ക്രമം
എന്നൊരു സംഗതിയുണ്ട്. അതുതെറ്റുന്നതാണ് അക്രമം എന്നാണ് നിത്യന്റെ ധാരണ.
ഈയൊരു ക്രമത്തിന്റെ ഭാഗമാണ് നിര്‍ബന്ധമായും പാലിക്കേണ്ട അസാരം നിയമങ്ങളും
ചില്ലറ സദാചാരചിന്തകളുമെല്ലാം. ഇതെല്ലാം നോക്കിനടത്താന്‍ പോലീസും കോടതിയും
മാധ്യമങ്ങളുമെല്ലാമുള്ള ഒരു സംവിധാനത്തിനാണ് ജനാധിപത്യം എന്നുപറയുക.
അതിനോടു മതേതരത്വവും കൂടിയാവുമ്പോള്‍ സംഗതി ലേശം മുന്തിയതാവും. അതായത് ഈ
ക്രമം നിശ്ചയിക്കുന്നവേളയില്‍ പടച്ചോനുതന്നെ പുറത്താണ് സ്ഥാനം.
അങ്ങിനെയുള്ളൊരു സംഗതിയെ ശക്തിപ്പെടുത്താനാണിപ്പോള്‍ കുറച്ചു
സദാ-ചാരന്‍മാന്‍മാര്‍ കുറുവടിയും കരിങ്കല്ലുമായി കിടപ്പറകള്‍ക്ക്
കാവലിരിക്കുന്നത്.
പണ്ടൊരു
പള്ളീലച്ചന്‍ കാട്ടില്‍ പെട്ടുപോയ കഥ ചിലരെങ്കിലും കേട്ടുകാണും. അച്ചന്‍
വഴിതെറ്റിയെത്തിയതാവട്ടെ ഏതാനും നരഭോജികളുടെ സമീപത്തും. അത്യാവശ്യം സൈസുള്ള
അച്ചനെ കണ്ടപാടെ അവരു പിടിച്ചുകെട്ടി. കൊഴുത്തൊരു അച്ചനെത്തന്നെ
വിശക്കുന്നവര്‍ക്കുമുന്നിലെത്തിച്ച ഈശോമിശിഹായ്ക്കു എല്ലാവരും കൂടി
സ്തുതിയുംപറഞ്ഞു. ഉരുളിയില്‍ വെള്ളം തിളക്കാന്‍ തുടങ്ങി. അടുത്ത കര്‍മ്മം
അച്ചനെ അതിലേക്കാനയിക്കുകയാണ്. അതിനായി അവരുടെ തലവന്‍ മുന്നോട്ടുവരുമ്പോള്‍
അറിയാതെ അച്ചന്‍ ഇംഗ്ലീഷില്‍ കര്‍ത്താവിനെ വിളിച്ചുപോയി. തലവന്‍ ഉടന്‍
അച്ചനോട് പറഞ്ഞു 'ഓ ഫാദര്‍ യൂ ആര്‍ ഫ്രം ഇംഗ്ലണ്ട്. ഐ ഡിഡ് മൈ സ്റ്റഡീസ് ദെയര്‍ ഇന്‍ ഓക്‌സഫേഡ്' . എന്നിട്ടാണോ മോനേ നീയിങ്ങിനെ നികൃഷ്ടകര്‍മ്മം അനുഷ്ഠിക്കുന്നത്- അച്ചന്‍ ചോദിച്ചുപോയി. ഇല്ലച്ചോ, അവിടെയെത്തിയശേഷം
ഞാനൊരുപാടുമാറി. മാറിയതിനുള്ള തെളിവായി അരയില്‍ നിന്നും കത്തിയും മുള്ളും
എടുത്തുകാണിച്ചുകൊടുത്തു. അച്ചനെ ശാപ്പിടുന്നത് പഴയതുപോലെ വെറും
കൈകൊണ്ടായിരിക്കില്ലെന്നുമാത്രം. ഇവിടെ കഥയും ജീവിതവും
വ്യത്യാസമില്ലാതാവുകയാണ്.
ഒരു
വാനരസേനയ്ക്ക് ബാറിനകത്തെ പെമ്പിള്ളാരെ ഒളിഞ്ഞുനോക്കി
കണ്‍ട്രോളുപോവാനിടയാക്കിയത് ഭാരതീയസംസ്‌കാരത്തോടുള്ള ഊക്കന്‍
പ്രേമമായിരുന്നു. ടെക്‌നോപാര്‍ക്കിലെ പെണ്‍കൊടി പയ്യന്‍സിന്റെ
ബൈക്കിനുപിന്നിലിരുന്നപ്പോഴോ ഇരിക്കാന്‍ പോവുമ്പോഴോ ഇരിക്കാന്‍ പോവാന്‍
പോവുമ്പോഴോ കണ്‍ട്രോളിന്റെ പിടുത്തം വിട്ടുപോയത് ഭാരതസ്ത്രീകള്‍ തന്‍
ഭാവശുദ്ധിയെ പറ്റിയുള്ള ഘടാഘടിയന്‍ സങ്കല്പങ്ങളായിരുന്നു. അത്തരം മഹദ്
വ്യക്തികളെ ഒളിഞ്ഞുനോട്ടക്കാരും സദാ-ചാരന്‍മാരുമെല്ലാമായി
അധിക്ഷേപിക്കുന്നത് ഭയങ്കര കടുംകൈ തന്നെയാണ്.
