Showing posts with label വിപ്ലവം. Show all posts
Showing posts with label വിപ്ലവം. Show all posts

May 10, 2010

ഖണ്ഡനവിപ്ലവം

മാര്‍ക്‌സിസ്റ്റ്‌ സരസ്വതിയോട്‌ നീതികാട്ടി ബൂര്‍ഷ്വാ മഹാലക്ഷ്‌മിയെ തള്ളണമെന്ന സിദ്ധാന്തക്കാരാണ്‌ വരട്ടുതത്വവാദികള്‍. മഹാലക്ഷ്‌മിയെ കുടെക്കിടത്തി സരസ്വതിയെ കുടിയിറക്കുകയാണു പ്രായോഗികമായി ശരിയെന്ന വാദക്കാരാണ്‌ അത്യന്താധുനിക വിപ്ലവകാരികള്‍. അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാള്‍ കേട്ടാല്‍ നിരക്കാത്ത സംഗതി നാല്‌പതാളുകള്‍ക്ക്‌ മുന്നില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും അതിനൊരു വേദിയുംകൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികള്‍.
പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളില്‍ കയറി അക്കരപ്പച്ച തേടിയിറങ്ങും. അതുകണ്ടുകഴിഞ്ഞാല്‍ ഒട്ടകത്തിന്റെ കഥയും കഴിയും. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കില്‍ ആദര്‍ശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികള്‍. 

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാന്‍ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായം അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുള്ളത്‌. അടവ്‌ തെക്കോട്ടുനീങ്ങുമ്പോള്‍ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തില്‍ ആദര്‍ശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലില്‍ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങള്‍ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും ലീഗുകാരോടൊപ്പവും സംഘപരിവാരങ്ങളോടൊപ്പവും പി.ഡി.പിക്കാരൊടൊപ്പവും അടവുനയത്തിന്റെ പേരില്‍ സുബര്‍ക്കത്തില്‍ കഴിഞ്ഞ മധുരിക്കും ഓര്‍മ്മകള്‍ ഒരു പാടുണ്ട്‌.

`ശത്രുവിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന്‌ ഒരു തൊഴിലാളി വര്‍ഗ പാര്‍ടി ഉചിതമായ സമരതന്ത്രവും അടവുകളും ആവിഷ്‌കരിക്കും. അന്നന്നത്തെ സാഹചര്യത്തിനൊത്തു കൂട്ടുകൂടുകയും ധാരണകളും മുന്നണികളും മുന്നണിയില്ലാത്ത നീക്കുപോക്കുകളുമൊക്കെ ഉണ്ടാക്കേണ്ടിവരും. ഇതിന്റെ ഫലമായി ഒരു ഘട്ടത്തില്‍ എതിര്‍പ്പിന്നരിയായിരുന്നവര്‍ മറ്റൊരുഘട്ടത്തില്‍ ബന്ധുക്കളായെന്നും വരും. മറിച്ചും`. ഒരു പഴയ വിപ്ലവകടലാസില്‍ കണ്ടതാണ്‌. ഈ സംഗതിയെയാണ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍മാര്‍ സ്‌ട്രാറ്‌്‌റിജിക്‌ മാനേജ്‌മെന്റ്‌ എന്നു പറയുക. കണ്ണടച്ച്‌ മുഖത്തൊന്നുകിട്ടിയാല്‍ അതിനും നാലു ന്യായം പറയാനുള്ള സ്‌കോപ്പുള്ളതാണ്‌ സംഗതി. 

ഈയൊരു ചെരുപ്പിനൊപ്പിച്ച്‌ കാലുമുറിച്ചപ്പോഴാണ്‌ വര്‍ഗീയത തന്നെ രണ്ടു സൈസായത്‌. ഒന്ന്‌ ന്യൂനപക്ഷ വര്‍ഗീയതും മറ്റേതു ഭൂരിപക്ഷവര്‍ഗീയതയും. അന്നന്നത്തെ സാഹചര്യത്തിനൊത്ത്‌ ആരോടൊപ്പം കിടക്കണമെന്നേ തീരുമാനിക്കേണ്ടതുള്ളൂ. ആരോടെങ്കിലും കിടന്നേ തീരൂ എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതെല്ലാം ആചാര്യന്‍മാര്‍ സൂക്തങ്ങളായി കുറിച്ചുവച്ചിട്ടുണ്ട്‌.

