September 16, 2009

സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും


ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ്‌ ആളുകള്‍ മഹാന്മാരാവുന്നത്‌ എന്നു പറഞ്ഞത്‌ ചാണക്യനാണ്‌. ഒരു ശൂദ്രസ്‌ത്രീ അവിഹിതഗര്‍ഭം ധരിച്ചുണ്ടായ ചന്ദ്രഗുപ്‌തനെ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി, ആദ്യ ശൂദ്ര ഭരണാധികാരിയായി വാഴിച്ച മഹാമാന്ത്രികന്‍ ചാണക്യന്റെ വാക്കുകളാവുമ്പോള്‍ സത്യമല്ലാതാവാന്‍ സാദ്ധ്യതയില്ല. അതായത്‌ കര്‍മ്മം കൊണ്ട്‌ മഹാന്‍മാരായവര്‍ ചരിത്രത്തിലേയ്‌ക്ക്‌ നടന്നുകയറുമ്പോള്‍ ജന്മംകൊണ്ടു മഹാന്മാരായവര്‍ തൊട്ടടുത്തുതന്നെ ഭദ്രമായിരിക്കുന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്‌ക്ക്‌ കൂപ്പുകുത്തുകയും ചെയ്യും.

ഭൂമി ഉരുണ്ടതാണെന്ന്‌ ഗലീലിയോ തെളിയിച്ചപ്പോള്‍ കത്തോലിക്കാസഭ ഞെട്ടിയതുപോലെയാണ്‌ ജിന്ന മതേതരവാദിയെന്ന്‌ കേട്ടപ്പോള്‍ പരിവാരം ഞെട്ടുന്നത്‌. ഭൂമി ഉരുണ്ടാല്‍ കര്‍ത്താവ്‌ സൃഷ്ടിച്ച ഭൂമിയുടെയും ബൈബിളിന്റെയും കഥ അതോടെ കഴിഞ്ഞു അരമനകള്‍ വഴിയാധാരമാവും എന്നതായിരുന്നു കത്തോലിക്കാസഭയുടെ പേടി. അതു സംഭവിച്ചില്ല. ശാസ്‌ത്രത്തിന്റെ ഉരുണ്ടഭൂമിയും വിശ്വസത്തിന്റെ പരന്നഭൂമിയും പ്രത്യക്ഷത്തില്‍ പ്രകൃതിവിരുദ്ധമെങ്കിലും സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു കഴിഞ്ഞു. അരമനകള്‍ വിലങ്ങനെ വളര്‍ന്നു.


അതുകൊണ്ട്‌ ഗണവേഷധാരികള്‍ ഒന്നും ഭയക്കേണ്ടതില്ല. അതിലും വലിയ മഹാസത്യമൊന്നുമല്ല ജിന്ന മതേതരവാദിയാണെന്നത്‌. വീരസവര്‍ക്കര്‍ ആയുഷ്‌കാലം മുഴുവന്‍ ഒന്നാംതരം നാസ്‌തികനായിരുന്നൂവെന്നത്‌ അതിലും ഒന്നുകൂടി മുന്തിയ സത്യമാണല്ലോ. നല്ല നാസ്‌തികനേ നല്ല മതനിരപേക്ഷനാവാന്‍ പറ്റുകയുള്ളൂ. ജിന്നയെയും സവര്‍ക്കറെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പരിവാരങ്ങള്‍ക്ക്‌ പറ്റിയെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ.

നഗ്നസത്യം എന്നുപറഞ്ഞാല്‍ ശുദ്ധ സ്വര്‍ണം പോലത്തെ സംഗതിയാണെന്ന്‌ പണ്ട്‌ ഫ്രാന്‍സിസ്‌ ബേക്കണ്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതായത്‌ വിശേഷിച്ച്‌ ആര്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സാധനം. ലേശം ചെമ്പുചേര്‍ത്ത്‌ ഒന്ന്‌ കളങ്കപ്പെടുത്തുമ്പോഴാണ്‌ മനോഹരമായ സംഗതിയാവുകയും ഹേമമാലിനിമാര്‍ കലക്കി എന്നു ലാലുമാരെക്കൊണ്ട്‌ പറയിക്കുകയും ചെയ്യുക.

അതുപോലെ ചരിത്രസത്യങ്ങള്‍ നയനമനോഹരമാവണമെങ്കില്‍ തട്ടാന്റെ പണി ചരിത്രകാരനെടുക്കണം. ആവശ്യത്തിന്‌ ഭാവനയുടെ ചെമ്പ്‌ ഊതിക്കാച്ചി അവരവര്‍ക്കുവേണ്ടരീതിയില്‍ ചരിത്രത്തെ പണിതെടുക്കുമ്പോഴാണ്‌ അതിനെക്കൊണ്ട്‌ വല്ല ഉപകാരവുമുണ്ടാവുക. ചരിത്രസത്യത്തിന്റെ നല്ലൊരു ശതമാനം പണിക്കുറവില്‍ വരവുവെച്ചാല്‍ മതി. അതൊരു വഞ്ചനയില്ലാത്ത കാപട്യമായി ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്‌.

സാരാനാഥിലെ അശോകസ്‌തംഭത്തിലെ ധര്‍മ്മചക്രത്തിന്‌ രക്തബന്ധം നിരീശ്വരത്വം പ്രാണവായുവായ ബുദ്ധിസവുമായാണ്‌. ആ ധര്‍മ്മചക്രത്തെ ഉരുട്ടി ദേശീയപതാകയിലെത്തിച്ചതും സവര്‍ക്കര്‍ എന്ന നാസ്‌തികന്റെ കരങ്ങളായിരുന്നു എന്നതും സത്യം. പല സത്യങ്ങളും അങ്ങിനെയാണ്‌. അതുകൊണ്ടുതന്നെ പലപ്പോഴും മുന്‍പ്‌ എഴുതിയത്‌ വീണ്ടുമാവര്‍ത്തിക്കുന്നു. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ കുറേ ശിഷ്യന്‍മാരെ ദൈവം അയച്ചുകൊടുക്കുന്നു എന്ന്‌ ആരോ പറഞ്ഞതിലെന്താണ്‌ തെറ്റ്‌?

ജീവിതത്തില്‍ അടിമുടി വിപ്ലവകാരികളായ ജിന്നയ്‌ക്കും സവര്‍ക്കര്‍ക്കും കിട്ടിയ അനുയായികളെ കണ്ടാല്‍ ഏത്‌ അവിശ്വാസിയും നെഞ്ചത്ത്‌ കൈവെച്ചുപോവും. ശ്രീരാമനും വാനരസൈന്യവും പോലെ. ശ്രീരാമന്‍മാര്‍ കഥാവശേഷന്‍മാരായപ്പോള്‍ വാനരര്‍ക്ക്‌ ചാട്ടം പിഴച്ചതാണ്‌ പിന്നത്തെ ചരിത്രം.

ജിന്ന കണ്ട കോണ്‍ഗ്രസ്‌ ഏതാണ്ട്‌ നമ്മുടെ പണ്ടത്തെ ബ്രാഹ്മണാള്‍ ഹോട്ടല്‍പോലൊരു സംഗതിയായിരുന്നു. കുശിനിക്കാരന്‍മുതല്‍ കാഷ്യര്‍വരെ സവര്‍ണര്‍. ഇടം കൈയ്യില്‍ സിഗരറ്റും വലംകൈയ്യില്‍ ബ്രാണ്ടിക്കുപ്പിയുമായി ജീവിച്ച ജിന്നപോലും തന്റെ സമുദായത്തിന്റെ ഭാവിയെപ്പറ്റി ആലോചിച്ചുപോയത്‌ സ്വാഭാവികം. ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍ ജിന്നയ്‌ക്ക്‌ എന്തെങ്കിലും അയോഗ്യത ഉണ്ടായിരുന്നതായി അറിയില്ല. നെഹറുവിനെക്കാളും ഒന്നുകൂടി മുന്തിയ പരിഷ്‌കാരി എന്നു പറയാം.

സായുധസമരത്തില്‍നിന്നെന്നപോലെ ജനാധിപത്യത്തില്‍ നിന്നും കോണ്‍ഗ്രസ്‌ മാറിനിന്നതുകൊണ്ടുണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളായി എപ്പോഴും വന്നത്‌ മഹാത്മാഗാന്ധിയുടെ മനോഗതങ്ങളായിരുന്നു. തുര്‍ക്കിയിലെ ഖലീഫയക്ക്‌ സ്ഥാനം പോയതിന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെന്താണ്‌ കാര്യം എന്നുചോദിച്ചത്‌ ജിന്നയിലെ നാസ്‌തികനും മതനിരപേക്ഷത്വവുമാണെങ്കില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ രൂപംകൊടുത്തതില്‍ മതപ്രീണനവുമാണ്‌ തെളിയുക.

ജിന്ന വിഭാവന ചെയ്‌ത 'സെക്യുലാര്‍ ഇന്ത്യ' അഥവാ മതനിരപേക്ഷ ഇന്ത്യ നടക്കില്ലെന്നു തോന്നിയപ്പോഴാണ്‌ ഒരു കുട്ടിക്കരണം മറിച്ചിലിലൂടെ ദ്വിരാഷ്ട്രസിദ്ധാന്തത്തില്‍ ചെന്നു നിന്നത്‌.

ജിന്ന ഭയന്നത്‌ നാസ്‌തികനായ സവര്‍ക്കറിന്റെ, ബലികൊടുത്ത മൃഗം സ്വര്‍ഗത്തിലെത്തുമെന്ന്‌ ഉറപ്പാണെങ്കില്‍ നിനക്ക്‌ നിന്റെ അമ്മയെയും അച്ഛനെയും വെട്ടി ബലികൊടുക്കരുതോ എന്നു ചോദിച്ച യുക്തിവാദി ചര്‍വ്വാകനും മഹര്‍ഷി പദവി നല്‌കിയ ഹിന്ദുത്വത്തെയല്ല, കോണ്‍ഗ്രസിലെ വിവേചനത്തെയാണ്‌. മുന്നൂറുകൊല്ലം മുമ്പ്‌ സായിപ്പ്‌ കണ്ടുപിടിച്ച 'സീസറുടേത്‌ സീസറിനും പള്ളിയുടേത്‌ പള്ളിക്കും' സിദ്ധാന്തത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള പ്രായോഗിക രൂപമായിരുന്നു സവര്‍ക്കറുടെ ഹിന്ദുത്വ. തനത്‌ ഇന്ത്യന്‍ മതനിരപേക്ഷത്വം എന്നു വിളിക്കാവുന്നത്‌.

ജിന്നയുടെ ഭയം അസ്ഥാനത്തായിരുന്നില്ലെന്നറിയാന്‍ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി നോക്കിയാല്‍ മതി. സായിപ്പിന്റെ ഭരണമായിരുന്നു ഇതിലും മെച്ചം എന്നു ഏതു ആദിവാസിയാണ്‌ പറയാതിരിക്കുക. ആദിവാസികളെ ദരിദ്രവാസികളാക്കിയതും പോര അവരെ അവരുടെ കാട്ടില്‍ അതിക്രമിച്ചുകടന്ന്‌ ചവുട്ടിയിറിക്കി വെടിവെക്കുകയാണ്‌ സ്വതന്ത്രഭാരതം ചെയ്‌തത്‌. ആദിവാസികള്‍ക്കുവേണ്ടി ചിലവിട്ട ശതകോടികള്‍ ആദിവാസികളെ ദരിദ്രവാസികളാക്കി. പദ്ധതി നടപ്പാക്കിയവരെ കോടീശ്വരന്‍മാരാക്കി.

മഹമൂദ്‌ ഗസ്‌നി മൊത്തത്തില്‍ 24 തവണ സോമനാഥ ക്ഷേത്രം കൊള്ളയടിച്ചൂവെന്ന്‌ ചരിത്രം. ഓരോ കൊള്ളകള്‍ക്കുമുള്ള ഇടവേളകളില്‍ ആ ഭണ്ഡാരം ആവും വണ്ണം നിറച്ചുകൊടുക്കുവാനുള്ള ഗോബുദ്ധിയല്ലാതെ ഗസ്‌നിയുടെ മുട്ടുകാല്‍ തല്ലിയൊടിക്കാന്‍ നാലാളെ ഏര്‍പ്പാടാക്കിയ വ്യാഘ്രബുദ്ധി ഇന്ത്യക്കാര്‍ക്കില്ല. അന്നും ഇന്നും എന്നും.

ഈ സംഗതി നമ്മുടെ ദൈവങ്ങളെ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വാഴക്കൈ ഒടിയുമ്പോള്‍ മൂത്രം പോവുന്നവര്‍ വരെ ആരാധിക്കുക ഏറ്റവും ചുരുങ്ങിയത്‌ ഒരു നാട്‌ മുടിയാന്തരം വരുത്തുവാന്‍ കരുത്തുറ്റ സുദര്‍ശനം വിരലിലുള്ള ശ്രീകൃഷ്‌ണനെയായിരിക്കും.

സായിപ്പിനെ നോക്കുക. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കുകയെന്നത്‌ സായിപ്പിന്‌ അറിയാന്‍ പാടില്ലാത്ത ഒരു കാര്യമാണ്‌്‌. ഈ ജന്മത്തില്‍ ചെയ്യാന്‍ പറ്റാത്തതും. ആയൊരൊറ്റ കാരണം കൊണ്ടാണല്ലോ സായിപ്പ്‌ ജീസസിനെ ആരാധിക്കുന്നതും.

അതുകൊണ്ടാണ്‌ പറഞ്ഞത്‌ ഓരോ ജനതയ്‌ക്കും അതിന്റേതായ ഒരു ജീവിതബോധമുണ്ട്‌. അതിനൊരു താളവുമുണ്ട്‌. അലക്‌സാണ്ടര്‍മുതല്‍ മെക്കാളെവരെയുളളവര്‍ ആക്രമിച്ചിട്ടും നമ്മുടെ മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നിനുപോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. നാസയിലാണ്‌ പണിയെങ്കിലും വീട്ടില്‍ പൂജ മുടങ്ങാതെ നോക്കുന്നവരാണ്‌ ഭൂരിപക്ഷവും. മാര്‍ക്‌സിലുള്ളതിലും വിശ്വാസം ചൈനക്കാര്‍ക്ക്‌ വ്യാളികളിലായതും വേറൊന്നും കൊണ്ടല്ല.

കേവലസത്യം ശുദ്ധസ്വര്‍ണം പോലെയാണെന്നുപറഞ്ഞു. ഉപകാരമില്ലെങ്കിലും നിത്യേന വിലകൂടിക്കൊണ്ടിരിക്കുന്ന സംഗതികളാണ്‌ രണ്ടും. മഹാത്മജിയും രാജാജിയുടെ മരുമകളായിരുന്ന സരളാദേവിയും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. മഹാത്മജിതന്നെ പണ്ട്‌ സ്‌പിരിച്ച്വല്‍ വൈഫ്‌ എന്നു വിശേഷിപ്പിച്ച സരളാദേവിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ സത്യാന്വേഷണ പരീക്ഷണം പൂര്‍ത്തിയായി ഗ്രന്ഥം വന്നത്‌ രണ്ടാളും പോയശേഷമാണ്‌. സംരംഭം വന്‍വിജയം.

കാരണം നമ്മള്‍ ഒന്നുകില്‍ ഒളിഞ്ഞുനോട്ടക്കാരാണ്‌. അല്ലെങ്കില്‍ സത്യത്തെ ദൂരെനിന്ന്‌ ആരാധനയോടെ നോക്കിക്കാണുന്ന മഹാകള്ളന്‍മാര്‍. അപ്പോള്‍ അതു വിളിച്ചുപറയുന്ന ഒരു ഗ്രന്ഥത്തിന്റെ ഡിമാന്റും സ്വര്‍ണത്തിന്റേതുപോലെ കൂടിക്കൊണ്ടേയിരിക്കും. സംഘപരിവാര്‍ കൂടാരത്തിലെ 30 വര്‍ഷത്തെ സഹവാസം ആയൊരു തിരിച്ചറിവൊക്കെ ജസ്വന്ത്‌ സിങ്ങിന്‌ നേടിക്കൊടുക്കാതിരിക്കുമോ?

എന്തായാലും ധൈര്യമുള്ള പട്ടാളക്കാരന്‍ തന്നെയാണ്‌ സിങ്ങ്‌ എന്ന പണ്ടുതെളിഞ്ഞിട്ടുള്ളതാണ്‌. പാര്‍ലിമെന്റ്‌ ആക്രമണവേളയില്‍. ഉടന്‍ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറണം എന്ന്‌ സുരക്ഷാജീവനക്കാര്‍ ഓടിവന്നു പറഞ്ഞപ്പോഴും അക്ഷോഭ്യനായി ചായകുടിച്ചുകൊണ്ട്‌ സിങ്ങു നില്‌ക്കുമ്പോള്‍ കൊടുംവിപ്ലവകാരികളടക്കം രാഷ്ട്രത്തിന്റെ പരമാധികാരം കാക്കാനായി ജനങ്ങള്‍ തിരഞ്ഞുപിടിച്ചയച്ചവര്‍ തന്നെത്താന്‍ രക്ഷിക്കാന്‍ എവിടെയൊളിക്കണം എന്നാലോചിച്ച്‌ പരക്കം പായുകയായിരുന്നു. അതിനകത്ത്‌ ഏക്കര്‍ കണക്കിന്‌ സ്ഥലമുണ്ടായതുകൊണ്ടായിരിക്കണം തമ്മിലിടിച്ച്‌ അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്‌. അവിടെ ചെണ്ടയില്ലാതിരുന്നതുകൊണ്ടുമാത്രം ധീരന്‍മാര്‍ അതിന്റെ തോലുപൊളിച്ച്‌ അകമേ പുക്കിയില്ല എന്നുവേണം കരുതാന്‍.

സിങ്ങിന്റെ ആ ധൈര്യത്തെ നിത്യന്‍ ആദരിക്കുന്നു. ഇപ്പോള്‍ ഈയൊരു സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിക്കുപുറത്തേയ്‌ക്കു നടക്കാനെടുത്ത ഈ തീരുമാനത്തേയും. അപ്പോഴും ഖണ്ഡഹാര്‍ വിമാനറാഞ്ചികളെ അഫ്‌ഗാനിസ്ഥാനില്‍ കൊണ്ടുപോയിറക്കിക്കൊടുത്ത തീരുമാനം അങ്ങേയറ്റത്തെ തെറ്റായിപ്പോയി എന്നു വിശ്വസിക്കുകയും ചെയ്യുന്നു.

വോഡ്‌ക രണ്ടെണ്ണം വീശി കണ്‍ട്രോളുപോയപ്പോള്‍ പണ്ടൊരു സഖാവ്‌ അറിയാതെ റോഡിലിറങ്ങിയങ്ങോട്ട്‌ പറഞ്ഞുപോയി "ജോസഫ്‌ സ്റ്റാലിന്‍ എന്നുപറഞ്ഞാല്‍ ഒന്നിനും കൊള്ളാത്തൊരുത്തനാണ്‌്‌"

ചെമ്പട കൈയ്യോടെ പൊക്കി. അന്നു തന്നെ വിചാരണയും കഴിഞ്ഞു. ശിക്ഷയും വിധിച്ചു. പന്ത്രണ്ടുകൊല്ലം കഠിനതടവ്‌.

"അല്ല യൂവര്‍ ഓണര്‍, ഒരാളെ ചീത്തപറഞ്ഞാല്‍ പരമാവധി രണ്ടുകൊല്ലമല്ലേയുള്ളൂ ശിക്ഷ. എന്തു ന്യായത്തിന്‍മേലാണ്‌ എനിക്ക്‌ 12 കൊല്ലം വിധിച്ചിട്ടിരിക്കുന്നത്‌? വിധി കേട്ട്‌ ഞെട്ടിയ പ്രതി അറിയാതെ ചോദിച്ചുപോയി.

ചീത്തവിളിച്ചതിന്‌ രണ്ടുകൊല്ലവും ഒരു ദേശീയ രഹസ്യം പരസ്യമാക്കിയതിന്‌ പത്തുകൊല്ലവും കൂട്ടി പന്ത്രണ്ടുകൊല്ലം എന്നായിരുന്നു ജഡ്‌ജിയുടെ വിശദീകരണം.

ജസ്വന്ത്‌ സിങ്ങിന്റെ ദുരവസ്ഥ കാണുമ്പോള്‍ തോന്നിപ്പോയതാണ്‌.

September 04, 2009

ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി


അതൊരു ഒരു നിരുപദ്രവകരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. പക്ഷേ ഏത്‌ സ്വതന്ത്ര അഭിപ്രായപ്രകടനവും ഇറാനില്‍ ജയിലിലേക്കുള്ള മാര്‍ഗമാണ്‌.

കണ്ണുകെട്ടിയ തുണി മാറ്റിയപ്പോള്‍ മുന്നില്‍ കണ്ടത്‌ ചോദ്യചെയ്യുന്ന ആ തടിയന്‍ ഇട്ടേച്ചുപോയ ഒരു തുണ്ട്‌ കടലാസാണ്‌. ഞാന്‍ കൈയ്യൊപ്പുചാര്‍ത്തേണ്ട കുറ്റസമ്മതങ്ങളുടെ ഒരു നീണ്ട ചാര്‍ത്ത്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടി സെല്ലുകളും എന്റെ സുഹൃത്തുക്കളുമായുള്ള 'വൃത്തികെട്ട ബന്ധ'ങ്ങളുടെ തെളിവുകള്‍. വിദേശ ശക്തികള്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ വഹിച്ച പങ്കിനെപറ്റി എനിക്കറിയാം എന്നു രേഖകളില്‍. കൂടാതെ എന്റെ പ്രൊഫെസറും നല്ല സുഹൃത്തുമായ 'അറാഷ്‌ ഹസ്‌താരി' കമ്മ്യൂണിസത്തെ പുല്‍കിയത്‌, പിന്നെ എനിക്ക്‌ അദ്ദേഹവുമായുള്ള 'ലൈംഗിക ബന്ധ'ത്തിന്റെ തെളിവുകള്‍.

ആ പ്രതിഷേധ സമരത്തിന്റെ നായകനായിരുന്നു അറാഷ്‌. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടും.

ഈ ആരോപണങ്ങളൊക്കെ സത്യമാണെന്ന്‌ അരെങ്കിലും കരുതുമെന്ന്‌ ഇതെല്ലാം എഴുതിക്കൂട്ടിയ ആ തടിയന്‍ കരുതുന്നുണ്ടാവുമോ? മറ്റൊരു മാതാഹരിയായി ചരിത്രം എന്നെ കാണുവാന്‍ ഈയൊരു കുറ്റസമ്മതം തന്നെ ധാരാളം - ഒരുപകുതി ഒറ്റുകാരിയും മറുപകുതി വേശ്യയും. "എന്നെ കുടുക്കിയതാണ്‌, ഞാനിതൊന്നുമല്ല" എന്ന്‌ തെഹ്‌റാനിലെ മുഴുവനാളുകളോടുമായി വിളിച്ചുപറയണമെന്നുണ്ടായിരുന്നൂ എനിക്ക്‌. എന്തുചെയ്യാം. ഒഴിഞ്ഞമുറിയിലെ ആ ചുമരുകളെ നോക്കി ഞാന്‍ അലറിക്കരഞ്ഞു, 'ഇത്‌ പച്ചക്കള്ളമാണ്‌. ഇല്ല ഞാനിതിലൊന്നും ഒപ്പുവെയ്‌ക്കുകയില്ല'

അന്തിമമായി എന്നെ ചോദ്യചെയ്‌തവന്‍, കുറച്ചു വ്യത്യസ്‌തനായൊരാള്‍ കുറെ ഫോട്ടോഗ്രഫുകള്‍ കാണിച്ചു. ഒന്ന്‌ ഞാനും അറാഷും ഒരു കഫേയില്‍ ഒരുമിച്ചിരുന്നു കാപ്പികുടിക്കുന്നത്‌. പിന്നൊന്ന്‌ അറാഷിന്റെ വീട്ടിലേയ്‌ക്ക്‌ ഞാന്‍ പോവുന്നതും മണിക്കുറുകള്‍ക്ക്‌ ശേഷം തിരിച്ചുവരുന്നതും (ഫോട്ടോയിലെ തീയ്യതിയും സമയവും വച്ച്‌). എന്റെ ലക്ഷ്യം അറാഷിന്റെ ലൈബ്രറി സന്ദര്‍ശനമായുരുന്നു എന്ന്‌ അയാളോട്‌ ഞാന്‍ വ്യക്തമാക്കിയതാണ്‌. ഭാഗ്യത്തിന്‌ എന്റെ കൈയ്യില്‍ അവിടെനിന്നും ഞാന്‍ എടുത്ത പുസ്‌തകങ്ങളുണ്ടായിരുന്നു.

അറാഷുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റസമ്മതം മരണത്തിലേയ്‌ക്കുള്ള വഴിയാണ്‌ - അതും എന്റെ മാത്രമല്ല. അറാഷിന്റെ ജീവനായിരുന്നു അവരുടെ ലക്ഷ്യം

തിരിച്ചുമുറിയിലേക്കെത്തിയ ആ തടിയന്‍ ഓര്‍ക്കാപ്പുറത്ത്‌ എന്റെ കവിളത്ത്‌ ആഞ്ഞടിച്ചു. "നീയെന്താടീ കണ്ണുമറയ്‌ക്കാത്തത്‌?"
"നിന്റെയീ അറപ്പുളവാക്കുന്ന മുഖം കാണാനായി" അയാളുടെ കൈകള്‍ എന്റെ ദേഹത്ത്‌്‌ ആഞ്ഞാഞ്ഞുപതിച്ചു. പിന്നെ അയാള്‍ എന്റെ കൈകള്‍ പിന്നോട്ടുവലിച്ച്‌്‌ ഏതോ ഒരു പരുക്കന്‍ സാധനം കൊണ്ട്‌ റിസ്റ്റ്‌ കൂട്ടിക്കെട്ടി. ആ വേദനയില്‍ അലറിക്കരയുമ്പോഴും ജയിലില്‍ ആരെങ്കിലും എന്റെ രക്ഷയ്‌ക്കെത്തുമെന്ന ഞാന്‍ വൃഥാ കരുതി.

മുറി വിട്ടുപോയ തടിയന്‍ താമസിയാതെ ഒരു കത്രികയുമായി തിരിച്ചെത്തി. എന്റെ ശിരോവസ്‌ത്രം വലിച്ചൂരി. നീണ്ടുകിടന്ന എന്റെ മുടിയിഴകള്‍ അയാളുടെ കൈപ്പിടിയിലായി. എന്റെ നിലവിളിയെ അവഗണിച്ചുകൊണ്ട്‌ അയാള്‍ മുടിമുഴുവന്‍ കത്രിച്ചിടാന്‍ തുടങ്ങി. പിന്നെ ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. അഴകാര്‍ന്ന എന്റെ തലമുടിയെ രക്ഷിക്കാന്‍ തലവെട്ടിച്ചപ്പോഴെല്ലാം കത്രികയേറ്റ്‌ തലനിറയെ മുറിവുകളായി. ഒടുവില്‍ ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നു. അപമാനഭാരത്താല്‍ ഞാനിരുന്നു കരഞ്ഞു.

മുടിയുടെ നീളം പോയപ്പോള്‍ കൈ കത്രികവിട്ട്‌ അയാള്‍ ഇലക്ട്രിക്‌ ഷിയേഴ്‌സിലേയ്‌ക്ക്‌ മാറി. ആ വികൃതരൂപം ആസ്വദിക്കാനെന്നോണം ഒന്നു മാറിനിന്നു അയാള്‍ എല്ലാം കഴിഞ്ഞപ്പോള്‍. ആ മുഖത്തേയ്‌ക്ക്‌ ഒന്നു നോക്കാന്‍പോലുമുള്ള ധൈര്യം പിന്നീടെനിക്കുണ്ടായിരുന്നില്ല.

