February 04, 2010

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും

കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌. ഒന്നും അവിശ്വസിക്കാന്‍ പറ്റുകയില്ല. പറഞ്ഞത്‌ തലയില്‍ അസാരം ബുദ്ധിയുള്ള കറിയാച്ചനാണ്‌. പ്രവര്‍ത്തിച്ചത്‌ ബുക്കര്‍ഫെയിം അരുന്ധതിയാണ്‌. പ്രതിഭാഗത്തോ പണ്ട്‌ ലാലുവിന്റെ മോളുവഹ അഥവാ മരുമോളുവഹ കവിളത്തൊന്നുകിട്ടിയപ്പോള്‍ മറുകവിള്‍ കാട്ടിക്കൊടുത്ത യോഗ്യന്‍മാരും. പറയുന്നതോ, മുഖത്തുനോക്കാന്‍ മിനക്കെടാതെ മറ്റേടത്തുതന്നെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ മാത്രം ക്ഷമയുള്ള നമ്മളില്‍ 99ശതമാനത്തോടും.

ലോകം കണ്ട പത്രപ്രവര്‍ത്തകരുടെ കൈയ്യിലിരുപ്പ്‌ ഇങ്ങിനെയാണെങ്കില്‍ വേലിക്കപ്പുറത്തെ ലോകത്തെപറ്റി വലിയ നിശ്ചയമില്ലാത്ത നമ്മള്‍ റോയിയുടെ മുഖത്തുനോക്കിയെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. അതായത്‌ വിദ്യഭ്യാസം കൊണ്ടോ ധരിച്ച വസ്‌ത്രം കൊണ്ടോ മറക്കാവുന്നതല്ല മാനസീകാവസ്ഥ. കേരളത്തിലെ സ്‌ത്രീപുരുഷ ബന്ധത്തിന്റെ മുഖത്തേക്കുപിടിച്ച കണ്ണാടിയാവണം റോയിയുടെ വാക്കുകള്‍ 'The jounalists do not look at my face but look at my breasts', റീഡിഫില്‍ വന്ന സക്കറിയായുടെ അഭിമുഖത്തില്‍ നിന്നുമെടുത്ത വരികളാണിത്‌)

സക്കറിയ പറയുന്ന ലൈഗിംകദാരിദ്ര്യത്തിന്റെ ഭേദപ്പെട്ട ഒരുല്‌പന്നമാണ്‌ ഈ ഒളിഞ്ഞുനോട്ടം. അസൂയക്ക്‌ ലൈംഗികദാരിദ്ര്യത്തില്‍ പിറവിയെടുക്കുന്ന സന്തതിപരമ്പരകളായിരിക്കും എക്കാലത്തെയും മികച്ച മോറല്‍ പോലീസുകാര്‍. സ്വന്തമായി നാലുമുക്കാലിന്റെ ധാര്‍മ്മികത കൈമുതലായുണ്ടാവണമെന്ന യാതൊരു നിര്‍ബന്ധവും അവരില്‍ കാണുകയില്ല.

കേരളത്തില്‍ ഒരാണിനും പെണ്ണിനും മനസ്സമാധാനത്തോടെ ഒരുമിച്ച്‌ നടക്കണമെങ്കില്‍ രണ്ടുപേരും കെട്ടിയതാണെന്ന്‌ നാട്ടുകാര്‍ക്ക്‌ ഉത്തമബോദ്ധ്യം വരണം. നാട്ടുനടപ്പുപ്രകാരം ചില അടയാളങ്ങളുണ്ട്‌. അതിന്റെതായ ആ അടയാളങ്ങള്‍ ശരീരത്തിലില്ലെങ്കില്‍ അടിയുറപ്പ്‌.

ഒന്നാമതായി കൈയില്‍ വെല്‍ഡിങ്‌ റിങ്ങും കഴുത്തില്‍ പിടിച്ചാല്‍ പറിയുന്ന, പിടിച്ചുപറിക്കനുയോജ്യമായ താലിമാലകള്‍. വെറ്റിലച്ചെല്ലത്തിനു ചുണ്ണാമ്പുപോലെ സദാ ശോഭിക്കുന്ന നെറ്റിയിലെ സിന്ദൂരത്തിലകവുമുണ്ടായാല്‍ കേമം. ഇതൊന്നുമില്ലാതെ പുറത്തിറങ്ങുന്നതിലും സുരക്ഷിതം നോമ്പുകാലത്ത്‌ സൗദിയിലെ റോഡില്‍ കുത്തിയിരുന്നു ഭക്ഷണം കഴിക്കുന്നതുതന്നെയായിരിക്കും. അതിനാണ്‌ മോറല്‍ പോലീസിങ്ങ്‌ എന്നുപറയുക.

മേല്‍പറഞ്ഞ അടയാളങ്ങളും അംഗവസ്‌ത്രങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ലാത്തതുകാരണം നിത്യന്‍ നിത്യകാമുകീ സമേതനായി വല്ലിടത്തും പോവുന്നുണ്ടെങ്കില്‍ ഒരു മാര്യേജ്‌ സര്‍ട്ടിഫിക്കറ്റെടുത്ത്‌ കീശയില്‍ വെയ്‌ക്കും. ഹൃദ്രോഗികള്‍ മരുന്നിന്റെ കുറിപ്പടി സദാ കൊണ്ടുനടക്കുന്നപോലെ. രോഗം സമൂഹത്തിനാണെങ്കിലും പറഞ്ഞിട്ടുകാര്യമില്ല, കുറിപ്പടി അവരവരുടെ കീശയില്‍ വെക്കുന്നതായിരിക്കും തടികേടാവാതിരിക്കാന്‍ നല്ലത്‌.

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഇനി കുറ്റിയിട്ട വീട്ടില്‍ നിന്നും വല്ല നെഞ്ചത്തടിയും നിലവിളിയും കേള്‍ക്കാത്ത കാലത്തോളം പരിസരവാസികള്‍്‌ വീട്ടിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച്‌ ധീരതയ്‌ക്കുള്ള അവാര്‍ഡിനു അപേക്ഷിക്കേണ്ടതില്ല. ഇനി നിലവിളി കേട്ടാലോ വാതില്‍ പൊളിയുന്നതുവരെ ചവുട്ടാനുള്ള ധാര്‍മ്മിക ബാദ്ധ്യതയും പരിസരവാസികള്‍ളില്‍ നിക്ഷിപ്‌തമാണ്‌.

