Showing posts with label മോറല്‍ പോലീസ്. Show all posts
Showing posts with label മോറല്‍ പോലീസ്. Show all posts

February 04, 2010

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും

കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌. ഒന്നും അവിശ്വസിക്കാന്‍ പറ്റുകയില്ല. പറഞ്ഞത്‌ തലയില്‍ അസാരം ബുദ്ധിയുള്ള കറിയാച്ചനാണ്‌. പ്രവര്‍ത്തിച്ചത്‌ ബുക്കര്‍ഫെയിം അരുന്ധതിയാണ്‌. പ്രതിഭാഗത്തോ പണ്ട്‌ ലാലുവിന്റെ മോളുവഹ അഥവാ മരുമോളുവഹ കവിളത്തൊന്നുകിട്ടിയപ്പോള്‍ മറുകവിള്‍ കാട്ടിക്കൊടുത്ത യോഗ്യന്‍മാരും. പറയുന്നതോ, മുഖത്തുനോക്കാന്‍ മിനക്കെടാതെ മറ്റേടത്തുതന്നെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ മാത്രം ക്ഷമയുള്ള നമ്മളില്‍ 99ശതമാനത്തോടും.

ലോകം കണ്ട പത്രപ്രവര്‍ത്തകരുടെ കൈയ്യിലിരുപ്പ്‌ ഇങ്ങിനെയാണെങ്കില്‍ വേലിക്കപ്പുറത്തെ ലോകത്തെപറ്റി വലിയ നിശ്ചയമില്ലാത്ത നമ്മള്‍ റോയിയുടെ മുഖത്തുനോക്കിയെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. അതായത്‌ വിദ്യഭ്യാസം കൊണ്ടോ ധരിച്ച വസ്‌ത്രം കൊണ്ടോ മറക്കാവുന്നതല്ല മാനസീകാവസ്ഥ. കേരളത്തിലെ സ്‌ത്രീപുരുഷ ബന്ധത്തിന്റെ മുഖത്തേക്കുപിടിച്ച കണ്ണാടിയാവണം റോയിയുടെ വാക്കുകള്‍ 'The jounalists do not look at my face but look at my breasts', റീഡിഫില്‍ വന്ന സക്കറിയായുടെ അഭിമുഖത്തില്‍ നിന്നുമെടുത്ത വരികളാണിത്‌)

സക്കറിയ പറയുന്ന ലൈഗിംകദാരിദ്ര്യത്തിന്റെ ഭേദപ്പെട്ട ഒരുല്‌പന്നമാണ്‌ ഈ ഒളിഞ്ഞുനോട്ടം. അസൂയക്ക്‌ ലൈംഗികദാരിദ്ര്യത്തില്‍ പിറവിയെടുക്കുന്ന സന്തതിപരമ്പരകളായിരിക്കും എക്കാലത്തെയും മികച്ച മോറല്‍ പോലീസുകാര്‍. സ്വന്തമായി നാലുമുക്കാലിന്റെ ധാര്‍മ്മികത കൈമുതലായുണ്ടാവണമെന്ന യാതൊരു നിര്‍ബന്ധവും അവരില്‍ കാണുകയില്ല.

കേരളത്തില്‍ ഒരാണിനും പെണ്ണിനും മനസ്സമാധാനത്തോടെ ഒരുമിച്ച്‌ നടക്കണമെങ്കില്‍ രണ്ടുപേരും കെട്ടിയതാണെന്ന്‌ നാട്ടുകാര്‍ക്ക്‌ ഉത്തമബോദ്ധ്യം വരണം. നാട്ടുനടപ്പുപ്രകാരം ചില അടയാളങ്ങളുണ്ട്‌. അതിന്റെതായ ആ അടയാളങ്ങള്‍ ശരീരത്തിലില്ലെങ്കില്‍ അടിയുറപ്പ്‌.

