July 30, 2007

വിദ്യാഭാസം വഴി സെന്‍ട്രല്‍ ജയിലിലേക്ക്‌

പണ്ടൊരു വിദേശപത്രപ്രവര്‍ത്തകന്‌ അനന്തപുരിയില്‍ കറങ്ങുമ്പോള്‍ വെറുതെ ഒരു രസംതോന്നി. സംഘങ്ങള്‍ സംഘങ്ങളായലയുന്നതും ചുരുങ്ങിയത്‌ ഹിപ്പൊപ്പൊട്ടാമസിന്റെ സൈസുവരുന്നതുമായ കുറെ ജീവികളെ മൂപ്പര്‍ തുടര്‍ന്ന്‌ ഇന്റര്‍വ്യൂ ചെയ്‌തു.
ഒരൊറ്റ ചോദ്യമേയുണ്ടായിരുന്നുള്ളൂ മൂപ്പര്‍ക്ക്‌.എന്താണ്‌ ജോലി? ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ മഹാരഥന്‍മാര്‍ക്കും.'സോഷ്യല്‍ വര്‍ക്ക്‌'
വേശ്യാവൃത്തി അനാദികാലം മുതലേ ഒരു തൊഴിലായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഉത്തരാധുനീകകാലത്തെ തലക്ക്‌ സ്ഥിരതയില്ലാത്ത ലേബര്‍ വകുപ്പുപോലും സാമൂഹ്യസേവനം തൊഴിലായി അംഗീകരിച്ച്‌ ഉത്തരവിട്ടിട്ടില്ല.
മുതല്‍മുടക്കായി ആകെ മൊത്തം നാലരമുളം നാക്ക്‌. എത്ര കുറുക്കിക്കെട്ടിയാലും അയലത്തെ പറമ്പിലെ വാഴ വലിച്ചിടുന്ന ഗോവിന്റെ നാക്കും ഗോവിന്ദന്റെ നാക്കും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ആശയം രണ്ടുകൂട്ടര്‍ക്കും പ്രശ്‌നമല്ല. ആമാശയമാണ്‌ പ്രശ്‌നം.

ഇങ്ങിനെയുള്ള മഹാരഥന്‍മാര്‍ തലപ്പത്തെത്തിയാല്‍ എണ്ണം സ്വാഭാവികമായും കൂടേണ്ടത്‌ ജയിലിന്റേതാണ്‌. പോക്കിങ്ങിനെതന്നെയാണെങ്കില്‍ നഷ്ടത്തിലോടുന്ന വിദ്യാലയങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടി ലാഭകരമായ ജയിലുകളാവുന്ന കാലം വിദൂരമല്ല. സായിപ്പിനെ അനുകരിക്കുക ഫാഷനായ സ്ഥിതിക്ക്‌ ജയില്‍ നടത്തിപ്പ്‌ സ്വകാര്യമേഖലക്ക്‌ വിട്ടുകൊടുക്കാവുന്നതേയുള്ളൂ. പിന്നെ മന്ത്രി ബേജാറാവേണ്ടിവരില്ല. ചെയ്‌തകുറ്റത്തിന്റെ തോതനുസരിച്ച്‌ ഫൈവ്‌ സ്റ്റാറില്‍ തുടങ്ങി സാദാ പോക്കറ്റടിക്കാരനുള്ള തട്ടുകട സ്‌റ്റൈല്‍ വരെ മുതലാളി ശരിപ്പെടുത്തിക്കൊടുക്കും. വിദ്യാലയങ്ങളുടെ എണ്ണം കുറഞ്ഞിടത്താണ്‌ സാധാരണ ജയിലിന്റെ എണ്ണം കൂടുക.

