December 02, 2011

മല്ലുവിന് ഉയിര് തമിഴന് തണ്ണി

ദുരന്തം ആക്ഷേപഹാസ്യത്തിനു വിഷയമാവരുത്. പക്ഷേ അതിനുമുമ്പുള്ള സമൂഹത്തിന്റെ കുറ്റകരമായ നിസ്സംഗതയോ?

അണകെട്ടി നിര്‍ത്തിയ വെള്ളവും ചിന്തയുടെ നീരൊഴുക്കില്ലാത്ത തലയും ഏതാണ്ടൊരുപോലെയാണ്.  ലേശം മുന്തിയ അപകടകാരി തലയാണെന്ന് കാലം ഇതിനകം തെളിയിച്ചിട്ടുണ്ട്.  മുപ്പത്തിയഞ്ചുലക്ഷം മനുഷ്യരുടെ ജീവനും  നാലു ജില്ലകളുടെ നിലനില്പും ഒരു കുലുക്കത്തിലോ അല്ലെങ്കില്‍ പ്രായാധിക്യം ഹേതുവായുള്ള അണക്കെട്ടിന്റെ സ്വാഭാവിക ചരമത്തിലോ അസ്തുവാകാമെന്ന മുന്നറിയിപ്പ് തരുന്നത് മേഖലയിലെ സാങ്കേതിക വിദഗ്ദ്ധന്‍മാരാണ്. ഒന്നും സംഭവിക്കില്ലെന്ന ഉറപ്പും വിദഗ്ദ്ധര്‍ പറയുന്നതു കളവാണെന്നു കണ്ടെത്തുന്നവരാകട്ടെ നാവുകൊണ്ടുമാത്രം കോട്ടകെട്ടാനറിയുന്നവരും. 

ചാരായഷാപ്പില്‍ കയറുന്നവന്റെ കാകദൃഷ്ടിയല്ല നേതാക്കള്‍ക്കു വേണ്ടത്. വേണ്ടത് കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് ഭൂമിയിലെ പൊത്തിലെ ചുണ്ടെലിയുടെ മീശ കാണുന്ന ഈഗ്ള്‍സ് ഐയാണ്. തലയില്‍ ആള്‍പ്പാര്‍പ്പു വേണം. ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ന്ന ഉറപ്പ് നട്ടെല്ലിനുമുണ്ടെങ്കില്‍ സംഗതി ഭേഷായി.

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നു പറഞ്ഞത് മാര്‍ക്‌സാണ്. ആദ്യം ഭോപ്പാല്‍ ദുരന്തം. പിന്നെ ആന്‍ഡേഴ്‌സണ്‍ വിചാരണ പ്രഹസനം. ലോകത്തെങ്ങും അണക്കെട്ടുകള്‍ ജാതകപ്രകാരം ജീവന്‍ വെടിയാത്തപക്ഷം ദയാവധം നടപ്പിലാക്കുകയാണു പതിവ്. കാലത്തിനുമുന്നേ നടന്ന പെരിയോറുടെ പിന്‍ഗാമികള്‍ ഇങ്ങിനെ പിറകോട്ടുനടക്കുന്നത്് ഏതായാലും ശരിയല്ല. കാടെല്ലാം നാടായ ഒരു നൂറ്റാണ്ടില്‍ മുല്ലപ്പെരിയാറിനെ കാണേണ്ടത് 100 കൊല്ലം മുമ്പിലത്തെ കണ്ണുകൊണ്ടല്ല. അന്നാണെങ്കില്‍ ചാവാന്‍ കുറച്ച് 'പക്ഷിമൃഗാദിവാസി'കള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.

കരിങ്കല്ലും സുര്‍ക്കിയും കൊണ്ടുനിര്‍മ്മിച്ച് 50 വര്‍ഷത്തേക്കു ആയുസ്സു ഗണിച്ചെഴുതിയ ജാതകമാണ് മുല്ലപ്പെരിയാറിന്റേത്. ഒന്നുകില്‍ ലക്ഷോപലക്ഷം ജനങ്ങളുടെ ആയുസ്സിന്റെ ബലം കൊണ്ട്. അല്ലെങ്കില്‍ സായിപ്പിന്റെ കൈപ്പുണ്യം കൊണ്ട്. അതുമല്ലെങ്കില്‍ അന്തകാലത്തു സുര്‍ക്കി കടലാസായി മാറി  സ്വിസ്ബാങ്കിലെത്തുന്ന സാങ്കേതികവിദ്യകളില്ലാതിരുന്നതുകൊണ്ട്. അല്ലാതെ 60 കൊല്ലം ആയുസ്സ് നീട്ടിക്കിട്ടേണ്ട കാര്യമില്ല. പറഞ്ഞ 50 കഴിഞ്ഞ് സെഞ്ചുറി തികച്ച് വീണ്ടും ഒരു ദശകം കൂടി നിന്നപടി നില്ക്കുന്നതുകൊണ്ട് ഇനിയെന്തു സംഭവിക്കാന്‍ എന്നതാണ് തമിഴന്റെ ലാ പായിന്റ്. പോരാത്തതിന് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ കൊണ്ട് ആയുസ്സുനീട്ടിക്കിട്ടുന്ന വിദ്യയും ഇടക്കിടെ പരീക്ഷിക്കുന്നുണ്ട്.