ഇതൊന്നുമല്ല, ഇനി അവര്‍ക്കുതോന്നിയപോലെ അവരും നമുക്കുതോന്നിയതുപോലെ നമ്മളും സമാധാനമായി അപ്പുറവും ഇപ്പുറവുമായി കഴിയുന്നു. അതിനിടയില്‍ ഞാനിവിടെ പട്ടിണികിടക്കുമ്പോള്‍ അവിടിരുക്കുന്നവര്‍ എന്തായിരിക്കും ഭഗവാനേ അനുഭവിക്കുന്നുണ്ടാവുക എന്നാലോചിച്ച്‌ ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നും തലകുത്തി താഴെവീണെഴുന്നേറ്റ്‌ നേരെ പോയി ഒളിഞ്ഞുനോക്കിയതുകൊണ്ടും ഗുണമില്ലെങ്കില്‍ ഒച്ചവച്ച്‌ ആളെക്കൂട്ടി അവരുടെ സ്വകാര്യതയുടെ മണിച്ചിത്രത്താഴ്‌ ചവുട്ടിപ്പൊളിച്ച്‌ അകത്തുകയറി കിതച്ചുനില്‌ക്കുമ്പോള്‍ മാത്രം കിട്ടുന്ന മനസ്സമാധാനം ഒരു മനോരോഗമാണ്‌.

കോഴിക്കോട്ടുകാരാണെങ്കില്‍ പഴയ പേരല്ല, ഇപ്പോ മാനസീകാരോഗ്യകേന്ദ്രമാണ്‌. പേടിക്കാനൊന്നുമില്ല ഭ്രാന്താശുപത്രിയല്ല. നേരെ അങ്ങോട്ടുകയറിക്കിടക്കുക. നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത്‌ നാടിന്റെ നന്മമാത്രം ലാക്കാക്കി അത്തരക്കാരെ അവിടെ എത്തിച്ചുകൊടുക്കുന്നതും അഭിനന്ദനാര്‍ഹമാണ്‌. അവിടെ പണ്ട്‌ മനുഷ്യനുവച്ച ഷോക്കുപകരണങ്ങള്‍ ഇപ്പോ പന്നിഫാമുകള്‍ക്ക്‌ കൈമാറിക്കഴിഞ്ഞു. അന്തസ്സായി മരിക്കാന്‍ സുകൃതംചെയ്‌ത പന്നികളാണിപ്പോള്‍ ഫാമുകളില്‍.

ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു. ചോദ്യംചെയ്‌തുനോക്കുമ്പോള്‍ കിട്ടിയ ഉത്തരം ഒരാള്‍ കൂട്ടത്തിലില്ലാത്ത ഒരുത്തന്റെ ഭാര്യയാണ്‌. അഥവാ കൂട്ടത്തിലില്ലാത്ത ഒരുവനാണ്‌ അവളുടെ ഭര്‍ത്താവ്‌. വന്നതാകട്ടെ അവളുടെ സുഹൃത്തിന്റെ കൂടെയും. പോരേ പൂരം. ആദിപാപത്തെക്കാള്‍ മുന്തിയ മഹാപാപം.

ഒരു മാതാഹരിയെ കൈയ്യില്‍കിട്ടിയ സന്തോഷത്താല്‍ പോലീസുകാര്‍ ആനന്ദസാഗരത്തിലാറാടി. അവളുടെ മൊബൈലില്‍ ഭര്‍ത്താവിനെ ഉടന്‍ വിളിച്ചു കുടുംബം കലക്കിയ നിര്‍വൃതിയില്‍ ഫാര്യ ഇപ്പോള്‍ ഞങ്ങളുടെ കസ്‌റ്റഡിയിലാണ്‌ എന്നങ്ങോട്ടറിയിച്ചു. അവള്‍ അവളുടെ സുഹൃത്തിനൊപ്പം വിനോദയാത്രയ്‌ക്ക്‌ പോയതാണല്ലോ എന്ന മറുപടി മറുതലയ്‌ക്കല്‍ നിന്നും വന്നപ്പോള്‍ ഐസായി.

വിവരം വേണമെന്നില്ലെങ്കിലും വിവേകം ഒരു മരുന്നിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുകയില്ലായിരുന്നു. ഒന്നുമാത്രം ആലോചിച്ചാല്‍ മതിയായിരുന്നു. ചുരുങ്ങിയത്‌ തീര്‍ത്ഥയാത്രയും വിനോദയാത്രയും തമ്മിലുള്ള ആ അജഗജാന്തരം. അതായത്‌ സിക്‌സ്റ്റീന്‍ത്ത്‌ ഇമര്‍ജന്‍സി (പതിനാറടിയന്തിരം)യും ഹൗസ്‌ വാമിങ്ങും പോലെ ഒരു വ്യത്യാസം. ഇനി യാത്ര ഒരുവന്റെ വിനോദവും ഒരുത്തിയുടെ വെപ്രാളവുമാണെങ്കില്‍ പോലീസുകാര്‍ ഇടപെടുക തന്നെവേണം. ആണിനെ വിശ്വസിച്ചിറങ്ങിയ പഞ്ചതന്ത്രം കഥ വായിക്കാത്ത പെണ്ണ്‌ പോലീസുകാരെ വിളിച്ച്‌ ഈ ശെയ്‌ത്താനില്‍ നിന്നും എന്നെ രക്ഷിക്കണം എന്നുപറയുകയാണെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും വഴിപോക്കനോടുതന്നെ പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഇടപെടണം. രക്ഷിക്കണം. അതിനുള്ള സ്വാതന്ത്ര്യവും നിയമത്തിന്റെ പിന്‍ബലവും ഏവര്‍ക്കുമുണ്ട്‌.

അതല്ലാതെ ചിരിച്ചുകളിച്ചു പോവുന്ന ഒരാണിനെയും പെണ്ണിനെയും കാണുമ്പോള്‍, അവറ്റകളുടെ ചിരിക്ക്‌ ഉടനടി ഒരു റീത്ത്‌ സമര്‍പ്പിച്ച്‌ ഒന്നിനെ തെക്കോട്ടും മറ്റതിനെ വടക്കോട്ടും രണ്ടിന്റെയും കുടുംബത്തെ നരകത്തിലേയ്‌ക്കും അയക്കണമെന്നു തോന്നുന്നത്‌ സക്കറിയ പറഞ്ഞ അതേ മാനസികാവസ്ഥ കൊണ്ടുതന്നെയാണ്‌.

ഇനി വേറൊരു കാര്യം ആ പിള്ളേരുടെ വിനോദയാത്ര മാനഹാനിയാത്രയാക്കിക്കൊടുത്ത അതേ പോലീസുകാരായിരിക്കും അല്ലെങ്കില്‍ അവരുടെ സായുധസഖാക്കളായിരിക്കും പണ്ട്‌ രാഹുല്‍ജി ഒരു കൊളമ്പിയന്‍ സുന്ദരിയെയും കൂട്ടി കായല്‍ നടുവിലെ ആഡംബരറിസോര്‍ട്ടില്‍ രാപാര്‍ക്കാന്‍ എത്തിയപ്പോള്‍ രാത്രിപകലാക്കി കാവല്‍നിന്നതും കവാത്തുനടത്തിയതും.

