Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts

February 01, 2010

വായനക്കാരില്ലാത്ത ബൂലോഗഎഴുത്തുകാര്‍



          blog varthamanam.JPG 


ഭൂതം ഭാവി വര്‍ത്തമാനക്കാരെ പണ്ട് ബര്‍ണാഡ്ഷാ പരിഹസിച്ചിട്ടുണ്ട്. ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണിയാണത്. മനുഷ്യന്‍ പരസ്പരം വ്യത്യസ്തരാവുന്നത് ഒരു വെറും അഞ്ചുശതമാനം മാത്രമാണ്. അതായത് ഒരുവനും മറ്റൊരുവനും തമ്മില്‍ ഉണ്ടാവുക 95 ശതമാനവും സാമ്യമാണ്. ഒരു മനുഷ്യന്‍ മറ്റൊരുവനില്‍ നിന്നും വ്യത്യസ്തനാവുന്ന ആ അഞ്ചുശതമാനത്തിന്റെ പരിസരത്തേക്കു കടക്കാതെ ബാക്കി 95 ശതമാനത്തില്‍ കിടന്നു കളിച്ചാല്‍ ഏതുകൈനോട്ടക്കാരനും വിജയശ്രീലാളിതനായി വിരാജിക്കാവുന്നതേയുള്ളൂ. 

ഏതാണ്ടിതേ സ്ഥിതിയാണ് ബൂലോഗത്തും. വേറിട്ട ബ്ലോഗുകളുടെ ഗണത്തില്‍ പെടുത്തേണ്ടത് ഷായുടെ ആ വെറും അഞ്ച് ശതമാനമായിരിക്കും. ആഗ്രഹങ്ങള്‍, അത്യാഗ്രഹങ്ങള്‍, ദുരാഗ്രഹങ്ങള്‍ അതുകാരണവും അല്ലാതെയും ഉണ്ടാവുന്ന നഷ്ടങ്ങള്‍, കഷ്ടങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍, വീഴ്ചകള്‍ എന്തിന് വേഴ്ചകള്‍ പോലും പരസ്പരം വ്യത്യസ്തമായിരിക്കുക ഒരു ചെറിയ അളവില്‍ മാത്രമാണ്. ഒരു വലിയശതമാനം തന്നെ വ്യത്യസ്തമാണെന്നുതോന്നുന്നവരാണ് നാട്ടുകാര്‍ക്ക് വായിക്കുവാന്‍ ആത്മകഥയെഴുതേണ്ടത്. മഹാത്മജിയും മാധവിക്കുട്ടിയും എഴുതിയത് അതുകൊണ്ടായിരുന്നു. ആളുകള്‍ വായിച്ചതും. 

ഭൂരിഭാഗം ബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാവുക സ്വന്തം കഥ വിളമ്പിയാല്‍ പിന്നെ പറയാന്‍ കഥയില്ലാത്ത കറവവറ്റിയ സാഹിത്യകാരന്‍മാരുടെ ഓണ്‍ലൈന്‍ സ്വരൂപമാണ്. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ ബ്ലോഗന്‍മാരും ബ്ലോഗിനിമാരും സ്വജീവിതചിത്രച്ചളിയില്‍ നിന്നു മദിക്കുന്നതാണ്. ആ ചളി ദേഹത്തുവീണു വൃത്തികേടാവാനായിരിക്കും പലപ്പോഴും വായനക്കാരന്റെ നിയോഗം. 

എഴുത്തിന് ആത്മകഥാംശമാവാം. ആവുന്നതില്‍ തെറ്റില്ല. എന്നാല്‍ ആത്മകഥയേ ഉള്ളൂവെന്നുവന്നാല്‍ സംഗതിമാറും. നാലുമുക്കാലിന്റെ നല്ലൊരു ഡയറിയില്‍ കുറിച്ചിടാന്‍മാത്രമുള്ള സംഗതികള്‍ ബൂലോഗം മുഴുവന്‍ വായിപ്പിച്ചേ അടങ്ങൂ എന്ന വാശിയുള്ളതുപോലെയാണ് പലരും കൃതികള്‍ ചമച്ചുവിടുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ജി.മനുവിനെപ്പോലെ, വിശാലനെപ്പോലെ ആത്മകഥാ പരിസരത്തുനിന്നും അടര്‍ത്തിയെടുക്കുന്ന ഏടുകളെ കലയുടെ ഉദാത്ത തലത്തിലേക്കുയര്‍ത്തി മനോഹര സൃഷ്ടികളാക്കിയിട്ടുമുണ്ട്. 

