December 17, 2009

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും.

ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
ആയൊരു സ്വര്‍ഗ്ഗീയാനുഭൂതിക്കുശേഷം പിന്നെ കാഫിര്‍ ലൈലമാരുടെ മേല്‍ വിലാസം തന്നെ കാണുകയില്ല. അതായത് പ്രണയവും പ്രണയിയും മതവും പ്രണയിതാവും എല്ലാംകൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസമാറ്റം. ഇതെല്ലാം ലവ് ജിഹാദാന്ന് പറയുന്നവന്റെ തലയാണ് പരിശോധിക്കേണ്ടത്. കള്ളനെ ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ലപണി കള്ളന്‍ എന്ന പദം ഭാഷയില് നിന്നു നീക്കം ചെയ്യുകയാണ്. ലവ്ജിഹാദ് ഇല്ലാതാക്കുവാന് ഏറ്റവും നല്ലത് ആ പദം നിരോധിക്കലാണ്. വണ്ടര്‍ഫുള്‍. ആ കോട്ടിട്ട ഏമാനോട് ആരെങ്കിലും ഇതൊന്നു പറഞ്ഞുകൊടുത്താല്‍ രച്ചപ്പെട്ടു.

പെരിയ ബുദ്ധിമാന്മാരുടെ ഫോറമായ വര്ക്കേഴ്സ് ഫോറം ബ്ലോഗിന്റെ തലക്കെട്ടുതന്നെ 'പ്രണയിക്കുന്നതിനുമുന്നേ ജാതി സര്ട്ടിഫിക്കറ്റ് ചോദിച്ചുവാങ്ങുക' എന്നതായിരുന്നു. അതുതന്നെയല്ലേ അതിന്റെയൊരു ശരി. നിത്യന്റെ ചെറിയ ബുദ്ധിയില് തോന്നുന്നതും അതുതന്നെയാണ്. വിശുദ്ധപ്രണയത്തിനും മീതെയാണ് ജീവനില്ലാത്ത മതങ്ങളുടെ സ്ഥാനം എന്നുകരുതുന്ന മതഭ്രാന്തന്മാര് അത്യാവശ്യമായി ചെയ്യേണ്ടതും അതുതന്നെയാണ്.

ഏതെങ്കിലുമൊരു ഹൂറിയുടെ ഒറ്റനോട്ടത്തില് ഫ്ലാറ്റായി നിലംപതിക്കുംമുന്നേ ജാതിസര്ട്ടിഫിക്കറ്റു ചോദിക്കുക. കാഫിര്‍ ഹൂറിയാണെങ്കില് പ്രേമലേഖനത്തിന്റെ പൈലറ്റുവാഹനമായി ഒരു മതലേഖനം ഇടതുകാലെടുത്തുവച്ചങ്ങ് ചെല്ലട്ടെ. ഒന്നുരണ്ടുവരി മതിയാവും - അന്റെ ഖല്ബേ ന്റെ മുടിച്ചുരുളിലെ ആ തുളസീദളവും നെറ്റിയിലെ ചന്ദനക്കുറിയും മോന്തിക്കേത്തെ ആ ഹലാക്കിന്റെ വെളക്കിന് തീവെക്കലും ഞമ്മക്ക് ഹറാമാണ്, ജ്ജ് മതം മാറണം. ഇന്ന ഞമ്മക്ക് കെട്ടണം. ഇദ്ന്നെ ധാരാളം. ഇതിന്റെ ഒരു കോപ്പി അന്ത ഹൂറിയുടെ അച്ഛനും ആങ്ങളമാര്ക്കും കൊടുത്താല് സംഗതി എളുപ്പമാവുകയും ചെയ്യും. കാരണം പിതാവിന്റെ സമ്മതമില്ലാത്ത വിവാഹം ഇസ്ലാമില് സാധുവല്ല.

രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഒരു മതപണ്ഡിതന്റെ മറുപടി നോക്കുക. (http://www.islamicvoice.com/august.98/marriage.htm#NON)

Marriage to a non Muslim

Q). My friend wants to marry a Hindu girl who says that she would convert to Islam after the marriage. Can he do that?

(Name and address witfiheld)

A). If your friend wants his marriage to be valid, his intended wife must adopt Islam before the marriage contract is done. Otherwise the marriage cannot go through. It is not possible for a Muslim to get married to a woman who follows any religion other than Islam, Christianity or Judaism. Since this woman does not follow any of these religions, her marriage to your friend is not valid. If she adopts Islam first, she is no longer a Hindu. She will then be a Muslim and as such, there will be no hindrance to prevent her marriage to your friend.

A marriage that can never be

Q). A friend of mine has been involved with young man who is a Hindu. She has not been able to resist her feelings despite her repeated attempts to do so. I have tried to persuade her to end this relationship, but despite all efforts their relationship is getting stronger. She is a good believer in Islam, and she has told me repeatedly that even if she marries him, she would never change her religion. Please advise.

(Name and address withheld)

A). Has this friend of yours ever asked herself whether the young man in her life really cares for her? How serious is he about their relationship? Does he think of her half as much as she thinks of him? Reading your letter, I feel that the answer to all these questions is in the negative. What is happening in her case is that she is placing herself at his feet and he is looking at her with contempt. Why should he not do so when she is defying her family, society and her faith for his sake?

It may be that your friend has not received an elementary religious education. Nevertheless, she should have known that it is not possible for a Muslim woman to marry any man who is not a Muslim, it is not enough that she says that she would never change her religion even if she gets married to him. Such a marriage can never be. It may be that she can get the marriage legally recognized in a European country or in India, or in a non-Muslim country. But that 'legality' does not make the marriage lawful. It is not open for any authority to change God's law. Nor is it possible for any authority to make lawful what God Himself has forbidden. God simply does not accept that a Muslim woman could marry a non-Muslim regardless of the religion he follows. So, if she wants to get married to him she has to look for some other way to make such a marriage lawful.

പണ്ഡിതന്റെ മതഭ്രാന്തിന്റെ ജ്വലിക്കുന്ന ഉദാഹരണമല്ലേ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. ഒരുവന് ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ ആവുന്നതിനും മുന്നേ ഒരു നല്ല മനിസനാവണം എന്ന ബോധം അരിയപെരിയെ പോയിട്ടില്ല. മരണംവരെ ഇനി മണിക്കൂറില് 100 കി.മീ വേഗത്തിലോടിയാലും ആ ബോധത്തിനടുത്തെത്തുന്ന ലക്ഷണവും ആ വാക്കുകളിലില്ല. ആ ഇടുങ്ങിയ മതബോധത്തിന്റെ മാത്രം ഇടനാഴികളില്‍ ചിന്തയുടെ ഒരു സ്ഫുലിംഗത്തിനുകൂടി സ്ഥാനവുമില്ല. ഇങ്ങിനെയുള്ള ഒരുകൂട്ടം പ്രവചകശിഷ്യരാണ് ഒരു സമൂഹത്തെ നയിക്കുന്നതെങ്കില് ലവ് ജിഹാദ് ഉണ്ടായതിലെന്തല്ഭുതം.

ചോദ്യം രണ്ട്. അവളുടെ മതം അയാള്‍ക്കൊരു പ്രശ്നമല്ല എന്നത് ചോദ്യത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അല്ലെങ്കില്‍ അയാള്‍ തന്നെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നവള്‍ സുഹൃത്തിനോടു പറയുമായിരുന്നു. അയാള്‍ക്കവളെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് അവളുടെ മതത്തിലേയ്ക്ക് അയാള്‍ക്ക് മാറിക്കൂടാ എന്നാണ് പണ്ഡിതന്റെ അഥവാ പാമരന്റെ ചോദ്യം. സമുദായ സ്നേഹികള്‍ ദയവായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്. നയിച്ച് ജീവിക്കാനറിയാത്ത ഈ മതപണ്ഡിതന്മാര്‍ക്ക് സുഭിക്ഷം കഴിയാനുള്ളത് അങ്ങോട്ടെത്തിച്ചുകൊടുത്തേക്കുക. വഷളുപറയാനായി മാത്രം വായതുറക്കരുതെന്ന ഒരുപദേശവും കൂടെ കൊടുക്കുക. ആ ചോദ്യത്തില്‍ നിന്നും എങ്ങിനെയാണ് അയാള്‍ ആ മുസ്ലീംയുവതി അവളെ ഹിന്ദുയുവാവിന്റെ കാല്‍ചുവട്ടില് കാഴ്ചവെച്ചിരിക്കുകയാണെന്നും അയാള്‍ അവളെ അവജ്ഞയോടെയാണ് പരിഗണിക്കുന്നതെന്നും മനസ്സിലാക്കിയത്.

മതവും രാഷട്രീയവും തമ്മിലുള്ള ആ എടപാട് അഥവാ അഗമ്യഗമനത്തില്‍ നിന്നാണല്ലോ ഭീകരതയുടെ ജനനം. മതം തലയ്ക്കുപിടിച്ച മഹാന്മാര്‍ക്കായി ഈ മതനിരപേക്ഷ രാജ്യത്ത് വേണ്ടത്ര തൊഴില്‍മേഖലകളുണ്ട്. അവര്‍ക്ക് മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ടവ. അമ്പലങ്ങളും പള്ളികളും ഇഷ്ടംപോലെയുണ്ടല്ലോ. രാപകല്‍ പൂജ അമ്പലങ്ങളില്‍ നടക്കട്ടെ. പൂജക്ക് ചൂടും പുകയും കൂടിപ്പോയി പടച്ചോന്‍ അകാലമൃത്യവരിച്ച് നിവേദ്യം ബലിച്ചോറായതായി ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പള്ളികളില്‍ അഞ്ചുനേരമെന്നുള്ളത് അമ്പതുനേരമെന്നാക്കിയാലും നന്നായിരിക്കും. കാരണം മതം തലയക്കുപിടിച്ചവന് പുറത്തിറങ്ങുന്നത് നാട്ടിനാപത്താണ്. തടിയന്റവിടമാരാവാന്‍ പറ്റിയില്ലെങ്കില്‍ മെലിയന്റവിടമാരെങ്കിലുമാവാതിരിക്കില്ല.

സ്വന്തം ജീവനുമീതെ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രം പറഞ്ഞതാണ് പ്രണയം. മതത്തിനുമീതെ മനുഷ്യനെ കാണാന് പറ്റാത്ത, വിവരിക്കാന്‍ വാക്കുകളില്ലാത്തതും ഉപമിക്കാന്‍ ജീവികളില്ലാത്തതുമായ കൂട്ടര്‍ക്ക് പറഞ്ഞപണിയല്ല അത്. 'ലവ് ജിഹാദ്' എന്നു കോടതി പരാമര്‍ശിച്ചപ്പോള്‍ ചില്ലറ നാവുകളൊന്നുമല്ല അവിശ്രമം അതിനെതിരെ ശബ്ദിച്ചത്. അങ്ങിനെയൊന്നില്ല എന്നൊരുകൂട്ടര്. അതുതാനല്ലയോ ഇത് എന്ന് അനുഭവത്തിലാശങ്ക എന്നു മറ്റുചിലര്‍.

'ലവ് ജിഹാദ്' എന്നൊരു അജണ്ടയില്ല എന്നു നിത്യന് വിശ്വസിക്കാം. അപ്പോള്‍ പുട്ടപര്ത്തിയിലെ സായിബാബ ശൂന്യതയില്‍ നിന്നുതന്നെയാണ് എച്ച്.എം.ടി വാച്ചുണ്ടാക്കുന്നതെന്നും നിത്യന് വിശ്വസിക്കേണ്ടിവരും. ശൂന്യതയില്‍ നിന്ന് ഒന്നുമുണ്ടാക്കാന്‍ ആവുകയില്ല എന്ന തത്വം സായിബാബയ്ക്ക് മറുപടിയാവുന്നതുപോലെ ശൂന്യതയില് നിന്നും ഒരു ലവ് ജിഹാദ് ഉണ്ടാവുകയില്ലെന്ന് മതഭ്രാന്തന്മാരും അവരുടെ പിരാന്തിന് ദഫുമുട്ടുന്ന മതേതരപ്രതിഭകളും അറിയേണ്ടതാണ്. തീയ്യില്ലാതെ പുകയുകയില്ല.

ബഹുമാനപ്പെട്ട കോടതി അവമാനപ്പെട്ട ആ പദമാണ് നിരോധിക്കേണ്ടതെന്നായിരുന്നു ആദ്യത്തെ സുചിന്തിത നിലപാട്. ഇപ്പോള്‍ കോടതി ആ പരാതി തള്ളി. 4000 സ്ത്രീകളെ പ്രേമിച്ച് മതം മാറ്റിയതായും പറഞ്ഞു. 1600 എണ്ണം മലബാറിലാണെന്നും പറഞ്ഞു. കോടതിയുടെ നിരീക്ഷണം തെളിവില്ലാതെയാണെങ്കില്‍ സുപ്രീംകോടതി എന്നൊരു സംഗതിയുണ്ടല്ലോ? ലവ് ജിഹാദിനെപറ്റി അന്വേഷിക്കാന് കോടതി പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയവരെല്ലാം ഇപ്പോള്‍ സമാധിയടഞ്ഞോ?

പരിശുദ്ധമായ പ്രണയത്തിനും മീതെ മതത്തെ പ്രതിഷ്ഠിക്കുന്നവന് മറ്റുമതങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴം പറഞ്ഞറിയിക്കേണ്ടിവരില്ല. ബൂദ്ധി പണയപ്പെടുത്തി നേടുന്ന അറിവാകുമ്പോള്‍ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും.

നിത്യപുത്രി സംഘമിത്ര നാളെ ഏതുമതക്കാരനെ വിവാഹം കഴിക്കുന്നൂവെന്നത് മതസഹായവും ദൈവസഹായവും ആവശ്യമില്ലാത്ത നിത്യനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അവള്‍ നാളെയൊരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചൂവെന്നിരിക്കട്ടെ. വിവാഹവേദിയില്‍ നിത്യനുണ്ടാവും, ഉയിരോടെയുണ്ടെങ്കില്‍.

ഇനി, സംഘമിത്ര ഇസ്ലാമാവണം എന്നാണ് പ്രണയിച്ചവന്റെ നിലപാടെങ്കില്, ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ എന്നായിരിക്കും നിത്യന്റെ സ്വാഭാവിക പ്രതികരണം. തല്ക്കാലം ഇത്രമാത്രം.

December 16, 2009

വികസന നാനാര്‍ത്ഥങ്ങള്‍

കാപ്പിരി എന്ന പദത്തിന് നമ്മള്‍ കണ്ടെത്തിയ അര്‍ത്ഥം അപരിഷ്‌കൃതന്‍, സംസ്‌കാരശൂന്യന്‍ എന്നെല്ലാമാണ്. അകാലത്തില്‍ ഇഹലോകവാസം വെടിഞ്ഞ ഒരു സംസ്‌കാരശൂന്യനെ പോസ്റ്റുമോര്‍ട്ടം ചെയ്തുനോക്കുക. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കണികകളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യമായിരിക്കും മരണകാരണം. ഇനി അങ്ങിനെയാണെങ്കില്‍ നമ്മള്‍ ഒരു ഒന്നൊന്നര കാപ്പിരിയാണെന്നു സമ്മതിക്കേണ്ടിവരില്ലേ. കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്നായിരുന്നു കുഞ്ചന്റെ മതം.

ചില്ലുമേടയിലിരിക്കുന്ന ഡോക്ടറുടെ കാരുണ്യത്തിനായി പാവങ്ങള്‍ ധര്‍മ്മാശുപത്രിവരാന്തയിലിഴയുമ്പോള്‍, നിറമുള്ള കുപ്പായമിടുവിച്ച് തങ്ങളുടെ കുട്ടികളെ അയക്കുവാന്‍ പറ്റിയ വിദ്യാലയങ്ങളില്ലാതെ രക്ഷിതാക്കള്‍ ഉഴലുമ്പോള്‍, സ്വന്തമായി സൈക്കിളും കൂടിയില്ലാത്ത ഭൂരിഭാഗം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തെക്കുവടക്കോടുമ്പോള്‍, സൂപ്പര്‍ സോണിക് വിമാനങ്ങളെപ്പോലെ കാറുകള്‍ കുതിച്ചുപായുവാനുള്ള സൂപ്പര്‍ എക്‌സ്പ്രസ് ഹൈവേകളെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുക മന്ദബുദ്ധികളുടെ സാമ്പത്തികശാസ്ത്രമാണ്.

ഭൂരിഭാഗം ജനങ്ങള്‍ക്കും ഇവിടെ കൈയ്യെത്തുംദൂരത്ത് ചികിത്സാസംവിധാനങ്ങളില്ല. കൈയ്യെത്തുന്നിടത്താണെങ്കില്‍ കാശെത്തണമെന്നുമില്ല. വികസിതരാഷ്ട്രങ്ങളില്‍ ഇതിന് പരിഹാരമായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സംവിധാനമാവട്ടെ ഇവിടെ കേട്ടുകേള്‍വി മാത്രവും. തലക്കെട്ടില്ലാത്ത ഒബാമയ്ക്കുമുന്നില്‍ തലപ്പാവണിഞ്ഞ മന്‍മോഹനും ഫ്രോക്കി മിഷേലിന്നഭിമുഖമായി സാരി ഗുര്‍ചരണ്‍ കൗറും ഇരുന്നു ഇന്ത്യായാങ്കി ഭായിഭായി എന്നുപറഞ്ഞ് വെളുക്കെച്ചിരിച്ചാല്‍തന്നെ നമ്മുടെ വികസനത്തിന്റെ സൂചകങ്ങള്‍ കാറ്റുപിടിച്ച പട്ടംപോലെ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാധ്യമമനീഷികളൊന്നാഞ്ഞുവീശിയാല്‍ പിന്നെ പറയേണ്ടതുമില്ല.

പട്ടിണികിടന്നു മരിക്കുന്നതു മാറി പൊതുജനം ചികിത്സയ്ക്കുവകയില്ലാതെ വീരമൃത്യുവരിക്കുന്നതാണ് സാമ്പത്തികരംഗത്തെ ശ്രദ്ധേയമായ ഒരു മാറ്റം. ആരോഗ്യരംഗത്തേയും. അങ്ങിനെ ആരോഗ്യവും വിദ്യാഭ്യാസവും സ്വപ്‌നം മാത്രമായ ഒരു ജനത മഹാമഹാഭൂരിപക്ഷമായി നിലകൊള്ളുമ്പോള്‍ എന്ത് വികസനക്കുതിപ്പാണ് നമ്മള്‍ നടത്തിയത് എന്നു ചോദ്യം സ്വയം ചോദിക്കാന്‍ ആരുടേയും ഒദാര്യത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ട് ഒന്നു ചോദിച്ചുനോക്കുക.

നിത്യേന 5000 കുട്ടികള്‍ ഇന്ത്യയില്‍ മരിച്ചുവീഴൂന്നു എന്നുപറഞ്ഞാല്‍, ഇന്ത്യയില്‍ ശിശുമരണനിരക്ക് ബ്രിട്ടന്റെ 10 ഇരട്ടിയാണ് , എന്തിന്് ശ്രീലങ്കയുടെ നാലിരട്ടിയും. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) വികസനത്തിന്റെ അന്ത്യഘട്ടത്തിലേയ്ക്കുള്ള ചാട്ടത്തിനായി സ്ഥിതിവിവരക്കണക്കിന്റെ ദ്രവിച്ച ശിഖരത്തില്‍ തൂങ്ങിയാടുകയാണ് നമ്മള്‍. ശിശുമരണത്തിന്റെ പോക്കിങ്ങിനെയാണെങ്കില്‍ ചരിത്രത്തില്‍ ചാട്ടം പിഴച്ച കുരങ്ങന്‍മാരായി നമ്മള്‍ നാളെ അറിയപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

നാലഞ്ചുകൊല്ലം മുന്നേതന്നെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ആന്റ് ഇക്കണോമിക് റിസര്‍ച്ച് പഠനം പുറത്തുവിട്ടതുപ്രകാരം ദരിദ്രന്റെ വരുമാനത്തിന്റെ 12% മരുന്നിനായി ചിലവാകുമ്പോള്‍ സമ്പന്നന് ഈ വകയിലുള്ള ചിലവ് 2% മാത്രമാണ് (ബിസിനസ്സ് ലൈന്‍ 11-08-04). ദരിദ്രനും ധനികനും തമ്മിലുള്ള അകലം പ്രകാശവര്‍ഷത്തിലോ മറ്റോ അളക്കേണ്ടിവരുന്ന ബഹുമുഖപുരോഗതിയാണ് കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് നമ്മള്‍ നേടിയത്. ആശുപത്രിവാസത്തിനു വിധിക്കപ്പെടുന്ന സാരാ ഇന്ത്യന്‍ ഭായി ഒര്‍ ബഹനോം സേ 40 ശതമാനവും കടം വാങ്ങി മുടിഞ്ഞ് ഒടുങ്ങുന്നതായി ലോകബേങ്കുപഠനം വെളിപ്പെടുത്തുന്നു. 35ശതമാനം ഇന്ത്യക്കാര്‍ കാലുവഴുതി ദാരിദ്ര്യരേഖയക്ക് താഴെ പതിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണ്.

പടിഞ്ഞാറുനോക്കി ആഗോളവല്ക്കരണത്തിന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരും ഉദാരവല്ക്കരണത്തിന്റെ മാഹാത്മ്യങ്ങള്‍ വാഴ്ത്തുന്നവരും അവിടുത്തെ ആരോഗ്യവിദ്യാഭ്യാസമേഖലകളെ കൂടി ഒന്നു തൊട്ടറിയണം. മുട്ടിപ്പാടിത്തുള്ളി രോഗചികിത്സ നടത്തുന്നതിനുള്ള ചിലവും കൂടി ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കാന്‍ നിയമം കൊണ്ടുവരാന്‍പോവുകയാണ് ബറാക് ഒബാമയുടെ അമേരിക്കയില്‍ (ഗാര്‍ഡിയന്‍ പത്രം)

വൃത്തിയായ ഒരു മുട്ടിപ്പാടി രോഗസൗഖ്യം വരുത്തലിന്റെ ചിലവ് ഏതാണ്ട് വെറും 20ഡോളര്‍ എന്നാണ് കൃസ്ത്യന്‍ സയന്‍സ് ചര്‍ച്ചുകാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. അതായത് ഒരു തൗസന്റ് ഇന്ത്യന്‍ മണീസ് ഉണ്ടെങ്കില്‍ മുട്ടിപ്പാടിച്ചാടി കുഷ്ഠത്തിനെ കെട്ടുകെട്ടിക്കാം എന്നര്‍ത്ഥം.

ഇനി ഇന്ത്യന്‍ സാഹചര്യം നോക്കുക. ശ്വാസംകിട്ടാത്തൊരുത്തന് അടിയന്തിരമായി ഒരു ഓക്‌സിജന്‍ സിലിണ്ടറു സംഘടിപ്പിക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്ന മനുഷ്യസ്‌നേഹിയെക്കാള്‍ യോഗ്യന്‍ വടക്കേപ്പുറത്തെ മാവുമുറിക്കാന്‍ ആളെ ശട്ടംകെട്ടുന്ന പ്രായോഗികജ്ഞാനിയായിരിക്കും.

ഒരു സപ്തംബര്‍ പതിനൊന്നിന് 3000 അമേരിക്കന്‍ കാഫിറുകള്‍ ഭീകരലാദന്റെ കൈകൊണ്ട് സ്വാഹയായപ്പോള്‍, സായിപ്പിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ ലോകക്രമം തന്നെ മാറ്റാന്‍ പുറപ്പെട്ടു അമേരിക്ക. വേറൊരു നവംബറില്‍ ഭീകരതയുടെ രുചി അന്നുവരെ അറിയാത്തവര്‍ക്കായി ഭീകരര്‍ ഒരിക്കിയ ഫ്രീവെടിവെയ്പില്‍ 175 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഭീകരതയ്‌ക്കെതിരായി നമുക്ക് 100 ദിന ആസൂത്രണപരിപാടികള്‍ വേണ്ടിവന്നു.

നിലവിലുള്ള വരുമാനം വച്ചുതന്നെ ശിശുമരണനിരക്കില്‍ 60% തടയാവുന്നതാണെന്ന് സര്‍ക്കാരിനുതന്നെ ബോദ്ധ്യമുണ്ട്. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) അതായത് ഏറ്റവും ചുരുങ്ങിയത് 3000 കുട്ടികളുടെ മരണം ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ഭീകരതയുടെ ഈ മൂത്താപ്പയെ നേരിടാന്‍ എന്തേ നമുക്കൊരു ആസൂത്രണപരിപാടിയില്ലാതെപോവുന്നു.

ഇന്ത്യന്‍തെരുവുകളില്‍ പൊട്ടിയ ലാദന്‍പടക്കങ്ങളെയും അതപഹരിച്ച ജീവനുകളെയും ലാഘവത്തോടെ കണ്ട് ഭീകരതയ്‌ക്കെതിരെ പ്രസ്താവനയുദ്ധം നടത്തിയവര്‍ താജും ഒബ്‌റോയിയും ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് രാജ്യം ആക്രമിക്കപ്പെടുന്നു എന്നു നിലവിളിച്ചത്. അതും ഗര്‍ഭപാത്രം പോലെ സുരക്ഷിതം എന്നു നാലുമുക്കാലുള്ളവര്‍ കരുതിയേടത്ത് ഭീകരര്‍ കുരുതിയൊരുക്കി കാത്തിരുന്നപ്പോള്‍ മാത്രം.