വിവേകം ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞ്‌ സഞ്ചരിക്കുമ്പോള്‍ വികാരം മുയലിനെപ്പോലെ ചാടിച്ചാടിയാണ്‌ സഞ്ചരിക്കുക. വികാരമില്ലാതെ വിവേകംമാത്രമുള്ളവനും വിവേകം അശേഷമില്ലാതെ വികാരം മാത്രമുള്ളവനും ഭൂമിക്കുഭാരമായി പുറത്തിരിക്കുന്നതിലും നല്ലത്‌ ഭൂമിക്കടിയിലിരിക്കുന്നതാണ്‌. അതു മോറല്‍പോലീസായാലും സാദാപോലീസായാലും.

അടുത്തകാലത്തായി നിത്യന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി. ബി. ടെകിന്‌ പഠിക്കുന്ന ഒരു പെണ്‍കൊടി അവളുടെ 'ലപ്പി'നെയും കൂട്ടി വീട്ടില്‍ വന്നു. കുറെക്കാലമായി അടച്ചിട്ട വീട്‌. അച്ഛന്‍ ഏഴാം കടലിനക്കരെ, അമ്മ തറവാട്ടില്‍. നാട്ടിനെ നേര്‍വഴിക്കുനടത്താന്‍ ഉത്തരവാദപ്പെട്ട മൂന്നുനാലു ചെറുപ്പക്കാര്‍ ആദ്യം പെണ്ണും പിന്നാലെ പയ്യനും വീട്ടിലേക്കു പോവുന്നത്‌ തികഞ്ഞ ഏകാഗ്രതയോടെ നോക്കിനിന്നു. പെണ്ണ്‌ അകത്തുകയറി, പയ്യന്‍ കുറച്ചുനേരം കൂട്ടിലിട്ട വെരുകിനെപ്പോലെ റോഡിലങ്ങോട്ടുമിങ്ങോട്ടും ഒന്നുനടന്നശേഷം വീട്ടിലേക്കു കയറി. താമസം വിനാ വാതിലിന്റെ കുറ്റിവീണു. അതോടെ നോക്കിനിന്നവരുടെ കണ്‍ട്രോളിന്റെ കുറ്റിയും തെറിച്ചു. ഒട്ടും അമാന്തിച്ചില്ല. അമ്മയക്ക്‌ സുഖമില്ലാഞ്ഞ്‌ ഓട്ടോപിടിക്കാന്‍ പോയവന്‍കൂടി അമ്മ ചാവുന്നെങ്കില്‍ ചാവട്ടെയെന്നു തീരുമാനിച്ച്‌ തിരിച്ചുവന്ന്‌ വീടുവളഞ്ഞു.

രാജീവ്‌ വധക്കേസിലെ പ്രതി ശിവരശന്റെ വീടു ഒറിജിനല്‍ പോലീസുകാര്‍ വളഞ്ഞിട്ടും ശിവരശനെ ഉയിരോടെ കിട്ടിയില്ല. ഇവിടെ മോറല്‍പോലീസുകാര്‍ പയ്യനെ ഉയിരോടെ പുറത്തെത്തിച്ചൂവെന്നുമാത്രമല്ല നിലം തൊടീക്കാതെ പെരുമാറി. ഭൂമിതൊടുമ്പോഴേക്കും മച്ചില്‍നിന്നുവീണ പല്ലിയുടെ പരുവമായി പയ്യന്‍. കൈവച്ചവരോടുതന്നെ വിശദമായി നിത്യന്‍ സംസാരിച്ചു. നോക്കുമ്പോള്‍ പാപം ചെയ്യാത്തവരാരും കല്ലെറിഞ്ഞിട്ടില്ല.

അവള്‍ പങ്കെടുക്കാതിരുന്ന ക്ലാസില്‍ പഠിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി അവനെകൂടെ കൂട്ടി എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഇനി അതല്ല, അവര്‍ മറ്റുവിഷയങ്ങള്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു തീര്‍പ്പാക്കി എന്നു കരുതുക. അവര്‍ക്കിഷ്ടമുള്ളത്‌ അവരുടെ വീട്ടില്‍ വച്ച്‌ ഉഭയസമ്മതപ്രകാരം ചെയ്യാന്‍വേണ്ടി തന്നെയാണ്‌ വന്നതെന്നിരിക്കട്ടെ. അവിടെ കയറി ഗുണ്ടായിസം കാണിക്കാന്‍ ഒരുകൂട്ടര്‍ക്ക്‌ അവകാശം കൊടുത്തത്‌ ആരാണ്‌? ആ കുടുംബം വീടുതന്നെ വില്‌പനയ്‌ക്കുവച്ചിരിക്കുകയാണെന്ന്‌ ഇപ്പോള്‍കിട്ടിയ വാര്‍ത്ത.

ഒരാള്‍ക്ക്‌ വഴിനടക്കാനുള്ള സ്വാതന്ത്ര്യമാണ്‌ സ്വാതന്ത്ര്യമെങ്കില്‍ മറ്റൊരുകൂട്ടര്‍ക്ക്‌ വഴിതടയാനുള്ള സ്വാതന്ത്ര്യമാണ്‌ യഥാര്‍ത്ഥ സ്വാതന്ത്യമെന്ന്‌ കാലാകാലമായി നമ്മള്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. അപ്പോള്‍തന്നെ സമത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും മൊത്തം ചില്ലറ വ്യാപാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും. മുതലയെപ്പോലെയാണ്‌ നമ്മള്‍. വായതുറക്കുന്നത്‌ ചിരിക്കാനോ വിഴുങ്ങാനോ എന്ന കാര്യം മുതലയോടുതന്നെ ചോദിക്കണം.

ഒരാളുടെ സ്വാതന്ത്യത്തില്‍ കത്തിവെയ്‌ക്കുന്നത്‌ അവകാശമായി കൊണ്ടുനടക്കുന്നതിനുപിന്നിലെ മനശ്ശാസ്‌ത്രം വിവരമില്ലായ്‌മയില്‍ നിന്നുദിക്കുന്ന അഹങ്കാരമല്ലെങ്കില്‍ വിവേകം അകമ്പടിസേവിക്കാത്ത വികാരമാണ്‌. അവിവാഹിതന്‍ എന്നല്ലാതെ ബ്രഹ്മചാരി എന്ന്‌ അടല്‍ബിഹാരി വാജ്‌പേയ്‌ എവിടെയും പറഞ്ഞിട്ടില്ല. കലാലയ സുഹൃത്തായിരുന്ന കൗളുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധം അത്ര രഹസ്യവുമായിരുന്നില്ല. കൗളും അവരുടെ ഭര്‍ത്താവ്‌ പ്രൊഫസര്‍ കൗളും താമസിച്ച അതേ വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹവും കഴിഞ്ഞത്‌.

