December 02, 2011

മല്ലുവിന് ഉയിര് തമിഴന് തണ്ണി

ദുരന്തം ആക്ഷേപഹാസ്യത്തിനു വിഷയമാവരുത്. പക്ഷേ അതിനുമുമ്പുള്ള സമൂഹത്തിന്റെ കുറ്റകരമായ നിസ്സംഗതയോ?

അണകെട്ടി നിര്‍ത്തിയ വെള്ളവും ചിന്തയുടെ നീരൊഴുക്കില്ലാത്ത തലയും ഏതാണ്ടൊരുപോലെയാണ്.  ലേശം മുന്തിയ അപകടകാരി തലയാണെന്ന് കാലം ഇതിനകം തെളിയിച്ചിട്ടുണ്ട്.  മുപ്പത്തിയഞ്ചുലക്ഷം മനുഷ്യരുടെ ജീവനും  നാലു ജില്ലകളുടെ നിലനില്പും ഒരു കുലുക്കത്തിലോ അല്ലെങ്കില്‍ പ്രായാധിക്യം ഹേതുവായുള്ള അണക്കെട്ടിന്റെ സ്വാഭാവിക ചരമത്തിലോ അസ്തുവാകാമെന്ന മുന്നറിയിപ്പ് തരുന്നത് മേഖലയിലെ സാങ്കേതിക വിദഗ്ദ്ധന്‍മാരാണ്. ഒന്നും സംഭവിക്കില്ലെന്ന ഉറപ്പും വിദഗ്ദ്ധര്‍ പറയുന്നതു കളവാണെന്നു കണ്ടെത്തുന്നവരാകട്ടെ നാവുകൊണ്ടുമാത്രം കോട്ടകെട്ടാനറിയുന്നവരും. 

ചാരായഷാപ്പില്‍ കയറുന്നവന്റെ കാകദൃഷ്ടിയല്ല നേതാക്കള്‍ക്കു വേണ്ടത്. വേണ്ടത് കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് ഭൂമിയിലെ പൊത്തിലെ ചുണ്ടെലിയുടെ മീശ കാണുന്ന ഈഗ്ള്‍സ് ഐയാണ്. തലയില്‍ ആള്‍പ്പാര്‍പ്പു വേണം. ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ന്ന ഉറപ്പ് നട്ടെല്ലിനുമുണ്ടെങ്കില്‍ സംഗതി ഭേഷായി.

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നു പറഞ്ഞത് മാര്‍ക്‌സാണ്. ആദ്യം ഭോപ്പാല്‍ ദുരന്തം. പിന്നെ ആന്‍ഡേഴ്‌സണ്‍ വിചാരണ പ്രഹസനം. ലോകത്തെങ്ങും അണക്കെട്ടുകള്‍ ജാതകപ്രകാരം ജീവന്‍ വെടിയാത്തപക്ഷം ദയാവധം നടപ്പിലാക്കുകയാണു പതിവ്. കാലത്തിനുമുന്നേ നടന്ന പെരിയോറുടെ പിന്‍ഗാമികള്‍ ഇങ്ങിനെ പിറകോട്ടുനടക്കുന്നത്് ഏതായാലും ശരിയല്ല. കാടെല്ലാം നാടായ ഒരു നൂറ്റാണ്ടില്‍ മുല്ലപ്പെരിയാറിനെ കാണേണ്ടത് 100 കൊല്ലം മുമ്പിലത്തെ കണ്ണുകൊണ്ടല്ല. അന്നാണെങ്കില്‍ ചാവാന്‍ കുറച്ച് 'പക്ഷിമൃഗാദിവാസി'കള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.

കരിങ്കല്ലും സുര്‍ക്കിയും കൊണ്ടുനിര്‍മ്മിച്ച് 50 വര്‍ഷത്തേക്കു ആയുസ്സു ഗണിച്ചെഴുതിയ ജാതകമാണ് മുല്ലപ്പെരിയാറിന്റേത്. ഒന്നുകില്‍ ലക്ഷോപലക്ഷം ജനങ്ങളുടെ ആയുസ്സിന്റെ ബലം കൊണ്ട്. അല്ലെങ്കില്‍ സായിപ്പിന്റെ കൈപ്പുണ്യം കൊണ്ട്. അതുമല്ലെങ്കില്‍ അന്തകാലത്തു സുര്‍ക്കി കടലാസായി മാറി  സ്വിസ്ബാങ്കിലെത്തുന്ന സാങ്കേതികവിദ്യകളില്ലാതിരുന്നതുകൊണ്ട്. അല്ലാതെ 60 കൊല്ലം ആയുസ്സ് നീട്ടിക്കിട്ടേണ്ട കാര്യമില്ല. പറഞ്ഞ 50 കഴിഞ്ഞ് സെഞ്ചുറി തികച്ച് വീണ്ടും ഒരു ദശകം കൂടി നിന്നപടി നില്ക്കുന്നതുകൊണ്ട് ഇനിയെന്തു സംഭവിക്കാന്‍ എന്നതാണ് തമിഴന്റെ ലാ പായിന്റ്. പോരാത്തതിന് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ കൊണ്ട് ആയുസ്സുനീട്ടിക്കിട്ടുന്ന വിദ്യയും ഇടക്കിടെ പരീക്ഷിക്കുന്നുണ്ട്.

അതായത് ജാതകപ്രകാരം 40ല്‍ വടിയാവേണ്ട കുഞ്ഞിരാമന്‍ 80 വയസ്സുവരെ അരോഗദൃഢഗാത്രനായി നിന്നു. അതുകൊണ്ടുതന്നെ ഇനിയും ഒരു 80 വര്‍ഷം കൂടി തെക്കേക്കണ്ടത്തില്‍ കുഞ്ഞിരാമനുവേണ്ടി ഒരു കുഴിയെപറ്റി ആരും ചിന്തിക്കേണ്ടതില്ല എന്ന ശാസ്ത്രീയ വീക്ഷണമാണ് തമിഴകത്തിന്റേത്. പ്രകൃതി എവര്‍ക്കും കനിഞ്ഞരുളുന്ന ഒരു അന്ത്യയാത്രാമൊഴി ആസ്വദിക്കാനുള്ള ഭാഗ്യം കുഞ്ഞിരാമനുമുണ്ടാവുക സ്വാഭാവികമാണ്. കരിങ്കല്ലും സുര്‍ക്കിയുമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. കുഞ്ഞിരാമന്‍ തിന്നത് കൊട്ടനവലും ബന്നങ്ങയുമാണെന്നു പറഞ്ഞിട്ടും കാര്യമില്ല. പൊട്ടുന്നിടം സിമന്റു വാരിപ്പൂശിയതുകൊണ്ടു കാര്യമില്ല. ഇത്രയും സങ്കീര്‍ണമായ ഒരു നിര്‍മ്മിതിയുടെ ബലക്ഷയത്തിന് ശങ്കരാടി ഏതോ സിനിമയില്‍ പറയുന്നതുപോലെ ഇച്ചീരി സിമന്റും ഇച്ചീരി മണലും നല്ലോണം വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ അണക്കെട്ട് ധാതുപുഷ്ടി വീണ്ടെടുക്കുമെന്ന വിശ്വാസം അയ്യാവുടെ തണ്ണിയും മല്ലുവിന്റെ ഉയിരും കൊണ്ടുപോവുമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. 

ദ്രവിച്ച് കമ്പിപുറത്തായി വീഴാറായ കോണ്‍ക്രീറ്റു കാലിന്‍മേല്‍ നില്ക്കുന്ന ബസ്‌ഷെല്‍ട്ടറിനെ ഒരു ക്ലബുകാര്‍ വന്ന് വൃത്തിയായി പെയിന്റടിച്ചു. ആ മഹദ് കൃത്യം അനുഷ്ഠിക്കാന്‍ മാത്രം ബുദ്ധി മറ്റാര്‍ക്കുമില്ലെന്ന് തെളിയിക്കാനായി എംബ്ലം സഹിതം ക്ലബുകാര്‍ പേരെഴുതിവെയ്ക്കുകയും ചെയ്തു. ക്ലബിന്റെ ഉടമസ്ഥാവകാശം കടുപ്പപ്പെട്ട ഒരു മൃഗത്തിന്റെ പേരിലായിരുന്നതുകൊണ്ട് ആളുകള്‍ ചോദ്യം ചെയ്യാനൊന്നും പോവാതെ അവിടെ ഒരു ബോര്‍ഡു സ്ഥാപിച്ചു. ക്ലബുകാരുടെ വിവരക്കേടിനുള്ള സര്‍ട്ടിഫിക്കാറ്റായി. ബുദ്ധിയുള്ള ജനം മഴലേശം കൊണ്ടാലും ശരി പുറത്തുതന്നെ ബസുകാത്തുനിന്നു. വലിയ കാലതാമസമില്ലാതെ അതുനിലം പൊത്തുകയും ചെയ്തു.

