December 16, 2009

വികസന നാനാര്‍ത്ഥങ്ങള്‍

കാപ്പിരി എന്ന പദത്തിന് നമ്മള്‍ കണ്ടെത്തിയ അര്‍ത്ഥം അപരിഷ്‌കൃതന്‍, സംസ്‌കാരശൂന്യന്‍ എന്നെല്ലാമാണ്. അകാലത്തില്‍ ഇഹലോകവാസം വെടിഞ്ഞ ഒരു സംസ്‌കാരശൂന്യനെ പോസ്റ്റുമോര്‍ട്ടം ചെയ്തുനോക്കുക. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കണികകളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യമായിരിക്കും മരണകാരണം. ഇനി അങ്ങിനെയാണെങ്കില്‍ നമ്മള്‍ ഒരു ഒന്നൊന്നര കാപ്പിരിയാണെന്നു സമ്മതിക്കേണ്ടിവരില്ലേ. കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്നായിരുന്നു കുഞ്ചന്റെ മതം.

ചില്ലുമേടയിലിരിക്കുന്ന ഡോക്ടറുടെ കാരുണ്യത്തിനായി പാവങ്ങള്‍ ധര്‍മ്മാശുപത്രിവരാന്തയിലിഴയുമ്പോള്‍, നിറമുള്ള കുപ്പായമിടുവിച്ച് തങ്ങളുടെ കുട്ടികളെ അയക്കുവാന്‍ പറ്റിയ വിദ്യാലയങ്ങളില്ലാതെ രക്ഷിതാക്കള്‍ ഉഴലുമ്പോള്‍, സ്വന്തമായി സൈക്കിളും കൂടിയില്ലാത്ത ഭൂരിഭാഗം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തെക്കുവടക്കോടുമ്പോള്‍, സൂപ്പര്‍ സോണിക് വിമാനങ്ങളെപ്പോലെ കാറുകള്‍ കുതിച്ചുപായുവാനുള്ള സൂപ്പര്‍ എക്‌സ്പ്രസ് ഹൈവേകളെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുക മന്ദബുദ്ധികളുടെ സാമ്പത്തികശാസ്ത്രമാണ്.

ഭൂരിഭാഗം ജനങ്ങള്‍ക്കും ഇവിടെ കൈയ്യെത്തുംദൂരത്ത് ചികിത്സാസംവിധാനങ്ങളില്ല. കൈയ്യെത്തുന്നിടത്താണെങ്കില്‍ കാശെത്തണമെന്നുമില്ല. വികസിതരാഷ്ട്രങ്ങളില്‍ ഇതിന് പരിഹാരമായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സംവിധാനമാവട്ടെ ഇവിടെ കേട്ടുകേള്‍വി മാത്രവും. തലക്കെട്ടില്ലാത്ത ഒബാമയ്ക്കുമുന്നില്‍ തലപ്പാവണിഞ്ഞ മന്‍മോഹനും ഫ്രോക്കി മിഷേലിന്നഭിമുഖമായി സാരി ഗുര്‍ചരണ്‍ കൗറും ഇരുന്നു ഇന്ത്യായാങ്കി ഭായിഭായി എന്നുപറഞ്ഞ് വെളുക്കെച്ചിരിച്ചാല്‍തന്നെ നമ്മുടെ വികസനത്തിന്റെ സൂചകങ്ങള്‍ കാറ്റുപിടിച്ച പട്ടംപോലെ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാധ്യമമനീഷികളൊന്നാഞ്ഞുവീശിയാല്‍ പിന്നെ പറയേണ്ടതുമില്ല.

പട്ടിണികിടന്നു മരിക്കുന്നതു മാറി പൊതുജനം ചികിത്സയ്ക്കുവകയില്ലാതെ വീരമൃത്യുവരിക്കുന്നതാണ് സാമ്പത്തികരംഗത്തെ ശ്രദ്ധേയമായ ഒരു മാറ്റം. ആരോഗ്യരംഗത്തേയും. അങ്ങിനെ ആരോഗ്യവും വിദ്യാഭ്യാസവും സ്വപ്‌നം മാത്രമായ ഒരു ജനത മഹാമഹാഭൂരിപക്ഷമായി നിലകൊള്ളുമ്പോള്‍ എന്ത് വികസനക്കുതിപ്പാണ് നമ്മള്‍ നടത്തിയത് എന്നു ചോദ്യം സ്വയം ചോദിക്കാന്‍ ആരുടേയും ഒദാര്യത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ട് ഒന്നു ചോദിച്ചുനോക്കുക.

