April 19, 2010

പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍


 NKOne.JPG

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.

ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക. 

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ. 

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല. 
ആശയങ്ങള്‍ ചിലരെ മഹാന്‍മാരാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തിഗുണം കൂടിയുണ്ട്. കടലും കടലിലെ കന്പിത്തൂണും പോലെയാണ് മനുഷ്യനും മോഹങ്ങളും. ആയകാലത്ത് കടലിന്‍റെ ഉപ്പിനെയും തിരകളുടെ ആലിംഗനത്തെയും പ്രതിരോധിക്കാന്‍ നോക്കും. പ്രായകാലത്ത് തുരുന്പെടുത്തു തുടങ്ങും. പിന്നെ താമസിയാതെ കടലെടുക്കും. 

ഒരു ഹര്‍ത്താല്‍ സുദിനത്തില്‍ രണ്ടു പ്രായമായ സ്ത്രീകള്‍ രണ്ടും കല്പിച്ച് വരുന്ന വണ്ടിക്ക് കൈകാണിച്ചു. എന്തുസഹായമാണവര്‍ക്ക് വേണ്ടതെന്നറിയാന്‍ ജീപ്പ് ഉടന്‍ നിര്‍ത്തി എസ്.ഐ ചാടിയിറങ്ങി. "അള്ളോ ഞമ്മള് മന്ശന്‍മാരാന്ന് നിരീച്ച് കൈകാണിച്ചുപോയതാണേന്ന്' ഒരു നിലവിളിയായിരുന്നു. 

പോലീസുകാരെ മനുഷ്യരായി കാണാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിലും നമ്മള്‍ അരക്കള്ളന്‍മാരെങ്കിലുമായതു കൊണ്ടാണല്ലോ പോലീസുകാര്‍ മുഴുക്കള്ളന്‍മാരായിട്ടുണ്ടാവുക. മുരിക്കു നാട്ടി ചക്ക പറിക്കുന്ന കൃഷിരീതി ഇസ്രയേലില്‍ കൂടി നടപ്പിലായതായി അറിവില്ല. ആ സ്ഥിതിക്ക് നമ്മളില്‍ നിന്നും നമുക്കുതന്നെ കിട്ടാത്തത് പോലീസുകാരില്‍ നിന്നും പ്രതീക്ഷിക്കുകയെന്നത് ഒരതിമോഹമല്ലാതെ മറ്റെന്താണ്. 

കഴിഞ്ഞദിവസം പോലീസുകാരുടെ കൊള്ളരുതായ്മക്കും അഴിമതിക്കുമെതിരെയുള്ള നാട്ടിന്‍പുറത്തെ ഘോരപ്രഭാഷണമദ്ധ്യേ പുകയുയരുന്നതുകണ്ടപ്പോള്‍ ഒന്നു കൊളുത്തിക്കളയാമെന്നു തോന്നി. മാറിനിന്ന് ഒന്നാഞ്ഞുവലിച്ചു ആരൊക്കെയാണ് ചര്‍ച്ചയിലെന്നു നോക്കി. ഒരുവന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നാലുമണിക്കുതന്നെയെത്തിയ മുങ്ങല്‍ വിദഗ്ധന്‍. രണ്ടാമത്തെയാള്‍ ആയകാലത്ത് പത്തുറുപ്പിക കൈക്കൂലി കൊടുക്കാനില്ലാതിരുന്ന ചെക്കന്‍റെ കീശയില്‍ കൈയിട്ട് ആകെയുണ്ടായിരുന്ന രണ്ടര രൂപയെടുത്തു പയ്യനെ ഏഴുകിലോമീറ്റര്‍ നടത്തിച്ച മഹാന്‍. മൂന്നാമന്‍ എം.ആര്‍.പിയില്‍ ഒരണ കുറയാതെ വാങ്ങിക്കുകയും ഒരുറുപ്പിക നികുതികൊടുക്കാതെയും മാന്യമായ ജീവിതം നയിക്കുന്ന കള്ളക്കച്ചവടക്കാരനും. നമുക്കു നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ മുടങ്ങാതെ അനുസരിക്കണം എന്ന വിശാല കാഴ്ചപ്പാടിന് പേരുകേട്ടവരാണ് നമ്മള്. 

ഇനി ഒന്നു മാറിനിന്നു നോക്കുക. കഴിഞ്ഞ 2009 ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് 632 ആളുകളാണ്. മൊത്തം മരണപ്പാച്ചില്‍ കാരണം നടന്ന അപകടങ്ങള്‍ 3200. ഇനി വിപ്ലവചെഗുവേരകളുടെയും പൂജനീയഹെഡ്ഗെവാര്‍മാരുടെയും നാടായ കണ്ണൂരിന്‍റെ സ്ഥിതിനോക്കുക. 194 ആളുകളെയാണ് ടിപ്പര്‍ വടിയാക്കിയത്. 2008ല്‍ ടിപ്പര്‍ കാലപുരിക്കയച്ചത് 41 പേരെയായിരുന്നു. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. എന്തേ ടിപ്പര്‍ലോറികളെ നിലയ്ക്കുനിര്‍ത്താന്‍ ആരും ആവശ്യപ്പെടാത്തത്. സ്പീഡ് ബ്രോക്കര്‍ പിടിപ്പിച്ചാലും അതു മോണിറ്റര്‍ ചെയ്താലും ആകാശം ഇടിഞ്ഞുവീണുപോവുമോ? 

കൂരയില്‍ കിടന്നുറങ്ങുന്നവനെ വെട്ടിനുറുക്കി ചാവാതെപോയെങ്കില്‍ ചുരുങ്ങിയത് നാടോടി പിടിച്ച തവളയെപ്പോലെയെങ്കിലുമാക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മിനക്കേട് ഇതിനില്ലല്ലോ. കണ്ണൂരിലെ പാതിരാ ക്കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികനായകരുണ്ട് രാഷ്ട്രീയനേതാക്കളുണ്ട്, എന്തിന് രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും കൂടിയുണ്ട്. ഓടിക്കാന്‍ കാറില്ലാത്തവനല്ലേ ടിപ്പറിനെ കാര്യമായി പേടിക്കേണ്ടതുള്ളൂ. അവന്‍ ചത്താല്‍ ആര്ക്ക് ചേതം എന്ന സുതാര്യ കാഴ്ചപ്പാടാണെന്നു തോന്നുന്നു. ഇതിലുമെല്ലാം എന്തൊരു സുഖമാണ് ഒബാമയുടെ തന്തയ്ക്കുവിളിക്കാനും കാക്കിക്കുള്ളിലെ കാട്ടളന്‍ സംബോധന മുക്കിനുമുക്കിന് നടത്താനും. അധികാരത്തിലിരിക്കുന്പോള്‍ തങ്കപ്പെട്ട പോലീസുകാര്‍. പ്രതിപക്ഷത്താവുന്പോള്‍ കാക്കിക്കുള്ളിലെ കാട്ടാളന്‍മാര്‍. 

nk2.JPG 
മര്‍ദ്ദനോപാധിയായി ഭരണകൂടം പോലീസിനെ മാറ്റുന്പോള്‍ സ്വാഭാവികമായും ഗുണ്ടകളുടെ സ്ഥാനം അലങ്കരിക്കുക പോലീസുകാരായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ടിവിടെ. സ്റ്റേഷനില്‍ കയറി പോലീസുകാര്‍ക്ക് അടി ചറപറാ കൊടുക്കാനും അറസ്റ്റുചെയ്തവരെ അന്തസ്സോടെ ഇറക്കിക്കൊണ്ടുവരാനും തുടര്‍ന്നു പോലീസുകാരെ വിളിച്ചുവരുത്തി ശാസിക്കാനും സസ്പെന്‍ഷന്‍ എന്ന ഗുഡ്സര്‍വീസ് എന്‍ട്രി പതിച്ചുകൊടുക്കാനും എല്ലാം പ്രത്യേക സംവിധാനങ്ങളാണ്. 

 ഇത്തരം ആധുനിക ജനകീയപോലീസ് സംവിധാനത്തെപ്പറ്റി കേട്ടുകേള്‍വികൂടിയില്ലാത്തവരാണ് നമ്മുടെ തമിഴകവും കന്നടദേശവുമെല്ലാം. അത്തരം അസുലഭനിമിഷങ്ങള് പോലീസുകാരെ തേടിയെത്തുന്പോള്‍ താമസംവിനാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു സിദ്ധാന്തം പോലീസുകാര് പ്രയോഗത്തില് വരുത്തുന്നതാണ് നമ്മള്‍ കാണുന്നത്. മേല്‍വിലാസമുള്ള ഗുണ്ടയെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ. അല്ലാത്തവന്‍റെ മര്‍മ്മത്തുനോക്കി പാസാക്കിയാല്‍ തന്നെ മൊത്തത്തില് ഒരാശ്വാസമായി. കിട്ടിയാല്‍ ഒരു തെളിവ് പോയാല്‍ ഒരു പോസ്റ്റുമോര്‍ട്ടം.

എന്നെല്ലാം പോലീസില്‍ രാഷ്ട്രീയാധികാരം പിടിമുറുക്കിയോ അപ്പോഴെല്ലാം മാനവികത പോലീസുകാരില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആ ശൂന്യത പിന്നെ നികത്തുക മൃഗീയതയാണ് (മൃഗങ്ങളേ മാപ്പ്). ജനാധിപത്യത്തില്‍ അശേഷം വിശ്വാസമില്ലാത്തവര്‍ ജാതകദോഷം കൊണ്ട് അയ്യഞ്ചുവര്‍ഷം കൂടുന്പോള്‍ ഭരണത്തിലെത്തുന്നതാണ് കേരളത്തിലെ വിപ്ലവം.


സ്വാതന്ത്ര്യവും ജനാധിപത്യവും ശ്വാസവായുപോലെയാണെന്ന് നാവുകൊണ്ടു പറയുകയും അതേ നാവുകൊണ്ടുതന്നെ വഴിതടയലും ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുകയും ചെയ്യുന്ന അപരിഷ്കൃതരാണു നമ്മള്‍. പടിഞ്ഞാറെ പോലീസിനെ പുകഴ്ത്തി പറയുന്നവര്‍ പടഞ്ഞാറെ രാഷ്ടീയക്കാര്‍ ഈ ജനുസ്സില്പെട്ടതാണോ എന്നുകൂടി നോക്കണം. ബാലറ്റു വഴിയുള്ള ജനത്തിന്‍റെ പ്രതിനിധി ജനപ്രതിനിധിയെന്നപോലെ മറ്റൊരു തിരഞ്ഞെടുപ്പുവഴിയുള്ള പ്രതിനിധി തന്നെയാണ് പോലീസുകാരന്‍. അതായത് ശരാശരി ഞാനും നിങ്ങളും. നമ്മള്‍ നിന്നിടത്തുതന്നെ നിന്ന് പോലീസുകാര്‍ മാത്രമായി മാറുന്ന നാളില്‍ മടിച്ചുനില്ക്കാതെ ചക്കയിടാന് മുരിക്കില്‍ കയറുകയുമാവാം.

mk3.JPG 
 സംസ്കാരസന്പന്നരും കഴിവുറ്റവരുമായ ആണിനും പെണ്ണിനുമുപരിയായി മെച്ചപ്പെട്ട എന്താണ് ഒരു രാഷ്ട്രത്തിനു ഉല്പാദിപ്പിക്കാനുള്ളത് എന്നു ചോദിച്ചത് സോക്രട്ടീസ് ആയിരുന്നു. ഒരു ജനതയെ നേര്‍വഴിക്കു നടത്താന്‍ നോക്കിയ സോക്രട്ടീസിന്‍റെ കുറ്റം ഒരു തലമുറയെ വഴിതെറ്റിച്ചു എന്നതുമായിരുന്നു. "ഒരു കോപ്പവിഷം - മിഴിയടഞ്ഞ സോക്രട്ടീസ്". 

സോക്രട്ടീസിന് വഴിതെറ്റിയത് കേരളത്തിലായിരുന്നൂവെങ്കില്‍ തീര്‍ച്ചയായും ഹെംലോക്ക് കഴിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ സൂപ്പര് ഹേഡുമുതല്‍ സാദാ കോണ്‍ഷബിള്‍ വരെയുള്ളവരുടെ അടിയും ഇടിയും ഉരുട്ടലും തൂക്കലും തന്നെ ധാരാളം മതിയാകുമായിരുന്നു. ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു. അതുമാത്രമില്ലാത്തതുകൊണ്ട് നമ്മള്‍ നമുക്കാവും വിധം ഉരുട്ടിയോ ചവുട്ടിയോ കൊല്ലുന്നൂവെന്നുമാത്രം. 

ഒരു ചെന്പു പാല്പായസമാണെന്നു പറഞ്ഞിട്ടുകാര്യമില്ല. വന്നുവീണത് ഒരു കാഞ്ഞിരക്കുരുവാണെങ്കില് അതുമതി സംഗതി ക്ലീനാക്കാന്. അടിയന്തിരമായി വേണ്ടത് പോലീസിലെ ഈ കാഞ്ഞിരക്കുരുക്കളെ കണ്ടെത്തുകയാണ്. പോലീസുവകുപ്പ് ഗൂണ്ടാപദവി നല്കി ആദരിച്ച മൂന്നൂറ്റിച്ചില്വാനം പേരുടെ കൂട്ടത്തില് ഈ പേരുകള് കൂടി ചേര്ത്ത് അക്കൂട്ടരുടെ പുറത്തേയ്ക്കുള്ള വഴി സുഗമമാക്കിയാല് തീരുന്നതേയുള്ളൂ കസ്റ്റഡിമരണങ്ങള്. അതിന് അത്യാവശ്യമായി വേണ്ടത് ഒന്നാണ് രാഷ്ട്രീയ ഇച്ഛാശക്തി. മരുന്നിനുകൂടി നമുക്കില്ലാത്തതും അതുതന്നെയാണ്

April 09, 2010

എസ്.എം.ഇ ഫോളോഅപ്പ്

എസ്എംഇ റാഗിങ്: ഹര്‍ജിയുടെ നിയമസാധുത പരിശോധിക്കുന്നു

കൊച്ചി:എസ്എംഇ റാഗിങ് കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി രഞ്ജിത് വര്‍ഗീസ് ശിക്ഷ നിര്‍ത്തിവച്ച് ജാമ്യം കിട്ടാനായി രണ്ടാമതും ഹര്‍ജി നല്‍കി. രണ്ടാമതും നല്‍കിയ ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനായി ജസ്റ്റിസ് വി.രാംകുമാര്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

അപ്പീല്‍ വാദം കേള്‍ക്കുന്നത് നീണ്ടുപോവുന്ന സാഹചര്യത്തില്‍ ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 (വാര്ത്ത മാതൃഭൂമി) മനോരമ ഒന്നുകൂടി വിശദീകരിച്ചിട്ടുണ്ട് - ജസ്റ്റിസ് വി.രാംകുമാര്‍ വിധിച്ചുകൊടുത്ത 10 കൊല്ലം തടവുശിക്ഷ അപ്പീലില്‍ ഒഴിവാകുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇതിനകം ഒരു വര്‍ഷം ജയിലില്‍ കിടന്ന നിരപരാധി പീഢകന്‍ ഇങ്ങിനെയൊരു ഹരജി നല്കിയിരിക്കുന്നതെന്ന്)

നിരീക്ഷണം - സംഗതി ഗ്രാന്‍റ് . കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ല. രഞ്ജിത് വര്‍ഗീസ് മഹാനിഷ്കളങ്കന്‍. കൂട്ടുപ്രതികള്‍ അതിലേറെ നിഷ്കളങ്കര്‍. പണമെന്ന പരുന്തിനുമീതെ നീതിയുടെ വെള്ളരിപ്രാവ് പറന്നുയര്‍ന്നപ്പോഴാണ് കേരളത്തിലെ ഈ സംഭവത്തിന് ഒരു തുന്പുണ്ടായത്. പോലീസും കോടതിയും ഒരു ജനതയും കുട്ടിയോടൊപ്പം അടിയുറച്ചപ്പോഴായിരുന്നു ഇക്കൂട്ടരുടെ അടിതെറ്റിയത്. പ്രിന്‍സിപ്പാളും കുട്ടിയെ പരിശോധിച്ചകൂട്ടരും ഒക്കെ കൂടെയുണ്ടായിരുന്നിട്ടും. അല്ലായിരുന്നൂവെങ്കില്‍ മറ്റൊരു രുചികയായി അവള്‍ മാറുമായിരുന്നു. അതുകൊണ്ടുമാത്രം ഈ ഫോളോഅപ്പ്.
 
പ്രണയവലക്കേസ്: പെണ്‍കുട്ടികളുമായി ബന്ധത്തിന് ഇല്ലെന്നു പ്രതികള്‍
 
കൊച്ചി: പെണ്‍കുട്ടികളെ പ്രണയ, വിവാഹ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്ന കേസില്‍ പ്രതികളും പത്തനംതിട്ട സ്വദേശികളുമായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവര്‍ പെണ്‍കുട്ടികളുമായി ഒരുതരത്തിലും ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പരസ്പരം ഉപദ്രവിക്കാതെ സമാധാന ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തണമെന്നും മജിസ്‌ട്രേട്ടു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൈംഗിക വൈകൃതം എന്നീ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

കേസ് എഴുതിത്തള്ളി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ ഉത്തരവുകളൊന്നും തടസ്സമല്ലെന്നു കോടതി വ്യക്തമാക്കി. ജൂണ്‍ ആറിനു കേസ് വീണ്ടും പരിഗണിക്കും. 
(വാര്‍ത്ത- മനോരമ)

 നിരീക്ഷണം - ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകാണണം. യാതൊരുവിധ അജണ്ടകളുമില്ലാത്ത നിര്‍മ്മലപ്രണയത്തില്‍ പിള്ളേര്‍ വീണുപോയതാണ്. ആളുകള്‍ ഉദ്ദേശിച്ചതുപോലെ നിര്‍ബന്ധ മതപരിവര്‍ത്തനമോ പീഢനമോ യാതൊന്നും ഉണ്ടായിരുന്നില്ല. ഇനി ഇതിലെ പ്രതികള്‍ക്ക്  മനസ്സമാധാനത്തോടെ ശിഷ്ടകാലം കഴിഞ്ഞുകൂടിയാല്‍ മതിയെന്നൊരാഗ്രഹമേയുള്ളു.




April 06, 2010

ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത്


മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടെ മൗലികാവകാശമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണം എന്ന് ഗുരു പാടിയത് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയത് ആകെ ഒളിഞ്ഞുനോട്ടക്കാരാണെന്നുതോന്നുന്നു. നോക്കുന്നവന്‍ മാത്രം കണ്ടു സമാധിയായാല്‍ പോരാ കണ്ണുള്ളവരെല്ലാം കാണണം എന്ന ഉദാരസമീപനമാണ്.

തൂങ്ങിയാടുന്ന ശവത്തിന്റെ പോട്ടം മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ നിരനിരയായ് നില്ക്കുന്ന നാടാണ് കേരളം. റോഡില്‍ ചിതറിയ ശവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സുകൃതമടയുന്ന മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കണമെന്ന് ഒരു സംസ്ഥാനസമ്മേളനമോ മറ്റോ നടത്തി മനശ്ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിക്കട്ടെ. 3 കോടി ജനമുള്ളേടത്ത് 2 കോടി മൊബൈലുള്ളതായാണ് കണക്ക്. തവണകളായി പണമടച്ചല്ലാതെ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവരുടെ നാട്ടിലെ കണക്കാണിത്.

ഒളിഞ്ഞുനോട്ടത്തിന്റെ തെളിഞ്ഞ കാഴ്ചകളുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്നും മഞ്ഞപുസ്തകങ്ങളില്‍ നിന്നും നാലാളറിയാതെ കൊണ്ടാടപ്പെട്ട അവ്യക്തമായ നീലച്ചിത്രങ്ങളില്‍ നിന്നും കാലം മുന്നോട്ടുപോയി. ശാസ്ത്രസാങ്കേതിക വളര്‍ച്ച കണക്കിലെടുത്ത് ഇനി ത്രീ‍ഡിയില്‍ സംഗതി കണ്‍മുന്നിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. അസാരം അറിവ് വിവേകം അശേഷമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ രക്ഷകന്‍ തന്നെ അന്തകനായി മാറുന്ന കാഴ്ചയാണ്.

ആകാംക്ഷയാണ് ഒളിഞ്ഞുനോട്ടത്തിന്റെ പിതാവ്. അതുകൊണ്ടുതന്നെ ലോകത്തെ ഒളിഞ്ഞുനോക്കുന്ന ഏക സസ്തനി കൂടിയാണ് മനുഷ്യന്‍. വ്യോയര്‍ (voyeur) എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം നോക്കിക്കാണുന്നവന്‍ എന്നുമാത്രമാണ്. അത് ബിലാത്തി സായിപ്പിന്റെ കൈയ്യിലെത്തുമ്പോഴേക്കുമാണ് നഗനത നോക്കിനില്ക്കുന്നവന്‍ എന്നര്‍ത്ഥം കൈവരുന്നത്.

സാദാ ഒളിഞ്ഞുനോട്ടം അത്ര അപകടകാരിയല്ല. ചെറിയ ചികിത്സ കൊണ്ടുതന്നെ ഭേദപ്പെട്ടുപോവുന്ന ഒരസുഖമാണത്. ഈയടുത്ത് വായിച്ചതാണ്. ഒരു സ്ത്രീ ട്രെയിനില്‍ കരയുന്ന കുഞ്ഞിനെ മുലയൂട്ടുവാന്‍ സാഹസപ്പെടുന്നു. ഒടുവില്‍ എങ്ങിനെയൊക്കെയോ മുലവായില്‍ തിരുകി അമ്മ കുഞ്ഞിന്റെ കരച്ചിലടക്കി. കുഞ്ഞില്‍ നിന്നും മുഖമുയര്‍ത്തിയ അമ്മ കാണുന്നത് തുമ്പിയെ കണ്ട കുട്ടിയെപ്പോലെ ചാടിവീഴാന്‍ പാകത്തില്‍ തുറിച്ചുനോക്കിയിരിക്കുന്ന ഒരു സഹോദരനെയാണ്.

ആ രോഗത്തിന് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് അവരു കുറിച്ചുകൊടുത്തത്. ഒരേയൊരു ചോദ്യം. 'എന്താ നിനക്കും വേണോ'? ആ കംപാര്‍ട്ടുമെന്റില്‍ നിന്നുതന്നെ പുള്ളിക്കാരനെ അപ്രത്യക്ഷനാക്കാനുള്ള ഒന്നാംതരം ചികിത്സ. നമ്മുടെ ദുരന്തങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം പ്രതികരിക്കേണ്ട വിഷയത്തില്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ടവിധത്തില്‍ പ്രതികരിക്കാനുള്ള ശേഷിക്കുറവാണ്. വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാണ്.