എക്‌സ്പയറി ഡേറ്റുകഴിഞ്ഞ് പിന്നെയും അറുപതുകൊല്ലം ചുരത്തിയ കാമധേനുവിന്റെ അകിടിലാണ് തമിഴന്റെ വിശ്വാസം. കാമധേനുവിന്റെ ഉയിരിലല്ല. അതുകൊണ്ടുതന്നെ തമിഴ്മക്കള്‍ക്ക് മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തില്‍ ആശങ്കയേയില്ല. അസാരം ആശങ്കയുള്ളത് ഇന്നലെ നിര്‍മ്മിച്ചതും ശാസ്ത്രീയമായ എല്ലാ സുരക്ഷാക്രമീകരണങ്ങളുമുള്ള അതിര്‍ത്തിക്കടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തിലാണ്. അതു തമിഴര്‍ക്ക് ഭീഷണിയാണെന്ന കാര്യത്തില്‍ ലവലേശം സംശയം അവര്‍ക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നരദിവസം തണ്ണി മുടങ്ങുന്നതിലും നല്ലത് 35ലക്ഷം ജലസമാധിയാവുന്നതാണെന്ന വിശാലവീക്ഷണമാണ് തമിഴരുടേത്.

മല്ലുവിന് ജീവന്‍ തമിഴനു തണ്ണി എന്ന ഒന്നാംതരം ഫോര്‍മുലയാണ് മുഖ്യമന്ത്രി വച്ചിട്ടുള്ളത്. വാക്കൊന്നിനു അണ്ടിപ്പരിപ്പ് ഒരുനാഴി വീതം അകത്താക്കി ചര്‍ച്ചിക്കേണ്ടത് മല്ലുവിന്റെ ഉയിരിനാണോ അയ്യാവുടെ മുല്ലക്കാണോ മുന്തിയ പരിഗണന വേണ്ടതെന്നല്ല. ഉള്ളി തോലുപൊളിച്ചു വിത്തു കണ്ടെത്തുന്ന ചര്‍ച്ചകളല്ല ഇനി ആവശ്യം.

രാമനും സുഗ്രീവനും കൂടി ബാലിയെ വടിയാക്കാനായി ഒപ്പുവച്ച കരാറിന്റെ പേരില്‍ ഒരു കുരങ്ങനും ചുരണ്ടിയാല്‍ കുരങ്ങിനെ കിട്ടുന്നവനും കൂടി പോരിനിറങ്ങിയാല്‍ അതു കിഷ്‌കിന്ധാരാജ്യവും അയോദ്ധ്യരാജ്യവും  തമ്മിലുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ്, പരിഹാരം ഇന്ത്യന്‍ഭരണഘടനക്കപ്പുറത്താണെന്നാണ് തലൈവിയും കലൈജ്ഞരും വാദിക്കുക. ഭരണഘടനയെന്നത് ഒരു നാനാവാതസംഹാരിയല്ല. തിരുവിതാംകൂറും മദിരാശിയും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചാല്‍ പിന്നെയെന്ത് രാജ്യം എന്തുരാജ്യപദവി. നമുക്ക് നല്ലതിനാണെങ്കില്‍ രാജഭരണം വരണം, ഇനി പട്ടാളഭരണമായാലും കുഴപ്പമില്ലെന്ന സുന്ദരമായ വീക്ഷണമാണ് നമ്മുടേത്.

സായിപ്പിന്റെ കണക്കുപ്രകാരം ചിലവു കയുടെ 7% പിരിഞ്ഞുകിട്ടുന്നതായിരുന്നു ഇടപാട്.  പിന്നീട് 110 കൊല്ലം കൊണ്ട് എന്തുകിട്ടിയെന്നത് നാം നമ്മോടുതന്നെ ചോദിക്കേണ്ടതാണ്? ഓരോ കരാറും വേണ്ടത് കാലാകാലത്തേക്കല്ല, കാലികമായി താനേ പുതുങ്ങാനുള്ള വകുപ്പോടെയായിരിക്കണം ഇനിയങ്ങോട്ടുള്ളത്.  നമ്മളായി പുതുക്കേണ്ട ആവശ്യം കൂടി വരരുത്.

റിക്ടര്‍ സ്‌കെയിലില്‍ 5നുമീതെയുള്ള കുലുക്കമാണെങ്കില്‍ സംഗതി പോക്കാണെന്ന് സെസ്സും 6 നുമീതെ വന്നാല്‍ പറയുകയേ വേണ്ടെന്ന് ഐ.ഐ.ടി. റൂര്‍ക്കി വിദഗ്ദ്ധരും പറഞ്ഞുകഴിഞ്ഞു.  അവരേക്കാളെല്ലാം മെച്ചപ്പെട്ട സാങ്കേതികവിദഗ്ദ്ധരെക്കൊണ്ട് നില്ക്കക്കള്ളിയില്ലാതായിരിക്കുകയാണ് തമിഴരുടെ സകല കഴകങ്ങളിലും.  കേട്ടാല്‍ തോന്നുക ഇനി ഇടുക്കി കുലുങ്ങണമെങ്കില്‍ ജില്ലാകലക്ടറുടെ സമ്മതം വേണമെന്നാണ്. മൂന്നില്‍ കുലുങ്ങണോ നാലില്‍ കുലുങ്ങണോയെന്നെല്ലാം കലക്ടര്‍ക്കു തീരുമാനിക്കാവുന്നതേയുള്ളു. ഈ ജില്ലകൊണ്ടു തോറ്റൂവെന്നു വന്നാല്‍ കലക്ടര്‍ ആറില്‍ കുലുങ്ങട്ടേയെന്നങ്ങു ശപിക്കും. തീര്‍ന്നു കഥ മല്ലുവിന്റെ ഉയിരിന്റേയും അയ്യാവുടെ മുല്ലയുടേയും.

ഇതെഴുതി തീരുമ്പോഴേക്കും ഒരു ശുഭവാര്‍ത്ത വന്നിട്ടുണ്ട്. കേരളത്തിലെ സാസ്‌കാരികനായകന്‍മാര്‍ തമിഴകത്തെ സാംസ്‌കാരികനായകന്‍മാര്‍ക്ക് കത്തെഴുതാനുള്ള ഗംഭീരപദ്ധതിയാണ് അഴീക്കോട് ആസൂത്രിക്കുന്നത്. ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്കുമാത്രമല്ല എഴൈതോഴന്‍മാര്‍ക്കും ജാതിമതഭേദമന്യേ മതമേലദ്ധ്യക്ഷന്‍മാര്‍ക്കും നൂറ്റൊന്നാവര്‍ത്തിച്ച് വിജയം ഉറപ്പിക്കാവുന്ന ഒരു പദ്ധതിയാണ്. നാമെല്ലാം ഭാരതീയ്യര്‍ എന്ന വിശാലകാഴ്ചപ്പാട് അവരെ അറിയിക്കുവാനായി മല്ലൂ തമിള്‍ ഭായീ ഭായീ എന്ന് ഹിന്ദിയിലെഴുതിയാല്‍ സംഗതി ജോറായി. പ്രശ്‌നം നാളെത്തന്നെ പരിഹരിക്കപ്പെടുകയും ചെയ്യും. അഴീക്കോടിന്റെ ബുദ്ധിയാണു ബുദ്ധി.

മുല്ലപ്പെരിയാര്‍ ഭാവിയില്‍ പൊട്ടാനുള്ള സാദ്ധ്യത കണ്ട് ഭരണഘടനയില്‍ പ്രൊവിഷനുണ്ടാക്കാത്തതുകാരണം 35ലക്ഷത്തിന്റെ കാര്യം കട്ടപ്പൊകയെന്നാണ് തമിഴക കാഴ്ചപ്പാടെങ്കില്‍ നമ്മള്‍ സൂക്ഷിക്കണം. ഭരണഘടനയിലെ പഴുതിനെക്കാളും വലുതാണ് 35ലക്ഷം ജീവനെങ്കില്‍, പുരട്ച്ചി തലൈവിയെ ഉപദേശിച്ചു നന്നാക്കാനുള്ള  ആര്‍ജവം ഇന്ദ്രപ്രസ്ഥത്തിനില്ലായെങ്കില്‍ അനന്തപുരിക്ക് സ്വയമങ്ങു തീരുമാനിക്കാവുന്നതേയുള്ളൂ. 1200 കോടിയുടെ വെള്ളം പോയാലും 30ലക്ഷത്തിന്റേതെന്നുതന്നെ കാണിക്കുന്ന മീറ്റര്‍തന്നെ പുനസ്ഥാപിക്കാമെന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെങ്കില്‍ അങ്ങിനെ. മീറ്റര്‍ പിന്നീട് മാറ്റിവെക്കാവുന്നതല്ലേയുള്ളൂ.  മല്ലുവിനുയിര്. നമ്മ ഉയിരുന്നുയിരായ തമിഴ്മക്കള്‍ക്കു തണ്ണി.


