ഒരു ഹര്‍ത്താലിലും വിമാനം പറക്കാതിരുന്നതായി കേട്ടിട്ടില്ല. രാജധാനി പാളത്തിലിറങ്ങാത്തതായും. വില വര്‍ദ്ധിപ്പിക്കുന്നവരൊക്കെ അതിലാണ് സഞ്ചരിക്കുക. അങ്ങ് അണ്ഡകടാഹങ്ങളിലുടെ അനര്‍ഗളമായൊഴുകുന്ന പുഷ്പകവിമാനത്തിലെ രാവണന്മാര് ഭൂമിയിലെ ഉരുളന്‍ കല്ലുകള്‍ക്ക് അപ്രാപ്യമാണ്. വിഡ്ഡികള്ക്കും.
വല്യ വില കൊടുക്കേണ്ടവരാണ് കിട്ടിയ ബസ്സില്‍ തൂങ്ങി ആല്‍മരത്തിലെ കടവാതിലിനെപ്പോലെ സഞ്ചരിക്കുക. ഹര്‍ത്താലൊന്നു നടക്കുമ്പോള്‍ അവറ്റകള് രണ്ട് വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഒന്ന് നിശ്ചയമായും അരിയുടെ ഒടുക്കത്തെ വില. രണ്ടാമത്തേത് സ്വന്തം ജീവന്. അരിവിലയുടെ അത്രവരാത്തതുകൊണ്ട് അതു സാരമില്ലെന്ന് വെയ്ക്കാം. ഹര്‍ത്താലിന്റെ വന്‍വിജയം കണക്കിലെടുക്കുമ്പോള്‍ ഒരു ജീവന്, ഛായ്.
ഒരു കല്ലും ഒരു വിഡ്ഡിയും അരത്തെമ്മാടിയും ചേര്‍ന്നാല്‍തന്നെ ഹര്‍ത്താല്‍ വന്‍വിജയം. കൂടെ നാലു മുഴുത്തെമ്മാടികള്‍ കൂടിയുണ്ടെങ്കില്‍ ബഹുകേമം. ആകെവേണ്ടത് ജനം നെട്ടോട്ടമോടി കഷ്ടപ്പെട്ടു എന്നുറപ്പുവരുത്തണം. അങ്ങിനെ വന്നാല്‍ ഹര്‍ത്താല്‍ വന്‍വിജയം.
ഇപ്പോള്‍ അരിക്കുവില 22രൂപ. സത്യസന്ധമായി പറഞ്ഞാല്‍ ഇത് ആരെയാണ് കഷ്ടപ്പെടുത്തുന്നത്? പൊതുജനത്തെ. രൂപ 220 ആക്കിയാലും ചാണ്ടിക്കും വിജയനും എമ്പക്കത്തിന്റെ എണ്ണത്തിന് കുറവൊന്നും സംഭവിക്കുകയില്ല. അപ്പോ സമരം ആര്‍ക്കുവേണ്ടി? സാദാപരിഷകള്‍ക്കുവേണ്ടി. അതുകൊണ്ട്് അവറ്റകളുടെ കഞ്ഞികുടി തന്നെയാണ് മുട്ടിക്കേണ്ടത്. ഇടക്കിടെയുള്ള പട്ടിണി ഒരു മുഴുപ്പട്ടിണിയുടെ മുന്നോടിയാണമ്മാവാ എന്നു പറയാനുള്ള തിരിച്ചറിവ് അടുത്തകാലത്തൊന്നും ഉണ്ടാവുകയില്ല.
മനുഷ്യനും മൃഗവും തമ്മില്‍ പലേ വ്യത്യാസങ്ങളുമുണ്ട്. കാര്യമായൊരു സാമ്യം രണ്ടും അനുഭവത്തില്‍ നിന്നും പഠിക്കുകയില്ലെന്നതാണ്. അറവുകാരന് മുട്ടനാടിന്റെ കഴുത്തിന് കത്തിവെക്കുമ്പോള്‍ പെണ്ണാട് അവസാനത്തെ പ്ലാവിലയ്ക്കായി നാവുനീട്ടുന്നുണ്ടാകും.