കേരളത്തില്‍ വിദ്യാലയങ്ങളുടെ അളവില്‍ കുറവുണ്ടായിട്ടില്ല. ഗുണത്തില്‍ കുറവേ സംഭവിച്ചിട്ടുമുള്ളൂ. ഗുണകരമായി കുത്തനെ താഴോട്ടുവളര്‍ന്ന്‌ ഇപ്പോ നിലം കുഴിച്ച്‌ മുന്നേറുകയാണ്‌. ഒരൊറ്റ മുണ്ടുമുടുത്ത്‌ ട്രെയിനില്‍ കയറിയ നമ്പൂതിരി രണ്ടു പരിഷ്‌കാരികള്‍ ഇരിക്കുന്നതിനിടയില്‍ ഒരല്‌പം സ്ഥലം മാന്തിയെടുക്കുമ്പോള്‍ ഒരുവന്‍ പ്രതിഷേധിച്ചു `ഡോങ്കി`. താന്‍മാത്രം കുറക്കേണ്ടെന്നുകരുതി മറ്റവനും പ്രതിവചിച്ചു, `മങ്കി`.`അല്ല, രണ്ടിനുമിടയില്‍` എന്നും പറഞ്ഞ്‌ തിരുമേനി അമര്‍ന്നിരുന്നതായി കേട്ടിട്ടുണ്ട്‌. ആ തിരുമേനിയുടെ അവസ്ഥയാണ്‌ എയ്‌ഡഡ്‌ മുതലാളിക്കും അദ്ധ്യാപഹയനുമിടയിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥ.സരസ്വതീ വിളയാട്ടം ജന്മനാ ഉള്ളവര്‍ ഈ നീരാളിപ്പിടുത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട്‌ വല്ലവിധേനയും ജീവിക്കും. മറ്റുള്ളവര്‍ ബസ്സിന്‌ കല്ലെറിയുക, തുറന്ന സ്‌കൂളുകള്‍ അടപ്പിക്കുക, അടക്കാത്ത സ്‌കൂളുകളില്‍ കര്‍സേവ നടത്തുക ആദിയായ അടിസ്ഥാന വിദ്യാഭ്യാസം നേടി തെരുവിലിറങ്ങി ബിരുദമെടുക്കും. തികച്ചും സ്വാഭാവികം.

ബന്ദ്‌ ഹര്‍ത്താല്‍ തുടങ്ങിയ അവശ്യസര്‍വ്വീസുകളുടെ നടത്തിപ്പുചുമതലയാണ്‌ പിന്നെ. എ.സി. മുറിയിലിരുന്ന്‌ നേതാവ്‌ ഉത്തരവിടുമ്പോള്‍ പ്രത്യേകം പൂജിച്ച ശിലകള്‍ ശേഖരിച്ചുവെക്കണം. വിവിധതരം കല്ലുകള്‍, താര്‍വീപ്പകള്‍, പൊട്ടിയ കുപ്പികള്‍ തുടങ്ങിയ ഇന്‍സ്‌ട്രുമെന്റ്‌സ്‌ ഓഫ്‌ റിവല്യൂഷനുമായി പെരുവഴിയില്‍ മലമ്പാമ്പിനെപ്പോലെ കിടക്കുക. അതുവഴി വരുന്നവരുടെ തലക്കിട്ട്‌ കരിങ്കല്ലുകൊണ്ട്‌ രണ്ടു ബോധവല്‌ക്കരണം നടത്തുക.