ഇങ്ങിനെ
കുറേയാളുകള്‍ ചൊറിയും കുത്തി സദാ-ചാരക്കണ്ണുമായി
ഇരിക്കാനില്ലായിരുന്നെങ്കില്‍ ഈ നാടിന്റെ അവസ്ഥയെന്താകുമായിരുന്നു. ദൈവം
തന്നെ കൈയ്യബദ്ധം തിരിച്ചറിഞ്ഞ് അടിയറവുപറഞ്ഞ ഈവുമാരെ നേര്‍ക്കാക്കിയും
ഈവ്ടീസിങ്ങുകാരെ കാലപുരിക്കയച്ചുമേ വിശ്രമിക്കൂ എന്ന വാശിയിലുള്ള
സദാചാരന്‍മാരുടെ പ്രവര്‍ത്തനത്തെ അപലപിക്കുകയാണോ വേണ്ടത്? പടച്ചോന്
പരാജയപ്പെട്ട ദൗത്യമാണ് അവര്‍ സംഘടിച്ചൊളിച്ചിരുന്ന് കല്ലും വടിയുമായി
നിര്‍വ്വഹിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ടും അവരുടെ സ്ഥാനം പടച്ചോനും ഒരു
പടി മുകളിലല്ലേ.
അങ്ങിനെ ജീവിതംതന്നെ ഒളിഞ്ഞുനോക്കാനായി സമര്‍പ്പിച്ച ഈ
മഹാന്‍മാരുടെ കാലത്തു ജീവിക്കുന്നതു തന്നെ ഒരുഭാഗ്യമായി
നിത്യനെപ്പോലുള്ളവര്‍ കണക്കാക്കുമ്പോഴാണ് കാരശ്ശേരിമാഷ്
അവിടുത്തുകാരനായിപ്പോയതില്‍ ലജ്ജിക്കുന്നത്. മാഷക്കറിയാതിരിക്കില്ല, ലജ്ജയ്ക്കുള്ള
ശിക്ഷയും തല്ലിക്കൊല്ലലുതന്നെയാണ്. ബാക്കിക്ക് എറിഞ്ഞുകൊല്ലലും. തസ്ലീമാ
നസ്രീന്‍ ഒന്നു ലജ്ജിച്ചപ്പോഴുണ്ടായ ആ ഫത്വ ഓര്‍മ്മയില്ലേ.
രാവിലെയെഴുന്നേറ്റു തലയൊന്നു തപ്പിനോക്കിയശേഷം മാത്രമാണ് അവരിന്നും
ബെഡ്‌കോഫിക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. ബാവ വിഷയത്തില്‍ ആര്‍ക്കെങ്കിലും
പരാതിയുണ്ടെങ്കില്‍ അത് ആ സ്ത്രീക്കുമാത്രമായിരിക്കണം എന്നെല്ലാം കാരശ്ശേരി
മാഷെപ്പോലെ 'വിവരമില്ലാത്തവര്‍'ക്കു പറയാം. നാടില്‍ സദാചാരം പൂത്തുലയുന്നത് കണ്ണിനുകണ്ടുകൂടാത്തവര്‍.
ജനം
അങ്ങിനെയാണ്. ഏതെങ്കിലും പുതിയ വഴികണ്ടാല്‍ അതുവഴി എങ്ങിനെ വഴിതെറ്റാം
എന്നന്വേഷിക്കുന്ന ലക്ഷണംകെട്ട വര്‍ഗമാണ്. മദ്ധ്യകാലഘട്ടത്തില്‍ അച്ചടി
കണ്ടുപിടിച്ചപ്പോള്‍ അതുവഴി ജനം വഴിതെറ്റിപ്പോവുമോ എന്നുഭയന്നവരായിരുന്ന
അന്നത്തെ സദാ-ചാരന്‍മാര്‍. അരുതാത്തതെല്ലാം വായിച്ച്
വഴിതെറ്റിപ്പോവാതിരിക്കാനായി അന്നത്തെ പുണ്യാളന്‍മാര്‍ വായിക്കേണ്ടതിന്റെ
ലിസ്റ്റു പുറത്തിറക്കിയെന്നു ചരിത്രം. അവരുടെ ദീര്‍ഘവീക്ഷണവും ബുദ്ധിയും
അച്ചടിയന്ത്രത്തിനില്ലാതിരുന്നതുകൊണ്ട് ഫാനിഹില്ലും ലേഡിചാറ്റര്‍ലീസ്
ലവറുമെല്ലാം വെളിച്ചം കണ്ടു. ജനം വഴിതെറ്റി
ലൈംഗികഅരാജകത്വത്തിനടിമപ്പെട്ടുപോയെന്നാണ് ചരിത്രം.
