സഞ്ജയന്: ശുണ്ഠിക്ക് നോബല്‍സമ്മാനം നേടി വരുമ്പോള്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ഗട്ടറില്‍ കഴുത്തോളം വെള്ളത്തില്‍ വീണുപോയ ദുര്‍വ്വാസാവിനെയും സഹസ്രം ശിഷ്യഗണങ്ങളെയും കണ്ട് നാം പണ്ട് പൊട്ടിച്ചിരിച്ചുപോയി. ചിത്രരഥന്റെ മകനായി മാനുഷവേഷം ധരിച്ച് മുനിസിപ്പാലിറ്റിയിലെ പൊടി തിന്ന് 40 വര്‍ഷം കാര്‍ക്കോടകന്‍മാര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു മുനിശാപം. അതിനുശേഷം നാമിങ്ങോട്ട് പോന്നപ്പോള്‍ പണി ഗന്ധര്‍വ്വടൈംസിലുമായി. നമ്മുടെ കടലാസിന് ഒരഭിമുഖം കിട്ടിയാല്‍ നന്നായിരുന്നു. സര്‍വ്വദോഷസമ്പന്നനാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചങ്ങലംപരണ്ട എം.പിയുമാണെന്നും അറിയാന്‍ കഴിഞ്ഞു. പെരുത്ത് സന്തോഷം.
നിത്യന് : ആവാലോ. ചോദിക്കാന്‍ മടിക്കണ്ട. സൂര്യന് കീഴെയുള്ള സകലതിനെക്കുറിച്ചും ചോദിക്കാം.
സ: അപ്പോള്‍ സര്‍വ്വഗുണപരിത്യാഗി മാത്രമല്ല. സര്‍വ്വജ്ഞനും കൂടിയാണല്ലേ?
നി: സത്യം പറയുവാനാണറിവ്. കാര്യങ്ങള്‍ വിശദീകരിക്കുവാനാണ് നാവ്. സത്യത്തിന് സ്വന്തമായൊരു നട്ടെല്ലുള്ളതുകൊണ്ടും വാര്‍ദ്ധക്യമില്ലാത്തതുകൊണ്ടും വിശദീകരണമെന്ന ഊന്നുവടിയുടെ സഹായമാവശ്യമില്ല. അതുകൊണ്ട് നമ്മുടെ പണിയായുധം ഏകദേശം കൊടിമരത്തിന്റെ നീളം വരുന്ന ഒരു നാവാണ്.
സ: താങ്കളെ ഈ നിഷ്കാമ കര്‍മ്മം അഥവാ ഈ ലുക്രേറ്റീവ് എം.പി ജോബ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?
നി: ശിഷ്ടകാലം മാന്യമായി ജീവിക്കുവാന്‍ ഒരു വഴി. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും വച്ച് വേറൊന്നിന് സ്കോപ്പുമില്ല. അങ്ങിനെ ജാഗ്രതയോടെ നീങ്ങീയും ഏകാഗ്രതയോടെ മൂദ്രാവാക്യം വിളിച്ചും വിളിപ്പിച്ചും കഴിഞ്ഞത് ചില്ലറക്കൊല്ലമല്ല. മുതലക്കുളം കോഴിക്കോട്ടുതന്നെയുണ്ടായിരുന്നതുകൊണ്ട് മുതലക്കണ്ണീരിനും ക്ഷാമമുണ്ടായില്ല.
സ: നാലുനാള്‍ കസാരയിലിരുന്നാല്‍ നാളേക്ക് പെന്ഷന് തരമാവുന്ന ലോകത്തിലെ ഏക ഉദ്യോഗമാണ് എം. പി പണിയെന്നൊരു ഖ്യാതി.....