ഒരുകാലത്തെ സാഹചര്യത്തില്‍ യുക്തിവാദികളെക്കാളും മതേതരമായിരുന്നു കേരളത്തിലെ ലീഗ്‌. കാലം കാലനെയും വെല്ലുവിളിച്ചു മുന്നേറുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ പഴയ അടവുനയങ്ങളാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ കാലം ഒന്നുകൂടി തെളിയിച്ചു. ന്യൂനപക്ഷമന്ത്രം നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ജപിച്ചതുമിച്ചം. ന്യൂനപക്ഷങ്ങളെയൊട്ടു കിട്ടിയതുമില്ല. ഭൂരിപക്ഷങ്ങളെ വെറുപ്പിക്കുകയും ചെയ്‌തു. ദ്രവിച്ച ന്യൂനപക്ഷ ചുരുക വലിച്ചെറിഞ്ഞ്‌ ഭൂരിപക്ഷ ഉറുമി വലിച്ചാലേ ഇനി രക്ഷയുള്ളൂ എന്നത്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌. 

ലയിക്കാന്‍ ഒരു ലായനിയും ലായകവും വേണം എന്ന സാമാന്യനിയമം പോലും ലംഘിച്ച്‌ കേരളകോണ്‍ഗ്രസുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തില്‍ കൃസ്‌ത്യാനി കോണ്‍ഗ്രസുകാരാവുന്നു. വിവിധ ലീഗുകാര്‍ ലായനി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പരശുരാമന്‍ പണ്ടു പലവട്ടം രാജാക്കന്‍മാരെ ഉന്മൂലനം ചെയ്‌തതുപോലെ പലവട്ടം സംഘപരിവാറുകാരെ ഉന്മൂലനം ചെയ്യാനുള്ള ശേഷിക്ക്‌ ഇനിയൊരു മുസ്ലിപവര്‍ എക്ട്രായുടെ ആവശ്യമൊന്നുമില്ലാതെ എന്‍ഡിയെഫുകാരും വളര്‍ന്നു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട്‌ അണികളെല്ലാം അരികളായിമാറി. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങിനെയാവുമ്പോള്‍ കഞ്ഞികുടി മുട്ടാന്‍ നാളുകള്‍ പെരുത്തുണ്ടാവാനിടയില്ല. ഈയൊരു തിരിച്ചറിവുണ്ടാവാന്‍ ഐന്‍സ്റ്റൈന്റെ ബുദ്ധിയും മാര്‍ക്‌സിന്റെ ചിന്തയുമൊന്നുമാവശ്യമില്ല. എസെല്‍സിയും ഗുസ്‌തിയും തന്നെ ധാരാളം.

ഈയൊരു ദുരവസ്ഥയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ്‌ ഇനി വേണ്ടത്‌. ആചാര്യന്‍മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഏറെ ചിന്തിക്കാനൊന്നുമില്ല. ഒരൊറ്റ വിശദീകരണമേ ആവശ്യമുള്ളൂ. സഖാക്കളേ, മാറിയ ലോകക്രമത്തില്‍ വര്‍ഗീയതയുടെ ഘടനയിലും കാര്യമായ വ്യത്യാസം വന്നിരിക്കുന്നൂ. ആഗോളീകരണവും വിവരസാങ്കേതികവിദ്യയും കൂടി ലോകത്തിന്റ അതിരുകള്‍ മായ്‌ച്ചുകളഞ്ഞതുകാരണം ഇനി ഒരൊറ്റലോകമാണ്‌. ആ ലോകക്രമത്തില്‍ ഇസ്ലാം-കൃസ്‌ത്യന്‍ വര്‍ഗീയതകള്‍ ഭൂരിപക്ഷവര്‍ഗീയതയും ഹിന്ദുവര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയുമാവുന്നു. ന്യൂനപക്ഷങ്ങളോടൊപ്പം നില്‌ക്കുക എന്നത്‌ ചരിത്രപരമായ കടമയായതിനാല്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ ഇനി അവരുടെ സംരക്ഷകരായിരിക്കും.

