December 17, 2008

ഗാന്ധി ഔട്ട്‌ പാര്‍വ്വതി ഇന്‍

parvathi1.jpgപുല്‍നാമ്പിലെ മഞ്ഞുതുള്ളിയുടെ ആയുസ്സാണ്‌ സൗന്ദര്യത്തിന്‌. അതായത്‌ സൂര്യന്റെ ചുടുചുംബനം ഏറ്റുവാങ്ങുന്നതുവരെ. ജന്തുശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവും പറയുന്നതും ഏതാണ്ടിങ്ങനെ തന്നെയാണ്‌. ആണുങ്ങളുടെ കണ്ണില്‍പെടുന്നതുവരെയാണ്‌ പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ്‌. നിലവിലുള്ള സുന്ദരിയുടെ കഥ കഴിയുന്നതുകൊണ്ടാണല്ലോ അടുത്ത സുന്ദരിയെ നമുക്ക്‌ കിരീടം ചൂടിക്കേണ്ടിവരുന്നത്‌. ചുട്ടുപഴുത്ത ഇരുമ്പിന്‍മേല്‍ വീഴുന്ന ജലകണികയുടെ ആയുസ്സിനോടാണ്‌ മനുഷ്യജന്മത്തെ വ്യാസന്‍ ഉപമിച്ചത്‌. അപ്പോള്‍ ആ കലണ്ടര്‍ വച്ചാല്‍ ചുരുങ്ങിയത്‌ അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും അന്നന്നേരത്തെ സുന്ദരിമാരെ തിരഞ്ഞെടുക്കാനുള്ള ഏര്‍പ്പാടാണ്‌ വേണ്ടത്‌.

അങ്ങിനെയുള്ള വല്യവല്യ സംഗതികളുടെ അടിസ്ഥാനത്തിലാണ്‌ ലോകസൗന്ദര്യ മത്സരം അരങ്ങേറുക. പണ്ട്‌ ഇതിന്‌ സമാനമായ ഒരു സംഗതി മലബാറില്‍ നടന്നിരുന്നത്‌ ഓര്‍ക്കാട്ടേരിയിലെ കാളച്ചന്തയായിരുന്നു. കാളസൗന്ദര്യശാസ്‌ത്രവിശാരദന്‍മാര്‍ അവിടെ കേന്ദ്രീകരിച്ച്‌ ലക്ഷണമൊത്ത കുട്ടന്‍മാര്‍ക്ക്‌ മാര്‍ക്കിടുകയാണ്‌ പതിവ്‌. പിന്നെ ഗജരാജന്‍മാരുടെ തലയെടുപ്പ്‌ മത്സരം. വേറൊന്ന്‌ ശ്വാനന്‍മാരുടെ ആഭിമുഖ്യത്തില്‍. ശ്വാനസുന്ദരന്‍മാര്‍ റാമ്പില്‍ തുടലിന്റെ അറ്റത്ത്‌ കൊച്ചമ്മമാരെയും കൊച്ചച്ചന്‍മാരെയും കൂട്ടി മാര്‍ച്ചുചെയ്യുന്ന നയനാനന്ദകരമായ കാഴ്‌ച.

എല്ലാ പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു പെണ്ണുണ്ടായിരിക്കും എന്നത്‌ തിരിച്ചെഴുതാന്‍ നിത്യനെ പഠിപ്പിച്ചതും ഒരു സുന്ദരിയായിരുന്നു. ലക്ഷ്‌മി പണ്ഡിറ്റ്‌. മിസ്‌ ഇന്ത്യയായി അവരോധിക്കപ്പെട്ടപ്പോഴാണ്‌ പണ്ഡിറ്റ്‌ മിസ്സല്ല മിസ്സിസ്‌ ആണെന്നു ജൂറിക്ക്‌ ബോദ്ധ്യപ്പെട്ടത്‌. താമസിയാതെ മിസ്‌ഡ്‌ ഇന്ത്യയാക്കി പ്രഖ്യാപിക്കുകയാണല്ലോ ഉണ്ടായത്‌.

ഓര്‍ക്കുക. താളിയോലകളും പറയുന്നത്‌ അതുതന്നെയാണ്‌.
യാചിതാന്തം ച ഗൗരവം
പ്രസവാന്തം ച യൗവനം

പണ്ട്‌ നിര്യാതപുറം ഒരു വേളി കഴിച്ചുപോയി, അത്‌ നമ്മള്‍ പിന്നീട്‌ ഡിലീറ്റ്‌ ചെയ്‌തിട്ടുണ്ട്‌ എന്ന സത്യവാങ്‌മൂലമൊന്നും വിലപ്പോയില്ല. ആ പാവം സുന്ദരിയുടെ തലയില്‍ ഇടിത്തീയായി മിസ്‌ഡ്‌ ഇന്ത്യാ പട്ടം വന്നുവീഴുകയാണ്‌ ചെയ്‌തത്‌. ആ ഷോക്കില്‍ നിന്നും കരകയറാന്‍ നിത്യനുതന്നെ നാലുദിവസം വേണ്ടിവന്നെങ്കില്‍ സുന്ദരിയുടെ അവസ്ഥയെന്തായിരിക്കും. ലോകം മുഴുവനുമുള്ള ശതകോടി സൗന്ദര്യാരാധകരുടെ അവസ്ഥയെന്തായിരിക്കും?

ആണുങ്ങള്‍ക്ക്‌ പൊതുവേ ബുദ്ധിക്കുറവുള്ളതുകൊണ്ട്‌ സൗന്ദര്യമത്സരത്തില്‍ അത്‌ പരിശോധിക്കുവാന്‍ ആരും മുതിരാറില്ല. തയ്യാറാവാന്‍ ധൈര്യപ്പെടാറില്ല എന്നും പറയാം. മിസ്റ്റര്‍ വേള്‍ഡോ യൂണിവേഴ്‌സോ ഒക്കെയാവാന്‍ സിക്‌സ്‌ പായ്‌ക്ക്‌ വയറും സിങ്കിള്‍ പായ്‌ക്ക്‌ ബ്രെയിനും തന്നെ ധാരളം.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

December 08, 2008

പോസ്‌റ്റ്‌ മുംബൈ ചിന്തകള്‍

ഛത്രപതി ശിവജി ടെര്‍മിനലില്‍ തുരുതുരാ വെടിവെപ്പ്‌ നടന്നത്‌ ഒരു പേരിന്‌ കാണിച്ചതല്ലാതെ മീഡിയ പിന്നെ ആ ഭാഗത്തോട്ട്‌ തിരിഞ്ഞില്ല. ഇരുന്നും കിടന്നും ഉരുണ്ടും നിരങ്ങിയും കിലോമീറ്ററുകളകലെ മനസ്സമാധാനമായി കുത്തിയിരുന്നും കൊടുത്തൂ ഡെഡ്‌ ആന്റ്‌ ലൈവ്‌ റിപ്പോര്‍ട്ടുകളായി ഹോട്ടല്‍ ടാജിലെ സംഭവങ്ങള്‍. വീടുവിട്ടാല്‍ മറ്റൊരു വീടെന്നപോലെ ടാജ്‌ വിട്ടാല്‍ മാധ്യമ രാസാക്കന്‍മാര്‍ ഒബ്‌റോയി ട്രൈഡന്റില്‍.

2008ല്‍ മതഭീകരവാദികളുടെ ആക്രമണത്തില്‍ മുംബൈയില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്‌ ആയിരത്തിലധികം പേര്‍ക്കാണ്‌. അന്നൊന്നും കാണാത്ത ഒരു മീഡിയാ ശുഷ്‌കാന്തിക്ക്‌ ഇപ്പോഴത്തെ കാരണമാണ്‌ നോക്കേണ്ടത്‌. അതായത്‌ ഇപ്പോള്‍ മാത്രമാണ്‌ 'ഇന്ത്യ' ആക്രമിക്കപ്പെട്ടത്‌.

അതായത്‌ ഹോട്ടല്‍ താജും ഒബ്‌റോയി ട്രൈഡന്റുമാണ്‌ ഇന്ത്യ. തിരിച്ചിട്ടാല്‍ ഇന്ത്യയുടെ പ്രതീകമാണ്‌ ഹോട്ടല്‍ താജും ഒബ്‌റോയിയും. മറിച്ചിട്ടാല്‍ മറ്റൊന്നും ഇന്ത്യയുടെ പ്രതീകങ്ങളല്ല. നല്ല തങ്കപ്പെട്ട കാഴ്‌ചപ്പാട്‌. ലോകസുന്ദരിമാരുടെ അടിവസ്‌ത്രത്തിന്റെ നിജസ്ഥിതിയും മീനാക്ഷിമാധവന്‍മാരുടെ റൗക്ക മുറുകിപ്പോയാലുണ്ടാവുന്ന അന്താരാഷ്ട്രപ്രശ്‌നങ്ങളും പഠനവിധേയമാക്കപ്പെടുന്ന പത്രപ്രവര്‍ത്തന പാരമ്പര്യം ഇതിലപ്പുറത്തേക്ക്‌ കടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നല്ലൊരു ഗ്ലാസ്‌ വെള്ളമിറക്കി ഒന്നു ചിന്തിക്കുക. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങി നാണം മറയ്‌ക്കാന്‍ ഗതിയില്ലാത്ത മഹാഭാരതത്തിന്റെ സന്തതികള്‍ക്ക്‌ ജാതിമതഭേദമന്യേ, ഉടുതുണിയുടെ നിറം നോക്കാതെ, കുത്തിക്കെട്ടിയ കീശയിലെ ഓട്ടമുക്കാലുമായി എപ്പോഴും കടന്നുചെല്ലാവുന്ന ആ ഛത്രപതി ശിവജി ടെര്‍മിനലാണോ അതോ കോടികളുടെ വീരഗാഥകള്‍ അയവിറക്കാനുള്ള കൊച്ചമ്മമാരുടെയും കള്ളക്കടത്തുകാരുടേയും കള്ളപ്പണത്തിനുമേല്‍ അടയിരിക്കുന്ന രാഷ്ട്രീയക്കാരുടേയും തൂലികകൊണ്ടവരുടെ പുറംചൊറിഞ്ഞു കൊടുക്കുന്ന ആസ്ഥാന സാംസ്‌കാരികനായകരുടേയും ഇവരുടെയെല്ലാം ചിലവില്‍ തിന്നും കുടിച്ചും മദിയ്‌ക്കുന്ന മാധ്യമഭൃത്യന്‍മാരുടേയും ആവാസ മേഖലയായ ചായയും ചാരായവും വില്‌ക്കുന്ന താജോ ഇന്ത്യയുടെ പ്രതീകം?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു മതഭീകരപ്പരിഷ ബോംബടങ്ങിയ പ്ലാസ്റ്റിക്‌ കവര്‍ തെരുവില്‍ വച്ചുപോവുമ്പോള്‍, മറന്നുവച്ചുപോവുന്നതാണെന്നുകരുതി അതു തിരിച്ചെത്തിച്ചുകൊടുക്കാന്‍ പിന്നാലെയോടുമ്പോള്‍ പൊട്ടിത്തെറിച്ചുപോയ ആ ബാലനാണ്‌ നിഷ്‌കളങ്ക ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതീകം. അല്ലാതെ, താജിലെ നുരപൊന്തുന്ന ബാത്ത്‌ടബ്ബുകളില്‍ കിടന്ന്‌ പുളയ്‌ക്കാനും പാര്‍ട്ടികള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കാനും മടിക്കുത്തിന്‌ ബലമുള്ള കൊച്ചമ്മമാരുടേതല്ല. ആ ചിതറിത്തെറിച്ച ബാലന്‍ പ്രതീകമായ തെരുവുകളുടേത്‌ തന്നെയാണ്‌ ഇന്ത്യ. പിടിക്കാത്തവരെ കടിക്കാന്‍ കരുത്തുള്ള തെരുവുപട്ടികളായിത്തന്നെയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഉയരേണ്ടത്‌. ഒരു വിരല്‍ഞൊട്ടലില്‍ സോഫാസെറ്റില്‍ ചാടിക്കയറി വാലിളക്കുന്ന പൊമേറിയന്‍മാരായി അധപതിക്കുകയല്ല വേണ്ടത്‌.

ഇതിലും ഭീകരമായ ആക്രമണങ്ങള്‍ രാജ്യവും ജനതയും നേരിട്ടപ്പോഴൊന്നും വെളിച്ചം കാണാത്ത നാവുകളാണ്‌ ഇപ്പോള്‍ നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്നത്‌......ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

December 02, 2008

റിസഷന്‍ ആന്റ്‌ രവിശങ്കര്‍

ആത്മീയ സമ്പത്തിന്റെ സൂചിക കരടികളുടെ പിടിയിലമരുമ്പോഴാണ്‌ ആത്‌‌മീയനേതാക്കളുടെ ഭൗതീകസമ്പത്തിന്റെ കാള കയറുപൊട്ടിക്കുക. ജനത്തിന്റെ പോക്കറ്റില്‍ എവിടെനിന്നെങ്കിലും നാലണ വന്നുവീഴണേ എന്ന്‌ കുത്തകകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജനത്തിന്റെ മനസ്സമാധാനം പോക്കറ്റടിച്ചുപോകണമേ എന്ന്‌ ആത്മീയനേതാക്കളും പ്രാര്‍ത്ഥിക്കും.

ഐ.ബി.എന്‍ ന്യൂസ്‌ ചാനലില്‍ നേരില്‍ പ്രത്യക്ഷപ്പെട്ട്‌ ഡബ്‌ള്‍ശ്രീ മന്ദബുദ്ധികളുടേയും ബുദ്ധിജീവികളുടേയും സംശയങ്ങളാണ്‌ ഒരുപോലെ ദുരീകരിച്ചത്‌. ചാനലിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിയുള്ള സംശയത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.

കണ്ണിണകൊണ്ടൂ കടുകുവറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷന്‍
എന്ന്‌ കുഞ്ചന്‍ പാടിയത്‌ ആചാര്യനും നന്നായി ചേരും എന്നുതോന്നി പ്രഥമദൃഷ്ട്യാ.

പ്രധാനമായും കോര്‍പ്പറേറ്റ്‌ മുതലാളിമാരുടേയും രണ്ടാമതായി കോര്‍പ്പറേറ്റ്‌ എരപ്പാളികളുടേയും മനസ്സമാധാനത്തിനുവേണ്ടിയാണല്ലോ ശ്വാസം ഒന്നുക്ക്‌ 750 രൂപാവച്ച്‌ പഞ്ചനക്ഷത്ര ശ്വാസംവലി ആചാര്യന്‍ പരിപോഷിപ്പിച്ചതും കൊണ്ടുനടക്കുന്നതും പേറ്റന്റെടുത്തതും.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

November 24, 2008

സമയമാം രഥത്തില്‍ പിതാവിന്റെ സ്വര്‍ഗയാത്ര

കര്‍ത്താവിന്റെ മണവാട്ടിയുടെ ചെറുത്തുനില്‌പിന്റെ ശേഷിയേ നീതിന്യായ വ്യവസ്ഥയ്‌ക്കുമുള്ളൂ എന്ന ഉറച്ചവിശ്വാസമായിരിക്കണം കോട്ടൂരച്ചനേയും പിതൃക്കപിതാവിനേയും ഇന്നോളം നയിച്ചത്‌. അതിലും ഇരുപതടി താഴ്‌ചയിലായിരിക്കണം വേദപുസ്‌തകത്തിലും കര്‍ത്താവിലുമുള്ള വിശ്വാസം.

കനകം മൂലം കാമിനി മൂലം
പലവിധകലഹം സഭയില്‍ സുലഭം

കാമം മൂലമുണ്ടായ കലഹത്തെ കനകം കൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്ന ഉത്തരം 'നിരപരാധിത്വ' മാണെന്ന്‌ പുതിയ വേദപുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്‌. കോടതിഭാഷയില്‍ പറഞ്ഞാല്‍ അത്യപുര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണിപ്പോള്‍ സംഭവിച്ചത്‌. കോട്ടൂരച്ചന്റെ നിയോഗം കൂടിനിന്നവര്‍ പാടിയപോലെ സമയമാം രഥത്തില്‍ ജയില്‍യാത്രചെയ്യാനായിപ്പോയി എന്നുമാത്രം.
തുടര്‍ന്നു വായിക്കുക http://nattupacha.com/content.php?id=89


September 19, 2008

ഹരിശ്രീഗണപതയേ നമ:

നിത്യപുത്രന്‌ വയസ്സ്‌ മൂന്നായി. വയസ്സ്‌ മൂന്നേ ആയുള്ളൂവെങ്കിലും ഒരു മുപ്പതുവയസ്സിനിടെ മാത്രം കൈവരിക്കാവുന്ന അപൂര്‍വ്വനേട്ടങ്ങളുടെ സൃഷ്ടികര്‍ത്താവാണെന്നതിന്റെ യാതൊരഹങ്കാരവുമില്ല. ശേഷം ഇവിടെ ക്ലിക്കുക
http://nithyacharitham.blogspot.com/2008/09/blog-post.html

August 04, 2008

അണ്ണന്റെ ആടും ഒടുക്കത്തെ മുച്ചക്രവണ്ടിയും

വര്‍ഷം 1991. പൊതുജനസമ്മതി അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചതു കാരണം നാട്ടിലൊരു രക്ഷയുമില്ലാതെയായ നല്ല നാളുകള്‍. കൗമാരത്തില്‍ നിന്നും വഴിതെറ്റി യൗവ്വനത്തില്‍ ശീര്‍ഷാസനം നടത്തുന്ന സുവര്‍ണകാലഘട്ടം.
കുടുംബക്കാര്‍ക്കിടയിലുള്ള മതിപ്പിന്റെ മെര്‍ക്കുറിയും വച്ചടിവച്ചടി കയറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. തുടര്‍ന്നുവായിക്കാന്‍ ഇവിടെ ക്ലിക്കുക http://nithyacharitham.blogspot.com/2008/08/blog-post.html

July 29, 2008

SPEAKER’S DILEMMA

It is a very rare moment for the Party and the Partisan to be right in their viewpoints and get divorced as both were perfectly alright. click for the rest http://indianpolitrix.blogspot.com/2008/07/speakers-dilemma.html


July 23, 2008

സിങ്ങ്‌ പരിവാറും സംഘപരിവാറും

ആപത്തുകാലത്ത്‌ ഐ.സി.യുവില്‍ കിടക്കുന്ന കൂടപ്പിറപ്പിനെക്കാളും നമ്പാന്‍ പറ്റുക ജയിലില്‍കിടക്കുന്ന ശത്രുവിനെയാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ കോണ്‍ഗ്രസുകാര്‍ക്കുണ്ട്‌. അതു ലേശം കൂടുതല്‍ മനസ്സിലായിപ്പോയതുകൊണ്ടാണ്‌ നോട്ടുകെട്ടുകള്‍ നടുത്തളത്തില്‍ നടനമാടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ്‌ പാതാളത്തോളം ഉയര്‍ത്തിയത്‌. തുടര്‍ന്നു വായിക്കുക http://nithyayanam.blogspot.com/2008/07/blog-post_8906.html

July 14, 2008

കാട്ടില്‍ കുഞ്ഞിരാമനും ലോകബേങ്കും

ഒരുനാള്‍ കുഞ്ഞിരാമേട്ടന്‌ ഒരു തോന്നല്‍. കൈക്കോട്ടും ചുമലില്‍ വച്ച്‌ വയലിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ തോന്നിയത്‌ ഗുരുവായൂരേക്കൊന്ന്‌ പോകണം. ഗുരുവായൂരപ്പന്‍ മാടിവിളിച്ചാല്‍ പിന്നെ മുടക്കുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കൈക്കോട്ട്‌ റോഡരുകില്‍ വച്ച്‌ വരുന്ന ബസ്സിന്‌ കൈകാണിച്ചു. വര്‍ക്ക്‌ ഈസ്‌ വര്‍ഷിപ്പ്‌ എന്നാണല്ലോ. അതുകൊണ്ട്‌്‌ മടങ്ങിവന്നശേഷം പണിമുണ്ട്‌ മാറ്റാമെന്നും കരുതി. തുടര്‍ന്നുവായിക്കുക http://nithyacharitham.blogspot.com/2008/07/blog-post_13.html

July 12, 2008

കക്ഷത്തിലെ ജനാധിപത്യവും ഉത്തരത്തിലെ വിപ്ലവവും

നാട്ടില്‍ പണ്ട്‌ നിരത്തുമ്മല്‍ നാണു എന്നറിയപ്പെട്ടിരുന്ന ഒരടിക്കാരനുണ്ടായിരുന്നു. മുമ്പില്‍ എത്രവലിയ പുള്ളിയായാലും മൂപ്പരുടെ ഒരു ഡയലോഗുണ്ട്‌. "ഡാ ഞാനിങ്ങെണീറ്റാലുണ്ടല്ലോ"്‌. ഇതുകേട്ടാല്‍ തന്നെ ആളുകള്‍ വഴിമാറിപ്പോവുകയാണ്‌ പതിവ്‌. ഒരുദിവസം ഏതോ തലതിരിഞ്ഞവന്‍ തികച്ചും ഫ്രീയായി രണ്ടങ്ങുപൊട്ടിച്ചുകൊടുത്തു. അന്നാണ്‌ നിരത്തുമ്മല്‍ നാണു എണീക്കുകയില്ല എന്ന പ്രപഞ്ചസത്യം മാലോകര്‍ക്ക്‌ പിടികിട്ടിയത്‌. തുടര്‍ന്നുവായിക്കുക
http://nithyayanam.blogspot.com/2008/07/blog-post_12.html

July 04, 2008

ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌ വേര്‍ഡ്‌ ക്ലാസസ്‌ ഒരൊന്നന്നര ശുപാര്‍ശയാണ്‌ നടത്തിയിരിക്കുന്നത്‌. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര്‌ ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ? ശേഷം ഇവിടെ ക്ലിക്കുക. http://nithyayanam.blogspot.com/2008/07/blog-post.html

July 03, 2008

ഇളയച്ഛന്റെ കാലും നിത്യന്റെ കുഴമ്പും

ഒരു നെടുനീളന്‍ പവര്‍കട്ടുകൊണ്ട്‌ അനുഗൃഹീതമായ പകലിന്റെ അന്ത്യം കുറിക്കാനെത്തിയ സന്ധ്യ മരണത്തിലേക്കു കാലെടുത്തുവച്ചു. മുറിക്കകത്തെ കൂരിരുട്ടില്‍ മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ചെറിയ ചെറിയ കാര്യങ്ങള്‍, അപ്പപ്പോള്‍ അണ്ണാക്കിലേക്ക്‌ വല്ലതും എത്തിക്കേണ്ടത്‌, കിഴക്കോട്ട്‌ വിളിച്ചാല്‍ പടിഞ്ഞാറോട്ട്‌ പോകുന്ന ചെക്കനെ രണ്ടക്ഷരം പഠിപ്പിക്കല്‍ ആദിയായ നിസ്സാര കാര്യങ്ങളുടെ ചുമതല മാത്രമേ നിത്യകാമുകിക്കുള്ളൂ. ബുഷ്‌-സദ്ദാം ഇടപാടുകള്‍, ആണവോര്‍ജം, സ്വാശ്രയ മാനേജുമെന്റും പരാശ്രയ വിദ്യാര്‍ത്ഥികളും ആദിയായ ഭയങ്കര പ്രശ്‌നങ്ങളൊക്കെ നിത്യന്‍ ഒറ്റയ്‌ക്കാണ്‌ പരിഹരിച്ചുകളയുക.
ശേഷക്രിയക്കായി ഇവിടെ ക്ലിക്കുക. നിത്യചരിതത്തിലേക്ക്‌ സ്വാഗതം

June 27, 2008

മതമില്ലാത്ത 'ജീവനും' ജീവനില്ലാത്ത മതവും

ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.
തുടര്‍ന്നു വായിക്കുക
http://nithyayanam.blogspot.com/2008/06/blog-post_27.html

June 21, 2008

കേരളസര്‍വ്വകലാശാല അഥവാ കേരളസര്‍വ്വകലാപശാല

കല ഒരു കലാപമാണെങ്കില്‍ തീര്‍ച്ചയായും കലാശാലകള്‍ കലാപശാലകളാണ്‌. സര്‍വ്വകലാശാലകള്‍ സര്‍വ്വകലാപശാലകളുമാണ്‌. ആയിരിക്കുകയും വേണം. എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. തല വെളിച്ചം കണ്ടയുടനെയുള്ള ആ നിലവിളി ബുദ്ധിശക്തിക്കുള്ള ആദ്യത്തെ സര്‍ട്ടിഫിക്കറ്റാണ്‌. തമസ്സല്ലോ സുഖപ്രദം എന്നായിരിക്കണം ആ നിര്‍ത്താതെയുള്ള ആദ്യനിലവിളിയുടെ അര്‍ത്ഥം.
http://nithyayanam.blogspot.com/2008/06/blog-post.html


May 19, 2008

വിദ്യകൊണ്ട്‌ പ്രബുദ്ധരായി

വിദ്യകൊണ്ട്‌ പ്രബുദ്ധരായശേഷം വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുവാന്‍ മലയാളികളെ ഉപദേശിച്ചത്‌ ദാര്‍ശനീകനായ ആ സന്ന്യാസി വര്യനാണ്‌. ശ്രീനാരായണഗുരുദേവന്‍. പറഞ്ഞതപ്പടി ശിഷ്യന്‍മാര്‍ നടപ്പിലാക്കി. 'വിദ്യ' തന്നെ വ്യവസായമാക്കി ഒറ്റയടിക്ക്‌ പ്രബുദ്ധരാവുക മാത്രമല്ല വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ട്‌ കാണിച്ചുകൊടുക്കുകയും ചെയ്‌തു. മന്നത്താചാര്യനും അനുയായികളോടു പറഞ്ഞത്‌ ഏതാണ്ടിതുതന്നെയായിരുന്നു. മന്നം ഷുഗര്‍മില്ലും ഒട്ടനവധി സ്‌കൂളുകളും സ്ഥാപിക്കാന്‍ മൂപ്പര്‍ മുന്‍കൈയ്യെടുത്തതും നാടുനന്നാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു.

