്കുന്ന പെരിയ സ്‌കൂളുകളില്‍ മണി നീട്ടിയടിച്ചാല്‍ ചിതറുന്ന പിള്ളാരുടെ എണ്ണത്തെക്കാള്‍ ലേശം കൂടുതല്‍ മയ്യഴിയിലെ വലിയ തറവാടുകളിലുണ്ട്. അവിടുത്തെ മാഷമ്മാരും ടീച്ചറുമാരും ഏതായാലും വെറുതേ വന്ന് ശമ്പളം പറ്റുകയല്ലേ അതുകൊണ്ട് ഞങ്ങളുടെ ദാസനെയും ചന്ദ്രികയെയും അവിടെ ചേര്‍ത്തോട്ടെ എന്നാരെങ്കിലും ചോദിച്ചാല്‍ തീര്‍ന്നു കഥ. മൂക്കാത്ത സായ്‌വും റാന്‍മൂളികളും പാസാക്കിയ നിയമം വച്ച് കേരളത്തിലെ പിള്ളേര്‍ അലമ്പുകളാണ്. മഹാ അലമ്പുകള്‍. സകലം അലങ്കോലപ്പെടുത്തുവാന്‍ മാത്രം ജന്മമെടുത്ത അസുരവിത്തുകള്‍.
ഇനി മാഹിയിലെ കുട്ടികളോ? ഒരു സുഹൃത്തിന്റെ ഫെയ്‌സ്ബുക്കു കമന്റുപോലെ രാത്രി ലോഡുകണക്കിന് കോഴികള്‍ കേരളത്തില്‍ നിന്നു മയ്യഴിയിലെത്തും പകല്‍ കാറുകണക്കിനു പിള്ളേര്‍ മയ്യഴിയില്‍ നിന്നു കേരളത്തിലുമെത്തും. കൃത്യമായി പാലളന്നിട്ടും ഒരു പാലുകൊടുക്കയ്ക്കുള്ള പിള്ളേര്‍ സ്‌കൂളുകളില്ലെങ്കിലും കോളേജുകളിലില്ലെങ്കിലും ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. തറവാട്ടിലെ തേങ്ങ പാട്ടം കൊടുത്തുണ്ടാക്കിയ ഫണ്ടൊന്നുമല്ലല്ലോ? എടുക്കുന്നതോ ഭാരതം മുയ്മനുമുളള നികുതിദായകരുടെ പണം. കൊടുക്കുന്നതോ നമ്മുടെ പ്രജകള്‍ക്കും എന്ന വിശാല കാഴ്ചപ്പാടാണ്.
നിന്നോതിക്കോന്‍ മുള്ളുന്നേരം ഉണ്ണികള്‍ മരമേറീം മുള്ളും എന്നു നമ്പ്യാരു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. തറവാടുവക ക്ഷേത്രത്തില്‍ വിശ്വാസം അശേഷമില്ലാത്ത അദ്ധ്യാപകര്‍ സ്വന്തം മക്കളെ കാറില്‍ കയറ്റി അതിര്‍ത്തികടത്തുമ്പോള്‍ പിന്നെ പൊതുജനം എന്തു ധൈര്യത്തിലാണ് കുട്ടികളെ അങ്ങോട്ടയക്കുക. 'എന്‍ മകന്‍ ഇംഗ്ലീഷുപഠിച്ചീടുവാനായ്/ എന്‍ ഭാര്യതന്‍ പ്രസവം തന്നെയങ്ങ് ഇംഗ്ലണ്ടിലാക്കി ഞാന്‍' എന്നു കുഞ്ഞുണ്ണി പാടിയത് പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഒരേയൊരു വിഷമം മാത്രമാണ് പലര്‍ക്കും.
ഭാരതമെന്നാല്‍ ഇവിടെ പലര്‍ക്കും ഒമ്പത് സ്‌ക്വയല്‍ കിലോമീറ്റര്‍ പ്രദേശമാണ്. തെക്ക് കോഴിക്കോടുരാജ്യം വടക്ക് കണ്ണൂര്‍ രാജ്യം നടുക്ക് അറബിക്കടലും. അറബിക്കടലുള്ളതുകൊണ്ട് ഉപ്പടക്കം സകലമാന വിഭവങ്ങളും കൊണ്ട് സമ്പല്‍ സമൃദ്ധമായ ഭൂവിഭാഗം എന്ന ധാരണ വേറെയും.
