ഗ്രഹണിപിടിച്ച് ഊര്‍ദ്ധ്വന്‍ വലിക്കാന്‍പോവുന്ന ഒരുത്തന്റെ ഫോട്ടോ ഇടത്ത് കഴിക്കുന്നതിനുമുന്‍പ് എന്ന അടിക്കുറിപ്പോടെയും മസിലുകള്‍ കൂടിയാട്ടം നടത്തുന്ന ഒരു സുന്ദരദേഹം കഴിച്ചതിനുശേഷം എന്നൊരടിക്കുറിപ്പോടെ വലത്തും വച്ചാല്‍ ഏതു പാഷാണവും വാങ്ങാന്‍ നാലാളുള്ള നാടാണ് നമ്മുടേത്.
വലത്തുള്ള ഘടാഘടിയന്‍ കഴിക്കുന്നതിനുമുന്‍പും ഇടത്തുള്ള നാരോന്ത് കഴിച്ചതിനും ശേഷവും ആയിക്കൂടേ എന്നാലോചിക്കാന്‍ വരട്ടെ, ഇന്ത ദുനിയാവിലെ മുയ്‌മന്‍ ഹമുക്കുകളുടെ തലയിലും പടശ്ശോന്‍ പായ് വിരിച്ചു കിടക്കുന്നുണ്ടെങ്കിലും കഴിയുകയില്ല. അതാണ് പരസ്യകല. തലയിലെ പടച്ചോനെ കിടന്നപായില്‍ മയക്കുവെടിവച്ചിട്ട് ചെകുത്താനെ കര്‍മ്മനിരതനാക്കുന്ന ആഭിചാരക്രിയയാണ് പരസ്യകല അഥവാ അഡ്വര്‍ടൈസിംഗ് കൂടോത്രം എന്നിഗ്ലീഷ്.
ചുരുങ്ങിയത് നാല്‌പതുടണ്‍ സ്വര്‍ണം അക്ഷയതൃതീയനാളില്‍ വില്‌ക്കണമെന്നായിരുന്നു കണക്ക്. അതായത് ടെലിവിഷം പ്രചരിപ്പിച്ച അക്ഷയതൃതീയ ഐശ്വര്യ തട്ടിപ്പില്‍ വിശ്വാസമര്‍പ്പിച്ച് ഒന്നുകില്‍ സ്വര്‍ണം അല്ലെങ്കില്‍ മരണം എന്നുതീരുമാനിച്ചിറങ്ങിയ സൂന്ദരീമണികളുടേയും സുന്ദരവിഡ്ഡികളുടേയും സെന്‍സസും ടണ്‍കണക്കില്‍ തന്നെ എടുക്കേണ്ടിവരും. കയ്യിലെവിരലും കാലിലെ വിരലും സമ്മേളിപ്പിച്ചുകൊണ്ടുള്ള ഗണിതാഭ്യാസം കൊണ്ടൊന്നും സംഗതി നടക്കുകയില്ല.
രണ്ടുമൂവായിരം കൊല്ലം മുമ്പ് ഭാരതദേശത്ത് സുവര്‍ണസ്‌തേയികള്‍ എന്ന പ്രയോഗം രാമായണത്തില്‍ ഉണ്ടെങ്കിലും സ്വര്‍ണക്കള്ളക്കടത്ത് ഒരു മൗലികാവകാശമായി കൊണ്ടുനടക്കപ്പെട്ടു എന്നതിന് തെളിവുകളൊന്നും കിട്ടിയതായി ചരിത്രരേഖകളിലില്ല. പിന്നെങ്ങിനെ അക്ഷയതൃതീയയും സ്വര്‍ണവും, സ്വര്‍ണക്കടയും നികുതിവെട്ടിപ്പും പോലെ, പൊന്നും ചെമ്പും പോലെ, പെണ്ണും പൊന്നും പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആരെങ്കിലും അന്വേഷിച്ചുവോ ആവോ?
വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയയാണ് അക്ഷയതൃതീയ. ഇതുതന്നെ സത്യയുഗത്തിന്റെ ആരംഭദിനവും എന്ന് ആചാര്യന്‍മാര്‍. തീര്‍ന്നില്ല പരശുരാമന്റെ ജന്മദിവസവും ഇതുതന്നെയെന്നും പറയപ്പെടുന്നു.