രണ്ടുകൂട്ടരുടെയും നേരവകാശികളായി അരങ്ങിലാടിത്തിമര്‍ത്തവര്‍ ലേശം കൂടുതല്‍ പ്രബുദ്ധരായിപ്പോയതാണ്‌ വലിയ കുഴപ്പം. താമസിയാതെ സര്‍വ്വ ജാതി-മത നപൂംസകങ്ങളും എന്നും ലാഭം മാത്രമുണ്ടാക്കി ചരിത്രം സൃഷ്ടിച്ച 'വിദ്യ' തന്നെ വ്യവസായമാക്കി ഹരിശ്രീ കുറിച്ചു. വളര്‍ന്നു. പിന്നെ കൊഴുത്തു.

ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വിദ്യയാണ്‌ കുഴപ്പമുണ്ടാക്കിയത്‌. 'വിദ്യാഭ്യാസം' എന്നൊരര്‍ത്ഥം വിദ്യയ്‌ക്കുണ്ടെങ്കിലും കണ്‍കെട്ടും മായാജാലവുമടക്കം സകലസംഗതികളും 'വിദ്യ' പെറ്റ മക്കളുതന്നെയാണ്‌.

ഗുരു കാണാത്തത്‌ കണ്ടെത്തുമ്പോഴാണ്‌ ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന 'വിദ്യ' യെടുത്ത്‌ ഗുരുവിന്റെതന്നെ കണ്ണുകുത്തിപ്പൊട്ടിക്കുകയാണ്‌ ഒരു ശിഷ്യന്‌ നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.

ആരു ഭരിച്ചാലും നമ്മുടേത്‌ നമുക്ക്‌ കിട്ടണം. പണിക്കര്‍ കണ്ടുപിടിച്ച്‌ പകര്‍പ്പവകാശത്തിനു കാശുവാങ്ങാതെ സകല ജാതിമതകോമരങ്ങള്‍ക്കും പകര്‍ന്നുകൊടുത്ത സമദൂരസിദ്ധാന്തം അതിലേക്കുള്ള മാര്‍ഗമാണ്‌. അതായത്‌ ആര്‍ക്കും നമ്മളെതിരല്ല. ഒറ്റ കണ്ടീഷന്‍. നമ്മള്‍ 'വിദ്യ'കൊണ്ട്‌ പ്രബുദ്ധരാവുന്നതിനും വിദ്യ വിറ്റ്‌ അഭിവൃദ്ധിപ്പെടുന്നതിനും സംഘടനകൊണ്ട്‌ അന്ധരാകുന്നതിനും ആരും ഇടങ്കോലിടരുത്‌. ഇത്രേയുള്ളൂ.

ഇപ്പോള്‍ സംഭവിച്ചത്‌ നോക്കുക. സ്വന്തം പേര്‌ നാലിടത്തു നാലുവിധമെഴുതുന്ന എല്ലാവരും എസ്‌.എസ്‌.എല്‍.സി പാസായി. ഇനി ഇവരെക്കൊണ്ട്‌ ആര്‍ക്ക്‌ പ്രയോജനം? സ്വാശ്രയ മുതലാളിമാര്‍ക്ക്‌ ഇഷ്ടം പോലെ കൊള്ളയടിക്കാന്‍ ഇത്ര നല്ലൊരവസരം ലോകചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. അതിന്റെ ക്രഡിറ്റ്‌ അഭിനവമുണ്ടശ്ശേരിക്കുതന്നെയാണ്‌. മടിയില്‍ കനമുള്ള രക്ഷിതാക്കളുടെ മുഴുവന്‍ പിള്ളേരും നാളെ അഭയം പ്രാപിക്കുക സ്വാശ്രയകൊള്ള സംഘം നടത്തുന്ന കലാലയങ്ങളെയായിരിക്കും. യാതൊരു ഗതിയുമില്ലാത്തവരാകട്ടെ പീടികമുകളില്‍ മാടം കെട്ടി പിള്ളാരെപിടിക്കാന്‍ നടക്കുന്ന പാരലല്‍ കോളേജുകളിലേക്കും. ആര്‍ക്കെന്തു ഗുണം?

പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതിവെയ്‌ക്കണം. അതിനും മിനക്കെടാന്‍ പറ്റാതെപോയത്‌ ആ എട്ടുശതമാനത്തിനാണ്‌. ശരിക്കും ആ എട്ടുശതമാനമെന്നു കേട്ടാലപമാനപൂരിതമാകണമന്തരംഗം. അതായത്‌ ബേബി പോയിട്ട്‌ ഗ്രാന്റ്‌ഫാദന്‍ വന്നാലും അക്കൂട്ടര്‍ ഇനി പ്രബുദ്ധരാവാന്‍ സാദ്ധ്യതയില്ല.

പണ്ടൊരു രാജാവ്‌ രാജ്യത്തെ മടിയന്‍മാരെ കണ്ടുപിടിക്കാന്‍ നടത്തിയ ഒരു പരീക്ഷണമാണ്‌ ഓര്‍മ്മവരുന്നത്‌. ചെണ്ടകൊട്ടി നാടൊക്കെ വിളംബരം നടത്തി ; പ്രദേശത്തെ സകലമാന മടിയന്‍മാര്‍ക്കും നാളെമുതല്‍ ശാപ്പാട്‌ കൊട്ടാരത്തില്‍. മടിയന്‍മാരെ മൊത്തം പല്ലക്കിലേറ്റി സൈന്യം മടികൂടാതെ കൊട്ടാരത്തില്‍ എത്തിക്കൂന്നതായിരിക്കും. അങ്ങിനെ മൊത്തം മടിയന്‍മാരും കൊട്ടാരത്തിലെത്തി. വിസ്‌തൃതമായ പന്തലില്‍ ഉപവിഷ്ടരായി. സദ്യവിളമ്പാന്‍ രാജാവ്‌ ഉത്തരവിട്ടു. മുഴുവനായൂം വിളമ്പിത്തീര്‍ന്ന്‌ ഉണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലിനു തീക്കൊടുക്കാന്‍ സൈന്യാധിപനും കൊടുത്തൂ വേറൊരു ഉത്തരവ്‌. തീയ്യാളാന്‍ തൂടങ്ങിയപ്പോഴേക്കും മടിയന്‍മാര്‍ മരണയോട്ടം തുടങ്ങി. തീയ്യാളിപ്പടര്‍ന്നിട്ടും എഴുന്നേറ്റുപോവാതിരുന്ന മൂന്നെണ്ണത്തിനോട്‌ സേനാനായകന്‍ ഓടിരക്ഷപ്പെടാന്‍ അലറി. കിട്ടിയ മറുപടി വേണമെങ്കില്‍ കൊണ്ടുവന്നതുപോലെ പല്ലക്കിലെടുത്ത്‌ കൊണ്ടുപോയിക്കൊള്ളാനായിരുന്നു.

ഓടിരക്ഷപ്പെട്ടവരൊന്നും മടിയന്‍മാരല്ല. ഓടാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ലല്ലോ. അവര്‍ക്കെല്ലാം രാജാവിന്റെ വക 25 ചാട്ടയടി വിധിച്ചു. പുറമേ ചുമന്നുകൊണ്ടുവന്ന വകയില്‍ എക്ട്രാപവര്‍ ഒരഞ്ചടി വീതം സൈന്യം സ്‌പെഷ്യല്‍.

ചത്താലും സ്വയമോടിപ്പോവാന്‍ തയ്യാറല്ലാതിരുന്ന മൂന്നാളുകളേ യഥാര്‍ത്ഥ മടിയന്‍മാരായുള്ളൂ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ലാത്ത മൂന്നേമൂന്നാളുകള്‍. അവരെ ആസ്ഥാനമടിയന്‍മാരായി വാഴ്‌ത്തി ആസ്ഥാനപണ്ഡിതന്‍മാരോടൊപ്പമിരുന്നുകൊള്ളാന്‍ രാജാവ്‌ കല്‌പിച്ചു. അവറ്റകള്‍ക്ക്‌ ശിഷ്ടകാലത്തേക്കുള്ള വഹ ഖജനാവില്‍ നിന്നും കൊടുത്തുകൊള്ളുവാനുമായിരുന്നു ഉത്തരവ്‌.

രാജാവ്‌ മന്ത്രിയായവതരിച്ച 'വിദ്യ' അഥവാ മായജാലമാണല്ലോ ജനാധിപത്യം. ബേബിസാറിനും ചെയ്യാവുന്നത്‌ അതുതന്നെയാണ്‌. ഇപ്പോ തോറ്റ 8 ശതമാനത്തിനെയും തേങ്ങയെ എണ്ണക്കുരുവാക്കിയതുപോലെ ആസ്ഥാനമടിയന്‍മാരായി പ്രഖ്യാപിക്കുക. അനന്തരം അവറ്റകളുടെ ശിഷ്ടകാലത്തേക്കുള്ളത്‌, അതായത്‌ ഒരു 100 കൊല്ലം ചുരുങ്ങിയത്‌, തടിക്കും തലയ്‌ക്കും യാതോരു തേയ്‌മാനവും സംഭവിക്കാതെ ആളുകള്‍ ചാവുകയില്ല, ഖജനാവില്‍ നിന്നും വകയിരുത്തുക. അതിനുള്ള വഹയില്ലെങ്കില്‍ ഖജനാവു തന്നെ അങ്ങേല്‌പിച്ചുകൊടുത്തേക്കുക. അവരും വാഴട്ടെ ഇനിയങ്ങോട്ട്‌. ഒരു മന്ത്രിയായി ഭവിക്കാന്‍ എസ്‌.എസ്‌.എല്‍.സി പാസാവണമെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിവരെ ആവാം. ഒരു കുഴപ്പവുമില്ല.

April 30, 2008

രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ

അച്ഛമ്മയുടെ അച്ഛന്‍ 'ഇന്ത്യയെ കണ്ടെത്തിയ' ശേഷമാണ്‌ പ്രധാനമന്ത്രിയായത്‌. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക്‌ കൈമോശം വന്നുപോയിരിക്കണം. അതുകൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.

പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ്‌ ഒരു വലിയ സത്യം കണ്ടെത്തി. രാഹുലില്‍ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തിയതിനുള്ള പേറ്റന്റ്‌ സിങ്ങിന്‌. സാക്ഷി മുഖര്‍ജിയും. ഇനിയങ്ങോട്ട്‌ സുഹൃത്തുക്കളേ രാഹുകാലം.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്‌ നാട്ടുരാജ്യങ്ങള്‍ വാണിരുന്നത്‌ രാജാക്കന്‍മാരായിരുന്നു. സായിപ്പിന്റെ പാദപൂജ നടത്താത്ത അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജാക്കന്‍മാര്‍ക്കൊക്കെ കൈവന്നത്‌ പഴശ്ശിയുടെയും ടിപ്പുവിന്റെയും ഗതിയായിരുന്നു. സായിപ്പിനെ കണ്ടാല്‍ കാലുതിരുമ്മാന്‍ കൈതരിച്ച മഹാന്‍മാര്‍ക്ക്‌ തലതപ്പിനോക്കേണ്ട ഗതികേടുണ്ടായില്ല. നല്ലൊരു ആട്ടുകട്ടിലും വീശുവാന്‍ തരുണിസഹിതം ചാമരവും തരമാക്കിക്കൊടുത്തവര്‍ പെരിയ രാസാക്കന്‍മാരായി. എതിര്‍ത്ത പഴശ്ശിയുടെ നാലുകെട്ടിന്റെ അസ്ഥിവാരം വരെ കുളംതോണ്ടിയപ്പോള്‍ ഒറ്റുകാരെല്ലാം കിരീടം വെക്കാത്ത രാജാക്കന്‍മാരായതാണ്‌ ജനാധിപത്യത്തിന്റെ ചരിത്രം. രാജ്യം മൊത്തം വിറ്റ്‌ുതീരെഴുതിക്കിട്ടുകയും ചെയ്‌തു.

രാജാവാണെന്ന അഹങ്കാരമൊന്നുമില്ലാത്തവരായിരുന്നു പണ്ടേ. അതുകൊണ്ടാണല്ലോ പിന്നീട്‌ മന്ത്രിയായാലും മതിയെന്നു സമാധാനിച്ചത്‌. വടക്കേയിന്ത്യയിലെ സിങ്ങുമാര്‍ മൊത്തം അര്‍ജുന്‍ സിങ്ങ്‌, നട്‌ വര്‍ സിങ്ങ്‌, ജസ്വന്ത്‌ സിങ്ങ്‌... രാസാവല്ലാത്തവര്‍ ചുരുക്കം. നോക്കണേ ഹലാക്ക്‌. രാസാവായ അര്‍ജുന്‍സിങ്ങ്‌ സാദാമന്ത്രി. ഓച്ചാനിച്ച്‌ നിന്ന്‌ റാന്‍മൂളേണ്ട വെറും പ്രജ സര്‍ദാര്‍ജി പ്രധാനമന്ത്രി. മൊത്തത്തില്‍ ഒരു സര്‍ദാര്‍ജിഫലിതം പോലുണ്ട്‌. എത്രകാലമെന്നു വച്ചിട്ടാ സുഹൃത്തുക്കളേ സഹിക്കുക. വേറെ ഗതിയില്ലാത്തതുകൊണ്ടു സഹിച്ചു.

പണ്ട്‌ മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്‌. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത്‌ ഒരു സത്യമാണ്‌. ഏതുഭാഷയായാലും മിണ്ടിയാലാണ്‌ കുഴപ്പം. ഒടുവില്‍ ക്ഷമകെട്ടു. പാരപണിയാരംഭിച്ചു. വേലായുധനോടു തന്നെ വേല വേണോന്നു മൂപ്പര്‍ ചോദിച്ചില്ല. മുഖമൊന്ന്‌ കടന്നലുകുത്തിയപോലാക്കിയെന്നുമാത്രം. പിന്നെയൊരു മാര്‍ഗമേ കണ്ടുള്ളൂ. മകരജ്യോതി കണ്ട്‌ അണ്ണാച്ചിയെപ്പോലെ ഒരൊറ്റവിളിയാ - രാജീവിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. പറയത്തക്ക വ്യത്യാസമൊന്നും രാജാവും രാജീവും തമ്മിലില്ലാത്ത സ്ഥിതിക്ക്‌ അതാണുത്തമമെന്നും തോന്നി.

നാലുവോട്ട്‌ അര്‍ജുന്‍ രാജാവിന്‌ സ്വന്തമായി അന്നുമില്ല. ഇന്നുമില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. മത്സരിച്ചപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തിനാണ്‌ തോല്‍വി. എന്നുവച്ച്‌ പിന്‍മാറുകയൊന്നുമില്ല. ജനാധിപത്യത്തിന്റെ പൂമുഖത്തു (ലോക്‌സഭ) നിന്നും ചവുട്ടിപ്പുറത്താക്കിയാല്‍ നേരെ പാതിരാത്രി പിന്‍വാതിലില്‍ (രാജ്യസഭ) കാത്തുനില്‌ക്കും. അതിലൂടെ വലിഞ്ഞകത്തുകയറി രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്‌ സിങ്ങുപരിവാരങ്ങളുടെ പണ്ടേയുള്ള ശീലം.

എല്ലാ തറവാട്ടിലെയും മുടിയനായ പുത്രന്‍മാര്‍ക്ക്‌ വല്ലതും നക്കാനായി അമ്മമാര്‍ അടുക്കളയിലേക്കുള്ള സുരക്ഷിതപാതയൊരുക്കിക്കൊടുക്കുക ഈ പിന്‍വാതിലിലൂടെയാണ്‌. ലക്ഷണംകെട്ട ജാതികളാണെങ്കില്‍ ഉള്ളതും ഞണ്ണി കലവുമുടച്ച്‌ സ്ഥലം വിടുകയാണ്‌ പതിവ്‌. എന്നാലും അമ്മയുടെ ഹൃദയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുവനും പടിയിറങ്ങേണ്ടിവരികയില്ല. വേറൊരിടത്തായിരുന്നെങ്കില്‍ എന്നേ കരുണാകരനെ പടിയടച്ച്‌ പിണ്ഡം വച്ചേനെ.

എനിക്കു വോട്ടുതന്നു മന്തിയാക്കണം എന്നൊരു രാജാവു യാചിക്കുന്നതുകേട്ടാല്‍ തലയുടെ കല്ലിളകി എന്നാണ്‌ ജനത്തിനു തോന്നുക. ഭരണഘടനപ്രകാരമാവട്ടേ തലയ്‌ക്ക്‌ സ്ഥിരതയുള്ളവര്‍ക്കുമാത്രമേ മത്സരിക്കാനും പാടുള്ളൂ. അതുകൊണ്ട്‌ അത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിങ്ങിനെ നോക്കരുത്‌. മുമ്പില്‍ നിന്നിറക്കിവിട്ടാല്‍ പിന്നിലൂടെ കയറിവരുമെന്നുമാത്രം.

അങ്ങിനെ കയറിവന്നാല്‍ പിന്നെ തോല്‌പിച്ചിറക്കിവിട്ട ജനത്തിനോട്‌ രാജനീതി കാട്ടും. റിസര്‍വേഷനെക്കൊണ്ട്‌ ഒ.ബി.സിയും രാജ്യവും രാജ്യവാസികളും രക്ഷപ്പെടുകയില്ലെങ്കിലും സ്വയം രക്ഷയ്‌ക്ക്‌ അത്യുത്തമം അതുതന്നെയാണെന്ന തിരിച്ചറിവൊക്കെ സിങ്ങിനുണ്ട്‌. എന്നാല്‍ അതിന്റെയൊന്നും അഹങ്കാരം ഒട്ടില്ലതാനും.

ബോധിസത്വന്‍ തന്നെ 24 കൊല്ലം ധ്യാനനിരതനായിരുന്നപ്പോഴാണ്‌ ബോധോദയമുണ്ടായത്‌. ബോധോദയം പണ്ടേ ഉണ്ടായിരുന്നെങ്കിലും അതു പരസ്യപ്പെടുത്താന്‍ പത്തുമുപ്പത്‌ രാഹുലിന്‌ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നുവെന്നുമാത്രം. ഒരു ശുഭമുഹൂര്‍ത്തം നോക്കി നാലുപത്രക്കാര്‍ ചുറ്റിലുമുള്ള നേരത്ത്‌ മൂപ്പര്‍ ഒന്നലറി - രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ. കേട്ടാല്‍ മന്ദബുദ്ധികള്‍ക്കു തോന്നുക മറ്റേ സര്‍ദാര്‍ജിയില്‍ നിന്നും രക്ഷിക്കാനാണെന്നാണ്‌. മാഡത്തിനങ്ങിനെ പലേ ഗുണങ്ങളുമുണ്ട്‌. തരാതരം പോലെ പ്രസ്‌താവന നടത്താന്‍ എല്ലില്ലാത്ത നാവുമായി ഭൃത്യരാജാക്കന്‍മാര്‍ സദാ ചുറ്റിലും കാണും.

ഒരാള്‍ ഒരു ദിവസം ഒരു വഷള്‌ മാത്രമേ വിളിച്ചലറാവൂ എന്ന നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. കേരളത്തിലെ മന്ത്രി സുധാകരനെപ്പോലെ എത്രയുമാവാം. വേണമെങ്കില്‍ ഗിന്നസുകാരെ വിളിപ്പിച്ച്‌ സ്വന്തം പേരിലൊരു റിക്കോര്‍ഡും എഴുതിക്കാം.

ഒരു വഷള്‌ ഒരുവന്‍ ഉണര്‍ത്തിച്ചാല്‍ പിന്നെ വേണ്ടത്‌ വേറൊരുവന്‍ ഇന്‍ ദ നെയിം ഓഫ്‌ അള്ള അഥവാ മാഡം അത്‌ പിന്താങ്ങുകയാണ്‌. അതായത്‌ മാഡം അംഗീകരിച്ചു എന്നൊരുറപ്പിനായി.

പണ്ട്‌ വാജ്‌പേയിക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പോയപ്പോള്‍ അര്‍ജുനന്‍ അലറിവിളിച്ചതാണ്‌ മാഡത്തെ വിളിച്ച്‌ നാടു നന്നാക്കാന്‍. മാഡം വന്നതുമാണ്‌. വന്നതുപോലെ പോയതുമാണ്‌. അന്ന്‌ കലാംജി മാഡത്തിന്റെ കാതിലോതിയതെന്താണെന്ന്‌ മൂപ്പര്‍ക്കും കേട്ട മാഡത്തിനും മാത്രമേ തിരുപാടുള്ളൂ. തടികിട്ടിയാല്‍ പുല്ലും പറിക്കാം എന്നുപറഞ്ഞോടിയ പഴയ അടിക്കാരനെപ്പോലെ പോയ ആളാണ്‌. പിന്നീട്‌ കണ്ടത്‌ ആദ്യം ശിബിയെയും പിന്നെ ശ്രീബുദ്ധനെയും ഒടുവില്‍ മഹാത്മാഗാന്ധിയെയും പിന്തള്ളി മിസ്‌. ഗാന്ധി മഹാത്യാഗിയായി ചരിത്രത്തില്‍ പുനരവതിരിക്കുന്നതാണ്‌. അതോടുകൂടി ഉറക്കംതൂങ്ങി കിടക്കയില്‍ വീണെന്നുപറഞ്ഞപോലെ സര്‍ദാര്‍ജി പ്രധാനമന്ത്രിയുമായി.

ഇതിനുമുമ്പ്‌ ശ്രീരാമന്‍മാത്രമാണ്‌ ഇങ്ങനെ കയ്യില്‍കിട്ടിയ സംഗതിയെടുത്ത്‌ കാട്ടിലിട്ട ഏക കോണ്‍ഗ്രസുകാരന്‍. അതാണല്ലോ ഗാന്ധിജി രാമരാജ്യത്തിനുവേണ്ടി പരിശ്രമിച്ചത്‌. അതുതന്നെയാണ്‌ മാഡവും ചെയ്‌തത്‌. എന്നിട്ടെന്തു പറയാന്‍? എഴുത്തറിയാവുന്ന കോണ്‍ഗ്രസുകാര്‍ വംശനാശം വന്നതുകൊണ്ട്‌ ഒരു മാഡായനം ഉണ്ടായില്ല. തന്റെ പാദുകം തലയില്‍ വച്ച്‌ സര്‍ദാര്‍ജിയോട്‌ ഇഷ്ടം പോലെ ചിന്തിച്ചോളാനും പറയുമ്പോലെ ഭരിച്ചോളാനും പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം തടിക്കും എന്തുകൊണ്ടും നല്ലത്‌ അതാണെന്നൊരു തിരിച്ചറിവ്‌. അത്രതന്നെ.

കോണ്‍ഗ്രസിലെ മാത്രമല്ല അതിന്റെ അസ്സല്‍ പകര്‍പ്പായ സകലപാര്‍ട്ടികളിലെയും കടല്‍ക്കിഴവന്‍മാര്‍ക്കും ചാവാനാവുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. യുവാക്കള്‍ രംഗത്തേക്ക്‌ വരണം. പരമാവധി മകനായാല്‍ നല്ലത്‌. തൊട്ടുകൂട്ടാനൊന്നില്ലെങ്കില്‍ മകളായാലും കുഴപ്പമില്ല. ശരദ്‌പവാറിന്‌ പൊന്നുമോള്‍ സുപ്രിയ തന്നെ ധാരാളം. കലൈഞ്‌ജര്‍ക്ക്‌ യുവതിയായി കനിമൊഴിയും യുവാവായി അമ്പതുകാരന്‍ സ്റ്റാലിനുമുണ്ട്‌. അറുപതിലെത്തിയ മാഡത്തിന്‌ മോന്‍ രാഹുല്‍. നാലളുടെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്താന്‍ പറ്റിയ മക്കളുള്ള വയസ്സന്‍മാര്‍ രക്ഷപ്പെട്ടു. രാജ്യവും. സുകൃതം ചെയ്‌തവരാണ്‌ ഭാരതീയര്‍.

രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ രാജാവ്‌ പുറപ്പെടുമ്പോള്‍ത്തന്നെ ബുദ്ധിയുള്ള പെങ്ങള്‍ക്കുതോന്നി കാര്യം പിശകാണെന്ന്‌. അച്ഛന്റെ പാതയിലേക്ക്‌ മകനെ തള്ളിവിടാനുള്ള വഴിയാണോന്നൊരു സംശയം. നേരെ മൂപ്പരുപോയി വെല്ലൂരിലേക്ക്‌. രാജീവിന്റെ വധത്തിലെ പങ്കിന്‌ അഴിക്കുള്ളിലായ നളിനിയെ കണ്ടു. കൈകൂപ്പിതൊഴുതു. സംസാരിച്ചു. കോണ്‍ഗ്രസുകാര്‍ ഞെട്ടി. ഇത്രയ്‌ക്കുവിവരം മാഡത്തിന്റെ മകള്‍ക്കുണ്ടാവുമെന്ന്‌ അക്കൂട്ടര്‍ ധരിച്ചുകാണില്ല. ഒരു പ്രധാനമന്ത്രിയായ രാജീവ്‌ കൊല്ലപ്പെടുമ്പോള്‍ നിഴലുപോലെ നില്‌ക്കുന്ന നിരവധി നേതാക്കളില്‍ മരുന്നിനുപോലും ഒരെണ്ണം കൂടെച്ചാകാനിടയാകാത്തകാര്യം മകള്‍ നളിനിയോട്‌ ചോദിച്ചിരിക്കണം.

എതായാലും പ്രിയങ്കയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. നമ്പാന്‍ കൊള്ളാത്ത ജാതികളാണ്‌ കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധിനാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നുപറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടിക്ക്‌ സൗന്ദര്യം മാത്രമല്ല, ബുദ്ധിയും കൂടിയുണ്ട്‌.

