ഛത്രപതി ശിവജി ടെര്‍മിനലില്‍ തുരുതുരാ വെടിവെപ്പ് നടന്നത് ഒരു പേരിന് കാണിച്ചതല്ലാതെ മീഡിയ പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞില്ല. ഇരുന്നും കിടന്നും ഉരുണ്ടും നിരങ്ങിയും കിലോമീറ്ററുകളകലെ മനസ്സമാധാനമായി കുത്തിയിരുന്നും കൊടുത്തൂ ഡെഡ് ആന്റ് ലൈവ് റിപ്പോര്‍ട്ടുകളായി ഹോട്ടല്‍ ടാജിലെ സംഭവങ്ങള്‍. വീടുവിട്ടാല്‍ മറ്റൊരു വീടെന്നപോലെ ടാജ് വിട്ടാല്‍ മാധ്യമ രാസാക്കന്‍മാര്‍ ഒബ്‌റോയി ട്രൈഡന്റില്‍.
2008ല്‍ മതഭീകരവാദികളുടെ ആക്രമണത്തില്‍ മുംബൈയില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് ആയിരത്തിലധികം പേര്‍ക്കാണ്. അന്നൊന്നും കാണാത്ത ഒരു മീഡിയാ ശുഷ്‌കാന്തിക്ക് ഇപ്പോഴത്തെ കാരണമാണ് നോക്കേണ്ടത്. അതായത് ഇപ്പോള്‍ മാത്രമാണ് 'ഇന്ത്യ' ആക്രമിക്കപ്പെട്ടത്.
അതായത് ഹോട്ടല്‍ താജും ഒബ്‌റോയി ട്രൈഡന്റുമാണ് ഇന്ത്യ. തിരിച്ചിട്ടാല്‍ ഇന്ത്യയുടെ പ്രതീകമാണ് ഹോട്ടല്‍ താജും ഒബ്‌റോയിയും. മറിച്ചിട്ടാല്‍ മറ്റൊന്നും ഇന്ത്യയുടെ പ്രതീകങ്ങളല്ല. നല്ല തങ്കപ്പെട്ട കാഴ്‌ചപ്പാട്. ലോകസുന്ദരിമാരുടെ അടിവസ്‌ത്രത്തിന്റെ നിജസ്ഥിതിയും മീനാക്ഷിമാധവന്‍മാരുടെ റൗക്ക മുറുകിപ്പോയാലുണ്ടാവുന്ന അന്താരാഷ്ട്രപ്രശ്‌നങ്ങളും പഠനവിധേയമാക്കപ്പെടുന്ന പത്രപ്രവര്‍ത്തന പാരമ്പര്യം ഇതിലപ്പുറത്തേക്ക് കടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
നല്ലൊരു ഗ്ലാസ് വെള്ളമിറക്കി ഒന്നു ചിന്തിക്കുക. രണ്ടെണത്തോര്‍ത്ത് ഒന്നായി വാങ്ങി നാണം മറയ്‌ക്കാന്‍ ഗതിയില്ലാത്ത മഹാഭാരതത്തിന്റെ സന്തതികള്‍ക്ക് ജാതിമതഭേദമന്യേ, ഉടുതുണിയുടെ നിറം നോക്കാതെ, കുത്തിക്കെട്ടിയ കീശയിലെ ഓട്ടമുക്കാലുമായി എപ്പോഴും കടന്നുചെല്ലാവുന്ന ആ ഛത്രപതി ശിവജി ടെര്‍മിനലാണോ അതോ കോടികളുടെ വീരഗാഥകള്‍ അയവിറക്കാനുള്ള കൊച്ചമ്മമാരുടെയും കള്ളക്കടത്തുകാരുടേയും കള്ളപ്പണത്തിനുമേല്‍ അടയിരിക്കുന്ന രാഷ്ട്രീയക്കാരുടേയും തൂലികകൊണ്ടവരുടെ പുറംചൊറിഞ്ഞു കൊടുക്കുന്ന ആസ്ഥാന സാംസ്‌കാരികനായകരുടേയും ഇവരുടെയെല്ലാം ചിലവില്‍ തിന്നും കുടിച്ചും മദിയ്‌ക്കുന്ന മാധ്യമഭൃത്യന്‍മാരുടേയും ആവാസ മേഖലയായ ചായയും ചാരായവും വില്‌ക്കുന്ന താജോ ഇന്ത്യയുടെ പ്രതീകം?