നാക്കിലയില്‍ അച്ചാറിന്റെയും പച്ചടിയുടെയും സ്വാധീനമാണ്‌ കേരളത്തിലും ബംഗാളിലും. താമസിയാതെ അതും കൂടി ഇല്ലാതായി ഒന്നുകൂടി ശക്തിപ്പെടുന്ന ലക്ഷണമാണ്‌. അതായത്‌ ഇടതുകൈകൊണ്ട്‌ കോണ്‍ഗ്രസിനെയും വലതുകൈകൊണ്ട്‌ ബി.ജെ.പിയെയും തടഞ്ഞുനിര്‍ത്തുന്ന ആ പഴയ സ്വപ്‌നത്തിന്‌ ഒരു അഴിച്ചുപണിക്കുള്ള കാലമായി. ആരെയും തടഞ്ഞുനിര്‍ത്താതെ ആരുടെയെങ്കിലും തടവില്‍ ശിഷ്ടകാലം സുഭിക്ഷം കഴിയാനുള്ള അടവുനയമാണ്‌ ഇനി കാലഘട്ടത്തിന്റെ ആവശ്യം. 

തീരെ സ്വാധീനമില്ലാത്തിടത്ത്‌ വിത്തിറക്കാന്‍ ഇക്കൂട്ടര്‍ ഗുണംചെയ്യും എന്നൊരു തിരിച്ചറിവ്‌ ബി.ജെ.പിക്കാര്‍ക്കുണ്ടായിട്ടുണ്ട്‌. പ്രത്യുപകാരമായി അടുത്ത അഞ്ചുവര്‍ഷം കൂടി കഞ്ഞികുടി മുട്ടാതെ പോവാന്‍ അതു സഹായിക്കുകയും ചെയ്യും എന്ന ബോധം വിപ്ലവകാരികള്‍ക്കും. പരിവാര്‍ ചുണ്ടിലെ ആ മന്ദഹാസത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടതിന്റെ മികച്ച തെളിവാണ്‌ ഖണ്ഡനപ്രമേയം. പണ്ട്‌ ഭൂരിപക്ഷവര്‍ഗീയതയുടെ അപകടം കാരണം ബി.ജെ.പിയോടൊപ്പം വോട്ടുചെയ്യ്‌ത്‌ കോണ്‍ഗ്രസിനെ ഹലാക്കാക്കുന്ന ഒരേര്‍പ്പാടിനും നമ്മളുണ്ടായിരുന്നില്ല. ഇന്ന്‌ സ്ഥിതി മാറി. പരിവാറുകാരോടൊപ്പം വോട്ടുചെയ്യാന്‍ നമ്മള്‍ മുന്‍പില്‍. വോട്ടുചെയ്‌ത്‌ കോണ്‍ഗ്രസ്‌ ഔട്ടായാല്‍ രാജ്യം ആരുടെ കയ്യിലെത്തും എന്നചോദ്യത്തിന്‌ പണ്ട്‌ ഒരു നാടകത്തില്‍ കേട്ടതുപോലെ അതൊരു ശോദ്യാണ്‌ എന്നൊരുത്തരം മാത്രവും. 

നോക്കിച്ചിരിക്കുമ്പോള്‍ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തില്‍ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവന്‍ ചരിത്രത്തില്‍ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. അതുകൊണ്ട്‌ ഒന്നും തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല. 