മനുഷ്യന്‍ ജനിക്കുന്നതുതന്നെ കള്ളനായിട്ടാണെന്ന്് തോന്നിപ്പിക്കും വിധമാണ് നമ്മുടെ സദാചാരസംഹിതകളുടെ ആധിക്യത. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ മൂക്കറ്റം സദാചാരത്തില്‍ മുങ്ങിക്കിടന്നിരുന്ന കോട്ടൂരച്ചന്‍മാരുടെയും അമൃതചെതന്യമാരുടെയും ഗതി നമ്മള്‍ കണ്ടതാണ്. അരക്കില്ലത്തിലെ അഗ്നിയെക്കാളും അപകടകരമാണ് അരക്കെട്ടിലേത്. കപടസദാചാരത്തിന്റെ തീര്‍ത്ഥജലം തളിച്ച് കെടുത്തിവെക്കാവുന്നതല്ല ലൈംഗികചോദനകള്‍.

നാലാളറിയെ കൈപിടിക്കാതെ, ഒളിച്ചുമാത്രം അനുഷ്ഠിക്കേണ്ട പാപകര്‍മ്മമാണ് ലൈംഗികബന്ധം എന്ന ഒന്നുരണ്ടു പിതാക്കന്‍മാരുടെയും ഒരു സഹോദരിയുടെയും ഉത്തമവിശ്വാസമായിരുന്നല്ലോ മറ്റൊരു സഹോദരിയെ കിണറുമാര്‍ഗം കര്‍ത്താവിങ്കലേയ്‌ക്കെത്തിച്ചത്. രഞ്ജിതയുമായി ആനന്ദസാഗരത്തിലാറാടിയത് ഞാന്‍ തന്നെയാണ് ഈ ലോകത്തിന് അതിലെന്തുകാര്യം എന്നുചോദിക്കാന്‍ ധൈര്യമില്ലാത്ത നിത്യാനന്ദനാണ് മാലോകര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാട്ടിക്കൊടുക്കാന്‍ പോവുന്നത്.

ആകാംക്ഷയില്‍ നിന്നുമാണ് ഒളിഞ്ഞുനോട്ടം സംഭവിക്കുന്നതെന്നു പറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും ആണുങ്ങള്‍ മാത്രം അനുഷ്ഠിക്കേണ്ട ഒരാചാരമൊന്നുമല്ല, പെണ്ണുങ്ങള്‍ക്കും ഭംഗിയായി നിര്‍വ്വഹിക്കാവുന്നതേയുള്ളൂ. മൂടിവെക്കപ്പെടുന്നതെന്തും തുറന്നുകാണാനുള്ള ആകാംക്ഷ ഒരു കുറ്റകൃത്യവുമാവുന്നില്ല. അതായത് സാദാ ഒളിഞ്ഞുനോട്ടം.

എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ പതിഞ്ഞ ഷാറൂഖ് ഖാന്റെ നഗ്നചിത്രം പ്രിന്റുചെയ്ത് ഖാനെക്കൊണ്ടുതന്നെ ഓട്ടോഗ്രാഫ് ചെയ്യിച്ചത് എയര്‍ഹോസ്റ്റസുമാരാണ്. എയര്‍ഹോസ്റ്റസുമാര്‍ ആണുങ്ങളാവാന്‍ വഴിയില്ലല്ലോ?

ഒളിഞ്ഞുനോട്ടത്തിന്റെ വിപണി ചില്ലറ കോടികളുടേതല്ല. ബോളിവുഡുതൊട്ട് മോളിവുഡ് വരെ ചിതറിക്കിടക്കുന്ന പരസഹസ്രം കോടികളുടെ ഭാവി ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്റെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഒരുപരിധിവരെ വനിതകള്‍ക്ക് കരഗതമായപ്പോള്‍ സിനിമാലോകം മാറിയതുനോക്കുക. ഫുള്‍കൈ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റുമായി മരം ചുറ്റുന്ന നായകനും ഉടുതുണിക്കു ക്ഷാമമുള്ള മദാലസയായ നായികയും. അന്ന് തറതൊട്ട് ബാള്‍ക്കണിവരെ ആണുങ്ങളായിരുന്നു ആസ്വാദകര്‍. ഉടുതുണി അഴിച്ച് ആണിന്റേത് കാണണമെന്ന യാതൊരു ആഗ്രഹവുമില്ലാത്തവര്‍.

അന്ത കാലത്ത് പെണ്ണിന്റെ കുപ്പായത്തിനൊരു പോക്കറ്റും അതിലൊരു നാലുമുക്കാലും ഉണ്ടായിരുന്നില്ല. കാലം മാറി കഥമാറി. പെണ്ണിനും സിനിമ കാണാമെന്നായി. അതോടെ തിരക്കഥയും മാറി. പെണ്ണ് ടിക്കറ്റെടുക്കുന്ന വിവരമറിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ വലിച്ചുപറിച്ചെറിഞ്ഞതാണ് ആണിന്റെ ഫുള്‍കൈഷര്‍ട്ടും ബെല്‍ബോട്ടം പാന്റസും. ഇനിയങ്ങോട്ട് അതിന്റെ ആവശ്യമുണ്ടാവുമെന്നും തോന്നുന്നില്ല.

കത്രീണമാര്‍ക്കുമാത്രമല്ല ഖാന്‍മാര്‍ക്കും ഉടുതുണിയിരിഞ്ഞാലേ നിലനില്പുള്ളൂ എന്നു വന്നത് ചില്ലറക്കാര്യമാണോ? വനിതകളുണ്ടാക്കിയ മുന്നേറ്റം തന്നെയല്ലേ അത്. പ്രേംനസീറിനെയും സത്യനെയും മമ്മൂട്ടിയെയും ലാലിനെയും പോലെ സിംഗിള്‍പാക്ക് വയറും വച്ച് നടന്നാല്‍ പോരാ സിക്‌സ്പായ്ക്ക് തന്നെ വേണം. എന്നെങ്കിലേ തടിമേലിരിക്കുന്നതു വലിച്ചൂരിയിട്ടും കാര്യമുള്ളൂ എന്ന നില വന്നത് ആണുങ്ങളുടെ ഒളിഞ്ഞുനോട്ടം കൊണ്ടാണോ?

പോസ്റ്ററില്‍ മോളിവുഡിലെ ചിന്നപ്പൈയ്യന്റെ തുടമുഴുവന്‍ അങ്ങ് ജങ്ഷന്‍വരെ കാണണമെന്ന് ആഗ്രഹമുണ്ടാവാന്‍ കേരളത്തിലെ ആണുങ്ങളെന്താ മൊത്തത്തില്‍ സ്വവര്‍ഗപ്രേമികളാണോ? ആ പോസ്റ്റര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണിന്റെ പോക്കറ്റാണോ പെണ്ണിന്റേതോ? പണ്ടത്തെ 'അന്നുപെയ്ത മഴയിനിലെ' സില്‍ക്കിന്റെ പോസ്റ്റര്‍ തീര്‍ച്ചയായും നിത്യനെപ്പോലുള്ളവരുടെ പോക്കറ്റുകണ്ട് ഇറക്കിയതായിരുന്നു.

ഇവിടെ ഫിലിമോത്സവങ്ങളില്‍ ആളുകള്‍ ഇടിച്ചുകയറുന്നത് കലാബോധത്തിന്റെ രസക്കയറു വലിഞ്ഞുമുറുകി നില്ക്കക്കള്ളിയില്ലാതാവുമ്പോഴാണെന്നാണ് ധാരണ. അംഗ്രേസിയില്‍ നാലുവാക്കു കൂട്ടിവായിക്കാന്‍ പറ്റാത്തവന്‍ ഇംഗ്ലീഷ് സിനിമയ്ക്കായി ഇടിച്ചുകയറുന്നത് അതുവഴി കലയുടെ അനന്തവിഹായസ്സിലേക്ക് പറന്നുയരാനോ അതോ അന്തസ്സായി ടിക്കറ്റെടുത്ത് ഒളിഞ്ഞുനോക്കേണ്ടത് തെളിഞ്ഞുകാണാനോ? അതു തുറന്നുപറയാന്‍ നമ്മുടെ കപടസദാചാരം അനുവദിക്കുന്നില്ലെന്നതാണ് സത്യം.

ടിക്കറ്റെടുത്തു എ ക്ലാസ് പടം കാണുന്നവന്‍ ക്ലാസിക് സിനിമകള്‍ കാണുന്ന കലാസ്വാദകനും തെരുവുപിള്ളേര്‍ അശ്ലീലം കാണുന്ന തെണ്ടികളുമാവുന്നു. ഒന്ന് നിയമവിധേയം മറ്റേത് നിയമവിരുദ്ധം. പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലെന്തുണ്ട് വ്യത്യാസം? അതേ വ്യത്യാസമാണ് രണ്ടുകൂട്ടരും തമ്മില്‍.

സ്വാഭാവികമായ ആകാംക്ഷയ്ക്ക് ലൈംഗിക അടിച്ചമര്‍ത്തല്‍ അകമ്പടി സേവിക്കുമ്പോഴാണ് ഒളിഞ്ഞുനോട്ടം അപകടകരമാവുന്നത്. അപ്പോഴാണ് അതൊരു മനോരോഗമായി രൂപാന്തരം പ്രാപിക്കുകയും കാമറ അസ്ഥാനത്ത് സ്ഥാനം പിടിക്കുകയും ചെയ്യുന്നത്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാന്‍ പഠിപ്പിക്കുന്ന സാമൂഹിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ കുറ്റവാളി.

പിതാവിന്റെ മരണസമയത്ത് അരികിലില്ലാതായിപ്പോയതിന്റെ പ്രായശ്ചിത്തമായിട്ടായിരുന്നു മഹാത്മജി പിന്നീട് ബ്രഹ്മചര്യം പ്രഖ്യാപിച്ചത്. അദ്ദേഹം 'ബാ' യോടൊപ്പമായിരുന്നു ആ സമയം. ഇനി ആ സമയത്ത് അദ്ദേഹം മലവിസര്‍ജനം നടത്തുകയായിരുന്നെങ്കില്‍ പിന്നീട് ഒരു പ്രായശ്ചിത്തമെന്നോണം അതും നിര്‍ത്തിക്കളയുമായിരുന്നോ എന്നു ചോദിച്ചിരുന്നത് മലയാളിയായ ഒരു സന്ന്യാസിയാണ്. പേര് ഓര്‍മ്മയിലില്ല. മതങ്ങള്‍ ഉദ്‌ബോധിപ്പിച്ച കപടസദാചാരത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും ലൈംഗികതയെ ഒരു പരിധിവരെ മോചിപ്പിച്ചതാണ് സായിപ്പിന്റെ വിജയം.

ആദ്യം മാറേണ്ടത് സ്ത്രീപുരുഷബന്ധം എന്നാല്‍ പുറത്തു നാലാളറിയാന്‍ പാടില്ലാത്ത ഒരു ഭീകരബന്ധമാണെന്ന ബോധമാണ്. അതായത് നമ്മുടെ കപട സദാചാരബോധം. അതോടുകൂടി കുളിമുറിയിലെയും കക്കൂസിലെയും കാമറയുടെ കണ്ണുകള്‍ താനേയടയുകയും ചെയ്യും. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലപ്പോഴും മനുഷ്യരെ മനോരോഗികളാക്കുന്നത്.

മാറാത്ത മനോരോഗമുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണ്. മൊബൈല്‍മാനിയക്കാരുടെ എണ്ണം കാരണം മാനസികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോഴുള്ള സാമ്പത്തികബാദ്ധ്യത മൊബൈല്‍ കമ്പനികള്‍ വഹിക്കണമെന്ന് ഒരു നിയമനിര്‍മ്മാണവും നടത്താവുന്നതേയുള്ളൂ.

March 26, 2010

വങ്കസാഹിത്യം

സാഹിത്യത്തിന്‌ ഇപ്പോള്‍ ഇങ്ങിനെ ഒരു ഗുണം കൂടി വന്നുഭവിച്ചിട്ടുണ്ട്‌. ആണുങ്ങളെഴുതിയാല്‍ ആണെഴുത്ത്‌. പെണ്ണെഴുതിയാല്‍ പെണ്ണെഴുത്ത്‌. ദളിതന്‍ എഴുതിയാല്‍ ദളിത്സാഹിത്യം, കീഴാളന്‍ എഴുതിയാല്‍ കീഴാളസാഹിത്യം, മേലാളനായാല്‍ മേലാളസാഹിത്യം. ഇങ്ങിനെ വിഘടിച്ചുനില്‌ക്കുന്ന മൊത്തം സാഹിത്യശാഖകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ ആ വമ്പന്‍ പ്രസ്ഥാനത്തിന്‌ വങ്കസാഹിത്യം എന്നുനാമകരണം നടത്തേണ്ട കാലമാണ്‌ സമാഗതമായിട്ടുള്ളത്‌. സാഹിത്യകാരന്‍മാരെയും സാംസ്‌കാരികനായകന്‍മാരെയും കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണ്‌. അണലിയും അഴീക്കോടും ഒരേസമയം ഒരു സാദാമനിതന്റെ മുന്നില്‍പെട്ടാല്‍ പടച്ചോനേ ആദ്യത്തെ അടി അണലിയുടെ തലയ്‌ക്കായിരിക്കണേ എന്നു യുക്തിവാദികൂടി പ്രാര്‍ത്ഥിക്കുന്നതാണ്‌ കാലം.


മാര്‍ച്ച്‌ 15 മാധ്യമം വാരികയില്‍ ചന്ദ്രമതിയും സി.എസ്‌ ചന്ദ്രികയും തമ്മിലുള്ള സംഭാഷണം വായിച്ചതില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില സംശയങ്ങളാണിനി. ഒരിടത്ത്‌ ചന്ദ്രമതി ചന്ദ്രികയെ വിശേഷിപ്പിക്കുന്നത്‌ പെണ്ണെഴുത്തുകാരി എന്ന പദം കൊണ്ടാണ്‌. ഒരോ പ്രദേശത്തും ആധാരം എഴുത്തുകാരുടെ എണ്ണത്തെക്കാള്‍ സാഹിത്യമെഴുത്തുകാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നത്‌ സത്യമാണ്‌. നല്ലകാര്യവുമാണ്‌. ജീവിക്കാന്‍ വേറെ ഗതിയില്ലാതാവുമ്പോള്‍, സാഹിത്യപ്രവര്‍ത്തനം നിര്‍ത്തി ആധാരപ്രവര്‍ത്തനം ആരംഭിക്കാവുന്നതേയുള്ളൂ. അക്കാദമിക്കും രജിസ്‌ട്രാരുണ്ട്‌. രജിസ്‌ട്രീഫീസിലുമുണ്ട്‌. അതുകൊണ്ട്‌ പ്രശ്‌നവുമില്ല. സാഹിത്യമെഴുത്തും ആധാരമെഴുത്തും തമ്മിലുള്ള അന്തരം പിടികിട്ടാത്തകൂട്ടര്‍ക്ക്‌ രണ്ടുകൂട്ടരെകണ്ടാലും അതുതാനല്ലയോ ഇത്‌ എന്നുതോന്നിപ്പോയേക്കാം. അത്തരം ആസ്ഥാന മന്ദബുദ്ധികളുടെ മൂത്താപ്പകൂടി എഴുത്തുകാരിയെന്നു കേട്ടാല്‍ ആണാണെന്നു കരുതുകയില്ല. പെണ്ണെഴുത്തുകാരിയെന്ന പ്രയോഗം ഉണ്ടാക്കുന്നത്‌ ചില്ലറ അലമ്പല്ല. നാളെ പ്രസവമുറി എന്നതിന്‌ ബ്രായ്‌ക്കറ്റില്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രം എന്നുകൂടിയെഴുതുവാന്‍ ഈ ടീച്ചര്‍ക്ക്‌ ആ ടീച്ചറോട്‌ അപേക്ഷിക്കാവുന്നതേയുള്ളൂ.

സംഭാഷണമദ്ധ്യേ സി.എസ്‌ ചന്ദ്രിക പുരുഷന്റെയും സ്‌ത്രീയുടേയും തലച്ചോറിന്‌ ജനിക്കുമ്പോള്‍ വ്യത്യാസമില്ലെന്നും അത്‌ പരിശീലനം കൊണ്ട്‌ കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്യുകയാണെന്നും പറയുന്നുണ്ട്‌. മറിച്ചൊരഭിപ്രായം ആര്‍ക്കാണുണ്ടാവുക? കഴിവിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിലും കൃത്യനിഷ്‌ഠയിലും സ്വാഭാവശുദ്ധിയിലും എല്ലാം നിത്യനെക്കാളും അത്യുന്നതങ്ങളിലാണ്‌ ജീവിതത്തില്‍ നിത്യന്‍ കണ്ട വനിതകളെല്ലാം.

ചന്ദ്രിക രണ്ടാമതു പറയുന്നതാണ്‌ തലയില്‍ കയറാത്തത്‌. "സ്‌ത്രീ emotional ആയിരിക്കണമെന്നുളളത്‌ ഒരു പരിശീലനമാണ്‌. സ്‌ത്രീ കരയണം പുരുഷന്‍ കരയരുത്‌ എന്ന വാദവും ഇതിന്റെ ഭാഗമാണ്‌. വികാരത്തെ അടിച്ചമര്‍ത്തിയാല്‍ അത്‌ മോശമാണെന്നു കരുതിയാല്‍ വികാരരഹിതമായി കഴിയാന്‍ പറ്റും. അങ്ങിനെയായി കഴിഞ്ഞാല്‍ അങ്ങിനെതന്നെ തുടരാനുമാവും"

ഇങ്ങിനയൊരു ട്രെയിനിങ്‌ സെന്ററിനെപറ്റി വര്‍ത്തമാനലോകത്ത്‌്‌ കേട്ടുകേള്‍വിയില്ല. എന്റെ തറവാട്ടില്‍ ആണിനും പെണ്ണിനും തുല്യനീതിയായിരുന്നു. കയ്യിലിരിപ്പിന്റെ ഗുണംകൊണ്ട്‌ ആണായിപിറന്നവര്‍ മൊത്തം എസെല്‍സിയും ഗുസ്‌തിയുമായി ഗോദയ്‌ക്ക്‌ പുറത്തു ക്രാഷ്‌ലാന്റുചെയ്‌ത്‌ പോലീസുകാരും പട്ടാളക്കാരും ഗുമസ്‌തന്‍മാരുമൊക്കെയായപ്പോള്‍ പെണ്ണുങ്ങള്‍ ബിരുദവും ബിരുദാനന്തരബിരുദവുമെല്ലാമെടുത്തു കുത്തിയിരിക്കുകയായിരുന്നു പതിവ്‌. ലക്ഷണമൊത്ത കരച്ചിലിനായി പ്രത്യേകമൊരു ഡിപ്ലോമ കോഴ്‌സ്‌ ഒരിക്കലും നടത്തിയതായി അറിവില്ല. എന്നിട്ടും അവസരമൊത്തുവന്നാല്‍ ഇത്രതാളാത്മകമായ ലക്ഷണമൊത്തൊരു നിലവിളി ഇവരെവിടുന്നാണ്‌ ഹൃദിസ്ഥമാക്കിയതെന്ന വസ്‌തുത ഇന്നും അജ്ഞാതമാണ്‌. എന്തായാലും ട്യൂഷന്‍ ക്ലാസില്‍ നിന്നല്ല.

സാഹിത്യഗുണമില്ലാത്ത കുറെ എഴുത്തുകാര്‍ പെണ്ണെഴുത്തിന്റെ ലാബലില്‍ പൊങ്ങിവരുമെന്ന്‌ എന്‍.എസ്‌.മാധവന്‍ പറഞ്ഞതായും അതേ അഭിപ്രായം തനിക്കുമുണ്ടായിരുന്നതായും ചന്ദ്രമതി സ്‌മരിക്കുന്നു. ഇതെപ്പൊഴാണ്‌ മാധവന്‍ പറഞ്ഞതെന്ന്‌്‌ വലിയ നിശ്ചയമില്ല. അതേതായാലും രണ്ടിലൊരു കാലമായിരിക്കും. ഒന്നുകില്‍ പ്രീമീനാക്ഷി ലിറ്റററി ഈറ അല്ലെങ്കില്‍ ഇപ്പോഴത്തെ ഗ്രേറ്റ്‌ മീനാക്ഷി ഈറ ഓഫ്‌ കണ്‍ഫെഷന്‍സ്‌ റൈറ്റിംഗ്‌. മീനാക്ഷിയുടെ സാഹിത്യപരിശ്രമവും നിസ്‌തുലമായ സംഭാവനകളും കണ്ടുബോധിച്ചശേഷം മാധവന്‍ പറഞ്ഞുപോയതാവാന്‍ സാദ്ധ്യതയുണ്ട്‌. ഇനി മാധവന്റെ കമന്റുകണ്ട്‌ മീനാക്ഷിക്ക്‌ ബോധോദയമുണ്ടായി താമസംവിനാ സാഹിത്യപരിശ്രമം നടത്തിയതാവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥയുമായി നളിനി ജമീല മലയാളസാഹിത്യലോകത്തിന്റെ നടുമുറ്റത്തു കാലെടുത്തുവച്ചപ്പോല്‍ പലര്‍ക്കും സംശയം പലതായിരുന്നു. എല്ലാനിരീക്ഷണങ്ങളും മാറിനിന്നുനോക്കിയപ്പോഴാണ്‌ നിത്യന്റെ സംശയത്തിനും ഒരറുതിയായത്‌. അതായത്‌ നളിനിജമീലായുടെ ആത്മകഥ മഹാത്മാഗാന്ധിയുടെ ആത്മകഥയ്‌ക്കും ഒരു യവം മുകളിലാണ്‌. മഹാത്മജികൂടി ചിലതെല്ലാം മറച്ചുവെച്ചതായി ഒരു പരാതിയുണ്ടായിരുന്നത്‌ ജമീലയുടെകാര്യത്തില്‍ ഇല്ലായിരുന്നു എന്നതാണ്‌ ശ്രദ്ധേയം. തുറന്നെഴുത്താണ്‌ ഉത്‌കൃഷ്ടമെങ്കില്‍ ലോകം കീഴടക്കിയ അലക്‌സാണ്ടറുടെ ജീവചരിത്രത്തേക്കാള്‍ ഒന്നൊന്നര ചരക്കാണ്‌ ജമീലയുടേത്‌. നളിനി ജമീല മലയാളസാഹിത്യത്തില്‍ ഒരു നവോത്ഥാനം സൃഷ്ടിച്ചു എന്നകാര്യത്തില്‍ അക്കാദമി അദ്ധ്യക്ഷന്‍ മൊസ്യേ മുകുന്ദന്‍ സാറിനുകൂടി സംശയമില്ലാത്തതാണ്‌.

