October 19, 2010

സമാധാനം കെടുത്തിയ സമാധാന സമ്മാനം

 liu.jpg

മഹാത്മാഗാന്ധിക്ക് കിട്ടാതെപോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് കിട്ടിയപ്പോള്‍ സ്വന്തം നാട്ടിലുണ്ടായത്. അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. രാജ്യാന്തരസങ്കടസാഗരത്തല്‍ കഴുത്തോളം മുങ്ങിക്കിടക്കുകയാണ്. തലപുറത്തുള്ള തു കൊണ്ട് ചാനലുകാര്‍ വെളിച്ചമടിക്കുമ്പോള്‍ നാവു പുറത്തെടുക്കാമെന്നതാണ് ഏക ആശ്വാസം.  ഇന്ദ്രപ്രസ്ഥത്തില്‍ ഭരണം കയ്യാളുന്നത് വിപ്ലവകാരി കളൊന്നുമല്ലാത്തതുകൊണ്ട് വായില്‍തോന്നിയത് വിളിച്ചുപറയുകയുമാവാം.
 
 ലോകത്തെ ഒരവാര്‍ഡും ഏറ്റവും അര്‍ഹതപ്പെട്ട തലയില്‍ പീറ്റത്തെങ്ങിന് മിന്നലെന്നപോലെ വന്നുപതിച്ച ചരിത്രമില്ല. ലിയൂവിനെക്കാള്‍ അര്‍ഹരായ പീഢിതര്‍ വേറെയും കാണാം എന്നതി ലൊന്നും തര്‍ക്കമില്ല. അതുപോലെ തന്നെ തര്‍ക്കമറ്റ സംഗതിയാണ് സമാധാനത്തിനുള്ള ഒരു ചിന്ന നോബല്‍ സമ്മാനം ഒരു പ്രബലഭരണകൂടത്തിന്റെ മനസ്സമാധാനം കെടുത്തിയെന്നുള്ള വസ്തുത.

 ലിയൂവിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ഉണ്ടായ പുകില് സൃഷ്ടിച്ച പുകമറ ചില്ലറയല്ല. സമ്മാനം കൊടുക്കുന്ന ഏര്‍പ്പാട് ഇപ്പോള്‍ നടത്തുന്നത് വൈറ്റ്ഹൗസ് ആണോ എന്നുതോന്നിപ്പോകും വിധമാണ് പ്രതികരണങ്ങള്‍. കര്‍ഷകത്തൊഴിലാളികള്‍ അരിവാളേന്തിയും ഫാക്ടറിതൊഴിലാളികള്‍ ചുറ്റികചുഴറ്റിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന കസ്തൂരിമാമ്പഴമാണ് ചൈനീസ് ഭരണകൂടം.

അതുതട്ടിക്കൊണ്ടുപോകുവാനായി അവതരിച്ച ബൂര്‍ഷ്വാസാമ്രാജ്യത്വപിന്തിരിപ്പന്‍  എല്ലിന്‍കഷ ണ മാണ് നോബല്‍ സമാധാന സമ്മാനം.  എല്ലാവര്‍ക്കും ഈ സംഗതികളൊന്നും അത്രയെളുപ്പം പിടികിട്ടിയെന്നുവരില്ല. അതിന് വലിയ വലിയ ഗ്രന്ഥങ്ങള്‍ വായിക്കണം. ബല്യബല്യ ഗ്രന്ഥങ്ങള്‍ പഠിച്ച് ഇമ്മിണി ബല്യ അറിവുണ്ടാവുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പിടികിട്ടുക. അതായത് സിംഹാസനത്തിലിരിക്കുന്നവര്‍ക്ക് യഥേഷ്ടം നാടു കുട്ടി ച്ചോറാക്കാനുള്ള പരമമായ സ്വാത്രന്ത്ര്യത്തിനാണ് മനുഷ്യാവകാശം സ്വാതന്ത്ര്യം സോഷ്യലിസം എന്നെല്ലാം തരാതരം പോലെ പറയുക.
 
 തകരാറ് വിപ്ലവകാരികളുടേതോ വിപ്ലവത്തിന്റേതോ ഭരണത്തിന്റേതോ ഒന്നുമല്ല.  മനുഷ്യ ന്റേതാണ്. ഒന്നുമില്ലാത്തവന് വല്ലതും തിന്നാന്‍കിട്ടിയാല്‍ മതിയെങ്കില്‍ വല്ലതും തിന്നാനുള്ളവന്റെ സ്ഥിതി അതല്ല. രണ്ടാമതൊരു വസ്തു കണികാണാനില്ലെങ്കില്‍ കൂടി എന്തുതിന്നണമെന്നു തീരുമാനി ക്കുന്നതിലായിരിക്കും അവന്റെ സംതൃപ്തി. ഉണ്ണാത്തവന്‍ ഇലയ്ക്ക് തപ്പുപ്പോള്‍ ഉണ്ടവന്‍ പായതപ്പുക യാണ് നാട്ടുനടപ്പ്. ഭൗതീകമാര്‍ഗത്തില്‍ കൂടി മാത്രം ചരിച്ച മാര്‍ക്‌സിന്റെ ചിന്തയ്ക്ക് ഒരു ക്രാഷ്‌ലാ ന്റിങ്ങിനുകൂടി ഇടമില്ലാതെപോയ താവളമായി മനുഷ്യമനസ്സ്. ഉത്തമാംഗം വയറെന്നു ചൊല്ലുവോര്‍ എന്നുപറഞ്ഞാണ് സഞ്ജയന്‍ പണ്ട് കേവല കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ചത്.

 ചൈനീസ് കമ്മ്യൂണിസത്തിന്റെ മൂക്കിലെ കുഴലിന്റെ നിജസ്ഥിതിയറിയുവാന്‍ അവിടുത്തെ  കോടീശ്വരന്‍മാരുടെ സെന്‍സസെടുത്താല്‍ മാത്രം മതി. ഇവിടത്തെ കോടീശ്വരന്‍മാരെപ്പോലെ  അവിടുത്തെ കോടീശ്വരന്‍മാര്‍ക്കും പരമാനന്ദം എന്നറിയുമ്പോഴാണ് വിപ്ലവം ഇത്രയും കാലം കൊണ്ടുണ്ടാക്കിയ നേട്ടം ആരുടെയും കണ്ണുതള്ളിച്ചുകളയുക.   

മതം മൗലികവാദമാവുമ്പോഴാണ് അസഹിഷ്ണുത ഉളവാകുക. ഇസങ്ങള്‍  മൗലികവാദങ്ങളാവു മ്പോഴും സംഭവിക്കുക അതുതന്നെയാണ്.  മതങ്ങളും ഇസങ്ങളും മനുഷ്യനുവേണ്ടിയല്ല, മനുഷ്യന്‍ ഇതിനു രണ്ടിനും വേണ്ടിയാണ് എന്ന തലതിരിഞ്ഞ ദര്‍ശനവെളിപാടുകള്‍  ജന്മമെടുക്കുമ്പോള്‍ രണ്ടുകൂട്ടരും മൗലികവാദികളാവുന്നു. വിപ്ലവകവി വയലാറിന്റെ ഭാഷയില്‍ പ്രോക്രൂസ്റ്റ്‌സുമാര്‍. പ്രൊക്രൂസ്റ്റസുമാര്‍ നാടുവാഴുമ്പോള്‍  ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. സ്വാതന്ത്യവും മനുഷ്യാവകാശങ്ങളും  ജനാധിപത്യവുമെല്ലാം  ഏകാധിപത്യദിനങ്ങളിലെ രാക്കിനാവുകള്‍ മാത്രമാവുന്നു. 
 
ചൈനീസ് ഭരണകൂടം മാത്രം ശരിയും ലോകം മുഴുവന്‍ തെറ്റുമാണെന്നു വരുമ്പോള്‍ തെറ്റുപറ്റിയത് ചൈനക്കാണോ ലോകത്തിനാണോ എന്നറിയാന്‍ കവടി നിരത്തേണ്ട കാര്യമൊന്നുമില്ല. ആങ് സാങ് സൂകിക്കും മണ്ഡേലയ്ക്കുമെല്ലാം നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ്‌സ്വീഡിഷ് അക്കാദമി തങ്കപ്പെട്ടതും ലാമയ്ക്കും ലിയൂവിനും കൊടുത്തപ്പോള്‍ ഒന്നിനുംകൊള്ളാത്തതുമായത് ആ അസഹിഷ്ണുതയുടെ പ്രതിഫലനം ഒന്നുമാത്രമാണ്. 
 
പാലം കടക്കുവോളമാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യമുണ്ടാവുക.  അതുകഴിഞ്ഞാല്‍ ഐശ്വര്യപൂര്‍ണമായ വിപ്ലവജീവിതത്തിന് ആദ്യം വേണ്ടത് ഈ ലക്ഷണംകെട്ട ഈ രണ്ടുജാതിള്‍ക്കും ഭ്രഷ്ട് കല്‍പിക്കുകയാണ്. ഏറ്റവും നല്ലത് ഷാങ്ഹായി  നഗരത്തിലേയ്ക്കുതന്നെ അവറ്റകളെ അടുപ്പിക്കാതെയിരിക്കുന്ന ചൈനീസ് മോഡല്‍. ഇനി വേറെയൊന്നുണ്ട് വടക്കന്‍ കൊറിയ മോഡല്‍. അച്ഛന്‍ കിം ലേറ്റസ്റ്റ് വൈഫിന്റെ ലേറ്റസ്റ്റ് പുത്രന്‍ കിമ്മിന് നല്ലൊരു കളിപ്പാട്ടം സമ്മാനമായി കൊടുത്തു. ആ സമ്മാനത്തിന്റെ പേരാണ് വടക്കന്‍ കൊറിയ. 27കാരന്‍ പയ്യന്‍ രാജ്യത്തിന്റെ 4സ്റ്റാര്‍ ജനറലായി അവതരിച്ചു. അടുത്ത പ്രസിഡണ്ടു പദവി പിതാവിന്റെ ആയുസ്സിനെ ആശ്രയിച്ചിരിക്കുന്നു. അല്ലെങ്കില്‍ പിതാവിന്റെ ആയുസ്സ് പുത്രന്റെ ആഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു.
 
 വിപ്ലവാനന്തരം ഗ്രന്ഥത്തിലെ തീയറി പറമ്പിലെത്തിച്ചു വിളവെടുക്കുവാന്‍ അസാരം ഉരുക്കുമുഷ്ടി പ്രയോഗിക്കപ്പെടുമെന്നാണ്. അതായത് സ്വന്തമായി തലയുണ്ടെന്നു തോന്നുന്നവരുടേത് അപ്രത്യ ക്ഷമാവും എന്നര്‍ത്ഥം. വാക്കുകള്‍ പരാജയപ്പെടുന്നിടത്ത് തോക്കുകളുപയോഗിക്കാന്‍ വിപ്ലവാഹ്വാ നം  കൊടുത്ത ട്രോട്‌സ്‌കിയുടെ തലതന്നെ സ്റ്റാലിന്റെ മഴുവിനാല്‍ ഉരുണ്ടതാണ് ചരിത്രം.

 സിദ്ധാന്തങ്ങള്‍ക്ക് മുളപൊട്ടുന്നതോടുകൂടി ഉരുക്കുമുഷ്ടി പിന്‍വലിച്ചുതുടങ്ങാമെന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നതെങ്കിലും  അവസാനം വരെ നില്ക്കുക ആ ഉരുക്കുമുഷ്ടിമാത്രമാണ്. പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങുമ്പോള്‍തന്നെ പിന്‍വലിക്കുക സിദ്ധാന്തങ്ങളെയും ആദര്‍ശങ്ങളെയുമായിരിക്കും. വിപ്ലവകാരികളെക്കാളും വിശ്വാസം ചൈനക്കാര്‍ക്ക് വ്യാളികളിലായതും ഇതെല്ലാം കൊണ്ടാണ്. വ്യാളികളുടെ ഗുണംകൊണ്ടോ ചൈനക്കാരുടെ തകരാറുകൊണ്ടോ അല്ല.

 ലിയൂ അക്രമസമരമാര്‍ഗം എവിടെയും ഉപയോഗിച്ചതായി ചൈനകൂടി പറയുന്നില്ല. വിമതന്‍ എന്നാണ് ലിയൂവിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ലിയൂവിന് നോബല്‍ സമ്മാനം പ്രഖ്യാപി ച്ചപ്പോള്‍ ചൈന ലിയൂവിനെ വിശേഷിപ്പിച്ചത് ചൈനയിലെ ഒരു ക്രിമിനലെന്നാണ്. അതായത് ഇന്ത്യയില്‍ ദാവൂദ് ഇബ്രാഹിമിന്റെയൊക്കെ സ്ഥാനം. അക്ഷരാര്‍ത്ഥത്തില്‍ ഈ വാര്‍ത്ത വായിച്ച ദാവൂദ് അടുത്ത തവണത്തേതു തനിക്കായിരിക്കുമെന്നു ചിലപ്പോള്‍ കണക്കുകൂട്ടുന്നുണ്ടാവാം.

 ചൈനീസ് ഭരണാധികാരികളുടെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ വ്യക്തമാവുന്നത് ഇത്രയു മാണ്. ഭരണകൂടം വിജ്ഞാപനം ചെയ്യുന്ന സംഗതികള്‍ മാത്രം വിശ്വസിക്കലാണ് ലിയൂവിന്റെ കടമ. സത്യമെന്നു ലിയൂവിന് തോന്നുന്നത് വിശ്വസിക്കരുത്, വിളിച്ചുപറയുകയുമരുത്. പരമമായ  പാരതന്ത്ര്യം എന്നുപറയുന്ന അവസ്ഥ ഇതാണ്.

 നോബല്‍സമ്മാനം തനിക്കു കിട്ടിയ വിവരം ലിയൂ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നുവരുമ്പോള്‍ വിവരവിജ്ഞാനവിസ്‌ഫോടനത്തിന്റെ ഈ മഹായുഗത്തില്‍ തലയുയര്‍ത്തിനില്ക്കുന്ന ഇരുമ്പുമറയെ നമിച്ചുപോവുകയാണ്. ലിയൂവിന്റെ ഭാര്യ ഇപ്പോഴെവിടെയാണെന്നുകൂടി ലോകമറിയുന്നില്ല എന്നുവ രുമ്പോള്‍ മനുഷ്യാവകാശധ്വംസനത്തിന്റെ പുതിയമേച്ചില്‍പുറങ്ങള്‍ തേടിയലയുകയാണ് ഒരു ഭരണകൂടം.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയെന്നുളള ഡങ് വചനം പോലെ സാമ്രാജ്യത്വഭരണമായാലും കമ്മ്യൂണിസ്റ്റ് ഭരണമായാലും ഭരണത്തിന്റെകൂടം എതിര്‍ക്കുന്നവനെ പീഢിപ്പിച്ചാല്‍ മാത്രം മതിയെന്നാണെന്നു തോന്നുന്നു.  കമ്മ്യൂണിസത്തിന്റെ നന്മകള്‍ പാറപ്പുറത്തു വിതച്ച വിത്തുപോലെ മുളപൊട്ടിയതില്ല. തിന്മകളാവട്ടെ പനപോലെ വളരുകയും ചെയ്തു. ചൈനയിലെ കോടീശ്വരന്‍മാരെപോലെ തന്നെ. വിവരസാങ്കേതികവിദ്യയുടെയും ആഗോളവല്ക്ക രണത്തിന്റെയും അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയല്ലാതെ വേറെമാര്‍ഗം മുന്നിലില്ലാ ത്തവര്‍ക്ക് എത്ര നാള്‍ കൊട്ടിയടക്കാനാവും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തി ന്റെയും വാതാ യനങ്ങള്‍? ആ ഉരുക്കുവാതിലുകളില്‍ പതിഞ്ഞ ഒന്നൊന്നര പ്രഹര മാണ് ലിയൂവിന്  കിട്ടിയ, ലിയൂ ഇനിയുമറിയാത്ത, ഒരു പക്ഷേ ഒരിക്കലും കൈപ്പറ്റാന്‍ പറ്റാതെ പോയേക്കാവുന്ന ഈ സമാധാന സമ്മാനം.
 
 'ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കാനുള്ള നിങ്ങളുടെ  സ്വാതന്ത്ര്യ ത്തിനുവേണ്ടി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്' എന്നു വോള്‍ട്ടയര്‍. ഇതാണ് മനുഷ്യാവ കാശത്തിന്റെ, സഹിഷ്ണുതയുടെ പ്രകടനപത്രിക.

September 17, 2010

മുരിക്കനില്‍ നിന്നും മെത്രാനിലേക്ക്



നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം



ആദിയില്‍ നമുക്കൊരു മുരിക്കനുണ്ടായിരുന്നു. മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍. 1930-40കളില്‍ മൂന്നു കായലുകളാണ് മുരിക്കന്‍ കുത്തിയെടുത്തു നെല്ലു വിളയിച്ചത്്. മുരിക്കന്റെ നെഞ്ചൂക്കിനുള്ള പ്രതിഫലമായി രാജാവ് പതിച്ചുകൊടുത്തത് 2000 ഏക്കര്‍ കായല്‍നിലമായിരുന്നു. മുരിക്കന്റെ തടിയും തലയും നാടിനുചെയ്ത ഗുണത്തിനുള്ള ഉപകാരസ്മരണയ്ക്ക് വലിയ താമസമൊന്നുമുണ്ടായില്ല. 
 