ബിരുദപഠനം വിജയകരമായി പൂര്‍ത്തിയായി. പിന്നീട്‌ ബിരുദാനന്തരബിരുദത്തിനുള്ള പഠനമാണ്‌. മാഫിയാ രാസാക്കന്‍മാരുടെ അടുക്കളയാണ്‌ കാമ്പസ്‌. ഒരു പിച്ചാത്തിയില്‍ തുടങ്ങി മെഷീന്‍ ഗണ്‍ വരെ സ്‌പെഷ്യലൈസേഷന്‍. പിന്നീട്‌ നാട്ടുകാരുടെ ഭാഗ്യം കൊണ്ടെങ്ങാനും ജയിലിലെത്തിപോയെങ്കിലായി. സകലമാഫിയകളുടെ സംരക്ഷണ സേനയിലേക്കും നടത്തുന്ന റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ അണിചേരാനുള്ള പ്രഥമ യോഗ്യത ജന്മനാ ഗുണ്ടയായിരിക്കണം എന്നതാണ്‌.
ബ്രാഹ്മണനെപ്പോലെയാണ്‌ ഇക്കൂട്ടരും. ബ്രാഹ്മണ്യം പോലെ ഗുണ്ടത്വവും കര്‍മ്മം കൊണ്ടാണെന്നു പറയാറുണ്ട്‌. പറച്ചിലേയുള്ളൂ അങ്ങനെയൊരു ഗുണ്ടയെ കാണിക്കാന്‍ പറ്റില്ല. ബ്രാഹ്മണനെയും. ഗുണ്ടാ ജന്മസ്യ എന്നുതന്നെയാണ്‌. രണ്ടാമത്തേത്‌ രാഷ്ട്രീയ പിന്‍ബലമുണ്ടായിരിക്കണം. യഥാക്രമം തല്ല്‌, വെട്ട്‌, കുത്ത്‌, കൊല ആദിയായ സുകുമാര കലകളിലെ പ്രാവീണ്യം അനിവാര്യം. ഈവക വിഷയങ്ങളില്‍ കേരളത്തില്‍ ഡോക്ടറേറ്റുള്ള മുഴുവനാളുകളും രാഷ്ട്രീയക്കാരായിരിക്കും. മിനിയാന്നിവിടെ വിമാനമിറങ്ങി ഇന്നലേക്ക്‌ പടര്‍ന്ന ആഫ്രിക്കന്‍ പായലാണ്‌്‌ മാഫിയ. കുടിപ്പക ഒന്നുകൊണ്ടുമാത്രം ഒരുത്തനെയും അവന്റെ കുടുംബത്തെയും നടുറോഡിലിട്ട്‌ വണ്ടി കയറ്റി കൊന്നശേഷം സ്വന്തം സ്ഥാപനത്തില്‍ ലഡുവിതരണം നടത്തിയ മഹാന്‍ പറഞ്ഞത്‌ പണ്ടേ ഞാന്‍ വിപ്ലവകാരിയാണെന്നാണ്‌. സാംസ്‌കാരിക നായകന്‍മാരുടെ നാവു താണുപോയതുകൊണ്ടുമാത്രമായിരിക്കണം ചുരുങ്ങിയത്‌ അപമാനപൂരിതമാകണമന്തരംഗം എന്നും പറഞ്ഞ്‌ ഉറഞ്ഞുതുള്ളാതിരുന്നത്‌.

മണിച്ചന്റെ മണിയും ഇക്കണ്ട പരിഷകളുടെ കാശും കൈനീട്ടി വാങ്ങി വിപ്ലവത്തിനാക്കം കൂട്ടിയത്‌ ഗുണ്ടകളാണോ അതോ രാഷ്ട്രീയക്കാരാണോ? ജനം തീരുമാനിച്ചോട്ടെ. അങ്കക്കാരനും ബപ്പിരിയനും പോലെയാണ്‌ ഗുണ്ടകളും രാഷ്ട്രീയക്കാരും. രണ്ടുകൂടി ഒന്നായിമാത്രമേ ആടുകയുള്ളൂ.നാടിന്റെ ജാതകത്തില്‍ എന്നെങ്കിലും ഒരു ശുക്രദശയുണ്ടെങ്കില്‍ ഇവറ്റകളുടെയെല്ലാം സുഖവാസകേന്ദ്രം സെന്‍ട്രല്‍ ജയിലായിക്കൂടെന്നില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും സ്ഥിതിയുമായി തട്ടിച്ചുനോക്കിയാല്‍ ജയില്‍ ഇപ്പോള്‍തന്നെ സ്വര്‍ഗമാണ്‌. രംഭ തിലോത്തമ മേനകമാരുടെ നേരിയൊരു കുറവേ തല്‌ക്കാലമുള്ളൂ.
മൊബൈല്‍ ഫോണില്‍ ആഭ്യന്തരമന്ത്രിയെ തന്നെ വിളിച്ച്‌ നിര്‍ദ്ദേശം കൊടുക്കുവാനുള്ള അവകാശം പ്രധാനമന്ത്രി കഴിഞ്ഞാല്‍ പിന്നെ ജയില്‍പുള്ളിക്കു കിട്ടിയത്‌ എടുത്തുപറയേണ്ട ഒരു നേട്ടമാണ്‌. ലോകചരിത്രത്തിലെ ആദ്യ സംഭവം. പനിച്ചുവിറച്ച്‌ മരിച്ചാലും ധര്‍മ്മാശുപത്രീല്‍ കിടക്കുന്നോന്‌ പനിമന്ത്രിയെ അവസാനത്തെവിളി വിളിക്കാന്‍വരെ പറ്റുകയില്ല.