ആദര്‍ശം എന്ന സംഗതി നല്ല നാളേയ്‌ക്ക്‌ ഒരു തടസ്സമാവരുത്‌. ആദര്‍ശം ലേശം കൂടിപ്പോയാല്‍ സഖാവ്‌ കനു സന്യാലിന്റെ ഗതിയാണുണ്ടാവുക. ജീവിതം കട്ടപ്പൊക. തൂങ്ങിച്ചാവാന്‍ ചെറ്റക്കുടിലിന്റെ പിട്ടം ബാക്കിയായത്‌ ചില്ലറ ഭാഗ്യമൊന്നുമല്ല. തൂങ്ങാനായി തല അത്രകാലം ബാക്കിയായതാവട്ടെ പരമമായ ഭാഗ്യവും. ആദര്‍ശത്തിന്റെ അസ്‌ക്യത അത്രകണ്ടില്ലാതായാല്‍ പ്രത്യേകിച്ചൊരു പെന്‍ഷന്‍ പദ്ധതിയുടെ സഹായമില്ലാതെതന്നെ ജീവിതം ഭദ്രമാവും. ഇനി അതു തീരെയില്ലാതായിക്കിട്ടിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. വ്യവസ്ഥ ജനാധിപത്യമാണെങ്കില്‍ പറയുകയും വേണ്ട. വരട്ടുതത്വവാദികളുടെയും പരിസ്ഥിതിപ്രേമികളുടേയും പ്രതിവിപ്ലവകാരി, വര്‍ഗവഞ്ചകന്‍, കള്ളന്‍ വിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാല്‍ മാത്രം മതി. ആന്റി ഹര്‍ത്താല്‍ നീക്കങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളയുന്നതുപോലെ. 

ജനം തീവണ്ടിയില്‍ ടിക്കറ്റെടുത്തുവന്ന്‌ അടുത്ത സ്‌റ്റേഷനിലിറങ്ങി വന്ന വണ്ടിതന്നെ പിടിച്ചുവച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയെ പമ്പരവിഡ്ഡികളാക്കിയത്‌ കടലാസുകളില്‍ നമ്മളു കണ്ടതാണ്‌. ഇത്രയും വലിയ തൊഴിലാളിപ്പടയുണ്ടായിട്ടും ജനത്തിന്റെ ഈയൊരു ബുദ്ധി മനസ്സിലാക്കുവാന്‍ മാത്രം തലയുള്ള ഒരു വിഡ്ഡിയും വണ്ടിയുടെ മുന്നിലുമുണ്ടായില്ല പിന്നിലുമുണ്ടായില്ല. 

ജന്മംകൊണ്ട്‌ ജന്മിമാരായിരുന്നവരെല്ലാം ഒരുകാലത്ത്‌ കര്‍മ്മം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ പിന്‍മുറക്കാര്‍ വന്ന വഴി തിരിച്ചുനടന്ന്‌ അതതുപ്രദേശങ്ങളിലെ വിപ്ലവനാടുവാഴികളായതാണ്‌ ആധുനിക ജന്മിത്വം. വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം. 

തിന്നുമുടിച്ച്‌ ഭൂമുഖത്തുനിന്നും അസ്‌തുവായിപ്പോയ ഡിനോസറിന്റേതാണെങ്കില്‍ പിള്ളേര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ അസ്ഥികൂടങ്ങളെങ്കിലുമുണ്ട്‌. തിന്നുമുടിച്ച്‌ അസ്‌തുവായിപ്പോവുന്നത്‌ പ്രസ്ഥാനമാവുമ്പോള്‍ അസ്ഥികൂടമുണ്ടാവുകയില്ല. തെണ്ടിവണ്ടിയുടെ നെറ്റിക്ക്‌ കെട്ടിയ കൊടിയും അതുകെട്ടിയവടിയും വടിപിടിച്ചവരും അസ്‌തുവായാലും ഏതെങ്കിലും അടുത്തൂണ്‍ പറ്റിയ സ്റ്റേഷന്‍മാഷുടെ കൈയ്യിലെങ്കിലും ചെങ്കൊടി ഒരെണ്ണമെങ്കിലും കാണും. നാളത്തെ പിള്ളേര്‍ക്ക്‌ വംശനാശം വന്ന പ്രസ്ഥാനത്തെ കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ അതായിരിക്കും ഭാവിയില്‍ സഹായത്തിനെത്തുക.