അവിഹിതബന്ധം എന്നലറിവിളിച്ച്‌ കൗളിന്റെ പടിഞ്ഞാറ്റയുടെ വാതിലാരും ചവുട്ടിപ്പൊളിച്ചിട്ടില്ല. വാജ്‌പേയി തെരുവില്‍ വിചാരണചെയ്യപ്പെട്ടിട്ടുമില്ല. രാജ്യം തന്നെ ഭരിക്കാന്‍ അങ്ങോട്ടേല്‍പിച്ചുകൊടുത്തതാണ്‌ പിന്നത്തെ ചരിത്രം. ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ വിരലൊടിച്ചാല്‍ ബോംബെനഗരം നിശ്ചലമായ ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന കാലത്തും ഒരു കുടുസ്സുമുറിയില്‍ വാരിവലിച്ചിട്ട പുസ്‌തകങ്ങളോടും പട്ടിയോടുമൊപ്പം സുഖമായുറങ്ങിയ ഫെര്‍ണാണ്ടസിലെ വിപ്ലവകാരിയെയാണ്‌ ലോകം കൊണ്ടാടിയത്‌. തെറ്റുപറ്റിയപ്പോള്‍ തെറിവിളിച്ചതും. അല്ലാതെ ഫെര്‍ണാണ്ടസിന്റെ സ്വകാര്യജീവിതം ആരും പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോയില്ല.

ജവഹര്‍ലാല്‍ നെഹറുവും ലേഡി മൗണ്ട്‌ബാറ്റണും പോയേടത്തൊക്കെ പിന്നാലെ പോയി ആളുകള്‍ കൂക്കിവിളിച്ചിട്ടില്ല. പിടിച്ചുവലിച്ചിട്ടില്ല. വാതിലുകുറ്റിയിട്ടിട്ടുണ്ടോ എന്നുപരിശോധിച്ചിട്ടുമില്ല. അവിഹിതമായാലും, ബലാല്‍സംഗമല്ലാത്ത ലൈംഗികബന്ധം കുറ്റകൃത്യമായി പലരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. എങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഡല്‍ട്രി കുറ്റകൃത്യമാണ്‌.

"എന്നിട്ടുമെന്തേ കുഞ്ഞിപ്പെണ്ണേ
കതകുപൊളിക്കാന്‍ വന്നില്ലാരും"

എന്നു നെഹറുതന്നെ ഒരുപക്ഷേ മൂളിപ്പാട്ടുപാടിയിരിക്കണം. നെഹറുവിനാവാം നാണുവിനു പാടില്ല. വാജ്‌പേയിക്കാവാം വിജയനു പാടില്ല. അത്‌ സ്വാതന്ത്യമല്ല. സമത്വവുമല്ല

21 comments:

NITHYAN said...

കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌

നട്ടപ്പിരാന്തന്‍ said...

നിത്യേട്ടാ‍....കൊടുകൈ.... ഇതിനും എതിരു പറയുന്നവര്‍ ഉണ്ടാവും.....പക്ഷെ സത്യം സത്യമല്ലാതാവുന്നില്ല.

vrajesh said...

നല്ല ലേഖനം.
ഇന്ത്യന്‍ നിയമപ്രകാരം അഡല്‍റ്ററി കുറ്റകരമാണെന്ന് പറയുമ്പോള്‍,നിയമപ്രകാരമുള്ള അതിന്റെ നിര്‍‌വചനവും പറയാമായിരുന്നു.എന്തായാലും ഒരു പരിഷ്കൃതസമൂഹത്തില്‍ പല നിയമങ്ങളും കാലഹരണപ്പെടേണ്ടതായുണ്ട്.
സംശയത്തിന്റെ പേരില്‍ മാത്രം അറസ്റ്റ് ചെയ്യാമെന്ന അവസ്ഥയും മാറേണ്ടതാണ്.പല രാജ്യങ്ങളിലും നിരപരാധിയെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്താല്‍ ,നഷ്ടപരിഹാരത്തിനുള്ള അവകാശമുണ്ട്.

ചാണക്യന്‍ said...

നിത്യൻ

നല്ല പോസ്റ്റ്...അഭിനന്ദനങ്ങൾ........

G.manu said...

നിത്യന്‍ മാഷേ
കൊടുകൈ

തീ കോരിയിടുന്ന എഴുത്ത്
(ബാക്കി ഫോണില്‍ പറയാം..)

chithrakaran:ചിത്രകാരന്‍ said...

“കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌.”

സാംസ്ക്കാരികമായി നമ്മേ നയിക്കുന്നെന്ന് പൊങ്ങച്ചം നടിക്കുന്ന പത്രക്കാരന്റെ ദാരിദ്ര്യം ഇത്ര ദയനീയമാണെങ്കില്‍ സാധാരണക്കാരുടെ
ഘോര ദാരിദ്ര്യം എന്തായിരിക്കും !!!

വളരെ മികച്ച പോസ്റ്റ്.അഭിവാദ്യങ്ങള്‍ നിത്യന്‍ !

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

മലയാളികളുടെയത്രയും ലൈംഗികദാരിദ്ര്യമനുഭവിക്കുന്നവരും,കപടസദാചാരവാദികളും വഷളരും മറ്റാരുണ്ടു?

K.P.SUKUMARAN said...

നിത്യന്‍, പോസ്റ്റ് നന്നായിട്ടുണ്ട്. ഈയ്യിടെയായി പ്രചാരത്തില്‍ വന്ന ചില പദപ്രയോഗങ്ങളാണ് ലൈംഗികദാരിദ്ര്യം,ലൈംഗികവിശപ്പ്,ലൈംഗികപട്ടിണി എന്നിവ. ബ്ലോഗിലും ഈ പ്രയോഗങ്ങള്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നു. അടുത്തായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.വേണുവും മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെ കുറിച്ചു ഒരു ലേഖനം എഴുതിയിരുന്നു. വാസ്തവത്തില്‍ ആ ലേഖനം വായിച്ചപ്പോഴാണ് സംഗതിയുടെ ഗൌരവം ഞാന്‍ ചിന്തിക്കാനിടയായത്.