ഡിബോറാ സ്‌ക്രോഗിങ്‌സിന്റെ എമ്മാസ്‌ വാര്‍ (Emmas War) എന്ന ഗ്രന്ഥം സുഡാനിലെ യുദ്ധപ്രഭുക്കളുടെയും മതഭീകരതയുടെയും പട്ടാളഭീകരതയുടേയും അതിന്‍നടുവില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെയും ദയനീയചിത്രമാണ്‌ നല്‌കുന്നത്‌. എമ്മാസ്‌ വാര്‍ ഒരുത്‌കൃഷ്ടകൃതിയാണെന്നാണ്‌ നിത്യന്‍ പറയുക. പോരാ, ഇനി എഴുതിയത്‌ പെണ്ണായതുകൊണ്ട്‌ അതൊരു പെണ്ണെഴുത്താണെന്നു പറഞ്ഞ്‌ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ സാഹിത്യലോകത്തെ മുക്കാലിയില്‍കെട്ടി മൂന്നൂറടിക്കണം എന്നൊരഭിപ്രായം കൂടിയുണ്ട്‌.

മൃഗം അധ:പതിച്ചാല്‍ മനുഷ്യനാവും എന്നതുപോലെ എഴുത്ത്‌ അധ:പതിച്ചാല്‍ ആണെഴുത്തും പെണ്ണെഴുത്തുമുണ്ടാവും. ഒന്നുകൂടി അധ:പതിച്ചാല്‍ ആണുംപെണ്ണുംകെട്ടെഴുത്തുമാവും. മൊത്തത്തില്‍ വങ്കസാഹിത്യം.

"എഴുത്തുകാരുടെ മുറിയെകുറിച്ച്‌ മാത്രമേ നമ്മള്‍ പറയാറുള്ളൂ. മുറിയും വേണം പണവും വേണം. പണം വലിയൊരു ഘടകമാണ്‌. അതില്ലാത്തതുകൊണ്ട്‌ എഴുതാത്ത എത്രയോ സ്‌ത്രീകളുണ്ട്‌" എന്ന്‌ ചന്ദ്രമതി പറയുന്നു. അതോടൊപ്പം കുടുംബത്തിന്റെ പിന്തുണയും വേണമെന്നുപറയുന്നു അവര്‍. 1928ലെ വര്‍ജീനിയവൂള്‍ഫിന്റെ 'എ റൂം ഓഫ്‌ വണ്‍സ്‌ ഒണ്‍' എന്ന സുദീര്‍ഘ ലേഖനത്തിലെ നിരീക്ഷണമാണ്‌. സ്വാഭാവികമായും തോന്നിപ്പോയ ഒരു സംശയമാണ്‌. സുരക്ഷിതമായ ഒരു മുറിയും ആവശ്യത്തിനു പണവും എന്തിനും തയ്യാറായി ചുറ്റിലും നിരന്ന കുടുംബക്കാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തുന്ന യജ്ഞമാണോ സാഹിത്യപ്രവര്‍ത്തനം? അങ്ങിനെ നല്ലൊരു എസി മുറിയില്‍ കുത്തിയിരുന്നപ്പോള്‍ കിട്ടിയതാണോ അതോ യുദ്ധമുഖത്ത്‌ രക്ഷാപ്രവര്‍ത്തനവും റിപ്പോര്‍ട്ടിങ്ങുമായി ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‌പാലത്തില്‍ കസര്‍ത്തുകളിച്ചപ്പോള്‍ കിട്ടിയതാണോ ഡിബോറയ്‌ക്ക്‌്‌ എമ്മാസ്‌ വാര്‍?

എഴുതാന്‍ മുറിയും എണ്ണിക്കൊടുക്കാന്‍ പണവുമായി നടന്നതിന്റെ ഫലമായിരുന്നോ എഴുത്തിലെ സുല്‍ത്താന്റെ ബാല്യകാലസഖിയും കേശവദേവിന്റെ ഓടയില്‍നിന്നുമൊക്കെ. എഴുതാന്‍ മുറിയും എണ്ണാന്‍ കാശും കൈയ്യില്‍ വന്നപ്പോഴേയ്‌ക്കും കറവവറ്റിയവരും കാലഹരമപ്പെട്ടവരുമാണ്‌ നമ്മുടെ ഭൂരിഭാഗം സാഹിത്യപ്രവര്‍ത്തകരും.

"പെണ്ണെഴുത്തിനെക്കുറിച്ച്‌ അങ്ങിനെയൊന്ന്‌ ഇല്ലായെന്നും അങ്ങിനെയുള്ള വിശേഷണം വ്യാജമാണെന്നും വാദിക്കുന്നവരോടും പെണ്ണിന്റെ അനുഭവങ്ങള്‍ ഒരാണിന്‌ എഴുതാനോ പറയാനോ പൂര്‍ണമായും കഴിയുമോ എന്നതാണത്‌" എന്ന്‌ ചന്ദ്രിക പറയുന്നു. പെണ്ണിനുമാത്രം പൂര്‍ണമായും എഴുതാനും പറയാനും കഴിയുന്ന കാര്യങ്ങള്‍ സംഭവിച്ചത്‌ സ്വാഭാവികമായും ആണുങ്ങള്‍ ഭൂമുഖത്തുണ്ടായതുകൊണ്ടായിരിക്കണം. തിരിച്ചും അങ്ങിനെതന്നെ. തൂലിക പടവാളല്ലെങ്കില്‍ ഉടവാളെങ്കിലുമാക്കി ആ അനുഭവങ്ങളെഴുതി അതിനെ എഴുത്തില്‍ വരവുവെയ്‌ക്കുന്നതല്ലേ ഭംഗി?

ആണിനുമാത്രം എഴുതാനും പറയാനും പറ്റുന്ന കാര്യങ്ങള്‍ പെണ്ണിനുംചുറ്റും ഭ്രമണംചെയ്യുന്ന വസ്‌തുതകളായിരിക്കാം. ആയര്‍ത്ഥത്തില്‍ അത്‌ ആണിനെയും പെണ്ണിനെയും പൊതുവായി ബാധിക്കുന്ന ഒന്നാവുമ്പോള്‍, എഴുത്ത്‌ എന്ന ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാതെ പെണ്ണെഴുത്തെന്ന സ്‌പെഷല്‍ വാര്‍ഡില്‍ തന്നെ പ്രവേശിപ്പിക്കണോ? ചിന്തകളെ ലിംഗത്തില്‍കെട്ടി മേയാന്‍വിട്ട്‌ ആണെഴുത്തെന്നും പെണ്ണെഴുത്തെന്നും പേരിട്ട്‌ ആണുംപെണ്ണുംകെട്ടതാക്കുന്നതിലും എന്തുകൊണ്ടും നല്ലത്‌ അതായിരിക്കും.

March 03, 2010

സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍

മലയാള സിനിമാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ടതാണ് ചതുരക്കണ്ണട ഉണ്ണികൃഷ്ണ ചരിതങ്ങള്‍. പണ്ട് അക്ബറുടെ സംഭാവനകളെക്കുറിച്ചുള്ള ചോദ്യത്തിന് വല്ല ഓട്ടമുക്കാലും പിച്ചക്കാര്‍ക്ക് കൊടുത്തുകാണും എന്ന് ഒറ്റവരിയില്‍ പ്രബന്ധം രചിച്ച ആ ചെക്കന്റെ ഉത്തരംപോലെയാണെങ്കില്‍ അങ്ങിനെ. തിലകനിലെ നടന്‍ പണ്ടേ ആത്മഹത്യചെയ്തു എന്നുറപ്പുള്ള ഉണ്ണികൃഷ്ണന്‍ ദാസനും വിജയനും വാറുണ്ണിക്കും പുട്ടുറുമീസിനുമെല്ലാം ശേഷം മെഗാജെഗാതാരങ്ങളിലെ നടന്‍മാര്‍ ഹരാകിരി നടത്തി എന്നുപറയാതെപോയതാണ് സങ്കടം.


നല്ല മൂന്ന് സിനിമ മലയാളത്തില്‍ വരുന്നില്ലെങ്കിലും വര്‍ഷത്തിന്‍ മുപ്പത് സംഘടനകള്‍ വരുന്നുണ്ടെന്നത് ചില്ലറ ആശ്വാസമൊന്നുമല്ല. ആ കടലാസുപുലികളുടെ അഭിനയം ചാനലുകളില്‍ കണ്ട് സമാധിയാവാനുള്ള യോഗം പ്രേക്ഷകര്‍ക്കുണ്ടായതും ചില്ലറക്കാര്യമല്ല. ചിലവില്ലാത്ത വിനോദമാണല്ലോ ഈ ടിക്കറ്റെടുക്കാത്ത കോമഡി.

തിലകന്റെ അഭിനയം ടിക്കറ്റെടുക്കാതെ കാണാനുള്ള യോഗമാണ് സിനിമാപ്രേമികള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ ചാനലുകളില്ലാതെ പോയിരുന്നെങ്കില്‍ ഫെഫ്കാ ഉണ്ണികൃഷ്ണന്റെ ഗതിയെന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ അടിമുടി ഒരു വിറയലാണ് പാഞ്ഞുകയറുകയാണ്. അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

 ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂപ്പര്‍താരങ്ങളുടെ കീശയിലെ കോടികള്‍ കൊണ്ടാണല്ലോ നിലവില്‍ അസ്തുവാകാത്ത കൊട്ടകകള്‍ ഹൗസ്ഫുള്ളായി പതിനഞ്ചുനാള്‍ കൃത്യമായോടിയശേഷം പതിനാറടിയന്തിരം ഭംഗിയായി കഴിയുന്നത്. എത്രകാലം ഇങ്ങിനെ മാവിന്‍മേല്‍ കയറിയ ഇത്തിളുപോലുള്ള ഫാന്‍സിനെ കൂട്ടുപിടിച്ച് സംഗതി ഒപ്പിക്കും? പോട്ടത്തില്‍ പാലഭിഷേകം നടത്തിക്കും? ദാസനും വിജയനും വാറുണ്ണിയും ഉറുമീസുമെല്ലാമായി നിറഞ്ഞാടിയുണ്ടാക്കിയ നാലുമുക്കാലുമുഴുവന്‍ നരസിംഹവും രാവണപ്രഭുവും രാക്ഷസരാജാവുമെല്ലാമായി അഴിഞ്ഞാടിത്തീര്‍ത്താല്‍ പിന്നെ വിണ്ണിലെ താരം തന്നെ വഴികാട്ടേണ്ടിവരും. അതൊക്കെ നന്നായി അറിവുള്ളവരാണ് നമ്മുടെ താരങ്ങള്‍. ഇന്ന് ലാലേട്ടനും മമ്മൂക്കയ്ക്കും മുദ്രാവാക്യം വിളിക്കുന്ന അതേ നാവുകൊണ്ട് നാളെ യഥാക്രമം അവരുടെ തന്തയ്ക്കുവിളിക്കുകയില്ലെന്ന്് ആരറിഞ്ഞു? അത്രയൊക്കെ വിസ്താരമുള്ള ഹൃദയമുള്ളവര്‍ക്കല്ലേ ഫാന്‍സ് ആയി രൂപാന്തരം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല.

ഒരുവനിലെ നടന്‍ രൂപപ്പെടുന്നത് ഏതാണ്ട് ഒഴുക്കു കല്ലിനെ രൂപപ്പെടുത്തുന്നതുപോലെയാണ്. ചുറ്റുപാടുകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാമാണ് ഒരു നടനെ നടനാക്കുക. അഭിനയത്തിന്റെ ഗ്രാഫ് പടവലംപോലെ താഴോട്ടാണെങ്കിലും കുഴപ്പമില്ല, ഇനി സ്വന്തം ചിലവിലാണെങ്കിലും തരക്കേടില്ല അവാര്‍ഡുകളുടെ പെരുമഴ നമ്മുടെ ശിരസില്‍ തന്നെ പതിക്കണം എന്നൊരാഗ്രഹമേയുള്ളൂ. അപ്പോള്‍ ഏതുവിധത്തിലെങ്കിലും രംഗത്തുകാണണം.

സ്വന്തം കീശയിലെ കാശുകളഞ്ഞ് അഭിനയിച്ച് എട്ടുനിലയില്‍ പൊട്ടി ബാക്കിയുള്ളതും കൂടെ പോയി ധനനഷ്ടം സര്‍പ്പദംശമായും മാനഹാനി ഇടിവെട്ടായും വന്നുഭവിക്കുന്നതിലും നല്ലത് വേറൊരു വഴി അന്വേഷിക്കലാണ്. അഭിനയിച്ചു, പോരാ തകര്‍ത്തഭിനയിച്ചു എന്നൊരു തോന്നലുണ്ടായാല്‍ മാത്രം മതി. അവാര്‍ഡുകിട്ടാനാണെങ്കില്‍ അവരവര്‍ക്കുതന്നെ തോന്നിയാല്‍ മാത്രം മതി എന്നൊരു സൗകര്യവുമുണ്ട്. താരം മനസ്സില്‍ കാണുന്നത് വിധികര്‍ത്താവ് മാനത്തു കാണണമെന്നാണ്.

താരങ്ങള്‍ ശ്രദ്ധിയ്ക്കുക. പാര്‍ട്ടിയോഫീസ് ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈവെട്ടുന്ന വിവരം പ്രഖ്യാപിച്ച് മിനിസ്‌ക്രീനില്‍ മിനിയാന്ന് രൗദ്രഭാവം പൂണ്ട് ഒരു സഖാവ് ഉറഞ്ഞാടി. ലാസ്യഹാസ്യഭാവഹാവാദികളുമായി ഇന്നലെ അതേ മൈക്കിനുമുന്നില്‍ വന്ന് ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലെന്നു തിരുത്തി നിറഞ്ഞാടിയത് ഏത് കലാസ്‌നേഹിക്കാണു മറക്കാന്‍ കഴിയുക. മൂപ്പര്‍ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ? ധനം പോയില്ല. മാനത്തിന്റെ കാര്യം പറയുകയേവേണ്ട. അതേപ്പറ്റി മാന്യന്‍മാര്‍ ബേജാറാവേണ്ടതുമില്ല. ഒരു ആയിരം കടംകിട്ടാനായി 15000 പോക്കറ്റടിച്ചുപോയി എന്നൊരു പ്രഖ്യാപനം നിത്യന്‍ പണ്ടുനടത്തിയിരുന്നു. 15000 എന്ന് കടലാസിലെഴുതി പോക്കറ്റിലിട്ടത് അടിച്ചുപോയതായിരിക്കും എന്നാണ് അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയത്.

നമ്മുടെ സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ ഇങ്ങിനെയുള്ള വിപ്ലവകാരികളില്‍ നിന്നും അഭിനയപാഠങ്ങള്‍ ഇനിയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഠനം തരക്കേടില്ലാതെ പോവുന്നതിന്റെ തെളിവാണ് ഇടതുവലതുവിപ്ലവകാരികള്‍ പിന്തുണയുമായെത്തിയത്. അടിസ്ഥാനവര്‍ഗ ദരിദ്രതൊഴിലാളികളായ മമ്മൂട്ടിയെയും തിലകനെയും പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് പിന്തുണക്കുക? വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭു ആദിവാസി പരിഷകളെയോ?

ശുനകപുത്രി എന്നവിളി അശ്ലീലമാവുക മുറ്റത്തെ പശുവിനെ അങ്ങിനെ സംബോധനചെയ്യുമ്പോഴാണ്. ഒരു മോനെ താരമായും മറ്റൊരു മോനെ ധൂമകേതുവായും കണ്ട് രണ്ടുപന്തിയില്‍ ഊണുവിളമ്പുന്ന ഒരു സംഘടനയുടെ പേര് അതാവുമ്പോഴാണ് അമ്മ എന്ന വിശുദ്ധപദം അശ്ലീലമാവുക. താരം എന്തൊരു സുന്ദരപദം. അനാദികാലം മുതലേ മനുഷ്യന്റെ വഴികാട്ടി. അറബി സുഗന്ധതൈലങ്ങളുമായി കോഴിക്കോട്ടെത്തിയതും ഉരുപ്പടികളുമായി മലബാറി അറേബ്യയിലേക്കെത്തിയതും അതു വഴികാട്ടിയപ്പോഴാണ്. അവനവനല്ലാതെ മറ്റാര്‍ക്കും വഴികാട്ടാനറിയാത്ത, വെളിച്ചം വിതറാനറിയാത്ത എനിക്കുശേഷം പ്രളയം എന്നുപ്രഖ്യാപിക്കാന്‍ മാത്രം വിവരദോഷമുള്ള ആളുകളുടെ നെറ്റിയിലെ തിലകമായി വരുമ്പോഴാണ് താരം അശ്ലീലമാവുക.

പണ്ടുതാരങ്ങള്‍ അമ്മയെ ബഹിഷ്‌കരിച്ചതായിരുന്നു പുകില. ഭാഗ്യത്തിന് തന്തയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ബഹിഷ്‌കരിക്കേണ്ടിവന്നില്ല. പിന്നെ മാക്ട താരങ്ങളെ ബഹിഷ്‌കരിച്ചു. താരങ്ങള്‍ താരനിശ ബഹിഷ്‌കരിച്ചു. അക്കാലത്താണ് ഒരു താരം ഞാന്‍ ഉടന്‍ ഒരമ്മയെ ഉണ്ടാക്കും എന്നു പ്രഖ്യാപിച്ചത്. ഉണ്ടാക്കും എന്നു പറഞ്ഞാല്‍ ഉണ്ടാക്കും. ആളുചില്ലറക്കാരനൊന്നുമായിരുന്നില്ല.

പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു കുഞ്ചന്‍. ഒരുപൊട്ടത്തോക്കും കൊണ്ട് ഒരുപാടുകാലം ടിക്കറ്റെടുത്തവന്റെ തലയ്ക്കുവിലപറഞ്ഞ ഒരു ജെഗാതാരത്തിന് ഒരുനാള്‍ ബോധോദയമുണ്ടായി. അഭിനയിച്ചുജീവിക്കുന്നതിലും നല്ലത് ജീവിച്ചഭിനയിക്കുകയാണെന്ന തോന്നല്‍. പിന്നെ കുറേക്കാലം അതിനായൊരു ടിക്കറ്റന്വേഷിച്ചുള്ള തീര്‍ത്ഥയാത്രകളായിരുന്നു. . പാര്‍ട്ടി ഏതായാലും ടിക്കറ്റൊന്നുമതി എന്ന അന്തസ്സുറ്റ നിലപാടായിരുന്നു. ഭാഗ്യതാരമുദിച്ചില്ല എന്നേ പറയേണ്ടൂ. കേരളം രക്ഷപ്പെട്ടു.

വലിയകാലമൊന്നുമായില്ല. ഒരു ഷെയ്ക്‌സ്പീരിയന്‍ നാടകം പോലെ, ഒരു കാലത്തിറങ്ങിയ മുഴുവന്‍ സിനിമകളിലെയും അവിഭാജ്യഘടകമായിരുന്ന പ്രഫെസര്‍ നരേന്ദ്രപ്രസാദ് എന്ന അതുല്യപ്രതിഭയുടെ ചേതനയറ്റ ശരീരം പി.വി.എസ്സില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ അരികില്‍ നിന്നു വിതുമ്പിക്കരയാന്‍ അടുത്തായി ജീവിതത്തിന്റെ തിരശ്ശീല വീണ മഹാനടന്‍ മുരളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. ഭരതമഹര്‍ഷിതന്നെ പ്രത്യക്ഷനായി കാലിനുവീഴാന്‍മാത്രം യോഗ്യന്‍മാരായ താരരാജാക്കന്‍മാരുടെയൊന്നും നാവുകള്‍ ഒരു പ്രസ്താവനയ്ക്കുവേണ്ടിപോലും അന്ന് വായിലുണ്ടായിരുന്നില്ല. അക്കാലത്ത് ഒരു മെഗാസംഗതിയുടെ 25ാമത് അടിയന്തിരം പൊടിപൊടിക്കുകയായിരുന്നു.

പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്. താരത്തിന്റെ കണ്ണടക്കി ഒന്നു കിട്ടേണ്ട ഒരു രംഗമുണ്ടെങ്കില്‍ താരം തന്നെ ഡബിള്‍റോളില്‍ അവതരിക്കണം അല്ലെങ്കില്‍ മാനം കപ്പലുകയറും എന്നുവിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ള നിങ്ങളിലെയെല്ലാം വിഡ്ഡികളെയാണ് ജനം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നത്. രംഗം തുടര്‍ന്നും കൊഴുപ്പിച്ചുകൊണ്ടേയിരിക്കുക. ലാല്‍സലാം.

February 04, 2010

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും

കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌. ഒന്നും അവിശ്വസിക്കാന്‍ പറ്റുകയില്ല. പറഞ്ഞത്‌ തലയില്‍ അസാരം ബുദ്ധിയുള്ള കറിയാച്ചനാണ്‌. പ്രവര്‍ത്തിച്ചത്‌ ബുക്കര്‍ഫെയിം അരുന്ധതിയാണ്‌. പ്രതിഭാഗത്തോ പണ്ട്‌ ലാലുവിന്റെ മോളുവഹ അഥവാ മരുമോളുവഹ കവിളത്തൊന്നുകിട്ടിയപ്പോള്‍ മറുകവിള്‍ കാട്ടിക്കൊടുത്ത യോഗ്യന്‍മാരും. പറയുന്നതോ, മുഖത്തുനോക്കാന്‍ മിനക്കെടാതെ മറ്റേടത്തുതന്നെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ മാത്രം ക്ഷമയുള്ള നമ്മളില്‍ 99ശതമാനത്തോടും.