ഇത്‌ എന്റെ മൂന്നാമത്തെ ചോദ്യം ചെയ്യല്‍? അതോ നാലാമത്തേതോ? എനിക്കിപ്പോള്‍ ദിനരാവുകള്‍ തന്നെ അറിയാന്‍ കഴിയുന്നില്ല. ഒരാഴ്‌ചയായി ഞാനീ നരകത്തില്‍ എന്നുതോന്നുന്നു. ആദ്യചോദ്യം ചെയ്യലില്‍ അയാള്‍ എന്റെ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ഞാന്‍ അയാളെ ഒന്നു നോക്കി. ഏതാണ്ട അമ്പതു വയസ്സു വരുന്ന, തലയില്‍ കഷണ്ടി കയറിയ ഒരു തടിയന്‍. മുഖത്ത്‌ വൃത്തിഹീനമായ ഒരു താടി. അയാളെ എന്തോ നാറുകയും ചെയ്യുന്നു. അപ്പോള്‍ എന്നില്‍ അയാള്‍ക്കുള്ള അധികാരം അയാള്‍ നന്നായി ആസ്വദിക്കുന്നതായി തോന്നി. ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ പങ്കാളിയായ ലാളിച്ചുവളര്‍ത്തപ്പെട്ട ഒരു മധ്യവര്‍ഗ രാജകുമാരി - അയാള്‍ക്ക്‌ ഞാന്‍ അതുമാത്രമായിരുന്നു.

എന്റെ മാതാപിതാക്കള്‍ കുര്‍ദ്ദുകളായിരുന്നു എന്നതും എനിക്കു വിനയായി. പോരാത്തതിന്‌ വിദ്യാസമ്പന്നരായ ലിബറലുകളും. അമ്മയാണെങ്കില്‍ സൗരാഷ്ട്രിയന്‍, ആ പൗരാണികമതം പിന്തുടരുവാനായിരുന്നു എന്നെ ശീലിപ്പിച്ചത്‌. ഷായുടെ കാലത്ത്‌ പട്ടാളത്തില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ കട നടത്തുന്നു. ഖുമൈനിയുടെ തിരിച്ചുവരവിന്‌ ശേഷമാണ്‌ എന്റെ ജനനം. വളര്‍ച്ച അദ്ദേഹത്തിന്റ വാഴ്‌ചക്കാലത്തും. ഷാ തന്നെയാണ്‌ അധികാരത്തില്‍ എന്ന ചിന്തയിലായിരിക്കണം എന്നെ വളര്‍ത്തിയത്‌. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചേല്‍പിച്ച്‌ രണ്ടാമതൊരു നിയമസംഹിത കൂടി അനുസരിക്കേണ്ടതായി വന്നു.

ഒരു വികൃതിക്കുട്ടിയായല്ല ഞാന്‍ വളര്‍ന്നതെങ്കിലും ജീവിതത്തിലെ തമാശകളും അതിന്റെ നിറഭേദങ്ങളും എന്നെ വല്ലാതാകര്‍ഷിച്ചു. ആ ഷൂസുകള്‍, ഞാനാഗ്രഹിച്ച നിറമുള്ള ലോകത്തിലേയ്‌ക്ക്‌ എന്നെ നയിച്ച ആദ്യ മാന്ത്രിക സാന്നിദ്ധ്യമായിരുന്നു അച്ഛന്‍ എനിക്കു വാങ്ങിത്തന്ന ആ പിങ്ക്‌ ഷൂസുകള്‍. എങ്കിലും താമസിയാതെ നഖശിഖാന്തം കറുപ്പില്‍ പൊതിഞ്ഞ്‌ പുറത്തേക്കിറങ്ങേണിവന്ന ഒരു എട്ടുവയസ്സുകാരിയായി ഞാന്‍. സൂര്യകിരണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്‌ത്രങ്ങളണിഞ്ഞ്‌ നടക്കുവാനുള്ള എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഡ്രസ്‌കോഡുകളില്‍ തട്ടി തരിപ്പണമായി.

zarah.jpgടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ സ്‌പാനിഷ്‌ വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്ക്‌ പാത്രമായ ഒരു പ്രഫെസറെ പിരിച്ചുവിട്ടതിനെതിരായി ഒരു പ്രതിഷേധത്തില്‍ ഞാന്‍ പങ്കാളിയായി. ഒരു വലിയവിഭാഗം ജനതയും, നിര്‍ഭയമായ നിലപാടെടുത്ത ചില പത്രങ്ങളും ഞങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. 20 വര്‍ഷത്തോളം അധികാരം കയ്യാളിയ ഭരണകൂടം ക്ഷയോന്മുഖമായതായും, ഒരു നവോത്ഥാനം ആവശ്യമാണെന്നും ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ തോന്നി. ഞങ്ങളെപ്പോലുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ചില്ലറ ബലപ്രയോഗം മതിയാവുമോ അതോ ഉഗ്രപ്രഹരം തന്നെ വേണ്ടിവരുമോ എന്നു വിലയിരുത്താനായി അധികാരത്തിലുള്ളവര്‍ കരുതലോടെയിരുന്നു. ചില്ലറ ബലപ്രയോഗങ്ങള്‍ എവിടെയുമെത്താതെ വന്നപ്പോള്‍ ഭീകരമുറകള്‍ക്കായി അവര്‍ തയ്യാറെടുത്തു.

അന്നേ ദിവസം ഞാന്‍ സുഹൃത്തുക്കളോടൊത്ത്‌ സല്ലപിച്ചുകൊണ്ടു വീട്ടിലേയ്‌ക്ക്‌ നടക്കുകയായിരുന്നു. പെട്ടെന്നു മാര്‍ഗതടസ്സം സൃഷ്ടിച്ച ഒരു പോലീസുകാരന്‍ എന്റെ തിരച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും എന്നെ കാറിലേയ്‌ക്കെടുത്തെറിയുകയും ചെയ്‌തു. ടെഹ്‌റാനിലെ എതാണ്ട്‌ ഒരു പട്ടണത്തോളം തന്നെ വിസ്‌തൃതിയുള്ള കുപ്രസിദ്ധമായ എവിന്‍ ജയിലിലേയ്‌ക്കാണ്‌ എന്നെ കൊണ്ടുപോയത്‌.

ഏതാണ്‌ രണ്ടുമീറ്റര്‍ നീളം - ഒന്നരമീറ്റര്‍ വീതി വരുന്ന മൂന്നു ചെറിയ സ്‌റ്റെപ്പുകള്‍. ഉരുക്കുവാതില്‍. ജനാലകളില്ല. വെറുംതറയില്‍ ഒരു പുതപ്പുമാത്രം. ആ വാതില്‍ പഴുതിലൂടെ കണ്ണുകെട്ടാനുള്ള തുണി ലഭിക്കും. കണ്ണുകെട്ടിവേണം സെല്ലിനു വെളിയിലിറങ്ങാന്‍. കക്കൂസിലേയ്‌ക്ക്‌ പോവണമെങ്കില്‍ ഒരു പച്ച സ്ലിപ്‌ വെളിയിലേക്കിടണം. ഒരേ ഭക്ഷണം. ഒലീവും റൊട്ടിയും. വല്ലപ്പോഴും മത്സ്യമാസാദികളും. ഒന്നുകുളിച്ച്‌ വസ്‌ത്രംമാറാന്‍ അവസരം കിട്ടുക ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌.

എന്നെ രണ്ടാമത്‌ ചോദ്യം ചെയ്‌ത ആ ആളെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. ഒരു ആഞ്ഞുതള്ളിന്‌ അയാള്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. കുറെ സമയത്തേയ്‌ക്ക്‌ വെറും നിശ്ശബ്ദത. ഒന്നുകില്‍ മുഖമടച്ച്‌ ഒരടി, അല്ലെങ്കില്‍ ഇടി. ശാരീരികമായി ഇതിലേതെങ്കിലും ഒന്ന്‌ സ്വീകരിക്കുവാന്‍ ഞാന്‍ ശരീരത്തെ സജ്ജമാക്കി. ശിക്ഷകളുടേതായ ഒരു ലിസ്‌റ്റ്‌ തന്നെയുണ്ടോ? അസഭ്യവാക്കുകള്‍, ശാരീരികമായ ഉപദ്രവം, ലൈംഗീക പീഢനം?

അയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ എനിക്ക്‌ സമ്മതമാണെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി സ്വയം തയ്യാറെടുത്തു. എന്തു പീഢനവും സഹിക്കാനുള്ള സഹനശേഷിയോ ദൃഢവിശ്വാസമോ ഒന്നും ഉള്ളവളല്ല ഞാന്‍.

ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു, "എന്തൊരു പറഞ്ഞാല്‍ മനസ്സിലാവാത്ത അമ്മയാ നിന്റേത്‌?" നിന്നെപ്പറ്റി ചോദിച്ചുകൊണ്ട്‌ അവളെന്നും ഗേറ്റില്‍ വന്നുപോവുന്നു. "ഞങ്ങള്‍ നിന്നെ കണ്ടിട്ടില്ല, നിന്നെപറ്റി കേട്ടിട്ടുമില്ല" എന്നും ഞങ്ങള്‍ അവളോട്‌ ഇതുതന്നെ പറയുന്നു.

"ഞാനെന്തൊരു പൊട്ടിപ്പെണ്ണ്‌. എന്റെ അമ്മയുടെ വേദനകള്‍ കൂടി അവര്‍ക്ക്‌ എന്നെ പീഢിപ്പിക്കാനുള്ള ഒരു ഉപകരണമാവും എന്നു ഞാന്‍ ആലോചിച്ചതേയില്ല. എനിക്ക്‌ ഇനിയും അവരുടെ ദുരുദ്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലേ? "

മൃദുവായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, "അതേ, ഞാന്‍ ഇവിടെയാണെന്ന്‌ അമ്മയ്‌ക്ക്‌ അറിയാം".

അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. "പക്ഷേ നീയിവിടെയല്ല. ആണോ? ആരും ഇവിടെയല്ല". ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിംഗുകളെപ്പറ്റി അയാള്‍ ചോദിച്ചു.

"ക്ലാസുകള്‍ കാന്‍സലാക്കാന്‍ അയാള്‍ നിങ്ങളോടാവശ്യപ്പെട്ടുവോ?"

എന്റെ പ്രഫെസറെയാണോ ഉദ്ദേശിക്കുന്നത്‌ എന്നു ഞാന്‍ ആരാഞ്ഞു.

അതേ അവന്‍ തന്നെ നിങ്ങളെയെല്ലാം മസ്‌തിഷ്‌കപ്രക്ഷാളം ചെയ്‌ത ആ തെമ്മാടിതന്നെ.

"ഇങ്ങിനെ സംസാരിക്കുന്ന നീയാണ്‌്‌ തെമ്മാടി", ഞാന്‍ തിരിച്ചടിച്ചു. എനിക്കു നിയന്ത്രിക്കാനാവും മുമ്പേ വാക്കുകള്‍ വാ വിട്ടുപോയി. പിന്നീട്‌ കേട്ടത്‌ അയാളുടെ കസാര നിരങ്ങുന്ന ശബ്ദമാണ്‌. പിറകില്‍ നിന്നും അയാള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. പിടിച്ചുകുലുക്കിയശേഷം മുന്നോട്ടേക്ക്‌ ആഞ്ഞുതള്ളി. ഇരുന്ന കസാരയടക്കം മുന്നോട്ടു മറിഞ്ഞു. ആ ശക്തിയായ വീഴ്‌ചയില്‍ എന്റെ താടി മേശയുടെ കോണില്‍ തട്ടി പിളര്‍ന്നു. തറയില്‍ വീണുകിടക്കുമ്പോള്‍ രക്തം ഒഴുകിപ്പോവുന്നത്‌ ഞാന്‍ അറിഞ്ഞു. പതിയെ ഞാന്‍ മുട്ടുകുത്തിയിരുന്നു. പിന്നെ പതുക്കെ കസാരയിലേക്ക്‌ മാറി.

ഒരുപാട്‌ ചോദ്യങ്ങളായിരുന്നു പിന്നീട്‌. ചിലത്‌ പുതിയത്‌ ചിലവ പഴയതിന്റെ ആവര്‍ത്തനങ്ങളും. എനിക്ക്‌ പിടിച്ചുനില്‌ക്കാന്‍ പറ്റിയില്ല. ബോധം മറയുന്നതുപോലെ തോന്നി. എല്ലാറ്റിനും എന്റെ മറുപടി 'അതേ' എന്നതിലൊതുങ്ങി.

"എവിടെപ്പോയി എന്റെ ചങ്കുറപ്പ്‌ എന്നുതോന്നി. എല്ലാറ്റിലുമുള്ള വിശ്വാസവും എനിക്കു നഷ്ടപ്പെട്ടുവോ? വേദനയുടെ ആ മൂടല്‍ മഞ്ഞിനും ആത്മനിന്ദയ്‌ക്കും ഇടയില്‍ ഒരു തരം ഭയം എന്നെ കീഴടക്കി. എന്റെ താടിയിലെ ആഴമേറിയ മുറിവ്‌ നാളെ പഴുത്തേക്കാം. മുഖത്തെ വൈരൂപ്യമായി, വൃത്തികേടായി അതു പരിണമിച്ചേക്കാം. നാളെ ആണ്‍കുട്ടികള്‍ എന്നെ ഒഴിവാക്കിയേക്കാം. എന്നിലെ ആ പേര്‍ഷ്യന്‍ സുന്ദരിയുടെ അന്ത്യം ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ചിന്തകള്‍ എത്രമാത്രം നിരര്‍ത്ഥകമായിപ്പോവുന്നു ? എന്റെയീ ലോകം തന്നെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ എന്റെ ചന്തമുള്ള മുഖത്തെ ചുറ്റിപ്പറ്റി മാത്രമായിപ്പോയി"

ടോയ്‌ലറ്റിലേയ്‌ക്ക്‌ പോവാനായി ഞാന്‍ ഒരു പച്ച പേപ്പര്‍ ചീള്‌ വാതിലിനടിയിലൂടെ തള്ളിവിട്ടു. തടവുകാര്‍ മറ്റുതടവുകാര്‍ക്ക്‌ കൈമാറുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക ടോയ്‌ലറ്റ്‌ വാതിലിന്റെ പിന്നിലാണ്‌. അവിടെ എന്നെ സ്വാഗതം ചെയ്‌തത്‌ അറാഷിന്റെ വരികളാണ്‌, പലപ്പോഴും പ്രസംഗം തുടങ്ങുംമുമ്പേ അദ്ദേഹം ചൊല്ലുന്ന ഒരു കവിതയിലെ വരികള്‍. അതേ അറാഷ്‌ ജയിലിലെത്തിയിരിക്കുന്നു.

"സ്വന്തം കൈയ്യിലെ പറവയെ മാനത്തേക്കു നീ പറഞ്ഞുവിടും
സ്‌നേഹത്തിന്റെ മറ്റൊരു കരം വന്ന്‌ നിന്റെ കൈകള്‍ പുണരും"

എന്താണ്‌ അദ്ദേഹം അര്‍ത്ഥമാക്കുന്നത്‌? സത്യം പറഞ്ഞാല്‍ എനിക്കറിയണമെന്നില്ല. ഇപ്പോള്‍ സംഭവിച്ചതില്‍ പകുതിയും അദ്ദേഹം കാരണമാണ്‌. പകുതി ഞാന്‍ ഒരു സ്‌ത്രീയാണെന്നതുകൊണ്ടും.

"എന്റെ പക്ഷിയുടെ ചിറകുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു" മറുപടിയായി ഞാന്‍ കുറിച്ചിട്ടു,

ഏതാണ്ട്‌ മൂന്നാഴ്‌ചകകളോളം നീണ്ടുനിന്ന സകല പീഢനങ്ങള്‍ക്കും ശേഷം ഒരു കോടതിമുറിയിലേക്കാണ്‌ എന്നെ കൊണ്ടുപോയത്‌. സര്‍വ്വകലാശാലയിലെ പഠനാന്തരീക്ഷം തകിടം മറിച്ചതും നിയമവിരുദ്ധ അസാന്മാര്‍ഗിക ബന്ധം പുലര്‍ത്തിയതുമടക്കം ആറു കുറ്റങ്ങളായിരുന്നു എന്റെ പേരില്‍. എനിക്ക്‌ വിശ്വസിക്കാനേ പറ്റിയില്ല.

ആരായിരുന്നു ഈ ആരോപണങ്ങളുന്നയിച്ചവര്‍? ഞാനിതെല്ലാം ചെയ്‌തൂവെന്ന്‌ ആരാണ്‌ പറഞ്ഞത്‌? പതയുന്ന രോഷം എന്റെ ശബ്ദത്തെപ്പോലും കീഴ്‌പ്പെടുത്തി.

"നിനക്കെതിരെ ആരോപണമുന്നയിച്ചത്‌ വിപ്ലവ കോടതിയും പൊതുപ്രതിനിധികളുമാണ്‌. നിയമം അനുശാസിക്കുന്ന എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ ഈ കണ്ടെത്തലുകളെല്ലാം" ഒരു സ്യൂട്ടുധാരിയായ ഏതോ പ്രധാനപ്പെട്ട ആ ഉദ്യോഗസ്ഥന്റെ പ്രതികരണം അതായിരുന്നു.

എനിക്ക്‌ ഒരു വക്കീലിനെ ലഭിക്കുമോ?

"തീര്‍ച്ചയായും, നിന്റെ വക്കീല്‍ നിന്റെ സഹകുറ്റവാളി അറാഷ്‌ തന്നെയാണ്‌"

30 ദിവസത്തെ തടവുശിക്ഷയാണ്‌ ലഭിച്ചത്‌. ഇതുവരെ തടവില്‍ കഴിഞ്ഞ ദിനങ്ങളുടെ കുറവുണ്ട്‌. ഭാവിയില്‍ പഠനം തുടരുവാന്‍ പാടില്ല. പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുകയുമരുത്‌. എനിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. എന്റെ കാര്യത്തില്‍ എല്ലാം ഏകപക്ഷീയമായി തീരുമാനിച്ചശേഷമായിരുന്നു നിരര്‍ത്ഥകമായ ആ ചോദ്യം. എന്റേതുപോലുള്ള ഏതുരാഷ്ട്രത്തിലെയും ഭരണകൂടത്തിനു കീഴില്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടുവാന്‍ കഴിയുക വെറും ബുദ്ധിശൂന്യര്‍ക്കുമാത്രമായിരിക്കും.

"നിന്റെ കുറ്റസമ്മതം യഥാസമയം ഞങ്ങള്‍ ബഹുജനസമക്ഷം കൊണ്ടുവന്നുകൊള്ളും" അതായിരുന്നു ആ വാക്കുകള്‍.

ആറുദിവസം കൂടി പിന്നിട്ട ശേഷം വീണ്ടും എന്നെ കണ്ണുകെട്ടി പുറത്തെ കാറിലേയ്‌ക്ക്‌ നടത്തി. കാറിന്റെ പിന്നില്‍ കിടക്കാന്‍ പറഞ്ഞു. കോടതിയിലേയ്‌ക്ക്‌ പോയ അതേ വഴിയിലല്ലായിരുന്നു സഞ്ചാരം എന്നെനിക്കു മനസ്സിലായി. വാഹനങ്ങളുടെ ശബ്ദഘോഷവും പ്രഭാതത്തില്‍ തെരുവുണരുന്നതിന്റെ ബഹളവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കാറ്‌ ഒരു ഹൈവേയിലൂടെ കുതിക്കുകയാണ്‌.

വാഹനങ്ങളുടെ ശബ്ദമൊന്നും വളരെ നേരമായി കേള്‍ക്കാതായി അധികം കഴിയും മുമ്പ്‌ കാര്‍ നിന്നു. എന്നോടു പുറത്തേയ്‌ക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. മുഖത്ത്‌ കാറ്റുവീശുന്നത്‌ ഞാനറിഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടിയ പ്ലാസ്റ്റിക ചരടുകള്‍ മുറിഞ്ഞുവീണു. ഒപ്പം ഇരുകൈകളും ഇരുവശത്തേക്കും താഴ്‌ന്നുനിന്നു. എന്നെ അവിടെയിറക്കിയ കാര്‍ പറന്നുപോയി.

കുറെനേരം ഞാനങ്ങിനെ ചലനമറ്റുനിന്നുപോയി. കാര്‍ പൂര്‍ണമായും മറഞ്ഞു എന്നേതാണ്ടുറപ്പായശേഷം മാത്രം ഞാന്‍ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ചുറ്റും പരന്നുകിടക്കുന്ന ആ മരുപ്രദേശത്തിന്റെ വിസ്‌തൃതി കണ്ടു ഞാന്‍ വാ പൊളിച്ചുപോയി. ഒരു ഹൈവേ കുറച്ചകലെയായി കണ്ണില്‍പെട്ടു. മാനത്തെ കറുത്തപാടുകള്‍ ടെഹ്‌റാനിലെ മൂടല്‍മഞ്ഞാണെന്നു തോന്നി. ഞാന്‍ നടക്കാന്‍ തുടങ്ങി. ടെഹ്‌റാന്റെ ഏറ്റവും വെളിയില്‍ കിടക്കുന്ന ഒരു പ്രാന്തപ്രദേശം ഏക്‌ബടന്‍ ആയിരുന്നു അത്‌. കുറച്ചുകൂടി നടന്നപ്പോഴേയക്കും ഒരു ടെലിഫോണ്‍ ബുത്ത്‌ ശ്രദ്ധയില്‍പെട്ടു.

അച്ഛനെ ഫോണ്‍ വിളിക്കാനായി അതുവഴി കടന്നുപോയ ഒരാളോട്‌ എനിക്ക്‌ കാശുനു യാചിക്കേണ്ടിവന്നു. അങ്ങോളമിങ്ങോളം മുറിവേറ്റ മൊട്ടത്തലയും വിണ്ടുപിളര്‍ന്ന താടിയും രക്തക്കറയുണങ്ങിപിടിച്ചിരിക്കുന്ന മുഖവും നെറ്റിത്തടവും ചീര്‍ത്ത കണ്ണുകളും പൊട്ടിയ ചുണ്ടുകളുമായി എന്നെ കണ്ട്‌ അയാള്‍ ഭയന്നുപോവാതിരിക്കാനായി ഒന്നു നന്നായി ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"ഇതെന്തു പറ്റി കുട്ടീ, എങ്ങിനെ നീയിവിടെയെത്തി?"

താങ്കള്‍ എനിക്ക്‌ ഒരു നാണയം തരുമോ? എന്ന മറുചോദ്യമായിരുന്നു ഉത്തരം.

അയാള്‍ ഒരു കെട്ട്‌ തുറന്ന്‌ നാണയം എടുത്തുകൊടുത്തു.

കൈവശമുണ്ടായിരുന്ന റൊട്ടിക്കഷണങ്ങളില്‍ ചിലതുകൂടി അദ്ദേഹം എനിക്കു നല്‌കി. കൂടാതെ കുറെസമയം വിശ്രമിച്ച്‌ അതേവഴിയില്‍ സഞ്ചരിക്കാനും നിര്‍ദ്ദേശിച്ചു.

തിരക്കിട്ട്‌ ഞാന്‍ ഫോണ്‍ബുത്തിലെത്തി. മാനം കണ്ടിട്ട്‌ ഏതാണ്ട്‌ സമയം രാവിലെ 8 മണിയായി കാണണം. അച്ഛന്‍ കടയിലേയ്‌ക്ക്‌ പോവാനായിട്ടില്ല.

"ഗഹ്‌റാമണി ഭവനം" ഫോണിലൂടെ അച്ഛന്റെ ശബ്ദം.

"അച്ചാ, ഇത്‌ ഞാനാണ്‌ സാറ."
കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുകൊണ്ട്‌ മാതാപിതാക്കളെയും പ്രതീക്ഷിച്ച്‌ ഞാനിരുന്നു, പിന്നീട്‌ എന്റെ കണ്ണുകള്‍ ആ റൊട്ടിയിലുടക്കി. കരച്ചില്‍ അവസാനിപ്പിച്ച ഞാന്‍ വിശപ്പുസഹിക്കാന്‍ കഴിയാതെ അതകത്താക്കാന്‍ തുടങ്ങി. ഇതൊക്കെ തന്നയായിരിക്കും സ്വര്‍ഗത്തിലായിരുന്നുവെങ്കിലും ഞാനാഗ്രഹിക്കുക. പുതിയ റൊട്ടി, സന്തോഷാശ്രുക്കള്‍, മാതാപിതാക്കളുടെ സാമീപ്യം.

ആ കണ്ണുകെട്ടിയിരുന്ന തുണി ഞാന്‍ മുറുകെപിടിച്ചു.

(സാറ 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ആസ്‌ട്രേലിയായില്‍ വിദ്യാഭ്യാസം തുടരുന്നു. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയായിലെ ഒരു കുടിയേറ്റ ഇറാന്‍കാരനെ വിവാഹം കഴിച്ചു. അറാഷ്‌ ഹസ്‌റാതിയ്‌ക്ക്‌ എന്തു സംഭവിച്ചു എന്നറിയാന്‍ സാറയ്‌ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല)

August 22, 2009

സത്യമേവ ജയതേ! 'സച്‌ കാ സാമ്‌നാ' ഭീ



ഏകകണ്‌ഠമായ ഒരഭിപ്രായം നമ്മുടെ സഭകളിലുണ്ടാവുകയെന്നത്‌ വാല്‍നക്ഷത്രം പ്രത്യക്ഷമാവുന്നതുപോലെ അപൂര്‍വ്വം ഒരു സംഭവമാണ്‌. ലോകക്ഷേമാര്‍ത്ഥം അവരവരുടെ ആനുകൂല്യങ്ങള്‍ അവരവര്‍ വര്‍ദ്ധിപ്പിക്കുന്ന കടലാസ്‌ മേശപ്പുറത്തുവരുമ്പോള്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്‌. ദരിദ്രജനകോടികളുടെ സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഓരോ ടി.വി സെറ്റുകള്‍ അംഗങ്ങള്‍ക്ക്‌ ദാനം നല്‌കാന്‍ തീരുമാനിച്ച ആ സദുദ്യമവേളയിലും ഏതാണ്ട്‌ ഇങ്ങിനെ സംഭവിച്ചിരുന്നു. പാടില്ലെന്നോ മറ്റോ പറഞ്ഞ ഒറ്റപ്പെട്ടവരെ അവിടെയിട്ട്‌ തല്ലിക്കൊന്നില്ലെന്നതു തന്നെ ഭാഗ്യം.

ഇതില്‍ നിന്നും ലേശം വ്യത്യസ്‌തമായ ഒരു പ്രശ്‌നത്തിന്‍മേല്‍ അംഗങ്ങള്‍ ഏകകണ്‌ഠമായി നിലകൊണ്ടു എന്നുകണ്ടപ്പോള്‍ ഞെട്ടിപ്പോയി. 'സച്‌ കാ സാമ്‌നാ' എന്ന ടെലിവിഷന്‍ പരിപാടിക്കെതിരെയാണ്‌ നിലപാട്‌. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ്‌ പങ്കെടുക്കുന്നവരോട്‌ ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ്‌ സച്‌ കാ സാമ്‌നാ. പ്രശ്‌നം സായിപ്പിനെ കാപ്പിരി കോപ്പിയടിച്ചതല്ല. കോടികൊടുത്തോ കോടി പുതപ്പിച്ചോ കോണിയിറക്കുന്നതുമല്ല.

