December 15, 2014

വിനാശകാലേ കൃത്രിമ ബുദ്ധി

Photo credit - http://rampages.us
ലോകത്ത് പലരും പലതും പ്രവചിക്കാറുണ്ട്. ഏറ്റവും എളുപ്പമുള്ളൊരു പ്രവചനം ഇന്നത്തെ അവസ്ഥയ്ക്ക് ലോകാവസാനം പ്രവചിക്കലാണ്. വഴിയേ പോവുന്നവന്റെ ഭാവി പ്രവചിച്ച്, നാളെ അതു നടന്നില്ലെന്നുപറഞ്ഞ് തല്ലുകിട്ടുമെന്ന പേടി അശേഷം വേണ്ട.  ആരും അവരവരുടെ കാലത്തുതന്നെ ലോകാവസാനം പ്രവചിക്കാറില്ല.  ചുരുങ്ങിയത് സ്വന്തം പതിനാറടിയന്തിരം കഴിഞ്ഞശേഷം ലോകാവസാനം എന്നൊരു നിലപാടെടുത്താല്‍ മതി. അവസാനിക്കാനായി ലോകം പിന്നെയും ബാക്കിയായാലും മാനം കപ്പലുകയറാതെ നോക്കാം.

ഒടുക്കത്തെ വയറുകൊണ്ടാണ് ഡിനോസര്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിപ്പോയതെന്നാണ് ശാസ്ത്രം പറയുന്നത്. ഭുമിയിലെ സകലതും തിന്നു തീര്‍ത്തശേഷം  പട്ടിണിണികിടന്നു അസ്തുവായി എന്നു ചുരുക്കം.  സമാനമായൊരു അവസ്ഥയെയാണ് മനുഷ്യനും നേരിടാന്‍ പോവുന്നതെന്നു ശാസ്ത്രം പറയുന്നു.  പെരിയ വയറുകാരണം ഡിനോസര്‍ നാടുനീങ്ങിയെങ്കില്‍ തിരിഞ്ഞ തലകാരണം മനുഷ്യകുലം അസ്തുവായി എന്നാവും  ചരിത്രം അടയാളപ്പെടുത്തുക. എന്തു ചരിത്രം, അതോടുകൂടി ചരിത്രത്തിന്റെയും അവസാനമാവുമല്ലോ.  14ാലാം നൂറ്റാണ്ടിലെ നോസ്ത്രദാമൂസ് ലോകാവസാനം നടക്കുമെന്ന് പ്രവചിച്ചത് 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്.  അതുകഴിഞ്ഞു. അവസാനിക്കാനായി, അവസാനം പ്രവിചിക്കപ്പെടുവാനായി ലോകം പിന്നെയും ബാക്കി.

എലിപ്പനി, ഡെങ്ങിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി ആദിയായി പനികള്‍ക്കും ഭുചലനങ്ങള്‍ക്കും സുനാമികള്‍ക്കും  വില്‍മ, ഹെലേന, റീത, കത്രീണ, എന്തിന് ഐറിനും വീശിയടിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത നമ്മളാണ് സ്വന്തം ബുദ്ധിയൊന്നുകൊണ്ടുമാത്രം മുച്ചൂടും മുടിയാന്‍ പോവുന്നത്.  ബുദ്ധിയൊന്നു കൊണ്ടുമാത്രം ഇക്കണ്ടതൊക്കെ നേടി. അതേ ബുദ്ധിയൊന്നുകൊണ്ടുമാത്രം നേടിയതൊക്കെയും നശിപ്പിക്കുന്ന ബുദ്ധിയുടെ മായാപ്രപഞ്ചം തന്നെയാവുന്നു മനുഷ്യന്‍.

പൊന്നുകായ്ക്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ മുറിക്കണമെന്ന ചൊല്ല് മനുഷ്യനു മാത്രമല്ല പ്രപഞ്ചത്തിനും ബാധകമാണ്.  അതുകൊണ്ടുതന്നെ മനുഷ്യന്റെ വലിയകളി ഏതായാലും അവസാനിക്കാതെ തരമില്ല എന്ന ചിന്ത അത്ര തരംതാണതൊന്നുമല്ല. മനുഷ്യന്റെ കുടിലബുദ്ധി അവന്റെ കുലം മുടിക്കാന്‍ മാത്രം മതിയാവുകയില്ലെന്നാണ് ഹോക്കിങ്‌സ് കണ്ടെത്തിയിരിക്കുന്നത്. കുടിലബുദ്ധി ഒന്നുകൂടി പുരോഗമിച്ച് കൃത്രിമബുദ്ധി ഉണ്ടാക്കുന്നതില്‍ ചെന്നു നില്ക്കുമ്പോഴാണ് ആയൊരു സാദ്ധ്യതയുള്ളതെന്ന് ഹോക്കിങ്‌സ് പറയുന്നു. നേരായബുദ്ധിയുടെ കാലത്ത് വിശപ്പടക്കാനുള്ള ഓട്ടമായിരുന്നു. ലോകത്തിനു വലിയനാശമുണ്ടായില്ല. ബുദ്ധി ലേശം കൂടി കൂടിയപ്പോള്‍ ആര്‍ത്തിയടക്കാനുള്ള തത്രപ്പാട്. കണ്ണില്‍ കണ്ടതെല്ലാം തനിക്കായുള്ളതെന്ന ബോധത്തിലേക്കുള്ള ഓട്ടം. ബുദ്ധി വീണ്ടും വളര്‍ന്നു. തിരിഞ്ഞ തലയിലെ കുടിലബുദ്ധിയായി അതോടുകൂടി ലോകം തന്നെ തനിക്കായാണെന്ന ഉത്തമബോദ്ധ്യം കൈവന്നു. കുടില ബുദ്ധിയില്‍ നിന്നും ഹോക്കിങ്‌സ് ഭയക്കുന്ന കൃത്രിമബുദ്ധിയിലേക്കുള്ള തവളച്ചാട്ടമാണിനി. അതോടെ പ്രപഞ്ചവും അതിലെ സര്‍വ്വസ്വവും നമ്മുടെ കാല്‍ച്ചുവട്ടില്‍. തലക്കുമീതെ കാലനും.

Photo credit- Getty
ഹോക്കിങ്‌സിന് തെറ്റുപറ്റാന്‍ സാദ്ധ്യതയില്ല. പ്രപഞ്ചത്തിനും.  മനുഷ്യന്റെ ബുദ്ധിയൊന്നുകൊണ്ടും മിഷ്യന്‍ പലതുകൊണ്ടും ജീവന്‍ നിലനിര്‍ത്തുന്ന ഒരു മഹാപ്രതിഭയാണ് - സ്റ്റീഫന്‍ ഹോക്കിങ്‌സ്. മരുന്നിന് ഒന്നും ചെയ്യാനില്ല, തന്നിലെ ജീവന്‍ നിലനിര്‍ത്താന്‍ ടെക്‌നോളജിക്കുമാത്രമേ സാധിക്കൂവെന്ന് പ്രഖ്യാപിച്ച ആ ശാസ്ത്രജ്ഞനാണ് പറയുന്നത്. വിനാശകാലേ കൃത്രിമബുദ്ധി. ആദിമമനുഷ്യന്റെ ബുദ്ധിപോലെ നേര്‍ബുദ്ധിമാത്രമുള്ള മെഷീനുകള്‍ പരോപകാരികളാണ്.  എന്നാല്‍ ആധുനിക മനുഷ്യന്റെ ബുദ്ധിയുള്ള മെഷീനുകളാവട്ടെ പ്രശ്‌നക്കാരും. സാദാ ബുദ്ധിയെ കവച്ചുവെയ്ക്കുന്ന കുടിലബുദ്ധി കുടിയേറുന്ന മെഷീനുകള്‍ അപകടകാരികളാവും, അവയാവും മനുഷ്യന്റെ കുലം മുടിച്ച് കലമുടയക്കുക എന്ന ഹോക്കിന്‍സ് ഭയപ്പെടുന്നു. ഈ വിവരം അറിയാനും അറിയിക്കാനും  മാര്‍ഗമില്ലാത്തതുകൊണ്ടാണ് കുഴിയാനമുതല്‍ മദയാനവരെയുള്ള ജീവികളുടെ ആഹ്ലാദപ്രകടനം നമുക്ക് കാണാന്‍ സാധിക്കാതെ പോവുന്നതെന്നു തോന്നിപ്പോവുന്നു.

വിനാശകാലേ വിപരീതബുദ്ധി എന്ന നമ്മുടെ ചൊല്ല് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ട കാലമാണ് - വിനാശകാലേ കൃത്രിമബുദ്ധി.


December 05, 2014

സ്‌നേഹിക്ക പൊക്കാ നീ നിന്നെ കുടുക്കുന്ന കാക്കിയെയും

മദ്യം മനുഷ്യന്റെ ശത്രുവാണ്. അതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍ സര്‍വ്വ മതങ്ങളും ബാക്കി മഹാജ്ഞാനികളും പറയുന്നത് ശത്രുവിനെ സ്‌നേഹിക്കുവാനാണ്.  എല്ലാവര്‍ക്കും കഴിയുന്ന സംഗതിയല്ല അത്. അങ്ങിനെ ശത്രുവിനെ കൂടി സ്‌നേഹിക്കുവാനുള്ള മാനസികനില കൈവരിച്ചതുകൊണ്ടാവണം ലേശം അകത്താക്കുന്നവനെ സുരന്‍ എന്നു സംസ്‌കൃതത്തില്‍ പറയുന്നത്. സുര പാനം ചെയ്യുന്നവന്‍ ആരോ അവന്‍ അതായത് സാക്ഷാന്‍ ദേവന്‍. ലേശം സാധനം അകത്തുചെന്നാല്‍ ശത്രുവിനെ മാത്രമല്ല നമ്മള്‍ ശത്രുവിന്റെ അച്ഛനെയും സ്‌നേഹിക്കാന്‍ തുടങ്ങും. വര്‍ണിച്ചാല്‍ തീരാത്ത ഗുണഗണങ്ങളാണ് സുരയ്ക്ക്. സുരന്‍ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി നോക്കുക - തന്റെ ചൂട് തനിക്കുമാത്രമായി ഒതുക്കാതെ ലോകത്തിനു മൊത്തം വീതിച്ചുകൊടുക്കുന്ന സൂര്യന്‍ സുരനാണ്.  ഭൂമിയിലുള്ള സകലതും മാത്രമല്ല വേണ്ടിവന്നാല്‍ സ്വയം ത്യജിക്കുവാന്‍ കൂടി തയ്യാറുള്ള സന്ന്യാസി സുരനാണ്.

അങ്ങിനെയുള്ള എത്രയോ സുരന്‍മാര്‍ മലബാറിന്റെ പലഭാഗങ്ങളില്‍ നിന്നായി കിട്ടിയ വണ്ടിക്കും നടന്നും സീസണ്‍ടിക്കറ്റെടുത്തും കഷ്ടപ്പെട്ട് മയ്യഴിയെ ധന്യമാക്കി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മയ്യഴിയില്‍ വന്ന് രഘുവരന്‍ പാടിയതുപോലെ, ഒടുവില്‍ നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പിടയുമ്പൊഴാണെന്റെ സ്വര്‍ഗം എന്നത് പെഗുപെഗായി പ്രാവര്‍ത്തികമാക്കുന്ന മയ്യഴിക്കു പുറത്തുള്ളവര്‍ക്കെതിരെ കേസെടുക്കുന്നൂ കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്. ആ പഴയ ചൊല്ലും. ഇക്കാലത്ത് കൊണം ചെയ്താല്‍..... കീശയിലെ അവസാനത്തെ നാലണയും മയ്യഴിയുടെ സമഗ്രമായി പുരോഗതിക്കായി മാത്രം ചിലവാക്കിയവനോടുള്ള ഏറ്റവും വലിയ കൃതജ്ഞത ഒരു കേസു തന്നെയാണ്. ആളുകാലിയായി കുപ്പിബാക്കായാവുന്നതിലും നല്ലത്, ആളും കുപ്പിയും ഒന്നായിട്ട് കാലിയാവുന്നതാണ്. അതൊന്നുകൊണ്ടുമാത്രമാവണം  എന്‍.ഐ.എക്കു വിട്ടുകൊടുക്കാത്തത്.

ഡച്ചു കറേജ് എന്നാല്‍ രണ്ടു വീശിയവന്റെ ധൈര്യമാണ്. ഫ്രഞ്ചുബുദ്ധിയെന്നാല്‍ കേസെടുക്കാനുള്ള ഈ ഒന്നൊന്നര ബുദ്ധിയാണ്. വെയിലുകൊണ്ട എരുമ വെള്ളം കണ്ടതുപോലെയാണ് ചിലര്‍. മുക്രയിട്ട് അടിച്ചു പൂക്കുറ്റിയായി ബാറില്‍ നിന്നും ഇറങ്ങും. വല്ലപ്പോഴും ആഴ്ചക്കോ മാസത്തിലോ ഒപ്പിക്കുന്ന പരിപാടിയായിരിക്കും. ഇനിയാണ് സംഗതിയുടെ ഗുട്ടന്‍സ്. ആടിയാടി റോഡിലിറങ്ങുന്നവനെ ഉടന്‍ ഏമാന്മാര്‍ പൊക്കി ആശുപത്രിയിലാക്കും. ഇന്‍ടോക്‌സിക്കേറ്റഡ് എന്നൊരു സര്‍ട്ടിഫിക്കറ്റ് മണത്താല്‍ തന്നെ കിട്ടും. പിന്നീട് ആവകയില്‍ ഒരു കേസ് തലയില്‍ വച്ചുകൊടുക്കുക. നിത്യേന മയ്യഴിയില്‍ വന്ന് സ്റ്റേഷനില്‍ ഒപ്പിടാന്‍ ഒരു വകുപ്പും കൊടുക്കുക. എന്താണ് ഗുണം?  ആഴ്ചക്കോ മാസത്തിലോ വരുന്നവന് പിന്നെ ഒരു സീസണ്‍ ടിക്കറ്റെടുക്കുന്നതാവും നല്ലത്. രാവിലെ തന്നെ മയ്യഴിയിലെത്തുക. ആദ്യം സ്റ്റേഷനില്‍ ഒപ്പിടുക. പിന്നെ ബാറില്‍ ഒപ്പിടുക. അനന്തരം റോഡില്‍ കുമ്പിടുക. നമ്മള്‍ നീതിനിര്‍വ്വഹിച്ചു. കച്ചോടവും പൊടിപൊടിച്ചു. 

മയ്യഴിയുടെ ഐശ്വര്യം സത്യത്തില്‍ മലബാറിലെ കുടിയന്മാരാണ്. ശരിക്കു പറഞ്ഞാല്‍ പ്രദേശത്തിന്റെ ശരിയായ പേര് മദ്യഴിയെന്നായിരിക്കാനാണ് സാദ്ധ്യത. ലഹരി തലയില്‍ നൃത്തമാടുമ്പോള്‍ നാവിനു വഴിതെറ്റുക സ്വാഭാവികമാണ്. അങ്ങിനെ മദ്യഴി മയ്യഴിയായിപ്പോയതാവണം. സുരക്കൊരു തകരാറുണ്ട്. എല്ലാവര്‍ക്കും കുടിച്ചാല്‍ പള്ളയില്‍ കിടക്കണമെന്നില്ല. അങ്ങിനെയുള്ളവര്‍ പള്ളസഹിതം റോഡില്‍ കിടക്കുകയാണ് പതിവ്.  ഞണ്ടു വസിക്കുന്ന വാഴക്കുണ്ടക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ് പലപ്പോഴും. എത്രയൊഴിച്ചാലും തടത്തിലൊന്നും കാണുകയില്ല.