ജയിലിലെ ബീഡിയുടെ കുറവ്‌ അടിയന്തിരമായി അവസാനിപ്പിക്കണമെന്നൊരഭിപ്രായം ഈയിടെ ഉണ്ടായിരുന്നു. ബീഡി വലിച്ച്‌ വിപ്ലവത്തിന്റെ അനശ്വരതയെപ്പറ്റി ചിന്തിക്കാന്‍ ചെഗുവേരമാര്‍ക്ക്‌ സൗകര്യം ഇതിനകം കിട്ടിക്കാണുമെന്ന്‌ കരുതുന്നു. മാറിയ കാലാവസ്ഥയില്‍ ഇനി ബീഡിയും വലിച്ച്‌ നടന്നാല്‍ പാര്‍ട്ടി അസ്‌തുവായിപ്പോകുമെന്ന്‌ മിനിയാന്ന്‌ ഒരു കനത്ത സഖാവിന്റെ ലാബിലെ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. പരിഹാരക്രിയയായി ഇനി ഈ സുഖവാസ കേന്ദ്രങ്ങളെല്ലാം ബാര്‍ അറ്റാച്ച്‌ഡ്‌ സെന്‍ട്രല്‍ ജയിലായിക്കൂടെന്നുമില്ല.

ഇനി ലേശം സംസ്‌കാരം അവശേഷിക്കുന്ന ആരെങ്കിലും ജയിലിലുണ്ടെങ്കില്‍ അവരെ നേരെയാക്കാന്‍ സാംസ്‌കാരിക നായകന്‍മാരെത്തന്നെ അങ്ങോട്ടയക്കാന്‍ പരിപാടി സര്‍ക്കാരിനുണ്ട്‌. തീഹാര്‍ ജയിലില്‍ കഴിയാന്‍ പറ്റാത്തതിലുള്ള വെശമം കൊണ്ട്‌ ഉറക്കം കിട്ടാത്ത സാംസ്‌കാരിക സാമ്രാട്ട്‌ അക്കൂട്ടരെയും തെളിച്ചുകൊണ്ട്‌ അങ്ങോട്ടെത്തുന്ന നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.