ഇന്ത്യയിലെ മഹാഭൂരിപക്ഷം ചിത്രത്തില്‍ കൂടി കാണാത്തതാണ് താജും ഒബ്‌റോയിയും. വര്‍ഷങ്ങളായി ഇന്ത്യന്‍തെരുവുകളില്‍ മതഭീകരതയ്ക്കിരയായി പട്ടികളെപ്പോലെ മരിച്ച ആയിരങ്ങളെ ആര്‍ക്കും ഇന്നേവരെ ഓര്‍ക്കേണ്ടിവന്നില്ല. അവര്‍ക്കായി ഒരു മെഴുകുതിരിക്കും ഉരുകേണ്ടിയും വന്നില്ല. തൂലികയില്‍ മഷിയുണങ്ങാത്ത മാധ്യമമനീഷികളുടെ ഹൃദയത്തെ തൈരിലെ മന്തെന്നപോലെ താജും ഒബ്‌റോയിയും മഥിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്രയെത്ര ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് കടലാസുകള്‍ നിറയെ, ദൃശ്യമാദ്ധ്യമങ്ങള്‍ മുഴുക്കെ. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അതിന്റെ എത്രയോ ഇരട്ടിയാണ് ഓരോദിനവും ഇവിടെ മരുന്നിനു വകയില്ലാതെ മരിച്ചുവീഴുന്ന പിഞ്ചുകുട്ടികളെന്ന മഹാസത്യം.

അനുയോജ്യമായ ആരോഗ്യ കുടുംബ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ബോധവല്ക്കരണം, ചിലവുകുറഞ്ഞതും എളുപ്പം കൈകാര്യം ചെയ്യാവുന്നതുമായ സാങ്കേതിക ഉപകരണങ്ങള്‍, വിവരസാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളെ ആരോഗ്യമേഖലയുമായി കോര്‍ത്തിണക്കല്‍ എന്നിവയൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. കൊള്ളക്കാരായ ഡോക്ടര്‍മാരെ വിലങ്ങുവെയ്ക്കാനും മരുന്നുമാഫിയകളെ നിലക്കുനിര്‍ത്താനും മാക്‌സിമം റിട്ടെയില്‍ പ്രൈസ് എന്നത് മാറ്റി ഹോള്‍സെയില്‍ പ്രൈസും റീട്ടെയില്‍ പ്രൈസും കൃത്യമായി രേഖപ്പെടുത്താനുമായ വിവേകപൂര്‍ണമായ നടപടികളാണ് അടിയന്തിരമായും വേണ്ടത്.

60ശതമാനം ഒഴിവാക്കാന്‍ പറ്റുന്നതാണ് ശിശുമരണങ്ങള്‍ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. പിന്നെന്തിനു വച്ചു താമസിപ്പിക്കണം. സായിപ്പിന്റെ നാട്ടിലാണെങ്കില്‍ മരണത്തിനുത്തരവാദികളായി മങ്ങാട്ടച്ചന്‍മാര്‍ കൂട്ടില്‍കയറേണ്ട സ്ഥിതിയാവുമായിരുന്നു. കിരണ്‍ കാര്‍ണിക് നവമ്പര്‍ 3ന് ഇക്കണോമിക്‌സ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നതുപോലെ ആരോഗ്യം അവകാശമായി തന്നെ പ്രഖ്യാപിക്കണം, റൈറ്റ് ടു ഹെല്‍ത്ത് ആകട് പാസാക്കേണ്ട സമയം അതിക്രമി്ചിരിക്കുന്നു.

സായിപ്പ് കണ്ടംചെയ്ത കോട്ടും കൈവിട്ട കോണകവും കഴുത്തിലണിഞ്ഞു ഞെളിയുന്നവര്‍ സായിപ്പിന്റെ നല്ലവശം കൂടി കാണണം. യുദ്ധം എന്ന പദത്തിന്റെ അര്‍ത്ഥം ഒന്നുകൂടി വിശാലമാണ്്. ഭീകരതയ്‌ക്കെതിരെ മാത്രമല്ല സായിപ്പിനുയുദ്ധം. ദാരിദ്ര്യത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും പകര്‍ച്ചവ്യാധികള്‍ക്കെതിരെയും യുദ്ധമാണ്. വാര്‍ ഓണ്‍ സാര്‍സ്, വാര്‍ ഓണ്‍ പവര്‍ട്ടി എന്നു സായിപ്പ്. നിലവിലെ കണക്കുകളും വസ്തുതകളും വച്ച് നമ്മള്‍ പരിഷ്‌കൃതരോ അപരിഷ്‌കൃതരോ എന്നാവട്ടെ ആദ്യം തീരുമാനിക്കുന്നത്. പിന്നീടാവാം പെരിയ സാമ്പത്തികശക്തിയോ ചിന്ന സാമ്പത്തികശക്തിയോ എന്നു തീരുമാനിക്കുന്നത്.

ലോഹ്യാശിഷ്യന്റെ സമ്പൂര്‍ണവിപ്ലവം

1940 ജൂണ്‍ 1 നു മഹാത്മജിയുടെ ഹരിജന്‍ പത്രത്തില്‍ 'സത്യഗ്രഹം ഇപ്പോള്‍' എന്നപേരിലെഴുതിയ ലേഖനത്തിന്റെ പേരില്‍ ലോഹ്യയക്ക് ശിക്ഷ വിധിക്കുമ്പോള്‍ ജഡ്ജിയുടെ നിരീക്ഷണം 'He is a top class scholar, civilised gentleman, has liberal ideology and high moral character' എന്നായിരുന്നു. 'I cannot sit quiet as long as Dr. Ram Manohar Lohia is in prison. I do not yet know a person braver and simpler than him. He never propogated violence. Whatever he has done has increased his esteem and his honor.' അറസ്റ്റിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ലോഹ്യയെപറ്റി മിതത്വം വാക്കുകളില്‍ പുലര്‍ത്തിയിരുന്ന ഗാന്ധിജി പറഞ്ഞതാണ് ഇത്.


മാര്‍ക്‌സിനെയും ഗാന്ധിയെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ പറ്റിയ യഥാര്‍ത്ഥ ചിന്തകനായിരുന്നു ലോഹ്യ. വള്‍ഗര്‍ സാലറി എന്ന് ഈയിടെ വന്ന പദാവലിക്കുമുമ്പേ ഓബ്‌സീന്‍ സം എന്ന പ്രയോഗം ലോഹ്യ കൊണ്ടുവന്നത് നെഹറുവിനെതിരെയായിരുന്നു. 3 അണ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിനവരുമാനമാവുമ്പോള്‍ നെഹറുവിനായി രാഷ്ട്രം ഒരു ദിവസം ചിലവിടുന്നത് 25000രൂപയാണെന്ന് തുറന്നടിച്ചുകൊണ്ട് ലോഹ്യ വിപ്ലവം സൃഷ്ടിച്ചു. 50കളിലും 60കളിലും മാര്‍ക്‌സിസം ഒരു ഫാഷനായിരുന്നപ്പോള്‍, ഇന്ത്യയില്‍ ക്ലാസ് വാറില്ല, കാസ്റ്റ് വാറാണെന്ന സത്യസന്ധമായ നിരീക്ഷണം അദ്ദേഹത്തിന്റേതായിരുന്നു. തങ്ങളെ ഒരു രാജ്യത്തിന്റെ പൗരനായി കാണാതെ ഒരു ജാതിയുടെ അംഗമായി കണ്ടതാണ് ഇന്ത്യയുടെ പിറകോട്ടടിക്കുതന്നെ കാരണം എന്നു നിരീക്ഷിച്ചതും ലോഹ്യയായിരുന്നു. ബന്ദൂക്ക് കീ ഗോലിയും അംഗ്രേസി കീ ബോലിയും (with bullet and english language) കൊണ്ട് സായിപ്പ് ഇന്ത്യയെ ഉഴുതുമറിച്ചു എന്നു പ്രഖ്യാപിച്ചതും ഡോ.ലോഹ്യ തന്നെയാണ്. ഉന്നതജാതി, സമ്പത്ത്, പിന്നെ ഇംഗ്ലീഷും - ഇതുമൂന്നില്‍ രണ്ടുള്ളവന്‍ ഭരണചക്രം തിരിക്കുന്നുണ്ടാവും എന്ന മഹത്തായ നിരീക്ഷണത്തിന്, 1967ല്‍ ആറടിമണ്ണില്ലാതെ ഒരണപൈ ബാങ്ക് ബാലന്‍സില്ലാതെ ലോഹ്യ ഇഹലോകവാസം വെടിഞ്ഞിട്ടു നാളിത്രയായിട്ടും മങ്ങലേറ്റിട്ടില്ല.

മുലായം യാദവനടക്കമുള്ള ശിഷ്യഗണങ്ങളെ കണ്ണുതുറന്നുനോക്കിയാല്‍ ലഭ്യമാവുക വജ്രകാഠിന്യമുള്ള ആ നിരീക്ഷണത്തിന്റെ നാനാര്‍ത്ഥങ്ങളായിരിക്കും. പടച്ചോന്‍ ലോഹ്യയോടും നന്ദികാണിച്ചില്ല.

ലോഹ്യയെപറ്റിയും ജെ.പിയെപ്പറ്റിയുമെല്ലാം കേട്ടറിവുള്ളൊരാള്‍ക്ക്, ഒരോ വ്യക്തിയും തന്നെ ഓരോ പ്രസ്ഥാനമായിരുന്ന ആ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണോ സമാജ് വാദി പാര്‍ട്ടിയും സുപ്രീമോ മുലായം യാദവനും എന്നു തോന്നിപ്പോവാം. കാലം എന്ന മഹാമാന്ത്രികന്റെ മാജിക്ക് അങ്ങിനെയാണ്.

സംശയമുണ്ടെങ്കില്‍ നോക്കുക. ഒരു കാവിക്കൊടി ഇടത്തും ഒന്നാംതരം ഒരു ചോന്ന കൊടി (നാളെ മാവേലിനാട്ടിലും വംഗദേശത്തും ഒന്നും ലക്ഷണമൊത്ത ഒരു കൊടി കിട്ടാനില്ലെങ്കില്‍ വല്ല സ്‌റ്റേഷന്‍മാസ്റ്ററോടും ഒരെണ്ണം ചോദിച്ചാല്‍ തരാതിരിക്കില്ല) വലത്തും ഒരേ പോസ്റ്റിന്‍മേല്‍ കെട്ടിവെയ്ക്കുക. അതവിടെ കിടന്ന് ഒരു നാലുമഴയും നാലുവെയിലും കൊള്ളട്ടെ. രണ്ടും പിന്നെ കണ്ടാല്‍ ഏതാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഖജനാവുതന്നെ ഉപഹാരമായി കൊടുത്തേക്കാവുന്നതാണ്. മാറ്റമില്ലാതെ തുടരുക കൊടികെട്ടിയ ആ പിവീസി വടി മാത്രമായിരിക്കും.

ജെ.പി. നാടുനീളെ പ്രസംഗിച്ചത് സമ്പൂര്‍ണവിപ്ലവമായിരുന്നു. അതു വൃത്തിയായി മുലായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വൃത്തി വീട്ടില്‍ നിന്നു തുടങ്ങണമെന്നാണ്. വീട്ടില്‍ നിന്നുതന്നെ തുടങ്ങി. അവരവരുടെ വീടുനന്നാക്കാന്‍ എല്ലാവരും ഞാന്‍ ഞാന്‍ മുന്നില്‍ എന്നുപറഞ്ഞിറങ്ങും. നാടുനന്നാക്കാനാണെങ്കില്‍ ആര്‍ക്കുണ്ടു താത്പര്യം?

പാവപ്പെട്ടവരുടെ ഈ നാട് എങ്ങിനെയെങ്കിലും നന്നാക്കേണ്ടതിന്റെ ആവശ്യകത മക്കളെ പറഞ്ഞു ഒരുമാതിരി ബോദ്ധ്യപ്പെടുത്താന്‍ പെട്ടപാട് മുലായത്തിനേ അറിയൂ. ഒടുവില്‍ മോനാണെന്നൊന്നും നോക്കുകയില്ല തട്ടിക്കളയും എന്നോ മറ്റോ ഒരന്ത്യോഗ്രശാസനം പുറപ്പെടുവിപ്പിച്ചപ്പോഴാണ് ലിറ്റില്‍ യാദവന്‍മാര്‍ അനുസരിച്ചതും മത്സരിച്ചതും ജയിച്ചതും. ഇപ്പോള്‍ അനുസരണയോടെ ആത്മാര്‍ത്ഥതയോടെ നാടുനന്നാക്കിക്കൊണ്ടിരിക്കുന്നതും.

നമുക്ക് പണ്ടേയൊരു തകരാറുണ്ട്. ലവ്ജിഹാദ് പോലെ ഇല്ലാത്ത ഒരു സംഗതിയാണെങ്കിലും ഇടയ്ക്ക് മക്കള്‍ രാഷ്ട്രീയം എന്നു നിലവിളിച്ചുകളയും. ഒരു പ്രഫെസര്‍ക്കു മകനെ പ്രഫെസറാക്കാം. തെറ്റില്ല. ഒരിക്കല്‍ പ്രഫെസറായാല്‍ പ്രഫെസറായിതന്നെ മരിക്കുകയും ചെയ്യാം. തെറ്റില്ല. നടികര്‍ തിലകങ്ങള്‍ക്ക് അവരുടെ മക്കളെ നായകതിലകങ്ങളാക്കാം. തെറ്റില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കളുടെ തൊഴിലില്‍ മക്കളേര്‍പ്പെടരുതെന്നു കരുതുക രണ്ടുകൂട്ടര്‍മാത്രമായിരിക്കും. കള്ളന്മാരും ലൈംഗികതൊഴിലാളികളും. രാഷ്ട്രീയത്തൊഴിലാളികളുടെ അഥവാ മുതലാളികളുടെ മക്കളെന്താ ആ ഗണത്തിലാണോ വരിക? തീര്‍ച്ചയായും അല്ല.

സര്‍വ്വസംഗ പരിത്യാഗിയാണെങ്കിലും ഒരബന്ധം പിണഞ്ഞ് പിതാവായ സാദാ മുനിവരെ,പറ്റുമെങ്കില്‍ മുനികുമാരനെ തന്റെ കണ്ണടയും മുമ്പേ മഹര്‍ഷിയായി കാണണമെന്നാണ് ആഗ്രഹിക്കുക. അതുതന്നെയേ മുലായവും ചെയ്തുള്ളൂ. മക്കളെ നാടിനു സമര്‍പ്പിച്ചു. എന്നിട്ടും നാട്ടിനു വേണ്ടത്ര അഭിവൃദ്ധി കാണാത്തതുകാരണം അവരുടെ കെട്ടിയോളുമാരെയും അടങ്ങിയിരിക്കാന്‍ വിട്ടില്ല. അടുക്കളയില്‍ നിന്നും അരങ്ങേത്തേയ്ക്കു പറഞ്ഞുവിട്ടു.

വെയിലുവരുമ്പോള്‍ വൈക്കോലു വിരിക്കണമെന്ന് ഒരു യാദവനെയും ആരും പഠിപ്പിക്കേണ്ടതില്ല. ഡിംപിള്‍ യാദവിനെ എടുത്തു വെയിലത്തിടുവാന്‍ ഒട്ടും വൈകിയില്ല. പ്രിയപുത്രന്‍ അഖിലേഷ് യാദവ് എം.പി. രണ്ടു ലോക്‌സഭാ സീറ്റിലാണ് മത്സരിച്ചത്. കാശ് അധികം ചിലവാക്കിയതിനല്ല, ചിലവാകുവാന്‍ കാരണഭൂതനായതിന് നെഹറുവിനോട് സഭയില്‍ കലഹിച്ച ലോഹ്യയുടെ ശിഷ്യഗണങ്ങളാവുമ്പോള്‍ അങ്ങിനെയൊക്കെ വേണം.

രണ്ടുസീറ്റിലും ജയിച്ചയപ്പിക്കാന്‍ മാത്രം നമ്മള്‍ ഉദാരമനസ്‌കരായതുകൊണ്ട് പാവം ചിന്നയാദവന് ഒരുമണ്ഡലം ഒഴിയേണ്ടിവന്നു. അക്കൂട്ടര്‍ക്കു വിരോധമൊന്നും തോന്നാതിരിക്കാന്‍ ആ രാമായണവിദ്യ പ്രയോഗിക്കാമെന്നും കരുതി. രാമന്റെ ചെരുപ്പ് വച്ച് ഭരതന്‍ വാണപോലെ കെട്ടിയോന്റെ ചെരുപ്പ് വച്ച് കെട്ടിയോള്‍ വാഴുന്ന ഫിറോദാബാദ് യാദവന്‍മാര്‍ സ്വപ്്‌നം കണ്ടു.

അങ്ങിനെയൊക്കെ ഒരുപാട് പ്രതീക്ഷകളുമായാണ് തലമൂത്ത യാദവപ്രമുഖന്‍ ചിന്നയാദവിയെ അനുഗ്രഹിച്ചുവിട്ടത്. രാമേശ്വരത്തുപോയാലും ശനി കൂടെയുണ്ടാവും എന്നാരോ പറഞ്ഞതുപോലെ പെട്ടു. അമേത്തിയില്‍ നിന്നുള്ള ഒരു ഗുളികന്റെ വരവില്‍. ഒരൊന്നൊന്നര സാധനം.

ആളൊരു ഉഗ്രമൂര്‍ത്തി. രാജാവിനെക്കാളും നല്ലത് രാജര്‍ഷി (കിങ്‌മേക്കര്‍) ആവുകയാണെന്ന തിരിച്ചറിവു നേടിയ മാതാവിന്റെ ലക്ഷണമൊത്ത സന്തതി. രാജാവ് എഴുന്നള്ളുമ്പോള്‍ പുല്‍ക്കൊടി കൂടി നമിക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ രാജര്‍ഷി സഭാപ്രവേശം ചെയ്യുമ്പോള്‍ രാജാവും കൂടി എഴുന്നേറ്റുനിന്ന് വിധിയാംവണ്ണം നമിക്കേണ്ടതാണ്.

വിശേഷിച്ച് ഒരുപണിയുമില്ല. യാതൊരു ഉത്തരവാദിത്വവുമില്ല. എന്നാല്‍ ആദരവും ബഹുമാനവും നാലുപാടുനിന്നും ചറപറാ വന്നുപതിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. രാജാക്കന്‍മാരുടേതുപോലെ വല്ലപ്പോഴുമെങ്കിലും തലതെറിച്ചുപോവാമെന്നൊരു ഭയവും ആവശ്യമില്ല. ആ യുവരാജര്‍ഷിയുടെ വരവില്‍ പെട്ടുപോയി മൂലായത്തിന്റെ പുത്രവധു. ആ സൗന്ദര്യധാമത്തിനോട് നിത്യന് സഹതാപമുണ്ട് സ്‌നേഹവുമുണ്ട്. എന്തുചെയ്യാം ജനത്തിന്റെ കാര്യമാണ്.

നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ? ജനം അങ്ങിനെയായിപ്പോയി.

അത് നീതിയല്ലെന്ന് അന്നേ മൂലായം വിലപിച്ചതാണ്. ആ പിതൃവിലാപം ആരും മുഖവിലയ്‌ക്കെടുത്തില്ല. 100കിലോ ഹെവിവെയ്റ്റ് ഗുസ്തിക്കാരന്‍ 40 കിലോ ലൈറ്റുവെയ്റ്റ് ഗുസ്തിക്കാരിയോട് കൊമ്പുകോര്‍ക്കരുത് എന്ന പാഠം പൂര്‍വ്വാശ്രമത്തിലെ ആ ഗുസ്തിക്കാരനറിയാം. കയറിപ്പറ്റിയ റിങ്ങില്‍ നിന്ന് പുറത്തിറങ്ങാന്‍ പിന്നീട് ഡേറ്റുമില്ല. സ്വാഭാവികമായും വാരിയെടുത്ത് മലര്‍ത്തിയടിച്ചു. 1...2...3..... ക്ലോസ്. ഇനിയൊരങ്കത്തിനുള്ള ശേഷിയ്ക്ക് കായകല്പ ചികിത്സ ഇന്നേ തുടങ്ങാവുന്ന പരുവത്തിലാണ് ഡിംപിളിന്റെ പരിക്ക്.


ഈയൊരു കടുംകൈ ഒരു രാജര്‍ഷിയില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ പറ്റുകയില്ലെങ്കിലും സംഭവിച്ചുപോയി. പണ്ടുകോണ്‍ഗ്രസിനുചെയ്ത ഉപകാരം മാഡം മറന്നപ്പോഴാണല്ലോ മായാവതി പത്തിവിരിച്ചാടിയത്. ഇപ്പോ വീണ്ടും മാഡം മറന്നു മകനെ ഒന്നുപദേശിക്കാന്‍. അങ്കം അബലകളോടോ എന്നുചോദിക്കാന്‍ നാട്ടില്‍ കൊള്ളാവുന്നവരാരും ഇല്ലാതെപോയി. ഉടുതുണി

തോണികടന്നാല്‍ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതുപോലെ സമസ്തം

എന്നു കുഞ്ചന്‍ പാടിയത് കോണ്‍ഗ്രസിനെക്കൊണ്ടായിരിക്കുമോ ആവോ?

ഇന്ത്യന്‍ രാഷ്ട്രീയത്തിനൊരു പ്രത്യേകതയുണ്ട്. അമേരിക്കയിലെപ്പോലെ പേരുകേട്ട പണക്കാരും വ്യവസായികളും നേരെ നാടുഭരിച്ചുനന്നാക്കാന്‍ പുറപ്പെടുകയില്ല. എന്നാല്‍ മല്യയെപ്പോലെ അത്യാവശ്യം ആളുകള്‍ അടുക്കളപ്പുറത്തുകൂടി വലിഞ്ഞുകയറി വിസ്തരിച്ച് ഉമ്മറത്തു കുത്തിയിരിക്കുന്ന അപൂര്‍വ്വം കാഴ്ചകള്‍ വിസ്മരിക്കുന്നുമില്ല.

ബ്രഹ്മരക്ഷസ്സിനെവരെ പിടിച്ചുകെട്ടി മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മന്ത്രവാദികളുള്ള നാടാണെങ്കിലും ഗാന്ധിജിയുടെയും ലോഹ്യയുടെയുമൊന്നും ആത്മാവിനെ പിടിച്ചുതളയ്ക്കാന്‍ പറ്റിയ രാഷ്ട്രീയമന്ത്രവാദികളെ കിട്ടാത്തതുകാരണമുള്ള പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പച്ചപിടിക്കണമെങ്കില്‍ ആദര്‍ശത്തിന്റെ ഊന്നുവടിയും സത്യസന്ധതയുടെ മേലങ്കിയും അഹിംസയുടെ തലപ്പാവുമായി വേണം രംഗപ്രവേശം ചെയ്യാന്‍. ഏതാണ്ടൊരു ജാലവിദ്യക്കാരനെപ്പോലെ എന്നുപറഞ്ഞാലും വലിയ തെറ്റില്ല. ഒന്നു ക്ലച്ചുപിടിച്ചുകഴിഞ്ഞാല്‍ പിന്നെ അഹിംസയുടെ തലപ്പാവൂരി അരയില്‍ കെട്ടാവുന്നതേയുള്ളൂ.

ആദര്‍ശത്തിന്റെ ആനപ്പുറത്തു സഞ്ചരിക്കുന്നതൊക്കെ കൊള്ളാം. എന്നെങ്കിലും താഴെയിറങ്ങാതെ പറ്റില്ലല്ലോ. ഇനി അവിടെതന്നെയിരിക്കാനാണ് തീരുമാനമെങ്കില്‍ അന്ത്യം ആ ആനയുടെ കൈകൊണ്ടായിരിക്കും. ഗാന്ധിജിയുടെയും ലിങ്കന്റേയും ലോഹ്യയുടേയും ചെഗുവേരയുടേയുമൊക്കെ ചരിത്രത്തില്‍ നിന്നും അത്രയൊക്കെ അറിയാന്‍ സര്‍വ്വകലാശാലകളുടെ വരാന്തയില്‍ കുത്തിയിരിക്കേണ്ട കാര്യമൊന്നുമില്ല യാദവര്‍ക്ക്. ദിവ്യദൃഷ്ടിയുള്ള കൃഷ്ണന്റെ കുലമാണ്. ഗാന്ധാരിമാരുടെ കണ്ണുകെട്ടിയ തുണിയാണെ സത്യം.

November 10, 2009

കുതികൊള്‍ക സെക്കന്റിലേയ്ക്കു നമ്മള്‍

ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും കേരളത്തിലെത്തി ഒറ്റക്കാലില്‍ തപസ്സുചെയ്ത് അനാക്കൊണ്ടയെ അടക്കം ചെയ്യാന്‍ പാകത്തില്‍ നെടുനീളന്‍ കേബിള്‍ക്കുഴികള്‍ വെട്ടുന്ന, നാലുതവണയായി പണമടച്ചല്ലാതെ രണ്ടു കോണകം വാങ്ങാന്‍ ഗതിയില്ലാത്ത ചപ്പാത്തികളും തദ്ദേശ ദരിദ്രവാസികളും പിച്ചക്കാരും തൊട്ട് 44 കോടി വള്‍ഗര്‍ സാലറി കൈപ്പറ്റുന്ന സി.ഇ.ഒ പിടിച്ചുപറിക്കാര്‍ വരെ കൈവിളിയന്ത്രം കൊണ്ടുനടക്കുന്ന സുന്ദരദേശമാണ് ഭാരതം.



മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ. ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.

വിവരത്തിനും വിവരസാങ്കേതികവിദ്യകള്‍ക്കും ഭാരതീയര്‍ ഉടുതുണിയെക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നര്‍ത്ഥം. വിദ്യാവിഹീന പശു എന്നാണല്ലോ. വിദ്യകൊണ്ടു വിവരമില്ലായ്്മയുടെ നാണം മറയ്ക്കേണ്ടിവരുന്ന നാളേയ്ക്ക് ഉപകരിക്കാതിരിക്കില്ല.

