June 17, 2010

അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ?


Arjun_Singh_300.jpgമിക്കവാറും അന്തസ്സുള്ള രാജാക്കന്‍മാരുടെ പതിനാറടിയന്തിരം സായിപ്പിന്റെ കാലത്തുതന്നെ നടന്നതുകൊണ്ട്‌ അക്കൂട്ടര്‍ക്ക്‌ പ്രജകളായി ശിഷ്ടകാലം കഴിയേണ്ടിവന്നില്ല. അന്തസ്സിന്റെ ഗ്രാഫ്‌ അത്രകണ്ട്‌ ഉയരാത്തവര്‍ക്ക്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഭൃത്യഗുണമുള്ള രാജാക്കന്‍മാരെല്ലാം ഉടന്‍ മന്ത്രിമാരായി പുനരധിവസിപ്പിക്കപ്പെട്ടു. സ്വത്വഗുണമുള്ള ആദ്യത്തെക്കൂട്ടര്‍ തീപ്പെട്ടുപോയതുതന്നെ ഒരു കണക്കിന്‌ മഹാഭാഗ്യമായി. മധ്യപ്രദേശിലെ പഴയ രാജ്യമായ റേവയില്‍ നിന്നിള്ള പവന്‍മാര്‍ക്ക്‌ രജപുത്രനാണ്‌ അര്‍ജുന്‍ സിംഗ്‌.
ധീരതയ്‌ക്ക്‌ പേരുകേട്ട ക്ഷത്രിയനും സര്‍വ്വോപരി രജപുത്രനുമായതുകൊണ്ട്‌ സിങ്ങിന്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അന്ന്‌ ആ രജപുത്രന്‍ മധ്യപ്രദേശത്തെ മുഖ്യമന്ത്രിയായിരുന്നു. രാജാവ്‌ എന്ന തസ്‌തിക അക്കാലത്ത്‌ പ്രാബല്യത്തിലുണ്ടായിരുന്നില്ല. 1984 ഡിസംബര്‍ 2നും 3നുമിടയിലെ രാത്രി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയെ പറ്റി വിവരം ലഭിച്ചതുമുതല്‍ വീരോചിതമായി പ്രവര്‍ത്തനമാണ്‌ സിങ്ങ്‌ കാഴ്‌ചവച്ചത്‌. ആദ്യമായി വീരോചിതമായി കുടുംബസമേതം ഓടി ഭോപ്പാലിന്റെ അതിര്‍ത്തി കടന്നുമറിഞ്ഞ്‌ സ്വന്തം കെര്‍വാ ഡാം കൊട്ടാരത്തിലേക്കെത്തിപ്പെട്ടു. സര്‍ക്കാര്‍ വാഹനങ്ങളിലായതുകൊണ്ട്‌ കിതപ്പ്‌ അറിഞ്ഞില്ലെന്ന ഒരു പരാതിയേ സിങ്ങിനുണ്ടായിരുന്നുള്ളൂ.

തടി പോയാലും നാടു കാക്കണമെന്ന രജപുത്രവിശ്വാസം തല്‌ക്കാലം സിങ്ങ്‌ തട്ടിന്‍പുറത്തു കെട്ടിവച്ചു. ഭോപ്പാലിന്റെ തെരുവുകളില്‍ കാല്‍ ലക്ഷത്തിലേറെ ജനം ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീണപ്പോള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുവാന്‍ പറ്റാതെ ഭരണസംവിധാനം സ്‌തംഭിച്ചു.

ആദ്യം സ്വയം നന്നാവണം, പിന്നെ മറ്റുള്ളവരെ നന്നാക്കണം എന്ന ധര്‍മ്മചിന്തയാണ്‌ സിങ്ങിനെ എക്കാലത്തും നയിച്ചിരുന്നത്‌. ഇവിടെയും ആ ചിന്ത രജപുത്രന്‍ കൈവിട്ടില്ല. ആദ്യം സ്വയം രക്ഷിച്ചു. പിന്നെ രക്ഷിക്കേണ്ടവരെയെല്ലാം ഒന്നൊന്നായി രക്ഷിച്ചു. വാറണ്‍ ആന്‍ഡേഴ്‌സനെ ആദ്യംതന്നെ രക്ഷിച്ചു. ചത്തുപോയ കാല്‍ലക്ഷത്തിലേറെയെണ്ണത്തെ പുനരുജ്ജീവിപ്പിക്കുവാനുള്ള അമൃതൊന്നും കയ്യിലില്ലാതിരുന്നതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ കാല്‍ ലക്ഷം പേരു കാലപുരിപൂകി കാല്‍നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ്‌ സിങ്ങ്‌ സംശയത്തിന്റെ കരിനിഴലില്‍ വരുന്നത്‌.