അതായത് ജാതകപ്രകാരം 40ല്‍ വടിയാവേണ്ട കുഞ്ഞിരാമന്‍ 80 വയസ്സുവരെ അരോഗദൃഢഗാത്രനായി നിന്നു. അതുകൊണ്ടുതന്നെ ഇനിയും ഒരു 80 വര്‍ഷം കൂടി തെക്കേക്കണ്ടത്തില്‍ കുഞ്ഞിരാമനുവേണ്ടി ഒരു കുഴിയെപറ്റി ആരും ചിന്തിക്കേണ്ടതില്ല എന്ന ശാസ്ത്രീയ വീക്ഷണമാണ് തമിഴകത്തിന്റേത്. പ്രകൃതി എവര്‍ക്കും കനിഞ്ഞരുളുന്ന ഒരു അന്ത്യയാത്രാമൊഴി ആസ്വദിക്കാനുള്ള ഭാഗ്യം കുഞ്ഞിരാമനുമുണ്ടാവുക സ്വാഭാവികമാണ്. കരിങ്കല്ലും സുര്‍ക്കിയുമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കുഞ്ഞിരാമന്‍ തിന്നത് കൊട്ടനവലും ബന്നങ്ങയുമാണെന്നു പറഞ്ഞിട്ടും കാര്യമില്ല. പൊട്ടുന്നിടം സിമന്റു വാരിപ്പൂശിയതുകൊണ്ടു കാര്യമില്ല. ഇത്രയും സങ്കീര്‍ണമായ ഒരു നിര്‍മ്മിതിയുടെ ബലക്ഷയത്തിന് ശങ്കരാടി ഏതോ സിനിമയില്‍ പറയുന്നതുപോലെ ഇച്ചീരി സിമന്റും ഇച്ചീരി മണലും നല്ലോണം വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ അണക്കെട്ട് ധാതുപുഷ്ടി വീണ്ടെടുക്കുമെന്ന വിശ്വാസം അയ്യാവുടെ തണ്ണിയും മല്ലുവിന്റെ ഉയിരും കൊണ്ടുപോവുമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. 

ദ്രവിച്ച് കമ്പിപുറത്തായി വീഴാറായ കോണ്‍ക്രീറ്റു കാലിന്‍മേല്‍ നില്ക്കുന്ന ബസ്‌ഷെല്‍ട്ടറിനെ ഒരു ക്ലബുകാര്‍ വന്ന് വൃത്തിയായി പെയിന്റടിച്ചു. ആ മഹദ് കൃത്യം അനുഷ്ഠിക്കാന്‍ മാത്രം ബുദ്ധി മറ്റാര്‍ക്കുമില്ലെന്ന് തെളിയിക്കാനായി എംബ്ലം സഹിതം ക്ലബുകാര്‍ പേരെഴുതിവെയ്ക്കുകയും ചെയ്തു. ക്ലബിന്റെ ഉടമസ്ഥാവകാശം കടുപ്പപ്പെട്ട ഒരു മൃഗത്തിന്റെ പേരിലായിരുന്നതുകൊണ്ട് ആളുകള്‍ ചോദ്യം ചെയ്യാനൊന്നും പോവാതെ അവിടെ ഒരു ബോര്‍ഡു സ്ഥാപിച്ചു. ക്ലബുകാരുടെ വിവരക്കേടിനുള്ള സര്‍ട്ടിഫിക്കാറ്റായി. ബുദ്ധിയുള്ള ജനം മഴലേശം കൊണ്ടാലും ശരി പുറത്തുതന്നെ ബസുകാത്തുനിന്നു. വലിയ കാലതാമസമില്ലാതെ അതുനിലം പൊത്തുകയും ചെയ്തു.