പട്ടാളത്തില്‍ നിന്നും ചാടിപ്പോയി പണ്ടൊരു വെടിയാല്‍ പലരെ കൊന്ന സുധാകരന്‍ ജാതകവശാല്‍ ജയിലിലെത്തി. അവിടെവെച്ച്‌ മൂപ്പര്‍ പിന്നീട്‌ പരിചയപ്പെട്ടത്‌ യതിയെയായിരുന്നു. മുന്നിലിരിക്കുന്നവന്റെ മനസ്സുവായിക്കാന്‍ അറിയുന്ന അസ്സല്‍ മനശ്ശാസ്‌ത്രഞ്‌ജന്‍ നിത്യചൈതന്യ യതിയെ. അനന്തരം ധാരാളം ചര്‍ച്ചചെയ്യപ്പെട്ട ഒരു പുസ്‌തകവുമെഴുതി - ക്രിമിനോളജിക്ക്‌ ഒരു ആമുഖം എന്നോ മറ്റോ. നല്ലനടപ്പിന്റെ ഭാഗമായി താമസിയാതെ പുറത്തെത്തി സുധാകരന്‍ പഴയ നടപ്പു തുടര്‍ന്നു. താമസിയാതെ താടിയും തലയും നീട്ടി തെമ്മാടി സന്ന്യാസിയായങ്ങ്‌ അവതരിച്ചു. ആശ്രമമായി ശിഷ്യരായി വെച്ചടി വെച്ചടി കേറ്റം. ഇപ്പോ ജാതകവശാല്‍ സ്വാമി വീണ്ടും ജയിലിലെത്തി. ഒരു ബ്രിട്ടീഷുകാരിയെ ആദ്യം ശിഷ്യയാക്കി പിന്നെ വിധിപ്രകാരം ബലാല്‍സംഗം ചെയ്‌ത്‌ ഭാര്യയുമാക്കി. അച്ഛന്‍ സായിപ്പിന്റെ സ്വത്തുമുഴുവന്‍ ലാപ്‌ടോപ്പടക്കം സ്വാമി സ്വാഹയാക്കി. ജന്മനാ ക്രിമിനലായവനെ യതിക്കു മാറ്റുവാന്‍ പറ്റിയില്ലെങ്കിലും നാഴികക്ക്‌ നാല്‌പതുവട്ടം വാക്കുമാറ്റുന്ന നായകന്‍മാര്‍ക്ക്‌ ചിലപ്പോള്‍ കഴിയാതിരിക്കില്ല.
സാംസ്‌്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ എണ്ണത്തിലെ കുറവുതന്നെ ചിലപ്പോള്‍ പരിഹരിച്ചുപോവാനും സാദ്ധ്യതയുണ്ട്‌.ജയിലിലെ രാഷ്ട്രീയ ക്രിമിനലുകളുടെ സൗകര്യക്കുറവിനെക്കുറിച്ച്‌ മാത്രമാണ്‌ ആളുകളുടെ വേവലാതി. വര്‍ഷങ്ങളായി പരോള്‍ കിട്ടാത്തവര്‍, വക്കീലിന്‌ കാശുമുടക്കാനില്ലാത്തവര്‍, രോഗികള്‍ അങ്ങിനെ എത്രയോപേര്‍ അവിടെയുണ്ട്‌. അവരുടെ കാര്യം ആരുനോക്കാന്‍? യഥാ രാജാ തഥാ പ്രജാ എന്നു ചാണക്യന്‍.

ഒരദ്ധ്യാപകനെ ക്ലാസ്‌റൂമിലിട്ട്‌ വെട്ടിനുറുക്കി കൊച്ചുവിദ്യാര്‍ത്ഥികളുടെ സമനില തെറ്റിച്ച വിപ്ലവകാരികളെല്ലാം പുറത്ത്‌. ഒരു സാധുവിനെ അച്ഛനമ്മമാരുടെ കണ്‍മ ുന്നില്‍ നിന്ന്‌ വലിച്ചിട്ട്‌ പീസ്‌പീസാക്കി ആര്‍ഷഭാരതം സ്ഥാപിച്ച യോഗ്യരും അന്തസ്സായി കഴിയുന്നു. ജയിലില്‍ നിന്നുതന്നെ ഒരു കുറ്റവാളിയെ അടിച്ചുകൊന്ന യോഗ്യന്‍മാരും അവിടെത്തന്നെ സുഭിക്ഷം കഴിയുന്നു. ഇവറ്റകളെയെല്ലാം മാറ്റിമറിക്കാന്‍ കൈതപ്രത്തിന്റെ സംഗീതത്തിനു കഴിയുമെങ്കില്‍ കൈതപ്രത്തിന്റെ വായ ദയവായി അടപ്പിക്കരുത്‌. നിത്യന്റെ ഒരഭ്യര്‍ത്ഥനയാണ്‌. നിര്‍ത്താതെ പാടിക്കണം. എത്ര ലക്ഷം കൊടുത്താലും തരക്കേടില്ല. നാടുനന്നായിക്കിട്ടുന്ന ഏര്‍പ്പാടാണ്‌.

ബലാല്‍സംഗം എന്ന പുണ്യകര്‍മ്മം അനുഷ്‌ഠിച്ചെത്തിയവര്‍, മാതാപിതാക്കളെ വെട്ടിക്കൊന്ന വീരശൂരപരാക്രമികള്‍, അന്നന്നത്തെ അന്നത്തിനുവകയില്ലാത്ത ്‌അസംഖ്യം വന്‍കിടകുത്തകബൂര്‍ഷ്വാസികളെ വകവരുത്തിയ ചെഗുവേരമാര്‍, രാമരാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാക്ഷസപ്പടയെ നിഗ്രഹിച്ച കാവിക്കാര്‍ അങ്ങിനെ എത്രയെത്ര ആളുകളാണ്‌ എങ്ങിനെയെങ്കിലും ഒന്നു നന്നായിക്കിട്ടാനായി ജയിലിലിപ്പോള്‍ ക്യൂനില്‌ക്കുന്നത്‌.

