July 20, 2010

കേരളത്തിലെ 'കാബൂളി'വാലകള്‍


നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഫൂള്‍ മനുഷ്യന്‍മാര്‍ നാലെണ്ണത്തെ കിട്ടിയാല്‍ പരമഭാഗ്യമെന്ന അവസ്ഥയിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചതാണ് താലിബാന്റെ  ഏറ്റവും വലിയ നേട്ടം. കൈയ്യുള്ളവനു കാലുണ്ടാവുകയില്ല. കാലുള്ളവനു കണ്ണുണ്ടാവുകയില്ല. എല്ലാമുള്ളവന്റെ തലയെന്നുപോവും എന്നുനോക്കിയാല്‍ മതി.

സംഘപരിവാര്‍-മാര്‍ക്‌സിസ്റ്റ്-ഫാസിസ്റ്റുകളുടെ ഇരകളായിപോയതുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഇപ്പരുവത്തിലായത് എന്നു നമ്മളുടെ ഇരവാദക്കാരന്‍ സ്വത്വവാദികൂടി പറയുകയില്ല. അവിടെ അരങ്ങേറുന്ന സുന്ദരമായ കൈവെട്ട് കാല്‍വെട്ട് തലവെട്ട് സ്തനവേധം ലിംഗച്ഛേദം ഗോത്രവിധിപ്രകാരം കൂട്ടബലാല്‍സംഗം എന്നിത്യാദി സംഗതികളുടെ സീഡിയാണ് പിടിച്ചെടുത്തിട്ടുള്ളതെങ്കില്‍ അത് ഇതുവരെയുള്ള ചോറിങ്ങും കൂറങ്ങും നയത്തിന്റെ വമ്പിച്ച വിജയവുമാണ്.

ഭ്രാന്തനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചങ്ങലയ്ക്കുകൂടി സമനിലതെറ്റിയതാണ് സ്ഥിതി അവതാളത്തിലാക്കിയത്.  വര്‍ഗീയതയുടെ ഈ പ്രേതങ്ങളെ ആവാഹിച്ച് അറബിക്കടലില്‍ അടക്കം ചെയ്യാന്‍ ബാദ്ധ്യസ്ഥരായ വിപ്ലവകാരികള്‍ വരെ ഇവറ്റകളെ ചുമന്നുനടന്ന് ആളായിക്കൊടുത്തു. ഇപ്പോള്‍ മൊത്തത്തില്‍ ഒരു ഭസ്മാസുരന്‍ ഇഫക്ടില്‍ പെട്ടുകിടക്കുന്നു. ഇടത്തുതിരിഞ്ഞാല്‍ വലത്തടി. വലത്തുതിരിഞ്ഞാല്‍ ഇടത്തടി. കിടന്നുപോയാല്‍ ചറപറയടി. 

അക്രമത്തിന്റെ ഹരിശ്രീ എല്ലാവരും കുറിച്ചത് ഒരേ ഫാസിസ്റ്റ് സ്‌കൂളിലാണ്. പ്രവര്‍ത്തനത്തിന്റെ സുന്ദരശൈലിയും ഒന്നുതന്നെയായത് അതുകൊണ്ടാണ്്. വായനിറച്ചും ജനാധിപത്യവും കയ്യിലിരുപ്പ് ഫാസിസവുമാണ് സംഘപരിവാറുകാരുടെയും വിപ്ലവകാരികളുടെയും ലക്ഷണമെങ്കില്‍ ഫ്രീഡം പരേഡുകാരുടെത് ഫാസിസത്തെക്കാളും എന്തുകൊണ്ടും ഒന്നുകൂടി മെച്ചപ്പെട്ട താലിബാനിസമാണ്. 

ജനാധിപത്യത്തില്‍ ഇങ്ങിനെയും ഓരോ ഗുണങ്ങളുണ്ട്. ജനാധിപത്യം വായില്‍ മതി. അവനവന്റെ വണ്ടിയാരും തടയാതിരുന്നാല്‍ മതി. കല്ലെറിയാതിരുന്നാലും.  ഇങ്ങിനെയുള്ള സകലകൃത്യങ്ങളും സ്വന്തംനിലയ്ക്ക് വിഘ്‌നംവിനാ നടത്തിക്കൊണ്ടുപോവാന്‍ മാസപ്പടിയും പെന്‍ഷനും ജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും എടുത്തുകൊടുക്കാന്‍ കൂടിയുള്ള സംവിധാനമാണ് ജനാധിപത്യം.

