ഭൂമുഖത്തെന്തിനോടാണ് നിത്യനേറ്റവും വലിയ
ആരാധനയെന്നു ആരെങ്കിലും ചോദിച്ചാല് മൊട്ടത്തലയില് തുടുത്ത ആപ്പിളോ ഉണക്കു
തേങ്ങയോ പഴുത്ത ചക്കയോ വീണ് ബോധോദയമോ മോഹാലസ്യമോ
ഒന്നുമുണ്ടാവേണ്ടകാര്യമില്ല. ഉത്തരം എന്നേ റെഡിയാണ് - അതു വനിതകളോടാണ്,
വനിതകളോടുമാത്രം. അടുത്തത് ആരോടാണെന്നു ചോദിച്ചാല് പണ്ട് ചാര്ലി ചാപ്ലിന്
പറഞ്ഞ മറുപടി നിത്യനും പറയും. അങ്ങിനെയൊന്നുണ്ടായിട്ടുവേണ്ടേ?
ഞാനെന്നും എല്ലാവരോടും നിത്യകാമുകിയോടു നിത്യവും, ക്ഷമയുടെ
നെല്ലിപ്പടിയില് നിന്നും മഹതി ഉരുണ്ടുതാഴെവീഴുന്നതിനും തപ്പിത്തടഞ്ഞ്
എഴുന്നേല്ക്കുന്നതിനുമിടയിലെ ആ നാലു സെക്കന്റില് കൂടി
അതുദ്ബോധിപ്പിക്കുന്നതാണ്.
പണ്ടു പായില് കയ്യും
കാലുമിട്ടടിക്കുന്ന കുഞ്ഞായിരിക്കുമ്പോള് ആണും പെണ്ണും തമ്മില് വലിയ
വകഭേദമുണ്ടോ? ഉണ്ടെന്നാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില് ഇല്ലെന്നാണെന്റെ
ഉത്തരം. ഒരേ കരച്ചില്, ഒരാവശ്യത്തിനും മുടക്കമില്ല. സദാ പരിചാരകര്
ചുറ്റിലും. ഇമ്മിണി ബല്യ തറവാടാണെങ്കില് സെന്ട്രി ഡ്യൂട്ടിക്ക് ആളുകള്
മാറിമാറി. കുടുംബം തികച്ചും ഒരു മോണ്സ്റ്ററുടെ ഉത്തരവിനായി കാതോര്ത്തു
ചുറ്റിലുമിരിക്കുന്ന എന്തുസുന്ദരമായ അവസ്ഥയാണത്. അതുകൊണ്ടാണ് രജനീഷ്
പറഞ്ഞത് സ്വാര്ത്ഥതയുടെ ഏറ്റവും വലിയ ഉദാഹരണം മുലകുടിമാറാത്ത
കുട്ടികളാണെന്ന്. കാരണം ലോകം തന്നെ അവരെ ശുശ്രൂഷിക്കാന് വേണ്ടിയാണെന്നൊരു
ബോധമാണവരില്, ആണ്പെണ് ഭേദമില്ലാതെ. അതായത് ആണും പെണ്ണും രണ്ടു കൈവഴിയായി
ഒഴുകാന് തുടങ്ങുക പിന്നീടാണ്.
യാതൊരുവിധ വിവേചനവുമില്ലാതെ
പിള്ളാരു രണ്ടും വളരട്ടെ എന്നു കരുതിയാണ് വീട്ടില് ചില പരിഷ്കാരങ്ങളൊക്കെ
നടപ്പില്വരുത്തിയത്. ഒന്ന് ആണാണെന്നും മറ്റേത് പെണ്ണാണെന്നും ഏതെങ്കിലും
ഒന്നിന് മറ്റേതിനേക്കാള് ഏതെങ്കിലും ആനുകൂല്യമുണ്ടെന്ന ബോധമുളവാക്കുന്ന
യാതൊന്നും വാക്കിലോ നോക്കിലോ ചിന്തയിലോ ഉണ്ടാവരുത്. പൊരക്ക്
തീപ്പിടിച്ചകാര്യമറിയിച്ചാലും അടിയന്തിരമായി ഒരു തീരുമാനത്തിലെത്താന്
ചുരുങ്ങിയത് ഒന്നരദിവസത്തെ സമയമെങ്കിലും ആവശ്യമായിവരുന്നതുകൊണ്ട്
നിത്യകാമുകി പൊതുവേ അഭിപ്രായം ചോദിച്ചു കുളത്തിലിറങ്ങുക പതിവില്ല.
മൂപ്പരുടെ തീരുമാനം ഇങ്ങോട്ടറിയിക്കും, സമാധാനപ്രിയനായതുകൊണ്ടും മൂപ്പരുടെ
കഴിവില് അപാരവിശ്വാസമുള്ളതുകൊണ്ടും സ്വന്തം നിലയില് പിന്നെയൊരാലോചോനയില്ല.
ഫയലില് കണ്സെന്റ് വിത്തൗട്ട് കമന്റ്സ് രേഖപ്പെടുത്തുകമാത്രമാണ് പതിവ്.
അങ്ങിനെ രണ്ടിനും ഒരേ ഭക്ഷണം, ഒരേ വെള്ളം, തവിടുപൊടിയാക്കാനുള്ള
സകലസാമഗ്രികളും ഒന്നുതന്നെ. പറിച്ചുകീറാനുള്ള വാരികകള് പത്രക്കടലാസുകള്,
മുനകുത്തിയൊടിക്കാനുള്ള പെന്നുകള് പെന്സിലുകള്, എന്തിന് പിഴുതു
വേരോട്ടത്തിന്റെ കൃത്യത അറിയുവാനുപകരിക്കുന്ന സസ്യലതാദികള്, പുറംകടലില്പോയി
ആദ്യമായി കൊമ്പനെ കുടുക്കിയ അരയന്റെ അഭിമാനത്തോടെ അമ്മ നട്ടുനനച്ച
പയറിന്റെ പൂവുമൊടിച്ച് 'കിത്തിപ്പോയ്' എന്നുവിളിച്ചുപറഞ്ഞ് ഓടിയണയുവാനുള്ള
സൗകര്യം ഒന്നിനും ഒരു കുറവുമില്ല. സമ്പൂര്ണ തുല്യത. കൂടാതെ ഒന്.എന്.വി
പാടിയതുപോലെ കയ്യില് വളയില്ല, പാടാത്തതുപോലെ കാതില് തുളയില്ല,
മെയ്യിലലങ്കാരമൊന്നുമില്ല. ചെക്കന് കലമുടച്ചാല് പെണ്ണു കച്ചട്ടിയുടക്കുന്ന
പ്രകൃതം.
സംഗതികളങ്ങിനെ പുരോഗമിക്കുമ്പോഴാണ് കളിയില് ചില്ലറ
മാറ്റം ദൃശ്യമാവുന്നത്. രണ്ടുവയസ്സ് തികച്ചുമാവാത്ത പെണ്ണ് ഒരു നാള്
വന്നുപറഞ്ഞു. 'നിക്ക് മാലവേണം, കാതല് വേണം, ബളവേണം'. ഇതു കേട്ട പാതി
കേള്ക്കാത്ത പാതി, ഞാന് നേരത്തേപറഞ്ഞ ആ കണ്സന്റ് വിത്തൗട്ട് കമന്റ്സ്
മുന്കാലപ്രാബല്യത്തോടെ നള് ആന്റ് വോയ്ഡ് ആയി, പോതിയുടെ കോമരത്തെ
അനുസ്മരിപ്പിക്കും വിധം മഹതി ഒരു മികച്ച പ്രകടനം കാഴ്ചവച്ചു. 'അന്നേ
പറഞ്ഞതാ ഞാന് കാതു കുത്തിക്കാന്, ഇനിയിപ്പോ എത്ര പാടുണ്ട് അതൊന്നു
കുത്താന്'. തത്സമയം തന്വംഗിയുടെ മുന്നില് പെട്ട നമ്മുടെ ഒരു ഗ്രന്ഥം
ബഹിരാകാശം ലക്ഷ്യംവച്ചു കുതിച്ചുയര്ന്നുവെങ്കിലും ഒടുക്കത്തെ ആ
സീലിംഗുകാരണം തിരിച്ചു ക്രാഷ്ലാന്റുചെയ്യേണ്ടിവന്ന വിവരവും ഇതോടൊപ്പം
വ്യസനസമേതം അറിയിക്കുന്നു.
അടുത്തദിവസം തന്നെ നോക്കുമ്പോഴേക്കും
ആടയാഭരണങ്ങളെല്ലാമണിഞ്ഞ് അന്തസ്സായിരിക്കുകയാണു മോള്. കൊള്ളക്കാരന്
വീരപ്പന്റെ ദേഹം പോലെ കിട്ടിയതെല്ലാം ചാര്ത്തിയിട്ടുണ്ട്്. പോലിസിന്റെയും
ഫയര്ഫോഴ്സിന്റയും ഇന്ത്യന് പട്ടാളത്തിന്റെയും ബി.എസ്.എഫിന്റെയും
ചിഹ്നങ്ങളെല്ലാം സമൃദ്ധമായുള്ളതായിരുന്നു വീരപ്പന്റേ കാക്കിക്കുപ്പായം.
എഴുത്തുവായനയും അറിയാത്തതുകൊണ്ട് വ്യത്യസ്തമായ അടയാളങ്ങളെക്കൊണ്ട് യാതൊരു
തൊന്തര്വ്വുമുണ്ടായില്ല. ആരെ തട്ടിയാലും മൂപ്പര് ചിഹ്നം പറിക്കും
കുപ്പായത്തില് തുന്നിച്ചേര്ക്കും. ഒരു തിറക്കുവേണ്ടത്ര വളകള് കൈയ്യിലും
മാലകള് കഴുത്തിലുമായി മോളങ്ങിനെ തെക്കുവടക്കു നടക്കുകയാണ്. കാതില് സംഗതി
ചാര്ത്താന് ഒരു രക്ഷയുമില്ലാത്തതുകൊണ്ട് ആ ശ്രമം മാത്രം വിജയം കണ്ടില്ല.
അതിനടുത്ത ദിവസം സംഗതി ഒന്നുകൂടി പുരോഗമിച്ചു. അകത്തെ റേഡിയോയെടുത്തു
കുളുമുറിയിലെ ബക്കറ്റില് കൊണ്ടുപോയിട്ട് 'ബാബ'യെ കുളിപ്പിക്കുന്ന
ചടങ്ങുകൂടി ഭംഗിയാക്കിയപ്പോള് നിത്യനൊരു കാര്യം ഉറപ്പായി. നമ്മളായിട്ട്
ഉത്സാഹിക്കുകയൊന്നും വേണ്ടതില്ല. ഞാന് കാവിലെ തമ്പുരാട്ടിയെപ്പോലെ
ആടയാഭരണങ്ങളണിഞ്ഞു നില്ക്കേണ്ടവളും കുഞ്ഞിനെ കുളിപ്പിക്കേണ്ടവളുമാണെന്ന
ബോധം, മുളച്ചാല് ബോധിവൃക്ഷമല്ല പച്ചച്ചീരയാവേണ്ടതാണെന്ന ബോധം
ചീരവിത്തിനുള്ളതുപോലെ കുട്ടികളിലുമുണ്ടാവണം. ചെക്കന് കിട്ടിയ കല്ലെടുത്ത്
കണ്ടതിനെ എറിയുമ്പോഴാണ് പെണ്ണ് അവനോടൊപ്പം ചേര്ന്ന് ഒരു കല്ലെടുത്തു
കണ്ടതിനു ഞാനും പാസാക്കട്ടെയെന്നു ചിന്തിക്കാതെ കഷ്ടപ്പെട്ടു റേഡിയോയെ
കുളിപ്പിച്ച് പൗഡറിടുവിക്കുന്നത്.