21 ചോദ്യങ്ങള്‍ക്കും സത്യവും കൃത്യവുമായ മറുപടി പറയുമ്പോഴേക്കും ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറ കുളംതോണ്ടിപ്പോവും എന്നതാണ്‌ പ്രശ്‌നം. ഭാരതീയ സംസ്‌കാരത്തിന്റെ ആ സുന്ദരസൗധം നിലംപൊത്താതിരിക്കാന്‍ പരിപാടിക്ക്‌ തടയിടണം എന്നൊരഭിപ്രായമാണ്‌ അംഗങ്ങള്‍ ഏകകണ്‌ഠരായി, നിരുദ്ധകണ്‌ഠരായി പ്രകടിപ്പിച്ചത്‌. സംഘപരിവാരത്തിന്റെ പരാക്രമമായിരിക്കുമെന്നാണ്‌ കേട്ടപ്പോള്‍ ആദ്യം തോന്നിയത്‌. മൊയ്‌തുപാലത്തിന്റെ അതേ അവസ്ഥയിലാണ്‌ ഭാരതീയ സംസ്‌കാരവും എന്ന ഉറച്ചവിശ്വാസത്തിലാണ്‌ മൊത്തം അംഗങ്ങളുമെന്ന്‌ മനസ്സിലായത്‌ പിന്നീടാണ്‌. ഒരു 1210 ചോദ്യം വന്നാല്‍ തീര്‍ന്നു കഥ. ഭാരതീയ സംസ്‌കാരം നിലംപൊത്തി.

മെക്കാളെ പ്രഭുവും കൂട്ടാളികളും ആവുംപോലെ ഉത്സാഹിച്ചിട്ടും തകര്‍ന്നുപോവാത്തത്‌ ഇനി തുക്കടാ ചാനലുകാര്‍ തകര്‍ത്തുകളഞ്ഞാലോ. അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്നും കടം കൊണ്ടതാകയാല്‍ സംഗതിക്ക്‌ ഒരു നിയന്ത്രണമൊക്കെവേണം എന്നതായിരുന്നു സിഎന്‍എന്‍-ഐബിഎന്‍ ചര്‍ച്ചയിലെ മുഴുവന്‍ പൊതുപ്രവര്‍ത്തകരുടെയും നിലപാട്‌. അങ്ങിനെയാണെങ്കില്‍ സത്യം പറയുക എന്നത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്നാണോ എന്നതായിരുന്നു സിദ്ധാര്‍ത്ഥബസുവിന്റെ ചോദ്യം.

ഉത്തരമില്ലാത്ത ചോദ്യമാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ആ ചോദ്യത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ തള്ളിക്കളയുകയാണ്‌. സമാജ്‌ വാദിപാര്‍ട്ടി പ്രതിനിധിയും ബീജേപീ പ്രതിനിധിയും ചെയ്‌തതും അതുതന്നെ. അര്‍ഹിക്കുന്ന അവജ്ഞയോടെ അവരെല്ലാം കൂടി ചോദ്യത്തെ തള്ളി ഇസഡ്‌ കാറ്റഗറിയിലുള്ള ഭാരതീയസംസ്‌കാരത്തിന്‌ സംരക്ഷണഭിത്തി പണിതു.

വ്യക്തിപരം, ഔദ്വോഗികം, ശാരീരികം, ലൈംഗീകപരം - ചോദ്യങ്ങളെല്ലാം ഈ വകുപ്പില്‍ പെടുന്നതായിരിക്കും. അതുതന്നെയാണ്‌ കുഴപ്പവും. രണ്ടാമതുവരുന്ന ഔദ്വോഗികവും നാലാമതുവരുന്ന ലൈംഗീകവും ചില്ലറക്കേസല്ല. രണ്ടിനും സത്യസന്ധമായി ഉത്തരം പറഞ്ഞ്‌ എത്രമഹാന്‍മാര്‍ കോടികളുമായി പോവുമെന്നതാണ്‌ അറിയേണ്ടത്‌. തലയ്‌ക്കുമീതേ ശൂന്യാകാശം താഴേ മരുഭൂമീ എന്നത്‌ ജീവിതത്തില്‍ പകര്‍ത്തിയവരാവുമ്പോള്‍ ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ ടീവിയില്‍ ഉത്തരം സത്യസന്ധമായി നല്‌കുമ്പോള്‍ സ്വന്തം ബന്ധങ്ങളുടെ നാലുകെട്ടുകളായിരിക്കും നടുമുറ്റത്തേക്ക്‌ നിലംപൊത്തുക.

ആദ്യഘട്ടം പരിപാടിതന്നെ ശുഭപര്യവസായിയായി കലാശിച്ചു എന്നാണുകേട്ടത്‌. പങ്കെടുത്ത മദ്ധ്യവര്‍ഗവീട്ടമ്മയോട്‌ ചോദിച്ചത്‌ നിരുപദ്രവകരമായ ഒരു ശോദ്യായിരുന്നു. ഭര്‍ത്താവിനുപുറമേ മറ്റാരെങ്കിലുമായി ഭവതി കിടക്കപങ്കിട്ടുവോ എന്നുമാത്രം. ഇല്ലെന്നു മഹതി. ഉണ്ടെന്ന്‌ യന്ത്രം. ലൈ ഡിടക്ടര്‍ ഇടിത്തീയായി തലയില്‍ പതിച്ചു. ആ സത്യത്തിന്റെ ചിറകേറി വന്നതാവട്ടേ ഒന്നാംതരം ലക്ഷണമൊത്തൊരു ഡിവോഴ്‌സ്‌ നോട്ടീസും.

സംഗതി ഇങ്ങിനെയായ സ്ഥിതിക്ക്‌ നാളെ എന്താണ്‌ സംഭവിക്കുക എന്നതു മുന്‍കൂട്ടി കാണാനുള്ള കഴിവിനാണ്‌ ഇംഗ്ലീഷില്‍ ഉള്‍ക്കാഴ്‌ച എന്നും മലയാളത്തില്‍ ഫൊര്‍സൈറ്റ്‌ എന്നും പറയുക. ചാനലുകാരുടെ കാമറ കാണുമ്പോള്‍ ഞാന്‍ ഞാന്‍ മുമ്പില്‍ എന്നു തിക്കിത്തിരക്കി കയറുന്നവര്‍ ഇനി തൂക്കിക്കൊന്നാലൂം അങ്ങോട്ടുകയറി നാലു സത്യം പറയില്ലെന്നുപറഞ്ഞാല്‍ പിന്നെ ജനം വെറുതേ വിടുമോ? ഇനി ക്ഷണിച്ചിട്ടും നാലു സത്യം പറയാന്‍ വരാത്തവരുടെ പട്ടിക നിത്യേന ഫ്‌ളാഷായി പ്രദര്‍ശിപ്പിച്ചാല്‍ ചാനലുകാരനെ തൂക്കിക്കൊല്ലാനെന്താ ഇവിടെ മുല്ലാ ഒമറുടെ ഭരണമൊന്നുമല്ലല്ലോ?

'ജീവിതം മലര്‍ക്കെ തുറന്ന പുസ്‌തകമായ' എണ്ണപ്പെട്ട ഏതാനും പൊതുപ്രവര്‍ത്തകരുടെ 21 ഉത്തരം ജനങ്ങളെയൊന്ന്‌്‌ കേള്‍പ്പിക്കണമെന്ന ആഗ്രഹം എന്നെങ്കിലും ഏതെങ്കിലും തലതിരിഞ്ഞവന്‌ തോന്നിക്കൂടായ്‌കയില്ല. ആര്‍ക്കാ എപ്പഴാ എന്താ തോന്നിക്കൂടാത്തത്‌ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അഥവാ ഇനി വല്ലവന്റെയും സ്‌നേഹപൂര്‍വ്വമായ ഭീഷണിക്കു വഴങ്ങി ഉത്തരം നല്‌കേണ്ടിവന്നാല്‍ അന്നടയുന്ന ആ മഹദ്‌ ഗ്രന്ഥം പിന്നീടൊരിക്കലും തുറക്കേണ്ടിയും വരില്ല.

ഇനി വേറെ വലിയോരു തലയിലെ ചെറിയോരു ബുദ്ധിയില്‍ ഇങ്ങിനെ തോന്നുന്നു എന്നു കരുതുക. പൊതുപ്രവര്‍ത്തകാര്‍ക്കായി മാത്രം ഒരു സ്‌ച്‌ കാ സാമ്‌നാ. ഓരോ സത്യസന്ധമായ ഉത്തരത്തിനും രണ്ടുകോടി. മൊത്തം ഇരുപത്തിയൊന്ന്‌ സത്യത്തിനും കൂടി 42 കോടി. ഓരോ കളവിനും പിഴയായും രണ്ടുകോടി. അവനവനുമാത്രം അറിയുന്ന ചോദ്യം മാത്രമേ ഉണ്ടാവൂ. എവറസ്‌റ്റിന്റെ ഉയരവും മറീനാട്രഞ്ചിന്റെ ആഴവും ചോദ്യമായി കയറിവന്ന്‌ കച്ചറയുണ്ടാക്കുകയില്ല. സ്വിസ്‌ ബാങ്കുകളിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക്‌ തിരച്ചെത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയായും ഈ അഗ്നിപരീക്ഷയെ ഉപയോഗിക്കാം.

ഉദാഹരണമായി ചോദ്യം 1. ഇന്ത്യക്ക്‌ പുറത്ത്‌ വല്ല നിക്ഷേപവുമുണ്ടോ?
പീഢനക്കേസുകളുമായി അറസ്റ്റിലായ എം.എല്‍.എയെപ്പോലുള്ളവരാണെങ്കില്‍ ചോദ്യം 1. നാളിതുവരെയായി എത്ര ബലാല്‍സംഗം നടത്തിയിട്ടുണ്ട്‌? (10 മിനിറ്റ്‌ സമയവും ആവശ്യമാണെങ്കില്‍ ഗണിച്ചുകണ്ടെത്താന്‍ ഒരു കാല്‍കുലേറ്ററും അനുവദനീയം)

അങ്ങിനെയൊരു ദുരന്തസാദ്ധ്യത മുന്നിലുണ്ടാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ഈ നശിച്ച പരിപാടി പൂട്ടിക്കാന്‍ ആവുംവണ്ണം ഉത്സാഹിക്കുകയാണ്‌. സ്വന്തം നിലയ്‌ക്കുനോക്കുക. കോടതിവഴിയും. അല്ലെങ്കില്‍ വിവേകം മാത്രമല്ല പടച്ചോന്‍ ഇക്കൂട്ടര്‍ക്ക്‌ ബുദ്ധിയും കൊടുത്തില്ലല്ലോ എന്ന തോന്നലല്ലേ ജനത്തിനുണ്ടാവുക.

`പിടിയാത്തവരുടെ വികൃതികള്‍ കണ്ടാല്‍
മടിയാതവരുടെ തലമുടി ചുറ്റി
പിടിയാത്തവനതി ഭോഷന്‍
വടികൊണ്ടടിയാത്തവനതിനേക്കാള്‍ ഭോഷന്‍`

അക്കാര്യത്തില്‍ മഹാത്മജികൂടി കുഞ്ചനോടു യോജിക്കും. അഹിംസാവ്രതം തല്‌ക്കാലം മുറിഞ്ഞാലും ഇത്രനല്ലൊരു സംഗതി നിരോധിക്കാന്‍ പുറപ്പെടുന്നവരുടെ നടുപ്പുറത്തേക്ക്‌ മഹാത്മാവിന്റെ ഊന്നുവടി ഉയരാതിരിക്കാന്‍ കാരണമൊന്നും നിത്യന്‍ കാണുന്നില്ല.

July 16, 2009

അരക്കിറുക്കന്‍മാരില്‍ നിന്നും മുഴുക്കുറുക്കന്‍മാരിലേയ്‌ക്ക്‌


rahul-gandhi.jpgഅടി നടുപ്പുറത്ത്‌ ഏറ്റുവാങ്ങുവാനും വെടിയുണ്ടയ്‌ക്ക്‌ വിരിമാറുകാട്ടിക്കൊടുക്കുവാനും തയ്യാറെടുത്ത 'അരക്കിറുക്കന്‍' മാര്‍ക്കുള്ളതായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ രാഷ്ട്രീയം. സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയില്‍ ഒരുപാടുപേര്‍ അടുത്തഘട്ടം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു. അധികാരവും ചെങ്കോലും 'അരക്കിറുക്കന്‍' മാരില്‍നിന്നും 'മുഴുക്കുറുക്കന്‍'മാരിലെത്തിയതാണ്‌ നാലണകോങ്ക്രസിന്റെ പിന്നത്തെ ചരിത്രം.

അതോടെ സഞ്‌ജയന്‍ പണ്ടുപറഞ്ഞതുപോലെ രാജാക്കന്‍മാര്‍ക്കെല്ലാം മന്ത്രിമാരായി പ്രമോഷന്‍ കിട്ടി. നെഹറുകുടുംബത്തിലെ തൊഴിലില്ലായ്‌മക്കും എന്നെന്നേയ്‌ക്കുമായി ഒരവസാനമായി.

മനുഷ്യന്റെ ബുദ്ധിക്ക്‌ ഒരു തകരാറുണ്ട്‌. ചിലപ്പോള്‍ എത്ര ബുദ്ധിയുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വേണ്ടപ്പോഴായിരിക്കും ബുദ്ധിക്ക്‌ ബോധക്ഷയം സംഭവിക്കുക. ഇനി ബുദ്ധി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെങ്കിലും ശരി, നമ്മളായിട്ട്‌ ബുദ്ധിയെ ഉപദ്രവിക്കുകയില്ലെന്നുതന്നെ തീരുമാനിച്ചാലും ശരി, ഉള്ള ബുദ്ധി ചിലപ്പോള്‍ സ്വന്തം നിലയ്‌ക്കങ്ങ്‌ ഉണര്‍ന്നുപ്രവര്‍ത്തിച്ചു കളയും. അങ്ങിനെയുള്ള ബുദ്ധിയാണ്‌ ഇപ്പോള്‍ രാഹുലില്‍ പ്രവര്‍ത്തനനിരതമായതും വരുണില്‍ പ്രവര്‍ത്തനരഹിതമായതും. നെഹറൂജിയുടെ ചിന്നച്ചെറുമക്കളില്‍ ഒന്നിനെ കോണ്‍ഗ്രസുകാര്‍ തോളിലേറ്റുമ്പോള്‍ മറ്റേതിനെ എവിടെയെറിയണമെന്നറിയാതെ ബീജേപിക്കാര്‍ നട്ടംതിരിയുന്നു. ഈ ബുദ്ധിയുടെ ഒരോ കാര്യം.

**********************************

രാജ്യത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ആളുകള്‍ 35 വയസ്സിനുതാഴെയുള്ള ചെറുപ്പക്കാരും കാരികളുമാണെന്നതു ഒരു വലിയ സത്യം. എന്നാല്‍ ഭരണചക്രം തിരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണമെടുക്കാന്‍ പാതിവിരലുകള്‍തന്നെ വേണ്ടിവരില്ലെന്നതാവട്ടേ അതിലും വലിയ സത്യം. ഇനി ആ വിരലിലെണ്ണാവുന്നവരില്‍ പാതിയും തന്തപ്പടിയുടെ തള്ളില്‍ തലപ്പത്തെത്തിപ്പോയതായിരിക്കും എന്നതാവട്ടെ ഉടുതുണിയില്ലാത്ത പെരിയ സത്യവും.

അപ്പോള്‍ ഭരണചക്രം തിരിക്കുന്നതാകട്ടേ ന്യൂനപക്ഷം വരുന്ന കിഴവന്‍മാരുടെ മഹാഭൂരിപക്ഷവും. നിശ്ചയിച്ചാലും ഇല്ലെങ്കിലും നടക്കും എന്നൊരുറപ്പുള്ളതുകൊണ്ടാണല്ലോ വിവാഹം നിശ്ചയിക്കുക ആദിയായ കാര്യങ്ങള്‍ സമൂഹം വൃദ്ധരെ ഏല്‍പിക്കുന്നത്‌. മറ്റൊരു തൊഴിലിലും വൃദ്ധര്‍ക്ക്‌ മുന്‍ഗണനയുള്ളതായി കേട്ടറിവില്ല.

രാഷ്ട്രീയപ്രവര്‍ത്തനവും ഭരണവുമെല്ലാം സേവനമാണെന്നു പറഞ്ഞ്‌ ഒഴിവാകാന്‍ പറ്റുമോ? പറ്റില്ല. പ്രതിഫലം പറ്റി ചെയ്യുന്ന പ്രവൃത്തിയെ തൊഴിലെന്നാണ്‌ വിളിക്കുക. സേവനമെന്നല്ല. ഇനി നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീമമായ പ്രതിഫലമാണെങ്കില്‍ അതിന്‌ കൊള്ള എന്നാണ്‌ പറയുക. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയാല്‍ 60 ല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിരമിച്ച്‌ ശിഷ്ടകാലം രാമനാമം ജപിച്ചുകഴിയണമെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌. അതൊന്നും ഭരണചക്രത്തിലെ വയോജനങ്ങള്‍ക്ക്‌ ബാധകമല്ലെന്നുമാത്രം.

കുഴിയിലേയ്‌ക്ക്‌ കാലുംനീട്ടിക്കിടക്കുന്ന കരുണാകരാദികള്‍ പോലും വേഴാമ്പലിനേപ്പോലെ മുകളിലോട്ട്‌ ഗവര്‍ണറുദ്യോഗം പെരുമഴയായി പതിക്കുന്നതും നോക്കിക്കിടക്കുമ്പോള്‍ തന്റെയും പെങ്ങളുടെയും കടമ ഇവറ്റകളെ ചുമന്ന്‌ സോപാനത്തിലെത്തിക്കുക മാത്രമാണെന്ന തിരിച്ചറിവ്‌ ഇപ്പോള്‍ രാഹുല്‍ജിക്കുണ്ടായി എന്നുവേണം കരുതാന്‍.

*****************************************

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേയ്‌ക്ക്‌ കേമ്പസ്‌ റിക്രൂട്‌മെന്റ്‌ തുടങ്ങിയെന്നാണ്‌ കടലാസുകളില്‍ കാണുന്നത്‌. അതായത്‌ ഇനി ലോക്‌സഭയുടെ ഉമ്മറപടിവാതില്‍ പണ്ട്‌ നെഹറൂജി ആഗ്രഹിച്ചതുപോലെ എഞ്ചിനീയര്‍മാര്‍ക്കും മാനേജുമെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനു കിട്ടിയിരുന്ന ഏകപ്രതിഫലം പണ്ട്‌ 'ഭാരത്‌്‌മാതാ കീ ജയ്‌' ആവേശത്തോടെ വിളിക്കുമ്പോള്‍ ചറപറാ വന്നുവീഴുന്ന പോലീസുകാരുടെ അടിയായിരുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങളായി ശിഷ്ടകാലം ചുമച്ചുചോരതുപ്പലും. നാലക്ഷരവും നാലു സര്‍ട്ടിഫിക്കറ്റും സ്വന്തം കാര്യവും മാത്രം കൈമുതലായുള്ളവരുടെ ആവാസമേഖല വേറെയായിരുന്നു.

വിവരവും വിദ്യാഭ്യാസവും രാജ്യസ്‌നേഹവും മനുഷ്യത്വവും ഒത്തൊരുമിച്ച്‌്‌ ഒരാളില്‍ പ്രത്യക്ഷമാവുക ഏതാണ്ട്‌ മഴവില്ലുപോലെ ഒരു പ്രതിഭാസമാണ്‌. അങ്ങിനെയുള്ളവരെ കണ്ടെത്തി രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍ പങ്കെടുപ്പിക്കാനായി പഴയ രാജ്യസ്‌നേഹികള്‍ കണ്ടെത്തിയതായിരുന്നു രാജ്യസഭ. വിവരമുള്ളവര്‍ക്കും സാംസ്‌കാരികനായകര്‍ക്കും കലാകാരന്‍മാര്‍ക്കുമായി അവിടെ നൂറുശതമാനം സംവരണം. പിന്നീടതില്‍ 90 ശതമാനവും വിവരദോഷികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതും ചരിത്രം.

*************************************

ഇപ്പോള്‍ ഐ.ഐ.ടി ക്കാരും ഐ ഐ എമ്മുകാരുമൊക്കെ ജീവിതം രാഷ്ട്രത്തിനായി ഹോമിക്കുവാന്‍ തയ്യാറെടുത്ത്‌ മാമാങ്കത്തിലെ ചേകോന്‍മാരെപ്പോലെ രാഹുല്‍ജി കേ കമരേ കേ സാമ്‌നേ ഖടേ രഹേ ഹൈ എന്നാണ്‌ കിട്ടിയ വിവരം. ഈ എഞ്ചിനീയറിംഗ്‌ എം.ബി.എക്കാരുടെ രാഷ്ട്രീയബോധവും സാമൂഹികബോധവും തീപ്പെട്ടികണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നതിന്റെ സാമൂഹികപശ്ചാത്തലം ആരെങ്കിലും ആലോചിച്ചുവോ?

തലേന്നുരാത്രിയിലെ ഉറക്കത്തിലുണ്ടായ വെളിപാടാണെങ്കില്‍ ശരി. രാഷ്ട്രം രക്ഷപ്പെട്ടു. യഥാക്രമം എഞ്ചിനീയര്‍മാര്‍ക്ക്‌ വിശ്വേശ്വരൈയ്യയും എം.ബി.എക്കാര്‍ക്ക്‌ ജാംഷേഡ്‌ജിയും സ്വപ്‌നത്തില്‍ പ്രത്യക്ഷരായി അനുഗ്രഹം ചൊരിഞ്ഞതാണെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍. ഇന്നത്തെ റിസഷന്‍ സംഭാവനചെയ്‌ത 'തൊഴിലില്ലായ്‌മ' യാണ്‌ പറ്റിയ പണി രാഷ്ട്രീയമാണെന്ന തിരിച്ചറിവ്‌ സംഭാവനചെയ്‌തതെങ്കില്‍ രാഷ്ട്രത്തിന്റെ അധോഗതിയുടെ ആരംഭം എന്നു കരുതാം.

സര്‍ക്കാര്‍ ഐ.ഐ.എമ്മുകളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും പൊതുജനത്തിന്റെ ചിലവില്‍ പഠിച്ചിറങ്ങിയ എത്ര മഹാന്‍മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്‌, ഇനി എത്രപേര്‍ ഇന്ത്യയില്‍ തന്നെയുണ്ട്‌ എന്ന കണക്കെടുത്താല്‍ തന്നെ മതിയാവും അവരുടെ ദേശസ്‌നേഹത്തിന്റെ ആഴമളക്കാന്‍.

ഇപ്പോഴത്തെ സ്ഥിതിവച്ച്‌ ഒരു സര്‍ക്കാര്‍ 'ദാദ'യ്‌ക്ക്‌ 30 കൊല്ലം പണിതാലും പെന്‍ഷന്‌ സകോപ്പില്ല. കേന്ദ്രം തൊഴിലെടുക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കി. അതിപ്പോള്‍ സേവനത്തിനുമാത്രമാക്കി ചുരുക്കി. ജനത്തിനെല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസ്ഥിതിയില്ലാത്തതുകൊണ്ട്‌ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമാത്രമായി അതങ്ങു നിജപ്പെടുത്തി.

രാപ്പകല്‍ പണിയെടുക്കുന്ന ഒരു എക്‌സിക്യൂട്ടീവിന്‌ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പാക്കേജ്‌ ആണ്‌ ഒരു എം.പി.ക്കുള്ളത്‌. പ്രതിമാസം ലക്ഷങ്ങള്‍. നോ റസ്‌പോണ്‍സിബിലിറ്റി ഫോര്‍ ഫുള്‍ റമ്യൂണറേഷന്‍. എന്തെല്ലാം ആനുകൂല്യങ്ങള്‍? അണ്ടിപ്പരിപ്പും കുപ്പിവെള്ളവും അകത്താക്കാനല്ലാതെ വായതുറക്കാത്ത എത്രയെത്ര ആളുകള്‍ സഭയെ അലങ്കരിച്ചിട്ടുണ്ട്‌. യാതൊരും കുറവും അക്കൂട്ടരുടെ വരുമാനത്തിലുണ്ടായിട്ടില്ല. ആനയെക്കൊണ്ടു പറഞ്ഞതുപോലെയാണ്‌, വായെടുത്താലും വായെടുത്തില്ലെങ്കിലും ലച്ചങ്ങള്‍.

ഒരു കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ നാളെ പണികാണുമോ എന്ന അനിശ്ചിതത്വത്തിലേയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ചുപോവുന്നതിലും നല്ലത്‌ ഒരേയൊരു 'രാഹുല്‍ജീ കീ ജയ്‌' വിളിയുമായി എടുത്തു കോണ്‍ഗ്രസിലേയ്‌ക്ക്‌ ചാടുകയല്ലേ? സുഖജീവിതത്തിന്റെ സുരക്ഷിതത്വത്തിലേയ്‌ക്കുള്ള ഒരെടുത്തുചാട്ടം.

**************************

അതത്‌ മേഖലയിലെ ലോകത്തിലെ നമ്പര്‍ വണ്‍ ആയിരുന്ന ബെയറിംഗ്‌സ്‌ ബാങ്കും എഐജിയും ഇന്ത്യയിലെ സത്യവും പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ലല്ലുപ്രസാദ്‌ യാദവന്മാരും പിണറായി വിജയനും കൂട്ടരും ഒന്നുമല്ലായിരുന്നു. ഒന്നാംതരം മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ തന്നെയായിരുന്നു. ഒടുവില്‍ കമ്പനിയെ അനിക്‌സ്‌പ്രേയുടെ ആ പഴയ പരസ്യം പോലെ ആക്കിക്കൊടുക്കുവാന്‍ പറ്റിയതും ആ വൈദഗ്‌ദ്ധ്യം കൊണ്ടുതന്നെയാണ്‌. പൊടിപോലുമുണ്ടായില്ല കണ്ടുപിടിക്കാന്‍.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങിനെയാവുമ്പോള്‍, പഠിച്ച കള്ളനെക്കാളും രാഷ്ട്രത്തിന്‌ ദ്രോഹം ചെയ്യാതിരിക്കുക പഠിക്കാത്ത കള്ളന്‍ തന്നെയല്ലേ. ലേശം വിവരം കുറഞ്ഞവരാവുമ്പോള്‍ കാലിത്തീറ്റയോ ജീരകമോ കൊണ്ടൊക്കെ തൃപ്‌തിപ്പെട്ടുകൊള്ളും. വിവരം ലേശം കൂടിയതുകൊണ്ടാണ്‌ ലാവ്‌ലിന്‍ സംഭവിച്ചത്‌. അനുവദനീയമായ അഹന്തയുടെ അളവ്‌ അതിലും കൂടിപ്പോയതുകൊണ്ടാണ്‌ സംഗതികള്‍ ഇപ്പരുവത്തിലായതും.

ചുരുക്കിപ്പറഞ്ഞാല്‍, തലപ്പത്ത്‌ വിവരം ലേശം കുറഞ്ഞവരാവുമ്പോള്‍ രാജ്യം ലോകഭൂപടത്തില്‍ തന്നെയുണ്ടാവും എന്നൊരു മെച്ചമുണ്ട്‌. ഉദരനിമിത്തം രാഷ്ട്രീയത്തിലേക്കെടുത്തുചാടിയ ബുദ്ധിരാക്ഷസന്‍മാരുടെ കൈയ്യിലാണ്‌ ഭാവിഭരണമെങ്കില്‍ നാളെ ഭുപടത്തില്‍ നിന്നും രാഷ്ട്രം തന്നെ അപ്രത്യക്ഷമായിക്കൂടെന്നില്ല. അതുകൊണ്ട്‌ നാം കരുതിയിരിക്കുക. വിവരത്തോടൊപ്പം ആനുപാതികമായ അളവില്‍ വിവേകവും അതിലുപരിയായി രാജ്യസ്‌നേഹവും ഉള്ളവരാകണം കടന്നുവരുന്നത്‌ എന്നുറപ്പാനുള്ള ഒരു കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റുകൂടി (CAT) കോണ്‍ഗ്രസുകാര്‍ നടത്തിയേ പറ്റൂ.

