നല്ല മൂന്ന് സിനിമ മലയാളത്തില്‍ വരുന്നില്ലെങ്കിലും വര്‍ഷത്തിന്‍ മുപ്പത് സംഘടനകള്‍ വരുന്നുണ്ടെന്നത് ചില്ലറ ആശ്വാസമൊന്നുമല്ല. ആ കടലാസുപുലികളുടെ അഭിനയം ചാനലുകളില്‍ കണ്ട് സമാധിയാവാനുള്ള യോഗം പ്രേക്ഷകര്‍ക്കുണ്ടായതും ചില്ലറക്കാര്യമല്ല. ചിലവില്ലാത്ത വിനോദമാണല്ലോ ഈ ടിക്കറ്റെടുക്കാത്ത കോമഡി.
തിലകന്റെ അഭിനയം ടിക്കറ്റെടുക്കാതെ കാണാനുള്ള യോഗമാണ് സിനിമാപ്രേമികള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ചാനലുകളില്ലാതെ പോയിരുന്നെങ്കില്‍ ഫെഫ്കാ ഉണ്ണികൃഷ്ണന്റെ ഗതിയെന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ അടിമുടി ഒരു വിറയലാണ് പാഞ്ഞുകയറുകയാണ്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂപ്പര്‍താരങ്ങളുടെ കീശയിലെ കോടികള്‍ കൊണ്ടാണല്ലോ നിലവില്‍ അസ്തുവാകാത്ത കൊട്ടകകള്‍ ഹൗസ്ഫുള്ളായി പതിനഞ്ചുനാള്‍ കൃത്യമായോടിയശേഷം പതിനാറടിയന്തിരം ഭംഗിയായി കഴിയുന്നത്. എത്രകാലം ഇങ്ങിനെ മാവിന്‍മേല്‍ കയറിയ ഇത്തിളുപോലുള്ള ഫാന്‍സിനെ കൂട്ടുപിടിച്ച് സംഗതി ഒപ്പിക്കും? പോട്ടത്തില്‍ പാലഭിഷേകം നടത്തിക്കും? ദാസനും വിജയനും വാറുണ്ണിയും ഉറുമീസുമെല്ലാമായി നിറഞ്ഞാടിയുണ്ടാക്കിയ നാലുമുക്കാലുമുഴുവന്‍ നരസിംഹവും രാവണപ്രഭുവും രാക്ഷസരാജാവുമെല്ലാമായി അഴിഞ്ഞാടിത്തീര്‍ത്താല്‍ പിന്നെ വിണ്ണിലെ താരം തന്നെ വഴികാട്ടേണ്ടിവരും. അതൊക്കെ നന്നായി അറിവുള്ളവരാണ് നമ്മുടെ താരങ്ങള്‍. ഇന്ന് ലാലേട്ടനും മമ്മൂക്കയ്ക്കും മുദ്രാവാക്യം വിളിക്കുന്ന അതേ നാവുകൊണ്ട് നാളെ യഥാക്രമം അവരുടെ തന്തയ്ക്കുവിളിക്കുകയില്ലെന്ന്് ആരറിഞ്ഞു? അത്രയൊക്കെ വിസ്താരമുള്ള ഹൃദയമുള്ളവര്‍ക്കല്ലേ ഫാന്‍സ് ആയി രൂപാന്തരം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല.
ഒരുവനിലെ നടന്‍ രൂപപ്പെടുന്നത് ഏതാണ്ട് ഒഴുക്കു കല്ലിനെ രൂപപ്പെടുത്തുന്നതുപോലെയാണ്. ചുറ്റുപാടുകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാമാണ് ഒരു നടനെ നടനാക്കുക. അഭിനയത്തിന്റെ ഗ്രാഫ് പടവലംപോലെ താഴോട്ടാണെങ്കിലും കുഴപ്പമില്ല, ഇനി സ്വന്തം ചിലവിലാണെങ്കിലും തരക്കേടില്ല അവാര്‍ഡുകളുടെ പെരുമഴ നമ്മുടെ ശിരസില്‍ തന്നെ പതിക്കണം എന്നൊരാഗ്രഹമേയുള്ളൂ. അപ്പോള്‍ ഏതുവിധത്തിലെങ്കിലും രംഗത്തുകാണണം.