ഫെമിനിസ്റ്റുകള്
അവകാശപ്പെടുന്നതുപോലെ, ആണിനെ ആണായും പെണ്ണിനെ പെണ്ണായും എരുമയെയും
പോത്തിനെയും വളര്ത്തുന്നതുപോലെ വളര്ത്തുന്നതുകൊണ്ടല്ല
വിവേചനമുടലെടുക്കുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്. വിവരമുള്ളവരല്ലേ
വിശ്വസിച്ചുകളയാമെന്നുകരുതി അതങ്ങുവിശ്വസിച്ചു, പരീക്ഷിച്ചു. വിവേചനമെന്നു
പേരിട്ടുവിളിക്കുന്ന ചിലത് നൈസര്ഗികവാസനകളാവുമ്പോള് സംഗതിയുടെ കിടപ്പറിയാന്
നിരീക്ഷണങ്ങള്ക്കപ്പുറത്തുള്ള ഉള്ക്കാഴ്ചയാണു മരുന്നിനെങ്കിലും
വേണ്ടതെന്നു തോന്നുന്നു.
അതുകൊണ്ട് ആണ് ആണായും പെണ്ണ് പെണ്ണായും
വളരട്ടെ. കരയും കടലുമെന്നപോലെ. കര കരയായും കടല് കടലായും നില്ക്കുമ്പോഴാണ്
ഭൂമിയില് ജീവന്റെ സംഗീതം അവശേഷിക്കുക. ആ ബന്ധം വഷളാവുമ്പോഴാണ് സൂനാമി
സംഭവിക്കുന്നത്. സര്വ്വനാശം. ഒന്നില്ലാതെ മറ്റതിന് പ്രസക്തിയില്ല.
നിലനില്പുമില്ല. അപ്പോള് വിവേചനത്തിന്റെ തുടക്കം കൊടുത്ത വളത്തിലല്ല,
വിത്തില് തന്നെയാണെന്നു വരികയാണ്. ശുപ്പാമണി ഭാഗവതരുടെ നൃത്തസംഗീതക്ലാസില്
നിന്നല്ല കുയിലു പാടാന് പഠിച്ചതും ആണ്മയിലിന്റെ മോഹനനാട്ടത്തിന്റെ
അരങ്ങേറ്റം നടക്കുന്നതും. പുള്ളിപ്പുലിയുടെ പുള്ളിപോലെ തലമുറതലമുറയായി
കൈമാറിവരുന്ന ഒരു ബോധമാണിതിനു പിന്നില്.
സ്വന്തം കാലിലെ മുറിവിന്
ആരാന്റെ തലക്കു ചികിത്സിച്ചതുകൊണ്ടു വല്ല കാര്യവുമുണ്ടോ? ഇതിഹാസകാരനെ തന്നെ
കുഴക്കിയ പെണ്ണുങ്ങളെത്രയായിരുന്നു. ഭഗവാന് ശ്രീകൃഷ്ണന് തന്നെ
വിചാരിച്ചിട്ടും ഒഴിവാക്കാന് പറ്റാതെപോയതാണ് മഹാഭാരതയുദ്ധം. യുദ്ധത്തിന്റെ
വിത്തും വേരും അന്വേഷിച്ചു പോയാലെത്തുക സ്വന്തം ദുര്യേഗത്തിന് കശ്മലന്
ദുര്യോധനന് അനുജന് ദുശ്ശാസനന് കെട്ടഴിച്ചുവിച്ച കൃഷ്ണയുടെ മുടിയിലാണ്.
അഞ്ചണ്ണത്തിനെ കൊണ്ടുമതു കെട്ടിച്ചില്ലെന്നു മാത്രമല്ല, കുലം മുച്ചൂടും
മുടിപ്പിക്കുകയും ചെയ്തു. അവസാനം യുദ്ധം എന്തിനുവേണ്ടിയാരുന്നു, എന്താണു
നേടിയത് എന്നറിയാന് വ്യാസന് കവടിനിരത്തേണ്ട പരുവത്തിലാക്കിക്കൊടുത്തത്
പെണ്ണൊരുത്തിയാണ്. അതുകൊണ്ടു സ്വാതന്ത്ര്യമില്ലെന്നു മാത്രം പറയരുത്.
സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നതിനു കൂടി തെളിവാണ് ആ മനുമന്ത്രം. 'ന!
സ്ത്രീ സ്വാതന്ത്ര്യമര്ഹതി'. അതര്ഹിക്കുന്നില്ലെന്നു പറയുന്നത്
ഉണ്ടായിരുന്നെന്നതിനുള്ള തെളിവല്ലേ. സ്വാതന്ത്ര്യം ഉപയോഗിച്ചില്ലെന്നതല്ലേ
നേര്. ഇന്നല്ലേ സ്വന്തം പേരുപോലും ഇല്ലാതായത്. സീതാ രാമചന്ദ്രനായിരുന്നില്ല
സീത സീതയായിരുന്നു. ദ്രൗപദി ചതുരവീരരഞ്ച് എന്നായിരുന്നില്ല,
ദ്രൗപദിയെന്നുമാത്രമായിരുന്നു. ഈവ് മിസ്. ആദം ആയിരുന്നില്ല. അതൊന്നൊന്നര
ഈവുതന്നെയായിരുന്നു.
അപ്പോള് സുസ്വതന്ത്ര്യമായി സുമുഖരോടുമൊപ്പം
നടന്ന സുസ്തനികളെപ്പോഴാണ് പിന്നിലായിപ്പോയത്? സ്വന്തം വ്യക്തിത്വമെപ്പോഴാണ്
കെട്ടിയോന്റെ നിഴലായിപ്പോയത്? ഏതു ചുരത്തിലെ എത്രാമത്തെ വളവില് വച്ചാണ്
ആണുങ്ങള് പെണ്ണുങ്ങളെ നിയമം ലംഘിച്ച് ഓവര്ടേക്കുചെയ്തുപോയത്? ഭൂമി
സൂര്യനുചുറ്റും തിരിയുമ്പോള് സമൂഹം പെണ്ണിനുചുറ്റു തിരിഞ്ഞതാണ് നമ്മുടെ
ചരിത്രം. ആദിമകലണ്ടറുകളുടെ അടിസ്ഥാനം പെണ്ണിന്റെ ആര്ത്തവചക്രമാണെന്നു
ചരിത്രം. പ്രശ്നപരിഹാരം തേടിയുള്ള നടപ്പാവട്ടെ മൂക്കത്തെ കണ്ണടയക്ക്
നാടൊട്ടാകെ തിരയുന്നതുപോലെയാണ്.
ജന്ഡറോ ജനിതകമോ എന്തോ ആവട്ടെ,
ഏതുവിധത്തില് നോക്കിയാലും പെണ്ണിന്റെ ഭാവി കണലെടുത്ത മടലുപോലെയാക്കിയതില്
ആണുങ്ങള് വഹിക്കുന്ന പങ്കിനെ കുറച്ചു കാണുന്നില്ല. പെണ്ണു വിചാരിച്ചാല്
നാലുനാളുകൊണ്ടു നിലക്കുനിര്ത്താന് പറ്റാത്ത പുരുഷോത്തമന്മാരൊന്നും
ഭൂമിയിലുണ്ടായിട്ടില്ല, ഇനിയൊട്ടുണ്ടാവുകയുമില്ല. കെട്ടാത്തതും
കിട്ടാത്തതുമായ ആണുങ്ങള്ക്കു ഇപ്പറഞ്ഞതു ബാധകമല്ല. കെട്ടാത്ത
പെണ്ണുങ്ങള്ക്ക് വിവേചനത്തിന്റെ ഈ വിഷയമേ ബാധകമല്ല. വിരസമായ ഈ രചനയില്
മുഴുകി ആത്മാഹുതി ചെയ്യേണ്ട യാതൊരു കാര്യവുമില്ലാത്തതിനാല് അവര്
ജയ-മായാ-മമത-ദൈവങ്ങളില് ആരെയെങ്കിലും സ്മരിച്ച് കൈയ്യെത്താവുന്ന ദൂരത്തുള്ള
ആണുങ്ങളെക്കൊണ്ട്, വിശിഷ്യാ അവരുടെ മൂക്കുകൊണ്ട്, ക്ഷ, ഝ, ജ്ഞ, ഋ എല്ലാം
വടിവിലെഴുതിക്കട്ടെ.
നിങ്ങളില്ലാതെ നമുക്കെന്താഘോഷം? ജീവിതം
ആഘോഷമാക്കണമെന്ന് മനസാ ആഗ്രഹിക്കുന്നവരാണ് ഭൂമുഖത്തെ ആണുങ്ങള് മുയ്മനും.
അപ്പന്ചത്ത പതിനാറടിയന്തിരത്തെക്കാള് മുന്തിയ തെളിവ് ഇതിനു വേറെവേണോ? ഇനി,
ഒരാഘോഷത്തിന് ആദ്യം വേണ്ട ഒരു ഇന്ഫ്രാസ്ട്രക്ചര് ഫെസിലിറ്റി അഥവാ
പശ്ചാത്തലസൗകര്യം ലേശം മനസ്സമാധാനമാണ്. നിങ്ങളെക്കൊണ്ട് ഏറ്റവുമെളുപ്പം
കഴിയുന്ന പണി ക്രമസമാധാനപ്രശ്നങ്ങളില്ലാത്തവിധത്തില് സമാധാനത്തെ
വഴിതിരിച്ചുവിടുകയാണ്.
ഈയൊരു കാര്യം അസ്സലായി
മനസ്സിലായതുകൊണ്ടല്ലേ മിസിസു പറയേണ്ടതാമസം, പണ്ടൊരു ശുംഭന് ഗദയും വലിച്ചു,
കേട്ടപാതി കേള്ക്കാത്ത പാതി പാഞ്ഞത്. താന് ജന്മത്തില്
കണ്ടിട്ടുകൂടിയില്ലാത്ത, അതുകണ്ടവരെതന്നെ കണ്ടിട്ടില്ലാത്ത,
കേട്ടിട്ടുകൂടിയില്ലാത്ത, ഏതു കാട്ടിലെന്നുകൂടിയറിയാത്ത, ഇനി
കണ്ടുകിട്ടിയാല് തന്നെ വച്ചൊത്തുനോക്കുവാന് ഒരു സാമ്പിളുകൂടിയില്ലാതെ
കല്യാണസൗഗന്ധികവും തേടി ചാടിപ്പുറപ്പെട്ടതു കുഞ്ചനെക്കൊണ്ട്
'കണ്ടവസ്തുക്കളില് കാംക്ഷയുണ്ടായവള്
കൊണ്ടുവാ കൊണ്ടുവാ എന്നു കല്പിക്കയും
ശണ്ഠകൂടീടുമെന്നോര്ത്തു ഭയപ്പെട്ടു
മണ്ടിത്തുടങ്ങും മയങ്ങാതെ നിങ്ങളും'
എന്നു ചീത്തവിളിപ്പിക്കാനായിരുന്നോ അല്ലെങ്കില് തിര്വോന്തരം അരുവിയോടംശം ദേശത്തെ , മധുസൂദനന് നായരെക്കൊണ്ട്
'പ്രേമപഞ്ചകം തീര്ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപ്പുണര്ന്നുകൊണ്ടറിയിച്ചൂ ഭീമസേനന്
തങ്കം! എനിക്കു കൈയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്'
എന്നു പാടിക്കാനായിരുന്നോ? തിണ്ടിന്മ്മേലില് നിന്നും ഒരു ചെമ്മരത്തിപ്പൂ
പറച്ച് തത്ക്കാലം ഇതുകൊണ്ടൊപ്പിക്കെന്നും പറഞ്ഞ് അതാ 'ശ്ലഥനീലവേണിയില്
വാരിചൂടിച്ചാല്' പോരായിരന്നോ വൃകോദരന്്?