November 17, 2011

സദാ-ചാരന്‍മാര്‍ നാടുവാഴുമ്പോള്‍

ക്രമം എന്നൊരു സംഗതിയുണ്ട്. അതുതെറ്റുന്നതാണ് അക്രമം എന്നാണ് നിത്യന്റെ ധാരണ.  ഈയൊരു ക്രമത്തിന്റെ ഭാഗമാണ് നിര്‍ബന്ധമായും പാലിക്കേണ്ട അസാരം നിയമങ്ങളും ചില്ലറ സദാചാരചിന്തകളുമെല്ലാം. ഇതെല്ലാം നോക്കിനടത്താന്‍ പോലീസും കോടതിയും മാധ്യമങ്ങളുമെല്ലാമുള്ള ഒരു സംവിധാനത്തിനാണ് ജനാധിപത്യം എന്നുപറയുക. അതിനോടു മതേതരത്വവും കൂടിയാവുമ്പോള്‍ സംഗതി ലേശം മുന്തിയതാവും. അതായത് ഈ ക്രമം നിശ്ചയിക്കുന്നവേളയില്‍ പടച്ചോനുതന്നെ പുറത്താണ് സ്ഥാനം.  അങ്ങിനെയുള്ളൊരു സംഗതിയെ ശക്തിപ്പെടുത്താനാണിപ്പോള്‍ കുറച്ചു സദാ-ചാരന്‍മാന്‍മാര്‍ കുറുവടിയും കരിങ്കല്ലുമായി കിടപ്പറകള്‍ക്ക് കാവലിരിക്കുന്നത്. 
  

പണ്ടൊരു പള്ളീലച്ചന്‍ കാട്ടില്‍ പെട്ടുപോയ കഥ ചിലരെങ്കിലും കേട്ടുകാണും. അച്ചന്‍ വഴിതെറ്റിയെത്തിയതാവട്ടെ ഏതാനും നരഭോജികളുടെ സമീപത്തും. അത്യാവശ്യം സൈസുള്ള അച്ചനെ കണ്ടപാടെ അവരു പിടിച്ചുകെട്ടി. കൊഴുത്തൊരു അച്ചനെത്തന്നെ വിശക്കുന്നവര്‍ക്കുമുന്നിലെത്തിച്ച ഈശോമിശിഹായ്ക്കു എല്ലാവരും കൂടി സ്തുതിയുംപറഞ്ഞു. ഉരുളിയില്‍ വെള്ളം തിളക്കാന്‍ തുടങ്ങി. അടുത്ത കര്‍മ്മം അച്ചനെ അതിലേക്കാനയിക്കുകയാണ്. അതിനായി അവരുടെ തലവന്‍ മുന്നോട്ടുവരുമ്പോള്‍ അറിയാതെ അച്ചന്‍ ഇംഗ്ലീഷില്‍ കര്‍ത്താവിനെ വിളിച്ചുപോയി. തലവന്‍ ഉടന്‍ അച്ചനോട് പറഞ്ഞു 'ഓ ഫാദര്‍ യൂ ആര്‍ ഫ്രം ഇംഗ്ലണ്ട്. ഐ ഡിഡ് മൈ സ്റ്റഡീസ് ദെയര്‍ ഇന്‍ ഓക്‌സഫേഡ്' . എന്നിട്ടാണോ മോനേ നീയിങ്ങിനെ നികൃഷ്ടകര്‍മ്മം അനുഷ്ഠിക്കുന്നത്- അച്ചന്‍ ചോദിച്ചുപോയി. ഇല്ലച്ചോ, അവിടെയെത്തിയശേഷം ഞാനൊരുപാടുമാറി. മാറിയതിനുള്ള തെളിവായി അരയില്‍ നിന്നും കത്തിയും മുള്ളും എടുത്തുകാണിച്ചുകൊടുത്തു. അച്ചനെ ശാപ്പിടുന്നത് പഴയതുപോലെ വെറും കൈകൊണ്ടായിരിക്കില്ലെന്നുമാത്രം.   ഇവിടെ  കഥയും ജീവിതവും വ്യത്യാസമില്ലാതാവുകയാണ്.


ഒരു വാനരസേനയ്ക്ക് ബാറിനകത്തെ പെമ്പിള്ളാരെ ഒളിഞ്ഞുനോക്കി കണ്‍ട്രോളുപോവാനിടയാക്കിയത് ഭാരതീയസംസ്‌കാരത്തോടുള്ള ഊക്കന്‍ പ്രേമമായിരുന്നു. ടെക്‌നോപാര്‍ക്കിലെ പെണ്‍കൊടി പയ്യന്‍സിന്റെ ബൈക്കിനുപിന്നിലിരുന്നപ്പോഴോ ഇരിക്കാന്‍ പോവുമ്പോഴോ ഇരിക്കാന്‍ പോവാന്‍ പോവുമ്പോഴോ കണ്‍ട്രോളിന്റെ പിടുത്തം വിട്ടുപോയത് ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെ പറ്റിയുള്ള ഘടാഘടിയന്‍ സങ്കല്പങ്ങളായിരുന്നു. അത്തരം മഹദ് വ്യക്തികളെ ഒളിഞ്ഞുനോട്ടക്കാരും സദാ-ചാരന്‍മാരുമെല്ലാമായി അധിക്ഷേപിക്കുന്നത് ഭയങ്കര കടുംകൈ തന്നെയാണ്. 


ഇങ്ങിനെ കുറേയാളുകള്‍ ചൊറിയും കുത്തി സദാ-ചാരക്കണ്ണുമായി ഇരിക്കാനില്ലായിരുന്നെങ്കില്‍ ഈ നാടിന്റെ അവസ്ഥയെന്താകുമായിരുന്നു. ദൈവം തന്നെ കൈയ്യബദ്ധം തിരിച്ചറിഞ്ഞ് അടിയറവുപറഞ്ഞ ഈവുമാരെ നേര്‍ക്കാക്കിയും ഈവ്ടീസിങ്ങുകാരെ കാലപുരിക്കയച്ചുമേ വിശ്രമിക്കൂ എന്ന വാശിയിലുള്ള സദാചാരന്‍മാരുടെ പ്രവര്‍ത്തനത്തെ അപലപിക്കുകയാണോ വേണ്ടത്പടച്ചോന്‍ പരാജയപ്പെട്ട ദൗത്യമാണ് അവര്‍ സംഘടിച്ചൊളിച്ചിരുന്ന് കല്ലും വടിയുമായി നിര്‍വ്വഹിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ടും അവരുടെ സ്ഥാനം പടച്ചോനും ഒരു പടി മുകളിലല്ലേ. 

അങ്ങിനെ ജീവിതംതന്നെ ഒളിഞ്ഞുനോക്കാനായി സമര്‍പ്പിച്ച ഈ മഹാന്‍മാരുടെ കാലത്തു ജീവിക്കുന്നതു തന്നെ ഒരുഭാഗ്യമായി നിത്യനെപ്പോലുള്ളവര്‍ കണക്കാക്കുമ്പോഴാണ് കാരശ്ശേരിമാഷ് അവിടുത്തുകാരനായിപ്പോയതില്‍ ലജ്ജിക്കുന്നത്. മാഷക്കറിയാതിരിക്കില്ല, ലജ്ജയ്ക്കുള്ള ശിക്ഷയും തല്ലിക്കൊല്ലലുതന്നെയാണ്. ബാക്കിക്ക് എറിഞ്ഞുകൊല്ലലും. തസ്ലീമാ നസ്രീന്‍ ഒന്നു ലജ്ജിച്ചപ്പോഴുണ്ടായ ആ ഫത്വ ഓര്‍മ്മയില്ലേ. രാവിലെയെഴുന്നേറ്റു തലയൊന്നു തപ്പിനോക്കിയശേഷം മാത്രമാണ് അവരിന്നും ബെഡ്‌കോഫിക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. ബാവ വിഷയത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ആ സ്ത്രീക്കുമാത്രമായിരിക്കണം എന്നെല്ലാം കാരശ്ശേരി മാഷെപ്പോലെ 'വിവരമില്ലാത്തവര്‍'ക്കു പറയാം. നാടില്‍ സദാചാരം പൂത്തുലയുന്നത് കണ്ണിനുകണ്ടുകൂടാത്തവര്‍.


ജനം അങ്ങിനെയാണ്. ഏതെങ്കിലും പുതിയ വഴികണ്ടാല്‍ അതുവഴി എങ്ങിനെ വഴിതെറ്റാം എന്നന്വേഷിക്കുന്ന ലക്ഷണംകെട്ട വര്‍ഗമാണ്. മദ്ധ്യകാലഘട്ടത്തില്‍ അച്ചടി കണ്ടുപിടിച്ചപ്പോള്‍ അതുവഴി ജനം വഴിതെറ്റിപ്പോവുമോ എന്നുഭയന്നവരായിരുന്ന അന്നത്തെ സദാ-ചാരന്‍മാര്‍. അരുതാത്തതെല്ലാം വായിച്ച് വഴിതെറ്റിപ്പോവാതിരിക്കാനായി അന്നത്തെ പുണ്യാളന്‍മാര്‍ വായിക്കേണ്ടതിന്റെ ലിസ്റ്റു പുറത്തിറക്കിയെന്നു ചരിത്രം. അവരുടെ ദീര്‍ഘവീക്ഷണവും ബുദ്ധിയും അച്ചടിയന്ത്രത്തിനില്ലാതിരുന്നതുകൊണ്ട് ഫാനിഹില്ലും ലേഡിചാറ്റര്‍ലീസ് ലവറുമെല്ലാം വെളിച്ചം കണ്ടു. ജനം വഴിതെറ്റി ലൈംഗികഅരാജകത്വത്തിനടിമപ്പെട്ടുപോയെന്നാണ് ചരിത്രം. 


