October 27, 2007

കേരളത്തിലെ കലാപശാലകള്‍ അഥവാ കശാപ്പുശാലകള്‍

ഇന്ത്യയിലെ ആദ്യത്തെ നൂറു കലാശാലകളെടുത്താല്‍ അക്കാദമിക്‌ റാങ്കിങ്ങില്‍ ഒരെണ്ണം പോലും കേരളത്തില്‍ നിന്നുണ്ടാവുകയില്ല. ജനാധിപത്യമര്യാദ പ്രകാരം നാറിയ റാങ്കിങ്ങ്‌ നമ്മള്‍ മാറ്റിവെക്കുക. റാഗിങ്ങില്‍ മുന്തിയ ഒരു പത്തെണ്ണമെടുക്കുക. മുന്നില്‍ നിന്നു നയിക്കുവാന്‍ കൂട്ടബലാല്‍സംഗം ഫെയിം എസ്‌. എം. ഇയും തൊട്ടുതാഴെ ഇന്നലത്തെ പ്രകൃതിവിരുദ്ധം ഫെയിം കാര്‍ഷിക കലാശാലയും കാണാതിരിക്കുകയില്ല.

ഇനി റാഗിങ്ങിനെയും മാറ്റിവെക്കുക. വിവിധ കാമ്പസ്‌ തനതുകലാപരൂപങ്ങളായ അടിച്ചുകൊല്ലല്‍, എറിഞ്ഞുകൊല്ലല്‍, വെട്ടിക്കൊല്ലല്‍, കുത്തിക്കൊല്ലല്‍ ആദിയായവയില്‍ മികച്ച 20 എണ്ണമെടുത്താല്‍ ഇരുപതും നമ്മളുടേതായിരിക്കും.

ഒന്നാം സ്ഥാനം വിപ്ലവകാരികള്‍ക്കു കൊടുക്കാതെ വയ്യ. രണ്ടാം സ്ഥാനത്തിനായി സംഘപരിവാറിന്റെയും എന്‍.ഡി.എഫുകാരുടെയും കുട്ടിക്കുരങ്ങന്‍മാര്‍ മത്സരിക്കട്ടെ.

ഇന്ന്‌ ഈ വരികള്‍ കുറിക്കുമ്പോഴേക്കും നമ്മള്‍ ഒന്നുകൂടി മെച്ചപ്പെട്ടു. ഒരു എ.എസ്‌.ഐ യെ ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌ കോളേജില്‍ വച്ചു തല്ലിക്കൊന്നു. ഇവറ്റകളാണെന്ന്‌ അവറ്റകള്‍. അവറ്റകളാണെന്ന്‌ ഇവറ്റകള്‍. അല്ല ചെറ്റകളാണെന്ന്‌ നാട്ടുകാര്‍. പോലീസുകാര്‍ ത്രിശങ്കുവിലും..

എന്തായാലും പോലീസുകാരുടെ വകയായിരിക്കും ഈയൊരു ഹര്‍ത്താല്‍ എന്നാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപനം കേട്ടപ്പോള്‍ തോന്നിയത്‌. സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടത്‌ അവര്‍ക്കാണല്ലോ. പിന്നെയും ആലോചിച്ചപ്പോള്‍ അച്ചടക്കത്തിന്റെ ഭാഗമായി അവരത്‌ ചെയ്യുമോ എന്നൊരു സംശയം തോന്നി. ഒന്നുകൂടി ആലോചിച്ചൂ. അഭ്യന്തരമന്ത്രിയെ കെട്ടിപ്പിടിച്ച്‌ ജയില്‍പുള്ളി വിപ്ലവാങ്കി പുതപ്പിച്ച്‌ ജയില്‍ നിയമങ്ങള്‍ക്ക്‌ ലാല്‍സലാം പറഞ്ഞസ്ഥിതിക്ക്‌ പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ നടത്തിക്കൂടെന്നുമില്ല. അങ്ങിനെ വന്നാല്‍ മഴമേഘം കണ്ട മയിലിനെപ്പോലെ വിപ്ലവകാരികള്‍ നൃത്തം ചവുട്ടുകയാണ്‌ വേണ്ടത്‌.

എന്നാല്‍ വിപ്ലവകാരികളെക്കാളും ബുദ്ധി പോലീസുകാര്‍ക്കുള്ളതുകൊണ്ട്‌ അവര്‍ സംയമനം പാലിച്ചു. അപ്പണികൂടി കൊന്നവര്‍ക്കുതന്നെ വിട്ടുകൊടുത്തു. കൊന്നാല്‍ പാവം തിന്നാല്‍ തീരും എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചുകൊണ്ട്‌ വിഡ്ഡികളെല്ലാം കൂടി സംയുക്തമായി ഹര്‍ത്താലും പ്രഖ്യാപിച്ചു. മരണകാരണമായ പട്ടികക്കെതിരായിട്ടായിരിക്കണം ഈ ഹര്‍ത്താല്‍.

കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ കോടതി നിരീക്ഷിച്ചപ്പോള്‍ എന്തായിരുന്നു പുകില്‌? അതോടുകൂടി കലാലയങ്ങളിലെ ജന്മിത്വം അവസാനിച്ചുണ്ടായേക്കാവുന്ന വന്‍ വിടവിലേക്ക്‌ വര്‍ഗീയത കടന്നുകയറും എന്നായിരുന്നു നിരീക്ഷണം.

എന്‍.ഡി.എഫുകാരും എം.എസ്‌.എഫുകാരും എബിവിപി ക്കാരുമെല്ലാം കോളിജുകളില്‍ തെക്കുവടക്ക്‌ നടന്ന്‌ മതേതരത്വത്തിന്റെ കല്‌പവൃക്ഷത്തിന്‌ വളമിട്ടുകൊടുക്കുകയായിരുന്നു ഇതുവരെ.

ഇപ്പറഞ്ഞ ന്യായം കേരളീയ സമൂഹത്തിലെ അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മൂട്ടകള്‍ക്കും അസ്സലായി ബോധിച്ചു. ജീവശ്ശവമായ ശിഷ്യനെക്കാളും നല്ലത്‌ ചത്ത കുരിക്കളോടു പൊരുതുന്നതാണെന്ന്‌ പറഞ്ഞത്‌ സഞ്‌ജയനാണ്‌. മൂപ്പരുടെ തമാശ യാഥാര്‍ത്ഥ്യമാക്കിയതാണ്‌ ലേറ്റസ്റ്റ്‌ സാംസ്‌കാരികനേട്ടം.

മരിച്ചയായുടെ മക്കള്‍ നാവടക്കാന്‍ പറയുന്നതുവരെ ചലിച്ച അഥവാ ചിലച്ച ആ നാവുകള്‍ ഇപ്പോള്‍ താണുപോയോ? പ്രത്യേകിച്ച്‌ കേരളത്തിലെ വിദ്യാഭ്യാസരംഗം ഉത്തരമൊരു പ്രതിസന്ധി നേരിടുമ്പോള്‍ നാവനങ്ങാത്തതിന്റെ കാരണമെന്താണ്‌?
ഉത്തരം ലളിതം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം. ഉണ്ണാന്‍ പോകുന്നതിന്‌ കുറച്ചേറെയും.

ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ രാഷ്ട്രീയം എന്നായിരുന്നു പഴയനിരീക്ഷണം. കേരളത്തിലെ കാമ്പസുകള്‍ അതു തിരുത്തി ഒരു തെമ്മാടിയുടെ ആദ്യത്തെ അഭയകേന്ദ്രമാണ്‌ കേമ്പസ്‌ രാഷ്ട്രീയം എന്നാക്കുമ്പോള്‍ വിദ്യാഭ്യാസത്തിനു ഭാവിയുണ്ട്‌. രാഷ്ടീയ മുതലാളിമാര്‍ക്കഭിമാനിക്കാന്‍ വഹയുണ്ട്‌.

എന്നാല്‍ ഇവിടത്തെ ചെഗുവേരമാര്‍ സ്വന്തം മക്കളോടു ചെയ്‌തുകളയുന്നത്‌ കനത്ത അനീതിയാണ്‌. അക്ഷരവിരോധികളല്ലാത്തവരെ നേരെ കൊണ്ടുപോയി കൊടി കണ്ണിന്‌ ഹറാമായ മാതയുടേയും നികൃഷ്ട അച്ഛന്‍മാരുടെയും കച്ചവട സ്ഥാപനത്തിലാക്കി വിപ്ലവസ്വപ്‌നങ്ങളുമായി അടുത്ത ഫ്‌ളൈറ്റിന്‌ തിരിക്കും.

ഇനി പിതാവ്‌ ആദര്‍ശത്തില്‍ നിന്നെന്നപോലെ പുത്രന്‍ അക്ഷരത്തില്‍ നിന്നും തുല്യ അകലത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ നല്ലത്‌ നാട്ടിലെ കോളേജാണെന്ന തിരിച്ചറിവിനും ക്ഷാമമില്ല. ഒരു കൊടി സഹായം. യഥാ പിതാ തഥാ പുത്ര.

കേരളത്തിലെ കലാലയങ്ങളിലെ രാഷ്ട്രീയവും റാഗിങ്ങും ഒന്നണലിയാണെങ്കില്‍ മറ്റേത്‌ പേപ്പട്ടിയാണ്‌. കലാലയങ്ങളുടെ നന്മയ്‌ക്കായി ഏറ്റവും നല്ലത്‌ രണ്ടിനെയും തല്ലിക്കൊല്ലുകയാണ്‌. ഇനി അണലിയെ വേണമെങ്കില്‍ കാഴ്‌ചബംഗ്ലാവിലേക്കു മാറ്റുകയുമാവാം. തിരുവനന്തപുരത്ത്‌ ഇപ്പോള്‍തന്നെ ഒന്നുണ്ടല്ലോ.