ആദ്യം മുരിക്കനൊരോമന പേരുവീണു. കായല്‍ രാജാവ്. അധോലോകരാജാവ്, മയക്കുമരുന്നു രാജാവ് എന്നിത്യാദി രാജാക്കന്‍മാരില്‍ മുരിക്കന്‍ അര്‍ഹിച്ച ഒരു സ്ഥാനം. കായല്‍ രാജാവ് പതിച്ചുകൊടുത്തു. കായല്‍ രാജപദവി നമ്മളും. ഒട്ടും അമാന്തിക്കാതെതന്നെ മുരിക്കന്‍ ലക്ഷണമൊത്തൊരു വര്‍ഗശത്രുവായി. നമ്മളു കൊയ്ത വയലൊന്നും നമ്മുടേതായില്ലെങ്കിലും മുരിക്കന്റേതല്ലാതായി. തന്റെ സര്‍വ്വസ്വവുമായിരുന്ന കായല്‍നിലങ്ങള്‍ അനാഥമാവുന്നതുകണ്ട് മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. മുരിക്കന്റെ നിലമല്ലാതെ അറിവും ബുദ്ധിയും വീതിക്കാന്‍ ഗ്രന്ഥങ്ങളില്‍ പറയാതിരുന്നതുകൊണ്ട് അതു രണ്ടും മുരിക്കനോടൊപ്പം കല്ലറയിലേയ്ക്കു നടന്നു. കായല്‍കൃഷി മൈനസ് മുരിക്കന്‍ സമം വട്ടപ്പൂജ്യം എന്നൊരു സൂത്രവാക്യം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മുരിക്കന്‍ ജനിച്ചത് കേരളത്തിലല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് രാജ്യത്തിന്റെ കാര്‍ഷികമേഖലയുടെ അംബാസിഡര്‍ പദവിയെങ്കിലും നല്കി ആദരിച്ചേനെ. 


നല്ലകാലത്തിന് അന്ന് നമുക്ക് മുരിക്കനേയും കൃഷിയെയും അസ്തുവാക്കാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. മുരിക്കന്റെ കായലിനെ തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാക്കാനുള്ള അറിവു സമ്പാദിച്ചിരുന്നില്ല. ആഗോളവല്ക്കരണവും അതിന്റെ അനന്തസാദ്ധ്യതകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടപ്പോള്‍ നമ്മള്‍ പഠിച്ചു മുന്നേറി. വിത്തു വിതയ്ക്കുന്നതു നിര്‍ത്തി വിത്തുകുത്തിത്തിന്നുക എന്ന മഹത്തായ സിദ്ധാന്തം വികസിപ്പിച്ചെടുത്തു പേറ്റന്റു മേടിച്ചവരാണ് നമ്മള്‍. 

ഏദന്‍തോട്ടത്തിലെ ചെകുത്താന്‍ പിശാചിന്റെ സ്വന്തം നാട്ടില്‍ പിറവിയെടുത്തത് ഇരട്ടകളായാണ്. ആ ഇരട്ടസഹോദരങ്ങളാണ് മണ്ണുമാന്തിയും ടിപ്പര്‍ലോറിയും. പ്രകൃതിയില്‍തന്നെ നിലനില്ക്കുന്ന അസമത്വത്തിന്റെ ദുഷിച്ച പ്രതീകങ്ങളാണല്ലോ മാമലകളും വയലേലകളുമെല്ലാം. സമത്വബോധം പ്രകൃതിക്ക് ഒരല്പം ഉണ്ടായിരുന്നെങ്കില്‍ എല്ലാം സഹാറമരുഭൂമികണക്കെ പരന്നങ്ങനെ കിടന്നേനെ. ആ അസമത്വമാണ് നമ്മള്‍ ഏതാണ്ട് മുഴുവനായും പരിഹരിച്ചിരിക്കുന്നത്. 

മലബാറില്‍ ഏതാണ്ട് സമ്പൂര്‍ണ സ്ഥിതി സമത്വം നിലവില്‍ വന്നതായാണ് വിവരം. ഇനി ബാക്കിയുള്ളത് ലേശം കായലും കഴുത്തിനു കുത്തിപ്പിടിച്ചിട്ടും ചാവാത്ത ചില്ലറ പുഴകളുമാണ്. അതുകൂടി ഒന്നു വൃത്തിയാക്കിയാല്‍ പ്രകൃതിയിലെ അസമത്വങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാവുകയും ചെയ്യും. അതുകഴിഞ്ഞശേഷമാണ് പ്രജകള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ കഴിക്കുക. 

പ്രകൃതിയിലെ അസമത്വങ്ങളുടെ കഥ കഴിയുന്നതോടെ ജനങ്ങള്‍ക്കിടയിലെ അസമത്വത്തിന്റെ കഥ താനെ കഴിയാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. ഭൂമാഫിയകള്‍ നാടൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്നത് ആയര്‍ത്ഥത്തില്‍ നോക്കിയാല്‍ ചില്ലറ വിപ്ലവമല്ല. ഉള്‍ക്കാഴ്ചയില്ലാത്തവര്‍ക്ക് ഇതൊന്നും അത്ര പെട്ടെന്ന് പിടികിട്ടുകയില്ല. 

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, ഇതാണ് എന്നു നെഹറു പ്രഖ്യാപിച്ച കാശ്മീരിന്റെ അവസ്ഥ നോക്കുക. കൊലയുടെ വസന്തകാലം ഒഴിഞ്ഞനേരമില്ലാത്തതുകൊണ്ട് ടൂറിസം അസ്തുവായി. മഞ്ഞുമലകളും മേഘപാളുകളും കണ്ടാല്‍ അതുതാനല്ലയോ ഇത് എന്നുതോന്നിപ്പോവുന്ന സ്വര്‍ഗീയ കാഴ്ച കാണാനാണ് ആളുകള്‍ കാശ്മീരിലെത്തുന്നത്. മലമുകളില്‍ കുന്തംവടിപ്പന്തുകളിക്കാനുള്ള സൗകര്യമുണ്ടോയെന്നന്വേഷിച്ചല്ല മാഗിമദാമ്മ ബിമാനം കേറുന്നത്. 

പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങളും കായല്‍പരപ്പുകളും കാണാനല്ല സായിപ്പും മദാമ്മയും ഇങ്ങോട്ടെത്തുന്നത്. കുന്തംവടികൊണ്ട് പന്തുരുട്ടി കുണ്ടിലിട്ടു കളിക്കാനാണ് അക്കൂട്ടര്‍ ഇങ്ങോട്ടേക്ക് വിമാനം കയറുന്നതെന്ന ചിന്ത വിളംബരം ചെയ്യുന്നത് ചെറിയ ബുദ്ധിയുടെ വലിയ അഭാവമാണ്. അല്ലെങ്കില്‍ തലതിരിഞ്ഞ ബുദ്ധിയുടെ ശക്തിപ്രകടനമാണ്. ഗോള്‍ഫുക്ലബുകള്‍ക്ക് നാട്ടില്‍ പഞ്ഞമുള്ളതായി ഒരു പഠനഗവേഷണ റിപ്പോര്‍ട്ടും ഇതുവരെ വന്നതായി അറിവില്ല. അതു കളിക്കാന്‍ പറ്റാതെ ആളുകള്‍ അകാലചരമമടയുന്നതായും. 



സാഹചര്യം അതാവുമ്പോള്‍ 417 ഏക്കര്‍ കായല്‍ നികത്തി 3000കോടി പുതപ്പിച്ച്് ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുകയാണ് വേണ്ടത് എന്നുവാദിച്ച തലകള്‍ ചില്ലറ തലകളല്ല. അതത്രയും ബുദ്ധിയാണ്. 10500 ക്വിന്റല്‍ നെല്ലും 22165 തൊഴിലവസരങ്ങളും നല്കുന്ന കായല്‍ നികത്തി യുദ്ധകാലാടിസ്ഥാനത്തില്‍ കുന്തംവടിപ്പന്തുകളിക്കായി കോര്‍ട്ടുപണിയുകയാണു വേണ്ടതെന്നു കണ്ടെത്തിയ തലകള്‍ക്കുമുന്നില്‍ കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞതുപോലെ നിത്യന്‍ ആദരാവനതനായി നിലകൊള്ളുകയാണ്. 


ഒരു നാടിന്റെ സ്വത്തായ കായലില്‍ 400 ഏക്കറും ഭൂമാഫിയകളുടെ കൈകളിലെത്തിയെന്നുള്ളത് നമ്മുടെ പ്രകൃതിസ്‌നേഹത്തിന്റെ മാത്രമല്ല രാജ്യസ്‌നേഹത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. 

സൂട്ടും കോട്ടുമിട്ട ഒരു പൊട്ടന്‍ കുന്തംവടികൊണ്ട് പന്തു തട്ടി കുണ്ടിലിടുന്നതായിരിക്കുമോ അതോ അണ്ണാക്കിലേയ്ക്ക് വല്ലതും വന്നുവീഴാനായി അണ്ണന്റെ വണ്ടിയും കാത്തുള്ള മറ്റേ പൊട്ടന്റെ കുത്തിയിരിപ്പായിരിക്കുമോ വികസനസൂചകം എന്നത് ഒരുഗവേഷണവിഷയമായി താത്പര്യമുള്ളവര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. 

നല്ല തഞ്ചവും ചാറ്റല്‍മഴയും നോക്കി അണ്ണന്‍ വെള്ളം മോഷ്ടിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന ഉത്തമബോദ്ധ്യം നമുക്കുണ്ട്. ഓണത്തിന് പൂ പത്ത് കേരളത്തില്‍ കാണണമെങ്കില്‍ തേനിയില്‍ നിന്നും അണ്ണന്റെ കാളവണ്ടി പുറപ്പെടണമെന്നത് സൗകര്യം കിട്ടുമ്പോള്‍ ഓര്‍ക്കുന്നതും നന്നായിരിക്കും. നാക്കിലയില്‍ ചോറുവന്നു വീഴണമെങ്കിലും. 

നമ്മുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളും കുണ്ടുകുളത്തിലെ തവള തോറ്റുപോകുന്ന വിശാലകാഴ്ചപ്പാടുകളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. പാടത്തെ ചെളിയിലിറങ്ങി പണിത പെണ്ണുങ്ങളെയെല്ലാം ആദ്യം കരയ്ക്കിരുത്തി. താമസംവിനാ മൂലയ്ക്കിരുത്തി. ഒടുക്കം പെരുവഴിയിലിറക്കി പാടത്തെ ചെളിയെക്കാളും മെച്ചപ്പെട്ട മാലിന്യം വാരിക്കുന്ന സുന്ദരമായ ആസൂത്രണകലയാണ് അരങ്ങേറിയത്. ഭൂതകാലത്തിലേയ്ക്ക് ഒന്നു ചുറ്റിയടിച്ചുവരാന്‍ ഓര്‍മ്മകളെ കയറൂരിവിടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. എന്നിട്ടാവാം ഒരുപിടി പച്ചമണ്ണ് മെത്രാന്‍കായലിന്റെ നെഞ്ചിലേക്കിടുന്നത്.

September 07, 2010

ഗന്ധര്‍വ്വ ടൈംസിന്റെ സഞ്ജയന്‍ ബഹു:നിത്യന്‍ എം.പിയുമായി നടത്തിയ അഭിമുഖം

സഞ്ജയന്‍: ശുണ്ഠിക്ക് നോബല്‍സമ്മാനം നേടി വരുമ്പോള്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ഗട്ടറില്‍ കഴുത്തോളം വെള്ളത്തില്‍ വീണുപോയ ദുര്‍വ്വാസാവിനെയും സഹസ്രം ശിഷ്യഗണങ്ങളെയും കണ്ട് നാം പണ്ട് പൊട്ടിച്ചിരിച്ചുപോയി. ചിത്രരഥന്റെ മകനായി മാനുഷവേഷം ധരിച്ച് മുനിസിപ്പാലിറ്റിയിലെ പൊടി തിന്ന് 40 വര്‍ഷം കാര്‍ക്കോടകന്‍മാര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു മുനിശാപം. അതിനുശേഷം നാമിങ്ങോട്ട് പോന്നപ്പോള്‍ പണി ഗന്ധര്‍വ്വടൈംസിലുമായി. നമ്മുടെ കടലാസിന് ഒരഭിമുഖം കിട്ടിയാല്‍ നന്നായിരുന്നു. സര്‍വ്വദോഷസമ്പന്നനാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചങ്ങലംപരണ്ട എം.പിയുമാണെന്നും അറിയാന്‍ കഴിഞ്ഞു. പെരുത്ത് സന്തോഷം.

നിത്യന്‍ : ആവാലോ. ചോദിക്കാന്‍ മടിക്കണ്ട. സൂര്യന് കീഴെയുള്ള സകലതിനെക്കുറിച്ചും ചോദിക്കാം.

സ: അപ്പോള്‍ സര്‍വ്വഗുണപരിത്യാഗി മാത്രമല്ല. സര്‍വ്വജ്ഞനും കൂടിയാണല്ലേ?

നി: സത്യം പറയുവാനാണറിവ്. കാര്യങ്ങള്‍ വിശദീകരിക്കുവാനാണ് നാവ്. സത്യത്തിന് സ്വന്തമായൊരു നട്ടെല്ലുള്ളതുകൊണ്ടും വാര്‍ദ്ധക്യമില്ലാത്തതുകൊണ്ടും വിശദീകരണമെന്ന ഊന്നുവടിയുടെ സഹായമാവശ്യമില്ല. അതുകൊണ്ട് നമ്മുടെ പണിയായുധം ഏകദേശം കൊടിമരത്തിന്റെ നീളം വരുന്ന ഒരു നാവാണ്.

സ: താങ്കളെ ഈ നിഷ്കാമ കര്‍മ്മം അഥവാ ഈ ലുക്രേറ്റീവ് എം.പി ജോബ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?

നി: ശിഷ്ടകാലം മാന്യമായി ജീവിക്കുവാന്‍ ഒരു വഴി. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും വച്ച് വേറൊന്നിന് സ്കോപ്പുമില്ല. അങ്ങിനെ ജാഗ്രതയോടെ നീങ്ങീയും ഏകാഗ്രതയോടെ മൂദ്രാവാക്യം വിളിച്ചും വിളിപ്പിച്ചും കഴിഞ്ഞത് ചില്ലറക്കൊല്ലമല്ല. മുതലക്കുളം കോഴിക്കോട്ടുതന്നെയുണ്ടായിരുന്നതുകൊണ്ട് മുതലക്കണ്ണീരിനും ക്ഷാമമുണ്ടായില്ല.

സ: നാലുനാള്‍ കസാരയിലിരുന്നാല്‍ നാളേക്ക് പെന്‍ഷന്‍ തരമാവുന്ന ലോകത്തിലെ ഏക ഉദ്യോഗമാണ് എം. പി പണിയെന്നൊരു ഖ്യാതി.....

നി: ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..... സഞ്ജയന്‍ കേട്ടിട്ടില്ലേ. നാലുനാള്‍ കസേരയിലിരിക്കാനായത് തന്നെ ചുരുങ്ങിയത് നാലഞ്ചിരുപത് കൊല്ലം ചെരുപ്പ് തേച്ചിട്ടാണെന്ന പെരിയ സത്യം എന്താണ് ആരും ഉള്‍ക്കൊള്ളാത്തത്. ഇരുപതുകൊല്ലം പണിയെടുത്താല്‍ ഫുള്‍ പെന്‍ഷനാ ഇന്ന്.

സ: ആ പഴയ ചങ്ങലം പരണ്ട പ്രദേശത്ത് നമ്മുടെ പേനയിലെ മഷിയും തടിയിലെ നീരും വറ്റിച്ച മുനിസിപ്പാലിറ്റി കംഷണറും, സര്‍.സി.പിയും സായ്പന്‍മാരും കാണ്‍ഗ്രസുകാരും കമ്മ്യൂണിസ്റുകളുമൊക്കെ ഇപ്പോഴുമുണ്ടോ? താങ്കള്‍ ഏതിന്റെ പ്രതിനിധിയാണ്?

നി: ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നതുപോലെ നമുക്ക് ഒരേയൊരു ലക്ഷ്യം ജനസേവനം. മാര്‍ഗമേതായാലും പ്രശ്നമില്ല. ജനം ശോഷിച്ചു ശോഷിച്ചില്ലാതാവുന്നതുവരെ സേവനം തുടരണമെന്നാണ് ആഗ്രഹം. മനസ്സുകൊണ്ട് സി.പി. പേരില്‍ കമ്മൂണിസവും പ്രവൃത്തിയില്‍ കാങ്ക്രസൂം എല്ലാം സമ്മേളിച്ച ഒരു സങ്കരയിനത്തിനാണ് ഇന്ന് മാര്‍ക്കറ്റ്. മേമ്പൊടിയായി മാഫിയ കൂടെയുണ്ടെങ്കില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.

സ: ഹായ്! അപൂര്‍വ്വയിനം. രക്തബന്ധം ശിഖണ്ഡിയുമായാണെന്ന് തോന്നുന്നു. വയറ്റിലാണ് തല എന്നു ഞാന്‍ പണ്ട് പറഞ്ഞ കൂട്ടരുടെ അപ്പനായാണല്ലോ താങ്കള്‍ അവതരിച്ചിരിക്കുന്നത്.

നി: താങ്ക്സ് ഫോര്‍ കോംപ്ളിമെന്റ്സ്. പരോപകാരം ബഹുകൃതവേഷം, ഉദരനിമിത്തം റസീറ്റുബുക്ക് എന്നല്ലേ പ്രമാണം.

സ: അവിടെ സഭയില്‍ പ്രതിനിധികളെല്ലാം കൂടി ഏകകണ്ഠമായി മുക്തകണ്ഠം ഖജനാവ് അനുഭവിപ്പാനായി തീരുമാനിച്ച വിവരം കടലാസുകളില്‍ കണ്ടു. താങ്കളുടെ പക്ഷം അക്കാര്യത്തില്‍ ഇടപെടേണ്ട എന്നു തീരുമാനിച്ചു. അപ്പോ 5 ഇരട്ടി വര്‍ദ്ധനവ് ഉപേക്ഷിച്ച ആ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചേ പറ്റൂ.

നി: സഞ്ജയാ കരിനാക്കുവളയ്ക്കല്ലേ. ശമ്പളമായി വര്‍ദ്ധിപ്പിക്കുന്നതിനു പകരം അലവന്‍സാക്കിയാല്‍ വരുമാനനികുതിയില്‍ നിന്നും പാര്‍ട്ടി ലെവിയില്‍ നിന്നും രക്ഷപ്പെടാമല്ലോന്നു കരുതിമാത്രം ചെയ്തതാണ്. നിന്റെ ആ പഴയ സ്വഭാവം പുറത്തെടുക്കല്ലേ. അത് ബാക്കിയുള്ള ചപ്പാത്തികള്‍ക്ക് മനസ്സിലാവാതെയും പോയി.

സ: അപ്പോള്‍ താങ്കള്‍ പാര്‍ട്ടി ലെവിയായി ഭാരിച്ച തുകയാണോ കൊടുക്കുന്നത്.