ലോകം കണ്ട പത്രപ്രവര്‍ത്തകരുടെ കൈയ്യിലിരുപ്പ്‌ ഇങ്ങിനെയാണെങ്കില്‍ വേലിക്കപ്പുറത്തെ ലോകത്തെപറ്റി വലിയ നിശ്ചയമില്ലാത്ത നമ്മള്‍ റോയിയുടെ മുഖത്തുനോക്കിയെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. അതായത്‌ വിദ്യഭ്യാസം കൊണ്ടോ ധരിച്ച വസ്‌ത്രം കൊണ്ടോ മറക്കാവുന്നതല്ല മാനസീകാവസ്ഥ. കേരളത്തിലെ സ്‌ത്രീപുരുഷ ബന്ധത്തിന്റെ മുഖത്തേക്കുപിടിച്ച കണ്ണാടിയാവണം റോയിയുടെ വാക്കുകള്‍ 'The jounalists do not look at my face but look at my breasts', റീഡിഫില്‍ വന്ന സക്കറിയായുടെ അഭിമുഖത്തില്‍ നിന്നുമെടുത്ത വരികളാണിത്‌)

സക്കറിയ പറയുന്ന ലൈഗിംകദാരിദ്ര്യത്തിന്റെ ഭേദപ്പെട്ട ഒരുല്‌പന്നമാണ്‌ ഈ ഒളിഞ്ഞുനോട്ടം. അസൂയക്ക്‌ ലൈംഗികദാരിദ്ര്യത്തില്‍ പിറവിയെടുക്കുന്ന സന്തതിപരമ്പരകളായിരിക്കും എക്കാലത്തെയും മികച്ച മോറല്‍ പോലീസുകാര്‍. സ്വന്തമായി നാലുമുക്കാലിന്റെ ധാര്‍മ്മികത കൈമുതലായുണ്ടാവണമെന്ന യാതൊരു നിര്‍ബന്ധവും അവരില്‍ കാണുകയില്ല.

കേരളത്തില്‍ ഒരാണിനും പെണ്ണിനും മനസ്സമാധാനത്തോടെ ഒരുമിച്ച്‌ നടക്കണമെങ്കില്‍ രണ്ടുപേരും കെട്ടിയതാണെന്ന്‌ നാട്ടുകാര്‍ക്ക്‌ ഉത്തമബോദ്ധ്യം വരണം. നാട്ടുനടപ്പുപ്രകാരം ചില അടയാളങ്ങളുണ്ട്‌. അതിന്റെതായ ആ അടയാളങ്ങള്‍ ശരീരത്തിലില്ലെങ്കില്‍ അടിയുറപ്പ്‌.

ഒന്നാമതായി കൈയില്‍ വെല്‍ഡിങ്‌ റിങ്ങും കഴുത്തില്‍ പിടിച്ചാല്‍ പറിയുന്ന, പിടിച്ചുപറിക്കനുയോജ്യമായ താലിമാലകള്‍. വെറ്റിലച്ചെല്ലത്തിനു ചുണ്ണാമ്പുപോലെ സദാ ശോഭിക്കുന്ന നെറ്റിയിലെ സിന്ദൂരത്തിലകവുമുണ്ടായാല്‍ കേമം. ഇതൊന്നുമില്ലാതെ പുറത്തിറങ്ങുന്നതിലും സുരക്ഷിതം നോമ്പുകാലത്ത്‌ സൗദിയിലെ റോഡില്‍ കുത്തിയിരുന്നു ഭക്ഷണം കഴിക്കുന്നതുതന്നെയായിരിക്കും. അതിനാണ്‌ മോറല്‍ പോലീസിങ്ങ്‌ എന്നുപറയുക.

മേല്‍പറഞ്ഞ അടയാളങ്ങളും അംഗവസ്‌ത്രങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ലാത്തതുകാരണം നിത്യന്‍ നിത്യകാമുകീ സമേതനായി വല്ലിടത്തും പോവുന്നുണ്ടെങ്കില്‍ ഒരു മാര്യേജ്‌ സര്‍ട്ടിഫിക്കറ്റെടുത്ത്‌ കീശയില്‍ വെയ്‌ക്കും. ഹൃദ്രോഗികള്‍ മരുന്നിന്റെ കുറിപ്പടി സദാ കൊണ്ടുനടക്കുന്നപോലെ. രോഗം സമൂഹത്തിനാണെങ്കിലും പറഞ്ഞിട്ടുകാര്യമില്ല, കുറിപ്പടി അവരവരുടെ കീശയില്‍ വെക്കുന്നതായിരിക്കും തടികേടാവാതിരിക്കാന്‍ നല്ലത്‌.

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഇനി കുറ്റിയിട്ട വീട്ടില്‍ നിന്നും വല്ല നെഞ്ചത്തടിയും നിലവിളിയും കേള്‍ക്കാത്ത കാലത്തോളം പരിസരവാസികള്‍്‌ വീട്ടിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച്‌ ധീരതയ്‌ക്കുള്ള അവാര്‍ഡിനു അപേക്ഷിക്കേണ്ടതില്ല. ഇനി നിലവിളി കേട്ടാലോ വാതില്‍ പൊളിയുന്നതുവരെ ചവുട്ടാനുള്ള ധാര്‍മ്മിക ബാദ്ധ്യതയും പരിസരവാസികള്‍ളില്‍ നിക്ഷിപ്‌തമാണ്‌.

ഇതൊന്നുമല്ല, ഇനി അവര്‍ക്കുതോന്നിയപോലെ അവരും നമുക്കുതോന്നിയതുപോലെ നമ്മളും സമാധാനമായി അപ്പുറവും ഇപ്പുറവുമായി കഴിയുന്നു. അതിനിടയില്‍ ഞാനിവിടെ പട്ടിണികിടക്കുമ്പോള്‍ അവിടിരുക്കുന്നവര്‍ എന്തായിരിക്കും ഭഗവാനേ അനുഭവിക്കുന്നുണ്ടാവുക എന്നാലോചിച്ച്‌ ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നും തലകുത്തി താഴെവീണെഴുന്നേറ്റ്‌ നേരെ പോയി ഒളിഞ്ഞുനോക്കിയതുകൊണ്ടും ഗുണമില്ലെങ്കില്‍ ഒച്ചവച്ച്‌ ആളെക്കൂട്ടി അവരുടെ സ്വകാര്യതയുടെ മണിച്ചിത്രത്താഴ്‌ ചവുട്ടിപ്പൊളിച്ച്‌ അകത്തുകയറി കിതച്ചുനില്‌ക്കുമ്പോള്‍ മാത്രം കിട്ടുന്ന മനസ്സമാധാനം ഒരു മനോരോഗമാണ്‌.

കോഴിക്കോട്ടുകാരാണെങ്കില്‍ പഴയ പേരല്ല, ഇപ്പോ മാനസീകാരോഗ്യകേന്ദ്രമാണ്‌. പേടിക്കാനൊന്നുമില്ല ഭ്രാന്താശുപത്രിയല്ല. നേരെ അങ്ങോട്ടുകയറിക്കിടക്കുക. നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത്‌ നാടിന്റെ നന്മമാത്രം ലാക്കാക്കി അത്തരക്കാരെ അവിടെ എത്തിച്ചുകൊടുക്കുന്നതും അഭിനന്ദനാര്‍ഹമാണ്‌. അവിടെ പണ്ട്‌ മനുഷ്യനുവച്ച ഷോക്കുപകരണങ്ങള്‍ ഇപ്പോ പന്നിഫാമുകള്‍ക്ക്‌ കൈമാറിക്കഴിഞ്ഞു. അന്തസ്സായി മരിക്കാന്‍ സുകൃതംചെയ്‌ത പന്നികളാണിപ്പോള്‍ ഫാമുകളില്‍.

ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു. ചോദ്യംചെയ്‌തുനോക്കുമ്പോള്‍ കിട്ടിയ ഉത്തരം ഒരാള്‍ കൂട്ടത്തിലില്ലാത്ത ഒരുത്തന്റെ ഭാര്യയാണ്‌. അഥവാ കൂട്ടത്തിലില്ലാത്ത ഒരുവനാണ്‌ അവളുടെ ഭര്‍ത്താവ്‌. വന്നതാകട്ടെ അവളുടെ സുഹൃത്തിന്റെ കൂടെയും. പോരേ പൂരം. ആദിപാപത്തെക്കാള്‍ മുന്തിയ മഹാപാപം.

ഒരു മാതാഹരിയെ കൈയ്യില്‍കിട്ടിയ സന്തോഷത്താല്‍ പോലീസുകാര്‍ ആനന്ദസാഗരത്തിലാറാടി. അവളുടെ മൊബൈലില്‍ ഭര്‍ത്താവിനെ ഉടന്‍ വിളിച്ചു കുടുംബം കലക്കിയ നിര്‍വൃതിയില്‍ ഫാര്യ ഇപ്പോള്‍ ഞങ്ങളുടെ കസ്‌റ്റഡിയിലാണ്‌ എന്നങ്ങോട്ടറിയിച്ചു. അവള്‍ അവളുടെ സുഹൃത്തിനൊപ്പം വിനോദയാത്രയ്‌ക്ക്‌ പോയതാണല്ലോ എന്ന മറുപടി മറുതലയ്‌ക്കല്‍ നിന്നും വന്നപ്പോള്‍ ഐസായി.

വിവരം വേണമെന്നില്ലെങ്കിലും വിവേകം ഒരു മരുന്നിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുകയില്ലായിരുന്നു. ഒന്നുമാത്രം ആലോചിച്ചാല്‍ മതിയായിരുന്നു. ചുരുങ്ങിയത്‌ തീര്‍ത്ഥയാത്രയും വിനോദയാത്രയും തമ്മിലുള്ള ആ അജഗജാന്തരം. അതായത്‌ സിക്‌സ്റ്റീന്‍ത്ത്‌ ഇമര്‍ജന്‍സി (പതിനാറടിയന്തിരം)യും ഹൗസ്‌ വാമിങ്ങും പോലെ ഒരു വ്യത്യാസം. ഇനി യാത്ര ഒരുവന്റെ വിനോദവും ഒരുത്തിയുടെ വെപ്രാളവുമാണെങ്കില്‍ പോലീസുകാര്‍ ഇടപെടുക തന്നെവേണം. ആണിനെ വിശ്വസിച്ചിറങ്ങിയ പഞ്ചതന്ത്രം കഥ വായിക്കാത്ത പെണ്ണ്‌ പോലീസുകാരെ വിളിച്ച്‌ ഈ ശെയ്‌ത്താനില്‍ നിന്നും എന്നെ രക്ഷിക്കണം എന്നുപറയുകയാണെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും വഴിപോക്കനോടുതന്നെ പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഇടപെടണം. രക്ഷിക്കണം. അതിനുള്ള സ്വാതന്ത്ര്യവും നിയമത്തിന്റെ പിന്‍ബലവും ഏവര്‍ക്കുമുണ്ട്‌.

അതല്ലാതെ ചിരിച്ചുകളിച്ചു പോവുന്ന ഒരാണിനെയും പെണ്ണിനെയും കാണുമ്പോള്‍, അവറ്റകളുടെ ചിരിക്ക്‌ ഉടനടി ഒരു റീത്ത്‌ സമര്‍പ്പിച്ച്‌ ഒന്നിനെ തെക്കോട്ടും മറ്റതിനെ വടക്കോട്ടും രണ്ടിന്റെയും കുടുംബത്തെ നരകത്തിലേയ്‌ക്കും അയക്കണമെന്നു തോന്നുന്നത്‌ സക്കറിയ പറഞ്ഞ അതേ മാനസികാവസ്ഥ കൊണ്ടുതന്നെയാണ്‌.

ഇനി വേറൊരു കാര്യം ആ പിള്ളേരുടെ വിനോദയാത്ര മാനഹാനിയാത്രയാക്കിക്കൊടുത്ത അതേ പോലീസുകാരായിരിക്കും അല്ലെങ്കില്‍ അവരുടെ സായുധസഖാക്കളായിരിക്കും പണ്ട്‌ രാഹുല്‍ജി ഒരു കൊളമ്പിയന്‍ സുന്ദരിയെയും കൂട്ടി കായല്‍ നടുവിലെ ആഡംബരറിസോര്‍ട്ടില്‍ രാപാര്‍ക്കാന്‍ എത്തിയപ്പോള്‍ രാത്രിപകലാക്കി കാവല്‍നിന്നതും കവാത്തുനടത്തിയതും.

വിവേകം ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞ്‌ സഞ്ചരിക്കുമ്പോള്‍ വികാരം മുയലിനെപ്പോലെ ചാടിച്ചാടിയാണ്‌ സഞ്ചരിക്കുക. വികാരമില്ലാതെ വിവേകംമാത്രമുള്ളവനും വിവേകം അശേഷമില്ലാതെ വികാരം മാത്രമുള്ളവനും ഭൂമിക്കുഭാരമായി പുറത്തിരിക്കുന്നതിലും നല്ലത്‌ ഭൂമിക്കടിയിലിരിക്കുന്നതാണ്‌. അതു മോറല്‍പോലീസായാലും സാദാപോലീസായാലും.

അടുത്തകാലത്തായി നിത്യന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി. ബി. ടെകിന്‌ പഠിക്കുന്ന ഒരു പെണ്‍കൊടി അവളുടെ 'ലപ്പി'നെയും കൂട്ടി വീട്ടില്‍ വന്നു. കുറെക്കാലമായി അടച്ചിട്ട വീട്‌. അച്ഛന്‍ ഏഴാം കടലിനക്കരെ, അമ്മ തറവാട്ടില്‍. നാട്ടിനെ നേര്‍വഴിക്കുനടത്താന്‍ ഉത്തരവാദപ്പെട്ട മൂന്നുനാലു ചെറുപ്പക്കാര്‍ ആദ്യം പെണ്ണും പിന്നാലെ പയ്യനും വീട്ടിലേക്കു പോവുന്നത്‌ തികഞ്ഞ ഏകാഗ്രതയോടെ നോക്കിനിന്നു. പെണ്ണ്‌ അകത്തുകയറി, പയ്യന്‍ കുറച്ചുനേരം കൂട്ടിലിട്ട വെരുകിനെപ്പോലെ റോഡിലങ്ങോട്ടുമിങ്ങോട്ടും ഒന്നുനടന്നശേഷം വീട്ടിലേക്കു കയറി. താമസം വിനാ വാതിലിന്റെ കുറ്റിവീണു. അതോടെ നോക്കിനിന്നവരുടെ കണ്‍ട്രോളിന്റെ കുറ്റിയും തെറിച്ചു. ഒട്ടും അമാന്തിച്ചില്ല. അമ്മയക്ക്‌ സുഖമില്ലാഞ്ഞ്‌ ഓട്ടോപിടിക്കാന്‍ പോയവന്‍കൂടി അമ്മ ചാവുന്നെങ്കില്‍ ചാവട്ടെയെന്നു തീരുമാനിച്ച്‌ തിരിച്ചുവന്ന്‌ വീടുവളഞ്ഞു.

രാജീവ്‌ വധക്കേസിലെ പ്രതി ശിവരശന്റെ വീടു ഒറിജിനല്‍ പോലീസുകാര്‍ വളഞ്ഞിട്ടും ശിവരശനെ ഉയിരോടെ കിട്ടിയില്ല. ഇവിടെ മോറല്‍പോലീസുകാര്‍ പയ്യനെ ഉയിരോടെ പുറത്തെത്തിച്ചൂവെന്നുമാത്രമല്ല നിലം തൊടീക്കാതെ പെരുമാറി. ഭൂമിതൊടുമ്പോഴേക്കും മച്ചില്‍നിന്നുവീണ പല്ലിയുടെ പരുവമായി പയ്യന്‍. കൈവച്ചവരോടുതന്നെ വിശദമായി നിത്യന്‍ സംസാരിച്ചു. നോക്കുമ്പോള്‍ പാപം ചെയ്യാത്തവരാരും കല്ലെറിഞ്ഞിട്ടില്ല.

അവള്‍ പങ്കെടുക്കാതിരുന്ന ക്ലാസില്‍ പഠിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി അവനെകൂടെ കൂട്ടി എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഇനി അതല്ല, അവര്‍ മറ്റുവിഷയങ്ങള്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു തീര്‍പ്പാക്കി എന്നു കരുതുക. അവര്‍ക്കിഷ്ടമുള്ളത്‌ അവരുടെ വീട്ടില്‍ വച്ച്‌ ഉഭയസമ്മതപ്രകാരം ചെയ്യാന്‍വേണ്ടി തന്നെയാണ്‌ വന്നതെന്നിരിക്കട്ടെ. അവിടെ കയറി ഗുണ്ടായിസം കാണിക്കാന്‍ ഒരുകൂട്ടര്‍ക്ക്‌ അവകാശം കൊടുത്തത്‌ ആരാണ്‌? ആ കുടുംബം വീടുതന്നെ വില്‌പനയ്‌ക്കുവച്ചിരിക്കുകയാണെന്ന്‌ ഇപ്പോള്‍കിട്ടിയ വാര്‍ത്ത.

ഒരാള്‍ക്ക്‌ വഴിനടക്കാനുള്ള സ്വാതന്ത്ര്യമാണ്‌ സ്വാതന്ത്ര്യമെങ്കില്‍ മറ്റൊരുകൂട്ടര്‍ക്ക്‌ വഴിതടയാനുള്ള സ്വാതന്ത്ര്യമാണ്‌ യഥാര്‍ത്ഥ സ്വാതന്ത്യമെന്ന്‌ കാലാകാലമായി നമ്മള്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. അപ്പോള്‍തന്നെ സമത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും മൊത്തം ചില്ലറ വ്യാപാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും. മുതലയെപ്പോലെയാണ്‌ നമ്മള്‍. വായതുറക്കുന്നത്‌ ചിരിക്കാനോ വിഴുങ്ങാനോ എന്ന കാര്യം മുതലയോടുതന്നെ ചോദിക്കണം.

ഒരാളുടെ സ്വാതന്ത്യത്തില്‍ കത്തിവെയ്‌ക്കുന്നത്‌ അവകാശമായി കൊണ്ടുനടക്കുന്നതിനുപിന്നിലെ മനശ്ശാസ്‌ത്രം വിവരമില്ലായ്‌മയില്‍ നിന്നുദിക്കുന്ന അഹങ്കാരമല്ലെങ്കില്‍ വിവേകം അകമ്പടിസേവിക്കാത്ത വികാരമാണ്‌. അവിവാഹിതന്‍ എന്നല്ലാതെ ബ്രഹ്മചാരി എന്ന്‌ അടല്‍ബിഹാരി വാജ്‌പേയ്‌ എവിടെയും പറഞ്ഞിട്ടില്ല. കലാലയ സുഹൃത്തായിരുന്ന കൗളുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധം അത്ര രഹസ്യവുമായിരുന്നില്ല. കൗളും അവരുടെ ഭര്‍ത്താവ്‌ പ്രൊഫസര്‍ കൗളും താമസിച്ച അതേ വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹവും കഴിഞ്ഞത്‌.

അവിഹിതബന്ധം എന്നലറിവിളിച്ച്‌ കൗളിന്റെ പടിഞ്ഞാറ്റയുടെ വാതിലാരും ചവുട്ടിപ്പൊളിച്ചിട്ടില്ല. വാജ്‌പേയി തെരുവില്‍ വിചാരണചെയ്യപ്പെട്ടിട്ടുമില്ല. രാജ്യം തന്നെ ഭരിക്കാന്‍ അങ്ങോട്ടേല്‍പിച്ചുകൊടുത്തതാണ്‌ പിന്നത്തെ ചരിത്രം. ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ വിരലൊടിച്ചാല്‍ ബോംബെനഗരം നിശ്ചലമായ ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന കാലത്തും ഒരു കുടുസ്സുമുറിയില്‍ വാരിവലിച്ചിട്ട പുസ്‌തകങ്ങളോടും പട്ടിയോടുമൊപ്പം സുഖമായുറങ്ങിയ ഫെര്‍ണാണ്ടസിലെ വിപ്ലവകാരിയെയാണ്‌ ലോകം കൊണ്ടാടിയത്‌. തെറ്റുപറ്റിയപ്പോള്‍ തെറിവിളിച്ചതും. അല്ലാതെ ഫെര്‍ണാണ്ടസിന്റെ സ്വകാര്യജീവിതം ആരും പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോയില്ല.

ജവഹര്‍ലാല്‍ നെഹറുവും ലേഡി മൗണ്ട്‌ബാറ്റണും പോയേടത്തൊക്കെ പിന്നാലെ പോയി ആളുകള്‍ കൂക്കിവിളിച്ചിട്ടില്ല. പിടിച്ചുവലിച്ചിട്ടില്ല. വാതിലുകുറ്റിയിട്ടിട്ടുണ്ടോ എന്നുപരിശോധിച്ചിട്ടുമില്ല. അവിഹിതമായാലും, ബലാല്‍സംഗമല്ലാത്ത ലൈംഗികബന്ധം കുറ്റകൃത്യമായി പലരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. എങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഡല്‍ട്രി കുറ്റകൃത്യമാണ്‌.

"എന്നിട്ടുമെന്തേ കുഞ്ഞിപ്പെണ്ണേ
കതകുപൊളിക്കാന്‍ വന്നില്ലാരും"

എന്നു നെഹറുതന്നെ ഒരുപക്ഷേ മൂളിപ്പാട്ടുപാടിയിരിക്കണം. നെഹറുവിനാവാം നാണുവിനു പാടില്ല. വാജ്‌പേയിക്കാവാം വിജയനു പാടില്ല. അത്‌ സ്വാതന്ത്യമല്ല. സമത്വവുമല്ല

February 01, 2010

വായനക്കാരില്ലാത്ത ബൂലോഗഎഴുത്തുകാര്‍



          blog varthamanam.JPG 


ഭൂതം ഭാവി വര്‍ത്തമാനക്കാരെ പണ്ട് ബര്‍ണാഡ്ഷാ പരിഹസിച്ചിട്ടുണ്ട്. ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണിയാണത്. മനുഷ്യന്‍ പരസ്പരം വ്യത്യസ്തരാവുന്നത് ഒരു വെറും അഞ്ചുശതമാനം മാത്രമാണ്. അതായത് ഒരുവനും മറ്റൊരുവനും തമ്മില്‍ ഉണ്ടാവുക 95 ശതമാനവും സാമ്യമാണ്. ഒരു മനുഷ്യന്‍ മറ്റൊരുവനില്‍ നിന്നും വ്യത്യസ്തനാവുന്ന ആ അഞ്ചുശതമാനത്തിന്റെ പരിസരത്തേക്കു കടക്കാതെ ബാക്കി 95 ശതമാനത്തില്‍ കിടന്നു കളിച്ചാല്‍ ഏതുകൈനോട്ടക്കാരനും വിജയശ്രീലാളിതനായി വിരാജിക്കാവുന്നതേയുള്ളൂ. 