എക്‌സ്പയറി ഡേറ്റുകഴിഞ്ഞ് പിന്നെയും അറുപതുകൊല്ലം ചുരത്തിയ കാമധേനുവിന്റെ അകിടിലാണ് തമിഴന്റെ വിശ്വാസം. കാമധേനുവിന്റെ ഉയിരിലല്ല. അതുകൊണ്ടുതന്നെ തമിഴ്മക്കള്‍ക്ക് മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തില്‍ ആശങ്കയേയില്ല. അസാരം ആശങ്കയുള്ളത് ഇന്നലെ നിര്‍മ്മിച്ചതും ശാസ്ത്രീയമായ എല്ലാ സുരക്ഷാക്രമീകരണങ്ങളുമുള്ള അതിര്‍ത്തിക്കടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തിലാണ്. അതു തമിഴര്‍ക്ക് ഭീഷണിയാണെന്ന കാര്യത്തില്‍ ലവലേശം സംശയം അവര്‍ക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നരദിവസം തണ്ണി മുടങ്ങുന്നതിലും നല്ലത് 35ലക്ഷം ജലസമാധിയാവുന്നതാണെന്ന വിശാലവീക്ഷണമാണ് തമിഴരുടേത്.

മല്ലുവിന് ജീവന്‍ തമിഴനു തണ്ണി എന്ന ഒന്നാംതരം ഫോര്‍മുലയാണ് മുഖ്യമന്ത്രി വച്ചിട്ടുള്ളത്. വാക്കൊന്നിനു അണ്ടിപ്പരിപ്പ് ഒരുനാഴി വീതം അകത്താക്കി ചര്‍ച്ചിക്കേണ്ടത് മല്ലുവിന്റെ ഉയിരിനാണോ അയ്യാവുടെ മുല്ലക്കാണോ മുന്തിയ പരിഗണന വേണ്ടതെന്നല്ല. ഉള്ളി തോലുപൊളിച്ചു വിത്തു കണ്ടെത്തുന്ന ചര്‍ച്ചകളല്ല ഇനി ആവശ്യം.

രാമനും സുഗ്രീവനും കൂടി ബാലിയെ വടിയാക്കാനായി ഒപ്പുവച്ച കരാറിന്റെ പേരില്‍ ഒരു കുരങ്ങനും ചുരണ്ടിയാല്‍ കുരങ്ങിനെ കിട്ടുന്നവനും കൂടി പോരിനിറങ്ങിയാല്‍ അതു കിഷ്‌കിന്ധാരാജ്യവും അയോദ്ധ്യരാജ്യവും  തമ്മിലുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ്, പരിഹാരം ഇന്ത്യന്‍ഭരണഘടനക്കപ്പുറത്താണെന്നാണ് തലൈവിയും കലൈജ്ഞരും വാദിക്കുക. ഭരണഘടനയെന്നത് ഒരു നാനാവാതസംഹാരിയല്ല. തിരുവിതാംകൂറും മദിരാശിയും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചാല്‍ പിന്നെയെന്ത് രാജ്യം എന്തുരാജ്യപദവി. നമുക്ക് നല്ലതിനാണെങ്കില്‍ രാജഭരണം വരണം, ഇനി പട്ടാളഭരണമായാലും കുഴപ്പമില്ലെന്ന സുന്ദരമായ വീക്ഷണമാണ് നമ്മുടേത്.

സായിപ്പിന്റെ കണക്കുപ്രകാരം ചിലവു കയുടെ 7% പിരിഞ്ഞുകിട്ടുന്നതായിരുന്നു ഇടപാട്.  പിന്നീട് 110 കൊല്ലം കൊണ്ട് എന്തുകിട്ടിയെന്നത് നാം നമ്മോടുതന്നെ ചോദിക്കേണ്ടതാണ്? ഓരോ കരാറും വേണ്ടത് കാലാകാലത്തേക്കല്ല, കാലികമായി താനേ പുതുങ്ങാനുള്ള വകുപ്പോടെയായിരിക്കണം ഇനിയങ്ങോട്ടുള്ളത്.  നമ്മളായി പുതുക്കേണ്ട ആവശ്യം കൂടി വരരുത്.

