കണ്ണൂരിലെ സമാധാനത്തിന് കൈയ്യും കാലും വച്ചാല്‍ കിട്ടുന്ന രൂപങ്ങളില്‍ ഒന്ന് സ്ഥലം എം.എല്‍.എ യെപ്പോലെയിരിക്കും. രണ്ടാമത്തേത് സി.പി.എം. ജില്ലാസിക്രട്ടറിയെപ്പോലെയും. എം.എല്‍.എ ഗത്യന്തരമില്ലാതെ ഗുണ്ടകളുടെ ശ്രദ്ധയില്‍ സ്വന്തം ജീവനെ മേയാന്‍ വിടുകയാണെന്നും, അതല്ല മറ്റാരുടേയോ ജീവനെടുക്കാന്‍ ഗുണ്ടകളെ ഇറക്കിയതാണെന്നും രണ്ടഭിപ്രായമാണ് ഇപ്പോഴുള്ളത്.
എല്‍.ടി.ടി.ഇ പ്രഭാകരന് പറ്റിയ പറ്റലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു പറ്റിയത്. രാജീവ് ഗാന്ധി ചിതറിത്തെറിക്കുന്നതിന്റെ വീഡിയോ കാണണം എന്ന പ്രഭാകരന്റെ ഒറ്റ ആഗ്രഹമാണ് സംഗതി അലമ്പാക്കിയത്. ആ കാസെറ്റ് ശിവരശനോട് വീണുപോയില്ലെങ്കില്‍ ലോകചരിത്രത്തിലെ രണ്ടാം കെന്നഡിയാവുമായിരുന്നു രാജീവ്.
സുധാകരന്റെ ഗുണ്ടകള്‍ സി.പി.എമ്മിന്റെ ഏതോ നേതാവിനെ വധിക്കുമ്പോള്‍ പറ്റുമെങ്കില്‍ അതു നേരിട്ടുകണ്ടാസ്വദിക്കാനാണ് പെട്ടെന്നുതന്നെ ചാണ്ടി വിമാനമാര്‍ഗം കണ്ണൂരിലേക്കു കുതിച്ചത്. അല്ലെങ്കില്‍ സാവകാശം പുതുപ്പള്ളിയില്‍ നിന്നും ക്രോസായി നടന്നുവന്നാല്‍ പോരായിരുന്നോ? വേണ്ടാത്തതു ചെയ്തു, സംഗതി അലമ്പായി.
പ്രസക്തമായ പലചോദ്യങ്ങളുണ്ട്്. ഉമ്മന്‍ചാണ്ടിയെന്തിന് കണ്ണൂരില്‍ വന്നു? കോട്ടയത്തെ ചാണ്ടിക്ക് കണ്ണൂരില്‍ വരാനുള്ള വിസ ആരാണ് കൊടുത്തത്? ചാണ്ടിയുടെ വരവ് വെറും വിസിറ്റിങ് വിസയിലായിരുന്നോ അതോ ക്വട്ടേഷന്‍ വിസയിലായിരുന്നോ? എടക്കാടന്‍ എംഎല്‍എ മാത്രമായ സുധാകരന് തൃശൂരിലുള്ള ആളുകളുമായി ബന്ധം പുലര്‍ത്തിയത് ഏത് എംബസി വഴിയാണ്?
എന്തുചെയ്യാം ഇതൊക്കെയാര് ചോദിക്കാന്‍?
വെളിയമാശാനും പരിവാരങ്ങളും മുണ്ടും മടക്കിക്കുത്തി സ്റ്റേഷനില്‍ കയറി നാലു തെറിവിളിച്ചാല്‍ പിടിച്ചവനെ വിട്ട് പടച്ചവനെ വിളിക്കുക, കൂട്ടത്തില്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞയെടുത്ത മന്ത്രിപുംഗവരാരെങ്കിലുമുണ്ടെങ്കില്‍ മറന്നുപോവാതെ സല്യൂട്ടടിക്കുക, ഡി.വൈ.എഫ്.ഐ ക്കാര് സ്റ്റേഷനാക്രമിക്കുമ്പോള്‍ ലന്തത്തോക്കും കൊണ്ട് ലോകരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുക, ഇപ്പോള്‍ ഒടുവില്‍ സുധാകരാദികള്‍ ഇടിച്ചുകയറിയപ്പോള് താമസംവിനാ കോടതിയില്‍ പ്രതികളെയെത്തിച്ച് കോടതിയെക്കൊണ്ട് വിട്ടയയ്ക്കാന് കല്പന പുറപ്പെടുവിപ്പിക്കുക. വിട്ടയയ്ക്കുക. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിച്ചു. ഇതിലപ്പുറം വല്ലതും പോലീസ് ചെയ്യണമെന്നുപറയുന്നതിലര്‍ത്ഥമൊന്നുമില്ല.