ഒന്നാമതായി കൈയില്‍ വെല്‍ഡിങ്‌ റിങ്ങും കഴുത്തില്‍ പിടിച്ചാല്‍ പറിയുന്ന, പിടിച്ചുപറിക്കനുയോജ്യമായ താലിമാലകള്‍. വെറ്റിലച്ചെല്ലത്തിനു ചുണ്ണാമ്പുപോലെ സദാ ശോഭിക്കുന്ന നെറ്റിയിലെ സിന്ദൂരത്തിലകവുമുണ്ടായാല്‍ കേമം. ഇതൊന്നുമില്ലാതെ പുറത്തിറങ്ങുന്നതിലും സുരക്ഷിതം നോമ്പുകാലത്ത്‌ സൗദിയിലെ റോഡില്‍ കുത്തിയിരുന്നു ഭക്ഷണം കഴിക്കുന്നതുതന്നെയായിരിക്കും. അതിനാണ്‌ മോറല്‍ പോലീസിങ്ങ്‌ എന്നുപറയുക.

മേല്‍പറഞ്ഞ അടയാളങ്ങളും അംഗവസ്‌ത്രങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ലാത്തതുകാരണം നിത്യന്‍ നിത്യകാമുകീ സമേതനായി വല്ലിടത്തും പോവുന്നുണ്ടെങ്കില്‍ ഒരു മാര്യേജ്‌ സര്‍ട്ടിഫിക്കറ്റെടുത്ത്‌ കീശയില്‍ വെയ്‌ക്കും. ഹൃദ്രോഗികള്‍ മരുന്നിന്റെ കുറിപ്പടി സദാ കൊണ്ടുനടക്കുന്നപോലെ. രോഗം സമൂഹത്തിനാണെങ്കിലും പറഞ്ഞിട്ടുകാര്യമില്ല, കുറിപ്പടി അവരവരുടെ കീശയില്‍ വെക്കുന്നതായിരിക്കും തടികേടാവാതിരിക്കാന്‍ നല്ലത്‌.

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഇനി കുറ്റിയിട്ട വീട്ടില്‍ നിന്നും വല്ല നെഞ്ചത്തടിയും നിലവിളിയും കേള്‍ക്കാത്ത കാലത്തോളം പരിസരവാസികള്‍്‌ വീട്ടിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച്‌ ധീരതയ്‌ക്കുള്ള അവാര്‍ഡിനു അപേക്ഷിക്കേണ്ടതില്ല. ഇനി നിലവിളി കേട്ടാലോ വാതില്‍ പൊളിയുന്നതുവരെ ചവുട്ടാനുള്ള ധാര്‍മ്മിക ബാദ്ധ്യതയും പരിസരവാസികള്‍ളില്‍ നിക്ഷിപ്‌തമാണ്‌.

ഇതൊന്നുമല്ല, ഇനി അവര്‍ക്കുതോന്നിയപോലെ അവരും നമുക്കുതോന്നിയതുപോലെ നമ്മളും സമാധാനമായി അപ്പുറവും ഇപ്പുറവുമായി കഴിയുന്നു. അതിനിടയില്‍ ഞാനിവിടെ പട്ടിണികിടക്കുമ്പോള്‍ അവിടിരുക്കുന്നവര്‍ എന്തായിരിക്കും ഭഗവാനേ അനുഭവിക്കുന്നുണ്ടാവുക എന്നാലോചിച്ച്‌ ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നും തലകുത്തി താഴെവീണെഴുന്നേറ്റ്‌ നേരെ പോയി ഒളിഞ്ഞുനോക്കിയതുകൊണ്ടും ഗുണമില്ലെങ്കില്‍ ഒച്ചവച്ച്‌ ആളെക്കൂട്ടി അവരുടെ സ്വകാര്യതയുടെ മണിച്ചിത്രത്താഴ്‌ ചവുട്ടിപ്പൊളിച്ച്‌ അകത്തുകയറി കിതച്ചുനില്‌ക്കുമ്പോള്‍ മാത്രം കിട്ടുന്ന മനസ്സമാധാനം ഒരു മനോരോഗമാണ്‌.