നിലവിലുള്ള അറിവുകള്‍ വച്ച്‌ ഗ്രീന്‍പീസ്‌ ളാഹഗോപാലന്റയോ മാവോയിസ്‌റ്റുകളുടേയോ സംഘടനയല്ല. ആസ്ഥാനം നെതര്‍ലാന്റ്‌സ്‌ ആയ പരിസ്ഥിതി സംഘടന സായിപ്പന്‍മാരുടേതുതന്നെയാണ്‌. 1982 ല്‍ ഭോപ്പാലിലെ കമ്പനിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ ഗുരുതരമായ 30 അപകടസാദ്ധ്യതകള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അമേരിക്കയിലെ അതേ കമ്പനിയില്‍ ഇതേ അപകടസാദ്ധ്യതകള്‍ക്ക്‌ ഉടന്‍ പരിഹാരം കാണുകയും ചെയ്‌തിട്ടുണ്ടായിരുന്നു. ഈ വസ്‌തുതകളെല്ലാം അന്നത്തെ യൂണിയന്‍ കാര്‍ബൈഡ്‌ സി.ഇ.ഒ വാറണ്‍ ആന്‍ഡേഴ്‌സണ്‌ അറിയാമായിരുന്നു എന്നു പറഞ്ഞത്‌ അയ്യങ്കാളിപ്പടയും മാവോയിസ്‌റ്റുകളുമൊന്നുമല്ല ഗ്രീന്‍പീസ്‌ വക്താക്കളാണ്‌. 


1984 ല്‍ ദുരന്തം. 1986 ആന്‍ഡേഴ്‌സന്റെ വിരമിക്കല്‍. അതും കഴിഞ്ഞ്‌ നൂറ്റാണ്ടു കാലും കഴിഞ്ഞപ്പോഴാണ്‌ അതായത്‌ ജൂലൈ 31, 2009 നു ഒരു അറസ്‌റ്റ്‌ വാറണ്ട്‌ ഇന്ത്യയില്‍ നിന്നും വാറണ്‍ ആന്‍ഡേഴ്‌സണെയും തേടി പുറപ്പെടുന്നത്‌. തെളിവൊന്നും ഇല്ലാത്തതുകൊണ്ട്‌ ആന്‍ഡേഴ്‌സണെ വിട്ടുതരാന്‍ പറ്റില്ലെന്ന്‌ അമേരിക്കയും അറിയിച്ചു. താമസിയാതെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്‌ക്കുമാത്രമല്ല അമേരിക്കയിലും പരിധിക്കു പുറത്തായി. എവിടെയെന്ന്‌ യാതൊരു വിവരവുമില്ല. ന്യൂയോര്‍ക്കില്‍ തന്നെ ഹാംപ്‌റ്റണ്‍സ്‌ എന്ന സ്ഥലത്തെ കൊട്ടാരസമാനമായ ഭവനത്തില്‍ ഭാര്യാസമേതനായി ആന്‍ഡേഴ്‌സണ്‍ സസുഖം വാഴുന്ന വിവരം ലോകത്തെ അറിയിച്ചത്‌ കാസേ ഹാറല്‍ എന്ന ഗ്രീന്‍പീസ്‌ പ്രവര്‍ത്തകനാണ്‌. ഞാന്‍ ആന്‍ഡേഴ്‌ണല്ല എന്നും പറഞ്ഞ്‌ തിരക്കുപിടിച്ച്‌ വീട്ടിനകത്തേക്ക്‌ കയറി വാതിലടക്കാന്‍ തുനിഞ്ഞ ആന്‍ഡേഴ്‌സന്റെ വാതിലിന്റെ വിടവിലൂടെ പ്രതീകാത്മക പ്രൊഡക്ഷന്‍ വാറണ്ട്‌ അകത്തേക്കിട്ടു പ്രതിഷേധിച്ചു ഹാറല്‍. 