July 01, 2009

ടിയാനെന്‍മെനിനു 20 വര്‍ഷങ്ങള്‍ക്കുശേഷം - ബാവോ തുങ്‌ (Bao Tong)

tian-1.jpgന്റെ മകന്റെ ഭാര്യയില്‍ നിന്നും മാര്‍ച്ചില്‍ എനിക്കൊരു കത്തുകിട്ടി. അമേരിക്കയിലുള്ള അവള്‍ നാലുവര്‍ഷം മുന്നേ എനിക്കയച്ച കത്ത്‌. 1996ല്‍ ഞാന്‍ ജയില്‍ വിമോചിതനായശേഷം എനിക്കുവരുന്ന എല്ലാ സ്വകാര്യ എഴുത്തുകളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ശാന്തമായി ജീവിക്കാനും എഴുതുവാനുമായി മാത്രമാണ്‌ ഞാനിപ്പോള്‍ എന്റെ ഭൂരിഭാഗം സമയവും ചിലവിടുന്നത്‌. ഒരു ഫാക്‌സ്‌മെഷീന്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ അതുമല്ലെങ്കില്‍ ഒരു സ്വകാര്യ മൊബൈല്‍ഫോണ്‍ ഒന്നും തന്നെ ഉപയോഗിക്കുവാനുള്ള അനുമതി എനിക്കില്ല. സന്ദര്‍ശകര്‍ക്കൂ കൂടി എന്നെ കാണുവാന്‍ സാദ്ധ്യമാവുക സുരക്ഷാഉദ്യോഗസ്ഥരുടെ സമ്മതത്തോടുകൂടിമാത്രമാണ്‌. സന്ദര്‍ശകവിവരങ്ങള്‍ അവരുടെ അടുത്തു രേഖപ്പെടുത്തി അനുവാദം വാങ്ങിയശേഷം മാത്രം.

1989 ജുണ്‍ 4 നു നടന്ന വിദ്യാര്‍ത്ഥി കൂട്ടക്കൊലയ്‌ക്കുശേഷം ചൈന ഒരു പാടു മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. എങ്കിലും വേണ്ടത്ര മാറിയിട്ടില്ല. ആ കാലത്ത്‌ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ റിസര്‍ച്ച്‌ ഓഫീസ്‌ തലവനായിരുന്നു ഞാന്‍. വളരെ ദയാലുവായ ഒരാള്‍ എന്നു പലരും കരുതിയിരുന്നൂവെങ്കിലും ഒരിക്കലും അങ്ങിനെയല്ലാതിരുന്ന ഡെങ്‌ സിയാവോപിങ്‌ ആയിരുന്നു ഞങ്ങളുടെ നേതാവ്‌.

പാര്‍ട്ടിതലവനാവട്ടേ ഷാവോ സിയാങ്ങും. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പോലുള്ള ചില ന്യായമായ പ്രശ്‌നങ്ങളിലെങ്കിലും നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഡെങ്‌ മെയ്‌ 13ാം തീയ്യതി ഷാവോയെ കണ്ട്‌ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ യോജിപ്പ്‌ അറിയിക്കുകയും ചെയ്‌തു. അതാകട്ടേ എന്നു ഒരുപാട്‌ സന്തോഷിപ്പിച്ചു. താമസിയാതെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുള്ള പദ്ധതികളുടെ തയ്യാറെടുപ്പ്‌ ഞാന്‍ തുടങ്ങുകയും ചെയ്‌തു.

മെയ്‌ 17. അപ്രതീക്ഷിതമായി എല്ലാം അവതാളത്തിലായി. ഡെങ്‌ പട്ടാളനിയമം അടിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഷാവോ വീട്ടുതടങ്കലിലായി. അദ്ദേഹം 2005 ലാണ്‌ മരണമടഞ്ഞത്‌.

മാര്‍ച്ച്‌ 28ാം തീയ്യതി പൊളിറ്റ്‌ബ്യൂറോയുടെ ഒരു സ്‌റ്റാന്റിംഗ്‌ കമ്മിറ്റി മീറ്റിംഗിന്‌ ഞാന്‍ വിളിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരു മീറ്റിംഗും അന്നവിടെ ഉണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഒരു അംഗം - ആ പേര്‍ ഞാന്‍ വെളിപ്പെടുത്തുകയില്ല - അവിടെ സന്നിഹിതനായിരുന്നു. സുരക്ഷിതമായ ഏതെങ്കിലും കേന്ദ്രത്തിലേയ്‌ക്ക്‌ ഞാന്‍ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി റിസര്‍വ്വുചെയ്യപ്പെട്ട ഒരു കെട്ടിടത്തിലാണല്ലോ ഞാന്‍ കഴിയുന്നതെന്നായിരുന്നു എന്റെ പ്രതികരണം. എന്റെ കൈ മുറുകെപിടിച്ചുകൊണ്ട്‌ കൂടുതല്‍ സുരക്ഷിതമായ ഒരിടം എനിക്കറിയാം എന്ന്‌ അദ്ദേഹം പറഞ്ഞു. പുറത്തുണ്ടായിരുന്ന എന്റെ കാര്‍ അപ്പോഴേയ്‌ക്കും അപ്രത്യക്ഷമായതും ഞാന്‍ കണ്ടു. കൂടാതെ, പോലീസുകാര്‍ എനിക്കായി കാത്തുനില്‌ക്കുന്നതും.

ഒരു മലമുകളിലേയ്‌ക്ക്‌ അവര്‍ എന്നെയുംകൊണ്ട്‌ യാത്രയായി. ക്വിന്‍ജങ്ങ്‌ (Qincheng) ജയിലിന്റെ പടുകൂറ്റന്‍ ഉരുക്കു കവാടത്തിനുമുന്നില്‍ ആ യാത്ര അവസാനിച്ചു.

വര്‍ത്തമാനകാല ചൈനീസ്‌ നേതാക്കളാരും തന്നെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തില്‍ ഉത്തരവാദികളല്ല. tian-2.jpgഎങ്കിലും സത്യം അവര്‍ക്കറിയാം. ആ സത്യം അവര്‍ക്കു പങ്കുവെയ്‌ക്കുവാനും കഴിയും. അല്ലെങ്കില്‍ എക്കാലവും ഈയൊരു ടെന്‍ഷന്‍ നിലനില്‌ക്കുകയേ ഉള്ളൂ.

ഞാനിന്ന്‌ കാണാനാഗ്രഹിക്കുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ചൈനയില്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ ആരെങ്കിലുമായി സ്വതന്ത്രമായി ഒരു അഭിമുഖം നടത്താനാവുമെങ്കില്‍, എന്നെ ഏറ്റവുമധികം ആഹ്ലാദചിത്തനാക്കുക അതായിരിക്കും.

അവര്‍ക്കുവേണ്ടി കേസു വാദിക്കുവാന്‍ സ്വന്തമായി വക്കീലിനെ ഏര്‍പ്പാടാക്കുവാനുള്ള സ്വാതന്ത്ര്യം കിടപ്പാടം നഷ്ടപ്പെട്ട നമ്മുടെ കര്‍ഷകര്‍ക്കുണ്ടെങ്കില്‍, തീര്‍ച്ചയായും അതെന്നെ സന്തുഷ്ടനാക്കും.

ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കുക എന്ന തത്വത്തിനോട്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി യോജിപ്പിലെത്തുന്നുവെങ്കില്‍, അതെന്നെ ഏറ്റവും സന്തുഷ്ടനാക്കും.

20 വര്‍ഷങ്ങള്‍ക്കുമുന്നേ കുറ്റക്കാരെന്നു വിധിക്കപ്പെട്ട ആ നിരപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നൂവെങ്കില്‍, ഞാന്‍ തികച്ചും സന്തുഷ്ടനായിരിക്കും. എന്നാല്‍ ഉന്നതമായ അത്തരം പ്രതീക്ഷകളൊന്നും ഞാന്‍ വച്ചുപുലര്‍ത്തുന്നുമില്ല.

(ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം. ബാവോ തുങ്‌ ഇന്ന്‌ ഒരു ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകനായി ബീജിങ്ങില്‍ കഴിയുന്നു. )

June 22, 2009

മലയാളംപേശും പിരിച്ചുവിടലും പിന്നെ തിരിച്ചെടുക്കലും


apollo-hospita.jpgണ്ട പിച്ചക്കാര്‌ വ്രണം വച്ചുകെട്ടാന്‍ കയറിവരുന്ന ധര്‍മ്മാശുപത്രിയാണ്‌ അപ്പോളോ എന്നാണോ മലയാളിമാലാഖമാര്‍ കരുതിയത്‌. സാക്ഷാല്‍ അപ്പോളോ ദേവനെക്കാളും ഒരു ടീസ്‌പൂണ്‍ കൂടി അധികാരം കൈയ്യാളുന്ന ഇന്ദ്രപ്രസ്ഥത്തെ ദേവേന്ദ്രന്‍മാര്‍ക്ക്‌ മൂക്കിന്നൊലിച്ചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍മ്മനിരതരായി ആ ഒഴുക്കിന്‌ അണകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി നാടിനെയും നഗരത്തെയും രക്ഷിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ്‌ അപ്പോളോ കാലം കുറെയായി നിര്‍വ്വഹിച്ചുവരുന്നത്‌.

നാഗങ്ങളില്‍ നാഗരാജനെപ്പോലെയും ഊരുകളില്‍ ഇന്ദ്രപ്രസ്ഥം പോലെയുമാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ അപ്പോളോ. ആ അപ്പോളോയുടെ സൂപ്രണ്ട്‌ എന്നുപറഞ്ഞാല്‍ ആരാ? ചൊറിയും കുത്തി ചടഞ്ഞിരിക്കുന്ന സര്‍ക്കാര്‍ ഗുമ്‌സ്‌തന്‍ മൂത്ത വിവരദോഷിയാണോ അതോ കൊല്ലിനും കൊലയ്‌ക്കും അധികാരമുള്ള ജന്മമോ?

പണിയും കഴിഞ്ഞ്‌ ഇറങ്ങുമ്പോഴോ അതോ കയറുമ്പോഴോ മറ്റോ ലിഫ്‌റ്റിനടുത്തുവച്ചാണ്‌ ഈ ദാരുണമലയാളദുരന്തം നടന്നത്‌ എന്നാണ്‌ നേഴ്‌സുമാര്‍ പറയുന്നത്‌. അതായത്‌ ലീവിനുള്ള കാര്‍ഡ്‌ കൊടുക്കണം എന്നു മലയാളത്തില്‍ പേശി. ആ പറഞ്ഞതില്‍ തന്നെ മൂന്നില്‍ രണ്ട്‌ ഇംഗ്രീസാണല്ലോ എന്റെ സര്‍ജിക്കല്‍ ഭഗവതീ എന്നോമറ്റോ ഒരു നഴ്‌സിന്റെ മാതാവ്‌ വിലപിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

ലേശം കൂടി വിവരമുണ്ടായിരുന്നെങ്കില്‍ അവറ്റകള്‍ ലിഫ്‌റ്റിനെയും നിമ്‌ന്നോന്നതയാത്രായന്ത്രം എന്നോ മറ്റോ വിളിച്ച്‌ അപമാനിച്ചുകളയുമായിരുന്നു എന്ന്‌ ആശുപത്രി മേധാവികളും അഭിപ്രായപ്പെട്ടതായി അറിയുന്നു. പിണറായിയന്‍ ശൈലി വിലയ്‌ക്കെടുത്താല്‍ വല്ലാത്ത അവമതി നഴ്‌സുമാര്‍ക്കും അപ്പോളോ പ്രസ്ഥാനത്തിനും.

ആ പറഞ്ഞ വാചകത്തില്‍ തന്നെ മൂന്നില്‍ രണ്ട്‌ ഇംഗ്ലീഷായിരുന്നുവെന്നതുകൊണ്ടുമാത്രമാണ്‌ ഒരു വന്‍ദുരന്തം ഒഴിവായത്‌. അതായത്‌ ലീവിനുള്ള കാര്‍ഡ്‌ കൊടുക്കണം എന്നതിലെ ലീവും കാര്‍ഡും ഇംഗ്ലീഷ്‌. കൊടുക്കണം എന്നത്‌ ഇംഗ്ലീഷല്ലാതായുംപോയി. കേരളത്തിലെ നടപ്പു മൂല്യനിര്‍ണയരീതിവച്ച്‌ ഇംഗ്ലീഷുവാദ്ധ്യര്‍ ഇതിനെങ്ങിനെ മാര്‍ക്കു കൊടുക്കും.

'അവധിക്കുള്ള അപേക്ഷ കൊടുക്കണം' എന്നത്‌ ഇംഗ്ലീഷിലേയ്‌ക്കു വിവര്‍ത്തനം ചെയ്യുകയാണ്‌ ഒരു ചോദ്യം എന്നു കരുതുക. ചോദ്യം അതേപടി എഴുതിവച്ചാല്‍ പകുതി കൊടുക്കണം എന്നാണല്ലോ ഉപദേശം. അപ്പോള്‍ ലീവിന്‌ കാര്‍ഡുകൊടുക്കണം എന്നെഴുതിയാല്‍ എഴുതിയ കുട്ടിക്ക്‌ ഒരു ഫുള്ളിനും പിന്നെയൊരാഫിനും അര്‍ഹതയില്ലേ.

അപ്പോള്‍ ഈ വകകാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മലയാളഭാഷയോടും സാഹിത്യത്തോടും പ്രേമമുള്ള മുഴുവനാളുകളും പറ്റുമെങ്കില്‍ വിദ്യാഭ്യാസമന്ത്രികൂടി തുല്യം ചാര്‍ത്തിയ ഒരു പ്രതിഷേധക്കുറിപ്പ്‌ എത്രയും വേഗം അപ്പോളോയ്‌ക്ക്‌ അയയ്‌ക്കുകയാണ്‌ വേണ്ടത്‌.

നേഴ്‌സുമാര്‍ സംസാരിച്ചത്‌ മലയാളത്തിലല്ല, ലോഗന്‍ സായ്‌പിന്റെ ഓര്‍മ്മയ്‌ക്കായി മലബാറില്‍ രുപം കൊണ്ട്‌ കേരളം മുഴുക്കെ ഇപ്പോള്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന മലഗ്ലീഷ്‌ എന്ന മണിപ്രവാളഭാഷയിലാണെന്ന്‌ സൂപ്രണ്ടിനെ ഇതിനകം ബോദ്ധ്യപ്പെടുത്താന്‍ ദില്ലി മലയാളികള്‍ക്ക്‌ കഴിഞ്ഞുവെന്നാണ്‌ ഇപ്പോള്‍ കിട്ടിയ വിവരം.

സുപ്രണ്ടുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ചാനല്‍ പ്രതിനിധി ഗീബല്‍്‌സ്‌ ഇപ്പോള്‍ ഇല്ലാത്ത ലൈനില്‍ എത്തിയിട്ടുണ്ട്‌. നമുക്ക്‌ ഒന്ന്‌ സംസാരിക്കാം.

ഹലോ ഗീബല്‍സ്‌ കേള്‍ക്കുന്നില്ലെങ്കിലും കേള്‍ക്കുന്നുണ്ടല്ലോ. ഇവിടെ ജനങ്ങളെല്ലാം ആകാംക്ഷാഭരിതരായി ഇരിക്കുകയാണ്‌. എന്താണ്‌ ഇപ്പോള്‍ സൂപ്രണ്ടുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍.

നിത്യാ, കഴിഞ്ഞ കുറേ മണിക്കൂറുകളായി അപ്പോളോ ഹോസ്‌പിറ്റല്‍ സൂപ്രണ്ടുമായി ബന്ധപ്പടാന്‍ പാടുപെടുകയായിരുന്നു. പല apollo-hospital2.jpgചാനലുകളും ആവുന്നതു ശ്രമിക്കുന്നുണ്ടെങ്കിലും കാണാന്‍ പറ്റിയില്ല. നമ്മള്‍ക്ക്‌ മാത്രമായിട്ടാണ്‌ ഇങ്ങിനെയൊരു അഭിമുഖം ലഭിച്ചിരിക്കുന്നത്‌. അതും യു.എസ്‌.പ്രസിഡണ്ട്‌ ഒബാമയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും നേരിട്ടുവിളിച്ചശേഷം, തീര്‍ന്നില്ല അപ്പോളോ ചെയര്‍മാന്‍ തന്നെ പലതവണ അപേക്ഷിച്ചപ്പോള്‍ മാത്രമാണ്‌ സൂപ്രണ്ടദ്ദേം കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി തന്നത്‌. ഇത്രയും കാര്യങ്ങള്‍ ആമൂഖമായി പറഞ്ഞിട്ടില്ലെങ്കില്‍ ജനം വിശ്വസിക്കുകയില്ല എന്നതുകൊണ്ടാണ്‌ വിശദീകരിക്കുന്നത്‌. വത്തിക്കാനിലെ പോപ്പിനെ കിട്ടിയെന്നുപറഞ്ഞാല്‍ ജനത്തിനു വിശ്വാസക്കുറവുണ്ടായെന്നുവരില്ല. അപ്പോളോ സൂപ്രണ്ട്‌ന്ന്‌ വച്ചാല്‍ ആരാ?

്‌അപ്പോള്‍ ഗീബല്‍സ്‌ എന്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം?

നിര്‍ക്കണ്ടന്റെ കൈയ്യില്‍ വടിവാളുവീണുകിട്ടി എന്നതുപോലെയൊരു പ്രകൃതമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഒരിക്കലും നമ്മള്‍ മാത്രം പ്രതീക്ഷിക്കുന്നതുപോലെയല്ലല്ലോ കാര്യങ്ങള്‍. സൂ്‌പ്രണ്ട്‌ വളരേ ശാന്തനായിരുന്നു.

ഗീബല്‍സ്‌, ധൃതിപ്പെടുകയൊന്നും വേണ്ട, ഇന്നത്തെ ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ ഇതിനായി മറ്റിവച്ചിട്ടുണ്ട്‌. ്‌അതുകൊണ്ട്‌ വിശദമായ ഒരു റിപ്പോര്‍ട്ടാണ്‌ വേണ്ടത്‌.

ഓ.കെ. നിത്യന്‍. നഴ്‌സുമാരെ പിരിച്ചുവിട്ടു എന്നിടത്തുനിന്നുമാണല്ലോ കാര്യങ്ങളുടെ തുടക്കം. പറഞ്ഞത്‌ മൂന്നില്‍ രണ്ടും ഇംഗ്ലീഷാണെന്ന്‌ ബോദ്ധ്യപ്പെട്ടതുകൊണ്ടുമാത്രമാണ്‌ അവറ്റകളെ മരണം വരെ കുത്തിവച്ച്‌ കൊല്ലാതിരുന്നത്‌ എന്നാണറിവായിട്ടുള്ളത്‌. അവധിക്കുള്ള അപേക്ഷ കൊടുക്കണം എന്നു പച്ചമലയാളത്തിലായുരുന്നു നേഴ്‌സുമാര്‍ പറഞ്ഞിരുന്നതെങ്കില്‍ അതൊരു വന്‍ദുരന്തം തന്നെയായേനെ. ജീവിതത്തില്‍ നിന്നും തന്നെ പിരിച്ചുവിട്ട്‌ വെള്ള പുതപ്പിച്ച്‌ മാലാഖമാരെ അവരവരുടെ അവകാശികള്‍ക്ക്‌ അയച്ചുകൊടുത്തേനെ എന്നും സൂപ്രണ്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌ നിത്യന്‍.


ശരി ഗീബല്‍സ്‌. പിന്നെ അവരോട്‌ രാജി ആവശ്യപ്പെട്ടു എന്നോ മറ്റോ പറഞ്ഞതില്‍ എത്രമാത്രം വസ്‌തുതയുണ്ട്‌?

നിത്യന്‍, അവനവന്‌ ചാവുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നിയാല്‍ കൂടി വാട്ടര്‍ വാട്ടര്‍ എന്നേ പറയാവൂ, ഇനി രോഗിയാണ്‌ വെള്ളം വെള്ളം എന്നുവിലപിക്കുന്നതെങ്കില്‍ വാട്ടര്‍ എന്നു പറയുന്നതുവരെ ഒരു തുള്ളിവെള്ളം കൊടുക്കരുത്‌ എന്ന ഉത്തരവ്‌ നിലവിലുള്ളപ്പോഴാണ്‌ നഴ്‌സുമാര്‍ ഈ അക്രമം കാട്ടിയത്‌ എന്നതും ശ്രദ്ധേയമാണ്‌. ഇതെല്ലാമായിട്ടും ഓണ്‍ലി 34000 റുപ്പീസ്‌ അടച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിപ്പോയ്‌ക്കൊള്ളാനുള്ള ഒരു സുവര്‍ണാവസരവും സൂപ്രണ്ട്‌ കൊടുത്തു. പോരാതെ അതിര്‍ത്തി ലംഘിച്ച ജിഹാദികള്‍ക്ക്‌ പാക്കിസ്ഥാനിലേയ്‌ക്കെന്നപോലെ, നേഴ്‌സുമാര്‍ക്ക്‌ അപ്പോളോയില്‍നിന്നും പുറത്തേയ്‌ക്ക്‌ ഒരു സുരക്ഷിതപാതയും ഒരുക്കിക്കൊടുത്തു എന്നതും ശ്രദ്ധേയം. എന്നിട്ടും പഴികേള്‍ക്കേണ്ടിവന്നൂ എന്നാണ്‌ സൂപ്രണ്ടദ്ദേം പറയുന്നത്‌.

അപ്പോള്‍ ഇങ്ങിനെയൊരു കടുംകൈയ്‌ക്ക്‌ നേഴ്‌സുമാരേ പ്രേരിപ്പിച്ചത്‌ എന്താണ്‌ എന്ന വല്ല സൂചനയുമുണ്ടോ ഗീബല്‍്‌സ്‌?

നിത്യന്‍, നേരത്തെ പറഞ്ഞതുപോലെ മലയാളം പറയാനോ ചിന്തിക്കാനോ പാടില്ലെന്നു ഉത്തരവിറക്കിയശേഷമാണ്‌ ഈയൊരു അതിക്രമം നേഴ്‌സുമാരുടെ ഭാഗത്തുനിന്നുമുണ്ടായത്‌. എത്രയാളുകള്‍ക്ക്‌ ഇംഗ്ലീഷറിയാതെയുണ്ട്‌. അറിയില്ലെങ്കില്‍ നിത്യനെപ്പോലെ മുണ്ടാതിരുന്നാല്‍ പോരേ? മിണ്ടിയാലല്ലേ മിണ്ടിയത്‌ ഫൗളാവുക.

ഗീബല്‍സ്‌ ഒരു നിമിഷം അതിലൊന്നിടപെടട്ടെ. അതു തികച്ചും ശരിയാണ്‌. ഇംഗ്ലണ്ടില്‍ ഊമകളെ മരണം വരെ തൂക്കിലിടാന്‍ ഉത്തരവിറങ്ങാത്ത സ്ഥിതിയ്‌ക്ക്‌ അത്തരമൊരു കാര്യം ആലോചിക്കേണ്ടതാണ്‌. പിന്നെ വേറൊരു കാര്യം. ഗതികെട്ടാല്‍ പുലി പേട്ടയ്‌ക്ക്‌ വണ്ടികയറുന്നതുപോലെ നിത്യനും ഇംഗ്ലീഷ്‌ സംസാരിച്ചുകളയും. ഇംഗ്ലണ്ടിലെ സകര വിവരദോഷികളെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ടാണ്‌ തുടങ്ങുക. ഇംഗ്ലണ്ടിലെ പൊട്ടനും ഇംഗ്ലീഷാണല്ലോ സംസാരിക്കുന്നത്‌.

ഇപ്പോള്‍ സാംസ്‌കാരിക നായകന്‍ ശ്രീ. ആലക്കോട്‌ ലൈനിലുണ്ട്‌. ശ്രീ ആലക്കോട്‌ 'നമ്മുടെ നഴ്‌സുമാര്‍ പിരിച്ചുവിടരുതെന്ന്‌ കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല' എന്നതാണ്‌ ആരോപണം. എന്തുപറയുന്നു.

ഈ കരഞ്ഞൂ പറഞ്ഞൂ എന്നെല്ലാം കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ സ്വാഭാവികമായും എന്റെ മനോരഥ്യകളിലേയ്‌ക്ക്‌ അലസമായും അപ്രതീക്ഷിതമായും കടന്നുവരികയാണ്‌ മന്ദം മന്ദം.

ഒരു ബിലാത്തി മദാമ്മയേയും ഒരു ഭാരതമൂദേവിയേയും അടുത്തടുത്തു നിര്‍ത്തി മുഖമടച്ച്‌ രണ്ടുവീതം കൊടുത്താല്‍ രണ്ടുകൂട്ടരും അവരവരുടെ തൊള്ളബലത്തിനനുസരിച്ച്‌ നിലവിളിയ്‌ക്കും. ആ നിലവിളി ഇംഗ്ലീഷിലാണോ പരന്ത്രീസിലാണോ എന്നു തിരച്ചറിയാന്‍ സൂപ്രണ്ടിനുപോയിട്ട്‌ ഷെപ്പേര്‍ഡിനാവുമോ? നേരെ മര്യാദയ്‌ക്ക്‌ ഇംഗ്ലീഷ്‌ പറയാത്തവര്‍ അത്തരമൊരു ദുരവസ്ഥയില്‍ നിലവിളിച്ചത്‌ ഇംഗ്ലീഷിലാണെന്നുപറഞ്ഞാല്‍ സാഹചര്യത്തെളിവുകള്‍ വച്ച്‌ സത്യമാവാന്‍ വഴിയില്ല.

apolo-hosp3.jpgഇനി ഏതെങ്കിലും 'വിവരദോഷികള്‍' മനസ്സിലുണ്ടാവട്ടേ ഇത്തിരി നന്മയും അല്‌പം കൊന്നപ്പൂവും' എന്നൊക്കെ എഴുതിയത്‌ വായിച്ച്‌ വഴിതെറ്റിപ്പോയതാണ്‌ നമ്മുടെ സഹോദരിമാരെങ്കില്‍ അവര്‍ അതു തിരുത്തി മുന്നേറുകയാണ്‌ വേണ്ടത്‌. മലയാളം മലയാളം ഗോ എവേ. നഴ്‌സ്‌ പ്രോപ്പോസസ്‌, സൂപ്രണ്ട്‌ ഡിസ്‌പോസസ്‌ എന്നു കരുതിയാല്‍ മതി തല്‌ക്കാലം. ഇപ്പോള്‍ പിരിച്ചുവിട്ടതല്ലേ ഉള്ളൂ. വല്ല കടലാസിലോ മൂത്രപ്പുരയിലെ ചുമരിലോ ചില്ലറ എളിയ മലയാളസാഹിത്യ പരിശ്രമം കൂടി നടത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവരുടെ അവസ്ഥ.

അപ്പോള്‍ ഇത്തരമൊരു പരിതസ്ഥിതിയില്‍ എന്താണ്‌ താങ്കള്‍ക്ക്‌ പൊതുസമൂഹത്തോട്‌ പറയാനുള്ളത്‌.