നി: ക്ഷീരമുള്ളോരകിടിന് ചുവട്ടിലും..... സഞ്ജയന് കേട്ടിട്ടില്ലേ. നാലുനാള്‍ കസേരയിലിരിക്കാനായത് തന്നെ ചുരുങ്ങിയത് നാലഞ്ചിരുപത് കൊല്ലം ചെരുപ്പ് തേച്ചിട്ടാണെന്ന പെരിയ സത്യം എന്താണ് ആരും ഉള്‍ക്കൊള്ളാത്തത്. ഇരുപതുകൊല്ലം പണിയെടുത്താല്‍ ഫുള്‍ പെന്‍ഷനാ ഇന്ന്.
സ: ആ പഴയ ചങ്ങലം പരണ്ട പ്രദേശത്ത് നമ്മുടെ പേനയിലെ മഷിയും തടിയിലെ നീരും വറ്റിച്ച മുനിസിപ്പാലിറ്റി കംഷണറും, സര്.സി.പിയും സായ്പന്മാരും കാണ്‍ഗ്രസുകാരും കമ്മ്യൂണിസ്റുകളുമൊക്കെ ഇപ്പോഴുമുണ്ടോ? താങ്കള്‍ ഏതിന്റെ പ്രതിനിധിയാണ്?
നി: ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നതുപോലെ നമുക്ക് ഒരേയൊരു ലക്ഷ്യം ജനസേവനം. മാര്‍ഗമേതായാലും പ്രശ്നമില്ല. ജനം ശോഷിച്ചു ശോഷിച്ചില്ലാതാവുന്നതുവരെ സേവനം തുടരണമെന്നാണ് ആഗ്രഹം. മനസ്സുകൊണ്ട് സി.പി. പേരില്‍ കമ്മൂണിസവും പ്രവൃത്തിയില്‍ കാങ്ക്രസൂം എല്ലാം സമ്മേളിച്ച ഒരു സങ്കരയിനത്തിനാണ് ഇന്ന് മാര്‍ക്കറ്റ്. മേമ്പൊടിയായി മാഫിയ കൂടെയുണ്ടെങ്കില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.
സ: ഹായ്! അപൂര്‍വ്വയിനം. രക്തബന്ധം ശിഖണ്ഡിയുമായാണെന്ന് തോന്നുന്നു. വയറ്റിലാണ് തല എന്നു ഞാന്‍ പണ്ട് പറഞ്ഞ കൂട്ടരുടെ അപ്പനായാണല്ലോ താങ്കള്‍ അവതരിച്ചിരിക്കുന്നത്.
നി: താങ്ക്സ് ഫോര്‍ കോംപ്ളിമെന്റ്സ്. പരോപകാരം ബഹുകൃതവേഷം, ഉദരനിമിത്തം റസീറ്റുബുക്ക് എന്നല്ലേ പ്രമാണം.
സ: അവിടെ സഭയില്‍ പ്രതിനിധികളെല്ലാം കൂടി ഏകകണ്ഠമായി മുക്തകണ്ഠം ഖജനാവ് അനുഭവിപ്പാനായി തീരുമാനിച്ച വിവരം കടലാസുകളില്‍ കണ്ടു. താങ്കളുടെ പക്ഷം അക്കാര്യത്തില്‍ ഇടപെടേണ്ട എന്നു തീരുമാനിച്ചു. അപ്പോ 5 ഇരട്ടി വര്‍ദ്ധനവ് ഉപേക്ഷിച്ച ആ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചേ പറ്റൂ.
നി: സഞ്ജയാ കരിനാക്കുവളയ്ക്കല്ലേ. ശമ്പളമായി വര്‍ദ്ധിപ്പിക്കുന്നതിനു പകരം അലവന്‍സാക്കിയാല്‍ വരുമാനനികുതിയില്‍ നിന്നും പാര്‍ട്ടി ലെവിയില്‍ നിന്നും രക്ഷപ്പെടാമല്ലോന്നു കരുതിമാത്രം ചെയ്തതാണ്. നിന്റെ ആ പഴയ സ്വഭാവം പുറത്തെടുക്കല്ലേ. അത് ബാക്കിയുള്ള ചപ്പാത്തികള്‍ക്ക് മനസ്സിലാവാതെയും പോയി.