റിക്ടര്‍ സ്‌കെയിലില്‍ 5നുമീതെയുള്ള കുലുക്കമാണെങ്കില്‍ സംഗതി പോക്കാണെന്ന് സെസ്സും 6 നുമീതെ വന്നാല്‍ പറയുകയേ വേണ്ടെന്ന് ഐ.ഐ.ടി. റൂര്‍ക്കി വിദഗ്ദ്ധരും പറഞ്ഞുകഴിഞ്ഞു.  അവരേക്കാളെല്ലാം മെച്ചപ്പെട്ട സാങ്കേതികവിദഗ്ദ്ധരെക്കൊണ്ട് നില്ക്കക്കള്ളിയില്ലാതായിരിക്കുകയാണ് തമിഴരുടെ സകല കഴകങ്ങളിലും.  കേട്ടാല്‍ തോന്നുക ഇനി ഇടുക്കി കുലുങ്ങണമെങ്കില്‍ ജില്ലാകലക്ടറുടെ സമ്മതം വേണമെന്നാണ്. മൂന്നില്‍ കുലുങ്ങണോ നാലില്‍ കുലുങ്ങണോയെന്നെല്ലാം കലക്ടര്‍ക്കു തീരുമാനിക്കാവുന്നതേയുള്ളു. ഈ ജില്ലകൊണ്ടു തോറ്റൂവെന്നു വന്നാല്‍ കലക്ടര്‍ ആറില്‍ കുലുങ്ങട്ടേയെന്നങ്ങു ശപിക്കും. തീര്‍ന്നു കഥ മല്ലുവിന്റെ ഉയിരിന്റേയും അയ്യാവുടെ മുല്ലയുടേയും.

ഇതെഴുതി തീരുമ്പോഴേക്കും ഒരു ശുഭവാര്‍ത്ത വന്നിട്ടുണ്ട്. കേരളത്തിലെ സാസ്‌കാരികനായകന്‍മാര്‍ തമിഴകത്തെ സാംസ്‌കാരികനായകന്‍മാര്‍ക്ക് കത്തെഴുതാനുള്ള ഗംഭീരപദ്ധതിയാണ് അഴീക്കോട് ആസൂത്രിക്കുന്നത്. ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്കുമാത്രമല്ല എഴൈതോഴന്‍മാര്‍ക്കും ജാതിമതഭേദമന്യേ മതമേലദ്ധ്യക്ഷന്‍മാര്‍ക്കും നൂറ്റൊന്നാവര്‍ത്തിച്ച് വിജയം ഉറപ്പിക്കാവുന്ന ഒരു പദ്ധതിയാണ്. നാമെല്ലാം ഭാരതീയ്യര്‍ എന്ന വിശാലകാഴ്ചപ്പാട് അവരെ അറിയിക്കുവാനായി മല്ലൂ തമിള്‍ ഭായീ ഭായീ എന്ന് ഹിന്ദിയിലെഴുതിയാല്‍ സംഗതി ജോറായി. പ്രശ്‌നം നാളെത്തന്നെ പരിഹരിക്കപ്പെടുകയും ചെയ്യും. അഴീക്കോടിന്റെ ബുദ്ധിയാണു ബുദ്ധി.

മുല്ലപ്പെരിയാര്‍ ഭാവിയില്‍ പൊട്ടാനുള്ള സാദ്ധ്യത കണ്ട് ഭരണഘടനയില്‍ പ്രൊവിഷനുണ്ടാക്കാത്തതുകാരണം 35ലക്ഷത്തിന്റെ കാര്യം കട്ടപ്പൊകയെന്നാണ് തമിഴക കാഴ്ചപ്പാടെങ്കില്‍ നമ്മള്‍ സൂക്ഷിക്കണം. ഭരണഘടനയിലെ പഴുതിനെക്കാളും വലുതാണ് 35ലക്ഷം ജീവനെങ്കില്‍, പുരട്ച്ചി തലൈവിയെ ഉപദേശിച്ചു നന്നാക്കാനുള്ള  ആര്‍ജവം ഇന്ദ്രപ്രസ്ഥത്തിനില്ലായെങ്കില്‍ അനന്തപുരിക്ക് സ്വയമങ്ങു തീരുമാനിക്കാവുന്നതേയുള്ളൂ. 1200 കോടിയുടെ വെള്ളം പോയാലും 30ലക്ഷത്തിന്റേതെന്നുതന്നെ കാണിക്കുന്ന മീറ്റര്‍തന്നെ പുനസ്ഥാപിക്കാമെന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെങ്കില്‍ അങ്ങിനെ. മീറ്റര്‍ പിന്നീട് മാറ്റിവെക്കാവുന്നതല്ലേയുള്ളൂ.  മല്ലുവിനുയിര്. നമ്മ ഉയിരുന്നുയിരായ തമിഴ്മക്കള്‍ക്കു തണ്ണി.