സാമൂഹ്യപ്രശ്‌നങ്ങളെ കണ്ണുമടച്ച്‌്‌ അവലോകനം ചെയ്യാനും പ്രതിവിധി കുറിച്ചുനല്‌കാനും ബാദ്ധ്യതപ്പെട്ട ഒരു സാമൂഹ്യവിരുദ്ധന്‍ എന്ന നിലയില്‍ മാത്രം ചിലതു പറയാം. ഭൂമിശാസ്‌ത്രപരമായ വൈകല്യങ്ങള്‍ കാരണം ഇംഗ്ലീഷു വശമില്ലാത്ത ഒരു മലയാളിരോഗിയെ അബോധാവസ്ഥയില്‍ മാത്രമേ അവിടെ പ്രവേശിപ്പിക്കാവൂ. അവിടുത്തെ ആ സൂപ്രണ്ടിന്റെ മുന്നില്‍ പെടുന്നതിലും ഭേദം അന്തകസന്നിദ്ധി പൂകുന്നതായിരിക്കും. അന്തകനാവുമ്പോള്‍ പറമ്പും വീടും കൊണ്ടുപോവുകയില്ലെന്ന ഒരു ആനുകൂല്യവുമുണ്ട്‌.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. മലയാളി സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ കാരണം പിരിച്ചുവിട്ട നേഴ്‌സുമാരെ തിരിച്ചെടുത്തിട്ടുണ്ട്‌. പിരിച്ചുവിട്ടിട്ടേയില്ലെന്നാണ്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്‌. മലയാളത്തില്‍ സംസാരിച്ചിട്ടേയില്ലെന്ന്‌ നഴ്‌സുമാരും താമസിയാതെ അറിയിക്കുമെന്ന്‌ തോന്നുന്നു. അതിനെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച ഒരിടവേളയ്‌ക്ക്‌ ശേഷം അന്തമില്ലാതെ തുടരുന്നതായിരിക്കും. ഒരു ബ്രേയ്‌ക്ക്‌ എടുക്കേണ്ടതുകൊണ്ടുമാത്രം തല്‌ക്കാലം വിട.

June 05, 2009

വംഗദേശം വഴി മൂന്നാം മുന്നണി ബംഗാള്‍ ഉള്‍ക്കടലിലേക്ക്

manmohansingh.jpgഇന്നു ബ്രാഹ്മമുഹൂര്‍ത്തം വരെ കിറുകൃത്യമായി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറ്റിനിര്‍ത്തി മൂന്നാംമുന്നണികേന്ദ്രത്തില്‍ അധികാരം കൈയ്യാളുന്ന സുന്ദരസ്വപ്‌നവുമായിട്ടായിരുന്നു വിപ്ലവകാരികള്‍ ഉണര്‍ന്നെണീറ്റിരുന്നത്‌. ഇനി മൂന്നാം മുന്നണിയെക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ പറ്റിയില്ലെങ്കില്‍ നാലാം മുന്നണിയെയും കൂട്ടി ഭരിക്കുവാനുള്ളവെപ്രാളമായിരുന്നു. അതുകൊണ്ടും എണ്ണം തികഞ്ഞില്ലെങ്കില്‍ നൂറാം മുന്നണിവരെയുള്ളവരെ ചേര്‍ത്താല്‍ സംഗതികേമം. ഉറച്ച ഭരണം കേന്ദ്രത്തില്‍ ഉറപ്പുവരുത്തുകയായിരുന്നു ഏകലക്ഷ്യം.

ഭൂരിപക്ഷം കിട്ടിയാലും ബി.ജെ.പിയെക്കൊണ്ട ഭരിപ്പിക്കരുത്‌ എന്ന തികച്ചും ജനാധിപത്യപരമായ അസ്സല്‍ അഭിപ്രായമായിരുന്നു കാരാട്ടിന്റേത്‌. കോണ്‍ഗ്രസിനു പിന്തുണകൊടുക്കുകയുമില്ല. അതായത്‌ ഒന്നാം ക്ലാസില്‍ ജയിച്ച കോണ്‍ഗ്രസുകാര്‍ ഔട്ട്‌. രണ്ടാംക്ലാസില്‍ ജയിച്ച ബി.ജെ.പിക്കാരും ഔട്ട്‌. മോഡറേഷനിലൂടെ വന്ന യോഗ്യന്‍മാര്‍ ഭരിക്കും എന്ന തങ്കപ്പെട്ട ജനാധിപത്യപരമായ നിലപാട്‌. അതിലും ഭേദം ഇന്ത്യന്‍ വിപ്ലവം തന്നെയങ്ങ്‌ നടത്തി അധികാരം പിടിച്ചെടുക്കുകയല്ലേ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. ഇതെല്ലാം തന്നെയാണ്‌ വിപ്ലവം എന്നും ആ വിപ്ലവത്തിലേയ്‌ക്കുള്ള ചാമുണ്ഡികളുടെ ഒടുക്കത്തെ ചാട്ടമാണിതെന്നും മനസ്സിലായത്‌ ഫലം കണ്ടപ്പോഴാണ്‌.

ഇതിന്‌ ഗ്രന്ഥങ്ങളില്‍ അടവുനയം എന്നു പറയും. അതായത്‌ അഭ്യാസിക്ക്‌ നില്‌ക്കാന്‍ ഒരു തറയുടെ ആവശ്യമില്ലാത്ത പയറ്റ്‌. പത്തൊമ്പതാമത്തെ അടവ്‌. കംപ്ലീറ്റ്‌ പരിപാടിയും നടക്കുക നിലം തൊടാതെയാണ്‌. അതുകൊണ്ട്‌ അടവുമാത്രം മതി. നിലപാടു വേണ്ട. ആ മുന്തിയ അടവിന്റെ നല്ല പരീക്ഷണശാലയായി കേരളത്തെ തിരഞ്ഞെടുത്തു. പൊന്നാനിയിലെ മികച്ച ലാബില്‍ ഒന്നാംഘട്ട പരീക്ഷണം. രണ്ടാമത്തേ മുന്തിയ ലാബ്‌ വടകരയിലും കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ പരീക്ഷണം അവസാനിച്ചു. ലാബടക്കം ജനകീയാഗ്നിക്കിരയായതാണ്‌ വിവരം.

പണ്ട്‌ പറ്റിയ ചരിത്രപരമായ മണ്ടത്തരം ഇക്കുറി ആവര്‍ത്തികുകയില്ലെന്ന ഉറപ്പ്‌ വേണ്ടപ്പെട്ടവര്‍ നല്‌കിയിരുന്നു. എന്നാല്‍ ജനത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ അതൊന്നും പതിച്ചില്ല. പണ്ടുണ്ടായിരുന്നത്‌ പകുതിയായി കിട്ടിയത്‌ മിച്ചം. ബംഗാളില്‍ രണ്ടുദശാബ്ദമായി പാര്‍ട്ടി ഭരണം കൊണ്ടുണ്ടായ നേട്ടം ഇപ്പോള്‍ തൃണമൂലിനെ ഇമ്മിണി ബല്യ ഒന്നായി മാറ്റിക്കൊടുത്തതാണ്‌.

കേരളത്തിലെ സ്ഥിതിയും പാര്‍ട്ടിയുടെ സുചിന്തിതമായ നിലപാടുകള്‍ കൊണ്ട്‌ ഒരുപാട്‌ മെച്ചപ്പെട്ടു. ലക്ഷങ്ങളുടെ വോട്ടിന്‌ വിജയിച്ച വടകര മണ്ഡലത്തിലടക്കം പാര്‍ട്ടിയെ കുളിപ്പിച്ചുകിടത്തിക്കൊണ്ട്‌ അവര്‍ അതുകൈവരിച്ചു. ഇനി വിശേഷിച്ച്‌ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ആരാണ്‌ കുലം കുത്തിയത്‌ എന്ന ഗവേഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം കാരാട്ടിനുണ്ട്‌. കോണ്‍ഗ്രസ്‌ ജയിച്ചുവെന്ന്‌ അദ്ദേഹം അംഗീകരിച്ചതും ചില്ലറക്കാര്യമല്ല. അടവുനയം വച്ച്‌ ഒരൊറ്റ വിശദീകരണത്തിലൂടെ വേണമെങ്കില്‍ കോണ്‍ഗ്രസിനെ തോല്‌പിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല.

കിങ്‌മേക്കര്‍ കുപ്പായം തല്‌ക്കാലം കാരാട്ട്‌ അടുപ്പിലിടേണ്ടതില്ല. നയിച്ച്‌ ജീവിക്കാമെന്ന അത്യാഗ്രഹമൊന്നും വിപ്ലവകാരികള്‍ക്ക്‌ പണ്ടേയില്ലാത്തതുകൊണ്ടാണല്ലോ ജനാധിപത്യം ജീവവായുവായി വന്നത്‌. അത്യാവശ്യം ശമ്പളവും പെന്‍ഷനും ചിലപ്പോള്‍ രണ്ടുമൊന്നായിട്ടും കിട്ടുന്ന ഒരേയൊരു പണിയാണല്ലോ വിപ്ലവപ്രവര്‍ത്തനം. ലേശം കൂറമിഠായിയുമിട്ട്‌ കുപ്പായം പെട്ടിയില്‍ തന്നെ കിടക്കട്ടെ. ജനത ഇന്ത്യനും രാജ്യം ഇന്ത്യയുമായതുകൊണ്ട്‌ അടുത്ത അഞ്ചുകൊല്ലം എന്തുസംഭവവിക്കും എന്ന പ്രവചനം മന്ദബുദ്ധികള്‍ക്കേ നടത്താന്‍ കഴിയൂ.

നമ്മുടെ നേതാക്കന്‍മാര്‍ക്കിതുവരെ തിരുപാടുകിട്ടാത്ത ഒരു സംഗതിയുണ്ട്‌. അതായത്‌ അവര്‍ ജനത്തില്‍ നിന്നുമകന്നു. കുരയ്‌ക്കാനും കടിക്കാനും കൊള്ളാത്ത വാലാട്ടാനും കാലുനക്കാനും മാത്രമറിയുന്ന പൊമേറിയന്‍മാരാണ്‌ ജനമെന്ന അവരുടെ വിശ്വാസം കാലഹരണപ്പെട്ടു. ഒന്നിനും കൊള്ളാത്ത തലേക്കെട്ടുകാരുടെ തൊപ്പിക്കാരുടെയും താടിക്കാരുടെയും അടുക്കള കയറിയാല്‍ എല്ലാമായി എന്നു കണക്കുകൂട്ടിയവര്‍ ഇനിയൊന്നു ചിന്തിക്കുക.

ജനത്തെ വര്‍ഗീയമാക്കാന്‍ പെടാപാടുപെട്ട നേതാക്കളുടെ ശവഘോഷയാത്രയ്‌ക്കാണ്‌ ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്‌. ജനം ഭൂരിപക്ഷവും സെക്യുലറും നേതാക്കന്‍മാര്‍ ജാതിമതവര്‍ഗീയവാദികളുമായതിന്റെ ഫലമാണ്‌ രണ്ടത്താണിയില്‍നിന്നും വിപ്ലവകാരികള്‍ക്ക്‌ പഠിക്കാനുള്ളത്‌. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നുമായാലും വലിയ കുഴപ്പമില്ല. പക്ഷേ അതാരും അറിയരുത്‌. എന്നാല്‍ ബൂര്‍ഷ്വാകടലാസുകളും ചാനലുകളുമുള്ളകാലത്തോളം അതും നടപ്പില്ല. അതുകൊണ്ട്‌ വേഡ്‌സ്‌ തെക്കോട്ടും ആക്ഷന്‍ വടക്കോട്ടും ആവാതെ നോക്കുക. നല്ലൊരു നിലപാടുതറയില്‍ നിന്നു പയറ്റുക. അടവുമാത്രം പഠിച്ചതുകൊണ്ട്‌ കാര്യമില്ല. നില്‌ക്കാനൊരു പടവും കൂടി വേണം എന്നു പഠിക്കുക.

വേറൊന്നും കൂടി നോക്കുക. ഇന്ത്യ കണ്ട ധീരദേശാഭിമാനി ഒന്നാംതരം നിരീശ്വരവാദിയായിരുന്ന സവര്‍ക്കറിന്റെ പേരിലെ ശിലാഫലകം അന്തമാനിലെ കാലാപാനിയില്‍ നിന്നും എടുത്തുമാറ്റി ന്യൂനപക്ഷത്തിന്റെ നാലുവോട്ടുറപ്പിക്കാന്‍ പോയ മണിശങ്കര്‍ അയ്യരുടെ (പേരില്‍ തന്നെ മതേതരം) പരാജയം നോക്കുക. വെറും ജാതികാര്‍ഡല്ലാതെ വേറൊന്നും തിരുപാടില്ലാത്ത രാംവിലാസ്‌ പാസ്വാന്റെ ഹാജിപ്പൂരിലെ ബോധംകെട്ടുകിടപ്പും നോക്കുക.

ഒരു കാര്യം എല്ലാ വിവരദോഷികളായ നേതൃത്വവും മനസ്സിലാക്കുക. ഭൂരിപക്ഷം വോട്ടര്‍മാര്‍ യുവതലമുറയില്‍ പെട്ടവരാണ്‌. ലോകത്തെ അറിയുന്നവര്‍ രാജ്യത്തെ അറിയുന്നവര്‍. ഒരു പ്രചരണവും അവരെ ബാധിക്കുകയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനും അറിയുന്നവരായി ജനം മാറിയെന്ന വലിയ സത്യം എല്ലാവരും അറിയുക.


മുന്നണിയിലെ കക്ഷികളുടെയെല്ലാം സീറ്റുകള്‍ പിടിച്ചെടുത്ത്‌ അതിലെല്ലാം സ്വന്തം നിലയില്‍ മത്സരിക്കുക. അതായത്‌ സമ്പൂര്‍ണപാര്‍ട്ടി ആധിപത്യം. പോയവരെല്ലാം എതിര്‍ത്താലും ബാക്കിയുള്ള വര്‍ഗീയപിശാചുകളുടെ പിന്തുണയോടെ ജയിക്കുക എന്ന തന്ത്രം പയറ്റിയതാണ്‌ വിനയായത്‌. നമ്മുടെ കയ്യിലിരിപ്പുകൊണ്ട്‌ ഭാവിയിലുണ്ടാവുന്ന ഗുണം തിരിച്ചറിയാനുള്ള കഴിവ്‌ ജനത്തിനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചതുമില്ല.

അധികാരം രാജാവിനെ വിനയാന്വിതനാക്കണമെന്നാണ്‌. രാജാക്കന്‍മാര്‍ക്കു പറഞ്ഞത്‌ മന്ത്രിമാര്‍ക്കും ബാധകമാണെന്ന്‌ മനസ്സിലായില്ല. അധികാരം കൈയ്യില്‍കിട്ടിയപ്പോള്‍ അഹങ്കാരം തലയ്‌ക്കുകയറിയതിന്റെ ഫലമായിരുന്നു സിംഗൂര്‍. സിംഗൂരില്‍ പാര്‍ട്ടിവിതച്ചതിന്റെ വിളവെടുപ്പാണ്‌ ഇപ്പോള്‍ നടന്നത്‌. Mamata_banerjee.jpg

കേരളത്തിലെയും ബംഗാളിലെയും ജനങ്ങളുടെ സാമ്യങ്ങള്‍ പണ്ട്‌ സ്‌കൂളില്‍ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുകൂടിയായി. ഒരു നാനോ സഹായം ഇല്ലാതെതന്നെ കൊലപാതകത്തിന്റെ കണക്കില്‍ സിംഗൂരുതാനല്ലയോ ഇത്‌ എന്നു തോന്നിപ്പോന്ന പ്രദേശമാണ്‌ കണ്ണൂര്‍. അടിയെവിടെ കൊലയെവിടെ നടന്നാലും ഒരുഭാഗത്ത്‌ സദാ പാര്‍ട്ടിയായതും ചില്ലറ നേട്ടങ്ങളല്ല ഉണ്ടാക്കിയത്‌. വടകരയിലെയും കണ്ണൂരിലെയും പരാജയത്തിന്റെ കണക്കെടുത്താല്‍ തോന്നുക സഖാക്കളല്ലാതെ വീട്ടുകാര്‍തന്നെ വോട്ടുമറിച്ചെന്നാണ്‌.

എന്തായാലും ഒരുകാര്യത്തില്‍ വമ്പിച്ച പുരോഗതി പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട്‌. അന്തിയുറക്കം കോണ്‍ഗ്രസിനോടൊപ്പമായപ്പോള്‍ ഉറക്കത്തും സംസാരിക്കുന്ന കോണ്‍ഗ്രസുകാരുടെ മാറാവ്യാധി പാര്‍ട്ടിയെയും ഗ്രസിച്ചു. ജനാധിപത്യവാദികള്‍ക്ക്‌ കണ്ടുവരുന്ന മാരകരോഗം. അച്ചടക്കരാഹിത്യത്തിന്റെ രൂപത്തില്‍ നട്ടെല്ലിനെയും ഹൃദയത്തെയും കാര്‍ന്നുതിന്നാന്‍ തുടങ്ങി. അതോടെ കൂട്ടുന്ന കണക്കിലും പറയുന്ന വാക്കിനുമുള്ള വില നിത്യേന കുറഞ്ഞുവരും.

പണ്ട്‌ പാര്‍ട്ടിവോട്ടിന്റെ സെന്‍സസ്‌ എടുത്താല്‍ അതു കിറുകൃത്യമായിരിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പാര്‍ട്ടി വോട്ട്‌ ചൂലിന്‌ എന്നുറപ്പിക്കാമായിരുന്ന ആ വിശ്വാസമാണ്‌ ഇപ്പോള്‍ അന്ധവിശ്വാസമായത്‌. അതായത്‌ ജനാധിപത്യത്തിന്റെ മലിനവായു പാര്‍ട്ടി ശ്വാസകോശത്തിലേക്ക്‌ പാഞ്ഞുകയറി എന്നര്‍ത്ഥം. മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും സിറ്റിംഗ്‌ അലവന്‍സും സ്റ്റാന്റിംഗ്‌ അലവന്‍സുമെല്ലാമാണ്‌ പാര്‍ട്ടികാഴ്‌ചപ്പാടുപ്രകാരം ബൂര്‍ഷ്വയല്ലാത്തത്‌. അതുകൊണ്ട്‌ അതുവാങ്ങി പോക്കറ്റിലിടാമായിരുന്നു. ഇപ്പോള്‍ ഇതും കൂടിയായി എന്നുമാത്രം. ഇനി പേരിലെ വിപ്ലവം കൂടി മാറ്റിയാല്‍ പരിണാമസിദ്ധാന്തം കൂടി ശരിയാണെന്നു തെളിയിച്ചതായി അവകാശപ്പെടാവുന്നതേയുള്ളൂ.

May 12, 2009

നിരക്ഷരതൃതീയ

devi_lakshmi.jpgഗ്രഹണിപിടിച്ച്‌ ഊര്‍ദ്ധ്വന്‍ വലിക്കാന്‍പോവുന്ന ഒരുത്തന്റെ ഫോട്ടോ ഇടത്ത്‌ കഴിക്കുന്നതിനുമുന്‍പ്‌ എന്ന അടിക്കുറിപ്പോടെയും മസിലുകള്‍ കൂടിയാട്ടം നടത്തുന്ന ഒരു സുന്ദരദേഹം കഴിച്ചതിനുശേഷം എന്നൊരടിക്കുറിപ്പോടെ വലത്തും വച്ചാല്‍ ഏതു പാഷാണവും വാങ്ങാന്‍ നാലാളുള്ള നാടാണ്‌ നമ്മുടേത്‌.

വലത്തുള്ള ഘടാഘടിയന്‍ കഴിക്കുന്നതിനുമുന്‍പും ഇടത്തുള്ള നാരോന്ത്‌ കഴിച്ചതിനും ശേഷവും ആയിക്കൂടേ എന്നാലോചിക്കാന്‍ വരട്ടെ, ഇന്ത ദുനിയാവിലെ മുയ്‌മന്‍ ഹമുക്കുകളുടെ തലയിലും പടശ്ശോന്‍ പായ്‌ വിരിച്ചു കിടക്കുന്നുണ്ടെങ്കിലും കഴിയുകയില്ല. അതാണ്‌ പരസ്യകല. തലയിലെ പടച്ചോനെ കിടന്നപായില്‍ മയക്കുവെടിവച്ചിട്ട്‌ ചെകുത്താനെ കര്‍മ്മനിരതനാക്കുന്ന ആഭിചാരക്രിയയാണ്‌ പരസ്യകല അഥവാ അഡ്വര്‍ടൈസിംഗ്‌ കൂടോത്രം എന്നിഗ്ലീഷ്‌.

ചുരുങ്ങിയത്‌ നാല്‌പതുടണ്‍ സ്വര്‍ണം അക്ഷയതൃതീയനാളില്‍ വില്‌ക്കണമെന്നായിരുന്നു കണക്ക്‌. അതായത്‌ ടെലിവിഷം പ്രചരിപ്പിച്ച അക്ഷയതൃതീയ ഐശ്വര്യ തട്ടിപ്പില്‍ വിശ്വാസമര്‍പ്പിച്ച്‌ ഒന്നുകില്‍ സ്വര്‍ണം അല്ലെങ്കില്‍ മരണം എന്നുതീരുമാനിച്ചിറങ്ങിയ സൂന്ദരീമണികളുടേയും സുന്ദരവിഡ്ഡികളുടേയും സെന്‍സസും ടണ്‍കണക്കില്‍ തന്നെ എടുക്കേണ്ടിവരും. കയ്യിലെവിരലും കാലിലെ വിരലും സമ്മേളിപ്പിച്ചുകൊണ്ടുള്ള ഗണിതാഭ്യാസം കൊണ്ടൊന്നും സംഗതി നടക്കുകയില്ല.

രണ്ടുമൂവായിരം കൊല്ലം മുമ്പ്‌ ഭാരതദേശത്ത്‌ സുവര്‍ണസ്‌തേയികള്‍ എന്ന പ്രയോഗം രാമായണത്തില്‍ ഉണ്ടെങ്കിലും സ്വര്‍ണക്കള്ളക്കടത്ത്‌ ഒരു മൗലികാവകാശമായി കൊണ്ടുനടക്കപ്പെട്ടു എന്നതിന്‌ തെളിവുകളൊന്നും കിട്ടിയതായി ചരിത്രരേഖകളിലില്ല. പിന്നെങ്ങിനെ അക്ഷയതൃതീയയും സ്വര്‍ണവും, സ്വര്‍ണക്കടയും നികുതിവെട്ടിപ്പും പോലെ, പൊന്നും ചെമ്പും പോലെ, പെണ്ണും പൊന്നും പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ആരെങ്കിലും അന്വേഷിച്ചുവോ ആവോ?

വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയയാണ്‌ അക്ഷയതൃതീയ. ഇതുതന്നെ സത്യയുഗത്തിന്റെ ആരംഭദിനവും എന്ന്‌ ആചാര്യന്‍മാര്‍. തീര്‍ന്നില്ല പരശുരാമന്റെ ജന്മദിവസവും ഇതുതന്നെയെന്നും പറയപ്പെടുന്നു.
icici.jpg
കണ്ണില്‍ കണ്ട രാജാക്കന്‍മാരെ മുഴുവന്‍ വെട്ടിനുറുക്കി ഭൂമി ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്‌തു എന്ന വെടിക്കെട്ടുസംഭവത്തിന്റെ മുന്നേ അമ്മ രേണുകയുടെ കഴുത്തിനുതന്നെ മഴുവെച്ച കേസിന്റെ വിചാരണ യുക്തിവാദികളുടെ കോടതിയില്‍ ഇനിയും അവസാനിച്ചിട്ടില്ല. പരശുരാമന്റെ മഴു വീണ്ടുമൊന്നുകൂടി ഉയര്‍ന്നുതാണ്‌ യുക്തിവാദികളെക്കൂടി ഉന്മൂലനം ചെയതാലേ ആ കേസ്‌ തള്ളിപ്പോവുകയുള്ളൂ. എങ്കിലും സ്വര്‍ണം കുഴിച്ചെടുക്കുന്ന ഏര്‍പ്പാടിലോ കള്ളക്കടത്തിലോ ഒന്നിലും മൂപ്പര്‍ കഴിവുതെളിയിച്ചതായി രേഖകളിലില്ല. സാക്ഷികളുമില്ല. അതിന്റെ പേരില്‍ ഒരു പെറ്റിക്കേസുപോലും ഫയല്‍ചെയ്യപ്പെട്ടതായി യുക്തിവാദികള്‍ കൂടി അവകാശപ്പെടുകയുമില്ല.

അപ്പോള്‍ സംഗതി മാറി. സത്യയുഗാരംഭമായതുകൊണ്ടായിരിക്കണം അന്നത്തെ ദിനം അക്ഷയമായത്‌. അതായത്‌ ക്ഷയിക്കാത്തത്‌ സത്യമൊന്നുമാത്രമാണെന്ന തിരിച്ചറിവ്‌. ഒരിക്കലും ക്ഷയിക്കാത്ത ദാനധര്‍മ്മാദികളുടെ ദിനമായി ഈ ദിവസം കലണ്ടറില്‍ മഹര്‍ഷിമാര്‍ വരവുവച്ചത്‌. പിന്നെ ഇതിന്‌ സ്വര്‍ണവുമായി എന്തു ബന്ധം?

വിദ്യ, മന്ത്രം, സന്ന്യാസം, തപസ്സ്‌, വാനപ്രസ്ഥം എല്ലാം ആരംഭിക്കാന്‍ ആത്മീയാചാര്യന്‍മാര്‍ മാറ്റിവച്ച ദിവസമാണ്‌ അക്ഷയത്രിതീയ. ആ സുവര്‍ണദിവസമാണ്‌ ഇപ്പോള്‍ സുവര്‍ണസ്‌തേയികള്‍ സ്വര്‍ണം വില്‌ക്കാനുള്ള സുവര്‍ണാവസരമായി മാറ്റിയത്‌. അതും പോരാഞ്ഞ്‌ ആ വഷളത്തരം ഇടതടവില്ലാതെ വച്ചുവിളമ്പാന്‍ സൂപ്പര്‍സ്റ്റാര്‍ഇഡിയറ്റ്‌സുകളെ അണിനിരത്തുകയും ചെയ്‌തു. നാലണകിട്ടിയാല്‍ എന്തു വഷളത്തരവും ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ലൈസന്‍സ്‌ നാവിനുള്ളവരാണ്‌ സൂപ്പര്‍സ്റ്റാറുകളും സ്‌റ്റാറികളും.

ആലപ്പാട്ടുകാരനും മലബാര്‍ ഗോള്‍ഡുകാരനും കാഴ്‌ചക്കാരനെ അസ്വസ്ഥനാക്കുന്ന ആ വിശ്വസ്‌ത സ്ഥാപന കോമളകളേബരനും എല്ലാം ചേര്‍ന്ന്‌ സ്വന്തം നിലയ്‌ക്ക്‌ ഒരു സംസ്‌കൃത നിഘണ്ടുതന്നെ ഇറക്കിയോ എന്ന സംശയത്തിലായിരുന്നു നിത്യന്‍ കുറച്ചുനാളായിട്ട്‌. കണ്ണൂരിലെ കുഞ്ഞിക്കണ്ണ ജ്വല്ലറിക്കവിതകള്‍ പോലെ ഒരെണ്ണം.

AkshayTritiya.jpgഅക്ഷയത്രിതീയയെപ്പറ്റി നിലവിലുള്ള വേറൊരു വിശ്വാസം വിധവകള്‍ക്കും വിഭാര്യന്‍മാര്‍ക്കുമുള്ളതാണ്‌. അവര്‍ നന്നായി ദാനം ചെയ്‌താല്‍ അടുത്ത ജന്മത്തില്‍ അതിന്റെ ഗുണം കിട്ടും. വിധവകള്‍ക്ക്‌ അടുത്തജന്മം ഭര്‍ത്താവു ചത്തുപോയി ബുദ്ധിമുട്ടിപ്പോവുന്ന ഒരവസ്ഥയുണ്ടാവില്ല. ഭാര്യയ്‌ക്ക്‌ മരണംവരെ പീഡനം ഉറപ്പ്‌ ആന്റ്‌ വൈസീവേര്‍സ. ഭര്‍ത്താവിന്റെ പീഢനം അതിരുവിടുമ്പോള്‍ ഭാര്യ പോലീസ്‌ സ്‌റ്റേഷനിലോ കോടതിയിലോ കയറേണ്ടിവരുമോ, ഭാര്യയുടെ പീഢനം ഏറുമ്പോള്‍ ഭര്‍ത്താക്കന്‍മാര്‍ കടല്‍മാര്‍ഗമോ കിണര്‍മാര്‍ഗമോ കയര്‍വഴിയോ പീഢനരഹിതലോകത്തേക്ക്‌ കുതിക്കേണ്ടത്‌ ആദിയായ കാര്യങ്ങളെപറ്റി ആചാര്യന്‍മാര്‍ പരാമര്‍ശിച്ചതായി കാണുന്നില്ല. എന്തായാലും ഈ ജന്മത്തില്‍ ദാനം ചെയ്യുന്ന വിധവകള്‍ക്കും വിഭാര്യന്‍മാര്‍ക്കും അടുത്ത ജന്മം നേരത്തേ മരിക്കാം ഹാ ഹഹ! അല്ലെങ്കില്‍ ദാനത്തിന്‌ പിന്നെന്ത്‌ ഫലം?

