November 10, 2006

സദ്ദാമിനെ കണ്ട കുരുടന്മാര്‍

സദ്ദാം ഹുസൈനെ ഉദാരമായി തൂക്കിക്കൊല്ലുവാന്‍ വിധിച്ചിരിക്കുകയാണ് ഇറാഖില്‍. നാടെങ്ങും പ്രതിഷേധ പ്രകടനങ്ങളും ഇറാഖില്‍ പുട്ടിനു പീരപോലെ ആഹ്ലാദപ്രകടനങ്ങളും അരങ്ങുതകര്‍ക്കുന്നു.

അമേരിക്കക്കു വിധി തികച്ചും സ്വാഗതാര്‍ഹം. അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ലോകത്തെ തിന്മയുടെ മൊത്തക്കച്ചവടക്കാരനാണ് അസ്തുവാകുന്നത്‌. പണ്ട്‌ കരുണാമയനായ പിതാവ് ബുഷ്‌ വരം കൊടുത്തുപോയ ഭസ്മാസുരന്‍.
നന്മതിന്മകളില്ലാത്ത് ലോകത്തേക്ക്‌ സദ്ദാം യാത്രയാകുന്നതോടെ അമേരിക്കയ്‌ക്ക്‌ തിന്മയുടെ മൊത്തക്കച്ചവടക്കാരന്റെ ഭീഷണി ഒഴിവായിക്കിട്ടി. തിന്മയുടെ നിര്‍മാതാവെന്ന നിലയില്‍‌ ബുഷിന്റെ ജീവിതം പിന്നെയും ബാക്കി. ലോകസേവാര്‍‌ത്‌ഥം തിന്മയ്ക്കെതിരായ് യുദ്ധം നയിക്കുവാന്‍‌.

ഉടുതുണിയില്ലാത്ത സുഡാനിലെ പിള്ളാരെ മെഷീന്‍‌ ഗണ്ണുകൊണ്ട്‌ നാണം മറക്കാന്‍‌ പഠിപ്പിച്ചത് സദ്ദാമാണോ?സായിപ്പിന്റെ നാടുകളില്‍‌ തന്നെ ഈയടുത്തുനടന്ന ഒരു ആഭിപ്രായ വോട്ടെടുപ്പില്‍‌ ഭൂരിഭാഗവും പറഞ്ഞത് ലോകസമാ‍ധാനത്തിനു സദ്ദാമിനെക്കാളും ഭീഷണി ബുഷാണെന്നാണ്.

സദ്ദാമിന് മരണമാല്യം ചാര്‍ത്തിക്കൊടുക്കുവാന്‍‌ തീ‍രുമാനിച്ച വിധിയെ നമ്മുടെ മൊത്തം നേതാക്കള്‍‌ നോക്കിക്കണ്ടു. കുരുടന്‍‍‌മാര്‍‌ പണ്ട്‌ ആനയെ കണ്ടതിലും ഒന്നുകൂടി മെച്ചപ്പെട്ട പ്രതികരണങ്ങളാണ് പിന്നെ വന്നത്‌.ഇന്ത്യ ഇടപെട്ട്‌ മരണമാല്യം തല്ക്കാലം ഒഴിവാക്കി കൂടിയാല്‍‌ ഒരു വരണമാല്യം എന്ന ജീവപര്യന്തം സംഘടിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്‌.

വിധിപറഞ്ഞ ജഡ്ജി പെന്നിന്റെ മുന കുത്തിയൊടിക്കുന്നതിനും മുമ്പേ കാരാട്ട്‌ പ്രതിഷേധിച്ചു. ഒരു ഭാഗത്തു അമേരിക്കയാവുമ്പോള്‍‌ പ്രത്യേകിച്ച്‌ പി.ബി കൂടേണ്ട കാര്യമൊന്നുമില്ല. റഷ്യന്‍‌‌ വിപ്ലവം നടന്ന അന്നുണ്ടാക്കിവച്ച അച്ചെടുത്തു നിരത്തിയാല്‍‌ മതി.