റെസ്‌പോണ്‍സിബില്‍ ഡ്രിങ്കിങ് എന്നൊരു സംഗതിയുണ്ട്. മലയാളത്തില്‍ വിശദീകരിക്കാന്‍ നാലു പേജ് വേണ്ടിവരും. അതുകൊണ്ട് ഒരുദാഹരണത്തിലൊതുക്കാം - വിഷംകുറഞ്ഞ അണലിയാണ് സംഗതി. ആദ്യമായി വേണ്ടത് കഴുത്തിനുപിടിക്കാന്‍ പാകത്തിലുള്ള കുപ്പിയില്‍ ഉഗ്രന്‍. മദ്യത്തിന്റെ അധിദേവതയെ മനസ്സില്‍ ധ്യാനിച്ച് ലാര്‍ജായി ഒരു പെഗ്ഗ് ഒഴിക്കുക.  ആദ്യം ഗ്ലാസില്‍ ഒരു മഞ്ഞുമല നിര്‍മ്മിച്ച ശേഷം അതിലൊഴിക്കുകയാണെങ്കില്‍ ഭേഷായി. പിന്നെ വേണ്ടത് കയ്യെത്തുന്ന അകലത്തായി ചില്ലറ നട്ട്‌സും. രണ്ടും ചേരും പടി ചേര്‍ത്ത് ചെല്ലുംപോലെ ചെലുത്തി അടുപ്പിന്‍കല്ലിലെ പൂച്ചയെപ്പോലെ ധ്യാനനിമഗ്നനായി കുറേ കണ്ണടച്ചിരിക്കുക. ഈ സമയം ധൂമപാന സഹിതമുള്ള ധ്യാനവുമാവാം.  പിന്നെ വല്ലതും കഴിച്ച് ഒരക്ഷരം ആരോടും ഉരിയാടാതെ പോയി പുതച്ചുമൂടി കിടക്കുക. ഉരിയാടി വഷളാക്കരുത്. ഫലമോ? നാടിനും ഗുണമില്ല. നമുക്കുമില്ല.  ഈയുള്ളവന്റെ അഭിപ്രായത്തില്‍ മയ്യഴി മുടിഞ്ഞുപോവണമെന്നാഗ്രഹമുള്ളവര്‍ക്ക് അങ്ങിനയുള്ള രണ്ട് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കസ്  ആവാം. മയ്യഴി മദ്യഴിയായി തന്നെ നിന്നുകാണണമന്നുള്ളവര്‍ക്ക് വണ്‍-റ്റൂ-ത്രീ-ഫോര്‍-ഫ്ളാറ്റ് ഇറസ്‌പോണ്‍സിബിള്‍ ഡ്രിങ്ക്‌സ് ആവാം. ബാറില്‍ പൊരിയുന്ന തമിഴന്റെ ചണ്ടിക്കോഴിയും.

ചീയേഴ്‌സ്...January 14, 2014

കടലിനും ചെകുത്താനുമിടയിലെ ആപ്പ്

ജനാധിപത്യത്തില്‍ രാജാവാരാണെന്നു ചോദിച്ചാല്‍ ജനമാണെന്നു പറയും. തിറകെട്ടുന്ന മലയനും കെട്ടിക്കുന്ന തമ്പുരാനും നേര്‍ക്കുനേര്‍ വരുന്ന ദിവസം പോലെ ഒരു പ്രതിഭാസമാണത്. മലയന്‍ മനുഷ്യരൂപം കൈവിട്ട് ദൈവരൂപത്തില്‍ വരുന്ന ദിവസമാണ് തെയ്യം. അന്നാണു തമ്പുരാന്‍ മലയനെ തൊഴുക. ബാക്കി ദിവസങ്ങളില്‍ മലയന്‍ തമ്പുരാനെ  തൊഴും. അന്നത്തെ ദിവസം മലയന്റെ കാലു തമ്പുരാന്റെ തലക്കുകണക്കായി വന്നാലും തമ്പുരാന്‍ സഹിക്കും.  വായില്‍ വന്നതുമാത്രമല്ല വരാന്‍ പോവുന്നതുമായ മുഴുവന്‍ സംഗതിയും തമ്പുരാന്‍ മാപ്പാക്കും. മനുഷ്യരൂപം കൈവിട്ടു ദൈവരൂപത്തിലേക്കു പ്രവേശിക്കുന്ന മലയനെപ്പോലെ തിരഞ്ഞെടുപ്പിനു തലേന്നു പൊതുജനം
കഴുതരൂപം കൈവിട്ടു കിങ്‌മേക്കര്‍ പദമലങ്കരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ തലേക്കെട്ടുകഴിച്ചു അര്‍ദ്ധവൃത്താകൃതിയില്‍ തമ്പുരാനുമുന്നിലണയുന്ന മലയന്റെ അതേ അവസ്ഥയും.

ചുരുക്കിപ്പറഞ്ഞാല്‍ ജനത്തിന്റെ കിങ്‌മേക്കര്‍ പദവി അഞ്ചുകൊല്ലത്തില്‍ ഒരു ദിവസമാണ്. ബാക്കി ദിവസം മുഴുവന്‍ രാജാക്കളുടെ വണ്ടി റോഡിലിറങ്ങിയാല്‍ കിട്ടിയ വഴിക്കു ജീവനുംകൊണ്ടോടേണ്ട തെണ്ടികളാവും കിങ്‌മേക്കേഴ്‌സ്. ലോകത്തെവിടെയും കിങ്ങിനെക്കാളും മുന്തിയതാണ് കിങ്‌മേക്കര്‍. ചന്ദ്രഗുപ്തനെ ആരോര്‍മ്മിക്കാന്‍. ഇന്ത്യാചരിത്രത്തിലാദ്യമായി ആ ശൂദ്രനെ രാസാവാക്കിയ ചാണക്യനെന്ന ബ്രാഹ്മണനല്ലേ താരം. എല്ലാ തിരയും ഏതാണ്ടൊരുപോലെയാണ്. തിരഞ്ഞെടുപ്പുമങ്ങിനെയാണ്. ഇത്തവണ മന്തു ഇടതുകാലിലുള്ളവനെ തിരഞ്ഞെടുത്തെങ്കില്‍, അടുത്തതിനു മന്തു വലതുകാലിലുള്ളവന്‍. ഒന്നുകില്‍ കടലില്‍ ചാടുക. അല്ലെങ്കില്‍ ചെകുത്താനു നിവേദ്യമാവുക. ആയൊരു ഘട്ടത്തിലാണ് ചില്ലറപ്രതീക്ഷകളുമായി ഐ.ആര്‍.എസ് വിട്ട ഐ.ഐ.ടി ക്കാരന്‍ പ്രത്യക്ഷപ്പെടുന്നത്. വി.ഐ.പി മന്തും റെഡ്‌ലൈറ്റ് ഹുങ്കും കൊട്ടാരക്കെട്ടും വേണ്ടെന്നു പറഞ്ഞവനില്‍ ജനം അവന്റെ മിശിഹായെ കണ്ടു്. തെറ്റുപറയാനില്ല.

വസന്തം സമാഗതമാവുമ്പോള്‍ നാം കുയിലിന്റെ സംഗീതം കേള്‍ക്കുന്നു. അതുവരെ ആ പക്ഷി മൗനം പാലിക്കുന്നു എന്നു പറഞ്ഞത് ചാണക്യനാണ്. വലിച്ച ചുരുട്ടിന്റെ കടം വീട്ടാന്‍കൂടി മൂലധനമില്ലാതിരുന്ന മാര്‍ക്‌സിനെക്കാള്‍ ഭേദം നമുക്കൊരു വഴികാട്ടിയ ചാണക്യനാണെന്നു തോന്നുന്നത് മനുഷ്യസഹജം.  മാര്‍ക്‌സിനോടൊപ്പം നടന്നു തലതെറിക്കുന്നതിലും നല്ലത് ഉദരനിമിത്തം തിരിഞ്ഞതലയുമായി കഴിയുകയാണ്.  തല്ക്കാലം ഭരണകൂടം സമയമാവുമ്പോള്‍  കൊഴിഞ്ഞുപോവട്ടെ  എന്നു നമുക്കു സമാധാനിക്കാം. അതുവരെ നമ്മളായിട്ട് കൊഴിക്കണ്ട.  ഭരണം ഇതേപടി തുടര്‍ന്നുപോയാല്‍ മൊത്തത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാലതാമസമില്ലെന്ന അവസ്ഥയിലാണു ആപ്പ് ഇടിത്തീയായി പെയ്യാന്‍ പോവുന്നത്. അപ്പോഴും അടിക്കാരന്‍ ആണ്ടിയുടെ പിന്‍മുറക്കാരായ നേതാക്കള്‍ ഞമ്മളാണു വിപ്ലവം ബാക്കി പ്ലവഗങ്ങള്‍ എന്നു പറഞ്ഞുകൊണ്ടേയിരിക്കും. 

ഉഗ്രവിപ്ലവം നടത്തി ഭരണകൂടത്തെ തൂത്തെറിയാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തുനില്ക്കുന്ന വിപ്ലവകാരികള്‍ തങ്കപ്പെട്ടവരാണെന്നു വന്നാല്‍ ഭരണകൂടം അവര്‍ക്കും വി.ഐ.പി. സ്റ്റാറ്റസു നല്കും. പിന്നെ ശമ്പളം നല്കും പെന്‍ഷനും നല്കും.  മുന്തിയ ഇനമാണു, ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നു കണ്ടാല്‍ ചിലപ്പോള്‍ രണ്ടും ഒന്നായും നല്കും. ചില വിപ്ലവപ്ലവഗങ്ങള്‍ക്ക് ഇതൊന്നുമറിയാന്‍ വഴിയില്ല. അവറ്റകള്‍ക്ക് ആകെ അറിയാവുന്ന പണി അടുപ്പത്തെ കലത്തില്‍ മണ്ണുവാരിയിടുകയാണ്. ഇരുന്നിടത്തുകിട്ടുന്ന ഇക്കണ്ടതെല്ലാം വേണ്ടെന്നു വച്ച്, സ്വന്തം തലതന്നെ തെറിച്ചുപോയേക്കാവുന്ന സംഗതി നടത്തുകയാണ്. ബുദ്ധിയുടെ ഒരു കിടപ്പ്. ചിലരങ്ങിനെയാണ് - ആത്മഹത്യയില്‍ ആനന്ദം കണ്ടെത്തും. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഭൗതികമായി ഇന്നില്ല. നിനക്കൊന്നു പുകയ്ക്കാന്‍ തോന്നുന്നതുപോലെയാണ് എനിക്കു മരിക്കാന്‍ തോന്നുന്നതെന്നായിരുന്നു ഒരിക്കല്‍ അവന്‍ പറഞ്ഞത്.

 അളമുട്ടിയാലാണു ചേര കടിക്കുക., ഗതിമുട്ടിയാലാണു ജനം തെരുവിലിറങ്ങുക.  വിപ്ലവം ജനങ്ങളുടെ ഉത്സവമാണെങ്കില്‍, കുറച്ചുകാലമായി ദില്ലിയില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതു അതുതന്നെയല്ലേ. ആരും ടിക്കറ്റെടുത്തുകൊടുക്കാതെ, ആരും വഴിച്ചിലവിനു വഴിയുണ്ടാക്കാതെ, മുന്തിയ ബസ്സേല്‍പിച്ചതായി ആരും ആരെയും ചെണ്ടകൊട്ടിയറിയിക്കാതെ, അളൊന്നുക്ക് വാടകയിത്രയെന്നു രഹസ്യമായറിയിക്കാതെ, താമസസൗകര്യങ്ങളില്ലാതെ, മുന്തിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ ആവേശപൂര്‍വ്വം ജനം ഒഴുകിയെത്തിയത് ആ ചെറുപ്പക്കാരനെ കേള്‍ക്കാനായിരുന്നെങ്കില്‍ അതു ജനത്തിനു ഒരുകാലത്തും വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന കോണ്‍ഗ്രസിന്റെ പരാജയമല്ല, ബീജേപീയുടെതുമല്ല. എന്തിനായിരുന്നു വിപ്ലവകാരികള്‍ക്കു വി.ഐ.പി. സ്റ്റാറ്റസ്, എന്തിനായിരുന്നൂ മണിമന്ദിരങ്ങള്‍, ആരെപ്പേടിപ്പിക്കാനായിരുന്നു ചുകന്ന ലൈറ്റിട്ടു തകര്‍ത്തോട്ടം? ഗ്രന്ഥത്തില്‍ മാത്രമാണു വ്യത്യാസം, പ്രവൃത്തിയില്‍ അശേഷമില്ലെന്ന അവസ്ഥ കണ്ട ജനം അതങ്ങുതീരുമാനിച്ചു. ഇനി ഗ്രന്ഥമില്ലാത്തവന്‍ വാഴട്ടെ, പറഞ്ഞതു ചെയ്താല്‍ മതി.

'വിധി' വിപരീതമാവുമ്പോള്‍ 'ചിന്ത' കാടുകയറിപ്പോവുമെന്നും ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അങ്ങിനെ വരുമ്പോള്‍ പലതും സംഭവിക്കും. ബിമാനത്തിലിരുന്നു മാത്രം വെള്ളപ്പൊക്കം കണ്ടോന്‍ വെള്ളത്തിലിറങ്ങും. ഏഴാംകടലും കടന്നെത്തിയ കപ്പിത്താന്‍ കണ്ടൂറാട്ടിയില്‍ വീണുമരിക്കും.  കുഷ്ഠരോഗിയെ ചിത്രത്തില്‍ മാത്രം കണ്ടോന്‍ ഫാദര്‍ഡാമിയന്റെ അവതാരമായി കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കും. പഴയ ഗാന്ധിയുടെ ദണ്ഡിയാത്രയിലും മുന്തിയ പുതിയ ഗാന്ധിയുടെ കൊച്ചിയാത്ര അരങ്ങുതകര്‍ക്കും. തറവാട്ടില്‍ പിറന്നോന്‍ തറയിലിരിക്കും. ബ്ലാക്ക് ക്യാറ്റിനെ മാറ്റി വൈറ്റ് കാപ് വെക്കും. മുതലകള്‍ പറന്നുകളിക്കുമ്പോള്‍ ഒട്ടകപക്ഷികള്‍ നിന്തിത്തുടിക്കും. ആനകള്‍ ആട്ടിന്‍കൂട്ടിലുറങ്ങി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു പൊറോട്ടയും ബീഫും വെട്ടിവിഴുങ്ങും.

