“കുറ്റവാളിക്ക് പശ്ചാത്താപമില്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പലപല ആരോപണങ്ങള്‍ കൊണ്ടുവരുന്നതിലും കേസിലെ സാക്ഷികളെ ഊരാന്‍ പറ്റാത്തവിധം നിയമക്കുരുക്കുകളില്‍ പെടുത്തുന്നതിനും പ്രതി ശ്രമിച്ചിട്ടുണ്ട്്. സെക്ഷന്‍ 354 പ്രകാരം മാക്‌സിമം ശിക്ഷക്ക് കുറ്റവാളി അര്‍ഹനാണെങ്കിലും അയാളുടെ വയസ്സ്, ആരോഗ്യപ്രശ്‌നങ്ങള്‍, അവിവാഹിതയും രോഗിണിയുമായ മകള്‍, മെറിട്ടോറിയസ് സര്‍വീസ് റിക്കോര്‍ഡ്, ഇതിനകം കോടതി കയറിയിറങ്ങിയ 200 ദിനങ്ങള്‍ എന്നിവ പരിഗണിച്ച് നിയമത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി ഒന്നരവര്‍ഷത്തെ കഠിനതടവു മതിയാവുന്നതാണ്.
രുചിക ആത്മഹത്യ ചെയ്തു എന്നതില്‍ തര്‍ക്കമില്ല. വിലയേറിയ ഒരു ജീവന്‍ പൊലിഞ്ഞു. ഡി.ജി.പി ആര്‍ ആര്‍ സിങ്ങിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന വകുപ്പുതല അന്വേഷണം എവിടെയുമെത്താതെ നിലച്ചു. കുറ്റവാളിക്ക് പ്രമോഷനുകള്‍ കിട്ടി. ഹരിയാനയുടെ ഡി.ജി.പി ആയി വിരമിച്ചു. രുചികാ സംഭവത്തിലൂടെ പോലീസുദ്യോഗസ്ഥന്‍ എന്ന നിലയിലും ഹരിയാന ലോണ്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡണ്ട് എന്ന നിലയിലും തികഞ്ഞ പരാജയമായിരുന്നെന്ന്് തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ കായികരംഗം ലോകത്ത് എന്നും പിന്നിലായിപ്പോവുന്നതുതന്നെ ഇത്തരക്കാര്‍ കാരണമാണ്. കായികമേഖലയുടെ തലപ്പത്ത് ഇങ്ങിനെയുള്ളവര്‍ അവരോധിതരാവുമ്പോള്‍ മേഖലയിലെ വനിതാ സാന്നിദ്ധ്യം കൂടാന്‍ സാദ്ധ്യതയില്ല. യഥാര്‍ത്ഥ കഴിവിന്റെ ഉടമകള്‍ അരങ്ങത്തെത്തുകയുമില്ല.
നീതി നിര്‍വ്വഹണം നടന്നാല്‍ മാത്രം പോരാ, നിര്‍വ്വഹിക്കപ്പെട്ടു എന്നു ലോകത്തിന് ബോധ്യമാവുകയും വേണ്ടതുണ്ട്.
ഏറ്റവും കനത്ത ശിക്ഷയ്ക്ക് കുറ്റവാളി അര്‍ഹനായിരുന്നപ്പോള്‍ വിചാരണകോടതി വെറും ആറുമാസത്തെ കഠിനതടവു വിധിച്ചത്ത് തെറ്റായിപ്പോയി.
സംഭവശേഷവും വിചാരണകാലയളവിലുമുള്ള കുറ്റവാളിയുടെ സ്വാഭാവം വിചാരണകോടതി കൂടുതല്‍ അവധാനതയോടെ പരിഗണിക്കേണ്ടതായിരുന്നു.”
നിത്യന്റെ ജല്പനമോ മാധ്യമനിരീക്ഷണങ്ങളോ അല്ല. ബഹുമാനപ്പെട്ട അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി ജസ്റ്റിസ് ഗുല്‍ബീര്‍ സിങ്ങിന്റെ നിരീക്ഷണങ്ങളാണ്.