മലയാളികള്‍ക്ക് മാത്രം ഇത്രയും ഗുരുതരമായ “ലൈംഗികക്ഷാമം”(കിടക്കട്ടെ എന്റെ വകയും ഒരു വാക്ക്) വന്നു ഭവിക്കാന്‍ എന്താണ് കാരണം? മറ്റ് എല്ലായിടത്തുമെന്ന പോലെ കേരളത്തിലും ആളുകള്‍ കല്യാണം കഴിക്കുന്നുണ്ട്. മിക്കവാറും കല്യാണം കഴിച്ച എല്ലാവര്‍ക്കും ഭാര്യമാര്‍ നിലവിലുണ്ട്. അഥവാ കല്യാണം കഴിക്കാത്ത ചിലര്‍ ഉണ്ടെങ്കില്‍ അതവര്‍ വേണ്ടെന്ന് വെച്ചിട്ടാണ്. അവനവന്റെ താല്പര്യപ്രകാരം കല്യാണം കഴിക്കാന്‍ യാതൊരു വിലക്കും നാട്ടിലില്ലതാനും. ഭാര്യയുമായി യഥേഷ്ടം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതിനും തടസ്സങ്ങളില്ല. പിന്നെന്താ പ്രശ്നം?

മഹാഭൂരിപക്ഷത്തിനും ഒരു ഭാര്യയേയുള്ളൂ. ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഇല്ലാത്തതാണോ ഈ ദാരിദ്ര്യത്തിന് കാരണം? ഇഷ്ടം പോലെ വിവാഹം കഴിക്കാന്‍ അവസരമുണ്ടായാല്‍ ലൈംഗികസമൃദ്ധി ഉണ്ടാ‍കുമോ? അങ്ങനെ വന്നാല്‍ സ്ത്രീകളുടെ കാര്യം കട്ടപ്പൊകയല്ലെ. അവര്‍ക്ക് ഒരു ഭര്‍ത്താവിനെയല്ലെ ലഭിക്കൂ? അതല്ലെങ്കില്‍, വടകരയിലെ ഒരു സിദ്ധാശ്രമത്തെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് (ഇത്ര അടുത്തായിട്ടും അവിടെ വരെ ഒന്ന് പോകാന്‍ കഴിഞ്ഞിട്ടില്ല), അവിടത്തെ അന്തേവാസികളായ ആണും പെണ്ണും വിവേചനമില്ലാതെ തോന്നിയ പോലെ ഇണ ചേരും പോലും. അത്തരമൊരു അവസ്ഥയായിരിക്കുമോ ഈ ലൈംഗികപട്ടിണി മാറ്റാനുള്ള പോംവഴി?

K.P.SUKUMARAN said...

ശരീയത്ത് പ്രകാരം മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക് നാല് ഭാര്യമാരെ വരെ പൊറുപ്പിക്കാമെങ്കിലും അവരിലും ഒന്നില്‍ കൂടുതല്‍ പെണ്ണ് കെട്ടുന്നവര്‍ ഇക്കാലത്ത് വിരളമാണ്. മാമുക്കോയ പറഞ്ഞത് ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് ചിരി വരും. അദ്ദേഹം പറഞ്ഞു: “ ഞാനൊരു മുസ്ലീമാണ്. എനിക്കൊരു ഭാര്യയേയുള്ളൂ, അത് തന്നെ ജാസ്തിയാണ്. പകുതിയാക്കാന്‍ പറ്റൂല്ലല്ലൊ” ഈ ലൈംഗികപട്ടിണി വാദക്കാര്‍ക്കൊരു ചുട്ട മറുപടിയല്ലെ മാമുക്കോയയുടെ വാക്കുകള്‍? കേരളത്തില്‍ ഏത് പൊതു നിരത്തിലൂടെ സഞ്ചരിക്കുമ്പോഴും കൌമാരപ്രായക്കാര്‍ മുതല്‍ മദ്ധ്യവയസ്ക്കര്‍ വരെ സ്ത്രീകളെ കണ്ണ് കൊണ്ട് വാരി വലിച്ചു വിഴുങ്ങുന്ന പോലെ തുറിച്ചു നോക്കുന്നത് കാണാം. ഈ പ്രതിഭാസത്തില്‍ നിന്നാണോ ലൈംഗികപട്ടിണി എന്ന പ്രയോഗം ഉടലെടുത്തത്? എങ്കില്‍ അത് ലൈംഗികക്ഷാമം കൊണ്ടല്ല. കലശലായ ഞരമ്പ് രോഗം നിമിത്തമാണ്.

അള്‍ട്രാ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചു സഞ്ചരിക്കുന്ന യുവതികളെ ബാംഗ്ലൂര്‍ നഗരത്തില്‍ കാണാറുണ്ട്. എന്നാല്‍ അവിടെയാരും വായ്‌നോക്കാറില്ല. ബാംഗ്ലൂര്‍ എന്നല്ല കേരളം വിട്ടാല്‍ പെണ്ണുങ്ങളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. മലയാളികളുടെ ഈ വൃത്തികെട്ട മനോരോഗത്തെയല്ലെ ലൈംഗികദാരിദ്ര്യം എന്ന് ഓമനപ്പേരിട്ട് ഇപ്പോള്‍ എഴുത്തുകാര്‍ ആദരിക്കുന്നത്? മലയാളികള്‍ പല തരത്തിലുള്ള ആത്മീയ-മനോരോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് ഇന്ന്. കള്ള് കുടിക്കാതെ നാല് വാക്ക് നട്ടെല്ല് നിവര്‍ത്തി പറയാന്‍ കഴിയുന്നവര്‍ ഇന്ന് ചുരുക്കം. കള്ള് കുടിച്ചാല്‍ എന്തും പറയാം. ചോദിച്ചാല്‍ കുടിച്ചട്ടല്ലേ എന്ന സമാധാനവും. കള്ള് കുടിച്ച് ചെന്നിട്ട് എവിടെയാണ് ലൈംഗികപ്പെടാന്‍ സാധിക്കുക? അത് തീര്‍ക്കുന്നത് പകല്‍ സമയത്ത് വഴിയെ പോകുന്ന പെണ്ണുങ്ങളെ ഇമ വെട്ടാതെ നോക്കിയിട്ടും.

കല്യാണം കഴിച്ച് ഒരു ഭാര്യ നിലവിലുള്ള ആരും ലൈംഗികപട്ടിണി അനുഭവിക്കുന്നവരല്ല എന്നാണ് എന്റെ വാദം. അങ്ങനെ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഞരമ്പ് രോഗമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് നല്ല മനസ്സുണ്ടെങ്കില്‍ അവരുടെ ഒരോ രാത്രിയും ലൈംഗികോത്സവത്തിന്റേതായിരിക്കും.

