September 25, 2012

ചാണക്യതന്ത്രങ്ങളും സര്‍ദാര്‍ജിഫലിതവും

ലോകപ്രസിദ്ധ തക്ഷശില സര്‍വ്വകലാശാലയില്‍ പണ്ടൊരു പ്രൊഫെസറുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ ഗുരു എന്നുപറയും. ഇന്ത്യയിലെ ആദ്യത്തെ കിങ്‌മേക്കറും മൂപ്പരായിരുന്നു. ചരിത്രത്തിലാദ്യമായി (അവസാനമായും?) ഒരു ശൂദ്രനെ രാജാവായി വാഴിക്കാന്‍ മുന്നോട്ടുവന്ന ബ്രാഹ്മണനും മൂപ്പരുമാത്രമായിരുന്നു.  നന്ദരാജാവിന്റെ കൊട്ടാരദാസികളിലൊരാളായ മുരയ്ക്കു ജനിച്ച മകനെ രാജാവാക്കിയത് ചാണക്യതന്ത്രങ്ങളായിരുന്നു. മുര എന്ന ശൂദ്രസ്ത്രീയില്‍ നിന്നുമാണ് മൗര്യസാമ്രാജ്യം എന്നപേരുതന്നെ ഉണ്ടായത്.

ചാണക്യന്റെ തല ചന്ദ്രഗുപ്തന്റെ മെയ്യോടുചേര്‍ന്നപ്പോള്‍ ഡിനോസറിനു ബുദ്ധിയുദിച്ചതുപോലെയായി. അതാണ് മൗര്യസാമ്രാജ്യത്തിന്റെ ചരിത്രം. രാജാവിന്റെ മുകളിലും താഴെയുമായി ഒരേസമയം ഉപദേശകനായും പ്രധാനമന്ത്രിയായും ചാണക്യന്‍ തിളങ്ങി. ചന്ദ്രഗുപ്തമൗര്യന്റെ പേരും പെരുമയും അതിര്‍ത്തികടന്നത് അദ്ദേഹം വഴിയായിരുന്നു.

അന്നു ചൈനയില്‍ നിന്നും ഒരു പണ്ഡിതനായ സഞ്ചാരി പ്രധാനമന്ത്രിയെ കാണാനെത്തി.  കൊട്ടാരംവിട്ടുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യവസതിയില്‍ വച്ചു കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം കിട്ടിയ സഞ്ചാരി, പ്രധാനമന്ത്രിയുടെ വസതിതേടിയെത്തി. ഒരു മണിസൗധം പ്രതീക്ഷിച്ചിടത്ത് പ്രദേശവാസികളുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു കുടില്‍. അനുവാദം ലഭിച്ചു അകത്തുകയറിയപ്പോള്‍ ചെറിയമുറിയില്‍ ഒരു വിളക്കിന്റെ വെളിച്ചത്തിലിരുന്നു ചാണക്യന്‍ എന്തോ ഓലയിലെഴുതുന്ന തിരക്കിലായിരുന്നു. ഉപചാരപൂര്‍വ്വം ആഗതനോടു ഇരിക്കാന്‍ ആംഗ്യംകാണിച്ചു, ഒരുരണ്ടുമിനിറ്റുനേരത്തേക്കു ക്ഷമചോദിച്ച് എഴുതിക്കൊണ്ടിരിക്കുന്നതു മുഴുമിപ്പിച്ചു. എഴുത്തു കഴിഞ്ഞയുടന്‍ അദ്ദേഹം ആ വിളക്കണച്ചു. മറ്റൊന്നെടുത്തു കത്തിച്ചു. ആഗതനു കുടിക്കാനും ഭക്ഷിക്കാനുമുള്ളത് ഉപചാരപൂര്‍വ്വം സ്വയമെടുത്തു നല്കി. കേട്ടറിഞ്ഞ ചാണക്യനെന്ന 'ഭീകരനെ' കണ്ട്് അയാള്‍ അദ്ഭുതപരതന്ത്രനായി. 

ചൈനക്കാരനുമായി ഗഹനമായ വിഷയങ്ങളില്‍ വാദപ്രതിവാദങ്ങളും ആശയക്കൈമാറ്റങ്ങളുമെല്ലാമായി നേരം പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്വവസതിയില്‍ ഇത്രയും തിരക്കുകള്‍ക്കിടയിലും ഒരു വിദേശസഞ്ചാരിയോടു ആഥിത്യമര്യാദയോടുകൂടി പെരുമാറാനും ചര്‍ച്ചയ്ക്കായും മറ്റും സമയം ചിലവിട്ടതിനും നന്ദിപറഞ്ഞുകൊണ്ട് ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു. എത്രയാലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല കൗടില്യന്‍ - ഒരു വിളക്കൂതി മറ്റൊന്നു തെളിച്ച് അതിഥിയെ സ്വീകരിക്കുന്ന ഭാരതീയ ചടങ്ങിന്റെ പിന്നിലെന്തായിരിക്കണം കാര്യം. അത് ആതിഥ്യമര്യാദയുടെ ഭാഗമല്ലെന്നും ചടങ്ങല്ലെന്നും ചാണക്യന്‍ പറഞ്ഞപ്പോള്‍ ചൈനക്കാരനില്‍ ആശ്ചര്യമേറി. പിന്നെയെന്തിനായിരുന്നു ചാണക്യന്‍ അങ്ങിനെ ചെയ്തത് എന്നായി സഞ്ചാരി.