വിദേശത്തു നടക്കുന്ന സംഗതികളെ ഒരു രാജ്യം വിലയിരുത്തുന്നതിനു ചില മാനദണ്ഡങ്ങളുണ്ട്‌. സാദാ പ്രതികരണം പോലെയല്ല. ഹൃദയത്തിന് കാര്യമായ റോളില്ല. പ്രതികരിക്കുമ്പോഴും വക്താവിന്റെ ഹൃദയം പ്രവര്‍‌ത്തിക്കണമെന്നുമാത്രം. പ്രതികരിക്കേണ്ടത്‌ തലച്ചോറുകൊണ്ടാണ്.

അതുകൊണ്ടുതന്നെ വിദേശകാര്യവകുപ്പ്‌ ഒരു കുടം ഗംഗാജലവുമായി പുറപ്പെടുമ്പൊഴേക്ക്‌ സ്വാഭാവികമായും തീയ്യ്‌ പണിമുഴുമിപ്പിച്ച്‌ പെന്‍‌ഷന്‌ അപേക്ഷ കൊടുത്തുകാണും.

പ്രകാശ്‌കാരാട്ട്‌ അസ്സല്‍‌ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട്‌ ഒന്നു മാറി ചിന്തിച്ചു. അതായത് അധികാരം പോയതോടുകൂടി സദ്ദാം എന്തായി? വെറും പ്രജ അഥവാ ദരിദ്രവാസി കോമ്രേഡ്‌. അപ്പോള്‍‌ കൊല്ലേണ്ടത്‌ ഇങ്ങിനെയാണോ? ഇപ്പോഴുള്ളതു പിരിച്ചുവിട്ട്‌ അവിടേയും കേരളത്തിലേതുപോലൊരു ജനകീയ പോലീസ് സേന രുപീകരിക്കുക. തികച്ചും ജനകീയമായതുകൊണ്ട്‌ അവരുടെ തലമുട്ടുകണ്ടാല്‍‌ തന്നെ സദ്ദാം ഓട്ടം തുടങ്ങും. മതഭ്രാന്തനെക്കണ്ട പേപ്പട്ടിയെപ്പോലെ. വല്ല എണ്ണക്കിണറിലോ യൂഫ്രട്ടീസിലോ ഓട്ടം താമസിയാതെ അവസാനിക്കുകയും ചെയ്യും. പിന്നെ സദ്ദാമിന്റെ അസ്വാഭാവിക മരണത്തിന് കണ്ടാലറിയാത്ത കുറേ പോലീസുകാരുടെ പേരിലും കണ്ടാലറിയാവുന്ന 10 ബൂര്‍‌ഷ്വകളുടെ പേരിലും കാലാകാലത്തേക്കു വ്യവഹാരവും. ഇതാണ് ശരിയായ രീതി. ശരിയത്തിനേക്കാളും ഒന്നുകൂടി മെച്ചപ്പെട്ട ശിക്ഷാ നടപടി.

സദ്ദാമിന്റെ പ്രതിമ നിലം‌പൊത്തിയപ്പോള്‍‌ ഇറാഖില്‍‌ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അഭിവാദ്യം അര്‍‌പ്പിച്ചതാകട്ടെ യാങ്കികള്‍‌ക്കും. അവര്‍‌ക്ക്‌ 25 വര്‍‌ഷത്തിനിടെ തല വെളിച്ചം കാട്ടുവാന്‍‌ പറ്റിയത്‌ അന്നായിരുന്നു. മുഖപത്രം പുറത്തിറക്കുവാനും. സദ്ദാമിന്റെപേരിലെ ആദ്യത്തെ കേസുതന്നെ ഒരു കമ്മ്യൂണിസ്റ്റുനേതാവിനെ കൊന്നതിനാണ്.

ഇനി ഈ വാര്‍‌ത്ത ഏതെങ്കിലും മാധ്യമസിന്ധിക്കേറ്റുകളുടെ സംഭാവനയായിക്കൂടെന്നുമില്ല. ഏതായാലും തല്ക്കാലം ഈ വിവരം അവരറിയാത്തതാണ് നല്ലത്‌. അതുകൊണ്ടാണ്‍ പറഞ്ഞത്‌ ചാവുന്നത്‌ അപ്പനാണെങ്കില്‍‌ ആദ്യം പരതേണ്ടത്‌ പെട്ടിയാണ്. കരച്ചില്‍‌ അതിനനുസരിച്ച രാഗത്തില് പിന്നീട്‌ ചിട്ടപ്പെടുത്താവുന്നതേയുള്ളൂ. പ്രസ്ഥാനം തികച്ചും മതേതരമാവുമ്പോള്‍‌ ഇങ്ങിനെ ചില്ലറ പ്രശ്നങ്ങളുണ്ട്‌. പഞ്ചായത്തുതലം തൊട്ട്‌ ദേശീയതലം വരെയുള്ള മതഭ്രാന്തന്‍‌മാരുടെ സെന്‍‌സസ്‌ എടുത്ത ശേഷമായിരിക്കും സുചിന്തിതമായ പാര്‍‌ട്ടി വെളിപാടുകള്‍ പുറത്തുവരിക.