വായും പിളര്‍ന്നുവരുന്ന മുതലയെപ്പോലെയാണ്‌ കമ്മ്യൂണിസം, വരുന്നത്‌ ചിരിക്കാനാണോ അതോ വിഴുങ്ങാനാണോ എന്നു മനസ്സിലാവുകയില്ല എന്ന തമാശയാക്കിയത്‌ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലാണ്‌. അതിന്ത്യയില്‍ നന്നായി ചേരുക കോണ്‍ഗ്രസിനാണ്‌. വര്‍ഗീയത കോണ്‍ഗ്‌സുകാര്‍ക്ക്‌ കണ്ടേകൂട. ഇന്ദിരാഗാന്ധി വെടികൊണ്ടുവീണപ്പോള്‍ ദില്ലിയില്‍ മാത്രം പച്ചക്കുവെട്ടിയിട്ട സിഖുകാരുടെ എണ്ണമെത്രയായിരുന്നു. മോഡിയുടെ ഗുജറാത്തിലെക്കാളും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ലേ ടൈറ്റ്‌ലറും കൂട്ടരും കാഴ്‌ചവെച്ചത്‌. നാവുവടിക്കാന്‍ ഈര്‍ക്കിലി ചീന്തുന്നപോലെയാണ്‌ എട്ടുംപൊട്ടും തിരിയാത്ത പാവം സിക്കുപിള്ളേരെ ഒരു പേനക്കത്തിപോലും ഉപയോഗിക്കാതെ വലിച്ചു കീറിയത്‌. ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്‌. ചിരിച്ചുകൊണ്ട്‌ വിഴുങ്ങുകയാണ്‌ കോണ്‍ഗ്രസുകാരുടെ രീതി. അരനൂറ്റാണ്ടിനകം അതു പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്‌.

April 25, 2008

പരിശുദ്ധപിതാവും മുടിയനായ പുത്രനും

മലക്കുപോകണ്ടതില്ലെന്നു മമ്മദ്‌ തീരുമാനിച്ചാല്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. മല മമ്മദിനെ കാണാന്‍ പുറപ്പെടുക. അതറിയാവുന്നതുകൊണ്ട്‌ പരിശുദ്ധ പിതാവ്‌ മുടിയനായ പുത്രനെക്കാണാന്‍ പുറപ്പെട്ടു. അതായത്‌ പുണ്യവാളനും പിശാശും തമ്മില്‍ ഒരു റെന്‍ഡേവൂന്നു പറയാം സംസ്‌്‌കൃതത്തില്‍.

ഇതിനെന്തേതു എന്നാളുകള്‍ ചിന്തിക്കുന്നുണ്ടാവാം. ലോകത്തിന്റെ ആത്മീയ ദാരിദ്ര്യം മാറ്റിയെടുക്കേണ്ട ഭാരിച്ച പണിയാണ്‌ പോപ്പിന്റേത്‌. ഭൗതീകദാരിദ്ര്യം മാറ്റേണ്ട ചുമതല ബുഷിന്റേതും. രണ്ടുപേരും കൂടി നന്നായി ഉത്സാഹിച്ചാല്‍ ലോകം രക്ഷപ്പെട്ടു. ചില്ലറ ഉത്സാഹം കൊണ്ടുതന്നെ ഇറാഖും അഫ്‌ഗാനിസ്ഥാനുമൊക്കെ ഒന്നു കൊഴുത്തു. അടുത്തുതന്നെ മറ്റുള്ളവരും നന്നായിവരും.

ദയാപരനായ കര്‍ത്താവിന്റെ കാരുണ്യം കൊണ്ട്‌ കത്തോലിക്കരുടെ ഒരു റിക്കോര്‍ഡ്‌ തകര്‍ന്നുകിട്ടി. അതായത്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടിത സമുദായം എന്ന പട്ടത്തിന്റെ ചരടാണ്‌ പരമകാരുണികനായ അല്ലാഹുവിന്റെ അനുയായികള്‍ അറുത്തിട്ടത്‌. ഇപ്പോള്‍ മൊത്തം ജനസംഖ്യയുടെ 17.4 ശതമാനം മാത്രമാണ്‌ കത്തോലിക്കര്‍. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും അനുയായികളുടെ നിയന്ത്രണമില്ലാത്ത ഉത്സാഹം കൊണ്ടും മുസ്ലീങ്ങള്‍ 19.2 ശതമാനമായി.

ആത്മീയതയില്‍ നിന്നും ആവേശം കയറി ബുഷ്‌ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമെല്ലാം പാഞ്ഞുകയറി ബോംബിട്ടുനിരത്തിയിട്ടും സ്ഥിതി ഇതാണെങ്കില്‍ തീര്‍ച്ചയായും ഉണ്ടാവുക ആസനത്തിനു തീപ്പിടിച്ച അവസ്ഥതന്നെയാണ്‌.

അമേരിക്കക്കാരെപ്പറ്റി പോപ്പിന്‌ നല്ല മതിപ്പാണ്‌. പോപ്പ്‌ മനസ്സില്‍ കാണുന്നത്‌ ബുഷ്‌ മാനത്തുകാണും. വത്തിക്കാനുള്ള കപ്പക്കുടിശ്ശിക മാത്രം ചോദിക്കരുത്‌. ഐക്യരാഷ്ട്രസഭയ്‌ക്കുള്ളതുകൂടി കൊടുക്കാന്‍ പറ്റുന്നില്ല അപ്പോഴാണോ തിരുമേനീ അവിടുത്തേക്കുള്ളത്‌ എന്നങ്ങോട്ട്‌ ചോദിക്കും. ജനറല്‍ സിക്രട്ടറിയോടും ചോദിക്കും. പുണ്യവാളനുള്ളതുകൂടി കൊടുക്കാന്‍ പറ്റുന്നില്ല പിന്നെയാണോ ജനറലേ പിശാശിനുള്ളത്‌?

പോപ്പിനും ബുഷിനും ഇടയിലുള്ളതാകട്ടെ ചില്ലറ വിയോജിപ്പുകള്‍ മാത്രവും. നിത്യനും നിത്യകാമുകിക്കുമിടയിലുള്ള വിയോജിപ്പ്‌ അത്‌ലാന്തിക്കാണെങ്കില്‍ അത്‌ വെറും കൈത്തോടാണ്‌.

വധശിക്ഷ പാടില്ലെന്നതാണ്‌ പോപ്പിന്റെ നയം. അതുവളരെ ശരിയുമാണ്‌. പക്ഷേ കറുത്തവനെ തൂക്കിക്കൊല്ലരുതെന്ന്‌ ബൈബിളില്‍ പറഞ്ഞിട്ടില്ലെന്നതാണ്‌ സത്യം. ആ സത്യം ബുഷ്‌ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോപ്പ്‌ തലതാഴ്‌ത്തും. അങ്ങിനെ പ്രത്യേകം പറയാത്ത സ്ഥിതിക്ക്‌ വെളുത്ത അമേരിക്കയ്‌ക്ക്‌ ദുഷ്‌പേരുണ്ടാക്കുന്ന മുയ്‌മന്‍ കറുപ്പന്‍മാരെയും പിടിച്ചുകൊണ്ടുപോയി തൂക്കിലിടുകയാണ്‌ വേണ്ടത്‌. മാര്‍ക്കറ്റില്‍ കുല തൂക്കുന്നപോലെയല്ല. മരണംവരെ തൂക്കിലിടണം. എന്നാല്‍ നമ്മളതൊന്നും ചെയ്യുന്നില്ല.

സായിപ്പിന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 20നും 34 നും ഇടയിലുള്ള 9 കറുപ്പന്‍മാരില്‍ ഒന്ന്‌ ജയിലിലാണ്‌. കണക്കില്‍ വരണമെങ്കില്‍ വല്ലേടത്തും ജനിച്ചതിനു രേഖയുണ്ടാവണം. അതു സുകൃതം ചെയ്‌ത കറുപ്പന്‍മാര്‍ക്കേ കാണുകയുള്ളൂ. അങ്ങിനെ നോക്കിയാല്‍ ഭൂരിഭാഗം കറുപ്പന്‍മാരുടെയും ആസ്ഥാനം സായിപ്പിന്റെ ജയിലുതന്നെ. അവരില്‍ യോഗ്യരായവരെ കയറിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ തൂക്കിക്കൊല്ലുകയല്ല, കര്‍ത്താവിങ്കലേക്ക്‌ ലയിപ്പിക്കുകയാണ്‌ പതിവ്‌. അങ്ങിനെയാവുമ്പോള്‍ പിതാവിനും മറിച്ചൊരഭിപ്രായത്തിന്‌ സ്‌കോപ്പില്ല.

വേറൊന്നുള്ളത്‌ ജനനനിയന്ത്രണവും കലക്കലുമാണ്‌. മലയാളത്തില്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ ആന്റ്‌ അബോര്‍ഷന്‍ എന്നുപറയും. അതുപാടില്ല. പുറത്തുവന്നതിനെ തൂക്കിക്കൊന്നതിന്റെയും അകത്തുനിന്നും തന്നെ ശരിപ്പെടുത്തിയതിന്റെയും നിയന്ത്രണരേഖയില്‍ കുടുങ്ങി പോലീസുകാരുടെ മാനത്തേക്കുള്ള വെടിവെപ്പുപോലായതും കൂട്ടിയാല്‍ തീര്‍ച്ചയായും കത്തോലിക്കാ പട്ടത്തിന്റെ ചരട്‌ അവിടെത്തന്നെയുണ്ടാവുമായിരുന്നു. ഭൂമികുടിച്ച പാലിനെപ്പറ്റിയിനിയേതായാലും ചിന്തിക്കേണ്ടതില്ല. നല്ലത്‌ ഭൂതത്തില്‍ അമര്‍ന്നിരുന്ന്‌ ഭാവിയിലേക്കുനോക്കുന്നതാണ്‌.

കാര്യങ്ങളെല്ലാം ബുഷ്‌ പറഞ്ഞുമനസ്സിലാക്കിക്കാണും. ഒന്നും കഴിഞ്ഞ്‌ രണ്ടും കഴിഞ്ഞ്‌ മൂന്നാമത്തേതിന്‌ അങ്ങോട്ട്‌ ചെല്ലുമ്പോ നമുക്ക്‌ പണ്ട്‌ നഷ്ടപ്പെട്ട വാരിയെല്ലുമാത്രമാണ്‌ പെണ്ണ്‌ എന്ന ചിന്തയൊന്നും അവറ്റകള്‍ക്കുണ്ടായെന്നുവരില്ല. സ്വന്തം വാരിയെല്ലുകൊണ്ട്‌ കോല്‍ക്കളി കളിക്കാനുള്ള നമ്മുടെ മൗലീകാവകാശത്തെയും ലലനാമണികള്‍ ചോദ്യംചെയ്‌തുകളയും. അക്ഷരം പഠിച്ചതോടുകൂടി അവററകളുടെ സഹവാസം പിശാശിനോടൊപ്പമാണ്‌. പണ്ട്‌ കണ്ണ്‌ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ വിലക്കപ്പെട്ട തുല്യതയിലാണ്‌. കര്‍ത്താവേ ഇവര്‍ക്കുവേണ്ടതെന്തെന്ന്‌ ഇവര്‍ക്കുതന്നെയറിയില്ല. വേണ്ടാത്തതെല്ലാം കൊടുത്തേക്കേണമെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.

അതെല്ലാം പോട്ടെ. പലരുടെയും സ്‌പെഷലൈസേഷന്‍ ചൈല്‍ഡ്‌ ആന്റ്‌ ഗേ ഇടപാടുകളായതുകൊണ്ട്‌ നിയന്ത്രണാദികാര്യങ്ങളില്‍ വേണ്ടത്ര അറിവുണ്ടാവണമെന്നില്ല. പല പുരോഹിതന്‍മാരുടെയും സ്വവര്‍ഗപ്രേമം പുറത്തായപ്പോള്‍ ഒരുവന്‍ തട്ടിവിട്ടത്‌ `ദാറ്റീസ്‌ വൈ മേരി ഈസ്‌ സ്‌റ്റില്‍ എ വേര്‍ജിന്‍` എന്നായിരുന്നു.

അമേരിക്കയില്‍ ഇപ്പോള്‍ 24ശതമാനമാണ്‌ കത്തോലിക്കക്കാര്‍. നയിക്കുന്നത്‌ വേദപുസ്‌തകമാണ്‌. പറഞ്ഞിട്ടെന്തുകാര്യം. നാലാളുടെ ശമ്പളം ഒന്നായിട്ട്‌ കൊണ്ടുപോകണമെങ്കില്‍ തോക്കേന്തിയ സൈന്യം കൂടെയുണ്ടാവണം. ന്യൂ ഓര്‍ലിയന്‍സില്‍ വെള്ളം കയറിയപ്പോ സെക്കന്റുവച്ചാണ്‌ ആത്മീയത മൊത്തം ഒലിച്ചുപോയത്‌. പകരം കൊള്ളയും കൊള്ളിവെപ്പും.

മാനുഷീക മൂല്യങ്ങള്‍ അളക്കുവാന്‍ ഏറ്റവും നല്ല ഉപകരണമാണ്‌ പ്രകൃതിദുരന്തങ്ങള്‍. അവിടെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ പിശാചു മുന്നിലും വേദപുസ്‌തകം പിന്നിലുമായി സഞ്ചരിക്കുന്നതാണ്‌ ലോകം കണ്ടത്‌. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒരു പോക്കറ്റടിപോലും നടന്നില്ല. പോക്കറ്റടിക്കാര്‍ കൂടി അന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തി. ആളുകളെല്ലാം മുങ്ങിച്ചത്താല്‍ നാളെ അടിക്കാന്‍ പോക്കറ്റുണ്ടാവുമോ? അത്തരം ആത്മീയബോധമെല്ലാം സായിപ്പ്‌ നമ്മളെക്കണ്ട്‌ പഠിക്കണം.

പോപ്പിന്റെ അഭിപ്രായത്തില്‍ അമേരിക്ക ആധുനീകോത്തര രാജ്യം മാത്രമല്ല ആത്മീയതയുടെ ഏദന്‍തോട്ടവും കൂടിയാണ്‌. ലോകത്തിലെതന്നെ അങ്ങിനെയുള്ള ഏകരാജ്യം.. 'ദി ജിയോഗ്രാഫി ഓഫ്‌ ബ്ലിസ്‌' എന്ന പുസ്‌തകത്തിന്റെ കര്‍ത്താവായ എറിക്‌ വെയ്‌നര്‍ ഒരു കാര്യം അതിലെഴുതിയിട്ടുണ്ട്‌. അടുത്തിറങ്ങിയ ആ പുസ്‌തകത്തില്‍ ലോകത്തില്‍ ജനങ്ങള്‍ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന രാഷ്ട്രങ്ങളെപ്പറ്റി പറയുന്നു. ആദ്യത്തെ അഞ്ചെണ്ണം ഡെന്‍മാര്‍ക്ക്‌, സ്വിറ്റ്‌സര്‍ലാന്റ്‌, ഓസ്‌ട്രിയ, ഐസ്‌ ലാന്റ്‌ പിന്നെ ഫിന്‍ലാന്റും. അമേരിക്ക ചിത്രത്തിലെവിടെയുമില്ല. പരിശുദ്ധ പിതാക്കള്‍ കളവു പറയുകയില്ല. ഒരബന്ധം പോലീസുകാരനും ഭൂഷണം എന്നാണല്ലോ.

മനുഷ്യമനസ്സ്‌ ഒരു ഭ്രാന്തന്‍ കുതിരയാണെന്ന്‌ പണ്ടൊരു സന്ന്യാസി പറഞ്ഞിട്ടുണ്ട്‌. ആ ഭ്രാന്തന്‍ കുതിരയെ നേര്‍വഴി നടത്താനുള്ള ഷോക്കുചികിത്സയാണ്‌ അല്‌പം ആത്മീയത. അല്ലാതെ അത്‌ ഭ്രാന്തന്‍കുതിരയ്‌ക്ക്‌ നട്ടപ്പിരാന്തിളക്കിവിടാനുള്ള 'കുതിരയ്‌ക്കുകൊടുക്കുന്ന സംഗതി' യാവരുത്‌. അപ്പോള്‍ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയ അവസ്ഥയാണുണ്ടാവുക. അതാണിപ്പോള്‍ സംഭവിച്ചത്‌.

ആത്മീയതയ്‌ക്ക്‌ എതെങ്കിലും മതത്തിന്റെയോ ജാതിയുടേയോ ഊന്നുവടിയുടെ ആവശ്യമൊന്നുമില്ല. ഇന്ത്യയിലെ ആത്മീയ മുതലാളിമാരെ നോക്കുക. അവരുടെയെല്ലാം വാസം കൈലാസത്തിലും ഒന്നുകൂടി മെച്ചപ്പെട്ട പ്രദേശത്തായിരിക്കും. ബ്രഹ്മജ്ഞാനത്തിലും മീതെയുള്ള സകലതും കലക്കിക്കുടിച്ച്‌ ഹിന്ദുമതത്തിനും രണ്ടടി മുകളിലായി മദോന്മസ്ഥരായിട്ടായിരിക്കും ഇരിപ്പ്‌. അവരെ വേണം കണ്ടുപഠിക്കാന്‍.

ശ്വാസംവലിസ്വാമിയുടെ കച്ചോടം അന്തരീക്ഷത്തില്‍ ഓക്‌സിജനുള്ള കാലത്തോളം നില്‌ക്കും. അമ്മയുടെ ബിസിനസ്സ്‌ ലോകത്തില്‍ സ്‌നേഹത്തിനു ക്ഷാമമുള്ള കാലത്തോളവും. സ്‌നേഹത്തിന്റെ കുത്തകളായ ആത്മീയാചാര്യന്‍മാര്‍ പൂഴ്‌ത്തിവെപ്പ്‌ നിര്‍ത്തി ചില്ലറവിതരണം മാവേലിസ്റ്റോറുവഴിയാക്കുന്ന കാലത്തോളം ആ കച്ചോടവും തകര്‍ക്കും.

അച്ചന്‍മാരുടെ ആത്മീയത ബൈബിളിനെ ചുറ്റിപ്പറ്റിമാത്രമാവുന്നതുകൊണ്ടാണ്‌ പ്രശ്‌നമാവുന്നത്‌. ഇല്ലെങ്കില്‍ ജനസംഖ്യ പടവലം പോലെ താഴോട്ടു വളരില്ലായിരുന്നു. അതളന്നു നോക്കാന്‍ ആരും മുതിരുകയുമില്ലായിരുന്നു.

ഹിന്ദുക്കളെ നോക്കിയാട്ടെ. ആകെയെത്രയുണ്ടെന്നതിന്റെ കണക്ക്‌ ലോകത്തെ ഗണിതശാസ്‌ത്രപണ്ഡിതന്‍മാര്‍ മൊത്തമിരുന്നു ഗണിച്ചാലും കിട്ടുകയില്ല. കണ്ണുകാണാത്ത ഡ്രൈവര്‍മാര്‍ അഥവാ ആചാര്യന്‍മാര്‍ നൂറുകണക്കിന്‌. രഥം ഒന്ന്‌ ഹിന്ദുമതം. കുരുടന്‍മാര്‍ ഓരോരുത്തരും തോന്നിയപോലെ വലിക്കുന്നു. ദൈവം സഹായിച്ച്‌ രഥം നിന്നിടത്തുതന്നെ നില്‌ക്കുന്നു. വിശ്വസിക്കുന്നവനും ഹിന്ദു. അവിശ്വസിക്കുന്നവനും ഹിന്ദു. ഉള്ളവനുതന്നെ വിശ്വാസമില്ലാത്തപ്പോള്‍ പിന്നെ മറ്റുള്ളവനെ മതം മാറ്റാന്‍ പോയി തല്ലുവാങ്ങിക്കേണ്ട കാര്യവുമില്ല.

പോപ്പ്‌ കുറച്ചുമുമ്പ്‌ ഇന്ത്യയെപ്പറ്റി ഒരു കമന്റും പാസാക്കിയിരുന്നു. ഇന്ത്യയില്‍ മതം മാറ്റത്തിന്‌ നിയന്ത്രണമുണ്ടാവരുതെന്നോ മറ്റോ. കേട്ടാല്‍ തോന്നുക വത്തിക്കാനില്‍ ഉടുതുണി മാറ്റാനാണ്‌ വിഷമം. മതംമാറലാണ്‌ അതിലുമെളുപ്പം. പോപ്പിനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കവയ്യാണ്ടായപ്പോഴാണല്ലോ സായിപ്പ്‌ സെക്യുലാറിസം കണ്ടുപിടിച്ചത്‌. സീസറുടേത്‌ സീസറിനും പള്ളിയുടേത്‌ പള്ളിക്കും എന്നു സായിപ്പിനു കിട്ടിയത്‌ കണ്ണുതുറന്ന്‌ കിഴക്കോട്ടുനോക്കിയപ്പോഴാണ്‌. അതെല്ലാം വിശുദ്ധപിതാക്കന്‍മാര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. മുന്നൂറുകൊല്ലം മുമ്പേ സെക്യുലാറിസം കണ്ടുപിടിച്ചവര്‍ മൂവായിരം കൊല്ലം മുമ്പേ സെക്യുലറായവരെ പഠിപ്പിക്കാന്‍ നോക്കരുത്‌. വേണമെങ്കില്‍ സ്ലേറ്റും പുസ്‌തകവുമെടുത്ത്‌ ഇങ്ങോട്ടുവരികയാവാം. പട്ടത്തിന്റ പോയ ചരട്‌ വീണ്ടെടുക്കാനുള്ള മന്ത്രം പഠിക്കാന്‍.


April 15, 2008

ഗോവന്‍ ബലാല്‍സംഗ മനശ്ശാസ്‌ത്രം

"വെള്ളക്കാരി പെമ്പിള്ളാരെ കിടക്കയിലേക്കെത്തിക്കുകയാണ്‌ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്ന്‌. അവര്‍ ഗോവയിലെത്തുന്നതും അതിനുവേണ്ടിത്തന്നെയാണ്‌. അവരാഗ്രഹിക്കുന്നത്‌ എന്നെപ്പോലുള്ളവര്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. യാതൊരു ബാദ്ധ്യതയും ബാക്കിവെക്കാതെ ജീവിതം ആസ്വദിക്കലാണവരുടെ ലക്ഷ്യം" ഗോവയിലെ അന്‍ജുനാ ബീച്ചിലെ ഒരു കണക്കപ്പിള്ള പയ്യന്റെ വാക്കുകളാണിത്‌. പ്രസിദ്ധീകരിച്ചത്‌ ടെഹല്‍ക്കയും (മാര്‍ച്ച്‌ 29, 2008). നിത്യനും കണ്ടിട്ടുണ്ട്‌ ഗോവയിലെ ഇത്തരം മഹാന്‍മാരെ. കടപ്പുറത്തെ ഉണക്കയിലയില്‍ നിന്നും വല്യ വ്യത്യാസമൊന്നുമില്ലാത്ത ഈ ശ്രീകൃഷ്‌ണന്‍മാര്‍ പകരുന്ന ശയനസുഖം കൊണ്ടുമാത്രമാണ്‌ മദാമ്മമാര്‍ ഗോവ വിടാത്തത്‌. ആഹഹ.

സായിപ്പിന്റെ നാട്ടിലിപ്പോള്‍ മനുസ്‌മൃതി തുറന്നുവച്ചിട്ടാണ്‌ ഭരണമെന്നാണ്‌ കേട്ടാല്‍ തോന്നുക. ഇനി അതല്ലെങ്കില്‍ നല്ല ഒന്നാംതരം ഏദന്‍തോട്ടം പുന:സൃഷ്ടിക്കപ്പെട്ടതായിരിക്കണം. വിലക്കപ്പെട്ട കനികാണുമ്പോള്‍ വിലക്കുമറക്കുന്ന ഔവ്വയും ഔവ്വയെക്കണ്ടാല്‍ സര്‍വ്വം മറക്കുന്ന ആദാമും ഔവ്വയുടെ ദൗര്‍ബല്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സാത്താനായി സര്‍പ്പവും ഒന്നുമില്ലാത്ത സുന്ദരലോകം. പിന്നെയും എന്തിനാ കര്‍ത്താവ്‌ വിലക്കപ്പെട്ട കനി വീണ്ടും നട്ടുപിടിപ്പിച്ചതെന്നുമാത്രം ആരും ചോദിക്കരുത്‌.

പ്യൂററ്റോ പ്രിന്‍സിപ്പിള്‍ എന്നൊരു സംഗതിയുണ്ട്‌. വില്‍ഫ്രഡോ പാരറ്റോ എന്ന ഇറ്റാലിയന്‍ ഇക്കണോമിസ്‌റ്റിന്റെ തീയ്യറി. എന്തുസംഗതിയെടുത്താലും അതിന്റെ 80 ശതമാനം ഫലത്തിനും പിന്നില്‍ മൊത്തം അദ്ധ്വാനത്തിന്റെ 20 ശതമാനംമാത്രമായിരിക്കും. ഉദാഹരണമായി ഒരു ഫാക്ടറിയിലെ 80ശതമാനം ജോലിയും ചെയ്യുക അവിടുത്തെ 20 ശതമാനമായിരിക്കും. മാനേജ്‌മെന്റിലെ 20 ശതമാനം ബുദ്ധിയുള്ളവരായിരിക്കും അവിടുത്തെ 80 ശതമാനം നിര്‍ണായക തീരുമാനങ്ങളുമെടുക്കുക. ഈ തീയ്യറി വച്ച്‌ ഗോവയിലെ 80 ശതമാനം ബലാല്‍സംഗം, മയക്കുമരുന്ന്‌, കൊലപാതകകേസുകള്‍ക്കും ഉത്തരവാദികള്‍ മൊത്തം ക്രിമിനലുകളുടെ 20 ശതമാനമായിരിക്കും.

അവിടുത്തെ ശരിയായ ക്രിമിനല്‍ കടപ്പുറത്തെ നേരത്തെപ്പറഞ്ഞ ഉണക്കയല പോലത്തെ ചരക്കുകളല്ല. പോലീസുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്‌. ബ്രിട്ടനിലെ പോലീസുകാരുടെ അതേ തങ്കപ്പെട്ട സ്വഭാവമായിരിക്കും ഗോവയിലെ പോലീസിനും എന്നുകരുതിയാണ്‌ ബലാല്‌സംഗം ചെയ്‌തശേഷം കൊന്നുവലിച്ചെറിയപ്പെട്ട സ്‌കാര്‍ലറ്റ്‌ കീലിങ്ങ്‌ എന്ന പതിനാറുകാരി പെണ്‍കുട്ടിയുടെ അമ്മ ഫിയോണ അവളുടെ ഡയറി പോലീസുകാര്‍ ചോദിച്ചപ്പോള്‍ കൊടുത്തത്‌. മകളുടെ കൊലപാതകത്തിന്‌ എന്തെങ്കിലും ഒരു തെളിവ്‌ കിട്ടിയാലോ എന്നു കരുതി ആ പാവം. നമ്മുടെ പോലീസുകാര്‍ ചെയ്യാവുന്നതിന്റെ മാക്‌സിമം സഹായം ചെയ്‌തു. ബിലാത്തിയിലെ മഞ്ഞപ്പത്രങ്ങള്‍ക്ക്‌ ആ കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ വിറ്റുകാശാക്കി.