നി: കിട്ടുന്നതിന്റെ നല്ല പങ്ക് അങ്ങോട്ടു പോവും. ഇപ്പോള്‍ അതിനൊരു മാര്‍ഗം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സഭയില്‍ കയറിക്കിട്ടിയാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിക്കിട്ടാനുള്ള ശ്രമം തുടങ്ങുക. അപ്പോള്‍ പെന്‍ഷന്‍ ലെവിക്കതീതമാവും. ബുദ്ധിമോശം അസാരം കൈവശമുള്ള കോണ്‍ഗ്രസുകാര്‍ കനിഞ്ഞാല്‍ ്അടുത്ത തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാം. മനോജിന്റെ മാര്‍ഗത്തില്‍ നമ്മളും ചരിക്കുക. അത്രന്നെ.

സ: അവരവരുടെ ശമ്പളം അവരവര്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച മാതൃകാ തീരുമാനം അഥവാ ചരിത്രസംഭവം എന്നൊക്കെ ഭാവിയില്‍ വിശേഷിപ്പിക്കപ്പെടാവുന്ന ഒരു ..........

നി: തീര്‍ച്ചയായും അതൊരു ചരിത്രസംഭവമാണ്. ലക്ഷം മാനുഷര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവരൊന്നോ രണ്ടോ എന്നല്ലേ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ അഞ്ഞൂറ്റിച്ചില്വാനമായതുകൊണ്ട് ലക്ഷണമൊത്തവരേപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. അതുകൊണ്ട് മുട്ടവാട്ടുന്ന സ്പീഡില്‍ സംഗതി ശുഭം. ഇറങ്ങിപ്പോക്കില്ല, കയറിവരുത്തില്ല, കസേരയേറില്ല. ശാന്തം പാപം. എന്തൊരു അച്ചടക്കമായിരുന്നെന്നോ അന്ന്. അതിലിടെ എന്താ സഞ്ജയാ അവിടെ ഒരു ബഹളം കേള്‍ക്കുന്നത്്. ഹോട്ട്ലൈനിലെ വല്ല തകരാറുമാണോ?

സ: ഇവിടെയും സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണ്. ഇന്ദ്രപ്രസ്ഥത്തിലേതിന് അതിനാനുപാതികമായ വര്‍ദ്ധനവ് ഇവിടെയും വേണമെന്ന് പറഞ്ഞ് ഇങ്ങോട്ടെത്തിയ പ്രതിനിധികള്‍ ചിത്രഗുപ്തനെ ഇപ്പോള്‍ ഘെരാവോ ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍വാണിഭം, പഞ്ചവല്‍സര അഴിമതി, വിവിദ്ധോദ്ദേശ്യ കുഭകോണങ്ങള്‍, ഗാന്ധിയന്‍മോഡല്‍ ഗുണ്ടായിസം എന്നിവയുടെ അനുവദനീയമായ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് മറ്റൊരാവശ്യം. പ്രതിനിധികളുടെ നേതാവാകട്ടെ അന്തകന്റെ കാളയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കുറ്റത്തിന് ജയിലിലായതുകൊണ്ട് ഇന്നോ നാളെയോ ചര്‍ച്ച നടക്കാനുള്ള സാദ്ധ്യതയുമില്ല.

സ: അപ്പോള്‍ ജനസേവനത്തിന് ലച്ചം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും കിട്ടുവാനുള്ള സാമ്പത്തീക പുരോഗതിയും കൈവരിച്ചു ഇല്ലേ? അമേരിക്കന്‍ പ്രസിഡണ്ടാവുന്നതിലും നല്ലത് ഇവിടെ എം.പി ആവുന്നതാണെന്ന് ഒബാമ പറഞ്ഞെന്നുകേട്ടു.

നി: സഞ്ജയ, സായിപ്പ് പോയശേഷം നമ്മള്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്ന് സായിപ്പിന്റെ ഡമോക്രസി നടപ്പിലാക്കിയ വിവരം അറിഞ്ഞല്ലോ. മേമ്പൊടിയായി ലേശം സായിപ്പിന്റെ തന്നെ സെക്യുലറിസവും. ആറുചെണ്ടക്കൊരു ചീനിയെന്നപോലെ അവരുടെ തന്നെ ഇത്തിരി കമ്മ്യൂണിസവും. നമ്മളെല്ലാം കറുത്ത സായിപ്പന്‍മാരായ വിവരവും. നമ്മുടെ ജിഹ്വകളൊന്നും അവിയെയെത്തുന്നില്ലേ. നേരു നേരത്തേ നേരിട്ടറിയിക്കുന്ന നമ്മുടെ പത്രവും വേറിട്ടചാനലുകളുമില്ലേ?

സ: മനസ്സിലായില്ല.

നി: അതായത് ജനാധിപത്യമാണ് അഥവാ പ്രജാധിപത്യം. നൂറ്റിപ്പത്തുകോടി കോടി ജനവും ഇന്ദ്രപ്രസ്ഥത്തിലെത്തി ഭരിക്കുക ലേശം പ്രയാസമായതുകൊണ്ട് എല്ലാവര്‍ക്കും വേണ്ടി ഒരു അഞ്ഞൂറ്റിച്ചില്വാനം സ്തുത്യര്‍ഹമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുകയാണ് പതിവ്. അതിന്റെ പതിനാറടിയന്തിരമാണ് അഞ്ചുകൊല്ലം കൂടുമ്പോഴുള്ള മഹാമഹം.

സ: അപ്പോള്‍ ചങ്ങലംപരണ്ട മുഴുവനായും സമീപഭാവിയില്‍ തന്നെ പ്രതിനിധി ശമ്പളവും പെന്‍ഷനുമായി രൂപാന്തരം പ്രാപിക്കും എന്നര്‍ത്ഥം.

നി: മുയിമനായും ശരിയല്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കണം. അല്ലെങ്കില്‍ ജനം കൈകാര്യം ചെയ്തുകളയും. അതാണ് നടപ്പുസമ്പ്രദായം. ഞങ്ങളുടെ ആഗ്രഹം നാലുനാള്‍ കസാരയിലിരുന്നാല്‍ (വീട്ടിലേതുമതി) പ്രായപൂര്‍ത്തിയായ എല്ലാ പ്രജകള്‍ക്കും മാസാമാസം പത്തമ്പതിനായിരം ശമ്പളമായും പത്തിരുപതിനായിരം പെന്‍ഷനായും അല്ലെങ്കില്‍ തടവും പിഴയുമെന്നപാലെ രണ്ടുംകൂടി കൊടുക്കണമെന്നാണ്. എന്നാല്‍ അത്രമാത്രം ദ്രവ്യം തല്ക്കാലം ചങ്ങലംപരണ്ടയിലില്ല. അപ്പോള്‍ ചെയ്യാനുള്ള ഒരു കാര്യം അവര്‍ക്കുവേണ്ടി അവരാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ പ്രതിനിധികള്‍ അത് വാങ്ങി അവരെ സേവിക്കുക എന്നതാണ്. തികഞ്ഞ ജനാധിപത്യമര്യാദ.

July 20, 2010

കേരളത്തിലെ 'കാബൂളി'വാലകള്‍


നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഫൂള്‍ മനുഷ്യന്‍മാര്‍ നാലെണ്ണത്തെ കിട്ടിയാല്‍ പരമഭാഗ്യമെന്ന അവസ്ഥയിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചതാണ് താലിബാന്റെ  ഏറ്റവും വലിയ നേട്ടം. കൈയ്യുള്ളവനു കാലുണ്ടാവുകയില്ല. കാലുള്ളവനു കണ്ണുണ്ടാവുകയില്ല. എല്ലാമുള്ളവന്റെ തലയെന്നുപോവും എന്നുനോക്കിയാല്‍ മതി.

സംഘപരിവാര്‍-മാര്‍ക്‌സിസ്റ്റ്-ഫാസിസ്റ്റുകളുടെ ഇരകളായിപോയതുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഇപ്പരുവത്തിലായത് എന്നു നമ്മളുടെ ഇരവാദക്കാരന്‍ സ്വത്വവാദികൂടി പറയുകയില്ല. അവിടെ അരങ്ങേറുന്ന സുന്ദരമായ കൈവെട്ട് കാല്‍വെട്ട് തലവെട്ട് സ്തനവേധം ലിംഗച്ഛേദം ഗോത്രവിധിപ്രകാരം കൂട്ടബലാല്‍സംഗം എന്നിത്യാദി സംഗതികളുടെ സീഡിയാണ് പിടിച്ചെടുത്തിട്ടുള്ളതെങ്കില്‍ അത് ഇതുവരെയുള്ള ചോറിങ്ങും കൂറങ്ങും നയത്തിന്റെ വമ്പിച്ച വിജയവുമാണ്.

ഭ്രാന്തനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചങ്ങലയ്ക്കുകൂടി സമനിലതെറ്റിയതാണ് സ്ഥിതി അവതാളത്തിലാക്കിയത്.  വര്‍ഗീയതയുടെ ഈ പ്രേതങ്ങളെ ആവാഹിച്ച് അറബിക്കടലില്‍ അടക്കം ചെയ്യാന്‍ ബാദ്ധ്യസ്ഥരായ വിപ്ലവകാരികള്‍ വരെ ഇവറ്റകളെ ചുമന്നുനടന്ന് ആളായിക്കൊടുത്തു. ഇപ്പോള്‍ മൊത്തത്തില്‍ ഒരു ഭസ്മാസുരന്‍ ഇഫക്ടില്‍ പെട്ടുകിടക്കുന്നു. ഇടത്തുതിരിഞ്ഞാല്‍ വലത്തടി. വലത്തുതിരിഞ്ഞാല്‍ ഇടത്തടി. കിടന്നുപോയാല്‍ ചറപറയടി. 

അക്രമത്തിന്റെ ഹരിശ്രീ എല്ലാവരും കുറിച്ചത് ഒരേ ഫാസിസ്റ്റ് സ്‌കൂളിലാണ്. പ്രവര്‍ത്തനത്തിന്റെ സുന്ദരശൈലിയും ഒന്നുതന്നെയായത് അതുകൊണ്ടാണ്്. വായനിറച്ചും ജനാധിപത്യവും കയ്യിലിരുപ്പ് ഫാസിസവുമാണ് സംഘപരിവാറുകാരുടെയും വിപ്ലവകാരികളുടെയും ലക്ഷണമെങ്കില്‍ ഫ്രീഡം പരേഡുകാരുടെത് ഫാസിസത്തെക്കാളും എന്തുകൊണ്ടും ഒന്നുകൂടി മെച്ചപ്പെട്ട താലിബാനിസമാണ്. 

ജനാധിപത്യത്തില്‍ ഇങ്ങിനെയും ഓരോ ഗുണങ്ങളുണ്ട്. ജനാധിപത്യം വായില്‍ മതി. അവനവന്റെ വണ്ടിയാരും തടയാതിരുന്നാല്‍ മതി. കല്ലെറിയാതിരുന്നാലും.  ഇങ്ങിനെയുള്ള സകലകൃത്യങ്ങളും സ്വന്തംനിലയ്ക്ക് വിഘ്‌നംവിനാ നടത്തിക്കൊണ്ടുപോവാന്‍ മാസപ്പടിയും പെന്‍ഷനും ജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും എടുത്തുകൊടുക്കാന്‍ കൂടിയുള്ള സംവിധാനമാണ് ജനാധിപത്യം.

അതേ ജനാധിപത്യത്തിലെ കോടതിയാണെങ്കില്‍ ഒന്നൊന്നര ബൂര്‍ഷ്വയുമാണ്, വിധിപറയുന്ന കടലാസിന്റെ വിലകൂടി വിധിക്കില്ലെന്നെല്ലാം ഭരണകൂടത്തിന്റെ ശമ്പളവും പെന്‍ഷനുമെല്ലാം വാങ്ങിവച്ചുകൊണ്ടുതന്നെ നമുക്കു പ്രഖ്യാപിക്കാം. ഇതൊക്കെക്കൊണ്ടാണ് ഈ പ്രദേശം ദൈവത്തിന്റെ സ്വന്തം നാടും ആളുകള്‍ ശെയ്ത്താന്റെ സ്വന്തം ജനതയുമായത്.

തലപ്പത്ത് ഹിറ്റ്‌ലറോ സദ്ദാമോ ഒന്നുമല്ലാത്തതുകൊണ്ട് പ്രഖ്യാപിക്കുന്നതിന് ആരെയും തല്ക്കാലം പേടിക്കേണ്ടതില്ല. പറഞ്ഞ കുറ്റത്തിന് കാലാപാനിയിലോ അബൂഗുറൈബ് ജയിലിലോ ഒന്നും എത്തിപ്പോവുകയുമില്ല. ആരും കേള്‍ക്കാതെ വേണ്ടിവന്നാല്‍ നാളെയൊരു മാപ്പു നാലുചുമരുകള്‍ക്കുള്ളില്‍ പറഞ്ഞാല്‍ മതി. നാലാളുകേള്‍ക്കേ പറഞ്ഞതു മുയ്മന്‍ സബൂറായിക്കൊള്ളും.

ബൂര്‍ഷ്വയല്ലാത്തത് നിലവില്‍ ഒന്നുമാത്രമാണ്. ഭരണകൂടം കൊടുക്കുന്ന മേമ്പ്രന്‍മാരുടെ ശമ്പളവും പെന്‍ഷനും.  പന്തിയില്‍ ഒരു നാക്കില വിപ്ലവകാരികള്‍ക്കും കൂടി ഇട്ടുകൊടുക്കുകയാണ് ജനാധിപത്യത്തിന്റെ ഒരു രീതി.  വലിയതരക്കേടില്ലാത്ത ആയൊരു ഊണിന്റെ ബലത്തിലാണ് എന്നും വിപ്ലവപ്രവര്‍ത്തനം.

നമ്മള്‍ മതേതരരാണ്. ഒരേസമയം  നക്ഷത്രമതാലയങ്ങളിലെ നിത്യസന്ദര്‍ശകരുമാണ്. നരകദ്രാവകം ചില്ലലമാരകളില്‍ നിന്ന് കുടിയനെ മാടിവിളിക്കുന്ന പോലെ വിവിധബ്രാന്റ് അലവലാതികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലവറയാണ് ഒരോ മതവും. 
'ചേട്ടകള്‍ക്കൊട്ടും വെടിപ്പില്ലവരുടെ
കൂട്ടത്തിലൊന്നില്ല നന്നെന്നു ചൊല്ലുവാന്‍' എന്ന് നമ്പ്യാര്‍ പാടിയപോലെ. എത്ര നാറിയ മതതീവ്രവാദികളാണെങ്കിലും കുഴപ്പമില്ല. സംബന്ധമാവാം വേളിവേണ്ടെന്നേയുള്ളൂ.

വേണ്ടത് കുറ്റമറ്റ നീതിനിര്‍വ്വഹണത്തിനുള്ള അന്തരീക്ഷമാണ്. തികച്ചും സ്വതന്ത്രമായ നീതിനിര്‍വ്വഹണ സംവിധാനമാണ്  ജനാധിപത്യത്തിന്റെ നെടുംതൂണ്‍. പോലീസിലെ ഇടപെടലുകളാണ് മതതീവ്രവാദത്തെ ഇങ്ങിനെ വളര്‍ത്തിയത് എന്നത് പരസ്യമായ ഒരു രഹസ്യമായ സ്ഥിതിക്ക് കാര്യങ്ങള്‍ ഇനിയങ്ങോട്ട് പോലീസിനും കോടതിക്കും വിട്ടുകൊടുക്കുത്തു നമ്മള്‍ തടിതപ്പുകയാണ് എന്തുകൊണ്ടും അഭികാമ്യം.

മദനിയെ പണ്ട് കോയമ്പത്തൂര്‍ ജയിലില്‍ നിന്നും സ്വീകരിച്ചാനയിച്ചു ആശീര്‍വദിച്ചു പാലക്കാടന്‍ ചുരം വഴി കൊണ്ടുവന്നപോലെ ഇനി തിരിച്ചു കാസര്‍ഗോഡുവഴി കര്‍ണാടക ജയിലിലേക്ക് എത്തിച്ചുകൊടുക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുമെങ്കിലും അതത്ര കാര്യമാക്കേണ്ടതില്ല. വീണുകിടക്കുന്നവനെ വീണ്ടും തല്ലരുതെന്നാണ് പ്രമാണം. 

പോലീസുകാര്‍ ചെയ്യേണ്ടത് അവര്‍ ചെയ്യട്ടെ. കോടതികളുടെ പണി അവരുമെടുക്കട്ടെ. നമ്മുടെ പണി നമ്മളും വൃത്തിയായി ചെയ്താല്‍ നാലുനാളുകൊണ്ട് നിലക്കുനിര്‍ത്താവുന്നതേയുള്ളൂ കേരളത്തിലെ കാബൂളിവാലകളെ.

ഒരാള്‍ പറഞ്ഞതുമാത്രമാണ് ശരിയെന്ന് ലോകത്തോട് വിളിച്ചുപറയുവാന്‍ ഒരുകൂട്ടര്‍ക്ക് അവകാശമുണ്ടെങ്കില്‍ അതിന് വരുന്ന മറുപടി കേള്‍ക്കുവാനും അക്കൂട്ടര്‍ക്ക് ബാദ്ധ്യതയുണ്ട്.  ആങ്ങള ഒരു പെണ്ണിനെ പ്രേമിച്ച കുറ്റത്തിന് പെങ്ങളെ കൂട്ടബലാല്‍സംഗത്തിന് ശിക്ഷിച്ച ഭ്രാന്തന്‍മാരും രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ മറ്റൊരു പ്രവാചകന്‍ ശ്രീബുദ്ധന്റെ നിരവധി പ്രതിമകള്‍ ബോംബിട്ട് തകര്‍ത്ത ഭ്രാന്തശിരോമണികളുടേയും കാര്‍മ്മികത്വത്തിലാണ് കേരളത്തിലെ ചെറുപ്പക്കാരുടെ എഴുത്തിനിരുത്തെങ്കില്‍ സംസ്ഥാനത്തിനുമാത്രമല്ല, രാഷ്ട്രത്തിന്റെ തന്നെ ഭാവി ശോഭനമാണ്. 