വൈകിവരുന്ന നീതി എല്ലാ അര്‍ത്ഥത്തിലും നീതിനിഷേധമാവുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പീഢനകേസുകളിലെ കാലവിളംബം. കുറ്റവാളിക്ക് പരാതിക്കാരെ ഏതുവിധേനയും നേരിടുവാനുള്ള സാഹചര്യമാണ് കിട്ടുന്നത്.
ഒരു തെമ്മാടി സ്ഥാനക്കയറ്റം നേടി ഹരായാനയുടെ ഡി.ജി.പി ആയതാണ് റാഥോഡിന്റെ ചരിത്രം. ആ തെമ്മാടിയുടെ കുടുംബസ്വാധീനം, സമുദായ സ്വാധീനം, ഉദ്യോഗസ്ഥതലത്തിലുള്ള സ്വാധീനം, ഇതരവകുപ്പുകളിലെ സ്വാധീനം, കിടപ്പറയില്‍തന്നെ ലഭ്യമായ വക്കീല്‍ സാന്നിദ്ധ്യം, എല്ലാറ്റിനുമുപരിയായി ഒടുക്കത്തെ രാഷ്ട്രീയ സ്വാധീനം. വിചാരണയിലെ കാലതാമസത്തിന്റെ വറചട്ടിയില്‍ വിരിഞ്ഞാവട്ടെ ഒരു നൂറു ഗൂഢാലോചനകളും. മാനഭംഗത്തിനിരയായ കുട്ടിയുടെ കൂടുംബം തന്നെ ഒന്നടങ്കം ആത്മഹത്യ ചെയ്യാതിരുന്നത് മഹാഭാഗ്യം.
കേസിലെ പ്രതി റാഥോഡിന്റെ മകളടക്കം 135 ആളുകള്‍ ഫീസു അടക്കുന്നതില്‍ വീഴ്ചവരുത്തിയെങ്കിലും ആ കാരണത്തിന് ആ “Sacred Hearts” സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍, പിശാചിന്റെ മണവാട്ടി സെബാസ്റ്റിന പുറത്താക്കിയത് രുചികയെ മാത്രമാണ്. റാഥോഡ് അതുചെയ്യിച്ചതാവട്ടെ ജസിക്കാലാല്‍ കേസിലെന്നപോലെ ഇരയുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതിനുള്ള ഒരെളുപ്പവഴിയായും.
എല്ലാം നോക്കുമ്പോഴാണ് മനസ്സിലാവുക ഇപ്പോള്‍ കിട്ടിയത് മാനഭംഗത്തിനുള്ള വകുപ്പു പ്രകാരം പരമാവധി ശിക്ഷയാണെങ്കിലും സത്യത്തില്‍ ഒരനുഗ്രഹമാണ്. സാക്ഷരതയും തുടര്‍വിദ്യാഭ്യാസവും പോലെ മാനഭംഗവും തുടര്‍ പീഢനപരമ്പരകളും റാഥോഡ് കൊണ്ടാടിയത് നീണ്ട 20 വര്‍ഷങ്ങളാണ്. കുട്ടിയുടെ ഏകസഹോദരന്‍ പതിമൂന്നിന്റെ പടിവാതിലിലെത്താത്ത പയ്യനെ 12 കാര്‍മോഷണകേസില്‍ കുടുക്കി അടിച്ചുനുറുക്കി നേരെനില്ക്കണമെങ്കില്‍ കുഴിയിലിറക്കിവെയ്ക്കണമെന്ന അവസ്ഥയിലാക്കി വീട്ടിലെറിഞ്ഞുകൊടുത്തതോടെ കുട്ടിയുടെ മുന്നില്‍ ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ലാതെയായി.
കള്ളക്കേസില്‍ കുരുക്കി അച്ഛന്റെ ബാങ്ക് മാനേജര്‍ ജോലിയും തെറിപ്പിച്ചു. സുഹൃത്തുക്കളെക്കൊണ്ട് ചില്ലിക്കാശിന് വീടും സ്ഥലവും എടുപ്പിച്ച് ആ ദുരന്തകുടുംബത്തെ നാടുകടത്തി. കുട്ടിയുടെ ആത്മഹത്യ മദ്യം വിളമ്പി ആഘോഷമാക്കി.