ആദ്യം അമ്മയോടു പറഞ്ഞു. മകള്‍ മുങ്ങിമരിച്ചു. അമിതമായി മയക്കുമരുന്നടിച്ചതുകാരണം. ആ അമ്മ കേരളത്തില്‍ നിന്നും മറ്റു പിഞ്ചുകുട്ടികളോടൊപ്പം ഗോവയിലെത്തി മകളുടെ ശരീരം തിരിച്ചും മറിച്ചുമിട്ട്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ മുറിവുകളൊന്നും ഗോവയിലെ പോലീസുകാരുടെയും കുട്ടിയെ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്ടറുടെയും ശ്രദ്ധയിലേ പെട്ടില്ല. സ്‌്‌കാര്‍ലറ്റ്‌ ധരിച്ചിരുന്ന ബിക്ക്‌നിയുടെ അടിഭാഗം മൃതദേഹത്തില്‍ കാണാനില്ല. അവളുടെ ടോപ്പ്‌ മുലയ്‌ക്കു മുകളിലായി വലിച്ചുകയറ്റിവച്ചിരിക്കുന്നു. ഒടുവില്‍ അവളുടെ അടിവസ്‌ത്രം അമ്മ തേടിപ്പിടിച്ചത്‌ മകള്‍ ബലാല്‌സംഗം ചെയ്യപ്പെട്ട ഷാക്കിന്റെ പിന്‍വശത്തുനിന്നുമാണ്‌. അവളുടെ കാലിലെ മോതിരവും മോഷണംപോയിരിക്കുന്നു. ഇതൊന്നും ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടില്ല. കാതിലും. ആ അമ്മ ഇതെല്ലാംഅവറ്റകളുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സംഗതി മാറി. പിന്നെ ഭീഷണി. കേന്ദ്രത്തോടാവശ്യപ്പെട്ട്‌ വിസാ കാലാവധി നീട്ടിത്തരാതെ തിരിച്ചയക്കും എന്നു ഭീഷണിപ്പെടുത്തിയത്‌ ഗോവന്‍ അഭ്യന്തരമന്ത്രി തന്നെയാണെന്നും ഫിയോണ നിലവിളിക്കുന്നു.

കുട്ടിയുടെ ഡയറി മഞ്ഞപ്പത്രത്തിനുവിറ്റവര്‍ അവളുടെ അമ്മ ഉറങ്ങിയ പായകളുടെ എണ്ണമെടുക്കാന്‍ പോയി. തികച്ചും സ്വാഭാവികം. ഒരു വിവാഹം പോലും കഴിക്കാതെ നാലാളുകളിലായി 9 മക്കളെ പ്രസവിച്ചവളാണ്‌ ഫിയോണ എന്ന്‌ പോലീസുകാര്‍ കുരവയിട്ടു. മാധ്യമങ്ങള്‍ ഏറ്റുപാടി. വിവാഹമെന്ന സ്ഥാപനത്തിന്‌ എതിരാണ്‌ താന്‍ എന്ന്‌ ഫിയോണ ചങ്കൂറ്റത്തോടെ പറഞ്ഞത്‌ മാത്രം വിലപ്പോയില്ല. ഫിയോണയെയും മകള്‍ സ്‌കാര്‍ലറ്റിനെയും കല്ലെറിഞ്ഞവരൊന്നും തന്റെ തന്ത ഇന്ന എരപ്പാളിയാണെന്ന ഡി.എന്‍.എ സര്‍ട്ടിഫിക്കറ്റും വച്ചല്ല നടക്കുന്നത്‌.

ഇനി ഒരു അവിവാഹിതക്ക്‌ നാലുപേരിലായി ഒമ്പതുപിള്ളാരുണ്ടായാല്‍ അതിലൊന്നിനെ ഗോവന്‍ കടപ്പുറത്തുവച്ച്‌ വച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌ത്‌ കൊന്ന്‌ കടലില്‍ തള്ളണം എന്നെവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ? ഫിയോണയുടെ പേരിലുള്ള മറ്റൊരാരോപണം 15 വയതിനുള്ള ഒരു പെണ്ണിനെ ഒറ്റക്ക്‌ ഒരു ഗൈഡിന്റെ കൂടെ വിട്ടിട്ട്‌ അവള്‍ ലോകംചുറ്റാന്‍ പോയി എന്നാണ്‌. പറയുന്ന പരിഷകള്‍ ഒന്നുകൂടിയറിയണം. ബ്രിട്ടനില്‍ വിവാഹപ്രായം 16ാണെന്ന വസ്‌തുത. വരുന്ന ജൂണ്‍ 16ന്‌ സ്‌കാര്‍ലറ്റിന്‌ 16 വയസ്സാകും എന്നും ഫിയോണ. ഏതായാലും മൂത്രത്തില്‍ പിടിച്ചുകയറാനുള്ള ശ്രമമാണ്‌ ഗോവന്‍ അധികൃതര്‍ സ്‌കാര്‍ലറ്റിന്റെ കാര്യത്തില്‍ നടത്തിയത്‌.

ജനുവരി മുതല്‍ മൊത്തം 22 വിദേശികള്‍ ഗോവന്‍ തീരത്തു മരിച്ചിട്ടുണ്ട്‌. മരിച്ച 11 ബ്രിട്ടീഷുകാരില്‍ അവസാനത്തേതാണ്‌ സ്‌കാര്‍ലറ്റ്‌. കാര്യമായൊരന്വേഷണവും ഇക്കാര്യത്തില്‍ ആവശ്യവുമില്ല. എല്ലാം മയക്കുമരുന്നുവിഭാഗത്തില്‍ വരവുവെയ്‌ക്കുകയാണ്‌ പതിവ്‌.

നടക്കുന്ന ബലാല്‍സംഗത്തിന്റെ കണക്കുകള്‍ ഒരു ശതമാനം പോലും മിക്കവാറും കണക്കുപുസ്‌തകത്തിലെത്താറില്ല. തല്‌ക്കാലം സിംഗിളല്ലേ നടന്നുള്ളൂ. കൂട്ടം തടയാത്തതുകൊണ്ട്‌ തടികിട്ടി. ഇനി പരാതിപറയാന്‍ പോയാല്‍ അടുത്തതും നടക്കും തനിക്കുമുമ്പേ മാനം കപ്പലുകയറും എന്ന സ്ഥിതിയായാല്‍ പിന്നെന്തു പരാതി. കിട്ടിയ ഫ്‌ളൈറ്റിന്‌ സ്ഥലം കാലിയാക്കലാണ്‌ നല്ലതെന്ന ഉത്തമവിശ്വാസത്തിലാണ്‌ സഞ്ചാരികള്‍.

എന്തുകൊണ്ട്‌ ഗോവന്‍തീരം മയക്കുമരുന്നിന്റെ പിടിയിലമരുന്നു? ആരാണ്‌ ഗോവയിലെ കടല്‍തീരങ്ങള്‍ കൈയ്യടക്കിവച്ചിരിക്കുന്നത്‌? ഗോവയിലെ മാവിന്‍തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറിയതെങ്ങിനെയാണ്‌? അവിടുത്തെ കര്‍ഷകര്‍ എങ്ങോട്ടുപോയി? ഇത്രയും മനോഹരമായ ഒരു പ്രദേശം എങ്ങിനെ വെറുമൊരു കോണ്‍ക്രീറ്റുകാടായി? കേരളക്കരയില്‍ ഭൂമിമാഫിയ ആണെങ്കില്‍ ഗോവക്കാര്‍ക്ക്‌ അത്‌ ലാന്റ്‌ ഷാര്‍ക്ക്‌ (ഭൂസ്രാവുകള്‍) ആണ്‌. സര്‍ക്കാര്‍ ഭൂമിയെല്ലാം ചില്ലാക്കാശിന്‌ കൈക്കലാക്കി കൊടികുത്തിവാഴുന്നവര്‍. ഒരോ സ്‌ക്വയര്‍ഫീറ്റ്‌ മണ്ണില്‍ നിന്നും ടൂറിസം വകയില്‍ ആദായമുണ്ടാക്കാന്‍ പറ്റുമ്പോള്‍ അഴിമതി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. ലാഭം കൊയ്യാന്‍ മയക്കുമരുന്നുകള്‍ തലങ്ങും വിലങ്ങും ഒഴുകുന്നു.

വിദേശികള്‍ക്ക്‌ യഥേഷ്ടം ഭുമി വാങ്ങിക്കൂട്ടുന്നതിന്‌ ഗോവയില്‍ തടസ്സമില്ല. റഷ്യക്കാര്‍ക്കും ഇസ്രയേലികള്‍ക്കും അവിടെ മയക്കുമരുന്നുവ്യാപാര സൃംഖലകളുണ്ടെന്നാണ്‌ വെളിപ്പെടുന്നത്‌. എല്ലാ വെളിപ്പെടലുകള്‍ക്കുമായി ഒരു നരബലി നടത്തേണ്ടിവന്നു. സ്‌കാര്‍ലറ്റ്‌. അവിടെയാണ്‌ മാധ്യമങ്ങളുടെ പിഴ. വലിയ പിഴ. സംഭവിക്കേണ്ടുന്നത്‌ സംഭവിക്കുന്നതിനുമുന്‍പേ പ്രവചിക്കലുതന്നെയാണ്‌ മാധ്യമങ്ങളുടെ കടമ. അല്ലെങ്കില്‍ പിന്നെ ഇതിനെക്കൊണ്ടെന്തുകാര്യം? കുട്ടനാട്ടില്‍ യന്ത്രമിറക്കാന്‍ പറ്റാത്ത സ്ഥിതി പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഇന്നലെയാണോ കിട്ടിയത്‌ ഇത്രയും ചാനലുകളും തേരാപ്പാര നടക്കുന്ന പത്രക്കാരും ഉണ്ടായിട്ടും സംഭവിക്കാതിരിക്കേണ്ടതെല്ലാം സംഭവിച്ചപ്പോള്‍ മാത്രമാണ്‌ ജനമറിഞ്ഞത്‌.

അബന്ധത്തില്‍ വന്നുപെടുന്ന സ്‌കാര്‍ലറ്റുമാര്‍ സുഹൃത്തുക്കളെ വിശ്വസിക്കുന്നു. പിന്നെ പ്രശസ്‌ത കവയിത്രി ദൊരോത്തി പാര്‍ക്കര്‍ എഴുതിയപോലെ.
ഐ ലൈക്‌ റ്റു ഹാവ്‌ എ മാര്‍്‌ട്ടിനി
ടൂ അറ്റ്‌ ദ വെരി മോസ്‌റ്റ്‌
ത്രീ അയാം അണ്ടര്‍ ദ ടേബ്‌ള്‍
ഫോര്‍ അയാം അണ്ടര്‍ ദ ഹോസ്‌റ്റ്‌
ഭാഗ്യം ദൊരോത്തി ഫിഫ്‌ത്ത്‌ ഐ വില്‍ ബി അണ്ടര്‍ ദ വേവ്‌സ്‌ എന്നെഴുതിയില്ല. ആ വരികള്‍ സ്‌കാര്‍ലറ്റ്‌ കൂട്ടിച്ചേര്‍ക്കട്ടെ.

സ്‌കാര്‍ലറ്റിന്‌ ഈ ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കും വേണമെങ്കില്‍ ഭോഗിക്കാം. ആരുമെതിരല്ല അവളുടെ സമ്മതമുണ്ടെങ്കില്‍. മദ്യപിച്ച വേളയില്‍ അബോധാവസ്ഥയില്‍ മൂളിയ സമ്മതത്തോടെയുള്ള ശാരീരികബന്ധം പോലും ബലാല്‍സംഗമാണെന്ന്‌ നിയമവിദഗ്‌ധര്‍.

എന്തുകൊണ്ട്‌ ജനുവരിതൊട്ട്‌ മൂന്നുമാസത്തിനുള്ളില്‍ 11 ബ്രിട്ടീഷുകാര്‍ തന്നെ കൊല്ലപ്പെട്ടിട്ടും ഇവിടെയൊരന്വേഷണം നടന്നില്ല, സായിപ്പിന്റെ നായ ഇന്ത്യയില്‍ ചത്താല്‍ സമാധാനം പ്രധാനമന്ത്രി പറയണമെന്നു പറയുന്നവര്‍ക്ക്‌ എന്തേ ഈ ജീവനുകള്‍ക്കൊന്നും വിലയില്ലേ? അതായത്‌ ലേഖനത്തിന്റെ ആദ്യം വരുന്ന പയ്യന്റെ വാക്കുകളിലേക്കുതന്നെ മടങ്ങാം. ബ്രിട്ടനിലെയും മറ്റ്‌ സമ്പന്ന രാഷ്ട്രങ്ങളിലെ പരമദരിദ്രനാരായാണന്‍മാരെയാണ്‌ ടൂറിസ്റ്റുകളായി ഇങ്ങോട്ടുകെട്ടിയെടുക്കുന്നത്‌. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പുറമ്പോക്കിലാണവരുടെ സ്ഥാനം. പട്ടിയുടെ വിലപോലുമില്ലാത്തവര്‍. ആദായത്തില്‍ ഒരുനേരത്തേക്കുള്ള മയക്കുവെടി തരപ്പെടുത്താന്‍ വേണ്ടിമാത്രം ഗോവയിലെ ഏത്‌ ഉണക്കയലകള്‍ക്കും ഭോഗിക്കാനായി കിടന്നുകൊടുക്കുന്നവര്‍. നാലുമുക്കാലിനു ഗതിയുള്ള സായിപ്പിന്‌ പോകാനും ഉടുതുണിയഴിക്കാനും നല്ല ന്യൂഡ്‌ ബീച്ചുകള്‍ ഇഷ്ടം പോലെ ലോകത്തുണ്ട്‌. അവരങ്ങോട്ടാണ്‌ പോവുക. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാത്രം ടൂറിസ്‌റ്റുകളായവര്‍ ഇങ്ങോട്ടും.

ഫിയോണ പറഞ്ഞ വസ്‌തുതയോര്‍ക്കുക. മൂപ്പര്‍ അവിടെ കുതിരഫാം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തവണത്തെ വെക്കേഷന്‍ ഇന്ത്യയിലാക്കാന്‍ വേണ്ടി അവര്‍ ഒരു കുതിരയെ വിറ്റു. അതായത്‌ അര ഡസനിലേറെ പിള്ളേരെയും കൂട്ടി ഇന്ത്യയില്‍ വന്ന്‌ മാസങ്ങളോളം ജോളിയടിച്ച്‌ തിരിച്ചുപോകാന്‍ ഒരു കുതിരയെ അവിടെ വിറ്റാല്‍ മതി. ഇപ്പോ അക്കൂട്ടര്‍ ഗോവാ കടപ്പുറത്തേക്ക്‌ വരുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിക്കാണും. ചത്താലും കൊന്നാലും ഒരമ്പാസിഡറും ഒരുചുക്കും ചോദിക്കാന്‍ പോകുന്നില്ല.

ഇന്ത്യക്കാരിയെ ബലാല്‌സംഗം ചെയ്യുന്നതിലും എന്തുകൊണ്ടും സുരക്ഷിതം മദാമ്മയെ ചെയ്യുന്നതാണെന്ന ഗോവന്‍ മനശ്ശാസ്‌ത്ര രഹസ്യവും ഇതുതന്നെയാണ്‌. നോക്കണേ ഇലനക്കിയവന്റെ ചിറി നക്കി നാം ഉണ്ടാക്കുന്ന വിദേശനാണ്യത്തിന്റെ ദുര്‍ഗന്ധം. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത മദാമ്മക്ക്‌ ശയനസുഖം പകര്‍ന്നുകൊടുത്ത്‌ ജീവിതം പച്ചപിടിപ്പിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ദൈന്യത.

April 11, 2008

രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും പിന്നെ ദരിദ്രവാസികളും

ഒരെഴുത്തുകാരന്റെ അല്ലെങ്കില്‍ കലാകാരന്റെ ഏറ്റവും വലിയ പ്രതിബന്ധത ജനങ്ങളോടാണ്‌. ആരാന്റെ ഘടികാരത്തിനനുസരിച്ച്‌ സ്വജീവിതം ചിട്ടപ്പെടുത്തുന്നവര്‍ പെരിയ ശാസ്‌ത്രജ്ഞനായില്ലെങ്കില്‍ ചിന്ന കോല്‍ക്കാരനെങ്കിലുമാവുകയാണ്‌ പതിവ്‌. അവനവന്റെ ജീവിതരീതിക്കനുസരിച്ച്‌ ഘടികാരസൂചികള്‍ ഒപ്പിച്ചുവെക്കുന്നവരാണ്‌ കലാകാരന്‍മാരാവുക. അങ്ങിനെയുള്ളവര്‍ വല്ലതുമായിപ്പോയെങ്കില്‍ നേരെ പോയി കാലുപിടിക്കേണ്ടത്‌ ജനങ്ങളുടേതാണ്‌. കലാകാരനെ സംബന്ധിച്ചിടത്തോളം ഭരണകൂടം എന്നുപറഞ്ഞാല്‍ തൊഴുതുനിന്ന്‌ പട്ടുംവളയും വാങ്ങി വാലാട്ടി നില്‌ക്കുവാനുള്ള വേദി കെട്ടിക്കൊടുക്കുന്ന സ്ഥാപനവുമല്ല. മാനം മര്യാദയായി നീണ്ടുനിവര്‍ന്നുനിന്ന്‌ നട്ടെല്ലുവളയാതെ നാലുചീത്ത വിളിക്കേണ്ട സംഗതിയാണ്‌. അതുകൊണ്ടാണ്‌ കേരളത്തിലെ എഴുത്തുകാരില്‍ സ്വന്തമായൊരു തലയും നട്ടെല്ലുമുണ്ടായിരുന്ന നാരായണപിള്ള 'എഴുത്തുകാര്‍ വളര്‍ത്തുപട്ടികളാവരുത്‌ തെരുവുപട്ടികളാകണം' എന്നു പറഞ്ഞത്‌.

കഴിഞ്ഞദിവസം കേരളത്തില്‍ ചലച്ചിത്രഅവാര്‍ഡുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. അക്കാദമി പുല്ലുതിന്നാത്തത്‌ കേരളത്തില്‍ അവശേഷിക്കുന്ന പൈക്കളുടെ ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്‌. ഏതവാര്‍ഡ്‌ കമ്മിറ്റിയെയും എക്കാലത്തും കുഴയ്‌ക്കുന്നത്‌ ഒരു സംഗതിയാണ്‌. കൈ നക്കുന്നവന്‌ കൊടുക്കണമോ അതോ കാല്‍ നക്കുന്നവനു കൊടുക്കണമോ എന്ന ദാര്‍ശനീകമായ ചോദ്യം. ആയൊരവസരത്തിലാണ്‌ ചെയര്‍മാന്റെ യുക്തമായ തീരുമാനത്തിന്‌ മേമ്പ്രന്‍മാര്‍ വിഷയം വിടുക. കൈനക്കുന്നവനെക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ കാല്‌നക്കുന്നവന്‍ തന്നെയായതുകൊണ്ട്‌്‌ അവനുകൊടുക്കണം എന്ന ഉചിതമായ തീരുമാനം കൈക്കൊള്ളലാണ്‌ ചെയര്‍മാന്റെ കടമ.

അതുകൊണ്ടുതന്നെ ചെയര്‍മാന്‌ ഭാഷയുടെ യാതൊരാവശ്യവുമില്ല. നല്ലതും ഒട്ടുമറിയാത്തതാണ്‌. മലയാളം കേട്ടയാളെ കൂടി കണ്ടിട്ടില്ലാത്തൊരാളാണെങ്കില്‍ ഏറ്റവും മുന്തിയ സിലക്ഷന്‍ എന്നുപറയാം. ഗായകരുടെ അക്ഷരശുദ്ധിക്ക്‌ മാര്‍ക്കിടുവാന്‍ ഭാഷാന്ധത ഒരു വലിയ അനുഗ്രഹവുമാകും. രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല.

മഹാത്മാഗാന്ധിക്ക്‌ കിട്ടാത്ത സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലോകത്തെത്രയാള്‍ക്കുകിട്ടി. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സമ്മാനം അതായതുകൊണ്ട്‌ കിട്ടിയവരെല്ലാം ഗാന്ധിജിയെക്കാളും മികച്ച സമാധാനപ്രവാചകനാണെന്ന്‌ നോബല്‍ കമ്മിറ്റിയിലെ വിവരദോഷികള്‍ കൂടി പറയുമെന്നു തോന്നുന്നില്ല.

സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിമേയാന്‍ കാശില്ലാത്ത, സ്‌കൂളില്‍ പോകാന്‍ പിള്ളേര്‍ക്ക്‌ ഉടുതുണിയില്ലാത്ത, ഉടുതുണി കിട്ടിയാല്‍തന്നെ പോകാന്‍ കിലോമീറ്ററുകണക്കിന്‌ ഇന്നും സര്‍ക്കാര്‍ വിദ്യാലയമില്ലാത്ത, കര്‍ക്കിടകം മുട്ടിവിളിക്കുമ്പോള്‍ ഉള്ള വിദ്യാലയങ്ങള്‍ തന്നെ ഇടിഞ്ഞുവീണ്‌ പിള്ളേര്‍ കാലഗതിപ്രാപിക്കുന്ന നരകമാണിവിടം. അത്തരമൊരു സമൂഹത്തിന്‌ ഈ മഹാമഹവും അനന്തരം അനിവാര്യമായ പുലഭ്യം പറയലും കേള്‍ക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ നാലുസ്‌തുതി പറയുവാന്‍ തോന്നിയാല്‍ എന്തദ്‌ഭുതം?

ഇപ്പോള്‍ത്തന്നെ അഭിനയത്തിന്റെയും ഗാനത്തിന്റെയും ഒക്കെ മര്‍മ്മം കണ്ടെത്തി ചികിത്സവിധിക്കാന്‍ പ്രത്യേകപരിശീലനം കിട്ടിയ നിലയവിദ്വാന്‍മാര്‍ മാതൃഭൂമിയിലും മനോരമയിലും ഏഷ്യാനെറ്റിലും ഒക്കെയായി തേരാപാരനടക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനു ബുദ്ധിമുട്ടുണം? അവരു കൊടുക്കട്ടെ. കൊടുത്തു കോണിയിറക്കട്ടെ. ഇനി അതും ജനത്തിന്റെ കാശാണെന്ന അഭിപ്രായമുള്ളവര്‍ കാണും. അവര്‍ക്ക്‌ ഒരു ബഹിഷ്‌കരണപ്രസ്ഥാനം തുടങ്ങാവുന്നതേയുള്ളൂ. ജനം പോയി ദേശാഭിമാനി വാങ്ങട്ടെ. കണ്‍കുളിര്‍ക്കെ കൈരളിയും കാണട്ടെ. പറ്റാത്തവര്‍ 'സന്ദ്രിക' വായിക്കട്ടെ. അതും പിടിക്കാത്തവര്‍ 'ജന്മഭൂമി'യില്‍ തപ്പി സത്യം കണ്ടുപിടിക്കട്ടെ.

ദരിദ്രരില്‍ ദരിദ്രന്‍മാരാണിവിടെ നികുതി മാനംമര്യാദയായി ഒടുക്കുന്നത്‌. ലോട്ടറിരാസാക്കന്‍മാരുടെ സഹസ്രകോടികള്‍ പോനാല്‍ പോകട്ടും പോട. ബാക്കിയുള്ളവറ്റകളുടെ അണ്ണാക്കിലേക്ക്‌ വല്ലതും വീഴാതെ ചത്തുപോകരുതെന്ന മഹാമനസ്‌കത ഒന്നുകൊണ്ടുമാത്രമായിരിക്കണം കുട്ടനാട്ടെ കര്‍ഷകന്‍ വിത്തിട്ടത്‌.

ആ പാവങ്ങള്‍ ആയിരങ്ങള്‍ കടം വാങ്ങി അവനവനു പണിയുണ്ടാക്കിവെക്കുന്നു. മിടുമിടുക്കന്‍മാര്‍ കോടികള്‍ കടംവാങ്ങി ബാങ്കിനു പണിയുണ്ടാക്കിവെക്കുന്നു. ഇതാണ്‌ കൃഷിയും കച്ചവടവും തമ്മിലുള്ള കാര്യമായ വ്യത്യാസം. വെള്ളം വറ്റിയ തോട്ടിലെ പരലുപോലെ കൃഷിക്കാര്‍ ശ്വസംപോകുന്ന അവസ്ഥയിലിരിക്കുമ്പോള്‍ അവാര്‍ഡ്‌ മഹാമഹം. മന്ത്രിമാര്‍ക്കും തന്ത്രിമാര്‍ക്കും മാധ്യമസിണ്ടിക്കേറ്റിനും പരമാനന്ദം.

ഈ ദരിദ്രസംസ്ഥാനത്ത്‌ ദ്രവിച്ച സ്‌കൂളുകള്‍ ഉരുണ്ടുവീണ്‌ കുട്ടികള്‍ വീരസ്വര്‍ഗം പൂകുന്ന ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍, ഒരു ജനതയെതീറ്റിപ്പോറ്റാന്‍വേണ്ടി വിത്തിട്ടവന്‍ കയറുമായി മരംകയറുന്ന സാക്ഷരസുന്ദര കേരളത്തിലെ ദരിദ്രവാസികളുടെ മടിക്കുത്ത്‌ പിടിച്ചുപറിച്ചിട്ട്‌ മോഹന്‍ലാലിനും മറ്റുള്ളവറ്റകള്‍ക്കും എന്താണാവോ നേടാനുള്ളത്‌? അയാള്‍ എഴുതിവിടുന്നതുപോലെ ഗുരുകാരണവന്‍മാരുടെ കടാക്ഷത്തിനാണെങ്കില്‍ സ്‌കോപ്പില്ല. ഏതുചിരജ്ജീവിക്കും അകാലമൃത്യുവിന്‌ സാദ്ധ്യതയുള്ള ശാപത്തിനുമാത്രമാണ്‌ സാദ്ധ്യത.