ഏതാണ്ടിതേ സ്ഥിതിയാണ് ബൂലോഗത്തും. വേറിട്ട ബ്ലോഗുകളുടെ ഗണത്തില്‍ പെടുത്തേണ്ടത് ഷായുടെ ആ വെറും അഞ്ച് ശതമാനമായിരിക്കും. ആഗ്രഹങ്ങള്‍, അത്യാഗ്രഹങ്ങള്‍, ദുരാഗ്രഹങ്ങള്‍ അതുകാരണവും അല്ലാതെയും ഉണ്ടാവുന്ന നഷ്ടങ്ങള്‍, കഷ്ടങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, വീഴ്ചകള്‍ എന്തിന് വേഴ്ചകള്‍ പോലും പരസ്പരം വ്യത്യസ്തമായിരിക്കുക ഒരു ചെറിയ അളവില്‍ മാത്രമാണ്. ഒരു വലിയശതമാനം തന്നെ വ്യത്യസ്തമാണെന്നുതോന്നുന്നവരാണ് നാട്ടുകാര്‍ക്ക് വായിക്കുവാന്‍ ആത്മകഥയെഴുതേണ്ടത്. മഹാത്മജിയും മാധവിക്കുട്ടിയും എഴുതിയത് അതുകൊണ്ടായിരുന്നു. ആളുകള്‍ വായിച്ചതും. 

ഭൂരിഭാഗം ബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാവുക സ്വന്തം കഥ വിളമ്പിയാല്‍ പിന്നെ പറയാന്‍ കഥയില്ലാത്ത കറവവറ്റിയ സാഹിത്യകാരന്‍മാരുടെ ഓണ്‍ലൈന്‍ സ്വരൂപമാണ്. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ ബ്ലോഗന്‍മാരും ബ്ലോഗിനിമാരും സ്വജീവിതചിത്രച്ചളിയില്‍ നിന്നു മദിക്കുന്നതാണ്. ആ ചളി ദേഹത്തുവീണു വൃത്തികേടാവാനായിരിക്കും പലപ്പോഴും വായനക്കാരന്റെ നിയോഗം. 

എഴുത്തിന് ആത്മകഥാംശമാവാം. ആവുന്നതില്‍ തെറ്റില്ല. എന്നാല്‍ ആത്മകഥയേ ഉള്ളൂവെന്നുവന്നാല്‍ സംഗതിമാറും. നാലുമുക്കാലിന്റെ നല്ലൊരു ഡയറിയില്‍ കുറിച്ചിടാന്‍മാത്രമുള്ള സംഗതികള്‍ ബൂലോഗം മുഴുവന്‍ വായിപ്പിച്ചേ അടങ്ങൂ എന്ന വാശിയുള്ളതുപോലെയാണ് പലരും കൃതികള്‍ ചമച്ചുവിടുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ജി.മനുവിനെപ്പോലെ, വിശാലനെപ്പോലെ ആത്മകഥാ പരിസരത്തുനിന്നും അടര്‍ത്തിയെടുക്കുന്ന ഏടുകളെ കലയുടെ ഉദാത്ത തലത്തിലേക്കുയര്‍ത്തി മനോഹര സൃഷ്ടികളാക്കിയിട്ടുമുണ്ട്. 

ലോകത്ത് ഇന്ന് ഏറ്റവുമധികം ആശയവിനിമയസാദ്ധ്യതയുള്ള മാധ്യമമായി ബ്ലോഗുകള്‍ മാറിയെന്നത് ഒരു സത്യമാണ്. അച്ചടിമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നവര്‍ അജണ്ടകള്‍ക്കതീതമായുള്ള ആത്മപ്രകാശനത്തിന്റെ വേദിയായി ബ്ലോഗുകളെ ആശ്രയിക്കുന്നു. കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കറെപോലുള്ളവര്‍ ബ്ലോഗുകളിലെയും മൈക്രോബ്ലോഗുകളിലെയും സജീവസാന്നിദ്ധ്യമാണ്. എന്നിരുന്നാലും ഇംഗ്ലീഷ് ബ്ലോഗുകളുടെ പൊതുനിലവാരത്തിലേയ്ക്ക് ബൂലോഗം ഇനിയും ഉയരേണ്ടിയിരിക്കുന്നു എന്നുവേണം കരുതാന്‍.

തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ അധികരിച്ച് വരുന്ന സ്വതന്ത്ര കാഴ്ചപ്പാടുകളോടുകൂടിയുള്ള ലേഖനങ്ങള്‍, അതെത്രവലിയ വമ്പനെഴുതിയതായാലും ഇന്നത്തെ സ്ഥിതിക്ക് അച്ചടിമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ കത്രികയില്‍ കഴുത്തുപെടാതെ വെളിച്ചംകാണുക പ്രയാസമാണെന്നല്ല അസാദ്ധ്യം തന്നെയാണ്. അടുത്തകാലത്ത് ഡോ.മുഹമ്മദലി ലവ്ജിഹാദ് വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇവിടെ വേറെ ഏത് മാധ്യമമാണ് വെട്ടുംതിരുത്തുമില്ലാതെ, ചുരുങ്ങിയത് ചില്ലറ കോസ്‌മെറ്റിക് സര്‍ജറികളെങ്കിലുമില്ലാതെ പ്രസിദ്ധീകരിക്കുക? ആയൊരു ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ന് ബൂലോഗത്തെ വിശാലകാന്‍വാസിനുമാത്രം അവകാശപ്പെടാനുള്ളതാണ്. 

ഒരു വശത്ത് അച്ചടി മാധ്യമരംഗം മടുത്തവര്‍ ബ്ലോഗിലേയ്ക്കുവരുമ്പോള്‍, കുറച്ചുപേരെങ്കിലും പ്രിന്റ് മീഡിയയിലേയ്ക്കുള്ള സ്പ്രിംഗ് ബോര്‍ഡായി ബ്ലോഗിനെ കാണുന്നുമുണ്ട്. മീനാക്ഷി റെഡ്ഡി മാധവനെപ്പോലെ. എന്തെഴുതിയെന്നത് വേറെകാര്യം, ഉള്ളതുവച്ച് പെന്‍ഗ്വിനെപ്പോലെ കാര്യം സാധിച്ചു. ബ്ലോഗുമാര്‍ഗം സഞ്ചരിച്ചാണ് കണ്ണടച്ചുതുറക്കുംമുമ്പേ, എന്തെങ്കിലും എഴുതുന്നതിനും മുമ്പേതന്നെ മീനാക്ഷി പേരുകേട്ട എഴുത്തുകാരിയായതും മാധ്യമങ്ങളുടെ പ്രിയങ്കരിയായതും. ഭാവിയില്‍ എഴുതപ്പെടാവുന്നതിന് സാഹിത്യ അക്കാഡമി വക ഒരു അവാര്‍ഡുണ്ടായിരുന്നെങ്കില്‍ അതും മീനാക്ഷിക്കു ലഭിച്ചേനെ. 

ബൂലോഗത്തിന്റെ നിലനില്പ് എഴുത്തുകാരെ ആശ്രയിച്ചല്ല. വായനക്കാരെ ആശ്രയിച്ചാണ്. കൃതികളുടെ എണ്ണത്തില്‍ കുറവില്ല. വണ്ണത്തിലും കുറവില്ല. എങ്കിലും വരാന്‍ പോവുന്നത് ഡിനോസറിന്റെ ഗതിയാവാനാണ് സാദ്ധ്യത. വലുപ്പം കാരണം വംശനാശം വന്നുപോയ ജീവിയാണ് ഡിനോസര്‍. ഒടുക്കത്തെ വയറുകാരണം ഡിനോസന്‍ പട്ടിണികിടന്നു നാമാവിശേഷമായി. വായിക്കാന്‍ ആളില്ലാത്തതുകൊണ്ട് ബുലോഗം അകാലത്തില്‍ പൊലിഞ്ഞു എന്നായിരിക്കും ഭാവിയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബൂലോഗത്തെ പോസ്റ്റുകളുടെ ആധിക്യം കാരണം വായനക്കാര്‍ നെല്ലും പതിരും തിരിച്ചറിയാതെ ഗതികെട്ടു നടക്കുകയാണ്. ഒരു ക്ലിക് അകലത്തിലുള്ള സംഗതികള്‍ മിക്കതും ഒരുവരിയില്‍ കൂടുതല്‍ വായിക്കേണ്ടിവരാതെ വലത്തേയറ്റത്തെ ക്രോസില്‍ അവസാനിപ്പിക്കാമെങ്കില്‍, ചിലത് രണ്ടുനാലുവരി വായിച്ചാലെ വായിച്ചത് വെറുതെയായി എന്നു തോന്നിക്കുകയുള്ളൂ. മറ്റുചിലതാവട്ടെ ഒന്നുരണ്ടു പാരഗ്രാഫെങ്കിലും പോവുമ്പോഴേയ്ക്കും എഴുത്തുകാരനെ നേരില്‍ കണ്ടാല്‍ ഒരവാര്‍ഡ് കൊടുക്കാന്‍മാത്രം വായനക്കാരനെ പ്രേരിപ്പിക്കും അഥവാ പ്രകോപിപ്പിക്കും. ഇങ്ങിനെ ഒരു നാലു പ്രാവശ്യം സംഭവിച്ചാല്‍ ആ വായനക്കാരന്‍ തിരികെ വീണ്ടും ബൂലോഗത്തെത്തണമെങ്കില്‍ തലയുടെ മൂലക്കല്ല് തന്നെ ഇളകിപ്പോവണം. അല്ലാത്തവര്‍ ആത്മരക്ഷാര്‍ത്ഥം ബൂലോഗത്തിന്റ ചുറ്റുമതിലിനു പുറത്തുകടക്കും. 

ഈയൊരു പ്രശ്‌നത്തിന് ബൂലോത്തെ അഗ്രഗേറ്ററുകളൊന്നുംതന്നെ പരിഹാരമാവുന്നില്ല. ഒരു വിവാഹബ്രോക്കറുടെ ധര്‍മമത്തില്‍ കൂടുതലൊന്നുംതന്നെ അവ നിര്‍വ്വഹിക്കുന്നുമില്ല. ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അതും ഒരു ജാതകക്കുറിപ്പും കക്ഷത്തെ ഡയറിയില്‍ ബ്രോക്കര്‍ സൂക്ഷിക്കും ആവശ്യക്കാര്‍ക്കു കാഴ്ചവെയ്ക്കും. അതുതന്നെ അഗ്രഗേറ്ററും ചെയ്യും. ബ്ലോഗിങ്ങിനുതന്നെ ഒരു പുത്തനുണര്‍വ്വു പകരുമെന്ന് പ്രതീക്ഷിച്ച മൈക്രോബ്ലോഗിങ്ങ് സൈറ്റുകളായ ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ളവയാവട്ടെ വെളുക്കാന്‍ തേച്ചത് പാണ്ഡായ ഫലമാണ് ചെയ്യുന്നത്. ബ്ലോഗറിലെ നാലുവരിയിലും സുഖം ട്വിറ്ററിലെ ഒന്നരവരിയാണെന്നു പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. 

ബ്ലോഗര്‍മാരല്ലാത്ത ബ്ലോഗ്വായനക്കാരുടെ എണ്ണം വെച്ചൂര്‍ പശുവിന്റെ എണ്ണംപോലെ അന്നന്ന് താഴോട്ടുപോവാനുള്ള കാരണവും ഇതുതന്നെയാണ്. എഴുത്ത് ഉപജീവനമാര്‍ഗമെന്നപോലെ മലയാളം ബ്ലോഗിങ് ഉപജീവനമാര്‍ഗമായി പടിഞ്ഞാറുള്ളതുപോലെ കൊണ്ടുനടക്കാന്‍ പറ്റാത്തതും മറ്റൊന്നുകൊണ്ടല്ല. വായനക്കാരില്ലാത്തതാണ്. എഴുതുന്നവരുതന്നെയാണ് വായനക്കാര്‍. 

ഇതിനൊരു പരിഹാരം ചിതറിക്കിടക്കുന്ന വ്യക്തിഗതബ്ലോഗുകള്‍ക്കു പകരം കുടുംബശ്രീ പോലൊരു ബ്ലോഗശ്രീ പരീക്ഷണമാണ്. അതായത് പത്തുപേര്‍ ചേര്‍ന്ന് സഹകരണസംഘം രൂപീകരിക്കുന്നതുപോലെ, യോജിക്കാന്‍ കഴിയുന്നവര്‍ ഒരു കുടക്കീഴില്‍ പോസ്റ്റുക. നിത്യന്റെ ബ്ലോഗില്‍ ഇന്നുകയറുന്നവന്‍ പിന്നീട് ഒരു രണ്ടാഴ്ചത്തേയ്ക്ക് അങ്ങോട്ടുകയറേണ്ടിവരില്ല. അതേ സമയം അതേ സ്‌പേസില്‍ ആ ഗ്രൂപ്പില്‍ സമാന/വിരുദ്ധ ചിന്താഗതികളുള്ള ഒരു ആറേഴുപേര്‍ ഉണ്ടെന്നിരിക്കില്‍ നിത്യേന ബ്ലോഗ് അപ്‌ഡേഷന്‍ സാദ്ധ്യമാണ്. 

ആഴ്ചയില്‍ ഇന്നദിവസം കൃത്യമായി ഇന്ന ബ്ലോഗറുടെ പോസ്റ്റ് പ്രത്യക്ഷമാവുന്നു എന്നു വരികയാണെങ്കില്‍ ഓരോ ബ്ലോഗും ഓരോ വായനശാലയാവുന്ന അനുഭവമായിരിക്കും നല്കുക. നെല്ലും പുല്ലും വേര്‍തിരിച്ചറിയാതെ അഗ്രഗേറ്റര്‍ വരമ്പത്തുകുത്തിയിരിക്കുന്ന വായനക്കാര്‍ക്ക് അത് കുറച്ചൊന്നുമല്ല ആശ്വാസമാവുക. ബൂലോഗത്തെ ദുര്‍മ്മേദസ്സ് അപ്രത്യക്ഷമായി അരോഗദൃഢഗാത്രമാവുകയും ചെയ്യും. 

വ്യത്യസ്തമേഖലകളില്‍ വ്യാപരിക്കുന്ന വിവിധ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ ബൂലോഗം മുഴുവന്‍ ചിതറിക്കിടക്കാതെ വിരലിലെണ്ണാവുന്നത്ര ബ്ലോഗുകളിലായി ലഭ്യമാവുക. അവ വായനക്കാരിലെത്തിക്കാനുള്ള ഒരു നല്ല അഗ്രഗേറ്ററും നിലവില്‍വരിക. ബ്ലോഗര്‍മാരും വായനക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഇപ്പോള്‍ അതുമാത്രമാണ്. ഉദാഹരണമായി പലമേഖലയിലെ അദ്ധ്യാപകബ്ലോഗുകളുണ്ട് ബൂലോഗത്ത്. ഒരോ മേഖലയിലെയും ബ്ലോഗുകള്‍ തിരഞ്ഞുപിടിച്ച് വായിക്കുന്നത് അസാദ്ധ്യമാവുമ്പോള്‍ ഒന്നോ രണ്ടോ ബ്ലോഗുകളിലായി അദ്ധ്യാപകബ്ലോഗുകള്‍ മുഴുവന്‍ ലഭ്യമായാല്‍ തീര്‍ച്ചയായും ആ വായന ഒരനുഭവമായിരിക്കും. 

'ഷാ' യില്‍ തുടങ്ങി ഷാ യില്‍ തന്നെ അവസാനിപ്പിക്കട്ടെ. 'Happy is the man who can make a living by his hobby!' ഹോബി കൊണ്ടു ജീവിക്കാന്‍ കഴിയുന്നവന്‍ ഹാപ്പിയെന്ന് ഷാ. ബൂലോഗം അങ്ങിനെയൊരു പുതിയ പ്രഭാതത്തിലേയ്ക്ക് ഉണരുന്നതുകാണാന്‍ നിത്യന്‍ ആഗ്രഹിക്കുന്നു.

January 07, 2010

'എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍'



രംഗം: അറുപതാം വിവാഹവാര്‍ഷികദിനത്തില്‍ തൊണ്ണൂറുകാരനായ ഭര്‍ത്താവിനെ ടെറസില്‍ നിന്നു തള്ളിയിട്ടു കൊന്ന എണ്‍പതുകാരി മദാമ്മയുടെ വിചാരണവേള

കോടതി: സത്യം മാത്രമേ പറയാവും. ഇങ്ങിനെ വടിയുംകുത്തി ഒടിഞ്ഞുനടക്കുന്ന നിങ്ങളാണോ ഈ കടുംകൈ ചെയ്തത്?

മദാമ്മ: അതേ യൂവറോണര്‍, ഞാന്‍ തന്നെ.

കോടതി: എന്തായിരുന്നു അതിനുമാത്രമുണ്ടായ പ്രകോപനം?

മദാമ്മ: തൊണ്ണൂറിലെത്തിയ എന്റെ തോമസിന് ഏണിപ്പടിയില്‍ നിന്ന് പതിനേഴുകാരി പ്രിന്‍സിയെ പ്രാപിക്കാനുള്ള ശേഷി കണ്ടപ്പോള്‍ പറക്കാനുളള കഴിവും കൂടി കര്‍ത്താവ് കൊടുത്തിട്ടുണ്ടാവും എന്നു കരുതി. അതൊന്നു പരീക്ഷിക്കാന്‍ വേണ്ടി ചെയ്തുപോയതുമാത്രമാണ്. അതിങ്ങിനെയൊരു അബദ്ധമാവുമെന്നു തെല്ലും നിരീച്ചില്ല യൂവറോണര്‍.

60ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹസിനെ വിളിച്ചുണര്‍ത്തി ആ സുദിനം ഒന്നോര്‍മ്മിപ്പിക്കാന്‍ പതുക്കെ വടിയും കുത്തി ചെന്ന മദാമ്മ കണ്ടത് പതിനേഴുകാരി വേലക്കാരിയുമായി തൊണ്ണൂറുകാരനായ തന്റെ പ്രിയതമന്‍ ഏണിപ്പടിയില്‍ നിന്ന് വാത്സ്യായന്റെ 64ാമത്തെ അടവുപയറ്റുന്നതാണ് കണ്ടത്. ആദ്യം മദാമ്മ തരിച്ചുനിന്നു. പിന്നെ തിരിച്ചുനടന്നു. ഭൂലോകത്ത് ഇങ്ങിനെയൊരു സംഗതി നടന്നിട്ടില്ലെന്നപോലെ.

പയറ്റുകഴിഞ്ഞ് സായിപ് വിശ്രമിക്കുമ്പോള്‍ പതുക്കെ ചെന്ന് ആ വിവാഹവാര്‍ഷിക കാര്യം അങ്ങോട്ടവതരിപ്പിച്ചു. ആ പഴയ നല്ല ദിനങ്ങളുടെ ഓര്‍മ്മയ്ക്കായിമാത്രം എന്ന വ്യാജേന ടെറസിലേയ്ക്കു വലിച്ചുകയറ്റുകയും ചെയ്തു. പഴയ പ്രണയദിനങ്ങള്‍ അയവിറക്കിക്കൊണ്ട് സായിപ് മുന്നില്‍ മുന്നില്‍ ഉലാത്തുമ്പോള്‍ തക്കം നോക്കി മദാമ്മ ഉള്ള ഊക്കില്‍ ആഞ്ഞൊരു ചവുട്ടു കൊടുത്തു. സായിപ് താഴേയ്ക്ക് ക്രാഷ്‌ലാന്റു ചെയ്തു. ഉയിര് കര്‍ത്താവിങ്കല്‍ മേലോട്ടും. കേസ് കോടതിയിലെത്തി. വടിയും കുത്തി മദാമ്മ കൂട്ടിലും.

ഭാര്യ നേരത്തേ പോയതുകൊണ്ട് അങ്ങിനെയൊരു ദുരന്തം തിവാരിക്കുണ്ടായില്ല. നികത്താനാവാത്ത നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിനും. പകരക്കാരനില്ലാത്ത വ്യക്തികള്‍ ചാവുമ്പോഴാണല്ലോ നഷ്ടം നികത്താനാവാത്തതാവുക.

ആണുങ്ങളുടെ സര്‍ഗശേഷി വ്യക്തമാവുന്ന ഇത്തരം അവസരങ്ങളില്‍ നിയമം കൈയ്യിലെടുക്കാന്‍ ഭാര്യമാര്‍ക്കുകൂടി അവകാശമില്ലാത്തതാണ്. അവര്‍ ശരിക്കുപറഞ്ഞാല്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പറ്റുമെങ്കില്‍ മിസിസ് ഉണ്ണിത്താനെപ്പോലെ ചുരുങ്ങിയത് ഒരു പത്രസമ്മേളനം വിളിച്ച് ഉണ്ണിത്താന്‍ പത്തായത്തിലൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയെങ്കിലും വേണം. അതാണ് ഭാരതസ്ത്രീകളുടെ ധര്‍മ്മം. ഭാര്യമാര്‍ ജീവിക്കുന്നതുതന്നെ ഭര്‍ത്താക്കന്‍മാരുടെ സുഖത്തിനുവേണ്ടിയാണല്ലോ.


കോടതികള്‍ മനുഷ്യന്റെ മരണമൊഴിക്ക് വലിയ പ്രാധാന്യം കാണാറുണ്ട്. വിശേഷിച്ച് യാതൊരു കാര്യവുമില്ലാത്തതുകൊണ്ടാവണം ചാവാന്‍പോവുന്ന മനുഷ്യന്‍ കളവുപറയുകയില്ല. രാഷ്ട്രീയമായി മരിക്കാന്‍പോവുന്ന വേളയായതുകൊണ്ട് വിശ്വസിച്ചേ പറ്റൂ. തിവാരിജി ഒരു സത്യം പറഞ്ഞു - അനാരോഗ്യത്താല്‍ രാജിവെയ്ക്കുന്നു. അനാരോഗ്യം എന്നുപറഞ്ഞാല്‍ ശരീരത്തിനുള്ള ശേഷിക്കുറവ് എന്നു പറയും. ഗാന്ധിജിയുടെ സത്യസന്ധതയാണ് തിവാരിജി ജീവിതത്തില്‍ പകര്‍ത്തത്. ഗാന്ധിമാത്രം വെയ്ക്കാത്ത ആ ഗാന്ധിത്തൊപ്പി അര്‍ഹമായ ശിരസില്‍ തന്നെയാണ് വിശ്രമിക്കുന്നതെന്ന് നമുക്കാശ്വസിക്കാം.