കടലിനും ചെകുത്താനുമിടയില്‍ ആപ്പായപ്പോള്‍ ഉണ്ടായ പുകില് ചില്ലറയല്ല.  അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ വിതച്ചത് ഇങ്ങു അനന്തപുരിവരെ വിളയുന്ന പരുവത്തിലായി. നമ്മുടെ പ്രകൃതിയും ചരിത്രത്തിന്റെ വികൃതിയും ഒന്നായ ശുഭമുഹൂര്‍ത്തത്തില്‍ കീശയിലെ ലോട്ടറിടിക്കറ്റു പോക്കറ്റടിച്ചുപോയതുപോലെയായി പലര്‍ക്കും. ബമ്പര്‍ മ്മാനത്തിന്റെ ടിക്കറ്റാണു ഇടതിനു കൈമോശം വരാന്‍ പോവുന്നത്. അങ്ങിന്ദ്രപ്രസ്ഥത്തില്‍ ആപ്പും കോണ്‍ഗ്രസും കൂടി കോപ്പായെങ്കില്‍, ഇങ്ങിവിടെ കോപ്പിനു പറ്റിയത് ഇടത്തും വലത്തുമില്ലാത്തവരാണ്. ഹുങ്കൃതി ഒന്നുകൊണ്ടുമാത്രം ജനാധിപത്യത്തില്‍ കച്ചോടം നടത്തിക്കൊണ്ടുപോവാമെന്നു വിചാരിക്കുന്നവരുടെ പെട്ടിക്കടകള്‍ പൂട്ടാറായി.

തലയില്‍ തേങ്ങ വീണ പട്ടികണക്കെ പലരും കിട്ടിയ വഴിയില്‍ വച്ചുപിടിക്കുന്നു. മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ചിലര്‍ അന്ധാളിച്ചു നില്ക്കുന്നു. തേങ്ങയുടെ വരവു മുന്‍കൂട്ടിക്കണ്ട അപൂര്‍വ്വത്തില്‍ അപൂര്‍വ്വം പ്രതിഭകളാണു പി.സിയും സുരേന്ദ്രനുമൊക്കെ. പാര്‍ട്ടിക്കതീതരായി ഉയരാനുള്ള വിനീതശ്രമമാണു രണ്ടുകൂട്ടരുടേയും. അതിനുള്ള വെടിമരുന്നൊക്കെ കയ്യിലുണ്ടുതാനും. കിട്ടിയ ചാന്‍സ് നന്നായി ഉപയോഗിക്കാന്‍ പി.സിയെ ആരും പഠിപ്പിക്കേണ്ട, സുരേന്ദ്രനെയും. മാനനഷ്ടത്തിനു കേസുകൊടുക്കുമെന്ന് വിളിച്ചുപറയുക എളുപ്പമാണ്. കൊടുക്കുക കഷ്ടവുമാണ്. കോടതിയില്‍ ആദ്യം മാനമുണ്ടായിരുന്നൂവെന്നു തെളിയിക്കണം. അതു ചില്ലറപണിയല്ല. പിന്നെ ഉണ്ടായിരുന്ന മാനമാണു നഷ്ടമായതെന്നു തെളിയിക്കണം. അതു അതിലേറെ പണിയും.

സഭയിലിരുത്താന്‍ പറ്റാത്തവരെക്കൊണ്ടു സഭ നിറഞ്ഞു എന്ന പരാതി
ഹസ്തിനപുരത്തില്‍ ദുശ്ശാസനന്‍ ദ്രൗപതിയുടെ സാരിയില്‍ കൈവച്ചപ്പോള്‍ കണ്ണടയെടുക്കാനോടിയ കിളവന്മാരുടെ കാലംതൊട്ട് ഇങ്ങോട്ടു കേള്‍ക്കുന്നതാണ്. സഭക്കകത്തെയും പുറത്തെയും പ്രകടനം കണക്കിലെടുത്താല്‍ ആരില്ലെങ്കിലും സഭയില്‍ ഉണ്ടാവേണ്ട ആളാണ് പി.സി.യെന്ന തോന്നല്‍ മൂപ്പരുണ്ടാക്കി. ആപ്പും ആര്‍എംപിയും സിഎംപിയും പീസീജോര്‍ജും സീപീജോണും സാറാജോസഫും ഗീതാനന്ദനും ജാനുവും എല്ലാം ഒരുകുടയിലായാല്‍ പിന്നെ ഒരില്ലിയുടെ താങ്ങു ധാരാളം സുരേന്ദ്രന്‍ അകത്ത്. വല്ലതും നടക്കുമോയെന്നറിയാന്‍ നടേശഗുരു പുരപ്പുറത്തുകയറിയിരിപ്പുണ്ട്. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്നതുപോലെ, ബി.ജെ.പി അത്രമോശം പാര്‍ട്ടിയല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇതിനകം കൊടുത്തുകഴിഞ്ഞു. ഇനി നായകരും വില്ലന്‍മാരും എല്ലാവരും കൂടിച്ചേര്‍ന്നുള്ള ട്വന്റി-ട്വന്റി സംഘനൃത്തമാണ്. സംഘനൃത്തത്തിനു അങ്ങിനെയൊരു ഗുണമുണ്ട്. ഒരുത്തന്‍ അഥവാ ഒരുത്തി തോന്നിയതുപോലെ കളിച്ചാല്‍ മതി, എല്ലാ മികവും ഹലാക്കാവും. എല്ലാവരുടേയും പ്രതീക്ഷ ഇപ്പോള്‍ അതിലാണ്. ഏതെങ്കിലും കാലൊടിഞ്ഞ ഒന്നിനെ അങ്ങോട്ടു കടത്തിവിട്ടു പരിപാടി കുളമാക്കുവാന്‍.  അതുകൊണ്ടുതന്നെ ആപ്പിന്റെ ഭാരിച്ച ഉത്തരവാദിത്വം ട്രൂപ്പില്‍ പ്രതിഭകളെ ഉറപ്പാക്കുകയാണ്, വെറും ചൂലല്ല, കൊള്ളരുതാത്തവര്‍ക്കെതിരെ കുറ്റിച്ചൂലെടുക്കുകയുമാണ്.

March 01, 2013

വിവേചനവും വിമോചനവും

ഭൂമുഖത്തെന്തിനോടാണ് നിത്യനേറ്റവും വലിയ ആരാധനയെന്നു ആരെങ്കിലും ചോദിച്ചാല് മൊട്ടത്തലയില് തുടുത്ത ആപ്പിളോ ഉണക്കു തേങ്ങയോ പഴുത്ത ചക്കയോ വീണ് ബോധോദയമോ മോഹാലസ്യമോ ഒന്നുമുണ്ടാവേണ്ടകാര്യമില്ല. ഉത്തരം എന്നേ റെഡിയാണ് - അതു വനിതകളോടാണ്, വനിതകളോടുമാത്രം. അടുത്തത് ആരോടാണെന്നു ചോദിച്ചാല് പണ്ട് ചാര്ലി ചാപ്ലിന് പറഞ്ഞ മറുപടി നിത്യനും പറയും. അങ്ങിനെയൊന്നുണ്ടായിട്ടുവേണ്ടേ? ഞാനെന്നും എല്ലാവരോടും നിത്യകാമുകിയോടു നിത്യവും, ക്ഷമയുടെ നെല്ലിപ്പടിയില് നിന്നും മഹതി ഉരുണ്ടുതാഴെവീഴുന്നതിനും തപ്പിത്തടഞ്ഞ് എഴുന്നേല്ക്കുന്നതിനുമിടയിലെ ആ നാലു സെക്കന്റില് കൂടി അതുദ്ബോധിപ്പിക്കുന്നതാണ്.

പണ്ടു പായില് കയ്യും കാലുമിട്ടടിക്കുന്ന കുഞ്ഞായിരിക്കുമ്പോള് ആണും പെണ്ണും തമ്മില് വലിയ വകഭേദമുണ്ടോ? ഉണ്ടെന്നാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില് ഇല്ലെന്നാണെന്റെ ഉത്തരം. ഒരേ കരച്ചില്, ഒരാവശ്യത്തിനും മുടക്കമില്ല. സദാ പരിചാരകര് ചുറ്റിലും. ഇമ്മിണി ബല്യ തറവാടാണെങ്കില് സെന്ട്രി ഡ്യൂട്ടിക്ക് ആളുകള് മാറിമാറി. കുടുംബം തികച്ചും ഒരു മോണ്സ്റ്ററുടെ ഉത്തരവിനായി കാതോര്ത്തു ചുറ്റിലുമിരിക്കുന്ന എന്തുസുന്ദരമായ അവസ്ഥയാണത്. അതുകൊണ്ടാണ് രജനീഷ് പറഞ്ഞത് സ്വാര്ത്ഥതയുടെ ഏറ്റവും വലിയ ഉദാഹരണം മുലകുടിമാറാത്ത കുട്ടികളാണെന്ന്. കാരണം ലോകം തന്നെ അവരെ ശുശ്രൂഷിക്കാന് വേണ്ടിയാണെന്നൊരു ബോധമാണവരില്, ആണ്പെണ് ഭേദമില്ലാതെ. അതായത് ആണും പെണ്ണും രണ്ടു കൈവഴിയായി ഒഴുകാന് തുടങ്ങുക പിന്നീടാണ്.

യാതൊരുവിധ വിവേചനവുമില്ലാതെ പിള്ളാരു രണ്ടും വളരട്ടെ എന്നു കരുതിയാണ് വീട്ടില് ചില പരിഷ്കാരങ്ങളൊക്കെ നടപ്പില്വരുത്തിയത്. ഒന്ന് ആണാണെന്നും മറ്റേത് പെണ്ണാണെന്നും ഏതെങ്കിലും ഒന്നിന് മറ്റേതിനേക്കാള് ഏതെങ്കിലും ആനുകൂല്യമുണ്ടെന്ന ബോധമുളവാക്കുന്ന യാതൊന്നും വാക്കിലോ നോക്കിലോ ചിന്തയിലോ ഉണ്ടാവരുത്. പൊരക്ക് തീപ്പിടിച്ചകാര്യമറിയിച്ചാലും അടിയന്തിരമായി ഒരു തീരുമാനത്തിലെത്താന് ചുരുങ്ങിയത് ഒന്നരദിവസത്തെ സമയമെങ്കിലും ആവശ്യമായിവരുന്നതുകൊണ്ട് നിത്യകാമുകി പൊതുവേ അഭിപ്രായം ചോദിച്ചു കുളത്തിലിറങ്ങുക പതിവില്ല. മൂപ്പരുടെ തീരുമാനം ഇങ്ങോട്ടറിയിക്കും, സമാധാനപ്രിയനായതുകൊണ്ടും മൂപ്പരുടെ കഴിവില് അപാരവിശ്വാസമുള്ളതുകൊണ്ടും സ്വന്തം നിലയില് പിന്നെയൊരാലോചോനയില്ല. ഫയലില് കണ്സെന്റ് വിത്തൗട്ട് കമന്റ്സ് രേഖപ്പെടുത്തുകമാത്രമാണ് പതിവ്.

അങ്ങിനെ രണ്ടിനും ഒരേ ഭക്ഷണം, ഒരേ വെള്ളം, തവിടുപൊടിയാക്കാനുള്ള സകലസാമഗ്രികളും ഒന്നുതന്നെ. പറിച്ചുകീറാനുള്ള വാരികകള് പത്രക്കടലാസുകള്, മുനകുത്തിയൊടിക്കാനുള്ള പെന്നുകള് പെന്സിലുകള്, എന്തിന് പിഴുതു വേരോട്ടത്തിന്റെ കൃത്യത അറിയുവാനുപകരിക്കുന്ന സസ്യലതാദികള്, പുറംകടലില്പോയി ആദ്യമായി കൊമ്പനെ കുടുക്കിയ അരയന്റെ അഭിമാനത്തോടെ അമ്മ നട്ടുനനച്ച പയറിന്റെ പൂവുമൊടിച്ച് 'കിത്തിപ്പോയ്' എന്നുവിളിച്ചുപറഞ്ഞ് ഓടിയണയുവാനുള്ള സൗകര്യം ഒന്നിനും ഒരു കുറവുമില്ല. സമ്പൂര്ണ തുല്യത. കൂടാതെ ഒന്.എന്.വി പാടിയതുപോലെ കയ്യില് വളയില്ല, പാടാത്തതുപോലെ കാതില് തുളയില്ല, മെയ്യിലലങ്കാരമൊന്നുമില്ല. ചെക്കന് കലമുടച്ചാല് പെണ്ണു കച്ചട്ടിയുടക്കുന്ന പ്രകൃതം.

സംഗതികളങ്ങിനെ പുരോഗമിക്കുമ്പോഴാണ് കളിയില് ചില്ലറ മാറ്റം ദൃശ്യമാവുന്നത്. രണ്ടുവയസ്സ് തികച്ചുമാവാത്ത പെണ്ണ് ഒരു നാള് വന്നുപറഞ്ഞു. 'നിക്ക് മാലവേണം, കാതല് വേണം, ബളവേണം'. ഇതു കേട്ട പാതി കേള്ക്കാത്ത പാതി, ഞാന് നേരത്തേപറഞ്ഞ ആ കണ്സന്റ് വിത്തൗട്ട് കമന്റ്സ് മുന്കാലപ്രാബല്യത്തോടെ നള് ആന്റ് വോയ്ഡ് ആയി, പോതിയുടെ കോമരത്തെ അനുസ്മരിപ്പിക്കും വിധം മഹതി ഒരു മികച്ച പ്രകടനം കാഴ്ചവച്ചു. 'അന്നേ പറഞ്ഞതാ ഞാന് കാതു കുത്തിക്കാന്, ഇനിയിപ്പോ എത്ര പാടുണ്ട് അതൊന്നു കുത്താന്'. തത്സമയം തന്വംഗിയുടെ മുന്നില് പെട്ട നമ്മുടെ ഒരു ഗ്രന്ഥം ബഹിരാകാശം ലക്ഷ്യംവച്ചു കുതിച്ചുയര്ന്നുവെങ്കിലും ഒടുക്കത്തെ ആ സീലിംഗുകാരണം തിരിച്ചു ക്രാഷ്ലാന്റുചെയ്യേണ്ടിവന്ന വിവരവും ഇതോടൊപ്പം വ്യസനസമേതം അറിയിക്കുന്നു.

അടുത്തദിവസം തന്നെ നോക്കുമ്പോഴേക്കും ആടയാഭരണങ്ങളെല്ലാമണിഞ്ഞ് അന്തസ്സായിരിക്കുകയാണു മോള്. കൊള്ളക്കാരന് വീരപ്പന്റെ ദേഹം പോലെ കിട്ടിയതെല്ലാം ചാര്ത്തിയിട്ടുണ്ട്്. പോലിസിന്റെയും ഫയര്ഫോഴ്സിന്റയും ഇന്ത്യന് പട്ടാളത്തിന്റെയും ബി.എസ്.എഫിന്റെയും ചിഹ്നങ്ങളെല്ലാം സമൃദ്ധമായുള്ളതായിരുന്നു വീരപ്പന്റേ കാക്കിക്കുപ്പായം. എഴുത്തുവായനയും അറിയാത്തതുകൊണ്ട് വ്യത്യസ്തമായ അടയാളങ്ങളെക്കൊണ്ട് യാതൊരു തൊന്തര്വ്വുമുണ്ടായില്ല. ആരെ തട്ടിയാലും മൂപ്പര് ചിഹ്നം പറിക്കും കുപ്പായത്തില് തുന്നിച്ചേര്ക്കും. ഒരു തിറക്കുവേണ്ടത്ര വളകള് കൈയ്യിലും മാലകള് കഴുത്തിലുമായി മോളങ്ങിനെ തെക്കുവടക്കു നടക്കുകയാണ്. കാതില് സംഗതി ചാര്ത്താന് ഒരു രക്ഷയുമില്ലാത്തതുകൊണ്ട് ആ ശ്രമം മാത്രം വിജയം കണ്ടില്ല.