ഹര്‍ത്താലിന്റെ തീവ്രത അഥവാ വിജയം അളക്കുന്ന ഉപകരണമാണ് ഹര്‍ത്താല്‍ബന്ദോമീറ്റര്‍. നടുറോഡില്‍ പെറ്റ പെണ്ണിന്റെ എണ്ണം, അവസാനശ്വാസത്തിലും ഹര്‍ത്താലിന്നഭിവാദ്യമര്‍പ്പിച്ച് ചത്തുപോയ ഹൃദ്രോഗികളുടെ എണ്ണം, ചത്തുപോയ കൂടപ്പിറപ്പുകളെ കാണാനെത്തി വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്ന് അലമുറയിടുന്ന ആളുകളുടെ എണ്ണം, പൊളിഞ്ഞ കെ.എസ്.ആര്.ടി.സി ബസ് ചില്ലുകളുടെ എണ്ണം, ചിതറിയ തലകളുടെ എണ്ണം, പുഞ്ചിരിതൂകി പോലീസ് അകമ്പടിയോടെ കാറിലിരുന്ന് ഹര്‍ത്താലിന് നേതൃത്വം നല്കുന്ന നേതാക്കളുടെ ചിത്രം എന്നിവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് തീവ്രതയുടെ മാനദണ്ഡം.
പ്രഖ്യാപിച്ചാല്‍ തന്നെ വിജയമാകുന്ന ഒരു സംരംഭമാണ് ഹര്‍ത്താല്‍ വ്യവസായം. കല്ലെടുത്താല്‍ വന്‍വിജയം. കത്തികൂടി വലിച്ചാല്‍ പിന്നെ പറയുകയും വേണ്ട.
നേതാക്കളുടെ വക ഹര്‍ത്താലില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരൗദാര്യമുണ്ട്. പാല്, മത്സ്യം, പത്രം, മെഡിക്കല്‍ ഷാപ്പ് എന്നിവയെ ഒഴിവാക്കിയിരിക്കുന്നു എന്നൊരറിയിപ്പ്. ഈയൊരൊറ്റ പ്രസ്താവനയുടെ പുറത്തുതന്നെ മുഴുവനെണ്ണത്തിനെയും പിടിച്ച് അകത്തിടേണ്ടതാണ്. തല്ക്കാലം നാട് ബാക്കിയുള്ളവര്‍ നന്നാക്കട്ടെ എന്നുമാത്രം കരുതുക. ജീവിത്തിലൊരുദിവസം പോലും നയിച്ചു തിന്നാത്തോരാണ് മറ്റുള്ളവര്‍ നാളെ എന്തുചെയ്യണമെന്ന് തീരുമാനിക്കാകുക. കോടതിക്ക് തല്ക്കാലം നിരീക്ഷിക്കാനേ ആവൂ. നടപ്പിലാക്കേണ്ടത് ബാക്കിയുള്ളവരാണ്.
പാലുകിട്ടിയില്ലെങ്കില്‍ ചത്തുപോകുന്ന അവസ്ഥ ചാണ്ടിവിജയാദികള്‍ക്കൊക്കെയുണ്ടാവാം. പിഞ്ചുകുട്ടികളടക്കമുള്ള നിത്യന്റെ കുടിയില്‍ നാല്പതുനാള് പാലുകിട്ടിയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. മത്സ്യം കിട്ടിയില്ലെങ്കിലും. ഇനി തലേന്നുതന്നെ ഇതെല്ലാം കരുതിവെക്കാനുള്ള മോര്‍ച്ചറിയുമില്ല.
പിന്നെ പത്രം. മകന് അച്ഛനെ വെട്ടിയതിന്റെയും അച്ഛന് മകളെ ബലാല്‍സംഗം ചെയ്തതിന്റെയും വീരകഥകളും അടിപോയ കുടത്തില്‍ വെള്ളമെടുക്കുന്ന നേതാക്കളുടെ പ്രസ്താവനകളും അളിഞ്ഞ മോന്തയും ചിത്രത്തില്‍പോലും കണികണ്ടു എന്നൊരു ഖേദവുമില്ല.
ഇനിയാണ് മെഡിക്കല്‍ ഷാപ്പിന്റെ കാര്യം. സാദാപൗരന്റെ ഏകാശ്രയം സര്‍ക്കാരാശുപത്രിയാണ് മെഡിക്കല്‍ഷാപ്പല്ല. അവിടുത്തെ കലക്കുദ്രാവകമാണ് അവന്റെ സര്‍വ്വരോഗസംഹാരി. അതുഫലിക്കാത്ത ഘട്ടമെത്തിയാല്‍ പിന്നെ രോഗീലേപനവും തുടര്‍ന്ന് അന്ത്യകൂദാശയുമാണ് പതിവ്. കേരളത്തിലെ ദരിദ്രവാസികള്‍ ഡോക്ടറെതേടി മെഡിക്കല്‍ഷാപ്പില്‍ പോവാന്‍ തുടങ്ങിയതെപ്പോള് തൊട്ടാണാവോ? നിത്യന് നിശ്ചയമില്ല. ആരോഗ്യടീച്ചറോട് ചോദിച്ചാല്‍മതി.