ഒ.അബ്ദുള്ള ചാനലില്‍ പ്രത്യക്ഷനായി സംഗതികള്‍ വേണ്ടവിധം വിശദീകരിച്ചതായാണറിവ്. ഭാര്യമാരുടെ സദാചാരവകുപ്പില്‍ ഗള്‍ഫുഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടത്ര ശ്രദ്ധപുലര്‍ത്താന്‍ നേരമില്ലാത്തതുകാരണം ആ പണി നല്ലവരായ നാട്ടുകാര്‍ ഏറ്റെടുത്ത് ഭംഗിയാക്കണമെന്ന ഒരു നിര്‍ദ്ദേശമാണ് മൂപ്പര്‍ക്കുള്ളത്. അതു വിജയം കാണുമ്പോള്‍ സ്വാഭാവികമായും ബാവമാര്‍ സംഭവിക്കുമെന്നുമേ അദ്ദേഹം അഭിപ്രായപ്പെട്ടുള്ളൂ.  ഇത്രയല്ലേ പറഞ്ഞുള്ളൂ. വിദേശത്തുപോവുന്ന ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ചാസ്റ്റിറ്റി ബെല്‍റ്റ് ധരിപ്പിച്ച് അതിന്റെ താക്കോല്‍ സദാ-ചാരന്‍മാരെ ഏല്പിക്കണമെന്നു പറയാത്തതുതന്നെ മഹാഭാഗ്യം.  


love-in-different-style06.jpg 
ഏതായാലും സ്ത്രീപുരുഷ ബന്ധത്തിലെ വിഹിതവും അവിഹിതവും ഇനി സദാചാരന്‍മാര്‍ മാറാപ്പിലെ ഗ്രന്ഥം തപ്പി തീരുമാനിക്കുമെന്ന സ്ഥിതി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. അത്തരമൊരു പ്രദേശത്തെ പെണ്ണിനെ ഭര്‍ത്താവിന്റെ അച്ഛന്‍ ബലാല്‍സംഗം ചെയ്തതിനുകിട്ടിയ ശിക്ഷ കുറെക്കാലം ചര്‍ച്ചയായിരുന്നു. ശിക്ഷ കിട്ടിയത് പെണ്ണിനാണ്. ശിഷ്ടകാലം ആ കിഴവനെ ഭര്‍ത്താവായി സ്വീകരിച്ചുകൊള്ളുവാനായിരുന്നു നാട്ടുകൂട്ടം വിധിച്ചത്. ഭര്‍ത്താവിനെ മകനായി സ്വീകരിക്കണമോ എന്നു പറഞ്ഞുവോയെന്നറിയില്ല. ആങ്ങള ഏതോ പെണ്ണിനെ പ്രേമിച്ചതിനുള്ള ശിക്ഷയും കിട്ടിയത് അവിടെ പെങ്ങള്‍ക്കാണ്. നാട്ടുകൂട്ടം പെങ്ങള്‍ക്കു വിധിച്ചുകൊടുത്ത ശിക്ഷ കൂട്ടബലാല്‌സംഗവും. 


പണ്ടൊരു ആത്മീയാചാര്യന്‍ പറഞ്ഞത് മാസത്തില്‍ കുറേദിവസം സ്ത്രീകള്‍ അശുദ്ധരാകയാല്‍ ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചും ആവശ്യത്തിനനുസരിച്ചും കെട്ടിക്കൊള്ളണമെന്നായിരുന്നു. കെട്ടിയ നാലിന്നും ഒരേസമയമായാല്‍ വീണ്ടും നാലെണ്ണം കെട്ടുമോയെന്നും ഇതെന്താ നിങ്ങളുടെ ആളുകളെല്ലാം വിത്തുകാളകളാണോയെന്നും ആരോ തിരിച്ചുചോദിച്ചതായും കേട്ടു. ഫാഗ്യത്തിന് ഫത്വ ഇറങ്ങിയില്ലെന്നേയുള്ളൂ.

അതായത് ആണിനുമാത്രമേ ലൈഗിംകതയുടെ ആവശ്യമുള്ളൂവെന്നര്‍ത്ഥം. പാത്തുമ്മായുടെയും ആടിന്റേയും ധര്‍മ്മം ഒന്നുതന്നെയെന്ന സുന്ദരസങ്കല്പം. ഒന്നു കട്ടിലിലേക്കും മറ്റത് ബിരിയാണിച്ചെമ്പിലേക്കുമെന്ന വ്യത്യാസം മാത്രം. വിഡ്ഢിത്തം വിളമ്പുകയെന്നത് നമ്മുടെ മൗലികാവകാശമാണ്. പ്രശ്‌നം ഒരുവന്റെ വിഡ്ഢിത്തം മറ്റുള്ളവന്‍ നിയമമായി അംഗീകരിച്ചുകൊള്ളണം എന്നുപറയുമ്പോഴാണ്. അതും നാടുവാഴുന്നത് രാസാവും സദ്ദാമുമൊന്നുമല്ലാത്തപ്പോള്‍.


സദ-ചാര നിഘണ്ടുവിലെ സ്‌നേഹത്തിന്റെ അര്‍ത്ഥം വെറുപ്പെന്നാണ്. തിരിച്ചും. സംസ്‌കാരം എന്ന സംഗതി ഏതോ ഇരുമ്പുലയക്കയാണെന്നും.  കൊടുക്കലിന്റേയും കൊള്ളലിന്റെയും ചരിത്രം കൂടിയാണ് സംസ്‌കാരം എന്നെല്ലാം ആര്‍ക്കു ബോദ്ധ്യപ്പെടുവാന്‍.  കൊടുക്കല്‍വാങ്ങലില്ലാത്ത സംസ്‌കാരവും കനോളികനാലിലെ വെള്ളവും തമ്മില്‍ വലിയ അന്തരമുണ്ടാവണമെന്നില്ല. രുധിരപാനം കൗതുകമായ കൊതുകല്ലാതെ വേറൊന്നും അവിടെ വളരുകയുമില്ല. ജനാധിപത്യത്തില്‍ നിലവിലുള്ള നിയമം വച്ച് വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ ഗായത്രി ഓതുവാനേ വഴിയുള്ളൂവെന്നത് അടിച്ചുകൊന്നവരുടെ ഭാഗ്യം.  


തലകുത്തിനിന്ന ഹെഗലിനെ നേരെയാക്കി നിര്‍ത്തിയത് കാള്‍മാര്‍ക്‌സാണെങ്കില്‍ അത്രത്തോളം പോന്നൊരു ദൗത്യമാണ് സദാ-ചാരന്‍മാരുടേത്. നമ്മള്‍ ദുരാചാര വാത്സ്യായന്‍മാരെ കല്ലിന്റേയും കമ്പിന്റെയും മാന്ത്രികശക്തിയാല്‍ മാറ്റി അസ്സല്‍ സദാചാരവത്സലരാക്കി ഉയര്‍ത്തുക. അങ്ങിനെയുള്ളവരെ വെറും 'പോലീസു' കാരാക്കി തരംതാഴ്ത്തി സദാചാരപോലീസ് എന്നൊന്നും അധിക്ഷേപിക്കരുത്. വെറും സദാ-ചാരന്‍ എന്നു പുനര്‍നാമകരണം ചെയ്യുക. പോലീസുകാരെ അപമാനിച്ചൂവെന്ന് അവര്‍ക്കും വേണ്ട. ആരെയെങ്കിലും ആദരിച്ചു എന്നും നമുക്കും തോന്നിപ്പോവേണ്ട.


പിന്നെ, ഇനിയങ്ങോട്ട് ഏതെങ്കിലും ആണായിപിറന്നവന് പെണ്ണായി പിറന്നവളോടോ വൈസ് വേഴസായോ എന്തെങ്കിലും തോന്നുന്ന പക്ഷം ആ വികാരവിചാരങ്ങള്‍ ഒരു കടലാസിലാക്കി സ്ഥലത്തെ മുഖ്യസദാ-ചാരന്‍ സമക്ഷം ഹാജരായി അപേക്ഷിക്കുക. അപേക്ഷയില്‍ ന്യായമുണ്ടെന്നു തോന്നുന്ന പക്ഷം മതിലുകയറിമറിയുവാന്‍ പര്യാപ്തമായ നല്ലൊരു ഏണി സദാ-ചാര കമ്മിറ്റി വകയായി ലഭിക്കുന്നതായിരിക്കും.