കാക്കര - kaakkara said...

നല്ല പോസ്റ്റ്‌, ഇനി ഇത്‌ ചർച്ച ചെയ്ത്‌ വെടിപ്പാക്കി തരാം!

ആരേയും അവിശ്വാസിക്കേണ്ട, പക്ഷെ റോയി പറഞ്ഞത്‌ "ഒരു വാക്കിലെ / ചിന്തയിലെ ഭ്രാന്ത്‌" ആയി മാത്രം കണ്ടാൽ മതി.

എല്ലാവരും ആരോപിക്കുന്നു "ലൈംഗീക ദാരിദ്ര്യം"! ബാക്കിയെല്ലാവരും കുത്തകമുതലാളിമാർ!

ഞാനും അല്‌പം പട്ടിണിയിൽ തന്നെയാ, പക്ഷെ എന്റെ വിവേകം (കുറച്ചെയുള്ളു!) കാരണം ലൈംഗീക അതിക്രമത്തിന്‌ ഞാനില്ല. വാതിൽ ചവിട്ടി പൊളിക്കാനോ എത്തിനോക്കാനോ, അത്രയ്‌ക്കും പട്ടിണിയില്ലതാനും.

പക്ഷെ പെണ്ണിനെ കണ്ടാൽ മുഖവും പിന്നെ ശരീരവും നോക്കും ആണിനെ കണ്ടാലും മുഖവും പിന്നെ ശരീരവും നോക്കും. അത്‌ ഒരു രോഗമായിപോയി. "ലൈംഗീക സമ്പന്നതയിൽ ജീവിക്കുന്നവർ ക്ഷമിക്കുക!, കൂടെ "കൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടിയും".

ഇനിയിപ്പോൾ റോയിക്ക്‌ തോന്നിയത്‌പോലെയാണോ എല്ലാ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും, ഞാൻ അവരുടെ മുലയിലാണ്‌ നോക്കിയത്‌... എന്തായാലും നോക്കിപോയി... ഒരു കുന്നംകുളം മാപ്പ്‌!

നന്ദന said...

ഈ തുറന്ന് പറച്ചലിലേ ഏറ്റുപറച്ചലിൽ പുരുഷസമൂഹത്തെ മാത്രം എടുത്ത് കുറ്റപ്പെടുത്തുന്നതായി മനസ്സിലാകുന്നു, അവരാണ് മുഖത്തിനുപകരം മുലയിൽ നോക്കുന്നവരെന്ന് അരുന്ധതി പറഞ്ഞു വെച്ചത്. പക്ഷെ കേരളം വിട്ടാലും മുഖത്തിനു പകരം മുലയിൽ നോക്കുന്നവർ ധാരാളമുണ്ട് പക്ഷെ അവിടെ നോക്കപ്പെടുന്നവർ അതായത് മലയാളികല്ലാത്തവർ മുലയിൽ ഒരുത്തൻ നോക്കുമ്പോൽ മാറ് വിരിച്ച് കാണിക്കുകയല്ലതെ നാണം കൊണ്ട് ചൂളി നിൽക്കാറില്ല. ഈ ആവശ്യമില്ലാത്ത നാണമാണ് നമ്മെ കടുത്ത സദാചാരന്മാരും ചാരികളും ആക്കി തീർത്തത്. സൌന്ദര്യമുള്ളിടത്ത് ഏതൊരാളുടേയും കണ്ണുപതിയുന്നത് സ്വാഭാവികം. അവിടെ നോക്കരുത് എന്ന് പറയുന്ന മൂരാച്ചികളാണ് സദാചാരം പറയുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. എന്തിന് റോയ് സ്ത്രീകളുടെ മുലയെ ഇത്ര മഹത്വവൽക്കരിക്കുന്നത് എന്നാണ് എന്റെ പക്ഷം. ലൈഗിഗസുഖം ഭാര്യയിൽ നിന്നും കിട്ടുന്നവർക്ക് സമാധാനിക്കാം അവിടെ കിട്ടാത്തവർക്കോ? ഞാനൊരു സാമൂഹിക ദുരന്തത്തിന് ചൂട്ടുപിടിക്കുകയല്ല! കിട്ടാത്തവർ എന്ത് ചെയ്യുമെന്ന് സദാചാരകമ്മറ്റിക്കാർ ഉത്തരം പറയണം, എന്റെ ഉത്തരം പ്രണയവും സ്നേഹവും സൌന്ദര്യവുമുള്ളിടത്തേക്ക് ആണുമ്പെണ്ണും പരസ്പരം വരികയും പോവുകയും ചെയ്യും അതിനെ ഒളിഞ്ഞ് നോക്കുന്നവർക്ക് തടയിടേണ്ടത് മാന്യവതികളായ ഇതു പോലുള്ള സ്ത്രീകളാണ്. ഇതൊന്നും നോക്കിയാൽ അത്ര ഗൌരവമുള്ള വിഷയമല്ലയെന്ന് സ്ത്രീകൽ തുറന്നടിക്കുമ്പോൽ ഇത്തരം ഒളിച്ചു നോട്ടങ്ങൽ കുറയും. അല്ലാതെ ശരീരത്തിലുള്ള അവയവങ്ങളെ എന്തോ ഭയങ്കര നോക്കാൻ പാടില്ലാത്ത ഒന്നാണെന്ന് സ്ത്രീകൾ തന്നെ പറയുമ്പോൽ ഒളിച്ച് നോട്ടങ്ങൾ കൂടുകയേയുള്ളൂ, മുഖത്തിനു പകരം അവർ മുലയിലേ നോട്ടം തറപ്പിക്കുകയുള്ളൂ.

നട്ടപിരാന്തന്‍ said...

ചില കമന്റുകള്‍ പോസ്റ്റിനെക്കാള്‍ മനോഹരമാവുന്നതായി കാണാറുണ്ട്. അത്തരം ഒരു കമന്റ് ആണ് നന്ദന എഴുതിയത്.

NITHYAN said...

സുകുമാരേട്ടാ, ഈ ദാരിദ്ര്യം എന്ന വാക്ക് വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒന്നാണ്. ദരിദ്രന്‍ എന്നുപറഞ്ഞാല്‍ രണ്ടെണത്തോര്‍ത്ത് ഒരുമിച്ച് വാങ്ങി ഒന്നുടുത്ത് മറ്റേതുകൊണ്ട് തലതോര്‍ത്താനുളള ധനസ്ഥിതിയില്ലാത്തവന്‍ എന്നുമാത്രമാണു പൊതുധാരണ. വെള്ളാപ്പള്ളി നടേശന്‍ വളരേ ദരിദ്രനാണെന്നുപറഞ്ഞാല്‍ ദാരിദ്ര്യം തടിമേലില്ല, അസാരം തലയില്‍ എന്നുവേണം കരുതാന്‍. അഴീക്കോടുമാഷ് ദരിദ്രനാണെന്നുപറഞ്ഞാല്‍ പറഞ്ഞവാക്കിനു വില അശേഷമില്ലെന്നെടുത്താലും മതി. അങ്ങിനെ ദാരിദ്ര്യം പലവിധമുലകില്‍ സുലഭം.