സ: അപ്പോള്‍ താങ്കള്‍ പാര്‍ട്ടി ലെവിയായി ഭാരിച്ച തുകയാണോ കൊടുക്കുന്നത്.
നി: കിട്ടുന്നതിന്റെ നല്ല പങ്ക് അങ്ങോട്ടു പോവും. ഇപ്പോള്‍ അതിനൊരു മാര്‍ഗം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സഭയില്‍ കയറിക്കിട്ടിയാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിക്കിട്ടാനുള്ള ശ്രമം തുടങ്ങുക. അപ്പോള്‍ പെന്ഷന് ലെവിക്കതീതമാവും. ബുദ്ധിമോശം അസാരം കൈവശമുള്ള കോണ്‍ഗ്രസുകാര്‍ കനിഞ്ഞാല്‍ ്അടുത്ത തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാം. മനോജിന്റെ മാര്‍ഗത്തില്‍ നമ്മളും ചരിക്കുക. അത്രന്നെ.
സ: അവരവരുടെ ശമ്പളം അവരവര്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച മാതൃകാ തീരുമാനം അഥവാ ചരിത്രസംഭവം എന്നൊക്കെ ഭാവിയില്‍ വിശേഷിപ്പിക്കപ്പെടാവുന്ന ഒരു ..........
നി: തീര്‍ച്ചയായും അതൊരു ചരിത്രസംഭവമാണ്. ലക്ഷം മാനുഷര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവരൊന്നോ രണ്ടോ എന്നല്ലേ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ അഞ്ഞൂറ്റിച്ചില്വാനമായതുകൊണ്ട് ലക്ഷണമൊത്തവരേപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. അതുകൊണ്ട് മുട്ടവാട്ടുന്ന സ്പീഡില്‍ സംഗതി ശുഭം. ഇറങ്ങിപ്പോക്കില്ല, കയറിവരുത്തില്ല, കസേരയേറില്ല. ശാന്തം പാപം. എന്തൊരു അച്ചടക്കമായിരുന്നെന്നോ അന്ന്. അതിലിടെ എന്താ സഞ്ജയാ അവിടെ ഒരു ബഹളം കേള്‍ക്കുന്നത്്. ഹോട്ട്ലൈനിലെ വല്ല തകരാറുമാണോ?
സ: ഇവിടെയും സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണ്. ഇന്ദ്രപ്രസ്ഥത്തിലേതിന് അതിനാനുപാതികമായ വര്‍ദ്ധനവ് ഇവിടെയും വേണമെന്ന് പറഞ്ഞ് ഇങ്ങോട്ടെത്തിയ പ്രതിനിധികള്‍ ചിത്രഗുപ്തനെ ഇപ്പോള്‍ ഘെരാവോ ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍വാണിഭം, പഞ്ചവല്‍സര അഴിമതി, വിവിദ്ധോദ്ദേശ്യ കുഭകോണങ്ങള്‍, ഗാന്ധിയന്‍മോഡല്‍ ഗുണ്ടായിസം എന്നിവയുടെ അനുവദനീയമായ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് മറ്റൊരാവശ്യം. പ്രതിനിധികളുടെ നേതാവാകട്ടെ അന്തകന്റെ കാളയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കുറ്റത്തിന് ജയിലിലായതുകൊണ്ട് ഇന്നോ നാളെയോ ചര്‍ച്ച നടക്കാനുള്ള സാദ്ധ്യതയുമില്ല.
സ: അപ്പോള്‍ ജനസേവനത്തിന് ലച്ചം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും കിട്ടുവാനുള്ള സാമ്പത്തീക പുരോഗതിയും കൈവരിച്ചു ഇല്ലേ? അമേരിക്കന്‍ പ്രസിഡണ്ടാവുന്നതിലും നല്ലത് ഇവിടെ എം.പി ആവുന്നതാണെന്ന് ഒബാമ പറഞ്ഞെന്നുകേട്ടു.