കോഴിക്കോട്ടുകാരാണെങ്കില്‍ പഴയ പേരല്ല, ഇപ്പോ മാനസീകാരോഗ്യകേന്ദ്രമാണ്‌. പേടിക്കാനൊന്നുമില്ല ഭ്രാന്താശുപത്രിയല്ല. നേരെ അങ്ങോട്ടുകയറിക്കിടക്കുക. നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത്‌ നാടിന്റെ നന്മമാത്രം ലാക്കാക്കി അത്തരക്കാരെ അവിടെ എത്തിച്ചുകൊടുക്കുന്നതും അഭിനന്ദനാര്‍ഹമാണ്‌. അവിടെ പണ്ട്‌ മനുഷ്യനുവച്ച ഷോക്കുപകരണങ്ങള്‍ ഇപ്പോ പന്നിഫാമുകള്‍ക്ക്‌ കൈമാറിക്കഴിഞ്ഞു. അന്തസ്സായി മരിക്കാന്‍ സുകൃതംചെയ്‌ത പന്നികളാണിപ്പോള്‍ ഫാമുകളില്‍.

ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു. ചോദ്യംചെയ്‌തുനോക്കുമ്പോള്‍ കിട്ടിയ ഉത്തരം ഒരാള്‍ കൂട്ടത്തിലില്ലാത്ത ഒരുത്തന്റെ ഭാര്യയാണ്‌. അഥവാ കൂട്ടത്തിലില്ലാത്ത ഒരുവനാണ്‌ അവളുടെ ഭര്‍ത്താവ്‌. വന്നതാകട്ടെ അവളുടെ സുഹൃത്തിന്റെ കൂടെയും. പോരേ പൂരം. ആദിപാപത്തെക്കാള്‍ മുന്തിയ മഹാപാപം.

ഒരു മാതാഹരിയെ കൈയ്യില്‍കിട്ടിയ സന്തോഷത്താല്‍ പോലീസുകാര്‍ ആനന്ദസാഗരത്തിലാറാടി. അവളുടെ മൊബൈലില്‍ ഭര്‍ത്താവിനെ ഉടന്‍ വിളിച്ചു കുടുംബം കലക്കിയ നിര്‍വൃതിയില്‍ ഫാര്യ ഇപ്പോള്‍ ഞങ്ങളുടെ കസ്‌റ്റഡിയിലാണ്‌ എന്നങ്ങോട്ടറിയിച്ചു. അവള്‍ അവളുടെ സുഹൃത്തിനൊപ്പം വിനോദയാത്രയ്‌ക്ക്‌ പോയതാണല്ലോ എന്ന മറുപടി മറുതലയ്‌ക്കല്‍ നിന്നും വന്നപ്പോള്‍ ഐസായി.

വിവരം വേണമെന്നില്ലെങ്കിലും വിവേകം ഒരു മരുന്നിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുകയില്ലായിരുന്നു. ഒന്നുമാത്രം ആലോചിച്ചാല്‍ മതിയായിരുന്നു. ചുരുങ്ങിയത്‌ തീര്‍ത്ഥയാത്രയും വിനോദയാത്രയും തമ്മിലുള്ള ആ അജഗജാന്തരം. അതായത്‌ സിക്‌സ്റ്റീന്‍ത്ത്‌ ഇമര്‍ജന്‍സി (പതിനാറടിയന്തിരം)യും ഹൗസ്‌ വാമിങ്ങും പോലെ ഒരു വ്യത്യാസം. ഇനി യാത്ര ഒരുവന്റെ വിനോദവും ഒരുത്തിയുടെ വെപ്രാളവുമാണെങ്കില്‍ പോലീസുകാര്‍ ഇടപെടുക തന്നെവേണം. ആണിനെ വിശ്വസിച്ചിറങ്ങിയ പഞ്ചതന്ത്രം കഥ വായിക്കാത്ത പെണ്ണ്‌ പോലീസുകാരെ വിളിച്ച്‌ ഈ ശെയ്‌ത്താനില്‍ നിന്നും എന്നെ രക്ഷിക്കണം എന്നുപറയുകയാണെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും വഴിപോക്കനോടുതന്നെ പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഇടപെടണം. രക്ഷിക്കണം. അതിനുള്ള സ്വാതന്ത്ര്യവും നിയമത്തിന്റെ പിന്‍ബലവും ഏവര്‍ക്കുമുണ്ട്‌.

