September 26, 2007

ആദ്യം കളരിക്കുപുറത്ത്‌ പിന്നെ രാഘവന്‍ഗുരുക്കളുടെ നെഞ്ചത്ത്‌

സഹകരണം അഥവാ സമ്പൂര്‍ണ സഹകരണത്തിന്റെ ഉത്തമ മാതൃകയാണ്‌ പരിയാരത്ത്‌ അരങ്ങുതകര്‍ത്തത്‌്‌. അമ്മയെ തല്ലിയാലും രണ്ടഭിപ്രായത്തിന്‌ സ്‌കോപ്പുണ്ടെങ്കിലും ദൈവം സഹായിച്ച്‌ ഇവിടെയതില്ല.

തിരഞ്ഞെടുപ്പ്‌ നടത്തേണ്ട ഉദ്യോഗസ്ഥന്‍മാര്‍, കാവല്‍മാലാഖമാരായ പോലീസുകാര്‍ പിന്നെ പേരുകേട്ട സഹകാരികളും കൈകോര്‍ത്തപ്പോള്‍ പണ്ട്‌ മാര്‍ക്‌സ്‌ പറഞ്ഞ ഭരണകൂടം കൊഴിഞ്ഞുവീഴുന്ന സുന്ദര മുഹൂര്‍ത്തം.

ഒന്നുകൂടി ചിന്തിച്ചാല്‍ ഇവിടുത്തെ വിപ്ലവകാരികള്‍ ലെനിനും മുമ്പ്‌ ജനിച്ചിരുന്നെങ്കില്‍ വിപ്ലവം ലോകം മുയ്‌മന്‍ ഇതിനകം നടന്നേനെ. ഭരണകൂടം കാലമെത്തിയിട്ടും സ്വയം കൊഴിഞ്ഞുവീഴാത്തതുകൊണ്ട്‌ നാട്ടുകാരെല്ലാരും കൂടി റഷ്യയിലെ പോലെ കൊഴിച്ചുതാഴെയിട്ട അവസ്ഥയും ഉണ്ടാകുമായിരുന്നില്ല.

ഇപ്പോള്‍ കണ്ണൂരില്‍ പട്ടയം കിട്ടിയ ഈ ജനകീയ ജനാധിപത്യ സഹകരണ വിപ്ലവത്തിന്‌ ഒരു 13 ജില്ലയില്‍ കൂടി വിരിവിന്‌ അപേക്ഷിച്ചാല്‍ സംഗതി ക്ലീന്‍. സമ്പൂര്‍ണ വിപ്ലവ കേരളം. പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വിരിവുനേടേണ്ടകാര്യം സി.പി.ഐ സഖാക്കള്‍ക്ക്‌ വിട്ടുകൊടുത്താല്‍ ഭംഗിയാക്കിത്തരും.

നേരാം വണ്ണം വിപ്ലവം നടത്തി തലപോകുന്നതിലും എന്തുകൊണ്ടും നല്ലത്‌ ഉള്ള തലവച്ച്‌ നന്നായി സഹകരിക്കലാണ്‌. തലക്കനം മാത്രമല്ല മടിക്കനവും കൂടിക്കൊണ്ടേയിരിക്കും.

അല്‌പബുദ്ധികളായ നേതാക്കളുടെ ഏറ്റവും വലിയ ആസ്‌തി ബഹുഭൂരിപക്ഷം വരുന്ന മന്ദബൂദ്ധികളായ അനുയായികളാണ്‌. മാര്‍ക്‌സിസത്തിന്റെ പരാജയകാരണവും സഹകരണത്തിന്റെ വിജയകാരണവും അതുതന്നെയാണ്‌. പടക്കളത്തിലെ കുതിരയെപ്പോലെ അക്കൂട്ടര്‍ ചാവുന്നതുവരെ ഓടിക്കൊള്ളും. ജയവും തോല്‍വിയും കുതിരയുടെ പുല്ലിലും വെള്ളത്തിലും യാതൊരു വ്യതിയാനവും ഉണ്ടാക്കുകയുമില്ല.