സ്വന്തം കീശയിലെ കാശുകളഞ്ഞ് അഭിനയിച്ച് എട്ടുനിലയില്‍ പൊട്ടി ബാക്കിയുള്ളതും കൂടെ പോയി ധനനഷ്ടം സര്‍പ്പദംശമായും മാനഹാനി ഇടിവെട്ടായും വന്നുഭവിക്കുന്നതിലും നല്ലത് വേറൊരു വഴി അന്വേഷിക്കലാണ്. അഭിനയിച്ചു, പോരാ തകര്‍ത്തഭിനയിച്ചു എന്നൊരു തോന്നലുണ്ടായാല്‍ മാത്രം മതി. അവാര്‍ഡുകിട്ടാനാണെങ്കില്‍ അവരവര്‍ക്കുതന്നെ തോന്നിയാല്‍ മാത്രം മതി എന്നൊരു സൗകര്യവുമുണ്ട്. താരം മനസ്സില്‍ കാണുന്നത് വിധികര്‍ത്താവ് മാനത്തു കാണണമെന്നാണ്.
താരങ്ങള്‍ ശ്രദ്ധിയ്ക്കുക. പാര്‍ട്ടിയോഫീസ് ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈവെട്ടുന്ന വിവരം പ്രഖ്യാപിച്ച് മിനിസ്‌ക്രീനില്‍ മിനിയാന്ന് രൗദ്രഭാവം പൂണ്ട് ഒരു സഖാവ് ഉറഞ്ഞാടി. ലാസ്യഹാസ്യഭാവഹാവാദികളുമായി ഇന്നലെ അതേ മൈക്കിനുമുന്നില്‍ വന്ന് ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നു തിരുത്തി നിറഞ്ഞാടിയത് ഏത് കലാസ്‌നേഹിക്കാണു മറക്കാന്‍ കഴിയുക. മൂപ്പര്‍ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ? ധനം പോയില്ല. മാനത്തിന്റെ കാര്യം പറയുകയേവേണ്ട. അതേപ്പറ്റി മാന്യന്‍മാര്‍ ബേജാറാവേണ്ടതുമില്ല. ഒരു ആയിരം കടംകിട്ടാനായി 15000 പോക്കറ്റടിച്ചുപോയി എന്നൊരു പ്രഖ്യാപനം നിത്യന്‍ പണ്ടുനടത്തിയിരുന്നു. 15000 എന്ന് കടലാസിലെഴുതി പോക്കറ്റിലിട്ടത് അടിച്ചുപോയതായിരിക്കും എന്നാണ് അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയത്.
നമ്മുടെ സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ ഇങ്ങിനെയുള്ള വിപ്ലവകാരികളില്‍ നിന്നും അഭിനയപാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഠനം തരക്കേടില്ലാതെ പോവുന്നതിന്റെ തെളിവാണ് ഇടതുവലതുവിപ്ലവകാരികള്‍ പിന്തുണയുമായെത്തിയത്. അടിസ്ഥാനവര്‍ഗ ദരിദ്രതൊഴിലാളികളായ മമ്മൂട്ടിയെയും തിലകനെയും പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് പിന്തുണക്കുക? വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭു ആദിവാസി പരിഷകളെയോ?
ശുനകപുത്രി എന്നവിളി അശ്ലീലമാവുക മുറ്റത്തെ പശുവിനെ അങ്ങിനെ സംബോധനചെയ്യുമ്പോഴാണ്. ഒരു മോനെ താരമായും മറ്റൊരു മോനെ ധൂമകേതുവായും കണ്ട് രണ്ടുപന്തിയില്‍ ഊണുവിളമ്പുന്ന ഒരു സംഘടനയുടെ പേര് അതാവുമ്പോഴാണ് അമ്മ എന്ന വിശുദ്ധപദം അശ്ലീലമാവുക. താരം എന്തൊരു സുന്ദരപദം. അനാദികാലം മുതലേ മനുഷ്യന്റെ വഴികാട്ടി. അറബി സുഗന്ധതൈലങ്ങളുമായി കോഴിക്കോട്ടെത്തിയതും ഉരുപ്പടികളുമായി മലബാറി അറേബ്യയിലേക്കെത്തിയതും അതു വഴികാട്ടിയപ്പോഴാണ്. അവനവനല്ലാതെ മറ്റാര്‍ക്കും വഴികാട്ടാനറിയാത്ത, വെളിച്ചം വിതറാനറിയാത്ത എനിക്കുശേഷം പ്രളയം എന്നുപ്രഖ്യാപിക്കാന്‍ മാത്രം വിവരദോഷമുള്ള ആളുകളുടെ നെറ്റിയിലെ തിലകമായി വരുമ്പോഴാണ് താരം അശ്ലീലമാവുക.