പാര്‍ട്ടിയും പോലീസും ചേര്‍ന്നുള്ള ഊക്ക് സുധാകരന്റെ നാക്കുകൊണ്ടാണ് പോയതെന്നൊരു ധാരണ കോണ്‍ഗ്രസുകാര്‍ക്കുണ്ടെങ്കില്‍ നല്ലത്. ഭാവിയില്‍ ചറപറാ അടി പുറത്തുവീഴാന്‍ ആ ധാരണ വല്ലാതെ ഉപകരിക്കുകയും ചെയ്യും. ഇന്നലെ ചക്കവീണ് മുയലുചത്തു എന്നതു നേര്.
പാര്‍ട്ടിയുടേയോ അതോ സിക്രട്ടറിയുടേയോ ജാതകദോഷം കൊണ്ടാവണം വേറൊരു എം.എല്‍.എയുടെ മകന്റെ കൈയ്യില്‍ നിന്നും കാപ്സോ മറ്റോ പൊട്ടിയത്. ആ കൈ ചില്ലറ സഹായമൊന്നുമല്ല സുധാകരന് ചെയ്തത്. സ്വന്തം തടികിട്ടിയതിന് മൂപ്പര് അവനോട് നന്ദിപറയുകയാണ് വേണ്ടത്. സുധാകരനെയും സ്വന്തക്കാരെയും അനുഗ്രഹിച്ച ആ കരത്തിന് നന്ദിപറയാതെ പഴിപറഞ്ഞത് ഏതായാലും നന്ദികേടായിപ്പോയി.
ജില്ലാസിക്രട്ടറി എം.എല്‍.എ യെപ്പോലെയല്ല. ഒരുപടികൂടി മുന്നിലാണ്. സത്യസന്ധതയുടെ കൂടി ആള്‍രൂപം എന്നുപറയേണ്ടിവരും. ഇരുപതുകളിലുള്ള ചെറിയ രണ്ടു കുട്ടികള്‍ വിഷുവിന് പടക്കം പൊട്ടിച്ച് കളിക്കുമ്പോള്‍ ഒരു അപകടം പറ്റുക. അത് പിന്നീട് ബോംബാക്കുക. അങ്ങിനെയൊക്കെ ചിന്തിക്കുന്നതുതന്നെ എന്തുമാത്രം ക്രൂരതയാണ്. സിക്രട്ടറി ഇങ്ങിനെ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന് വിശദീകരിച്ചുതന്നില്ലെങ്കില്‍ ജനങ്ങള്‍ എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെടുമായിരുന്നു. ആ പാവം പയ്യനെ പറ്റി നാട് എന്തായിരുന്നു ധരിക്കുക? ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 3500 അക്രമങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറി, ഇതില്‍ ഭൂരിഭാഗവും ഒരൊറ്റ താലൂക്കില്‍, തലശ്ശേരിയില്‍ അരങ്ങേറി. മൊത്തം നാല്പതോളം പേര് അഞ്ചുകൊല്ലത്തിനിടെ മാത്രം അവിടെ കൊല്ലപ്പെടുകയും ചെയ്തു എന്നു പറയുമ്പോള്‍ സംഗതിയുടെ കിടപ്പ് ബോദ്ധ്യപ്പെടും.
അഞ്ചുകൊല്ലം കൊണ്ട് 3500 കലാപപരിപാടികള്‍ കാഴ്ചവച്ച് സര്‍വ്വകാല റിക്കോര്‍ഡിടുക എന്നത് ചില്ലറക്കാര്യമാണോ? ആ റിക്കോര്‍ഡാവട്ടെ പോള്‍വാള്‍ട്ടുകാരന്‍ സെര്‍ജി ബൂബ്കയുടെ റിക്കോര്‍ഡ് പോലെയാണ്. തിരുത്തണമെങ്കില്‍ അവരവരുതന്നെ വിചാരിക്കണം. സര്‍വ്വമതങ്ങളും കൂടി സംയുക്തമായി ഉത്സാഹിച്ചാലും ഈയൊരു റിക്കോര്‍ഡ് തിരുത്തിക്കളയാമെന്ന് വിചാരിക്കേണ്ട. രാഷ്ട്രീയക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമേ കഴിയൂ. അതാണ് മോഡേണ്‍ മലബാര്‍ കലാപപ്പെരുമ.