കേസില്‍ സഹായിച്ച, ഏക സാക്ഷിയായ അര്‍ച്ചനയുടെ പിതാവ് ചീഫ് എഞ്ചിനീയര്‍ ആനന്ദ് പ്രകാശിന്റെ സ്തുത്യര്‍ഹമായ സര്‍വ്വീസ് റിക്കോര്‍ഡ് ഒറ്റദിവസം കൊണ്ടു തകിടം മറിഞ്ഞു പ്രകാശ് സൂപ്രണ്ടിങ് എഞ്ചിനീയറായി നിലം പതിച്ചു. അമ്മ മധുവെ പറ്റി കുപ്രചരണങ്ങള്‍ വേറെയും അഴിച്ചുവിട്ടു. ഒടുവില്‍ എല്ലാതെറ്റിനും ശിക്ഷയായി കിട്ടിയതോ ജസ്റ്റിസ്. ജെ.എസ് സിന്ധു വക ആറുമാസം ജയിലും 1000രുപ പിഴയും. പത്തുമിനിറ്റിനകം ജാമ്യവും. ഒരു ജനതയ്ക്ക് മൊത്തം അപമാനകരമായിപോയില്ലേ ഇത് എന്ന് ബൃന്ദാകാരാട്ട് ചോദിച്ചത് എത്ര ശരി!
അന്ധന് അകക്കണ്ണുപോലെ നീതിദേവതയ്ക്കും അതൊരെണ്ണമെങ്കിലും അടിയന്തിരമായി ഉണ്ടാവേണ്ടിയിരിക്കുന്നു. കവുങ്ങിനുള്ള തളപ്പു തെങ്ങിനു പറ്റുകയില്ലെന്നു നമുക്കറിയാം. വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം എന്നു പാര്‍വ്വതി പരമേശ്വരനെ ഉപദേശിച്ചതുപോലെ ശിക്ഷാര്‍പ്പണവും പ്രതിയെ അറിഞ്ഞുവേണം എന്നു തോന്നിപ്പോവുന്നു.
ജനജീവനും സ്വത്തും ജീവന്‍ കൊടുത്തും സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥനായ പ്രതി ജനജീവിതത്തിനു തന്നെ ഭീഷണിയാവുമ്പോള്‍ കൊടുക്കേണ്ടത് തെരുവുപിള്ളാര്‍ക്കുള്ള ആറുമാസവും ആയിരം ഉലുവയുമാണോ? അളക്കേണ്ടത് അതേ കണ്ണിലൂടെയാണോ? തളക്കേണ്ടത് അതേ ചങ്ങലയിലാണോ?
റാഥോഡിന്റെ പേരിലുള്ള രുചികാ മാനഭംഗകുറ്റം തെളിഞ്ഞതിനാണ് ഇപ്പോള്‍ ഒന്നരക്കൊല്ലം കഠിനതടവ് കിട്ടിയത്. ഇനി ആത്മഹത്യാപ്രേരണാ കുറ്റം കൂടി ഭാവിയില്‍ തെളിഞ്ഞാല്‍ തന്നെ കൂടിയാല്‍ 7 വര്‍ഷം. അതില്‍നിന്നും പ്രായവും രോഗവും മകളും എല്ലാം തട്ടിക്കിഴിച്ചാല്‍ കിട്ടുന്നത് കണ്ടറിയണം.
റാഥോഡിന്റെ സ്തുത്യര്‍ഹ സേവനം പോലെതന്നെ പഴുതുകളില്ലാത്ത ഗൂഢാലോചനകളും പിഴവുകളില്ലാത്ത പീഢനവുമാണ് അരങ്ങേറിയത്. പദവികളുപയോഗിച്ച് ഇങ്ങിനെയൊരു ഭീകരകുറ്റം ചെയ്തവന് വധശിക്ഷയല്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആജീവനാന്തം കഠിനതടവിലെങ്കിലുമിടേണ്ടതാണ്.