കണ്ണില്‍ കണ്ട രാജാക്കന്‍മാരെ മുഴുവന്‍ വെട്ടിനുറുക്കി ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്‌തു എന്ന വെടിക്കെട്ടുസംഭവത്തിന്റെ മുന്നേ അമ്മ രേണുകയുടെ കഴുത്തിനുതന്നെ മഴുവെച്ച കേസിന്റെ വിചാരണ യുക്തിവാദികളുടെ കോടതിയില്‍ ഇനിയും അവസാനിച്ചിട്ടില്ല. പരശുരാമന്റെ മഴു വീണ്ടുമൊന്നുകൂടി ഉയര്‍ന്നുതാണ് യുക്തിവാദികളെക്കൂടി ഉന്മൂലനം ചെയതാലേ ആ കേസ് തള്ളിപ്പോവുകയുള്ളൂ. എങ്കിലും സ്വര്‍ണം കുഴിച്ചെടുക്കുന്ന ഏര്‍പ്പാടിലോ കള്ളക്കടത്തിലോ ഒന്നിലും മൂപ്പര്‍ കഴിവുതെളിയിച്ചതായി രേഖകളിലില്ല. സാക്ഷികളുമില്ല. അതിന്റെ പേരില്‍ ഒരു പെറ്റിക്കേസുപോലും ഫയല്‍ചെയ്യപ്പെട്ടതായി യുക്തിവാദികള്‍ കൂടി അവകാശപ്പെടുകയുമില്ല.
അപ്പോള്‍ സംഗതി മാറി. സത്യയുഗാരംഭമായതുകൊണ്ടായിരിക്കണം അന്നത്തെ ദിനം അക്ഷയമായത്. അതായത് ക്ഷയിക്കാത്തത് സത്യമൊന്നുമാത്രമാണെന്ന തിരിച്ചറിവ്. ഒരിക്കലും ക്ഷയിക്കാത്ത ദാനധര്‍മ്മാദികളുടെ ദിനമായി ഈ ദിവസം കലണ്ടറില്‍ മഹര്‍ഷിമാര്‍ വരവുവച്ചത്. പിന്നെ ഇതിന് സ്വര്‍ണവുമായി എന്തു ബന്ധം?
വിദ്യ, മന്ത്രം, സന്ന്യാസം, തപസ്സ്, വാനപ്രസ്ഥം എല്ലാം ആരംഭിക്കാന്‍ ആത്മീയാചാര്യന്‍മാര്‍ മാറ്റിവച്ച ദിവസമാണ് അക്ഷയത്രിതീയ. ആ സുവര്‍ണദിവസമാണ് ഇപ്പോള്‍ സുവര്‍ണസ്‌തേയികള്‍ സ്വര്‍ണം വില്‌ക്കാനുള്ള സുവര്‍ണാവസരമായി മാറ്റിയത്. അതും പോരാഞ്ഞ് ആ വഷളത്തരം ഇടതടവില്ലാതെ വച്ചുവിളമ്പാന്‍ സൂപ്പര്‍സ്റ്റാര്‍ഇഡിയറ്റ്‌സുകളെ അണിനിരത്തുകയും ചെയ്‌തു. നാലണകിട്ടിയാല്‍ എന്തു വഷളത്തരവും ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ലൈസന്‍സ് നാവിനുള്ളവരാണ് സൂപ്പര്‍സ്റ്റാറുകളും സ്‌റ്റാറികളും.
ആലപ്പാട്ടുകാരനും മലബാര്‍ ഗോള്‍ഡുകാരനും കാഴ്‌ചക്കാരനെ അസ്വസ്ഥനാക്കുന്ന ആ വിശ്വസ്‌ത സ്ഥാപന കോമളകളേബരനും എല്ലാം ചേര്‍ന്ന് സ്വന്തം നിലയ്‌ക്ക് ഒരു സംസ്‌കൃത നിഘണ്ടുതന്നെ ഇറക്കിയോ എന്ന സംശയത്തിലായിരുന്നു നിത്യന്‍ കുറച്ചുനാളായിട്ട്. കണ്ണൂരിലെ കുഞ്ഞിക്കണ്ണ ജ്വല്ലറിക്കവിതകള്‍ പോലെ ഒരെണ്ണം.