സെക്യൂലറിസ്റ്റ് നാട്ടില്‍ ഖുറാനെ വ്യാഖ്യാനിച്ച കുറ്റത്തിന് അഞ്ചുനേരം നിസ്‌കരിക്കുന്ന ചേകന്നൂര്‍ മൗലവിയെത്തന്നെ തട്ടി മാതൃകകാട്ടിയ മഹാന്‍മാരുടെ പിന്‍മുറക്കാരായി വളരുന്നവര്‍ ഏതായാലും മോശക്കാരല്ല.

85 ശതമാനം ജനത സെക്യുലറായ നാടായതുകൊണ്ടാണ് സരസ്വതിയുടെ നഗ്നചിത്രം എം.എഫ്. ഹുസൈന്‍ വരച്ചപ്പോള്‍ തടി കേടാവാതിരുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി നമുക്കില്ലാതെപോയി. കുലത്തില്‍ പിറന്ന് കുരങ്ങായിപ്പോയവരുടെ ഒച്ചപ്പാടിനെ തല്ക്കാലം അവഗണിക്കുക. അതേ ആവിഷ്‌കാരസ്വാതന്ത്ര്യ വിധിപ്രകാരം ഹൂസൈന് ഇനി പ്രവാചന്റെ ചിത്രം തന്നെ  മതേതര സുന്ദര ഖത്തറിലിരുന്ന് വരയ്ക്കാവുന്നതേയുള്ളൂ. തലവേണമെന്നില്ലല്ലോ, ബ്രഷുപോരേ ചിത്രം വരയ്ക്കാന്‍.

85 ശതമാനം സെക്യുലറായ ജനം വസിക്കുന്നിടത്താണ് റഷ്ദിയുടെ നോവല്‍ നമ്മള്‍ നിരോധിച്ചത്. തസ്‌ലീമ ലജ്ജിക്കൂവാന്‍ പാടില്ലെന്ന് വിധിച്ചതാവട്ടെ വംഗദേശത്തെ വിപ്ലവകാരികളാണ്. നാലുവോട്ടിനുവേണ്ടി നാം ബലികൊടുത്തത് പരമ്പരാഗതമായി നമുക്ക് പകര്‍ന്നുകിട്ടിയ സെക്യുലാര്‍ വിശ്വാസമാണ്.

വിയോജിക്കുവാനുള്ള സ്വാതന്ത്ര്യത്തില്‍ വടിവാളിനും  നാടന്‍ബോംബിനും ഉരുളന്‍ കല്ലിനും താര്‍വീപ്പക്കും എന്തിന് എസ് കത്തിക്കുകൂടിയുള്ള സ്ഥാനം നമ്മള്‍ ഏതായാലും വോള്‍ട്ടയര്‍ക്കു കൊടുത്തിട്ടില്ല. നമുക്കു വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം വേറൊരുവന്റെ അവകാശത്തിന്‍മേലുള്ള ആദ്യത്തെയും അവസാനത്തെയും ആണിയാകുമ്പോഴാണ് സ്വാതന്ത്യത്തിന്റെ അര്‍ത്ഥമറിയാന്‍ സ്വര്‍ണപ്രശ്‌നം വേണ്ടിവരിക.

'ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു. എന്നാല്‍ എന്നോടു വിയോജിക്കുവാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുവാനായി ജീവന്‍ ബലികഴിക്കാനും ഞാന്‍ തയ്യാറാണ്'. വോള്‍ട്ടയറിന്റെ ഈ വാക്കുകളിലാണ് ജനാധിപത്യത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത്. സ്വാതന്ത്ര്യബോധത്തിന്റെ സുന്ദരസൗധത്തിന്റെ അടിത്തറയും ഈ വാക്കുകളിലാണ്.

പത്തു ഫ്രീഡം പരേഡുനടത്തിയാലും ഈയൊരു ബോധം ഉണ്ടാവുകയില്ല. നടത്തിയിട്ടു കാര്യവുമില്ല. തലയിലുള്ളതാണല്ലോ കാലങ്ങളായി വടിവാള്‍തുമ്പിലൂടെ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നത്. വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രിയോതിയിട്ടുകാര്യമില്ല. പിടിച്ചു കെട്ടുകയാണ് വേണ്ടത്. പിടിച്ചുഞാനവനെന്നെക്കെട്ടി എന്നുപറയിക്കാനും ഇടയാവരുത്. 

July 02, 2010

ജാതിക്കൊലയും ജാതിരാഷ്ട്രീയവും


മനിതനില്‍ നിന്നുമാണ് മാന്യതയുണ്ടായതെന്നു തോന്നുന്നു. മനിതന്‍ മുന്നോട്ടുപോവുമ്പോള്‍ മാന്യത പിടിവിട്ടു പിന്നോട്ടുപോവുകയാണ്. അല്ലാതെ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് സംഭവിക്കേണ്ട കാര്യമില്ല. കറുത്ത സായിപ്പന്‍മാരുടെ ചാനലുകള്‍ ജാതിയുടെ പേരില്‍ അമ്മ മകളെ കൊന്നതിന് നല്കിയ ചെല്ലപ്പേര് 
Honor Killing എന്നാണ്.

ഇനി ഹോണര്‍ എന്ന അംഗ്രേസിയുടെ അര്‍ത്ഥം ഒന്നുനോക്കിയാല്‍ സംഗതിയുടെ പോക്ക് പിടികിട്ടും. Dr Samuel Johnson, in his A Dictionary of the English Language (1755), defined honour as having several senses, the first of which was 'nobility of soul, magnanimity, and a scorn of meanness. അതായത് ആത്മാവില്‍ വിശുദ്ധിയും മഹത്വവും ഉണ്ടായിരിക്കണം, അല്പത്വം നാലയലത്തുണ്ടാവാനും പാടുള്ളതല്ല.

ഈയൊരു പദത്തെയാണ് ജാതിക്കൊല എന്നുവിളിക്കേണ്ട സംഗതിക്ക് എടുത്തുചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ജാതിക്കും മതത്തിനും യാതൊരു മഹത്വവും കല്പിക്കാത്തതുകൊണ്ടാണല്ലോ നമ്മള്‍ സെക്യുലര്‍ ആയത്. അതായത് ഹോണറബ്ള്‍ ആയി ഒന്നും നമ്മള്‍ ജാതിയില്‍ കണ്ടില്ല. ഇപ്പോള്‍ ജാതിക്കുവേണ്ടി ജാതിയുടെ പേരില്‍ ജാതിഭ്രാന്തന്‍മാര്‍ നടത്തിയ കൊലകള്‍ മുഴുവന്‍ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് ആയത് എന്തു ന്യായത്തിന്‍മേലാണ്?

സൗകര്യം കിട്ടുമ്പോഴെല്ലാം നാനാത്വത്തിലെ ഏകത്വത്തെപ്പറ്റി ലോകജനതയ്ക്ക് സ്‌പെഷല്‍ ക്ലാസെടുത്തുകൊടുക്കുന്നവരാണ് നമ്മള്‍. അതേ നമ്മളുടെ ഹെഡ്ഡാഫീസായ ദില്ലിയിലാണ് മാന്യവധങ്ങള്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നത്.

സംസ്‌കാരസമ്പന്നരായ ആളുകളുടെ കേളീപ്രദേശമാണ് മഹാനഗരങ്ങള്‍. ഗ്രാമങ്ങള്‍ വിവരദോഷികളുടെയും. എന്നാലും ഇവിടെ നടന്ന ജാതി-വര്‍ഗീയ കലാപങ്ങളുടെ കണക്കെടുത്താല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും നടന്നിട്ടുണ്ടാവുക സംസ്‌കാരസമ്പന്നരുടെ വിഹാരരംഗമായ മഹാനഗരങ്ങളിലായിരിക്കും. തൂണിനുകെട്ടിയ പട്ടിയെപോലെ ജാതിക്കു ചുറ്റും തിരിയുകയാണ് നമ്മുടെ സംസ്‌കാരമെങ്കില്‍ സത്യമായും നമ്മുടെ തലകള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പോലീസിന്റെ കഴിവുകേടിനെപറ്റി ഘോരഘോരം ആളുകള്‍ പ്രസംഗിക്കുന്നതു കേട്ടു. അതായത് അന്യജാതിക്കാരനെ കെട്ടിയ മകളെ അമ്മ കൊന്നു കൊലവിളിച്ചു. മാനവകുലത്തിന്റെ അന്തസ്സ് പാതാളദര്‍ശനം നടത്തിയെങ്കിലും ജാതിയുടെ മഹത്വം വാനോളമുയര്‍ന്നു. പെങ്ങളെയും കെട്ടിയോനെയും ആങ്ങളമാരും മാതാപിതാക്കളും ബന്ധുമിത്രാദികളും എല്ലാം ചേര്‍ന്ന് ഒരു സംയുക്തമുന്നേറ്റത്തിലൂടെ വലയിലാക്കി വെട്ടിനുറുക്കി വലിച്ചെറിഞ്ഞൂ. ദാനവകുലത്തിന്റെ അന്തസ്സ് അന്നുവരെ കാണാത്ത ഉയരമാണ് കീഴടക്കിയത്. ഈ സംഭവങ്ങളെല്ലാം നടന്നത് പോലീസുകാരുടെ കൊള്ളരുതായ്മ കൊണ്ടാണ് എന്നതായിരുന്നു ചിലരുടെ തങ്കപ്പെട്ട അഭിപ്രായം.

പോലീസുകാര്‍ ഇനിതൊട്ട് നാട്ടിന് കാവല്‍ നില്ക്കണോ അതോ ലന്തത്തോക്കുമെടുത്ത് ഓരോ വീട്ടിലെയും കിടപ്പുമുറികള്‍ക്ക് കാവല്‍ നില്‍ക്കണോ എന്നെല്ലാം ആലോചിച്ച് തീരുമാനിക്കാവുന്നതേയുള്ളൂ. ചര്‍ച്ചയ്ക്ക് വരുന്നതിനുമുന്‍പേ അതൊന്നും ആലോചിക്കാന്‍ ആളുകള്‍ക്ക് സമയം കിട്ടണമെന്നുമില്ല. ഏതായാലും ഒന്നു നടപ്പാക്കി. കിട്ടിയ വടികൊണ്ടു പോലീസുകാരുടെ തലയ്ക്കിട്ടു കൊട്ടി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുവാനും കൊട്ടിയവരുടെ തന്തയ്ക്കുവിളിക്കാനുമുള്ള അവകാശം തല്ക്കാലം ഇല്ലാത്തതുകൊണ്ട് അപമാനം അക്കൂട്ടര്‍ മുന്നിലത്തെ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചുകാണണം. തരം കിട്ടുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും ദരിദ്രവാസിയുടെ യോഗം തെളിയുമ്പോള്‍ ആയൊരു കണക്കു പലിശ സഹിതം തീര്‍ക്കുക മാത്രമാണ് പോലീസുകാരുടെ മുന്നിലുള്ള വ്യവസ്ഥാപിത മാര്‍ഗം.

ഒരു മതനിരപേക്ഷ സമൂഹത്തില്‍ ജാതിയുടെ പേരിലുള്ള തെമ്മാടിത്തത്തിന് ഹോണര്‍ അഥവാ മഹത്തരം എന്ന വിശേഷണം പകര്‍ന്നു നല്കിയത് പോലീസുകാരാണോ രാഷ്ട്രീയനേതൃത്വങ്ങളാണോ അധമ മാധ്യമ സംസ്‌കാരമാണോ എന്നെല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ട ചുമതല ഇവിടുത്തെ സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ക്കുണ്ട്. കുപ്പിവെള്ളവും അണ്ടിപ്പരിപ്പും തിന്ന് കൊളസ്‌ട്രോളും ഗ്യാസ്ട്രബഌമായി നിലം തൊടാത്ത തീസിസുകള്‍ക്കു ചുറ്റും ഭ്രമണംചെയ്യുന്നവര്‍ അടിയന്തിരമായി ഒരു ദണ്ഡിയാത്ര നടത്തേണ്ട സമയമാണിത്.

ഈ ജാതിക്കൊലയ്ക്ക് ജാതിരാഷ്ട്രീയവുമായി വല്ല ബന്ധവുമുണ്ടോ? സെക്യുലറിസം എന്ന വാക്ക് ഭരണഘടനയില്‍ പതിഞ്ഞതോടെ ചത്തകുതിരകളായ ജാതികളെ ഒന്നൊന്നായി പുനര്‍ജീവിപ്പിച്ച് പടയോട്ടം നടത്തിച്ചതിന് ഉത്തരവാദികള്‍ ആരാണ്? നാലാള്‍ കേട്ടാല്‍ നാറ്റക്കേസെന്നു പറയുന്ന സംഗതിയാണ് ഇന്ത്യയിലെ ജാതിമാഹാത്മ്യം. ഉദരനിമിത്തം നാലുവോട്ടിനായി ഈ സെപ്റ്റിക് ടാങ്ക് ഒരിക്കലെങ്കിലും ചുമക്കാത്തവരായി ഒരൊറ്റ രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് ഭീകരന്‍മാരെക്കാളും വലിയ ഭീകരസത്യം.

ഇല്ലാത്ത മഹത്വം ജാതിയുടെ ശിരസ്സില്‍ വച്ചുകെട്ടിക്കൊടുത്തത് ജാതിരാഷ്ട്രീയമാണ്. അങ്ങിനെയാവുമ്പോള്‍ ജാതിരാഷ്ട്രീയത്തിന്റെ വൃത്തികെട്ട കുടത്തില്‍നിന്നും പുറത്തുചാടിയ സത്വമാണ് ജാതിക്കൊല. ജാതിരാഷ്ട്രീയം എന്നതിന് കാസ്റ്റ് പൊളിറ്റിക്‌സ് എന്നാവാമെങ്കില്‍ ജാതിയുടെ പേരിലുള്ള കൊലയ്ക്ക് കാസ്റ്റ് കില്ലിംഗ് എന്നുപറയാന്‍ നാവ് എന്തുകൊണ്ടു വളയുന്നില്ല. ഇനി ഹോണര്‍ കില്ലിംഗ് വെളിപ്പെടുത്തുന്നത് ജാതിക്ക് നമ്മള്‍ കല്പിച്ചുകൊടുക്കുന്ന മഹത്വം തന്നെയല്ലേ. എങ്ങിനെയാണ് നമ്മള്‍ സെക്യുലറാവുന്നത്?


ചാനല്‍ ചര്‍ച്ചകളില്‍ ഒരു കൂട്ടര്‍ പുതിയൊരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയില്‍ ഊന്നിയൂന്നിയാണ് നടുവൊടിഞ്ഞത്. കിടിലന്‍ ആശയം. പത്രപ്രവര്‍ത്തകയായ മകളെ അന്യജാതിയില്‍ പെട്ട ഒരുത്തനെ കെട്ടിയ മഹാപാതകത്തിന് മാതാപിതാക്കള്‍ വധശിക്ഷയ്ക്കു വിധിച്ചു. ജാതിയുടെ പേരില്‍ മകളെ കൊന്ന അമ്മയില്‍നിന്നും പെങ്ങളെയും കെട്ടിയോനെയും വെട്ടിനുറുക്കിയ ആങ്ങളമാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പുറപ്പെടുന്ന തലകളെ ജീവനോടെ എത്രയും പെട്ടെന്ന് കോട്ടക്കലിലോ വൈദ്യമഠത്തിലോ എത്തിക്കുകയാണ് വേണ്ടത്. ലക്ഷണമൊത്ത ഒരു നെല്ലിക്കാത്തളം ആ മൂര്‍ദ്ദാവില്‍ ഒരിക്കലും ഒരു അലങ്കാരമായി ഭവിക്കുകയില്ല, ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

വിശേഷിച്ച് ഒന്നും നമ്മളെക്കൊണ്ട് ചെയ്യാനില്ലാത്തപക്ഷം ആടാന്‍ പറ്റിയ ഏറ്റവും മുന്തിയ അനുഷ്ഠാനകലാരൂപമാണ് ആഴത്തിലുള്ള പഠനവും നിയമനിര്‍മ്മാണവും. ആദിവാസികളെ വൃത്തിയായി ഒരരുക്കാക്കി ഇപ്പോള്‍ അരിവാളായി (രോഗം) മരിക്കാന്‍ യോഗമുണ്ടാക്കിക്കൊടുത്തതെല്ലാം ചില്ലറക്കാര്യങ്ങളാണോ. 


ഘോരഘോരനിയമനിര്‍മ്മാണങ്ങളിലൂടെ അങ്ങിനെ എന്തെല്ലാം സംഗതികളില്‍ നമ്മള്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് റിപ്പോര്‍ട്ടു വരുമ്പോഴേയ്ക്കും മന്ത്രിസഭയുടെ കാലാവധി തന്നെ കഴിഞ്ഞിട്ടുണ്ടാവും. അതുവരെ സിറ്റിങ്ങും സ്റ്റാന്റിംഗുമായി മണിക്കൂറുകളെ കുരുതികൊടുത്ത് മിനിറ്റുകള്‍ വിരചിക്കുന്ന അസ്സലൊരേര്‍പ്പാട്. ധനനഷ്ടവും മാനഹാനിയും ജനത്തിനു മാത്രമെന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം.

വിഭജിച്ചുഭരിക്കാന്‍ പണ്ട് സായിപ്പിനെ കയ്യയഞ്ഞു സഹായിച്ചത് ഇവിടുത്തെ ജാതികളായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു കണക്കുകിട്ടാന്‍ സായിപ്പ് ജാതി തിരിച്ച് തലയെണ്ണി, അതിന് സെന്‍സസ് എന്നു നാമകരണം ചെയ്തു. അനന്തരം മുക്കാല്‍ നൂറ്റാണ്ട് കഴിയാറായിട്ടും ജാതിയുടെ എണ്ണം പിടിക്കാന്‍ നടക്കുകയാണ് കറുത്തസായിപ്പന്‍മാര്‍. വെളുത്ത സായിപ്പു ഭിന്നിപ്പിച്ചു ഭരിച്ചു. കാപ്പിരി സായിപ്പ് പ്രീണിപ്പിച്ചു ഭരിച്ചു. എന്തുണ്ട് വ്യത്യാസം. അയ്യരുടെ കുറിയും അയ്യങ്കാരുടെ കുറിയും പോലെ നെറ്റിയെന്ന വിശാല കാന്‍വാസില്‍ ഒന്നു കുത്തനെ നില്ക്കുമ്പോള്‍ മറ്റത് വിലങ്ങനെ കിടക്കും.