അതിനടുത്ത ദിവസം സംഗതി ഒന്നുകൂടി പുരോഗമിച്ചു. അകത്തെ റേഡിയോയെടുത്തു കുളുമുറിയിലെ ബക്കറ്റില് കൊണ്ടുപോയിട്ട് 'ബാബ'യെ കുളിപ്പിക്കുന്ന ചടങ്ങുകൂടി ഭംഗിയാക്കിയപ്പോള് നിത്യനൊരു കാര്യം ഉറപ്പായി. നമ്മളായിട്ട് ഉത്സാഹിക്കുകയൊന്നും വേണ്ടതില്ല. ഞാന് കാവിലെ തമ്പുരാട്ടിയെപ്പോലെ ആടയാഭരണങ്ങളണിഞ്ഞു നില്ക്കേണ്ടവളും കുഞ്ഞിനെ കുളിപ്പിക്കേണ്ടവളുമാണെന്ന ബോധം, മുളച്ചാല് ബോധിവൃക്ഷമല്ല പച്ചച്ചീരയാവേണ്ടതാണെന്ന ബോധം ചീരവിത്തിനുള്ളതുപോലെ കുട്ടികളിലുമുണ്ടാവണം. ചെക്കന് കിട്ടിയ കല്ലെടുത്ത് കണ്ടതിനെ എറിയുമ്പോഴാണ് പെണ്ണ് അവനോടൊപ്പം ചേര്ന്ന് ഒരു കല്ലെടുത്തു കണ്ടതിനു ഞാനും പാസാക്കട്ടെയെന്നു ചിന്തിക്കാതെ കഷ്ടപ്പെട്ടു റേഡിയോയെ കുളിപ്പിച്ച് പൗഡറിടുവിക്കുന്നത്.

ഫെമിനിസ്റ്റുകള് അവകാശപ്പെടുന്നതുപോലെ, ആണിനെ ആണായും പെണ്ണിനെ പെണ്ണായും എരുമയെയും പോത്തിനെയും വളര്ത്തുന്നതുപോലെ വളര്ത്തുന്നതുകൊണ്ടല്ല വിവേചനമുടലെടുക്കുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്. വിവരമുള്ളവരല്ലേ വിശ്വസിച്ചുകളയാമെന്നുകരുതി അതങ്ങുവിശ്വസിച്ചു, പരീക്ഷിച്ചു. വിവേചനമെന്നു പേരിട്ടുവിളിക്കുന്ന ചിലത് നൈസര്ഗികവാസനകളാവുമ്പോള് സംഗതിയുടെ കിടപ്പറിയാന് നിരീക്ഷണങ്ങള്ക്കപ്പുറത്തുള്ള ഉള്ക്കാഴ്ചയാണു മരുന്നിനെങ്കിലും വേണ്ടതെന്നു തോന്നുന്നു.

അതുകൊണ്ട് ആണ് ആണായും പെണ്ണ് പെണ്ണായും വളരട്ടെ. കരയും കടലുമെന്നപോലെ. കര കരയായും കടല് കടലായും നില്ക്കുമ്പോഴാണ് ഭൂമിയില് ജീവന്റെ സംഗീതം അവശേഷിക്കുക. ആ ബന്ധം വഷളാവുമ്പോഴാണ് സൂനാമി സംഭവിക്കുന്നത്. സര്വ്വനാശം. ഒന്നില്ലാതെ മറ്റതിന് പ്രസക്തിയില്ല. നിലനില്പുമില്ല. അപ്പോള് വിവേചനത്തിന്റെ തുടക്കം കൊടുത്ത വളത്തിലല്ല, വിത്തില് തന്നെയാണെന്നു വരികയാണ്. ശുപ്പാമണി ഭാഗവതരുടെ നൃത്തസംഗീതക്ലാസില് നിന്നല്ല കുയിലു പാടാന് പഠിച്ചതും ആണ്മയിലിന്റെ മോഹനനാട്ടത്തിന്റെ അരങ്ങേറ്റം നടക്കുന്നതും. പുള്ളിപ്പുലിയുടെ പുള്ളിപോലെ തലമുറതലമുറയായി കൈമാറിവരുന്ന ഒരു ബോധമാണിതിനു പിന്നില്.

സ്വന്തം കാലിലെ മുറിവിന് ആരാന്റെ തലക്കു ചികിത്സിച്ചതുകൊണ്ടു വല്ല കാര്യവുമുണ്ടോ? ഇതിഹാസകാരനെ തന്നെ കുഴക്കിയ പെണ്ണുങ്ങളെത്രയായിരുന്നു. ഭഗവാന് ശ്രീകൃഷ്ണന് തന്നെ വിചാരിച്ചിട്ടും ഒഴിവാക്കാന് പറ്റാതെപോയതാണ് മഹാഭാരതയുദ്ധം. യുദ്ധത്തിന്റെ വിത്തും വേരും അന്വേഷിച്ചു പോയാലെത്തുക സ്വന്തം ദുര്യേഗത്തിന് കശ്മലന് ദുര്യോധനന് അനുജന് ദുശ്ശാസനന് കെട്ടഴിച്ചുവിച്ച കൃഷ്ണയുടെ മുടിയിലാണ്. അഞ്ചണ്ണത്തിനെ കൊണ്ടുമതു കെട്ടിച്ചില്ലെന്നു മാത്രമല്ല, കുലം മുച്ചൂടും മുടിപ്പിക്കുകയും ചെയ്തു. അവസാനം യുദ്ധം എന്തിനുവേണ്ടിയാരുന്നു, എന്താണു നേടിയത് എന്നറിയാന് വ്യാസന് കവടിനിരത്തേണ്ട പരുവത്തിലാക്കിക്കൊടുത്തത് പെണ്ണൊരുത്തിയാണ്. അതുകൊണ്ടു സ്വാതന്ത്ര്യമില്ലെന്നു മാത്രം പറയരുത്. സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നതിനു കൂടി തെളിവാണ് ആ മനുമന്ത്രം. 'ന! സ്ത്രീ സ്വാതന്ത്ര്യമര്ഹതി'. അതര്ഹിക്കുന്നില്ലെന്നു പറയുന്നത് ഉണ്ടായിരുന്നെന്നതിനുള്ള തെളിവല്ലേ. സ്വാതന്ത്ര്യം ഉപയോഗിച്ചില്ലെന്നതല്ലേ നേര്. ഇന്നല്ലേ സ്വന്തം പേരുപോലും ഇല്ലാതായത്. സീതാ രാമചന്ദ്രനായിരുന്നില്ല സീത സീതയായിരുന്നു. ദ്രൗപദി ചതുരവീരരഞ്ച് എന്നായിരുന്നില്ല, ദ്രൗപദിയെന്നുമാത്രമായിരുന്നു. ഈവ് മിസ്. ആദം ആയിരുന്നില്ല. അതൊന്നൊന്നര ഈവുതന്നെയായിരുന്നു.

അപ്പോള് സുസ്വതന്ത്ര്യമായി സുമുഖരോടുമൊപ്പം നടന്ന സുസ്തനികളെപ്പോഴാണ് പിന്നിലായിപ്പോയത്? സ്വന്തം വ്യക്തിത്വമെപ്പോഴാണ് കെട്ടിയോന്റെ നിഴലായിപ്പോയത്? ഏതു ചുരത്തിലെ എത്രാമത്തെ വളവില് വച്ചാണ് ആണുങ്ങള് പെണ്ണുങ്ങളെ നിയമം ലംഘിച്ച് ഓവര്ടേക്കുചെയ്തുപോയത്? ഭൂമി സൂര്യനുചുറ്റും തിരിയുമ്പോള് സമൂഹം പെണ്ണിനുചുറ്റു തിരിഞ്ഞതാണ് നമ്മുടെ ചരിത്രം. ആദിമകലണ്ടറുകളുടെ അടിസ്ഥാനം പെണ്ണിന്റെ ആര്ത്തവചക്രമാണെന്നു ചരിത്രം. പ്രശ്നപരിഹാരം തേടിയുള്ള നടപ്പാവട്ടെ മൂക്കത്തെ കണ്ണടയക്ക് നാടൊട്ടാകെ തിരയുന്നതുപോലെയാണ്.

ജന്ഡറോ ജനിതകമോ എന്തോ ആവട്ടെ, ഏതുവിധത്തില് നോക്കിയാലും പെണ്ണിന്റെ ഭാവി കണലെടുത്ത മടലുപോലെയാക്കിയതില് ആണുങ്ങള് വഹിക്കുന്ന പങ്കിനെ കുറച്ചു കാണുന്നില്ല. പെണ്ണു വിചാരിച്ചാല് നാലുനാളുകൊണ്ടു നിലക്കുനിര്ത്താന് പറ്റാത്ത പുരുഷോത്തമന്മാരൊന്നും ഭൂമിയിലുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല. കെട്ടാത്തതും കിട്ടാത്തതുമായ ആണുങ്ങള്ക്കു ഇപ്പറഞ്ഞതു ബാധകമല്ല. കെട്ടാത്ത പെണ്ണുങ്ങള്ക്ക് വിവേചനത്തിന്റെ ഈ വിഷയമേ ബാധകമല്ല. വിരസമായ ഈ രചനയില് മുഴുകി ആത്മാഹുതി ചെയ്യേണ്ട യാതൊരു കാര്യവുമില്ലാത്തതിനാല് അവര് ജയ-മായാ-മമത-ദൈവങ്ങളില് ആരെയെങ്കിലും സ്മരിച്ച് കൈയ്യെത്താവുന്ന ദൂരത്തുള്ള ആണുങ്ങളെക്കൊണ്ട്, വിശിഷ്യാ അവരുടെ മൂക്കുകൊണ്ട്, ക്ഷ, ഝ, ജ്ഞ, ഋ എല്ലാം വടിവിലെഴുതിക്കട്ടെ.

നിങ്ങളില്ലാതെ നമുക്കെന്താഘോഷം? ജീവിതം ആഘോഷമാക്കണമെന്ന് മനസാ ആഗ്രഹിക്കുന്നവരാണ് ഭൂമുഖത്തെ ആണുങ്ങള് മുയ്മനും. അപ്പന്ചത്ത പതിനാറടിയന്തിരത്തെക്കാള് മുന്തിയ തെളിവ് ഇതിനു വേറെവേണോ? ഇനി, ഒരാഘോഷത്തിന് ആദ്യം വേണ്ട ഒരു ഇന്ഫ്രാസ്ട്രക്ചര് ഫെസിലിറ്റി അഥവാ പശ്ചാത്തലസൗകര്യം ലേശം മനസ്സമാധാനമാണ്. നിങ്ങളെക്കൊണ്ട് ഏറ്റവുമെളുപ്പം കഴിയുന്ന പണി ക്രമസമാധാനപ്രശ്നങ്ങളില്ലാത്തവിധത്തില് സമാധാനത്തെ വഴിതിരിച്ചുവിടുകയാണ്.

ഈയൊരു കാര്യം അസ്സലായി മനസ്സിലായതുകൊണ്ടല്ലേ മിസിസു പറയേണ്ടതാമസം, പണ്ടൊരു ശുംഭന് ഗദയും വലിച്ചു, കേട്ടപാതി കേള്ക്കാത്ത പാതി പാഞ്ഞത്. താന് ജന്മത്തില് കണ്ടിട്ടുകൂടിയില്ലാത്ത, അതുകണ്ടവരെതന്നെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടുകൂടിയില്ലാത്ത, ഏതു കാട്ടിലെന്നുകൂടിയറിയാത്ത, ഇനി കണ്ടുകിട്ടിയാല് തന്നെ വച്ചൊത്തുനോക്കുവാന് ഒരു സാമ്പിളുകൂടിയില്ലാതെ കല്യാണസൗഗന്ധികവും തേടി ചാടിപ്പുറപ്പെട്ടതു കുഞ്ചനെക്കൊണ്ട്

'കണ്ടവസ്തുക്കളില് കാംക്ഷയുണ്ടായവള്
കൊണ്ടുവാ കൊണ്ടുവാ എന്നു കല്പിക്കയും
ശണ്ഠകൂടീടുമെന്നോര്ത്തു ഭയപ്പെട്ടു
മണ്ടിത്തുടങ്ങും മയങ്ങാതെ നിങ്ങളും'

എന്നു ചീത്തവിളിപ്പിക്കാനായിരുന്നോ അല്ലെങ്കില് തിര്വോന്തരം അരുവിയോടംശം ദേശത്തെ , മധുസൂദനന് നായരെക്കൊണ്ട്

'പ്രേമപഞ്ചകം തീര്ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപ്പുണര്ന്നുകൊണ്ടറിയിച്ചൂ ഭീമസേനന്
തങ്കം! എനിക്കു കൈയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്'

എന്നു പാടിക്കാനായിരുന്നോ? തിണ്ടിന്മ്മേലില് നിന്നും ഒരു ചെമ്മരത്തിപ്പൂ പറച്ച് തത്ക്കാലം ഇതുകൊണ്ടൊപ്പിക്കെന്നും പറഞ്ഞ് അതാ 'ശ്ലഥനീലവേണിയില് വാരിചൂടിച്ചാല്' പോരായിരന്നോ വൃകോദരന്്?

ആ തടിയന്റെ കാര്യം പോട്ടെ, ഇതിഹാസകാരന് പുരുഷോത്തമനായി കാട്ടിത്തന്ന ശ്രീരാമന്റെ ജീവിതം കട്ടപ്പൊകയാക്കിയത് മിസിസിന്റെ കണ്ണില് പെട്ട ഹലാക്കിന്റെ ഒരു മാനായിരുന്നില്ലേ. പ്രപഞ്ചത്തിന്റെ പൊരുളറിയാവുന്ന മനസ്സില്നിന്നും ആ മാനിന്റെ ജാതകം മാത്രം ഡിലീറ്റായിപ്പോയതായിരുന്നോ? മിസിസ് രാമന് മാനിനെ കണ്ട ശേഷമുള്ള രാമന്റെ കഷ്ടപ്പാടുകളുടെ കഥയായിരുന്നില്ലേ ശരിക്കും രാമായണം. അതില്ലായിരുന്നെങ്കില് വാത്മീകി അതിനു സീതായനമെന്നു പേരിടുമായിരുന്നു.

അതുകൊണ്ട് യഥാര്ത്ഥപ്രശ്നം സ്ത്രീ സ്വാതന്ത്ര്യമല്ല, സ്വാതന്ത്ര്യമില്ലായ്മയുടെ പ്രശ്നമേയില്ല. പ്രശ്നം സ്വന്തമായി ഒരു ജയിലു പണിത് അതില് തലമുറകളായി സ്ഥിരതാമസമാക്കിയതാണ്. പ്രൊഫഷണല് വിദ്യാഭ്യാസരംഗത്തു മികച്ചുനില്ക്കുന്നത് പെണ്കുട്ടികളാണെന്നും പലയിടത്തും 50 ശതമാനം അവരാണെന്നും പഠനങ്ങള് പറയുമ്പോള് പ്രൊഫഷനിലേക്കെത്തുന്നത് 10 ശതമാനം കൂടിയില്ലാതായിപ്പോവുന്നതെന്തുകൊണ്ടാണ്? അതിനുള്ള സ്വാതന്ത്ര്യമില്ലാഞ്ഞിട്ടാണോ അതോ സൗകര്യമില്ലാത്തതുകൊണ്ടാണോ? 50 ശതമാനത്തിനു പഠിക്കാന് പോവാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില് പണിക്കുപോവാനുള്ളതുമുണ്ടാവണമല്ലോ?