ആ തടിയന്റെ കാര്യം
പോട്ടെ, ഇതിഹാസകാരന് പുരുഷോത്തമനായി കാട്ടിത്തന്ന ശ്രീരാമന്റെ ജീവിതം
കട്ടപ്പൊകയാക്കിയത് മിസിസിന്റെ കണ്ണില് പെട്ട ഹലാക്കിന്റെ ഒരു
മാനായിരുന്നില്ലേ. പ്രപഞ്ചത്തിന്റെ പൊരുളറിയാവുന്ന മനസ്സില്നിന്നും ആ
മാനിന്റെ ജാതകം മാത്രം ഡിലീറ്റായിപ്പോയതായിരുന്നോ? മിസിസ് രാമന് മാനിനെ
കണ്ട ശേഷമുള്ള രാമന്റെ കഷ്ടപ്പാടുകളുടെ കഥയായിരുന്നില്ലേ ശരിക്കും രാമായണം.
അതില്ലായിരുന്നെങ്കില് വാത്മീകി അതിനു സീതായനമെന്നു പേരിടുമായിരുന്നു.
അതുകൊണ്ട് യഥാര്ത്ഥപ്രശ്നം സ്ത്രീ സ്വാതന്ത്ര്യമല്ല,
സ്വാതന്ത്ര്യമില്ലായ്മയുടെ പ്രശ്നമേയില്ല. പ്രശ്നം സ്വന്തമായി ഒരു ജയിലു
പണിത് അതില് തലമുറകളായി സ്ഥിരതാമസമാക്കിയതാണ്. പ്രൊഫഷണല്
വിദ്യാഭ്യാസരംഗത്തു മികച്ചുനില്ക്കുന്നത് പെണ്കുട്ടികളാണെന്നും പലയിടത്തും
50 ശതമാനം അവരാണെന്നും പഠനങ്ങള് പറയുമ്പോള് പ്രൊഫഷനിലേക്കെത്തുന്നത് 10
ശതമാനം കൂടിയില്ലാതായിപ്പോവുന്നതെന്തുകൊണ്ടാണ്? അതിനുള്ള
സ്വാതന്ത്ര്യമില്ലാഞ്ഞിട്ടാണോ അതോ സൗകര്യമില്ലാത്തതുകൊണ്ടാണോ? 50
ശതമാനത്തിനു പഠിക്കാന് പോവാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്
പണിക്കുപോവാനുള്ളതുമുണ്ടാവണമല്ലോ?
നിത്യന് സ്വന്തംനിലയ്ക്കൊരു
സര്വ്വേനടത്തിയതിന്റെ രത്്നച്ചുരുക്കം ഇങ്ങിനെ വരും. നേരത്തേ പറഞ്ഞ 50
ശതമാനം മുന്തിയ പിള്ളാരില് മുക്കാല് പങ്കിനും യാതൊരു ലീവിനും
അര്ഹതയില്ലാത്ത മുന്തിയ പണിയാണ്. കാലത്ത് ബ്രാഹ്മമുഹൂര്ത്തത്തില് ഉണര്ന്ന്
അടുക്കളയിലെത്തണം. പിന്നെ മണിക്കൂറുകള് നീണ്ടുനില്ക്കുന്ന, അലീക്കായുടെ
നൂലുണ്ടയൊഴിച്ച് മറ്റെല്ലാസംഗതികളുമുള്ള ഉഗ്രപോരാട്ടം. പോരാട്ടാനന്തരം
ബ്രേക്ക്ഫാസറ്റും ലഞ്ചും കബറടക്കിയ പെട്ടികള് റെഡി. ഉടനോടിവന്നു ജയറാം
പടിക്കലിനെ മനസില് ധ്യാനിച്ചുകൊണ്ട് കണ്ണുതുറക്കാത്ത കുട്ടികളെ നന്നായി
ഉരുട്ടിയശേഷം ഉണര്ന്നപരുവത്തിലായാല് നിവര്ത്തിനിര്ത്തണം. തൃശൂര്പൂരത്തിന്റെ
തയ്യാറെടുപ്പുകളെക്കാളും ഒന്നുകൂടി കടുപ്പപ്പെട്ട സംഗതിയാണ് വടക്കോട്ടു
വിളിക്കുമ്പോള് തെക്കോട്ടുപോവുന്ന പിള്ളാരെ സ്കൂളിലേക്കു റെഡിയാക്കി
വണ്ടിക്കുവച്ചുകൊടുക്കുന്ന ചടങ്ങ്. ഇതു കഴിഞ്ഞുവേണം അനന്തശയനം അയ്യങ്കാരായി
വാഴുന്ന മൂന്നാംക്ലാസു ഡിഗ്രിക്കാരനെ കാപ്പിയുമായി ചെന്ന്
കാലുപിടിച്ചെഴുന്നേല്പ്പിക്കാന്. അപ്പോള് അദ്ദേഹം ഒരുവിധം
എഴുന്നേറ്റിരുന്ന് കാപ്പിവാങ്ങി ധ്യാനനിമഗ്നനായി കല്പിക്കും പോയി പത്രം
വന്നോയെന്നുനോക്കാന്, വന്നെങ്കില് കൊണ്ടുവരാന്, വന്നില്ലെങ്കില്
അടുത്തവീട്ടില് കൊടുത്തോയെന്നറിയാന്, കൊടുത്തില്ലെങ്കില് അതിന്റെ കാരണം
ചെക്കന് വരുമ്പോള് ചോദിക്കാന്. പത്രം വന്നെങ്കില് അതൊന്നുനോക്കി ഇസ്രയേലും
ഈജിപ്തും അമേരിക്കയും ഇറാനും എല്ലാം യഥാസ്ഥാനത്തുണ്ടെന്നുറപ്പുവരുത്തി
വരുമ്പോഴേക്കും കുളിക്കാനായി ഉന്തിത്തള്ളി വിടണം. കുളികഴിഞ്ഞു വരുന്നതും
നോക്കിയിരിക്കണം, തലയില് വല്ലതുമുള്ളവനാണെങ്കില് നന്നായി തോര്ത്തിയോ എന്നു
നോക്കണം, തലയിലൊന്നുമില്ലാത്തവനാണെങ്കില് ദൈവത്തിനു സ്്തുതി
പറയാവുന്നതുമാണ്. പിന്നെ ഇസ്തിരിവച്ച ഡ്രസ്സെടുത്തുകൊടുക്കണം.
പാന്റിലദ്ദേഹമിറങ്ങിയങ്ങിനെ സ്ഥിതിചെയ്യുന്ന അസുലഭനിമിഷത്തില് സിപ്
ഇട്ടിട്ടുണ്ടോയന്നെ നോക്കുകയുമാവാം. കൈയ്യുടെ ബട്ടണ്
മൂന്നാംക്ലാസുകാരനിടുമ്പോള് നെഞ്ചത്തേത് ഒന്നാം ക്ലാസുകാരിയിടണം. പിന്നെ
ബ്രീഫ് കെയ്സും വണ്ടിത്താക്കോലുമെടുത്ത് ഉന്തിത്തള്ളി വണ്ടിയിലെത്തിക്കണം.
അനന്തരം കണ്ണില് നിന്നും മൂന്നാംക്ലാസുകാരന് മിന്നിമറയുന്നതുവരെ വലതുകൈ
പൊക്കി ട്രാഫിക് പോലീസുകാരനെപ്പോലെ അസ്സലൊരു ചിരിയുമായി (അതുവേണ്ടെന്ന ഒരു
ആനുകൂല്യം പോലീസുകാരനുണ്ട്) വടിപോലെ നില്ക്കണം. വണ്ടി കണ്മറഞ്ഞാല് ഉടുത്തത്
സാരിയാണങ്കില് വാരിക്കുത്തി കൈരണ്ടും നടുവിലൂന്നി അസ്സലായൊരു
ദീര്ഘശ്വാസമാവാം. (സൂക്ഷിക്കണം, മൂന്നാംക്ലാസിന്റെ നാലാംക്ലാസു മാതാവ്
പരിസരത്തുണ്ടെങ്കില് ദീര്ഘശ്വാസം അന്ത്യശ്വാസമായിപ്പോവാനുള്ള
സാദ്ധ്യതയുണ്ട്. അതുകൊണ്ട് അതു അടുത്തൊരവസരത്തിലേക്കു
മാറ്റിവെക്കാവുന്നതുമാണ്). എന്റെ ഹൂറിമാരേ നിങ്ങള് മുയ്മനും പഠിച്ചത് ഹോം
സയന്സാണോ? അല്ല, അറിയാതെ ചോദിച്ചുപോവുകയാണ്. കാര്യത്തിന്റെ
കിടപ്പിങ്ങിനെയാണെങ്കില് മനുഷ്യക്കടത്തില്പെട്ട് ഗള്ഫിലെത്തിപ്പോവുന്നവരും
നിങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങള്ക്കു കടത്തുകാരന്റെ
മേല്വിലാസമറിയാമെന്നുള്ളതോ?
ആണിനും പെണ്ണിനും മാത്രമായി ചെയ്യാന്
പറ്റുന്ന പണി ഭൂമുഖത്തൊന്നെയുള്ളൂ. അതൊരു ജന്മവാസനയുടെ ഭാഗമാണ്. അതു
മാറ്റിനിര്ത്തുക. പരമ്പരാഗതമായി ആണുങ്ങള് കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്
കൈവച്ചാല് തുല്യതകൈവരിക്കുമെന്നു തലക്കുവെളിവില്ലാത്തവര് പറഞ്ഞുതന്നു. അതു
നമ്മള് കേട്ടു. നമ്മളത് പ്രാവര്ത്തികമാക്കുന്നതില് ഒരു പരിധിവരെ വിജയിച്ചു.
ഫലമോ അതുംകൂടി ഒഴിവായികിട്ടിയല്ലോ എന്ന് ആണുങ്ങള് ആശ്വസിച്ചു.
അതേ സമയം നിങ്ങളുടേതെന്ന് പരമ്പരാഗതമായി കരുതിവരുന്ന ഏതെങ്കിലും മേഖലയില്
ആണുങ്ങള് പാരച്യൂട്ടില് വന്നിറങ്ങിയോ? അതൊട്ടില്ലതാനും. നിങ്ങളാണെങ്കില്
അവരെ അതിലേക്കു വിളിച്ചാനയിച്ചോ? അതുമില്ല. തുല്യത പിന്നെയെവിടുന്നാണു
പറന്നുവന്ന് ഉമ്മറത്തിരിക്കുക? ഉത്തരവാദിത്വങ്ങള്
പങ്കുവെയ്ക്കപ്പെടുമ്പോഴാണു തുല്യതാബോധം സൃഷ്ടിക്കപ്പെടുന്നത്. ചോറുതിന്നുക
എന്റെ ഉത്തരവാദിത്വവും പാത്രം കഴുകുക ചേച്ചിയുടെ ഉത്തരവാദിത്വവുമാണെന്ന
ഒരു ബോധം ചിന്നതിലേ ചെറുക്കന് നമ്മളായിട്ടു ഉണ്ടാക്കിക്കൊടുക്കുകയാണ്.