അതല്ലാതെ ചിരിച്ചുകളിച്ചു പോവുന്ന ഒരാണിനെയും പെണ്ണിനെയും കാണുമ്പോള്‍, അവറ്റകളുടെ ചിരിക്ക്‌ ഉടനടി ഒരു റീത്ത്‌ സമര്‍പ്പിച്ച്‌ ഒന്നിനെ തെക്കോട്ടും മറ്റതിനെ വടക്കോട്ടും രണ്ടിന്റെയും കുടുംബത്തെ നരകത്തിലേയ്‌ക്കും അയക്കണമെന്നു തോന്നുന്നത്‌ സക്കറിയ പറഞ്ഞ അതേ മാനസികാവസ്ഥ കൊണ്ടുതന്നെയാണ്‌.

ഇനി വേറൊരു കാര്യം ആ പിള്ളേരുടെ വിനോദയാത്ര മാനഹാനിയാത്രയാക്കിക്കൊടുത്ത അതേ പോലീസുകാരായിരിക്കും അല്ലെങ്കില്‍ അവരുടെ സായുധസഖാക്കളായിരിക്കും പണ്ട്‌ രാഹുല്‍ജി ഒരു കൊളമ്പിയന്‍ സുന്ദരിയെയും കൂട്ടി കായല്‍ നടുവിലെ ആഡംബരറിസോര്‍ട്ടില്‍ രാപാര്‍ക്കാന്‍ എത്തിയപ്പോള്‍ രാത്രിപകലാക്കി കാവല്‍നിന്നതും കവാത്തുനടത്തിയതും.

വിവേകം ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞ്‌ സഞ്ചരിക്കുമ്പോള്‍ വികാരം മുയലിനെപ്പോലെ ചാടിച്ചാടിയാണ്‌ സഞ്ചരിക്കുക. വികാരമില്ലാതെ വിവേകംമാത്രമുള്ളവനും വിവേകം അശേഷമില്ലാതെ വികാരം മാത്രമുള്ളവനും ഭൂമിക്കുഭാരമായി പുറത്തിരിക്കുന്നതിലും നല്ലത്‌ ഭൂമിക്കടിയിലിരിക്കുന്നതാണ്‌. അതു മോറല്‍പോലീസായാലും സാദാപോലീസായാലും.

അടുത്തകാലത്തായി നിത്യന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി. ബി. ടെകിന്‌ പഠിക്കുന്ന ഒരു പെണ്‍കൊടി അവളുടെ 'ലപ്പി'നെയും കൂട്ടി വീട്ടില്‍ വന്നു. കുറെക്കാലമായി അടച്ചിട്ട വീട്‌. അച്ഛന്‍ ഏഴാം കടലിനക്കരെ, അമ്മ തറവാട്ടില്‍. നാട്ടിനെ നേര്‍വഴിക്കുനടത്താന്‍ ഉത്തരവാദപ്പെട്ട മൂന്നുനാലു ചെറുപ്പക്കാര്‍ ആദ്യം പെണ്ണും പിന്നാലെ പയ്യനും വീട്ടിലേക്കു പോവുന്നത്‌ തികഞ്ഞ ഏകാഗ്രതയോടെ നോക്കിനിന്നു. പെണ്ണ്‌ അകത്തുകയറി, പയ്യന്‍ കുറച്ചുനേരം കൂട്ടിലിട്ട വെരുകിനെപ്പോലെ റോഡിലങ്ങോട്ടുമിങ്ങോട്ടും ഒന്നുനടന്നശേഷം വീട്ടിലേക്കു കയറി. താമസം വിനാ വാതിലിന്റെ കുറ്റിവീണു. അതോടെ നോക്കിനിന്നവരുടെ കണ്‍ട്രോളിന്റെ കുറ്റിയും തെറിച്ചു. ഒട്ടും അമാന്തിച്ചില്ല. അമ്മയക്ക്‌ സുഖമില്ലാഞ്ഞ്‌ ഓട്ടോപിടിക്കാന്‍ പോയവന്‍കൂടി അമ്മ ചാവുന്നെങ്കില്‍ ചാവട്ടെയെന്നു തീരുമാനിച്ച്‌ തിരിച്ചുവന്ന്‌ വീടുവളഞ്ഞു.