ഒ.അബ്ദുള്ള
ചാനലില്‍ പ്രത്യക്ഷനായി സംഗതികള്‍ വേണ്ടവിധം വിശദീകരിച്ചതായാണറിവ്.
ഭാര്യമാരുടെ സദാചാരവകുപ്പില്‍ ഗള്‍ഫുഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടത്ര
ശ്രദ്ധപുലര്‍ത്താന്‍ നേരമില്ലാത്തതുകാരണം ആ പണി നല്ലവരായ നാട്ടുകാര്‍
ഏറ്റെടുത്ത് ഭംഗിയാക്കണമെന്ന ഒരു നിര്‍ദ്ദേശമാണ് മൂപ്പര്‍ക്കുള്ളത്. അതു
വിജയം കാണുമ്പോള്‍ സ്വാഭാവികമായും ബാവമാര്‍ സംഭവിക്കുമെന്നുമേ അദ്ദേഹം
അഭിപ്രായപ്പെട്ടുള്ളൂ. ഇത്രയല്ലേ പറഞ്ഞുള്ളൂ. വിദേശത്തുപോവുന്ന
ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ചാസ്റ്റിറ്റി ബെല്‍റ്റ് ധരിപ്പിച്ച് അതിന്റെ
താക്കോല്‍ സദാ-ചാരന്‍മാരെ ഏല്പിക്കണമെന്നു പറയാത്തതുതന്നെ മഹാഭാഗ്യം.
ഏതായാലും
സ്ത്രീപുരുഷ ബന്ധത്തിലെ വിഹിതവും അവിഹിതവും ഇനി സദാചാരന്‍മാര്‍ മാറാപ്പിലെ
ഗ്രന്ഥം തപ്പി തീരുമാനിക്കുമെന്ന സ്ഥിതി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.
അത്തരമൊരു പ്രദേശത്തെ പെണ്ണിനെ ഭര്‍ത്താവിന്റെ അച്ഛന്‍ ബലാല്‍സംഗം
ചെയ്തതിനുകിട്ടിയ ശിക്ഷ കുറെക്കാലം ചര്‍ച്ചയായിരുന്നു. ശിക്ഷ കിട്ടിയത്
പെണ്ണിനാണ്. ശിഷ്ടകാലം ആ കിഴവനെ ഭര്‍ത്താവായി
സ്വീകരിച്ചുകൊള്ളുവാനായിരുന്നു നാട്ടുകൂട്ടം വിധിച്ചത്. ഭര്‍ത്താവിനെ
മകനായി സ്വീകരിക്കണമോ എന്നു പറഞ്ഞുവോയെന്നറിയില്ല. ആങ്ങള ഏതോ പെണ്ണിനെ
പ്രേമിച്ചതിനുള്ള ശിക്ഷയും കിട്ടിയത് അവിടെ പെങ്ങള്‍ക്കാണ്. നാട്ടുകൂട്ടം
പെങ്ങള്‍ക്കു വിധിച്ചുകൊടുത്ത ശിക്ഷ കൂട്ടബലാല്‌സംഗവും.
പണ്ടൊരു
ആത്മീയാചാര്യന്‍ പറഞ്ഞത് മാസത്തില്‍ കുറേദിവസം സ്ത്രീകള്‍ അശുദ്ധരാകയാല്‍
ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചും ആവശ്യത്തിനനുസരിച്ചും
കെട്ടിക്കൊള്ളണമെന്നായിരുന്നു. കെട്ടിയ നാലിന്നും ഒരേസമയമായാല്‍ വീണ്ടും
നാലെണ്ണം കെട്ടുമോയെന്നും ഇതെന്താ നിങ്ങളുടെ ആളുകളെല്ലാം
വിത്തുകാളകളാണോയെന്നും ആരോ തിരിച്ചുചോദിച്ചതായും കേട്ടു. ഫാഗ്യത്തിന് ഫത്വ
ഇറങ്ങിയില്ലെന്നേയുള്ളൂ.