ചൊട്ടയിലെ ശീലം ചുടലവരേയെന്നാണല്ലോ. ഈ ബോധത്തെയാണു ചവുട്ടി മറിച്ചിടേണ്ടത്.
അതാണ് നിങ്ങളെയാരും പഠിപ്പിക്കാത്തതും. അതു ചെയ്യേണ്ടതാവട്ടെ നിങ്ങളല്ലാതെ
മറ്റാരുമല്ലതാനും.
ലോകത്തെ ഏറ്റവും മുന്തിയ അദ്ധ്യാപനം
അമ്മമാരുടേതാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആ നെടുനീളന് സിലബസില് ഇതുകൂടി
ഉള്പ്പെടുത്തുക. തിന്നെണീറ്റുപോവുമ്പോള് ചുറ്റിലുമുള്ള അവശിഷ്ടങ്ങളും കൂടി
എടുത്തോളാന് പഠിപ്പിക്കുക, കൊണ്ടുപോയി കൊട്ടാനും, വൃത്തിയായി പാത്രം
കഴുകിവെയ്പിക്കാനും പഠിപ്പിക്കുക. അടുത്തതായി ഉടുവസ്ത്രം അലക്കുവാനും
പഠിപ്പിക്കുക. അനിയത്തിയെയോ അനിയനേയോ കുളിപ്പിച്ചുകൊടുക്കാനും
പഠിപ്പിക്കുക.
ഇതെന്റേത് അതവളുടേത് എന്നൊരു തൊഴില്വിഭജനത്തിന്റെ
മുളയില് ഈയൊരു ബോധത്തിന്റെ തിളച്ചവെള്ളം ഒഴിക്കാത്തതാണു പ്രശ്നം. അതു
മുളയിലേ നുള്ളുന്നതോടുകൂടി സംഗതി ക്ലീന്. ഭാവിയില് അവനും അവന്റെ കെട്ടിയോളം
ഒരേസമയം ഉറങ്ങിയുണരും. അടുക്കളയിലെത്തും. പിള്ളാരെ പറഞ്ഞുവിടും. ശേഷം
ജോലിസ്ഥലത്തേക്കും കുതിക്കും. അടുത്ത തലമുറയില് നടേ പറഞ്ഞ 50 ശതമാനവും
പ്രഫഷണലുകളായി രംഗത്തുണ്ടാവുകയും ചെയ്യും. ഞങ്ങള് തുടങ്ങി. നിങ്ങളോ?
Showing posts with label ലിംഗവിവേചനം. Show all posts
Showing posts with label ലിംഗവിവേചനം. Show all posts
March 01, 2013
February 04, 2010
ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും
കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖത്തു നോക്കാതെ മുലയില്‍ നോക്കുന്ന വര്‍ഗമായതുകൊണ്ടാണ് അരുന്ധതി റോയി കേരളത്തില്‍ വന്നിട്ടും പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടത്. ഒന്നും അവിശ്വസിക്കാന്‍ പറ്റുകയില്ല. പറഞ്ഞത് തലയില്‍ അസാരം ബുദ്ധിയുള്ള കറിയാച്ചനാണ്. പ്രവര്‍ത്തിച്ചത് ബുക്കര്‍ഫെയിം അരുന്ധതിയാണ്. പ്രതിഭാഗത്തോ പണ്ട് ലാലുവിന്റെ മോളുവഹ അഥവാ മരുമോളുവഹ കവിളത്തൊന്നുകിട്ടിയപ്പോള്‍ മറുകവിള്‍ കാട്ടിക്കൊടുത്ത യോഗ്യന്‍മാരും. പറയുന്നതോ, മുഖത്തുനോക്കാന്‍ മിനക്കെടാതെ മറ്റേടത്തുതന്നെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കാന്‍ മാത്രം ക്ഷമയുള്ള നമ്മളില്‍ 99ശതമാനത്തോടും.
ലോകം കണ്ട പത്രപ്രവര്‍ത്തകരുടെ കൈയ്യിലിരുപ്പ് ഇങ്ങിനെയാണെങ്കില്‍ വേലിക്കപ്പുറത്തെ ലോകത്തെപറ്റി വലിയ നിശ്ചയമില്ലാത്ത നമ്മള്‍ റോയിയുടെ മുഖത്തുനോക്കിയെങ്കിലല്ലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. അതായത് വിദ്യഭ്യാസം കൊണ്ടോ ധരിച്ച വസ്‌ത്രം കൊണ്ടോ മറക്കാവുന്നതല്ല മാനസീകാവസ്ഥ. കേരളത്തിലെ സ്‌ത്രീപുരുഷ ബന്ധത്തിന്റെ മുഖത്തേക്കുപിടിച്ച കണ്ണാടിയാവണം റോയിയുടെ വാക്കുകള്‍ 'The jounalists do not look at my face but look at my breasts', റീഡിഫില്‍ വന്ന സക്കറിയായുടെ അഭിമുഖത്തില്‍ നിന്നുമെടുത്ത വരികളാണിത്)
സക്കറിയ പറയുന്ന ലൈഗിംകദാരിദ്ര്യത്തിന്റെ ഭേദപ്പെട്ട ഒരുല്‌പന്നമാണ് ഈ ഒളിഞ്ഞുനോട്ടം. അസൂയക്ക് ലൈംഗികദാരിദ്ര്യത്തില്‍ പിറവിയെടുക്കുന്ന സന്തതിപരമ്പരകളായിരിക്കും എക്കാലത്തെയും മികച്ച മോറല്‍ പോലീസുകാര്‍. സ്വന്തമായി നാലുമുക്കാലിന്റെ ധാര്‍മ്മികത കൈമുതലായുണ്ടാവണമെന്ന യാതൊരു നിര്‍ബന്ധവും അവരില്‍ കാണുകയില്ല.
കേരളത്തില്‍ ഒരാണിനും പെണ്ണിനും മനസ്സമാധാനത്തോടെ ഒരുമിച്ച് നടക്കണമെങ്കില്‍ രണ്ടുപേരും കെട്ടിയതാണെന്ന് നാട്ടുകാര്‍ക്ക് ഉത്തമബോദ്ധ്യം വരണം. നാട്ടുനടപ്പുപ്രകാരം ചില അടയാളങ്ങളുണ്ട്. അതിന്റെതായ ആ അടയാളങ്ങള്‍ ശരീരത്തിലില്ലെങ്കില്‍ അടിയുറപ്പ്.
ഒന്നാമതായി കൈയില്‍ വെല്‍ഡിങ് റിങ്ങും കഴുത്തില്‍ പിടിച്ചാല്‍ പറിയുന്ന, പിടിച്ചുപറിക്കനുയോജ്യമായ താലിമാലകള്‍. വെറ്റിലച്ചെല്ലത്തിനു ചുണ്ണാമ്പുപോലെ സദാ ശോഭിക്കുന്ന നെറ്റിയിലെ സിന്ദൂരത്തിലകവുമുണ്ടായാല്‍ കേമം. ഇതൊന്നുമില്ലാതെ പുറത്തിറങ്ങുന്നതിലും സുരക്ഷിതം നോമ്പുകാലത്ത് സൗദിയിലെ റോഡില്‍ കുത്തിയിരുന്നു ഭക്ഷണം കഴിക്കുന്നതുതന്നെയായിരിക്കും. അതിനാണ് മോറല്‍ പോലീസിങ്ങ് എന്നുപറയുക.
മേല്‍പറഞ്ഞ അടയാളങ്ങളും അംഗവസ്‌ത്രങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ലാത്തതുകാരണം നിത്യന്‍ നിത്യകാമുകീ സമേതനായി വല്ലിടത്തും പോവുന്നുണ്ടെങ്കില്‍ ഒരു മാര്യേജ് സര്‍ട്ടിഫിക്കറ്റെടുത്ത് കീശയില്‍ വെയ്‌ക്കും. ഹൃദ്രോഗികള്‍ മരുന്നിന്റെ കുറിപ്പടി സദാ കൊണ്ടുനടക്കുന്നപോലെ. രോഗം സമൂഹത്തിനാണെങ്കിലും പറഞ്ഞിട്ടുകാര്യമില്ല, കുറിപ്പടി അവരവരുടെ കീശയില്‍ വെക്കുന്നതായിരിക്കും തടികേടാവാതിരിക്കാന്‍ നല്ലത്.
ഈ ലോകത്ത് എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത് ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്? ഇനി കുറ്റിയിട്ട വീട്ടില്‍ നിന്നും വല്ല നെഞ്ചത്തടിയും നിലവിളിയും കേള്‍ക്കാത്ത കാലത്തോളം പരിസരവാസികള്‍് വീട്ടിന്റെ വാതില്‍ ചവുട്ടിപ്പൊളിച്ച് ധീരതയ്‌ക്കുള്ള അവാര്‍ഡിനു അപേക്ഷിക്കേണ്ടതില്ല. ഇനി നിലവിളി കേട്ടാലോ വാതില്‍ പൊളിയുന്നതുവരെ ചവുട്ടാനുള്ള ധാര്‍മ്മിക ബാദ്ധ്യതയും പരിസരവാസികള്‍ളില്‍ നിക്ഷിപ്‌തമാണ്.
ഇതൊന്നുമല്ല, ഇനി അവര്‍ക്കുതോന്നിയപോലെ അവരും നമുക്കുതോന്നിയതുപോലെ നമ്മളും സമാധാനമായി അപ്പുറവും ഇപ്പുറവുമായി കഴിയുന്നു. അതിനിടയില്‍ ഞാനിവിടെ പട്ടിണികിടക്കുമ്പോള്‍ അവിടിരുക്കുന്നവര്‍ എന്തായിരിക്കും ഭഗവാനേ അനുഭവിക്കുന്നുണ്ടാവുക എന്നാലോചിച്ച് ക്ഷമയുടെ നെല്ലിപ്പടിയില് നിന്നും തലകുത്തി താഴെവീണെഴുന്നേറ്റ് നേരെ പോയി ഒളിഞ്ഞുനോക്കിയതുകൊണ്ടും ഗുണമില്ലെങ്കില്‍ ഒച്ചവച്ച് ആളെക്കൂട്ടി അവരുടെ സ്വകാര്യതയുടെ മണിച്ചിത്രത്താഴ് ചവുട്ടിപ്പൊളിച്ച് അകത്തുകയറി കിതച്ചുനില്‌ക്കുമ്പോള്‍ മാത്രം കിട്ടുന്ന മനസ്സമാധാനം ഒരു മനോരോഗമാണ്.
കോഴിക്കോട്ടുകാരാണെങ്കില്‍ പഴയ പേരല്ല, ഇപ്പോ മാനസീകാരോഗ്യകേന്ദ്രമാണ്. പേടിക്കാനൊന്നുമില്ല ഭ്രാന്താശുപത്രിയല്ല. നേരെ അങ്ങോട്ടുകയറിക്കിടക്കുക. നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് നാടിന്റെ നന്മമാത്രം ലാക്കാക്കി അത്തരക്കാരെ അവിടെ എത്തിച്ചുകൊടുക്കുന്നതും അഭിനന്ദനാര്‍ഹമാണ്. അവിടെ പണ്ട് മനുഷ്യനുവച്ച ഷോക്കുപകരണങ്ങള്‍ ഇപ്പോ പന്നിഫാമുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. അന്തസ്സായി മരിക്കാന്‍ സുകൃതംചെയ്‌ത പന്നികളാണിപ്പോള്‍ ഫാമുകളില്‍.