വിചാരണാവേളയില് ഒരാള്‍‌ മൊഴികൊടുത്തത്‌ തടവറയിലെ ഇലക്ട്രിക്‌ ഗ്രൈന്‍ഡറില്‍‌ കുറെ ചോരയും തലമുടിയും കണ്ടു എന്നാണ്. ഒരു വനിതയുടെ മൊഴിയാവട്ടെ അവരെ നഗ്നയാക്കി എന്തൊക്കെ ചെയ്യാന്‍‌ പറ്റുമോ അതൊക്കെ ചെയ്തതുകൂടാതെ ഷോക്കുമടിപ്പിച്ചുകൊടുത്തു എന്നും. ഇലക്ട്രിസിറ്റി ബില്ലു കൊടുക്കാഞ്ഞത്‌ പരമഭാഗ്യം.
സദ്ദാമിന്റെ കഥ കഴിക്കണമെന്ന കാര്യത്തില്‍‌ സായിപ്പിനെക്കാളും നിര്‍‌ബന്ധം അറബികള്‍‌ക്കുതന്നെയാണ്. എങ്ങിനെ കൊല്ലണമെന്ന കാര്യത്തിലേയുള്ളൂ അഭിപ്രായവ്യത്യാസം. തൂക്കു ദണ്ഡനൈയെക്കാളും ഒരുപിടികൂടി മെച്ചപ്പെട്ട സമ്പ്രദായമാണ് അറബ്‌ലോകത്ത്‌. ഒന്നുകില്‍‌ കല്ലെറിഞ്ഞു കൊല്ലുക്. അല്ലെങ്കില്‍‌ സമ്പൂര്‍‌ണ ബഹുമതികളോടെ ഖുറാന്‍‌ പാരായണസഹിതം തലയറുക്കുക.

സദ്ദാമിന്റെ കൈകൊണ്ട്‌ കഥ കഴിഞ്ഞ മുഴുവനാളുകള്‍‌ക്കും നാട്ടാചാരപ്രകാരം വിട്ടുകൊടുക്കുകയാണെങ്കില്‍‌ അറേബ്യയില്‍‌ കല്ല്‌ പുറത്തുനിന്നും ഇറക്കേണ്ടിവരും. പണ്ട് സദ്ദാം ചെയ്യിച്ചപോലെ ഗ്രൈന്‍ഡറിലിട്ട്‌ അരക്കുവാനും ഇനി സാധിക്കുകയില്ല. വൈദ്യുതപ്രവാഹം ഇനി സമീപഭാവിയിലൊന്നും സാധ്യതയില്ല.

അമേരിക്കയിലൊട്ടു കൊണ്ടുപോയി വിചാരണ ചെയ്താല്‍‌ ഇതുവല്ലതും നടക്ക്വോ? അതുകൊണ്ടു മാനം‌മര്യാദയായി ഇറാഖിനുതന്നെ വിട്ടുകൊടുത്തു.

ഇറാഖ്‌ സ്വന്തം കാലില്‍‌ നില്‍ക്കാന്‍‌ മാത്രമല്ല നൃത്തം ചവുട്ടാന്‍‌കൂടി പഠിച്ചതിന്റെ തെളിവാണ് പ്രസിഡണ്ടിനെ തൂക്കിക്കൊല്ലാനുള്ള് വിധി. ഇനി ഞമ്മളുടെ സഹായം വേണ്ടെന്നതിന് വേറെന്ത്‌ തെളിവാണ് വേണ്ടത്‌? എണ്ണ വിറ്റു പണം കുന്നുകൂടി. ബുദ്ധി മാത്രം ദാരിദ്ര്യരേഖയ്ക്ക് താഴെ.

നിത്യന്‍