നമ്മുടെ സാംസ്‌കാരികനായകര്‍ അങ്ങോട്ടുപോയി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിന്‌ മുന്‍പ്‌ സര്‍ക്കാര്‍ ഒന്നു ചെയ്യുക. അക്ഷരമറിയുന്നവര്‍ക്കെല്ലാം മഹാത്മജിയുടെ ആത്മകഥയോ ലൂഷാവ്‌ചിയുടെ എങ്ങിനെ നല്ല കമ്മ്യൂണിസ്‌റ്റാകാം എന്ന കിത്താബോ കൊടുക്കുക. പോരാ. പഠിച്ചതിനു തെളിവായി നല്ലൊരു പരീക്ഷ നടത്തി 70 ശതമാനം കിട്ടുന്നവരെ മാത്രം വെളിയില്‍ വിട്ടേക്കുക. ആദ്യം വേണ്ടത്‌ നല്ല വിദ്യാഭ്യാസമാണ്‌. രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കാത്ത തരം. വിപ്ലവകാരികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം പുതിയ സാഹചര്യത്തില്‍ അടിമയെയും ഉടമയെയും സൃഷ്ടിക്കുന്നത്‌ മൂലധനമല്ല നല്ല വിദ്യാഭ്യാസമാണ്‌. ഇതുമനസ്സിലാക്കിയതുകൊണ്ടാണല്ലോ നേതാക്കളുടെ മക്കള്‍ സ്വാശ്രയകോളെജിലും എരപ്പാളികളുടെ പിള്ളേര്‍ പരാശ്രയ വിദ്യാലയങ്ങളിലും എത്തിയത്‌.

July 04, 2007

പാലോറമാതയുടെ പൈക്കുട്ടി - ഒരനുശോചനക്കുറിപ്പ്‌

പാലോറമാതയുടെ ആ പഴയ പൈക്കുട്ടിയുടെ ഇപ്പോഴത്തെ ഗതിയിലാണ്‌ നാടിന്റെ ആശങ്ക. കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായും ആത്മനിഷ്‌ഠമായും ഉള്‍ക്കൊണ്ടുകൊണ്ടുവേണം ബല്യബല്യ കാര്യങ്ങള്‍ അപഗ്രഥിക്കുവാന്‍.

വിവരമില്ലാത്തവര്‍ ആചാര്യന്‍മാര്‍ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങള്‍ പോയി മനസ്സിരുത്തി വായിക്കുക. നാട്ടില്‍ കിട്ടിയില്ലെങ്കില്‍ അതു പഠിപ്പിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോര്‍്‌ട്ട്‌ അറ്റാച്ച്‌ഡ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍വ്വകലാപശാലയുണ്ട്‌ മൂന്നാറില്‍. വൈസ്‌ചാന്‍സലറായി പ്രൊഫെസര്‍ സഖാവ്‌ വെളിയം. പിന്നെ പ്രൊഫസര്‍മാരുടെ ഒരു വന്‍ നിരതന്നെയാണ്‌ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ആറുമാസമാണ്‌ കോഴ്‌സ്‌ കാലാവധി. ഉലക്കയില്‍ നിന്നും പാന്തം പൊളിക്കേണ്ടവിധം മൂന്നുമാസം കൊണ്ട്‌ വെളിയം പഠിപ്പിക്കും. അടുത്തമൂന്നുമാസം കൊണ്ട്‌ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ പഠിപ്പിക്കുക ഇസ്‌മയിലാണ്‌. കാലില്ലാത്ത സുന്ദരിയുടെ ബാലേ എന്നൊരു കെയ്‌സ്‌ സ്റ്റഡി ആ മുടിയില്ലാത്തയാളാണ്‌ കൈകാര്യം ചെയ്യുക.