November 03, 2011

മൂപ്പന്‍സായ്‌വിന്റെ മയ്യഴി, മൂക്കാത്തസായ്‌വിന്റെയും


മയ്യഴി ഇപ്പോള്‍ ഘനഗംഭീരമായി ഒരു വിഷയം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. മാഹി കോളേജില്‍ ശരാശരി ഒരദ്ധ്യാപകന്‍ രണ്ടു പിള്ളേരെ പഠിപ്പിച്ചാല്‍ മതിയോ അതോ  കൂടുതല്‍ പിള്ളാരെ പിഴപ്പിക്കണമോ എന്ന ന്യായമായ സംശയം. മയ്യഴിയിലെ മൂക്കാത്ത സായ്പന്‍മാരെല്ലാംകൂടി കൂലംകഷമായി ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. കേരളത്തിലെ കുട്ടികള്‍ മൊത്തം പ്രശ്‌നക്കാരായതുകൊണ്ട് ഒരെറ്റയെണ്ണത്തിനെയും അങ്ങോട്ടു കയറ്റി കലാശാല കലാപശാലയാക്കരുതെന്ന നല്ല സൊയമ്പന്‍ തീരുമാനം. 

നിത്യന്റെ അറിവുവച്ച് പണ്ടുപണ്ടേ കേരളത്തില്‍ കന്യാകുമാരിമുതല്‍ പാറശ്ശാലവരെയുള്ള ഒരു കോളേജിലും അഡ്മിഷന്‍ കിട്ടാന്‍ സാദ്ധ്യതയില്ലാത്ത മയ്യഴിനിവാസികളാണ് മാഹികോളേജിലേക്ക് അപേക്ഷ  പൂരിപ്പിക്കുക. എസ.്എസ്.എല്‍.സിക്ക് 210ല്‍ ഉന്നതവിജയം കരസ്ഥമാക്കിയ മയ്യഴിനിവാസികള്‍ ഫസ്റ്റുഗ്രൂപ്പിനുതന്നെ പോയി ചേരും. അതായത് മിഷ്യന്‍കല്ലെടുക്കുവാനുള്ള തുമ്പിയുടെ ഒരു എളിയശ്രമം. ഗണിതശാസ്ത്രത്തിന്റെ അഭിന്ന്യതിക്കായി നമ്മളെക്കൊണ്ട് കാര്യമായൊന്നും സംഭാവന ചെയ്യാനില്ലെന്ന ബോധോദയം ആദ്യത്തെ ക്ലാസോടുകൂടി സംഭവിക്കും. പിന്നെ നിലവിലുള്ള വ്യവസ്ഥിതിയില്‍ ഏറ്റവും നല്ലത് മറ്റു സുകുമാരകലകളില്‍ പ്രാവീണ്യം നേടി രണ്ടുകൊല്ലം കൊണ്ടു പുറത്തുകടക്കുകയാണ്. അങ്ങിനെ ഉത്തമവിദ്യാര്‍ത്ഥികളുടെ സമൂഹം കോളേജിനുണ്ടാക്കിയ സല്‍പേര് ഇപ്പോള്‍ അദ്ധ്യാപന്‍ ഒന്നുക്ക്  വിദ്യാര്‍ത്ഥി രണ്ട് എന്ന അനുപാതത്തിലെത്തിനില്‍ക്കുകയാണ്.

ഗുരുവായൂരപ്പന്റെ കഴിഞ്ഞ കൊല്ലത്തെ പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റു നോക്കിയിട്ടല്ല അടുത്ത കൊല്ലത്തെ നടവരവ്.  സരസ്വതീദേവിയുടെ ക്ഷേത്രമാണ്. അവിടുത്തെ ഊരാളന്‍മാര്‍ക്ക് യു,ജി.സി. സ്‌കെയിലിലുള്ള നടവരവ് മുടങ്ങാതെയെത്തിക്കുക കേന്ദ്രന്റെ ഉത്തരവാദിത്വമാണ് അഥവാ മൂപ്പന്‍സായ്‌വിനോടുള്ള ഉപകാരസ്മരണയാണ്.   അതു മുടങ്ങാതെ കൊടുത്തയക്കുകയും ചെയ്യുന്നു.  വിവരമില്ലായ്മ മൗലികാവകാശമായി ചിലര്‍ കരുതുന്നതുകൊണ്ടാണ് വിവരാവകാശനിയമം തന്നെ നമുക്കു പാസാക്കേണ്ടിവന്നത്. അതുപ്രകാരം കിട്ടിയ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തലങ്ങും വിലങ്ങും പാറിനടക്കുമ്പോള്‍ മറനീക്കി പുറത്തുവരുന്നതോ അന്ധമായ പ്രാദേശികവാദത്തിന്റെ സുവര്‍ണരേഖകളും.

ഇനി ഒരല്പം ചരിത്രപശ്ചാത്തലം. മൂപ്പന്‍സായ്‌വിന്റെ  പ്രേതം ആവേശിച്ച ചില്ലറയാളുകളാണ്് മയ്യഴിയുടെ മുതല്‍ക്കൂട്ട്.  കറുമ്പിയമ്മമാരുടെയും കണാരിമാരുടെയും ബോധത്തിന്റെ പാതാറില്‍ മയ്യഴിയുടെ ഹൃദയം ഇന്നും കുടികൊള്ളുന്നത് അങ്ങ് പ്രാന്‍സിലാണെന്നു തോന്നാറുണ്ട്്. ഒരുനാള്‍ സഞ്ജയനോടു മരുമകന്‍ ചോദിച്ചു. 'നമ്മള്‍ വലിയമാടാവില്‍ തറവാട്ടുകാര്‍ക്ക് സര്‍പ്പവിഷം ഏല്ക്കുകയില്ലാന്ന് സ്‌കൂളില്‍ എല്ലാരും പറയുന്നുണ്ട്്, നേരാണോ അമ്മാമാ'?   നാട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാമ്പിനതറിയോ എന്ന കാര്യത്തില്‍ മാത്രമാണൊരു സംശയം എന്നായിരുന്നു സഞ്ജയന്റെ മറുപടി.  പ്രാന്‍സിലെ സായിപ്പിന്റെ സ്ഥിതിയും ആ പാമ്പിന്റേതില്‍ നിന്നും ഏറെ വ്യത്യസ്തമാവാനുള്ള സാദ്ധ്യതയൊന്നുമില്ല.
 കുമാരന്‍മാഷെപ്പോലുള്ള 'വിവരദോഷികള്‍' ഫ്രാന്‍സേ കിത്തേ മാഹി ആഞ്ഞു വിളിക്കാന്‍ തുടങ്ങി. മനസ്സമാധാനത്തോടെ രണ്ടുപെഗ്ഗും വിട്ട് മയ്യഴിയിലെ കാറ്റുകൊള്ളാന്‍ പറ്റാത്ത സ്ഥിതി മാഷും കുട്ട്യേളും കൂടി ഉണ്ടാക്കിയപ്പോള്‍ സായിപ്പ് ആഞ്ഞുതുഴഞ്ഞൂവെന്നു ചരിത്രം. 

മയ്യഴിയെ കേരളത്തോടു ലയിപ്പിക്കണമെന്നു പറഞ്ഞ മയ്യഴിഗാന്ധിക്ക് ആയുസ്സിന്റെ ബലം കൊണ്ടുമാത്രമായിരിക്കണം മഹാത്മാഗാന്ധിയുടെ വിധി ഏതായാലുമുണ്ടായില്ല. 
പോവാന്‍ കാലത്ത് മൂപ്പന്‍ സായ്‌വ് മയ്യഴിയിലെ തന്റെ പ്രജകളെ വിളിച്ചുകൂട്ടി. ഫ്രഞ്ച് പൗരന്‍മാരായി തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ കൈപൊക്കുവാന്‍ ആജ്ഞാപിച്ചു.  സായിപ്പിന്റെ കല്പനയും അതിന്റെ തര്‍ജ്്ജുമയും ഫ്രഞ്ചിലായിരുന്നതുകൊണ്ട് സംഗതി എല്ലാവര്‍ക്കും അസ്സലായി മനസ്സിലായി. പറഞ്ഞതിന്റെ അര്‍ത്ഥമെന്നോണംം സായിപ്പിന്റെ കയ്യുയര്‍ന്നതോടെ പലകൈകളും മൂപ്പന്‍സായിപ്പിന്റേതിനെക്കാളും അന്തസ്സായി ഉയര്‍ന്നു.  അവര്‍ കപ്പലുകയറി. 