നിത്യന് സ്വന്തംനിലയ്ക്കൊരു സര്വ്വേനടത്തിയതിന്റെ രത്്നച്ചുരുക്കം ഇങ്ങിനെ വരും. നേരത്തേ പറഞ്ഞ 50 ശതമാനം മുന്തിയ പിള്ളാരില് മുക്കാല് പങ്കിനും യാതൊരു ലീവിനും അര്ഹതയില്ലാത്ത മുന്തിയ പണിയാണ്. കാലത്ത് ബ്രാഹ്മമുഹൂര്ത്തത്തില് ഉണര്ന്ന് അടുക്കളയിലെത്തണം. പിന്നെ മണിക്കൂറുകള് നീണ്ടുനില്ക്കുന്ന, അലീക്കായുടെ നൂലുണ്ടയൊഴിച്ച് മറ്റെല്ലാസംഗതികളുമുള്ള ഉഗ്രപോരാട്ടം. പോരാട്ടാനന്തരം ബ്രേക്ക്ഫാസറ്റും ലഞ്ചും കബറടക്കിയ പെട്ടികള് റെഡി. ഉടനോടിവന്നു ജയറാം പടിക്കലിനെ മനസില് ധ്യാനിച്ചുകൊണ്ട് കണ്ണുതുറക്കാത്ത കുട്ടികളെ നന്നായി ഉരുട്ടിയശേഷം ഉണര്ന്നപരുവത്തിലായാല് നിവര്ത്തിനിര്ത്തണം. തൃശൂര്പൂരത്തിന്റെ തയ്യാറെടുപ്പുകളെക്കാളും ഒന്നുകൂടി കടുപ്പപ്പെട്ട സംഗതിയാണ് വടക്കോട്ടു വിളിക്കുമ്പോള് തെക്കോട്ടുപോവുന്ന പിള്ളാരെ സ്കൂളിലേക്കു റെഡിയാക്കി വണ്ടിക്കുവച്ചുകൊടുക്കുന്ന ചടങ്ങ്. ഇതു കഴിഞ്ഞുവേണം അനന്തശയനം അയ്യങ്കാരായി വാഴുന്ന മൂന്നാംക്ലാസു ഡിഗ്രിക്കാരനെ കാപ്പിയുമായി ചെന്ന് കാലുപിടിച്ചെഴുന്നേല്പ്പിക്കാന്. അപ്പോള് അദ്ദേഹം ഒരുവിധം എഴുന്നേറ്റിരുന്ന് കാപ്പിവാങ്ങി ധ്യാനനിമഗ്നനായി കല്പിക്കും പോയി പത്രം വന്നോയെന്നുനോക്കാന്, വന്നെങ്കില് കൊണ്ടുവരാന്, വന്നില്ലെങ്കില് അടുത്തവീട്ടില് കൊടുത്തോയെന്നറിയാന്, കൊടുത്തില്ലെങ്കില് അതിന്റെ കാരണം ചെക്കന് വരുമ്പോള് ചോദിക്കാന്. പത്രം വന്നെങ്കില് അതൊന്നുനോക്കി ഇസ്രയേലും ഈജിപ്തും അമേരിക്കയും ഇറാനും എല്ലാം യഥാസ്ഥാനത്തുണ്ടെന്നുറപ്പുവരുത്തി വരുമ്പോഴേക്കും കുളിക്കാനായി ഉന്തിത്തള്ളി വിടണം. കുളികഴിഞ്ഞു വരുന്നതും നോക്കിയിരിക്കണം, തലയില് വല്ലതുമുള്ളവനാണെങ്കില് നന്നായി തോര്ത്തിയോ എന്നു നോക്കണം, തലയിലൊന്നുമില്ലാത്തവനാണെങ്കില് ദൈവത്തിനു സ്്തുതി പറയാവുന്നതുമാണ്. പിന്നെ ഇസ്തിരിവച്ച ഡ്രസ്സെടുത്തുകൊടുക്കണം. പാന്റിലദ്ദേഹമിറങ്ങിയങ്ങിനെ സ്ഥിതിചെയ്യുന്ന അസുലഭനിമിഷത്തില് സിപ് ഇട്ടിട്ടുണ്ടോയന്നെ നോക്കുകയുമാവാം. കൈയ്യുടെ ബട്ടണ് മൂന്നാംക്ലാസുകാരനിടുമ്പോള് നെഞ്ചത്തേത് ഒന്നാം ക്ലാസുകാരിയിടണം. പിന്നെ ബ്രീഫ് കെയ്സും വണ്ടിത്താക്കോലുമെടുത്ത് ഉന്തിത്തള്ളി വണ്ടിയിലെത്തിക്കണം. അനന്തരം കണ്ണില് നിന്നും മൂന്നാംക്ലാസുകാരന് മിന്നിമറയുന്നതുവരെ വലതുകൈ പൊക്കി ട്രാഫിക് പോലീസുകാരനെപ്പോലെ അസ്സലൊരു ചിരിയുമായി (അതുവേണ്ടെന്ന ഒരു ആനുകൂല്യം പോലീസുകാരനുണ്ട്) വടിപോലെ നില്ക്കണം. വണ്ടി കണ്മറഞ്ഞാല് ഉടുത്തത് സാരിയാണങ്കില് വാരിക്കുത്തി കൈരണ്ടും നടുവിലൂന്നി അസ്സലായൊരു ദീര്ഘശ്വാസമാവാം. (സൂക്ഷിക്കണം, മൂന്നാംക്ലാസിന്റെ നാലാംക്ലാസു മാതാവ് പരിസരത്തുണ്ടെങ്കില് ദീര്ഘശ്വാസം അന്ത്യശ്വാസമായിപ്പോവാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് അതു അടുത്തൊരവസരത്തിലേക്കു മാറ്റിവെക്കാവുന്നതുമാണ്). എന്റെ ഹൂറിമാരേ നിങ്ങള് മുയ്മനും പഠിച്ചത് ഹോം സയന്സാണോ? അല്ല, അറിയാതെ ചോദിച്ചുപോവുകയാണ്. കാര്യത്തിന്റെ കിടപ്പിങ്ങിനെയാണെങ്കില് മനുഷ്യക്കടത്തില്പെട്ട് ഗള്ഫിലെത്തിപ്പോവുന്നവരും നിങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങള്ക്കു കടത്തുകാരന്റെ മേല്വിലാസമറിയാമെന്നുള്ളതോ?

ആണിനും പെണ്ണിനും മാത്രമായി ചെയ്യാന് പറ്റുന്ന പണി ഭൂമുഖത്തൊന്നെയുള്ളൂ. അതൊരു ജന്മവാസനയുടെ ഭാഗമാണ്. അതു മാറ്റിനിര്ത്തുക. പരമ്പരാഗതമായി ആണുങ്ങള് കൈകാര്യം ചെയ്യുന്ന കാര്യങ്ങളില് കൈവച്ചാല് തുല്യതകൈവരിക്കുമെന്നു തലക്കുവെളിവില്ലാത്തവര് പറഞ്ഞുതന്നു. അതു നമ്മള് കേട്ടു. നമ്മളത് പ്രാവര്ത്തികമാക്കുന്നതില് ഒരു പരിധിവരെ വിജയിച്ചു. ഫലമോ അതുംകൂടി ഒഴിവായികിട്ടിയല്ലോ എന്ന് ആണുങ്ങള് ആശ്വസിച്ചു.

അതേ സമയം നിങ്ങളുടേതെന്ന് പരമ്പരാഗതമായി കരുതിവരുന്ന ഏതെങ്കിലും മേഖലയില് ആണുങ്ങള് പാരച്യൂട്ടില് വന്നിറങ്ങിയോ? അതൊട്ടില്ലതാനും. നിങ്ങളാണെങ്കില് അവരെ അതിലേക്കു വിളിച്ചാനയിച്ചോ? അതുമില്ല. തുല്യത പിന്നെയെവിടുന്നാണു പറന്നുവന്ന് ഉമ്മറത്തിരിക്കുക? ഉത്തരവാദിത്വങ്ങള് പങ്കുവെയ്ക്കപ്പെടുമ്പോഴാണു തുല്യതാബോധം സൃഷ്ടിക്കപ്പെടുന്നത്. ചോറുതിന്നുക എന്റെ ഉത്തരവാദിത്വവും പാത്രം കഴുകുക ചേച്ചിയുടെ ഉത്തരവാദിത്വവുമാണെന്ന ഒരു ബോധം ചിന്നതിലേ ചെറുക്കന് നമ്മളായിട്ടു ഉണ്ടാക്കിക്കൊടുക്കുകയാണ്. ചൊട്ടയിലെ ശീലം ചുടലവരേയെന്നാണല്ലോ. ഈ ബോധത്തെയാണു ചവുട്ടി മറിച്ചിടേണ്ടത്. അതാണ് നിങ്ങളെയാരും പഠിപ്പിക്കാത്തതും. അതു ചെയ്യേണ്ടതാവട്ടെ നിങ്ങളല്ലാതെ മറ്റാരുമല്ലതാനും.

ലോകത്തെ ഏറ്റവും മുന്തിയ അദ്ധ്യാപനം അമ്മമാരുടേതാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആ നെടുനീളന് സിലബസില് ഇതുകൂടി ഉള്പ്പെടുത്തുക. തിന്നെണീറ്റുപോവുമ്പോള് ചുറ്റിലുമുള്ള അവശിഷ്ടങ്ങളും കൂടി എടുത്തോളാന് പഠിപ്പിക്കുക, കൊണ്ടുപോയി കൊട്ടാനും, വൃത്തിയായി പാത്രം കഴുകിവെയ്പിക്കാനും പഠിപ്പിക്കുക. അടുത്തതായി ഉടുവസ്ത്രം അലക്കുവാനും പഠിപ്പിക്കുക. അനിയത്തിയെയോ അനിയനേയോ കുളിപ്പിച്ചുകൊടുക്കാനും പഠിപ്പിക്കുക.

ഇതെന്റേത് അതവളുടേത് എന്നൊരു തൊഴില്വിഭജനത്തിന്റെ മുളയില് ഈയൊരു ബോധത്തിന്റെ തിളച്ചവെള്ളം ഒഴിക്കാത്തതാണു പ്രശ്നം. അതു മുളയിലേ നുള്ളുന്നതോടുകൂടി സംഗതി ക്ലീന്. ഭാവിയില് അവനും അവന്റെ കെട്ടിയോളം ഒരേസമയം ഉറങ്ങിയുണരും. അടുക്കളയിലെത്തും. പിള്ളാരെ പറഞ്ഞുവിടും. ശേഷം ജോലിസ്ഥലത്തേക്കും കുതിക്കും. അടുത്ത തലമുറയില് നടേ പറഞ്ഞ 50 ശതമാനവും പ്രഫഷണലുകളായി രംഗത്തുണ്ടാവുകയും ചെയ്യും. ഞങ്ങള് തുടങ്ങി. നിങ്ങളോ?

February 02, 2013

നായരു പിടിച്ച പുലിവാല്‍

വലിയവലിയ മോഹങ്ങളും മോഹഭംഗങ്ങളുമൊന്നും സംഭവിക്കുന്നവരല്ല പണ്ടുപണ്ടേ പെരുന്നയില്‍ വാഴുന്നവര്‍. എല്ലാവരും കുറേ മേഡിക്കല്‍ കോളേജുകളും വാങ്ങിപോയെന്നുകേട്ടാല്‍ കാരണവര്‍ ചാരുകസാരയില്‍ നിന്നൊന്നെണീറ്റ് പോയി സമദൂരത്തിന്റെ കയറൊന്നഴിച്ചുകെട്ടും. സമദൂരം കയറുപൊട്ടിച്ച വിവരമറിഞ്ഞെത്തുന്നവര്‍ മന്നംസമാധിയില്‍ ഒന്നു പുഷ്പാര്‍ച്ചനനടത്തി കാരണവരെ വന്നു തൊഴുതു വണക്കമായി വല്ലതും ഉണര്‍ത്തിക്കും. സ്വന്തമായി കൊട്ടുന്നകൂട്ടത്തിലായിരുന്നില്ല പണിക്കര്‍, പഥ്യം വരുന്നവരെക്കൊണ്ട് നന്നായി കൊട്ടിക്കലായിരുന്നു. പണിക്കരുടെ മുന്നില്‍ കൊട്ടാത്തവരുടേതായി ഏതെങ്കിലും പാര്‍ട്ടി കേരളത്തിലുണ്ടെന്നു ആരും പറയുകയില്ല. പൂഷ്പാര്‍ച്ചനയും കൊട്ടും കേട്ടു തൃപ്തിപ്പെട്ടാല്‍ കാരണവര്‍ സമദൂരത്തെ കണ്ടെത്തി വീണ്ടും ആലയിലോട്ടു മാറ്റും. ഇതായിരുന്നു പതിവു സമ്പ്രദായം. ആ കാരണവര്‍ക്ക് അതിനുള്ള അതിനുള്ള ത്രാണിയൊക്കെയുണ്ടായിരിന്നു. തലയില്‍ ആള്‍പാര്‍പ്പും. അന്ന് എഞ്ചിനീയറിംഗ് കോളേജു വാങ്ങിക്കൂട്ടിയവര്‍ നാളെ അതു കോഴിഫാമാക്കാനുള്ള ആലോചന ഇപ്പോള്‍ നടത്തുന്നുണ്ടാവണം. മരിച്ചോയെന്നറിയാന്‍ പോലും ആളുകള്‍ ആരെയും കൊണ്ടുചെല്ലാത്ത മേഡിക്കല്‍ കോളേജുകാര്‍ ഇനിയങ്ങോട്ടിറക്കാന്‍ പോവുന്ന ലാടവൈദ്യന്‍മാരും ചെരുപ്പുകുത്തികളും നാളെ ഇരിക്കാനുള്ള സീറ്റിനുവേണ്ടി തെരുവില്‍ തല്ലുന്നതു കാണാനുള്ള യോഗമില്ലാതെ പണിക്കരദ്ദേം പോയി.

പഴയകാരണവരുടെ ചെല്ലപ്പെട്ടികൊണ്ടുമാത്രം നിലവിലെ കാരണവര്‍ക്കു കഴിയാനുള്ള ഉപായമൊന്നും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തതായി അറിവില്ല. അതില്ലെന്നതിനുള്ള തെളിവാണ് അല്ലെങ്കില്‍ ഉള്ളത് കുബുദ്ധിയെന്നതിനുള്ള തെളിവാണ് ഈയൊരവസരം. ഒരു സമൂദായത്തിന്റെ പേരും പറഞ്ഞു നടത്തുന്ന കൊള്ളയുടെ അവസാനത്തെ ഉദാഹരണമാണ് മലപ്പുറത്തെ മുപ്പതിലേറെ സ്‌കൂളുകള്‍ക്കുള്ള അംഗീകാരാവശ്യം. കാതുകേള്‍ക്കാത്തവര്‍ക്കും കണ്ണുകാണാത്തവര്‍ക്കും നാവെടുക്കാന്‍ പറ്റാത്തവര്‍ക്കുമായുള്ള ഏതാനും സ്‌കൂളുകള്‍ക്ക് അംഗീകാരം കൊടുത്തപോലെ സാമുദായികകൊള്ളസംഘങ്ങളുടെ സ്ഥാപനങ്ങള്‍ക്കും അംഗീകാരം കൊടുക്കണമെന്ന ലീഗിന്റെ ന്യായമായ ആവശ്യം കേരളം മൊത്തം ചര്‍ച്ചചെയ്യുമ്പോഴേക്കും സുകുമാരന്‍നായരിലെ പ്യൂണ്‍ബുദ്ധിയാണോയെന്നറിയില്ല ഒറ്റ പ്രസ്താവനകൊണ്ട്ു ആ ചര്‍ച്ചയെ നാടുകടത്തി ലീഗിനെ രക്ഷിച്ചു.