ഈയടുത്ത് കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക് പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു. ചോദ്യംചെയ്‌തുനോക്കുമ്പോള്‍ കിട്ടിയ ഉത്തരം ഒരാള്‍ കൂട്ടത്തിലില്ലാത്ത ഒരുത്തന്റെ ഭാര്യയാണ്. അഥവാ കൂട്ടത്തിലില്ലാത്ത ഒരുവനാണ് അവളുടെ ഭര്‍ത്താവ്. വന്നതാകട്ടെ അവളുടെ സുഹൃത്തിന്റെ കൂടെയും. പോരേ പൂരം. ആദിപാപത്തെക്കാള്‍ മുന്തിയ മഹാപാപം.
ഒരു മാതാഹരിയെ കൈയ്യില്‍കിട്ടിയ സന്തോഷത്താല്‍ പോലീസുകാര്‍ ആനന്ദസാഗരത്തിലാറാടി. അവളുടെ മൊബൈലില്‍ ഭര്‍ത്താവിനെ ഉടന്‍ വിളിച്ചു കുടുംബം കലക്കിയ നിര്‍വൃതിയില്‍ ഫാര്യ ഇപ്പോള്‍ ഞങ്ങളുടെ കസ്‌റ്റഡിയിലാണ് എന്നങ്ങോട്ടറിയിച്ചു. അവള്‍ അവളുടെ സുഹൃത്തിനൊപ്പം വിനോദയാത്രയ്‌ക്ക് പോയതാണല്ലോ എന്ന മറുപടി മറുതലയ്‌ക്കല്‍ നിന്നും വന്നപ്പോള്‍ ഐസായി.
വിവരം വേണമെന്നില്ലെങ്കിലും വിവേകം ഒരു മരുന്നിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുകയില്ലായിരുന്നു. ഒന്നുമാത്രം ആലോചിച്ചാല്‍ മതിയായിരുന്നു. ചുരുങ്ങിയത് തീര്‍ത്ഥയാത്രയും വിനോദയാത്രയും തമ്മിലുള്ള ആ അജഗജാന്തരം. അതായത് സിക്‌സ്റ്റീന്‍ത്ത് ഇമര്‍ജന്‍സി (പതിനാറടിയന്തിരം)യും ഹൗസ് വാമിങ്ങും പോലെ ഒരു വ്യത്യാസം. ഇനി യാത്ര ഒരുവന്റെ വിനോദവും ഒരുത്തിയുടെ വെപ്രാളവുമാണെങ്കില്‍ പോലീസുകാര്‍ ഇടപെടുക തന്നെവേണം. ആണിനെ വിശ്വസിച്ചിറങ്ങിയ പഞ്ചതന്ത്രം കഥ വായിക്കാത്ത പെണ്ണ് പോലീസുകാരെ വിളിച്ച് ഈ ശെയ്‌ത്താനില്‍ നിന്നും എന്നെ രക്ഷിക്കണം എന്നുപറയുകയാണെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും വഴിപോക്കനോടുതന്നെ പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഇടപെടണം. രക്ഷിക്കണം. അതിനുള്ള സ്വാതന്ത്ര്യവും നിയമത്തിന്റെ പിന്‍ബലവും ഏവര്‍ക്കുമുണ്ട്.
അതല്ലാതെ ചിരിച്ചുകളിച്ചു പോവുന്ന ഒരാണിനെയും പെണ്ണിനെയും കാണുമ്പോള്‍, അവറ്റകളുടെ ചിരിക്ക് ഉടനടി ഒരു റീത്ത് സമര്‍പ്പിച്ച് ഒന്നിനെ തെക്കോട്ടും മറ്റതിനെ വടക്കോട്ടും രണ്ടിന്റെയും കുടുംബത്തെ നരകത്തിലേയ്‌ക്കും അയക്കണമെന്നു തോന്നുന്നത് സക്കറിയ പറഞ്ഞ അതേ മാനസികാവസ്ഥ കൊണ്ടുതന്നെയാണ്.
ഇനി വേറൊരു കാര്യം ആ പിള്ളേരുടെ വിനോദയാത്ര മാനഹാനിയാത്രയാക്കിക്കൊടുത്ത അതേ പോലീസുകാരായിരിക്കും അല്ലെങ്കില്‍ അവരുടെ സായുധസഖാക്കളായിരിക്കും പണ്ട് രാഹുല്‍ജി ഒരു കൊളമ്പിയന്‍ സുന്ദരിയെയും കൂട്ടി കായല്‍ നടുവിലെ ആഡംബരറിസോര്‍ട്ടില്‍ രാപാര്‍ക്കാന്‍ എത്തിയപ്പോള്‍ രാത്രിപകലാക്കി കാവല്‍നിന്നതും കവാത്തുനടത്തിയതും.
വിവേകം ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞ് സഞ്ചരിക്കുമ്പോള്‍ വികാരം മുയലിനെപ്പോലെ ചാടിച്ചാടിയാണ് സഞ്ചരിക്കുക. വികാരമില്ലാതെ വിവേകംമാത്രമുള്ളവനും വിവേകം അശേഷമില്ലാതെ വികാരം മാത്രമുള്ളവനും ഭൂമിക്കുഭാരമായി പുറത്തിരിക്കുന്നതിലും നല്ലത് ഭൂമിക്കടിയിലിരിക്കുന്നതാണ്. അതു മോറല്‍പോലീസായാലും സാദാപോലീസായാലും.
അടുത്തകാലത്തായി നിത്യന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി. ബി. ടെകിന് പഠിക്കുന്ന ഒരു പെണ്‍കൊടി അവളുടെ 'ലപ്പി'നെയും കൂട്ടി വീട്ടില്‍ വന്നു. കുറെക്കാലമായി അടച്ചിട്ട വീട്. അച്ഛന്‍ ഏഴാം കടലിനക്കരെ, അമ്മ തറവാട്ടില്‍. നാട്ടിനെ നേര്‍വഴിക്കുനടത്താന്‍ ഉത്തരവാദപ്പെട്ട മൂന്നുനാലു ചെറുപ്പക്കാര്‍ ആദ്യം പെണ്ണും പിന്നാലെ പയ്യനും വീട്ടിലേക്കു പോവുന്നത് തികഞ്ഞ ഏകാഗ്രതയോടെ നോക്കിനിന്നു. പെണ്ണ് അകത്തുകയറി, പയ്യന്‍ കുറച്ചുനേരം കൂട്ടിലിട്ട വെരുകിനെപ്പോലെ റോഡിലങ്ങോട്ടുമിങ്ങോട്ടും ഒന്നുനടന്നശേഷം വീട്ടിലേക്കു കയറി. താമസം വിനാ വാതിലിന്റെ കുറ്റിവീണു. അതോടെ നോക്കിനിന്നവരുടെ കണ്‍ട്രോളിന്റെ കുറ്റിയും തെറിച്ചു. ഒട്ടും അമാന്തിച്ചില്ല. അമ്മയക്ക് സുഖമില്ലാഞ്ഞ് ഓട്ടോപിടിക്കാന്‍ പോയവന്‍കൂടി അമ്മ ചാവുന്നെങ്കില്‍ ചാവട്ടെയെന്നു തീരുമാനിച്ച് തിരിച്ചുവന്ന് വീടുവളഞ്ഞു.
രാജീവ് വധക്കേസിലെ പ്രതി ശിവരശന്റെ വീടു ഒറിജിനല്‍ പോലീസുകാര്‍ വളഞ്ഞിട്ടും ശിവരശനെ ഉയിരോടെ കിട്ടിയില്ല. ഇവിടെ മോറല്‍പോലീസുകാര്‍ പയ്യനെ ഉയിരോടെ പുറത്തെത്തിച്ചൂവെന്നുമാത്രമല്ല നിലം തൊടീക്കാതെ പെരുമാറി. ഭൂമിതൊടുമ്പോഴേക്കും മച്ചില്‍നിന്നുവീണ പല്ലിയുടെ പരുവമായി പയ്യന്‍. കൈവച്ചവരോടുതന്നെ വിശദമായി നിത്യന്‍ സംസാരിച്ചു. നോക്കുമ്പോള്‍ പാപം ചെയ്യാത്തവരാരും കല്ലെറിഞ്ഞിട്ടില്ല.
അവള്‍ പങ്കെടുക്കാതിരുന്ന ക്ലാസില്‍ പഠിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി അവനെകൂടെ കൂട്ടി എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഇനി അതല്ല, അവര്‍ മറ്റുവിഷയങ്ങള്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു തീര്‍പ്പാക്കി എന്നു കരുതുക. അവര്‍ക്കിഷ്ടമുള്ളത് അവരുടെ വീട്ടില്‍ വച്ച് ഉഭയസമ്മതപ്രകാരം ചെയ്യാന്‍വേണ്ടി തന്നെയാണ് വന്നതെന്നിരിക്കട്ടെ. അവിടെ കയറി ഗുണ്ടായിസം കാണിക്കാന്‍ ഒരുകൂട്ടര്‍ക്ക് അവകാശം കൊടുത്തത് ആരാണ്? ആ കുടുംബം വീടുതന്നെ വില്‌പനയ്‌ക്കുവച്ചിരിക്കുകയാണെന്ന് ഇപ്പോള്‍കിട്ടിയ വാര്‍ത്ത.
ഒരാള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യമെങ്കില്‍ മറ്റൊരുകൂട്ടര്‍ക്ക് വഴിതടയാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്യമെന്ന് കാലാകാലമായി നമ്മള്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. അപ്പോള്‍തന്നെ സമത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും മൊത്തം ചില്ലറ വ്യാപാരികളായി പ്രവര്‍ത്തിക്കുകയും ചെയ്യും. മുതലയെപ്പോലെയാണ് നമ്മള്‍. വായതുറക്കുന്നത് ചിരിക്കാനോ വിഴുങ്ങാനോ എന്ന കാര്യം മുതലയോടുതന്നെ ചോദിക്കണം.
ഒരാളുടെ സ്വാതന്ത്യത്തില്‍ കത്തിവെയ്‌ക്കുന്നത് അവകാശമായി കൊണ്ടുനടക്കുന്നതിനുപിന്നിലെ മനശ്ശാസ്‌ത്രം വിവരമില്ലായ്‌മയില്‍ നിന്നുദിക്കുന്ന അഹങ്കാരമല്ലെങ്കില്‍ വിവേകം അകമ്പടിസേവിക്കാത്ത വികാരമാണ്. അവിവാഹിതന്‍ എന്നല്ലാതെ ബ്രഹ്മചാരി എന്ന് അടല്‍ബിഹാരി വാജ്‌പേയ് എവിടെയും പറഞ്ഞിട്ടില്ല. കലാലയ സുഹൃത്തായിരുന്ന കൗളുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധം അത്ര രഹസ്യവുമായിരുന്നില്ല. കൗളും അവരുടെ ഭര്‍ത്താവ് പ്രൊഫസര്‍ കൗളും താമസിച്ച അതേ വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹവും കഴിഞ്ഞത്.