നിത്യേന 5000 കുട്ടികള്‍ ഇന്ത്യയില്‍ മരിച്ചുവീഴൂന്നു എന്നുപറഞ്ഞാല്‍, ഇന്ത്യയില്‍ ശിശുമരണനിരക്ക് ബ്രിട്ടന്റെ 10 ഇരട്ടിയാണ് , എന്തിന്് ശ്രീലങ്കയുടെ നാലിരട്ടിയും. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) വികസനത്തിന്റെ അന്ത്യഘട്ടത്തിലേയ്ക്കുള്ള ചാട്ടത്തിനായി സ്ഥിതിവിവരക്കണക്കിന്റെ ദ്രവിച്ച ശിഖരത്തില്‍ തൂങ്ങിയാടുകയാണ് നമ്മള്‍. ശിശുമരണത്തിന്റെ പോക്കിങ്ങിനെയാണെങ്കില്‍ ചരിത്രത്തില്‍ ചാട്ടം പിഴച്ച കുരങ്ങന്‍മാരായി നമ്മള്‍ നാളെ അറിയപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

നാലഞ്ചുകൊല്ലം മുന്നേതന്നെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ആന്റ് ഇക്കണോമിക് റിസര്‍ച്ച് പഠനം പുറത്തുവിട്ടതുപ്രകാരം ദരിദ്രന്റെ വരുമാനത്തിന്റെ 12% മരുന്നിനായി ചിലവാകുമ്പോള്‍ സമ്പന്നന് ഈ വകയിലുള്ള ചിലവ് 2% മാത്രമാണ് (ബിസിനസ്സ് ലൈന്‍ 11-08-04). ദരിദ്രനും ധനികനും തമ്മിലുള്ള അകലം പ്രകാശവര്‍ഷത്തിലോ മറ്റോ അളക്കേണ്ടിവരുന്ന ബഹുമുഖപുരോഗതിയാണ് കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് നമ്മള്‍ നേടിയത്. ആശുപത്രിവാസത്തിനു വിധിക്കപ്പെടുന്ന സാരാ ഇന്ത്യന്‍ ഭായി ഒര്‍ ബഹനോം സേ 40 ശതമാനവും കടം വാങ്ങി മുടിഞ്ഞ് ഒടുങ്ങുന്നതായി ലോകബേങ്കുപഠനം വെളിപ്പെടുത്തുന്നു. 35ശതമാനം ഇന്ത്യക്കാര്‍ കാലുവഴുതി ദാരിദ്ര്യരേഖയക്ക് താഴെ പതിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണ്.

പടിഞ്ഞാറുനോക്കി ആഗോളവല്ക്കരണത്തിന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരും ഉദാരവല്ക്കരണത്തിന്റെ മാഹാത്മ്യങ്ങള്‍ വാഴ്ത്തുന്നവരും അവിടുത്തെ ആരോഗ്യവിദ്യാഭ്യാസമേഖലകളെ കൂടി ഒന്നു തൊട്ടറിയണം. മുട്ടിപ്പാടിത്തുള്ളി രോഗചികിത്സ നടത്തുന്നതിനുള്ള ചിലവും കൂടി ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കാന്‍ നിയമം കൊണ്ടുവരാന്‍പോവുകയാണ് ബറാക് ഒബാമയുടെ അമേരിക്കയില്‍ (ഗാര്‍ഡിയന്‍ പത്രം)

വൃത്തിയായ ഒരു മുട്ടിപ്പാടി രോഗസൗഖ്യം വരുത്തലിന്റെ ചിലവ് ഏതാണ്ട് വെറും 20ഡോളര്‍ എന്നാണ് കൃസ്ത്യന്‍ സയന്‍സ് ചര്‍ച്ചുകാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. അതായത് ഒരു തൗസന്റ് ഇന്ത്യന്‍ മണീസ് ഉണ്ടെങ്കില്‍ മുട്ടിപ്പാടിച്ചാടി കുഷ്ഠത്തിനെ കെട്ടുകെട്ടിക്കാം എന്നര്‍ത്ഥം.