ഒരോ സെക്കന്റിനും തീവിലയുണ്ടെന്ന് നമ്മെ പഠിപ്പിച്ചത് വിവരസാങ്കേതിക വിദ്യയാണ്. ഒരു സെക്കന്റിന്റെ പാതിക്ക് പണ്ട് ഉഷയ്ക്ക് പോയത് ഒളിമ്പിക്സ് സ്വര്‍ണമായിരുന്നുവല്ലോ. അന്തിമയങ്ങും വരെപണിയും അത്താഴവും കഴിഞ്ഞ് ലോകര്‍ അടുത്ത സ്വപ്നത്തിലേയ്ക്കുള്ള അന്തിപ്പായ വിരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇന്ത്യക്കാര്‍ പണ്ടേ ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുണരുക.

വന്ദ്യവയോധികനായ മിനിറ്റിനെ മൂലക്കിരുത്തി ലോകം സെക്കന്റില്‍ കാലം അളന്നിടുമ്പോള്‍ നമ്മുടെ ടെലികോമും ബീയെസ്സെന്നെല്ലും ചക്കിനുകെട്ടിയ പോത്തിനെപ്പോലെ മിനിറ്റുസൂചിക്കു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. നോക്കുക, നമ്മുടെ മൊബൈല്‍ ചാര്‍ജ് അടിസ്ഥാനമാക്കുന്നത് മിനിറ്റുകളെയാണ്. അതായത് 61 സെക്കന്റ് നിന്ന ഒരു വിളിക്ക് ഒരു ഭാരതദരിദ്രന്‍ നല്കേണ്ടത് 120 സെക്കന്റിന്റെ ചാര്‍ജാണ്.

ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍ ബെയ്സുള്ള മൊബൈല്‍ സേവനദാതാവാണ് ബീയെസ്സെന്നല്‍. ഒന്നാംതരം സര്‍ക്കാര്‍ കമ്പനി. വെറും സേവനം മാത്രം നല്കി കുത്തുപാളയെടുക്കാതെ ലേശം ലാഭം കൂടിയുണ്ടാക്കി ഖജനാവിലേയ്ക്ക് അസാരം ദ്രവ്യം നിക്ഷേപിക്കുവാനുംകൂടിയാണല്ലോ പഴയ ലക്ഷണംകെട്ട ടെലിഫോണ്‍വകുപ്പിനെ പിടിച്ച് ലക്ഷണമൊത്ത കമ്പനിയാക്കിയത്.

ഒരു വിവരസാങ്കേതികവകുപ്പും അതിനു പേരുകേട്ട മന്ത്രിമാരും അവരുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ട്രായും (TRAI) അതിനൊരു ചെയര്‍മാനും, പോരാ എല്ലാ സ്വപ്നങ്ങളും വ്യാഖ്യാനങ്ങളും യാഥാര്‍ത്ഥ്യമാക്കാനായി ഒരു നവരത്നകമ്പനിയും. ഇവരെല്ലാം കൂടി ഒരോ ഭാരതീയദരിദ്രവാസിയും ഒരു സെക്കന്റിന്റെ വിളിക്ക് 60 സെക്കന്റിന്റെ ദ്രവ്യം അടയ്ക്കണം എന്നുപറയുന്നത് ഏത് നിയമം വച്ചാണ്? എന്ത് ന്യായത്തിന്റെ പുറത്താണ്?

HSBL സര്‍വ്വേ പ്രകാരം കോള്‍ചാര്‍ജ് സെക്കന്റിലാക്കിയാല്‍ റവന്യൂവില്‍ വെറും 15% താത്കാലിക ഇടിവുമാത്രമാണ് സംഭവിക്കുക. ആ താത്ക്കാലിക ഇടിവ് സ്ഥിരമായ വന്‍നേട്ടത്തിലേയ്ക്കാണ് വഴിതെളിക്കുന്നതെന്ന് തിരിച്ചറിയാന്‍മാത്രം വകതിരിവില്ലാത്ത മന്ദബുദ്ധികളുടെ ആവാസമേഖലയാണോ ഈ മൂന്നു സ്ഥാപനങ്ങളും.

മിനിറ്റില്‍ അളക്കുന്നത് മാറ്റി സെക്കന്റിലാക്കിയാല്‍ എന്താണ് സംഭവിക്കുക? മറ്റുള്ള സ്വകാര്യഭീമന്‍മാരുടെ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവും. ചുരുങ്ങിയത് സെക്കന്റ് സിമ്മായി സ്വിച്ച്ഡ്ഓഫ് പദവിയില്‍ അന്ത്യവിശ്രമം കൊള്ളും. അവറ്റകള്‍ ഒന്നുകില്‍ കളം മാറി ചവുട്ടട്ടെ അല്ലെങ്കില്‍ കളത്തിനു പുറത്തുപോവട്ടെ. അവരുടെ കള്ളക്കച്ചവടം എന്നെന്നേയ്ക്കുമായി പൂട്ടിപ്പോവുന്നതുകൊണ്ട് ആര്‍ക്കാണ് ചേതം?

വില കുറയ്ക്കുക, കൂടുതല്‍ വില്ക്കുക, കൂടുതല്‍ നേടുക എന്ന വില്പനതന്ത്രം പയറ്റാന്‍ ഒരു സര്‍ക്കാര്‍ കമ്പനി എന്തിന് മടിക്കണം? വിരലിലെണ്ണാവുന്ന സ്വകാര്യമുതലാളിമാരോടോ അതോ രാജ്യത്തെ ജനസംഖ്യയുടെ പകുതിവരുന്ന ഉപഭോക്താക്കളോടോ സര്‍ക്കാരിനും കമ്പനിക്കും കടപ്പാട്?

നമ്മള്‍ ആഗോളവല്ക്കരണപാതയിലാണെന്നും പരിഷ്കൃതരാഷ്ട്രമാണെന്നും വികസിതരാജ്യ പദവിയിലേക്കു പറന്നുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമെല്ലാം ആ പഴയ ഫയല്‍വാനെപ്പോലെ സ്വയം പാടിപുകഴ്ത്തിക്കൊണ്ടിരിക്കുകയാണല്ലോ നമ്മള്‍. നടക്കട്ടെ. അതുകൊണ്ട് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായെങ്കിലും ഒരല്പം വിവരം വിവരസാങ്കേതികക്കാര്‍ക്കുണ്ടാവുന്നത് ഒരു അപരാധമായി ആരും കരുതുകയില്ല.


ട്രായിയുടെ സൈറ്റ് തുറക്കുമ്പോള്‍ പ്രത്യക്ഷമാവുക ട്രൂത്ത് എലോണ്‍ ട്രൈംഫ്സ് എന്ന വചനത്തോടൊപ്പം വരുന്ന ഗാന്ധിചിത്രമാണ്. അന്യായമായി നേടുന്നതെന്തും മോഷണത്തിന് തുല്യമാണെന്നു പറഞ്ഞതും ആ മഹാനാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നുപറഞ്ഞതും ഗാന്ധിജിതന്നെ.

ഇങ്ങ് വയനാട്ടിലെ കുഗ്രാമത്തിലെ ഒരു ദരിദ്രഹരിജനകര്‍ഷകന്‍ ഈ കൈവിളിയന്ത്രം ഞെക്കി കോയിക്കോട്ടെ വല്യങ്ങാടിയിലെ കുരുമുളകിന്റെ വിലചോദിക്കുന്നു എന്നു കരുതുക. വിളിയാവട്ടെ 5സെക്കന്റുനേരത്തേയ്ക്കുള്ളതും. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതിപുരുഷനായ ആ ദരിദ്രകര്‍ഷകനില്‍ നിന്നും 55സെക്കന്റുകള്‍ക്ക് അന്യായചാര്‍ജ് ഈടാക്കുന്നവര്‍ ദയവായി മഹാത്മജിയുടെ ചിത്രം അവിടുന്നുമാറ്റി വല്ല മൂത്തൂറ്റുമുതലാളിയുടേയോ മറ്റോ ഒരെണ്ണം ചില്ലിട്ടുവെയ്ക്കേണ്ടതാണ്.

കാലത്തിന്റെ വിളികേള്‍ക്കാന്‍ പാകത്തിലുള്ള കാതും ചുമരെഴുത്തു വായിക്കാന്‍ പറ്റിയ കണ്ണുമുള്ളവരായിരിക്കണം ലീഡര്‍മാര്‍. വെളളാനകളെ മോഴകള്‍ നയിച്ചതാണ് എയറിന്ത്യയില്‍ കണ്ടത്. നിമിഷങ്ങള്‍ക്ക് തീവിലയുള്ള നാട്ടില്‍ നിമിഷാര്‍ദ്ധം കൊണ്ട് തീരുമാനമെടുക്കാന്‍ പറ്റിയവരായിരിക്കണം തലപ്പത്ത്. അതിനുവേണ്ടിയാണല്ലോ ജനം ചെല്ലും ചെലവും കൊടുത്ത്് മാനേജ്മെന്റുഗുരിക്കന്‍മാരെ പോറ്റുന്നത്.

മനുഷ്യന്‍ നാളിതുവരെ ഉത്സാഹിച്ചിട്ടും വടകര സിദ്ധാശ്രമത്തിലൊഴിച്ച് ലോകത്തൊരിടത്തും നടപ്പാക്കാന്‍ പറ്റാത്ത സംഗതിയാണ് സോഷ്യലിസം. എന്നാല്‍ 'മരണം' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യലിസം നടപ്പാക്കുന്നതില്‍ പ്രകൃതി അന്തിമമായി വിജയിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ മരണത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഒരേക സോഷ്യല്‍ ലവലര്‍ സാംപിട്രോഡയുടെ വാക്കുകളില്‍ വിവരസാങ്കേതിക വിദ്യയാണ്. അതിനെ കളഞ്ഞുകുളിക്കരുത്.

വിപണിമത്സരത്തിന്റെ അനന്തസാദ്ധ്യതവച്ച് രാജ്യത്തിനും ജനതയ്ക്കും ഖജനാവിനും ഒരുപോലെ ഗുണകരമായ നിലപാടെടുക്കാന്‍ വൈകുമ്പോള്‍ പോക്കറ്റടിച്ചുപോവുന്നത് ഭൂരിഭാഗം വരുന്ന ദരിദ്രവാസികളുടേതാണ്. സെക്കന്റിനെ ആര്‍ക്കാണിത്ര പേടി? ഇനി ഉറക്കം നടിക്കുകയാണെങ്കില്‍ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ഈ പകല്‍കൊള്ള, അല്ല രാപ്പകല്‍ കൊള്ള നിര്‍ബാധം തുടരാനുള്ള സാഹചര്യം ഒരുക്കുന്നു? വൈകിവന്ന നീതി നീതിനിഷേധമാണെന്നിരിക്കേ, ബെറ്റര്‍ ലെയ്റ്റ് ദാന്‍ നെവര്‍ എന്നുമാത്രം.

November 03, 2009

ഡീസന്റ് എംപ്ളോയ്മെന്റ് വള്‍ഗര്‍ സാലറി ആന്റ് റവല്യൂഷണറി പെന്‍ഷന്‍




ഒരു പത്തിരുപത്തിയഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നതിന്റെ നടുവില്‍ ഒരാളുടെ പറമ്പിലേ ഒരു കിണറുള്ളൂവെന്നു കരുതുക. അതില്‍ മാത്രം വെള്ളവും. ഇരുപത്തിയഞ്ചു കുംടുംബത്തിലെയും സുന്ദരന്‍മാര്‍ അവിടെവന്ന് കോരിക്കുളിക്കുകയും സുന്ദരിമാര്‍ ലജ്ജാവിവശരായി വലംകൈയ്യിലെ കുടം നടുവില്‍ താങ്ങി ഇടം കൈയ്യില്‍ വേറൊന്നും തൂക്കി ചിരിച്ചുരസിച്ച് കാളിദാസന്‍ പറഞ്ഞതുപോലെ പാദപത്മങ്ങളുടെ ചിത്രം ഭൂമിയില്‍ പതിപ്പിച്ച് നടന്നകലുകയുമല്ലേ ചെയ്യുക.

ഇനി, ഈ പറമ്പിന്റെ ആധാരം ഞമ്മള പേരില്‍ രയിസ്രാക്കിയതാ, പറമ്പും പൊരേം മുന്നിലെ മാവും പിന്നിലെ പുളിയും ചോട്ടിലെ പശൂം മോളിലെ അണ്ണാനും കിണറും കിണറ്റിലെ വെള്ളവും പടവിലെ നീര്‍ക്കോലീം വെള്ളത്തിലെ തവളയുമെല്ലാം ഞമ്മക്കുമാത്രം അവകാശപ്പെട്ടതാണ്. ഉള്ള വെള്ളമെല്ലാം ആവുമ്പോലെ കോരിക്കുടിച്ച് ഞമ്മള് വയറുചീര്‍ത്ത് ചാവട്ടെ, ഇങ്ങള് ഒരു തുള്ളിവെള്ളം കിട്ടാതെ തൊണ്ടപൊട്ടി മരിക്കീന്‍ ഹമുക്കുകളേ എന്ന പ്രഖ്യാപനം സ്ഥലമുടമയുടേതായി വന്നു എന്നു കരുതുക.

എന്താണു സംഭവിക്കുക. നിയമപ്രകാരം സ്ഥലമുടമയുടെ പ്രഖ്യാപനമാണ് പ്രാവര്‍ത്തികമാവേണ്ടത്. നാട്ടുന്യായപ്രകാരം ആദ്യം പറഞ്ഞതാണ് സംഭവിക്കേണ്ടത്. കിണറു വറ്റുന്നതുവരെ അല്ലെങ്കില്‍ മറ്റുള്ളവരുടെ കിണറില്‍ വെള്ളം കാണുന്നതുവരെ അതുതന്നെയാണ് സംഭവിക്കുകയും ചെയ്യുക. കാരണം ന്യായം മുന്നിലും നിയമം പിന്നിലുമായാണ് സഞ്ചരിക്കുക.

ഇനി സ്ഥലമുടമ വാശിപിടിച്ചാല്‍ എന്താണു സംഭവിക്കുക. ആദ്യം വാക്പയറ്റും. അതില്‍ ജയാപജയങ്ങളില്ലെങ്കില്‍ പിന്നെ ഒരു വടിപ്പയറ്റുകൂടി പൊടിപൊടിക്കും. അപ്പോള്‍ നിയമം അതിന്റെ വഴിക്ക് നടക്കും. അതായത് ആളുകളുടെ പേരില്‍ കേസ്സെടുക്കപ്പെടും. ഐ.പി.സി സെക്ഷന്‍ 100 പ്രകാരം, അതായത് ആത്മരക്ഷാര്‍ത്ഥം നടത്തിയ ആക്രമണത്തില്‍ വരവുവച്ച് അകത്തായവര്‍ വീണ്ടും കിണറ്റിന്‍കരയിലെത്തും.

ഇങ്ങിനെ ധാര്‍മ്മികതയുടെ പന്തം തെളിച്ച് ന്യായം മുന്നിലും അതിന്റെ വെട്ടത്തില്‍ കാലുതെറ്റി തൈക്കുണ്ടില്‍ വീഴാതെ നിയമം പിന്നിലുമായി നടക്കുമ്പോഴാണ് അതൊരു പരിഷ്കൃതസമൂഹമാണെന്ന് നാലാളുകള്‍ പറയുക.

ഇനി കമ്പനി നിയമം 1956ലെ ദ്രവിച്ച എവറെഡി ടോര്‍ച്ചിന്റെ അരണ്ടവെളിച്ചത്തില്‍ തപ്പിതപ്പി നടക്കുന്നു. ന്യായം ഇരുണ്ട തൈക്കുണ്ടില്‍ തല കുത്തി നില്ക്കുകയും ചെയ്യുന്നു. അപ്പോഴാണ് അംബാനിസുതരും വള്‍ഗര്‍ സാലറിയും അവതരിക്കുക.

1956ലെ കമ്പനീസ് ആക്ട് പ്രകാരം നിയമപ്രകാരമുള്ള 10% ലാഭം ശമ്പളമായി വരുമ്പോള്‍ വരുന്ന നക്കാപ്പിച്ച 44കോടി മൂപ്പര്‍ ശമ്പളമായി കൈപ്പറ്റുന്നത് ഒരു തെറ്റാണോ? നിയമപ്രകാരം ശരിയാണ്. ന്യായപ്രകാരം തെറ്റുമാണ്. ബഹുമാനപ്പെട്ട മന്ത്രി സല്‍മാന്‍ ഖുര്‍ഷിദൂം ബഹൂമാനപ്പെട്ട പ്ളാനിങ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്്ലുവാലിയയും ബഹുമാനപ്പെട്ട പൊതുജനസമക്ഷം പറഞ്ഞത് ഈ ചെയ്യുന്നത് ശരിയല്ലെന്നും. 44 കോടി രൂപ പോയിട്ട് 44 കോടി കോണകം രണ്ടുജ•ം ജനിച്ചാലും കാണാനിടയില്ലാത്ത ഭൂരിപക്ഷം കൈ വെടക്കാക്കാന്‍ ക്യൂനിന്നതുകൊണ്ടാണല്ലോ സല്‍മാന്‍ ഖുര്‍ഷിദ് സഭ കണ്ടിട്ടുണ്ടാവുക.

താടുയുഴിയാനല്ലാതെ മറ്റൊന്നിനും കൈ പൊങ്ങാത്ത മതനേതാക്കളുടെ സൂക്തം ചൊല്ലുന്ന പണിയാവരുത് ഭരണകര്‍ത്താക്കളുടേത്. 1956ലെ ആ നിയമം ഭേദഗതി ചെയ്ത് ശമ്പളം ലാഭത്തിന്റെ അര ശതമാനം എന്നാക്കിയാല്‍ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ. അതു ചെയ്യുകയില്ല.

ശമ്പളം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തന്നെ തീരുമാനിക്കട്ടേ എന്നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനം. ചുരുക്കിപ്പറഞ്ഞാല്‍ കോടികള്‍ നമ്മള്‍ മേമ്പ്രന്‍മാര്‍ തുലയ്ക്കുന്നതിനു മാത്രമേ ഇപ്പോള്‍ പത്രക്കാര്‍ക്ക് എണ്ണമുള്ളൂ. അതുപോരാ അതിലും വലുതാണ് സി.ഇ.ഒ മാരുടേതെന്ന് ജനം ഒന്നറിയണം എന്നുമാത്രം.

ന്യായമാര്‍ഗത്തില്‍ നിയമത്തെ തെളിക്കുവാന്‍ പറ്റിയവരെ കണ്ടെത്താന്‍ വേണ്ടിയാണല്ലോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജനം വിരലു വൃത്തികേടാക്കുന്നത്.


ഇനി മുതലാളിമാരുടെ ഗസറ്റായ ഇക്കണോമിക് ടൈംസിന്റെ കാഴ്ചപ്പാടുപ്രകാരം കാലം എത്രയോ മാറി. അതായത് കടലുണ്ടിപ്പുഴ പിന്നെയുമൊഴുകി. അംബാനിമാരുടെ 44 കോടി ശമ്പളം അമേരിക്കയുമായി തട്ടിക്കുമ്പോള്‍ വെറും തൃണം. കാലത്തിന്റെ മാറ്റം മന്ത്രിമാര്‍ ഉള്‍ക്കൊള്ളാത്തതിന്റെ ഒരു പരാതിയേ അവര്‍ക്കുള്ളൂ. ഇതൊക്കെയാണെങ്കിലും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് 1956ലെ കമ്പനീസ് ആക്ട് ഭേദഗതി ചെയ്യണമെന്നുമാത്രം എഴുതിയില്ല. പുതിയകാലമായിരിക്കണം പഴയനിയമവുമായിരിക്കണം എന്നാണ് ചേലുള്ള കാഴ്ചപ്പാട്.

1956ല്‍ ഭ്രാന്തന്‍ നായ കടിച്ചാല്‍ കിണറിനു വേലിപണിയുന്നതുപോലെ 12 ഇഞ്ചക്ഷന്‍ പൊക്കിളിനുചുറ്റും പാസാക്കുകയായിരുന്നു പതിവ്. കാലം മാറിയപ്പോള്‍ ഒന്നുകൊണ്ട് തൃപ്തിപ്പെടാമെന്ന അവസ്ഥവന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയ മുതലാളിയെ ആളറിയാതെ തലയ്ക്കു വെളിവറ്റ ഒരു പട്ടി കയറി പെരുമാറി എന്നു വെക്കുക. 1956ലെ സമ്പ്രദായപ്രകാരം പോരട്ടെ ഡോക്ടറേ ഒരു പന്ത്രണ്ടെണ്ണം പൊക്കിനുചുറ്റും എന്നോ പറയുക അതോ ഒന്നുമതി എന്നോ. ഇക്കണോമിക് ടൈംസിന്റെ കാഴ്ചപ്പാടുപ്രകാരമാണെങ്കില്‍ പന്ത്രണ്ടില്‍ ഒന്നു കുറയരുത്.

ഇനി അമേരിക്കയുമായി ഈയൊരു കാര്യത്തില്‍ മതിയോ താരതമ്യം? അനിയന്‍ അംബാനി ഏട്ടന്‍ അംബാനിയെ 'ഭയ്യാ' എന്നുവിളിച്ചപ്പോള്‍ ബി.എസ്.സിയിലെ കാളക്കൂറ്റന്‍മാര്‍ കയറുപൊട്ടിച്ച് നിക്ഷേപിക്കാന്‍ പൈക്കളെ തേടിയ വിവരദോഷികളുടെ കച്ചവടസംസ്കാരത്തെ അമേരിക്കയിലെ പരിഷ്കൃത വ്യവസായ സമൂഹവുമായി എന്തുതരത്തിലാണ് ഉപമിക്കുക? ഒരു അസിംപ്രേംജിക്ക് ജലദോഷം വന്നാല്‍ വിപ്രോ ഡൌണ്‍സീലിങ്ങില്‍. അംബാനിക്ക് മൂത്രക്കടച്ചില്‍ വന്നാല്‍ മുംബൈ ബ്രോക്കര്‍മാര്‍ക്ക് കുഴലിടേണ്ടിവരികയും ചെയ്യുന്ന രാജ്യത്തെ, ഭരണമാറ്റം പോലും സ്വാധീനിക്കാത്ത അമേരിക്കന്‍ വിപണിയുമായി താരതമ്യം ചെയ്യുന്നത് ശമ്പളത്തിന്റെ കാര്യത്തില്‍ മാത്രമാവരുത്.

പാമ്പാട്ടികളുടേയും പിടിച്ചുപറിക്കാരുടേയും അപരിഷ്കൃതരുടേയും നാട് വിവരസാങ്കേതികവിദ്യയുടെ പേരുകേട്ട പ്രദേശമായി. വിജ്ഞാനത്തോടൊപ്പം വിവേകം വളരുന്നില്ലെങ്കില്‍ ഉണ്ടാവുക ഒരു പറ്റം ഒന്നിനും കൊള്ളാത്ത കുറേ മാനേജര്‍മാരാണ്. വൈജ്ഞാനിക മണ്ഡലത്തോടൊപ്പം വിവേകവും വികസിക്കുമ്പോള്‍ മാത്രമാണ് ലീഡര്‍മാര്‍ ഉണ്ടാവുക.

മാനേജര്‍ ഡൂ തിങ്സ് റൈറ്റ് - 1956ലെ കമ്പനി നിയമം നോക്കി അംബാനിസുതന്‍ 44 കോടി ശമ്പളമായി കൈപ്പറ്റി. ലീഡര്‍ ഡൂ റൈറ്റ് തിങ്സ് - സ്വന്തം വിമാനങ്ങളും വിമാനത്താവളങ്ങളും രാജ്യത്തിനായ് പ്രതിഫലമേതുമില്ലാതെ വിട്ടുകൊടുത്തു ജാംഷേഡ്ജി.

കുത്തകമുതലാളിമാരുടെ ശമ്പളവര്‍ദ്ധനയ്ക്ക് പഴയ കുടുംബാസൂത്രണംപോലെ എന്തെങ്കിലും ഒരു പ്രതിവിധിക്കായി നമ്മുടെ ബൂര്‍ഷ്വാ മന്ത്രിമാര്‍ നാവുചലിപ്പിക്കുമ്പോള്‍ കേരളത്തിലെ വിപ്ളവപ്ളവഗങ്ങള്‍ക്ക് നാവുതാണുപോയ അവസ്ഥയാണ്.

കേന്ദ്രത്തിലെ കേസ് തലയുള്ള മുതലാളിമാരുടേതാണെന്നെങ്കിലും പറയാം. കോടികള്‍ കൊടുക്കുന്നത് സര്‍ക്കാരല്ലെന്നും. തലതന്നെ വയറ്റിലാണെന്ന് കാലം തെളിയിച്ചവര്‍ ഇവിടെ ഒപ്പിച്ച സംഗതി ഉഗാണ്ടയിലെ ഈദി അമീന്റെ നേട്ടങ്ങളുടെ പട്ടികയില്‍ കൂടി വരവുവെയ്ക്കപ്പെടാത്തതാണ്.

മകന്റെ കെട്ടിയോള്‍ മന്ത്രിഭവനത്തില്‍ ഒന്നാം നാള്‍ കുക്കായി ഭവിച്ചു. കറിക്കത്തി ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം രണ്ടാംനാള്‍ മരുമകള്‍ ക്ളര്‍ക്കായി രൂപാന്തരംപ്രാപിച്ചു. എഴുത്താണി ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം മൂന്നാംനാള്‍ ഗസറ്റഡ് ഓഫീസറായി ഉദ്യോഗക്കയറ്റം. ആഫീസര്‍ സീല്‍ ഒന്നുയര്‍ന്നുതാണു. എന്തൊരദ്ഭുതം. നാലാം നാള്‍ വാഴ്ത്തപ്പെട്ട പെന്‍ഷന്‍കാരിയായി ഭവിച്ചു.