നി: സഞ്ജയ, സായിപ്പ് പോയശേഷം നമ്മള് ഗാന്ധിജിയെ വെടിവെച്ചുകൊന്ന് സായിപ്പിന്റെ ഡമോക്രസി നടപ്പിലാക്കിയ വിവരം അറിഞ്ഞല്ലോ. മേമ്പൊടിയായി ലേശം സായിപ്പിന്റെ തന്നെ സെക്യുലറിസവും. ആറുചെണ്ടക്കൊരു ചീനിയെന്നപോലെ അവരുടെ തന്നെ ഇത്തിരി കമ്മ്യൂണിസവും. നമ്മളെല്ലാം കറുത്ത സായിപ്പന്മാരായ വിവരവും. നമ്മുടെ ജിഹ്വകളൊന്നും അവിയെയെത്തുന്നില്ലേ. നേരു നേരത്തേ നേരിട്ടറിയിക്കുന്ന നമ്മുടെ പത്രവും വേറിട്ടചാനലുകളുമില്ലേ?
സ: മനസ്സിലായില്ല.
നി: അതായത് ജനാധിപത്യമാണ് അഥവാ പ്രജാധിപത്യം. നൂറ്റിപ്പത്തുകോടി കോടി ജനവും ഇന്ദ്രപ്രസ്ഥത്തിലെത്തി ഭരിക്കുക ലേശം പ്രയാസമായതുകൊണ്ട് എല്ലാവര്ക്കും വേണ്ടി ഒരു അഞ്ഞൂറ്റിച്ചില്വാനം സ്തുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുകയാണ് പതിവ്. അതിന്റെ പതിനാറടിയന്തിരമാണ് അഞ്ചുകൊല്ലം കൂടുമ്പോഴുള്ള മഹാമഹം.
സ: അപ്പോള്‍ ചങ്ങലംപരണ്ട മുഴുവനായും സമീപഭാവിയില്‍ തന്നെ പ്രതിനിധി ശമ്പളവും പെന്‍ഷനുമായി രൂപാന്തരം പ്രാപിക്കും എന്നര്‍ത്ഥം.
നി: മുയിമനായും ശരിയല്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കണം. അല്ലെങ്കില്‍ ജനം കൈകാര്യം ചെയ്തുകളയും. അതാണ് നടപ്പുസമ്പ്രദായം. ഞങ്ങളുടെ ആഗ്രഹം നാലുനാള്‍ കസാരയിലിരുന്നാല്‍ (വീട്ടിലേതുമതി) പ്രായപൂര്‍ത്തിയായ എല്ലാ പ്രജകള്‍ക്കും മാസാമാസം പത്തമ്പതിനായിരം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും അല്ലെങ്കില്‍ തടവും പിഴയുമെന്നപാലെ രണ്ടുംകൂടി കൊടുക്കണമെന്നാണ്. എന്നാല്‍ അത്രമാത്രം ദ്രവ്യം തല്ക്കാലം ചങ്ങലംപരണ്ടയിലില്ല. അപ്പോള്‍ ചെയ്യാനുള്ള ഒരു കാര്യം അവര്‍ക്കുവേണ്ടി അവരാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ പ്രതിനിധികള്‍ അത് വാങ്ങി അവരെ സേവിക്കുക എന്നതാണ്. തികഞ്ഞ ജനാധിപത്യമര്യാദ.
1 comment:
സ: അപ്പോള്‍ ജനസേവനത്തിന് ലച്ചം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും കിട്ടുവാനുള്ള സാമ്പത്തീക പുരോഗതിയും കൈവരിച്ചു ഇല്ലേ? അമേരിക്കന്‍ പ്രസിഡണ്ടാവുന്നതിലും നല്ലത് ഇവിടെ എം.പി ആവുന്നതാണെന്ന് ഒബാമ പറഞ്ഞെന്നുകേട്ടു
Post a Comment