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ പ്രഫെസര്‍ ഉപേന്ദ്ര ഭക്ഷി അവിടെ ഒരു കോഴ്‌സ്‌ പഠിപ്പിക്കുന്നുണ്ട്‌. ഭോപ്പാല്‍ ദുരന്തത്തിന്റെ നിയമചരിത്രമാണ്‌ അതിന്റെ വിഷയം. ആ കോഴ്‌സ്‌ പഠിക്കാനിടയായ രാജ്‌ ശര്‍മ്മ ഭോപ്പാലിലെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി അമേരിക്കന്‍ കോടതിയില്‍ ആന്‍ഡേഴ്‌സണും യൂണിയന്‍ കാര്‍ബൈഡിനുമെതിരേ കേസ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ സംഭവത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സമീപനം ഞെട്ടിപ്പിക്കുന്നതാണെന്നാണ്‌ ശര്‍മ്മ പറഞ്ഞത്‌. ചുമത്തിയ കുറ്റങ്ങളില്‍ ചില്ലറ ഇളവിനായി ആന്‍ഡേഴ്‌സണ്‍ തന്നെ അപേക്ഷിച്ചിട്ടില്ല. അതായത്‌ നരനെക്കൊന്ന കേസ്‌ നായിനെ കൊന്ന കേസാക്കിക്കൊടുക്കുവാന്‍. ആന്‍ഡേഴ്‌സനില്ലാത്ത ഉത്‌ക്കണ്‌ഠയുമയി അന്വേഷണ ഉദ്യോഗസ്ഥര്‍ നടക്കുന്നതിന്റെ പൊരുള്‌ പിടികിട്ടാതെ അന്തം വിട്ട ഹൈക്കോടതി അതു നിരസിച്ചതുതന്നെ ഭാഗ്യം.
അമേരിക്ക പറഞ്ഞതിലെന്താണ്‌ തെറ്റ്‌. കാല്‍ലക്ഷം പേരെ ശ്വാസംമുട്ടിച്ച്‌ തെരുവില്‍ കൊന്ന കമ്പനിയുടെ സി.ഇ.ഒ യെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍, പോലീസുകാരുടെ സംരക്ഷണയില്‍, സ്വന്തം പുഷ്‌പകവിമാനത്തില്‍ അന്തസ്സായിരുത്തി നല്ല നമസ്‌കാരം പറഞ്ഞ്‌ നല്ല കാലത്തു നാടുകടത്തിക്കൊടുക്കാന്‍ മാത്രം ഉദാരമതികളായിരുന്നു അര്‍ജുനനും ഒട്ടനവധി ശിഖണ്ഡികളും. 

എന്തെങ്കിലും കുറ്റം ഇവിടെ ചെയ്‌തിരുന്നൂവെങ്കില്‍ ആന്‍ഡേഴ്‌സന്‌ ഇങ്ങിനെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഉപയോഗിച്ച്‌ വീരോചിതമായ ഒരു യാത്രയയപ്പ്‌ നല്‌കുമായിരുന്നോ? അന്ന്‌ ആന്‍ഡേഴ്‌സന്റെ യന്ത്രസംവിധാനങ്ങളും ഒന്നാന്തരമായി പ്രവര്‍ത്തനസജ്ജമായിരുന്നു. അന്നത്തെ 65ല്‍ നിന്നും കാല്‍നൂറ്റാണ്ടു സഞ്ചരിച്ച്‌ 90ലെത്തി ഇന്ദ്രിയങ്ങളൊന്നൊന്നായി പണിമുടക്കി വെടിവച്ചാല്‍ കേള്‍ക്കാത്ത ചെവിയും നട്ടുച്ചയ്‌ക്കും ഇരുട്ടുകയറിയ കണ്ണും ഗതകാലസ്‌മൃതികളില്‍ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ച മനസ്സുമായി കഴിയുന്ന നരാധമനെ ഇനി ഇങ്ങോട്ടുകെട്ടിയെടുത്ത്‌ നടപ്പിലാക്കുക എന്തു നീതിന്യായമാണ്‌. അതല്ല ഇനി ചാവുന്നതവരെ ചെല്ലും ചെലവിനും കൊടുക്കാനോ? മുംബൈ കേസിലെ പ്രതിയ്‌ക്കുവേണ്ടിതന്നെ ഖജനാവില്‍ നിന്നും കോടികളാണ്‌ പോയിക്കിട്ടിയത്‌. 