പ്രശസ്‌തമാനേജ്‌മെന്റെ സ്‌കൂളുകളിലൊക്കെ പഠിച്ചുമിടുക്കരായ മണ്ടന്‍മാര്‍ക്ക്‌ ആരെങ്കിലും നക്കാപ്പിച്ച ലച്ചങ്ങള്‍ ശമ്പളം കൊടുക്കുകയാണല്ലോ പതിവ്‌. മുന്നാറിലെ ഈ കലാപശാലയില്‍ നിന്നും പഠിച്ചുപുറത്തിറങ്ങുന്നവര്‍ കോടികളെടുത്ത്‌ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ ഖജനാവിലിടുകയാണ്‌ ചെയ്യുക.

തൊഴിലന്വേഷിച്ച്‌ ലോകത്തെവിടെയും പോകേണ്ടതുമില്ല. സാമ്രാജ്യത്വ പാദസേവ, വന്‍കിട കുത്തക ബൂര്‍ഷ്വാസി, ഫാസിസ്റ്റ്‌, വരട്ടുതത്വവാദി തുടങ്ങിയ വിശേഷണങ്ങളൊന്നും മറുകുപോലെ കൂടേനടക്കുകയില്ല. തങ്കപ്പെട്ട വിപ്ലകകാരികളായി ശിഷ്ടകാലം കഴിയുകയും ചെയ്യാം.

വീണ്ടും പാലോറമാതയുടെ പൈക്കുട്ടിയിലേക്ക്‌. നാവെടുത്തവനെല്ലാം മാതകൊടുത്ത പൈക്കുട്ടിയുടെ ഗതിയെപ്പറ്റിപ്പറയുന്നതു പറയുന്നതു കേട്ടാല്‍ തോന്നുക മരണമില്ലാത്ത മാതയുടെ പൈക്കുട്ടിയെ, ഇനി ഗ്രാമര്‍ മിസ്റ്റേക്കുണ്ടെങ്കില്‍ മാതയുടെ മരണമില്ലാത്ത പൈക്കുട്ടിക്ക്‌ ചവക്കാന്‍ സഖാക്കള്‍ ബോംബിട്ടുകൊടുത്തു എന്നാണ്‌.

സംഗതി വസ്‌തുനിഷ്‌ഠമായി പരിശേധിക്കണം. പൈക്കുട്ടി പശുഗണത്തില്‍ വരുമെന്നാണ്‌ നിത്യന്റെ അറിവ്‌. പശുവിനെ കൊല്ലുക പാപമാണ്‌. റാവന്‍ എന്ന വിഖ്യാതമായ കവിതയില്‍ എഡ്‌ഗര്‍ അലന്‍ പോ പറയുന്നതു നോക്കുക. എല്ലാ മരണവും വേദനാജനകമാണ്‌. എന്നാല്‍ അതൊരു സുന്ദരിയുടേതാകുമ്പോള്‍ ദു:ഖം പത്തിരട്ടിയാകും. അതുകൊണ്ട്‌ തീര്‍ച്ചയായും ക്ഷീരമുള്ളോരകിടിന്നുടമയായ യൗവ്വനയുക്തയായ കാമധേനുവിന്റെ കൊലപാതകം ന്യായീകരിക്കാവുന്നതല്ല. തീര്‍ച്ചയായും അതൊരു ഒന്നൊന്നര പാപം തന്നെയാണ്‌.

അമ്പലത്തിലെ ചെണ്ട വംശനാശം വന്നുപോകാതിരിക്കാനും മറ്റുമായി സംഘപരിവാരം പോലും ചില്ലറ ഇളവുകള്‍ അനുവദിക്കുന്നുണ്ട്‌. ചുരത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച്‌ വാര്‍ദ്ധക്യത്തിലേക്ക്‌ വീഴുന്ന പശുവിന്റെ കഴുത്തില്‍ വാളുവീഴ്‌ത്തുവാന്‍ വകുപ്പുണ്ട്‌. മനുഷ്യന്‍മാര്‍ക്കില്ലാത്ത സ്ഥിതിക്ക്‌ പൈക്കള്‍ക്കായി ഒരു വൃദ്ധസദനത്തിനുള്ള സാദ്ധ്യത തല്‌ക്കാലം ഏതായാലുമില്ല. സംഘപരിവാരം വാഴുന്നിടത്തും വിപ്ലവകാരികള്‍ വാഴുന്നിടത്തും.