ലോകത്ത് ഇന്ന് ഏറ്റവുമധികം ആശയവിനിമയസാദ്ധ്യതയുള്ള മാധ്യമമായി ബ്ലോഗുകള്‍ മാറിയെന്നത് ഒരു സത്യമാണ്. അച്ചടിമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നവര്‍ അജണ്ടകള്‍ക്കതീതമായുള്ള ആത്മപ്രകാശനത്തിന്റെ വേദിയായി ബ്ലോഗുകളെ ആശ്രയിക്കുന്നു. കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കറെപോലുള്ളവര്‍ ബ്ലോഗുകളിലെയും മൈക്രോബ്ലോഗുകളിലെയും സജീവസാന്നിദ്ധ്യമാണ്. എന്നിരുന്നാലും ഇംഗ്ലീഷ് ബ്ലോഗുകളുടെ പൊതുനിലവാരത്തിലേയ്ക്ക് ബൂലോഗം ഇനിയും ഉയരേണ്ടിയിരിക്കുന്നു എന്നുവേണം കരുതാന്‍.

തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ അധികരിച്ച് വരുന്ന സ്വതന്ത്ര കാഴ്ചപ്പാടുകളോടുകൂടിയുള്ള ലേഖനങ്ങള്‍, അതെത്രവലിയ വമ്പനെഴുതിയതായാലും ഇന്നത്തെ സ്ഥിതിക്ക് അച്ചടിമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ കത്രികയില്‍ കഴുത്തുപെടാതെ വെളിച്ചംകാണുക പ്രയാസമാണെന്നല്ല അസാദ്ധ്യം തന്നെയാണ്. അടുത്തകാലത്ത് ഡോ.മുഹമ്മദലി ലവ്ജിഹാദ് വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇവിടെ വേറെ ഏത് മാധ്യമമാണ് വെട്ടുംതിരുത്തുമില്ലാതെ, ചുരുങ്ങിയത് ചില്ലറ കോസ്‌മെറ്റിക് സര്‍ജറികളെങ്കിലുമില്ലാതെ പ്രസിദ്ധീകരിക്കുക? ആയൊരു ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ന് ബൂലോഗത്തെ വിശാലകാന്‍വാസിനുമാത്രം അവകാശപ്പെടാനുള്ളതാണ്. 

ഒരു വശത്ത് അച്ചടി മാധ്യമരംഗം മടുത്തവര്‍ ബ്ലോഗിലേയ്ക്കുവരുമ്പോള്‍, കുറച്ചുപേരെങ്കിലും പ്രിന്റ് മീഡിയയിലേയ്ക്കുള്ള സ്പ്രിംഗ് ബോര്‍ഡായി ബ്ലോഗിനെ കാണുന്നുമുണ്ട്. മീനാക്ഷി റെഡ്ഡി മാധവനെപ്പോലെ. എന്തെഴുതിയെന്നത് വേറെകാര്യം, ഉള്ളതുവച്ച് പെന്‍ഗ്വിനെപ്പോലെ കാര്യം സാധിച്ചു. ബ്ലോഗുമാര്‍ഗം സഞ്ചരിച്ചാണ് കണ്ണടച്ചുതുറക്കുംമുമ്പേ, എന്തെങ്കിലും എഴുതുന്നതിനും മുമ്പേതന്നെ മീനാക്ഷി പേരുകേട്ട എഴുത്തുകാരിയായതും മാധ്യമങ്ങളുടെ പ്രിയങ്കരിയായതും. ഭാവിയില്‍ എഴുതപ്പെടാവുന്നതിന് സാഹിത്യ അക്കാഡമി വക ഒരു അവാര്‍ഡുണ്ടായിരുന്നെങ്കില്‍ അതും മീനാക്ഷിക്കു ലഭിച്ചേനെ. 