സുഹൃത്തേ ചില സമയങ്ങളില്‍ ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതിലേറെ സമയങ്ങളില്‍ ഞാന്‍ പ്രജയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രിയെന്ന നിലയില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സ്വത്തായ വിളക്ക് തെളിക്കും. പ്രജയെന്നനിലയിലാവുമ്പോള്‍ അതണച്ചു സ്വന്തമായതു തെളിക്കും എന്നര്‍ത്ഥം.

ചാണക്യനു സമശീര്‍ഷരായി മറ്റൊരാളില്ലാതെ, വാക്കിനു എതിര്‍വാക്കില്ലാതെ വാഴുന്ന കാലം. രാജ്യാന്തര പ്രശസ്തി. ഖജനാവുതന്നെ സ്വന്തം വരുതിയില്‍. പ്രതിപക്ഷം എന്നല്ല ചോദിക്കാനും പറയാനും തന്നെ ആളില്ലാക്കാലം. അന്നു മൂപ്പരു വിചാരിച്ചിരുന്നെങ്കില്‍ 35 ലക്ഷത്തിന്റേതല്ല 350കോടിയുടെ മുന്തിയ ഏര്‍പ്പാടില്‍ തന്നെ രണ്ടിനുപോവാനുള്ള വകയുണ്ടായിരുന്നു. അതുചെയ്യാത്തതാണു ചാണക്യനെ വ്യത്യസ്തനാക്കിയതും ചരിത്രത്തിലൊരിടം നേടിക്കൊടുത്തതും. ആചാരവെടിയോടെ അസ്തമിക്കുന്നതായിരിക്കും മറ്റുള്ളവരുടെ ഓര്‍മ്മകള്‍. ആചാരവെടിയേറ്റ ജനഹൃദയങ്ങളിലെ മിക്ക നേതാക്കളുടെയും സ്ഥാനം ഉരുണ്ടുവീഴുന്നതു ചവറ്റുകുട്ടിയിലേക്കായിരിക്കും. ചരിത്രം ആരെയും അവഗണിക്കാറില്ല. പുറമ്പോക്കില്‍ ഒരു ചവറ്റുകുട്ട സ്ഥാപിച്ച് പലരെയും ആദരിക്കുകയാണു പതിവ്.

രാജ്യത്തിനാവശ്യം ധാരാളികളായ ചക്രവര്‍ത്തിമാരെയല്ല, പോരാളികളായ ചാണക്യന്‍മാരെയാണ്. മരുന്നിനുപോലുമില്ലാതാവുന്നതും ആയൊരു വംശപരമ്പരയാണ്. കൗടില്യതന്ത്രങ്ങളില്‍ നിന്നുപിടിവിട്ട് നാം പണം കായ്ക്കുന്ന മരത്തിലെ സര്‍ദാര്‍ജി ക്രൂരഫലിതത്തിലേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. നിലം തൊടുംമുമ്പേ ചാണക്യനൊരു സല്യൂട്ട്.



8 comments:

NITHYAN said...

കൗടില്യതന്ത്രങ്ങളില്‍ നിന്നുപിടിവിട്ട് നാം പണം കായ്ക്കുന്ന മരത്തിലെ സര്‍ദാര്‍ജി ക്രൂരഫലിതത്തിലേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. നിലം തൊടുംമുമ്പേ ചാണക്യനൊരു സല്യൂട്ട്.

sudhee..... said...

GOOD ONE

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ ചൈന സഞ്ചാരിയായ ഫാഹിയന്‍ ചോദിച്ച ഒരു ചോദ്യവും ഉത്തരവ്ം കൂടി ഇവിടെ പ്രസ്താവയോഗ്യം -
"ഇത്രയും വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അങ്ങ്‌ ഈ കുടിലില്‍ ആണൊ താമസിക്കുന്നത്‌?"

അതിനു ചാണക്യന്റെ ഉത്തരം " ഏതു രാജ്യത്തെ മന്ത്രി കുടിലില്‍ താമസിക്കുന്നുവൊ അവിടത്തെ പ്രജകള്‍ കൊട്ടാരങ്ങളില്‍ താമസിക്കും" എന്ന്



Manikandan said...

ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥവും ഇദ്ദേഹത്തിന്റേതല്ലെ, അർത്ഥശാസ്ത്രം. ചന്ദ്രഗുപ്തന്റെ പ്രധാനമന്ത്രിയായി ചാണക്യൻ തിരഞ്ഞെടുത്തത് ധനനന്ദനന്റെ പ്രധാനമന്ത്രിയെ തന്നെ ആയിരുന്നില്ലെ?

NITHYAN said...

Thank you Indiaheritage for the information, i forgot to add it. But i doubt whether it was Fahian or someone else.

Manikandan O V, Chanakyan himself was the Prime Minister, no one else.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

I read it as Fahiean's words somewhere - that much sure.

മുസ്തഫ|musthapha said...

ഗുഡ് വൺ!
ഒരുപാട് കാലങ്ങൾക്ക് ശേഷം നിത്യന്റെ പോസ്റ്റിൽ :)

Unknown said...

നല്ല നിരീക്ഷണങ്ങള്‍!!

ആശംസകള്‍!