അതേ ജനാധിപത്യത്തിലെ കോടതിയാണെങ്കില്‍ ഒന്നൊന്നര ബൂര്‍ഷ്വയുമാണ്, വിധിപറയുന്ന കടലാസിന്റെ വിലകൂടി വിധിക്കില്ലെന്നെല്ലാം ഭരണകൂടത്തിന്റെ ശമ്പളവും പെന്‍ഷനുമെല്ലാം വാങ്ങിവച്ചുകൊണ്ടുതന്നെ നമുക്കു പ്രഖ്യാപിക്കാം. ഇതൊക്കെക്കൊണ്ടാണ് ഈ പ്രദേശം ദൈവത്തിന്റെ സ്വന്തം നാടും ആളുകള്‍ ശെയ്ത്താന്റെ സ്വന്തം ജനതയുമായത്.

തലപ്പത്ത് ഹിറ്റ്‌ലറോ സദ്ദാമോ ഒന്നുമല്ലാത്തതുകൊണ്ട് പ്രഖ്യാപിക്കുന്നതിന് ആരെയും തല്ക്കാലം പേടിക്കേണ്ടതില്ല. പറഞ്ഞ കുറ്റത്തിന് കാലാപാനിയിലോ അബൂഗുറൈബ് ജയിലിലോ ഒന്നും എത്തിപ്പോവുകയുമില്ല. ആരും കേള്‍ക്കാതെ വേണ്ടിവന്നാല്‍ നാളെയൊരു മാപ്പു നാലുചുമരുകള്‍ക്കുള്ളില്‍ പറഞ്ഞാല്‍ മതി. നാലാളുകേള്‍ക്കേ പറഞ്ഞതു മുയ്മന്‍ സബൂറായിക്കൊള്ളും.

ബൂര്‍ഷ്വയല്ലാത്തത് നിലവില്‍ ഒന്നുമാത്രമാണ്. ഭരണകൂടം കൊടുക്കുന്ന മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും.  പന്തിയില്‍ ഒരു നാക്കില വിപ്ലവകാരികള്‍ക്കും കൂടി ഇട്ടുകൊടുക്കുകയാണ് ജനാധിപത്യത്തിന്റെ ഒരു രീതി.  വലിയതരക്കേടില്ലാത്ത ആയൊരു ഊണിന്റെ ബലത്തിലാണ് എന്നും വിപ്ലവപ്രവര്‍ത്തനം.

നമ്മള്‍ മതേതരരാണ്. ഒരേസമയം  നക്ഷത്രമതാലയങ്ങളിലെ നിത്യസന്ദര്‍ശകരുമാണ്. നരകദ്രാവകം ചില്ലലമാരകളില്‍ നിന്ന് കുടിയനെ മാടിവിളിക്കുന്ന പോലെ വിവിധബ്രാന്റ് അലവലാതികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലവറയാണ് ഒരോ മതവും. 
'ചേട്ടകള്‍ക്കൊട്ടും വെടിപ്പില്ലവരുടെ
കൂട്ടത്തിലൊന്നില്ല നന്നെന്നു ചൊല്ലുവാന്‍' എന്ന് നമ്പ്യാര്‍ പാടിയപോലെ. എത്ര നാറിയ മതതീവ്രവാദികളാണെങ്കിലും കുഴപ്പമില്ല. സംബന്ധമാവാം വേളിവേണ്ടെന്നേയുള്ളൂ.

വേണ്ടത് കുറ്റമറ്റ നീതിനിര്‍വ്വഹണത്തിനുള്ള അന്തരീക്ഷമാണ്. തികച്ചും സ്വതന്ത്രമായ നീതിനിര്‍വ്വഹണ സംവിധാനമാണ്  ജനാധിപത്യത്തിന്റെ നെടുംതൂണ്‍. പോലീസിലെ ഇടപെടലുകളാണ് മതതീവ്രവാദത്തെ ഇങ്ങിനെ വളര്‍ത്തിയത് എന്നത് പരസ്യമായ ഒരു രഹസ്യമായ സ്ഥിതിക്ക് കാര്യങ്ങള്‍ ഇനിയങ്ങോട്ട് പോലീസിനും കോടതിക്കും വിട്ടുകൊടുക്കുത്തു നമ്മള്‍ തടിതപ്പുകയാണ് എന്തുകൊണ്ടും അഭികാമ്യം.