ഇല്ലാത്ത മഹത്വം ജാതിക്കും മതത്തിനും കൊടുത്തതാണ് എല്ലാറ്റിനും കാരണമെന്നിരിക്കേ ജന്മനാ ഭ്രാന്തിന്റെ ബീജം വഹിക്കുന്ന പട്ടിക്ക് പേ പിടിച്ചതിന്റെ കാരണം പോത്തിന്റെ തലയില്‍ ഇട്ടുകൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജാതിക്കൊലയുടെ കാലത്തും ജാതിതിരിച്ച് സെന്‍സസ് വേണമെന്ന് വാദിക്കുന്ന ജാതിരാഷ്ട്രീയക്കാര്‍ മുന്നില്‍ നിന്ന് രാജ്യത്തെ പിന്നോട്ടു നയിക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി കാലമിത്രയായിട്ടും ഒരേക സിവില്‍കോഡില്ലാത്ത നിങ്ങള്‍ എന്ത് സെക്യുലറാണെന്ന് ചോദിച്ച തസ്ലീമ നസ്രീന്‍ എത്ര ശരി.

June 17, 2010

അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ?


Arjun_Singh_300.jpgമിക്കവാറും അന്തസ്സുള്ള രാജാക്കന്‍മാരുടെ പതിനാറടിയന്തിരം സായിപ്പിന്റെ കാലത്തുതന്നെ നടന്നതുകൊണ്ട്‌ അക്കൂട്ടര്‍ക്ക്‌ പ്രജകളായി ശിഷ്ടകാലം കഴിയേണ്ടിവന്നില്ല. അന്തസ്സിന്റെ ഗ്രാഫ്‌ അത്രകണ്ട്‌ ഉയരാത്തവര്‍ക്ക്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഭൃത്യഗുണമുള്ള രാജാക്കന്‍മാരെല്ലാം ഉടന്‍ മന്ത്രിമാരായി പുനരധിവസിപ്പിക്കപ്പെട്ടു. സ്വത്വഗുണമുള്ള ആദ്യത്തെക്കൂട്ടര്‍ തീപ്പെട്ടുപോയതുതന്നെ ഒരു കണക്കിന്‌ മഹാഭാഗ്യമായി. മധ്യപ്രദേശിലെ പഴയ രാജ്യമായ റേവയില്‍ നിന്നിള്ള പവന്‍മാര്‍ക്ക്‌ രജപുത്രനാണ്‌ അര്‍ജുന്‍ സിംഗ്‌.
ധീരതയ്‌ക്ക്‌ പേരുകേട്ട ക്ഷത്രിയനും സര്‍വ്വോപരി രജപുത്രനുമായതുകൊണ്ട്‌ സിങ്ങിന്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അന്ന്‌ ആ രജപുത്രന്‍ മധ്യപ്രദേശത്തെ മുഖ്യമന്ത്രിയായിരുന്നു. രാജാവ്‌ എന്ന തസ്‌തിക അക്കാലത്ത്‌ പ്രാബല്യത്തിലുണ്ടായിരുന്നില്ല. 1984 ഡിസംബര്‍ 2നും 3നുമിടയിലെ രാത്രി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയെ പറ്റി വിവരം ലഭിച്ചതുമുതല്‍ വീരോചിതമായി പ്രവര്‍ത്തനമാണ്‌ സിങ്ങ്‌ കാഴ്‌ചവച്ചത്‌. ആദ്യമായി വീരോചിതമായി കുടുംബസമേതം ഓടി ഭോപ്പാലിന്റെ അതിര്‍ത്തി കടന്നുമറിഞ്ഞ്‌ സ്വന്തം കെര്‍വാ ഡാം കൊട്ടാരത്തിലേക്കെത്തിപ്പെട്ടു. സര്‍ക്കാര്‍ വാഹനങ്ങളിലായതുകൊണ്ട്‌ കിതപ്പ്‌ അറിഞ്ഞില്ലെന്ന ഒരു പരാതിയേ സിങ്ങിനുണ്ടായിരുന്നുള്ളൂ.

തടി പോയാലും നാടു കാക്കണമെന്ന രജപുത്രവിശ്വാസം തല്‌ക്കാലം സിങ്ങ്‌ തട്ടിന്‍പുറത്തു കെട്ടിവച്ചു. ഭോപ്പാലിന്റെ തെരുവുകളില്‍ കാല്‍ ലക്ഷത്തിലേറെ ജനം ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീണപ്പോള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുവാന്‍ പറ്റാതെ ഭരണസംവിധാനം സ്‌തംഭിച്ചു.

ആദ്യം സ്വയം നന്നാവണം, പിന്നെ മറ്റുള്ളവരെ നന്നാക്കണം എന്ന ധര്‍മ്മചിന്തയാണ്‌ സിങ്ങിനെ എക്കാലത്തും നയിച്ചിരുന്നത്‌. ഇവിടെയും ആ ചിന്ത രജപുത്രന്‍ കൈവിട്ടില്ല. ആദ്യം സ്വയം രക്ഷിച്ചു. പിന്നെ രക്ഷിക്കേണ്ടവരെയെല്ലാം ഒന്നൊന്നായി രക്ഷിച്ചു. വാറണ്‍ ആന്‍ഡേഴ്‌സനെ ആദ്യംതന്നെ രക്ഷിച്ചു. ചത്തുപോയ കാല്‍ലക്ഷത്തിലേറെയെണ്ണത്തെ പുനരുജ്ജീവിപ്പിക്കുവാനുള്ള അമൃതൊന്നും കയ്യിലില്ലാതിരുന്നതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ കാല്‍ ലക്ഷം പേരു കാലപുരിപൂകി കാല്‍നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ്‌ സിങ്ങ്‌ സംശയത്തിന്റെ കരിനിഴലില്‍ വരുന്നത്‌.

നിലവിലുള്ള അറിവുകള്‍ വച്ച്‌ ഗ്രീന്‍പീസ്‌ ളാഹഗോപാലന്റയോ മാവോയിസ്‌റ്റുകളുടേയോ സംഘടനയല്ല. ആസ്ഥാനം നെതര്‍ലാന്റ്‌സ്‌ ആയ പരിസ്ഥിതി സംഘടന സായിപ്പന്‍മാരുടേതുതന്നെയാണ്‌. 1982 ല്‍ ഭോപ്പാലിലെ കമ്പനിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ ഗുരുതരമായ 30 അപകടസാദ്ധ്യതകള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അമേരിക്കയിലെ അതേ കമ്പനിയില്‍ ഇതേ അപകടസാദ്ധ്യതകള്‍ക്ക്‌ ഉടന്‍ പരിഹാരം കാണുകയും ചെയ്‌തിട്ടുണ്ടായിരുന്നു. ഈ വസ്‌തുതകളെല്ലാം അന്നത്തെ യൂണിയന്‍ കാര്‍ബൈഡ്‌ സി.ഇ.ഒ വാറണ്‍ ആന്‍ഡേഴ്‌സണ്‌ അറിയാമായിരുന്നു എന്നു പറഞ്ഞത്‌ അയ്യങ്കാളിപ്പടയും മാവോയിസ്‌റ്റുകളുമൊന്നുമല്ല ഗ്രീന്‍പീസ്‌ വക്താക്കളാണ്‌. 


1984 ല്‍ ദുരന്തം. 1986 ആന്‍ഡേഴ്‌സന്റെ വിരമിക്കല്‍. അതും കഴിഞ്ഞ്‌ നൂറ്റാണ്ടു കാലും കഴിഞ്ഞപ്പോഴാണ്‌ അതായത്‌ ജൂലൈ 31, 2009 നു ഒരു അറസ്‌റ്റ്‌ വാറണ്ട്‌ ഇന്ത്യയില്‍ നിന്നും വാറണ്‍ ആന്‍ഡേഴ്‌സണെയും തേടി പുറപ്പെടുന്നത്‌. തെളിവൊന്നും ഇല്ലാത്തതുകൊണ്ട്‌ ആന്‍ഡേഴ്‌സണെ വിട്ടുതരാന്‍ പറ്റില്ലെന്ന്‌ അമേരിക്കയും അറിയിച്ചു. താമസിയാതെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്‌ക്കുമാത്രമല്ല അമേരിക്കയിലും പരിധിക്കു പുറത്തായി. എവിടെയെന്ന്‌ യാതൊരു വിവരവുമില്ല. ന്യൂയോര്‍ക്കില്‍ തന്നെ ഹാംപ്‌റ്റണ്‍സ്‌ എന്ന സ്ഥലത്തെ കൊട്ടാരസമാനമായ ഭവനത്തില്‍ ഭാര്യാസമേതനായി ആന്‍ഡേഴ്‌സണ്‍ സസുഖം വാഴുന്ന വിവരം ലോകത്തെ അറിയിച്ചത്‌ കാസേ ഹാറല്‍ എന്ന ഗ്രീന്‍പീസ്‌ പ്രവര്‍ത്തകനാണ്‌. ഞാന്‍ ആന്‍ഡേഴ്‌ണല്ല എന്നും പറഞ്ഞ്‌ തിരക്കുപിടിച്ച്‌ വീട്ടിനകത്തേക്ക്‌ കയറി വാതിലടക്കാന്‍ തുനിഞ്ഞ ആന്‍ഡേഴ്‌സന്റെ വാതിലിന്റെ വിടവിലൂടെ പ്രതീകാത്മക പ്രൊഡക്ഷന്‍ വാറണ്ട്‌ അകത്തേക്കിട്ടു പ്രതിഷേധിച്ചു ഹാറല്‍. 

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ പ്രഫെസര്‍ ഉപേന്ദ്ര ഭക്ഷി അവിടെ ഒരു കോഴ്‌സ്‌ പഠിപ്പിക്കുന്നുണ്ട്‌. ഭോപ്പാല്‍ ദുരന്തത്തിന്റെ നിയമചരിത്രമാണ്‌ അതിന്റെ വിഷയം. ആ കോഴ്‌സ്‌ പഠിക്കാനിടയായ രാജ്‌ ശര്‍മ്മ ഭോപ്പാലിലെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി അമേരിക്കന്‍ കോടതിയില്‍ ആന്‍ഡേഴ്‌സണും യൂണിയന്‍ കാര്‍ബൈഡിനുമെതിരേ കേസ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ സംഭവത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സമീപനം ഞെട്ടിപ്പിക്കുന്നതാണെന്നാണ്‌ ശര്‍മ്മ പറഞ്ഞത്‌. ചുമത്തിയ കുറ്റങ്ങളില്‍ ചില്ലറ ഇളവിനായി ആന്‍ഡേഴ്‌സണ്‍ തന്നെ അപേക്ഷിച്ചിട്ടില്ല. അതായത്‌ നരനെക്കൊന്ന കേസ്‌ നായിനെ കൊന്ന കേസാക്കിക്കൊടുക്കുവാന്‍. ആന്‍ഡേഴ്‌സനില്ലാത്ത ഉത്‌ക്കണ്‌ഠയുമയി അന്വേഷണ ഉദ്യോഗസ്ഥര്‍ നടക്കുന്നതിന്റെ പൊരുള്‌ പിടികിട്ടാതെ അന്തം വിട്ട ഹൈക്കോടതി അതു നിരസിച്ചതുതന്നെ ഭാഗ്യം.
അമേരിക്ക പറഞ്ഞതിലെന്താണ്‌ തെറ്റ്‌. കാല്‍ലക്ഷം പേരെ ശ്വാസംമുട്ടിച്ച്‌ തെരുവില്‍ കൊന്ന കമ്പനിയുടെ സി.ഇ.ഒ യെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍, പോലീസുകാരുടെ സംരക്ഷണയില്‍, സ്വന്തം പുഷ്‌പകവിമാനത്തില്‍ അന്തസ്സായിരുത്തി നല്ല നമസ്‌കാരം പറഞ്ഞ്‌ നല്ല കാലത്തു നാടുകടത്തിക്കൊടുക്കാന്‍ മാത്രം ഉദാരമതികളായിരുന്നു അര്‍ജുനനും ഒട്ടനവധി ശിഖണ്ഡികളും. 

എന്തെങ്കിലും കുറ്റം ഇവിടെ ചെയ്‌തിരുന്നൂവെങ്കില്‍ ആന്‍ഡേഴ്‌സന്‌ ഇങ്ങിനെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഉപയോഗിച്ച്‌ വീരോചിതമായ ഒരു യാത്രയയപ്പ്‌ നല്‌കുമായിരുന്നോ? അന്ന്‌ ആന്‍ഡേഴ്‌സന്റെ യന്ത്രസംവിധാനങ്ങളും ഒന്നാന്തരമായി പ്രവര്‍ത്തനസജ്ജമായിരുന്നു. അന്നത്തെ 65ല്‍ നിന്നും കാല്‍നൂറ്റാണ്ടു സഞ്ചരിച്ച്‌ 90ലെത്തി ഇന്ദ്രിയങ്ങളൊന്നൊന്നായി പണിമുടക്കി വെടിവച്ചാല്‍ കേള്‍ക്കാത്ത ചെവിയും നട്ടുച്ചയ്‌ക്കും ഇരുട്ടുകയറിയ കണ്ണും ഗതകാലസ്‌മൃതികളില്‍ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ച മനസ്സുമായി കഴിയുന്ന നരാധമനെ ഇനി ഇങ്ങോട്ടുകെട്ടിയെടുത്ത്‌ നടപ്പിലാക്കുക എന്തു നീതിന്യായമാണ്‌. അതല്ല ഇനി ചാവുന്നതവരെ ചെല്ലും ചെലവിനും കൊടുക്കാനോ? മുംബൈ കേസിലെ പ്രതിയ്‌ക്കുവേണ്ടിതന്നെ ഖജനാവില്‍ നിന്നും കോടികളാണ്‌ പോയിക്കിട്ടിയത്‌. 

ഭോപ്പാല്‍ കേസില്‍ അര്‍ജുനന്‍ തന്നെ ശിഖണ്ഡിയായിരുന്നു എന്നൊരു ഭാഷ്യം മരണത്തിന്റെ വ്യാപാരികള്‍ എന്ന ആട്ടക്കഥയില്‍ പരിവാരങ്ങള്‍ പരാമര്‍ശിച്ചതായി കാണുന്നുണ്ട്‌. അത്‌ പ്രക്ഷിപ്‌തമായി എഴുതിത്തള്ളിക്കളയേണ്ടതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങളും അന്തരീക്ഷത്തില്‍ തെക്കുവടക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. 

ഭോപ്പാലില്‍ കൊല്ലപ്പെട്ട ആളുകള്‍ക്ക്‌ 1984ലെ കണക്കുപ്രകാരം ആളൊന്നുക്ക്‌ ഒരു രൂപ പ്രകാരമായിരുന്നു വില. അതുപ്രകാരം 25000 രൂപയുടെ ഒരു ബോണ്ടുമാത്രമാണ്‌ നാടുവിടുമ്പോള്‍ ആന്‍ഡേഴ്‌സണ്‌ കെട്ടിവെയ്‌ക്കേണ്ടിവന്നത്‌. ആന്‍ഡേഴ്‌സനെ കെട്ടിയെടുപ്പിക്കാന്‍ ശ്രമിക്കരുതെന്ന നിര്‍ദ്ദേശമാണ്‌ വിദേശകാര്യവകുപ്പില്‍ നിന്നും തനിക്കുകിട്ടിയതെന്നാണ്‌ 1994 മുതല്‍ 1995 വരെ ഭോപ്പാല്‍ ദുരന്താന്വേഷണ ചുമതലയുണ്ടായിരുന്ന ബി.ആര്‍ ലാല്‍ എന്ന മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌. അതിനെ എതിര്‍ത്തപ്പോള്‍ സ്ഥാനഭ്രംശം സംഭവിച്ചതായും.
എന്‍.ഡി.ടി.വിയുമായുളള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്‌ ശ്രദ്ധേയമാണ്‌ - ''സി.ബി.ഐ നല്ല കഴിവുറ്റ സംവിധാനമാണ്‌. പക്ഷേ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുമീതെ പറന്നുയരാനുള്ള ശേഷിയില്ല. മറ്റുരാഷ്ട്രങ്ങളില്‍ ഇങ്ങിനെയുള്ള ഏജന്‍സികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന്‌ അതീതമാണ്‌, അവയ്‌ക്ക്‌ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയും`. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലിനെ ബാധിച്ച രാജയക്ഷ്‌മാവിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

കാല്‍ ലക്ഷം പേര്‍ കൊലചെയ്യപ്പെട്ട ദാരുണസംഭവത്തിനെതിരെയുള്ള മുഖം നോക്കാത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്‌ ഒരു പരിഷ്‌കൃതസമൂഹം ലോകത്തെവിടെയും ചെയ്യുക. അഴിമതിക്കും സ്വജനപക്ഷപാതത്തിനും സായിപ്പിനെ കണ്ടാല്‍ കവാത്തുമറക്കുന്ന തൂത്താല്‍മാറാത്ത ജാത്യാലുള്ള ശീലങ്ങള്‍ക്കും അവധികൊടുക്കാന്‍ അന്നുകൂടി കഴിയാത്ത ശിഖണ്ഡികളാണ്‌ അര്‍ജുനന്‍മാരായി മുന്നില്‍ നിന്ന്‌ പിന്നെയും നമ്മെ നയിച്ചത്‌ എന്ന നഗ്നസത്യം കണ്ടറിയുന്നതിലും ഭേദം കണ്ണുകള്‍തന്നെ കുത്തിപ്പൊട്ടിക്കുകയാണ്‌. 