ഇനി ഇന്ത്യന്‍ സാഹചര്യം നോക്കുക. ശ്വാസംകിട്ടാത്തൊരുത്തന് അടിയന്തിരമായി ഒരു ഓക്‌സിജന്‍ സിലിണ്ടറു സംഘടിപ്പിക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്ന മനുഷ്യസ്‌നേഹിയെക്കാള്‍ യോഗ്യന്‍ വടക്കേപ്പുറത്തെ മാവുമുറിക്കാന്‍ ആളെ ശട്ടംകെട്ടുന്ന പ്രായോഗികജ്ഞാനിയായിരിക്കും.

ഒരു സപ്തംബര്‍ പതിനൊന്നിന് 3000 അമേരിക്കന്‍ കാഫിറുകള്‍ ഭീകരലാദന്റെ കൈകൊണ്ട് സ്വാഹയായപ്പോള്‍, സായിപ്പിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ ലോകക്രമം തന്നെ മാറ്റാന്‍ പുറപ്പെട്ടു അമേരിക്ക. വേറൊരു നവംബറില്‍ ഭീകരതയുടെ രുചി അന്നുവരെ അറിയാത്തവര്‍ക്കായി ഭീകരര്‍ ഒരിക്കിയ ഫ്രീവെടിവെയ്പില്‍ 175 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഭീകരതയ്‌ക്കെതിരായി നമുക്ക് 100 ദിന ആസൂത്രണപരിപാടികള്‍ വേണ്ടിവന്നു.

നിലവിലുള്ള വരുമാനം വച്ചുതന്നെ ശിശുമരണനിരക്കില്‍ 60% തടയാവുന്നതാണെന്ന് സര്‍ക്കാരിനുതന്നെ ബോദ്ധ്യമുണ്ട്. (കിരണ്‍ കാര്‍ണിക്, ഇക്കണോമിക് ടൈസ്) അതായത് ഏറ്റവും ചുരുങ്ങിയത് 3000 കുട്ടികളുടെ മരണം ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ഭീകരതയുടെ ഈ മൂത്താപ്പയെ നേരിടാന്‍ എന്തേ നമുക്കൊരു ആസൂത്രണപരിപാടിയില്ലാതെപോവുന്നു.

ഇന്ത്യന്‍തെരുവുകളില്‍ പൊട്ടിയ ലാദന്‍പടക്കങ്ങളെയും അതപഹരിച്ച ജീവനുകളെയും ലാഘവത്തോടെ കണ്ട് ഭീകരതയ്‌ക്കെതിരെ പ്രസ്താവനയുദ്ധം നടത്തിയവര്‍ താജും ഒബ്‌റോയിയും ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് രാജ്യം ആക്രമിക്കപ്പെടുന്നു എന്നു നിലവിളിച്ചത്. അതും ഗര്‍ഭപാത്രം പോലെ സുരക്ഷിതം എന്നു നാലുമുക്കാലുള്ളവര്‍ കരുതിയേടത്ത് ഭീകരര്‍ കുരുതിയൊരുക്കി കാത്തിരുന്നപ്പോള്‍ മാത്രം.

ഇന്ത്യയിലെ മഹാഭൂരിപക്ഷം ചിത്രത്തില്‍ കൂടി കാണാത്തതാണ് താജും ഒബ്‌റോയിയും. വര്‍ഷങ്ങളായി ഇന്ത്യന്‍തെരുവുകളില്‍ മതഭീകരതയ്ക്കിരയായി പട്ടികളെപ്പോലെ മരിച്ച ആയിരങ്ങളെ ആര്‍ക്കും ഇന്നേവരെ ഓര്‍ക്കേണ്ടിവന്നില്ല. അവര്‍ക്കായി ഒരു മെഴുകുതിരിക്കും ഉരുകേണ്ടിയും വന്നില്ല. തൂലികയില്‍ മഷിയുണങ്ങാത്ത മാധ്യമമനീഷികളുടെ ഹൃദയത്തെ തൈരിലെ മന്തെന്നപോലെ താജും ഒബ്‌റോയിയും മഥിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്രയെത്ര ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് കടലാസുകള്‍ നിറയെ, ദൃശ്യമാദ്ധ്യമങ്ങള്‍ മുഴുക്കെ. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അതിന്റെ എത്രയോ ഇരട്ടിയാണ് ഓരോദിനവും ഇവിടെ മരുന്നിനു വകയില്ലാതെ മരിച്ചുവീഴുന്ന പിഞ്ചുകുട്ടികളെന്ന മഹാസത്യം.