ഈ രാജ്യത്തെ മുഴുവന്‍ വനിതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്ഭവനില്ലാത്തതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട മൂന്നു അപ്‌സരസ്സുകളുമായായിരുന്നു മൂപ്പരുടെ അരോഗ്യനിരീക്ഷണപരീക്ഷണങ്ങള്‍. 85 കഴിഞ്ഞാല്‍ ആര്‍ക്കും പയറ്റിനോക്കാവുന്നതാണ് ഇത്. വലിയ സംഗതികളൊന്നും വേണ്ട.

എന്നാല്‍ ഒരു ബെഡ്‌റൂമും എന്തിനും തയ്യാറായ മൂന്നു സുന്ദരികളുമുണ്ടെങ്കില്‍ ആര്‍ക്കും പരീക്ഷിച്ചുകളയാമെന്നു കരുതരുത്. പരീക്ഷണത്തിന് ഉദ്ദേശിച്ച ഫലമുണ്ടാവണമെങ്കില്‍ അതിന്റെ ചിലവ് ദരിദ്രവാസികളുടെ നികുതിപ്പണത്തില്‍ നിന്നുതന്നെ കൊടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

എന്തൊരെളിയ തുടക്കമായിരുന്നു. ഭരതന്റെ ഭാഗ്യം രാമപാദുകമായിരുന്നെങ്കില്‍ തിവാരിയുടേത് സജ്ഞയപാദുകമായിരുന്നു. നല്ല യോഗമുള്ള പാദുകമായിരുന്നതുകൊണ്ട് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

നാലണയുടെ മണിക്കടല വാങ്ങിക്കൊടുത്ത ബന്ധമില്ലെങ്കിലും മോന്‍ മഹാനാവുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ പറയും, കണ്ടോ ഓന്‍ എന്റെ മോനാ. ഇത് തിരിച്ചും സംഭവിക്കും. അച്ഛന്‍ മഹാനാവുമ്പോള്‍ മോന്‍ തുടങ്ങും. 'ഓനാ എന്റെ അച്ഛന്‍'. ആദ്യമായി കാണുന്നതുതന്നെ ചിലപ്പോള്‍ ചിത്രത്തിലായിരിക്കും. അതിനു തിവാരിയെന്തുപിഴച്ചു? വാത്സ്യായന്‍ 64 കാമകലകളെപ്പറ്റിയാണു പറഞ്ഞത്. അതിലുണ്ടാവുന്ന പ്രതിഭകളെപ്പറ്റിയല്ല. പണ്ട് ചൈനയില്‍ മക്കളെ ചൂണ്ടിക്കാണിച്ച് അതു മാവോന്റെ മോനാ എന്നുപറയുന്നത് അമ്മമാര്‍ക്ക് ഒരന്തസ്സായിരുന്നു എന്നുകേട്ടിട്ടുണ്ട്.

ആരോഗ്യനിരീക്ഷണ പരീക്ഷണങ്ങളില്‍ പങ്കാളികളായ മാനിനിമാരുടെ വദനാംബുജങ്ങള്‍ തന്നെ ഓര്‍മ്മിക്കണമെങ്കില്‍ തല ഒരൊന്നൊന്നര സൂപ്പര്‍ കംപ്യൂട്ടറായിരിക്കണം. അപ്പോഴാണ് നടക്കുന്ന പരീക്ഷണങ്ങളില്‍ ജനിക്കാനും ജനിക്കാതിരിക്കാനും സാദ്ധ്യതയുള്ള പിള്ളാരുടെ അവിഞ്ഞ മോന്തകള്‍ കൂടി ഓര്‍മ്മിക്കേണ്ടത്. നീതിക്കുനിരക്കാത്ത സംഗതിയായതുകൊണ്ട് കോടതിയില്‍ വച്ചുനടന്ന ആ അഗ്നിപരീക്ഷയിലും തിവാരിജി ജയിച്ചുകയറിയത് റാങ്കോടെയാണ്.

അഖിലേന്ത്യാ യൂത്തന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു മൂപ്പര്‍ ആ സുവര്‍ണകാലത്ത്. ഉജ്ജ്വലാ ശര്‍മ്മ അഖിലേന്ത്യാ യൂത്തി കോണ്‍ഗ്രസ് സിക്രട്ടറിയും. അക്കാലത്ത് കോണ്‍ഗ്രസ് സിലബസില്‍ ഇല്ലാത്ത സുകുമാരകലകള്‍ പഠിപ്പിച്ച് മിടിക്കിയാക്കിക്കൊടുത്തതിന് യാതൊരു നന്ദിയുമില്ലെന്നതോപോട്ടെ, പകയുണ്ടാവുന്നത് എവിടുത്തെ ന്യായമാണ്. നാട്ടില്‍ സിലബസിലുള്ളത് പഠിപ്പിക്കാന്‍ തന്നെ ഒടുക്കത്തെ ഫീസാണ്. സിലബസിലില്ലാത്ത സംഗതി പഠിപ്പിച്ചിട്ടും ഒരു നാലണ ഫിസ് തിവാരി വാങ്ങിയതായി ആരും പറയുന്നില്ല. പോരാതെ ഭാവിയിലെ ഒരഡ്വക്കേറ്റിന്റെ സൃഷ്ടിയിലാണ് ആ പഠനം പൂര്‍ത്തിയായതും. എത്ര ഉപകാരം ചെയ്താലും നന്ദിയില്ലാത്ത വര്‍ഗമാണ്. അതുകൊണ്ടാണ് തിവാരി പറഞ്ഞത് - ഇക്കണക്കിന് പെണ്ണിനോടു മിണ്ടുന്നതുതന്നെ സൂക്ഷിച്ചുവേണം.

ദൈവത്തിനു രണ്ടാമത് പറ്റിയ അബദ്ധമാണ് പെണ്ണ് എന്നുപറഞ്ഞത് നീഷെ ആണ്. അപ്പോ ഒന്നാമത്തെ അബദ്ധം ആണുങ്ങള്‍ തന്നെയാണല്ലോ. ആദ്യത്തെ അബദ്ധത്തിനുള്ള പരിഹാരമായിട്ടായിരിക്കണം ആദത്തിന്റെ വാരിയെല്ലൂരി ദൈവം ഈവിനെ സൃഷ്ടിച്ചത്. ഒന്നാമത്തെ ചിന്ന അബദ്ധത്തിനുള്ള പരിഹാരം പെരിയ അബദ്ധമായി കലാശിച്ചു. ആദമിന് നഷ്ടപ്പെട്ട വാരിയെല്ലാണ് ഈവ് എന്നുവന്നപ്പോള്‍ ഈവിനെക്കൊണ്ട് കോല്‍ക്കളികളിക്കാനുള്ള അവകാശം ആദമിന് പകര്‍ന്നുകിട്ടിയ സ്ഥിതിയാണ്. അല്ലാതെ ഒരേസമയം മൂന്നെണ്ണത്തിന് കിടപ്പറയിലേയ്ക്ക് പെര്‍മിറ്റുകൊടുക്കേണ്ട കാര്യമില്ലല്ലോ? കവറിലൊരു ഫോട്ടോയ്ക്കായി മുസ്ലിപവര്‍ എക്‌സ്ട്രായുടെ ഡോ.ലാടന്‍ ഇതിനകം ഛത്തിസ്ഘഡിലേയ്ക്ക് വച്ചുപിടിച്ചിട്ടുണ്ടാവും.

പണ്ടു ലക്ഷക്കണക്കിനു മഹിളകള്‍ പൊതുരംഗത്ത് കോണ്‍ഗ്രസിലൂടെ വന്നിരുന്നുവെങ്കില്‍ അക്കാലത്തെ മഹാരഥന്‍മാര്‍ക്ക് സ്തുതി. ഇന്നു കോണ്‍ഗ്രസുകാര്‍ എന്നുകേട്ടാല്‍ വനിതകള്‍ മാളത്തിലൊളിക്കേണ്ട ഗതിയാണ് വരുന്നത്. രാജ്‌മോഹന്‍മുതല്‍ രാജ്ഭവന്‍വരെ വിളിച്ചുപറയുന്നത് അതാണ്.

സഭയില്‍ 33 ശതമാനം സംവരണത്തിന് ആരും ചോരനീരാക്കി പാടുപെടേണ്ടതൊന്നുമില്ല. എണ്‍പത്തിയഞ്ചു കഴിഞ്ഞ തിവാരിക്ക് ചുരുങ്ങിയത് മൂന്നെണ്ണം വേണമെന്നുള്ള സ്ഥിതിയാണെങ്കില്‍ ഈ ലോകത്ത് എല്ലാം പ്രവചനാതീതമാണ്. സര്‍പ്പയജ്ഞക്കാരന്റെ കണ്ണാടിക്കൂടുപോലെയാണ് സഭ അന്നും ഇന്നും എപ്പോഴും. നിര്‍ദ്ദോഷിയായ നീര്‍ക്കോലി മുതല്‍ ചീറ്റിയാല്‍ ആനതന്നെ അസ്തുവായിപ്പോവുന്ന കരിനാഗം വരെയുള്ളത് അവിടെ കാണും. അമര്‍മണി ത്രിപാഠിയും തിവാരിയും പോലുള്ളവര്‍ക്ക് യാതൊരു പഞ്ഞവും കാണുകയില്ല. പേരുണ്ടാവാതെപോയാലും പേരുദോഷമുണ്ടാക്കാതെ നോക്കേണ്ട ബുദ്ധിയൊക്കെ പണ്ടേ പെണ്ണുങ്ങള്‍ക്കുണ്ട്.

അതുകൊണ്ട് അവിടെകയറി നിലയുറപ്പിക്കുന്നതിനുമുന്നേ വനിതകള്‍ നാലുവട്ടം ആലോചിക്കാതിരിക്കുകയില്ല. അതുകൊണ്ട് ആണുങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല. പാസാക്കിവിടുക 33ശതമാനം. പെണ്ണുങ്ങളെ പണ്ടേ പേടിയാണെന്ന ആ പേരുദോഷവും മാറിക്കിട്ടും.

ഇനി ഉയിര് പോയാല്‍ പോട്ടേ എന്നുകരുതി രാഷ്ട്രീയത്തിലെത്തിയ നമ്മുടെ പഴയതലമുറക്കാരെപ്പോലെ, എന്തിനും തയ്യാറായി വരുന്ന വനിതകള്‍ ഉണ്ടെന്നുകരുതുക. എറിയാല്‍ ഒരു 1% തികയില്ല. അങ്ങിനെയുള്ളവര്‍ എത്തിയാല്‍ അബദ്ധത്തില്‍ പോലും അവരുടെ മുന്നില്‍പോയി പെടാതെ നോക്കുന്നത് തിവാരിയന്‍മാര്‍ക്ക് എന്തുകൊണ്ടും ഗുണമേ ചെയ്യൂ. .

January 05, 2010

മതം മജ്‌നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ - എ.ജെയുടെ പ്രതികരണത്തിനുള്ള മറുപടി.

മതം മജ്‌നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ എന്ന ലേഖനത്തിനുനേരെ വന്ന എ.ജെയുടെ പ്രതികരണത്തിനുള്ള മറുപടി.


എ.ജെ: 'നിത്യന്റെ സുഹൃത്തിന് വേണമെങ്കില്‍, ചോദ്യങ്ങള്‍ക്കുത്തരം സ്വയം തേടിപ്പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഖുറാന്‍ വചനങ്ങളും നബിചര്യയും എല്ലാവര്‍ക്കും ലഭ്യമാണ്. (ഇസ്ലാം ഒരു പുരോഹിതമതമല്ല.മത പണ്ഡിതന്മാരുടെ ഇടപെടലുകള്‍ കൂടാതെ തന്നെ തികഞ്ഞ മുസ്ലിമായി ജീവിക്കുവാന്‍ പറ്റും.) ഉദ്ദേശിച്ച മറുപടി കിട്ടാത്തതിന് മതപണ്ഡിതനോട് കെറുവിച്ചിട്ടെന്ത് കാര്യം?.'

മറുപടി: എ.ജെയുടെ പ്രതികരണം കണ്ടാല്‍ തോന്നുക ഇസ്ലാമോഫോബിയ കാരണം നിത്യന്‍ ഒരാളെ വാടകയ്‌ക്കെടുത്ത് ചോദ്യം ചോദിപ്പിച്ചു എന്നാണ്. ഇങ്ങിനെയൊരു സംശയം ഉയരാതിരിക്കാനായിരുന്നു ആ ലേഖനത്തില്‍ തന്നെ ആ വെബ്‌സൈറ്റിന്റെ പേരുകൂടെ ചേര്‍ത്തത്. ലേഖനം വായിച്ച എ.ജെയ്ക്കും ഇനിയത് വായിക്കാന്‍ പോകുന്ന ഏവര്‍ക്കും കണ്‍കുളിര്‍ക്കെ കാണാവുന്നവിധത്തില്‍ തന്നെയാണ് ചോദ്യവും മറുപടിയും കൊടുത്തിരിക്കുന്നത്. പണ്ഡിതനാവട്ടേ പാമരനാവട്ടേ അയാളോട് കെറുവിക്കേണ്ട ഒരു കാര്യവും നിത്യനില്ല. നിത്യന്‍ അടിമുടി എതിര്‍ക്കുന്ന ആ അസഹിഷ്ണുതയുടെ ആഴം എ.ജെയുടെ ഈ വരികളില്‍ തന്നെ അളക്കാവുന്നതേയുള്ളൂ.

എ.ജെ: ലവ് ജിഹാദ് എന്ന പദത്തിന്റെ സാംഗത്യത്തെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ, രൂക്ഷമായി പ്രതികരിക്കുന്നുണ്ട്, നിത്യന്‍. പഴകിപ്പുളിച്ചു കഴിഞ്ഞ, ആയിരങ്ങളുടെ മതം മാറ്റത്തിന്റെ കണക്കും വിളമ്പുന്നുണ്ട്. നിത്യനും കൂടി പറഞ്ഞാല്‍ പിന്നെ കണക്കില്‍ പിഴവില്ലല്ലോ!

മറുപടി: ആ കണക്ക് പഴകിപ്പുളിച്ചതുകൊണ്ടാണോ കോടതി അങ്ങിനെതന്നെ നിരീക്ഷിച്ചത്. കേരളാ സര്‍ക്കാര്‍ കൊടുക്കാതെ മാനത്തുനിന്നും പൊട്ടി കോടതിയുടെ മുന്നില്‍ വീണതാണോ ആ മതം മാറ്റകണക്കുകള്‍. നിത്യന്‍ എതിര്‍ക്കുന്നത് മതംമാറ്റത്തെയല്ല. പ്രണയത്തെയുമല്ല. മതം മാറ്റം അജണ്ടയാക്കിയുള്ള പ്രണയക്കുരുക്കിനെയാണ്, കോടതി നിരീക്ഷിച്ച ലവ്ജിഹാദിനെ തന്നെയാണ്. ഈ കണക്കുകള്‍ കള്ളക്കണക്കുകളാണെങ്കില്‍ തീര്‍ച്ചയായും ഭരണകൂടവും ജുഡീഷ്യറിയും ഒരു ജനതയോടുതന്നെ മാപ്പുപറയേണ്ടതാണ്. അതിനുപറ്റിയ മാര്‍ഗം സുപ്രീംകോടതിയെ സമീപിക്കലാണുതാനും. ഒരു മതവും മതഭക്തനും ലവ്ജിഹാദും ഒന്നും അനാവശ്യമായി സംശയിക്കപ്പെട്ടുകൂടാ. തീര്‍ച്ചയായും ആ വിഷയത്തില്‍ ഒരു വ്യക്തത വരണം എന്നതുതന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. എ.ജെയെപ്പോലുള്ളവര്‍ ശ്വസിക്കുന്ന മതം സംശയത്തിന്റെ കരിനിഴലില്‍ വരുമ്പോള്‍ അതുമാറ്റിയെടുക്കേണ്ട ബാദ്ധ്യത ഏറ്റെടുക്കാതെ പോയ്ക്കളയരുത്.


എ.ജെ: മക്കളുടെ പ്രണയത്തിനോട് നിത്യന് എതിര്‍പ്പില്ല, പക്ഷെ അവര്‍ ഇസ്ലാമാവുന്നത് സഹിക്കില്ല എന്നു പറയാനുള്ള ആര്‍ജവം കാണിച്ചത് അഭിനന്ദനാര്‍ഹം തന്നെ. ഇതു തന്നെയാണ് കാതലായ സംഗതി. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അനുവദിച്ചാലും, സ്വന്തമായി മതം തിരഞ്ഞെടുക്കുവാന്‍ അവരെ അനുവദിക്കുന്നത് പുരോഗമന വാദികള്‍ക്കും അസ്വീകാര്യമാണ് എന്നര്‍ഥം.ആ മതം ഇസ്ലാമാണെങ്കില്‍ പ്രത്യേകിച്ചും.

മറുപടി: ലേഖനത്തിലെ പ്രസക്തഭാഗം ഒന്നുകൂടി ഇവിടെ എടുത്തിടുന്നു.

'നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.' ഇതു വായിച്ച് എ.ജെ. നല്കിയ അര്‍ത്ഥമാണ് അതിനു കിട്ടുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ വിവരം ഒന്നറിയിച്ചാല്‍ കൊള്ളാമായിരുന്നു.

കൂടുതലായി, അവനവന്റെ മതം ലോകത്തേക്കും വച്ച് മെച്ചപ്പെട്ടതാണെന്ന് വിളിച്ചുപറയാനുള്ള അവകാശം സ്വയം ഉണ്ടെന്നുകരുതുന്നവന് ആ മതം ഒന്നിനുംപറ്റാത്തതാണെന്ന് ഒരവിശ്വാസിയോ മറ്റേതെങ്കിലും വിശ്വാസിതന്നെയോ വിളിച്ചുപറയുന്നത് കേള്‍ക്കാനുള്ള ബാദ്ധ്യതകൂടിയുണ്ട്. അതിനാണ് സഹിഷ്ണുത എന്നുപറയുക. അതില്ലാത്തതാണ് പ്രശ്‌നം.

എ.ജെ.: മതങ്ങളെ എതിര്‍ക്കുന്നതിന് മുന്‍പ് അല്പം ഗൌരവമായി മുന്‍ വിധികള്‍ കൂടാതെ, അവയെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ആശാസ്യമാണ്. മാദ്ധ്യമങ്ങളുടെയോ, മത പണ്ഡിതന്മാരുടെയോ വീക്ഷണങ്ങളില്‍ നിന്നല്ല, യഥാര്‍ഥ മത ഗ്രന്ഥങ്ങള്‍ നമ്മോട് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് തേടേണ്ടത്.


മറുപടി: 'മതഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ല ആരും മതത്തെ നിരീക്ഷിക്കുക. അതിന്റെ അനുയായികളുടെ പ്രവൃത്തിവെച്ചാണ്. ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.'

December 17, 2009

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും.

ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
ആയൊരു സ്വര്‍ഗ്ഗീയാനുഭൂതിക്കുശേഷം പിന്നെ കാഫിര്‍ ലൈലമാരുടെ മേല്‍ വിലാസം തന്നെ കാണുകയില്ല. അതായത് പ്രണയവും പ്രണയിയും മതവും പ്രണയിതാവും എല്ലാംകൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസമാറ്റം. ഇതെല്ലാം ലവ് ജിഹാദാന്ന് പറയുന്നവന്റെ തലയാണ് പരിശോധിക്കേണ്ടത്. കള്ളനെ ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ലപണി കള്ളന്‍ എന്ന പദം ഭാഷയില് നിന്നു നീക്കം ചെയ്യുകയാണ്. ലവ്ജിഹാദ് ഇല്ലാതാക്കുവാന് ഏറ്റവും നല്ലത് ആ പദം നിരോധിക്കലാണ്. വണ്ടര്‍ഫുള്‍. ആ കോട്ടിട്ട ഏമാനോട് ആരെങ്കിലും ഇതൊന്നു പറഞ്ഞുകൊടുത്താല്‍ രച്ചപ്പെട്ടു.

പെരിയ ബുദ്ധിമാന്മാരുടെ ഫോറമായ വര്ക്കേഴ്സ് ഫോറം ബ്ലോഗിന്റെ തലക്കെട്ടുതന്നെ 'പ്രണയിക്കുന്നതിനുമുന്നേ ജാതി സര്ട്ടിഫിക്കറ്റ് ചോദിച്ചുവാങ്ങുക' എന്നതായിരുന്നു. അതുതന്നെയല്ലേ അതിന്റെയൊരു ശരി. നിത്യന്റെ ചെറിയ ബുദ്ധിയില് തോന്നുന്നതും അതുതന്നെയാണ്. വിശുദ്ധപ്രണയത്തിനും മീതെയാണ് ജീവനില്ലാത്ത മതങ്ങളുടെ സ്ഥാനം എന്നുകരുതുന്ന മതഭ്രാന്തന്മാര് അത്യാവശ്യമായി ചെയ്യേണ്ടതും അതുതന്നെയാണ്.

ഏതെങ്കിലുമൊരു ഹൂറിയുടെ ഒറ്റനോട്ടത്തില് ഫ്ലാറ്റായി നിലംപതിക്കുംമുന്നേ ജാതിസര്ട്ടിഫിക്കറ്റു ചോദിക്കുക. കാഫിര്‍ ഹൂറിയാണെങ്കില് പ്രേമലേഖനത്തിന്റെ പൈലറ്റുവാഹനമായി ഒരു മതലേഖനം ഇടതുകാലെടുത്തുവച്ചങ്ങ് ചെല്ലട്ടെ. ഒന്നുരണ്ടുവരി മതിയാവും - അന്റെ ഖല്ബേ ന്റെ മുടിച്ചുരുളിലെ ആ തുളസീദളവും നെറ്റിയിലെ ചന്ദനക്കുറിയും മോന്തിക്കേത്തെ ആ ഹലാക്കിന്റെ വെളക്കിന് തീവെക്കലും ഞമ്മക്ക് ഹറാമാണ്, ജ്ജ് മതം മാറണം. ഇന്ന ഞമ്മക്ക് കെട്ടണം. ഇദ്ന്നെ ധാരാളം. ഇതിന്റെ ഒരു കോപ്പി അന്ത ഹൂറിയുടെ അച്ഛനും ആങ്ങളമാര്ക്കും കൊടുത്താല് സംഗതി എളുപ്പമാവുകയും ചെയ്യും. കാരണം പിതാവിന്റെ സമ്മതമില്ലാത്ത വിവാഹം ഇസ്ലാമില് സാധുവല്ല.

രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഒരു മതപണ്ഡിതന്റെ മറുപടി നോക്കുക. (http://www.islamicvoice.com/august.98/marriage.htm#NON)

Marriage to a non Muslim

Q). My friend wants to marry a Hindu girl who says that she would convert to Islam after the marriage. Can he do that?