അനന്തപുരിയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഇരുന്ന് കൈയ്യെത്തും ദൂരത്ത് സകല സൗകര്യങ്ങളും അതേപടി നിലനിര്‍ത്തി നാട്ടുകാര്‍ മുഴുവന്‍ മൂക്കുകൊണ്ട് ക്ഷ വരച്ചശേഷം മാത്രം ചാവണം എന്ന അപാരജനസ്നേഹമാണ് ഹര്‍ത്താലുകളുടെ പിന്നിലെ ചേതോവികാരം. ഈയൊരു ജനസ്നേഹത്തിനാണ് മലയാളത്തില്‍ സാഡിസം എന്നുപറയുക.
വിദ്യാര്‍ത്ഥികളുടെ കയ്യിലെ അവസാനത്തെ ആയുധമാണ് പഠിപ്പുമുടക്ക്. തൊഴിലാളികളുടെ കൈയ്യിലെ അവസാനത്തെ ആയുധമാണ് പണിമുടക്ക്.
നന്ദിയാരോടുനാം ചൊല്ലേണ്ടൂ?
അവസാനം ചെലുത്തേണ്ട പ്രഥമനസാരം
ആദ്യം കഴിക്കാന്‍ പഠിപ്പിച്ച തിരുമേനിയോടോ?
കല്ലെറിഞ്ഞകറ്റിയ സ്വാശ്രയത്തെ
പിന്നെകെട്ടിയെഴുന്നള്ളിച്ച തിരുമാലിയോടോ
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
ഹര്‍ത്താലിന് നിര്യാണം ചൊല്ലിയറിയിച്ച
ഉഗ്രപ്രതാപിയാം ഹസ്സനോടോ?
മടിയാതെ ഹര്‍ത്താലിനെ തിരികെയെത്തിച്ച
നൊസ്സനാം ഹസ്സനോടോ?
അറസ്റ്റൊന്നു നടത്തിയ പോലീസിന്നെതിരായി
ജില്ലയിലന്നം മുടക്കിയ വിപ്ലവനീര്‍ക്കോലിയോടോ?
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
നാലിടത്തൊന്നായി ചുമരെഴുതീടുവാ
ന്‍നാലുപേരില്ലാത്ത നക്സല്‍ വിഎച്ച്പിയും
വെറുതേയൊരര്‍ത്താല്‍ നിനച്ചപ്പോള്‍ തന്നെയും
സ്വയം നിശ്ചലമായൊരു ജനതയോടോ?
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
അതുകൊണ്ടുതന്നെയാണ് പറഞ്ഞത്. ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കണം. നേതാക്കള്‍ക്ക് സുഖിക്കണം. റോഡില്‍ പെണ്ണുപെറുന്ന രംഗമാലോചിക്കുമ്പോഴുള്ള ഒരു സുഖേയ്. ന്താ കളി. വണ്ടി കിട്ടാതെ പയ്യന് പെടച്ചുചത്തരംഗം അലോചിക്ക്വാന്‍ തന്നെ എന്തൊരു സുഖമുണ്ട്. നേരം വെളുക്ക്വോളം കളീം കണ്ട് പുലര്‍ച്ചക്കൊരു നോരമ്പോക്കും തരാക്കി വരുന്ന സുഖം രാമാ പിന്നില്‍ നിക്കണം.
നാലേമ്പക്കം ഒന്നായിട്ടുപോയാല്‍ കുഴലേന്തിയവര്‍ പന്ത്രണ്ടെണ്ണവും മാലാഖമാര്‍ ഒരു നാട്ടിലേക്കുള്ളതും ചുറ്റിലും നില്ക്കുവാനുളള സംവിധാനത്തിന് ഹര്‍ത്താലുകാരണം വിഘ്നം വന്ന് ഒരു നേതാവും അനന്തപുരി വിട്ട് കാലപുരിപൂകിയ ചരിത്രമില്ല. നാളിതുവരെയായി ഹര്‍ത്താല്‍ കാരണം ഒരു മന്ത്രിയുടെയും മക്കള്‍ നടുറോഡില്‍ പെറ്റിട്ടില്ല. ഞായറാഴ്ച എന്റെ മോള മോള മോള പാലുകൊടുക്കലാ. അതുകൊണ്ട് ഹര്‍ത്താല്‍ തിങ്കളാഴ്ചയായിക്കോട്ടെ എന്നുപറഞ്ഞതല്ലാതെ.