അക്ഷയത്രിതീയയെപ്പറ്റി നിലവിലുള്ള വേറൊരു വിശ്വാസം വിധവകള്‍ക്കും വിഭാര്യന്‍മാര്‍ക്കുമുള്ളതാണ്. അവര്‍ നന്നായി ദാനം ചെയ്‌താല്‍ അടുത്ത ജന്മത്തില്‍ അതിന്റെ ഗുണം കിട്ടും. വിധവകള്‍ക്ക് അടുത്തജന്മം ഭര്‍ത്താവു ചത്തുപോയി ബുദ്ധിമുട്ടിപ്പോവുന്ന ഒരവസ്ഥയുണ്ടാവില്ല. ഭാര്യയ്‌ക്ക് മരണംവരെ പീഡനം ഉറപ്പ് ആന്റ് വൈസീവേര്‍സ. ഭര്‍ത്താവിന്റെ പീഢനം അതിരുവിടുമ്പോള്‍ ഭാര്യ പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ കയറേണ്ടിവരുമോ, ഭാര്യയുടെ പീഢനം ഏറുമ്പോള്‍ ഭര്‍ത്താക്കന്‍മാര്‍ കടല്‍മാര്‍ഗമോ കിണര്‍മാര്‍ഗമോ കയര്‍വഴിയോ പീഢനരഹിതലോകത്തേക്ക് കുതിക്കേണ്ടത് ആദിയായ കാര്യങ്ങളെപറ്റി ആചാര്യന്‍മാര്‍ പരാമര്‍ശിച്ചതായി കാണുന്നില്ല. എന്തായാലും ഈ ജന്മത്തില്‍ ദാനം ചെയ്യുന്ന വിധവകള്‍ക്കും വിഭാര്യന്‍മാര്‍ക്കും അടുത്ത ജന്മം നേരത്തേ മരിക്കാം ഹാ ഹഹ! അല്ലെങ്കില്‍ ദാനത്തിന് പിന്നെന്ത് ഫലം?
ഇനി നേരത്തേ പറഞ്ഞതുപോലെ നാല്‌പതുടണ്‍ സ്വര്‍ണം വിറ്റുവെങ്കില്‍തന്നെ എത്ര ടണ്ണിന്റെ കണക്കായിരിക്കും ധനമന്ത്രിയുടെ കച്ചേരിയിലെത്തുക? ഏറിയാല്‍ നാല്‌പതു കിലോയുടേത്. എന്നാലും എന്റെ സത്യസന്ധരായ സ്വര്‍ണവ്യാപാരികളേ ദാനം ചെയ്യേണ്ട ആ ദിനത്തിലെ കച്ചവടത്തില്‍ കിട്ടിയ ലാഭത്തില്‍നിന്നും ദാനമൊന്നും ചെയ്യേണ്ട, സര്‍ക്കാരിനവകാശപ്പെട്ടതുകൂടി കൊടുക്കാത്ത നിങ്ങളുടെ അടുത്ത ജന്മത്തിലെ അവസ്ഥയെന്തായിരിക്കും?
മഹാദാനം ചെയ്യേണ്ട ദിവസം ഏതെങ്കിലും പട്ടിണിപ്പാവത്തിന് കട്ടന്‍ചായയും പരിപ്പുവടയും, പറ്റുമെങ്കില്‍ ഒരു ദിനേശുബീഡിയും വാങ്ങിക്കൊടുക്കാന്‍ കൂട്ടാക്കാതെ ഉള്ളതും പെറുക്കി കള്ളന്‍മാരുടെ കൈയ്യില്‍ നിന്നും സ്വര്‍ണംവാങ്ങാന്‍ ക്യു നിന്ന ഭക്തശിരോമണികളേ, മയക്കുവെടികൊണ്ട പടച്ചോന് എന്നെങ്കിലും ബോധം വീണാല്‍ നിങ്ങള്‍ക്കു വിധിക്കപ്പെടുന്ന ശിക്ഷയെന്തായിരിക്കും? തീര്‍ച്ചയായും മരണമായിരിക്കില്ല. കോളറിഡ്‌ജ് പറഞ്ഞപോലെ ലൈഫ് ഇന്‍ ഡത്ത് ആവാനേ വഴിയുള്ളൂ.
4 comments:
തലയിലെ പടച്ചോനെ കിടന്നപായില്‍ മയക്കുവെടിവച്ചിട്ട് ചെകുത്താനെ കര്‍മ്മനിരതനാക്കുന്ന ആഭിചാരക്രിയയാണ് പരസ്യകല അഥവാ അഡ്വര്‍ടൈസിംഗ് കൂടോത്രം എന്നിഗ്ലീഷ്.
:)
പണമാണ് താരം,,
അതിനു വിശ്വാസങ്ങളെ കൂട്ടു പിടിക്കാന്‍ പറ്റുമെങ്കില്‍ വിജയിച്ചു...!
സംഭവം കലക്കി നിത്യാ..
പിന്നെ പരസ്യകല.. അത് ഒരു കല തന്നെയാ..
(നമ്മടെ വയറ്റിപ്പിഴപ്പായ കൊണ്ട് പറയുകയല്ല )
:)
Post a Comment