December 15, 2014

വിനാശകാലേ കൃത്രിമ ബുദ്ധി

Photo credit - http://rampages.us
ലോകത്ത് പലരും പലതും പ്രവചിക്കാറുണ്ട്. ഏറ്റവും എളുപ്പമുള്ളൊരു പ്രവചനം ഇന്നത്തെ അവസ്ഥയ്ക്ക് ലോകാവസാനം പ്രവചിക്കലാണ്. വഴിയേ പോവുന്നവന്റെ ഭാവി പ്രവചിച്ച്, നാളെ അതു നടന്നില്ലെന്നുപറഞ്ഞ് തല്ലുകിട്ടുമെന്ന പേടി അശേഷം വേണ്ട.  ആരും അവരവരുടെ കാലത്തുതന്നെ ലോകാവസാനം പ്രവചിക്കാറില്ല.  ചുരുങ്ങിയത് സ്വന്തം പതിനാറടിയന്തിരം കഴിഞ്ഞശേഷം ലോകാവസാനം എന്നൊരു നിലപാടെടുത്താല്‍ മതി. അവസാനിക്കാനായി ലോകം പിന്നെയും ബാക്കിയായാലും മാനം കപ്പലുകയറാതെ നോക്കാം.

ഒടുക്കത്തെ വയറുകൊണ്ടാണ് ഡിനോസര്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിപ്പോയതെന്നാണ് ശാസ്ത്രം പറയുന്നത്. ഭുമിയിലെ സകലതും തിന്നു തീര്‍ത്തശേഷം  പട്ടിണിണികിടന്നു അസ്തുവായി എന്നു ചുരുക്കം.  സമാനമായൊരു അവസ്ഥയെയാണ് മനുഷ്യനും നേരിടാന്‍ പോവുന്നതെന്നു ശാസ്ത്രം പറയുന്നു.  പെരിയ വയറുകാരണം ഡിനോസര്‍ നാടുനീങ്ങിയെങ്കില്‍ തിരിഞ്ഞ തലകാരണം മനുഷ്യകുലം അസ്തുവായി എന്നാവും  ചരിത്രം അടയാളപ്പെടുത്തുക. എന്തു ചരിത്രം, അതോടുകൂടി ചരിത്രത്തിന്റെയും അവസാനമാവുമല്ലോ.  14ാലാം നൂറ്റാണ്ടിലെ നോസ്ത്രദാമൂസ് ലോകാവസാനം നടക്കുമെന്ന് പ്രവചിച്ചത് 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്.  അതുകഴിഞ്ഞു. അവസാനിക്കാനായി, അവസാനം പ്രവിചിക്കപ്പെടുവാനായി ലോകം പിന്നെയും ബാക്കി.

എലിപ്പനി, ഡെങ്ങിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി ആദിയായി പനികള്‍ക്കും ഭുചലനങ്ങള്‍ക്കും സുനാമികള്‍ക്കും  വില്‍മ, ഹെലേന, റീത, കത്രീണ, എന്തിന് ഐറിനും വീശിയടിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത നമ്മളാണ് സ്വന്തം ബുദ്ധിയൊന്നുകൊണ്ടുമാത്രം മുച്ചൂടും മുടിയാന്‍ പോവുന്നത്.  ബുദ്ധിയൊന്നു കൊണ്ടുമാത്രം ഇക്കണ്ടതൊക്കെ നേടി. അതേ ബുദ്ധിയൊന്നുകൊണ്ടുമാത്രം നേടിയതൊക്കെയും നശിപ്പിക്കുന്ന ബുദ്ധിയുടെ മായാപ്രപഞ്ചം തന്നെയാവുന്നു മനുഷ്യന്‍.