കുമാരന്‍മാഷെപ്പോലെയുള്ള 'ദേശദ്രോഹികള്‍' ആ ശുഭമുഹൂര്‍ത്തത്തിലും ഭാരത്മാതാ കീ ജയ് ആഞ്ഞുവിളിച്ചു മൂപ്പനെ അപമാനിച്ചൂവെന്നുമാണ് ഐതിഹ്യം.
 അന്ന് കപ്പലുകയറിയ നിരക്ഷരകുക്ഷികള്‍ കോട്ടും സൂട്ടും ടൈയ്യും നെഞ്ചത്തൊരു ട്രാന്‍സിസ്റ്ററുമായി മയ്യഴിമണ്ണില്‍ തിരിച്ചെത്തി.  കേരളത്തില്‍ പേരുകേട്ട 'ലക്ഷം' ഗോവിന്ദന്‍നായരുടെ ലക്ഷം വീടാണെങ്കില്‍ മയ്യഴിയെ ഫെയ്മസാക്കിയതാവട്ടെ മൂപ്പന്‍സായ്്പിന്റെ ലക്ഷം പെന്‍ഷനാണ്്. ലക്ഷത്തിന്റെ പെന്‍ഷനും പതിനായിരങ്ങളുടെ തൊഴിലില്ലായ്മാവേതനവും മുടങ്ങാതെ വരവായതോടെ രാജ്യദ്രോഹികളൂടെ അന്തസ്സ് തീപ്പെട്ടി കണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നു. ദേശസ്‌നേഹികളുടേത് പടവലം പോലെ താഴോട്ടും.

പ്രാന്‍സ് കണ്ടെന്നും കണ്ടത്  പ്രാന്‍സല്ല ആഫ്രിക്കയിലെ സായ്പിന്റെ ഏതോ കോളനിയാണെന്നും പലരും കരുതുന്ന ഫ്രഞ്ചുപൗരന്‍മാര്‍ മയ്യഴിയില്‍ ആഘോഷിക്കുന്നത് ഫ്രഞ്ച് സ്വാതന്ത്ര്യദിനമാണ്.  ടാഗോര്‍ പാര്‍ക്കിലെ മറിയാന്ന് പ്രതിമക്ക് അഭിവാദ്യമര്‍പ്പിക്കലും ഫ്രഞ്ചുദേശീയഗാനം മര്‍സ്യലേഴ്‌സ് ആലപിക്കലുമാണ് കലാപരിപാടി. കുറച്ചുകൊല്ലങ്ങള്‍ മുന്നേ തലയ്ക്കുവെളിവുള്ളവരോ അതോ വെളിവറ്റവരോ ആരോ മരിയാന്നെ മാറ്റി അറബിക്കടലിലേക്ക് ഇളക്കി പ്രതിഷ്ഠിച്ചതിനുശേഷം ചടങ്ങിന്റെ ഗതിയെന്തായി എന്നത് നിത്യന് നല്ല നിശ്ചയമില്ല.  
  
മൂവായിരം കൊല്ലം ശുനകരുമായുള്ള സഹവാസമുണ്ടായിട്ടും നന്ദിയെന്തെന്നറിയാത്ത ജീവിയാണ് മനുഷ്യന്‍. പോരാത്തതിന് വാലില്ലാതെതന്നെ അതാട്ടാനും പഠിച്ചു.  ദോഷം പറയരുതല്ലോ അതേ തിയറി ഓഫ് സഹവാസം വച്ച് സായിപ്പിന്റെ ഗുണഗണങ്ങളൊന്നും നമ്മുടെ അരിയപെരിയെ പോയില്ല. കൊള്ളരുതായ്മകളാവട്ടെ ഒന്നൊഴിയാതെ കിട്ടുകയും ചെയ്തു. പുതുച്ചേരിയുമായുള്ള സംബന്ധം വഴി തമിഴന്റെ ദുശ്ശീലങ്ങളും കൂടിയായപ്പോള്‍ പിന്നെ തിരഞ്ഞുനോക്കേണ്ടിവന്നില്ല. സ്വാഭാവികമായും സംഭവിക്കാവുന്നത്  ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. 

കേരളത്തിലും തമിഴകത്തുമെല്ലാം അഞ്ചുകൊല്ലം വീതം നടക്കുന്ന മാമാങ്കത്തിലെ അധികാരക്കൈമാറ്റം കേന്ദ്രഭരണപ്രദേശങ്ങളില്‍ അത്രകണ്ട് നടക്കാത്തൊരു സംഗതിയാണ്. മൂപ്പന്‍ ചത്താല്‍മാത്രം  വഴിക്രമത്തില്‍ മക്കളും അവറ്റകളുടെ മക്കളും രാജാവാകാനുള്ള സംവിധാനമില്ലാത്തത് ജനാധിപത്യത്തിന്റെ ഒരു പോരായ്മയാണെന്ന അഭിപ്രായമേ മയ്യഴിയിലെ വിനീതവിധേയന്‍മാര്‍ക്കുള്ളൂ. 

മയ്യഴിയിലെ സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായതിനാല്‍ അപേക്ഷിക്കുന്നവര്‍  മയ്യഴിയിലെ പ്രജകളായിരിക്കണം. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും കലാലയത്തിലേക്കും പ്രവേശനത്തിനും റസിഡന്‍സി നിര്‍ബന്ധം. ഒരു പാട് അദ്ധ്യാപകരും അദ്ധ്യാപകേതരും സേവിക്കുന്ന പെരിയ സ്‌കൂളുകളില്‍ മണി നീട്ടിയടിച്ചാല്‍ ചിതറുന്ന പിള്ളാരുടെ എണ്ണത്തെക്കാള്‍ ലേശം കൂടുതല്‍ മയ്യഴിയിലെ വലിയ തറവാടുകളിലുണ്ട്. അവിടുത്തെ മാഷമ്മാരും ടീച്ചറുമാരും ഏതായാലും വെറുതേ വന്ന് ശമ്പളം പറ്റുകയല്ലേ അതുകൊണ്ട് ഞങ്ങളുടെ ദാസനെയും ചന്ദ്രികയെയും അവിടെ ചേര്‍ത്തോട്ടെ എന്നാരെങ്കിലും ചോദിച്ചാല്‍ തീര്‍ന്നു കഥ. മൂക്കാത്ത സായ്‌വും റാന്‍മൂളികളും പാസാക്കിയ നിയമം വച്ച് കേരളത്തിലെ പിള്ളേര്‍ അലമ്പുകളാണ്. മഹാ അലമ്പുകള്‍. സകലം അലങ്കോലപ്പെടുത്തുവാന്‍ മാത്രം ജന്മമെടുത്ത അസുരവിത്തുകള്‍. 

ഇനി മാഹിയിലെ കുട്ടികളോ?  ഒരു സുഹൃത്തിന്റെ ഫെയ്‌സ്ബുക്കു കമന്റുപോലെ രാത്രി  ലോഡുകണക്കിന് കോഴികള്‍  കേരളത്തില്‍ നിന്നു മയ്യഴിയിലെത്തും പകല്‍ കാറുകണക്കിനു പിള്ളേര്‍ മയ്യഴിയില്‍ നിന്നു കേരളത്തിലുമെത്തും. കൃത്യമായി പാലളന്നിട്ടും ഒരു പാലുകൊടുക്കയ്ക്കുള്ള പിള്ളേര്‍ സ്‌കൂളുകളില്ലെങ്കിലും കോളേജുകളിലില്ലെങ്കിലും ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. തറവാട്ടിലെ തേങ്ങ പാട്ടം കൊടുത്തുണ്ടാക്കിയ ഫണ്ടൊന്നുമല്ലല്ലോ?  എടുക്കുന്നതോ ഭാരതം മുയ്മനുമുളള നികുതിദായകരുടെ പണം. കൊടുക്കുന്നതോ നമ്മുടെ പ്രജകള്‍ക്കും എന്ന വിശാല കാഴ്ചപ്പാടാണ്.   

നിന്നോതിക്കോന്‍ മുള്ളുന്നേരം ഉണ്ണികള്‍ മരമേറീം മുള്ളും എന്നു നമ്പ്യാരു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.  തറവാടുവക ക്ഷേത്രത്തില്‍ വിശ്വാസം അശേഷമില്ലാത്ത അദ്ധ്യാപകര്‍ സ്വന്തം മക്കളെ കാറില്‍ കയറ്റി അതിര്‍ത്തികടത്തുമ്പോള്‍ പിന്നെ പൊതുജനം എന്തു ധൈര്യത്തിലാണ് കുട്ടികളെ അങ്ങോട്ടയക്കുക.  'എന്‍ മകന്‍ ഇംഗ്ലീഷുപഠിച്ചീടുവാനായ്/ എന്‍ ഭാര്യതന്‍ പ്രസവം തന്നെയങ്ങ് ഇംഗ്ലണ്ടിലാക്കി ഞാന്‍' എന്നു കുഞ്ഞുണ്ണി പാടിയത് പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഒരേയൊരു വിഷമം മാത്രമാണ് പലര്‍ക്കും. 