ബൂലോഗത്തിന്റെ നിലനില്പ് എഴുത്തുകാരെ ആശ്രയിച്ചല്ല. വായനക്കാരെ ആശ്രയിച്ചാണ്. കൃതികളുടെ എണ്ണത്തില്‍ കുറവില്ല. വണ്ണത്തിലും കുറവില്ല. എങ്കിലും വരാന്‍ പോവുന്നത് ഡിനോസറിന്റെ ഗതിയാവാനാണ് സാദ്ധ്യത. വലുപ്പം കാരണം വംശനാശം വന്നുപോയ ജീവിയാണ് ഡിനോസര്‍. ഒടുക്കത്തെ വയറുകാരണം ഡിനോസന്‍ പട്ടിണികിടന്നു നാമാവിശേഷമായി. വായിക്കാന്‍ ആളില്ലാത്തതുകൊണ്ട് ബുലോഗം അകാലത്തില്‍ പൊലിഞ്ഞു എന്നായിരിക്കും ഭാവിയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ബൂലോഗത്തെ പോസ്റ്റുകളുടെ ആധിക്യം കാരണം വായനക്കാര്‍ നെല്ലും പതിരും തിരിച്ചറിയാതെ ഗതികെട്ടു നടക്കുകയാണ്. ഒരു ക്ലിക് അകലത്തിലുള്ള സംഗതികള്‍ മിക്കതും ഒരുവരിയില്‍ കൂടുതല്‍ വായിക്കേണ്ടിവരാതെ വലത്തേയറ്റത്തെ ക്രോസില്‍ അവസാനിപ്പിക്കാമെങ്കില്‍, ചിലത് രണ്ടുനാലുവരി വായിച്ചാലെ വായിച്ചത് വെറുതെയായി എന്നു തോന്നിക്കുകയുള്ളൂ. മറ്റുചിലതാവട്ടെ ഒന്നുരണ്ടു പാരഗ്രാഫെങ്കിലും പോവുമ്പോഴേയ്ക്കും എഴുത്തുകാരനെ നേരില്‍ കണ്ടാല്‍ ഒരവാര്‍ഡ് കൊടുക്കാന്‍മാത്രം വായനക്കാരനെ പ്രേരിപ്പിക്കും അഥവാ പ്രകോപിപ്പിക്കും. ഇങ്ങിനെ ഒരു നാലു പ്രാവശ്യം സംഭവിച്ചാല്‍ ആ വായനക്കാരന്‍ തിരികെ വീണ്ടും ബൂലോഗത്തെത്തണമെങ്കില്‍ തലയുടെ മൂലക്കല്ല് തന്നെ ഇളകിപ്പോവണം. അല്ലാത്തവര്‍ ആത്മരക്ഷാര്‍ത്ഥം ബൂലോഗത്തിന്റ ചുറ്റുമതിലിനു പുറത്തുകടക്കും. 

ഈയൊരു പ്രശ്‌നത്തിന് ബൂലോത്തെ അഗ്രഗേറ്ററുകളൊന്നുംതന്നെ പരിഹാരമാവുന്നില്ല. ഒരു വിവാഹബ്രോക്കറുടെ ധര്‍മമത്തില്‍ കൂടുതലൊന്നുംതന്നെ അവ നിര്‍വ്വഹിക്കുന്നുമില്ല. ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അതും ഒരു ജാതകക്കുറിപ്പും കക്ഷത്തെ ഡയറിയില്‍ ബ്രോക്കര്‍ സൂക്ഷിക്കും ആവശ്യക്കാര്‍ക്കു കാഴ്ചവെയ്ക്കും. അതുതന്നെ അഗ്രഗേറ്ററും ചെയ്യും. ബ്ലോഗിങ്ങിനുതന്നെ ഒരു പുത്തനുണര്‍വ്വു പകരുമെന്ന് പ്രതീക്ഷിച്ച മൈക്രോബ്ലോഗിങ്ങ് സൈറ്റുകളായ ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ളവയാവട്ടെ വെളുക്കാന്‍ തേച്ചത് പാണ്ഡായ ഫലമാണ് ചെയ്യുന്നത്. ബ്ലോഗറിലെ നാലുവരിയിലും സുഖം ട്വിറ്ററിലെ ഒന്നരവരിയാണെന്നു പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. 

ബ്ലോഗര്‍മാരല്ലാത്ത ബ്ലോഗ്വായനക്കാരുടെ എണ്ണം വെച്ചൂര്‍ പശുവിന്റെ എണ്ണംപോലെ അന്നന്ന് താഴോട്ടുപോവാനുള്ള കാരണവും ഇതുതന്നെയാണ്. എഴുത്ത് ഉപജീവനമാര്‍ഗമെന്നപോലെ മലയാളം ബ്ലോഗിങ് ഉപജീവനമാര്‍ഗമായി പടിഞ്ഞാറുള്ളതുപോലെ കൊണ്ടുനടക്കാന്‍ പറ്റാത്തതും മറ്റൊന്നുകൊണ്ടല്ല. വായനക്കാരില്ലാത്തതാണ്. എഴുതുന്നവരുതന്നെയാണ് വായനക്കാര്‍. 