ഇനി നേരത്തേ പറഞ്ഞതുപോലെ നാല്‌പതുടണ്‍ സ്വര്‍ണം വിറ്റുവെങ്കില്‍തന്നെ എത്ര ടണ്ണിന്റെ കണക്കായിരിക്കും ധനമന്ത്രിയുടെ കച്ചേരിയിലെത്തുക? ഏറിയാല്‍ നാല്‌പതു കിലോയുടേത്‌. എന്നാലും എന്റെ സത്യസന്ധരായ സ്വര്‍ണവ്യാപാരികളേ ദാനം ചെയ്യേണ്ട ആ ദിനത്തിലെ കച്ചവടത്തില്‍ കിട്ടിയ ലാഭത്തില്‍നിന്നും ദാനമൊന്നും ചെയ്യേണ്ട, സര്‍ക്കാരിനവകാശപ്പെട്ടതുകൂടി കൊടുക്കാത്ത നിങ്ങളുടെ അടുത്ത ജന്മത്തിലെ അവസ്ഥയെന്തായിരിക്കും?

മഹാദാനം ചെയ്യേണ്ട ദിവസം ഏതെങ്കിലും പട്ടിണിപ്പാവത്തിന്‌ കട്ടന്‍ചായയും പരിപ്പുവടയും, പറ്റുമെങ്കില്‍ ഒരു ദിനേശുബീഡിയും വാങ്ങിക്കൊടുക്കാന്‍ കൂട്ടാക്കാതെ ഉള്ളതും പെറുക്കി കള്ളന്‍മാരുടെ കൈയ്യില്‍ നിന്നും സ്വര്‍ണംവാങ്ങാന്‍ ക്യു നിന്ന ഭക്തശിരോമണികളേ, മയക്കുവെടികൊണ്ട പടച്ചോന്‌ എന്നെങ്കിലും ബോധം വീണാല്‍ നിങ്ങള്‍ക്കു വിധിക്കപ്പെടുന്ന ശിക്ഷയെന്തായിരിക്കും? തീര്‍ച്ചയായും മരണമായിരിക്കില്ല. കോളറിഡ്‌ജ്‌ പറഞ്ഞപോലെ ലൈഫ്‌ ഇന്‍ ഡത്ത്‌ ആവാനേ വഴിയുള്ളൂ.

April 30, 2009

ഇടംകൈയ്യിലെ ക്വട്ടേഷനും വലംകൈയ്യിലെ കോയപ്പടക്കവും

കണ്ണൂരിലെ സമാധാനത്തിന്‌ കൈയ്യും കാലും വച്ചാല്‍ കിട്ടുന്ന രൂപങ്ങളില്‍ ഒന്ന്‌ സ്ഥലം എം.എല്‍.എ യെപ്പോലെയിരിക്കും. രണ്ടാമത്തേത്‌ സി.പി.എം. ജില്ലാസിക്രട്ടറിയെപ്പോലെയും. എം.എല്‍.എ ഗത്യന്തരമില്ലാതെ ഗുണ്ടകളുടെ ശ്രദ്ധയില്‍ സ്വന്തം ജീവനെ മേയാന്‍ വിടുകയാണെന്നും, അതല്ല മറ്റാരുടേയോ ജീവനെടുക്കാന്‍ ഗുണ്ടകളെ ഇറക്കിയതാണെന്നും രണ്ടഭിപ്രായമാണ്‌ ഇപ്പോഴുള്ളത്‌.

എല്‍.ടി.ടി.ഇ പ്രഭാകരന്‌ പറ്റിയ പറ്റലാണ്‌ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു പറ്റിയത്‌. രാജീവ്‌ ഗാന്ധി ചിതറിത്തെറിക്കുന്നതിന്റെ വീഡിയോ കാണണം എന്ന പ്രഭാകരന്റെ ഒറ്റ ആഗ്രഹമാണ്‌ സംഗതി അലമ്പാക്കിയത്‌. ആ കാസെറ്റ്‌ ശിവരശനോട്‌ വീണുപോയില്ലെങ്കില്‍ ലോകചരിത്രത്തിലെ രണ്ടാം കെന്നഡിയാവുമായിരുന്നു രാജീവ്‌.

സുധാകരന്റെ ഗുണ്ടകള്‍ സി.പി.എമ്മിന്റെ ഏതോ നേതാവിനെ വധിക്കുമ്പോള്‍ പറ്റുമെങ്കില്‍ അതു നേരിട്ടുകണ്ടാസ്വദിക്കാനാണ്‌ പെട്ടെന്നുതന്നെ ചാണ്ടി വിമാനമാര്‍ഗം കണ്ണൂരിലേക്കു കുതിച്ചത്‌. അല്ലെങ്കില്‍ സാവകാശം പുതുപ്പള്ളിയില്‍ നിന്നും ക്രോസായി നടന്നുവന്നാല്‍ പോരായിരുന്നോ? വേണ്ടാത്തതു ചെയ്‌തു, സംഗതി അലമ്പായി.

പ്രസക്തമായ പലചോദ്യങ്ങളുണ്ട്‌്‌. ഉമ്മന്‍ചാണ്ടിയെന്തിന്‌ കണ്ണൂരില്‍ വന്നു? കോട്ടയത്തെ ചാണ്ടിക്ക്‌ കണ്ണൂരില്‍ വരാനുള്ള വിസ ആരാണ്‌ കൊടുത്തത്‌? ചാണ്ടിയുടെ വരവ്‌ വെറും വിസിറ്റിങ്‌ വിസയിലായിരുന്നോ അതോ ക്വട്ടേഷന്‍ വിസയിലായിരുന്നോ? എടക്കാടന്‍ എംഎല്‍എ മാത്രമായ സുധാകരന്‍ തൃശൂരിലുള്ള ആളുകളുമായി ബന്ധം പുലര്‍ത്തിയത്‌ ഏത്‌ എംബസി വഴിയാണ്‌?
എന്തുചെയ്യാം ഇതൊക്കെയാര്‌ ചോദിക്കാന്‍?

വെളിയമാശാനും പരിവാരങ്ങളും മുണ്ടും മടക്കിക്കുത്തി സ്റ്റേഷനില്‍ കയറി നാലു തെറിവിളിച്ചാല്‍ പിടിച്ചവനെ വിട്ട്‌ പടച്ചവനെ വിളിക്കുക, കൂട്ടത്തില്‍ ഭരണഘടനയില്‍ തൊട്ട്‌ സത്യപ്രതിജ്ഞയെടുത്ത മന്ത്രിപുംഗവരാരെങ്കിലുമുണ്ടെങ്കില്‍ മറന്നുപോവാതെ സല്യൂട്ടടിക്കുക, ഡി.വൈ.എഫ്‌.ഐ ക്കാര്‍ സ്‌റ്റേഷനാക്രമിക്കുമ്പോള്‍ ലന്തത്തോക്കും കൊണ്ട്‌ ലോകരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുക, ഇപ്പോള്‍ ഒടുവില്‍ സുധാകരാദികള്‍ ഇടിച്ചുകയറിയപ്പോള്‍ താമസംവിനാ കോടതിയില്‍ പ്രതികളെയെത്തിച്ച്‌ കോടതിയെക്കൊണ്ട്‌ വിട്ടയയ്‌ക്കാന്‍ കല്‌പന പുറപ്പെടുവിപ്പിക്കുക. വിട്ടയയ്‌ക്കുക. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിച്ചു. ഇതിലപ്പുറം വല്ലതും പോലീസ്‌ ചെയ്യണമെന്നുപറയുന്നതിലര്‍ത്ഥമൊന്നുമില്ല.

പാര്‍ട്ടിയും പോലീസും ചേര്‍ന്നുള്ള ഊക്ക്‌ സുധാകരന്റെ നാക്കുകൊണ്ടാണ്‌ പോയതെന്നൊരു ധാരണ കോണ്‍ഗ്രസുകാര്‍ക്കുണ്ടെങ്കില്‍ നല്ലത്‌. ഭാവിയില്‍ ചറപറാ അടി പുറത്തുവീഴാന്‍ ആ ധാരണ വല്ലാതെ ഉപകരിക്കുകയും ചെയ്യും. ഇന്നലെ ചക്കവീണ്‌ മുയലുചത്തു എന്നതു നേര്‌.

പാര്‍ട്ടിയുടേയോ അതോ സിക്രട്ടറിയുടേയോ ജാതകദോഷം കൊണ്ടാവണം വേറൊരു എം.എല്‍.എയുടെ മകന്റെ കൈയ്യില്‍ നിന്നും കാപ്‌സോ മറ്റോ പൊട്ടിയത്‌. ആ കൈ ചില്ലറ സഹായമൊന്നുമല്ല സുധാകരന്‌ ചെയ്‌തത്‌. സ്വന്തം തടികിട്ടിയതിന്‌ മൂപ്പര്‍ അവനോട്‌ നന്ദിപറയുകയാണ്‌ വേണ്ടത്‌. സുധാകരനെയും സ്വന്തക്കാരെയും അനുഗ്രഹിച്ച ആ കരത്തിന്‌ നന്ദിപറയാതെ പഴിപറഞ്ഞത്‌ ഏതായാലും നന്ദികേടായിപ്പോയി.

ജില്ലാസിക്രട്ടറി എം.എല്‍.എ യെപ്പോലെയല്ല. ഒരുപടികൂടി മുന്നിലാണ്‌. സത്യസന്ധതയുടെ കൂടി ആള്‍രൂപം എന്നുപറയേണ്ടിവരും. ഇരുപതുകളിലുള്ള ചെറിയ രണ്ടു കുട്ടികള്‍ വിഷുവിന്‌ പടക്കം പൊട്ടിച്ച്‌ കളിക്കുമ്പോള്‍ ഒരു അപകടം പറ്റുക. അത്‌ പിന്നീട്‌ ബോംബാക്കുക. അങ്ങിനെയൊക്കെ ചിന്തിക്കുന്നതുതന്നെ എന്തുമാത്രം ക്രൂരതയാണ്‌. സിക്രട്ടറി ഇങ്ങിനെ കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന്‌ വിശദീകരിച്ചുതന്നില്ലെങ്കില്‍ ജനങ്ങള്‍ എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെടുമായിരുന്നു. ആ പാവം പയ്യനെ പറ്റി നാട്‌ എന്തായിരുന്നു ധരിക്കുക? ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 3500 അക്രമങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറി, ഇതില്‍ ഭൂരിഭാഗവും ഒരൊറ്റ താലൂക്കില്‍, തലശ്ശേരിയില്‍ അരങ്ങേറി. മൊത്തം നാല്‍പതോളം പേര്‍ അഞ്ചുകൊല്ലത്തിനിടെ മാത്രം അവിടെ കൊല്ലപ്പെടുകയും ചെയ്‌തു എന്നു പറയുമ്പോള്‍ സംഗതിയുടെ കിടപ്പ്‌ ബോദ്ധ്യപ്പെടും.

അഞ്ചുകൊല്ലം കൊണ്ട്‌ 3500 കലാപപരിപാടികള്‍ കാഴ്‌ചവച്ച്‌ സര്‍വ്വകാല റിക്കോര്‍ഡിടുക എന്നത്‌ ചില്ലറക്കാര്യമാണോ? ആ റിക്കോര്‍ഡാവട്ടെ പോള്‍വാള്‍ട്ടുകാരന്‍ സെര്‍ജി ബൂബ്‌കയുടെ റിക്കോര്‍ഡ്‌ പോലെയാണ്‌. തിരുത്തണമെങ്കില്‍ അവരവരുതന്നെ വിചാരിക്കണം. സര്‍വ്വമതങ്ങളും കൂടി സംയുക്തമായി ഉത്സാഹിച്ചാലും ഈയൊരു റിക്കോര്‍ഡ്‌ തിരുത്തിക്കളയാമെന്ന്‌ വിചാരിക്കേണ്ട. രാഷ്ട്രീയക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമേ കഴിയൂ. അതാണ്‌ മോഡേണ്‍ മലബാര്‍ കലാപപ്പെരുമ.

വിലാപയാത്രയില്‍ പങ്കെടുത്ത്‌ തിരിച്ചുപോവുന്ന കിഴവിയുടെ ജീവന്‍, മുറ്റത്ത്‌ കളിക്കുന്ന കുട്ടിയുടെ കാല്‍, തളര്‍വാതം പിടിച്ച്‌ കിടപ്പിലായ കിഴവന്റെ ജീവന്‍, ക്ലാസ്‌ മുറിയിലെ അദ്ധ്യാപകന്റെ ജീവന്‍ വിദ്യാര്‍ത്ഥികളുടെ കണ്‍മുന്നില്‍, പകരം മൂപ്പരുടെ അയല്‍വാസി വൃദ്ധന്റെ ജീവന്‍, മകന്റെ ജീവന്‍ മാതാപിതാക്കളുടെ കണ്‍മുന്നില്‍, പകരം ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിന്റെ ജീവന്‍, മക്കളുടെ മുന്നില്‍ അച്ഛന്റെ ശ്വാസം ......... പുത്തന്‍ മലബാര്‍ കലാപപെരുമയുടെ ചിത്രം ഇങ്ങിനെയാണ്‌.
ആരു വിചാരിച്ചാലാണ്‌ ഇത്ര ഭംഗിയായ ഒരു മലബാര്‍ കലാപം സംഘടിപ്പിക്കാനാവുക? ബിന്‍ ലാദനും തൊഗാഡിയയും സംയുക്ത ഭീകരസംരംഭം തുടങ്ങിയാലും സംഗതി ഇത്ര ഭംഗിയാവുകയില്ല. അഞ്ചുകൊല്ലത്തിനിടയ്‌ക്ക്‌ 3500 ആക്രമണം ഇസ്രയേല്‍ പലസ്‌തീനില്‍ നടത്തിയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല. അതാണ്‌ മോഡേണ്‍ മലബാര്‍ കലാപം.

കലാപത്തിന്റെ പ്രസവം നാട്ടിലെവിടെ നടന്നാലും അച്ഛന്‍ എട്ടുകാലി മമ്മൂഞ്ഞായിരിക്കും. അമ്മമാര്‍ പലരായിരിക്കും. കലാപത്തിന്‌ ജന്മം കൊടുക്കാനുള്ള യൗവ്വനവും ആരോഗ്യവും വേണം എന്ന ഒറ്റ കണ്ടീഷനേയുള്ളൂ. എട്ടുകാലിയെ പ്രകോപിപ്പിക്കുന്ന സൗന്ദര്യമുണ്ടായാല്‍ സംഗതി എളുപ്പമായി. വേണ്ടത്ര ശേഷിയില്ലെങ്കില്‍ ഒറ്റ പ്രസവത്തില്‍ തന്നെ തള്ള ചാവും. പാലൂട്ടാനാളില്ലാതെ താമസംവിനാ കലാപവുമൊടുങ്ങിപ്പോവും.

ഇന്നത്തേത്‌ സി.പി.എമ്മും കോണ്‍ഗസുമാണെങ്കില്‍ നാളത്തേത്‌ സി.പി.എമ്മും ആര്‍.എസ്‌.എസും മറ്റന്നാള്‍ അത്‌ സി.പി.എമ്മും എന്‍.ഡി.എഫും നാലാം നാള്‍ പറ്റിയ കക്ഷികളാരും ഒത്തുകിട്ടിയില്ലെങ്കില്‍ വെളിച്ചപ്പാടിനെപ്പോലെ എട്ടുകാലി വാള്‌ സ്വന്തം തലയ്‌ക്ക്‌ തിരിച്ചുപിടിച്ച്‌ വെട്ട്‌ ഗ്രൂപ്പുപോരില്‍ വകയിരുത്തും.

മതത്തിനു ഭീകരതയില്ല, ഭീകരതയ്‌ക്കു മതവും. മഹാന്‍മാര്‍ മഹാസത്യങ്ങളാണ്‌ വിളിച്ചുപറയുക. അതിങ്ങിനെ സൂക്തത്തിന്റെ പരുവത്തിലാവുമ്പോള്‍ ഒരൊന്നൊന്നര അര്‍ത്ഥമാവും ചിലപ്പോള്‍ കല്‌പിക്കേണ്ടിവരിക.

പരലോകത്തെ സ്വര്‍ഗത്തിലേക്കുള്ള റിസര്‍വേഷന്‍ മാത്രമാണ്‌ മതങ്ങളെക്കൊണ്ടുപറ്റുക. ഇഹലോക സ്വര്‍ഗത്തേക്കുള്ള റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുക പാര്‍ട്ടിയാപ്പീസുകളിലാണ്‌. മതവും രാഷ്ട്രീയവും തുല്യ അളവില്‍ സംയോജിപ്പിക്കാനറിയുന്ന യോഗ്യന്റെ പത്തുതലമുറയെങ്കിലും ഇഹത്തിലെ നരകത്തെപ്പറ്റി ബേജാറാവേണ്ടിവരികയില്ല.

ദൈവം സഹായിച്ച്‌ നാനാജാതിമതസ്ഥരായ മണ്ണിരമുതല്‍ മൂര്‍ഖന്‍വരെയുള്ളവരുടെയെല്ലാം ആവാസമേഖല ഏതെങ്കിലും പാര്‍ട്ടിയുടെ ആപ്പീസായിരിക്കും. അതുകൊണ്ട്‌ മതത്തിലുള്ളതിനേക്കാള്‍ യോഗ്യരായ ഭീകരന്‍മാര്‍ പാര്‍ട്ടികളിലായിരിക്കും ഉണ്ടാവുക.

ഒരോ മതത്തിലും ഭീകരരായി ആ മതത്തിലുള്ളവരല്ലേ ഉണ്ടാവുകയുള്ളൂ. മതങ്ങള്‍ക്ക്‌ അങ്ങിനെയൊരു പരിമിതിയുണ്ട്‌. പടച്ചോന്റെ കൃപകൊണ്ട്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ ഈ പരിമിതിയില്ല. ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഭീകരര്‍ സസുഖം വാഴുന്ന മാതൃകാ സ്ഥാനമാണ്‌ പാര്‍ട്ടിയാപ്പീസുകള്‍. ലക്ഷണമൊത്ത ഹൈന്ദവ-ഇസ്ലാം-ക്രൈസ്‌തവ അറവുസോദരര്‍ ഒരു കുടക്കീഴില്‍ ഓപ്പറേഷന്‍ നടത്തുന്ന മാതൃകാപ്രദേശം എന്ന ബഹുമതി മലബാറിന്‌ കിട്ടിയത്‌ വെറുതേയല്ല.

March 17, 2009

രണ്ടത്താണിയെന്ന ഏകത്താണി

തെക്കുനിന്നുള്ള ആ മഹാവൈദ്യന്റെ അവസാനത്തെ സുഖചികിത്സയാണ്‌ മരണം. അതുവരെ ആരെക്കൊണ്ടും പ്രവചിക്കുവാന്‍ കഴിയാത്ത കാര്യം. ഇതുപോലെ വേറൊന്നുള്ളത്‌ മനുഷ്യന്റെ സമനിലതെറ്റുന്ന ഏര്‍പ്പാടാണ്‌. (മനുഷ്യന്‍ എന്ന സര്‍വ്വനാമം നിത്യനുപയോഗിക്കുന്നത്‌ ലിംഗഭേദമന്യേ നായ എന്നു പറയുന്നതുപോലെയാണ്‌. ആണിനും പെണ്ണിനും ഒരുപോലെ ബാധകം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിരീക്ഷണം പ്രാബല്യത്തിലുണ്ടായിരിക്കും എന്നും ഇതിനാല്‍ വായനക്കാരെ തൈര്യപ്പെടുത്തുന്നു).

ആര്‍ക്കാ എപ്പഴാ സമനിലതെറ്റുക എന്നൊന്നും പ്രവചിക്കാന്‍ പറ്റുകയില്ല. സാധാരണ മനുഷ്യരെ നയിക്കുന്ന അമാനുഷ നേതാക്കളാവുമ്പോള്‍ ഇതില്‍ ചില്ലറ ഭേദഗതികളുണ്ട്‌.

അതായത്‌ അവരുടെ സമനിലയുടെ ആ ഉരുളന്‍കല്ലിന്‌ ഇളക്കം സംഭവിക്കുന്ന തീയ്യതി നിശ്ചയിക്കുവാനുള്ള ഭരണഘടനാപരമായ അധികാരം ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറില്‍ നിക്ഷിപ്‌തമാണ്‌. ആ ശുഭമുഹൂര്‍ത്തം മൂപ്പര്‍ കുറിച്ചുകഴിഞ്ഞാല്‍ പിന്നെ ഏതുനിമിഷവും നേതാക്കള്‍ക്ക്‌ സമനില കൈവിടാവുന്നതാണ്‌.

സമനിലതെറ്റുന്നിടത്തുവച്ചാണ്‌ സാധാരണയായി ആളുകള്‍ സത്യാന്വേഷണപരീക്ഷണയാത്രകള്‍ ആരംഭിക്കുക. അവ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാവാം. ചിലപ്പോള്‍ അനുസ്യൂതമായ വെറും നഗരപ്രദക്ഷിണമോ, തീവണ്ടി സഞ്ചരിക്കുന്ന ദിക്കുകളിലേക്കുമാത്രമുള്ള തീര്‍ത്ഥാടനമോ ഒക്കെ ആവാം.

ഒരു തിരിച്ചുവരവിന്‌ യാതൊരു സാദ്ധ്യതയുമില്ലാത്ത യാത്രചെയ്‌ത്‌ തിരിച്ചെത്തിയ അപൂര്‍വ്വം ചിലരുമുണ്ട്‌. മുരളീധരനും രാഘവനുമൊക്കെ അങ്ങിനെയുള്ള യാത്രികരാണ്‌.

'ഈയാത്രതുടങ്ങിയതെവിടെനിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ'.....
എന്നും മൂളി പുറപ്പെട്ടതാണ്‌. എന്നിട്ടും തിരിച്ചുവരാന്‍ ഒരു വണ്ടിയും അതില്‍ നാലാളും അവശേഷിക്കുക എന്നത്‌ ചില്ലറക്കാര്യമല്ല. അവര്‍ക്കഭിമാനിക്കാനും നമുക്കാശിക്കാനും ധാരാളം വഹയുണ്ട്‌.

തലയിലെ ആ ഉരുളന്‍കല്ലുകള്‍ക്കിളക്കം വന്നാല്‍ പിന്നെ സംഭവിക്കുക അനന്തമായ യാത്രകളുടെ ഉരുള്‍പൊട്ടലായിരിക്കും. ഒരു വടക്കുനോക്കിയെന്ത്രം സ്വന്തമായുളള ആരും കാസര്‍ഗോഡുനിന്നും പുറപ്പെട്ടാല്‍ തിരുവനന്തപുരത്തെത്തും. കിഴക്ക്‌ സഹ്യനില്‍നിന്നും ഉദ്‌ഭവിച്ച നദികള്‍ പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുന്നതുപോലെ.

എന്നാല്‍ ജനസാഗരത്തെ നയിക്കേണ്ടുന്ന അമാനുഷരാവുമ്പോഴോ? ആധുനീകകേരളത്തിലെ പ്രതിഭകളായി നാളെ ലണ്ടനിലെ മെഴുകുമ്യൂസിയത്തില്‍ സ്ഥാനം പിടിക്കേണ്ട പ്രതിഭാശാലികളുടെ ജീവിതം ഒന്നടങ്കം പൊതുവഴിയിലെ എയര്‍കണ്ടീഷന്‍ കാറിലായത്‌ ചില്ലറ ദിനങ്ങളല്ല.

സമനിലയുള്ളപ്പോള്‍ സുധാകരമന്ത്രിയെപ്പോലെ വായില്‍തോന്നിയത്‌ പറയാമായിരുന്നു. തെറ്റിയാല്‍ പറയുന്നതാവട്ടെ ആലോചിച്ചുവേണംതാനും. അതുകൊണ്ട്‌ ചില്ലറ ചര്‍ച്ചയും ചാര്‍ച്ചയുമൊക്കെ വേണം. എരപ്പാളിയോടൊത്ത്‌ കട്ടന്‍ചായയും കുബേരനോടൊപ്പം ചിക്കന്‍ കവാബും ഒരേ വായില്‍ കൂടി അകത്താക്കണം. രണ്ടുപേര്‍ക്കും ആനന്ദദായകമായ വചനപ്രഘോഷണങ്ങള്‍ അഗ്നിപര്‍വ്വതം കണക്കേ അതേവായില്‍കൂടി പുറത്തേക്കു വമിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. ചില്ലറയാണോ സാഹസം. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

March 06, 2009

എഫ്‌.എം സ്‌പോണ്‍സേര്‍ഡ്‌ ബോധക്ഷയം

നിത്യന്‍ രാവിലെ ക്ലബ്‌. എഫ്‌.എം റേഡിയോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. സമയം 4.30. അപ്പോള്‍ അലാറം വച്ചെഴുന്നേറ്റ്‌ റേഡിയോ കേള്‍ക്കുകയാണോ എന്നു തോന്നിയേക്കാം. അങ്ങിനെ തോന്നുന്നവര്‍ക്ക്‌ ഞങ്ങള്‍ ബുദ്ധിജീവികളെപ്പറ്റിയോ അവരുടെ ശീലങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല എന്നതാണ്‌ സത്യം. മെമ്മറികാര്‍ഡ്‌ പുകപിടിച്ചുപോയതുകൊണ്ട്‌ ടെലിവിഷന്‍, ഫാന്‍, റേഡിയോ, മോട്ടോര്‍ എന്നീ വസ്‌തുക്കളുടെ സ്വിച്ചോണ്‍ കര്‍മ്മം മാത്രമാണ്‌ നമ്മള്‍ സ്വയം നിര്‍വ്വഹിക്കുക. ശേഷം ഇവിടെ നിത്യചരിതം വായിക്കുമല്ലോ. അഗ്രഗേറ്ററുകള്‍ കനിയാത്തതുകൊണ്ട്‌ ഇതേ ഒരു രക്ഷ കാണുന്നുള്ളൂ

March 03, 2009

ബുക്കിലെ ട്രിക്കുകളും ദരിദ്രന്റെ മാനവും

jessica-banner.jpgകാലം പഴയതല്ല. അപ്പോള്‍ കോലവും പുതിയതാവണം. ഓള്‍ ഇന്ത്യാ റേഡിയോയുടെ ഒരു വാര്‍ത്താ മാനുഫാക്‌ചറിങ്‌ യൂണിറ്റും ഒന്നുരണ്ടു മുത്തശി പത്രങ്ങളും ഏമാന്‍മാര്‍ക്ക്‌ ഭേഷായ വാര്‍ത്തകള്‍ മാത്രം വിറ്റിരുന്ന കാലമല്ലിത്‌. വിവരദോഷികള്‍ക്കും വിവരം വിരല്‍ത്തുമ്പിലെത്തുന്ന ഐടി യുഗമാവുമ്പോള്‍ നമ്മളും മോഡേണാവണ്ടേ സാറന്‍മാരേ? ജനത കൈവരിച്ച ബൗദ്ധികനേട്ടങ്ങള്‍ക്കനുസൃതമായി പ്രഫഷണലുകളുടെ വിജ്ഞാനവും വിവേകവും വികാരവും ധാര്‍മ്മികബോധവും എല്ലാം ഉയരണം.