അച്ഛന്‍ ആനക്കാരനായതുകൊണ്ട്‌ മകന്റെ ആസനത്തിനു തഴമ്പുണ്ടാകും എന്നു തെളിയിച്ചതിനായിരിക്കണം വിജയിക്കവാര്‍ഡ്‌്‌ കെടച്ചത്‌. പാടിയിട്ടാവാന്‍ വഴിയില്ല.
വല്ലാത്തപാട്ടുകള്‍ പാടുന്നവനെക്കള്‍
പാടാത്തവന്‍ നല്ലൂ നിരൂപിച്ചാല്‍
എന്നു നമ്പ്യാര്‍ പണ്ടുപാടിയത്‌ ഇതെല്ലാം മുന്‍കൂട്ടി കണ്ടിട്ടു തന്നെയാവണം. അല്ലെങ്കില്‍ കീറ്റസ്‌ (അതോ വേറെയാരെങ്കിലോ) പാടിയപോലെ 'പാടിയ പാട്ടുകള്‍ മനോഹരം. പാടാത്തത്‌ അതിമനോഹരം.' അതെല്ലാംകൊണ്ട്‌ പാടാത്തതിനായിരിക്കണം കൊടുത്തത്‌.

നാലുപെണ്ണുങ്ങളാണ്‌ അടൂരിന്‌ വിനയായത്‌. ഒറ്റപ്പെണ്ണാണെങ്കില്‍ എന്തെങ്കിലും ഒപ്പിക്കാമായിരുന്നു എന്നാണേതാണ്ട്‌ ജുറിയുടെ അഭിപ്രായം. സംഗതി നാലുപെണ്ണുങ്ങളുടെ കഥയായിപ്പോയിപോലും. പണ്ട്‌ ഒരു പോസ്‌റ്റിന്‌ നാലു സുന്ദരിമാര്‍ വന്നപ്പോല്‍ അഭിമുഖം നടത്തിയ സ്ഥാപനത്തിലെ 'സൂരിനമ്പൂതിരിപ്പാടി'നു പറ്റിയതും അതുതന്നെയാണ്‌. ഏതിനെയെല്ലാം തള്ളണം ഏതിനെ കൊള്ളണം എന്നുപിടികിട്ടാനാവാതെ ബോധം പോയി. ബോധം തെളിഞ്ഞപ്പോള്‍ 'കണ്‍മുന്നില്‍ നീയാണ്‌ സൈനബാ' ന്നു കോഴിക്കോടുകാരന്‍ പാടിയപോലെ അപ്‌സരസ്സുകള്‍ ഒന്നല്ല രണ്ടല്ല നാലെണ്ണം. ഒന്നിനെയും തള്ളാന്‍ മതിയായ കാരണമില്ലാത്തതുകൊണ്ട്‌ നാലെണ്ണത്തിനെയും നിയമിച്ചതായി ഉത്തരവിട്ടു. പോസ്‌റ്റൊന്നും. ജൂറിക്കും സൂരിക്കും ആരുടെയും വിരോധവുമില്ല.

ഇനി ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അതെഴുതിയ ആള്‍ക്കും ചിട്ടപ്പെടുത്തിയ വ്യക്തിക്കും പാടിയ ഗാനഗന്ധര്‍വ്വന്‍ അഥവാ കോകിലത്തിനും ഒരവാര്‍ഡ്‌ അപ്പോ തന്നെ കൊടുക്കണം എന്നു നിത്യന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അങ്ങിനെ പലര്‍ക്കും തോന്നിയിട്ടുണ്ടാകാം. അതിലൊന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. നേരില്‍ കാണുമ്പോള്‍ യാതൊരു ലുബ്ധതയും കാട്ടാതെ അവരവര്‍ കൈയ്യയച്ചു കൊടുത്തുകൊള്ളും. ്‌അത്രയ്‌ക്കൊക്കെ ഉദാരശീലരാണ്‌ മലയാളികള്‍.

മികച്ച മേനകയ്‌ക്കും കേള്‍വിപ്പെട്ട കോകിലത്തിനും കൊടുക്കുന്ന കാശുകൊണ്ട്‌ രാവിലെത്തൊട്ട്‌ രാത്രിവരെ മൂത്രിഫിക്കേഷന്‍ ഫെസിലിറ്റിയില്ലാത്തതുകൊണ്ടുമാത്രം മൂത്രം മുട്ടിച്ചുനടക്കുന്ന നമ്മുടെ മഹാനഗരങ്ങളിലെ ബാക്കി യോഷമാര്‍ക്ക്‌ ആശ്വാസമാവുന്ന ഒരു മൂത്രപ്പുര കെട്ടിക്കൊടുക്കരുതോ? അഭിനന്ദിക്കാന്‍ നാലാളുണ്ടാവുകയും ചെയ്യും. അതിനായിരിക്കണം ഖജനാവില്‍ കൈയ്യിടേണ്ടത്‌. അല്ലാതെ തങ്കഅങ്കി ചാര്‍ത്തിയവന്‌ തോര്‍ത്തുമുണ്ട്‌ വാങ്ങിക്കൊടുക്കാനാവരുത്‌.

ഇനി സര്‍ക്കാര്‍ വക അവാര്‍ഡുകള്‍ കൊടുത്തേ പറ്റൂ എന്നുണ്ടെങ്കില്‍ കുറച്ചുകൂടി കൊടുക്കുക. പോലീസുകാര്‍ തല്ലിക്കൊന്നു വലിച്ചെറിഞ്ഞ ഉദയന്റെ അമ്മയ്‌ക്ക്‌ തുടര്‍ന്നും ജീവിക്കുന്നവകയില്‍ ആദ്യമായൊന്ന്‌ - കേരളത്തിന്റെ ദുഖപുത്രി-സര്‍ക്കാര്‍വക.

എതെങ്കിലും പ്രസ്ഥാനത്തില്‍ വിശ്വസിച്ചുപോയി എന്നകുറ്റത്തിനുള്ള ശിക്ഷയായി രാവിലെ കിടക്കപ്പായില്‍നിന്നെഴുന്നേറ്റുപോയവന്‍ തിരിച്ച്‌ വേറൊരു പായില്‍ ചുരുട്ടിക്കൂട്ടിയെത്തുന്നതുകണ്ട്‌ ബോധം പോയ അവരുടെ ഭാര്യമാര്‍, പറക്കമുറ്റാത്ത കിടാങ്ങള്‍, വൃദ്ധമാതാപിതാക്കള്‍, നിരാലംബരായ സഹോദരങ്ങള്‍ - സഹനത്തിന്റെ ആഴമളക്കാന്‍ കനകസിംഹാസനത്തിലിരിക്കുന്നവര്‍ക്കു കഴിഞ്ഞന്നുവരില്ല. ഇവരെല്ലാം തുടര്‍ന്നും ജീവിക്കുന്നതിന്‌ എതവാര്‍ഡാണ്‌ സുഹൃത്തേ കൊടുക്കുക? ഇവരെ വെട്ടിനുറുക്കിയ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക്‌ സംയുക്തമായി പങ്കിടാന്‍ മികച്ച നരാധമഅവാര്‍ഡ്‌ കൊടുക്കാന്‍ എന്തിനാണ്‌ പിന്നെ വൈകുന്നത്‌?

ഒരു ചെക്കന്‍ പണ്ട്‌ പായസം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വല്യച്ഛന്‍ കയറിവരുന്നത്‌. അപ്പോ മോന്‍-സ്‌റ്ററുടെ അമ്മ അച്ഛാ കുറച്ചു പായസമെടുക്കട്ടേന്നു വിളിച്ചുചോദിച്ചു. വല്യച്ഛന്‌ പ്ലശരുള്ളതാ ഒരു വിത്തൗട്ട്‌പായസം കൊടുത്താമതീന്ന്‌ ചെക്കന്‍ വിളിച്ചുപറഞ്ഞതുകേട്ടിട്ടുണ്ട്‌. അതുപോലെയാണ്‌ അടുത്തപ്രാവശ്യം. രണ്ടവാര്‍ഡാണ്‌ കൊടുക്കുക. നല്ലനടനും സഹനടനും. അതായത്‌ ആദ്യത്തേത്‌ മഹാനടനം, രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും മാത്രം പ്രാപ്യമായത്‌. രണ്ടാമത്തേത്‌ സഹനടനം, പണ്ട്‌ സായിപ്പ്‌ തോട്ടത്തിലുലാത്തുമ്പോല്‍ സിഗരറ്റുപെട്ടിയും ആ
ഷ്‌ട്രേയുമെടുത്ത്‌ പിന്നാലെ നടന്നവന്റെ പുനരാവിഷ്‌കരണം. സഹനടനം എന്നുപറഞ്ഞാല്‍ എതാണ്ട്‌ സഹശയനം പോലെയെന്തെങ്കിലുമായിരിക്കണം എന്നായിരുന്നു ഈയുള്ളവന്റെ ആദ്യധാരണ. സഹശയനത്തില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമാണ്‌. രണ്ടുപേരുടെയും റോളുകള്‍ ഒന്നിനൊന്നുമെച്ചമായില്ലെങ്കില്‍ ക്ലൈമാക്‌സ്‌ സമ്പൂര്‍ണവിജയമാവണമെന്നില്ല. ചിലപ്പോള്‍ എട്ടുനിലയില്‍ പൊട്ടിയെന്നും വരും.

പണ്ടൊരവാര്‍ഡ്‌ പ്രഖ്യാപനം വന്നപ്പോള്‍ കിട്ടാത്തവന്‍ നിലംപതിച്ചു. ഇന്ന്‌ കിട്ടിയ കഥയാലോചിച്ചിട്ടാവണം വേറൊരുവന്‍ നിലംപരിശായത്‌. പണ്ടൊരു നമ്പൂതിരി കോണിയില്‍ നിന്നും താമസംവിനാ താഴെയെത്തിയപ്പോള്‍ ആളുകളെടുത്ത്‌ ഡോക്ടറുടെയടുത്ത്‌ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു, ' എല്ലിന്‌ തകരാറുണ്ട്‌ .എന്തെങ്കിലും ചെയ്യണമെങ്കില്‍ ബോധം കെടുത്തണം'.
'ശുംഭന്‍. ബോധമുണ്ടെങ്കില്‍ ഇങ്ങിനെയെല്ലാം സംഭവിക്ക്വോടോ?' ന്നു തിരുമേനി തിരിച്ചുചോദിച്ചതായി കേട്ടിട്ടുണ്ട്‌. ബോധമില്ലാത്ത ഭരണാധികാരികളും അവരുടെ മുന്നില്‍ കൈനീട്ടിനില്‌ക്കുവാന്‍മാത്രം ബോധമുള്ള കലാകാരന്‍മാരും കൂടിയാവുമ്പോള്‍ സംഗതി ശുഭം.


April 04, 2008

സി.ഐ.എ. സ്‌പോണ്‍സേര്‍ഡ്‌ പ്രോഗ്രാം ഇന്‍ കേരള

മേയാന്‍ കെട്ടിയ പശു വയറുചീര്‍ത്തുചത്തപ്പോള്‍ തോര്‍ത്തൊന്നു കുടഞ്ഞ്‌ തോളിലിട്ട്‌ അമ്പുവേട്ടന്‍ കണിശന്റെയടുത്തുപോയി. സംഗതിയൊന്നറിയണം. കവടി നിരത്തിയ കണിയാന്‍ രണ്ടുമിനിറ്റുകൊണ്ടു അസ്സുവിന്റെ അള്ള്‌ എന്ന പരമമായ സത്യം കണ്ടുപിടിച്ചു. കണിയാന്‍ എങ്ങിനെയെങ്കിലും അരിവാങ്ങിക്കോട്ടെയെന്നതായിരുന്നു അസ്സൂക്കയുടെ നിലപാട്‌. തന്റെ കരണക്കുറ്റിയുടെ നിജസ്ഥിതിയറിയുവാന്‍ കവടിനിരത്തേണ്ട അവസ്ഥ എന്തായാലുമുണ്ടാവില്ല എന്ന തിരിച്ചറിവ്‌ കണിയാനും വേണ്ടുവോളമുണ്ടായിരുന്നു. അമ്പുവേട്ടന്റെ ബുദ്ധിയുടെ കിടപ്പുവച്ച്‌്‌ കള്ളുകുടിച്ചശേഷം വരുന്നവഴിയില്‍ അള്ളിനെതിരെ നാലുമുദ്രാവാക്യം വിളിക്കും. വേറൊന്നും അമ്പുവേട്ടനെക്കൊണ്ട്‌ പറ്റുകയില്ല.

അന്നുതൊട്ടിന്നോളം നാട്ടിലെവിടെ പശുചത്താലും കാരണം അസ്സുവിന്റെ അള്ളാണ്‌. വിപ്ലവകാരികള്‍ വാഴുമ്പോള്‍ കേരളത്തിലെവിടെ പ്രശ്‌നമുണ്ടായാലും കവടിനിരത്തിയാല്‍ തെളിയുക യു.ഡി.എഫ്‌ സ്‌പോണ്‍സേര്‍ഡ്‌ സി.ഐ.എ വക അള്ളുമാണ്‌.

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയ്‌ക്ക്‌ സി.ഐ.എ അള്ളുവച്ചു എന്നത്‌ നേര്‌. പരമമായ സത്യം. ഏതുപോലീസുകാരനും ഒരബന്ധം പറ്റുമല്ലോ. പറ്റി. വിപ്ലവം മുയലിനെപ്പോലെ അതിന്റെ സന്തതികളെ കൊന്നുതിന്നുകയാണ്‌ പതിവ്‌ എന്ന വസ്‌തുത മനസ്സിലാകാന്‍ സായിപ്പിലെ മന്ദബുദ്ധിക്ക്‌ കാലം കുറച്ചുപിടിച്ചു എന്നതാണ്‌ സത്യം. അതുവരെ വിപ്ലവഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ സായിപ്പും വിശ്വസിച്ചു. അമ്പുവേട്ടന്റെ കവടിയിലെ അചഞ്ചലമായ വിശ്വാസം പോലെ.

അടിയന്തിരാവസ്ഥതന്നെയാണ്‌ വിപ്ലവമെന്ന്‌ പണ്ട്‌ പലര്‍ക്കും ബോദ്ധ്യമുണ്ടായിരുന്നതാണ്‌. റഷ്യ ഉപദേശിച്ചത്‌ ഇതുതന്നെയാണ്‌ വിപ്ലവം എന്നായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം രാജനെ ഉരുട്ടിക്കൊല്ലുമ്പോള്‍ അച്ചുതമേനോന്‍ വിപ്ലവകാരി കൊട്ടന്‍ചുക്കാദിതേച്ചു കുളിച്ച്‌ കുറച്ച്‌ നടന്നപ്പോള്‍ ലഭിച്ച സുഖത്തിന്റെ കണക്കാണ്‌ ഡയറിയില്‍ രേഖപ്പെടുത്തിയത്‌. അടിയന്തിരാവസ്ഥ ഇന്ത്യാമഹാരാജ്യത്തിന്‌ രക്ഷപ്പെടാനുള്ള ലാസ്റ്റ്‌ബസ്സാണെന്ന കാര്യത്തില്‍ ഇപ്പോഴത്തെവിപ്ലവപ്രതിഭ അഴീക്കോടിനും സംശയമുണ്ടായിരുന്നില്ല. പിന്നെ അടിയന്തിരം പിന്‍വലിച്ചപ്പോള്‍ എല്ലാവരും കൂടിയൊന്നലറി - അടിയന്തിരാവസ്ഥ അറബിക്കടലില്‍.

കൊട്ടന്‍ചുക്കാദി വാങ്ങാന്‍ ഗതിയില്ലാത്ത നക്‌സലൈറ്റുകള്‍ക്കും ആറെസ്സെസ്സുകാര്‍ക്കും കിട്ടിയതുമിച്ചം. ബാക്കിയുള്ളവര്‍ മന്ത്രിമാരായി അല്ലാത്തവര്‍ രാസാക്കന്‍മാരായി. അടി കോരന്‌ പിന്നെയും പുറത്തുതന്നെ.

ഒടുക്കം നിരാശരായി സായിപ്പന്‍മാര്‍ വൈറ്റ്‌്‌ഹൗസില്‍ കുത്തിയിരുന്ന്‌ രണ്ട്‌ ലാര്‍ജ്‌ ഒഴിക്കുമ്പോള്‍ ഇരുമ്പുമറ ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ഒച്ചയാണ്‌ കേട്ടത്‌. അതിനകത്തെ തൂവിപ്പോയ പാലിന്റേയും തേനിന്റെയും വിവരണം നല്‌കാന്‍ സി.പി.ഐക്കാര്‍ക്കുപിന്നെ കടലാസ്‌ കിട്ടിയില്ലെന്നതാണ്‌ സത്യം. നാലണക്കുള്ള നാനൂറുപേജ്‌ സാഹിത്യത്തിന്റെ കമ്പനി പൂട്ടിപ്പോയി.

അമേരിക്കയുടെ സ്ഥിതിയോ? കോടാനുകോടി ഡോളര്‍ വെറുതേ പോയി. ലോകത്ത്‌ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച രാജ്യങ്ങളും ഭരിക്കാന്‍ കുറെ നിര്‍ഗുണപരബ്രഹ്മങ്ങളും ഉള്ളതുകൊണ്ട്‌ കുഞ്ചന്‍ പാടിയപോലെ മണിപോയാലതുണ്ടാക്കീടാം. അതുകൊണ്ട്‌ ധനനഷ്ടം കാര്യമാക്കേണ്ടതില്ല. സ്വന്തം നിഴലിനോടാണ്‌ യുദ്ധം ചെയ്‌തതെന്ന്‌ മാലോകരറിഞ്ഞതിലുള്ള മാനഹാനിയാണ്‌ ഭയങ്കരം.

അപ്പോഴാണ്‌ ബുദ്ധിയുദിച്ചത്‌. പണ്ടത്തെ ബുദ്ധസന്ന്യാസിയുടെ ബുദ്ധി. സന്ന്യാസി വിശന്നുവലഞ്ഞ്‌ ഭിക്ഷതെണ്ടുമ്പോഴാണ്‌ ഒരു കുരുത്തംകെട്ട ചെക്കന്റെ കല്ല്‌ തലയില്‍ വീഴുന്നത്‌. ആരോഗ്യം കൊണ്ട്‌ അവനെ നേരിടാനുള്ള വകുപ്പില്ല. പിന്നെയുള്ളത്‌ തലയിലിരിപ്പാണ്‌. പാത്രത്തിലുള്ള നാലണ മൂപ്പര്‍ അവനുകൊടുത്തു. ഒരേറിന്‌ പിച്ചക്കാരന്റെ നാലണ കിട്ടിയെങ്കില്‍ പിന്നെ പണക്കാരനെ പാസാക്കി ഭാവി സുരക്ഷിതമാക്കാന്‍ ചെക്കനും തീരുമാലിച്ചു. താമസിയാതെ കണ്ടു. ഏറും പാസാക്കി. ഒരൊറ്റ ഏറോടുകൂടി തന്നെ ചെക്കന്റെ രോഗവും മാറി. നമുക്ക്‌ അടക്കുവാന്‍ പറ്റുകയില്ലെങ്കില്‍ പിന്നെ ചിലവില്ലാത്ത നല്ല പണി പ്രോത്സാഹിപ്പിക്കുകയാണ്‌. വേറെയാരെങ്കിലും അടക്കിക്കൊള്ളും. അല്ലെങ്കില്‍ മോഹിനിയെക്കണ്ട ഭസ്‌മാസുരനെപ്പോലെ സ്വയം അസ്‌തുവാകും. അതിനാണ്‌ കൂടുതല്‍ സാദ്ധ്യതയും.

ക്യൂബയില്‍ ദൈവം സഹായിച്ച്‌ പ്രതിപക്ഷം എന്നൊരു സംഗതിതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുള്ള ബുദ്ധിമുട്ടും ചില്ലറയല്ല. കേരളത്തിലാണെങ്കില്‍ കാസ്‌ട്രോവിന്‌ സര്‍വ്വരോഗകാരണം യു.ഡി.എഫ്‌ എന്നു ജപിച്ചുകുത്തിയിരിക്കാമായിരുന്നു. അവിടെ കരിമ്പുചെടിക്ക്‌ തളര്‍വാതം പിടിച്ചാലും സി.ഐ.എ എന്നലറിവിളിക്കണം. പൊകേലത്തണ്ടില്‍ പുഴുവരിച്ചാല്‍ സി.ഐ.എ മണക്കണം.

ഒരരനൂറ്റാണ്ടായി ക്യൂബ അങ്ങനെ ഉപ്പിലിട്ട കണ്ണിമാങ്ങപോലെ നിലകൊള്ളുകയാണ്‌. വിപ്ലവരഹസ്യം ചോര്‍ന്നുപോകുന്നതുകൊണ്ട്‌ കേരളത്തിലെ വിപ്ലവകാരികളുടെ ഇരുകൈകളിലും കാണുന്ന മൊബൈല്‍ ഫോണോ വേറിട്ട ചാനലുകളോ ഒന്നുമില്ല. രാവിലെ തൊട്ട്‌ വിപ്ലവസര്‍ക്കാറിന്റെ സങ്കീര്‍ത്തനം അറിയിക്കുവാനുള്ള ഒരു റേഡിയോ ഉണ്ട്‌.

കരിമ്പുകൃഷി ഹലാക്കായാല്‍ നാലുനേരം അതിലൂടെ കാസ്‌ട്രോ സി.ഐ.എ.യെ പുലഭ്യം പറയും. അപ്രതീക്ഷിതമായി മഴപെയ്‌താല്‍ പൊളിറ്റ്‌ബ്യൂറോ കൂടി സി.ഐ.എയുടെ അതിലുള്ള പങ്കിനെ പറ്റി ചര്‍ച്ചചെയ്യും.

മൊത്തത്തില്‍ ഇപ്പോ രാജ്യം കണലെടുത്ത മടലുപോലെയായിക്കിട്ടി. ബുദ്ധി ചിലപ്പോള്‍ വൈകി ഉദിക്കും എന്നുകേട്ടിട്ടുണ്ട്‌. ഒരിക്കലും ഉദിക്കാത്തതാണോ അതോ അതിബുദ്ധിയാണോ ഇവരുടേത്‌ എന്നതിലാണ്‌ ഇപ്പോഴത്തെ സംശയം. ജനം ദാരിദ്ര്യരേഖക്ക്‌ താഴെ ആണ്ടാണ്ടുപോവുമ്പോള്‍ ലോകത്ത്‌ മൊത്തം നേതാക്കള്‍ സമ്പന്നതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നുയരുകതന്നെയാണ്‌.

കേരളത്തിലും സി.ഐ.എ യെക്കൊണ്ടുള്ള ഉപകാരം ചില്ലറയല്ല. എല്ലാ രോഗത്തിനും കാരണം കോണ്‍ഗ്രസും ലീഗും കേരളാകോണ്‍ഗ്രുകാരുമാണെന്ന്‌ പറഞ്ഞാല്‍ ജനം ചിരിക്കും. അടി ചറപറാ നാലുദിക്കില്‍ നിന്നും വരുന്ന ഒരിടപാടിനും കോണ്‍ഗ്രസുകാരെക്കിട്ടുകയില്ല. അവരുടെ ലീഗാദി ബന്ധുക്കളും മുന്നിലുമുണ്ടാവുകയില്ല. പിന്നിലുമുണ്ടാവുകയില്ല. അത്രക്ക്‌ ധീരന്‍മാരാണവരെന്ന്‌ ശത്രുക്കള്‍കൂടി പറയുകയില്ല. അങ്ങിനെവരുമ്പോള്‍ പിന്നെ നല്ലത്‌ സ്വന്തം നിഴലിനോട്‌ യുദ്ധം ചെയ്യുകയാണ്‌. അതാണ്‌. സി.ഐ.എ. നിഴലിനോടേറ്റുമുട്ടി ഇന്നോളം ആരും ചത്തുപോയ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

തിരിഞ്ഞും മറിഞ്ഞും നോക്കേണ്ടതില്ല. അങ്ങെഴുതുകതന്നെ. കേരളത്തിലെ വിപ്ലവപ്ലവഗങ്ങളെ ശരിപ്പെടുത്താന്‍ സി.ഐ.എ ഡയറക്ടര്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്‌. ആദിവാസികളെ വശീകരിക്കുവാനായി കഴിഞ്ഞ ആറുമാസമായി സി.ഐ.എക്കാര്‍ വനാന്തരങ്ങളിലിരുന്ന്‌ ആദിവാസി ഭാഷ പഠിച്ചവിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌.
ഇവിടെ പ്രതിവിപ്ലവം നടത്തി വിപ്ലവസര്‍ക്കാരിനെ താഴെയിറക്കാന്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‌കുന്ന ആദിവാസികള്‍ക്ക്‌ ബ്രസീലിലെ കാടുകള്‍ പതിച്ചുകൊടുക്കുന്നതാണ്‌ എന്നൊരു വാഗ്‌ദാനവും സി.ഐ.എ നല്‌കിയിട്ടുണ്ട്‌.........

അണിഞ്ഞൊരുങ്ങി വരുന്നവളെ കാണാനുള്ളതിലും കൂടുതല്‍ ആളുകള്‍ കൂടുക ഉടുതുണിയില്ലാത്തവളെകാണുവാനാണ്‌. അതിനുള്ള പ്രവര്‍ത്തനമാണ്‌ ആണുങ്ങള്‍ നടത്തുക. അമേരിക്കയും. വെളുത്തതെമ്മാടികള്‍ റെഡ്‌ഇന്ത്യന്‍ സംസ്‌കാരത്തെ ഉഴുതുമറിച്ചപ്പോള്‍ ജനിച്ച തന്തയില്ലാ മോണ്‍സ്‌റ്ററാണ്‌ യു,എസ്‌. ഒരു ബലാല്‍സംഗക്കേസിലെ പ്രതി പണ്ട്‌ ജഡ്‌ജിയോടുപറഞ്ഞത്‌ ബലാല്‍സംഗം ചെയ്യാതിരിക്കണമെങ്കില്‍ ഞാനല്ലാണ്ടിരിക്കണമെന്നും മരണംവരെ ദയവായി തന്നെ ജയിലടക്കണമെന്നുമായിരുന്നു. അയാളെപ്പോലെയാണ്‌ അമേരിക്കയും. പഠിച്ചത്‌ പാടിക്കൊണ്ടേയിരിക്കും. ആ പുള്ളുവന്‍ പാട്ടിന്‌ ഉടുക്കുകൊട്ടലാണ്‌ വിപ്ലവകാരികളുടെ ഇപ്പോഴത്തെ പണി.