മദനിയെ പണ്ട് കോയമ്പത്തൂര്‍ ജയിലില്‍ നിന്നും സ്വീകരിച്ചാനയിച്ചു ആശീര്‍വദിച്ചു പാലക്കാടന്‍ ചുരം വഴി കൊണ്ടുവന്നപോലെ ഇനി തിരിച്ചു കാസര്‍ഗോഡുവഴി കര്‍ണാടക ജയിലിലേക്ക് എത്തിച്ചുകൊടുക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുമെങ്കിലും അതത്ര കാര്യമാക്കേണ്ടതില്ല. വീണുകിടക്കുന്നവനെ വീണ്ടും തല്ലരുതെന്നാണ് പ്രമാണം. 

പോലീസുകാര്‍ ചെയ്യേണ്ടത് അവര്‍ ചെയ്യട്ടെ. കോടതികളുടെ പണി അവരുമെടുക്കട്ടെ. നമ്മുടെ പണി നമ്മളും വൃത്തിയായി ചെയ്താല്‍ നാലുനാളുകൊണ്ട് നിലക്കുനിര്‍ത്താവുന്നതേയുള്ളൂ കേരളത്തിലെ കാബൂളിവാലകളെ.

ഒരാള്‍ പറഞ്ഞതുമാത്രമാണ് ശരിയെന്ന് ലോകത്തോട് വിളിച്ചുപറയുവാന്‍ ഒരുകൂട്ടര്‍ക്ക് അവകാശമുണ്ടെങ്കില്‍ അതിന് വരുന്ന മറുപടി കേള്‍ക്കുവാനും അക്കൂട്ടര്‍ക്ക് ബാദ്ധ്യതയുണ്ട്.  ആങ്ങള ഒരു പെണ്ണിനെ പ്രേമിച്ച കുറ്റത്തിന് പെങ്ങളെ കൂട്ടബലാല്‍സംഗത്തിന് ശിക്ഷിച്ച ഭ്രാന്തന്‍മാരും രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ മറ്റൊരു പ്രവാചകന്‍ ശ്രീബുദ്ധന്റെ നിരവധി പ്രതിമകള്‍ ബോംബിട്ട് തകര്‍ത്ത ഭ്രാന്തശിരോമണികളുടേയും കാര്‍മ്മികത്വത്തിലാണ് കേരളത്തിലെ ചെറുപ്പക്കാരുടെ എഴുത്തിനിരുത്തെങ്കില്‍ സംസ്ഥാനത്തിനുമാത്രമല്ല, രാഷ്ട്രത്തിന്റെ തന്നെ ഭാവി ശോഭനമാണ്. 

സെക്യൂലറിസ്റ്റ് നാട്ടില്‍ ഖുറാനെ വ്യാഖ്യാനിച്ച കുറ്റത്തിന് അഞ്ചുനേരം നിസ്‌കരിക്കുന്ന ചേകന്നൂര്‍ മൗലവിയെത്തന്നെ തട്ടി മാതൃകകാട്ടിയ മഹാന്‍മാരുടെ പിന്‍മുറക്കാരായി വളരുന്നവര്‍ ഏതായാലും മോശക്കാരല്ല.

85 ശതമാനം ജനത സെക്യുലറായ നാടായതുകൊണ്ടാണ് സരസ്വതിയുടെ നഗ്നചിത്രം എം.എഫ്. ഹുസൈന്‍ വരച്ചപ്പോള്‍ തടി കേടാവാതിരുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി നമുക്കില്ലാതെപോയി. കുലത്തില്‍ പിറന്ന് കുരങ്ങായിപ്പോയവരുടെ ഒച്ചപ്പാടിനെ തല്ക്കാലം അവഗണിക്കുക. അതേ ആവിഷ്‌കാരസ്വാതന്ത്ര്യ വിധിപ്രകാരം ഹൂസൈന് ഇനി പ്രവാചന്റെ ചിത്രം തന്നെ  മതേതര സുന്ദര ഖത്തറിലിരുന്ന് വരയ്ക്കാവുന്നതേയുള്ളൂ. തലവേണമെന്നില്ലല്ലോ, ബ്രഷുപോരേ ചിത്രം വരയ്ക്കാന്‍.

85 ശതമാനം സെക്യുലറായ ജനം വസിക്കുന്നിടത്താണ് റഷ്ദിയുടെ നോവല്‍ നമ്മള്‍ നിരോധിച്ചത്. തസ്‌ലീമ ലജ്ജിക്കൂവാന്‍ പാടില്ലെന്ന് വിധിച്ചതാവട്ടെ വംഗദേശത്തെ വിപ്ലവകാരികളാണ്. നാലുവോട്ടിനുവേണ്ടി നാം ബലികൊടുത്തത് പരമ്പരാഗതമായി നമുക്ക് പകര്‍ന്നുകിട്ടിയ സെക്യുലാര്‍ വിശ്വാസമാണ്.