കയ്യില്‍ കിട്ടിയാല്‍ ശരിപ്പെടുത്തിക്കളയും എന്ന മട്ടിലാണ് ലോറിയുടെ പിന്നാലെ പട്ടിയോടുക. പട്ടിയുടെ ഈയോട്ടത്തിനൊരു മനശ്ശാസ്ത്രവശമുണ്ട്. പണ്ട് ദിനോസറിനുപിന്നാലെ ഓടിയത് പട്ടി മറന്നിട്ടില്ല. ഇന്ന് പറമ്പുനിറയെ വീടായതുകൊണ്ട് പ്രാകൃതകമ്മ്യൂണിസ കാലഘട്ടത്തില്‍ കായ്ച്ചുനില്ക്കുന്ന മാവും കല്ലെറിഞ്ഞകറ്റേണ്ട ചെന്നായ്ക്കളും ദിനോസറിന്റെ വഴിയേ പോയി. അതുകൊണ്ട് പട്ടികളെക്കാള്‍ ലേശം കൂടി താഴ്ന്നവരായ സ്ഥിതിക്ക് തലമുറയായി നമുക്ക് പകര്‍ന്നുകിട്ടിയ അറിവാണ്. കിട്ടിയ തഞ്ചത്തിന് നാലേറ് പാസാക്കി നാമിപ്പോള്‍ നിര്‍വൃതിയടയുന്നു.
അങ്ങിനെ ഏറുടെണ്ടന്‍സി കാണിക്കുന്നവര്‍ക്കായി ബുദ്ധിയുള്ളവര്‍ ഒരു സംവിധാനമൊരുക്കുകയാണ് വേണ്ടത്. മെക്കയില്‍ വര്‍ഷാവര്‍ഷം ചെകുത്താനെ കല്ലെറിയുന്നതുപോലൊരു ചടങ്ങ്. ഇരിക്കട്ടെ ഒരു മുപ്പത് ദിവസം. അതിനുശേഷം എറിയാന്‍ കൈ പൊങ്ങിയാല്‍ പിന്നെ ശിക്ഷയും ശരിയത്തുതന്നെയായിക്കോട്ടെ. ആ കൈ പിന്നെ പൊങ്ങരുത്. കല്ലിന് വംശനാശം സംഭവിക്കുകയല്ലാതെ ഏറെത്ര കൊണ്ടാലും ചെകുത്താനൊരു ചുക്കും സംഭവിക്കുകയില്ല. മൂപ്പരുടെ ജീവനെപ്പറ്റി യാതൊരു ഭയവും ദൈവത്തിനുപോലും ആവശ്യമില്ല.
7 comments:
ഒരു ഹര്‍ത്താലിലും വിമാനം പറക്കാതിരുന്നതായി കേട്ടിട്ടില്ല. രാജധാനി പാളത്തിലിറങ്ങാത്തതായും. വില വര്‍ദ്ധിപ്പിക്കുന്നവരൊക്കെ അതിലാണ് സഞ്ചരിക്കുക. അങ്ങ് അണ്ഡകടാഹങ്ങളിലുടെ അനര്‍ഗളമായൊഴുകുന്ന പുഷ്പകവിമാനത്തിലെ രാവണന്മാര് ഭൂമിയിലെ ഉരുളന്‍ കല്ലുകള്‍ക്ക് അപ്രാപ്യമാണ്. വിഡ്ഡികള്ക്കും.
വളരെ സത്യം നിത്യന്‍ജി. ഇതൊക്കെ എന്നാ ജനങ്ങള്‍ മനസ്സിലാക്കി പെരുമാറുക? സാധ്യതയില്ല അല്ലെ.
ഇനി ചിലത് ക്വാട്ടട്ടെ
മനുഷ്യനും മൃഗവും തമ്മില്‍ പലേ വ്യത്യാസങ്ങളുമുണ്ട്. കാര്യമായൊരു സാമ്യം രണ്ടും അനുഭവത്തില്‍ നിന്നും പഠിക്കുകയില്ലെന്നതാണ് - സത്യം.