ഇന്ന് ഇരുപത്തിരണ്ടില്‍ പെന്‍ഷന്‍ പറ്റി വീരപ്രസുവായി, ദീര്‍ഘസൂമംഗലിയായി ഇനി ഒരു എഴുപത്തിയഞ്ചുകൊല്ലം സുഭിക്ഷം കഴിയുമെന്ന് കൂട്ടുക. പെന്‍ഷന്‍ മുടങ്ങാതെ സര്‍ക്കാര്‍ വക. പിന്നെ അടുത്തൂണ്‍ അനന്തരാവകാശികളിലേക്ക് പ്ളേഗ് പോലെ പകരുകയും ചെയ്യും. ഇങ്ങിനെ പത്തു മന്ത്രിമാരും അവരുടെ മക്കളും മരുമക്കളും ഒന്നുത്സാഹിച്ചാല്‍ പിന്നെ പരശ്ശതം പരശുരാമന്‍മാര്‍ കന്യാകുമാരിയില്‍ചെന്ന് മഴുവെറിഞ്ഞാലും നാട് കരകയറിയെന്നുവരില്ല.

അംബാനിമുതലാളിയുടെ ശമ്പളം കമ്പനിയുടെ പാതി ഷെയര്‍ഹോള്‍ഡര്‍മാര്‍ വിചാരിച്ചാല്‍ നിര്‍ത്തിക്കാവുന്നതേയുള്ളൂ. ജാതിമതരാഷ്ട്രീയഭേദമന്യേ കേരളീയരുടെ ഇപ്പോഴത്തെ ചിന്ത ഈ മന്ത്രിപുത്രകളത്രാദികള്‍ക്കാരു മണികെട്ടും എന്നതുമാത്രമാണ്.

അവരവരാല്‍ കഴിയുന്നത് സമൂഹത്തിന്, അവരവര്‍ക്കാവശ്യത്തിനുള്ളത് സമൂഹത്തില്‍ നിന്നും എന്ന സുന്ദരമോഹന വ്യവസ്ഥയ്ക്ക് ഇങ്ങിനെയും ചില്ലറ ഗുണങ്ങളുണ്ടെന്നു കണ്ടുപിടിച്ചുതരാന്‍ ഒരു സഖിതന്നെ വേണ്ടിവന്നു. ജനാധിപത്യത്തിന്റെ ഓരൊരൊ സുഖങ്ങളെപറ്റിയാലോചിക്കുമ്പോ ഇതൊക്കെ തന്നെ വിപ്ളവം.

The World has enough to feed everyone in need, and no one in greed എന്നു പറഞ്ഞു പണ്ടൊരാള്‍. വെറുതെയല്ല സ്വാതന്ത്ര്യത്തിന്റെ ആ ആസ്ഥാനഗായകനെ താമസംവിനാ വെടിവച്ചുകൊന്ന് കൈയ്യില്‍ വടിപിടിപ്പിച്ച് പാരതന്ത്ര്യത്തിന്റ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ കാക്കയ്ക്ക് കാഷ്ഠിക്കുവാന്‍ പ്രതിമരൂപത്തില്‍ നിര്‍ത്തിക്കൊടുത്തത്.

October 16, 2009

സെയ്‌ന്റ്‌ പോള്‍ വധം - നിത്യന്‍


കുലം, ജാതി, മതം, ദേശം കയ്യിലിരുപ്പ്‌ എന്നിവ ഗഹനമായി പഠിച്ചശേഷം ഭാവിയിലേക്കുള്ള തുരുപ്പുഗുലാനായി പാര്‍ട്ടികള്‍ ചിലരെ കണ്ടെത്തും. തിരഞ്ഞെടുപ്പുകാലമാണെങ്കില്‍ പാര്‍ട്ടിസ്വതന്ത്രന്‍ എന്നറിയപ്പെടും. അതെന്തു സംഗതിയെന്നൊന്നും ചോദിച്ചുകളയരുത്‌. കയ്‌പില്ലാത്ത കാഞ്ഞിരക്കുരുവാണെന്നു കരുതിയാല്‍ മതി. ഇനി അടുത്തകാലത്തൊന്നും തിരഞ്ഞെടുപ്പില്ലായെങ്കില്‍ വിവിധ സ്റ്റേജുകളില്‍ ഇക്കൂട്ടരെ സഹയാത്രികരായി പ്രദര്‍ശിപ്പിക്കും.

ഉപ്പുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്‌, ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന പരുവത്തിലായിരിക്കണം ശിഷ്ടകാല പാര്‍ട്ടി സ്വതന്ത്രജീവിതം. അതായത്‌ ഒരുമാതിരി പ്രീഡിഗ്രിയാണ്‌ ഈ പാര്‍ട്ടി സ്വതന്ത്രന്‍ എന്ന സംഗതി. എസ്‌.എസ്‌.എല്‍.സിയുടെ വിലയേയുള്ളൂ. ഡിഗ്രിയുടെ വിലയില്ല. എന്നാലോ ഇതില്ലാതെ ഡിഗ്രിക്കു കുത്തിയിരിക്കാനും കഴിയില്ല.

പാര്‍ട്ടിയില്‍ ഈഴവന്‍മാര്‍ക്കും നായന്‍മാര്‍ക്കും ക്ഷാമം നേരിട്ട ചരിത്രമില്ലാത്തതുകൊണ്ട്‌ അക്കൂട്ടരുടെ ജാതകം ആസ്ഥാനത്തുവരുത്തി പരിശോധിക്കുന്ന പതിവ്‌ വളരെ കുറവാണ്‌.

വ്യാമോഹവൈനിന്റെ അമിതോപയോഗം കാരണം ഇരുകിഡ്‌നികളും പ്രവര്‍ത്തനരഹിതമായി അന്ത്യശ്വാസം വലിക്കുമെന്നുതോന്നുന്ന ഘട്ടത്തില്‍ പാര്‍ട്ടിയുടെ ജീവന്‍ നിലനിര്‍ത്തേണ്ടത്‌ ഈ സ്വതന്ത്രന്‍മാരാണ്‌. ജീവന്‍ തിരിച്ചുകിട്ടിയാല്‍ ഉടന്‍തന്നെ ഇക്കൂട്ടരെ തങ്കപ്പെട്ട വിപ്ലവകാരികളാക്കി മാമോദീസമുക്കും. സഹയാത്രികര്‍ ഈ കാലയളവില്‍ വാക്കും പ്രവൃത്തിയുമായി പരമാവധി അകലം കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌. എത്രത്തോളം ആ അകലം കൂടുന്നോ അത്രയും അടുത്തായിരിക്കും ഈ വാഴ്‌ത്തപ്പെടല്‍.

പാര്‍ട്ടി ആസ്ഥാനത്ത്‌ നടത്തിയ പോളിന്റെ ഒരു ജാതക പരിശോധനയിലാണ്‌ ഒരു പില്‌ക്കാല മാധ്യമ വിശാരദനെ ആചാര്യന്‍മാര്‍ കണ്ടെത്തിയത്‌. വന്‍കിടകുത്തകബൂര്‍ഷ്വാഭൂപ്രഭുമുതലാളിത്തസിഐഎവൈതാളികന്‍മാരെ (ആസ്‌ത്മാ രോഗികള്‍ നിര്‍ത്തിനിര്‍ത്തിമാത്രം വായിക്കുക) നേരിടാന്‍ മദിരാശിമലബാറില്‍ എണ്ണയിട്ട യന്ത്രം പോലെ കര്‍മ്മനിരതരായ ത്രീഇന്‍വണ്‍ ജയരാജന്‍മാരും അവരുടെ ചെഗുവേരചെറുപ്പക്കാരുമുള്ള കാലത്തോളം ഹിമാലയം വടക്കന്‍കാറ്റിനെയെന്നപോലെ സി.ഐ.എയെ തടുത്തുകൊള്ളും.

മാധ്യമങ്ങളെ തടുത്തുനിര്‍ത്താന്‍ പറ്റിയ ആളുകള്‍ക്കാണ്‌ ക്ഷാമം. പണയം വെക്കാന്‍ തയ്യാറുള്ള തലകള്‍ കിട്ടാനുള്ള പാട്‌ ചില്ലറയല്ല. തലയുള്ളവന്‌ ചിലപ്പോള്‍ തലയിലുണ്ടാവില്ല. തലയിലുള്ളവന്‌ പലപ്പോഴും തലവേണമെന്ന നിര്‍ബന്ധവും കാണുകയില്ല.

വിപ്ലവപാര്‍ട്ടികളുടെ മാധ്യമനയം സഞ്‌ജയന്‍ എഴുപതിറ്റാണ്ടുമുമ്പേ വ്യക്തമാക്കിയതാണ്‌.

"അവര്‍ക്കു ഹിതമല്ലാത്തതോതുന്നോരെ ദുഷിക്കുവോര്‍
അതോടൊന്നിച്ചഭിപ്രായ സ്വാതന്ത്ര്യത്തെ സ്‌തുതിക്കുവോര്‍"

ഈ മാധ്യമനയം ഭ്രമണപഥത്തിലെത്തിക്കാന്‍ വേണ്ട യോഗ്യത ലേശം തലയും തലയിലുള്ളതും ഉണ്ടാവണമെന്നതു തന്നെയാണ്‌. അത്‌ ഒരു പോളില്‍ കണ്ടെത്തി. അധികയോഗ്യതയാവട്ടേ വാക്കു തെക്കോട്ടാണെങ്കില്‍ പ്രവൃത്തി വടക്കോട്ടായിരിക്കണം സഞ്ചരിക്കുന്നത്‌. അതാണിപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. തെറ്റിയത്‌ പാര്‍ട്ടിക്കാണോ അതോ പോളിനാണോ.

എന്താ ദിവ്യദൃഷ്ടിയുണ്ടോ മാധ്യമങ്ങള്‍ക്കെന്നു ചോദിച്ചപ്പോള്‍

സഖാവേ! ജേര്‍ണലിസ്റ്റ്‌ ദിവ്യ
ചക്ഷുസ്സ്‌ കലരുന്നവന്‍
മനസ്സിലോര്‍ത്താലൊക്കേയു
മറിഞ്ഞീടും പരിഷയുമിവന്‍
മുറിക്കില്ലിവനെ ശ്ശസ്‌ത്രം
ബാധിക്കില്ല തളര്‍ച്ചയും

(എഴുത്തച്ഛാ മാപ്പ്‌)

എന്നന്നേ പറയേണ്ടതായിരുന്നു. പറയേണ്ടപ്പോള്‍ പറഞ്ഞില്ല അല്ലെങ്കില്‍ പറയാനറിഞ്ഞില്ല.

വാക്കും പ്രവൃത്തിയുമായി ബന്ധം പുലര്‍ത്തുമ്പോഴാണ്‌ പത്രപ്രവര്‍ത്തനം ഒരു അപകടകരമായ തൊഴിലായി മാറുക. സ്വദേശാഭിമാനിയുടെയും സഞ്‌ജയന്റെയും ലസാന്തയുടെയുമൊക്കെ ഗതിവരിക. മാധ്യമപ്രവര്‍ത്തനം എങ്ങിനെവേണം എന്നതിനെപ്പറ്റി നൂറുകിത്താബുകള്‍ പടച്ചുവിട്ടാലും തല തലസ്ഥാനത്തുതന്നെയുണ്ടാവും. അതിലെ പത്തുവരി പ്രാവര്‍ത്തികമാക്കാന്‍ പോയാലേ തലയെപ്പറ്റി ബേജാറുവേണ്ടൂ. അതുകൊണ്ടാണ്‌ ആരോ പറഞ്ഞത്‌ ഡെസ്‌ക്‌ ഈസ്‌ എ ഡെയ്‌ഞ്ചറസ്‌ പ്ലേസ്‌ ടു വ്യൂ ദ വേള്‍ഡ്‌ എന്ന്‌.

സഹയാത്രികന്‌ പ്രണയപൂര്‍വ്വം എന്നൊരു ലേഖനം ആസ്ഥാനത്തുനിന്ന്‌ ചെന്നപ്പോള്‍ കൈപ്പറ്റിപ്പോയി. വീണുകിട്ടുന്ന പ്രണയത്തെ ആരും വിട്ടുകളയുകയില്ല. 'ആളെയും കൊണ്ടേ പോവൂ പ്രണയ' മാണെങ്കില്‍ കൂടി അന്നേരം കാമം കണ്ണില്‍ തിമിരമായി വന്ന്‌ പായവിരിക്കും. പറഞ്ഞിട്ട്‌ കാര്യമില്ല. ഒന്നുകില്‍ പിഴപ്പിക്കാനുള്ള ലൗജിഹാദിന്റെ ഭാഗം അല്ലെങ്കില്‍ ഭാവിയില്‍ ചാവേറാവാനുള്ള ഒസ്യത്താവും എന്നു പോളും നീരീച്ചിട്ടുണ്ടാവില്ല. ഉദ്ദിഷ്ടകാര്യത്തിലല്ല ഇങ്ങിനെയൊരു കലഹത്തിലാണ്‌ ലൗജിഹാദ്‌ കലാശിക്കുക എന്ന്‌ പാര്‍ട്ടിയും നിരീച്ചിട്ടുണ്ടാവില്ല.

ബുദ്ധി അസാരം തലയിലുണ്ടായിരുന്നതിന്റെ ഉത്തമതെളിവാണ്‌ മൂപ്പരുടെ മാധ്യമപ്രവര്‍ത്തനം. മാധ്യമധര്‍മ്മത്തെപ്പറ്റി കിടന്ന കിടപ്പില്‍ അല്ലെങ്കില്‍ ഇരുന്ന ഇരിപ്പില്‍ നെടുങ്കന്‍ നാലു കാച്ചല്‍. പ്രവര്‍ത്തനം ഭംഗിയായി. ലോകമാസകലം പുല്ലുവിലയാണെങ്കിലും ഉപദേശിവര്‍ഗങ്ങള്‍ക്ക്‌ ഇന്ത്യയില്‍ എക്കാലത്തും നല്ല മാര്‍ക്കറ്റായിരിക്കും. കാരണം നമ്മള്‍ ഒരു പാടു പറയും. അതിന്റെ ഒരുശതമാനമാണ്‌ പ്രവര്‍ത്തിക്കുക. ആദിവാസികള്‍ക്കുവേണ്ടി ചെലവാക്കിയ തുകയും അവര്‍ക്കെത്തിയ തുകയും പോലെ. ഉപദേശം ഒന്നുകൊണ്ടുമാത്രം സംഗതി ഹലാക്കായിപോയതിന്‌ പൂമാലകളല്ലാതെ ഒരുപദേശിയുടെ കഴുത്തിലും കയറുവീണ ചരിത്രമില്ല. അതായിരുന്നു സുവര്‍ണകാലഘട്ടത്തില്‍ വേറിട്ട ചാനലിലെ ഇപ്പോള്‍ വേറിട്ട പണി.

എഴുതേണ്ടവന്‍ എഴുതിയ രീതിയിലാണോ എഴുതേണ്ടത്‌, പറയേണ്ടവന്‍ പറയരുതാത്ത രീതിയിലാണോ പറഞ്ഞത്‌ എന്നൊക്കെ നോക്കി തരം പോലെ വല്ലതുമൊക്കെ പറയുക. കൊടുക്കേണ്ട സമയത്ത്‌ കൊള്ളേണ്ടവന്റെ കരണക്കുറ്റിക്കിട്ട്‌ രണ്ടുകൊടുക്കുക മാത്രം ചെയ്‌തുകളയരുത്‌. തലയ്‌ക്ക്‌ തകരാറുള്ളവര്‍ അതാണു ചെയ്യുക. പിന്നെ കുത്തിയിരിക്കാന്‍ ചാരുകസാര കണ്ടെന്നുവരില്ല. തലയും കണ്ണും ഒന്നായല്ലേ സഞ്ചരിക്കുക.

മൂപ്പര്‍ ഇപ്പോള്‍ പറഞ്ഞതും നോക്കുക. "പ്രഭാവര്‍മ്മയുടേയും മാധവന്‍കുട്ടിയുടേയും ശൈലിയില്‍ പിണറായി വിജയനുവേണ്ടി പറയാന്‍ എനിക്കാവില്ല. പിണറായി വിജയന്റെ ചാവേറാവാന്‍ എനിക്കു കഴിയില്ല". കൂലിത്തല്ലുകാരും ചാവേറുകളും തമ്മിലുമുണ്ട്‌ ഒരു അജഗജാന്തരം. കൂലിത്തല്ലുകാരന്‌ ഇഹത്തിലെ സ്വര്‍ഗമാണെങ്കില്‍ ചാവേറിന്‌ പരത്തിലെ സ്വര്‍ഗമാണ്‌ ലക്ഷ്യം. പാര്‍ട്ടിമാധ്യമങ്ങളിലെ പണി ആദ്യത്തെ വകുപ്പിലാണ്‌ വരിക.

ബൂര്‍ഷ്വാമാധ്യമങ്ങളിലേയ്‌ക്കുള്ള ചാട്ടം പിഴച്ചുപോയവര്‍ അല്ലെങ്കില്‍ പിടിവിട്ട്‌ ചോട്ടില്‍പോയവരാണ്‌ വിപ്ലവമാധ്യമശിഖരങ്ങളിലേയ്‌ക്ക്‌ വലിഞ്ഞുകയറുക. മൂഹൂര്‍ത്തം അല്ല മൂത്രം ആണ്‌്‌ ശരി എന്ന്‌ ആസ്ഥാനത്തുനിന്നൊരു വിളി വന്നാല്‍ രണ്ടാമതൊന്നാലോചിക്കാതെ അച്ചുമാറ്റിനിരത്താനുള്ള ത്രാണിയുണ്ടായിരിക്കുകയും വേണം.

"ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച്‌ പ്രത്യാക്രമണം നടത്തുക എന്നതാണ്‌ ലെനിനിസ്റ്റ്‌ മാധ്യമതത്വം". സംഗതി വളരേ ശരിയാണ്‌. അങ്ങിനെ കുത്തകകളുടെ പരസ്യത്തിന്റെ ബലത്തില്‍ നാണയത്തുട്ടുകളുടെ താളലയവിന്യാസത്തില്‍ കുത്തകവിരുദ്ധപ്രവര്‍ത്തനം നടത്താനായിരുന്നു ചാനലു തുടങ്ങിയത്‌.

താമസിയാതെ മറ്റുചാനലുകളിലെ വൈറസുകള്‍ കുടിയേറി, ഭൂതംഭാവി വര്‍ത്തമാനക്കാരും ദിവ്യജോതിയും നിര്‍ക്കര്‍ക്കത്തുള്ളി സുവിശേഷക്കാരും കുരുത്തോലപെരുന്നാളുകാരും ബലിപെരുന്നാളുകാരും കയറിയിറങ്ങി ആസന്നമായ വിപ്ലവത്തെ തൊഴിലാളി വര്‍ഗത്തില്‍നിന്നും ആട്ടിയകറ്റി. അതോടെ 'വേറിട്ട' എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഇന്തമാതിരി മാധ്യമവിശാരദന്‍മാരെക്കൊണ്ടായിരിക്കണം വേറിട്ടചാനല്‍ ഇപ്പരുവത്തിലായത്‌.

മറ്റുചാനലുകാര്‍ സുബ്ബലക്ഷ്‌മിയെയും പി ലീലയെയുമൊക്കെ അതിരാവിലെ തന്നെ വിളിച്ചുവിടുന്നതുപോലെ സുപ്രഭാതത്തില്‍ 'ബലികുടീരങ്ങളേ സ്‌മരണകളുണര്‍ത്തും രണസ്‌മാരകങ്ങളേ.........' യെങ്കിലും അടിച്ചുവിട്ടാല്‍ മതിയായിരുന്നു. കേള്‍ക്കാന്‍ ഇടവരുന്ന പ്രതിവിപ്ലവകാരികള്‍ അതോടെ സമാധിയാവുകയും ചെയ്യും വിപ്ലവകാരികള്‍ക്ക്‌ ഒരു നവോന്മേഷം ലഭിക്കുകയും ചെയ്യും. തടിയില്ലാത്തവന്‌ തടിവെയ്‌ക്കാനും ഉള്ളവന്‌ അതു കുറയാനുമുള്ള സിദ്ധൗഷധം പോലെ ഒരു പ്രയോഗം.

പാര്‍ട്ടികൂടാരം ഒട്ടകങ്ങളെക്കൊണ്ട്‌ നിറഞ്ഞപോലെയാണ്‌. പഴയ പ്രവാചക പരിവേഷം അഴിച്ചുവച്ച്‌ വിജയന്‍മാഷും കുട്ട്യേളും പുറത്തുകടന്നു. കൂടാരം പാതി പണിയായി. കാലം മാഷെ വലിയതാമസമില്ലാതെ തിരിച്ചുവിളിച്ചതുകൊണ്ട്‌ അത്ര വലിയ അത്യാഹിതം സംഭവിച്ചില്ല. കൂടാരത്തിനു വെളിയിലാണ്‌ ഇപ്പോഴത്തെ ഇമേജിനു ഭാവിയെന്ന്‌ സെബാസ്റ്റ്യന്‍ പോളും കണ്ടെത്തി. ആ കണ്ടെത്തലാണ്‌ "കന്യാസ്‌ത്രീയുടെ കന്യാചര്‍മ്മ പരിശേധനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ കിട്ടാത്തത്‌ നമ്മുടെ സുകൃതം" എന്ന്‌ വരികളിലൂടെ വന്നത്‌. പാര്‍ട്ടിക്കൊരു തല്ലും പള്ളിക്കൊരു താരാട്ടും.

October 06, 2009

മുടന്തുന്ന കേരളം

കലികാലത്തിലിമ്മട്ടു
പലതുണ്ടാം മഹാദ്ഭുതം
പനിയുള്ളവനെക്കാണാം
കൊന്നുതൂക്കിയമാതിരി

സഞ്ജയന്‍ പണ്ടുകണ്ട പനിയുടെ നേര്‍ചിത്രമാണ് വരികളില്‍. ചരിത്രം വിഡ്ഢികളുടെ തലയിലാണ് ആവര്‍ത്തിക്കുക എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് പനി പോയി വീണ്ടും വീണ്ടും വരുമ്പോള്‍ ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കേണ്ട ഭാരിച്ച ചുമതലയാണ് ആരോഗ്യവകുപ്പിന്റേത്. രോഗം തന്നെ വൈദ്യനാണെന്ന് ഒരു ഐറിഷ് ചൊല്ലുണ്ട്. അത് ഒന്നു തിരിച്ചിട്ടാല്‍ കേരളത്തിന്റെ തനതു ചൊല്ലാവും. അതായത്് ഇവിടെ വൈദ്യന്‍തന്നെയാണ് രോഗം.

അനിശ്ചിതത്വത്തിന്റെ ശാസ്ത്രവും സാദ്ധ്യതകളുടെ കലയും ഇണചേര്‍ന്നപ്പോള്‍ ജന്മംകൊണ്ടതാണ് ആധുനിക വൈദ്യശാസ്ത്രം. അതായത് തനിക്കൊരിക്കലും ആരോഗ്യത്തെപ്പറ്റി യാതൊരു ബോദ്ധ്യവുമില്ലാത്ത രോഗിയെ 'മണിബന്ധം' മാത്രമുള്ള കമ്പനിയുടെ കേട്ടറിവുമാത്രമുള്ള മരുന്നുകള്‍ നിര്‍ലോഭം കുറിച്ചുനല്കി ചരലുവാരി കാക്കയെ എറിയുന്ന ഒരേര്‍പ്പാടാണ് നമ്മുടെ നാട്ടിലെ ഡയഗ്നോസിസ് ആന്റ് പ്രിസ്‌ക്രിപ്ഷന്‍. വൈദ്യനും വൈദികനും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. രണ്ടുകൂട്ടരും ഫീസ് ചോദിച്ചുവാങ്ങരുത്. കാരണം സമൂഹത്തില്‍ നിന്നും സ്വായത്തമാക്കിയതാണ് രണ്ടുകൂട്ടരുടെയും അറിവുകള്‍. സമൂഹത്തിനുവേണ്ടിയാണ് അവര്‍ ആ മേഖലയിലേക്ക് കുഞ്ഞിക്കാലെടുത്തുവച്ചതും.

ഒരേയൊരു വ്യത്യാസം ഒരാള്‍ ദേഹത്തെ സുഖപ്പെടുത്തുമ്പോള്‍ അപരന്‍ ആത്മാവിനെ സൗഖ്യപ്പെടുത്തുന്നു എന്നതാണ്. രണ്ടുകൂട്ടരുടെയും മെച്ചപ്പെട്ട സൗഖ്യപ്പെടുത്തല്‍ കാരണം എപ്പഴാ ദേഹത്തില്‍ നിന്നും ആത്മാവ് വിടപറയുക എന്നു പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊതുജനം. ഫീസു ചോദിക്കാതെ കിട്ടിയ വല്ലതും കൊണ്ട് കഴിഞ്ഞിരുന്ന ഭൂതകാലത്തിലും രണ്ടുകൂട്ടര്‍ക്കും പട്ടിണികിടക്കേണ്ടിവന്നിരുന്നില്ല. വൈദ്യവൃത്തിയെപറ്റി ആയൊരു ബോധമുണ്ടായിരുന്നത് ഇന്ത്യയില്‍ മഹാത്മജിക്കും ചൈനയില്‍ മാവോവിനുമായിരുന്നു. ഗാന്ധിജിയുടെ പ്രകൃതിചികിത്സയും മാവോവിന്റെ നഗ്നപാദ ഡോക്ടര്‍മാരും ഉണ്ടായത് അങ്ങിനെയാണ്. ഒരു ഡോക്ടറുടെ ജീവിതനിലവാരം ശരാശരി രോഗിയില്‍ നിന്നും ഉയരുമ്പോള്‍ രോഗിക്ക് ഡോക്ടറില്‍ നിന്നും നീതി ലഭിക്കുകയില്ലെന്നതായിരുന്നു മാവോയുടെ നിരീക്ഷണം. ആ കാഴ്ചപ്പാടിന്റെ സൃഷ്ടിയായിരുന്നു ചൈനയിലെ നഗ്നപാദ ഡോക്ടര്‍മാര്‍. ഇവിടുത്തെ മാവോവാദികളാവട്ടെ ജനത്തിന്റെ നികുതിപ്പണം കൊണ്ട് പഠിച്ചുപാസായി പൊതുജനത്തെതന്നെ വെല്ലുവിളിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണ്.