പൊന്നുകായ്ക്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ മുറിക്കണമെന്ന ചൊല്ല് മനുഷ്യനു മാത്രമല്ല പ്രപഞ്ചത്തിനും ബാധകമാണ്.  അതുകൊണ്ടുതന്നെ മനുഷ്യന്റെ വലിയകളി ഏതായാലും അവസാനിക്കാതെ തരമില്ല എന്ന ചിന്ത അത്ര തരംതാണതൊന്നുമല്ല. മനുഷ്യന്റെ കുടിലബുദ്ധി അവന്റെ കുലം മുടിക്കാന്‍ മാത്രം മതിയാവുകയില്ലെന്നാണ് ഹോക്കിങ്‌സ് കണ്ടെത്തിയിരിക്കുന്നത്. കുടിലബുദ്ധി ഒന്നുകൂടി പുരോഗമിച്ച് കൃത്രിമബുദ്ധി ഉണ്ടാക്കുന്നതില്‍ ചെന്നു നില്ക്കുമ്പോഴാണ് ആയൊരു സാദ്ധ്യതയുള്ളതെന്ന് ഹോക്കിങ്‌സ് പറയുന്നു. നേരായബുദ്ധിയുടെ കാലത്ത് വിശപ്പടക്കാനുള്ള ഓട്ടമായിരുന്നു. ലോകത്തിനു വലിയനാശമുണ്ടായില്ല. ബുദ്ധി ലേശം കൂടി കൂടിയപ്പോള്‍ ആര്‍ത്തിയടക്കാനുള്ള തത്രപ്പാട്. കണ്ണില്‍ കണ്ടതെല്ലാം തനിക്കായുള്ളതെന്ന ബോധത്തിലേക്കുള്ള ഓട്ടം. ബുദ്ധി വീണ്ടും വളര്‍ന്നു. തിരിഞ്ഞ തലയിലെ കുടിലബുദ്ധിയായി അതോടുകൂടി ലോകം തന്നെ തനിക്കായാണെന്ന ഉത്തമബോദ്ധ്യം കൈവന്നു. കുടില ബുദ്ധിയില്‍ നിന്നും ഹോക്കിങ്‌സ് ഭയക്കുന്ന കൃത്രിമബുദ്ധിയിലേക്കുള്ള തവളച്ചാട്ടമാണിനി. അതോടെ പ്രപഞ്ചവും അതിലെ സര്‍വ്വസ്വവും നമ്മുടെ കാല്‍ച്ചുവട്ടില്‍. തലക്കുമീതെ കാലനും.

Photo credit- Getty
ഹോക്കിങ്‌സിന് തെറ്റുപറ്റാന്‍ സാദ്ധ്യതയില്ല. പ്രപഞ്ചത്തിനും.  മനുഷ്യന്റെ ബുദ്ധിയൊന്നുകൊണ്ടും മിഷ്യന്‍ പലതുകൊണ്ടും ജീവന്‍ നിലനിര്‍ത്തുന്ന ഒരു മഹാപ്രതിഭയാണ് - സ്റ്റീഫന്‍ ഹോക്കിങ്‌സ്. മരുന്നിന് ഒന്നും ചെയ്യാനില്ല, തന്നിലെ ജീവന്‍ നിലനിര്‍ത്താന്‍ ടെക്‌നോളജിക്കുമാത്രമേ സാധിക്കൂവെന്ന് പ്രഖ്യാപിച്ച ആ ശാസ്ത്രജ്ഞനാണ് പറയുന്നത്. വിനാശകാലേ കൃത്രിമബുദ്ധി. ആദിമമനുഷ്യന്റെ ബുദ്ധിപോലെ നേര്‍ബുദ്ധിമാത്രമുള്ള മെഷീനുകള്‍ പരോപകാരികളാണ്.  എന്നാല്‍ ആധുനിക മനുഷ്യന്റെ ബുദ്ധിയുള്ള മെഷീനുകളാവട്ടെ പ്രശ്‌നക്കാരും. സാദാ ബുദ്ധിയെ കവച്ചുവെയ്ക്കുന്ന കുടിലബുദ്ധി കുടിയേറുന്ന മെഷീനുകള്‍ അപകടകാരികളാവും, അവയാവും മനുഷ്യന്റെ കുലം മുടിച്ച് കലമുടയക്കുക എന്ന ഹോക്കിന്‍സ് ഭയപ്പെടുന്നു. ഈ വിവരം അറിയാനും അറിയിക്കാനും  മാര്‍ഗമില്ലാത്തതുകൊണ്ടാണ് കുഴിയാനമുതല്‍ മദയാനവരെയുള്ള ജീവികളുടെ ആഹ്ലാദപ്രകടനം നമുക്ക് കാണാന്‍ സാധിക്കാതെ പോവുന്നതെന്നു തോന്നിപ്പോവുന്നു.

വിനാശകാലേ വിപരീതബുദ്ധി എന്ന നമ്മുടെ ചൊല്ല് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ട കാലമാണ് - വിനാശകാലേ കൃത്രിമബുദ്ധി.