അതായത്
ആണിനുമാത്രമേ ലൈഗിംകതയുടെ ആവശ്യമുള്ളൂവെന്നര്‍ത്ഥം. പാത്തുമ്മായുടെയും
ആടിന്റേയും ധര്‍മ്മം ഒന്നുതന്നെയെന്ന സുന്ദരസങ്കല്പം. ഒന്നു കട്ടിലിലേക്കും
മറ്റത് ബിരിയാണിച്ചെമ്പിലേക്കുമെന്ന വ്യത്യാസം മാത്രം. വിഡ്ഢിത്തം
വിളമ്പുകയെന്നത് നമ്മുടെ മൗലികാവകാശമാണ്. പ്രശ്‌നം ഒരുവന്റെ വിഡ്ഢിത്തം
മറ്റുള്ളവന്‍ നിയമമായി അംഗീകരിച്ചുകൊള്ളണം എന്നുപറയുമ്പോഴാണ്. അതും
നാടുവാഴുന്നത് രാസാവും സദ്ദാമുമൊന്നുമല്ലാത്തപ്പോള്‍.
സദ-ചാര
നിഘണ്ടുവിലെ സ്‌നേഹത്തിന്റെ അര്‍ത്ഥം വെറുപ്പെന്നാണ്. തിരിച്ചും.
സംസ്‌കാരം എന്ന സംഗതി ഏതോ ഇരുമ്പുലയക്കയാണെന്നും. കൊടുക്കലിന്റേയും
കൊള്ളലിന്റെയും ചരിത്രം കൂടിയാണ് സംസ്‌കാരം എന്നെല്ലാം ആര്‍ക്കു
ബോദ്ധ്യപ്പെടുവാന്‍. കൊടുക്കല്‍വാങ്ങലില്ലാത്ത സംസ്‌കാരവും കനോളികനാലിലെ
വെള്ളവും തമ്മില്‍ വലിയ അന്തരമുണ്ടാവണമെന്നില്ല. രുധിരപാനം കൗതുകമായ
കൊതുകല്ലാതെ വേറൊന്നും അവിടെ വളരുകയുമില്ല. ജനാധിപത്യത്തില്‍ നിലവിലുള്ള
നിയമം വച്ച് വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രി ഓതുവാനേ
വഴിയുള്ളൂവെന്നത് അടിച്ചുകൊന്നവരുടെ ഭാഗ്യം.
തലകുത്തിനിന്ന
ഹെഗലിനെ നേരെയാക്കി നിര്‍ത്തിയത് കാള്‍മാര്‍ക്‌സാണെങ്കില്‍ അത്രത്തോളം
പോന്നൊരു ദൗത്യമാണ് സദാ-ചാരന്‍മാരുടേത്. നമ്മള്‍ ദുരാചാര വാത്സ്യായന്‍മാരെ
കല്ലിന്റേയും കമ്പിന്റെയും മാന്ത്രികശക്തിയാല്‍ മാറ്റി അസ്സല്‍
സദാചാരവത്സലരാക്കി ഉയര്‍ത്തുക. അങ്ങിനെയുള്ളവരെ വെറും 'പോലീസു' കാരാക്കി
തരംതാഴ്ത്തി സദാചാരപോലീസ് എന്നൊന്നും അധിക്ഷേപിക്കരുത്. വെറും സദാ-ചാരന്‍
എന്നു പുനര്‍നാമകരണം ചെയ്യുക. പോലീസുകാരെ അപമാനിച്ചൂവെന്ന് അവര്‍ക്കും
വേണ്ട. ആരെയെങ്കിലും ആദരിച്ചു എന്നും നമുക്കും തോന്നിപ്പോവേണ്ട.
പിന്നെ, ഇനിയങ്ങോട്ട്
ഏതെങ്കിലും ആണായിപിറന്നവന് പെണ്ണായി പിറന്നവളോടോ വൈസ് വേഴസായോ എന്തെങ്കിലും തോന്നുന്ന
പക്ഷം ആ വികാരവിചാരങ്ങള്‍ ഒരു കടലാസിലാക്കി സ്ഥലത്തെ മുഖ്യസദാ-ചാരന്‍
സമക്ഷം ഹാജരായി അപേക്ഷിക്കുക. അപേക്ഷയില്‍ ന്യായമുണ്ടെന്നു തോന്നുന്ന പക്ഷം
മതിലുകയറിമറിയുവാന്‍ പര്യാപ്തമായ നല്ലൊരു ഏണി സദാ-ചാര കമ്മിറ്റി വകയായി
ലഭിക്കുന്നതായിരിക്കും.
1 comment:
ഏതായാലും സ്ത്രീപുരുഷ ബന്ധത്തിലെ വിഹിതവും അവിഹിതവും ഇനി സദാചാരന്‍മാര്‍ മാറാപ്പിലെ ഗ്രന്ഥം തപ്പി തീരുമാനിക്കുമെന്ന സ്ഥിതി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്
Post a Comment