വൈദികവൃത്തിയും വൈദ്യവൃത്തിയും വിശ്വാസത്തിന്റെ ഭാഗമാക്കിയത് എത്ര തന്ത്രപൂര്‍വ്വമാണെന്ന് നോക്കണം. ജനത്തിന് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കിലേ വൈദികന്റെ ജീവിതം യാഥാര്‍ത്ഥ്യമാവൂ. വൈദികരെല്ലാം കൂടി വൈദ്യന്‍മാരെ പടച്ചുവിടുന്ന ഫാമുകള്‍ നാടുനീളെ തുടങ്ങിയപ്പോള്‍ രോഗം ഭേദമാവണമെങ്കില്‍ രോഗിക്ക് ഡോക്ടറില്‍ ഒരിത്തിരി വിശ്വാസമൊക്കെ വേണം എന്ന നിലയും കൈവന്നു. അതു തികച്ചും ശരിയാണ്. പിതാവിന്റെ മടിശ്ശീലയുടെ ബലത്തില്‍ ഡോക്ടറായവനില്‍ ശരീരം വിശ്വസിച്ചേല്‍പിക്കുന്നത് വിശ്വാസത്തിന്റെ ബലത്തിലല്ലാതെ മറ്റെന്തിന്റെ ബലത്തിലാണ്?

നാട്ടിലെല്ലാ അമ്മമാര്‍ക്കുമെന്നപോലെ ഈയടുത്തായി ഈയുള്ളവന്റെ അമ്മയ്ക്കും പനിപിടിച്ചു. മൊത്തത്തില്‍ ഒരു കരടീഭാവമാണ് കണ്ടത്. ഇരുകാലിലാണ് നടക്കുന്നതെങ്കിലും എപ്പഴാ നാലുകാലിലാവുക എന്നതു പ്രവചനാതീതം. മൂപ്പരെ വൈദ്യനെ കാണിക്കാമെന്നു കരുതി വിളിച്ചപ്പോള്‍ കിട്ടി ടോക്കണ്‍ 110. നാട്ടിലെല്ലാ വൈദ്യന്‍മാരും അപ്രത്യക്ഷരായാല്‍ മാത്രം രണ്ടാളെ ഉമ്മറത്തുകാണുന്ന വൈദ്യന്റെ ഭാഗ്യത്തിന്റെ ഗ്രാഫാണ് ടോക്കണ്‍ 110ലേക്ക് ഉയര്‍ന്നത്. നോക്കാന്‍ നേരമില്ല. ചെന്നു കണ്ടപാടെ ഒരു കടലാസില്‍ പുള്ളി എഴുത്തുതുടങ്ങി. മഹാഭാരതത്തെക്കൊണ്ട് പണ്ടാരോ പറഞ്ഞതുപോലെ അതിലില്ലാത്തതായി ഒന്നുമില്ല. സത്യം പറയണമല്ലോ പതിനാറടിയന്തിരത്തിനുള്ള മാരാരുടെ ചാര്‍ത്തിന്റെ അത്രവരും. ഭാഗ്യത്തിന് കോടിത്തോര്‍ത്തും കോടിമുണ്ടും പട്ടും ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

മരുന്നുകടയിലാണെങ്കില്‍ ഒടുക്കത്തെ തിരക്ക്. ഒരുവിധം ചളിക്കുണ്ടിലെ വരാലിനെപ്പോലെ വലിഞ്ഞ് മുന്നിലെത്തിയപ്പോള്‍ പഠിക്കുന്ന കാലത്തേ പേരുകേട്ട ഒരു അക്ഷരവൈരി മരുന്നെടുത്തുകൊടുക്കാന്‍. അന്വേഷിച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞത് ബാലന്‍ ഡോക്ടറുടെ മരുന്നെല്ലാം തെക്കെ അലമാരയിലും കോരന്‍ ഡോക്ടറുടേതെല്ലാം വടക്കേ അലമാരയിലുമാണ് വെയ്ക്കുക എന്നാണ്. കടലാസ് കണ്ടാല്‍ ആരുടേതാണെന്ന് മനസ്സിലാവും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്.........പത്ത് .....പതിനൊന്നാമത് കുപ്പി ക്രമത്തില്‍ ഇങ്ങെടുത്താല്‍ മതി. അതായത് ഒരുപനി പത്തുദിവസത്തേയ്ക്ക് 400രൂപ ഫോര്‍മുലയില്‍ ഒരു ചികിത്സ അഥവാ കിറുകൃത്യമായ ഒരു ചരലുവാരിയേറ്.

അമ്മയുടെ ഭാഗ്യം കൊണ്ട് ഒരൊറ്റ ചരലും കണ്ണില്‍ കൊണ്ടില്ല. മൂപ്പരിപ്പോള്‍ പൂര്‍വ്വാധികം ഭംഗിയായി മുടന്തുന്നു.
വെറും വൈശ്യന്‍മാരല്ല നമ്മള്‍ പ്രൊഫഷണലുകളാണെന്ന് വൈദ്യന്‍മാര്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അവരും രോഗിയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതാണ്. അതായത് പ്രിസ്‌ക്രിപ്ഷന്‍ - ഫീസ് റിലേഷന്‍ഷിപ്പ്. നമ്മുടെ പഴയ ആ വിശ്വാസം തട്ടിന്‍പുറത്തേക്ക് ചുരുട്ടികയറ്റിവെയ്ക്കാനുള്ള സമയമായി എന്നര്‍ത്ഥം.
അപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ബാദ്ധ്യതയുണ്ട്. കൊടുക്കുന്ന കാശിന് അര്‍ഹിക്കുന്ന സേവനം രോഗിക്ക് ലഭ്യമാവുന്നുണ്ടോ എന്ന് സര്‍ക്കാരും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ചില്ലറ ടിപ്‌സ്.
ആദ്യമായി ഒരു സംഖ്യ ഫീസായി നല്കി നമ്മള്‍ ഒരു സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ആ സേവനദാതാവിന് ആ സേവനം ചെയ്യാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യതയെങ്കിലുമുണ്ടോയെന്ന് അറിയണം.

രണ്ടാമതായി ആ ഡോക്ടറില്‍നിന്നും ലേശംകൂടി മെച്ചപ്പെട്ട ആളുടെ സേവനം അതേ കാശിന് ലഭ്യമായേക്കാം. അപ്പോള്‍ അയാളുടെ ഓരോ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ഒരു തീരുമാനമെടുക്കുക പ്രായോഗികമല്ലാത്തതിനാല്‍ എന്‍ട്രന്‍സ് റാങ്ക് എത്രയായിരുന്നു, എന്തു പഠിച്ചു, എത്രമാര്‍ക്കോടുകൂടി പഠിച്ചു, എവിടെ പഠിച്ചു എന്നിത്യാദി വിവരങ്ങള്‍ നല്ല വെള്ളചുമരില്‍ എഴുതിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. വിവരം വിരല്‍തുമ്പിലെത്തുന്ന ഈ കാലത്തും ഇതൊന്നുമിവിടെയില്ലാത്തത് നാടിന്നുതന്നെ അപമാനമാണ്.
അതൊക്കെ നോക്കി ടിയാന്‍ ഒറിജനാലാണോ വ്യാജനാണോ ലാടനാണോ ഇനി മെറിറ്റില്‍ തന്നെ വന്നതാണോ ജാതിപറഞ്ഞു കയറിമറിഞ്ഞതാണോ മിടുക്കനായ പിതാവിന്റെ മുടിയനായ പുത്രനാണോ സ്വാശ്രയമാണോ പരാശ്രയമാണോ എന്നെല്ലാം അറിയാന്‍ പുറത്തെ ചുമരുതന്നെ ധാരാളം എന്നൊരവസ്ഥ ഉണ്ടാവണം. അല്ലാത്ത കാലത്തോളം ഈ പകല്‍ കൊള്ള അവസാനിക്കുകയില്ല. ഡോക്ടര്‍മാരെക്കാളും നല്ലത് വക്കീലന്‍മാരാണെന്ന് പണ്ടൊരു രസികന്‍ പറഞ്ഞതു വെറുതെയല്ല. വക്കീലാവുമ്പോ ഉള്ള മുതലു കൊള്ളയടിച്ചു പോവുകയേ ഉള്ളൂ. ഡോക്ടറാവുമ്പോള്‍ മുതലിന്റെ കൂടി ഉയിരും കൂടിയെടുത്തുകളയും.
ഇനി അവസാനമായി ഡോക്ടറെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഫീസുകൊടുത്താല്‍ കുറിപ്പടിയില്‍ ആദ്യം എഴുതേണ്ടത് വന്നവന്റെ രോഗവിവരമായിരിക്കണം. മരുന്നു പിന്നെ മതി. ചരലുവാരിയെറിഞ്ഞു രോഗിയെ നിത്യരോഗിയാക്കി പോക്കറ്റടിക്കുന്ന അവസ്ഥയ്ക്ക് എങ്കിലേ ഒരു സമാധാനമുണ്ടാവൂ. ഇപ്പോഴത്തെ സ്ഥിതിവച്ച് ഫീസുവാങ്ങുകയേ വേണ്ടൂ. രോഗമെന്തെന്ന് രോഗിയറിയേണ്ടതില്ല. എഴുതേണ്ടതുമില്ല. അങ്ങിനെ ചികിത്സിക്കാന്‍ ലാടന്‍ പോരേ. ആവശ്യമുള്ള മരുന്നുകള്‍ ഷാപ്പുകളില്‍ വില്ക്കട്ടേ. അര്‍ഹരായവര്‍ ചികിത്സിക്കട്ടേ.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്. ഇനിയും യാതൊന്നും ചെയ്യാന്‍ തയ്യാറാവാതെ വൈദ്യനാര് മണികെട്ടും എന്നന്വേഷിച്ചു നടക്കുകയാണെങ്കില്‍ പിന്നെ വേറെ വഴിയൊന്നുമില്ല.

September 16, 2009

സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും


ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ്‌ ആളുകള്‍ മഹാന്മാരാവുന്നത്‌ എന്നു പറഞ്ഞത്‌ ചാണക്യനാണ്‌. ഒരു ശൂദ്രസ്‌ത്രീ അവിഹിതഗര്‍ഭം ധരിച്ചുണ്ടായ ചന്ദ്രഗുപ്‌തനെ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി, ആദ്യ ശൂദ്ര ഭരണാധികാരിയായി വാഴിച്ച മഹാമാന്ത്രികന്‍ ചാണക്യന്റെ വാക്കുകളാവുമ്പോള്‍ സത്യമല്ലാതാവാന്‍ സാദ്ധ്യതയില്ല. അതായത്‌ കര്‍മ്മം കൊണ്ട്‌ മഹാന്‍മാരായവര്‍ ചരിത്രത്തിലേയ്‌ക്ക്‌ നടന്നുകയറുമ്പോള്‍ ജന്മംകൊണ്ടു മഹാന്മാരായവര്‍ തൊട്ടടുത്തുതന്നെ ഭദ്രമായിരിക്കുന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്‌ക്ക്‌ കൂപ്പുകുത്തുകയും ചെയ്യും.

ഭൂമി ഉരുണ്ടതാണെന്ന്‌ ഗലീലിയോ തെളിയിച്ചപ്പോള്‍ കത്തോലിക്കാസഭ ഞെട്ടിയതുപോലെയാണ്‌ ജിന്ന മതേതരവാദിയെന്ന്‌ കേട്ടപ്പോള്‍ പരിവാരം ഞെട്ടുന്നത്‌. ഭൂമി ഉരുണ്ടാല്‍ കര്‍ത്താവ്‌ സൃഷ്ടിച്ച ഭൂമിയുടെയും ബൈബിളിന്റെയും കഥ അതോടെ കഴിഞ്ഞു അരമനകള്‍ വഴിയാധാരമാവും എന്നതായിരുന്നു കത്തോലിക്കാസഭയുടെ പേടി. അതു സംഭവിച്ചില്ല. ശാസ്‌ത്രത്തിന്റെ ഉരുണ്ടഭൂമിയും വിശ്വസത്തിന്റെ പരന്നഭൂമിയും പ്രത്യക്ഷത്തില്‍ പ്രകൃതിവിരുദ്ധമെങ്കിലും സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു കഴിഞ്ഞു. അരമനകള്‍ വിലങ്ങനെ വളര്‍ന്നു.


അതുകൊണ്ട്‌ ഗണവേഷധാരികള്‍ ഒന്നും ഭയക്കേണ്ടതില്ല. അതിലും വലിയ മഹാസത്യമൊന്നുമല്ല ജിന്ന മതേതരവാദിയാണെന്നത്‌. വീരസവര്‍ക്കര്‍ ആയുഷ്‌കാലം മുഴുവന്‍ ഒന്നാംതരം നാസ്‌തികനായിരുന്നൂവെന്നത്‌ അതിലും ഒന്നുകൂടി മുന്തിയ സത്യമാണല്ലോ. നല്ല നാസ്‌തികനേ നല്ല മതനിരപേക്ഷനാവാന്‍ പറ്റുകയുള്ളൂ. ജിന്നയെയും സവര്‍ക്കറെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പരിവാരങ്ങള്‍ക്ക്‌ പറ്റിയെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ.

നഗ്നസത്യം എന്നുപറഞ്ഞാല്‍ ശുദ്ധ സ്വര്‍ണം പോലത്തെ സംഗതിയാണെന്ന്‌ പണ്ട്‌ ഫ്രാന്‍സിസ്‌ ബേക്കണ്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതായത്‌ വിശേഷിച്ച്‌ ആര്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സാധനം. ലേശം ചെമ്പുചേര്‍ത്ത്‌ ഒന്ന്‌ കളങ്കപ്പെടുത്തുമ്പോഴാണ്‌ മനോഹരമായ സംഗതിയാവുകയും ഹേമമാലിനിമാര്‍ കലക്കി എന്നു ലാലുമാരെക്കൊണ്ട്‌ പറയിക്കുകയും ചെയ്യുക.

അതുപോലെ ചരിത്രസത്യങ്ങള്‍ നയനമനോഹരമാവണമെങ്കില്‍ തട്ടാന്റെ പണി ചരിത്രകാരനെടുക്കണം. ആവശ്യത്തിന്‌ ഭാവനയുടെ ചെമ്പ്‌ ഊതിക്കാച്ചി അവരവര്‍ക്കുവേണ്ടരീതിയില്‍ ചരിത്രത്തെ പണിതെടുക്കുമ്പോഴാണ്‌ അതിനെക്കൊണ്ട്‌ വല്ല ഉപകാരവുമുണ്ടാവുക. ചരിത്രസത്യത്തിന്റെ നല്ലൊരു ശതമാനം പണിക്കുറവില്‍ വരവുവെച്ചാല്‍ മതി. അതൊരു വഞ്ചനയില്ലാത്ത കാപട്യമായി ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്‌.

സാരാനാഥിലെ അശോകസ്‌തംഭത്തിലെ ധര്‍മ്മചക്രത്തിന്‌ രക്തബന്ധം നിരീശ്വരത്വം പ്രാണവായുവായ ബുദ്ധിസവുമായാണ്‌. ആ ധര്‍മ്മചക്രത്തെ ഉരുട്ടി ദേശീയപതാകയിലെത്തിച്ചതും സവര്‍ക്കര്‍ എന്ന നാസ്‌തികന്റെ കരങ്ങളായിരുന്നു എന്നതും സത്യം. പല സത്യങ്ങളും അങ്ങിനെയാണ്‌. അതുകൊണ്ടുതന്നെ പലപ്പോഴും മുന്‍പ്‌ എഴുതിയത്‌ വീണ്ടുമാവര്‍ത്തിക്കുന്നു. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ കുറേ ശിഷ്യന്‍മാരെ ദൈവം അയച്ചുകൊടുക്കുന്നു എന്ന്‌ ആരോ പറഞ്ഞതിലെന്താണ്‌ തെറ്റ്‌?

ജീവിതത്തില്‍ അടിമുടി വിപ്ലവകാരികളായ ജിന്നയ്‌ക്കും സവര്‍ക്കര്‍ക്കും കിട്ടിയ അനുയായികളെ കണ്ടാല്‍ ഏത്‌ അവിശ്വാസിയും നെഞ്ചത്ത്‌ കൈവെച്ചുപോവും. ശ്രീരാമനും വാനരസൈന്യവും പോലെ. ശ്രീരാമന്‍മാര്‍ കഥാവശേഷന്‍മാരായപ്പോള്‍ വാനരര്‍ക്ക്‌ ചാട്ടം പിഴച്ചതാണ്‌ പിന്നത്തെ ചരിത്രം.

ജിന്ന കണ്ട കോണ്‍ഗ്രസ്‌ ഏതാണ്ട്‌ നമ്മുടെ പണ്ടത്തെ ബ്രാഹ്മണാള്‍ ഹോട്ടല്‍പോലൊരു സംഗതിയായിരുന്നു. കുശിനിക്കാരന്‍മുതല്‍ കാഷ്യര്‍വരെ സവര്‍ണര്‍. ഇടം കൈയ്യില്‍ സിഗരറ്റും വലംകൈയ്യില്‍ ബ്രാണ്ടിക്കുപ്പിയുമായി ജീവിച്ച ജിന്നപോലും തന്റെ സമുദായത്തിന്റെ ഭാവിയെപ്പറ്റി ആലോചിച്ചുപോയത്‌ സ്വാഭാവികം. ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍ ജിന്നയ്‌ക്ക്‌ എന്തെങ്കിലും അയോഗ്യത ഉണ്ടായിരുന്നതായി അറിയില്ല. നെഹറുവിനെക്കാളും ഒന്നുകൂടി മുന്തിയ പരിഷ്‌കാരി എന്നു പറയാം.

സായുധസമരത്തില്‍നിന്നെന്നപോലെ ജനാധിപത്യത്തില്‍ നിന്നും കോണ്‍ഗ്രസ്‌ മാറിനിന്നതുകൊണ്ടുണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളായി എപ്പോഴും വന്നത്‌ മഹാത്മാഗാന്ധിയുടെ മനോഗതങ്ങളായിരുന്നു. തുര്‍ക്കിയിലെ ഖലീഫയക്ക്‌ സ്ഥാനം പോയതിന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെന്താണ്‌ കാര്യം എന്നുചോദിച്ചത്‌ ജിന്നയിലെ നാസ്‌തികനും മതനിരപേക്ഷത്വവുമാണെങ്കില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ രൂപംകൊടുത്തതില്‍ മതപ്രീണനവുമാണ്‌ തെളിയുക.

ജിന്ന വിഭാവന ചെയ്‌ത 'സെക്യുലാര്‍ ഇന്ത്യ' അഥവാ മതനിരപേക്ഷ ഇന്ത്യ നടക്കില്ലെന്നു തോന്നിയപ്പോഴാണ്‌ ഒരു കുട്ടിക്കരണം മറിച്ചിലിലൂടെ ദ്വിരാഷ്ട്രസിദ്ധാന്തത്തില്‍ ചെന്നു നിന്നത്‌.

ജിന്ന ഭയന്നത്‌ നാസ്‌തികനായ സവര്‍ക്കറിന്റെ, ബലികൊടുത്ത മൃഗം സ്വര്‍ഗത്തിലെത്തുമെന്ന്‌ ഉറപ്പാണെങ്കില്‍ നിനക്ക്‌ നിന്റെ അമ്മയെയും അച്ഛനെയും വെട്ടി ബലികൊടുക്കരുതോ എന്നു ചോദിച്ച യുക്തിവാദി ചര്‍വ്വാകനും മഹര്‍ഷി പദവി നല്‌കിയ ഹിന്ദുത്വത്തെയല്ല, കോണ്‍ഗ്രസിലെ വിവേചനത്തെയാണ്‌. മുന്നൂറുകൊല്ലം മുമ്പ്‌ സായിപ്പ്‌ കണ്ടുപിടിച്ച 'സീസറുടേത്‌ സീസറിനും പള്ളിയുടേത്‌ പള്ളിക്കും' സിദ്ധാന്തത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള പ്രായോഗിക രൂപമായിരുന്നു സവര്‍ക്കറുടെ ഹിന്ദുത്വ. തനത്‌ ഇന്ത്യന്‍ മതനിരപേക്ഷത്വം എന്നു വിളിക്കാവുന്നത്‌.

ജിന്നയുടെ ഭയം അസ്ഥാനത്തായിരുന്നില്ലെന്നറിയാന്‍ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി നോക്കിയാല്‍ മതി. സായിപ്പിന്റെ ഭരണമായിരുന്നു ഇതിലും മെച്ചം എന്നു ഏതു ആദിവാസിയാണ്‌ പറയാതിരിക്കുക. ആദിവാസികളെ ദരിദ്രവാസികളാക്കിയതും പോര അവരെ അവരുടെ കാട്ടില്‍ അതിക്രമിച്ചുകടന്ന്‌ ചവുട്ടിയിറിക്കി വെടിവെക്കുകയാണ്‌ സ്വതന്ത്രഭാരതം ചെയ്‌തത്‌. ആദിവാസികള്‍ക്കുവേണ്ടി ചിലവിട്ട ശതകോടികള്‍ ആദിവാസികളെ ദരിദ്രവാസികളാക്കി. പദ്ധതി നടപ്പാക്കിയവരെ കോടീശ്വരന്‍മാരാക്കി.

മഹമൂദ്‌ ഗസ്‌നി മൊത്തത്തില്‍ 24 തവണ സോമനാഥ ക്ഷേത്രം കൊള്ളയടിച്ചൂവെന്ന്‌ ചരിത്രം. ഓരോ കൊള്ളകള്‍ക്കുമുള്ള ഇടവേളകളില്‍ ആ ഭണ്ഡാരം ആവും വണ്ണം നിറച്ചുകൊടുക്കുവാനുള്ള ഗോബുദ്ധിയല്ലാതെ ഗസ്‌നിയുടെ മുട്ടുകാല്‍ തല്ലിയൊടിക്കാന്‍ നാലാളെ ഏര്‍പ്പാടാക്കിയ വ്യാഘ്രബുദ്ധി ഇന്ത്യക്കാര്‍ക്കില്ല. അന്നും ഇന്നും എന്നും.

ഈ സംഗതി നമ്മുടെ ദൈവങ്ങളെ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വാഴക്കൈ ഒടിയുമ്പോള്‍ മൂത്രം പോവുന്നവര്‍ വരെ ആരാധിക്കുക ഏറ്റവും ചുരുങ്ങിയത്‌ ഒരു നാട്‌ മുടിയാന്തരം വരുത്തുവാന്‍ കരുത്തുറ്റ സുദര്‍ശനം വിരലിലുള്ള ശ്രീകൃഷ്‌ണനെയായിരിക്കും.

സായിപ്പിനെ നോക്കുക. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കുകയെന്നത്‌ സായിപ്പിന്‌ അറിയാന്‍ പാടില്ലാത്ത ഒരു കാര്യമാണ്‌്‌. ഈ ജന്മത്തില്‍ ചെയ്യാന്‍ പറ്റാത്തതും. ആയൊരൊറ്റ കാരണം കൊണ്ടാണല്ലോ സായിപ്പ്‌ ജീസസിനെ ആരാധിക്കുന്നതും.

അതുകൊണ്ടാണ്‌ പറഞ്ഞത്‌ ഓരോ ജനതയ്‌ക്കും അതിന്റേതായ ഒരു ജീവിതബോധമുണ്ട്‌. അതിനൊരു താളവുമുണ്ട്‌. അലക്‌സാണ്ടര്‍മുതല്‍ മെക്കാളെവരെയുളളവര്‍ ആക്രമിച്ചിട്ടും നമ്മുടെ മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നിനുപോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. നാസയിലാണ്‌ പണിയെങ്കിലും വീട്ടില്‍ പൂജ മുടങ്ങാതെ നോക്കുന്നവരാണ്‌ ഭൂരിപക്ഷവും. മാര്‍ക്‌സിലുള്ളതിലും വിശ്വാസം ചൈനക്കാര്‍ക്ക്‌ വ്യാളികളിലായതും വേറൊന്നും കൊണ്ടല്ല.

കേവലസത്യം ശുദ്ധസ്വര്‍ണം പോലെയാണെന്നുപറഞ്ഞു. ഉപകാരമില്ലെങ്കിലും നിത്യേന വിലകൂടിക്കൊണ്ടിരിക്കുന്ന സംഗതികളാണ്‌ രണ്ടും. മഹാത്മജിയും രാജാജിയുടെ മരുമകളായിരുന്ന സരളാദേവിയും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. മഹാത്മജിതന്നെ പണ്ട്‌ സ്‌പിരിച്ച്വല്‍ വൈഫ്‌ എന്നു വിശേഷിപ്പിച്ച സരളാദേവിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ സത്യാന്വേഷണ പരീക്ഷണം പൂര്‍ത്തിയായി ഗ്രന്ഥം വന്നത്‌ രണ്ടാളും പോയശേഷമാണ്‌. സംരംഭം വന്‍വിജയം.