അവിഹിതബന്ധം എന്നലറിവിളിച്ച് കൗളിന്റെ പടിഞ്ഞാറ്റയുടെ വാതിലാരും ചവുട്ടിപ്പൊളിച്ചിട്ടില്ല. വാജ്‌പേയി തെരുവില്‍ വിചാരണചെയ്യപ്പെട്ടിട്ടുമില്ല. രാജ്യം തന്നെ ഭരിക്കാന്‍ അങ്ങോട്ടേല്‍പിച്ചുകൊടുത്തതാണ് പിന്നത്തെ ചരിത്രം. ജോര്‍ജ് ഫെര്‍ണാണ്ടസ് വിരലൊടിച്ചാല്‍ ബോംബെനഗരം നിശ്ചലമായ ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന കാലത്തും ഒരു കുടുസ്സുമുറിയില്‍ വാരിവലിച്ചിട്ട പുസ്‌തകങ്ങളോടും പട്ടിയോടുമൊപ്പം സുഖമായുറങ്ങിയ ഫെര്‍ണാണ്ടസിലെ വിപ്ലവകാരിയെയാണ് ലോകം കൊണ്ടാടിയത്. തെറ്റുപറ്റിയപ്പോള്‍ തെറിവിളിച്ചതും. അല്ലാതെ ഫെര്‍ണാണ്ടസിന്റെ സ്വകാര്യജീവിതം ആരും പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോയില്ല.
ജവഹര്‍ലാല്‍ നെഹറുവും ലേഡി മൗണ്ട്‌ബാറ്റണും പോയേടത്തൊക്കെ പിന്നാലെ പോയി ആളുകള്‍ കൂക്കിവിളിച്ചിട്ടില്ല. പിടിച്ചുവലിച്ചിട്ടില്ല. വാതിലുകുറ്റിയിട്ടിട്ടുണ്ടോ എന്നുപരിശോധിച്ചിട്ടുമില്ല. അവിഹിതമായാലും, ബലാല്‍സംഗമല്ലാത്ത ലൈംഗികബന്ധം കുറ്റകൃത്യമായി പലരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. എങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഡല്‍ട്രി കുറ്റകൃത്യമാണ്.
"എന്നിട്ടുമെന്തേ കുഞ്ഞിപ്പെണ്ണേ
കതകുപൊളിക്കാന്‍ വന്നില്ലാരും"
എന്നു നെഹറുതന്നെ ഒരുപക്ഷേ മൂളിപ്പാട്ടുപാടിയിരിക്കണം. നെഹറുവിനാവാം നാണുവിനു പാടില്ല. വാജ്‌പേയിക്കാവാം വിജയനു പാടില്ല. അത് സ്വാതന്ത്യമല്ല. സമത്വവുമല്ല
Labels:
മോറല്‍ പോലീസ്,
ലിംഗവിവേചനം,
ലൈംഗികത,
ലൈംഗികദാരിദ്ര്യം
September 04, 2009
ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി

അതൊരു ഒരു നിരുപദ്രവകരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. പക്ഷേ ഏത് സ്വതന്ത്ര അഭിപ്രായപ്രകടനവും ഇറാനില്‍ ജയിലിലേക്കുള്ള മാര്‍ഗമാണ്.
കണ്ണുകെട്ടിയ തുണി മാറ്റിയപ്പോള്‍ മുന്നില്‍ കണ്ടത് ചോദ്യചെയ്യുന്ന ആ തടിയന്‍ ഇട്ടേച്ചുപോയ ഒരു തുണ്ട് കടലാസാണ്. ഞാന്‍ കൈയ്യൊപ്പുചാര്‍ത്തേണ്ട കുറ്റസമ്മതങ്ങളുടെ ഒരു നീണ്ട ചാര്‍ത്ത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി സെല്ലുകളും എന്റെ സുഹൃത്തുക്കളുമായുള്ള 'വൃത്തികെട്ട ബന്ധ'ങ്ങളുടെ തെളിവുകള്‍. വിദേശ ശക്തികള്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ വഹിച്ച പങ്കിനെപറ്റി എനിക്കറിയാം എന്നു രേഖകളില്‍. കൂടാതെ എന്റെ പ്രൊഫെസറും നല്ല സുഹൃത്തുമായ 'അറാഷ് ഹസ്‌താരി' കമ്മ്യൂണിസത്തെ പുല്‍കിയത്, പിന്നെ എനിക്ക് അദ്ദേഹവുമായുള്ള 'ലൈംഗിക ബന്ധ'ത്തിന്റെ തെളിവുകള്‍.
ആ പ്രതിഷേധ സമരത്തിന്റെ നായകനായിരുന്നു അറാഷ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടും.
ഈ ആരോപണങ്ങളൊക്കെ സത്യമാണെന്ന് അരെങ്കിലും കരുതുമെന്ന് ഇതെല്ലാം എഴുതിക്കൂട്ടിയ ആ തടിയന്‍ കരുതുന്നുണ്ടാവുമോ? മറ്റൊരു മാതാഹരിയായി ചരിത്രം എന്നെ കാണുവാന്‍ ഈയൊരു കുറ്റസമ്മതം തന്നെ ധാരാളം - ഒരുപകുതി ഒറ്റുകാരിയും മറുപകുതി വേശ്യയും. "എന്നെ കുടുക്കിയതാണ്, ഞാനിതൊന്നുമല്ല" എന്ന് തെഹ്‌റാനിലെ മുഴുവനാളുകളോടുമായി വിളിച്ചുപറയണമെന്നുണ്ടായിരുന്നൂ എനിക്ക്. എന്തുചെയ്യാം. ഒഴിഞ്ഞമുറിയിലെ ആ ചുമരുകളെ നോക്കി ഞാന്‍ അലറിക്കരഞ്ഞു, 'ഇത് പച്ചക്കള്ളമാണ്. ഇല്ല ഞാനിതിലൊന്നും ഒപ്പുവെയ്‌ക്കുകയില്ല'
അന്തിമമായി എന്നെ ചോദ്യചെയ്‌തവന്‍, കുറച്ചു വ്യത്യസ്‌തനായൊരാള്‍ കുറെ ഫോട്ടോഗ്രഫുകള്‍ കാണിച്ചു. ഒന്ന് ഞാനും അറാഷും ഒരു കഫേയില്‍ ഒരുമിച്ചിരുന്നു കാപ്പികുടിക്കുന്നത്. പിന്നൊന്ന് അറാഷിന്റെ വീട്ടിലേയ്‌ക്ക് ഞാന്‍ പോവുന്നതും മണിക്കുറുകള്‍ക്ക് ശേഷം തിരിച്ചുവരുന്നതും (ഫോട്ടോയിലെ തീയ്യതിയും സമയവും വച്ച്). എന്റെ ലക്ഷ്യം അറാഷിന്റെ ലൈബ്രറി സന്ദര്‍ശനമായുരുന്നു എന്ന് അയാളോട് ഞാന്‍ വ്യക്തമാക്കിയതാണ്. ഭാഗ്യത്തിന് എന്റെ കൈയ്യില്‍ അവിടെനിന്നും ഞാന്‍ എടുത്ത പുസ്‌തകങ്ങളുണ്ടായിരുന്നു.
അറാഷുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റസമ്മതം മരണത്തിലേയ്‌ക്കുള്ള വഴിയാണ് - അതും എന്റെ മാത്രമല്ല. അറാഷിന്റെ ജീവനായിരുന്നു അവരുടെ ലക്ഷ്യം
തിരിച്ചുമുറിയിലേക്കെത്തിയ ആ തടിയന്‍ ഓര്‍ക്കാപ്പുറത്ത് എന്റെ കവിളത്ത് ആഞ്ഞടിച്ചു. "നീയെന്താടീ കണ്ണുമറയ്‌ക്കാത്തത്?"
"നിന്റെയീ അറപ്പുളവാക്കുന്ന മുഖം കാണാനായി" അയാളുടെ കൈകള്‍ എന്റെ ദേഹത്ത്‌് ആഞ്ഞാഞ്ഞുപതിച്ചു. പിന്നെ അയാള്‍ എന്റെ കൈകള്‍ പിന്നോട്ടുവലിച്ച്‌് ഏതോ ഒരു പരുക്കന്‍ സാധനം കൊണ്ട് റിസ്റ്റ് കൂട്ടിക്കെട്ടി. ആ വേദനയില്‍ അലറിക്കരയുമ്പോഴും ജയിലില്‍ ആരെങ്കിലും എന്റെ രക്ഷയ്‌ക്കെത്തുമെന്ന ഞാന്‍ വൃഥാ കരുതി.
മുറി വിട്ടുപോയ തടിയന്‍ താമസിയാതെ ഒരു കത്രികയുമായി തിരിച്ചെത്തി. എന്റെ ശിരോവസ്‌ത്രം വലിച്ചൂരി. നീണ്ടുകിടന്ന എന്റെ മുടിയിഴകള്‍ അയാളുടെ കൈപ്പിടിയിലായി. എന്റെ നിലവിളിയെ അവഗണിച്ചുകൊണ്ട് അയാള്‍ മുടിമുഴുവന്‍ കത്രിച്ചിടാന്‍ തുടങ്ങി. പിന്നെ ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. അഴകാര്‍ന്ന എന്റെ തലമുടിയെ രക്ഷിക്കാന്‍ തലവെട്ടിച്ചപ്പോഴെല്ലാം കത്രികയേറ്റ് തലനിറയെ മുറിവുകളായി. ഒടുവില്‍ ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നു. അപമാനഭാരത്താല്‍ ഞാനിരുന്നു കരഞ്ഞു.
മുടിയുടെ നീളം പോയപ്പോള്‍ കൈ കത്രികവിട്ട് അയാള്‍ ഇലക്ട്രിക് ഷിയേഴ്‌സിലേയ്‌ക്ക് മാറി. ആ വികൃതരൂപം ആസ്വദിക്കാനെന്നോണം ഒന്നു മാറിനിന്നു അയാള്‍ എല്ലാം കഴിഞ്ഞപ്പോള്‍. ആ മുഖത്തേയ്‌ക്ക് ഒന്നു നോക്കാന്‍പോലുമുള്ള ധൈര്യം പിന്നീടെനിക്കുണ്ടായിരുന്നില്ല.
ഇത് എന്റെ മൂന്നാമത്തെ ചോദ്യം ചെയ്യല്‍? അതോ നാലാമത്തേതോ? എനിക്കിപ്പോള്‍ ദിനരാവുകള്‍ തന്നെ അറിയാന്‍ കഴിയുന്നില്ല. ഒരാഴ്‌ചയായി ഞാനീ നരകത്തില്‍ എന്നുതോന്നുന്നു. ആദ്യചോദ്യം ചെയ്യലില്‍ അയാള്‍ എന്റെ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ഞാന്‍ അയാളെ ഒന്നു നോക്കി. ഏതാണ്ട അമ്പതു വയസ്സു വരുന്ന, തലയില്‍ കഷണ്ടി കയറിയ ഒരു തടിയന്‍. മുഖത്ത് വൃത്തിഹീനമായ ഒരു താടി. അയാളെ എന്തോ നാറുകയും ചെയ്യുന്നു. അപ്പോള്‍ എന്നില്‍ അയാള്‍ക്കുള്ള അധികാരം അയാള്‍ നന്നായി ആസ്വദിക്കുന്നതായി തോന്നി. ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ പങ്കാളിയായ ലാളിച്ചുവളര്‍ത്തപ്പെട്ട ഒരു മധ്യവര്‍ഗ രാജകുമാരി - അയാള്‍ക്ക് ഞാന്‍ അതുമാത്രമായിരുന്നു.