ഭോപ്പാല്‍ കേസില്‍ അര്‍ജുനന്‍ തന്നെ ശിഖണ്ഡിയായിരുന്നു എന്നൊരു ഭാഷ്യം മരണത്തിന്റെ വ്യാപാരികള്‍ എന്ന ആട്ടക്കഥയില്‍ പരിവാരങ്ങള്‍ പരാമര്‍ശിച്ചതായി കാണുന്നുണ്ട്‌. അത്‌ പ്രക്ഷിപ്‌തമായി എഴുതിത്തള്ളിക്കളയേണ്ടതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങളും അന്തരീക്ഷത്തില്‍ തെക്കുവടക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. 

ഭോപ്പാലില്‍ കൊല്ലപ്പെട്ട ആളുകള്‍ക്ക്‌ 1984ലെ കണക്കുപ്രകാരം ആളൊന്നുക്ക്‌ ഒരു രൂപ പ്രകാരമായിരുന്നു വില. അതുപ്രകാരം 25000 രൂപയുടെ ഒരു ബോണ്ടുമാത്രമാണ്‌ നാടുവിടുമ്പോള്‍ ആന്‍ഡേഴ്‌സണ്‌ കെട്ടിവെയ്‌ക്കേണ്ടിവന്നത്‌. ആന്‍ഡേഴ്‌സനെ കെട്ടിയെടുപ്പിക്കാന്‍ ശ്രമിക്കരുതെന്ന നിര്‍ദ്ദേശമാണ്‌ വിദേശകാര്യവകുപ്പില്‍ നിന്നും തനിക്കുകിട്ടിയതെന്നാണ്‌ 1994 മുതല്‍ 1995 വരെ ഭോപ്പാല്‍ ദുരന്താന്വേഷണ ചുമതലയുണ്ടായിരുന്ന ബി.ആര്‍ ലാല്‍ എന്ന മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌. അതിനെ എതിര്‍ത്തപ്പോള്‍ സ്ഥാനഭ്രംശം സംഭവിച്ചതായും.
എന്‍.ഡി.ടി.വിയുമായുളള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്‌ ശ്രദ്ധേയമാണ്‌ - ''സി.ബി.ഐ നല്ല കഴിവുറ്റ സംവിധാനമാണ്‌. പക്ഷേ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുമീതെ പറന്നുയരാനുള്ള ശേഷിയില്ല. മറ്റുരാഷ്ട്രങ്ങളില്‍ ഇങ്ങിനെയുള്ള ഏജന്‍സികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന്‌ അതീതമാണ്‌, അവയ്‌ക്ക്‌ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയും`. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലിനെ ബാധിച്ച രാജയക്ഷ്‌മാവിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

കാല്‍ ലക്ഷം പേര്‍ കൊലചെയ്യപ്പെട്ട ദാരുണസംഭവത്തിനെതിരെയുള്ള മുഖം നോക്കാത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്‌ ഒരു പരിഷ്‌കൃതസമൂഹം ലോകത്തെവിടെയും ചെയ്യുക. അഴിമതിക്കും സ്വജനപക്ഷപാതത്തിനും സായിപ്പിനെ കണ്ടാല്‍ കവാത്തുമറക്കുന്ന തൂത്താല്‍മാറാത്ത ജാത്യാലുള്ള ശീലങ്ങള്‍ക്കും അവധികൊടുക്കാന്‍ അന്നുകൂടി കഴിയാത്ത ശിഖണ്ഡികളാണ്‌ അര്‍ജുനന്‍മാരായി മുന്നില്‍ നിന്ന്‌ പിന്നെയും നമ്മെ നയിച്ചത്‌ എന്ന നഗ്നസത്യം കണ്ടറിയുന്നതിലും ഭേദം കണ്ണുകള്‍തന്നെ കുത്തിപ്പൊട്ടിക്കുകയാണ്‌. 