മാനഭംഗത്തിനും തുടര്‍പീഢനങ്ങള്‍ക്കും ഇരയായി കുട്ടി ആത്മഹത്യ ചെയത്‌പ്പോള്‍ അതുകൂടി വിജയാഘോഷമാക്കി മദ്യം വിളമ്പിയ തെമ്മാടി പടവുകള്‍ ഒന്നൊന്നായി കയറി ഡി.ജി.പി ആയി വിശിഷ്ടസേവാ മെഡലും നേടി നെഞ്ചുവിരിച്ചുനിന്ന് നമ്മുടെ മഹത്തായ ജനാധിപത്യത്തെയും നീതിന്യായവ്യവസ്ഥയെതന്നെയും നോക്കി പല്ലിളിച്ചുകൊണ്ടിരുന്നത് രണ്ടോ നാലോ ദിവസങ്ങളല്ല, നീണ്ട് ഇരുപത് വര്‍ഷങ്ങളാണ്. സഹനത്തിലും പലായനത്തിനും ആ കുട്ടി നഷ്ടപ്പെട്ട കുടുംബം വിധേയമായതും ഇത്രയും കാലമാണ്.
വിദ്യാഭ്യാസവും പദവികളുമുള്ള കുറ്റവാളിയെ കാണേണ്ടത് തേങ്ങാമോഷ്ടിച്ച കിട്ടനും തോണ്ടല്‍ വിദഗ്ധന്‍ കുഞ്ഞിരാമനും തുല്യനായല്ല. ജനത്തിന്റെ സ്വൈരജീവിതത്തിനുതന്നെ അപകടം വരുത്തിയേക്കാവുന്ന ഭീകരനായാണ്. വിശിഷ്യാ പ്രതി പോലീസില്‍ നിന്നാവുമ്പോള്‍. പുറത്തുള്ളതിനെക്കാള്‍ ക്രിമിനലുകള്‍ യൂണിഫോമിനകത്തുള്ളതിന്റെ തെളിവുകളാണല്ലോ ലോക്കപ്പ് പീഢനവും കസ്റ്റഡി മരണങ്ങളുമെല്ലാം. കാലം മാറുമ്പോഴും കോലം മാറാത്ത കാനൂനൂകള്‍ ഇവിടെ നീതിദേവതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്.
ഇന്നലെച്ചെയ്‌തോരബദ്ധം മൂഡര്‍ക്ക്
ഇന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം
അതില്‍ സമ്മതം മൂളാതിരിക്കേണ്ട തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്‍മാര്‍ ചൊറിയും കുത്തിയിരിക്കുമ്പോള്‍ നാടുനീങ്ങിയ സായിപ്പ് ഭാരതീയര്‍ക്കായി പീഢകരാഗത്തില്‍ വിരചിച്ച 1862ലെ കൃതികള്‍ നീതിദേവതയെതന്നെ മാനഭംഗപ്പെടുത്താന്‍ തുടങ്ങിയിട്ട് നീണ്ട 250 വര്‍ഷങ്ങളായി. ഗതകാലത്തെ നീതിയുടെ ഗതിവിഗതികള്‍ക്കായി ചില ഉദാഹരണങ്ങള്‍.
മൂഹമ്മദ് ഹബീബ് Vs സ്റ്റെയിറ്റ്: ബലാല്‍സംഗം ചെയ്യപ്പെട്ടത് ഏഴുവയസ്സുകാരി. കുട്ടിയുടെ ശരീരത്തിലെ കടിയുടെ പാടുകളും കന്യാചര്‍മ്മത്തിനു പറ്റിയ കേടും കോടതി പരിഗണിച്ചില്ല. ഈ ഭീകരകൃത്യത്തിനുള്ള സാക്ഷിമൊഴിയും വിധിയെ ബാധിച്ചില്ല. ഏഴുവയസ്സുകാരിയുടെ എതിര്‍പ്പില്ലാത്ത ലൈംഗികബന്ധത്തിന് എറ്റവും വലിയ തെളിവായി ചരിത്രത്തിലെയ്ക്ക് നടന്നുകയറിയത് പരിക്കുകളില്ലാത്ത പ്രതിയുടെ ലിംഗമായിരുന്നു. നീതിദേവത കൂട്ടമാനഭംഗത്തിനു വിധേയമായെങ്കിലും പ്രതി രക്ഷപ്പെട്ടു.
മഥുരാ ബലാല്‍സംഗ കേസ്: പതിനാറുവയസുള്ള പട്ടികവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു മഥുര. കുടുംബത്തോടൊപ്പം ഒരു പരാതി സമര്‍പ്പിക്കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോഴാണ് ബന്ധുക്കളെ പുറത്തുനിര്‍ത്തി കുട്ടിയെ അകത്തുകൊണ്ടുപോയി രണ്ടു പോലീസുകാര്‍ ബലാല്‍സംഗം ചെയ്തത്.