അനുയോജ്യമായ ആരോഗ്യ കുടുംബ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ബോധവല്ക്കരണം, ചിലവുകുറഞ്ഞതും എളുപ്പം കൈകാര്യം ചെയ്യാവുന്നതുമായ സാങ്കേതിക ഉപകരണങ്ങള്‍, വിവരസാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളെ ആരോഗ്യമേഖലയുമായി കോര്‍ത്തിണക്കല്‍ എന്നിവയൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. കൊള്ളക്കാരായ ഡോക്ടര്‍മാരെ വിലങ്ങുവെയ്ക്കാനും മരുന്നുമാഫിയകളെ നിലക്കുനിര്‍ത്താനും മാക്‌സിമം റിട്ടെയില്‍ പ്രൈസ് എന്നത് മാറ്റി ഹോള്‍സെയില്‍ പ്രൈസും റീട്ടെയില്‍ പ്രൈസും കൃത്യമായി രേഖപ്പെടുത്താനുമായ വിവേകപൂര്‍ണമായ നടപടികളാണ് അടിയന്തിരമായും വേണ്ടത്.

60ശതമാനം ഒഴിവാക്കാന്‍ പറ്റുന്നതാണ് ശിശുമരണങ്ങള്‍ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. പിന്നെന്തിനു വച്ചു താമസിപ്പിക്കണം. സായിപ്പിന്റെ നാട്ടിലാണെങ്കില്‍ മരണത്തിനുത്തരവാദികളായി മങ്ങാട്ടച്ചന്‍മാര്‍ കൂട്ടില്‍കയറേണ്ട സ്ഥിതിയാവുമായിരുന്നു. കിരണ്‍ കാര്‍ണിക് നവമ്പര്‍ 3ന് ഇക്കണോമിക്‌സ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നതുപോലെ ആരോഗ്യം അവകാശമായി തന്നെ പ്രഖ്യാപിക്കണം, റൈറ്റ് ടു ഹെല്‍ത്ത് ആകട് പാസാക്കേണ്ട സമയം അതിക്രമി്ചിരിക്കുന്നു.

സായിപ്പ് കണ്ടംചെയ്ത കോട്ടും കൈവിട്ട കോണകവും കഴുത്തിലണിഞ്ഞു ഞെളിയുന്നവര്‍ സായിപ്പിന്റെ നല്ലവശം കൂടി കാണണം. യുദ്ധം എന്ന പദത്തിന്റെ അര്‍ത്ഥം ഒന്നുകൂടി വിശാലമാണ്്. ഭീകരതയ്‌ക്കെതിരെ മാത്രമല്ല സായിപ്പിനുയുദ്ധം. ദാരിദ്ര്യത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും പകര്‍ച്ചവ്യാധികള്‍ക്കെതിരെയും യുദ്ധമാണ്. വാര്‍ ഓണ്‍ സാര്‍സ്, വാര്‍ ഓണ്‍ പവര്‍ട്ടി എന്നു സായിപ്പ്. നിലവിലെ കണക്കുകളും വസ്തുതകളും വച്ച് നമ്മള്‍ പരിഷ്‌കൃതരോ അപരിഷ്‌കൃതരോ എന്നാവട്ടെ ആദ്യം തീരുമാനിക്കുന്നത്. പിന്നീടാവാം പെരിയ സാമ്പത്തികശക്തിയോ ചിന്ന സാമ്പത്തികശക്തിയോ എന്നു തീരുമാനിക്കുന്നത്.

1 comment:

മലമൂട്ടില്‍ മത്തായി said...

Very good and well written post.

A couple of months before, there was an article on Narayana Hridayalaya, Bangalore on Wall St. Journal. There doctors manage to perform heart surgeries on common people because of health insurance plans sponsored by the state government. The doctors are paid well, the patients get good care and everyone is happy. So change might be coming to India as well, even if that comes in small doses.

Yes the uninsured pay more for surgeries there at the Bangalore hospital. Even that price is better than the ones which people pay at the five star hospitals in other places.