ഭാരതമെന്നാല്‍ ഇവിടെ പലര്‍ക്കും ഒമ്പത് സ്‌ക്വയല്‍ കിലോമീറ്റര്‍ പ്രദേശമാണ്. തെക്ക് കോഴിക്കോടുരാജ്യം വടക്ക് കണ്ണൂര്‍ രാജ്യം നടുക്ക് അറബിക്കടലും. അറബിക്കടലുള്ളതുകൊണ്ട് ഉപ്പടക്കം സകലമാന വിഭവങ്ങളും കൊണ്ട് സമ്പല്‍ സമൃദ്ധമായ ഭൂവിഭാഗം എന്ന ധാരണ വേറെയും.  

അമേരിക്കയിലെ അമീഷുകളെ വയനാട്ടിലെ ആദിവാസികളെ വടകരയിലെ സിദ്ധസമാജക്കാരെ നിത്യന് അപാര ബഹുമാനമാണ്. കാരണം അവര്‍ക്കു ജീവിക്കാന്‍ നമ്മുടെ സഹായം ആവശ്യമില്ല. ഒരുപകാരവും അവര്‍ക്കായി നമ്മള്‍ ചെയ്യേണ്ടതുമില്ല. അവരാവശ്യപ്പെടുന്ന ഒരേയൊരു ഉപകാരം നമ്മളായിട്ട് ഉപദ്രവമുണ്ടാക്കാതിരിക്കുക മാത്രമാണ്. അവര്‍  സുഭിക്ഷം കഴിഞ്ഞുകൊള്ളും. മയ്യഴിപ്പുഴയിലെ മലിനവെള്ളവും അറവുമാലിന്യവുമല്ലാതെ സ്വന്തമായി വേറൊന്നുമില്ലാത്ത പ്രദേശത്തിന്റെ അതേ നിലപാട് കേരളവും കൈക്കൊണ്ടാല്‍ പിന്നെ മയ്യഴിയെ കരകയറ്റാന്‍ പവര്‍ഫുള്‍ പരശുരാമന്‍മാര്‍ നിരന്നുനിന്ന് മഴുവെറിയേണ്ടിവരും.

 കേരളത്തിലെ കുട്ടികളെ പ്രവേശിപ്പിക്കാതിരിക്കാനുള്ള കാരണം ഭാവി ക്രമസമാധാന പ്രശ്‌നങ്ങളാണെങ്കില്‍ കേരളത്തിന് മാസാമാസം മയ്യഴി കൊടുക്കേണ്ട നഷ്ടപരിഹാരം അമേരിക്കക്ക് ഗദ്ദാഫി കൊടുത്തതിലും വലിയ സംഖ്യയായിരിക്കും. പോണ്ടിവാറ്റടിച്ച് നിലം പരിശായവരുടെയും കുടുംബം കൊട്ടത്തേങ്ങയായവരുടേയും നിന്നനില്പില്‍ കാറ്റുപോയവരുടെയും കണക്കുകളുടെ നീളം ഏതാണ്ട് എന്‍.എച്ച് 47 ന്റെ അത്രകാണും.  പിന്നെ സാദാ അടിയില്‍ കൊഴിഞ്ഞ പല്ലുകളുടെ എണ്ണം, ഏറില്‍ പോയ കണ്ണുകളുടെ എണ്ണം, കത്തിക്കുത്തില്‍ പുറംലോകം കണ്ട കുടലുമാലകളുടെ നീളം, ബോബേറില്‍ ചിതറിയ തലകളുടെ എണ്ണം എല്ലാം കരളം നിരത്തിയാല്‍ നഷ്ടപരിഹാരം നല്കാനായി കേന്ദ്രത്തിനുമുന്നില്‍ പുതുച്ചേരിയെ ലേലത്തിനുവെക്കലേ മാര്‍ഗമുണ്ടാവുകയുള്ളൂ. 

മൂപ്പന്‍സായ്‌വിന്റെ അനുഗ്രഹമായിരിക്കണം. കേരളം ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി അറിഞ്ഞതാണെങ്കില്‍ ക്ഷമിച്ചതായിരിക്കാം. വിവരം ദാരിദ്ര്യരേഖയ്ക്ക് താഴെയായവരോട് ക്ഷമിക്കുക വിവേകശാലികളുടെ ഉത്തരവാദിത്വം കൂടിയാണ്. കുടിവെള്ളത്തിന് അഞ്ചരക്കണ്ടിപ്പുഴ ആരോടും ഇന്നുവരെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ചോദിച്ചതായി അറിവില്ല. പുഴയൊഴുകും വഴി വേറെയായില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ടും ചോദിക്കുമെന്നു ഭയവും വേണ്ട. ലാല്‍സലാം.

February 24, 2011

നട്ടെല്ലോടെയുള്ള ജീവിതം അതിലേറെ മരണം



'എന്റെ ആദര്‍ശങ്ങളൊന്നും  അവസരം പോലെ ഉപയോഗിച്ചിട്ടില്ല. വ്യക്തിപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല'.  എം.എ.ജോണ്‍ ഇങ്ങിനെ പറയുമ്പോള്‍ പറയാതെ പറയുന്നത് ഒരുപാട് ആദര്‍ശധീരന്‍മാര്‍ ആദര്‍ശം അവസരം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നു തന്നെയായിരിക്കണം. കാരണം വാക്ക് തെക്കോട്ടും പ്രവൃത്തി വടക്കോട്ടുമായിരുന്നെങ്കില്‍ ജോണിന്റെ മരണം കുടുസ്സുമുറിയിലാവുമായിരുന്നില്ല. ഒരു ഒന്നൊന്നര ആചാരവെടിയുടെ അകമ്പടി കര്‍ത്താവിങ്കലേക്കുള്ള എന്‍.ഒ.സിക്ക് ലവലേശം സാദ്ധ്യതയില്ലാത്ത ജോണിന്റെ ആത്മാവിനെ അനുഗമിക്കുമായിരുന്നു. ഭാഗ്യവശാല്‍ അതുണ്ടായില്ല.

ആചാരവെടിയുളവാക്കുന്ന ആ പ്രകമ്പനത്തോടെ ഒരു മാതിരപ്പെട്ട രാജ്യസ്‌നേഹികളുടെ ഓര്‍മ്മകളും ജനഹൃദയങ്ങളില്‍നിന്നു ഊര്‍ന്നുതാഴെ പോവുകയാണ് പതിവ്. ആ സ്മരണ തുടര്‍ന്നും നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം അങ്ങിനെയുള്ള മഹാന്‍മാരുടെ ഭീമാകാരപ്രതിമ നടുറോഡില്‍ സ്ഥാപിക്കുകയാണ്.  നവീന ടോള്‍ പിരി സംവിധാനം അനുസ്മരിപ്പിക്കും വിധം കിടക്കട്ടെ പ്രതിമ നടുറോഡില്‍. അതിനിടിച്ച് ചത്തുപോവരുതല്ലോ എന്നുകരുതി അടുത്തെത്തി വെട്ടിത്തിരിച്ചുപോവുന്നവനും അതിലിടിച്ച് കാലുംകൈയ്യുമൊടിഞ്ഞ് കിടക്കുന്നവനിലും ആ സ്മരണ വേതാളം വിക്രമാദിത്യനെയെന്നപോലെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.

നായക്കിരിക്കപ്പൊറുതിയില്ല, പാഞ്ഞുനടന്നതുകൊണ്ടൊട്ടുകാര്യവുമില്ലെന്നു പറഞ്ഞപോലെയായല്ലോ ജോണേ നിന്റെ കാര്യം എന്നു പണ്ട് അമ്മ ഒരു തമാശയെന്നോണം പറഞ്ഞപ്പോള്‍ മകന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. എനിക്കൊരു നല്ല നട്ടെല്ലുകിട്ടിയത് അമ്മയില്‍ നിന്നുമാണല്ലോ, അപ്പോള്‍ അമ്മതന്നെയായിരിക്കണം അതിനുത്തരവാദി.  എഴുതപ്പെട്ട ചരിത്രങ്ങളിലും ഭാവിയില്‍ ഇനി എഴുതപ്പെടാന്‍ പോവുന്ന മഹച്ചരിതമാലകളിലും ജോണിനിടമുണ്ടായെന്നു വരില്ല. കാരണം ജോണ്‍ അച്ചടക്കമുള്ള ആട്ടിന്‍കുട്ടിയായിരുന്നില്ല. കൂട്ടം തെറ്റി മേഞ്ഞവന്‍.

കേരളം കണ്ട രണ്ടു ജോണുമാരും കാലത്തോടൊപ്പം നടന്നില്ല. കാലം അവരോടൊപ്പം നടന്നതാണ് ചരിത്രം. ചരിത്രത്തിന്റെ സുവര്‍ണഏടുകള്‍ അങ്ങിനെ വഴിമാറി സഞ്ചരിച്ചവര്‍ക്കുള്ളതാണ്. വൃത്തികെട്ട കടലാസുകളിലെ കൂലിയെഴുത്തുകാരുടെ അസംസ്‌കൃതവസ്തുവാകേണ്ടവരല്ല അവര്‍. കേരളത്തിലെ വാഴ്ത്തപ്പെട്ട പലരുടേയും ശില്പങ്ങളുടെയും ഫോട്ടോകളുടേയും എണ്ണമെടുത്ത് അത്രയും ആളുകള്‍ അവരെ ഓര്‍ക്കുന്നുണ്ടോയെന്ന് അറിയാന്‍ തുനിഞ്ഞാലാണ് സംഗതിയുടെ കിടപ്പ് പിടികിട്ടുക.