1974 ജുണ്‍ ഒന്നിന് സെഷന്‍സ് കോടതി വിധി പറഞ്ഞു. മഥുര വെറും കള്ളി. ലൈംഗികബന്ധം ശീലമാക്കിയവള്‍. സ്വാഭാവികമായും നടന്നത് അവളുടെ സമ്മതത്തോടെയുള്ള വേഴ്ചകള്‍. പ്രതികള്‍ പുറത്തേക്ക്. അകത്താവാത്തതുതന്നെ വാദിയുടെ ഭാഗ്യം.
അപ്പീലില്‍ ഹൈക്കോടതി വിധി തള്ളി പ്രതികള്‍ തൂക്കാറാമിനെയും ഗണപതിനെയും 5 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
കേസ് സുപ്രീംകോടതിയിലേക്ക്. പ്രതികളെ കുറ്റവിമുക്തരാക്കി വിധിവന്നു. സംഭവസമയം നിലവിളിക്കാതെ മഥുര ഗുരുതരമായ വീഴ്ചവരുത്തിയതു കോടതി കണ്ടെത്തി. കൂടാതെ ദേഹത്ത് പ്രത്യക്ഷ പരുക്കുകളുമില്ല.
ഏതായാലും ഈ സ്ഥിതിക്ക് ലേശം വ്യത്യാസം വരാന്‍ വേണ്ടിവന്നത് ഇരൂനൂറുവര്‍ഷവും പിന്നെയൊരു രണ്ടുദശകവുമാണ്. 1983 ലെ 114 (അ) എവിഡന്‍സ് ആക്റ്റ് വന്നതോടുകൂടി തന്റെ സമ്മതമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം പരാതിക്കാരി തന്നെ ബോധിപ്പിച്ചാല്‍ മതിയെന്ന അവസ്ഥ വന്നതാണ് ഏകാശ്വാസം.
വിചാരണയിലെ കാലവിളംബം ഒഴിവാക്കുവാനും നീതി ഉടന്‍ നടപ്പിലാകുവാനുമായി നിയമമന്ത്രാലയം ഉറപ്പുനല്കിയ സെക്ഷ്വല്‍ ഒഫന്‍സസ് (സ്‌പെഷല്‍ കോര്‍ട്‌സ്) ബില്‍ ഉടന്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മനോരമാ ദേവി, ജസിക്കാലാല്‍, രുചികാ സംഭവങ്ങള്‍ തെളിയിക്കുന്നു. വൈകിവന്ന നീതി നീതിനിഷേധം മാത്രമല്ല ജീവിക്കാനുള്ള അവകാശം കൂടി കവര്‍ന്നതാണ് രുചികാസംഭവം.
32 ശതമാനമെന്ന പുല്‍മേടിലെ മാന്‍പേടകളാവാതെ, മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ ഗര്‍ജിക്കുന്ന സിംഹികളാവുകയാണ് വനിതകള്‍ ആദ്യം വേണ്ടത്. ചരിത്രത്തില്‍ രുചികമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍. റൂഷും ലിപ്സ്റ്റികും തരാതരവും ഉടുതുണിക്കുമാത്രം ക്ഷാമവും കൊണ്ട് പിടിച്ചുനില്ക്കുകയും പിടിച്ചടക്കുകയും ചെയ്യുന്ന വിശ്വസുന്ദരിമാരെയല്ല, മനോരമാ ദേവിക്കുവേണ്ടി ഉടുതുണി പറിച്ചെറിഞ്ഞ് 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' ബാനറുമായി ആസാം റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനുമുന്നില്‍ പ്രകടനം നടത്തിയ അമ്മമാരെയും സഹോദരിമാരെയാണ് ഇന്ത്യന്‍ വനിതകള്‍ മാതൃകയാക്കേണ്ടത്. രക്തസാക്ഷിയായ മനോരമാ ദേവിയ്ക്കും ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലെ ഒരാര്‍ത്തനാദമായി ജീവന്‍ അവശേഷിക്കുന്ന ഐറോം ഷര്‍മ്മിളയ്ക്കുമായി ഈ കുറിപ്പുകള്‍ സമര്‍പ്പിക്കുന്നു.