ജസിക്കാലാല്‍ വധക്കേസ്‌ ജനങ്ങള്‍ മറക്കാറായിട്ടില്ല. ബടാമുതലാളിമാര്‍ക്കുമാത്രം പ്രവേശനമുള്ള പലര്‍ക്കും പ്രിയങ്കരിയായ ബീനാരമണിയുടെ ബാറില്‍ മദ്യമൊഴിച്ചുകൊടുത്ത ഒരു സുന്ദരി. അസമയത്ത്‌ ആടിയുലഞ്ഞെത്തിയ മനുശര്‍മ്മ ഒഴിച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ ജസിക്ക വിസമ്മതിച്ചു. ആ മഹാന്‍ തോക്കെടുക്ക്‌ ജസിക്കയെ വെടിവെച്ചുകൊന്ന്‌ പ്രശ്‌നം പരിഹരിച്ചൂ കൂളായി ഇറങ്ങിപ്പോയി. ആ കേസ്‌ ഒരു വഴിക്കെത്തിയതുതന്നെ വമ്പിച്ച പ്രക്ഷോഭവും മാധ്യമ ഇടപെടലുകളും കൊണ്ടാണ്‌.

"I am not accepting any new court matters but welcome for anything else" എന്ന്‌ രണ്ടുവര്‍ഷമായി വീട്ടിന്റെ ഗെയ്‌റ്റില്‍ ബോര്‍ഡുതൂക്കിയ അഡ്വക്കേറ്റ്‌ റാംജേട്‌മലാനി കോട്ടു വീണ്ടും പൊടിമുട്ടി. സൂര്യന്‍ കിഴക്കുദിക്കുന്നു എന്നപോലെ മനുശര്‍മ എന്ന തെമ്മാടി ജസിക്ക എന്ന സുന്ദരിയെ വെടിവെച്ചുകൊന്നു എന്നു ഒരു രാജ്യം വിശ്വസിക്കുന്നു. എന്നിട്ടും ആ പരിഷയ്‌ക്കുവേണ്ടി കേസുപറയാന്‍ പോയി.

നാം കേരളത്തിലേക്കെത്തുക. ഇവിടെ, കൂടെ പഠിക്കുന്ന ഒരു സാധു പെണ്‍കുട്ടിയെ കുറെ പണച്ചാക്കുകള്‍ക്കു പിറന്ന പിശാചുക്കള്‍ ലാബിലിട്ട്‌ മയക്കുമരുന്നുകൊടുത്തു കൂട്ടബലാല്‍സംഗം നടത്തി, വിവരം പുറത്തുപറഞ്ഞാല്‍ പിശകാണെന്നും നാളെകൃത്യമായി വീണ്ടും വന്നുകൊള്ളണമെന്നും ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു.

തകര്‍ന്ന ശരീരവും തളര്‍ന്ന മനസ്സുമായി അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തന്റെ കൂരയിലേക്ക്‌ തിരിച്ചുപോയി. കൂലിപ്പണിക്ക്‌ പോയി തന്നെ പഠിപ്പിക്കാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ ഈ വിവരമറിഞ്ഞാല്‍ ആത്മഹത്യചെയ്യുമെന്ന ഭയന്ന കുട്ടി തനിക്ക്‌ സുഖമില്ലെന്ന്‌ മാത്രം പറഞ്ഞ്‌ വീണ്ടും കുറച്ചുദിവസങ്ങള്‍ക്ക്‌ ശേഷം തിരിച്ച്‌ കോളേജിലെത്തി. അന്നുതന്നെ ആ പരിഷകള്‍ ക്ലാസില്‍ കയറി അടുത്ത കലാപരിപാടികള്‍ക്കായി കുട്ടിയെ വിളിപ്പിച്ചപ്പോള്‍ തല്‌ക്ഷണം കുട്ടി ക്ലാസില്‍ ബോധമറ്റു വീണു.

കാര്യം പുറത്തറിയിക്കാതിരിക്കാന്‍ പ്രിന്‍സിപ്പാള്‍ മങ്കയും കുട്ടിയെ അഡ്‌മിറ്റുചെയ്‌ത ആശുപത്രി അധികൃതരും അവരാലാവും വിധം ചമച്ച 'സര്‍ട്ടിഫിക്കറ്റുകളുമായി കൂടെപഠിക്കുന്ന പെണ്ണിനെ കൂട്ടബലാല്‍സംഗം ചെയ്‌ത പരിഷകള്‍ക്ക്‌ സംരക്ഷണഭിത്തി തീര്‍ത്തു. ലൈംഗീകബന്ധം നടന്നതിന്‌ തെളിവില്ല. കന്യാചര്‍മ്മത്തിന്‌ 'ഭാഗികമായി' കേടുപറ്റിയിട്ടുണ്ട്‌. കുട്ടി മാനസീകരോഗിയാണ്‌ ആദിയായ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിന്‌ പ്രൊഫഷനല്‍ എത്തിക്‌സ്‌ അപ്പോത്തിക്കിരികള്‍ക്ക്‌ മാര്‍ഗതടസ്സം സൃഷ്ടിച്ചില്ല.

നീതു, ബിന്‍സിയ, ആല്‍ഫ, ആണും പെണ്ണും കെട്ട കുറെയെണ്ണം ആ കുട്ടിക്കെതിരെ പത്രസമ്മേളനം നടത്താന്‍ പുറപ്പെട്ടു. ഒടുക്കം സമ്മേളനസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു എന്നുപറയുന്നതാവും ശരി.

ഒടുക്കം കേരളാപോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അന്വേഷണത്തിന്റെയും നിലപാടുകളുടേയും ഫലമായി ബലാല്‍സംഗം ചെയ്‌തവരും അതിനുകാവല്‍ നിന്നവരും സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച പ്രൊഫഷണല്‍ പരിഷകളും ഒന്നടങ്കം അറസ്റ്റിലായി. സഖാവ്‌ വി.എന്‍.വാസവന്‍, എസ്‌.പി. ശ്രീജിത്ത്, സി.ഐ വിനോദ്‌കുമാര്‍, മറ്റ്‌ സേനാംഗങ്ങള്‍, പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ മോഹന്‍രാജ്‌ എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. സഖാവ്‌ വാസവന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി കാല്‍തെന്നിവീണോ, കൂവ്വത്തില്‍ പതിച്ചോ, ഉത്തരത്തില്‍ ചോദ്യചിഹ്നമായി തൂങ്ങിയോ ഒക്കെ ഒടുങ്ങുമായിരുന്നു. അതിലേറെ ചെയ്യാന്‍ കെല്‌പുള്ള പണച്ചാക്കുകളായിരുന്നു പ്രതികള്‍.

കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആ കുടുംബത്തിന്‌ കേസ്‌ നടത്തുന്നതിനെപറ്റി ആലോചിക്കേണ്ടിവരില്ലെന്ന ഉത്തമവിശ്വാസമായിരുന്നു എല്ലാ പരിഷകളേയും നയിച്ചിരുന്നത്‌. സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അവറ്റകളുടെ ധാരണകളെ തകിടം മറിച്ചപ്പോള്‍ പിന്നെ സംഭവിച്ചത്‌ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മറ്റൊന്നായിരുന്നു.

ഇന്ത്യയോടോ ഇന്ത്യക്കാരനോടോ യാതോരു കൂറും ജന്മനാ ഇല്ലാതിരുന്നവനാണ്‌ കസബ്‌. ആ കസബിനുവേണ്ടി കേസ്‌ വാദിക്കാന്‍ ഒരൊറ്റ വക്കീലും തയ്യാറാവാതിരുന്ന രാജ്യത്ത്‌ ഒരു മുന്‍ അഡ്വക്കറ്റ്‌ ജനറലും ടീമും തന്നെ ഈ പരിഷകള്‍ക്കുവേണ്ടി കേസ്‌ പറയാനെത്തി.

ധാര്‍മ്മികത, മൂല്യബോധം, ദീനാനുകമ്പ സാധാരണ മനുഷ്യര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍ വക്കീലന്‍മാര്‍ക്ക്‌ ഉണ്ടാവരുതെന്ന്‌ കോഡ്‌ ഓഫ്‌ കോണ്‍ഡക്ടിലുണ്ടാവാനിടയില്ല.

നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
ദീനരോദനവും ഗണ്യമല്ലേതുമേ
എന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ വഴുതിപ്പോയി.

മനുഷ്യവര്‍ഗത്തിന്റെ സാമൂഹികബോധം കുതിച്ചുയരുമ്പോള്‍ വക്കീലിന്റേത്‌ പാതാളപ്രവേശം നടത്തുകയല്ല വേണ്ടത്‌. കാലഘട്ടം ആവശ്യപ്പെടുന്നത്‌ അത്‌ വാനോളം ഉയരുവാനാണ്‌. ഒരു ദ്രവിച്ച ടൈപ്പ്‌റൈറ്ററും നടുവൊടിഞ്ഞ ഗുമസ്‌തനും വിവരദോഷിയായ ജനവും വായില്‍ വന്നത്‌ വിധിയായിവരുന്ന ജഡ്‌ജിമാരും ഒക്കെ ഉണ്ടായിരുന്നു. അത്‌ അന്ത കാലം. പെരിയ നമ്പ്യാര്‍ വക്കീലും ഒരു ചിന്ന കത്തിയും ഉണ്ടെങ്കില്‍ ആരെയും കുത്തിക്കൊല്ലാം എന്ന പഴയനീതിവാക്യം കാലാനുസൃതമായെങ്കിലും ഒന്നു മാറണ്ടേ.

2007ലെ ട്രാന്‍സ്‌പാരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയില്‍ ജുഡീഷ്യറിക്ക്‌ അഴിമതിയില്‍ മൂന്നാംസ്ഥാനമാണ്‌. 77% അഴിമതിയും വക്കീലന്‍മാര്‍ വഴിയാണ്‌ എന്നത്‌ ശ്രദ്ധേയം. (പ്രൊഫ. എന്‍.ആര്‍.മാധവമേനോന്‍, ദി.ഹിന്ദു വില്‍ എഴുതിയ റിഫോമിങ്‌ ദി ലീഗല്‍ പ്രൊഫഷന്‍: സം ഐഡിയാസ്‌ എന്ന ലേഖനം).

എന്താണ്‌ എസ്‌.എം.ഇയില്‍ സംഭവിച്ചതെന്ന്‌ കേരളക്കരയിലെ കൊച്ചുകുട്ടികല്‍ക്കുപോലും തിരച്ചറിയാവുന്ന രീതിയിലാണ്‌ (ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ)

February 26, 2009

എസ്‌.എം.ഇ പുനര്‍വായന

എസ്‌.എം.ഇ ബലാല്‍സംഗക്കേസിനെ പറ്റി 2005 ല്‍ എഴുതിയ 2 ലേഖനങ്ങള്‍ വിധി വന്ന അവസരത്തില്‍ ഒരു പുനര്‍വായനയ്‌ക്കായി. നിയമത്തിന്റെ വലക്കണ്ണികള്‍ മുറിച്ചുകടന്ന മങ്കമാര്‍ക്കും നോട്ടുകെട്ടുകളുടെ ചാക്കുകെട്ടുകള്‍ കണ്ടപ്പോള്‍ കോട്ടിനെക്കാളും വരും തൊലിക്കട്ടിയെന്ന്‌ തെളിയിച്ച്‌ ഒരു പാവം പെണ്‍കുട്ടിയ പിച്ചിച്ചിന്തിയെറിഞ്ഞ പരിഷകള്‍ക്കുവേണ്ടി കേസുപറയാന്‍ പോയ ആ പഴയ അഡ്വക്കറ്റ്‌ ജനറലിനും കുറ്റിച്ചൂലഭിവാദ്യങ്ങള്‍.

പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ ജി. മോഹന്‍രാജ്‌, താങ്കള്‍ക്ക്‌ അനുമോദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍. ഒപ്പം സഖാവ്‌ വി.എന്‍.വാസവനും. അദ്ദേഹത്തിന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ കുട്ടി എന്നേ കാല്‍തെറ്റിവീണോ കിണറ്റില്‍ വീണോ ഉത്തരത്തില്‍ ചോദ്യചിഹ്നമായി നിന്നോ മരിച്ചേനെ.

എല്ലാറ്റിലുമുപരിയായി, പ്രിയപ്പെട്ട കുട്ടീ, സധൈര്യം ജീവിതത്തെ നേരിട്ട നിനക്ക്‌, നിന്റെ മാതാപിതാക്കള്‍ക്ക്‌,
ഫലപ്രദമായി അന്വേഷണം നടത്തിയ പോലീസ്‌ വകുപ്പിന്‌, നിത്യന്റെ അഭിവാദ്യങ്ങള്‍.




നീതു, ബിന്‍സിയ, ആല്‍ഫ, പ്രീത - പെണ്ണോ പിശാചോ

കാമുകിയും മാതാവുമൊഴിച്ചുള്ള ഭാരതസ്‌ത്രീകള്‍ ചുരുങ്ങിയത്‌ കേരളസ്‌ത്രീകളെങ്കിലും നമ്മുടെ സഹോദരിമാരാണെന്നാണ്‌ ഈയുള്ളവന്‍ ഇന്നോളം ധരിച്ചിരുന്നത്‌. സത്യമായും വിശ്വസിച്ചിരുന്നത്‌. അതിന്നൊരല്‌പം മാറ്റം വരുത്തുവാന്‍ നിര്‍ബന്ധിതനായ വിവരം വ്യസനസമേതം മാലോകരെ അറിയിച്ചുകൊള്ളുന്നു. ഭാരതദേശത്തെ കോടിക്കണക്കിന്‌ തെരുവുവേശ്യകളടക്കമുള്ള നിത്യസഹോദരിമാരില്‍ നിന്നും മുകളിലത്തെ നാലുപേരുകള്‍ വെട്ടിമാറ്റുവാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്‌.

മനുഷ്യന്‍ ഒന്നുകില്‍ ആണാകണം. അല്ലെങ്കില്‍ പെണ്ണാകണം. ആണുംപെണ്ണും കെട്ട വിഭാഗത്തില്‍പെട്ട ഈ നാലെണ്ണം എസ്‌.എം.ഇ എന്ന പീഢനാലയത്തില്‍ നിന്നുമിറങ്ങി നേരെ പ്രസ്‌ക്ലബില്‍ കയറി പത്രസമ്മേളനം നടത്തി. നാലുകാശ്‌ കീശയിലുള്ള ആര്‍ക്കും പത്രസമ്മേളനം നടത്താം. അതുകൊണ്ട്‌ പത്രസമ്മേളനത്തെ നിത്യന്‍ ചോദ്യം ചെയ്യുന്നില്ല. നടത്തിയവരുടെ മാന്യതയെയും കേട്ടിരുന്നവരുടെ ക്ഷമയെയും ചോദ്യം ചെയ്യുന്നില്ല. തെരുവുവേശ്യകളമടക്കം പലരും പത്രസമ്മേളനം നടത്തിയിട്ടുണ്ട്‌. പ്രമോഷന്‍ അഥവാ ഡിമോഷന്‍ പാറ്റേണ്‍ പ്രകാരം വേശ്യകളാണ്‌ കൂട്ടിക്കൊടുപ്പുകാരാവുക. പത്രസമ്മേളനം നടത്തിയവര്‍ ഇങ്ങിനെ പ്രമോട്ട്‌ ചെയ്യപ്പെട്ട മഹതികളോ ഡിമോട്ട്‌ ചെയ്യപ്പെട്ട ചരക്കുകളോ എന്നത്‌ വായനക്കാരുടെ യുക്തിക്കും ഭാവനക്കും വിട്ടുതരുവാനേ നിത്യന്‌ കഴിയുകയുള്ളൂ.

ഏത്‌ തൊഴിലിനും അതിന്റെ മാന്യതയുണ്ട്‌. ഒരു വേശ്യയുടെ തൊഴിലിനും അതിന്റെ മാന്യതയുണ്ടെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഈയുള്ളവന്‍. കാരണം അവള്‍ മാംസം വില്‍ക്കുന്നു. ഹൃദയം വില്‌ക്കുന്നില്ല. എടുക്കുന്ന പണിക്ക്‌ വരമ്പത്തുനിന്ന്‌ കൂലി വാങ്ങുന്നു. കണക്കുകള്‍ തീര്‍ക്കുന്നു. ഹൃദയവും കൂടി പണയപ്പെടുത്തിയ നിങ്ങളെ ഉപമിക്കുവാന്‍ ജീവികളില്ല വിവരിക്കുവാന്‍ വാക്കുകളില്ല. സാദാ അഗ്നിക്കെന്നല്ല ഒരു ബഢവാഗ്നിക്കുപോലും ശുദ്ധീകരിക്കാനാവാത്തവിധം നിങ്ങള്‍ അധ:പതിച്ചുപോയി.

നിത്യദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയില്‍നിന്നും സ്വന്തം കഴിവൊന്നുകൊണ്ടുമാത്രം 522 മാര്‍ക്ക്‌ എസ്‌. എസ്‌. എല്‍. സിക്ക്‌ നേടി, മെറിറ്റില്‍ സീറ്റ്‌ നേടി നഴ്‌സിംഗ്‌ പ്രൊഫഷന്റെ സാദ്ധ്യതകളിലേക്ക്‌ നടന്നുകയറാന്‍ പുറപ്പെട്ട കുട്ടിയെ മയക്കുമരുന്ന്‌ നല്‌കി ലാബിലിട്ട്‌ കശക്കിയെറിഞ്ഞ കശ്‌മലന്‍മാര്‍ക്കുവേണ്ടി പത്രക്കാരുടെ മുന്നില്‍ വക്കാലത്തുമായെത്തിയ നിങ്ങളുടെ കൂട്ടിക്കൊടുപ്പുബുദ്ധിയെ എത്ര പുകഴ്‌ത്തിയാലാണ്‌ മതിവരിക?

എന്തായാലും ആസനത്തില്‍ ആല്‌ പടര്‍ന്ന നിങ്ങളെല്ലാവരും കൂടി ബലാല്‍സംഗം നടത്തിയ കൂട്ടുപ്രതികള്‍ക്ക്‌ ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റും എഴുതിക്കൊടുത്തു. രഞ്‌ജിത്ത്‌ എന്ന തെമ്മാടിയുടെ മട റെയ്‌ഡ്‌ ചെയ്‌ത പോലീസുകാര്‍ക്ക്‌ നിങ്ങളുടെ ഐഡന്റിറ്റി കാര്‍ഡടക്കം പലതും അവിടുന്ന്‌ കിട്ടിയെന്നാണറിയുന്നത്‌. പത്രക്കാരുടെ മുന്നില്‍വച്ച്‌ നിങ്ങളെഴുതിക്കൊടുത്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ഭാവിയില്‍ ഉപകരിക്കാതിരിക്കില്ല. ജയില്‍വാര്‍ഡന്റെ റക്കമെന്റേഷന്‍ പോലെ ജോലി ഉറപ്പാക്കുന്ന അത്യുഗ്രന്‍ സര്‍ട്ടിഫിക്കറ്റ്‌.

കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ല എന്നും നിങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങളുടെ തലതൊട്ടമ്മ ആന്റിമറിയവും പരിശോധിച്ച അപ്പോത്തിക്കിരികളും ഫ്രോയിഡിനെ വെല്ലുന്ന മനശ്ശാസ്‌ത്രവിശാരദന്‍മാരും മൊത്തം ആകാവുന്നത്ര തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചിട്ടും മൂടിവെക്കാനാവാത്ത സത്യമാണ്‌ കുട്ടി ക്രൂരമായ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു എന്നത്‌. അപ്പോത്തിക്കിരികള്‍ക്ക്‌ ഒടുക്കം അതു സമ്മതിക്കേണ്ടിവന്നു.

കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ പറയാന്‍ കുട്ടിയെ പരിശോധിച്ചത്‌ പരിഷകളേ നിങ്ങളാണോ? ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട്‌ തല്ലി പ്രസ്‌ക്ലബുമുതല്‍ ആ പീഢനാലയം വരെ നിങ്ങളെ ആരും ഓടിക്കാതിരുന്നത്‌ മാതാപിതാക്കളുടെ ഭാഗ്യം, പത്രക്കാരുടെ നന്മ.

കുട്ടിയുടെ പിതാവിന്റെ മൊഴിയിലുള്ള വൈരുദ്ധ്യമാണ്‌ നിങ്ങളുടെ കാര്യമായൊരായുധം. അതായത്‌ ആന്റിമറിയത്തിന്‌ കൊടുത്ത വാറോലയില്‍ പാവംകുട്ടി കൂട്ടബലാല്‍സംഗത്തിനിരയായതായി പറഞ്ഞിട്ടില്ലെന്നതാണ്‌ കാര്യം. ആ പാവത്തിനെന്നല്ല ലോകത്തിലെ ഒരു പിതാവിനും തന്റെ മകള്‍ക്ക്‌ അങ്ങിനെയൊന്ന്‌ സംഭവിക്കുമെന്ന്‌ ഊഹിക്കുവാന്‍പോലുമാവില്ലെന്ന്‌ നിങ്ങളെപ്പോലുള്ള കോവര്‍കഴുതകള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. മനസ്സിലായത്‌ മറച്ചുവെച്ചതാണെങ്കില്‍ കൂടി.

ഡോക്‌ടര്‍മാര്‍ താങ്കളുടെ മകള്‍ക്ക്‌ കോളേജില്‍ വച്ചെന്തോ സംഭവിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ പോലും ആ പിതാവിന്റെ മനസ്സില്‍ അങ്ങിനെയൊരു സാദ്ധ്യത തോന്നാതിരുന്നത്‌ ആ പച്ച മനുഷ്യന്റെ ഹൃദയ നൈര്‍മ്മല്യത്തിന്റെ തെളിവായേ നിത്യന്‌ കാണാനാവൂ. ഉള്ളില്‍ കാളകൂടം വഹിക്കുന്ന നിങ്ങള്‍ക്ക്‌ ഇതേ ചെയ്യാനുമാവൂ. `മകളെ അവറ്റകള്‍ നശിപ്പിച്ചു` എന്ന്‌ ഭാര്യ വന്നുപറയുന്ന നിമിഷം വിവരിക്കാനാവാതെ ശ്രീകണ്‌ഠന്‍നായരുടെ (നമ്മള്‍ തമ്മില്‍-ഏഷ്യാനെറ്റ്‌) മുന്നില്‍ പൊട്ടിക്കരയുന്ന ആ മനുഷ്യന്റെ ചിത്രം ശരീരം മാത്രമല്ല ഹൃദയവും വിറ്റ നിങ്ങളെ ഉലച്ചിരിക്കാന്‍ വഴിയില്ല. പക്ഷേ സമൂഹമനസ്സാക്ഷിയില്‍ അത്‌ ഒരു ഉണങ്ങാത്ത മൂറിവായി എന്നുമുണ്ടാവും.

ഈ പരിഷകളോടൊപ്പം നിന്ന്‌ കുട്ടിയെ നിങ്ങള്‍ റാഗ്‌ ചെയ്‌തതും പുറത്തുവന്നിരിക്കുന്നു. ഞങ്ങളിങ്ങനെ പീഢനങ്ങളും നേരമ്പോക്കുകളുമായി കാലം കഴിക്കുമ്പോള്‍ നീയെന്തിനാടീ കുത്തിയിരുന്ന്‌ പഠിക്കുന്നതെന്ന്‌ ചോദിച്ചെന്നും കണ്ടു. ആ പാവം ഭയന്ന്‌ മറുപടി പറയാതെ പീഢനങ്ങളേറ്റുവാങ്ങി വ്രണിതഹൃദയവുമായി ഇറങ്ങിപ്പോയെങ്കില്‍ മറുപടി നിത്യന്‍ പറയാം. നിങ്ങള്‍ക്ക്‌ കുത്തിയിരുന്ന്‌ പഠിക്കാതെ, നീണ്ടുനിവര്‍ന്ന്‌ കിടന്നാല്‍ തന്നെ മാര്‍ക്ക്‌ ഇഷ്‌ടംപോലെ കിട്ടുമെന്നതിന്‌ തെളിവുകള്‍ ധാരാളം കിട്ടിയിട്ടുണ്ട്‌. ആ കുട്ടിയുടെ സംസ്‌കാരം അതായിരുന്നില്ല.

ഇനി ഇവിടെ പോലീസും കോടതിയും ബലാല്‍സംഗം നടന്നോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുവാന്‍ ഡോക്‌ടര്‍മാരും റിപ്പോര്‍ട്ടുചെയ്യുവാന്‍ മാദ്ധ്യമങ്ങളുമൊക്കെയുള്ളപ്പോള്‍ ഒരു തൊട്ടിയില്‍ കക്കയുമൂറ്റി ഒരു മടലും ചെത്തിക്കൊടുത്ത്‌ ശവക്കല്ലറകള്‍ക്ക്‌ വെള്ളപൂശുവാന്‍ ഇവറ്റകളെ അഴിച്ചുവിട്ടത്‌ ആരാണ്‌? ഒരു പക്ഷേ നിയമത്തിനുമുന്നില്‍ നിങ്ങള്‍ കുറ്റ വിമുക്തരായേക്കാം, അഗ്നിശുദ്ധി നേടി നാളെ അമ്മയും അമ്മൂമ്മയുമായി വന്നേക്കാം. എന്നാലും പറയാതെ വയ്യ - മാനവീകതക്ക്‌ പൊതുവിലും സ്‌ത്രീത്വത്തിന്‌ പ്രത്യേകിച്ചും അപമാനമുണ്ടാക്കിയ ആണും പെണ്ണും കെട്ട പെണ്‍കോലങ്ങളേ ചരിത്രം നാളെ നിങ്ങളെ കുറ്റക്കാരെന്ന്‌ വിധിക്കും. തല്‌കാലം ഇത്രമാത്രം.
നിത്യന്‍


മറിയം വാഴും പീഢനാലയം അഥവാ നഴ്‌സിംഗ്‌ കോളേജ്‌

മാറോടണച്ച്‌ പരിപാലിക്കുക എന്നൊരര്‍ത്ഥം നഴ്‌സിംഗ്‌ എന്ന പദത്തിനുണ്ട്‌. ബലാല്‍സംഗം അതിന്റെ പരിധിയില്‍ പെടുന്ന മഹദ്‌കൃത്യമായതുകൊണ്ടാവാം നിഷ്‌ഠുരമായി പിച്ചിച്ചീന്തപ്പെട്ട ഇളം മേനിയെ പുറം കാല്‍ കൊണ്ട്‌ തൊഴിച്ച്‌ ഒരു സംഘം കാമവെറിയന്‍മാരായ തന്റെ പ്രിയശിഷ്യന്‍മാരെ മറിയം (പ്രിന്‍സിപ്പലെന്നുവിളിക്കാന്‍ നിത്യന്റെ സംസ്‌കാരം അനുവദിക്കുന്നില്ല) സുരക്ഷിതമായി മാറോടണച്ചുപിടിച്ചത്‌.

ഇതുവരെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്‌ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ എന്ന ഈ പീഢനാലയത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്‌ സാഡിസ്റ്റുകളായ ഷെറിനാദിയായ ഒരു കൂട്ടം തെമ്മാടികളും അവറ്റകളുടെ ആന്റിയായി വിലസിയ മറിയവുമാണെന്ന ഭീകരമായ സത്യമാണ്‌. പീഢനത്തിന്റെ ഭീതിദമായ ഓര്‍മ്മകളുമായി തങ്ങളുടെ നഴ്‌സിംഗ്‌ സ്വപ്‌നങ്ങള്‍ക്ക്‌ പൂര്‍ണവിരാമമിട്ടുകൊണ്ട്‌ പടിയിറങ്ങിപ്പോയ നമ്മുടെ എത്ര സോദരിമാരുണ്ട്‌. അവര്‍ കൊടുത്ത പരാതികള്‍ക്ക്‌ മറിയം കടലാസിന്റെ വിലപോലും കല്‌പിച്ചില്ല എന്നാണറിയുന്നത്‌.