രാജീവ്‌ വധക്കേസിലെ പ്രതി ശിവരശന്റെ വീടു ഒറിജിനല്‍ പോലീസുകാര്‍ വളഞ്ഞിട്ടും ശിവരശനെ ഉയിരോടെ കിട്ടിയില്ല. ഇവിടെ മോറല്‍പോലീസുകാര്‍ പയ്യനെ ഉയിരോടെ പുറത്തെത്തിച്ചൂവെന്നുമാത്രമല്ല നിലം തൊടീക്കാതെ പെരുമാറി. ഭൂമിതൊടുമ്പോഴേക്കും മച്ചില്‍നിന്നുവീണ പല്ലിയുടെ പരുവമായി പയ്യന്‍. കൈവച്ചവരോടുതന്നെ വിശദമായി നിത്യന്‍ സംസാരിച്ചു. നോക്കുമ്പോള്‍ പാപം ചെയ്യാത്തവരാരും കല്ലെറിഞ്ഞിട്ടില്ല.

അവള്‍ പങ്കെടുക്കാതിരുന്ന ക്ലാസില്‍ പഠിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി അവനെകൂടെ കൂട്ടി എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഇനി അതല്ല, അവര്‍ മറ്റുവിഷയങ്ങള്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു തീര്‍പ്പാക്കി എന്നു കരുതുക. അവര്‍ക്കിഷ്ടമുള്ളത്‌ അവരുടെ വീട്ടില്‍ വച്ച്‌ ഉഭയസമ്മതപ്രകാരം ചെയ്യാന്‍വേണ്ടി തന്നെയാണ്‌ വന്നതെന്നിരിക്കട്ടെ. അവിടെ കയറി ഗുണ്ടായിസം കാണിക്കാന്‍ ഒരുകൂട്ടര്‍ക്ക്‌ അവകാശം കൊടുത്തത്‌ ആരാണ്‌? ആ കുടുംബം വീടുതന്നെ വില്‌പനയ്‌ക്കുവച്ചിരിക്കുകയാണെന്ന്‌ ഇപ്പോള്‍കിട്ടിയ വാര്‍ത്ത.

ഒരാള്‍ക്ക്‌ വഴിനടക്കാനുള്ള സ്വാതന്ത്ര്യമാണ്‌ സ്വാതന്ത്ര്യമെങ്കില്‍ മറ്റൊരുകൂട്ടര്‍ക്ക്‌ വഴിതടയാനുള്ള സ്വാതന്ത്ര്യമാണ്‌ യഥാര്‍ത്ഥ സ്വാതന്ത്യമെന്ന്‌ കാലാകാലമായി നമ്മള്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. അപ്പോള്‍തന്നെ സമത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും മൊത്തം ചില്ലറ വ്യാപാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും. മുതലയെപ്പോലെയാണ്‌ നമ്മള്‍. വായതുറക്കുന്നത്‌ ചിരിക്കാനോ വിഴുങ്ങാനോ എന്ന കാര്യം മുതലയോടുതന്നെ ചോദിക്കണം.