(Name and address witfiheld)

A). If your friend wants his marriage to be valid, his intended wife must adopt Islam before the marriage contract is done. Otherwise the marriage cannot go through. It is not possible for a Muslim to get married to a woman who follows any religion other than Islam, Christianity or Judaism. Since this woman does not follow any of these religions, her marriage to your friend is not valid. If she adopts Islam first, she is no longer a Hindu. She will then be a Muslim and as such, there will be no hindrance to prevent her marriage to your friend.

A marriage that can never be

Q). A friend of mine has been involved with young man who is a Hindu. She has not been able to resist her feelings despite her repeated attempts to do so. I have tried to persuade her to end this relationship, but despite all efforts their relationship is getting stronger. She is a good believer in Islam, and she has told me repeatedly that even if she marries him, she would never change her religion. Please advise.

(Name and address withheld)

A). Has this friend of yours ever asked herself whether the young man in her life really cares for her? How serious is he about their relationship? Does he think of her half as much as she thinks of him? Reading your letter, I feel that the answer to all these questions is in the negative. What is happening in her case is that she is placing herself at his feet and he is looking at her with contempt. Why should he not do so when she is defying her family, society and her faith for his sake?

It may be that your friend has not received an elementary religious education. Nevertheless, she should have known that it is not possible for a Muslim woman to marry any man who is not a Muslim, it is not enough that she says that she would never change her religion even if she gets married to him. Such a marriage can never be. It may be that she can get the marriage legally recognized in a European country or in India, or in a non-Muslim country. But that 'legality' does not make the marriage lawful. It is not open for any authority to change God's law. Nor is it possible for any authority to make lawful what God Himself has forbidden. God simply does not accept that a Muslim woman could marry a non-Muslim regardless of the religion he follows. So, if she wants to get married to him she has to look for some other way to make such a marriage lawful.

പണ്ഡിതന്റെ മതഭ്രാന്തിന്റെ ജ്വലിക്കുന്ന ഉദാഹരണമല്ലേ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. ഒരുവന് ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ ആവുന്നതിനും മുന്നേ ഒരു നല്ല മനിസനാവണം എന്ന ബോധം അരിയപെരിയെ പോയിട്ടില്ല. മരണംവരെ ഇനി മണിക്കൂറില് 100 കി.മീ വേഗത്തിലോടിയാലും ആ ബോധത്തിനടുത്തെത്തുന്ന ലക്ഷണവും ആ വാക്കുകളിലില്ല. ആ ഇടുങ്ങിയ മതബോധത്തിന്റെ മാത്രം ഇടനാഴികളില്‍ ചിന്തയുടെ ഒരു സ്ഫുലിംഗത്തിനുകൂടി സ്ഥാനവുമില്ല. ഇങ്ങിനെയുള്ള ഒരുകൂട്ടം പ്രവചകശിഷ്യരാണ് ഒരു സമൂഹത്തെ നയിക്കുന്നതെങ്കില് ലവ് ജിഹാദ് ഉണ്ടായതിലെന്തല്ഭുതം.

ചോദ്യം രണ്ട്. അവളുടെ മതം അയാള്‍ക്കൊരു പ്രശ്നമല്ല എന്നത് ചോദ്യത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അല്ലെങ്കില്‍ അയാള്‍ തന്നെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നവള്‍ സുഹൃത്തിനോടു പറയുമായിരുന്നു. അയാള്‍ക്കവളെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് അവളുടെ മതത്തിലേയ്ക്ക് അയാള്‍ക്ക് മാറിക്കൂടാ എന്നാണ് പണ്ഡിതന്റെ അഥവാ പാമരന്റെ ചോദ്യം. സമുദായ സ്നേഹികള്‍ ദയവായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്. നയിച്ച് ജീവിക്കാനറിയാത്ത ഈ മതപണ്ഡിതന്മാര്‍ക്ക് സുഭിക്ഷം കഴിയാനുള്ളത് അങ്ങോട്ടെത്തിച്ചുകൊടുത്തേക്കുക. വഷളുപറയാനായി മാത്രം വായതുറക്കരുതെന്ന ഒരുപദേശവും കൂടെ കൊടുക്കുക. ആ ചോദ്യത്തില്‍ നിന്നും എങ്ങിനെയാണ് അയാള്‍ ആ മുസ്ലീംയുവതി അവളെ ഹിന്ദുയുവാവിന്റെ കാല്‍ചുവട്ടില് കാഴ്ചവെച്ചിരിക്കുകയാണെന്നും അയാള്‍ അവളെ അവജ്ഞയോടെയാണ് പരിഗണിക്കുന്നതെന്നും മനസ്സിലാക്കിയത്.

മതവും രാഷട്രീയവും തമ്മിലുള്ള ആ എടപാട് അഥവാ അഗമ്യഗമനത്തില്‍ നിന്നാണല്ലോ ഭീകരതയുടെ ജനനം. മതം തലയ്ക്കുപിടിച്ച മഹാന്മാര്‍ക്കായി ഈ മതനിരപേക്ഷ രാജ്യത്ത് വേണ്ടത്ര തൊഴില്‍മേഖലകളുണ്ട്. അവര്‍ക്ക് മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ടവ. അമ്പലങ്ങളും പള്ളികളും ഇഷ്ടംപോലെയുണ്ടല്ലോ. രാപകല്‍ പൂജ അമ്പലങ്ങളില്‍ നടക്കട്ടെ. പൂജക്ക് ചൂടും പുകയും കൂടിപ്പോയി പടച്ചോന്‍ അകാലമൃത്യവരിച്ച് നിവേദ്യം ബലിച്ചോറായതായി ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പള്ളികളില്‍ അഞ്ചുനേരമെന്നുള്ളത് അമ്പതുനേരമെന്നാക്കിയാലും നന്നായിരിക്കും. കാരണം മതം തലയക്കുപിടിച്ചവന് പുറത്തിറങ്ങുന്നത് നാട്ടിനാപത്താണ്. തടിയന്റവിടമാരാവാന്‍ പറ്റിയില്ലെങ്കില്‍ മെലിയന്റവിടമാരെങ്കിലുമാവാതിരിക്കില്ല.

സ്വന്തം ജീവനുമീതെ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രം പറഞ്ഞതാണ് പ്രണയം. മതത്തിനുമീതെ മനുഷ്യനെ കാണാന് പറ്റാത്ത, വിവരിക്കാന്‍ വാക്കുകളില്ലാത്തതും ഉപമിക്കാന്‍ ജീവികളില്ലാത്തതുമായ കൂട്ടര്‍ക്ക് പറഞ്ഞപണിയല്ല അത്. 'ലവ് ജിഹാദ്' എന്നു കോടതി പരാമര്‍ശിച്ചപ്പോള്‍ ചില്ലറ നാവുകളൊന്നുമല്ല അവിശ്രമം അതിനെതിരെ ശബ്ദിച്ചത്. അങ്ങിനെയൊന്നില്ല എന്നൊരുകൂട്ടര്. അതുതാനല്ലയോ ഇത് എന്ന് അനുഭവത്തിലാശങ്ക എന്നു മറ്റുചിലര്‍.

'ലവ് ജിഹാദ്' എന്നൊരു അജണ്ടയില്ല എന്നു നിത്യന് വിശ്വസിക്കാം. അപ്പോള്‍ പുട്ടപര്ത്തിയിലെ സായിബാബ ശൂന്യതയില്‍ നിന്നുതന്നെയാണ് എച്ച്.എം.ടി വാച്ചുണ്ടാക്കുന്നതെന്നും നിത്യന് വിശ്വസിക്കേണ്ടിവരും. ശൂന്യതയില്‍ നിന്ന് ഒന്നുമുണ്ടാക്കാന്‍ ആവുകയില്ല എന്ന തത്വം സായിബാബയ്ക്ക് മറുപടിയാവുന്നതുപോലെ ശൂന്യതയില് നിന്നും ഒരു ലവ് ജിഹാദ് ഉണ്ടാവുകയില്ലെന്ന് മതഭ്രാന്തന്മാരും അവരുടെ പിരാന്തിന് ദഫുമുട്ടുന്ന മതേതരപ്രതിഭകളും അറിയേണ്ടതാണ്. തീയ്യില്ലാതെ പുകയുകയില്ല.

ബഹുമാനപ്പെട്ട കോടതി അവമാനപ്പെട്ട ആ പദമാണ് നിരോധിക്കേണ്ടതെന്നായിരുന്നു ആദ്യത്തെ സുചിന്തിത നിലപാട്. ഇപ്പോള്‍ കോടതി ആ പരാതി തള്ളി. 4000 സ്ത്രീകളെ പ്രേമിച്ച് മതം മാറ്റിയതായും പറഞ്ഞു. 1600 എണ്ണം മലബാറിലാണെന്നും പറഞ്ഞു. കോടതിയുടെ നിരീക്ഷണം തെളിവില്ലാതെയാണെങ്കില്‍ സുപ്രീംകോടതി എന്നൊരു സംഗതിയുണ്ടല്ലോ? ലവ് ജിഹാദിനെപറ്റി അന്വേഷിക്കാന് കോടതി പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയവരെല്ലാം ഇപ്പോള്‍ സമാധിയടഞ്ഞോ?

പരിശുദ്ധമായ പ്രണയത്തിനും മീതെ മതത്തെ പ്രതിഷ്ഠിക്കുന്നവന് മറ്റുമതങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴം പറഞ്ഞറിയിക്കേണ്ടിവരില്ല. ബൂദ്ധി പണയപ്പെടുത്തി നേടുന്ന അറിവാകുമ്പോള്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.

December 16, 2009

വികസന നാനാര്‍ത്ഥങ്ങള്‍

കാപ്പിരി എന്ന പദത്തിന് നമ്മള്‍ കണ്ടെത്തിയ അര്‍ത്ഥം അപരിഷ്‌കൃതന്‍, സംസ്‌കാരശൂന്യന്‍ എന്നെല്ലാമാണ്. അകാലത്തില്‍ ഇഹലോകവാസം വെടിഞ്ഞ ഒരു സംസ്‌കാരശൂന്യനെ പോസ്റ്റുമോര്‍ട്ടം ചെയ്തുനോക്കുക. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കണികകളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യമായിരിക്കും മരണകാരണം. ഇനി അങ്ങിനെയാണെങ്കില്‍ നമ്മള്‍ ഒരു ഒന്നൊന്നര കാപ്പിരിയാണെന്നു സമ്മതിക്കേണ്ടിവരില്ലേ. കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്നായിരുന്നു കുഞ്ചന്റെ മതം.

ചില്ലുമേടയിലിരിക്കുന്ന ഡോക്ടറുടെ കാരുണ്യത്തിനായി പാവങ്ങള്‍ ധര്‍മ്മാശുപത്രിവരാന്തയിലിഴയുമ്പോള്‍, നിറമുള്ള കുപ്പായമിടുവിച്ച് തങ്ങളുടെ കുട്ടികളെ അയക്കുവാന്‍ പറ്റിയ വിദ്യാലയങ്ങളില്ലാതെ രക്ഷിതാക്കള്‍ ഉഴലുമ്പോള്‍, സ്വന്തമായി സൈക്കിളും കൂടിയില്ലാത്ത ഭൂരിഭാഗം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തെക്കുവടക്കോടുമ്പോള്‍, സൂപ്പര്‍ സോണിക് വിമാനങ്ങളെപ്പോലെ കാറുകള്‍ കുതിച്ചുപായുവാനുള്ള സൂപ്പര്‍ എക്‌സ്പ്രസ് ഹൈവേകളെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുക മന്ദബുദ്ധികളുടെ സാമ്പത്തികശാസ്ത്രമാണ്.

ഭൂരിഭാഗം ജനങ്ങള്‍ക്കും ഇവിടെ കൈയ്യെത്തുംദൂരത്ത് ചികിത്സാസംവിധാനങ്ങളില്ല. കൈയ്യെത്തുന്നിടത്താണെങ്കില്‍ കാശെത്തണമെന്നുമില്ല. വികസിതരാഷ്ട്രങ്ങളില്‍ ഇതിന് പരിഹാരമായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സംവിധാനമാവട്ടെ ഇവിടെ കേട്ടുകേള്‍വി മാത്രവും. തലക്കെട്ടില്ലാത്ത ഒബാമയ്ക്കുമുന്നില്‍ തലപ്പാവണിഞ്ഞ മന്‍മോഹനും ഫ്രോക്കി മിഷേലിന്നഭിമുഖമായി സാരി ഗുര്‍ചരണ്‍ കൗറും ഇരുന്നു ഇന്ത്യായാങ്കി ഭായിഭായി എന്നുപറഞ്ഞ് വെളുക്കെച്ചിരിച്ചാല്‍തന്നെ നമ്മുടെ വികസനത്തിന്റെ സൂചകങ്ങള്‍ കാറ്റുപിടിച്ച പട്ടംപോലെ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാധ്യമമനീഷികളൊന്നാഞ്ഞുവീശിയാല്‍ പിന്നെ പറയേണ്ടതുമില്ല.

പട്ടിണികിടന്നു മരിക്കുന്നതു മാറി പൊതുജനം ചികിത്സയ്ക്കുവകയില്ലാതെ വീരമൃത്യുവരിക്കുന്നതാണ് സാമ്പത്തികരംഗത്തെ ശ്രദ്ധേയമായ ഒരു മാറ്റം. ആരോഗ്യരംഗത്തേയും. അങ്ങിനെ ആരോഗ്യവും വിദ്യാഭ്യാസവും സ്വപ്‌നം മാത്രമായ ഒരു ജനത മഹാമഹാഭൂരിപക്ഷമായി നിലകൊള്ളുമ്പോള്‍ എന്ത് വികസനക്കുതിപ്പാണ് നമ്മള്‍ നടത്തിയത് എന്നു ചോദ്യം സ്വയം ചോദിക്കാന്‍ ആരുടേയും ഒദാര്യത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ട് ഒന്നു ചോദിച്ചുനോക്കുക.

നിത്യേന 5000 കുട്ടികള്‍ ഇന്ത്യയില്‍ മരിച്ചുവീഴൂന്നു എന്നുപറഞ്ഞാല്‍, ഇന്ത്യയില്‍ ശിശുമരണനിരക്ക് ബ്രിട്ടന്റെ 10 ഇരട്ടിയാണ് , എന്തിന്് ശ്രീലങ്കയുടെ നാലിരട്ടിയും. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) വികസനത്തിന്റെ അന്ത്യഘട്ടത്തിലേയ്ക്കുള്ള ചാട്ടത്തിനായി സ്ഥിതിവിവരക്കണക്കിന്റെ ദ്രവിച്ച ശിഖരത്തില്‍ തൂങ്ങിയാടുകയാണ് നമ്മള്‍. ശിശുമരണത്തിന്റെ പോക്കിങ്ങിനെയാണെങ്കില്‍ ചരിത്രത്തില്‍ ചാട്ടം പിഴച്ച കുരങ്ങന്‍മാരായി നമ്മള്‍ നാളെ അറിയപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

നാലഞ്ചുകൊല്ലം മുന്നേതന്നെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ആന്റ് ഇക്കണോമിക് റിസര്‍ച്ച് പഠനം പുറത്തുവിട്ടതുപ്രകാരം ദരിദ്രന്റെ വരുമാനത്തിന്റെ 12% മരുന്നിനായി ചിലവാകുമ്പോള്‍ സമ്പന്നന് ഈ വകയിലുള്ള ചിലവ് 2% മാത്രമാണ് (ബിസിനസ്സ് ലൈന്‍ 11-08-04). ദരിദ്രനും ധനികനും തമ്മിലുള്ള അകലം പ്രകാശവര്‍ഷത്തിലോ മറ്റോ അളക്കേണ്ടിവരുന്ന ബഹുമുഖപുരോഗതിയാണ് കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് നമ്മള്‍ നേടിയത്. ആശുപത്രിവാസത്തിനു വിധിക്കപ്പെടുന്ന സാരാ ഇന്ത്യന്‍ ഭായി ഒര്‍ ബഹനോം സേ 40 ശതമാനവും കടം വാങ്ങി മുടിഞ്ഞ് ഒടുങ്ങുന്നതായി ലോകബേങ്കുപഠനം വെളിപ്പെടുത്തുന്നു. 35ശതമാനം ഇന്ത്യക്കാര്‍ കാലുവഴുതി ദാരിദ്ര്യരേഖയക്ക് താഴെ പതിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണ്.

പടിഞ്ഞാറുനോക്കി ആഗോളവല്ക്കരണത്തിന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരും ഉദാരവല്ക്കരണത്തിന്റെ മാഹാത്മ്യങ്ങള്‍ വാഴ്ത്തുന്നവരും അവിടുത്തെ ആരോഗ്യവിദ്യാഭ്യാസമേഖലകളെ കൂടി ഒന്നു തൊട്ടറിയണം. മുട്ടിപ്പാടിത്തുള്ളി രോഗചികിത്സ നടത്തുന്നതിനുള്ള ചിലവും കൂടി ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കാന്‍ നിയമം കൊണ്ടുവരാന്‍പോവുകയാണ് ബറാക് ഒബാമയുടെ അമേരിക്കയില്‍ (ഗാര്‍ഡിയന്‍ പത്രം)

വൃത്തിയായ ഒരു മുട്ടിപ്പാടി രോഗസൗഖ്യം വരുത്തലിന്റെ ചിലവ് ഏതാണ്ട് വെറും 20ഡോളര്‍ എന്നാണ് കൃസ്ത്യന്‍ സയന്‍സ് ചര്‍ച്ചുകാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. അതായത് ഒരു തൗസന്റ് ഇന്ത്യന്‍ മണീസ് ഉണ്ടെങ്കില്‍ മുട്ടിപ്പാടിച്ചാടി കുഷ്ഠത്തിനെ കെട്ടുകെട്ടിക്കാം എന്നര്‍ത്ഥം.

ഇനി ഇന്ത്യന്‍ സാഹചര്യം നോക്കുക. ശ്വാസംകിട്ടാത്തൊരുത്തന് അടിയന്തിരമായി ഒരു ഓക്‌സിജന്‍ സിലിണ്ടറു സംഘടിപ്പിക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്ന മനുഷ്യസ്‌നേഹിയെക്കാള്‍ യോഗ്യന്‍ വടക്കേപ്പുറത്തെ മാവുമുറിക്കാന്‍ ആളെ ശട്ടംകെട്ടുന്ന പ്രായോഗികജ്ഞാനിയായിരിക്കും.

ഒരു സപ്തംബര്‍ പതിനൊന്നിന് 3000 അമേരിക്കന്‍ കാഫിറുകള്‍ ഭീകരലാദന്റെ കൈകൊണ്ട് സ്വാഹയായപ്പോള്‍, സായിപ്പിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ ലോകക്രമം തന്നെ മാറ്റാന്‍ പുറപ്പെട്ടു അമേരിക്ക. വേറൊരു നവംബറില്‍ ഭീകരതയുടെ രുചി അന്നുവരെ അറിയാത്തവര്‍ക്കായി ഭീകരര്‍ ഒരിക്കിയ ഫ്രീവെടിവെയ്പില്‍ 175 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഭീകരതയ്‌ക്കെതിരായി നമുക്ക് 100 ദിന ആസൂത്രണപരിപാടികള്‍ വേണ്ടിവന്നു.

നിലവിലുള്ള വരുമാനം വച്ചുതന്നെ ശിശുമരണനിരക്കില്‍ 60% തടയാവുന്നതാണെന്ന് സര്‍ക്കാരിനുതന്നെ ബോദ്ധ്യമുണ്ട്. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) അതായത് ഏറ്റവും ചുരുങ്ങിയത് 3000 കുട്ടികളുടെ മരണം ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ഭീകരതയുടെ ഈ മൂത്താപ്പയെ നേരിടാന്‍ എന്തേ നമുക്കൊരു ആസൂത്രണപരിപാടിയില്ലാതെപോവുന്നു.

ഇന്ത്യന്‍തെരുവുകളില്‍ പൊട്ടിയ ലാദന്‍പടക്കങ്ങളെയും അതപഹരിച്ച ജീവനുകളെയും ലാഘവത്തോടെ കണ്ട് ഭീകരതയ്‌ക്കെതിരെ പ്രസ്താവനയുദ്ധം നടത്തിയവര്‍ താജും ഒബ്‌റോയിയും ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് രാജ്യം ആക്രമിക്കപ്പെടുന്നു എന്നു നിലവിളിച്ചത്. അതും ഗര്‍ഭപാത്രം പോലെ സുരക്ഷിതം എന്നു നാലുമുക്കാലുള്ളവര്‍ കരുതിയേടത്ത് ഭീകരര്‍ കുരുതിയൊരുക്കി കാത്തിരുന്നപ്പോള്‍ മാത്രം.

ഇന്ത്യയിലെ മഹാഭൂരിപക്ഷം ചിത്രത്തില്‍ കൂടി കാണാത്തതാണ് താജും ഒബ്‌റോയിയും. വര്‍ഷങ്ങളായി ഇന്ത്യന്‍തെരുവുകളില്‍ മതഭീകരതയ്ക്കിരയായി പട്ടികളെപ്പോലെ മരിച്ച ആയിരങ്ങളെ ആര്‍ക്കും ഇന്നേവരെ ഓര്‍ക്കേണ്ടിവന്നില്ല. അവര്‍ക്കായി ഒരു മെഴുകുതിരിക്കും ഉരുകേണ്ടിയും വന്നില്ല. തൂലികയില്‍ മഷിയുണങ്ങാത്ത മാധ്യമമനീഷികളുടെ ഹൃദയത്തെ തൈരിലെ മന്തെന്നപോലെ താജും ഒബ്‌റോയിയും മഥിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്രയെത്ര ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് കടലാസുകള്‍ നിറയെ, ദൃശ്യമാദ്ധ്യമങ്ങള്‍ മുഴുക്കെ. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അതിന്റെ എത്രയോ ഇരട്ടിയാണ് ഓരോദിനവും ഇവിടെ മരുന്നിനു വകയില്ലാതെ മരിച്ചുവീഴുന്ന പിഞ്ചുകുട്ടികളെന്ന മഹാസത്യം.