പണ്ടുതാരങ്ങള്‍ അമ്മയെ ബഹിഷ്‌കരിച്ചതായിരുന്നു പുകില. ഭാഗ്യത്തിന് തന്തയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ബഹിഷ്‌കരിക്കേണ്ടിവന്നില്ല. പിന്നെ മാക്ട താരങ്ങളെ ബഹിഷ്‌കരിച്ചു. താരങ്ങള്‍ താരനിശ ബഹിഷ്‌കരിച്ചു. അക്കാലത്താണ് ഒരു താരം ഞാന്‍ ഉടന്‍ ഒരമ്മയെ ഉണ്ടാക്കും എന്നു പ്രഖ്യാപിച്ചത്. ഉണ്ടാക്കും എന്നു പറഞ്ഞാല്‍ ഉണ്ടാക്കും. ആളുചില്ലറക്കാരനൊന്നുമായിരുന്നില്ല.
പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു കുഞ്ചന്‍. ഒരുപൊട്ടത്തോക്കും കൊണ്ട് ഒരുപാടുകാലം ടിക്കറ്റെടുത്തവന്റെ തലയ്ക്കുവിലപറഞ്ഞ ഒരു ജെഗാതാരത്തിന് ഒരുനാള്‍ ബോധോദയമുണ്ടായി. അഭിനയിച്ചുജീവിക്കുന്നതിലും നല്ലത് ജീവിച്ചഭിനയിക്കുകയാണെന്ന തോന്നല്‍. പിന്നെ കുറേക്കാലം അതിനായൊരു ടിക്കറ്റന്വേഷിച്ചുള്ള തീര്‍ത്ഥയാത്രകളായിരുന്നു. . പാര്‍ട്ടി ഏതായാലും ടിക്കറ്റൊന്നുമതി എന്ന അന്തസ്സുറ്റ നിലപാടായിരുന്നു. ഭാഗ്യതാരമുദിച്ചില്ല എന്നേ പറയേണ്ടൂ. കേരളം രക്ഷപ്പെട്ടു.
വലിയകാലമൊന്നുമായില്ല. ഒരു ഷെയ്ക്‌സ്പീരിയന്‍ നാടകം പോലെ, ഒരു കാലത്തിറങ്ങിയ മുഴുവന്‍ സിനിമകളിലെയും അവിഭാജ്യഘടകമായിരുന്ന പ്രഫെസര്‍ നരേന്ദ്രപ്രസാദ് എന്ന അതുല്യപ്രതിഭയുടെ ചേതനയറ്റ ശരീരം പി.വി.എസ്സില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ അരികില്‍ നിന്നു വിതുമ്പിക്കരയാന്‍ അടുത്തായി ജീവിതത്തിന്റെ തിരശ്ശീല വീണ മഹാനടന്‍ മുരളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭരതമഹര്‍ഷിതന്നെ പ്രത്യക്ഷനായി കാലിനുവീഴാന്‍മാത്രം യോഗ്യന്‍മാരായ താരരാജാക്കന്‍മാരുടെയൊന്നും നാവുകള്‍ ഒരു പ്രസ്താവനയ്ക്കുവേണ്ടിപോലും അന്ന് വായിലുണ്ടായിരുന്നില്ല. അക്കാലത്ത് ഒരു മെഗാസംഗതിയുടെ 25ാമത് അടിയന്തിരം പൊടിപൊടിക്കുകയായിരുന്നു.
പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്. താരത്തിന്റെ കണ്ണടക്കി ഒന്നു കിട്ടേണ്ട ഒരു രംഗമുണ്ടെങ്കില്‍ താരം തന്നെ ഡബിള്‍റോളില്‍ അവതരിക്കണം അല്ലെങ്കില്‍ മാനം കപ്പലുകയറും എന്നുവിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ള നിങ്ങളിലെയെല്ലാം വിഡ്ഡികളെയാണ് ജനം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നത്. രംഗം തുടര്‍ന്നും കൊഴുപ്പിച്ചുകൊണ്ടേയിരിക്കുക. ലാല്‍സലാം.
2 comments:
വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ചാനലുകളില്ലാതെ പോയിരുന്നെങ്കില്‍ ഫെഫ്കാ ഉണ്ണികൃഷ്ണന്റെ ഗതിയെന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ അടിമുടി ഒരു വിറയലാണ് പാഞ്ഞുകയറുകയാണ്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ
good
Post a Comment