കാരണം നമ്മള്‍ ഒന്നുകില്‍ ഒളിഞ്ഞുനോട്ടക്കാരാണ്‌. അല്ലെങ്കില്‍ സത്യത്തെ ദൂരെനിന്ന്‌ ആരാധനയോടെ നോക്കിക്കാണുന്ന മഹാകള്ളന്‍മാര്‍. അപ്പോള്‍ അതു വിളിച്ചുപറയുന്ന ഒരു ഗ്രന്ഥത്തിന്റെ ഡിമാന്റും സ്വര്‍ണത്തിന്റേതുപോലെ കൂടിക്കൊണ്ടേയിരിക്കും. സംഘപരിവാര്‍ കൂടാരത്തിലെ 30 വര്‍ഷത്തെ സഹവാസം ആയൊരു തിരിച്ചറിവൊക്കെ ജസ്വന്ത്‌ സിങ്ങിന്‌ നേടിക്കൊടുക്കാതിരിക്കുമോ?

എന്തായാലും ധൈര്യമുള്ള പട്ടാളക്കാരന്‍ തന്നെയാണ്‌ സിങ്ങ്‌ എന്ന പണ്ടുതെളിഞ്ഞിട്ടുള്ളതാണ്‌. പാര്‍ലിമെന്റ്‌ ആക്രമണവേളയില്‍. ഉടന്‍ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറണം എന്ന്‌ സുരക്ഷാജീവനക്കാര്‍ ഓടിവന്നു പറഞ്ഞപ്പോഴും അക്ഷോഭ്യനായി ചായകുടിച്ചുകൊണ്ട്‌ സിങ്ങു നില്‌ക്കുമ്പോള്‍ കൊടുംവിപ്ലവകാരികളടക്കം രാഷ്ട്രത്തിന്റെ പരമാധികാരം കാക്കാനായി ജനങ്ങള്‍ തിരഞ്ഞുപിടിച്ചയച്ചവര്‍ തന്നെത്താന്‍ രക്ഷിക്കാന്‍ എവിടെയൊളിക്കണം എന്നാലോചിച്ച്‌ പരക്കം പായുകയായിരുന്നു. അതിനകത്ത്‌ ഏക്കര്‍ കണക്കിന്‌ സ്ഥലമുണ്ടായതുകൊണ്ടായിരിക്കണം തമ്മിലിടിച്ച്‌ അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്‌. അവിടെ ചെണ്ടയില്ലാതിരുന്നതുകൊണ്ടുമാത്രം ധീരന്‍മാര്‍ അതിന്റെ തോലുപൊളിച്ച്‌ അകമേ പുക്കിയില്ല എന്നുവേണം കരുതാന്‍.

സിങ്ങിന്റെ ആ ധൈര്യത്തെ നിത്യന്‍ ആദരിക്കുന്നു. ഇപ്പോള്‍ ഈയൊരു സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിക്കുപുറത്തേയ്‌ക്കു നടക്കാനെടുത്ത ഈ തീരുമാനത്തേയും. അപ്പോഴും ഖണ്ഡഹാര്‍ വിമാനറാഞ്ചികളെ അഫ്‌ഗാനിസ്ഥാനില്‍ കൊണ്ടുപോയിറക്കിക്കൊടുത്ത തീരുമാനം അങ്ങേയറ്റത്തെ തെറ്റായിപ്പോയി എന്നു വിശ്വസിക്കുകയും ചെയ്യുന്നു.

വോഡ്‌ക രണ്ടെണ്ണം വീശി കണ്‍ട്രോളുപോയപ്പോള്‍ പണ്ടൊരു സഖാവ്‌ അറിയാതെ റോഡിലിറങ്ങിയങ്ങോട്ട്‌ പറഞ്ഞുപോയി "ജോസഫ്‌ സ്റ്റാലിന്‍ എന്നുപറഞ്ഞാല്‍ ഒന്നിനും കൊള്ളാത്തൊരുത്തനാണ്‌്‌"

ചെമ്പട കൈയ്യോടെ പൊക്കി. അന്നു തന്നെ വിചാരണയും കഴിഞ്ഞു. ശിക്ഷയും വിധിച്ചു. പന്ത്രണ്ടുകൊല്ലം കഠിനതടവ്‌.

"അല്ല യൂവര്‍ ഓണര്‍, ഒരാളെ ചീത്തപറഞ്ഞാല്‍ പരമാവധി രണ്ടുകൊല്ലമല്ലേയുള്ളൂ ശിക്ഷ. എന്തു ന്യായത്തിന്‍മേലാണ്‌ എനിക്ക്‌ 12 കൊല്ലം വിധിച്ചിട്ടിരിക്കുന്നത്‌? വിധി കേട്ട്‌ ഞെട്ടിയ പ്രതി അറിയാതെ ചോദിച്ചുപോയി.

ചീത്തവിളിച്ചതിന്‌ രണ്ടുകൊല്ലവും ഒരു ദേശീയ രഹസ്യം പരസ്യമാക്കിയതിന്‌ പത്തുകൊല്ലവും കൂട്ടി പന്ത്രണ്ടുകൊല്ലം എന്നായിരുന്നു ജഡ്‌ജിയുടെ വിശദീകരണം.

ജസ്വന്ത്‌ സിങ്ങിന്റെ ദുരവസ്ഥ കാണുമ്പോള്‍ തോന്നിപ്പോയതാണ്‌.

September 04, 2009

ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി


അതൊരു ഒരു നിരുപദ്രവകരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. പക്ഷേ ഏത്‌ സ്വതന്ത്ര അഭിപ്രായപ്രകടനവും ഇറാനില്‍ ജയിലിലേക്കുള്ള മാര്‍ഗമാണ്‌.

കണ്ണുകെട്ടിയ തുണി മാറ്റിയപ്പോള്‍ മുന്നില്‍ കണ്ടത്‌ ചോദ്യചെയ്യുന്ന ആ തടിയന്‍ ഇട്ടേച്ചുപോയ ഒരു തുണ്ട്‌ കടലാസാണ്‌. ഞാന്‍ കൈയ്യൊപ്പുചാര്‍ത്തേണ്ട കുറ്റസമ്മതങ്ങളുടെ ഒരു നീണ്ട ചാര്‍ത്ത്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടി സെല്ലുകളും എന്റെ സുഹൃത്തുക്കളുമായുള്ള 'വൃത്തികെട്ട ബന്ധ'ങ്ങളുടെ തെളിവുകള്‍. വിദേശ ശക്തികള്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ വഹിച്ച പങ്കിനെപറ്റി എനിക്കറിയാം എന്നു രേഖകളില്‍. കൂടാതെ എന്റെ പ്രൊഫെസറും നല്ല സുഹൃത്തുമായ 'അറാഷ്‌ ഹസ്‌താരി' കമ്മ്യൂണിസത്തെ പുല്‍കിയത്‌, പിന്നെ എനിക്ക്‌ അദ്ദേഹവുമായുള്ള 'ലൈംഗിക ബന്ധ'ത്തിന്റെ തെളിവുകള്‍.

ആ പ്രതിഷേധ സമരത്തിന്റെ നായകനായിരുന്നു അറാഷ്‌. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടും.

ഈ ആരോപണങ്ങളൊക്കെ സത്യമാണെന്ന്‌ അരെങ്കിലും കരുതുമെന്ന്‌ ഇതെല്ലാം എഴുതിക്കൂട്ടിയ ആ തടിയന്‍ കരുതുന്നുണ്ടാവുമോ? മറ്റൊരു മാതാഹരിയായി ചരിത്രം എന്നെ കാണുവാന്‍ ഈയൊരു കുറ്റസമ്മതം തന്നെ ധാരാളം - ഒരുപകുതി ഒറ്റുകാരിയും മറുപകുതി വേശ്യയും. "എന്നെ കുടുക്കിയതാണ്‌, ഞാനിതൊന്നുമല്ല" എന്ന്‌ തെഹ്‌റാനിലെ മുഴുവനാളുകളോടുമായി വിളിച്ചുപറയണമെന്നുണ്ടായിരുന്നൂ എനിക്ക്‌. എന്തുചെയ്യാം. ഒഴിഞ്ഞമുറിയിലെ ആ ചുമരുകളെ നോക്കി ഞാന്‍ അലറിക്കരഞ്ഞു, 'ഇത്‌ പച്ചക്കള്ളമാണ്‌. ഇല്ല ഞാനിതിലൊന്നും ഒപ്പുവെയ്‌ക്കുകയില്ല'

അന്തിമമായി എന്നെ ചോദ്യചെയ്‌തവന്‍, കുറച്ചു വ്യത്യസ്‌തനായൊരാള്‍ കുറെ ഫോട്ടോഗ്രഫുകള്‍ കാണിച്ചു. ഒന്ന്‌ ഞാനും അറാഷും ഒരു കഫേയില്‍ ഒരുമിച്ചിരുന്നു കാപ്പികുടിക്കുന്നത്‌. പിന്നൊന്ന്‌ അറാഷിന്റെ വീട്ടിലേയ്‌ക്ക്‌ ഞാന്‍ പോവുന്നതും മണിക്കുറുകള്‍ക്ക്‌ ശേഷം തിരിച്ചുവരുന്നതും (ഫോട്ടോയിലെ തീയ്യതിയും സമയവും വച്ച്‌). എന്റെ ലക്ഷ്യം അറാഷിന്റെ ലൈബ്രറി സന്ദര്‍ശനമായുരുന്നു എന്ന്‌ അയാളോട്‌ ഞാന്‍ വ്യക്തമാക്കിയതാണ്‌. ഭാഗ്യത്തിന്‌ എന്റെ കൈയ്യില്‍ അവിടെനിന്നും ഞാന്‍ എടുത്ത പുസ്‌തകങ്ങളുണ്ടായിരുന്നു.

അറാഷുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റസമ്മതം മരണത്തിലേയ്‌ക്കുള്ള വഴിയാണ്‌ - അതും എന്റെ മാത്രമല്ല. അറാഷിന്റെ ജീവനായിരുന്നു അവരുടെ ലക്ഷ്യം

തിരിച്ചുമുറിയിലേക്കെത്തിയ ആ തടിയന്‍ ഓര്‍ക്കാപ്പുറത്ത്‌ എന്റെ കവിളത്ത്‌ ആഞ്ഞടിച്ചു. "നീയെന്താടീ കണ്ണുമറയ്‌ക്കാത്തത്‌?"
"നിന്റെയീ അറപ്പുളവാക്കുന്ന മുഖം കാണാനായി" അയാളുടെ കൈകള്‍ എന്റെ ദേഹത്ത്‌്‌ ആഞ്ഞാഞ്ഞുപതിച്ചു. പിന്നെ അയാള്‍ എന്റെ കൈകള്‍ പിന്നോട്ടുവലിച്ച്‌്‌ ഏതോ ഒരു പരുക്കന്‍ സാധനം കൊണ്ട്‌ റിസ്റ്റ്‌ കൂട്ടിക്കെട്ടി. ആ വേദനയില്‍ അലറിക്കരയുമ്പോഴും ജയിലില്‍ ആരെങ്കിലും എന്റെ രക്ഷയ്‌ക്കെത്തുമെന്ന ഞാന്‍ വൃഥാ കരുതി.

മുറി വിട്ടുപോയ തടിയന്‍ താമസിയാതെ ഒരു കത്രികയുമായി തിരിച്ചെത്തി. എന്റെ ശിരോവസ്‌ത്രം വലിച്ചൂരി. നീണ്ടുകിടന്ന എന്റെ മുടിയിഴകള്‍ അയാളുടെ കൈപ്പിടിയിലായി. എന്റെ നിലവിളിയെ അവഗണിച്ചുകൊണ്ട്‌ അയാള്‍ മുടിമുഴുവന്‍ കത്രിച്ചിടാന്‍ തുടങ്ങി. പിന്നെ ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. അഴകാര്‍ന്ന എന്റെ തലമുടിയെ രക്ഷിക്കാന്‍ തലവെട്ടിച്ചപ്പോഴെല്ലാം കത്രികയേറ്റ്‌ തലനിറയെ മുറിവുകളായി. ഒടുവില്‍ ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നു. അപമാനഭാരത്താല്‍ ഞാനിരുന്നു കരഞ്ഞു.

മുടിയുടെ നീളം പോയപ്പോള്‍ കൈ കത്രികവിട്ട്‌ അയാള്‍ ഇലക്ട്രിക്‌ ഷിയേഴ്‌സിലേയ്‌ക്ക്‌ മാറി. ആ വികൃതരൂപം ആസ്വദിക്കാനെന്നോണം ഒന്നു മാറിനിന്നു അയാള്‍ എല്ലാം കഴിഞ്ഞപ്പോള്‍. ആ മുഖത്തേയ്‌ക്ക്‌ ഒന്നു നോക്കാന്‍പോലുമുള്ള ധൈര്യം പിന്നീടെനിക്കുണ്ടായിരുന്നില്ല.

ഇത്‌ എന്റെ മൂന്നാമത്തെ ചോദ്യം ചെയ്യല്‍? അതോ നാലാമത്തേതോ? എനിക്കിപ്പോള്‍ ദിനരാവുകള്‍ തന്നെ അറിയാന്‍ കഴിയുന്നില്ല. ഒരാഴ്‌ചയായി ഞാനീ നരകത്തില്‍ എന്നുതോന്നുന്നു. ആദ്യചോദ്യം ചെയ്യലില്‍ അയാള്‍ എന്റെ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ഞാന്‍ അയാളെ ഒന്നു നോക്കി. ഏതാണ്ട അമ്പതു വയസ്സു വരുന്ന, തലയില്‍ കഷണ്ടി കയറിയ ഒരു തടിയന്‍. മുഖത്ത്‌ വൃത്തിഹീനമായ ഒരു താടി. അയാളെ എന്തോ നാറുകയും ചെയ്യുന്നു. അപ്പോള്‍ എന്നില്‍ അയാള്‍ക്കുള്ള അധികാരം അയാള്‍ നന്നായി ആസ്വദിക്കുന്നതായി തോന്നി. ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ പങ്കാളിയായ ലാളിച്ചുവളര്‍ത്തപ്പെട്ട ഒരു മധ്യവര്‍ഗ രാജകുമാരി - അയാള്‍ക്ക്‌ ഞാന്‍ അതുമാത്രമായിരുന്നു.

എന്റെ മാതാപിതാക്കള്‍ കുര്‍ദ്ദുകളായിരുന്നു എന്നതും എനിക്കു വിനയായി. പോരാത്തതിന്‌ വിദ്യാസമ്പന്നരായ ലിബറലുകളും. അമ്മയാണെങ്കില്‍ സൗരാഷ്ട്രിയന്‍, ആ പൗരാണികമതം പിന്തുടരുവാനായിരുന്നു എന്നെ ശീലിപ്പിച്ചത്‌. ഷായുടെ കാലത്ത്‌ പട്ടാളത്തില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ കട നടത്തുന്നു. ഖുമൈനിയുടെ തിരിച്ചുവരവിന്‌ ശേഷമാണ്‌ എന്റെ ജനനം. വളര്‍ച്ച അദ്ദേഹത്തിന്റ വാഴ്‌ചക്കാലത്തും. ഷാ തന്നെയാണ്‌ അധികാരത്തില്‍ എന്ന ചിന്തയിലായിരിക്കണം എന്നെ വളര്‍ത്തിയത്‌. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചേല്‍പിച്ച്‌ രണ്ടാമതൊരു നിയമസംഹിത കൂടി അനുസരിക്കേണ്ടതായി വന്നു.

ഒരു വികൃതിക്കുട്ടിയായല്ല ഞാന്‍ വളര്‍ന്നതെങ്കിലും ജീവിതത്തിലെ തമാശകളും അതിന്റെ നിറഭേദങ്ങളും എന്നെ വല്ലാതാകര്‍ഷിച്ചു. ആ ഷൂസുകള്‍, ഞാനാഗ്രഹിച്ച നിറമുള്ള ലോകത്തിലേയ്‌ക്ക്‌ എന്നെ നയിച്ച ആദ്യ മാന്ത്രിക സാന്നിദ്ധ്യമായിരുന്നു അച്ഛന്‍ എനിക്കു വാങ്ങിത്തന്ന ആ പിങ്ക്‌ ഷൂസുകള്‍. എങ്കിലും താമസിയാതെ നഖശിഖാന്തം കറുപ്പില്‍ പൊതിഞ്ഞ്‌ പുറത്തേക്കിറങ്ങേണിവന്ന ഒരു എട്ടുവയസ്സുകാരിയായി ഞാന്‍. സൂര്യകിരണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്‌ത്രങ്ങളണിഞ്ഞ്‌ നടക്കുവാനുള്ള എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഡ്രസ്‌കോഡുകളില്‍ തട്ടി തരിപ്പണമായി.

zarah.jpgടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ സ്‌പാനിഷ്‌ വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്ക്‌ പാത്രമായ ഒരു പ്രഫെസറെ പിരിച്ചുവിട്ടതിനെതിരായി ഒരു പ്രതിഷേധത്തില്‍ ഞാന്‍ പങ്കാളിയായി. ഒരു വലിയവിഭാഗം ജനതയും, നിര്‍ഭയമായ നിലപാടെടുത്ത ചില പത്രങ്ങളും ഞങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. 20 വര്‍ഷത്തോളം അധികാരം കയ്യാളിയ ഭരണകൂടം ക്ഷയോന്മുഖമായതായും, ഒരു നവോത്ഥാനം ആവശ്യമാണെന്നും ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ തോന്നി. ഞങ്ങളെപ്പോലുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ചില്ലറ ബലപ്രയോഗം മതിയാവുമോ അതോ ഉഗ്രപ്രഹരം തന്നെ വേണ്ടിവരുമോ എന്നു വിലയിരുത്താനായി അധികാരത്തിലുള്ളവര്‍ കരുതലോടെയിരുന്നു. ചില്ലറ ബലപ്രയോഗങ്ങള്‍ എവിടെയുമെത്താതെ വന്നപ്പോള്‍ ഭീകരമുറകള്‍ക്കായി അവര്‍ തയ്യാറെടുത്തു.

അന്നേ ദിവസം ഞാന്‍ സുഹൃത്തുക്കളോടൊത്ത്‌ സല്ലപിച്ചുകൊണ്ടു വീട്ടിലേയ്‌ക്ക്‌ നടക്കുകയായിരുന്നു. പെട്ടെന്നു മാര്‍ഗതടസ്സം സൃഷ്ടിച്ച ഒരു പോലീസുകാരന്‍ എന്റെ തിരച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും എന്നെ കാറിലേയ്‌ക്കെടുത്തെറിയുകയും ചെയ്‌തു. ടെഹ്‌റാനിലെ എതാണ്ട്‌ ഒരു പട്ടണത്തോളം തന്നെ വിസ്‌തൃതിയുള്ള കുപ്രസിദ്ധമായ എവിന്‍ ജയിലിലേയ്‌ക്കാണ്‌ എന്നെ കൊണ്ടുപോയത്‌.

ഏതാണ്‌ രണ്ടുമീറ്റര്‍ നീളം - ഒന്നരമീറ്റര്‍ വീതി വരുന്ന മൂന്നു ചെറിയ സ്‌റ്റെപ്പുകള്‍. ഉരുക്കുവാതില്‍. ജനാലകളില്ല. വെറുംതറയില്‍ ഒരു പുതപ്പുമാത്രം. ആ വാതില്‍ പഴുതിലൂടെ കണ്ണുകെട്ടാനുള്ള തുണി ലഭിക്കും. കണ്ണുകെട്ടിവേണം സെല്ലിനു വെളിയിലിറങ്ങാന്‍. കക്കൂസിലേയ്‌ക്ക്‌ പോവണമെങ്കില്‍ ഒരു പച്ച സ്ലിപ്‌ വെളിയിലേക്കിടണം. ഒരേ ഭക്ഷണം. ഒലീവും റൊട്ടിയും. വല്ലപ്പോഴും മത്സ്യമാസാദികളും. ഒന്നുകുളിച്ച്‌ വസ്‌ത്രംമാറാന്‍ അവസരം കിട്ടുക ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌.

എന്നെ രണ്ടാമത്‌ ചോദ്യം ചെയ്‌ത ആ ആളെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. ഒരു ആഞ്ഞുതള്ളിന്‌ അയാള്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. കുറെ സമയത്തേയ്‌ക്ക്‌ വെറും നിശ്ശബ്ദത. ഒന്നുകില്‍ മുഖമടച്ച്‌ ഒരടി, അല്ലെങ്കില്‍ ഇടി. ശാരീരികമായി ഇതിലേതെങ്കിലും ഒന്ന്‌ സ്വീകരിക്കുവാന്‍ ഞാന്‍ ശരീരത്തെ സജ്ജമാക്കി. ശിക്ഷകളുടേതായ ഒരു ലിസ്‌റ്റ്‌ തന്നെയുണ്ടോ? അസഭ്യവാക്കുകള്‍, ശാരീരികമായ ഉപദ്രവം, ലൈംഗീക പീഢനം?

അയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ എനിക്ക്‌ സമ്മതമാണെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി സ്വയം തയ്യാറെടുത്തു. എന്തു പീഢനവും സഹിക്കാനുള്ള സഹനശേഷിയോ ദൃഢവിശ്വാസമോ ഒന്നും ഉള്ളവളല്ല ഞാന്‍.

ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു, "എന്തൊരു പറഞ്ഞാല്‍ മനസ്സിലാവാത്ത അമ്മയാ നിന്റേത്‌?" നിന്നെപ്പറ്റി ചോദിച്ചുകൊണ്ട്‌ അവളെന്നും ഗേറ്റില്‍ വന്നുപോവുന്നു. "ഞങ്ങള്‍ നിന്നെ കണ്ടിട്ടില്ല, നിന്നെപറ്റി കേട്ടിട്ടുമില്ല" എന്നും ഞങ്ങള്‍ അവളോട്‌ ഇതുതന്നെ പറയുന്നു.

"ഞാനെന്തൊരു പൊട്ടിപ്പെണ്ണ്‌. എന്റെ അമ്മയുടെ വേദനകള്‍ കൂടി അവര്‍ക്ക്‌ എന്നെ പീഢിപ്പിക്കാനുള്ള ഒരു ഉപകരണമാവും എന്നു ഞാന്‍ ആലോചിച്ചതേയില്ല. എനിക്ക്‌ ഇനിയും അവരുടെ ദുരുദ്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലേ? "

മൃദുവായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, "അതേ, ഞാന്‍ ഇവിടെയാണെന്ന്‌ അമ്മയ്‌ക്ക്‌ അറിയാം".

അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. "പക്ഷേ നീയിവിടെയല്ല. ആണോ? ആരും ഇവിടെയല്ല". ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിംഗുകളെപ്പറ്റി അയാള്‍ ചോദിച്ചു.

"ക്ലാസുകള്‍ കാന്‍സലാക്കാന്‍ അയാള്‍ നിങ്ങളോടാവശ്യപ്പെട്ടുവോ?"

എന്റെ പ്രഫെസറെയാണോ ഉദ്ദേശിക്കുന്നത്‌ എന്നു ഞാന്‍ ആരാഞ്ഞു.

അതേ അവന്‍ തന്നെ നിങ്ങളെയെല്ലാം മസ്‌തിഷ്‌കപ്രക്ഷാളം ചെയ്‌ത ആ തെമ്മാടിതന്നെ.

"ഇങ്ങിനെ സംസാരിക്കുന്ന നീയാണ്‌്‌ തെമ്മാടി", ഞാന്‍ തിരിച്ചടിച്ചു. എനിക്കു നിയന്ത്രിക്കാനാവും മുമ്പേ വാക്കുകള്‍ വാ വിട്ടുപോയി. പിന്നീട്‌ കേട്ടത്‌ അയാളുടെ കസാര നിരങ്ങുന്ന ശബ്ദമാണ്‌. പിറകില്‍ നിന്നും അയാള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. പിടിച്ചുകുലുക്കിയശേഷം മുന്നോട്ടേക്ക്‌ ആഞ്ഞുതള്ളി. ഇരുന്ന കസാരയടക്കം മുന്നോട്ടു മറിഞ്ഞു. ആ ശക്തിയായ വീഴ്‌ചയില്‍ എന്റെ താടി മേശയുടെ കോണില്‍ തട്ടി പിളര്‍ന്നു. തറയില്‍ വീണുകിടക്കുമ്പോള്‍ രക്തം ഒഴുകിപ്പോവുന്നത്‌ ഞാന്‍ അറിഞ്ഞു. പതിയെ ഞാന്‍ മുട്ടുകുത്തിയിരുന്നു. പിന്നെ പതുക്കെ കസാരയിലേക്ക്‌ മാറി.

ഒരുപാട്‌ ചോദ്യങ്ങളായിരുന്നു പിന്നീട്‌. ചിലത്‌ പുതിയത്‌ ചിലവ പഴയതിന്റെ ആവര്‍ത്തനങ്ങളും. എനിക്ക്‌ പിടിച്ചുനില്‌ക്കാന്‍ പറ്റിയില്ല. ബോധം മറയുന്നതുപോലെ തോന്നി. എല്ലാറ്റിനും എന്റെ മറുപടി 'അതേ' എന്നതിലൊതുങ്ങി.