അമേരിക്കയിലെ അമീഷുകളെ വയനാട്ടിലെ ആദിവാസികളെ വടകരയിലെ സിദ്ധസമാജക്കാരെ നിത്യന് അപാര ബഹുമാനമാണ്. കാരണം അവര്‍ക്കു ജീവിക്കാന്‍ നമ്മുടെ സഹായം ആവശ്യമില്ല. ഒരുപകാരവും അവര്‍ക്കായി നമ്മള്‍ ചെയ്യേണ്ടതുമില്ല. അവരാവശ്യപ്പെടുന്ന ഒരേയൊരു ഉപകാരം നമ്മളായിട്ട് ഉപദ്രവമുണ്ടാക്കാതിരിക്കുക മാത്രമാണ്. അവര്‍ സുഭിക്ഷം കഴിഞ്ഞുകൊള്ളും. മയ്യഴിപ്പുഴയിലെ മലിനവെള്ളവും അറവുമാലിന്യവുമല്ലാതെ സ്വന്തമായി വേറൊന്നുമില്ലാത്ത പ്രദേശത്തിന്റെ അതേ നിലപാട് കേരളവും കൈക്കൊണ്ടാല്‍ പിന്നെ മയ്യഴിയെ കരകയറ്റാന്‍ പവര്‍ഫുള്‍ പരശുരാമന്‍മാര്‍ നിരന്നുനിന്ന് മഴുവെറിയേണ്ടിവരും.
കേരളത്തിലെ കുട്ടികളെ പ്രവേശിപ്പിക്കാതിരിക്കാനുള്ള കാരണം ഭാവി ക്രമസമാധാന പ്രശ്‌നങ്ങളാണെങ്കില്‍ കേരളത്തിന് മാസാമാസം മയ്യഴി കൊടുക്കേണ്ട നഷ്ടപരിഹാരം അമേരിക്കക്ക് ഗദ്ദാഫി കൊടുത്തതിലും വലിയ സംഖ്യയായിരിക്കും. പോണ്ടിവാറ്റടിച്ച് നിലം പരിശായവരുടെയും കുടുംബം കൊട്ടത്തേങ്ങയായവരുടേയും നിന്നനില്പില്‍ കാറ്റുപോയവരുടെയും കണക്കുകളുടെ നീളം ഏതാണ്ട് എന്‍.എച്ച് 47 ന്റെ അത്രകാണും. പിന്നെ സാദാ അടിയില്‍ കൊഴിഞ്ഞ പല്ലുകളുടെ എണ്ണം, ഏറില്‍ പോയ കണ്ണുകളുടെ എണ്ണം, കത്തിക്കുത്തില്‍ പുറംലോകം കണ്ട കുടലുമാലകളുടെ നീളം, ബോബേറില്‍ ചിതറിയ തലകളുടെ എണ്ണം എല്ലാം കരളം നിരത്തിയാല്‍ നഷ്ടപരിഹാരം നല്കാനായി കേന്ദ്രത്തിനുമുന്നില്‍ പുതുച്ചേരിയെ ലേലത്തിനുവെക്കലേ മാര്‍ഗമുണ്ടാവുകയുള്ളൂ.
മൂപ്പന്‍സായ്‌വിന്റെ അനുഗ്രഹമായിരിക്കണം. കേരളം ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി അറിഞ്ഞതാണെങ്കില്‍ ക്ഷമിച്ചതായിരിക്കാം. വിവരം ദാരിദ്ര്യരേഖയ്ക്ക് താഴെയായവരോട് ക്ഷമിക്കുക വിവേകശാലികളുടെ ഉത്തരവാദിത്വം കൂടിയാണ്. കുടിവെള്ളത്തിന് അഞ്ചരക്കണ്ടിപ്പുഴ ആരോടും ഇന്നുവരെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ചോദിച്ചതായി അറിവില്ല. പുഴയൊഴുകും വഴി വേറെയായില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ടും ചോദിക്കുമെന്നു ഭയവും വേണ്ട. ലാല്‍സലാം.
Subscribe to:
Comments (Atom)