എന്റെ മാതാപിതാക്കള്‍ കുര്‍ദ്ദുകളായിരുന്നു എന്നതും എനിക്കു വിനയായി. പോരാത്തതിന് വിദ്യാസമ്പന്നരായ ലിബറലുകളും. അമ്മയാണെങ്കില്‍ സൗരാഷ്ട്രിയന്‍, ആ പൗരാണികമതം പിന്തുടരുവാനായിരുന്നു എന്നെ ശീലിപ്പിച്ചത്. ഷായുടെ കാലത്ത് പട്ടാളത്തില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ കട നടത്തുന്നു. ഖുമൈനിയുടെ തിരിച്ചുവരവിന് ശേഷമാണ് എന്റെ ജനനം. വളര്‍ച്ച അദ്ദേഹത്തിന്റ വാഴ്‌ചക്കാലത്തും. ഷാ തന്നെയാണ് അധികാരത്തില്‍ എന്ന ചിന്തയിലായിരിക്കണം എന്നെ വളര്‍ത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചേല്‍പിച്ച് രണ്ടാമതൊരു നിയമസംഹിത കൂടി അനുസരിക്കേണ്ടതായി വന്നു.
ഒരു വികൃതിക്കുട്ടിയായല്ല ഞാന്‍ വളര്‍ന്നതെങ്കിലും ജീവിതത്തിലെ തമാശകളും അതിന്റെ നിറഭേദങ്ങളും എന്നെ വല്ലാതാകര്‍ഷിച്ചു. ആ ഷൂസുകള്‍, ഞാനാഗ്രഹിച്ച നിറമുള്ള ലോകത്തിലേയ്‌ക്ക് എന്നെ നയിച്ച ആദ്യ മാന്ത്രിക സാന്നിദ്ധ്യമായിരുന്നു അച്ഛന്‍ എനിക്കു വാങ്ങിത്തന്ന ആ പിങ്ക് ഷൂസുകള്‍. എങ്കിലും താമസിയാതെ നഖശിഖാന്തം കറുപ്പില്‍ പൊതിഞ്ഞ് പുറത്തേക്കിറങ്ങേണിവന്ന ഒരു എട്ടുവയസ്സുകാരിയായി ഞാന്‍. സൂര്യകിരണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്‌ത്രങ്ങളണിഞ്ഞ് നടക്കുവാനുള്ള എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഡ്രസ്‌കോഡുകളില്‍ തട്ടി തരിപ്പണമായി.
zarah.jpgടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ സ്‌പാനിഷ് വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്ക് പാത്രമായ ഒരു പ്രഫെസറെ പിരിച്ചുവിട്ടതിനെതിരായി ഒരു പ്രതിഷേധത്തില്‍ ഞാന്‍ പങ്കാളിയായി. ഒരു വലിയവിഭാഗം ജനതയും, നിര്‍ഭയമായ നിലപാടെടുത്ത ചില പത്രങ്ങളും ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 20 വര്‍ഷത്തോളം അധികാരം കയ്യാളിയ ഭരണകൂടം ക്ഷയോന്മുഖമായതായും, ഒരു നവോത്ഥാനം ആവശ്യമാണെന്നും ഞങ്ങളെപ്പോലുള്ളവര്‍ക്ക് തോന്നി. ഞങ്ങളെപ്പോലുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ചില്ലറ ബലപ്രയോഗം മതിയാവുമോ അതോ ഉഗ്രപ്രഹരം തന്നെ വേണ്ടിവരുമോ എന്നു വിലയിരുത്താനായി അധികാരത്തിലുള്ളവര്‍ കരുതലോടെയിരുന്നു. ചില്ലറ ബലപ്രയോഗങ്ങള്‍ എവിടെയുമെത്താതെ വന്നപ്പോള്‍ ഭീകരമുറകള്‍ക്കായി അവര്‍ തയ്യാറെടുത്തു.
അന്നേ ദിവസം ഞാന്‍ സുഹൃത്തുക്കളോടൊത്ത് സല്ലപിച്ചുകൊണ്ടു വീട്ടിലേയ്‌ക്ക് നടക്കുകയായിരുന്നു. പെട്ടെന്നു മാര്‍ഗതടസ്സം സൃഷ്ടിച്ച ഒരു പോലീസുകാരന്‍ എന്റെ തിരച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും എന്നെ കാറിലേയ്‌ക്കെടുത്തെറിയുകയും ചെയ്‌തു. ടെഹ്‌റാനിലെ എതാണ്ട് ഒരു പട്ടണത്തോളം തന്നെ വിസ്‌തൃതിയുള്ള കുപ്രസിദ്ധമായ എവിന്‍ ജയിലിലേയ്‌ക്കാണ് എന്നെ കൊണ്ടുപോയത്.
ഏതാണ് രണ്ടുമീറ്റര്‍ നീളം - ഒന്നരമീറ്റര്‍ വീതി വരുന്ന മൂന്നു ചെറിയ സ്‌റ്റെപ്പുകള്‍. ഉരുക്കുവാതില്‍. ജനാലകളില്ല. വെറുംതറയില്‍ ഒരു പുതപ്പുമാത്രം. ആ വാതില്‍ പഴുതിലൂടെ കണ്ണുകെട്ടാനുള്ള തുണി ലഭിക്കും. കണ്ണുകെട്ടിവേണം സെല്ലിനു വെളിയിലിറങ്ങാന്‍. കക്കൂസിലേയ്‌ക്ക് പോവണമെങ്കില്‍ ഒരു പച്ച സ്ലിപ് വെളിയിലേക്കിടണം. ഒരേ ഭക്ഷണം. ഒലീവും റൊട്ടിയും. വല്ലപ്പോഴും മത്സ്യമാസാദികളും. ഒന്നുകുളിച്ച് വസ്‌ത്രംമാറാന്‍ അവസരം കിട്ടുക ഒരാഴ്‌ചയ്‌ക്കുശേഷമാണ്.
എന്നെ രണ്ടാമത് ചോദ്യം ചെയ്‌ത ആ ആളെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഒരു ആഞ്ഞുതള്ളിന് അയാള്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. കുറെ സമയത്തേയ്‌ക്ക് വെറും നിശ്ശബ്ദത. ഒന്നുകില്‍ മുഖമടച്ച് ഒരടി, അല്ലെങ്കില്‍ ഇടി. ശാരീരികമായി ഇതിലേതെങ്കിലും ഒന്ന് സ്വീകരിക്കുവാന്‍ ഞാന്‍ ശരീരത്തെ സജ്ജമാക്കി. ശിക്ഷകളുടേതായ ഒരു ലിസ്‌റ്റ് തന്നെയുണ്ടോ? അസഭ്യവാക്കുകള്‍, ശാരീരികമായ ഉപദ്രവം, ലൈംഗീക പീഢനം?
അയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ എനിക്ക് സമ്മതമാണെന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി സ്വയം തയ്യാറെടുത്തു. എന്തു പീഢനവും സഹിക്കാനുള്ള സഹനശേഷിയോ ദൃഢവിശ്വാസമോ ഒന്നും ഉള്ളവളല്ല ഞാന്‍.
ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് അയാള്‍ ചോദിച്ചു, "എന്തൊരു പറഞ്ഞാല്‍ മനസ്സിലാവാത്ത അമ്മയാ നിന്റേത്?" നിന്നെപ്പറ്റി ചോദിച്ചുകൊണ്ട് അവളെന്നും ഗേറ്റില്‍ വന്നുപോവുന്നു. "ഞങ്ങള്‍ നിന്നെ കണ്ടിട്ടില്ല, നിന്നെപറ്റി കേട്ടിട്ടുമില്ല" എന്നും ഞങ്ങള്‍ അവളോട് ഇതുതന്നെ പറയുന്നു.
"ഞാനെന്തൊരു പൊട്ടിപ്പെണ്ണ്. എന്റെ അമ്മയുടെ വേദനകള്‍ കൂടി അവര്‍ക്ക് എന്നെ പീഢിപ്പിക്കാനുള്ള ഒരു ഉപകരണമാവും എന്നു ഞാന്‍ ആലോചിച്ചതേയില്ല. എനിക്ക് ഇനിയും അവരുടെ ദുരുദ്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലേ? "
മൃദുവായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, "അതേ, ഞാന്‍ ഇവിടെയാണെന്ന് അമ്മയ്‌ക്ക് അറിയാം".
അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. "പക്ഷേ നീയിവിടെയല്ല. ആണോ? ആരും ഇവിടെയല്ല". ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിംഗുകളെപ്പറ്റി അയാള്‍ ചോദിച്ചു.
"ക്ലാസുകള്‍ കാന്‍സലാക്കാന്‍ അയാള്‍ നിങ്ങളോടാവശ്യപ്പെട്ടുവോ?"
എന്റെ പ്രഫെസറെയാണോ ഉദ്ദേശിക്കുന്നത് എന്നു ഞാന്‍ ആരാഞ്ഞു.
അതേ അവന്‍ തന്നെ നിങ്ങളെയെല്ലാം മസ്‌തിഷ്‌കപ്രക്ഷാളം ചെയ്‌ത ആ തെമ്മാടിതന്നെ.
"ഇങ്ങിനെ സംസാരിക്കുന്ന നീയാണ്‌് തെമ്മാടി", ഞാന്‍ തിരിച്ചടിച്ചു. എനിക്കു നിയന്ത്രിക്കാനാവും മുമ്പേ വാക്കുകള്‍ വാ വിട്ടുപോയി. പിന്നീട് കേട്ടത് അയാളുടെ കസാര നിരങ്ങുന്ന ശബ്ദമാണ്. പിറകില്‍ നിന്നും അയാള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. പിടിച്ചുകുലുക്കിയശേഷം മുന്നോട്ടേക്ക് ആഞ്ഞുതള്ളി. ഇരുന്ന കസാരയടക്കം മുന്നോട്ടു മറിഞ്ഞു. ആ ശക്തിയായ വീഴ്‌ചയില്‍ എന്റെ താടി മേശയുടെ കോണില്‍ തട്ടി പിളര്‍ന്നു. തറയില്‍ വീണുകിടക്കുമ്പോള്‍ രക്തം ഒഴുകിപ്പോവുന്നത് ഞാന്‍ അറിഞ്ഞു. പതിയെ ഞാന്‍ മുട്ടുകുത്തിയിരുന്നു. പിന്നെ പതുക്കെ കസാരയിലേക്ക് മാറി.
ഒരുപാട് ചോദ്യങ്ങളായിരുന്നു പിന്നീട്. ചിലത് പുതിയത് ചിലവ പഴയതിന്റെ ആവര്‍ത്തനങ്ങളും. എനിക്ക് പിടിച്ചുനില്‌ക്കാന്‍ പറ്റിയില്ല. ബോധം മറയുന്നതുപോലെ തോന്നി. എല്ലാറ്റിനും എന്റെ മറുപടി 'അതേ' എന്നതിലൊതുങ്ങി.