കാല്‍ലക്ഷം പേരെ കൊല്ലിച്ച സി.ഇ.ഒ പണിയില്‍ നിന്നും അടുത്തൂണ്‍ പറ്റിയശേഷം ആന്‍ഡേഴ്‌സണ്‍ നാലാളറിയാതെ ഒളിച്ചുകഴിയാനുള്ള സന്മനസ്സെങ്കിലും കാട്ടിയിട്ടുണ്ട്‌. അല്ലെങ്കിലും പെറ്റമ്മയ്‌ക്കില്ലാത്തതാണോ പോറ്റിയ മുത്താച്ചിക്ക്‌ എന്ന ചൊല്ല്‌ സായിപ്പിന്റേതൊന്നുമല്ല. ആന്‍ഡേഴ്‌സന്റെ തോളില്‍ കയ്യിട്ട്‌ ഒരു ജനതയെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹി അനന്തരം നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള ലജ്ജയില്ലായ്‌മ കാട്ടി. വലിച്ചെറിയാനുള്ള ചങ്കുറപ്പ്‌ കോണ്‍ഗ്രസിനില്ലാതെയും പോയി. ജനം തോത്‌പിച്ചു മൂലക്കിരുത്തിയേടുത്തുനിന്നും പിന്‍വാതിലിലൂടെ ഉമ്മറത്തേക്കു വലിഞ്ഞുകയറി അര്‍ജുനന്‍ നിയമനിര്‍മ്മാണം നടത്തിയതാണ്‌ പിന്നത്തെ ചരിത്രം.
നാലു കൊട്ടാരം കാര്യസ്ഥന്‍മാരുടെ പിന്തുണകൂടിയില്ലാതിരുന്ന സിങ്ങിന്‌ ഇത്രമാത്രം സ്വാധീനം ദില്ലിയിലെങ്ങിനെയുണ്ടായി എന്നറിയുവാന്‍ നാളെ കാലഹരണപ്പെട്ടേക്കാവുന്ന സി.ഐ.എ രേഖകളാണ്‌ രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായകമാവുക എന്നുവരികയാണെങ്കില്‍ അത്‌ തെളിയിക്കുന്ന്‌ത്‌ അരുണ്‍ഷൂരി പണ്ട്‌ ഇന്ദിരാഗാന്ധിയോടു പറഞ്ഞതുപോലെ നമ്മുടെ ജനാധിപത്യം അഴിമതിക്കാരുടേതുമാത്രമല്ല, കൊലപാതകികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും കൂടി നരിമടയാണെന്ന ദു:ഖസത്യമാണ്‌. 

ആരോഗ്യമുള്ള ഒരു ജനത രാഷ്ട്രശരീരത്തിന്റെ കരളാണെങ്കില്‍ വിദ്യാഭ്യാസം വൃക്കകളാണ്‌. സെക്യുലറിസം ജീവരക്തവും. ഇതുമൂന്നും മലിനപ്പെടുത്തുകയായിരുന്നുവോ സിങ്ങിന്റെ ദൗത്യം എന്നുതന്നെവരുമ്പോള്‍ ജീവന്‍കൊടുത്തും രാജ്യം കാത്ത രജപുത്രന്റെ കുലത്തില്‍ പിറന്ന കുരങ്ങിനെ (കുരങ്ങുകളേ മാപ്പ്‌) എന്തിന്‌ കോണ്‍ഗ്രസ്‌ പിന്നെയും ചുമക്കുന്നു. വിക്രമാദിത്യന്‍ വേതാളത്തെയെന്നപോലെ. ഒടുവില്‍ സിങ്ങ്‌ കല്‌പിത സര്‍വ്വകലാശാലകളാക്കി വാഴ്‌ത്തിയ 44 എണ്ണത്തെ തിരിച്ച്‌ സാദാശാലകളാക്കി വീഴ്‌ത്തിയിരിക്കുകയാണ്‌ പിന്‍ഗാമി കപില്‍ സിബല്‍. അതായത്‌ നാലുവോട്ടിന്റെ പിന്‍ബലമില്ലാതിരുന്ന സിങ്ങ്‌ പാഞ്ഞുകയറിയ മന്ത്രാലയം കാട്ടാന കണ്ട കരിമ്പിന്‍തോട്ടം പോലെയായത്‌ മിച്ചമെന്നുവരുമ്പോള്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുതന്നെ നാം ആശങ്കപ്പെടേണ്ടതുണ്ട്‌. തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌.

June 04, 2010

നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍

“കുറ്റവാളിക്ക് പശ്ചാത്താപമില്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പലപല ആരോപണങ്ങള്‍ കൊണ്ടുവരുന്നതിലും കേസിലെ സാക്ഷികളെ ഊരാന്‍ പറ്റാത്തവിധം നിയമക്കുരുക്കുകളില്‍ പെടുത്തുന്നതിനും പ്രതി ശ്രമിച്ചിട്ടുണ്ട്്. സെക്ഷന്‍ 354 പ്രകാരം മാക്‌സിമം ശിക്ഷക്ക് കുറ്റവാളി അര്‍ഹനാണെങ്കിലും അയാളുടെ വയസ്സ്, ആരോഗ്യപ്രശ്‌നങ്ങള്‍, അവിവാഹിതയും രോഗിണിയുമായ മകള്‍, മെറിട്ടോറിയസ് സര്‍വീസ് റിക്കോര്‍ഡ്, ഇതിനകം കോടതി കയറിയിറങ്ങിയ 200 ദിനങ്ങള്‍ എന്നിവ പരിഗണിച്ച് നിയമത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി ഒന്നരവര്‍ഷത്തെ കഠിനതടവു മതിയാവുന്നതാണ്.

രുചിക ആത്മഹത്യ ചെയ്തു എന്നതില്‍ തര്‍ക്കമില്ല. വിലയേറിയ ഒരു ജീവന്‍ പൊലിഞ്ഞു. ഡി.ജി.പി ആര്‍ ആര്‍ സിങ്ങിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന വകുപ്പുതല അന്വേഷണം എവിടെയുമെത്താതെ നിലച്ചു. കുറ്റവാളിക്ക് പ്രമോഷനുകള്‍ കിട്ടി. ഹരിയാനയുടെ ഡി.ജി.പി ആയി വിരമിച്ചു. രുചികാ സംഭവത്തിലൂടെ പോലീസുദ്യോഗസ്ഥന്‍ എന്ന നിലയിലും ഹരിയാന ലോണ്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡണ്ട് എന്ന നിലയിലും തികഞ്ഞ പരാജയമായിരുന്നെന്ന്് തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ കായികരംഗം ലോകത്ത് എന്നും പിന്നിലായിപ്പോവുന്നതുതന്നെ ഇത്തരക്കാര്‍ കാരണമാണ്. കായികമേഖലയുടെ തലപ്പത്ത് ഇങ്ങിനെയുള്ളവര്‍ അവരോധിതരാവുമ്പോള്‍ മേഖലയിലെ വനിതാ സാന്നിദ്ധ്യം കൂടാന്‍ സാദ്ധ്യതയില്ല. യഥാര്‍ത്ഥ കഴിവിന്റെ ഉടമകള്‍ അരങ്ങത്തെത്തുകയുമില്ല.


നീതി നിര്‍വ്വഹണം നടന്നാല്‍ മാത്രം പോരാ, നിര്‍വ്വഹിക്കപ്പെട്ടു എന്നു ലോകത്തിന് ബോധ്യമാവുകയും വേണ്ടതുണ്ട്.


ഏറ്റവും കനത്ത ശിക്ഷയ്ക്ക് കുറ്റവാളി അര്‍ഹനായിരുന്നപ്പോള്‍ വിചാരണകോടതി വെറും ആറുമാസത്തെ കഠിനതടവു വിധിച്ചത്ത് തെറ്റായിപ്പോയി.


സംഭവശേഷവും വിചാരണകാലയളവിലുമുള്ള കുറ്റവാളിയുടെ സ്വാഭാവം വിചാരണകോടതി കൂടുതല്‍ അവധാനതയോടെ പരിഗണിക്കേണ്ടതായിരുന്നു.”

നിത്യന്റെ ജല്പനമോ മാധ്യമനിരീക്ഷണങ്ങളോ അല്ല. ബഹുമാനപ്പെട്ട അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി ജസ്റ്റിസ് ഗുല്‍ബീര്‍ സിങ്ങിന്റെ നിരീക്ഷണങ്ങളാണ്.

വൈകിവരുന്ന നീതി എല്ലാ അര്‍ത്ഥത്തിലും നീതിനിഷേധമാവുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പീഢനകേസുകളിലെ കാലവിളംബം. കുറ്റവാളിക്ക് പരാതിക്കാരെ ഏതുവിധേനയും നേരിടുവാനുള്ള സാഹചര്യമാണ് കിട്ടുന്നത്.

ഒരു തെമ്മാടി സ്ഥാനക്കയറ്റം നേടി ഹരായാനയുടെ ഡി.ജി.പി ആയതാണ് റാഥോഡിന്റെ ചരിത്രം. ആ തെമ്മാടിയുടെ കുടുംബസ്വാധീനം, സമുദായ സ്വാധീനം, ഉദ്യോഗസ്ഥതലത്തിലുള്ള സ്വാധീനം, ഇതരവകുപ്പുകളിലെ സ്വാധീനം, കിടപ്പറയില്‍തന്നെ ലഭ്യമായ വക്കീല്‍ സാന്നിദ്ധ്യം, എല്ലാറ്റിനുമുപരിയായി ഒടുക്കത്തെ രാഷ്ട്രീയ സ്വാധീനം. വിചാരണയിലെ കാലതാമസത്തിന്റെ വറചട്ടിയില്‍ വിരിഞ്ഞാവട്ടെ ഒരു നൂറു ഗൂഢാലോചനകളും. മാനഭംഗത്തിനിരയായ കുട്ടിയുടെ കൂടുംബം തന്നെ ഒന്നടങ്കം ആത്മഹത്യ ചെയ്യാതിരുന്നത് മഹാഭാഗ്യം.

കേസിലെ പ്രതി റാഥോഡിന്റെ മകളടക്കം 135 ആളുകള്‍ ഫീസു അടക്കുന്നതില്‍ വീഴ്ചവരുത്തിയെങ്കിലും ആ കാരണത്തിന് ആ “Sacred Hearts” സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍, പിശാചിന്റെ മണവാട്ടി സെബാസ്റ്റിന പുറത്താക്കിയത് രുചികയെ മാത്രമാണ്. റാഥോഡ് അതുചെയ്യിച്ചതാവട്ടെ ജസിക്കാലാല്‍ കേസിലെന്നപോലെ ഇരയുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതിനുള്ള ഒരെളുപ്പവഴിയായും.

എല്ലാം നോക്കുമ്പോഴാണ് മനസ്സിലാവുക ഇപ്പോള്‍ കിട്ടിയത് മാനഭംഗത്തിനുള്ള വകുപ്പു പ്രകാരം പരമാവധി ശിക്ഷയാണെങ്കിലും സത്യത്തില്‍ ഒരനുഗ്രഹമാണ്. സാക്ഷരതയും തുടര്‍വിദ്യാഭ്യാസവും പോലെ മാനഭംഗവും തുടര്‍ പീഢനപരമ്പരകളും റാഥോഡ് കൊണ്ടാടിയത് നീണ്ട 20 വര്‍ഷങ്ങളാണ്. കുട്ടിയുടെ ഏകസഹോദരന്‍ പതിമൂന്നിന്റെ പടിവാതിലിലെത്താത്ത പയ്യനെ 12 കാര്‍മോഷണകേസില്‍ കുടുക്കി അടിച്ചുനുറുക്കി നേരെനില്ക്കണമെങ്കില്‍ കുഴിയിലിറക്കിവെയ്ക്കണമെന്ന അവസ്ഥയിലാക്കി വീട്ടിലെറിഞ്ഞുകൊടുത്തതോടെ കുട്ടിയുടെ മുന്നില്‍ ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ലാതെയായി.

കള്ളക്കേസില്‍ കുരുക്കി അച്ഛന്റെ ബാങ്ക് മാനേജര്‍ ജോലിയും തെറിപ്പിച്ചു. സുഹൃത്തുക്കളെക്കൊണ്ട് ചില്ലിക്കാശിന് വീടും സ്ഥലവും എടുപ്പിച്ച് ആ ദുരന്തകുടുംബത്തെ നാടുകടത്തി. കുട്ടിയുടെ ആത്മഹത്യ മദ്യം വിളമ്പി ആഘോഷമാക്കി.

കേസില്‍ സഹായിച്ച, ഏക സാക്ഷിയായ അര്‍ച്ചനയുടെ പിതാവ് ചീഫ് എഞ്ചിനീയര്‍ ആനന്ദ് പ്രകാശിന്റെ സ്തുത്യര്‍ഹമായ സര്‍വ്വീസ് റിക്കോര്‍ഡ് ഒറ്റദിവസം കൊണ്ടു തകിടം മറിഞ്ഞു പ്രകാശ് സൂപ്രണ്ടിങ് എഞ്ചിനീയറായി നിലം പതിച്ചു. അമ്മ മധുവെ പറ്റി കുപ്രചരണങ്ങള്‍ വേറെയും അഴിച്ചുവിട്ടു. ഒടുവില്‍ എല്ലാതെറ്റിനും ശിക്ഷയായി കിട്ടിയതോ ജസ്റ്റിസ്. ജെ.എസ് സിന്ധു വക ആറുമാസം ജയിലും 1000രുപ പിഴയും. പത്തുമിനിറ്റിനകം ജാമ്യവും. ഒരു ജനതയ്ക്ക് മൊത്തം അപമാനകരമായിപോയില്ലേ ഇത് എന്ന് ബൃന്ദാകാരാട്ട് ചോദിച്ചത് എത്ര ശരി!

അന്ധന് അകക്കണ്ണുപോലെ നീതിദേവതയ്ക്കും അതൊരെണ്ണമെങ്കിലും അടിയന്തിരമായി ഉണ്ടാവേണ്ടിയിരിക്കുന്നു. കവുങ്ങിനുള്ള തളപ്പു തെങ്ങിനു പറ്റുകയില്ലെന്നു നമുക്കറിയാം. വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം എന്നു പാര്‍വ്വതി പരമേശ്വരനെ ഉപദേശിച്ചതുപോലെ ശിക്ഷാര്‍പ്പണവും പ്രതിയെ അറിഞ്ഞുവേണം എന്നു തോന്നിപ്പോവുന്നു.

ജനജീവനും സ്വത്തും ജീവന്‍ കൊടുത്തും സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥനായ പ്രതി ജനജീവിതത്തിനു തന്നെ ഭീഷണിയാവുമ്പോള്‍ കൊടുക്കേണ്ടത് തെരുവുപിള്ളാര്‍ക്കുള്ള ആറുമാസവും ആയിരം ഉലുവയുമാണോ? അളക്കേണ്ടത് അതേ കണ്ണിലൂടെയാണോ? തളക്കേണ്ടത് അതേ ചങ്ങലയിലാണോ?

റാഥോഡിന്റെ പേരിലുള്ള രുചികാ മാനഭംഗകുറ്റം തെളിഞ്ഞതിനാണ് ഇപ്പോള്‍ ഒന്നരക്കൊല്ലം കഠിനതടവ് കിട്ടിയത്. ഇനി ആത്മഹത്യാപ്രേരണാ കുറ്റം കൂടി ഭാവിയില്‍ തെളിഞ്ഞാല്‍ തന്നെ കൂടിയാല്‍ 7 വര്‍ഷം. അതില്‍നിന്നും പ്രായവും രോഗവും മകളും എല്ലാം തട്ടിക്കിഴിച്ചാല്‍ കിട്ടുന്നത് കണ്ടറിയണം.

റാഥോഡിന്റെ സ്തുത്യര്‍ഹ സേവനം പോലെതന്നെ പഴുതുകളില്ലാത്ത ഗൂഢാലോചനകളും പിഴവുകളില്ലാത്ത പീഢനവുമാണ് അരങ്ങേറിയത്. പദവികളുപയോഗിച്ച് ഇങ്ങിനെയൊരു ഭീകരകുറ്റം ചെയ്തവന് വധശിക്ഷയല്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആജീവനാന്തം കഠിനതടവിലെങ്കിലുമിടേണ്ടതാണ്.

മാനഭംഗത്തിനും തുടര്‍പീഢനങ്ങള്‍ക്കും ഇരയായി കുട്ടി ആത്മഹത്യ ചെയത്‌പ്പോള്‍ അതുകൂടി വിജയാഘോഷമാക്കി മദ്യം വിളമ്പിയ തെമ്മാടി പടവുകള്‍ ഒന്നൊന്നായി കയറി ഡി.ജി.പി ആയി വിശിഷ്ടസേവാ മെഡലും നേടി നെഞ്ചുവിരിച്ചുനിന്ന് നമ്മുടെ മഹത്തായ ജനാധിപത്യത്തെയും നീതിന്യായവ്യവസ്ഥയെതന്നെയും നോക്കി പല്ലിളിച്ചുകൊണ്ടിരുന്നത് രണ്ടോ നാലോ ദിവസങ്ങളല്ല, നീണ്ട് ഇരുപത് വര്‍ഷങ്ങളാണ്. സഹനത്തിലും പലായനത്തിനും ആ കുട്ടി നഷ്ടപ്പെട്ട കുടുംബം വിധേയമായതും ഇത്രയും കാലമാണ്.

വിദ്യാഭ്യാസവും പദവികളുമുള്ള കുറ്റവാളിയെ കാണേണ്ടത് തേങ്ങാമോഷ്ടിച്ച കിട്ടനും തോണ്ടല്‍ വിദഗ്ധന്‍ കുഞ്ഞിരാമനും തുല്യനായല്ല. ജനത്തിന്റെ സ്വൈരജീവിതത്തിനുതന്നെ അപകടം വരുത്തിയേക്കാവുന്ന ഭീകരനായാണ്. വിശിഷ്യാ പ്രതി പോലീസില്‍ നിന്നാവുമ്പോള്‍. പുറത്തുള്ളതിനെക്കാള്‍ ക്രിമിനലുകള്‍ യൂണിഫോമിനകത്തുള്ളതിന്റെ തെളിവുകളാണല്ലോ ലോക്കപ്പ് പീഢനവും കസ്റ്റഡി മരണങ്ങളുമെല്ലാം. കാലം മാറുമ്പോഴും കോലം മാറാത്ത കാനൂനൂകള്‍ ഇവിടെ നീതിദേവതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്.

ഇന്നലെച്ചെയ്‌തോരബദ്ധം മൂഡര്‍ക്ക്
ഇന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം

അതില്‍ സമ്മതം മൂളാതിരിക്കേണ്ട തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്‍മാര്‍ ചൊറിയും കുത്തിയിരിക്കുമ്പോള്‍ നാടുനീങ്ങിയ സായിപ്പ് ഭാരതീയര്‍ക്കായി പീഢകരാഗത്തില്‍ വിരചിച്ച 1862ലെ കൃതികള്‍ നീതിദേവതയെതന്നെ മാനഭംഗപ്പെടുത്താന്‍ തുടങ്ങിയിട്ട് നീണ്ട 250 വര്‍ഷങ്ങളായി. ഗതകാലത്തെ നീതിയുടെ ഗതിവിഗതികള്‍ക്കായി ചില ഉദാഹരണങ്ങള്‍.