അനുയോജ്യമായ ആരോഗ്യ കുടുംബ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ബോധവല്ക്കരണം, ചിലവുകുറഞ്ഞതും എളുപ്പം കൈകാര്യം ചെയ്യാവുന്നതുമായ സാങ്കേതിക ഉപകരണങ്ങള്‍, വിവരസാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളെ ആരോഗ്യമേഖലയുമായി കോര്‍ത്തിണക്കല്‍ എന്നിവയൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. കൊള്ളക്കാരായ ഡോക്ടര്‍മാരെ വിലങ്ങുവെയ്ക്കാനും മരുന്നുമാഫിയകളെ നിലക്കുനിര്‍ത്താനും മാക്‌സിമം റിട്ടെയില്‍ പ്രൈസ് എന്നത് മാറ്റി ഹോള്‍സെയില്‍ പ്രൈസും റീട്ടെയില്‍ പ്രൈസും കൃത്യമായി രേഖപ്പെടുത്താനുമായ വിവേകപൂര്‍ണമായ നടപടികളാണ് അടിയന്തിരമായും വേണ്ടത്.

60ശതമാനം ഒഴിവാക്കാന്‍ പറ്റുന്നതാണ് ശിശുമരണങ്ങള്‍ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. പിന്നെന്തിനു വച്ചു താമസിപ്പിക്കണം. സായിപ്പിന്റെ നാട്ടിലാണെങ്കില്‍ മരണത്തിനുത്തരവാദികളായി മങ്ങാട്ടച്ചന്‍മാര്‍ കൂട്ടില്‍കയറേണ്ട സ്ഥിതിയാവുമായിരുന്നു. കിരണ്‍ കാര്‍ണിക് നവമ്പര്‍ 3ന് ഇക്കണോമിക്‌സ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നതുപോലെ ആരോഗ്യം അവകാശമായി തന്നെ പ്രഖ്യാപിക്കണം, റൈറ്റ് ടു ഹെല്‍ത്ത് ആകട് പാസാക്കേണ്ട സമയം അതിക്രമി്ചിരിക്കുന്നു.

സായിപ്പ് കണ്ടംചെയ്ത കോട്ടും കൈവിട്ട കോണകവും കഴുത്തിലണിഞ്ഞു ഞെളിയുന്നവര്‍ സായിപ്പിന്റെ നല്ലവശം കൂടി കാണണം. യുദ്ധം എന്ന പദത്തിന്റെ അര്‍ത്ഥം ഒന്നുകൂടി വിശാലമാണ്്. ഭീകരതയ്‌ക്കെതിരെ മാത്രമല്ല സായിപ്പിനുയുദ്ധം. ദാരിദ്ര്യത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും പകര്‍ച്ചവ്യാധികള്‍ക്കെതിരെയും യുദ്ധമാണ്. വാര്‍ ഓണ്‍ സാര്‍സ്, വാര്‍ ഓണ്‍ പവര്‍ട്ടി എന്നു സായിപ്പ്. നിലവിലെ കണക്കുകളും വസ്തുതകളും വച്ച് നമ്മള്‍ പരിഷ്‌കൃതരോ അപരിഷ്‌കൃതരോ എന്നാവട്ടെ ആദ്യം തീരുമാനിക്കുന്നത്. പിന്നീടാവാം പെരിയ സാമ്പത്തികശക്തിയോ ചിന്ന സാമ്പത്തികശക്തിയോ എന്നു തീരുമാനിക്കുന്നത്.

ലോഹ്യാശിഷ്യന്റെ സമ്പൂര്‍ണവിപ്ലവം

1940 ജൂണ്‍ 1 നു മഹാത്മജിയുടെ ഹരിജന്‍ പത്രത്തില്‍ 'സത്യഗ്രഹം ഇപ്പോള്‍' എന്നപേരിലെഴുതിയ ലേഖനത്തിന്റെ പേരില്‍ ലോഹ്യയക്ക് ശിക്ഷ വിധിക്കുമ്പോള്‍ ജഡ്ജിയുടെ നിരീക്ഷണം 'He is a top class scholar, civilised gentleman, has liberal ideology and high moral character' എന്നായിരുന്നു. 'I cannot sit quiet as long as Dr. Ram Manohar Lohia is in prison. I do not yet know a person braver and simpler than him. He never propogated violence. Whatever he has done has increased his esteem and his honor.' അറസ്റ്റിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ലോഹ്യയെപറ്റി മിതത്വം വാക്കുകളില്‍ പുലര്‍ത്തിയിരുന്ന ഗാന്ധിജി പറഞ്ഞതാണ് ഇത്.


മാര്‍ക്‌സിനെയും ഗാന്ധിയെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ പറ്റിയ യഥാര്‍ത്ഥ ചിന്തകനായിരുന്നു ലോഹ്യ. വള്‍ഗര്‍ സാലറി എന്ന് ഈയിടെ വന്ന പദാവലിക്കുമുമ്പേ ഓബ്‌സീന്‍ സം എന്ന പ്രയോഗം ലോഹ്യ കൊണ്ടുവന്നത് നെഹറുവിനെതിരെയായിരുന്നു. 3 അണ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിനവരുമാനമാവുമ്പോള്‍ നെഹറുവിനായി രാഷ്ട്രം ഒരു ദിവസം ചിലവിടുന്നത് 25000രൂപയാണെന്ന് തുറന്നടിച്ചുകൊണ്ട് ലോഹ്യ വിപ്ലവം സൃഷ്ടിച്ചു. 50കളിലും 60കളിലും മാര്‍ക്‌സിസം ഒരു ഫാഷനായിരുന്നപ്പോള്‍, ഇന്ത്യയില്‍ ക്ലാസ് വാറില്ല, കാസ്റ്റ് വാറാണെന്ന സത്യസന്ധമായ നിരീക്ഷണം അദ്ദേഹത്തിന്റേതായിരുന്നു. തങ്ങളെ ഒരു രാജ്യത്തിന്റെ പൗരനായി കാണാതെ ഒരു ജാതിയുടെ അംഗമായി കണ്ടതാണ് ഇന്ത്യയുടെ പിറകോട്ടടിക്കുതന്നെ കാരണം എന്നു നിരീക്ഷിച്ചതും ലോഹ്യയായിരുന്നു. ബന്ദൂക്ക് കീ ഗോലിയും അംഗ്രേസി കീ ബോലിയും (with bullet and english language) കൊണ്ട് സായിപ്പ് ഇന്ത്യയെ ഉഴുതുമറിച്ചു എന്നു പ്രഖ്യാപിച്ചതും ഡോ.ലോഹ്യ തന്നെയാണ്. ഉന്നതജാതി, സമ്പത്ത്, പിന്നെ ഇംഗ്ലീഷും - ഇതുമൂന്നില്‍ രണ്ടുള്ളവന്‍ ഭരണചക്രം തിരിക്കുന്നുണ്ടാവും എന്ന മഹത്തായ നിരീക്ഷണത്തിന്, 1967ല്‍ ആറടിമണ്ണില്ലാതെ ഒരണപൈ ബാങ്ക് ബാലന്‍സില്ലാതെ ലോഹ്യ ഇഹലോകവാസം വെടിഞ്ഞിട്ടു നാളിത്രയായിട്ടും മങ്ങലേറ്റിട്ടില്ല.

മുലായം യാദവനടക്കമുള്ള ശിഷ്യഗണങ്ങളെ കണ്ണുതുറന്നുനോക്കിയാല്‍ ലഭ്യമാവുക വജ്രകാഠിന്യമുള്ള ആ നിരീക്ഷണത്തിന്റെ നാനാര്‍ത്ഥങ്ങളായിരിക്കും. പടച്ചോന്‍ ലോഹ്യയോടും നന്ദികാണിച്ചില്ല.

ലോഹ്യയെപറ്റിയും ജെ.പിയെപ്പറ്റിയുമെല്ലാം കേട്ടറിവുള്ളൊരാള്‍ക്ക്, ഒരോ വ്യക്തിയും തന്നെ ഓരോ പ്രസ്ഥാനമായിരുന്ന ആ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണോ സമാജ് വാദി പാര്‍ട്ടിയും സുപ്രീമോ മുലായം യാദവനും എന്നു തോന്നിപ്പോവാം. കാലം എന്ന മഹാമാന്ത്രികന്റെ മാജിക്ക് അങ്ങിനെയാണ്.

സംശയമുണ്ടെങ്കില്‍ നോക്കുക. ഒരു കാവിക്കൊടി ഇടത്തും ഒന്നാംതരം ഒരു ചോന്ന കൊടി (നാളെ മാവേലിനാട്ടിലും വംഗദേശത്തും ഒന്നും ലക്ഷണമൊത്ത ഒരു കൊടി കിട്ടാനില്ലെങ്കില്‍ വല്ല സ്‌റ്റേഷന്‍മാസ്റ്ററോടും ഒരെണ്ണം ചോദിച്ചാല്‍ തരാതിരിക്കില്ല) വലത്തും ഒരേ പോസ്റ്റിന്‍മേല്‍ കെട്ടിവെയ്ക്കുക. അതവിടെ കിടന്ന് ഒരു നാലുമഴയും നാലുവെയിലും കൊള്ളട്ടെ. രണ്ടും പിന്നെ കണ്ടാല്‍ ഏതാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഖജനാവുതന്നെ ഉപഹാരമായി കൊടുത്തേക്കാവുന്നതാണ്. മാറ്റമില്ലാതെ തുടരുക കൊടികെട്ടിയ ആ പിവീസി വടി മാത്രമായിരിക്കും.

ജെ.പി. നാടുനീളെ പ്രസംഗിച്ചത് സമ്പൂര്‍ണവിപ്ലവമായിരുന്നു. അതു വൃത്തിയായി മുലായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വൃത്തി വീട്ടില്‍ നിന്നു തുടങ്ങണമെന്നാണ്. വീട്ടില്‍ നിന്നുതന്നെ തുടങ്ങി. അവരവരുടെ വീടുനന്നാക്കാന്‍ എല്ലാവരും ഞാന്‍ ഞാന്‍ മുന്നില്‍ എന്നുപറഞ്ഞിറങ്ങും. നാടുനന്നാക്കാനാണെങ്കില്‍ ആര്‍ക്കുണ്ടു താത്പര്യം?

പാവപ്പെട്ടവരുടെ ഈ നാട് എങ്ങിനെയെങ്കിലും നന്നാക്കേണ്ടതിന്റെ ആവശ്യകത മക്കളെ പറഞ്ഞു ഒരുമാതിരി ബോദ്ധ്യപ്പെടുത്താന്‍ പെട്ടപാട് മുലായത്തിനേ അറിയൂ. ഒടുവില്‍ മോനാണെന്നൊന്നും നോക്കുകയില്ല തട്ടിക്കളയും എന്നോ മറ്റോ ഒരന്ത്യോഗ്രശാസനം പുറപ്പെടുവിപ്പിച്ചപ്പോഴാണ് ലിറ്റില്‍ യാദവന്‍മാര്‍ അനുസരിച്ചതും മത്സരിച്ചതും ജയിച്ചതും. ഇപ്പോള്‍ അനുസരണയോടെ ആത്മാര്‍ത്ഥതയോടെ നാടുനന്നാക്കിക്കൊണ്ടിരിക്കുന്നതും.

നമുക്ക് പണ്ടേയൊരു തകരാറുണ്ട്. ലവ്ജിഹാദ് പോലെ ഇല്ലാത്ത ഒരു സംഗതിയാണെങ്കിലും ഇടയ്ക്ക് മക്കള്‍ രാഷ്ട്രീയം എന്നു നിലവിളിച്ചുകളയും. ഒരു പ്രഫെസര്‍ക്കു മകനെ പ്രഫെസറാക്കാം. തെറ്റില്ല. ഒരിക്കല്‍ പ്രഫെസറായാല്‍ പ്രഫെസറായിതന്നെ മരിക്കുകയും ചെയ്യാം. തെറ്റില്ല. നടികര്‍ തിലകങ്ങള്‍ക്ക് അവരുടെ മക്കളെ നായകതിലകങ്ങളാക്കാം. തെറ്റില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കളുടെ തൊഴിലില്‍ മക്കളേര്‍പ്പെടരുതെന്നു കരുതുക രണ്ടുകൂട്ടര്‍മാത്രമായിരിക്കും. കള്ളന്മാരും ലൈംഗികതൊഴിലാളികളും. രാഷ്ട്രീയത്തൊഴിലാളികളുടെ അഥവാ മുതലാളികളുടെ മക്കളെന്താ ആ ഗണത്തിലാണോ വരിക? തീര്‍ച്ചയായും അല്ല.

സര്‍വ്വസംഗ പരിത്യാഗിയാണെങ്കിലും ഒരബന്ധം പിണഞ്ഞ് പിതാവായ സാദാ മുനിവരെ,പറ്റുമെങ്കില്‍ മുനികുമാരനെ തന്റെ കണ്ണടയും മുമ്പേ മഹര്‍ഷിയായി കാണണമെന്നാണ് ആഗ്രഹിക്കുക. അതുതന്നെയേ മുലായവും ചെയ്തുള്ളൂ. മക്കളെ നാടിനു സമര്‍പ്പിച്ചു. എന്നിട്ടും നാട്ടിനു വേണ്ടത്ര അഭിവൃദ്ധി കാണാത്തതുകാരണം അവരുടെ കെട്ടിയോളുമാരെയും അടങ്ങിയിരിക്കാന്‍ വിട്ടില്ല. അടുക്കളയില്‍ നിന്നും അരങ്ങേത്തേയ്ക്കു പറഞ്ഞുവിട്ടു.

വെയിലുവരുമ്പോള്‍ വൈക്കോലു വിരിക്കണമെന്ന് ഒരു യാദവനെയും ആരും പഠിപ്പിക്കേണ്ടതില്ല. ഡിംപിള്‍ യാദവിനെ എടുത്തു വെയിലത്തിടുവാന്‍ ഒട്ടും വൈകിയില്ല. പ്രിയപുത്രന്‍ അഖിലേഷ് യാദവ് എം.പി. രണ്ടു ലോക്‌സഭാ സീറ്റിലാണ് മത്സരിച്ചത്. കാശ് അധികം ചിലവാക്കിയതിനല്ല, ചിലവാകുവാന്‍ കാരണഭൂതനായതിന് നെഹറുവിനോട് സഭയില്‍ കലഹിച്ച ലോഹ്യയുടെ ശിഷ്യഗണങ്ങളാവുമ്പോള്‍ അങ്ങിനെയൊക്കെ വേണം.

രണ്ടുസീറ്റിലും ജയിച്ചയപ്പിക്കാന്‍ മാത്രം നമ്മള്‍ ഉദാരമനസ്‌കരായതുകൊണ്ട് പാവം ചിന്നയാദവന് ഒരുമണ്ഡലം ഒഴിയേണ്ടിവന്നു. അക്കൂട്ടര്‍ക്കു വിരോധമൊന്നും തോന്നാതിരിക്കാന്‍ ആ രാമായണവിദ്യ പ്രയോഗിക്കാമെന്നും കരുതി. രാമന്റെ ചെരുപ്പ് വച്ച് ഭരതന്‍ വാണപോലെ കെട്ടിയോന്റെ ചെരുപ്പ് വച്ച് കെട്ടിയോള്‍ വാഴുന്ന ഫിറോദാബാദ് യാദവന്‍മാര്‍ സ്വപ്്‌നം കണ്ടു.

അങ്ങിനെയൊക്കെ ഒരുപാട് പ്രതീക്ഷകളുമായാണ് തലമൂത്ത യാദവപ്രമുഖന്‍ ചിന്നയാദവിയെ അനുഗ്രഹിച്ചുവിട്ടത്. രാമേശ്വരത്തുപോയാലും ശനി കൂടെയുണ്ടാവും എന്നാരോ പറഞ്ഞതുപോലെ പെട്ടു. അമേത്തിയില്‍ നിന്നുള്ള ഒരു ഗുളികന്റെ വരവില്‍. ഒരൊന്നൊന്നര സാധനം.

ആളൊരു ഉഗ്രമൂര്‍ത്തി. രാജാവിനെക്കാളും നല്ലത് രാജര്‍ഷി (കിങ്‌മേക്കര്‍) ആവുകയാണെന്ന തിരിച്ചറിവു നേടിയ മാതാവിന്റെ ലക്ഷണമൊത്ത സന്തതി. രാജാവ് എഴുന്നള്ളുമ്പോള്‍ പുല്‍ക്കൊടി കൂടി നമിക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ രാജര്‍ഷി സഭാപ്രവേശം ചെയ്യുമ്പോള്‍ രാജാവും കൂടി എഴുന്നേറ്റുനിന്ന് വിധിയാംവണ്ണം നമിക്കേണ്ടതാണ്.

വിശേഷിച്ച് ഒരുപണിയുമില്ല. യാതൊരു ഉത്തരവാദിത്വവുമില്ല. എന്നാല്‍ ആദരവും ബഹുമാനവും നാലുപാടുനിന്നും ചറപറാ വന്നുപതിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. രാജാക്കന്‍മാരുടേതുപോലെ വല്ലപ്പോഴുമെങ്കിലും തലതെറിച്ചുപോവാമെന്നൊരു ഭയവും ആവശ്യമില്ല. ആ യുവരാജര്‍ഷിയുടെ വരവില്‍ പെട്ടുപോയി മൂലായത്തിന്റെ പുത്രവധു. ആ സൗന്ദര്യധാമത്തിനോട് നിത്യന് സഹതാപമുണ്ട് സ്‌നേഹവുമുണ്ട്. എന്തുചെയ്യാം ജനത്തിന്റെ കാര്യമാണ്.

നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ? ജനം അങ്ങിനെയായിപ്പോയി.

അത് നീതിയല്ലെന്ന് അന്നേ മൂലായം വിലപിച്ചതാണ്. ആ പിതൃവിലാപം ആരും മുഖവിലയ്‌ക്കെടുത്തില്ല. 100കിലോ ഹെവിവെയ്റ്റ് ഗുസ്തിക്കാരന്‍ 40 കിലോ ലൈറ്റുവെയ്റ്റ് ഗുസ്തിക്കാരിയോട് കൊമ്പുകോര്‍ക്കരുത് എന്ന പാഠം പൂര്‍വ്വാശ്രമത്തിലെ ആ ഗുസ്തിക്കാരനറിയാം. കയറിപ്പറ്റിയ റിങ്ങില്‍ നിന്ന് പുറത്തിറങ്ങാന്‍ പിന്നീട് ഡേറ്റുമില്ല. സ്വാഭാവികമായും വാരിയെടുത്ത് മലര്‍ത്തിയടിച്ചു. 1...2...3..... ക്ലോസ്. ഇനിയൊരങ്കത്തിനുള്ള ശേഷിയ്ക്ക് കായകല്പ ചികിത്സ ഇന്നേ തുടങ്ങാവുന്ന പരുവത്തിലാണ് ഡിംപിളിന്റെ പരിക്ക്.


ഈയൊരു കടുംകൈ ഒരു രാജര്‍ഷിയില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ പറ്റുകയില്ലെങ്കിലും സംഭവിച്ചുപോയി. പണ്ടുകോണ്‍ഗ്രസിനുചെയ്ത ഉപകാരം മാഡം മറന്നപ്പോഴാണല്ലോ മായാവതി പത്തിവിരിച്ചാടിയത്. ഇപ്പോ വീണ്ടും മാഡം മറന്നു മകനെ ഒന്നുപദേശിക്കാന്‍. അങ്കം അബലകളോടോ എന്നുചോദിക്കാന്‍ നാട്ടില്‍ കൊള്ളാവുന്നവരാരും ഇല്ലാതെപോയി. ഉടുതുണി

തോണികടന്നാല്‍ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതുപോലെ സമസ്തം

എന്നു കുഞ്ചന്‍ പാടിയത് കോണ്‍ഗ്രസിനെക്കൊണ്ടായിരിക്കുമോ ആവോ?

ഇന്ത്യന്‍ രാഷ്ട്രീയത്തിനൊരു പ്രത്യേകതയുണ്ട്. അമേരിക്കയിലെപ്പോലെ പേരുകേട്ട പണക്കാരും വ്യവസായികളും നേരെ നാടുഭരിച്ചുനന്നാക്കാന്‍ പുറപ്പെടുകയില്ല. എന്നാല്‍ മല്യയെപ്പോലെ അത്യാവശ്യം ആളുകള്‍ അടുക്കളപ്പുറത്തുകൂടി വലിഞ്ഞുകയറി വിസ്തരിച്ച് ഉമ്മറത്തു കുത്തിയിരിക്കുന്ന അപൂര്‍വ്വം കാഴ്ചകള്‍ വിസ്മരിക്കുന്നുമില്ല.

ബ്രഹ്മരക്ഷസ്സിനെവരെ പിടിച്ചുകെട്ടി മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മന്ത്രവാദികളുള്ള നാടാണെങ്കിലും ഗാന്ധിജിയുടെയും ലോഹ്യയുടെയുമൊന്നും ആത്മാവിനെ പിടിച്ചുതളയ്ക്കാന്‍ പറ്റിയ രാഷ്ട്രീയമന്ത്രവാദികളെ കിട്ടാത്തതുകാരണമുള്ള പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പച്ചപിടിക്കണമെങ്കില്‍ ആദര്‍ശത്തിന്റെ ഊന്നുവടിയും സത്യസന്ധതയുടെ മേലങ്കിയും അഹിംസയുടെ തലപ്പാവുമായി വേണം രംഗപ്രവേശം ചെയ്യാന്‍. ഏതാണ്ടൊരു ജാലവിദ്യക്കാരനെപ്പോലെ എന്നുപറഞ്ഞാലും വലിയ തെറ്റില്ല. ഒന്നു ക്ലച്ചുപിടിച്ചുകഴിഞ്ഞാല്‍ പിന്നെ അഹിംസയുടെ തലപ്പാവൂരി അരയില്‍ കെട്ടാവുന്നതേയുള്ളൂ.

ആദര്‍ശത്തിന്റെ ആനപ്പുറത്തു സഞ്ചരിക്കുന്നതൊക്കെ കൊള്ളാം. എന്നെങ്കിലും താഴെയിറങ്ങാതെ പറ്റില്ലല്ലോ. ഇനി അവിടെതന്നെയിരിക്കാനാണ് തീരുമാനമെങ്കില്‍ അന്ത്യം ആ ആനയുടെ കൈകൊണ്ടായിരിക്കും. ഗാന്ധിജിയുടെയും ലിങ്കന്റേയും ലോഹ്യയുടേയും ചെഗുവേരയുടേയുമൊക്കെ ചരിത്രത്തില്‍ നിന്നും അത്രയൊക്കെ അറിയാന്‍ സര്‍വ്വകലാശാലകളുടെ വരാന്തയില്‍ കുത്തിയിരിക്കേണ്ട കാര്യമൊന്നുമില്ല യാദവര്‍ക്ക്. ദിവ്യദൃഷ്ടിയുള്ള കൃഷ്ണന്റെ കുലമാണ്. ഗാന്ധാരിമാരുടെ കണ്ണുകെട്ടിയ തുണിയാണെ സത്യം.