ഇനി ലൈംഗികദാരിദ്ര്യം. ചിത്രകാരന്റെ നിരീക്ഷണം വസ്തുനിഷ്ഠമാണ്. എവിടെയാണ് നമ്മുടെ സംതൃപ്തിയുടെ സ്‌കെയില്‍. അല്ലെങ്കില്‍ അങ്ങിനെയൊന്നുണ്ടോ? പത്തുകിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും കുഞ്ചന്‍ പാടിയത് സമ്പത്തിനോടുള്ള അത്യാഗ്രഹത്തെ പരിഹസിച്ചാണ്. സ്വതവേ മാനം മര്യാദയായി നടക്കുന്ന പെണ്ണിനെതന്നെ വഴിനടക്കാന്‍ നമ്മളുവിടുകയില്ല. അപ്പോള്‍ പിന്നെ 'കണ്ണിണകൊണ്ടു കടുകു വറുക്കുന്ന പെണ്ണിനെ കണ്ടാലടങ്ങൂമോ പൂരുഷന്‍' എന്നും കുഞ്ചന്‍ പരിഹസിച്ചത് വെറുതെയല്ല. Man needs a space and woman needs a reason for sex എന്നു ഞാന്‍ എവിടെയോ വായിച്ചത് ഓര്‍മ്മവരുന്നു. സുകുമാരേട്ടന്‍ പറഞ്ഞതും ഒരു പരിധിവരെ ശരിയാണ്. കള്ളുംകുടിച്ചുപോയി സംഗതി ഒത്തുകിട്ടാതാവുക. ബോധം തെളിയുമ്പോള്‍ ലൈംഗികദാരിദ്ര്യപ്രഖ്യാപനം നടത്തി വഴിനടക്കുന്നതിനെ തുറിച്ചുനോക്കുന്ന പ്രതിഭാസവും ഇല്ലെന്നുപറയുന്നില്ല.

ലൈംഗികതയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവില്ലാത്തതും ലൈംഗികദാരിദ്ര്യത്തിനു ഹേതുവാകാം. ലൈംഗികബന്ധം എന്നത് എതാണ്ട് കീലേരികുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ ബാറിന്‍മേല്‍ ചാട്ടത്തിനുമപ്പുറമുള്ള എന്തോ ഒരു സര്‍ക്കസാണെന്ന തോന്നല്‍ നാട്ടില്‍ സുലഭമായി കിട്ടുന്ന ബ്ലൂഫിലിമുകള്‍ ആണ്‍പ്രജകളില്‍ സൃഷ്ടിച്ചിട്ടുണ്ട്. സ്വാഭാവികമായും ഗുരിക്കള്‍ക്കൊത്ത ചാട്ടക്കാരിയല്ല പുല്‍പായില്‍ അഥവാ മെത്തയില്‍ എന്നതോന്നലുളവാകും. ഫലമോ അറിവില്ലായ്മയില്‍ നിന്നുമുദിക്കുന്ന ദാരിദ്ര്യവും.

പ്രകൃതിയുടെ വികൃതിയും ഒപ്പിച്ചത് ചില്ലറ ഉപദ്രവമല്ല. നിത്യനെ പോളിഗമിക് (ഒന്നിലധികം പങ്കാളികള്‍) ആയും നിത്യകാമുകിയെ മോണോഗമസ് (ഏകപങ്കാളി) ആയും സൃഷ്ടിച്ചതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം പ്രകൃതിക്കാണ്. സത്യമായും ധാര്‍മ്മികബോധമോ, സദാചാരചിന്തകളോ ഒന്നുമല്ല നിത്യനെ മോണോഗമസ് ആക്കുന്നത്. ചില്ലറ മറ്റുചില വേലിക്കെട്ടുകളും ഭയങ്ങളുമാണ്.

തറവാടി said...

ഒരനുഭവം പറയാം, കല്യാണം കഴിഞ്ഞ കാലത്താണ്, കോഴിക്കോടെത്തിയപ്പോള്‍ വളരെ വൈകി. അവിടെ താമസിച്ചാലേ പറ്റൂ. ഭേതപ്പെട്ട മൂന്നോ നാലോ ഹോട്ടലുകളില്‍ കയറിയെങ്കിലും അടിമുടിനോക്കിയശേഷം മുറിയൊന്നും ഒഴിവില്ലെന്ന് അറിയീച്ചു.

എന്തായാലും പോലീസ് സഹായം വേണ്ടിവരും എന്നുറപ്പായി അവസാന ശ്രമമായി കല്‍‌പ്പക ബസാറില്‍ കയറി, അവിടെ മുറി ലഭിക്കയും ചെയ്തു.

പോസ്റ്റ് നന്നായി, പക്ഷെ എന്റെ കാഴ്ചപ്പാടില്‍ ഒരു ചെറിയ വ്യത്യാസമുണ്ട്.

>>അസൂയക്ക്‌ ലൈംഗികദാരിദ്ര്യത്തില്‍ പിറവിയെടുക്കുന്ന സന്തതിപരമ്പരകളായിരിക്കും എക്കാലത്തെയും മികച്ച മോറല്‍ പോലീസുകാര്‍<<

എക്കാലത്തേയും മികച്ചത് എന്ന ഒരു വാക്കുള്ളതിനാല്‍ എല്ലാവരും എന്നര്‍ത്ഥമില്ലെന്ന് വരുന്നു അത്കൊണ്ട് തന്നെ ഭാഗികമായംഗീകരിക്കുന്നു കാരണം ഒരു പക്ഷെ താങ്കള്‍ സൂചിപ്പിച്ച മോറല്‍ പോലീസില്‍ ഞാനംഗമായേക്കാം എന്നാല്‍ തീര്‍ച്ചയായും അത് താങ്കള്‍ സൂചിപ്പിച്ച മുകളിലെ കാരണം കൊണ്ടല്ല.
ഇനി പെരുമാറ്റത്തെപറ്റിയാണെങ്കില്‍ ,

പെണ്ണുങ്ങളോട് മാത്രമല്ല ആണുങ്ങളോട് മുഖത്ത് നോക്കി കോണ്‍ഫിഡന്റായിട്ട് സംസാരിക്കുന്ന എത്രപേരുണ്ടെന്ന് നോക്കിയാല്‍ മതി ;)

നന്ദിനിക്കുട്ടീസ്... said...