വിഭവഭൂപടം ഉണ്ടാക്കി സായിപ്പിന്റെ കാല്‌ക്കല്‍ വച്ചുകൊടുത്തത്‌ വിവരംകെട്ട കോണ്‍ഗ്രസുകാരനല്ലല്ലോ? പിരിക്കാനുള്ള നികുതി പിരിക്കാതെ മുച്ചൂടും മുടിച്ച്‌ ഒടുക്കം സായിപ്പ്‌ അടയാളം വച്ചിടത്തെല്ലാം തുല്യം ചാര്‍ത്തി എ.ഡി.ബി വായ്‌പ തരപ്പെടുത്തിയതും വിപ്ലവകാരികള്‍ തന്നെയാണ്‌. അങ്ങിനെയുള്ള പരോപകാരികളെ മറിച്ചിട്ട്‌ പേരുദോഷം വരുത്തലല്ല ബുദ്ധി എന്നറിയാത്തവരല്ല സി.ഐ.എ. വെടിവെച്ചിടാന്‍ ഇവരാരും ചെഗുവേരമാരുമല്ല. കാല്‌പണം കണ്ടാല്‍ കമിഴ്‌ന്നുവീഴുന്നവരെക്കൊണ്‌ എട്ടണക്ക്‌ ചുമടെടുപ്പിക്കലാണ്‌ ബുദ്ധി. സി.ഐ.എ. ചെയ്യുന്നതും അതുതന്നെയാണ്‌.

ഇപ്പോ കുട്ടനാട്ടിലെ കൃഷിനോക്കുക. കൃഷിക്കാരനെ ഭുമിയും കൃഷിയും ഇട്ടേച്ച്‌ ഓടിക്കാനുള്ള കോര്‍പ്പറേറ്റ്‌ തന്ത്രത്തിന്‌ ചൂട്ടുപിടിക്കുകയാണ്‌ വിപ്ലവകാരികള്‍ എന്നാരെങ്കിലും പറഞ്ഞാല്‍ അതെങ്ങിനെയാണ്‌ അവിശ്വസിക്കുക. കര്‍ഷകന്‌ സ്വന്തം പാടത്തില്‍ വിളഞ്ഞത്‌ കൊയ്യാന്‍ പാര്‍ട്ടിയാഫീസിന്റെ അനുമതി വേണമെന്നുവന്നാല്‍ പിന്നെ നല്ലത്‌ ഇട്ടേച്ചുപോവുകയാണ്‌ എന്ന്‌ തോന്നുന്നത്‌ സ്വാഭാവികം. അതുതന്നെയാണ്‌ റിലയന്‍സ്‌പോലുള്ള കാര്‍ഷികരംഗം കൂടി വിഴുങ്ങാന്‍ വരുന്ന വ്യവസായികഭീകരന്‍മാരുടെ ആവശ്യവും.

സ്വര്‍ണക്കതിരുകള്‍ വിളയിക്കുന്ന അത്രയും വിശാലമായ പാടശേഖരങ്ങള്‍ വെടക്കാക്കി തനിക്കാക്കുകയാണ്‌ ലക്ഷ്യം. റിലയന്‍സ്‌-സ്‌പെന്‍സര്‍ മാളുകള്‍ പൂട്ടിക്കുമെന്നുപറഞ്ഞവര്‍ ഇപ്പോ തുറപ്പിക്കേണ്ട തിരക്കിലാണ്‌. സി.ഐ.എ. സഹായം ചിലപ്പോള്‍ ഇതിനുണ്ടാവണം. കേരളത്തെ കാര്‍ഷികരംഗത്തെ ബഹുരാഷ്ട്രഭീമന്‍മാരുടെ കൈകളിലൊതുക്കാന്‍. അതിനുള്ള വിടുപണി ചെയ്യലാവാതിരിക്കട്ടെ വിപ്ലവകാരികളുടെ കേരളത്തിലെ ദൗത്യം.

March 13, 2008

തലശ്ശേരിയിലെ ഗോവും ശ്വാവും ഗോവിന്ദനും

മനുഷ്യന്‌ പണ്ടേ രക്ഷയില്ല. പേപ്പട്ടി മനുഷ്യനെ കടിക്കുന്നത്‌ സ്വാഭാവികം. പേമനിതന്‍ കെട്ടിയിട്ട പട്ടിയെ കുത്തിക്കൊന്നതാണ്‌ തലശ്ശേരിയെ ശ്രദ്ധേയമാക്കുന്നത്‌. വിപ്ലവവാള്‍ വീണ്‌ വീരസ്വര്‍ഗം പൂകിയ പശുക്കുട്ടിക്കും സംഘപരിവാരം രക്തസാക്ഷിയാക്കിയ പട്ടിക്കും ഒരോസ്‌തൂപം നടുറോഡില്‍ നാട്ടുകാര്‍ പിരിവെടുത്തെങ്കിലും പണിയേണ്ടതാണ്‌.

എത്രയോ കൊലക്കേസുകളിലെ പ്രതികളായ സംഘപരിവാര്‍ / മാര്‍ക്‌സിസ്റ്റ്‌ കാപാലികരാണ്‌ ചത്ത പശുവും പട്ടിയും എന്ന്‌ നേതാക്കള്‍ താമസിയാതെ പ്രഖ്യാപിക്കും. ഇത്രയും കാലത്തെ വിശദീകരണവൈഭവം വച്ച്‌ വേറൊന്നും പറയാന്‍ സാദ്ധ്യതയില്ല. മനുഷ്യനിലെ വിഷത്തിനുമുന്നില്‍ രാജവെമ്പാലയുടെ വിഷം ഒന്നുമല്ലെന്ന്‌ പണ്ട്‌ കണ്ണൂരില്‍ തെളിഞ്ഞതാണ്‌. ഇനി ശാസ്‌ത്രം അത്‌ അംഗീകരിക്കുകയേ വേണ്ടതുള്ളൂ. ഇനിയങ്ങോട്ട്‌ നാല്‌ക്കാലികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയിലേക്ക്‌ നാടുനീങ്ങുകയാണ്‌.

തികഞ്ഞ ജനാധിപത്യമര്യാദ പ്രകാരം കഴിഞ്ഞ ദിവസം ഒരു തീരുമാനമുണ്ടായി. ഇനി യാതൊരുവിധ അക്രമവും ഉണ്ടാവുകയില്ലെന്ന്‌ സീപീയം സംഘപരിവാര നേതൃത്വങ്ങള്‍ അഭ്യന്തരമന്ത്രിയദ്ദേഹത്തെ നേരില്‍കണ്ട്‌ ഉണര്‍ത്തിച്ചു. ഇനിയങ്ങോട്ട്‌ സമാധാനം.

അപ്പോള്‍ ഒരു ചോദ്യം ബാക്കിയാവുന്നു. ഒരു പ്രദേശത്തെ സമാധാനത്തിന്‌ വിലങ്ങുതടിയായിരുന്നത്‌ ഇപ്പോ പിടഞ്ഞുവീണ അഞ്ച്‌ വന്‍കിടകുത്തകജന്മി-ബൂര്‍ഷ്വാവര്‍ഗീയഫാസിസ്റ്റുകളും രണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ കാപാലികരുമായിരുന്നോ? രണ്ടുനാലുദിനം കൊണ്ടേഴിനെ കുരുതികൊടുത്ത ഈ വിപ്ലവ-സംഘപരിവാര വിഡ്ഡികളെക്കാള്‍ എത്രയോ പുരോഗമനവാദിയായിരിക്കണം തമിഴകത്ത്‌ നിധികിട്ടാന്‍ വേണ്ടി മനുഷ്യക്കുരുതി നടത്തിയ നരാധമന്‍ മന്ത്രവാദി.

തലക്ക്‌ സ്ഥിരതയുള്ള ആളുകള്‍ അമരത്തിരിക്കുന്ന ഏതു നാട്ടിലാണെങ്കിലും സംഭവിക്കുക വേറൊന്നാണ്‌. ഇനി കൊല ഉണ്ടാവുകയില്ല എന്നുപറഞ്ഞതുതന്നെ ഇത്രയും നാള്‍ കൊന്നതിനുള്ള മതിയായ തെളിവാണ്‌. ഏഴെണ്ണത്തിനെ കശാപ്പുചെയ്‌തതിന്റെ ക്രെഡിറ്റും തല്‌ക്കാലം കാലപുരിക്കയക്കാതെ നൂറുകണക്കിനാളുകളെ ആശുപത്രിയിലേക്കും പിന്നെ നിത്യദുരിതത്തിലേക്കും തള്ളിവിട്ടതിന്റെ ക്രെഡിറ്റും പരിഗണിച്ച്‌ ഈ വെട്ടുക്കിളികളെ ഒന്നടങ്കം കൂട്ടിലടക്കുകയായിരുന്നു വേണ്ടത്‌. അതുണ്ടായില്ല.

അഭ്യന്തരമന്ത്രിയദ്ദേഹത്തോട്‌ ഇനി അക്രമമുണ്ടാവില്ലെന്നും പറഞ്ഞ്‌ അക്കൂട്ടര്‍ കൂളായി ഇറങ്ങിയങ്ങുപോയി. പോരാത്തതിനൊരു പത്രസമ്മേളനവും വിളിച്ചു. ഇതിനാണ്‌ ജനാധിപത്യത്തിന്റെ അനന്തസാ്‌ദ്ധ്യതകള്‍ എന്നൊക്കെ പറയുക. ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ രാഷ്ട്രീയം എന്നാരോപറഞ്ഞത്‌ കേരളത്തില്‍ സത്യമായി വരുന്നത്‌ വേദനയോടെ കാണുക.

എല്ലാറ്റിനും നേതൃത്വം കൊടുത്ത വെട്ടുകിളികള്‍ സര്‍ക്കാരിന്റെ അതിഥികളായി. പോരാത്തതിന്‌ വെട്ടിനുറുക്കപ്പെട്ടവന്റെ ചിലവില്‍ കിട്ടിയ അണ്ടിപ്പരിപ്പും കൊറിച്ച്‌ കോലം മാറി വെളുക്കെ ചിരിച്ച്‌ മാലാഖമാരായി വാഴ്‌ത്തപ്പെട്ടവരായി. വീഴ്‌ത്തപ്പെട്ടവന്റെ കുടുംബത്തിലെ കൂട്ടക്കരച്ചില്‍ നിലയ്‌ക്കും മുമ്പേ.

കേരളത്തിലെ ഭൂരിപക്ഷമാളുകളുടെയും പിന്തുണയുള്ള പാര്‍ട്ടിയാണെന്ന്‌ സീപീയം തന്നെ പറയുന്നുണ്ട്‌. കാണുന്നതെല്ലാം ഞമ്മന്റെയാന്നു പറഞ്ഞ എട്ടുകാലിവാദമാവാം. അല്ലെങ്കില്‍ കൊലയെവിടെ നടന്നാലും ഒരുഭാഗത്ത്‌ അവരുണ്ടെന്നതാവണം മാനദണ്ഡം. രണ്ടായാലും സംഗതി ശാസ്‌ത്രീയമാണ്‌. ദേവഗണമാണ്‌. കൈലാസത്തിലെ ഭൂതഗണങ്ങള്‍ വരെ കണ്ടിരിക്കാനിടയില്ലാത്ത പ്രാകൃതമായ സകല ആയുധങ്ങളും അതു കൈകാര്യം ചെയ്യാനുള്ള ഭുതഗണങ്ങളുമുള്ള പാര്‍ട്ടി. മറുഭാഗത്ത്‌ സംഘപരിവാരം എന്‍ഡീയെഫ്‌ തുടങ്ങിയ അസുരഗണം. രണ്ടുഗണത്തിലും പെടാതെ നപുംസഗഗണത്തിലാണ്‌ കോണ്‍ഗ്രസ്‌ ലീഗാദികള്‍.

തലശ്ശേരി പ്രദേശത്ത്‌്‌ കൊല ആദ്യം ആരു തുടങ്ങിയെന്നു ചോദിച്ചാല്‍ കൊടിനിറഭേദമന്യേ ദുശ്ശാസനന്‍മാര്‍ ഉള്ളിതോലുപൊളിച്ചു വിത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌ പതിവ്‌. നിത്യന്റെ പരിമിതമായ അറിവില്‍ തലശ്ശേരി പ്രദേശത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം സഖാവ്‌ കൃഷ്‌ണപിള്ളയോളം തന്നെ വരുമായിരുന്ന സഖാവ്‌ മൊയാരത്തിന്റേതാണ്‌. കോണ്‍ഗ്രസുകാര്‍ തോര്‍ത്തില്‍ കരിങ്കല്ലു കെട്ടി ഗാന്ധിമാര്‍ഗത്തില്‍ സഞ്ചരിച്ചപ്പോള്‍ മൊയാരത്ത്‌ ശങ്കരന്റെ വാരിയെല്ലുകള്‍ക്ക്‌ വഴിമാറിക്കൊടുക്കാനേ കഴിഞ്ഞുള്ളൂ. അടിച്ചടിച്ച്‌ ഒരൊറ്റയെല്ലും നിലവിലില്ലെന്ന്‌ ബോദ്ധ്യമായപ്പോള്‍ എടുത്ത്‌ പോലീസുകാര്‍ക്ക്‌ കൊടുത്തു. അവശേഷിച്ചിരുന്ന ശ്വാസത്തിനൊരറുതി പോലീസുകാരും വരുത്തി. ദൈവം സഹായിച്ച്‌ ഒരൊറ്റയെല്ലും ബാക്കിയുണ്ടായിരുന്നില്ലെന്നായിരുന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഇത്രയുമെഴുതിയത്‌ ഒരു കാര്യം വ്യക്തമാക്കാനാണ്‌. കേരളത്തിലെ എല്ലാ പുഴകളും പശ്ചിമഘട്ടത്തില്‍ നിന്നെന്നപോലെ എല്ലാ പ്രസ്ഥാനങ്ങളുടെയും ആരംഭം കോണ്‍ഗ്രസില്‍ നിന്നാണ്‌. മഹാത്മാഗാന്ധി വിചാരിച്ചിട്ട്‌ നന്നാക്കാന്‍ പറ്റാത്ത ചരക്കാണ്‌. ആ കാളകൂടത്തിലെ ഒരു കോപ്പവിഷം പൈതൃകമായി കിട്ടാത്ത ഒരു പാര്‍ട്ടിയും ഇവിടെയില്ല.

ഇനിയാണ്‌ നെഹറു പറഞ്ഞതുപോലെ എ ട്രിസ്‌റ്റ്‌ വിത്ത്‌ ഡെസ്‌റ്റിനി. ആശക്കുവകയുള്ളതാണ്‌. സീപിയെമ്മും സംഘപരിവാരവും അഖിലേന്ത്യാതലത്തില്‍ പടര്‍ന്നങ്ങനെ കിടക്കുന്ന മഹാപ്രസ്ഥാനങ്ങളാണ്‌. രാജ്യത്തിന്റെ ഭൂതം അവരുടെ കൊഴിഞ്ഞ ഇലകളിലും ഭാവി അവരുടെ ദ്രവിച്ച തായ്‌ വേരിലുമാണെന്നാണ്‌ ധാരണ. ഉത്തരത്തിലെ പല്ലിയുടെ അതേ വിശ്വാസം. ഞാന്‍ പിടിച്ചതുകൊണ്ടാണ്‌ മച്ച്‌ ഇടിഞ്ഞുവീഴാത്തതെന്ന ഉത്തമവിശ്വസം. അഖിലേന്ത്യാ പ്രസ്ഥാനങ്ങളാവുമ്പോള്‍ കാര്യങ്ങളെ അങ്ങിനെതന്നെവേണം നോക്കിക്കാണാന്‍. കന്യാകുമാരിയിലൂടെ നടന്നുപോവുന്ന ഒരുത്തനെ വെട്ടി ബലിദാനിയാക്കിയാല്‍ ഉടനെ കഴിവതും ജമ്മുകശ്‌മീരിലൂടെ നടക്കുന്ന മറ്റൊരുത്തനെ വെട്ടി രക്‌്‌തസാക്ഷിയാക്കി രൂപാന്തരം വരുത്തിക്കൊടുക്കണം. അപ്പോഴാണ്‌ ഒരു ശരിയായ ദേശീയബോധവും കൈവരുക. കഴിവതും ഓരോ ചാന്‍സ്‌ എല്ലാ സംസ്ഥാനക്കാര്‍ക്കും കൊടുക്കണം.

എല്ലാ സൗഭാഗ്യങ്ങളും തലശ്ശേരിക്കാര്‍ തന്നെ ഒറ്റയ്‌ക്കങ്ങനുഭവിച്ചു എന്നൊരു ദുഷ്‌പേരുമില്ല. അങ്ങിനെ അനുഭവിക്കുന്നത്‌ മഹാസ്വാര്‍ത്ഥതയായിപ്പോവുകയും ചെയ്യും. മാത്രമല്ല അത്‌ വെറും ഇടുങ്ങിയ പ്രാദേശികബോധമാവുകയും ചെയ്യും. പറ്റുമെങ്കില്‍ സാര്‍വ്വദേശീയതതന്നെയാണ്‌ ഇക്കാര്യത്തില്‍ വേണ്ടത്‌. നിസ്വാര്‍ത്ഥതയില്‍ നിന്നാണ്‌ ഇതെല്ലാം സംഭവിക്കുന്നതെന്നാണല്ലോ മനശ്ശാസ്‌ത്രവിശാരദന്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്‌.

ഇപ്പോ വലിയ പേരുകേട്ട തര്‍ക്കശാസ്‌ത്രവിശാരദന്‍മാര്‍ പലേ സഭകളിലും തര്‍ക്കിച്ച്‌ കണ്ടെത്തേണ്ട ഒരുത്തരമുണ്ട്‌. അഞ്ചെണ്ണത്തിന്‌ ഏറുകിട്ടിയതാണോ എഴെണ്ണത്തിനെ ബിസ്‌മികൂട്ടിയതാണോ മെച്ചപ്പെട്ട സംഗതി?

പാര്‍ട്ടിയാപ്പീസു പൊളിച്ചത്‌ ഇന്ത്യാമഹാരാജ്യത്തെ ആദ്യത്തെ സംഗതിയൊന്നുമല്ല. കണ്ണൂര്‍ ജില്ലയില്‍ മാത്രം പൊളിഞ്ഞുവീണ സീപീയെം സംഘപരിവാരം കോണ്‍ഗസ്‌ ലീഗ്‌ ഓഫീസുകളുടെ എണ്ണം പിടിക്കാന്‍ ദില്ലിയില്‍ നിന്നും ഒരുത്തനെ ഇങ്ങോട്ടയച്ചാല്‍ മതി. പത്തുവരെ മാത്രം എണ്ണാനറിയുന്ന കോണ്‍ഗ്രസുകാരനാവരുത്‌. 16 വരെ ഗുണകോഷ്‌ഠം താഴോട്ടും മേലോട്ടും ശ്വാസം വിടാതെ ചൊല്ലാനറിയുന്ന ഗണിതശാസ്‌ത്രവിശാരദനാവണം.

പണ്ടേതോ തീവ്രവാദികള്‍ മദിരാശിയിലെ ആറെസ്സെസ്സ്‌ ആസ്ഥാനം ആക്രമിച്ച്‌ കുറെ കാക്കിട്രൗസറുകാരെ ഉന്മൂലനം ചെയ്‌തത്‌ ചരിത്രാതീത കാലത്തൊന്നുമല്ലല്ലോ. ഇവിടെ ഏതായാലും അത്രയൊന്നും സംഭവിച്ചിട്ടില്ല. അപ്പോഴാണിനി വാരിക്കുന്തം കൊണ്ട്‌ ഇന്ത്യന്‍ വിപ്ലവം നടത്തേണ്ട വിപ്ലവകാരികള്‍ നാലുനാറികളുടെ രണ്ടേറില്‍ ചൂളിപ്പോവുന്നത്‌.

ഇനി സകല മാധ്യമങ്ങളുടെയും വകയായുള്ള ഒരു വലിയ കളവ്‌. `തലശ്ശേരിയില്‍ രാഷ്ട്രീയ സംഘട്ടനം. രണ്ടാള്‍ അല്ലെങ്കില്‍ നാലാള്‍ അതുമല്ലെങ്കില്‍ എഴാള്‍ കൊല്ലപ്പെട്ടു`. ഈ പത്രക്കാര്‍ എവിടുന്നാ മലയാളം പഠിച്ചത്‌ എന്നാദ്യമായി അന്വേഷിക്കണം. പഠിപ്പിച്ച വാദ്ധ്യാന്‍മാരുടെ തകരാറല്ലെങ്കില്‍ സകലതിനെയും മുക്കാലിയില്‍ കെട്ടി നാല്‌ക്കാലിയെക്കൊണ്ട്‌ ചവുട്ടിക്കണം.

ഏതോ തന്തക്കുപിറക്കാത്തവന്റെ വാളിന്‌ ഇരയാകുന്നതും പോരാ, അയാളെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു എന്നുപറഞ്ഞ്‌ അപമാനിക്കുകയും ചെയ്യുന്നു. അപകീര്‍ത്തിപ്പെടുത്തിയതിന്‌ മാനനഷ്ടത്തിന്‌ കേസുകൊടുക്കേണ്ടതാണ്‌ കുടുംബക്കാര്‍.

സംഘട്ടനം എന്നുപറയുമ്പോള്‍ ചുരുങ്ങിയത്‌ സാമൂതിരിയുടെ മാമാങ്കം പോലെ രണ്ടുചേരികളായി നിന്ന്‌ പരസ്‌പരം വെട്ടിവീഴ്‌ത്തുകയല്ലേ വേണ്ടത്‌. പകലന്തിയോളം പണിയെടുത്തുവന്ന്‌ ഉള്ള കഞ്ഞിവെള്ളവും മോന്തി വെട്ടിയിട്ട വാഴപോലെ വീണുറങ്ങുന്നവനെ കെട്ടിയോളെയും കുട്ടികളെയും ചവുട്ടിമറിച്ചിട്ട്‌ വെട്ടിനുറുക്കുന്നതിന്‌ സംഘട്ടനം എന്ന്‌ ഏത്‌ ശബ്ദതാരവലിയാണ്‌ അര്‍ത്ഥം കൊടുത്തിരിക്കുന്നത്‌.

നേര്‍ക്കുനേരെ വരുന്നതുകണ്ടാല്‍ പണ്ട്‌ കുഞ്ചന്‍ വിവരിച്ച നായരെക്കാല്‍ കഷ്ടമാണ്‌ ഇരുവിഭാഗം നാറികളുടെയും കാര്യം. കിട്ടിയ വഴിയില്‍ ഓടുന്ന ഓട്ടത്തില്‍ കൊളംബസ്‌ കാണാതെപോയ ദ്വീപുവരെ കണ്ടുപിടിച്ചെന്നുവരും. അത്രക്ക്‌ ധീരന്‍മാരാണ്‌.

നമുക്കില്ലാത്ത സംഗതിയാണല്ലോ നമ്മളാരാധിക്കുക. കണ്ടാല്‍ ചുടലപ്പൊട്ടനും ഞെട്ടിവീഴുന്ന കോലമായതുകൊണ്ട്‌ നിത്യന്‍ സൗന്ദര്യാരാധകനായി. വാഴക്കൈ ഒടിയുമ്പോള്‍ പെര്‍മിഷനു കാത്തുനില്‌ക്കാതെ മുത്രംപോവുന്നവരായതുകൊണ്ടാണ്‌ നമ്മള്‍ സുദര്‍ശനം കൈയ്യിലുള്ള ശ്രീകൃഷ്‌ണനെ ആരാധിക്കുന്നത്‌. ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയെ കണ്ണൂരുകാര്‍ ആരാധിക്കുന്നതിന്റെ പിന്നിലും ഇതേ മനശ്ശാസ്‌ത്രമാണ്‌.

ആജീവനാന്തം വിപ്ലവകാരിയായ ചെ സി.ഐ.എയോടും യാങ്കികളോടും ഏറ്റുമുട്ടി ബൊളീവിയയില്‍ രക്‌്‌തസാക്ഷിയായി. അതേതായാലും പറ്റാത്തതുകൊണ്ട്‌ രണ്ടു പുട്ട്‌ ഒന്നിച്ച്‌ തിന്നാന്‍ വകയില്ലാത്തവന്‍ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന്‌ അല്ലെങ്കില്‍ ഉറങ്ങുന്ന ശുഭമുഹൂര്‍ത്തം നോക്കി ഒരു പത്തിരുപത്തഞ്ചാളുകള്‍ ചുറ്റിലും നിന്ന്‌ വെട്ടിക്കൊല്ലുകയാണ്‌ നമ്മള്‍ പഠിച്ച വിപ്ലവം.

ചെ ആയുധമെടുത്തത്‌ അന്നന്നത്തെ അന്നത്തിനായി പെടാപാടുപെടുന്ന ദരിദ്രവാസിയെ ഉറക്കപ്പായില്‍ നിന്നും വെട്ടിയരിയാനായിരുന്നില്ല. ചെ യെ ലോകം ഓര്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്‌. വിപ്ലവകാരികള്‍ ചെഗുവേരയെയും സംഘപരിവാരങ്ങള്‍ ശ്രീകൃഷ്‌ണനെയും ആരാധിക്കുമ്പോള്‍ കണ്ണൂരിലെ കുചേലന്‍മാരുടെ കാര്യം കട്ടപ്പുക.

രാഷ്ട്രീയകുടിപ്പകക്കിരയായി ഇന്നോളം കണ്ണൂരിന്റെ മണ്ണില്‍ പിടഞ്ഞുവീണ നാഗങ്ങള്‍ക്ക്‌, ഉരഗങ്ങള്‍ക്ക്‌, നാല്‌ക്കാലികള്‍ക്ക്‌, ഇരുകാലികള്‍ക്ക്‌, ഹൃദയം പൊട്ടി മരിച്ച എത്രയോ മാതാപിതാക്കള്‍ക്കുമായി, വഴിയാധാരമാക്കപ്പെട്ട എത്രയോ സഹോദരിമാര്‍ക്കായി, അനാഥത്വത്തിലേക്കെടുത്തെറിയപ്പെട്ട നിരവധി ബാല്യങ്ങള്‍ക്കായി ഒരുപിടി കണ്ണീര്‍പൂക്കള്‍.