December 05, 2014

സ്‌നേഹിക്ക പൊക്കാ നീ നിന്നെ കുടുക്കുന്ന കാക്കിയെയും

മദ്യം മനുഷ്യന്റെ ശത്രുവാണ്. അതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍ സര്‍വ്വ മതങ്ങളും ബാക്കി മഹാജ്ഞാനികളും പറയുന്നത് ശത്രുവിനെ സ്‌നേഹിക്കുവാനാണ്.  എല്ലാവര്‍ക്കും കഴിയുന്ന സംഗതിയല്ല അത്. അങ്ങിനെ ശത്രുവിനെ കൂടി സ്‌നേഹിക്കുവാനുള്ള മാനസികനില കൈവരിച്ചതുകൊണ്ടാവണം ലേശം അകത്താക്കുന്നവനെ സുരന്‍ എന്നു സംസ്‌കൃതത്തില്‍ പറയുന്നത്. സുര പാനം ചെയ്യുന്നവന്‍ ആരോ അവന്‍ അതായത് സാക്ഷാന്‍ ദേവന്‍. ലേശം സാധനം അകത്തുചെന്നാല്‍ ശത്രുവിനെ മാത്രമല്ല നമ്മള്‍ ശത്രുവിന്റെ അച്ഛനെയും സ്‌നേഹിക്കാന്‍ തുടങ്ങും. വര്‍ണിച്ചാല്‍ തീരാത്ത ഗുണഗണങ്ങളാണ് സുരയ്ക്ക്. സുരന്‍ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി നോക്കുക - തന്റെ ചൂട് തനിക്കുമാത്രമായി ഒതുക്കാതെ ലോകത്തിനു മൊത്തം വീതിച്ചുകൊടുക്കുന്ന സൂര്യന്‍ സുരനാണ്.  ഭൂമിയിലുള്ള സകലതും മാത്രമല്ല വേണ്ടിവന്നാല്‍ സ്വയം ത്യജിക്കുവാന്‍ കൂടി തയ്യാറുള്ള സന്ന്യാസി സുരനാണ്.

അങ്ങിനെയുള്ള എത്രയോ സുരന്‍മാര്‍ മലബാറിന്റെ പലഭാഗങ്ങളില്‍ നിന്നായി കിട്ടിയ വണ്ടിക്കും നടന്നും സീസണ്‍ടിക്കറ്റെടുത്തും കഷ്ടപ്പെട്ട് മയ്യഴിയെ ധന്യമാക്കി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മയ്യഴിയില്‍ വന്ന് രഘുവരന്‍ പാടിയതുപോലെ, ഒടുവില്‍ നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പിടയുമ്പൊഴാണെന്റെ സ്വര്‍ഗം എന്നത് പെഗുപെഗായി പ്രാവര്‍ത്തികമാക്കുന്ന മയ്യഴിക്കു പുറത്തുള്ളവര്‍ക്കെതിരെ കേസെടുക്കുന്നൂ കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്. ആ പഴയ ചൊല്ലും. ഇക്കാലത്ത് കൊണം ചെയ്താല്‍..... കീശയിലെ അവസാനത്തെ നാലണയും മയ്യഴിയുടെ സമഗ്രമായി പുരോഗതിക്കായി മാത്രം ചിലവാക്കിയവനോടുള്ള ഏറ്റവും വലിയ കൃതജ്ഞത ഒരു കേസു തന്നെയാണ്. ആളുകാലിയായി കുപ്പിബാക്കായാവുന്നതിലും നല്ലത്, ആളും കുപ്പിയും ഒന്നായിട്ട് കാലിയാവുന്നതാണ്. അതൊന്നുകൊണ്ടുമാത്രമാവണം  എന്‍.ഐ.എക്കു വിട്ടുകൊടുക്കാത്തത്.

ഡച്ചു കറേജ് എന്നാല്‍ രണ്ടു വീശിയവന്റെ ധൈര്യമാണ്. ഫ്രഞ്ചുബുദ്ധിയെന്നാല്‍ കേസെടുക്കാനുള്ള ഈ ഒന്നൊന്നര ബുദ്ധിയാണ്. വെയിലുകൊണ്ട എരുമ വെള്ളം കണ്ടതുപോലെയാണ് ചിലര്‍. മുക്രയിട്ട് അടിച്ചു പൂക്കുറ്റിയായി ബാറില്‍ നിന്നും ഇറങ്ങും. വല്ലപ്പോഴും ആഴ്ചക്കോ മാസത്തിലോ ഒപ്പിക്കുന്ന പരിപാടിയായിരിക്കും. ഇനിയാണ് സംഗതിയുടെ ഗുട്ടന്‍സ്. ആടിയാടി റോഡിലിറങ്ങുന്നവനെ ഉടന്‍ ഏമാന്മാര്‍ പൊക്കി ആശുപത്രിയിലാക്കും. ഇന്‍ടോക്‌സിക്കേറ്റഡ് എന്നൊരു സര്‍ട്ടിഫിക്കറ്റ് മണത്താല്‍ തന്നെ കിട്ടും. പിന്നീട് ആവകയില്‍ ഒരു കേസ് തലയില്‍ വച്ചുകൊടുക്കുക. നിത്യേന മയ്യഴിയില്‍ വന്ന് സ്റ്റേഷനില്‍ ഒപ്പിടാന്‍ ഒരു വകുപ്പും കൊടുക്കുക. എന്താണ് ഗുണം?  ആഴ്ചക്കോ മാസത്തിലോ വരുന്നവന് പിന്നെ ഒരു സീസണ്‍ ടിക്കറ്റെടുക്കുന്നതാവും നല്ലത്. രാവിലെ തന്നെ മയ്യഴിയിലെത്തുക. ആദ്യം സ്റ്റേഷനില്‍ ഒപ്പിടുക. പിന്നെ ബാറില്‍ ഒപ്പിടുക. അനന്തരം റോഡില്‍ കുമ്പിടുക. നമ്മള്‍ നീതിനിര്‍വ്വഹിച്ചു. കച്ചോടവും പൊടിപൊടിച്ചു. 