നയിക്കപ്പെടുന്നവരുടെ ബുദ്ധി ദാരിദ്ര്യരേഖക്ക്‌ ലേശം താഴെയാവുന്നതുകൊണ്ട്‌ ഒരുപാട്‌ ഗുണങ്ങളുണ്ട്‌. വോട്ടില്ലെങ്കിലും നേരം പരപരാ വെളുക്കുന്നതിനും മുമ്പുതന്നെ വന്ന്‌ ക്യൂവില്‍ നിന്നുകൊള്ളും. അരണയുടെ അവസ്ഥയായതുകൊണ്ട്‌ അടി രണ്ടു കിട്ടിയാലും രണ്ടടി നടക്കുമ്പോഴേക്കും അടിയുടെ ഓര്‍മ്മ പാടേ മാറിക്കിട്ടും. പിന്നെ വേദനമാത്രമേ കാണുകയുള്ളൂ. പില്‍ക്കാലത്ത്‌ മാളത്തില്‍ നിന്നും പാമ്പിനെപോലെ ഓര്‍മ്മകള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുക നേതാക്കള്‍ക്കുമാത്രമാവും.

എതിരാളികളുടെ വകയായോ ഏമാന്‍മാരുടെ വകയായോ അടി രണ്ടു കിട്ടണം അല്ലെങ്കില്‍ കൊടുക്കണമെന്നല്ലാതെ നാളേക്ക്‌ പെന്‍ഷന്‍ കിട്ടണമെന്നൊന്നും അവറ്റകള്‍ കിനാവുകൂടി കാണുകയില്ല.

ആയ കാലത്തുകിട്ടിയ അടി ആപത്തുകാലത്ത്‌ ക്ഷയമായി മാറുകയാണ്‌ പതിവ്‌. ആ സുവര്‍ണാവസരം സമാഗതമായാല്‍ അടിക്കു മതിയായ കാരണമായ ആ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ തന്നെ പോയി കിടന്ന്‌ മരിക്കാം. ചികിത്സിച്ച്‌ കൊല്ലുന്ന വഹയിലുള്ള ബില്ല്‌ അടക്കാന്‍ സഹായനിധിക്കായി പാട്ടനാദം പുറപ്പെടുവിപ്പിക്കാനുള്ള ആളുകള്‍ക്ക്‌ ക്ഷാമമുണ്ടാവുകയില്ല. ഗീത പറഞ്ഞതുപോലെ സംഭവിക്കുന്നതെല്ലാം അപ്പോഴാണ്‌ നേതാക്കളുടെ നല്ലതിനാവുക.

സഹകരണ മേഡിക്കല്‍ കോളിജുകളുടെ കാര്യത്തിലുള്ള ഈ ശുഷ്‌കാന്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളിജുകളുടെ കാര്യത്തില്‍ ഒട്ടുംതന്നെ ആവശ്യമില്ലെന്നതാണ്‌ പുതിയ വിപ്ലവലൈന്‍. സര്‍ക്കാര്‍ ധര്‍മ്മാശുപത്രികളില്‍ തറയില്‍ ചുരുണ്ടുകൂടി ചികിത്സ തേടുക ബൂര്‍ഷ്വാഭരണകൂടത്തിന്റെ പിണിയാളുകളുകളായ വന്‍കിട കുത്തക മുതലാളിമാരാണ്‌. അവറ്റകളെ ശരിക്കുപറഞ്ഞാല്‍ വിഷം കൊടുത്തു കൊല്ലുകയാണ്‌ വേണ്ടത്‌.

കോഴിക്കോടു മെഡിക്കല്‍ കോളിജുപോലുള്ള ഇടങ്ങളില്‍ എടുത്തിട്ട കെട്ടിടങ്ങള്‍ കൂടി ദ്രവിച്ചുവീഴുകയല്ലാതെ ഒരൊറ്റ വെള്ളക്കുപ്പായക്കാരെയും നിയമിച്ച്‌ വിപ്ലവത്തിന്റെ ഭാവി ഹലാക്കാക്കിക്കളയരുത്‌. അതാണ്‌ അടവുനയം.

ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത ആദിവാസികളുടെയും കൂലിപ്പണിക്കാരന്റെയും ഏകാശ്രയകേന്ദ്രങ്ങളാണല്ലോ സഹകരണ ആശുപത്രികളും മേഡിക്കല്‍ കോളിജുകളും. അങ്ങോട്ട്‌ ഒന്നറിയാതെ കയറിപ്പോയാല്‍ പിന്നെ ജീവനുണ്ടെങ്കില്‍ കിടപ്പാടത്തിന്റെ ആധാരം മാനേജരെ ഏല്‌പിച്ച്‌ അന്തസ്സായി തിരിച്ചിറങ്ങാം. ഫീസടച്ചാല്‍ സ്റ്റാര്‍ട്ടാവുന്ന ആംബുലന്‍സ്‌ അവിടെത്തന്നെയുള്ള സ്ഥിതിക്ക്‌ ചത്തുപോയാലും ഭയക്കണ്ട കാര്യമില്ല.

കളരിക്കുപുറത്ത്‌ അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത്‌ എന്നു കേട്ടിട്ടുണ്ട്‌. കളരിക്കുപുറത്തായ ഗുരുക്കളുടെ നെഞ്ചത്ത്‌ എന്നത്‌ ഇപ്പോള്‍ എല്ലാവരും പരിയാരത്തു കണ്ടു. പൈതങ്ങള്‍ക്ക്‌‌ നാവില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വിധിപ്രകാരം വരച്ചുകൊടുത്ത്‌ വിപ്ലവത്തിന്റെ ഹരിശ്രീയെഴുതിച്ച കണ്ണൂരിലെ പേരുകേട്ട ഗുരുക്കളാണ്‌ എം.വി.അര്‍.

നമ്മള്‍ ഹരിശ്രീ കുറിച്ച ശിഷ്യന്‍മാര്‍ നമ്മളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കുമ്പോള്‍ ഗുരുക്കള്‍ക്ക്‌ വിറളിപിടിക്കുകയാണോ വേണ്ടത്‌ അല്ലെങ്കില്‍ പാണഡവരെ അനുഗ്രഹിച്ച ഭീഷ്‌മരെപ്പോലെ നീണ്ടുനിവര്‍ന്നുനിന്ന്‌ മൂര്‍ദ്ദാവില്‍ കൈവെച്ച്‌ കള്ളവോട്ടുചെയ്‌ത ആങ്കുട്ട്യേളെ ഓരോരുത്തരെയായി വരിവരിയായി നിര്‍ത്ത്‌ ആയുഷ്‌മാന്‍ ഭവ: എന്നും ധീരവനിതകളെ ദീര്‍ഘസുമംഗലീ ഭവ: എന്നും അനുഗ്രഹിക്കുകയല്ലേ വേണ്ടത്‌.

വസന്തം സമാഗതമാവുമ്പോള്‍ നാം കുയിലിന്റെ സംഗീതം കേള്‍ക്കുന്നു. അതുവരെ ആ പക്ഷി മൗനം പാലിക്കുന്നു എന്നു പറഞ്ഞത്‌ ചാണക്യനാണ്‌. എല്‍.ഡി.എഫ്‌ ഭരണം തുടങ്ങിയതുമുതല്‍ കേരളത്തില്‍ മൊത്തത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമാണ്‌. അതുകൊണ്ടുതന്നെ മന്ത്രിസഭയിലെ കവികോകിലമായ സുധാരന്റെ നാവിനു വിശ്രമവുമില്ല. താന്തോന്നി രാഗത്തില്‍ വിപ്ലവതാളത്തില്‍ അവസാനം പാടിയതാകട്ടെ "എല്ലാം നീതിപൂര്‍വ്വ"മെന്നും.

'വിധി' വിപരീതമാവുമ്പോള്‍ 'ചിന്ത' കാടുകയറിപ്പോവുമെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ ബഹുമാനപ്പെട്ട കോടതി താത്‌ക്കാലികമായി ബൂര്‍ഷ്വാകോടതിയായി മാറും. ഏതാണ്ട്‌ അതിനുള്ളൊരു സാദ്ധ്യതയും ഇല്ലാതില്ല.