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു മതഭീകരപ്പരിഷ ബോംബടങ്ങിയ പ്ലാസ്റ്റിക് കവര്‍ തെരുവില്‍ വച്ചുപോവുമ്പോള്‍, മറന്നുവച്ചുപോവുന്നതാണെന്നുകരുതി അതു തിരിച്ചെത്തിച്ചുകൊടുക്കാന്‍ പിന്നാലെയോടുമ്പോള്‍ പൊട്ടിത്തെറിച്ചുപോയ ആ ബാലനാണ് നിഷ്‌കളങ്ക ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതീകം. അല്ലാതെ, താജിലെ നുരപൊന്തുന്ന ബാത്ത്‌ടബ്ബുകളില്‍ കിടന്ന് പുളയ്‌ക്കാനും പാര്‍ട്ടികള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കാനും മടിക്കുത്തിന് ബലമുള്ള കൊച്ചമ്മമാരുടേതല്ല. ആ ചിതറിത്തെറിച്ച ബാലന്‍ പ്രതീകമായ തെരുവുകളുടേത് തന്നെയാണ് ഇന്ത്യ. പിടിക്കാത്തവരെ കടിക്കാന്‍ കരുത്തുള്ള തെരുവുപട്ടികളായിത്തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉയരേണ്ടത്. ഒരു വിരല്‍ഞൊട്ടലില്‍ സോഫാസെറ്റില്‍ ചാടിക്കയറി വാലിളക്കുന്ന പൊമേറിയന്‍മാരായി അധപതിക്കുകയല്ല വേണ്ടത്.
ഇതിലും ഭീകരമായ ആക്രമണങ്ങള്‍ രാജ്യവും ജനതയും നേരിട്ടപ്പോഴൊന്നും വെളിച്ചം കാണാത്ത നാവുകളാണ് ഇപ്പോള്‍ നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്നത്......ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ
4 comments:
ലോകസുന്ദരിമാരുടെ അടിവസ്‌ത്രത്തിന്റെ നിജസ്ഥിതിയും മീനാക്ഷിമാധവന്‍മാരുടെ റൗക്ക മുറുകിപ്പോയാലുണ്ടാവുന്ന അന്താരാഷ്ട്രപ്രശ്‌നങ്ങളും പഠനവിധേയമാക്കപ്പെടുന്ന പത്രപ്രവര്‍ത്തന പാരമ്പര്യം ഇതിലപ്പുറത്തേക്ക് കടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു.
ജീവന്‍ എല്ലാം വിലപ്പെട്ടതാണ്.
പത്രമാധ്യമങ്ങളുടെ ശരിയായ ധര്‍മം ആണോ ഇപ്പോള്‍ നടക്കുന്നത് എന്ന സംശയം നിലനില്‍ക്കുകയാണ്.
ചില വാര്‍ത്തകള്‍ മൂടി വക്കാനും ചിലത് അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കാനും അവരുടെ ശ്രമം നല്ലതല്ല. താജില്‍ നിന്നുള്ള തല്‍സമയസംപ്രേക്ഷണം തീവ്രവാദികളെ സഹായിച്ചിട്ടുണ്ടത്രേ?
സമാനരെ കുറിച്ചുള്ള വാര്‍ത്തയാവുമ്പോള്‍ സെന്റിമെന്റ്സ് കൂടുമല്ലൊ...
തീവ്രവാദം മാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് പറഞ്ഞ് കേള്‍ക്കാനുള്ള ഒരു വാര്‍ത്ത മാത്രമാണെന്ന് വിചാരിച്ചിരുന്ന ഒരു സമൂഹം.
സമൂഹത്തെ പറ്റി ചര്‍ച്ച ചെയ്യാനും വിലയിരുത്താനും അഭിപ്രായപ്രകടനം നടത്താനും അധികാരമുള്ള (?) ഒരു സമൂഹം.
താനൊരിക്കലും ആക്രമിക്കപ്പെടില്ല എന്ന് ഊറ്റം കൊണ്ടിരുന്ന ഒരു സമൂഹം.
അവരാണ് ഇവിടെ ആക്രമിക്കപ്പെട്ടത്. അതിന്റെ ന്യൂസ്‌വാല്യൂ തെരുവോരത്തെ ബാലവേലക്കാരന് ഉണ്ടാവില്ലല്ലോ. എന്ത് സംപ്രേക്ഷണം ചെയ്യനം, എന്ത് ചെയ്യാന്‍ പാടില്ല എന്നതില്‍ വിദേശമാധ്യമങ്ങള്‍ പാലിച്ച സാമാന്യമര്യാദകള്‍ നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം അവഗണിക്കുന്നതാണ് നാം കണ്ടത്.
നിത്യാ നന്നായിട്ടുണ്ട്.
സസ്നേഹം
ദൃശ്യന്‍
Post a Comment