"എവിടെപ്പോയി എന്റെ ചങ്കുറപ്പ്‌ എന്നുതോന്നി. എല്ലാറ്റിലുമുള്ള വിശ്വാസവും എനിക്കു നഷ്ടപ്പെട്ടുവോ? വേദനയുടെ ആ മൂടല്‍ മഞ്ഞിനും ആത്മനിന്ദയ്‌ക്കും ഇടയില്‍ ഒരു തരം ഭയം എന്നെ കീഴടക്കി. എന്റെ താടിയിലെ ആഴമേറിയ മുറിവ്‌ നാളെ പഴുത്തേക്കാം. മുഖത്തെ വൈരൂപ്യമായി, വൃത്തികേടായി അതു പരിണമിച്ചേക്കാം. നാളെ ആണ്‍കുട്ടികള്‍ എന്നെ ഒഴിവാക്കിയേക്കാം. എന്നിലെ ആ പേര്‍ഷ്യന്‍ സുന്ദരിയുടെ അന്ത്യം ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ചിന്തകള്‍ എത്രമാത്രം നിരര്‍ത്ഥകമായിപ്പോവുന്നു ? എന്റെയീ ലോകം തന്നെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ എന്റെ ചന്തമുള്ള മുഖത്തെ ചുറ്റിപ്പറ്റി മാത്രമായിപ്പോയി"

ടോയ്‌ലറ്റിലേയ്‌ക്ക്‌ പോവാനായി ഞാന്‍ ഒരു പച്ച പേപ്പര്‍ ചീള്‌ വാതിലിനടിയിലൂടെ തള്ളിവിട്ടു. തടവുകാര്‍ മറ്റുതടവുകാര്‍ക്ക്‌ കൈമാറുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക ടോയ്‌ലറ്റ്‌ വാതിലിന്റെ പിന്നിലാണ്‌. അവിടെ എന്നെ സ്വാഗതം ചെയ്‌തത്‌ അറാഷിന്റെ വരികളാണ്‌, പലപ്പോഴും പ്രസംഗം തുടങ്ങുംമുമ്പേ അദ്ദേഹം ചൊല്ലുന്ന ഒരു കവിതയിലെ വരികള്‍. അതേ അറാഷ്‌ ജയിലിലെത്തിയിരിക്കുന്നു.

"സ്വന്തം കൈയ്യിലെ പറവയെ മാനത്തേക്കു നീ പറഞ്ഞുവിടും
സ്‌നേഹത്തിന്റെ മറ്റൊരു കരം വന്ന്‌ നിന്റെ കൈകള്‍ പുണരും"

എന്താണ്‌ അദ്ദേഹം അര്‍ത്ഥമാക്കുന്നത്‌? സത്യം പറഞ്ഞാല്‍ എനിക്കറിയണമെന്നില്ല. ഇപ്പോള്‍ സംഭവിച്ചതില്‍ പകുതിയും അദ്ദേഹം കാരണമാണ്‌. പകുതി ഞാന്‍ ഒരു സ്‌ത്രീയാണെന്നതുകൊണ്ടും.

"എന്റെ പക്ഷിയുടെ ചിറകുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു" മറുപടിയായി ഞാന്‍ കുറിച്ചിട്ടു,

ഏതാണ്ട്‌ മൂന്നാഴ്‌ചകകളോളം നീണ്ടുനിന്ന സകല പീഢനങ്ങള്‍ക്കും ശേഷം ഒരു കോടതിമുറിയിലേക്കാണ്‌ എന്നെ കൊണ്ടുപോയത്‌. സര്‍വ്വകലാശാലയിലെ പഠനാന്തരീക്ഷം തകിടം മറിച്ചതും നിയമവിരുദ്ധ അസാന്മാര്‍ഗിക ബന്ധം പുലര്‍ത്തിയതുമടക്കം ആറു കുറ്റങ്ങളായിരുന്നു എന്റെ പേരില്‍. എനിക്ക്‌ വിശ്വസിക്കാനേ പറ്റിയില്ല.

ആരായിരുന്നു ഈ ആരോപണങ്ങളുന്നയിച്ചവര്‍? ഞാനിതെല്ലാം ചെയ്‌തൂവെന്ന്‌ ആരാണ്‌ പറഞ്ഞത്‌? പതയുന്ന രോഷം എന്റെ ശബ്ദത്തെപ്പോലും കീഴ്‌പ്പെടുത്തി.

"നിനക്കെതിരെ ആരോപണമുന്നയിച്ചത്‌ വിപ്ലവ കോടതിയും പൊതുപ്രതിനിധികളുമാണ്‌. നിയമം അനുശാസിക്കുന്ന എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ ഈ കണ്ടെത്തലുകളെല്ലാം" ഒരു സ്യൂട്ടുധാരിയായ ഏതോ പ്രധാനപ്പെട്ട ആ ഉദ്യോഗസ്ഥന്റെ പ്രതികരണം അതായിരുന്നു.

എനിക്ക്‌ ഒരു വക്കീലിനെ ലഭിക്കുമോ?

"തീര്‍ച്ചയായും, നിന്റെ വക്കീല്‍ നിന്റെ സഹകുറ്റവാളി അറാഷ്‌ തന്നെയാണ്‌"

30 ദിവസത്തെ തടവുശിക്ഷയാണ്‌ ലഭിച്ചത്‌. ഇതുവരെ തടവില്‍ കഴിഞ്ഞ ദിനങ്ങളുടെ കുറവുണ്ട്‌. ഭാവിയില്‍ പഠനം തുടരുവാന്‍ പാടില്ല. പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുകയുമരുത്‌. എനിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. എന്റെ കാര്യത്തില്‍ എല്ലാം ഏകപക്ഷീയമായി തീരുമാനിച്ചശേഷമായിരുന്നു നിരര്‍ത്ഥകമായ ആ ചോദ്യം. എന്റേതുപോലുള്ള ഏതുരാഷ്ട്രത്തിലെയും ഭരണകൂടത്തിനു കീഴില്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടുവാന്‍ കഴിയുക വെറും ബുദ്ധിശൂന്യര്‍ക്കുമാത്രമായിരിക്കും.

"നിന്റെ കുറ്റസമ്മതം യഥാസമയം ഞങ്ങള്‍ ബഹുജനസമക്ഷം കൊണ്ടുവന്നുകൊള്ളും" അതായിരുന്നു ആ വാക്കുകള്‍.

ആറുദിവസം കൂടി പിന്നിട്ട ശേഷം വീണ്ടും എന്നെ കണ്ണുകെട്ടി പുറത്തെ കാറിലേയ്‌ക്ക്‌ നടത്തി. കാറിന്റെ പിന്നില്‍ കിടക്കാന്‍ പറഞ്ഞു. കോടതിയിലേയ്‌ക്ക്‌ പോയ അതേ വഴിയിലല്ലായിരുന്നു സഞ്ചാരം എന്നെനിക്കു മനസ്സിലായി. വാഹനങ്ങളുടെ ശബ്ദഘോഷവും പ്രഭാതത്തില്‍ തെരുവുണരുന്നതിന്റെ ബഹളവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കാറ്‌ ഒരു ഹൈവേയിലൂടെ കുതിക്കുകയാണ്‌.

വാഹനങ്ങളുടെ ശബ്ദമൊന്നും വളരെ നേരമായി കേള്‍ക്കാതായി അധികം കഴിയും മുമ്പ്‌ കാര്‍ നിന്നു. എന്നോടു പുറത്തേയ്‌ക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. മുഖത്ത്‌ കാറ്റുവീശുന്നത്‌ ഞാനറിഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടിയ പ്ലാസ്റ്റിക ചരടുകള്‍ മുറിഞ്ഞുവീണു. ഒപ്പം ഇരുകൈകളും ഇരുവശത്തേക്കും താഴ്‌ന്നുനിന്നു. എന്നെ അവിടെയിറക്കിയ കാര്‍ പറന്നുപോയി.

കുറെനേരം ഞാനങ്ങിനെ ചലനമറ്റുനിന്നുപോയി. കാര്‍ പൂര്‍ണമായും മറഞ്ഞു എന്നേതാണ്ടുറപ്പായശേഷം മാത്രം ഞാന്‍ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ചുറ്റും പരന്നുകിടക്കുന്ന ആ മരുപ്രദേശത്തിന്റെ വിസ്‌തൃതി കണ്ടു ഞാന്‍ വാ പൊളിച്ചുപോയി. ഒരു ഹൈവേ കുറച്ചകലെയായി കണ്ണില്‍പെട്ടു. മാനത്തെ കറുത്തപാടുകള്‍ ടെഹ്‌റാനിലെ മൂടല്‍മഞ്ഞാണെന്നു തോന്നി. ഞാന്‍ നടക്കാന്‍ തുടങ്ങി. ടെഹ്‌റാന്റെ ഏറ്റവും വെളിയില്‍ കിടക്കുന്ന ഒരു പ്രാന്തപ്രദേശം ഏക്‌ബടന്‍ ആയിരുന്നു അത്‌. കുറച്ചുകൂടി നടന്നപ്പോഴേയക്കും ഒരു ടെലിഫോണ്‍ ബുത്ത്‌ ശ്രദ്ധയില്‍പെട്ടു.

അച്ഛനെ ഫോണ്‍ വിളിക്കാനായി അതുവഴി കടന്നുപോയ ഒരാളോട്‌ എനിക്ക്‌ കാശുനു യാചിക്കേണ്ടിവന്നു. അങ്ങോളമിങ്ങോളം മുറിവേറ്റ മൊട്ടത്തലയും വിണ്ടുപിളര്‍ന്ന താടിയും രക്തക്കറയുണങ്ങിപിടിച്ചിരിക്കുന്ന മുഖവും നെറ്റിത്തടവും ചീര്‍ത്ത കണ്ണുകളും പൊട്ടിയ ചുണ്ടുകളുമായി എന്നെ കണ്ട്‌ അയാള്‍ ഭയന്നുപോവാതിരിക്കാനായി ഒന്നു നന്നായി ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"ഇതെന്തു പറ്റി കുട്ടീ, എങ്ങിനെ നീയിവിടെയെത്തി?"

താങ്കള്‍ എനിക്ക്‌ ഒരു നാണയം തരുമോ? എന്ന മറുചോദ്യമായിരുന്നു ഉത്തരം.

അയാള്‍ ഒരു കെട്ട്‌ തുറന്ന്‌ നാണയം എടുത്തുകൊടുത്തു.

കൈവശമുണ്ടായിരുന്ന റൊട്ടിക്കഷണങ്ങളില്‍ ചിലതുകൂടി അദ്ദേഹം എനിക്കു നല്‌കി. കൂടാതെ കുറെസമയം വിശ്രമിച്ച്‌ അതേവഴിയില്‍ സഞ്ചരിക്കാനും നിര്‍ദ്ദേശിച്ചു.

തിരക്കിട്ട്‌ ഞാന്‍ ഫോണ്‍ബുത്തിലെത്തി. മാനം കണ്ടിട്ട്‌ ഏതാണ്ട്‌ സമയം രാവിലെ 8 മണിയായി കാണണം. അച്ഛന്‍ കടയിലേയ്‌ക്ക്‌ പോവാനായിട്ടില്ല.

"ഗഹ്‌റാമണി ഭവനം" ഫോണിലൂടെ അച്ഛന്റെ ശബ്ദം.

"അച്ചാ, ഇത്‌ ഞാനാണ്‌ സാറ."
കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുകൊണ്ട്‌ മാതാപിതാക്കളെയും പ്രതീക്ഷിച്ച്‌ ഞാനിരുന്നു, പിന്നീട്‌ എന്റെ കണ്ണുകള്‍ ആ റൊട്ടിയിലുടക്കി. കരച്ചില്‍ അവസാനിപ്പിച്ച ഞാന്‍ വിശപ്പുസഹിക്കാന്‍ കഴിയാതെ അതകത്താക്കാന്‍ തുടങ്ങി. ഇതൊക്കെ തന്നയായിരിക്കും സ്വര്‍ഗത്തിലായിരുന്നുവെങ്കിലും ഞാനാഗ്രഹിക്കുക. പുതിയ റൊട്ടി, സന്തോഷാശ്രുക്കള്‍, മാതാപിതാക്കളുടെ സാമീപ്യം.

ആ കണ്ണുകെട്ടിയിരുന്ന തുണി ഞാന്‍ മുറുകെപിടിച്ചു.

(സാറ 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ആസ്‌ട്രേലിയായില്‍ വിദ്യാഭ്യാസം തുടരുന്നു. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയായിലെ ഒരു കുടിയേറ്റ ഇറാന്‍കാരനെ വിവാഹം കഴിച്ചു. അറാഷ്‌ ഹസ്‌റാതിയ്‌ക്ക്‌ എന്തു സംഭവിച്ചു എന്നറിയാന്‍ സാറയ്‌ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല)

August 22, 2009

സത്യമേവ ജയതേ! 'സച്‌ കാ സാമ്‌നാ' ഭീ



ഏകകണ്‌ഠമായ ഒരഭിപ്രായം നമ്മുടെ സഭകളിലുണ്ടാവുകയെന്നത്‌ വാല്‍നക്ഷത്രം പ്രത്യക്ഷമാവുന്നതുപോലെ അപൂര്‍വ്വം ഒരു സംഭവമാണ്‌. ലോകക്ഷേമാര്‍ത്ഥം അവരവരുടെ ആനുകൂല്യങ്ങള്‍ അവരവര്‍ വര്‍ദ്ധിപ്പിക്കുന്ന കടലാസ്‌ മേശപ്പുറത്തുവരുമ്പോള്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്‌. ദരിദ്രജനകോടികളുടെ സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഓരോ ടി.വി സെറ്റുകള്‍ അംഗങ്ങള്‍ക്ക്‌ ദാനം നല്‌കാന്‍ തീരുമാനിച്ച ആ സദുദ്യമവേളയിലും ഏതാണ്ട്‌ ഇങ്ങിനെ സംഭവിച്ചിരുന്നു. പാടില്ലെന്നോ മറ്റോ പറഞ്ഞ ഒറ്റപ്പെട്ടവരെ അവിടെയിട്ട്‌ തല്ലിക്കൊന്നില്ലെന്നതു തന്നെ ഭാഗ്യം.

ഇതില്‍ നിന്നും ലേശം വ്യത്യസ്‌തമായ ഒരു പ്രശ്‌നത്തിന്‍മേല്‍ അംഗങ്ങള്‍ ഏകകണ്‌ഠമായി നിലകൊണ്ടു എന്നുകണ്ടപ്പോള്‍ ഞെട്ടിപ്പോയി. 'സച്‌ കാ സാമ്‌നാ' എന്ന ടെലിവിഷന്‍ പരിപാടിക്കെതിരെയാണ്‌ നിലപാട്‌. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ്‌ പങ്കെടുക്കുന്നവരോട്‌ ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ്‌ സച്‌ കാ സാമ്‌നാ. പ്രശ്‌നം സായിപ്പിനെ കാപ്പിരി കോപ്പിയടിച്ചതല്ല. കോടികൊടുത്തോ കോടി പുതപ്പിച്ചോ കോണിയിറക്കുന്നതുമല്ല.

21 ചോദ്യങ്ങള്‍ക്കും സത്യവും കൃത്യവുമായ മറുപടി പറയുമ്പോഴേക്കും ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറ കുളംതോണ്ടിപ്പോവും എന്നതാണ്‌ പ്രശ്‌നം. ഭാരതീയ സംസ്‌കാരത്തിന്റെ ആ സുന്ദരസൗധം നിലംപൊത്താതിരിക്കാന്‍ പരിപാടിക്ക്‌ തടയിടണം എന്നൊരഭിപ്രായമാണ്‌ അംഗങ്ങള്‍ ഏകകണ്‌ഠരായി, നിരുദ്ധകണ്‌ഠരായി പ്രകടിപ്പിച്ചത്‌. സംഘപരിവാരത്തിന്റെ പരാക്രമമായിരിക്കുമെന്നാണ്‌ കേട്ടപ്പോള്‍ ആദ്യം തോന്നിയത്‌. മൊയ്‌തുപാലത്തിന്റെ അതേ അവസ്ഥയിലാണ്‌ ഭാരതീയ സംസ്‌കാരവും എന്ന ഉറച്ചവിശ്വാസത്തിലാണ്‌ മൊത്തം അംഗങ്ങളുമെന്ന്‌ മനസ്സിലായത്‌ പിന്നീടാണ്‌. ഒരു 1210 ചോദ്യം വന്നാല്‍ തീര്‍ന്നു കഥ. ഭാരതീയ സംസ്‌കാരം നിലംപൊത്തി.

മെക്കാളെ പ്രഭുവും കൂട്ടാളികളും ആവുംപോലെ ഉത്സാഹിച്ചിട്ടും തകര്‍ന്നുപോവാത്തത്‌ ഇനി തുക്കടാ ചാനലുകാര്‍ തകര്‍ത്തുകളഞ്ഞാലോ. അമേരിക്കന്‍ സംസ്‌കാരത്തില്‍ നിന്നും കടം കൊണ്ടതാകയാല്‍ സംഗതിക്ക്‌ ഒരു നിയന്ത്രണമൊക്കെവേണം എന്നതായിരുന്നു സിഎന്‍എന്‍-ഐബിഎന്‍ ചര്‍ച്ചയിലെ മുഴുവന്‍ പൊതുപ്രവര്‍ത്തകരുടെയും നിലപാട്‌. അങ്ങിനെയാണെങ്കില്‍ സത്യം പറയുക എന്നത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്നാണോ എന്നതായിരുന്നു സിദ്ധാര്‍ത്ഥബസുവിന്റെ ചോദ്യം.

ഉത്തരമില്ലാത്ത ചോദ്യമാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ആ ചോദ്യത്തെ അര്‍ഹിക്കുന്ന അവഞ്‌ജയോടെ തള്ളിക്കളയുകയാണ്‌. സമാജ്‌ വാദിപാര്‍ട്ടി പ്രതിനിധിയും ബീജേപീ പ്രതിനിധിയും ചെയ്‌തതും അതുതന്നെ. അര്‍ഹിക്കുന്ന അവജ്ഞയോടെ അവരെല്ലാം കൂടി ചോദ്യത്തെ തള്ളി ഇസഡ്‌ കാറ്റഗറിയിലുള്ള ഭാരതീയസംസ്‌കാരത്തിന്‌ സംരക്ഷണഭിത്തി പണിതു.

വ്യക്തിപരം, ഔദ്വോഗികം, ശാരീരികം, ലൈംഗീകപരം - ചോദ്യങ്ങളെല്ലാം ഈ വകുപ്പില്‍ പെടുന്നതായിരിക്കും. അതുതന്നെയാണ്‌ കുഴപ്പവും. രണ്ടാമതുവരുന്ന ഔദ്വോഗികവും നാലാമതുവരുന്ന ലൈംഗീകവും ചില്ലറക്കേസല്ല. രണ്ടിനും സത്യസന്ധമായി ഉത്തരം പറഞ്ഞ്‌ എത്രമഹാന്‍മാര്‍ കോടികളുമായി പോവുമെന്നതാണ്‌ അറിയേണ്ടത്‌. തലയ്‌ക്കുമീതേ ശൂന്യാകാശം താഴേ മരുഭൂമീ എന്നത്‌ ജീവിതത്തില്‍ പകര്‍ത്തിയവരാവുമ്പോള്‍ ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ ടീവിയില്‍ ഉത്തരം സത്യസന്ധമായി നല്‌കുമ്പോള്‍ സ്വന്തം ബന്ധങ്ങളുടെ നാലുകെട്ടുകളായിരിക്കും നടുമുറ്റത്തേക്ക്‌ നിലംപൊത്തുക.

ആദ്യഘട്ടം പരിപാടിതന്നെ ശുഭപര്യവസായിയായി കലാശിച്ചു എന്നാണുകേട്ടത്‌. പങ്കെടുത്ത മദ്ധ്യവര്‍ഗവീട്ടമ്മയോട്‌ ചോദിച്ചത്‌ നിരുപദ്രവകരമായ ഒരു ശോദ്യായിരുന്നു. ഭര്‍ത്താവിനുപുറമേ മറ്റാരെങ്കിലുമായി ഭവതി കിടക്കപങ്കിട്ടുവോ എന്നുമാത്രം. ഇല്ലെന്നു മഹതി. ഉണ്ടെന്ന്‌ യന്ത്രം. ലൈ ഡിടക്ടര്‍ ഇടിത്തീയായി തലയില്‍ പതിച്ചു. ആ സത്യത്തിന്റെ ചിറകേറി വന്നതാവട്ടേ ഒന്നാംതരം ലക്ഷണമൊത്തൊരു ഡിവോഴ്‌സ്‌ നോട്ടീസും.

സംഗതി ഇങ്ങിനെയായ സ്ഥിതിക്ക്‌ നാളെ എന്താണ്‌ സംഭവിക്കുക എന്നതു മുന്‍കൂട്ടി കാണാനുള്ള കഴിവിനാണ്‌ ഇംഗ്ലീഷില്‍ ഉള്‍ക്കാഴ്‌ച എന്നും മലയാളത്തില്‍ ഫൊര്‍സൈറ്റ്‌ എന്നും പറയുക. ചാനലുകാരുടെ കാമറ കാണുമ്പോള്‍ ഞാന്‍ ഞാന്‍ മുമ്പില്‍ എന്നു തിക്കിത്തിരക്കി കയറുന്നവര്‍ ഇനി തൂക്കിക്കൊന്നാലൂം അങ്ങോട്ടുകയറി നാലു സത്യം പറയില്ലെന്നുപറഞ്ഞാല്‍ പിന്നെ ജനം വെറുതേ വിടുമോ? ഇനി ക്ഷണിച്ചിട്ടും നാലു സത്യം പറയാന്‍ വരാത്തവരുടെ പട്ടിക നിത്യേന ഫ്‌ളാഷായി പ്രദര്‍ശിപ്പിച്ചാല്‍ ചാനലുകാരനെ തൂക്കിക്കൊല്ലാനെന്താ ഇവിടെ മുല്ലാ ഒമറുടെ ഭരണമൊന്നുമല്ലല്ലോ?

'ജീവിതം മലര്‍ക്കെ തുറന്ന പുസ്‌തകമായ' എണ്ണപ്പെട്ട ഏതാനും പൊതുപ്രവര്‍ത്തകരുടെ 21 ഉത്തരം ജനങ്ങളെയൊന്ന്‌്‌ കേള്‍പ്പിക്കണമെന്ന ആഗ്രഹം എന്നെങ്കിലും ഏതെങ്കിലും തലതിരിഞ്ഞവന്‌ തോന്നിക്കൂടായ്‌കയില്ല. ആര്‍ക്കാ എപ്പഴാ എന്താ തോന്നിക്കൂടാത്തത്‌ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അഥവാ ഇനി വല്ലവന്റെയും സ്‌നേഹപൂര്‍വ്വമായ ഭീഷണിക്കു വഴങ്ങി ഉത്തരം നല്‌കേണ്ടിവന്നാല്‍ അന്നടയുന്ന ആ മഹദ്‌ ഗ്രന്ഥം പിന്നീടൊരിക്കലും തുറക്കേണ്ടിയും വരില്ല.

ഇനി വേറെ വലിയോരു തലയിലെ ചെറിയോരു ബുദ്ധിയില്‍ ഇങ്ങിനെ തോന്നുന്നു എന്നു കരുതുക. പൊതുപ്രവര്‍ത്തകാര്‍ക്കായി മാത്രം ഒരു സ്‌ച്‌ കാ സാമ്‌നാ. ഓരോ സത്യസന്ധമായ ഉത്തരത്തിനും രണ്ടുകോടി. മൊത്തം ഇരുപത്തിയൊന്ന്‌ സത്യത്തിനും കൂടി 42 കോടി. ഓരോ കളവിനും പിഴയായും രണ്ടുകോടി. അവനവനുമാത്രം അറിയുന്ന ചോദ്യം മാത്രമേ ഉണ്ടാവൂ. എവറസ്‌റ്റിന്റെ ഉയരവും മറീനാട്രഞ്ചിന്റെ ആഴവും ചോദ്യമായി കയറിവന്ന്‌ കച്ചറയുണ്ടാക്കുകയില്ല. സ്വിസ്‌ ബാങ്കുകളിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക്‌ തിരച്ചെത്തിക്കാനുള്ള ഒരു മാര്‍ഗം കൂടിയായും ഈ അഗ്നിപരീക്ഷയെ ഉപയോഗിക്കാം.

ഉദാഹരണമായി ചോദ്യം 1. ഇന്ത്യക്ക്‌ പുറത്ത്‌ വല്ല നിക്ഷേപവുമുണ്ടോ?
പീഢനക്കേസുകളുമായി അറസ്റ്റിലായ എം.എല്‍.എയെപ്പോലുള്ളവരാണെങ്കില്‍ ചോദ്യം 1. നാളിതുവരെയായി എത്ര ബലാല്‍സംഗം നടത്തിയിട്ടുണ്ട്‌? (10 മിനിറ്റ്‌ സമയവും ആവശ്യമാണെങ്കില്‍ ഗണിച്ചുകണ്ടെത്താന്‍ ഒരു കാല്‍കുലേറ്ററും അനുവദനീയം)

അങ്ങിനെയൊരു ദുരന്തസാദ്ധ്യത മുന്നിലുണ്ടാവുമ്പോള്‍ എന്തുകൊണ്ടും നല്ലത്‌ ഈ നശിച്ച പരിപാടി പൂട്ടിക്കാന്‍ ആവുംവണ്ണം ഉത്സാഹിക്കുകയാണ്‌. സ്വന്തം നിലയ്‌ക്കുനോക്കുക. കോടതിവഴിയും. അല്ലെങ്കില്‍ വിവേകം മാത്രമല്ല പടച്ചോന്‍ ഇക്കൂട്ടര്‍ക്ക്‌ ബുദ്ധിയും കൊടുത്തില്ലല്ലോ എന്ന തോന്നലല്ലേ ജനത്തിനുണ്ടാവുക.