ഹര്‍ത്താലിന്റെ തീവ്രത അഥവാ വിജയം അളക്കുന്ന ഉപകരണമാണ് ഹര്‍ത്താല്‍ബന്ദോമീറ്റര്‍. നടുറോഡില്‍ പെറ്റ പെണ്ണിന്റെ എണ്ണം, അവസാനശ്വാസത്തിലും ഹര്‍ത്താലിന്നഭിവാദ്യമര്‍പ്പിച്ച് ചത്തുപോയ ഹൃദ്രോഗികളുടെ എണ്ണം, ചത്തുപോയ കൂടപ്പിറപ്പുകളെ കാണാനെത്തി വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്ന് അലമുറയിടുന്ന ആളുകളുടെ എണ്ണം, പൊളിഞ്ഞ കെ.എസ്.ആര്.ടി.സി ബസ് ചില്ലുകളുടെ എണ്ണം, ചിതറിയ തലകളുടെ എണ്ണം, പുഞ്ചിരിതൂകി പോലീസ് അകമ്പടിയോടെ കാറിലിരുന്ന് ഹര്‍ത്താലിന് നേതൃത്വം നല്കുന്ന നേതാക്കളുടെ ചിത്രം എന്നിവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് തീവ്രതയുടെ മാനദണ്ഡം - ഇതൊരൊന്നൊന്നര പാരഗ്രാഫാ ഭായി സമ്മതിച്ചു.
നിത്യന് .. അഭിപ്രായം പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല . പക്ഷെ ഒന്ന് മാത്രം പറയാം . ഇതൊക്കെ വായിച്ച് ഹര്‍ത്താല്‍ വേണ്ടെന്ന് വയ്ക്കാന്‍ മാത്രം ഉളുപ്പ് ഉള്ളവരല്ല മലയാളികള്‍ എന്ന് നമുക്ക് അഭിമാനിക്കാം . നന്ദി ആരോട് പറയാന്‍ ....
Hi Madhu etta...
As usual... grt ...
youa re forcing/provoking me to come and kill all those ****ers.
ohh... I got a better way... Escape from that place.. that is what I did.
Keep the good work....
നന്നായിട്ടുണ്ട് നിത്യന്. ആലോചിക്കേണ്ട വിഷയം തന്നെ. ഓരോ ബന്ദും ഹര്ത്താലുംകാണുമ്പോള്, ആലോചിക്കും,എന്തുകൊണ്ടാണ് ബസ്സ് കൂലി വര്ദ്ധനക്കെതിരായോ, നിത്യോപയോഗസാധനങ്ങളുടെ വിലവര്ദ്ധനക്കെതിരായോ, പൊതുജനം, അഥവാ, പൌരസമൂഹം ഇത്തരത്തില്‍ ഒരു ബന്ദിനോ ഹര്‍ത്താലിനോ ഇറങ്ങിത്തിരിക്കാത്തത് എന്ന്. അവരും ഈ പറഞ്ഞ ഏതെങ്കിലും സംഘടനകളുടെ ഉള്ളില്‍നിന്നുകൊണ്ടാണ് തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശ്രമിക്കുന്നത് എന്നതായിരിക്കാം കാരണം. അതുകൊണ്ട് സംഭവിക്കുന്നതോ, പൊതുജനം എന്ന പൊതുവായ സെഗ്മെന്റിന്റെ അവകാശങ്ങള്‍ (ന്യായവില, താങ്ങാവുന്ന, ഇടത്തരവും മാന്യവുമായ ജീവിതനിലവാരം, മൌലികാവകാശങ്ങള്‍)കിട്ടാതെപോവുകയും. സംഘടിത വര്‍ഗ്ഗങ്ങളും, പൌരസമൂഹവും വിഭിന്നമായ ചേരികളില്നില്ക്കുന്ന ഒരു വിചിത്രമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിനെ എങ്ങിനെ, ആരോഗ്യകരമായ രീതിയില്‍ സമന്വയിപ്പിക്കാം എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുതന്നെയാണ് നമ്മുടെ നാട്ടില്‍ ഇല്ലാത്തതും. ഹര്‍ത്താലും ബന്ദുമൊക്കെ ചില സമയങ്ങളില്‍ ആവശ്യമായി വരുകയും ചെയ്യും. പക്ഷേ, അതിനെ ആളുകളുടെ സ്വമനസ്സാലുള്ള ഒരു പ്രതിരോധപ്രവര്‍ത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. ആളുകളുടെ നിത്യജീവിതത്തെ അത് തടസ്സപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഈ ഹര്‍ത്താലും ബന്ദുമൊക്കെയാണ് നമ്മുടെ നാടിനെ നശിപ്പിക്കുന്നത് , അമിതമായി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടതിന്റെ കുഴപ്പമാണിതെല്ലാം എന്ന മട്ടിലൊക്കെയുള്ള അരാഷ്ട്രീയ ഗീര്വ്വാണങ്ങള്ക്ക് പ്രസക്തിയൊന്നുമില്ല. പൌരസമൂഹം, രാഷ്ട്രീയസമൂഹം, ഇവ തമ്മിലുള്ള ബന്ധം,ഇതൊക്കെയാണ് പൊളിച്ചുപണിയേണ്ടത്. പുനര്‍നിര്‍വ്വചിക്കേണ്ടത്.