"എവിടെപ്പോയി എന്റെ ചങ്കുറപ്പ് എന്നുതോന്നി. എല്ലാറ്റിലുമുള്ള വിശ്വാസവും എനിക്കു നഷ്ടപ്പെട്ടുവോ? വേദനയുടെ ആ മൂടല്‍ മഞ്ഞിനും ആത്മനിന്ദയ്‌ക്കും ഇടയില്‍ ഒരു തരം ഭയം എന്നെ കീഴടക്കി. എന്റെ താടിയിലെ ആഴമേറിയ മുറിവ് നാളെ പഴുത്തേക്കാം. മുഖത്തെ വൈരൂപ്യമായി, വൃത്തികേടായി അതു പരിണമിച്ചേക്കാം. നാളെ ആണ്‍കുട്ടികള്‍ എന്നെ ഒഴിവാക്കിയേക്കാം. എന്നിലെ ആ പേര്‍ഷ്യന്‍ സുന്ദരിയുടെ അന്ത്യം ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ചിന്തകള്‍ എത്രമാത്രം നിരര്‍ത്ഥകമായിപ്പോവുന്നു ? എന്റെയീ ലോകം തന്നെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ എന്റെ ചന്തമുള്ള മുഖത്തെ ചുറ്റിപ്പറ്റി മാത്രമായിപ്പോയി"
ടോയ്‌ലറ്റിലേയ്‌ക്ക് പോവാനായി ഞാന്‍ ഒരു പച്ച പേപ്പര്‍ ചീള് വാതിലിനടിയിലൂടെ തള്ളിവിട്ടു. തടവുകാര്‍ മറ്റുതടവുകാര്‍ക്ക് കൈമാറുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക ടോയ്‌ലറ്റ് വാതിലിന്റെ പിന്നിലാണ്. അവിടെ എന്നെ സ്വാഗതം ചെയ്‌തത് അറാഷിന്റെ വരികളാണ്, പലപ്പോഴും പ്രസംഗം തുടങ്ങുംമുമ്പേ അദ്ദേഹം ചൊല്ലുന്ന ഒരു കവിതയിലെ വരികള്‍. അതേ അറാഷ് ജയിലിലെത്തിയിരിക്കുന്നു.
"സ്വന്തം കൈയ്യിലെ പറവയെ മാനത്തേക്കു നീ പറഞ്ഞുവിടും
സ്‌നേഹത്തിന്റെ മറ്റൊരു കരം വന്ന് നിന്റെ കൈകള്‍ പുണരും"
എന്താണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്? സത്യം പറഞ്ഞാല്‍ എനിക്കറിയണമെന്നില്ല. ഇപ്പോള്‍ സംഭവിച്ചതില്‍ പകുതിയും അദ്ദേഹം കാരണമാണ്. പകുതി ഞാന്‍ ഒരു സ്‌ത്രീയാണെന്നതുകൊണ്ടും.
"എന്റെ പക്ഷിയുടെ ചിറകുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു" മറുപടിയായി ഞാന്‍ കുറിച്ചിട്ടു,
ഏതാണ്ട് മൂന്നാഴ്‌ചകകളോളം നീണ്ടുനിന്ന സകല പീഢനങ്ങള്‍ക്കും ശേഷം ഒരു കോടതിമുറിയിലേക്കാണ് എന്നെ കൊണ്ടുപോയത്. സര്‍വ്വകലാശാലയിലെ പഠനാന്തരീക്ഷം തകിടം മറിച്ചതും നിയമവിരുദ്ധ അസാന്മാര്‍ഗിക ബന്ധം പുലര്‍ത്തിയതുമടക്കം ആറു കുറ്റങ്ങളായിരുന്നു എന്റെ പേരില്‍. എനിക്ക് വിശ്വസിക്കാനേ പറ്റിയില്ല.
ആരായിരുന്നു ഈ ആരോപണങ്ങളുന്നയിച്ചവര്‍? ഞാനിതെല്ലാം ചെയ്‌തൂവെന്ന് ആരാണ് പറഞ്ഞത്? പതയുന്ന രോഷം എന്റെ ശബ്ദത്തെപ്പോലും കീഴ്‌പ്പെടുത്തി.
"നിനക്കെതിരെ ആരോപണമുന്നയിച്ചത് വിപ്ലവ കോടതിയും പൊതുപ്രതിനിധികളുമാണ്. നിയമം അനുശാസിക്കുന്ന എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഈ കണ്ടെത്തലുകളെല്ലാം" ഒരു സ്യൂട്ടുധാരിയായ ഏതോ പ്രധാനപ്പെട്ട ആ ഉദ്യോഗസ്ഥന്റെ പ്രതികരണം അതായിരുന്നു.
എനിക്ക് ഒരു വക്കീലിനെ ലഭിക്കുമോ?
"തീര്‍ച്ചയായും, നിന്റെ വക്കീല്‍ നിന്റെ സഹകുറ്റവാളി അറാഷ് തന്നെയാണ്"
30 ദിവസത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ഇതുവരെ തടവില്‍ കഴിഞ്ഞ ദിനങ്ങളുടെ കുറവുണ്ട്. ഭാവിയില്‍ പഠനം തുടരുവാന്‍ പാടില്ല. പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുകയുമരുത്. എനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. എന്റെ കാര്യത്തില്‍ എല്ലാം ഏകപക്ഷീയമായി തീരുമാനിച്ചശേഷമായിരുന്നു നിരര്‍ത്ഥകമായ ആ ചോദ്യം. എന്റേതുപോലുള്ള ഏതുരാഷ്ട്രത്തിലെയും ഭരണകൂടത്തിനു കീഴില്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടുവാന്‍ കഴിയുക വെറും ബുദ്ധിശൂന്യര്‍ക്കുമാത്രമായിരിക്കും.
"നിന്റെ കുറ്റസമ്മതം യഥാസമയം ഞങ്ങള്‍ ബഹുജനസമക്ഷം കൊണ്ടുവന്നുകൊള്ളും" അതായിരുന്നു ആ വാക്കുകള്‍.
ആറുദിവസം കൂടി പിന്നിട്ട ശേഷം വീണ്ടും എന്നെ കണ്ണുകെട്ടി പുറത്തെ കാറിലേയ്‌ക്ക് നടത്തി. കാറിന്റെ പിന്നില്‍ കിടക്കാന്‍ പറഞ്ഞു. കോടതിയിലേയ്‌ക്ക് പോയ അതേ വഴിയിലല്ലായിരുന്നു സഞ്ചാരം എന്നെനിക്കു മനസ്സിലായി. വാഹനങ്ങളുടെ ശബ്ദഘോഷവും പ്രഭാതത്തില്‍ തെരുവുണരുന്നതിന്റെ ബഹളവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കാറ് ഒരു ഹൈവേയിലൂടെ കുതിക്കുകയാണ്.
വാഹനങ്ങളുടെ ശബ്ദമൊന്നും വളരെ നേരമായി കേള്‍ക്കാതായി അധികം കഴിയും മുമ്പ് കാര്‍ നിന്നു. എന്നോടു പുറത്തേയ്‌ക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. മുഖത്ത് കാറ്റുവീശുന്നത് ഞാനറിഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടിയ പ്ലാസ്റ്റിക ചരടുകള്‍ മുറിഞ്ഞുവീണു. ഒപ്പം ഇരുകൈകളും ഇരുവശത്തേക്കും താഴ്‌ന്നുനിന്നു. എന്നെ അവിടെയിറക്കിയ കാര്‍ പറന്നുപോയി.
കുറെനേരം ഞാനങ്ങിനെ ചലനമറ്റുനിന്നുപോയി. കാര്‍ പൂര്‍ണമായും മറഞ്ഞു എന്നേതാണ്ടുറപ്പായശേഷം മാത്രം ഞാന്‍ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ചുറ്റും പരന്നുകിടക്കുന്ന ആ മരുപ്രദേശത്തിന്റെ വിസ്‌തൃതി കണ്ടു ഞാന്‍ വാ പൊളിച്ചുപോയി. ഒരു ഹൈവേ കുറച്ചകലെയായി കണ്ണില്‍പെട്ടു. മാനത്തെ കറുത്തപാടുകള്‍ ടെഹ്‌റാനിലെ മൂടല്‍മഞ്ഞാണെന്നു തോന്നി. ഞാന്‍ നടക്കാന്‍ തുടങ്ങി. ടെഹ്‌റാന്റെ ഏറ്റവും വെളിയില്‍ കിടക്കുന്ന ഒരു പ്രാന്തപ്രദേശം ഏക്‌ബടന്‍ ആയിരുന്നു അത്. കുറച്ചുകൂടി നടന്നപ്പോഴേയക്കും ഒരു ടെലിഫോണ്‍ ബുത്ത് ശ്രദ്ധയില്‍പെട്ടു.
അച്ഛനെ ഫോണ്‍ വിളിക്കാനായി അതുവഴി കടന്നുപോയ ഒരാളോട് എനിക്ക് കാശുനു യാചിക്കേണ്ടിവന്നു. അങ്ങോളമിങ്ങോളം മുറിവേറ്റ മൊട്ടത്തലയും വിണ്ടുപിളര്‍ന്ന താടിയും രക്തക്കറയുണങ്ങിപിടിച്ചിരിക്കുന്ന മുഖവും നെറ്റിത്തടവും ചീര്‍ത്ത കണ്ണുകളും പൊട്ടിയ ചുണ്ടുകളുമായി എന്നെ കണ്ട് അയാള്‍ ഭയന്നുപോവാതിരിക്കാനായി ഒന്നു നന്നായി ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
"ഇതെന്തു പറ്റി കുട്ടീ, എങ്ങിനെ നീയിവിടെയെത്തി?"
താങ്കള്‍ എനിക്ക് ഒരു നാണയം തരുമോ? എന്ന മറുചോദ്യമായിരുന്നു ഉത്തരം.
അയാള്‍ ഒരു കെട്ട് തുറന്ന് നാണയം എടുത്തുകൊടുത്തു.
കൈവശമുണ്ടായിരുന്ന റൊട്ടിക്കഷണങ്ങളില്‍ ചിലതുകൂടി അദ്ദേഹം എനിക്കു നല്‌കി. കൂടാതെ കുറെസമയം വിശ്രമിച്ച് അതേവഴിയില്‍ സഞ്ചരിക്കാനും നിര്‍ദ്ദേശിച്ചു.
തിരക്കിട്ട് ഞാന്‍ ഫോണ്‍ബുത്തിലെത്തി. മാനം കണ്ടിട്ട് ഏതാണ്ട് സമയം രാവിലെ 8 മണിയായി കാണണം. അച്ഛന്‍ കടയിലേയ്‌ക്ക് പോവാനായിട്ടില്ല.
"ഗഹ്‌റാമണി ഭവനം" ഫോണിലൂടെ അച്ഛന്റെ ശബ്ദം.
"അച്ചാ, ഇത് ഞാനാണ് സാറ."
കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുകൊണ്ട് മാതാപിതാക്കളെയും പ്രതീക്ഷിച്ച് ഞാനിരുന്നു, പിന്നീട് എന്റെ കണ്ണുകള്‍ ആ റൊട്ടിയിലുടക്കി. കരച്ചില്‍ അവസാനിപ്പിച്ച ഞാന്‍ വിശപ്പുസഹിക്കാന്‍ കഴിയാതെ അതകത്താക്കാന്‍ തുടങ്ങി. ഇതൊക്കെ തന്നയായിരിക്കും സ്വര്‍ഗത്തിലായിരുന്നുവെങ്കിലും ഞാനാഗ്രഹിക്കുക. പുതിയ റൊട്ടി, സന്തോഷാശ്രുക്കള്‍, മാതാപിതാക്കളുടെ സാമീപ്യം.
ആ കണ്ണുകെട്ടിയിരുന്ന തുണി ഞാന്‍ മുറുകെപിടിച്ചു.
(സാറ 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ആസ്‌ട്രേലിയായില്‍ വിദ്യാഭ്യാസം തുടരുന്നു. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയായിലെ ഒരു കുടിയേറ്റ ഇറാന്‍കാരനെ വിവാഹം കഴിച്ചു. അറാഷ് ഹസ്‌റാതിയ്‌ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ സാറയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല)
Labels:
ഭീകരത,
മതം,
ലിംഗവിവേചനം,
വിവര്‍ത്തനം,
സാമൂഹികം
Subscribe to:
Posts (Atom)