കാല്‍ലക്ഷം പേരെ കൊല്ലിച്ച സി.ഇ.ഒ പണിയില്‍ നിന്നും അടുത്തൂണ്‍ പറ്റിയശേഷം ആന്‍ഡേഴ്‌സണ്‍ നാലാളറിയാതെ ഒളിച്ചുകഴിയാനുള്ള സന്മനസ്സെങ്കിലും കാട്ടിയിട്ടുണ്ട്‌. അല്ലെങ്കിലും പെറ്റമ്മയ്‌ക്കില്ലാത്തതാണോ പോറ്റിയ മുത്താച്ചിക്ക്‌ എന്ന ചൊല്ല്‌ സായിപ്പിന്റേതൊന്നുമല്ല. ആന്‍ഡേഴ്‌സന്റെ തോളില്‍ കയ്യിട്ട്‌ ഒരു ജനതയെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹി അനന്തരം നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള ലജ്ജയില്ലായ്‌മ കാട്ടി. വലിച്ചെറിയാനുള്ള ചങ്കുറപ്പ്‌ കോണ്‍ഗ്രസിനില്ലാതെയും പോയി. ജനം തോത്‌പിച്ചു മൂലക്കിരുത്തിയേടുത്തുനിന്നും പിന്‍വാതിലിലൂടെ ഉമ്മറത്തേക്കു വലിഞ്ഞുകയറി അര്‍ജുനന്‍ നിയമനിര്‍മ്മാണം നടത്തിയതാണ്‌ പിന്നത്തെ ചരിത്രം.
നാലു കൊട്ടാരം കാര്യസ്ഥന്‍മാരുടെ പിന്തുണകൂടിയില്ലാതിരുന്ന സിങ്ങിന്‌ ഇത്രമാത്രം സ്വാധീനം ദില്ലിയിലെങ്ങിനെയുണ്ടായി എന്നറിയുവാന്‍ നാളെ കാലഹരണപ്പെട്ടേക്കാവുന്ന സി.ഐ.എ രേഖകളാണ്‌ രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായകമാവുക എന്നുവരികയാണെങ്കില്‍ അത്‌ തെളിയിക്കുന്ന്‌ത്‌ അരുണ്‍ഷൂരി പണ്ട്‌ ഇന്ദിരാഗാന്ധിയോടു പറഞ്ഞതുപോലെ നമ്മുടെ ജനാധിപത്യം അഴിമതിക്കാരുടേതുമാത്രമല്ല, കൊലപാതകികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും കൂടി നരിമടയാണെന്ന ദു:ഖസത്യമാണ്‌. 

ആരോഗ്യമുള്ള ഒരു ജനത രാഷ്ട്രശരീരത്തിന്റെ കരളാണെങ്കില്‍ വിദ്യാഭ്യാസം വൃക്കകളാണ്‌. സെക്യുലറിസം ജീവരക്തവും. ഇതുമൂന്നും മലിനപ്പെടുത്തുകയായിരുന്നുവോ സിങ്ങിന്റെ ദൗത്യം എന്നുതന്നെവരുമ്പോള്‍ ജീവന്‍കൊടുത്തും രാജ്യം കാത്ത രജപുത്രന്റെ കുലത്തില്‍ പിറന്ന കുരങ്ങിനെ (കുരങ്ങുകളേ മാപ്പ്‌) എന്തിന്‌ കോണ്‍ഗ്രസ്‌ പിന്നെയും ചുമക്കുന്നു. വിക്രമാദിത്യന്‍ വേതാളത്തെയെന്നപോലെ. ഒടുവില്‍ സിങ്ങ്‌ കല്‌പിത സര്‍വ്വകലാശാലകളാക്കി വാഴ്‌ത്തിയ 44 എണ്ണത്തെ തിരിച്ച്‌ സാദാശാലകളാക്കി വീഴ്‌ത്തിയിരിക്കുകയാണ്‌ പിന്‍ഗാമി കപില്‍ സിബല്‍. അതായത്‌ നാലുവോട്ടിന്റെ പിന്‍ബലമില്ലാതിരുന്ന സിങ്ങ്‌ പാഞ്ഞുകയറിയ മന്ത്രാലയം കാട്ടാന കണ്ട കരിമ്പിന്‍തോട്ടം പോലെയായത്‌ മിച്ചമെന്നുവരുമ്പോള്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുതന്നെ നാം ആശങ്കപ്പെടേണ്ടതുണ്ട്‌. തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌.

3 comments:

NITHYAN said...

തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌.

Satheesh Sahadevan said...

great work nithyan......heart breaking truths........reading ur recent works and all are superb...try to give these works to some printed magazines tooo...
all the best...

Pottichiri Paramu said...

കൊള്ളാം..നല്ല വായനാശീലം ഉണ്ടല്ലേ...അവതരണത്തിലും ആശയത്തിലും അതിന്റെ പ്രതിഫലനം ഉണ്ട്.