`പിടിയാത്തവരുടെ വികൃതികള്‍ കണ്ടാല്‍
മടിയാതവരുടെ തലമുടി ചുറ്റി
പിടിയാത്തവനതി ഭോഷന്‍
വടികൊണ്ടടിയാത്തവനതിനേക്കാള്‍ ഭോഷന്‍`

അക്കാര്യത്തില്‍ മഹാത്മജികൂടി കുഞ്ചനോടു യോജിക്കും. അഹിംസാവ്രതം തല്‌ക്കാലം മുറിഞ്ഞാലും ഇത്രനല്ലൊരു സംഗതി നിരോധിക്കാന്‍ പുറപ്പെടുന്നവരുടെ നടുപ്പുറത്തേക്ക്‌ മഹാത്മാവിന്റെ ഊന്നുവടി ഉയരാതിരിക്കാന്‍ കാരണമൊന്നും നിത്യന്‍ കാണുന്നില്ല.

July 16, 2009

അരക്കിറുക്കന്‍മാരില്‍ നിന്നും മുഴുക്കുറുക്കന്‍മാരിലേയ്‌ക്ക്‌


rahul-gandhi.jpgഅടി നടുപ്പുറത്ത്‌ ഏറ്റുവാങ്ങുവാനും വെടിയുണ്ടയ്‌ക്ക്‌ വിരിമാറുകാട്ടിക്കൊടുക്കുവാനും തയ്യാറെടുത്ത 'അരക്കിറുക്കന്‍' മാര്‍ക്കുള്ളതായിരുന്നു സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ രാഷ്ട്രീയം. സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയില്‍ ഒരുപാടുപേര്‍ അടുത്തഘട്ടം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു. അധികാരവും ചെങ്കോലും 'അരക്കിറുക്കന്‍' മാരില്‍നിന്നും 'മുഴുക്കുറുക്കന്‍'മാരിലെത്തിയതാണ്‌ നാലണകോങ്ക്രസിന്റെ പിന്നത്തെ ചരിത്രം.

അതോടെ സഞ്‌ജയന്‍ പണ്ടുപറഞ്ഞതുപോലെ രാജാക്കന്‍മാര്‍ക്കെല്ലാം മന്ത്രിമാരായി പ്രമോഷന്‍ കിട്ടി. നെഹറുകുടുംബത്തിലെ തൊഴിലില്ലായ്‌മക്കും എന്നെന്നേയ്‌ക്കുമായി ഒരവസാനമായി.

മനുഷ്യന്റെ ബുദ്ധിക്ക്‌ ഒരു തകരാറുണ്ട്‌. ചിലപ്പോള്‍ എത്ര ബുദ്ധിയുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വേണ്ടപ്പോഴായിരിക്കും ബുദ്ധിക്ക്‌ ബോധക്ഷയം സംഭവിക്കുക. ഇനി ബുദ്ധി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെങ്കിലും ശരി, നമ്മളായിട്ട്‌ ബുദ്ധിയെ ഉപദ്രവിക്കുകയില്ലെന്നുതന്നെ തീരുമാനിച്ചാലും ശരി, ഉള്ള ബുദ്ധി ചിലപ്പോള്‍ സ്വന്തം നിലയ്‌ക്കങ്ങ്‌ ഉണര്‍ന്നുപ്രവര്‍ത്തിച്ചു കളയും. അങ്ങിനെയുള്ള ബുദ്ധിയാണ്‌ ഇപ്പോള്‍ രാഹുലില്‍ പ്രവര്‍ത്തനനിരതമായതും വരുണില്‍ പ്രവര്‍ത്തനരഹിതമായതും. നെഹറൂജിയുടെ ചിന്നച്ചെറുമക്കളില്‍ ഒന്നിനെ കോണ്‍ഗ്രസുകാര്‍ തോളിലേറ്റുമ്പോള്‍ മറ്റേതിനെ എവിടെയെറിയണമെന്നറിയാതെ ബീജേപിക്കാര്‍ നട്ടംതിരിയുന്നു. ഈ ബുദ്ധിയുടെ ഒരോ കാര്യം.

**********************************

രാജ്യത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ആളുകള്‍ 35 വയസ്സിനുതാഴെയുള്ള ചെറുപ്പക്കാരും കാരികളുമാണെന്നതു ഒരു വലിയ സത്യം. എന്നാല്‍ ഭരണചക്രം തിരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണമെടുക്കാന്‍ പാതിവിരലുകള്‍തന്നെ വേണ്ടിവരില്ലെന്നതാവട്ടേ അതിലും വലിയ സത്യം. ഇനി ആ വിരലിലെണ്ണാവുന്നവരില്‍ പാതിയും തന്തപ്പടിയുടെ തള്ളില്‍ തലപ്പത്തെത്തിപ്പോയതായിരിക്കും എന്നതാവട്ടെ ഉടുതുണിയില്ലാത്ത പെരിയ സത്യവും.

അപ്പോള്‍ ഭരണചക്രം തിരിക്കുന്നതാകട്ടേ ന്യൂനപക്ഷം വരുന്ന കിഴവന്‍മാരുടെ മഹാഭൂരിപക്ഷവും. നിശ്ചയിച്ചാലും ഇല്ലെങ്കിലും നടക്കും എന്നൊരുറപ്പുള്ളതുകൊണ്ടാണല്ലോ വിവാഹം നിശ്ചയിക്കുക ആദിയായ കാര്യങ്ങള്‍ സമൂഹം വൃദ്ധരെ ഏല്‍പിക്കുന്നത്‌. മറ്റൊരു തൊഴിലിലും വൃദ്ധര്‍ക്ക്‌ മുന്‍ഗണനയുള്ളതായി കേട്ടറിവില്ല.

രാഷ്ട്രീയപ്രവര്‍ത്തനവും ഭരണവുമെല്ലാം സേവനമാണെന്നു പറഞ്ഞ്‌ ഒഴിവാകാന്‍ പറ്റുമോ? പറ്റില്ല. പ്രതിഫലം പറ്റി ചെയ്യുന്ന പ്രവൃത്തിയെ തൊഴിലെന്നാണ്‌ വിളിക്കുക. സേവനമെന്നല്ല. ഇനി നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീമമായ പ്രതിഫലമാണെങ്കില്‍ അതിന്‌ കൊള്ള എന്നാണ്‌ പറയുക. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയാല്‍ 60 ല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിരമിച്ച്‌ ശിഷ്ടകാലം രാമനാമം ജപിച്ചുകഴിയണമെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌. അതൊന്നും ഭരണചക്രത്തിലെ വയോജനങ്ങള്‍ക്ക്‌ ബാധകമല്ലെന്നുമാത്രം.

കുഴിയിലേയ്‌ക്ക്‌ കാലുംനീട്ടിക്കിടക്കുന്ന കരുണാകരാദികള്‍ പോലും വേഴാമ്പലിനേപ്പോലെ മുകളിലോട്ട്‌ ഗവര്‍ണറുദ്യോഗം പെരുമഴയായി പതിക്കുന്നതും നോക്കിക്കിടക്കുമ്പോള്‍ തന്റെയും പെങ്ങളുടെയും കടമ ഇവറ്റകളെ ചുമന്ന്‌ സോപാനത്തിലെത്തിക്കുക മാത്രമാണെന്ന തിരിച്ചറിവ്‌ ഇപ്പോള്‍ രാഹുല്‍ജിക്കുണ്ടായി എന്നുവേണം കരുതാന്‍.

*****************************************

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേയ്‌ക്ക്‌ കേമ്പസ്‌ റിക്രൂട്‌മെന്റ്‌ തുടങ്ങിയെന്നാണ്‌ കടലാസുകളില്‍ കാണുന്നത്‌. അതായത്‌ ഇനി ലോക്‌സഭയുടെ ഉമ്മറപടിവാതില്‍ പണ്ട്‌ നെഹറൂജി ആഗ്രഹിച്ചതുപോലെ എഞ്ചിനീയര്‍മാര്‍ക്കും മാനേജുമെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനത്തിനു കിട്ടിയിരുന്ന ഏകപ്രതിഫലം പണ്ട്‌ 'ഭാരത്‌്‌മാതാ കീ ജയ്‌' ആവേശത്തോടെ വിളിക്കുമ്പോള്‍ ചറപറാ വന്നുവീഴുന്ന പോലീസുകാരുടെ അടിയായിരുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങളായി ശിഷ്ടകാലം ചുമച്ചുചോരതുപ്പലും. നാലക്ഷരവും നാലു സര്‍ട്ടിഫിക്കറ്റും സ്വന്തം കാര്യവും മാത്രം കൈമുതലായുള്ളവരുടെ ആവാസമേഖല വേറെയായിരുന്നു.

വിവരവും വിദ്യാഭ്യാസവും രാജ്യസ്‌നേഹവും മനുഷ്യത്വവും ഒത്തൊരുമിച്ച്‌്‌ ഒരാളില്‍ പ്രത്യക്ഷമാവുക ഏതാണ്ട്‌ മഴവില്ലുപോലെ ഒരു പ്രതിഭാസമാണ്‌. അങ്ങിനെയുള്ളവരെ കണ്ടെത്തി രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍ പങ്കെടുപ്പിക്കാനായി പഴയ രാജ്യസ്‌നേഹികള്‍ കണ്ടെത്തിയതായിരുന്നു രാജ്യസഭ. വിവരമുള്ളവര്‍ക്കും സാംസ്‌കാരികനായകര്‍ക്കും കലാകാരന്‍മാര്‍ക്കുമായി അവിടെ നൂറുശതമാനം സംവരണം. പിന്നീടതില്‍ 90 ശതമാനവും വിവരദോഷികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതും ചരിത്രം.

*************************************

ഇപ്പോള്‍ ഐ.ഐ.ടി ക്കാരും ഐ ഐ എമ്മുകാരുമൊക്കെ ജീവിതം രാഷ്ട്രത്തിനായി ഹോമിക്കുവാന്‍ തയ്യാറെടുത്ത്‌ മാമാങ്കത്തിലെ ചേകോന്‍മാരെപ്പോലെ രാഹുല്‍ജി കേ കമരേ കേ സാമ്‌നേ ഖടേ രഹേ ഹൈ എന്നാണ്‌ കിട്ടിയ വിവരം. ഈ എഞ്ചിനീയറിംഗ്‌ എം.ബി.എക്കാരുടെ രാഷ്ട്രീയബോധവും സാമൂഹികബോധവും തീപ്പെട്ടികണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നതിന്റെ സാമൂഹികപശ്ചാത്തലം ആരെങ്കിലും ആലോചിച്ചുവോ?

തലേന്നുരാത്രിയിലെ ഉറക്കത്തിലുണ്ടായ വെളിപാടാണെങ്കില്‍ ശരി. രാഷ്ട്രം രക്ഷപ്പെട്ടു. യഥാക്രമം എഞ്ചിനീയര്‍മാര്‍ക്ക്‌ വിശ്വേശ്വരൈയ്യയും എം.ബി.എക്കാര്‍ക്ക്‌ ജാംഷേഡ്‌ജിയും സ്വപ്‌നത്തില്‍ പ്രത്യക്ഷരായി അനുഗ്രഹം ചൊരിഞ്ഞതാണെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍. ഇന്നത്തെ റിസഷന്‍ സംഭാവനചെയ്‌ത 'തൊഴിലില്ലായ്‌മ' യാണ്‌ പറ്റിയ പണി രാഷ്ട്രീയമാണെന്ന തിരിച്ചറിവ്‌ സംഭാവനചെയ്‌തതെങ്കില്‍ രാഷ്ട്രത്തിന്റെ അധോഗതിയുടെ ആരംഭം എന്നു കരുതാം.

സര്‍ക്കാര്‍ ഐ.ഐ.എമ്മുകളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും പൊതുജനത്തിന്റെ ചിലവില്‍ പഠിച്ചിറങ്ങിയ എത്ര മഹാന്‍മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നുണ്ട്‌, ഇനി എത്രപേര്‍ ഇന്ത്യയില്‍ തന്നെയുണ്ട്‌ എന്ന കണക്കെടുത്താല്‍ തന്നെ മതിയാവും അവരുടെ ദേശസ്‌നേഹത്തിന്റെ ആഴമളക്കാന്‍.

ഇപ്പോഴത്തെ സ്ഥിതിവച്ച്‌ ഒരു സര്‍ക്കാര്‍ 'ദാദ'യ്‌ക്ക്‌ 30 കൊല്ലം പണിതാലും പെന്‍ഷന്‌ സകോപ്പില്ല. കേന്ദ്രം തൊഴിലെടുക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കി. അതിപ്പോള്‍ സേവനത്തിനുമാത്രമാക്കി ചുരുക്കി. ജനത്തിനെല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസ്ഥിതിയില്ലാത്തതുകൊണ്ട്‌ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമാത്രമായി അതങ്ങു നിജപ്പെടുത്തി.

രാപ്പകല്‍ പണിയെടുക്കുന്ന ഒരു എക്‌സിക്യൂട്ടീവിന്‌ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പാക്കേജ്‌ ആണ്‌ ഒരു എം.പി.ക്കുള്ളത്‌. പ്രതിമാസം ലക്ഷങ്ങള്‍. നോ റസ്‌പോണ്‍സിബിലിറ്റി ഫോര്‍ ഫുള്‍ റമ്യൂണറേഷന്‍. എന്തെല്ലാം ആനുകൂല്യങ്ങള്‍? അണ്ടിപ്പരിപ്പും കുപ്പിവെള്ളവും അകത്താക്കാനല്ലാതെ വായതുറക്കാത്ത എത്രയെത്ര ആളുകള്‍ സഭയെ അലങ്കരിച്ചിട്ടുണ്ട്‌. യാതൊരും കുറവും അക്കൂട്ടരുടെ വരുമാനത്തിലുണ്ടായിട്ടില്ല. ആനയെക്കൊണ്ടു പറഞ്ഞതുപോലെയാണ്‌, വായെടുത്താലും വായെടുത്തില്ലെങ്കിലും ലച്ചങ്ങള്‍.

ഒരു കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ നാളെ പണികാണുമോ എന്ന അനിശ്ചിതത്വത്തിലേയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റും പൊക്കിപ്പിടിച്ചുപോവുന്നതിലും നല്ലത്‌ ഒരേയൊരു 'രാഹുല്‍ജീ കീ ജയ്‌' വിളിയുമായി എടുത്തു കോണ്‍ഗ്രസിലേയ്‌ക്ക്‌ ചാടുകയല്ലേ? സുഖജീവിതത്തിന്റെ സുരക്ഷിതത്വത്തിലേയ്‌ക്കുള്ള ഒരെടുത്തുചാട്ടം.

**************************

അതത്‌ മേഖലയിലെ ലോകത്തിലെ നമ്പര്‍ വണ്‍ ആയിരുന്ന ബെയറിംഗ്‌സ്‌ ബാങ്കും എഐജിയും ഇന്ത്യയിലെ സത്യവും പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ലല്ലുപ്രസാദ്‌ യാദവന്മാരും പിണറായി വിജയനും കൂട്ടരും ഒന്നുമല്ലായിരുന്നു. ഒന്നാംതരം മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധന്‍മാര്‍ തന്നെയായിരുന്നു. ഒടുവില്‍ കമ്പനിയെ അനിക്‌സ്‌പ്രേയുടെ ആ പഴയ പരസ്യം പോലെ ആക്കിക്കൊടുക്കുവാന്‍ പറ്റിയതും ആ വൈദഗ്‌ദ്ധ്യം കൊണ്ടുതന്നെയാണ്‌. പൊടിപോലുമുണ്ടായില്ല കണ്ടുപിടിക്കാന്‍.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങിനെയാവുമ്പോള്‍, പഠിച്ച കള്ളനെക്കാളും രാഷ്ട്രത്തിന്‌ ദ്രോഹം ചെയ്യാതിരിക്കുക പഠിക്കാത്ത കള്ളന്‍ തന്നെയല്ലേ. ലേശം വിവരം കുറഞ്ഞവരാവുമ്പോള്‍ കാലിത്തീറ്റയോ ജീരകമോ കൊണ്ടൊക്കെ തൃപ്‌തിപ്പെട്ടുകൊള്ളും. വിവരം ലേശം കൂടിയതുകൊണ്ടാണ്‌ ലാവ്‌ലിന്‍ സംഭവിച്ചത്‌. അനുവദനീയമായ അഹന്തയുടെ അളവ്‌ അതിലും കൂടിപ്പോയതുകൊണ്ടാണ്‌ സംഗതികള്‍ ഇപ്പരുവത്തിലായതും.

ചുരുക്കിപ്പറഞ്ഞാല്‍, തലപ്പത്ത്‌ വിവരം ലേശം കുറഞ്ഞവരാവുമ്പോള്‍ രാജ്യം ലോകഭൂപടത്തില്‍ തന്നെയുണ്ടാവും എന്നൊരു മെച്ചമുണ്ട്‌. ഉദരനിമിത്തം രാഷ്ട്രീയത്തിലേക്കെടുത്തുചാടിയ ബുദ്ധിരാക്ഷസന്‍മാരുടെ കൈയ്യിലാണ്‌ ഭാവിഭരണമെങ്കില്‍ നാളെ ഭുപടത്തില്‍ നിന്നും രാഷ്ട്രം തന്നെ അപ്രത്യക്ഷമായിക്കൂടെന്നില്ല. അതുകൊണ്ട്‌ നാം കരുതിയിരിക്കുക. വിവരത്തോടൊപ്പം ആനുപാതികമായ അളവില്‍ വിവേകവും അതിലുപരിയായി രാജ്യസ്‌നേഹവും ഉള്ളവരാകണം കടന്നുവരുന്നത്‌ എന്നുറപ്പാനുള്ള ഒരു കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റുകൂടി (CAT) കോണ്‍ഗ്രസുകാര്‍ നടത്തിയേ പറ്റൂ.

July 01, 2009

ടിയാനെന്‍മെനിനു 20 വര്‍ഷങ്ങള്‍ക്കുശേഷം - ബാവോ തുങ്‌ (Bao Tong)

tian-1.jpgന്റെ മകന്റെ ഭാര്യയില്‍ നിന്നും മാര്‍ച്ചില്‍ എനിക്കൊരു കത്തുകിട്ടി. അമേരിക്കയിലുള്ള അവള്‍ നാലുവര്‍ഷം മുന്നേ എനിക്കയച്ച കത്ത്‌. 1996ല്‍ ഞാന്‍ ജയില്‍ വിമോചിതനായശേഷം എനിക്കുവരുന്ന എല്ലാ സ്വകാര്യ എഴുത്തുകളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ശാന്തമായി ജീവിക്കാനും എഴുതുവാനുമായി മാത്രമാണ്‌ ഞാനിപ്പോള്‍ എന്റെ ഭൂരിഭാഗം സമയവും ചിലവിടുന്നത്‌. ഒരു ഫാക്‌സ്‌മെഷീന്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ അതുമല്ലെങ്കില്‍ ഒരു സ്വകാര്യ മൊബൈല്‍ഫോണ്‍ ഒന്നും തന്നെ ഉപയോഗിക്കുവാനുള്ള അനുമതി എനിക്കില്ല. സന്ദര്‍ശകര്‍ക്കൂ കൂടി എന്നെ കാണുവാന്‍ സാദ്ധ്യമാവുക സുരക്ഷാഉദ്യോഗസ്ഥരുടെ സമ്മതത്തോടുകൂടിമാത്രമാണ്‌. സന്ദര്‍ശകവിവരങ്ങള്‍ അവരുടെ അടുത്തു രേഖപ്പെടുത്തി അനുവാദം വാങ്ങിയശേഷം മാത്രം.

1989 ജുണ്‍ 4 നു നടന്ന വിദ്യാര്‍ത്ഥി കൂട്ടക്കൊലയ്‌ക്കുശേഷം ചൈന ഒരു പാടു മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. എങ്കിലും വേണ്ടത്ര മാറിയിട്ടില്ല. ആ കാലത്ത്‌ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ റിസര്‍ച്ച്‌ ഓഫീസ്‌ തലവനായിരുന്നു ഞാന്‍. വളരെ ദയാലുവായ ഒരാള്‍ എന്നു പലരും കരുതിയിരുന്നൂവെങ്കിലും ഒരിക്കലും അങ്ങിനെയല്ലാതിരുന്ന ഡെങ്‌ സിയാവോപിങ്‌ ആയിരുന്നു ഞങ്ങളുടെ നേതാവ്‌.

പാര്‍ട്ടിതലവനാവട്ടേ ഷാവോ സിയാങ്ങും. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പോലുള്ള ചില ന്യായമായ പ്രശ്‌നങ്ങളിലെങ്കിലും നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഡെങ്‌ മെയ്‌ 13ാം തീയ്യതി ഷാവോയെ കണ്ട്‌ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ യോജിപ്പ്‌ അറിയിക്കുകയും ചെയ്‌തു. അതാകട്ടേ എന്നു ഒരുപാട്‌ സന്തോഷിപ്പിച്ചു. താമസിയാതെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുള്ള പദ്ധതികളുടെ തയ്യാറെടുപ്പ്‌ ഞാന്‍ തുടങ്ങുകയും ചെയ്‌തു.

മെയ്‌ 17. അപ്രതീക്ഷിതമായി എല്ലാം അവതാളത്തിലായി. ഡെങ്‌ പട്ടാളനിയമം അടിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഷാവോ വീട്ടുതടങ്കലിലായി. അദ്ദേഹം 2005 ലാണ്‌ മരണമടഞ്ഞത്‌.

മാര്‍ച്ച്‌ 28ാം തീയ്യതി പൊളിറ്റ്‌ബ്യൂറോയുടെ ഒരു സ്‌റ്റാന്റിംഗ്‌ കമ്മിറ്റി മീറ്റിംഗിന്‌ ഞാന്‍ വിളിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരു മീറ്റിംഗും അന്നവിടെ ഉണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഒരു അംഗം - ആ പേര്‍ ഞാന്‍ വെളിപ്പെടുത്തുകയില്ല - അവിടെ സന്നിഹിതനായിരുന്നു. സുരക്ഷിതമായ ഏതെങ്കിലും കേന്ദ്രത്തിലേയ്‌ക്ക്‌ ഞാന്‍ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി റിസര്‍വ്വുചെയ്യപ്പെട്ട ഒരു കെട്ടിടത്തിലാണല്ലോ ഞാന്‍ കഴിയുന്നതെന്നായിരുന്നു എന്റെ പ്രതികരണം. എന്റെ കൈ മുറുകെപിടിച്ചുകൊണ്ട്‌ കൂടുതല്‍ സുരക്ഷിതമായ ഒരിടം എനിക്കറിയാം എന്ന്‌ അദ്ദേഹം പറഞ്ഞു. പുറത്തുണ്ടായിരുന്ന എന്റെ കാര്‍ അപ്പോഴേയ്‌ക്കും അപ്രത്യക്ഷമായതും ഞാന്‍ കണ്ടു. കൂടാതെ, പോലീസുകാര്‍ എനിക്കായി കാത്തുനില്‌ക്കുന്നതും.

ഒരു മലമുകളിലേയ്‌ക്ക്‌ അവര്‍ എന്നെയുംകൊണ്ട്‌ യാത്രയായി. ക്വിന്‍ജങ്ങ്‌ (Qincheng) ജയിലിന്റെ പടുകൂറ്റന്‍ ഉരുക്കു കവാടത്തിനുമുന്നില്‍ ആ യാത്ര അവസാനിച്ചു.

വര്‍ത്തമാനകാല ചൈനീസ്‌ നേതാക്കളാരും തന്നെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തില്‍ ഉത്തരവാദികളല്ല. tian-2.jpgഎങ്കിലും സത്യം അവര്‍ക്കറിയാം. ആ സത്യം അവര്‍ക്കു പങ്കുവെയ്‌ക്കുവാനും കഴിയും. അല്ലെങ്കില്‍ എക്കാലവും ഈയൊരു ടെന്‍ഷന്‍ നിലനില്‌ക്കുകയേ ഉള്ളൂ.

ഞാനിന്ന്‌ കാണാനാഗ്രഹിക്കുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ചൈനയില്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ ആരെങ്കിലുമായി സ്വതന്ത്രമായി ഒരു അഭിമുഖം നടത്താനാവുമെങ്കില്‍, എന്നെ ഏറ്റവുമധികം ആഹ്ലാദചിത്തനാക്കുക അതായിരിക്കും.

അവര്‍ക്കുവേണ്ടി കേസു വാദിക്കുവാന്‍ സ്വന്തമായി വക്കീലിനെ ഏര്‍പ്പാടാക്കുവാനുള്ള സ്വാതന്ത്ര്യം കിടപ്പാടം നഷ്ടപ്പെട്ട നമ്മുടെ കര്‍ഷകര്‍ക്കുണ്ടെങ്കില്‍, തീര്‍ച്ചയായും അതെന്നെ സന്തുഷ്ടനാക്കും.

ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കുക എന്ന തത്വത്തിനോട്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി യോജിപ്പിലെത്തുന്നുവെങ്കില്‍, അതെന്നെ ഏറ്റവും സന്തുഷ്ടനാക്കും.

20 വര്‍ഷങ്ങള്‍ക്കുമുന്നേ കുറ്റക്കാരെന്നു വിധിക്കപ്പെട്ട ആ നിരപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നൂവെങ്കില്‍, ഞാന്‍ തികച്ചും സന്തുഷ്ടനായിരിക്കും. എന്നാല്‍ ഉന്നതമായ അത്തരം പ്രതീക്ഷകളൊന്നും ഞാന്‍ വച്ചുപുലര്‍ത്തുന്നുമില്ല.

(ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം. ബാവോ തുങ്‌ ഇന്ന്‌ ഒരു ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകനായി ബീജിങ്ങില്‍ കഴിയുന്നു. )