ഒരാളുടെ സ്വാതന്ത്യത്തില്‍ കത്തിവെയ്‌ക്കുന്നത്‌ അവകാശമായി കൊണ്ടുനടക്കുന്നതിനുപിന്നിലെ മനശ്ശാസ്‌ത്രം വിവരമില്ലായ്‌മയില്‍ നിന്നുദിക്കുന്ന അഹങ്കാരമല്ലെങ്കില്‍ വിവേകം അകമ്പടിസേവിക്കാത്ത വികാരമാണ്‌. അവിവാഹിതന്‍ എന്നല്ലാതെ ബ്രഹ്മചാരി എന്ന്‌ അടല്‍ബിഹാരി വാജ്‌പേയ്‌ എവിടെയും പറഞ്ഞിട്ടില്ല. കലാലയ സുഹൃത്തായിരുന്ന കൗളുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധം അത്ര രഹസ്യവുമായിരുന്നില്ല. കൗളും അവരുടെ ഭര്‍ത്താവ്‌ പ്രൊഫസര്‍ കൗളും താമസിച്ച അതേ വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹവും കഴിഞ്ഞത്‌.

അവിഹിതബന്ധം എന്നലറിവിളിച്ച്‌ കൗളിന്റെ പടിഞ്ഞാറ്റയുടെ വാതിലാരും ചവുട്ടിപ്പൊളിച്ചിട്ടില്ല. വാജ്‌പേയി തെരുവില്‍ വിചാരണചെയ്യപ്പെട്ടിട്ടുമില്ല. രാജ്യം തന്നെ ഭരിക്കാന്‍ അങ്ങോട്ടേല്‍പിച്ചുകൊടുത്തതാണ്‌ പിന്നത്തെ ചരിത്രം. ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ വിരലൊടിച്ചാല്‍ ബോംബെനഗരം നിശ്ചലമായ ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന കാലത്തും ഒരു കുടുസ്സുമുറിയില്‍ വാരിവലിച്ചിട്ട പുസ്‌തകങ്ങളോടും പട്ടിയോടുമൊപ്പം സുഖമായുറങ്ങിയ ഫെര്‍ണാണ്ടസിലെ വിപ്ലവകാരിയെയാണ്‌ ലോകം കൊണ്ടാടിയത്‌. തെറ്റുപറ്റിയപ്പോള്‍ തെറിവിളിച്ചതും. അല്ലാതെ ഫെര്‍ണാണ്ടസിന്റെ സ്വകാര്യജീവിതം ആരും പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോയില്ല.

ജവഹര്‍ലാല്‍ നെഹറുവും ലേഡി മൗണ്ട്‌ബാറ്റണും പോയേടത്തൊക്കെ പിന്നാലെ പോയി ആളുകള്‍ കൂക്കിവിളിച്ചിട്ടില്ല. പിടിച്ചുവലിച്ചിട്ടില്ല. വാതിലുകുറ്റിയിട്ടിട്ടുണ്ടോ എന്നുപരിശോധിച്ചിട്ടുമില്ല. അവിഹിതമായാലും, ബലാല്‍സംഗമല്ലാത്ത ലൈംഗികബന്ധം കുറ്റകൃത്യമായി പലരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. എങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഡല്‍ട്രി കുറ്റകൃത്യമാണ്‌.

"എന്നിട്ടുമെന്തേ കുഞ്ഞിപ്പെണ്ണേ
കതകുപൊളിക്കാന്‍ വന്നില്ലാരും"

എന്നു നെഹറുതന്നെ ഒരുപക്ഷേ മൂളിപ്പാട്ടുപാടിയിരിക്കണം. നെഹറുവിനാവാം നാണുവിനു പാടില്ല. വാജ്‌പേയിക്കാവാം വിജയനു പാടില്ല. അത്‌ സ്വാതന്ത്യമല്ല. സമത്വവുമല്ല