എല്ലാം കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ തെളിയുന്ന ഒരു ഭീകരമായ ചിത്രമുണ്ട്‌. സാംസ്‌കാരിക കേരളം ഇതുവരെ കാണാതിരുന്ന ഒരു ചിത്രം. പ്രിന്‍സിപ്പല്‍ എന്ന മഹത്തായ പദവി വെറും ഒരു കൂട്ടിക്കൊടുപ്പുകാരിയുടേതായി മാറുന്ന ചിത്രം. സമൂഹികമൂല്യങ്ങളുടെ ഗിരിശിഖരങ്ങളിലേക്ക്‌ കുട്ടികളെ മുന്നില്‍ നിന്ന്‌ നയിക്കേണ്ട ആള്‍ സാംസ്‌കാരിക ച്യൂതിയുടെ കാണാക്കയങ്ങളിലേക്ക്‌ കൂപ്പുകുത്തുന്നതാണ്‌ നാം കാണുന്നത്‌.

ഒന്നുകില്‍ മറിയം സ്വയം പുറത്തുപോകണം. അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ മറിയത്തെ പുറത്താക്കണം. അതുമല്ലെങ്കില്‍ നാം പൊതുജനങ്ങള്‍ പ്രിന്‍സിപ്പലെന്ന ബോര്‍ഡു വലിച്ചെറിഞ്ഞ്‌ പറ്റിയ ഒരു പേരു കണ്ടത്തി ചാര്‍ത്തിക്കൊടുക്കണം.

അവസാനമായി പീഢനത്തിനിരയായി ശാരീരികമായും മാനസീകമായും തകര്‍ന്ന്‌ വീട്ടിലെത്തിയ പെണ്‍കുട്ടിയെ മാനസീകരോഗിയാക്കി ചിത്രീകരിക്കുവാനാണ്‌ ശ്രമിച്ചത്‌. ബലാല്‍സംഗത്തിനുള്ള തെളിവുകള്‍ നശിപ്പിക്കുവാനായി ബോധപൂര്‍വ്വം മെഡിക്കല്‍ പരിശോധന വൈകിച്ചു. ഒടുക്കം ഒരു ഡോക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്‌ പ്രകാരം 'കന്യാചര്‍മ്മം പൊട്ടിയതായി കാണുന്നു എന്നാല്‍ ബലാല്‍സംഗം നടന്നതായി തെളിവില്ല'. ഇതൊക്കെ ചെയ്‌തുകൂട്ടുവാനും അതിനുകൂട്ടുനില്‍ക്കുവാനും മാത്രം ആള്‍ബലവും കായ്‌ബലവും ഉള്ള ഒരു കൂട്ടം ചെറ്റകള്‍ക്കുമുന്നില്‍ അടിയറവെക്കുവാനുള്ളതാണോ നമ്മുടെ മൂല്യങ്ങള്‍?

പെണ്‍കുട്ടി അഭയം തേടിയെത്തിയ വീട്ടിലേക്ക്‌ ഫോണ്‍ചെയ്‌ത്‌ കുട്ടിയെ ഭീഷണിപ്പെടുത്തുവാനും നാട്ടിനും വീട്ടിനും കൊള്ളാത്ത വിദ്യാര്‍ത്ഥിവേഷം കെട്ടിയ ചെറ്റകള്‍ മടിച്ചില്ല. അതിന്‌ കൂട്ടുനില്‌ക്കുവാന്‍ മറിയവും. അപമാനഭാരത്താല്‍ എല്ലാം തന്നിലൊതുക്കി ആത്മഹത്യയുടെ വക്കിലെത്തിയ കുട്ടി, തന്റെ അച്ഛനമ്മമാര്‍ ഈ വിവരമറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുകയില്ലെന്ന്‌ ഭയന്ന്‌ വീണ്ടും ക്ലാസിലെത്തിയപ്പോള്‍ വന്നൂ പരിഷകളുടെ അടുത്ത വിളി. തല്‌ക്ഷണം കുട്ടി ബോധംകെട്ടുവീണു. എന്നിട്ടും മറിയം കുലുങ്ങിയില്ല. മറ്റു തന്തക്കുപിറക്കാത്ത ചെറ്റകളും. ബ്ലാക്ക്‌മെയിലിലൂടെ വീണ്ടും കുട്ടിയെ ഉപയോഗിക്കാമെന്ന തന്ത്രമല്ലാതെ മറ്റെന്താണത്‌?

മുന്‍പുതന്നെ കാര്യങ്ങളെല്ലാമറിഞ്ഞ മറിയം ഇതു തടയാതിരുന്നതെന്തുകൊണ്ടാണ്‌? സഹപാഠികളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന, ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന ഈ പീഡനപര്‍വം കേട്ട മറിയം ആ തെമ്മാടിക്കൂട്ടത്തെ കലാലയത്തിന്റ പടിയടച്ച്‌ പിണ്‌ഡംവെക്കാനല്ല ഉത്തരവിട്ടത്‌. നിയമനടപടികള്‍ക്കായി ഫയല്‍ റഫര്‍ചെയ്യുകയുമല്ല ചെയതത്‌. ഒരു പെണ്ണിനെ മയക്കുമരുന്നുകൊടുത്ത്‌ ലാബിലിട്ട്‌ മാറിമാറി മാനഭംഗപ്പെടുത്തിയ തെമ്മാടിക്കൂട്ടങ്ങള്‍ക്ക്‌ ഓശാന പാടുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു ചെയ്‌തത്‌. കുട്ടിക്ക്‌ ജന്‍മം നല്‌കിയവരോട്‌ പറഞ്ഞത്‌ ആവശ്യമുള്ള കാശ്‌ തരാം സംഗതി പുറത്തറിയേണ്ടെന്നും.

ശരിയായിരിക്കാം മറിയത്തിന്റെ പാത അതായിരിക്കാം. കടന്നുവന്നത്‌ ആ വഴിയിലൂടെയായിരിക്കാം. മുന്നിലുള്ളത്‌ എല്ലാം വിലക്കുവാങ്ങുവാനാവുന്ന ലോകമായിരിക്കാം. പക്ഷേ മറിയത്തോടും മറിയം നെഞ്ചോടു ചേര്‍ത്തുപിടിച്ച എന്തും വിലക്കുവാങ്ങാമെന്ന്‌ അഹങ്കരിച്ച ചെറ്റകളോടും പറയുവാനുള്ളത്‌ ഇതാണ്‌. സമ്പന്നനെല്ലാം വിലക്കുവാങ്ങാം. പക്ഷേ ദരിദ്രന്‍ എല്ലാം വില്‌ക്കണമെന്നില്ല.

അതിനിഷ്‌ഠൂരമായ ഒരു കൂട്ടബലാല്‍സംഗത്തെ റാഗിംഗ്‌ എന്നുവിളിച്ച്‌ നിസ്സാരവല്‍ക്കരിക്കുന്ന സംസ്‌കാരത്തെ എന്തുപേരു ചൊല്ലിയാണ്‌ വിളിക്കേണ്ടത്‌? കുട്ടിയുടെ ശരീരത്തെമാത്രമല്ല മയക്കുമരുന്നുകൊടുത്ത്‌ മാനസീകനിലയെപ്പോലും തകര്‍ത്തെറിയാന്‍ ശ്രമിച്ച വൈദ്യശാസ്‌ത്രബുദ്ധിയെ സമ്മതിച്ചേ പറ്റൂ.

ഇനി റാഗിംഗ്‌ തന്നെയാവട്ടെ. അതിനുതടയിടേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. നിയമങ്ങളുടെ അഭാവമില്ല. നിയമപാലകരുടെയും. ഇത്തരം പ്രിന്‍സിപ്പല്‍മാരായി അവതരിച്ച കൂട്ടിക്കൊടുപ്പുകാരും ഒരു പറ്റം പണാധിപത്യത്തിന്റെ പിന്‍ബലമുള്ള തെമ്മാടികളും അവരുടെ താളത്തിനൊത്തുതുള്ളുന്ന മാനേജ്‌മെന്റുകളുമുള്ളിടത്ത്‌ എന്തെങ്കിലും ചെയ്യണമെങ്കില്‍ അത്‌ കഴിയുക ഒരു ജനകീയസമിതിക്ക്‌ മാത്രമായിരിക്കും.

എല്ലാ കലാലയങ്ങളോടുമനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികളുടെ ക്ഷേമാര്‍ത്ഥം ഒരു ജനകീയ സമിതിയുണ്ടാവുന്നത്‌ സമൂഹത്തിന്റെ ആരോഗ്യത്തിന്‌ അനിവാര്യമാണ്‌. ഇത്തരം തെമ്മാടികളുടെ ഉപദ്രവമുണ്ടാവുമ്പോള്‍ പരാതിക്കാരുടെ പേരുസഹിതമോ അല്ലാതെയോ തന്നെ പരാതികള്‍ സമിതിക്ക്‌ അയക്കാനുള്ള അവസ്ഥയുമുണ്ടാവണം. സാമൂഹികമായ ഇടപെടല്‍ അവശ്യമായി വരുമ്പോള്‍ സമൂഹം തീര്‍ച്ചയായും ഇടപെടുക തന്നെവേണം. മറ്റൊരു കൂട്ടബലാല്‍സംഗം ഒരു കലാലയത്തിന്റെയും ചുവരുകള്‍ക്കുള്ളില്‍ നടക്കാതിരിക്കാന്‍. ഇനിയൊരു മറിയവും ഇതാവര്‍ത്തിക്കാതിരിക്കാന്‍.

ഒരിക്കല്‍ മാനഭംഗശ്രമത്തിനിരയായ പെണ്‍കുട്ടികള്‍ സംഭവം അഹിംസയുടെ ആള്‍രൂപമായ മഹാത്മജിയോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത്‌ നിങ്ങള്‍ക്ക്‌ ചുരുങ്ങിയത്‌ പല്ലും നഖവുമെങ്കിലുപയോഗിച്ചെങ്കിലും ആ നരാധമന്‍മാരെ നേരിടാമായിരുന്നില്ലേ എന്നായിരുന്നു. ലഢുവില്‍ മയക്കുമരുന്നു കലര്‍ത്തി കലാലയത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ വച്ചാണ്‌ പിച്ചിച്ചീന്തപ്പെട്ടതെന്നറിഞ്ഞെങ്കില്‍ അഹിംസയുടെ ആ പ്രവാചകന്‍ ചോദിക്കുമായിരുന്നു ഈ സമൂഹത്തോട്‌ -എന്തുകൊണ്ട്‌ നിങ്ങളവരെ വെട്ടിയരിഞ്ഞില്ലെന്ന്‌?

അതുകൊണ്ട്‌ പ്രിയപ്പെട്ടവരേ, ആ മഹാന്റെ പേരുതന്നെ കല്‌പിച്ചരുളപ്പെട്ട ഒരു വിശ്വവിദ്യാലത്തിന്റെ കീഴില്‍ വരുന്ന ഈ സ്ഥാപനത്തിലെ മറിയമടക്കം മുഴുവന്‍ തെമ്മാടികളെയും, ഇപ്പോള്‍ പുറത്തുവന്ന ഇന്റേണല്‍ മാര്‍ക്കുകൂട്ടിക്കൊടുക്കാന്‍ കിടന്നുകൊടുക്കാനാവശ്യപ്പെട്ട 'ഗുരുജനങ്ങളെയും' ചുരുങ്ങിയത്‌ മുക്കാലിയില്‍ കെട്ടിയടിക്കാത്ത നമുക്ക്‌ ആരാണ്‌ മാപ്പുതരിക?
നിത്യന്‍

February 16, 2009

പ്രണയം കാമത്തിനു വഴിമാറുമ്പോള്‍

palamarapookkal_1.jpgദുഷ്യന്തനുമായുള്ള ആദ്യസമാഗമത്തില്‍ തന്നെ പ്രണയാതുരയായ ശകുന്തള, പ്രണയത്തിന്റ തീവ്രത സകല അതിരുകളും ഉല്ലംഘിക്കുവാന്‍ പര്യാപ്‌തമായ മുല്ലവള്ളികളും മാന്‍പേടകളും നിറഞ്ഞ ആശ്രമപരിസരം, താതകണ്വന്റെ അവസരോചിതമായ അസാന്നിദ്ധ്യം, വേറെന്തുവേണം തീവ്രമായ പ്രണയം കാമത്തിന്റെ തലത്തിലേക്ക്‌ പറന്നുയരാന്‍? വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം.

ആവശ്യം നടന്നപ്പോള്‍ പിന്നീട്‌ ആര്‍ക്കായാലും സ്വാഭാവികമായും സംഭവിക്കാവുന്ന വിസ്‌‌മൃതിക്ക്‌ വശംവദനാവുന്നു മഹാരാജാവും. എങ്കിലും തികഞ്ഞ ഭാരതീയ രചനാസങ്കേതപ്രകാരം, നന്മയുടെയും പ്രതീക്ഷയുടെയും രജതരേഖകള്‍ തേടിയുള്ള എഴുത്തിന്റെ വഴിയില്‍ കാളിദാസന്‍ സഞ്ചരിക്കുമ്പോള്‍ ശകുന്തള ദുരന്തപര്യവസായിയായ ഒരു ദു:ഖകഥാപാത്രമായി ഒടുങ്ങാതെ, വിരഹത്തിന്റേയും വിസ്‌‌മൃതിയുടേയും ആ നെടുനീളന്‍ തുരങ്കത്തിത്തിന്റെ മറുതലയ്‌ക്കല്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മുദ്രമോതിരത്തിന്റ ഒരു ഉപകഥ മെനഞ്ഞുകൊണ്ട്‌ ശുഭപര്യവസായിയായി കലാശിക്കുന്നു.

സാഹിത്യത്തിലായതുകൊണ്ട്‌ സംഭവം ഇങ്ങിനെ ശുഭപര്യവസായിയായി. ജീവിതത്തിലാണെങ്കില്‍ ഒരു പക്ഷേ ശകുന്തളയോടൊപ്പം അമ്പലപ്പുഴ ഹയര്‍സെക്കന്ററി സ്‌കൂളിലെന്ന പോലെ വിഷം കുടിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുതോഴിമാരെങ്കിലും കാണുമായിരുന്നു. വള്ളിപ്പടര്‍പ്പില്‍ തൂക്കിയിട്ട മൊബൈലില്‍ നിന്നും ശകുന്തളയുടേയും തോഴിമാരുടേയും നിമ്‌്‌ന്നോതങ്ങളിലൂടെയുള്ള ദൂഷന്തന്റെയും സഹവേട്ടക്കാരുടെയും തീര്‍ത്ഥയാത്രയുടെ നീലച്ചിത്രങ്ങള്‍ ബ്ലൂടൂത്തില്‍ അന്ത്യവിശ്രമം കൊള്ളാതെ യൂട്യൂബില്‍ നാഗനൃത്തം നടത്തുമായിരുന്നു.

പ്രണയത്തിന്റെ പരമകോടിയില്‍ ഉത്തമവിശ്വാസത്തിന്റെ അങ്ങേത്തലപ്രാപിച്ചാല്‍ മാത്രം പെണ്ണ്‌ ആണിന്‌ കാഴ്‌ചവെക്കുന്നതായിരിക്കണം സ്വശരീരം. പ്രണയത്തിനുവേണ്ടിയുള്ള ആത്മസമര്‍പ്പണം എന്നുപറയുന്നതാവും കൂടുതല്‍ നല്ലത്‌. അളവറ്റ സ്‌നേഹത്തിന്റെ തെളിനീരുറവയായി പെണ്ണ്‌ ലൈംഗീകതയെ കാണുമ്പോള്‍ ആ തെളിനീരുറവയില്‍ പ്രണയത്തില്‍പൊതിഞ്ഞ കാമത്തിന്റെ നഞ്ഞ്‌ കലക്കിക്കൊടുക്കുകയാണ്‌‌ അത്യധാധുനീക പ്രണയത്തില്‍ ആണിന്റെ പങ്ക്‌ എന്നു തോന്നുന്നു. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

February 02, 2009

ലാവ്‌ലിന്‍കാലത്തെ പ്രളയം

അച്ഛനെ പെരാന്തന്‍ നായ്‌ കടിച്ചതുകൊണ്ട്‌ ഞാന്‍ ഊട്ടി കണ്ടൂന്ന്‌ പണ്ടൊരു ചങ്ങാതി പറഞ്ഞിരുന്നു. കുത്തിവെക്കുന്ന പ്രതിഭ്രാന്താമൃതം നാട്ടില്‍ കിട്ടാത്തതുകൊണ്ട്‌ കടിയേറ്റ ആളുകള്‍ക്ക്‌ ചട്ടിവിറ്റും ഊട്ടിക്കുവിടേണ്ട ഗതികേടായിരുന്നു. ഊട്ടികാണേണ്ട യോഗമുണ്ടെങ്കില്‍ ഇന്റച്ഛന്റെ മുന്നിലും ആ ദൈവദൂതന്‍ പ്രത്യക്ഷപ്പെടുമെന്ന്‌ എന്തോ എന്നെ ആശ്വസിപ്പിച്ചില്ല മഹാന്‍.

അച്ചുതാനന്ദന്റെ മൗനവും രാമചന്ദ്രന്‍ പിള്ളയുടെ ആവേശവും കാണുമ്പോള്‍ തല്‌ക്കാലം ഓര്‍ത്തുപോയതാണ്‌ ഈ സംഭവം. ബുദ്ധി ലേശം കുറഞ്ഞതുകൊണ്ട്‌ ആ ചങ്ങാതി തോന്നിയ കാര്യം വെട്ടിത്തുറന്നു പറഞ്ഞു. ബുദ്ധി ക്രീമിലെയറിലായ ആളുകളാവുമ്പോള്‍ അത്തരം അവസരങ്ങളില്‍ മൗനം പാലിക്കുകയാണ്‌ പതിവ്‌. വാക്കുകള്‍ക്കിടയിലെ മൗനത്തിന്റെ ഇടിമുഴക്കമാണ്‌ പിന്നെ കേള്‍ക്കുക. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതും. മൗനത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ ഊളിയിട്ട്‌ മുത്തുവാരി അച്ചുതാനന്ദന്‍ തിരിക്കുമ്പോഴേക്കും ഒരു പുതിയ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്ന ലക്ഷണമാണ്‌. സി.ബി.ഐയും സി.പി.എമ്മും കൂടിയുള്ള സംഘഗാനം അതിന്റെ മുന്നോടിയാവാനാണ്‌ സാദ്ധ്യത. അച്ചുതാനന്ദന്‍ ഒഞ്ചിയം സഖാക്കളോട്‌ പറഞ്ഞത്‌ അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളും കൂടി കാണണമെന്നാണ്‌.

ഒരാളുടെ മൗനം വാചാലമാവുമ്പോള്‍ മറ്റുള്ളവര്‍ വായക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ ശൈലിയില്‍ മുന്നേറുന്നു. ലെനിനിസത്തിന്റെ ഗതി ലാവ്‌ലിനിസത്തിന്‌ വരികയില്ലെന്ന ശുഭപ്രതീക്ഷ കൈവിടാതെ അവരും മുന്നേറുന്നു. ഭരണഘടന നെഞ്ചോടുപിടിച്ച്‌ നീതിനിര്‍വ്വഹണത്തെ രാഷ്ട്രീയം കൊണ്ട്‌ നേരിടുമെന്ന ശുദ്ധഹാസ്യവുമായി കലാകാരന്‍മാര്‍ രംഗം കൊഴുപ്പിക്കുന്നു.

കട്ടിലുകണ്ടപ്പഴേ പിള്ളയ്‌ക്ക്‌ പനി തുടങ്ങിയതാണ്‌. ഇനി അഥവാ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ അത്‌ തലച്ചോറിലേക്ക്‌ വ്യാപിച്ച്‌ ക്ലോസായിപ്പോവുമോ എന്നൊരു സംശയമേയുള്ളൂ. മുഖ്യമന്ത്രിസ്ഥാനം ഏതായാലും കിട്ടുമെന്ന്‌ തോന്നുന്നില്ല. കസേരയിലിരുന്നാല്‍ പോരല്ലോ അവിടെനിന്നും ആറുമാസത്തിനകം എഴുന്നേറ്റുപോയി എവിടെയെങ്കിലും മത്സരിച്ച്‌ ജയിക്കണ്ടേ. ശത്രുക്കള്‍ കൂടി വോട്ടുചെയ്യുമെന്ന ഭയം അസ്ഥാനത്തായതുകൊണ്ട്‌ അതിനു പാര്‍ട്ടി തുനിയുമെന്ന്‌ തോന്നുന്നില്ല. ആരും തിരഞ്ഞെടുക്കാത്ത തിരഞ്ഞെടുപ്പാണല്ലോ സിക്രട്ടറിയുടേത്‌. അവിടെ ഒരു കൈ നോക്കുക തന്നെ.

വെയിലിന്‌ ചൂടുപിടിക്കുമ്പോള്‍ വൈക്കോലുവിരിക്കാനുള്ള അറിവൊക്കെ അച്ചുതാനന്ദന്‌ പpinarayi achuthanandan.jpgണ്ടേയുണ്ട്‌. അത്യവശ്യമായി ഒരു ട്യൂഷന്‍ വേണ്ടത്‌ വെയിലുചായുമ്പോള്‍ അതെല്ലാം ഭദ്രമായി കെട്ടിവെക്കുന്ന ഏര്‍പ്പാട്‌ പഠിപ്പിക്കാനാണ്‌. അതുകൊണ്ടാണ്‌ ഇന്നത്തെ വലം കൈയെ നാളെ കാണാത്തത്‌. മറ്റന്നാള്‍ ഇടം കൈയ്യും പോവുന്നത്‌.

ആ വിദ്യാഭ്യാസം ഷൊര്‍ണ്ണൂര്‍-ഒഞ്ചിയം സഖാക്കള്‍ ഇതിനകം നല്‌കിക്കാണുമെന്നും തോന്നുന്നു. അതെല്ലാം കൊണ്ട്‌ താമസിയാതെ ഉണങ്ങിയ വൈക്കോല്‍ കൂനയില്‍ കുത്തിയിരുന്ന്‌ ബീഡിക്ക്‌ തീകൊളുത്തുന്ന ലക്ഷണമാണിപ്പോഴുള്ളത്‌.

മൂലധനവും മാനിഫെസ്റ്റോവും ലെനിനും സ്‌റ്റാലിനുമെഴുതിയതുമെല്ലാം പഠിച്ച്‌ മാര്‍ക്‌സിസ്റ്റുകാര്‍ കണ്ടെത്തിയതും ബൂര്‍ഷ്വാസികള്‍ കണ്ടെത്തിയതും പണ്ട്‌ ശ്രീകൃഷ്‌ണന്‍ പറഞ്ഞതുപോലെയാണ്‌. എല്ലാ വഴിയും എന്നിലേയ്‌ക്ക്‌ എന്ന്‌. പഠിപ്പെല്ലാം തികഞ്ഞ്‌ 90 ആയപ്പോള്‍ ജ്യോതിബസു പറഞ്ഞത്‌ സോഷ്യലിസം ഒരു വിദൂരസ്വപ്‌നമാണെന്നാണ്‌. അതായത്‌ സോഷ്യലിസത്തിന്റെ കാര്യംതന്നെ ഇപ്പരുവത്തിലാവുമ്പോള്‍ പിന്നെ മാര്‍ക്‌സിസത്തിന്റെ കാര്യം പാര്‍ട്ടിയുടെ പേരിലൊടുങ്ങും എന്നര്‍ത്ഥം. ഒരു അരനൂറ്റാണ്ട്‌ പിന്നോട്ടുപോയാല്‍ ചര്‍ച്ചിലിന്റെ ഒരു തമാശയുണ്ട്‌. സോഷ്യലിസം ഒരു സ്വപ്‌നമാണ്‌. താമസിയാതെ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുണരും എന്ന്‌.

കേട്ടുകേട്ടു ജനത്തിനു ബൈഹാര്‍ട്ടായിപ്പോയ വേറൊരു കാര്യമുണ്ട്‌. മാര്‍ക്‌സിസം സത്യമാണ്‌. കാരണം അത്‌ ശാസ്‌ത്രമാണ്‌. അതായത്‌ ശാസ്‌ത്രമാണെന്ന്‌ തെളിഞ്ഞ സംഗതികള്‍ക്കൊക്കെ ജനനവും ജീവിതവും മരണവും ഉണ്ട്‌. അല്ലാത്ത സംഗതികളെല്ലാം ശാസ്‌തപ്പന്റെ കണക്കിലേ ശരിയാവുകയുള്ളൂ. ശാസ്‌ത്രത്തിന്റെ കണക്കില്‍ വരവുവെക്കാന്‍ കഴിയുകയില്ല.

പിണറായിയിലെ പാറപ്പുറത്തുനിന്നും കോണ്‍ഗ്രസിലെ പുരോഗമനവാദികള്‍ ക്രെംലിന്‍ കൊട്ടാരത്തെ മനസ്സില്‍ ധ്യാനിച്ച്‌ വിപ്ലവമാമോദീസ മുക്കി കമ്മ്യൂണിസം പുല്‍കുകയാണുണ്ടായത്‌. തനത്‌ കേരളമോഡല്‍ ബാലറ്റ്‌ മാര്‍ക്‌സിസം പിന്നെ രംഗം കൊഴുപ്പിച്ചു. വാരിക്കുന്ത കൗമാരവും ബന്ദ്‌ യൗവനവും പിന്നിട്ട്‌ ഇപ്പോള്‍ ലാവ്‌ലിന്‍ വാര്‍ദ്ധക്യത്തില്‍ വിശ്രമജീവിതം നയിക്കുന്നു. ഇനി ശാസ്‌ത്രപ്രകാരം സ്വര്‍ഗാരോഹണം അഥവാ നരകാരോഹണം. അന്ത്യകൂദാശ ഒരു പിണറായിക്കാരന്റെ കൈകൊണ്ടാവുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌. മനുഷ്യാ നീ മണ്ണാകുന്നൂ. മണ്ണില്‍ നിന്നും വന്ന നീ മണ്ണിലേക്കു മടങ്ങുക എന്നതുപോലെ പാറപ്പുറത്തുനിന്നും വന്ന നീ പാറപ്പുറത്തുതന്നെ ഒടുങ്ങുക.

കോടതി നമുക്ക്‌ പണ്ടേ ബൂര്‍ഷ്വാകോടതിയാണ്‌. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം പട്ടാളം എന്നാല്‍ ശരിക്കും റെഡ്‌ വളണ്ടിയേഴ്‌സാണ്‌. മറ്റേത്‌ നാളെ റെഡ്‌ വളണ്ടിയേഴ്‌സ്‌ ഇങ്ങോട്ടിറങ്ങിയാല്‍ പാറ്റണ്‍ ടാങ്കും വലിച്ചെറിഞ്ഞ്‌ ഓടിരക്ഷപ്പെടേണ്ടവര്‍ അതിര്‍ത്തിയിലെ വെറും തുപ്പാക്കികള്‍. നമ്മുടെ കോടതികള്‍ മേല്‍ക്കമ്മിറ്റികളാണ്‌. മയിസ്രേട്ടുകോടതി ന്ന്‌ച്ചാല്‍ ഏരിയാക്കമ്മിറ്റി. ജില്ലാക്കോടതി ജില്ലാക്കമ്മിറ്റി, ഹൈക്കോര്‍ട്ട്‌ സംസ്ഥാനക്കമ്മിറ്റി, സുപ്രീമ്കോര്ട്ടാന് പൊളിറ്റ്‌ബ്യൂറോ. അവിടുത്തെ സിങ്കിള്‍ ബഞ്ച്‌ ഏതെങ്കിലും മേമ്പ്രന്‍. ഡിവിഷന്‍ ബഞ്ചാണ്‌ അവൈലബ്‌ള്‍ സിക്രട്ടേറിയറ്റ്‌.
ശേഷം നാട്ടുപച്ചയില്‍