വിയോജിക്കുവാനുള്ള സ്വാതന്ത്ര്യത്തില്‍ വടിവാളിനും  നാടന്‍ബോംബിനും ഉരുളന്‍ കല്ലിനും താര്‍വീപ്പക്കും എന്തിന് എസ് കത്തിക്കുകൂടിയുള്ള സ്ഥാനം നമ്മള്‍ ഏതായാലും വോള്‍ട്ടയര്‍ക്കു കൊടുത്തിട്ടില്ല. നമുക്കു വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം വേറൊരുവന്റെ അവകാശത്തിന്‍മേലുള്ള ആദ്യത്തെയും അവസാനത്തെയും ആണിയാകുമ്പോഴാണ് സ്വാതന്ത്യത്തിന്റെ അര്‍ത്ഥമറിയാന്‍ സ്വര്‍ണപ്രശ്‌നം വേണ്ടിവരിക.

'ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കുവാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുവാനായി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്'. വോള്‍ട്ടയറിന്റെ ഈ വാക്കുകളിലാണ് ജനാധിപത്യത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത്. സ്വാതന്ത്ര്യബോധത്തിന്റെ സുന്ദരസൗധത്തിന്റെ അടിത്തറയും ഈ വാക്കുകളിലാണ്.

പത്തു ഫ്രീഡം പരേഡുനടത്തിയാലും ഈയൊരു ബോധം ഉണ്ടാവുകയില്ല. നടത്തിയിട്ടു കാര്യവുമില്ല. തലയിലുള്ളതാണല്ലോ കാലങ്ങളായി വടിവാള്‍തുമ്പിലൂടെ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നത്. വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രിയോതിയിട്ടുകാര്യമില്ല. പിടിച്ചു കെട്ടുകയാണ് വേണ്ടത്. പിടിച്ചുഞാനവനെന്നെക്കെട്ടി എന്നുപറയിക്കാനും ഇടയാവരുത്. 

5 comments:

NITHYAN said...

വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രിയോതിയിട്ടുകാര്യമില്ല. പിടിച്ചു കെട്ടുകയാണ് വേണ്ടത്. പിടിച്ചുഞാനവനെന്നെക്കെട്ടി എന്നുപറയിക്കാനും ഇടയാവരുത്.

കുഞ്ഞുമോന്‍ said...
This comment has been removed by the author.
കുഞ്ഞുമോന്‍ said...

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

chithrakaran:ചിത്രകാരന്‍ said...

ജനശക്തിയില്‍ നല്ലൊരു പോസ്റ്റ്:
കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും

വിപിന്‍ said...

സമൂഹത്തില്‍ പെരുകുന്ന അരാഷ്ട്രീയ വാദമാണ് ഇത്തരം മത തീവ്രവാദങ്ങള്‍ക്ക് വളം വയ്ക്കുന്നത്.
പണ്ടൊക്കെ ഡിഫിയിലോ യൂത്ത് കോണ്‍ഗ്രസ്സിലോ ഒക്കെ അംഗങ്ങളായിരുന്നു നാട്ടുമ്പുറത്തെ പയ്യന്‍സ്.
വൈകുന്നേരങ്ങളില്‍ ഒത്തുചേര്‍ന്ന് രാഷ്ട്രീയമോ സ്ഥലത്തെ പ്രധാന സ്ത്രീരത്നങ്ങളുടെ സൌന്ദര്യമോ ഒക്കെ ചര്‍ച്ചചെയ്യുന്ന കൂട്ടങ്ങള്‍ എല്ലാ കവലകളിലും കാണാമായിരുന്നു. അവിടെ ജാതിക്കോ മതത്തിനോ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല.
പിന്നീട്, (രാഷ്ട്രീയത്തിലും നേതാക്കളിലും യാതൊരു പ്രത്യാശയും കാണാനാകാതെയാവാം) യുവാക്കള്‍ ജാതി മത സംഘടനകളില്‍ സജീവമാ‍കാനും ജാതിമത വിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യാനും തുടങ്ങി.
അവിടെത്തുടങ്ങുന്നു മാവേലി നാടിന്റെ അപചയം...