നിത്യൻ താങ്കളുടെ അഭിപ്രായങ്ങളോട്‌ ഞാൻ തീർത്തും വിയോജിക്കുന്നു. എന്റെ അയല്പക്കത്തുള്ള വീട്ടിൽ അച്ചനുമമ്മയുമെല്ലാം വിദേശത്താണ്‌. ഇവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അവരുടെ മകൾ അവളുടെ കൂട്ടുകാരനുമൊത്ത്‌ ഇടക്കിടെ വന്ന്‌ വാതിലടച്ചിട്ട് സംശയ നിവാരണം നടത്തുകയും ഇതെല്ലാം കാണുമ്പോൾ എന്നെ നോക്കി മുഖം ചുളിക്കുന്ന എന്റെ ഭാര്യയോടും മക്കളോടും ഇതിലൊന്നും അസാന്മാർഗ്ഗികമായോ സമൂഹത്തിനു നിരക്കാത്തതായൊ യാതൊന്നുമില്ലെന്നും ഞാൻ അവരെ പറൻഞ്ഞു പഠിപ്പിക്കുകയും ചെയ്തതിനു ശേഷം എന്റെ മക്കളും ഇതു പോലെ സംശയ നിവാരണത്തിനായി പോയി തുടങ്ങിയാൽ എന്റെ അല്ല നമ്മൾ മലയാളികളുടെ എല്ലാ സാംസ്കാരിക ദാരിദ്രവും അവസാനിക്കുമോ?

SONY.M.M. said...

യാത്ര ഒരുവന്റെ വിനോദവും ഒരുത്തിയുടെ വെപ്രാളവുമാണെങ്കില്‍ പോലീസുകാര്‍ ഇടപെടുക തന്നെവേണം......

അവിടെയായിരിക്കും പോലീസ് ഏറ്റവും വൈകി എത്തുന്നത്

പാര്‍ത്ഥന്‍ said...

കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ്‌ അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്‌

ഇങ്ങനെ മലയാളി പത്രപ്രവർത്തകരെമാത്രം ഇകഴ്ത്തി സംസാരിക്കേണ്ടിയിരുന്നില്ല. മനുഷ്യന്റെ സൌന്ദര്യ ആസ്വാദനത്തിന്റെ തോത് മുഴുവനായും അളന്ന് തിട്ടപ്പെടുത്താൻ കഴിയില്ല. കേരളത്തിലെ മാത്രമല്ല ലോകത്തിൽ ഏകദേശം 50% ആളുകളും സ്ത്രീകളുടെ മുഖത്തുനോക്കുന്നതിനുമുമ്പ് മുലയിൽ തന്നെയാണ് നോക്കുക. ഞാൻ പറയുന്നതല്ല. ന്യൂസിലാന്റിലെ ചില ശാസ്ത്രജ്ഞന്മാർ ചില സൂത്രങ്ങൾ ഉപയോഗിച്ച് കണ്ണിന്റെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചതിൽ നിന്നും മനസ്സിലാക്കിയ ഒരു സത്യമാണത്.(ന്യൂസ് ഇവിടെയും , ഇവിടെയും ഉണ്ട്.) പക്ഷെ കേരളത്തിലെ സാംസ്കാരിക പോലീസുകാർക്ക് മറ്റുള്ളവരുടെ സ്വകാര്യതയിൽ കട്ടുറുമ്പാകുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതിയെക്കുറിച്ച് പഠിക്കാൻ വേറെ ഒരു സർവ്വെ നടത്തേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ സ്വകാര്യതയിൽ ഇടപെടുന്നവരെ ഞരമ്പുരോഗികൾ എന്നു പറയുന്നതാകും ദരിദ്രർ എന്നു പറയുന്നതിലും നല്ലത്. കടുക്ക കഷായം ഇപ്പോഴും ഫലിക്കുമോ എന്തോ.

യൂസുഫ്പ said...

മൃഗങ്ങള്‍ ഭാഗ്യവാന്മാര്‍.....

Anonymous said...

ഒക്കെ സമ്മതിച്ചു, പക്ഷേ അരുന്ധതി റോയ് പറഞ്ഞതിനോട് യോജിക്കാൻ വയ്യ. തുറിച്ചുനോക്കാൻ പറ്റിയ അമ്മിഞ്ഞയേ, ച്ഛേയ്! ആ കുഞ്ഞുങ്ങളോ, വേറാരേലുമാ പറഞ്ഞേങ്കിൽ സമ്മതിക്കാരുന്നൂ!

Shereef said...

anonymous paranjathintey baakiyanu sariyaya kaaryam. aayamma oru manchester ( man chester ) ayathu kondu aarum ithu varey aa bhagathottu nokiyilla. ini ithu kondu vallavanum nokkunnenkil nokkikottey ennayirikkum

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

1)കേരളത്തിൽ വിവാഹിതരായ പുരുഷന്മാരാണ് കൂടുതൽ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്നത്. സ്ത്രീകൾ പ്രസവത്തിനു ശേഷം കുട്ടികളെ മുലയൂട്ടൽ, താലോലിക്കൽ തുടങ്ങിയ പ്രവര്ത്തികളിലൂടെ സായൂജ്യം കണ്ടെത്തുമ്പോൾ തടയപ്പെടുന്നത് പുരുഷന്മാരുടെ ലൈംഗീക അവകാശങ്ങൾ ആണ്. അതൊകൊണ്ടാണ്‌ പലരും നീല ചിത്രങ്ങളിലും നീല ചർച്ചകളിലും തോണ്ടലുകളിലും രതിസുഖം കണ്ടെത്താൻ ശ്രമിക്കുന്നത്

2) സൗന്ദര്യസ്വാദനം അഥവാ വായിനോട്ടം ഒരു വലിയ തെറ്റാണോ? ഒരു മനുഷ്യനെ (സ്ത്രീയോ പുരുഷനോ ആയികൊള്ളട്ടെ ) നോക്കത്തതാണ് (മുഖത്തോ മറ്റെവിടെയെങ്കിലുമോ) ഇന്നത്തെ സാമൂഹിക പ്രശ്നം എന്നു തോന്നുന്നു. ട്രെയിനിലും ബസ്സിലും സഞ്ചരിക്കുമ്പോൾ പുതു തലമുറ മൊബൈലിലും ടാബിലും മുഖമമർത്തി തന്റെ മുൻപിലുള്ള മനുഷ്യജീവിയെ മറന്ന് ഇരിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നാറുണ്ട്