സ്വര്‍ഗത്തിന്റേതായ ഒരു സൂചിക്കുഴ സിദ്ധാന്തമുണ്ടായിരുന്നു പണ്ട്. അതായത് ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്ന അന്നുമാത്രമേ ധനികന്‍ സ്വര്‍ഗത്തിലെത്തുകയുള്ളൂ. സമാനമായ ഒരു സിദ്ധാന്തമാണ് പെരുന്നയില്‍ നിന്നും ഇപ്പോള്‍ വന്നിട്ടുള്ളത്. താക്കോല്‍സ്ഥാന സിദ്ധാന്തം. ചുരുക്കിപ്പറയാം. വാക്കുകള്‍ക്ക് തീപ്പിടിച്ച വിലയാണ്. സമയത്തിനും. സെക്യുലര്‍ എന്നൊരു വാക്കു ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തുവച്ചിട്ടുള്ളതുകാരണം ചില്ലറ ബുദ്ധിമുട്ടുകള്‍ ഇല്ലാതെയില്ല. അപ്പോ ന്യായമായും അതുകൊണ്ടുള്ള തൊന്തരവു മുസ്ലീം ലീഗിനുണ്ടോയെന്നു ചോദിച്ചാല്‍, തല്ക്കാലം കെ.ടിയുടെ ഇതു ഭൂമിയാണ് എന്ന നാടകത്തിലെ കഥാപാത്രം പറയുന്നതുപോലെ 'ശോദ്യാണ്' എന്നുമാത്രമേ പറയാന്‍ കഴിയൂ.

നായരുടെ പാര്‍ട്ടി, തീയ്യരുടെ പാര്‍ട്ടിയെന്നെല്ലാം പറഞ്ഞു നമുക്ക് സഭയില്‍ കയറിയിരിക്കുവാനുള്ള ചാന്‍സില്ല. പണ്ടങ്ങിനെയൊരു പരീക്ഷണം നടത്തിനോക്കിയിരുന്നു. ആത്മഹത്യക്കും കൊലപാതകത്തിനുമിടയിലെ ആ ആര്‍ത്തനാദം പെട്ടെന്നു തന്നെ നിലച്ചതുകൊണ്ടു നാടും നായരും രക്ഷപ്പെട്ടു. ഒരു രാഷ്ട്രീയപാര്‍ട്ടി വേണ്ടിവന്നാല്‍ ഉണ്ടാക്കും എന്നു പണ്ടു വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ വിശാലലക്ഷ്യങ്ങളെക്കുറിച്ചെല്ലാം ഈഴവാചാര്യന് അന്നു നല്ല ബോദ്ധ്യവുമുണ്ടായിരുന്നു. പിന്നീടൊന്നു പതംവന്നാലോചിച്ചിട്ടുണ്ടാവണം. പതിനെട്ടടവും പൂഴിക്കടകനുമറിയുന്ന ആചാര്യന്‍ ഏതായാലും ശിഷ്യരുടെ ചവുട്ടുകൊണ്ടു ചാവാനില്ലെന്നു തീര്‍ച്ചപ്പെടുത്തി. പാര്‍ട്ടിയെപറ്റി പിന്നീട് മിണ്ടിയില്ലെന്നുമാത്രമല്ല എന്തുണ്ടാക്കിയാലും  പാര്‍ട്ടിമാത്രമുണ്ടാക്കുകയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങിനെയൊരു പരിതസ്ഥിതിയില്‍ നമ്മളായിട്ടു തന്നെ രാജ്യഭാരം പേറണമെന്നുണ്ടെങ്കില്‍ വല്ല വിപ്ലവവും സംഘടിപ്പിച്ചു സഭയിലോട്ടു മാര്‍ച്ചുചെയ്യണം. നായര്‍പടയാളികളെ പറ്റി കുഞ്ചന്‍നമ്പ്യാര്‍ നല്കുന്ന ഏകദേശധാരണവച്ച് അതേപറ്റിയും വല്ലാതെ ചിന്തിക്കണമെന്നില്ല. സമുദായം കണ്ടെത്തുന്ന ഒരു താക്കോലിനെ ഭരണപൂട്ടിന്റെ ചുമതല ഏല്‍പ്പിക്കുവാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് എല്ലാംകൊണ്ടും മെച്ചപ്പൊട്ടെരേര്‍പ്പാട്.  പൂട്ടുണ്ടോയെന്നു ആരെങ്കിലും ചോദിച്ചാല്‍ ഉണ്ടെന്നു പറയാന്‍ കഴിയണം. അതാണല്ലോ സെക്യുലാറിസം. താക്കോലായി ചെന്നിത്തലയും പൂട്ടായി ചാണ്ടിയും ഒട്ടുമാവുപോലെ വളരുമ്പോള്‍ സമദൂരത്തറയിലില്‍ കാവലാളായി ആത്മീയാചാര്യന്‍ സുകുമാരന്‍നായരുമുള്ള ഒരു ത്രീടയര്‍ മോണിറ്ററിംഗ്  സിസ്റ്റത്തെയാണ് താക്കോല്‍സ്ഥാന സിദ്ധാന്തം കൊണ്ടു വിവക്ഷിക്കുന്നത്.

പരലോകത്തെ ഇല്ലാത്ത സ്വര്‍ഗത്തെപറ്റി ജീവിച്ചിരിക്കുമ്പോള്‍ ബേജാറാവേണ്ട കാര്യമൊന്നുമില്ല. സ്വര്‍ഗത്തിന്റെ കൃത്യമായ കിടപ്പെവിടെയാണെന്നു മത-സമുദായ നേതാക്കള്‍ക്കു നന്നായറിയാം. കുളക്കോഴിയും കുളത്തിലേക്കുള്ളവഴിയും പോലെ നൈസര്‍ഗികമായ ഒരു ബോധമാണത്. ഭൂമിയിലെ സ്വര്‍ഗമാണല്ലോ അതതു പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് അതിതാണ് അതിതാണെന്നു വിളിച്ചുപറയുവാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്നില്ല. ആ മഹാന്റെ കുലത്തില്‍പിറന്നുപോയതുകൊണ്ടു മാത്രം രാജ്യഭാരമേല്‍ക്കേണ്ടിവന്ന ആയൊരു അവധൂതനുണ്ടല്ലോ. ശുഭ്രവസ്ത്രധാരി. മൂപ്പരെക്കൊണ്ട് ആയൊരു ഔപചാരിക പ്രഖ്യാപനം നമുക്കങ്ങു നടത്തിക്കാവുന്നതേയുള്ളൂ.

ജീവിച്ചിരിക്കുമ്പോള്‍ കണ്ണ്  ഭൂമിയിലെ സ്വര്‍ഗത്തിലാവണം. വേണ്ടിവന്നാല്‍ ഒട്ടകങ്ങളെ വരിവരിവരിയായി സൂചിക്കുഴയിലൂടെ കടത്താനുള്ള സംവിധാനമൊക്കെ പടച്ചോന്റെ കൃപകൊണ്ടു ജനാധിപത്യത്തില്‍ സാദ്ധ്യമാണ്. അക്കാര്യത്തില്‍ ഹൈന്ദവനെന്നോ കൃസ്ത്യാനിയെന്നോ മുസല്‍മാനെന്നോ വകഭേദമൊന്നുമില്ല. മതനേതാക്കള്‍ ഏകോദരസഹോദരന്‍മാരാണ്. പുട്ടിന് പപ്പടം വാങ്ങാന്‍ ഗതിയില്ലാത്തവനും കട്ടന്‍ കുടിക്കുന്ന പൊട്ടനും രണ്ടു കോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവനുമാണല്ലോ ചത്തുമലച്ചാലുള്ള സ്വര്‍ഗത്തിന്റെ അവകാശികള്‍. ഭൂമിയുടെ അവകാശികളായി ഭൂമാഫിയയെയും മതസമുദായസംഘടനകളെയും നമ്മളെന്നേ അംഗീകരിച്ചുകഴിഞ്ഞു.

പരലോകസ്വര്‍ഗത്തെപറ്റിയുള്ള ചര്‍ച്ചയും വാഗ്വാദങ്ങളും കൈവെട്ടും കാല്‍വെട്ടും തലതെറിക്കലുമെല്ലാം അവിടെ നടന്നോട്ടെ. സ്വര്‍ഗത്തെപറ്റിയൊരു തീര്‍പ്പുണ്ടാവുമ്പോഴേക്ക് ഭൂമിയില്‍ ആരൊക്കെ ബാക്കിയാവും എന്നു കണ്ടറിയേണ്ടതാണ്. ഇതേപറ്റി മുന്തിയ ചര്‍ച്ചകള്‍ കുറേക്കാലമായി നടത്തുന്ന താലിബാനികളുടെ നാട്ടില്‍ സ്‌ക്വയര്‍ കിലോമീറ്ററില്‍ ഇന്നത്തെനിലക്ക് ഒരു മുയ്മന്‍ മനുഷ്യനെ കാണാന്‍ കഴിയുമോയെന്നു സംശയമാണ്.

പെരുന്നയില്‍ പണ്ടു വെറൊരു സിദ്ധാന്തമുണ്ടായിരുന്നു. പണിക്കരുടെ സമദൂരസിദ്ധാന്തം. സ്‌നേഹം അടുപ്പം വിശ്വാസം എന്നൊക്കെയുള്ള സംഗതികള്‍ അളക്കാന്‍ പ്രത്യേകം രൂപകല്പനചെയ്‌തൊരു മീറ്ററായിരുന്നു പണിക്കരുടെ കണ്ടുപിടുത്തം. എല്ലാവരും കരുതിയതുപോലെ, രണ്ടുമീറ്റര്‍ സ്‌നേഹം, ഒന്നരമീറ്റര്‍ അടുപ്പം, നാലുമീറ്റര്‍ അനുഭാവം, പത്തുമീറ്റര്‍ സമദൂരം എന്നൊന്നുമല്ല അളവുകോല്‍. സുനാമിയളക്കുന്ന റിക്ചര്‍സ്‌കെയിലിന്റെ അത്ര കടുപ്പപ്പെട്ട സ്്‌കെയിലാണ്. സന്ദര്‍ശകരായി രാഷ്ട്രീയക്കാര്‍ ആരെങ്കിലും എത്തിയാല്‍ സ്‌കെയിലും കൊണ്ടു ആസ്ഥാനവിദ്വാന്‍മാര്‍ പിന്നാലെ കൂടും. ഇന്‍ പ്രൊപോര്‍ഷന്‍ റ്റു സന്ദര്‍ശകരുടെ നാവടി ഓണ്‍ നായര്‍പ്രേമം സ്‌കെയിലിലെ റീഡിംഗ് കൂടിയും കുറഞ്ഞുമിരിക്കും. ജന്മത്തില്‍ മന്നം എന്ന പേരുതന്നെ കേള്‍ക്കാനിടയില്ലാത്ത ദേശ്മുഖ് പണ്ട് പെരുന്നയിലെത്തിയപ്പോള്‍ ഈ സമദൂരസ്‌കെയിലിലെ രസം തെരുവുപട്ടിയെ കണ്ട അണ്ണാനെപ്പോലെയാണു കുത്തനെ കയറിപ്പോയത്. മന്നത്തോടുള്ള ആദരവുകൊണ്ട് നില്ക്കക്കള്ളിയില്ലാതായ ദേശ്മുഖ് അന്നു കിട്ടിയവിമാനത്തില്‍ ദില്ലിയില്‍ നിന്നും പുറപ്പെട്ട് ഒരു കൈക്കുടന്ന നിറയെ പൂവുമായെത്തി മന്നം സമാധിയില്‍ അര്‍ച്ചനനടത്തിക്കളയുകയാണു ചെയ്തത്. ആ അര്‍ച്ചന നല്കിയ അനുഭൂതി അടുത്തുനിന്ന സുകുമാരന്‍നായര്‍ നേരില്‍ കണ്ടതാണ്.

അതേപറ്റി നേരില്‍ പറയാന്‍ ഇന്ന് ദേശ്മുഖില്ല, പണിക്കരദ്ദേഹവുമില്ല. അതുകൊണ്ടു ചെന്നിത്തലക്കും കുഴപ്പമില്ല. ചാണ്ടിക്കൊട്ടുമില്ല. ഇങ്ങിനെയാണോ വേണ്ടത്? പൊതുജനത്തിനുള്ളതുപോലെ ലേശം നേരും മര്യാദയുമൊക്കെ  രാഷ്ട്രീയക്കാര്‍ക്കും സമുദായ നേതാക്കള്‍ക്കുമായിക്കൂടെ എന്നതാണ് നായരുടെ ന്യായമായ ചോദ്യം.

ചോദ്യകര്‍ത്താവുന്റെ തലയിപ്പോള്‍ പെരുവഴിയിലെ ചെണ്ടപോലെയായി. കലിപ്പടങ്ങുന്നില്ലല്ലോടാന്നു പറഞ്ഞപ്പോള്‍ ബുഷിന്റെ തന്തക്കിട്ട് നാലുവിളിക്കെടാ മുദ്രാവാക്യം എന്നു പറഞ്ഞവനെ് ഓര്‍മ്മവരുന്നു. ഒരു വസ്തു പേടിക്കാനില്ല. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും ചീത്തവിളിക്കുന്നതിനും ഒബാമയെ വിളിക്കുന്നതിനും സത്യത്തില്‍ ഒരേ ഇഫക്ടാണ്. വിളിക്കുന്നതിനു മുന്‍പും വിളിച്ചതിനുശേഷവും നമ്മുടെ ഫോട്ടത്തില്‍ വ്യത്യാസമൊന്നും സംഭവിക്കുകയില്ല. ആയൊരു ധൈര്യത്തിലാണ് ഞാനും ഇതെഴുതുന്നത്. 