February 28, 2008

നയനമനോഹര ഹര്‍ത്താല്‍

ഒരു ഹര്‍ത്താലിലും വിമാനം പറക്കാതിരുന്നതായി കേട്ടിട്ടില്ല. രാജധാനി പാളത്തിലിറങ്ങാത്തതായും. വില വര്‍ദ്ധിപ്പിക്കുന്നവരൊക്കെ അതിലാണ്‌ സഞ്ചരിക്കുക. അങ്ങ്‌ അണ്ഡകടാഹങ്ങളിലുടെ അനര്‍ഗളമായൊഴുകുന്ന പുഷ്‌പകവിമാനത്തിലെ രാവണന്‍മാര്‍ ഭൂമിയിലെ ഉരുളന്‍ കല്ലുകള്‍ക്ക്‌ അപ്രാപ്യമാണ്‌. വിഡ്ഡികള്‍ക്കും.

വല്യ വില കൊടുക്കേണ്ടവരാണ്‌ കിട്ടിയ ബസ്സില്‍ തൂങ്ങി ആല്‍മരത്തിലെ കടവാതിലിനെപ്പോലെ സഞ്ചരിക്കുക. ഹര്‍ത്താലൊന്നു നടക്കുമ്പോള്‍ അവറ്റകള്‍ രണ്ട്‌ വിലയാണ്‌ കൊടുക്കേണ്ടിവരുന്നത്‌. ഒന്ന്‌ നിശ്ചയമായും അരിയുടെ ഒടുക്കത്തെ വില. രണ്ടാമത്തേത്‌ സ്വന്തം ജീവന്‍. അരിവിലയുടെ അത്രവരാത്തതുകൊണ്ട്‌ അതു സാരമില്ലെന്ന്‌ വെയ്‌ക്കാം. ഹര്‍ത്താലിന്റെ വന്‍വിജയം കണക്കിലെടുക്കുമ്പോള്‍ ഒരു ജീവന്‍, ഛായ്‌.

ഒരു കല്ലും ഒരു വിഡ്ഡിയും അരത്തെമ്മാടിയും ചേര്‍ന്നാല്‍തന്നെ ഹര്‍ത്താല്‍ വന്‍വിജയം. കൂടെ നാലു മുഴുത്തെമ്മാടികള്‍ കൂടിയുണ്ടെങ്കില്‍ ബഹുകേമം. ആകെവേണ്ടത്‌ ജനം നെട്ടോട്ടമോടി കഷ്ടപ്പെട്ടു എന്നുറപ്പുവരുത്തണം. അങ്ങിനെ വന്നാല്‍ ഹര്‍ത്താല്‍ വന്‍വിജയം.

ഇപ്പോള്‍ അരിക്കുവില 22രൂപ. സത്യസന്ധമായി പറഞ്ഞാല്‍ ഇത്‌ ആരെയാണ്‌ കഷ്ടപ്പെടുത്തുന്നത്‌? പൊതുജനത്തെ. രൂപ 220 ആക്കിയാലും ചാണ്ടിക്കും വിജയനും എമ്പക്കത്തിന്റെ എണ്ണത്തിന്‌ കുറവൊന്നും സംഭവിക്കുകയില്ല. അപ്പോ സമരം ആര്‍ക്കുവേണ്ടി? സാദാപരിഷകള്‍ക്കുവേണ്ടി. അതുകൊണ്ട്‌്‌ അവറ്റകളുടെ കഞ്ഞികുടി തന്നെയാണ്‌ മുട്ടിക്കേണ്ടത്‌. ഇടക്കിടെയുള്ള പട്ടിണി ഒരു മുഴുപ്പട്ടിണിയുടെ മുന്നോടിയാണമ്മാവാ എന്നു പറയാനുള്ള തിരിച്ചറിവ്‌ അടുത്തകാലത്തൊന്നും ഉണ്ടാവുകയില്ല.

മനുഷ്യനും മൃഗവും തമ്മില്‍ പലേ വ്യത്യാസങ്ങളുമുണ്ട്‌. കാര്യമായൊരു സാമ്യം രണ്ടും അനുഭവത്തില്‍ നിന്നും പഠിക്കുകയില്ലെന്നതാണ്‌. അറവുകാരന്‍ മുട്ടനാടിന്റെ കഴുത്തിന്‌ കത്തിവെക്കുമ്പോള്‍ പെണ്ണാട്‌ അവസാനത്തെ പ്ലാവിലയ്‌ക്കായി നാവുനീട്ടുന്നുണ്ടാകും.

ഹര്‍ത്താലിന്റെ തീവ്രത അഥവാ വിജയം അളക്കുന്ന ഉപകരണമാണ്‌ ഹര്‍ത്താല്‍ബന്ദോമീറ്റര്‍. നടുറോഡില്‍ പെറ്റ പെണ്ണിന്റെ എണ്ണം, അവസാനശ്വാസത്തിലും ഹര്‍ത്താലിന്നഭിവാദ്യമര്‍പ്പിച്ച്‌ ചത്തുപോയ ഹൃദ്രോഗികളുടെ എണ്ണം, ചത്തുപോയ കൂടപ്പിറപ്പുകളെ കാണാനെത്തി വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനില്‍ കുത്തിയിരുന്ന്‌ അലമുറയിടുന്ന ആളുകളുടെ എണ്ണം, പൊളിഞ്ഞ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ചില്ലുകളുടെ എണ്ണം, ചിതറിയ തലകളുടെ എണ്ണം, പുഞ്ചിരിതൂകി പോലീസ്‌ അകമ്പടിയോടെ കാറിലിരുന്ന്‌ ഹര്‍ത്താലിന്‌ നേതൃത്വം നല്‍കുന്ന നേതാക്കളുടെ ചിത്രം എന്നിവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ്‌ തീവ്രതയുടെ മാനദണ്ഡം.

പ്രഖ്യാപിച്ചാല്‍ തന്നെ വിജയമാകുന്ന ഒരു സംരംഭമാണ്‌ ഹര്‍ത്താല്‍ വ്യവസായം. കല്ലെടുത്താല്‍ വന്‍വിജയം. കത്തികൂടി വലിച്ചാല്‍ പിന്നെ പറയുകയും വേണ്ട.

നേതാക്കളുടെ വക ഹര്‍ത്താലില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരൗദാര്യമുണ്ട്‌. പാല്‍, മത്സ്യം, പത്രം, മെഡിക്കല്‍ ഷാപ്പ്‌ എന്നിവയെ ഒഴിവാക്കിയിരിക്കുന്നു എന്നൊരറിയിപ്പ്‌. ഈയൊരൊറ്റ പ്രസ്‌താവനയുടെ പുറത്തുതന്നെ മുഴുവനെണ്ണത്തിനെയും പിടിച്ച്‌ അകത്തിടേണ്ടതാണ്‌. തല്‌ക്കാലം നാട്‌ ബാക്കിയുള്ളവര്‍ നന്നാക്കട്ടെ എന്നുമാത്രം കരുതുക. ജീവിത്തിലൊരുദിവസം പോലും നയിച്ചു തിന്നാത്തോരാണ്‌ മറ്റുള്ളവര്‍ നാളെ എന്തുചെയ്യണമെന്ന്‌ തീരുമാനിക്കാകുക. കോടതിക്ക്‌ തല്‌ക്കാലം നിരീക്ഷിക്കാനേ ആവൂ. നടപ്പിലാക്കേണ്ടത്‌ ബാക്കിയുള്ളവരാണ്‌.

പാലുകിട്ടിയില്ലെങ്കില്‍ ചത്തുപോകുന്ന അവസ്ഥ ചാണ്ടിവിജയാദികള്‍ക്കൊക്കെയുണ്ടാവാം. പിഞ്ചുകുട്ടികളടക്കമുള്ള നിത്യന്റെ കുടിയില്‍ നാല്‌പതുനാള്‍ പാലുകിട്ടിയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. മത്സ്യം കിട്ടിയില്ലെങ്കിലും. ഇനി തലേന്നുതന്നെ ഇതെല്ലാം കരുതിവെക്കാനുള്ള മോര്‍ച്ചറിയുമില്ല.

പിന്നെ പത്രം. മകന്‍ അച്ഛനെ വെട്ടിയതിന്റെയും അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്‌തതിന്റെയും വീരകഥകളും അടിപോയ കുടത്തില്‍ വെള്ളമെടുക്കുന്ന നേതാക്കളുടെ പ്രസ്‌താവനകളും അളിഞ്ഞ മോന്തയും ചിത്രത്തില്‍പോലും കണികണ്ടു എന്നൊരു ഖേദവുമില്ല.

ഇനിയാണ്‌ മെഡിക്കല്‍ ഷാപ്പിന്റെ കാര്യം. സാദാപൗരന്റെ ഏകാശ്രയം സര്‍ക്കാരാശുപത്രിയാണ്‌ മെഡിക്കല്‍ഷാപ്പല്ല. അവിടുത്തെ കലക്കുദ്രാവകമാണ്‌ അവന്റെ സര്‍വ്വരോഗസംഹാരി. അതുഫലിക്കാത്ത ഘട്ടമെത്തിയാല്‍ പിന്നെ രോഗീലേപനവും തുടര്‍ന്ന്‌ അന്ത്യകൂദാശയുമാണ്‌ പതിവ്‌. കേരളത്തിലെ ദരിദ്രവാസികള്‍ ഡോക്ടറെതേടി മെഡിക്കല്‍ഷാപ്പില്‍ പോവാന്‍ തുടങ്ങിയതെപ്പോള്‍ തൊട്ടാണാവോ? നിത്യന്‌ നിശ്ചയമില്ല. ആരോഗ്യടീച്ചറോട്‌ ചോദിച്ചാല്‍മതി.

അനന്തപുരിയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഇരുന്ന്‌ കൈയ്യെത്തും ദൂരത്ത്‌ സകല സൗകര്യങ്ങളും അതേപടി നിലനിര്‍ത്തി നാട്ടുകാര്‍ മുഴുവന്‍ മൂക്കുകൊണ്ട്‌ ക്ഷ വരച്ചശേഷം മാത്രം ചാവണം എന്ന അപാരജനസ്‌നേഹമാണ്‌ ഹര്‍ത്താലുകളുടെ പിന്നിലെ ചേതോവികാരം. ഈയൊരു ജനസ്‌നേഹത്തിനാണ്‌ മലയാളത്തില്‍ സാഡിസം എന്നുപറയുക.

വിദ്യാര്‍ത്ഥികളുടെ കയ്യിലെ അവസാനത്തെ ആയുധമാണ്‌ പഠിപ്പുമുടക്ക്‌. തൊഴിലാളികളുടെ കൈയ്യിലെ അവസാനത്തെ ആയുധമാണ്‌ പണിമുടക്ക്‌.

നന്ദിയാരോടുനാം ചൊല്ലേണ്ടൂ?
അവസാനം ചെലുത്തേണ്ട പ്രഥമനസാരം
ആദ്യം കഴിക്കാന്‍ പഠിപ്പിച്ച തിരുമേനിയോടോ?
കല്ലെറിഞ്ഞകറ്റിയ സ്വാശ്രയത്തെ
പിന്നെകെട്ടിയെഴുന്നള്ളിച്ച തിരുമാലിയോടോ
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
ഹര്‍ത്താലിന്‍ നിര്യാണം ചൊല്ലിയറിയിച്ച
ഉഗ്രപ്രതാപിയാം ഹസ്സനോടോ?
മടിയാതെ ഹര്‍ത്താലിനെ തിരികെയെത്തിച്ച
നൊസ്സനാം ഹസ്സനോടോ?
അറസ്റ്റൊന്നു നടത്തിയ പോലീസിന്നെതിരായി
ജില്ലയിലന്നം മുടക്കിയ വിപ്ലവനീര്‍ക്കോലിയോടോ?
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
നാലിടത്തൊന്നായി ചുമരെഴുതീടുവാ
ന്‍നാലുപേരില്ലാത്ത നക്‌സല്‍ വിഎച്ച്‌പിയും
വെറുതേയൊരര്‍ത്താല്‍ നിനച്ചപ്പോള്‍ തന്നെയും
സ്വയം നിശ്ചലമായൊരു ജനതയോടോ?
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?

അതുകൊണ്ടുതന്നെയാണ്‌ പറഞ്ഞത്‌. ഹര്‍ത്താല്‍ ജനങ്ങളെ വലയ്‌ക്കണം. നേതാക്കള്‍ക്ക്‌ സുഖിക്കണം. റോഡില്‍ പെണ്ണുപെറുന്ന രംഗമാലോചിക്കുമ്പോഴുള്ള ഒരു സുഖേയ്‌. ന്താ കളി. വണ്ടി കിട്ടാതെ പയ്യന്‍ പെടച്ചുചത്തരംഗം അലോചിക്ക്വാന്‍ തന്നെ എന്തൊരു സുഖമുണ്ട്‌. നേരം വെളുക്ക്വോളം കളീം കണ്ട്‌ പുലര്‍ച്ചക്കൊരു നോരമ്പോക്കും തരാക്കി വരുന്ന സുഖം രാമാ പിന്നില്‌ നിക്കണം.

നാലേമ്പക്കം ഒന്നായിട്ടുപോയാല്‍ കുഴലേന്തിയവര്‍ പന്ത്രണ്ടെണ്ണവും മാലാഖമാര്‍ ഒരു നാട്ടിലേക്കുള്ളതും ചുറ്റിലും നില്‌ക്കുവാനുളള സംവിധാനത്തിന്‌ ഹര്‍ത്താലുകാരണം വിഘ്‌നം വന്ന്‌ ഒരു നേതാവും അനന്തപുരി വിട്ട്‌ കാലപുരിപൂകിയ ചരിത്രമില്ല. നാളിതുവരെയായി ഹര്‍ത്താല്‍ കാരണം ഒരു മന്ത്രിയുടെയും മക്കള്‍ നടുറോഡില്‍ പെറ്റിട്ടില്ല. ഞായറാഴ്‌ച എന്റെ മോള മോള മോള പാലുകൊടുക്കലാ. അതുകൊണ്ട്‌ ഹര്‍ത്താല്‍ തിങ്കളാഴ്‌ചയായിക്കോട്ടെ എന്നുപറഞ്ഞതല്ലാതെ.

കയ്യില്‍ കിട്ടിയാല്‍ ശരിപ്പെടുത്തിക്കളയും എന്ന മട്ടിലാണ്‌ ലോറിയുടെ പിന്നാലെ പട്ടിയോടുക. പട്ടിയുടെ ഈയോട്ടത്തിനൊരു മനശ്ശാസ്‌ത്രവശമുണ്ട്‌. പണ്ട്‌ ദിനോസറിനുപിന്നാലെ ഓടിയത്‌ പട്ടി മറന്നിട്ടില്ല. ഇന്ന്‌ പറമ്പുനിറയെ വീടായതുകൊണ്ട്‌ പ്രാകൃതകമ്മ്യൂണിസ കാലഘട്ടത്തില്‍ കായ്‌ച്ചുനില്‌ക്കുന്ന മാവും കല്ലെറിഞ്ഞകറ്റേണ്ട ചെന്നായ്‌ക്കളും ദിനോസറിന്റെ വഴിയേ പോയി. അതുകൊണ്ട്‌ പട്ടികളെക്കാള്‍ ലേശം കൂടി താഴ്‌ന്നവരായ സ്ഥിതിക്ക്‌ തലമുറയായി നമുക്ക്‌ പകര്‍ന്നുകിട്ടിയ അറിവാണ്‌. കിട്ടിയ തഞ്ചത്തിന്‌ നാലേറ്‌ പാസാക്കി നാമിപ്പോള്‍ നിര്‍വൃതിയടയുന്നു.

അങ്ങിനെ ഏറുടെണ്ടന്‍സി കാണിക്കുന്നവര്‍ക്കായി ബുദ്ധിയുള്ളവര്‍ ഒരു സംവിധാനമൊരുക്കുകയാണ്‌ വേണ്ടത്‌. മെക്കയില്‍ വര്‍ഷാവര്‍ഷം ചെകുത്താനെ കല്ലെറിയുന്നതുപോലൊരു ചടങ്ങ്‌. ഇരിക്കട്ടെ ഒരു മുപ്പത്‌ ദിവസം. അതിനുശേഷം എറിയാന്‍ കൈ പൊങ്ങിയാല്‍ പിന്നെ ശിക്ഷയും ശരിയത്തുതന്നെയായിക്കോട്ടെ. ആ കൈ പിന്നെ പൊങ്ങരുത്‌. കല്ലിന്‌ വംശനാശം സംഭവിക്കുകയല്ലാതെ ഏറെത്ര കൊണ്ടാലും ചെകുത്താനൊരു ചുക്കും സംഭവിക്കുകയില്ല. മൂപ്പരുടെ ജീവനെപ്പറ്റി യാതൊരു ഭയവും ദൈവത്തിനുപോലും ആവശ്യമില്ല.

February 15, 2008

കോമ്രേഡ്‌സും കുഞ്ഞാടുകളും

സ്വര്‍ഗരാജ്യം അടിയന്തിരമായി ഭൂമിയില്‍ തന്നെ സ്ഥാപിക്കുകയാണ്‌ മാര്‍ക്‌സിസ്റ്റുകാരുടെ ലക്ഷ്യം. അതിനുവേണ്ടി കൊല്ലാനും ചാവാനും മടിക്കില്ല. മെത്രാന്റെ സ്വര്‍ഗരാജ്യത്തിനു ഭൂമിയുമായി കണക്ഷനില്ല. ആളുകള്‍ വടിയായി എന്ന്‌ വൈദ്യശാസ്‌ത്രം സര്‍ട്ടിഫിക്കറ്റുകൊടുത്താല്‍ മാത്രം ആലോചിക്കേണ്ട സംഗതിയാണ്‌. അതായത്‌ ജനാസ നമസ്‌കാരം കഴിഞ്ഞാല്‍ മാത്രം ലഭ്യമാവുന്ന സുവര്‍ണാവസരം.

ഭൂമിയില്‍ കുറെക്കാലം ഒരു സ്വര്‍ഗമുണ്ടായിരുന്നത്‌ 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അസ്‌തുവായി. അതങ്ങ്‌ റഷ്യയായിരുന്നു. തേനും പാലും തലങ്ങും വിലങ്ങും ഒഴുകുമ്പോള്‍ കൂട്ടിക്കലര്‍ന്നു പോവാതിരിക്കാന്‍ വരമ്പെടുക്കലായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അന്നത്തെ പണി.

സുകൃതം ചെയ്‌തവര്‍ മാത്രമേ അക്കാലത്ത്‌ റഷ്യയില്‍ ജനിക്കാറുണ്ടായിരുന്നുള്ളൂ. ഇഹത്തിലും സ്വര്‍ഗം പരത്തിലും സ്വര്‍ഗം. ആയൊരൊറ്റക്കാരണം കൊണ്ടുതന്നെ പോപ്പിനു പിടിച്ചില്ല. ഇഹത്തിലെ സ്വര്‍ഗം ഇമ്മിണി ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടാണല്ലോ ചത്തൂ എന്നുറപ്പിച്ചാല്‍ മാത്രം കുഞ്ഞാടുകളോട്‌ സ്വര്‍ഗത്തെപ്പറ്റി ചിന്തിച്ചോളാന്‍ പറഞ്ഞത്‌.

ഭൂമിയില്‍ വേറൊരു സ്വര്‍ഗമുള്ളത്‌ ഇപ്പോ സ്വമേധയാ നരകമാക്കി കണ്‍വേര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ചൈന. ചൈനയിലെ ദരിദ്രപ്രവിശ്യകളിലാവട്ടെ ഏതെങ്കിലും പെണ്ണിന്റെ തലപുറത്തുകണ്ടാല്‍ കഴിഞ്ഞു കഥ. പിന്നെ പൊങ്ങുക ഷാങ്‌ഹായ്‌ സ്വര്‍ഗത്തിലായിരിക്കും. തട്ടിക്കൊണ്ടുപോന്ന പെണ്ണിനെയും കാത്ത്‌ ഷാങ്‌ഹായിലെ വിപ്ലവത്തിന്റെ പട്ടുമെത്തകള്‍ അക്ഷമരായിരിക്കും. അവളെ യഥാവിധി ഉഴുതുമറിച്ചു വിളവെടുപ്പ്‌ കഴിഞ്ഞെന്നുതോന്നിയാല്‍ ജീവനോടെയോ അല്ലാതെയോ അങ്ങോട്ടു വലിച്ചെറിയുക. ഇവിടെയാണെങ്കില്‍ ചിലപ്പോള്‍ പേരിനൊരു പോലീസന്വേഷണമെങ്കിലുമുണ്ടാകും. വ്യാളികള്‍ വേളി കഴിക്കാന്‍ പൊക്കിക്കൊണ്ടുപോയതാണെന്നുകരുതി സമാധാനിക്കുകയാണ്‌ ഏകമാര്‍ഗം. വിപ്ലവം ചിലപ്പോഴല്ല പലപ്പോഴും അതിന്റെ സന്തതികളെയാണ്‌ കൊന്നുതിന്നുക.

കൃസ്‌ത്യാനികളുടെ സ്വര്‍ഗം ചത്താല്‍ കിട്ടുന്ന കാര്യമാണ്‌. അതും ഒട്ടകം സൂചിക്കുഴയിലൂടെ പോകുമെങ്കില്‍ മാത്രമേ ധനികന്‍ സ്വര്‍ഗത്തിലെത്തുകയുള്ളൂവെന്ന്‌ ബൈബിള്‍. ബൈബിളില്‍ പറഞ്ഞ പ്രകാരമാണ്‌ സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമെങ്കില്‍ മാര്‍പ്പാപ്പവരെ പുറത്തുനില്‌ക്കാനാണ്‌ സാദ്ധ്യത. ഏതെങ്കിലും കപ്പ്യാരെങ്ങാന്‍ അകത്തെത്തിയാലായി.

ഭൂമിയില്‍ സമ്പത്തു കുന്നുകൂട്ടുന്നവന്‍ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ ചെകുത്താനാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ബൈബിളായ മാനിഫെസ്റ്റോ പ്രകാരവും ലോകം ഒരു നരകമാവാനുള്ള കാരണം കേന്ദ്രീകൃത സമ്പത്താണ്‌. അതുകൊണ്ട്‌ സമ്പത്തിന്റെ തുല്യമായ വിതരണം നടക്കണം. സ്വകാര്യസ്വത്ത്‌ കംപ്ലീറ്റ്‌ ഇല്ലാതാവണം. അവനവനാല്‍ കഴിയുന്നത്‌ സമൂഹത്തിനും സമൂഹത്തില്‍നിന്നും അവനവനാവശ്യമുള്ളത്‌ എടുക്കാനും പറ്റുന്ന സുന്ദരമായ അവസ്ഥ.

നല്ല ആശയങ്ങളെല്ലാം നക്ഷത്രങ്ങളെപ്പോലെയാണ്‌. അതൊരുഭാഗത്തുനിന്ന്‌ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും. അങ്ങോട്ടടുക്കാന്‍ നമ്മളെക്കൊണ്ട്‌ പറ്റുകയില്ല. എന്നാല്‍ അതുനോക്കി നമ്മുടെ യാനപാത്രത്തിന്റെ ഗതി നിയന്ത്രിക്കാം. എന്നാല്‍ നക്ഷത്രങ്ങളെ നോക്കി അവിടെയെത്തിയേ അടങ്ങൂ എന്ന വാശിയില്‍ അങ്ങോട്ടുനോക്കി യാത്രതിരിക്കുന്നവരാണ്‌ കോമ്രേഡ്‌സും കുഞ്ഞാടുകളും. മേലോട്ടുനോക്കി താഴേക്കൂടി ഗമിക്കുകയാണ്‌ പതിവ്‌. സ്വാഭാവികമായും ഓടകള്‍ അവര്‍ക്കുള്ളതാകുന്നു. ആമീന്‍. ഓടയില്‍ നിന്ന്‌ എഴുന്നേല്‌ക്കുമ്പോഴേക്കും കോടിപതികളായി മാറുകയാണ്‌ പതിവ്‌. ഓടയില്‍ പതിച്ച അച്ചന്‍മാരുടെ അരമനയും വിലങ്ങനെ വളര്‍ന്നുകൊണ്ടിരിക്കും. അങ്ങിനെ രണ്ടുകൂട്ടര്‍ക്കും ഇഹത്തില്‍ സ്വര്‍ഗം പിന്നാലെ നടക്കുന്ന കുഞ്ഞാടുകള്‍ക്ക്‌ അന്ത്യകൂദാശക്കുശേഷവും. ഭൂമിയില്‍. ഇത്‌ വൃത്തിയായി തെളിച്ചതാണ്‌ കേരളത്തിലെ കോമ്രേഡ്‌സിന്റയും കുഞ്ഞാടുകളുടേയും ഏറ്റവും വലിയ സംഭാവന.

അച്ചന്‍മാരുടെ കയ്യിലെ മാന്ത്രികവിദ്യകളെല്ലാം ഒന്നൊന്നായി വശത്താക്കിയാണ്‌ സഖാക്കളുടെ പ്രയാണം. പറയുന്നത്‌ ചെയ്യണമെന്നുള്ള നിര്‍ബന്ധം അശേഷം അച്ചന്‍മാര്‍ക്കില്ല. വിപ്ലവകാരികള്‍ക്കുമില്ല. ഇന്നൊരബദ്ധം ചെയ്‌താല്‍ ഒരു മുന്നൂറ്‌ നാനൂറു കൊല്ലം കഴിഞ്ഞാല്‍ പരിഹാരം ചെയ്‌താല്‍ മതി. ഭൂമി ഉരുണ്ടതാണെന്ന പറഞ്ഞതിനാണല്ലോ ബ്രൂണോയെ കത്തോലിക്കാസഭ ചുട്ടുകൊന്നത്‌.

കമ്മ്യൂണിസ്‌റ്റുകാരാവുമ്പോ വേറൊരു വഴിയുണ്ട്‌. പാര്‍ട്ടി സിക്രട്ടറിയുടെ മുമ്പിലെ കുമ്പസാരക്കൂട്ടില്‍ കയറി തെറ്റ്‌ ഏറ്റുപറയുക. ബൈബിളില്‍ ഇതിന്‌ സ്വയം വിമര്‍ശനം എന്നുപറയും. അതിനുശേഷം പരസ്‌പരവിമര്‍ശനം. മാവിലാക്കാവിലെ അടിപോലെ ഗ്രൂപ്പായി നിന്ന്‌ പൂരപ്പാട്ട്‌ ആലപിക്കാം, കട്ടതിന്റെ കണക്കുപറയാം, കിട്ടിയ കമ്മീഷന്റെയും നഷ്ടപ്പെടുത്തിയതിന്റെയും കണക്കെടുക്കാം.