മയ്യഴിയുടെ ഐശ്വര്യം സത്യത്തില്‍ മലബാറിലെ കുടിയന്മാരാണ്. ശരിക്കു പറഞ്ഞാല്‍ പ്രദേശത്തിന്റെ ശരിയായ പേര് മദ്യഴിയെന്നായിരിക്കാനാണ് സാദ്ധ്യത. ലഹരി തലയില്‍ നൃത്തമാടുമ്പോള്‍ നാവിനു വഴിതെറ്റുക സ്വാഭാവികമാണ്. അങ്ങിനെ മദ്യഴി മയ്യഴിയായിപ്പോയതാവണം. സുരക്കൊരു തകരാറുണ്ട്. എല്ലാവര്‍ക്കും കുടിച്ചാല്‍ പള്ളയില്‍ കിടക്കണമെന്നില്ല. അങ്ങിനെയുള്ളവര്‍ പള്ളസഹിതം റോഡില്‍ കിടക്കുകയാണ് പതിവ്.  ഞണ്ടു വസിക്കുന്ന വാഴക്കുണ്ടക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ് പലപ്പോഴും. എത്രയൊഴിച്ചാലും തടത്തിലൊന്നും കാണുകയില്ല.

റെസ്‌പോണ്‍സിബില്‍ ഡ്രിങ്കിങ് എന്നൊരു സംഗതിയുണ്ട്. മലയാളത്തില്‍ വിശദീകരിക്കാന്‍ നാലു പേജ് വേണ്ടിവരും. അതുകൊണ്ട് ഒരുദാഹരണത്തിലൊതുക്കാം - വിഷംകുറഞ്ഞ അണലിയാണ് സംഗതി. ആദ്യമായി വേണ്ടത് കഴുത്തിനുപിടിക്കാന്‍ പാകത്തിലുള്ള കുപ്പിയില്‍ ഉഗ്രന്‍. മദ്യത്തിന്റെ അധിദേവതയെ മനസ്സില്‍ ധ്യാനിച്ച് ലാര്‍ജായി ഒരു പെഗ്ഗ് ഒഴിക്കുക.  ആദ്യം ഗ്ലാസില്‍ ഒരു മഞ്ഞുമല നിര്‍മ്മിച്ച ശേഷം അതിലൊഴിക്കുകയാണെങ്കില്‍ ഭേഷായി. പിന്നെ വേണ്ടത് കയ്യെത്തുന്ന അകലത്തായി ചില്ലറ നട്ട്‌സും. രണ്ടും ചേരും പടി ചേര്‍ത്ത് ചെല്ലുംപോലെ ചെലുത്തി അടുപ്പിന്‍കല്ലിലെ പൂച്ചയെപ്പോലെ ധ്യാനനിമഗ്നനായി കുറേ കണ്ണടച്ചിരിക്കുക. ഈ സമയം ധൂമപാന സഹിതമുള്ള ധ്യാനവുമാവാം.  പിന്നെ വല്ലതും കഴിച്ച് ഒരക്ഷരം ആരോടും ഉരിയാടാതെ പോയി പുതച്ചുമൂടി കിടക്കുക. ഉരിയാടി വഷളാക്കരുത്. ഫലമോ? നാടിനും ഗുണമില്ല. നമുക്കുമില്ല.  ഈയുള്ളവന്റെ അഭിപ്രായത്തില്‍ മയ്യഴി മുടിഞ്ഞുപോവണമെന്നാഗ്രഹമുള്ളവര്‍ക്ക് അങ്ങിനയുള്ള രണ്ട് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കസ്  ആവാം. മയ്യഴി മദ്യഴിയായി തന്നെ നിന്നുകാണണമന്നുള്ളവര്‍ക്ക് വണ്‍-റ്റൂ-ത്രീ-ഫോര്‍-ഫ്ളാറ്റ് ഇറസ്‌പോണ്‍സിബിള്‍ ഡ്രിങ്ക്‌സ് ആവാം. ബാറില്‍ പൊരിയുന്ന തമിഴന്റെ ചണ്ടിക്കോഴിയും.

ചീയേഴ്‌സ്...