അഭിവാദ്യങ്ങളൊടെ
വിനേദ സഞ്ചാരമേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ ചര്‍ച്ച നടക്കാന്‍ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സായിപ്പുമാരെയും, മദാമ്മമാരെയും ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലല്ലോ, കഴുതകളായ പൊതുജനത്തെ ഹര്‍ത്താലിന്റെ പേരില്‍ കൊന്നാലും പ്രശ്നമില്ല.
ഈ വിഷയത്തില്‍ എത്രയൊ പ്രാവശ്യം ബൂലോകത്തില്‍ ചര്‍ച്ച കഴിഞ്ഞ്താണ്? എന്നാലും ഓരോ ഹര്‍ത്താലു കഴിയുമ്പോഴും ഓരോ പുതിയ പോസ്റ്റിനു ആ ഹര്‍ത്താല്‍ പ്രേരകമാവുന്നില്ലേ? അതു തന്നെയാണു ഹര്‍ത്താലിന്റെ സൌന്ദര്യവും .ഇവിടെ നടന്ന ചര്‍ച്ച നോക്കൂ.http://malayalamvaayana.blogspot.com/2007/11/blog-post_1948.html
http://malayalamvaayana.blogspot.com/2008/02/blog-post_17.html
എത്ര രസമാണിത്. ഇതിങ്ങനെ റയില്‍വേ പാളങ്ങള്‍പോലെ സമാന്തരമായി നീണ്ടുപോയിക്കൊണ്ടിരിക്കും എന്നു തോന്നുന്നു.
എന്തായാലും ഹര്‍ത്താല്‍ ഇല്ലാത്ത ദിവസങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതെയും സ്ത്രീകള്‍, കുട്ടികള്‍ എന്നിവരൊക്കെ നല്ല ഫുഡ്സ് ഒക്കെ കഴിച്ച് സൌഖ്യത്തോടെ ഇരിക്കുന്നതും കൊണ്ട് ഹര്‍ത്താല്‍ തന്നെയാണ് വില്ലന്‍ എന്ന് നമുക്കങ്ങട് ഒറപ്പിക്കാം. ദിവസക്കൂലിക്കാരെ , പണിയില്ലാത്തവനെ പട്ടിണിക്കിടുന്ന ഹര്‍ത്താലിനെ ബന്ദിനെ ഒക്കെ നമുക്ക് വധിക്കാം. ആ സംതൃപ്തിക്കിടയില് രാജധാനിക്കാരനും പുഷ്പകവിമാനക്കാരനും നമ്മുടെ കാലിനടിയിലെ മണ്ണ് കോരിക്കൊണ്ടു പോയി അവന്റെ കുളം നികത്തുന്നത് കാണാതിരിക്കാം. നമുക്ക് വലിയ വലിയ രാഷ്ട്രീയം പറയുകയും ധാര്‍മ്മികരോഷം വിജയനും ചാണ്ടിക്കുമെതിരായ ഡയലോഗുകളില്‍ അവസാനിപ്പിക്കുകയും ചെയ്യാം. അങ്ങിനെ ഒന്നിനും ഒരു കേടുപാടും വരുന്നില്ലെന്നും എല്ലാം അത് പോലെ ഇരിക്കുന്നുവെന്നും ഉറപ്പിക്കാം.
അരാഷ്ട്രീയ ബ്ലോഗിംഗ് കീ ജയ്
ഹര്‍ത്താലുകള്‍ പരാജയപ്പെടട്ടെ
Post a Comment