ഇതിനൊരു പരിഹാരം ചിതറിക്കിടക്കുന്ന വ്യക്തിഗതബ്ലോഗുകള്‍ക്കു പകരം കുടുംബശ്രീ പോലൊരു ബ്ലോഗശ്രീ പരീക്ഷണമാണ്. അതായത് പത്തുപേര്‍ ചേര്‍ന്ന് സഹകരണസംഘം രൂപീകരിക്കുന്നതുപോലെ, യോജിക്കാന്‍ കഴിയുന്നവര്‍ ഒരു കുടക്കീഴില്‍ പോസ്റ്റുക. നിത്യന്റെ ബ്ലോഗില്‍ ഇന്നുകയറുന്നവന്‍ പിന്നീട് ഒരു രണ്ടാഴ്ചത്തേയ്ക്ക് അങ്ങോട്ടുകയറേണ്ടിവരില്ല. അതേ സമയം അതേ സ്‌പേസില്‍ ആ ഗ്രൂപ്പില്‍ സമാന/വിരുദ്ധ ചിന്താഗതികളുള്ള ഒരു ആറേഴുപേര്‍ ഉണ്ടെന്നിരിക്കില്‍ നിത്യേന ബ്ലോഗ് അപ്‌ഡേഷന്‍ സാദ്ധ്യമാണ്. 

ആഴ്ചയില്‍ ഇന്നദിവസം കൃത്യമായി ഇന്ന ബ്ലോഗറുടെ പോസ്റ്റ് പ്രത്യക്ഷമാവുന്നു എന്നു വരികയാണെങ്കില്‍ ഓരോ ബ്ലോഗും ഓരോ വായനശാലയാവുന്ന അനുഭവമായിരിക്കും നല്കുക. നെല്ലും പുല്ലും വേര്‍തിരിച്ചറിയാതെ അഗ്രഗേറ്റര്‍ വരമ്പത്തുകുത്തിയിരിക്കുന്ന വായനക്കാര്‍ക്ക് അത് കുറച്ചൊന്നുമല്ല ആശ്വാസമാവുക. ബൂലോഗത്തെ ദുര്‍മ്മേദസ്സ് അപ്രത്യക്ഷമായി അരോഗദൃഢഗാത്രമാവുകയും ചെയ്യും. 

വ്യത്യസ്തമേഖലകളില്‍ വ്യാപരിക്കുന്ന വിവിധ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ ബൂലോഗം മുഴുവന്‍ ചിതറിക്കിടക്കാതെ വിരലിലെണ്ണാവുന്നത്ര ബ്ലോഗുകളിലായി ലഭ്യമാവുക. അവ വായനക്കാരിലെത്തിക്കാനുള്ള ഒരു നല്ല അഗ്രഗേറ്ററും നിലവില്‍വരിക. ബ്ലോഗര്‍മാരും വായനക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഇപ്പോള്‍ അതുമാത്രമാണ്. ഉദാഹരണമായി പലമേഖലയിലെ അദ്ധ്യാപകബ്ലോഗുകളുണ്ട് ബൂലോഗത്ത്. ഒരോ മേഖലയിലെയും ബ്ലോഗുകള്‍ തിരഞ്ഞുപിടിച്ച് വായിക്കുന്നത് അസാദ്ധ്യമാവുമ്പോള്‍ ഒന്നോ രണ്ടോ ബ്ലോഗുകളിലായി അദ്ധ്യാപകബ്ലോഗുകള്‍ മുഴുവന്‍ ലഭ്യമായാല്‍ തീര്‍ച്ചയായും ആ വായന ഒരനുഭവമായിരിക്കും. 

'ഷാ' യില്‍ തുടങ്ങി ഷാ യില്‍ തന്നെ അവസാനിപ്പിക്കട്ടെ. 'Happy is the man who can make a living by his hobby!' ഹോബി കൊണ്ടു ജീവിക്കാന്‍ കഴിയുന്നവന്‍ ഹാപ്പിയെന്ന് ഷാ. ബൂലോഗം അങ്ങിനെയൊരു പുതിയ പ്രഭാതത്തിലേയ്ക്ക് ഉണരുന്നതുകാണാന്‍ നിത്യന്‍ ആഗ്രഹിക്കുന്നു.