പിന്നെ സകല ആദര്‍ശങ്ങളുടെയും പതിനാറടിയന്തിരം അഥവാ പാര്‍ട്ടികോണ്‍ഗ്രസ്‌ എന്നൊരു സംഗതിയുണ്ട്‌. പണ്ടറിയാതെ ചെയ്‌തുപോയ എല്ലാ ശരികളും അതോടുകൂടി തിരുത്തുകയാണ്‌ പതിവ്‌. ഭാവിയില്‍ ചെയ്യേണ്ട തെറ്റുകളുടെ മുന്‍ഗണനാക്രമത്തിലുള്ള ലിസ്റ്റുമുണ്ടാക്കി പിരിയുകയും ചെയ്യും.

പണ്ട്‌ മുണ്ടശ്ശേരിക്ക്‌ ഒരു തെറ്റുപറ്റിയിരുന്നു. മുതലാളി കാശുംവാങ്ങി നിയമിക്കുന്ന മന്ദബുദ്ധിക്ക്‌ അദ്ധ്യാപകന്‍ എന്നപേരില്‍ സര്‍ക്കാര്‍ പാവങ്ങളുടെ നികുതിപ്പണമെടുത്ത്‌ ശമ്പളമായി കൊടുക്കേണ്ടതില്ലെന്ന്‌ ഒരഭിപ്രായം. അല്ലെങ്കില്‍ നിയമനം സര്‍ക്കാര്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ നടത്തണം. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിളു കാട്ടിക്കൊടുക്കാന്‍ പറഞ്ഞ കര്‍ത്താവിന്റെ അനുയായികള്‍ കൊടുവാളെടുത്തപ്പോള്‍ നമ്പൂതിരിപ്പാടിന്റെ കഥകഴിഞ്ഞു.

മുണ്ടശ്ശേരിക്ക്‌ പറ്റിയ ആ ആനമണ്ടത്തരം രണ്ടാംമുണ്ടശ്ശേരി തിരുത്തി. രൂപതാ പോരെങ്കില്‍ അതിരൂപതാ നിയമനം റെഡി. നമ്മള്‍ പണ്ട്‌ സ്വാശ്രയത്തിനെതിരായിരുന്നു. അഞ്ചെണ്ണത്തിനെ കൂത്തുപറമ്പില്‍ കുരുതിയും കൊടുത്തു. പിന്നെയാണ്‌ സ്വാശ്രയത്തിന്റെ ഗുണം തിരിഞ്ഞത്‌.

മൊയ്‌ചൊല്ലിയതിനെ കെട്ടലാണ്‌ വിപ്ലവമെങ്കില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട വിപ്ലവകാരികളുടെ പറുദീസയാണ്‌ കേരളം. ട്രാക്ടര്‍ വന്നു. ആദ്യം തള്ളി. കൃഷിക്കാരന്‍ വര്‍ഗശത്രു. കായല്‍ കൃഷി കണ്ടുപിടിച്ചതിന്‌ ആദരിക്കപ്പെടേണ്ട മുരിക്കന്‍ കായല്‍ രാജാവ്‌ ആന്റ്‌ നമ്പര്‍ വണ്‍ വര്‍ഗശത്രു. അതു പിടിച്ചുവാങ്ങി വീതിച്ചു. മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. കായല്‍ കൃഷി പിന്നെ അറബിക്കടലില്‍. എല്ലാം കഴിഞ്ഞപ്പോള്‍ ട്രാക്ടറിന്‌ വരണമാല്യം ചാര്‍ത്തി പറമ്പിലൂടെഴുന്നള്ളിക്കാന്‍ തുടങ്ങി. ബട്ട്‌ ലേയ്‌റ്റ്‌ മാര്യേജ്‌. ട്രാക്ടര്‍ മാസം തികയാതെ ഇരട്ടപെറ്റു. ഒരാണും ഒരു പെണ്ണും. ആണ്‌ മണ്ണുമാന്തി പെണ്ണ്‌ ടിപ്പര്‍ലോറി. ചെകുത്താന്റെ അതേരൂപം. കോമ്രേഡ്‌സും കുഞ്ഞാടുകളും മാറിമാറി ഉമ്മവച്ചു. കാടെല്ലാം നാടായി. റിസോര്‍ട്ടുകളായി. പാര്‍ട്ടിയോഫീസുകളായി. ഫലമോ നമ്മളു കൊയ്‌തൊരു വയലെല്ലാം കൊട്ടാരങ്ങള്‍ പൈങ്കിളിയേ. കംപ്യൂട്ടര്‍ വന്നു. അടിച്ചുപൊളിച്ചു. എല്ലാരും കെട്ടി മക്കളും അവറ്റകളുടെ മക്കളുമായപ്പോള്‍ നിശ്ചയിച്ചു ഇനി കെട്ടാം. ഇതിനകം നേതാക്കളുടെ മക്കള്‍ അച്ചന്‍മാരുടെ സ്വാശ്രയത്തില്‍ പഠിച്ച്‌ പരാശ്രയ അര്‍ജുനന്‍മാരായി. സാഹചര്യം പോക്കറ്റടിച്ചുപോയ ദരിദ്രവാസികളുടെ പിള്ളേര്‍ കര്‍ണന്‍മാരായി രണഭൂമിയില്‍ ഒടുങ്ങി. ലാല്‍സലാം.

തെറ്റുകള്‍ അച്ചന്‍മാരെ കണ്ടാല്‍ വഴിമാറിനടക്കുന്നതുകൊണ്ട്‌ കുഞ്ഞാടുകള്‍ മാത്രം കുമ്പസാരിച്ചാല്‍ മതി. കുമ്പസാരക്കൂട്ടില്‍ ആളു കൂടുമ്പോള്‍ എപ്പോഴും ചിരിവരുക ചെകുത്താനാണ്‌. ദൈവമുള്ളിടത്തോളം കാലം ചെകുത്താന്‌ തിരിഞ്ഞുനോക്കേണ്ടിവരില്ല. പിന്നെയേ ഭാവിയെക്കുറിച്ചാലോചിക്കേണ്ടതുള്ളൂ. ദൈവത്തിന്റെ മാലാഖയായിരുന്ന അഭയയുടെ ശരീരം ദൈവദാസന്‍മാരുടെ കിണറ്റിലെത്തിയപ്പോള്‍ നമ്മള്‍ കുഞ്ഞാടുകള്‍ വെറുതെ കര്‍ത്താവിന്റെ ആളുകളെ സംശയിച്ചു. സാത്താന്റെ പേരില്‍ കൊലക്കുറ്റത്തിനും ബലാല്‍സംഗത്തിനും കേസെടുക്കുന്നതിനുപകരം വിവരദോഷികള്‍ സത്യംമാത്രം പറയുന്നവരെ നുണപരിശോധനക്കു വിധേയരാക്കി ദൈവനിന്ദയും നടത്തി. ഇപ്പോള്‍ എന്ത്‌ കിളിരൂര്‍ ഏത്‌ കിളിരൂര്‍? എന്ത്‌്‌ വി.ഐ.പി. ഏത്‌ വി.ഐ.പി?

ഉടുതുണിക്ക്‌ മറുതുണിയില്ലാതലഞ്ഞവര്‍ കോടികളുടെ ആസ്ഥിയുമായി നില്‌ക്കുമ്പോള്‍ കുഴിമാടത്തിലെ മാര്‍ക്‌സിന്റെ അസ്ഥികള്‍ കൂടി അസ്വസ്ഥമാവുന്നുണ്ടാവണം. അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള കോഴക്കോളേജുകളുടെ എണ്ണം കാണാനെങ്കിലും കര്‍ത്താവ്‌ ഒന്നുകൂടി ഉയിര്‍ത്തെഴുന്നേറ്റെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെച്ചപ്പെട്ടത്‌ കുരിശിലുള്ള കിടപ്പുതന്നെയെന്ന്‌ തീരുമാനിക്കുമായിരുന്നു.

അതുകൊണ്ട്‌ രണ്ടുകൂട്ടരും എന്തിന്‌ പോരടിക്കുന്നു? എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം യോജിപ്പിന്‍ മേഖലകള്‍. ലക്ഷ്യവും ഒന്ന്‌ മാര്‍ഗവും ഒന്ന്‌. ലക്ഷ്യം ധനം മാര്‍ഗം ഏതും. എല്ലാം കൊണ്ടും ഇനി ഒരു കാരണത്തിനുമാത്രമേ സാദ്ധ്യതയുള്ളൂ. ഒരു കൂട്ടില്‍ രണ്ടു സിംഹം പാടില്ലെന്ന പൊതുനയം. അല്ലെങ്കില്‍ ആശാരിക്ക്‌ ആശാരീനെ കണ്ടൂകൂടെന്ന സാമാന്യനീതിബോധം.

അപ്പോ തീര്‍ച്ചയായും സമവായത്തിന്റെതായ ഒരു വഴിയുണ്ട്‌. മായാവതി കണ്ടെത്തിയ വഴി. കേരളം അങ്ങോട്ട്‌ വിഭജിക്കുക. തെക്കുഭാഗം കുരിശുകേരളം അഥവാ ചെങ്കൊടികേറാമൂല എന്നും വടക്കന്‍ കേരളം ചെങ്കേരളം അഥവാ കുരിശുകേറാമൂല എന്നും നാമകരണം ചെയ്യുക. രണ്ടുകൂട്ടരും മതിവരുവോളം അനുഭവിക്കട്ടെ. തീയ്‌ക്ക്‌ വിറകുമതിയായ ചരിത്രമില്ല. കള്ളന്‌ കളവ്‌ മടുത്തതും. എന്നാലും ഒരു സമാധാനത്തിനായെങ്കിലും അങ്ങിനെ കരുതുക.
(വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക്‌ നിത്യനെ കൈപിടിച്ചുനയിച്ച, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച അച്ഛന്റെ സ്‌മരണയ്‌ക്കുമുന്നില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു. ജനുവരി 22ന്‌ അന്ത്യശ്വാസം വലിച്ച പിതാവിന്‌, സഖാവിനുള്ള മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍. സഖാവേ ലാല്‍സലാം.)

January 10, 2008

വന്‍കിടകുത്തകബൂര്‍ഷ്വാ വിപ്ലവപ്രതിഭകള്‍

തലയില്‍ ഒരുപാടുണ്ടായിരുന്ന മാര്‍ക്‌സിന്‌ എക്കാലവും കിട്ടിയ അനുയായികളാകട്ടെ ഭൂരിഭാഗവും മന്ദബുദ്ധികളായിരുന്നു. അതുകൊണ്ട്‌ കുരുടന്‍ ആനയെകണ്ടതിലും ഒന്നുകൂടി ഭംഗിയായി ഇവിടുത്തെ മാടമ്പിസഖാക്കള്‍ മാര്‍ക്‌സിസം വ്യഖ്യാനിച്ച്‌ അര്‍ത്ഥം പറഞ്ഞുകൊടുത്തപ്പോഴും അനുയായികളുടെ എണ്ണം വര്‍ദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. മകരജ്യോതിക്ക്‌ ആളുകൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ്‌ അതിന്റെ കാരണം. രണ്ടുമൊരു വ്‌ിശ്വാസം. ഒന്ന്‌ അയ്യപ്പനില്‍ മറ്റേത്‌ മാടമ്പിസഖാക്കളില്‍.

ജീവിതത്തില്‍ ഒരു ദിവസം പോലും ഒരു പണിയും ചെയ്യാതിരുന്ന രണ്ട്‌ ചെറുപ്പക്കാരാണ്‌ ലോകതൊഴിലാളി വര്‍ഗത്തിന്റെ ബൈബിളായ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോ എഴുതിയത്‌ എന്നു പറഞ്ഞത്‌ തോമസ്‌ സോവെല്‍ എന്ന അമേരിക്കന്‍ ഇക്കണോമിസ്‌റ്റാണ്‌. ക്ഷയരോഗത്തിന്‌ മരുന്നു കണ്ടുപിടിക്കുന്നവന്‍ ക്ഷയരോഗി തന്നെയായിരിക്കണം എന്ന്‌ ഭാഗ്യവശാല്‍ മൂപ്പര്‍ പറഞ്ഞിട്ടില്ല. ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി എഴുതിയതല്ല കാമശാസ്‌ത്രം എന്നാരെങ്കിലും പറഞ്ഞുകളയുമോ? ജ്യോതിബസു പണ്ടേ ചെയ്യുന്നതും ഇപ്പോള്‍ വിളിച്ചുപറഞ്ഞതും തോമസ്‌ സോവെല്‍ പറഞ്ഞതുതന്നെയാണ്‌. സോഷ്യലിസം പ്രായോഗികമല്ല.

അവനവനു തോന്നുന്ന വിഗ്രഹമുണ്ടാക്കി ആചാര്യന്‍മാര്‍ പൂക്കളര്‍പ്പിക്കുന്നു. ചുറ്റും കൂടിയവര്‍ പ്രാര്‍ത്ഥന ചൊല്ലുന്നു. അവര്‍ വിശ്വാസികള്‍ എന്നറിയപ്പെടുന്നു. ആമീന്‍. മിക്കവാറും പൊതുസ്ഥലം കൈയ്യേറി കോവിലുപോലെ വളച്ചുകെട്ടി ശിവലിംഗത്തിനുപകരം സ്‌്‌തൂപം വെക്കുന്നു. കൊല്ലാകൊല്ലം വിപ്ലവാചാര്യന്‍മാര്‍ മുന്തിയകാറിലെത്തി പുഷ്‌പാര്‍ച്ചന നടത്തുന്നു. കൊളസ്‌ട്രോളിനും പ്രമേഹത്തിനും വലിയ എതിര്‍പ്പൊന്നുമില്ലെങ്കില്‍ കൈയ്യുയര്‍ത്തി ഒന്നഭിവാദ്യം ചെയ്യും. ചുറ്റുമുള്ളവര്‍ മുദ്രാവാക്യം മുഴക്കും. അവര്‍ കമ്മ്യൂണിസ്റ്റ്‌ വിശ്വാസികള്‍ എന്നറിയപ്പെടും. രണ്ടും തമ്മില്‍ എന്തുണ്ട്‌ വ്യത്യാസം. ചെട്ടീന്റെ പൂണൂലും പട്ടരുടെ പൂണൂലും തമ്മിലുള്ളതോ? രണ്ടാചാര്യന്‍മാരും ഒരേ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു - പണ്ട്‌ സഞ്‌ജയന്‍ പറഞ്ഞ ഉദരംഭരി സിദ്ധാന്തം.

നമ്മളുടെ മുന്‍തലമുറയിലെ പലരും കമ്മ്യൂണിസ്റ്റുകാരയത്‌ ഗ്രന്ഥം വായിച്ചിട്ടോ അന്തവും കുന്തവുമില്ലാതെ ചിന്തിച്ചിട്ടോ ഒന്നുമല്ല. അന്നു കിട്ടിയ അറിവുവച്ച്‌ വിപ്ലവം ഇന്നോ നാളയോ നടക്കേണ്ട അവസ്ഥയിലായിരുന്നു. അതുനടന്നാപിന്നെ ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം നഹി. ബൂര്‍ഷ്വാപാര്‍ട്ടികളോടൊപ്പം ചേര്‍ന്ന്‌ ഓന്‍ മാത്രം പണക്കാരനായി എന്ന ദുഷ്‌പേരുമില്ല. നാളെ വിപ്ലവം നടക്കുന്നു. മറ്റന്നാള്‍ എല്ലാവരും വട്ടത്തില്‍ കുത്തിയിരുന്ന്‌ ഉള്ളപണം ഒരു കൂട്ടയിലിട്ട്‌ ഓരോരുത്തരുടെ ആവശ്യത്തിനനുസരിച്ച്‌ കൂട്ടയില്‍ നിന്നുമെടുത്തുപോകുന്ന സുന്ദരമായ അവസ്ഥ.

അതിനു തയ്യാറാവാത്തവരുടെ തലകൊണ്ട്‌ വിപ്ലവസൂപ്പുണ്ടാക്കിക്കഴിച്ചാല്‍ പിന്നെ ഒരുമാതിരിപ്പെട്ട അസുഖങ്ങളൊന്നും അടുക്കുകയില്ല. അന്നത്തെ വിപ്ലവപ്രതിഭകളുടെ നാളെയും ലോട്ടറിക്കാരന്റെ നാളയും ഒന്നുതന്നെയെന്ന തിരിച്ചറിവുണ്ടായത്‌ പിന്നീട്‌ നേതാക്കന്‍മാരുടെ ജാതകപരിശോധന കടലാസുകളില്‍ കാണുമ്പോഴാണ്‌.

വിപ്ലവം നടത്താന്‍ പോയവരിലും ലോട്ടറിടിക്കറ്റെടുത്തവരിലും ചിലര്‍ ലക്ഷപ്രഭുക്കളായത്‌ മിച്ചം. ലോട്ടറികൊണ്ട്‌ വേറൊരു ഗുണവുമുണ്ട്‌. ആകെയൊരു സൈക്കിളും ദ്രവിച്ച മൈക്കുസെറ്റുമുണ്ടെങ്കില്‍ സംഗതി റെഡി. വിപ്ലവക്ഷേത്രത്തിലെ ആണ്ടുത്സവത്തിനാണെങ്കില്‍ നരബലി ഒഴിച്ചുകൂടാത്തതാണ്‌. കത്തിവരവും വടിവാള്‍ നൃത്തവും മുഖ്യവഴിപാടായി ബോംബര്‍ച്ചനയുമില്ലാതെ പിന്നെന്തുത്സവം ലോട്ടറിയുടെ പേരില്‍ കൊന്നിട്ടും ചത്തിട്ടുമുള്ള ചരിത്രമില്ല. മറ്റതിലാണെങ്കില്‍ കൊന്നതിനും ചത്തതിനും കണക്കുമില്ല.

ലോട്ടറിയെടുത്താല്‍ നേതാക്കള്‍ക്കുതന്നെ അടിക്കണമെന്നില്ല. എന്നാല്‍ നേതാവായിക്കിട്ടിയാലോ ലോട്ടറിയടിച്ചു. കോന്‍ ക്രോര്‍പതി ബനേഗാ എന്നൊന്നുമില്ല. നേതാവ്‌ ക്രോര്‍പതി ബനേഗാ.

ഒരാള്‍ക്ക്‌ എത്രകണ്ട്‌ പിന്നോട്ട്‌ നോക്കാന്‍ കഴിയുമോ അത്രകണ്ട്‌ മുന്നോട്ട്‌ കാണാന്‍ കഴിയും എന്നാണ്‌. ഭൂതകാലത്തേക്കു നോക്കുക. ഒരുകാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ കുത്തകമുതലാളിയായിരുന്ന സോവിയറ്റ്‌ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥനോക്കുക. മണ്ണും ചാരി നിന്ന യെല്‌ട്‌സിന്‍ പെണ്ണും കൊണ്ടുപോയ കഥ ഒരാവര്‍ത്തികൂടെ വായിക്കുക. സ്വന്തം ചൊകചൊക ചൊകന്ന പട്ടാളവും കെ.ജി.ബിയും സര്‍വ്വോപരി പത്തെഴുപതുകൊല്ലം വിപ്ലവവിദ്യാഭ്യാസം കിട്ടിയ ജനതയുമുണ്ടായിട്ടും നടുറോഡില്‍ പെട്ട പേപ്പട്ടിയുടെ സ്ഥിതിയിലായിരുന്നു നേതാക്കള്‍. അത്രക്കായിരുന്നു കൈയ്യിലിരിപ്പ്‌്‌.

പരാജയപ്പെട്ടത്‌ എല്ലായിടത്തും മാര്‍ക്‌സിസ്റ്റുകാരാണ്‌ മാര്‍ക്‌സിസമല്ല. ഒരു സ്ഥലത്തും ഇന്നോളം വരാത്ത മാര്‍ക്‌സിസം പരാജയപ്പെടുന്നതെങ്ങിനെയെന്ന്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്കേ അറിയാന്‍ കഴിയൂ. സോഷ്യലിസം ഒരു സ്വപ്‌നമാണ്‌.

ഒന്നുകില്‍ ഉടനെ അല്ലെങ്കില്‍ കുറച്ചുനേരം കഴിഞ്ഞ്‌ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുണരും എന്നു പറഞ്ഞത്‌ ചര്‍ച്ചിലാണ്‌. അതുതന്നെയാണ്‌ പണ്ട്‌ വാരിക്കുന്തം കൂര്‍പ്പിക്കാന്‍ നടന്നവരുടെ പിന്‍മുറക്കാരോട്‌ സായിപ്പിന്റെ എച്ചില്‍വിദ്യാഭ്യാസം നേടിയ ബസുവാദികളും അക്കാദമിക്‌ ബുദ്ധിജീവിപ്പരിഷകളും ഇപ്പോള്‍ വിളിച്ചുപറയുന്നതും. കമ്മ്യൂണിസ്‌റ്റുകള്‍ ക്യാപ്പിറ്റലിസ്റ്റുകളായതിന്റെ എറ്റവും വലിയ തെളിവാണ്‌ അരനൂറ്റാണ്ടുമുന്‍പു കമ്മ്യൂണിസ്‌റ്റ്‌ വിരുദ്ധര്‍ പറഞ്ഞത്‌ അതേ ഭാഷയില്‍ വിപ്ലവകാരികള്‍ ഇപ്പോള്‍ വിളിച്ചുപറയുന്നത്‌.

ഇന്നുവരെ ഒരുത്തനും മനസ്സിലാവാതിരുന്ന ഒരു സത്യമാണ്‌ ബസു മുതലാളി കണ്ടെത്തി മാലോകരെ അറിയിച്ചത്‌. മുതലാളിത്ത വ്യവസ്ഥിതിയിലാണ്‌ നമ്മള്‍ ജീവിക്കുന്നത്‌ എന്ന സത്യം. വേറൊരു സത്യം കൂടി വിളിച്ചുപറഞ്ഞു. സോഷ്യലിസം ഇന്നത്തെ കാലത്ത്‌ അത്ര പ്രായോഗികമല്ല. ചര്‍ച്ചിലിനെക്കാളും ഒരുപടി കടന്ന്‌ അതൊരു വിദൂരസ്വപ്‌നം മാത്രമാണെന്ന്‌ കൂട്ടിച്ചേര്‍ക്കാനും മുതലാളി മറന്നില്ല. സോഷ്യലിസം ഇന്നത്തെക്കാലത്ത്‌ അത്ര പ്രായോഗികമല്ല.

സി.ഐ.എയും അമേരിക്കന്‍ സാമ്രാജ്യത്വവും എന്ന നിഴലിനോട്‌ യുദ്ധം ചെയ്‌തിട്ടാണ്‌ മുതലാളിയുടെ പാര്‍ട്ടി ഇന്നത്തെ നിലയില്‍ ബിര്‍ളയെ ബഹുദൂരം പിന്തള്ളി മൂലധനം ആശുപത്രിയായും ബാങ്കായും വ്യവസായമായും റിസോര്‍ട്ടായും അമ്യൂസ്‌മെന്റ്‌ പാര്‍ക്കായും സ്വരുക്കൂട്ടിയത്‌.

പണം കൊണ്ടും പ്രായം കൊണ്ടും ചികിത്സിച്ച്‌ മാറ്റാന്‍ പറ്റുന്ന നിസ്സാരരോഗമാണ്‌ കമ്മ്യൂണിസം എന്നുപറഞ്ഞത്‌ വേറൊരു സായിപ്പാണ്‌. അതു വിശ്വാസമല്ല സത്യംതന്നെയാണ്‌ എന്ന്‌ സര്‍ട്ടിഫിക്കറ്റെഴുതിക്കൊടുത്തത്‌ വിപ്ലവകാരികള്‍ തന്നെയാണ്‌.

ചിന്തകൊണ്ടും ബുദ്ധികൊണ്ടുമല്ല ലോകത്താരും കമ്മ്യൂണിസ്‌റ്റാവുന്നത്‌. ഹൃദയം കൊണ്ടാണ്‌. അതുകൊണ്ടുതന്നെയാണ്‌ എല്ലാക്കാലത്തേക്കുമായി കുറെപേരെ വിഡ്ഡികളാക്കിക്കൊണ്ട്‌ നേതാക്കന്‍മാര്‍ വിലങ്ങനെ വളരുന്നതും.

വാരിക്കുന്തത്തിന്റെ ചിലവില്‍ അമ്യൂസ്‌മെന്റെ പാര്‍ക്കുകളും സൂപ്പര്‍സ്‌പെഷ്യാലിറ്റികളും പണിതിടുന്നതും. ഇതെല്ലാം പടുത്തുയര്‍ത്തിയതാകട്ടെ ദരിദ്രവാസികളുടെ ചിലവിലുമാണ്‌. ഇനി ബസു-പിണറായി വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നീടണിചേരുക വേറെ ചെങ്കൊടിയുടെ കീഴിലായിരിക്കും. സി.പി.ഐക്ക്‌ വിപ്ലവം പോരാഞ്ഞ്‌ സി.പി.എമ്മില്‍ ചേര്‍ന്നപോലെ. അപ്പോള്‍ സ്വാഭാവികമായും അവരുടെ വര്‍ഗശ്‌ത്രുക്കള്‍ വിപ്ലവമൊത്തക്കച്ചവടം നടത്തി റിസോര്‍ട്ടുപണിത വന്‍കിടകുത്തക സഖാക്കളായിരിക്കും. അതിലും എന്തുകൊണ്ടും നല്ലത്‌ ചിന്തിക്കാന്‍ സ്വന്തം തലമാത്രം ഉപയോഗിക്കാത്തവരെയെല്ലാം വിശ്വാസത്തിലെടുക്കുകയാണ്‌. ഇക്കണ്ടസ്വത്തിന്റെയെല്ലാം അവകാശികള്‍ അവരാണെന്നങ്ങോട്ടു പറഞ്ഞുകൊടുക്കുക. അവരാണല്ലോ പാര്‍ട്ടിയുടെ അടിത്തറ.