മൂഹമ്മദ് ഹബീബ് Vs സ്റ്റെയിറ്റ്: ബലാല്‍സംഗം ചെയ്യപ്പെട്ടത് ഏഴുവയസ്സുകാരി. കുട്ടിയുടെ ശരീരത്തിലെ കടിയുടെ പാടുകളും കന്യാചര്‍മ്മത്തിനു പറ്റിയ കേടും കോടതി പരിഗണിച്ചില്ല. ഈ ഭീകരകൃത്യത്തിനുള്ള സാക്ഷിമൊഴിയും വിധിയെ ബാധിച്ചില്ല. ഏഴുവയസ്സുകാരിയുടെ എതിര്‍പ്പില്ലാത്ത ലൈംഗികബന്ധത്തിന് എറ്റവും വലിയ തെളിവായി ചരിത്രത്തിലെയ്ക്ക് നടന്നുകയറിയത് പരിക്കുകളില്ലാത്ത പ്രതിയുടെ ലിംഗമായിരുന്നു. നീതിദേവത കൂട്ടമാനഭംഗത്തിനു വിധേയമായെങ്കിലും പ്രതി രക്ഷപ്പെട്ടു.

മഥുരാ ബലാല്‍സംഗ കേസ്: പതിനാറുവയസുള്ള പട്ടികവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു മഥുര. കുടുംബത്തോടൊപ്പം ഒരു പരാതി സമര്‍പ്പിക്കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോഴാണ് ബന്ധുക്കളെ പുറത്തുനിര്‍ത്തി കുട്ടിയെ അകത്തുകൊണ്ടുപോയി രണ്ടു പോലീസുകാര്‍ ബലാല്‍സംഗം ചെയ്തത്.

1974 ജുണ്‍ ഒന്നിന് സെഷന്‍സ് കോടതി വിധി പറഞ്ഞു. മഥുര വെറും കള്ളി. ലൈംഗികബന്ധം ശീലമാക്കിയവള്‍. സ്വാഭാവികമായും നടന്നത് അവളുടെ സമ്മതത്തോടെയുള്ള വേഴ്ചകള്‍. പ്രതികള്‍ പുറത്തേക്ക്. അകത്താവാത്തതുതന്നെ വാദിയുടെ ഭാഗ്യം.

അപ്പീലില്‍ ഹൈക്കോടതി വിധി തള്ളി പ്രതികള്‍ തൂക്കാറാമിനെയും ഗണപതിനെയും 5 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

കേസ് സുപ്രീംകോടതിയിലേക്ക്. പ്രതികളെ കുറ്റവിമുക്തരാക്കി വിധിവന്നു. സംഭവസമയം നിലവിളിക്കാതെ മഥുര ഗുരുതരമായ വീഴ്ചവരുത്തിയതു കോടതി കണ്ടെത്തി. കൂടാതെ ദേഹത്ത് പ്രത്യക്ഷ പരുക്കുകളുമില്ല.

ഏതായാലും ഈ സ്ഥിതിക്ക് ലേശം വ്യത്യാസം വരാന്‍ വേണ്ടിവന്നത് ഇരൂനൂറുവര്‍ഷവും പിന്നെയൊരു രണ്ടുദശകവുമാണ്. 1983 ലെ 114 (അ) എവിഡന്‍സ് ആക്റ്റ് വന്നതോടുകൂടി തന്റെ സമ്മതമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം പരാതിക്കാരി തന്നെ ബോധിപ്പിച്ചാല്‍ മതിയെന്ന അവസ്ഥ വന്നതാണ് ഏകാശ്വാസം.

വിചാരണയിലെ കാലവിളംബം ഒഴിവാക്കുവാനും നീതി ഉടന്‍ നടപ്പിലാകുവാനുമായി നിയമമന്ത്രാലയം ഉറപ്പുനല്കിയ സെക്ഷ്വല്‍ ഒഫന്‍സസ് (സ്‌പെഷല്‍ കോര്‍ട്‌സ്) ബില്‍ ഉടന്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മനോരമാ ദേവി, ജസിക്കാലാല്‍, രുചികാ സംഭവങ്ങള്‍ തെളിയിക്കുന്നു. വൈകിവന്ന നീതി നീതിനിഷേധം മാത്രമല്ല ജീവിക്കാനുള്ള അവകാശം കൂടി കവര്‍ന്നതാണ് രുചികാസംഭവം.

32 ശതമാനമെന്ന പുല്‍മേടിലെ മാന്‍പേടകളാവാതെ, മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ ഗര്‍ജിക്കുന്ന സിംഹികളാവുകയാണ് വനിതകള്‍ ആദ്യം വേണ്ടത്. ചരിത്രത്തില്‍ രുചികമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍. റൂഷും ലിപ്സ്റ്റികും തരാതരവും ഉടുതുണിക്കുമാത്രം ക്ഷാമവും കൊണ്ട് പിടിച്ചുനില്ക്കുകയും പിടിച്ചടക്കുകയും ചെയ്യുന്ന വിശ്വസുന്ദരിമാരെയല്ല, മനോരമാ ദേവിക്കുവേണ്ടി ഉടുതുണി പറിച്ചെറിഞ്ഞ് 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' ബാനറുമായി ആസാം റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനുമുന്നില്‍ പ്രകടനം നടത്തിയ അമ്മമാരെയും സഹോദരിമാരെയാണ് ഇന്ത്യന്‍ വനിതകള്‍ മാതൃകയാക്കേണ്ടത്. രക്തസാക്ഷിയായ മനോരമാ ദേവിയ്ക്കും ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലെ ഒരാര്‍ത്തനാദമായി ജീവന്‍ അവശേഷിക്കുന്ന ഐറോം ഷര്‍മ്മിളയ്ക്കുമായി ഈ കുറിപ്പുകള്‍ സമര്‍പ്പിക്കുന്നു.

May 19, 2010

മാധ്യമങ്ങളും ജുഡീഷ്യറിയും


ജനാധിപത്യത്തിന്റെ രണ്ട്‌ നെടുംതൂണുകള്‍ എന്ന സ്ഥാനം ഇപ്പോഴലങ്കരിക്കുന്നത്‌ ജുഡീഷ്യറിയും മീഡിയയുമാണ്‌ ലെജിസ്ലേച്ചറിന്റെയും എക്‌സിക്യുട്ടീവിന്റെയും കൈയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്‌ സാധാരണയായി ഇങ്ങിനെ സംഭവിക്കുക. രണ്ട്‌ നെടുംതൂണുകള്‍ എന്നനിലയില്‍ തുല്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടവരാണ്‌ ജുഡീഷ്യറിയും മീഡിയയും. രണ്ടു കൂട്ടരും പരസ്‌പരം ആവശ്യമുള്ളവരാണ്‌. ജനങ്ങളാണെങ്കില്‍ രണ്ടുകൂട്ടരേയും ഒരുപോലെ ആവശ്യമുളളവരുമാണ്‌. അതായത്‌ സര്‍വ്വതന്ത്രസ്വതന്ത്രമായ ഈ രണ്ടു സ്ഥാപനങ്ങളാണ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശ്വാസകോശവും കരളും.
 
ആരാണ്‌ കൂടുതല്‍ സ്വതന്ത്രര്‍, ആര്‍ ആരുടെ കാര്യത്തില്‍ ഇടപെട്ടു കുളം തോണ്ടരുത്‌, ആര്‍ക്ക്‌ ആരുടെ കാര്യത്തിലിടപെട്ടു കുളമാക്കാം എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആദികാലം മുതലേ നടന്നുകൊണ്ടിരിക്കുന്നു. തലയോടുള്ളന്നും മൂക്കിലെ വെള്ളം വറ്റുകയില്ലെന്നു പറഞ്ഞതുപോലെ ആദിമന്ത്യാന്തമില്ലാതെ അത്‌ അനാദികാലത്തോളം തുടര്‍ന്നുകൊണ്ടുമിരിക്കും. എത്രയെത്ര സെമിനാറുകള്‍ അതിലേറെ ചര്‍ച്ചകള്‍. അണ്ടിപ്പരിപ്പിന്റെയും കുപ്പിവെള്ളത്തിന്റെയും കഥ എളുപ്പം കഴിയും. പ്രശ്‌നങ്ങള്‍ തുടര്‍ന്നും പൂര്‍വ്വാധികം ഭംഗിയായി അരങ്ങുതകര്‍ക്കുകയും ചെയ്യും. നാട്ടുനടപ്പ്‌ അതാണ്‌. 

പഴയ ലോര്‍ഡ്‌ ചീഫ്‌ ജെസ്റ്റിസ്‌ ഓഫ്‌ ഇംഗ്ലണ്ട്‌ ആന്റ്‌ വെയില്‍സ്‌ ആയ ലോര്‍ഡ്‌ വൂള്‍ഫ്‌ പറഞ്ഞതുനോക്കുക. "Parliamentary democracy depends upon the existence of a free and independent media and a free and independent judiciary. What is more, it is possible that a free media depends upon the existence of a free judiciary and free judiciary depends in turn upon a free and independent media. അപ്പോള്‍ മൊത്തത്തില്‍ നെയ്‌ച്ചോറും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം കൂടി പരമമായ ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രണ്ടുകൂട്ടരും തമ്മിലില്ല. 

വൂള്‍ഫ്‌ തുടരുന്നു "While this may be true, the judiciary must be independent of the media and the media must be independent of the judiciary. അതായത്‌ രണ്ടും തൊടിയില്‍ കവുങ്ങു പോലെയാണ്‌ വളരേണ്ടത്‌. ഒന്ന്‌ മറ്റൊന്നിന്റെ നിഴലില്‍ പെട്ട്‌ ചാഞ്ഞും ചെരിഞ്ഞും പോവാകെ കുത്തനെ വേരുറപ്പിക്കണം. കവുങ്ങിന്റെ ഗുണം ചുറ്റിലുമുള്ള തണല്‍ അതിനെ ബാധിക്കുകയില്ലെന്നതാണ്‌. അസ്‌തുവായിപ്പോയാലും ചാഞ്ഞുവളരുകയില്ല. 

ഭരണകൂടത്തിന്റെ അധികാരത്തിന്റെ ശേഷി കൂടിയും കുറഞ്ഞുമിരിക്കും. അത്‌ പിന്നിലുള്ള ജനത്തിന്റെ പിന്തുണയെ ആശ്രയിച്ചാണിരിക്കുക. ഒടുക്കത്തെ പിന്തുണയുമായാണ്‌ വരുന്നതെങ്കില്‍ തിമിരം താമസിയാതെ പിടികൂടും. പിന്നെ കണ്ണുതെറ്റി തൈക്കുണ്ടില്‍ വീഴാതെ നോക്കേണ്ടതും നേര്‍വഴി നടത്തേണ്ടതുമായ കടമ ജുഡീഷ്യറിക്കും മീഡിയയ്‌ക്കുമാണ്‌. വിളിച്ചുപറയേണ്ട ബാദ്ധ്യത മീഡിയയ്‌ക്കും നേര്‍വഴി നടത്തേണ്ട ചുമതല ജുഡീഷ്യറിക്കും. 

ഉത്തരവാദിത്വം കൂടുന്നതിനനുസരിച്ച്‌ കൂടേണ്ട സാധനമാണ്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം. സ്വാതന്ത്ര്യമില്ലാത്ത ഉത്തരവാദിത്വം തോട്ടിയില്ലാത്ത പാപ്പാനെപ്പോലെയാണ്‌. എപ്പം ചത്തു എന്നു ചോദിച്ചാല്‍ മതിയാവും. ജനാധിപത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളത്‌ ജുഡീഷ്യറിയ്‌ക്കും മാധ്യമങ്ങള്‍ക്കുമാണ്‌. നേരു നേരത്തേ അറിയിക്കേണ്ടതു മാധ്യമങ്ങളുടെ ബാദ്ധ്യതയാവുമ്പോള്‍ നീതിയുടെ കാവലാളാവേണ്ടത്‌ ജുഡീഷ്യറിയാണ്‌. ഈ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കൂവാന്‍ വേണ്ടത്‌ തീര്‍ച്ചയായും വക്കുപൊട്ടിയ സ്വാതന്ത്ര്യമല്ല, അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌. 

സമീപകാലത്ത്‌ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഒരു കേസാണ്‌ ജസിക്കാലാല്‍ വധക്കേസ്‌. ബാറില്‍ പാതിരാത്രിക്ക്‌ മദ്യം ഒഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നു പ്രതി മനുശര്‍മ്മ ജസിക്കാലാലിനെ വെടിവെച്ചുകൊന്നു. മന്ത്രിപുത്രന്‍ മനുശര്‍മ്മ സുഖമായി ഊരിപ്പോന്നു. ജസിക്കാലാലിന്റെ കൊലയാളി മനുശര്‍മ്മയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്കു കിട്ടിയത്‌ രണ്ടുലക്ഷത്തോളം ഇമെയിലുകളായിരുന്നു. വിഷയം മാധ്യമങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തു. കേസ്‌ നേരാവണ്ണം നടന്നപ്പോള്‍ മനുശര്‍മ്മ അകത്തായി.

ഈ കേസില്‍ മനുശര്‍മ്മയ്‌ക്കുവേണ്ടി വാദിച്ചത്‌ ഇനി കോട്ടിടാനില്ലെന്നു പറഞ്ഞ്‌ വീട്ടിലിരിക്കാന്‍ തീരുമാനിച്ച പരിണിതപ്രഞ്‌ജനായ നിയമജ്ഞന്‍ രാംജഠ്‌മലാനിയും. ഈ കേസില്‍ മാധ്യമങ്ങള്‍ മുന്‍വിധിയ്‌ക്കിടയാക്കിയെന്നായിരുന്നു ജഠ്‌മലാനിയുടെ ആരോപണം. ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണം നോക്കുക. "Mr. Ram Jethmalani, Learned senior counsel for the appellant submitted that the appellant Manu Sharma had been specifically targeted and maligned before and during the proceedings by the media, who proclaimed him as guilty even after his acquittal by the Trial Court. He took us through various news items that were published in English & Hindi dailies. He elaborated that "Justice should not only be done, it should manifestly and undoubtedly be seen to be done". This common law rule cannot be ignored". 

സാക്ഷാല്‍ ശ്രീ രാം ജഠ്‌മലാനിയെ ഐ.ബി.എന്‍ ചാനലില്‍ ഡെവിള്‍സ്‌ അഡ്വക്കേറ്റ്‌ പ്രോഗ്രാമില്‍ കരണ്‍ ഥാപ്പര്‍ ക്രോസ്‌ ചെയതത്‌ പലരും കണ്ടതാണ്‌. ഇനി തന്റെ ഭാഗം വിശദമാക്കാന്‍ എഴുന്നേറ്റുവരാന്‍ പറ്റാതെ, കൊല്ലപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നത്‌ എത്രമാത്രം നീചമാണ്‌ എന്ന ഥാപ്പര്‍ തുറന്നടിച്ചപ്പോള്‍ ജഠ്‌മലാനി കോപാകുലനായതും നമ്മള്‍ കണ്ടതാണ്‌. ഇപ്പോള്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്‌. തെറ്റുപറ്റിയത്‌ മാധ്യമങ്ങള്‍ക്കോ അതോ ജഠ്‌മലാനിക്കോ എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്‌. 

പേരുകേട്ട മറ്റൊരു നിയമജ്ഞന്‍ ഫാലി എസ്‌ നരിമാന്റെ നിരീക്ഷണം കൂടി നോക്കുക. "A responsible Press is the handmaiden of effective judicial administration. The Press does not simply publish information about cases and trials but, subjects the entire justice - hierarchy (police, prosecutors, lawyers, judges, courts), as well as the judicial processes, to pubnlic scrutiny. Free and robust reporting,criticism and debate contribute to public understanding of the rule of law, and to a better comprehension of the entire justice - system. It also helps improve the quality of that system by subjecting it to the cleansing effect of exposure and public accountabilty."

വൈകിവന്ന നീതി നീതിയല്ലെന്ന വസ്‌തുത തല്‌ക്കാലം തട്ടിന്‍പുറത്തിരിക്കട്ടെ. നരിമാന്‍ അവസാനമായി പറഞ്ഞ വാചകം ഹേതുവായതുകൊണ്ടായിരിക്കുമല്ലോ ജസിക്കാലാലിന്റേയും രുചികയുടെയും കുടുംബത്തിന്‌ അല്‌പം വൈകിയെങ്കിലും ചില്ലറ നീതി ലഭിച്ചത്‌. അതുകൊണ്ടുതന്നെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനുള്ള പങ്കും ചില്ലറയല്ല. 

മാധ്യമങ്ങളെക്കുറിച്ച്‌ ഗാന്ധിജിയുടെ ഒരു നിരീക്ഷണം കൂടി ഇവിടെ സ്‌മരണീയമാണ്‌. "One of the objects of a newspaper is to understand the popular feeling and give expression to it, another is to arouse among the people certain desirable sentiments, and the third is the fearlessness to expose popular defects". 

യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ നാം അവസാനമായി നടന്ന മുംബൈ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനി അജ്‌മല്‍ കസബിന്റെ കാര്യത്തിലടക്കം കണ്ടത്‌? മുംബൈയില്‍ നടന്നതെന്താണെന്ന്‌ ലോകം ചാനലുകളിലൂടെ കണ്ടതാണ്‌. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനും രക്ഷാപ്രവര്‍ത്തനത്തിനും വിലങ്ങിതടിയായി എന്ന പരാതി നിലനില്‌ക്കേതന്നെ ചാനലുകള്‍ കാട്ടിയ ദൃശ്യങ്ങള്‍ ഒരു ജനതയുടെ ഓര്‍മ്മകളില്‍ കനലുകളായി അവശേഷിക്കുന്നൂവെന്ന്‌ ഉറപ്പിക്കാവുന്നതാണ്‌ വിധിപ്രഖ്യാപനത്തിനുശേഷം നടന്ന കാര്യങ്ങള്‍. 