വിലാപയാത്രയില്‍ പങ്കെടുത്ത് തിരിച്ചുപോവുന്ന കിഴവിയുടെ ജീവന്, മുറ്റത്ത് കളിക്കുന്ന കുട്ടിയുടെ കാല്, തളര്‍വാതം പിടിച്ച് കിടപ്പിലായ കിഴവന്റെ ജീവന്, ക്ലാസ് മുറിയിലെ അദ്ധ്യാപകന്റെ ജീവന് വിദ്യാര്‍ത്ഥികളുടെ കണ്മുന്നില്, പകരം മൂപ്പരുടെ അയല്‍വാസി വൃദ്ധന്റെ ജീവന്, മകന്റെ ജീവന് മാതാപിതാക്കളുടെ കണ്മുന്നില്, പകരം ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിന്റെ ജീവന്, മക്കളുടെ മുന്നില്‍ അച്ഛന്റെ ശ്വാസം ......... പുത്തന്‍ മലബാര്‍ കലാപപെരുമയുടെ ചിത്രം ഇങ്ങിനെയാണ്.
ആരു വിചാരിച്ചാലാണ് ഇത്ര ഭംഗിയായ ഒരു മലബാര്‍ കലാപം സംഘടിപ്പിക്കാനാവുക? ബിന്‍ ലാദനും തൊഗാഡിയയും സംയുക്ത ഭീകരസംരംഭം തുടങ്ങിയാലും സംഗതി ഇത്ര ഭംഗിയാവുകയില്ല. അഞ്ചുകൊല്ലത്തിനിടയ്ക്ക് 3500 ആക്രമണം ഇസ്രയേല്‍ പലസ്തീനില്‍ നടത്തിയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല. അതാണ് മോഡേണ്‍ മലബാര്‍ കലാപം.
കലാപത്തിന്റെ പ്രസവം നാട്ടിലെവിടെ നടന്നാലും അച്ഛന് എട്ടുകാലി മമ്മൂഞ്ഞായിരിക്കും. അമ്മമാര്‍ പലരായിരിക്കും. കലാപത്തിന് ജന്മം കൊടുക്കാനുള്ള യൗവ്വനവും ആരോഗ്യവും വേണം എന്ന ഒറ്റ കണ്ടീഷനേയുള്ളൂ. എട്ടുകാലിയെ പ്രകോപിപ്പിക്കുന്ന സൗന്ദര്യമുണ്ടായാല്‍ സംഗതി എളുപ്പമായി. വേണ്ടത്ര ശേഷിയില്ലെങ്കില്‍ ഒറ്റ പ്രസവത്തില്‍ തന്നെ തള്ള ചാവും. പാലൂട്ടാനാളില്ലാതെ താമസംവിനാ കലാപവുമൊടുങ്ങിപ്പോവും.
ഇന്നത്തേത് സി.പി.എമ്മും കോണ്‍ഗസുമാണെങ്കില്‍ നാളത്തേത് സി.പി.എമ്മും ആര്.എസ്.എസും മറ്റന്നാള്‍ അത് സി.പി.എമ്മും എന്‍.ഡി.എഫും നാലാം നാള് പറ്റിയ കക്ഷികളാരും ഒത്തുകിട്ടിയില്ലെങ്കില്‍ വെളിച്ചപ്പാടിനെപ്പോലെ എട്ടുകാലി വാള് സ്വന്തം തലയ്ക്ക് തിരിച്ചുപിടിച്ച് വെട്ട് ഗ്രൂപ്പുപോരില്‍ വകയിരുത്തും.
മതത്തിനു ഭീകരതയില്ല, ഭീകരതയ്ക്കു മതവും. മഹാന്മാര് മഹാസത്യങ്ങളാണ് വിളിച്ചുപറയുക. അതിങ്ങിനെ സൂക്തത്തിന്റെ പരുവത്തിലാവുമ്പോള്‍ ഒരൊന്നൊന്നര അര്‍ത്ഥമാവും ചിലപ്പോള്‍ കല്പിക്കേണ്ടിവരിക.
പരലോകത്തെ സ്വര്‍ഗത്തിലേക്കുള്ള റിസര്‍വേഷന്‍ മാത്രമാണ് മതങ്ങളെക്കൊണ്ടുപറ്റുക. ഇഹലോക സ്വര്‍ഗത്തേക്കുള്ള റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുക പാര്‍ട്ടിയാപ്പീസുകളിലാണ്. മതവും രാഷ്ട്രീയവും തുല്യ അളവില്‍ സംയോജിപ്പിക്കാനറിയുന്ന യോഗ്യന്റെ പത്തുതലമുറയെങ്കിലും ഇഹത്തിലെ നരകത്തെപ്പറ്റി ബേജാറാവേണ്ടിവരികയില്ല.