തന്നെ കൊന്നാലുമിനി ചെന്നിത്തലയെ താക്കോല്‍സ്ഥാനത്ത് ഇരുത്തുകയില്ലെന്നു നായര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല വിഷയത്തില്‍ സോണിയാഗാന്ധി പ്രതികരിച്ചില്ലെങ്കില്‍ അവസാനത്തെ അടവു പയറ്റുമെന്നും പറഞ്ഞിരിക്കുകയാണ്. തൃശൂര്‍പൂരത്തിലെ കുടമാറ്റം കണക്കെ ഒരേര്‍പ്പാട് -  കൂടുമാറ്റം. അറ്റകൈക്കുമാത്രമാണു അതു ചെയ്യുക. അതു ചെയ്യണമെങ്കില്‍ സോണിയാഗാന്ധി മറുപടിപറയണമെന്നു ഒരു ക്ലോസുണ്ട്. അതായത് മാഡം മറുപടിച്ചില്ലെങ്കില്‍ നായര്‍ കൂടുമാറുകയില്ല. ദേശ്മുഖും പണിക്കരദ്ദേഹവുമാണ് കരാറുണ്ടാക്കിയത്. അന്ന് അസി.സിക്രട്ടറിയായിരുന്ന നായരിലെ പ്യൂണിന് അതിന്റെയൊരു പകര്‍പ്പെടുത്തുവെയ്ക്കാനുള്ള ബുദ്ധിയുമുണ്ടായില്ല. കടലാസും കൊണ്ടുവന്നു ജാതിസംഘടനയുമായി കരാറൊപ്പിട്ടതിനു ജയിലിലെത്തിപ്പോവുകയില്ലെന്ന ഉറപ്പ് എല്ലാവര്‍ക്കും കിട്ടിയപ്പോഴാണ് ചാണ്ടിക്കും ചെന്നിത്തലക്കും ദുഷ്യന്ത്യന്റെ രോഗം പിടിപിട്ടെത് - മഹാവിസ്മൃതി. നായര്‍ക്കെന്തു ജയില്‍ എന്തു കോടതി? അതേപറ്റിയൊന്നും ആലോചിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ എയ്ഡഡ് സ്‌കൂള്‍ അംഗീകാര വിവാദം കൊഴുക്കുന്ന നേരം നായര്‍ ഈ വിവരക്കേടുവിളമ്പി വിവാദമുണ്ടാക്കുമായിരുന്നോ?

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്. ചില പ്രത്യേക സ്ഥാപനങ്ങളുടെ മാനേജരും പ്യൂണും ഒരാള്‍തന്നെയായിരിക്കും. എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് ആയൊരു നിയോഗം. മാനേജരായി ലക്ഷങ്ങള്‍ എണ്ണിവാങ്ങി കള്ളന്‍മാരെ വാദ്ധ്യാന്‍മാരായി നിയമിക്കും. നിയമിക്കപ്പെടുന്ന കള്ളന്‍മാര്‍ക്കു കഞ്ഞിവെക്കാനായി മാനേജര്‍ സ്വയം പ്യൂണായി അവതരിക്കും.  എല്ലാവരെയും ശമ്പളവും ചാവുന്നതുവരെ പെന്‍ഷനും നല്കി സര്‍ക്കാര്‍ പാലിക്കും. എന്നാല്‍ പ്യൂണ്‍ നേരെപോയി ഒരു പ്രസ്ഥാനത്തിന്റെ ജനറല്‍ സിക്രട്ടറിതന്നെയായാല്‍ പിന്നെ സംഭവിച്ചുകൂടാത്തത് വല്ലതുമുണ്ടോ? അതാണു നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പണ്ട് ആളുകള്‍ ഇരുന്ന സ്ഥാനത്തു സുകുമാരന്‍നായര്‍ ഇരിക്കാന്‍ തുടങ്ങുമ്പോഴേ സമുദായത്തിന്റെ അവസ്ഥ ഉല്ക്ക പതിച്ച ഡിനോസറിന്റേതാവുമോ എന്നൊരു സംശയം മുന്നേ തോന്നിയിരുന്നു. സമുദായസ്‌നേഹികള്‍ ആദ്യം വേണ്ടത് കസേരക്കു പറ്റിയൊരാളെ എവിടുന്നെങ്കിലും കൊണ്ടുവരികയാണ്.

September 25, 2012

ചാണക്യതന്ത്രങ്ങളും സര്‍ദാര്‍ജിഫലിതവും

ലോകപ്രസിദ്ധ തക്ഷശില സര്‍വ്വകലാശാലയില്‍ പണ്ടൊരു പ്രൊഫെസറുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ ഗുരു എന്നുപറയും. ഇന്ത്യയിലെ ആദ്യത്തെ കിങ്‌മേക്കറും മൂപ്പരായിരുന്നു. ചരിത്രത്തിലാദ്യമായി (അവസാനമായും?) ഒരു ശൂദ്രനെ രാജാവായി വാഴിക്കാന്‍ മുന്നോട്ടുവന്ന ബ്രാഹ്മണനും മൂപ്പരുമാത്രമായിരുന്നു.  നന്ദരാജാവിന്റെ കൊട്ടാരദാസികളിലൊരാളായ മുരയ്ക്കു ജനിച്ച മകനെ രാജാവാക്കിയത് ചാണക്യതന്ത്രങ്ങളായിരുന്നു. മുര എന്ന ശൂദ്രസ്ത്രീയില്‍ നിന്നുമാണ് മൗര്യസാമ്രാജ്യം എന്നപേരുതന്നെ ഉണ്ടായത്.

ചാണക്യന്റെ തല ചന്ദ്രഗുപ്തന്റെ മെയ്യോടുചേര്‍ന്നപ്പോള്‍ ഡിനോസറിനു ബുദ്ധിയുദിച്ചതുപോലെയായി. അതാണ് മൗര്യസാമ്രാജ്യത്തിന്റെ ചരിത്രം. രാജാവിന്റെ മുകളിലും താഴെയുമായി ഒരേസമയം ഉപദേശകനായും പ്രധാനമന്ത്രിയായും ചാണക്യന്‍ തിളങ്ങി. ചന്ദ്രഗുപ്തമൗര്യന്റെ പേരും പെരുമയും അതിര്‍ത്തികടന്നത് അദ്ദേഹം വഴിയായിരുന്നു.

അന്നു ചൈനയില്‍ നിന്നും ഒരു പണ്ഡിതനായ സഞ്ചാരി പ്രധാനമന്ത്രിയെ കാണാനെത്തി.  കൊട്ടാരംവിട്ടുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യവസതിയില്‍ വച്ചു കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം കിട്ടിയ സഞ്ചാരി, പ്രധാനമന്ത്രിയുടെ വസതിതേടിയെത്തി. ഒരു മണിസൗധം പ്രതീക്ഷിച്ചിടത്ത് പ്രദേശവാസികളുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു കുടില്‍. അനുവാദം ലഭിച്ചു അകത്തുകയറിയപ്പോള്‍ ചെറിയമുറിയില്‍ ഒരു വിളക്കിന്റെ വെളിച്ചത്തിലിരുന്നു ചാണക്യന്‍ എന്തോ ഓലയിലെഴുതുന്ന തിരക്കിലായിരുന്നു. ഉപചാരപൂര്‍വ്വം ആഗതനോടു ഇരിക്കാന്‍ ആംഗ്യംകാണിച്ചു, ഒരുരണ്ടുമിനിറ്റുനേരത്തേക്കു ക്ഷമചോദിച്ച് എഴുതിക്കൊണ്ടിരിക്കുന്നതു മുഴുമിപ്പിച്ചു. എഴുത്തു കഴിഞ്ഞയുടന്‍ അദ്ദേഹം ആ വിളക്കണച്ചു. മറ്റൊന്നെടുത്തു കത്തിച്ചു. ആഗതനു കുടിക്കാനും ഭക്ഷിക്കാനുമുള്ളത് ഉപചാരപൂര്‍വ്വം സ്വയമെടുത്തു നല്കി. കേട്ടറിഞ്ഞ ചാണക്യനെന്ന 'ഭീകരനെ' കണ്ട്് അയാള്‍ അദ്ഭുതപരതന്ത്രനായി. 

ചൈനക്കാരനുമായി ഗഹനമായ വിഷയങ്ങളില്‍ വാദപ്രതിവാദങ്ങളും ആശയക്കൈമാറ്റങ്ങളുമെല്ലാമായി നേരം പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്വവസതിയില്‍ ഇത്രയും തിരക്കുകള്‍ക്കിടയിലും ഒരു വിദേശസഞ്ചാരിയോടു ആഥിത്യമര്യാദയോടുകൂടി പെരുമാറാനും ചര്‍ച്ചയ്ക്കായും മറ്റും സമയം ചിലവിട്ടതിനും നന്ദിപറഞ്ഞുകൊണ്ട് ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു. എത്രയാലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല കൗടില്യന്‍ - ഒരു വിളക്കൂതി മറ്റൊന്നു തെളിച്ച് അതിഥിയെ സ്വീകരിക്കുന്ന ഭാരതീയ ചടങ്ങിന്റെ പിന്നിലെന്തായിരിക്കണം കാര്യം. അത് ആതിഥ്യമര്യാദയുടെ ഭാഗമല്ലെന്നും ചടങ്ങല്ലെന്നും ചാണക്യന്‍ പറഞ്ഞപ്പോള്‍ ചൈനക്കാരനില്‍ ആശ്ചര്യമേറി. പിന്നെയെന്തിനായിരുന്നു ചാണക്യന്‍ അങ്ങിനെ ചെയ്തത് എന്നായി സഞ്ചാരി.

സുഹൃത്തേ ചില സമയങ്ങളില്‍ ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതിലേറെ സമയങ്ങളില്‍ ഞാന്‍ പ്രജയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രിയെന്ന നിലയില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സ്വത്തായ വിളക്ക് തെളിക്കും. പ്രജയെന്നനിലയിലാവുമ്പോള്‍ അതണച്ചു സ്വന്തമായതു തെളിക്കും എന്നര്‍ത്ഥം.

ചാണക്യനു സമശീര്‍ഷരായി മറ്റൊരാളില്ലാതെ, വാക്കിനു എതിര്‍വാക്കില്ലാതെ വാഴുന്ന കാലം. രാജ്യാന്തര പ്രശസ്തി. ഖജനാവുതന്നെ സ്വന്തം വരുതിയില്‍. പ്രതിപക്ഷം എന്നല്ല ചോദിക്കാനും പറയാനും തന്നെ ആളില്ലാക്കാലം. അന്നു മൂപ്പരു വിചാരിച്ചിരുന്നെങ്കില്‍ 35 ലക്ഷത്തിന്റേതല്ല 350കോടിയുടെ മുന്തിയ ഏര്‍പ്പാടില്‍ തന്നെ രണ്ടിനുപോവാനുള്ള വകയുണ്ടായിരുന്നു. അതുചെയ്യാത്തതാണു ചാണക്യനെ വ്യത്യസ്തനാക്കിയതും ചരിത്രത്തിലൊരിടം നേടിക്കൊടുത്തതും. ആചാരവെടിയോടെ അസ്തമിക്കുന്നതായിരിക്കും മറ്റുള്ളവരുടെ ഓര്‍മ്മകള്‍. ആചാരവെടിയേറ്റ ജനഹൃദയങ്ങളിലെ മിക്ക നേതാക്കളുടെയും സ്ഥാനം ഉരുണ്ടുവീഴുന്നതു ചവറ്റുകുട്ടിയിലേക്കായിരിക്കും. ചരിത്രം ആരെയും അവഗണിക്കാറില്ല. പുറമ്പോക്കില്‍ ഒരു ചവറ്റുകുട്ട സ്ഥാപിച്ച് പലരെയും ആദരിക്കുകയാണു പതിവ്.

രാജ്യത്തിനാവശ്യം ധാരാളികളായ ചക്രവര്‍ത്തിമാരെയല്ല, പോരാളികളായ ചാണക്യന്‍മാരെയാണ്. മരുന്നിനുപോലുമില്ലാതാവുന്നതും ആയൊരു വംശപരമ്പരയാണ്. കൗടില്യതന്ത്രങ്ങളില്‍ നിന്നുപിടിവിട്ട് നാം പണം കായ്ക്കുന്ന മരത്തിലെ സര്‍ദാര്‍ജി ക്രൂരഫലിതത്തിലേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. നിലം തൊടുംമുമ്പേ ചാണക്യനൊരു സല്യൂട്ട്.June 10, 2012

ടി.പി. വധം - ഒരു ക്വട്ടേഷന്‍ സന്ദേശം


ഇടുക്കിയിലെ ''മണി'' മുഴക്കത്തോടെ ഫ്രം ഫോര്റ്റു തേര്ട്ടീന്ലക്കി നെയിംസ്  വെളിപ്പെടുത്തണമെന്ന തങ്കച്ചന്റെ അഭ്യര്ത്ഥന കേട്ടപ്പോള്ചിരിനിര്ത്താനാണു പാടുപെട്ടത്. എന്തുകൊണ്ടു ടി.പി. വധത്തിനുമാത്രം ഇന്തമാതിരിയൊരു അന്വേഷണം എന്ന പലരുടേയും ചോദ്യത്തിന്റെ ഉത്തരത്തിന്റെ പാതി ആയൊരു അഭ്യര്ത്ഥനയിലുണ്ട്. മേഘസന്ദേശം പോലെ, മയൂരസന്ദേശം പോലെ ഒരു ക്വട്ടേഷന്സന്ദേശത്തിന്റെ ഫൈനല്എഡിറ്റിങ്ങായിരുന്നു ടി.പി. വധം. സന്ദേശം എല്ലാവര്ക്കും കിട്ടി. അതായത് കേരളത്തില്എണീറ്റുനടക്കാന്പറ്റാത്തവരെല്ലാം കൂടി ഒരു പാര്ട്ടി രൂപീകരിച്ചാല് പാര്ട്ടിയെ എതിര്ക്കുന്നവരെ തട്ടാന്നാലാളെ കിട്ടാന്ലച്ചം തേച്ചും വേണ്ത്ത സുന്ദരമായ യാഥാര്ത്ഥ്യമാണു വെളിപ്പെട്ടത്. ഒരു ഒന്നൊന്നര ടൂ ഇന്വണ്പ്രഖ്യാപനമായിരുന്നു അത് - ക്വട്ടേഷന്‍ - ഒരേസമയം ചരിത്രപരമായ മണ്ടത്തരവും കാലത്തിന്റെ ദൗത്യവും പാര്ട്ടി തന്നെ നിറവേറ്റി. ചുവരെഴുത്തു വായിച്ചപ്പോള്ചരിത്രത്തില്ആദ്യമായി അന്വേഷണം കാറ്റിനുപാറുന്ന ചപ്പില്നിന്നും അതുവരെ കിളച്ചാല്കിട്ടാത്ത അസഹിഷ്ണുതയുടെ വിഷവൃക്ഷത്തിന് വേരുകളിലേക്കിറങ്ങി. പൊതുജനത്തിന്റേതുപോലല്ലോ നേതാക്കളുടെ ജീവന്‍. ദേ ആര്മോര്ഈക്വല്‍. ഇക്കണ്ടതെല്ലാം ഉണ്ക്കിയാല്മാത്രം പോരല്ലോ? അതൊന്നും അനുഭവിക്കാന്യോഗമില്ലാതാവുന്നതിനെക്കാള്ഭീകരമായി മറ്റെന്തുണ്ട് ലോകത്തില്‍?

ഇടുക്കിവീരനെ പുറത്താക്കിയാല്മാത്രം പോരാ നേപ്പാളിലെ രാജാവിന്റെ ആത്മാവിനെ ആനയും പൂജാരിയും സഹിതം നാടുകടത്തിയപോലെ പടിയടച്ചു പിണ്ഡം വെക്കേണ്ടതാണ്. ഒരു പ്രത്യയശാസ്ത്ര ശുദ്ധികലശവും നടത്തണം. ''ഉത്തമ കമ്മ്യൂണിസ്റ്റിനെ' കുറേകാലമായി കേട്ടു മാനസികനില തകരാറിലായി പോയ അണികളുണ്ടെങ്കില് അവരെ കൌണ്സിലിങ്ങിനു വിധേയരാക്കി സാധാരണരാഷ്ട്രീയജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയും വേണം.