കസബിനു വധശിക്ഷ വിധിച്ചപ്പോള്‍ മധുരപലഹാരവിതരണമാണ്‌ നടന്നത്‌. കൃത്യമായി വാങ്ങിക്കൊണ്ടുവച്ച സംഗതി വിതരണം ചെയ്‌തു. ദീപാവലിക്കു പടക്കം പൊട്ടിച്ചതുപോലെ.. മാധ്യമങ്ങള്‍ മുന്‍വിധിക്ക്‌ വഴിവച്ചു എന്നുപറയാം. പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം കസബിനെ വിശേഷിപ്പിച്ചത്‌ ദാറ്റ്‌ മോണ്‍സ്‌റ്റര്‍ എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌ ബുച്ചര്‍ ഓഫ്‌ മുംബൈ എന്നുമായിരുന്നു. ഭാഗ്യത്തിന്‌ സുകുമാര്‍ അഴീക്കോടുമാരൊന്നും മുംബൈയിലില്ലാതിരുന്നതുകൊണ്ട്‌ അങ്ങിനെ വിളിക്കുന്നത്‌ അന്യായമാണെന്ന്‌ പ്രതികരിച്ചില്ല. ജനം അവരെ തൂക്കിക്കൊന്നതുമില്ല. കസബിന്‌ വധശിക്ഷയില്‍ കുറഞ്ഞതെന്തെങ്കിലും വിധിച്ചാല്‍ വിധിച്ചയാളുടെ കഴുത്തില്‍ കയര്‍ എപ്പോള്‍ വീണൂ എന്നുമാത്രം ചോദിക്കേണ്ട വികാരമാണ്‌ ചാനലുകള്‍ സൃഷ്ടിച്ചെടുത്തത്‌. അതുതന്നെയല്ലേ മാധ്യമധര്‍മ്മവും. 

മുന്‍പേ കൊടുത്ത ഉദ്ധരണികളിലൂടെ സസൂക്ഷ്‌മം സഞ്ചരിച്ചാല്‍ മനസ്സിലാവുന്ന വസ്‌തുത ഇത്രമാത്രമാണ്‌. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും സ്വാതന്ത്യത്തിന്‌ നിയതമായ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുക അസാദ്ധ്യമാണ്‌. അത്‌ ആപേക്ഷികമാണ്‌. ലിഖിതനിയമങ്ങളുടെ നിയന്ത്രണരേഖകളെക്കാള്‍ ജനാധിപത്യത്തിന്‌ സ്വീകാര്യവും ആശാസ്യവുമാവുക മാധ്യമങ്ങള്‍ സ്വയം കണ്ടെത്തുന്ന ഒരു നിയന്ത്രണരേഖയാണ്‌. ഒപ്പം എന്‍ റാമിനെപോലെയുളള പ്രമുഖ പത്രാധിപന്‍മാര്‍ പലപ്പോഴായി ആവശ്യപ്പെട്ട കോടതിയലക്ഷ്യം, അപകീര്‍ത്തി തുടങ്ങിയ മാരകായുധങ്ങളെപറ്റി ഒരു പുനര്‍വിചിന്തനം ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ ജനാധിപത്യം ഒന്നുകൂടി ശക്തിപ്പെടുകയേ ഉളളൂ.

May 10, 2010

ഖണ്ഡനവിപ്ലവം

മാര്‍ക്‌സിസ്റ്റ്‌ സരസ്വതിയോട്‌ നീതികാട്ടി ബൂര്‍ഷ്വാ മഹാലക്ഷ്‌മിയെ തള്ളണമെന്ന സിദ്ധാന്തക്കാരാണ്‌ വരട്ടുതത്വവാദികള്‍. മഹാലക്ഷ്‌മിയെ കുടെക്കിടത്തി സരസ്വതിയെ കുടിയിറക്കുകയാണു പ്രായോഗികമായി ശരിയെന്ന വാദക്കാരാണ്‌ അത്യന്താധുനിക വിപ്ലവകാരികള്‍. അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാള്‍ കേട്ടാല്‍ നിരക്കാത്ത സംഗതി നാല്‌പതാളുകള്‍ക്ക്‌ മുന്നില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും അതിനൊരു വേദിയുംകൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികള്‍.
പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളില്‍ കയറി അക്കരപ്പച്ച തേടിയിറങ്ങും. അതുകണ്ടുകഴിഞ്ഞാല്‍ ഒട്ടകത്തിന്റെ കഥയും കഴിയും. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കില്‍ ആദര്‍ശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികള്‍. 

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാന്‍ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായം അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുള്ളത്‌. അടവ്‌ തെക്കോട്ടുനീങ്ങുമ്പോള്‍ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തില്‍ ആദര്‍ശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങള്‍ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും ലീഗുകാരോടൊപ്പവും സംഘപരിവാരങ്ങളോടൊപ്പവും പി.ഡി.പിക്കാരൊടൊപ്പവും അടവുനയത്തിന്റെ പേരില്‍ സുബര്‍ക്കത്തില്‍ കഴിഞ്ഞ മധുരിക്കും ഓര്‍മ്മകള്‍ ഒരു പാടുണ്ട്‌.

`ശത്രുവിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന്‌ ഒരു തൊഴിലാളി വര്‍ഗ പാര്‍ടി ഉചിതമായ സമരതന്ത്രവും അടവുകളും ആവിഷ്‌കരിക്കും. അന്നന്നത്തെ സാഹചര്യത്തിനൊത്തു കൂട്ടുകൂടുകയും ധാരണകളും മുന്നണികളും മുന്നണിയില്ലാത്ത നീക്കുപോക്കുകളുമൊക്കെ ഉണ്ടാക്കേണ്ടിവരും. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ എതിര്‍പ്പിന്നരിയായിരുന്നവര്‍ മറ്റൊരുഘട്ടത്തില്‍ ബന്ധുക്കളായെന്നും വരും. മറിച്ചും`. ഒരു പഴയ വിപ്ലവകടലാസില്‍ കണ്ടതാണ്‌. ഈ സംഗതിയെയാണ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍മാര്‍ സ്‌ട്രാറ്‌്‌റിജിക്‌ മാനേജ്‌മെന്റ്‌ എന്നു പറയുക. കണ്ണടച്ച്‌ മുഖത്തൊന്നുകിട്ടിയാല്‍ അതിനും നാലു ന്യായം പറയാനുള്ള സ്‌കോപ്പുള്ളതാണ്‌ സംഗതി. 

ഈയൊരു ചെരുപ്പിനൊപ്പിച്ച്‌ കാലുമുറിച്ചപ്പോഴാണ്‌ വര്‍ഗീയത തന്നെ രണ്ടു സൈസായത്‌. ഒന്ന്‌ ന്യൂനപക്ഷ വര്‍ഗീയതും മറ്റേതു ഭൂരിപക്ഷവര്‍ഗീയതയും. അന്നന്നത്തെ സാഹചര്യത്തിനൊത്ത്‌ ആരോടൊപ്പം കിടക്കണമെന്നേ തീരുമാനിക്കേണ്ടതുള്ളൂ. ആരോടെങ്കിലും കിടന്നേ തീരൂ എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതെല്ലാം ആചാര്യന്‍മാര്‍ സൂക്തങ്ങളായി കുറിച്ചുവച്ചിട്ടുണ്ട്‌.

ഒരുകാലത്തെ സാഹചര്യത്തില്‍ യുക്തിവാദികളെക്കാളും മതേതരമായിരുന്നു കേരളത്തിലെ ലീഗ്‌. കാലം കാലനെയും വെല്ലുവിളിച്ചു മുന്നേറുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ പഴയ അടവുനയങ്ങളാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ കാലം ഒന്നുകൂടി തെളിയിച്ചു. ന്യൂനപക്ഷമന്ത്രം നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ജപിച്ചതുമിച്ചം. ന്യൂനപക്ഷങ്ങളെയൊട്ടു കിട്ടിയതുമില്ല. ഭൂരിപക്ഷങ്ങളെ വെറുപ്പിക്കുകയും ചെയ്‌തു. ദ്രവിച്ച ന്യൂനപക്ഷ ചുരുക വലിച്ചെറിഞ്ഞ്‌ ഭൂരിപക്ഷ ഉറുമി വലിച്ചാലേ ഇനി രക്ഷയുള്ളൂ എന്നത്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. 

ലയിക്കാന്‍ ഒരു ലായനിയും ലായകവും വേണം എന്ന സാമാന്യനിയമം പോലും ലംഘിച്ച്‌ കേരളകോണ്‍ഗ്രസുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തില്‍ കൃസ്‌ത്യാനി കോണ്‍ഗ്രസുകാരാവുന്നു. വിവിധ ലീഗുകാര്‍ ലായനി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പരശുരാമന്‍ പണ്ടു പലവട്ടം രാജാക്കന്‍മാരെ ഉന്മൂലനം ചെയ്‌തതുപോലെ പലവട്ടം സംഘപരിവാറുകാരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിക്ക്‌ ഇനിയൊരു മുസ്ലിപവര്‍ എക്ട്രായുടെ ആവശ്യമൊന്നുമില്ലാതെ എന്‍ഡിയെഫുകാരും വളര്‍ന്നു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട്‌ അണികളെല്ലാം അരികളായിമാറി. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങിനെയാവുമ്പോള്‍ കഞ്ഞികുടി മുട്ടാന്‍ നാളുകള്‍ പെരുത്തുണ്ടാവാനിടയില്ല. ഈയൊരു തിരിച്ചറിവുണ്ടാവാന്‍ ഐന്‍സ്റ്റൈന്റെ ബുദ്ധിയും മാര്‍ക്‌സിന്റെ ചിന്തയുമൊന്നുമാവശ്യമില്ല. എസെല്‍സിയും ഗുസ്‌തിയും തന്നെ ധാരാളം.

ഈയൊരു ദുരവസ്ഥയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ്‌ ഇനി വേണ്ടത്‌. ആചാര്യന്‍മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഏറെ ചിന്തിക്കാനൊന്നുമില്ല. ഒരൊറ്റ വിശദീകരണമേ ആവശ്യമുള്ളൂ. സഖാക്കളേ, മാറിയ ലോകക്രമത്തില്‍ വര്‍ഗീയതയുടെ ഘടനയിലും കാര്യമായ വ്യത്യാസം വന്നിരിക്കുന്നൂ. ആഗോളീകരണവും വിവരസാങ്കേതികവിദ്യയും കൂടി ലോകത്തിന്റ അതിരുകള്‍ മായ്‌ച്ചുകളഞ്ഞതുകാരണം ഇനി ഒരൊറ്റലോകമാണ്‌. ആ ലോകക്രമത്തില്‍ ഇസ്ലാം-കൃസ്‌ത്യന്‍ വര്‍ഗീയതകള്‍ ഭൂരിപക്ഷവര്‍ഗീയതയും ഹിന്ദുവര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയുമാവുന്നു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‌ക്കുക എന്നത്‌ ചരിത്രപരമായ കടമയായതിനാല്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ ഇനി അവരുടെ സംരക്ഷകരായിരിക്കും.

നാക്കിലയില്‍ അച്ചാറിന്റെയും പച്ചടിയുടെയും സ്വാധീനമാണ്‌ കേരളത്തിലും ബംഗാളിലും. താമസിയാതെ അതും കൂടി ഇല്ലാതായി ഒന്നുകൂടി ശക്തിപ്പെടുന്ന ലക്ഷണമാണ്‌. അതായത്‌ ഇടതുകൈകൊണ്ട്‌ കോണ്‍ഗ്രസിനെയും വലതുകൈകൊണ്ട്‌ ബി.ജെ.പിയെയും തടഞ്ഞുനിര്‍ത്തുന്ന ആ പഴയ സ്വപ്‌നത്തിന്‌ ഒരു അഴിച്ചുപണിക്കുള്ള കാലമായി. ആരെയും തടഞ്ഞുനിര്‍ത്താതെ ആരുടെയെങ്കിലും തടവില്‍ ശിഷ്ടകാലം സുഭിക്ഷം കഴിയാനുള്ള അടവുനയമാണ്‌ ഇനി കാലഘട്ടത്തിന്റെ ആവശ്യം. 

തീരെ സ്വാധീനമില്ലാത്തിടത്ത്‌ വിത്തിറക്കാന്‍ ഇക്കൂട്ടര്‍ ഗുണംചെയ്യും എന്നൊരു തിരിച്ചറിവ്‌ ബി.ജെ.പിക്കാര്‍ക്കുണ്ടായിട്ടുണ്ട്‌. പ്രത്യുപകാരമായി അടുത്ത അഞ്ചുവര്‍ഷം കൂടി കഞ്ഞികുടി മുട്ടാതെ പോവാന്‍ അതു സഹായിക്കുകയും ചെയ്യും എന്ന ബോധം വിപ്ലവകാരികള്‍ക്കും. പരിവാര്‍ ചുണ്ടിലെ ആ മന്ദഹാസത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിന്റെ മികച്ച തെളിവാണ്‌ ഖണ്ഡനപ്രമേയം. പണ്ട്‌ ഭൂരിപക്ഷവര്‍ഗീയതയുടെ അപകടം കാരണം ബി.ജെ.പിയോടൊപ്പം വോട്ടുചെയ്യ്‌ത്‌ കോണ്‍ഗ്രസിനെ ഹലാക്കാക്കുന്ന ഒരേര്‍പ്പാടിനും നമ്മളുണ്ടായിരുന്നില്ല. ഇന്ന്‌ സ്ഥിതി മാറി. പരിവാറുകാരോടൊപ്പം വോട്ടുചെയ്യാന്‍ നമ്മള്‍ മുന്‍പില്‍. വോട്ടുചെയ്‌ത്‌ കോണ്‍ഗ്രസ്‌ ഔട്ടായാല്‍ രാജ്യം ആരുടെ കയ്യിലെത്തും എന്നചോദ്യത്തിന്‌ പണ്ട്‌ ഒരു നാടകത്തില്‍ കേട്ടതുപോലെ അതൊരു ശോദ്യാണ്‌ എന്നൊരുത്തരം മാത്രവും. 

നോക്കിച്ചിരിക്കുമ്പോള്‍ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തില്‍ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവന്‍ ചരിത്രത്തില്‍ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. അതുകൊണ്ട്‌ ഒന്നും തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല. 


ആദര്‍ശം എന്ന സംഗതി നല്ല നാളേയ്‌ക്ക്‌ ഒരു തടസ്സമാവരുത്‌. ആദര്‍ശം ലേശം കൂടിപ്പോയാല്‍ സഖാവ്‌ കനു സന്യാലിന്റെ ഗതിയാണുണ്ടാവുക. ജീവിതം കട്ടപ്പൊക. തൂങ്ങിച്ചാവാന്‍ ചെറ്റക്കുടിലിന്റെ പിട്ടം ബാക്കിയായത്‌ ചില്ലറ ഭാഗ്യമൊന്നുമല്ല. തൂങ്ങാനായി തല അത്രകാലം ബാക്കിയായതാവട്ടെ പരമമായ ഭാഗ്യവും. ആദര്‍ശത്തിന്റെ അസ്‌ക്യത അത്രകണ്ടില്ലാതായാല്‍ പ്രത്യേകിച്ചൊരു പെന്‍ഷന്‍ പദ്ധതിയുടെ സഹായമില്ലാതെതന്നെ ജീവിതം ഭദ്രമാവും. ഇനി അതു തീരെയില്ലാതായിക്കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വ്യവസ്ഥ ജനാധിപത്യമാണെങ്കില്‍ പറയുകയും വേണ്ട. വരട്ടുതത്വവാദികളുടെയും പരിസ്ഥിതിപ്രേമികളുടേയും പ്രതിവിപ്ലവകാരി, വര്‍ഗവഞ്ചകന്‍, കള്ളന്‍ വിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രം മതി. ആന്റി ഹര്‍ത്താല്‍ നീക്കങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളയുന്നതുപോലെ. 

ജനം തീവണ്ടിയില്‍ ടിക്കറ്റെടുത്തുവന്ന്‌ അടുത്ത സ്‌റ്റേഷനിലിറങ്ങി വന്ന വണ്ടിതന്നെ പിടിച്ചുവച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയെ പമ്പരവിഡ്ഡികളാക്കിയത്‌ കടലാസുകളില്‍ നമ്മളു കണ്ടതാണ്‌. ഇത്രയും വലിയ തൊഴിലാളിപ്പടയുണ്ടായിട്ടും ജനത്തിന്റെ ഈയൊരു ബുദ്ധി മനസ്സിലാക്കുവാന്‍ മാത്രം തലയുള്ള ഒരു വിഡ്ഡിയും വണ്ടിയുടെ മുന്നിലുമുണ്ടായില്ല പിന്നിലുമുണ്ടായില്ല. 

ജന്മംകൊണ്ട്‌ ജന്മിമാരായിരുന്നവരെല്ലാം ഒരുകാലത്ത്‌ കര്‍മ്മം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ പിന്‍മുറക്കാര്‍ വന്ന വഴി തിരിച്ചുനടന്ന്‌ അതതുപ്രദേശങ്ങളിലെ വിപ്ലവനാടുവാഴികളായതാണ്‌ ആധുനിക ജന്മിത്വം. വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം. 

തിന്നുമുടിച്ച്‌ ഭൂമുഖത്തുനിന്നും അസ്‌തുവായിപ്പോയ ഡിനോസറിന്റേതാണെങ്കില്‍ പിള്ളേര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ അസ്ഥികൂടങ്ങളെങ്കിലുമുണ്ട്‌. തിന്നുമുടിച്ച്‌ അസ്‌തുവായിപ്പോവുന്നത്‌ പ്രസ്ഥാനമാവുമ്പോള്‍ അസ്ഥികൂടമുണ്ടാവുകയില്ല. തെണ്ടിവണ്ടിയുടെ നെറ്റിക്ക്‌ കെട്ടിയ കൊടിയും അതുകെട്ടിയവടിയും വടിപിടിച്ചവരും അസ്‌തുവായാലും ഏതെങ്കിലും അടുത്തൂണ്‍ പറ്റിയ സ്റ്റേഷന്‍മാഷുടെ കൈയ്യിലെങ്കിലും ചെങ്കൊടി ഒരെണ്ണമെങ്കിലും കാണും. നാളത്തെ പിള്ളേര്‍ക്ക്‌ വംശനാശം വന്ന പ്രസ്ഥാനത്തെ കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ അതായിരിക്കും ഭാവിയില്‍ സഹായത്തിനെത്തുക.