ആദര്‍ശവും അവസരവും കണ്ടും നോക്കിയും പ്രയോഗിക്കുന്നവരെയാണ് ചരിത്രം പലപ്പോഴും അടയാളപ്പെടുത്തുക. അല്ലാത്തവര്‍ കൊള്ളിമീനല്ലെങ്കില്‍ മഴവില്ലുപോലെ ഒരു പ്രതിഭാസമായി വന്നുമറയും. ആ കരുത്തുതാങ്ങാനുള്ള ശേഷി കൂലിയെഴുത്തുകാരുടെ കടലാസിനുണ്ടായെന്നു വരില്ല.  അവാര്‍ഡുകളും ബഹുമതികളും സ്ഥാനമാനങ്ങളും അങ്ങിനെയുള്ളവരെ അവമാനിതരാക്കുകയാണ് ചെയ്യാറ്. ആചാരവെടികളും.

അപൂര്‍വ്വം രാഷ്ട്രീയക്കാര്‍ക്കുമാത്രമാണ് വളയാത്തനട്ടെല്ല് എന്നൊരു സംഗതിയുള്ളത്. തല അധികകാലം കാണുകയില്ലെന്നതാണ് അങ്ങിനെയുള്ളവരെ തിരിച്ചറിയാനുളള ഒരു മാര്‍ഗം. വേറൊന്ന് അമേരിക്കന്‍ പ്രസിഡണ്ടാവേണ്ട കഴിവുണ്ടാവുമെങ്കിലും പഞ്ചായത്ത് പ്രസിഡണ്ടുകൂടിയാകുവാന്‍ അക്കൂട്ടര്‍ക്കു കഴിയുകയില്ല. ഇനി കഴിഞ്ഞാല്‍ തന്നെ കസാലയുടെ ആയുസ്സിന്റെ നാളുകളെണ്ണാന്‍ ഒറ്റക്കൈയ്യിലെ വിരലുകള്‍ മുഴുവനായും വേണ്ടിവരില്ല.

ആദര്‍ശം അവസരത്തിനൊത്തുപയോഗിക്കുമ്പോള്‍ അത് ഒരു ചരിച്ചുവച്ച ഗോവണിയുടെ ഗുണം ചെയ്യും. അവസാനപടി വരെ വലിഞ്ഞുകയറാം. അല്ലാത്ത ആദര്‍ശം കുത്തനെയുള്ള ഒരു  ഗോവണിയാണ്. കയറിയതേ ഓര്‍മ്മകാണുകയുള്ളൂ. ആദര്‍ശത്തെക്കൊണ്ടുള്ള ഉപദ്രവം അസഹ്യമായപ്പോള്‍ നമ്മള്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവാക്കി ആദരിച്ചു വെടിവച്ചുകൊല്ലുകയാണുണ്ടായത്.  ഏണസ്റ്റോ ചെഗുവേര വേണ്ടിവന്നാല്‍ കാട്ടില്‍ വെടികൊണ്ടുമരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫിദല്‍ കാസ്‌ട്രോ താന്‍ ഒഴിയണോ അനിയന്‍ വാഴണം എന്നു തീരുമാനിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവും അവസരത്തിനൊത്ത ആദര്‍ശവും തമ്മിലുള്ള അന്തരമാണത്.

കാശുകൊടുത്തു കയ്യില്‍ കിട്ടിയ ഡ്യൂപ്ലിക്കേറ്റ് സാധനം തന്നെ തിരിച്ചറിയാത്തവര്‍ക്ക് ആളുടെ ഗുണം മനസ്സിലാവുക ലേശം ബുദ്ധിമുട്ടുള്ള സംഗതിയാണ്. അതുകൊണ്ട് പിടിക്കപ്പെടുമെന്നൊരു ഭയത്തിന്റെ ആവശ്യവും വേണ്ട.  എല്ലാവരേയും കുറച്ചുകാലം വിഡ്ഢികളാക്കാന്‍ ആദര്‍ശാവസരവാദികള്‍ വിചാരിച്ചാല്‍ കഴിയും.

ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ ദേവസ്വത്തിനുകീഴില്‍ വരുന്നതിനെപറ്റി പറഞ്ഞപ്പോള്‍ അതേ നിയമപ്രകാരം കത്തോലിക്കാസഭയുടെ സ്വത്തും മറ്റുപള്ളികളുടെ സ്വത്തുക്കളും സര്‍ക്കാരിന്റെ കീഴിലാക്കാന്‍ പള്ളിസ്വം നടപ്പിലാക്കണമെന്നു പറയുവാന്‍ ചലിച്ച ഒരേയൊരു നാവ് എം.എ.ജോണിന്റേതായിരുന്നു.  വിട്ടുവീഴ്ചയില്ലാത്തതും അവസരവാദപരവുമായ ആദര്‍ശവും തമ്മിലുള്ള വ്യത്യാസത്തിന്റെ വേറൊരുദാഹരണമായിരുന്നു ഇത്.  അനിവാര്യമായത് സംഭവിച്ചു. എല്ലാവരും കൂടി ജോണിനെ ഒരരുക്കാക്കി. ഭാഗ്യത്തിന് കുടുംബത്തിന് ചില്ലറ ഭൂമിയുണ്ടായിരുന്നതുകൊണ്ടും തലയുടെ ശേഷി കൈക്കും കാലിനുമുണ്ടായിരുന്നതുകൊണ്ടും ജോണിന് പട്ടിണികിടന്ന് മരിക്കേണ്ടിവന്നില്ല.

അതേ ചങ്കൂറ്റമാണ് അടിയന്തരാവസ്ഥയ്‌ക്കെതിരേ 'ഇന്ദിരയുടെ അടിയന്തിരം' എന്ന ലേഖനം ജോണിനെക്കൊണ്ടെഴുതിച്ചതും പിടിച്ചകത്തിടാന്‍ കരുണാകരനെക്കൊണ്ട് ഉത്തരവിടീച്ചതും.  വിപ്ലവം ഇപ്പോള്‍ നടത്തിക്കളയും എന്നു വീമ്പിളക്കിനടന്നവര്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചപ്പോള്‍ അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്ന ലേഖനം ചമച്ച് ആസ്ഥാനവിപ്ലവകാരികളായി ഒതുങ്ങിയിരുന്നതും നോക്കുക.

സ്വന്തം വിവാഹവും മക്കളുടെ വിവാഹവും മതാചാരങ്ങള്‍ ലംഘിച്ചു നടത്തിയ ജോണ്‍ മക്കളുടെ സ്‌കൂള്‍ രേഖകളിലും മതവും ജാതിയും ചേര്‍ത്തില്ല.  എം.പി. പോളിനെന്നപോലെ തനിക്കും തെമ്മാടിക്കുഴിയൊരുങ്ങിയേക്കാമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരിക്കണം. താന്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിക്കീഴില്‍ തന്നെ തനിക്ക് ഇടമൊരുക്കാന്‍ സ്വയം തീരുമാനമെടുത്തത് അതുകൊണ്ടായിരിക്കണം. 

തനിക്കു ശരിയെന്നുതോന്നുന്നത് ആരുടെ മുമ്പിലും തുറന്നുപറയാന്‍ മടിക്കാത്ത, തനിക്കു ശരിയെന്നുതോന്നുന്നതിനുവേണ്ടി ഏതറ്റം വരെയും പോവാന്‍ മടിക്കാത്ത, തനിക്കു തെറ്റെന്നുതോന്നുന്നതിനെ മുഖം നോക്കാതെ വിമര്‍ശിക്കുവാന്‍ മടിക്കാത്ത ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു. അയാളായിരുന്നു എം.എ.ജോണ്‍.

ശരിയായ ആളുടെ അടുത്ത്, ശരിയായ രൂപത്തില്‍, ശരിയായ കാര്യത്തിന്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രകോപിതനാവുക എന്നത് ഒരു കലയാണെന്ന് അരിസ്റ്റോട്ടില്‍. അങ്ങിനെയെങ്കില്‍ ശരിയായ കലാപം ഒരു കലയാണ്. കലഹവും കലാപവും കലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മതേതരനായി ജീവിച്ച് കപടമതേതരവാദികള്‍ക്കിടയില്‍ വിട്ടുവീഴ്ചയില്ലാത്ത നട്ടെല്ലുള്ള മതേതരനായി കലഹിച്ചുമരിച്ച എം.എ.ജോണിന് നിത്യന്റെ ആദരാഞ്ജലികള്‍.