ദൈവം സഹായിച്ച് നാനാജാതിമതസ്ഥരായ മണ്ണിരമുതല്‍ മൂര്‍ഖന്‍വരെയുള്ളവരുടെയെല്ലാം ആവാസമേഖല ഏതെങ്കിലും പാര്‍ട്ടിയുടെ ആപ്പീസായിരിക്കും. അതുകൊണ്ട് മതത്തിലുള്ളതിനേക്കാള്‍ യോഗ്യരായ ഭീകരന്മാര് പാര്‍ട്ടികളിലായിരിക്കും ഉണ്ടാവുക.
ഒരോ മതത്തിലും ഭീകരരായി ആ മതത്തിലുള്ളവരല്ലേ ഉണ്ടാവുകയുള്ളൂ. മതങ്ങള്‍ക്ക് അങ്ങിനെയൊരു പരിമിതിയുണ്ട്. പടച്ചോന്റെ കൃപകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ പരിമിതിയില്ല. ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഭീകരര്‍ സസുഖം വാഴുന്ന മാതൃകാ സ്ഥാനമാണ് പാര്‍ട്ടിയാപ്പീസുകള്‍. ലക്ഷണമൊത്ത ഹൈന്ദവ-ഇസ്ലാം-ക്രൈസ്തവ അറവുസോദരര്‍ ഒരു കുടക്കീഴില് ഓപ്പറേഷന് നടത്തുന്ന മാതൃകാപ്രദേശം എന്ന ബഹുമതി മലബാറിന് കിട്ടിയത് വെറുതേയല്ല.
5 comments:
ഒരോ മതത്തിലും ഭീകരരായി ആ മതത്തിലുള്ളവരല്ലേ ഉണ്ടാവുകയുള്ളൂ. മതങ്ങള്‍ക്ക് അങ്ങിനെയൊരു പരിമിതിയുണ്ട്. പടച്ചോന്റെ കൃപകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ പരിമിതിയില്ല. ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഭീകരര്‍ സസുഖം വാഴുന്ന മാതൃകാ സ്ഥാനമാണ് പാര്‍ട്ടിയാപ്പീസുകള്‍. ലക്ഷണമൊത്ത ഹൈന്ദവ-ഇസ്ലാം-ക്രൈസ്തവ അറവുസോദരര്‍ ഒരു കുടക്കീഴില് ഓപ്പറേഷന് നടത്തുന്ന മാതൃകാപ്രദേശം എന്ന ബഹുമതി മലബാറിന് കിട്ടിയത് വെറുതേയല്ല.
:)
hats Off
അയ്യോ..ഇടത്നിട്ട് ഇങ്ങനെ കുത്തല്ലേ.. അവരല്ലേ ലോകത്തിലെ ഫാസിസ്റ്റ് കള്കേതിറെ യുദ്ധം ചെയ്യുന്നേ?? അവരല്ലേ കുത്തക എന്ത് എന്നും അതൊക്കെ ആരാ എന്നും ഞങ്ങളെ ബോധിപ്പിക്കുന്നെ?? വര്‍ഗീയത, രാഷ്ട്രസ്നേഹം, democracy, സെക്കുലറിസം, ബൂര്‍ഷ്വാ, മനുഷ്യാവകാശം, ഗുണ്ടായിസം തുടങ്ങിയ വാക്കുകളുടെ അര്‍ഥം കണ്ടു പിടിച്ച പ്രസ്ഥാനം അല്ലെ അവര്‍? ഇതില്‍ ഒക്കെ നല്ലതും ചീത്തയും പഠിപ്പിച്ച് ലോകരെ നന്നാകുന്ന പുരോഗമനവാദികള്‍. കൊറേ ബു ജികള് ഇതിന്റെ മൊത്ത കച്ചവടം എടുത്ത് നടത്തുന്നു.. ചീത്ത എന്നതില്‍ ഒരിക്കലും അവര്‍ വരില്ല.. അവര്‍ കള്ളം പറയില്ല.. ഗുണ്ടായിസം കാട്ടില്ല.. അവര്‍ തൊടുന്നവര്‍ ഒക്കെ നല്ലവര്‍ ആയിക്കോളും.. ഫാസിസം എന്നതിന്റെ അടുത്തുകൂടെ പോലും പോയിട്ടില്ല.. വര്‍ഗീയ കാര്‍ഡ് ഇറക്കിയിട്ടേഇല്ല.. പറഞ്ഞാല്‍ തീരാത്ത അത്രേം കണ്ടുപിടുത്തങ്ങള്‍ ആണ്?? ഹോ...അവരെപ്പറ്റി ആണോ ഹേ????
കിടുകിടിലന് നിത്യാ. സൂപ്പര്‍.
Post a Comment