ഒരു നിഗമനത്തിലെത്തുന്നതിനു മുന്‍പേ ഇപ്പറഞ്ഞ വസ്‌തുകകളെല്ലാം പരിഗണിക്കണം. പ്ലസ്‌ ബയോളജിക്കലി, പാലോറമാതാസ്‌ പൈക്കുട്ടി വാസ്‌ നോട്ട്‌ ഇമ്മോര്‍ട്ടല്‍. ബയോളജിക്കലി ആന്റ്‌ ഇക്കണോമിക്കലി ഓണ്‍ലി രക്തസാക്ഷികള്‍സ്‌ ആര്‍ ഇമ്മോര്‍ട്ടല്‍.

അങ്ങിനെ വരുമ്പോള്‍ ആ പൈക്കുട്ടിയെ സംരക്ഷിക്കണം. തീര്‍ച്ചയായും സംരക്ഷിച്ചു. കട്ടന്‍ചായ സഖാക്കള്‍ക്ക്‌ ഒണക്കപ്പുല്ല്‌ പൈക്കുട്ടിക്ക്‌. പരിപ്പുവട സഖാക്കള്‍ക്ക്‌ കടലപ്പുണ്ണാക്ക്‌ പൈക്കുട്ടിക്ക്‌. അങ്ങിനെ ആരെയും മോഹിപ്പിക്കുന്ന വിധത്തിലായിരുന്നു പൈക്കുട്ടിയുടെ വളര്‍ച്ച.

വളര്‍ച്ച പൂര്‍ണമായാല്‍ പിന്നെ തുടങ്ങുക തളര്‍ച്ചയാണ്‌. അതെല്ലാം ജര്‍മ്മന്‍ഭാഷയിലെ താളിയോലകളിലുണ്ട്‌. അതില്ലാത്ത ഒരു സംഗതി മാറ്റം മാത്രമാണെന്ന്‌ മാര്‍ക്‌സ്‌. അപ്പോള്‍ സ്വാഭാവികമായും പ്രകൃതിനിയമപ്രകാരവും നാട്ടാചാരപ്രകാരവും പൈക്കുട്ടി വാര്‍ദ്ധക്യത്തിലേക്കു കടക്കണം. വൈരുദ്ധ്യാത്മക ഭൗതീകവാദപ്രകാരവും പ്രായം പടവലം പോലെ താഴോട്ട്‌ വളരുകയില്ല. പോക്ക്‌ മേലോട്ടുതന്നെയാണ്‌.

അങ്ങിനെ പാലോറമാതാസ്‌ പൈക്കുട്ടി ചെറുബാല്യം വിട്ട്‌ കൗമാരത്തിലൂടെ വളര്‍ന്ന്‌ ഗോമാതാവായി നന്നായി ചുരത്തി വാര്‍ദ്ധക്യത്തിലേക്കു വഴുതിനീങ്ങി വയസ്സത്തിപശുവായെന്നര്‍ത്ഥം. അതാണ്‌ സാമൂഹ്യനീതി നടപ്പിലാക്കാനുള്ള പറ്റിയ സമയം. നല്ലൊരു വെട്ടുകത്തിയെടുത്തു പ്രയോഗം ആരംഭിക്കുക. അതിലെന്തിത്ര തെറ്റ്‌. നരകിക്കാതെ കഥ കഴിഞ്ഞു. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്‌?

മാതയുടെ പൈക്കുട്ടി ആയുസ്സെത്തി തന്നെയല്ലേ മരിച്ചത്‌. നാട്ടുകാര്‍ക്കൊക്കെ ആവേശമായി നല്ലനിലയില്‍ ജീവിച്ച്‌ ദേശാഭിമാനിയായി മരിച്ചു. അതുകൊണ്ട്‌ ദേശം മുഴുവനം അഭിമാനിക്കുക. ആദരാഞ്‌ജലിയര്‍പ്പിക്കുക.