മതമാവട്ടെ രാഷ്ടീയമാവട്ടെ വിശ്വാസം വിശ്വാസംതന്നെയാണ്. സത്യവും വിശ്വാസവും അമ്മയെയും അച്ഛനെയും പോലെയാണ്. പ്രത്യക്ഷത്തില്അമ്മ ഒരു സത്യവും അച്ഛന്ഒരു വിശ്വാസവും എന്നു പറയാം. സത്യവും വിശ്വാസവും തമ്മിലുള്ള സാമ്യം അതാണ് അന്തരവും അതുതന്നെയാണ്. രണ്ടും ചേരുംപടി ചേരുന്നിടത്താണ് മാനവികത പൂത്തുലയുന്നതു. അതില്ലാത്തിടത്താണു സര്വ്വനാശത്തിന്റെ രാക്ഷസത്തിരമാലകള്ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നുമതം മാത്രമല്ല രാഷ്ട്ടീയവും ഒരു വിശ്വാസം മാത്രമാവുമ്പോഴാണ് രണ്ടും മനുഷ്യനെ മയക്കുന്ന കറുപ്പായി മാറുന്നതും മൊത്തത്തില്താലിബാനിസവും ഫാസിസവുമായി അധപതിക്കുന്നതും. മാര്ക്സ് തീര്ത്തും ശരിയാണ്. മതം മതനേതാക്കള്ക്കുവേണ്ടിയായപ്പോള്വിലങ്ങനെ വളര്ന്ന അരമനകള്‍  മാനവികതയുടെ പ്രയാണത്തിനു മാര്ഗതടസ്സങ്ങളായി. സത്യം വിളിച്ചുപറഞ്ഞതിനു ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോ പറഞ്ഞ സത്യം മാറ്റിപറഞ്ഞു ജീവന്നിലനിര്ത്തി. അവസരമൊത്തുവന്നപ്പോള്സത്യം പിന്നീടു തെളിയിച്ചു. പരന്നഭൂമി താങ്ങിനിര്ത്തിയ ബൈബിളും വിശ്വാസങ്ങളുടെ ഏദന്തോട്ടവും ഭൂമി ഉരുണ്ടതോടെ നിലം പൊത്തിയില്ലെന്നതു മറ്റൊരു ചരിത്രം. ഉരുണ്ടഭൂമിയിലും വിശ്വാസങ്ങള്നന്നായി ക്ലച്ചുപിടിച്ചൂ. വിശ്വാസങ്ങളുടെ ചരിത്രം അതാണു. വിശ്വാസത്തിന്റെ അലക് സത്യബോധമാണെങ്കില്പിടി ഇതര വിശ്വാസങ്ങളോടുള്ള സഹിഷ്ണുതയായിരിക്കണം

മാര്ക്സിസം എല്ലായിടത്തും മതത്തിന്റെ വഴിയില്സഞ്ചരിക്കുന്നൂവെന്നു പറയുന്നില്ല, പക്ഷേ പാര്ട്ടിയുടെ അപഥസഞ്ചാരവും വഴിവിട്ട ബന്ധങ്ങളും കാണുമ്പോള്വ്യതിയാനങ്ങളുടെ വേറിട്ട മാര്ഗത്തിലാണു പാര്ട്ടിയെന്നു ആളുകള്മൊത്തം സംശയിക്കുന്നു. മൊത്തം ആളുകളുടെയും തലയുടെ കുഴപ്പമാണെന്ന ഈദിഅമീന്നിലപാടിലേക്കു പാര്ട്ടിയെത്തുമ്പോള്സ്വാഭാവികമായും നേതാക്കളുടെ തല പരിശോധിക്കുവാന്ആളുകള്പുറപ്പെടുന്നുആശയം ആമാശയങ്ങള്ക്കു വഴിമാറുമ്പോള്പ്രത്യയശാസ്ത്രത്തിന്റെ ഉടവാള്ക്വട്ടേഷന്വടിവാളായി മാറുന്നു. പാര്ട്ടിയുടെ സഞ്ചാരഗതി കുരിശുയുദ്ധപാതയിലോ വിശുദ്ധയുദ്ധപാതയിലോ അതോ ഇനി കക്ഷത്തിലെ മാനിഫെസ്റ്റോ വലിച്ചെറിഞ്ഞു ഉത്തരത്തിലെ ഗീതയില്കെട്ടിത്തൂങ്ങാനുള്ള പുറപ്പാടോ എന്നു തോന്നുംവിധമാണ് പ്രയാണംഅന്യന്റെ ശബ്ദം സംഗീതം പോലെയാസ്വദിക്കാനുള്ള സഹിഷ്ണുതയാണ് മാര്ക്സിസം ആവശ്യപ്പെടുന്നത്. മാര്ക്സിനു വേണ്ടിയിരുന്നതും

വിശ്വാസവും അന്ധവിശ്വാസവും തമ്മില്വ്യത്യാസമില്ലെന്നു തെളിയിക്കുകയാണു പലപ്പോഴുമായുള്ള അരുംകൊലകളും അതിന്റെ മോഡസ് ഓപ്പറാന്റിയും. വിശ്വാസത്തിന്റെ പേരിലുള്ള കൊലയും അന്ധവിശ്വാസത്തിന്റെ പേരിലുള്ള നരബലിയും തമ്മില്വ്യത്യാസമില്ലാതാവുകയാണ്ഒന്നു കരളിനെ ബാധിച്ചതാണെങ്കില്മറ്റേത് കൊരളിനെ ബാധിച്ച കാന്സര്‍. ഫലമോ നാളെയൊരുപക്ഷേ ആരുമോര്മ്മിക്കാത്ത ദുരന്തമായി ഒട്ടനവധി ഷഹീദുകളും രകതസാക്ഷികളും ബലിദാനികളുംസിംഹത്തെയും കടുവയെയും യാഗത്തില്ബലികൊടുക്കുന്ന പതിവില്ലാത്തതുകൊണ്ട് വന്കിടകുത്തകബൂര്ഷ്വാഭൂപ്രഭു വര്ഗങ്ങളുടെ ബോണ്സായിയായി സങ്കല്പിച്ച് നിരായുധനായവനെയും കിടന്നുറങ്ങുന്നവനെയും ജീവിച്ച വര്ഷത്തിനു ആനുപാതികമായി കഷണങ്ങളാക്കി വെട്ടിനുറുക്കുകയാണ് ട്രെന്റി ആര്ട്ട് ഓഫ് ക്വട്ടേഷന്കില്ലിംഗ്.


വിപ്ലവം തന്നെ ശ്വസിച്ചുവളര്ന്ന ധീരനായ, നട്ടെല്ലുള്ള വിപ്ലവകാരിയായ ടി.പി.യെ വെട്ടിനുറുക്കിയതിനു വിപ്ലവത്തിന്റെ കേരളത്തിലെ സര്വ്വാധികാര്യക്കാരെ സംശയിച്ച മഹാപാപികള്പണ്ടായിരുന്നെങ്കില്മഹാത്മാഗാന്ധിയെ തന്നെ സംശയിച്ചുകളയുമെന്നു തോന്നിപ്പോവുന്നതായിരുന്നു തുടക്കത്തിലെ ഗീര്വീണം. ഒരു മുഴുമനുഷ്യനാവാന്ജന്മം ഒന്നുംകൂടി ജനിക്കണമെന്നു ലോകത്തിനു നന്നായി ബോദ്ധ്യമുള്ള ബുദ്ധിമാത്രമില്ലാത്ത ബുദ്ധിജീവികളെയാണു കൊന്നതു ഞമ്മളല്ലെന്ന സത്യവിശ്വാസപ്രചരണത്തിനു നിയോഗിച്ചത്. അവരുടെ മൊഴിമുത്തുകളും സാസ്കാരിക ലോകത്തെ നെടിയ നെറൂദമാരുടെ താണുപോയതും തരംതാണുപോയതുമായ നാവുകളും ജനങ്ങളുടെ വിശ്വാസത്തിന്റെ ഗ്രാഫു കുത്തനെ ഉയര്ത്തി. ''വായില്എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല'' എന്ന് അധികാരികളോട് ചേര്ന്ന് നിന്ന ബുദ്ധിജീവികളെ സംബോധന ചെയ്ത് അടിയന്തരാവസ്ഥയ്ക്കുശേഷം പറഞ്ഞത് അരുണ്ഷൂരിയായിരുന്നു.

മതവിശ്വാസികള്ദൈവം രക്ഷിച്ചോളും എന്നു പറഞ്ഞു കൊല്ലിക്കുന്നു. പാര്ട്ടി രക്ഷിച്ചോളും എന്ന ഉറപ്പിന്മേല്പാര്ട്ടിയും കൊല്ലിക്കുന്നു. കൊല്ലാനും ചാവാനും ആളുകുറയുമ്പോഴുള്ള പുതിയവഴിയാണ് ക്വട്ടേഷന്‍. അതാണബന്ധത്തിലായതും. കഴിഞ്ഞ ദിവസത്തെ ഒരു മുഖ്യകൊടുവാള്പിടിയുടെ അറസ്റ്റോടുകൂടി ഒരു ശതമാനത്തിന്റെ ആനുകൂല്യത്തില്മാറിനിന്നവരുടെ സംശയത്തിനു കൂടി നിവൃത്തിയായിപാര്ട്ടി പറഞ്ഞതു മുഴുവനായും ശരിയായി വന്നു. ആര്ക്കും പങ്കില്ല. അതായത് പാര്ട്ടിക്കു പുറത്താര്ക്കും. സത്യം ജനത്തിനു ബോധ്യപ്പെട്ടതുകൊണ്ട്  ചാനല്ചര്ച്ചകളില്ഇനിയങ്ങോട്ടു വിപ്ലവപ്രതിഭകളാരും പങ്കെടുത്തു ചക്കിനുകെട്ടിയ മൂരിയുടെ ധര്മ്മം നിര്വ്വഹിക്കേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു.

പെണ്വാണിഭക്കേസിലെ പ്രതികള്പോവുമ്പോലെ തലയില്മുണ്ടിട്ടുപോകേണ്ടവരാണോ ഇക്കണ്ട മഹാവിപ്ലവകാരികളെല്ലാംഅന്തസ്സോടെ അരയുംതലയും മുറുക്കി അരോമല്ചേകോന്മാരെ, നെഞ്ചുവിരിച്ച് സി..എയെ നേരിട്ട ചെയെപ്പോലെ നിലകൊള്ളേണ്ട യോഗ്യന്മാരിങ്ങിനെ തലമറച്ച് വിതുമ്പിക്കൊണ്ടു പോവുന്നതു ലോകം കാണുമ്പോള്തലതാണുപോവുകയാണ്ഈയൊരുഗ്രന്വിപ്ലവദൗത്യവുമായി അക്കൂട്ടരെ ആശീര്വദിച്ചയച്ച ഫ്യൂഡല്ശുംഭന്മാര്ഉറപ്പുള്ള കയറും കൊണ്ട് അടിയന്തിരമായി ലക്ഷണമൊത്ത മാവു നോക്കേണ്ടതാണു.


പടച്ചോനില്വിശ്വസിക്കാത്തവരായിരുന്നു പണ്ടത്തെ അവിശ്വാസികള്‍. ഇന്നതു പാര്ട്ടിയില്വിശ്വസിക്കാത്തവരാണ്. മതേതരര്ക്ക് മതത്തില്നിന്നും പണ്ടു നേരിട്ട അതേ ഭീഷണിയാണിപ്പോള്പാര്ട്ടിയേതര്ക്കും. അവിശ്വാസികളുടെ ജീവനും മനസ്സമാധാനവുമെല്ലാം ഇപ്പോള്തന്നെ പാര്ട്ടിയുടെ ഔദാര്യമാവുമ്പോള്വിപ്ലവാനന്തര സര്വാധിപത്യ ഭരണകൂടത്തിന്റെ കീഴില്തലയില്ലാത്തവര്ക്കുമാത്രമായിരിക്കും ജീവിക്കാനുള്ള അവകാശമെന്നുതോന്നുന്നു. ഏതായാലും അതുണ്ടാവില്ലെന്നു പാര്ട്ടി ഉറപ്പിച്ചിട്ടള്ളതാണ് ഏക ആശ്വാസം. വാരിക്കുന്തവും വടിവാളും ലന്തത്തോക്കും നാടന്ബോംബുമായി സങ്കല്പത്തിലെ ഒരു വിപ്ലവം ദ്രവിച്ച കടലാസില്മാത്രമായിരിക്കുമെന്നും ജനാധിപത്യത്തിന്റെ സാദ്ധ്യതകള്പരമാവധി ഉപയോഗിക്കുക മാത്രമേ ഇന്ത്യന്സാഹചര്യത്തില്നടക്കുകയുള്ളൂവെന്നു കാരാട്ടു വ്യക്തമാക്കിയ സ്ഥിതിക്ക് അതു ഭാവിയിലെ സര്വ്വാധികാര്യക്കാരാവുന്നതും സ്വപ്നം കണ്ടുനടക്കുന്ന കൊല്ലിനും കൊലയ്ക്കും അധികാരമുള്ള താണനേതാക്കളെയും അണികളെയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ട ചുമതല ജനറല്സിക്രട്ടറിക്കുണ്ട്. അല്ലെങ്കില്കിട്ടാന്പോവുന്ന വോട്ടിനെ പറ്റി പിന്നീട് ബേജാറാവേണ്ടിവരില്ല. മുറിച്ച മെമ്പര്ഷിപ്പിറ്റിന്റെ കുറ്റിയെണ്ണിയാല്മതിയാവും.

വിപ്ലവം നടത്തി അധികാരം കൊയ്യുന്ന പരിപാടി ഉപേക്ഷിച്ചതിനുള്ള പ്രതിഫലമാണല്ലോ വിപ്ലവപ്രതിഭകള്ക്ക് സര്ക്കാരില്നിന്നും ലഭിക്കുന്ന അച്ചാരം - ജനസേവനത്തിനുള്ള ശമ്പളവും പെന്ഷനും രണ്ടുമൊന്നായിട്ടുമെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്. ഇങ്ങിനെ കിട്ടുന്ന ശമ്പളവും പെന്ഷനുംമൊഴിച്ച് ബാക്കിയെല്ലാം ബൂര്ഷ്വയാവുന്ന പതിവാണ് പ്രശ്നം. ജനാധിപത്യത്തിന്റെ സാമ്പത്തികാനുകൂല്യങ്ങള്കൈപ്പറ്റുകയും അതോടൊപ്പമുള്ള അവിശ്വാസികളോടുള്ള സഹിഷ്ണുത അശേഷം കാണിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ചന്ദ്രശേഖരന്മാര്സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയും കേരളത്തിലെ പാര്ട്ടിയെയും കാത്തിരിക്കുന്നത് ബംഗാള്പദവിയായിരിക്കും. പാര്ട്ടി നശിക്കരുത് - ഇടതുപക്ഷം ഇല്ലാതാവുകയുമരുത്.
---------------------------

വാര്ത്ത: പുരുഷന്മാരോടൊപ്പം നൃത്തമാടിയതിനു നാലു യുവതികളെ പാക്കിസ്ഥാനില് ഗോത്രസമിതി വധിച്ചു. മതത്തെ അവഹേളിച്ചു കുടുംബത്തിനും മാനക്കേടുണ്ടാക്കിയെന്നതെല്ലാമാണു കുറ്റങ്ങള്.

പിന്കുറി: ഞാനൊരു സംശയത്തിലാണ്. ഇവിടുത്തെപോലെ അവിടെയും എന്നെഴുതണോ അതോ അവിടുത്തെപോലെ ഇവിടെയും എന്നെഴുതണോ?