കുറച്ചുകാലം മുന്നേ നമ്മെ ഞെട്ടിച്ചത്‌ കൂടെപ്പിറപ്പിനെപ്പോലെ, ഇനി അതിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത്‌ കാമുകിയായെങ്കിലും കരുതേണ്ട ഒരു വിദ്യാര്‍ത്ഥിനിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌ത്‌ ബോധം വന്നപ്പോള്‍ ഭീഷണിസഹിതം ബസ്സില്‍ കയറ്റിവിട്ടുകൊടുത്ത വാര്‍ത്തയാണ്‌. പ്രതികള്‍ സമൂഹത്തിലെ പണച്ചാക്കുകള്‍. കിരീടം വെക്കാത്ത രാജാക്കന്‍മാര്‍. രക്ഷിക്കാന്‍ മുന്‍നിരയില്‍ രാഷ്ട്രീയ-മാഫിയാ കൂട്ടുകെട്ട്‌. ഇരയോ ഉടുതുണിക്കുമറുതുണിയില്ലാത്ത ഒരു പാവം പെണ്‍കുട്ടി. ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലെ നിത്യവൃത്തിക്ക്‌ ഗതിയില്ലാത്ത മാതാപിതാക്കളുടെ ഏകമകള്‍.

ഇപ്പോ കാര്‍ഷിക കോളിജിലെ പിള്ളേര്‍ സംസ്‌കാരത്തിന്റെ ഭൂമി ഉഴുതുമറിച്ച്‌ കൊള്ളിവെക്കുകയാണ്‌. പ്രകൃതിയില്‍ നിന്നും അവറ്റകള്‍ പഠിച്ചത്‌ പ്രകൃതിവിരുദ്ധ പാഠങ്ങളാണ്‌. അവരെ രക്ഷിക്കാന്‍ പാടുപെടുന്ന യൂണിവേഴ്‌സിറ്റിക്കാരുടെ കളി കാണുമ്പോള്‍ അവരുതാനല്ലയോ ഗുരുക്കന്‍മാര്‍ എന്നു തോന്നാം.

മൊത്തം പ്രകൃതിവിരുദ്ധ നേതാക്കന്‍മാരെയും ഇപ്പോള്‍ പ്രകൃതിയില്‍ നിന്നും തപ്പിയെടുക്കേണ്ട ഗതികേടിലാണ്‌ പോലീസുകാര്‍. പ്രതികള്‍ ഒരേതൂവല്‍ പക്ഷികള്‍. എസ്‌.എം.ഇ ബ്രാന്‍ഡ്‌ തന്നെ. ഇര ആണാണെന്നൊരു വ്യത്യാസമുണ്ട്‌. നെയ്‌ത്തുപണിയെടുത്തുണ്ടാക്കിയ കാശുമായി കൃഷിപഠിക്കാന്‍ എത്തിയ ദരിദ്രവാസി.

പണക്കൊഴുപ്പിന്റെ പ്രകടനവേദിയില്‍ നിയമങ്ങള്‍ പലപ്പോഴും വഴിതെറ്റിപ്പോവുന്നു. രാഷ്ട്രീയക്കാരുടെ ഉരുളിയായി കലാലയങ്ങളും ചട്ടുകങ്ങളായി വിദ്യാര്‍ത്ഥികളും മാറുമ്പോള്‍ രാഷ്ട്രീയ-മാഫിയാ സംരക്ഷണം ഉറപ്പ്‌. നെയ്‌ത്തുപണിയെടുത്ത്‌ കിട്ടിയ നാലുമുക്കാലും കൊണ്ട്‌ കോളിജിലെത്തിയ പാവം പയ്യന്‌ ഞരമ്പുമുറിക്കാന്‍ ബ്ലേഡും ഉറപ്പ്‌. ഇതു താന്‍ടാ വിപ്ലവം. ലാല്‍സലാം

October 17, 2007

ആസേതുഹിമാചലം നരനില്‍ നിന്നും വാനരനിലേക്ക്‌

നരന്‍ പണിതതോ വാനരന്‍ പണിതതോ അതോ സ്വയം ഭൂവോ ആകട്ടെ സേതു അവിടെയുണ്ട്‌. ഉള്ളതുകൊണ്ടാണല്ലോ ഇടിച്ചുനിരത്തേണ്ട ആവശ്യം വന്നത്‌.

നരനും വാനരനും കൈകോര്‍ത്ത ആദ്യത്തെ സംരംഭമാണ്‌ രാമസേതു അഥവാ ആദംസ്‌ ബ്രിഡ്‌ജ്‌. ആദം എന്നുണ്ടെങ്കിലും ബൈബിളില്‍ ബ്രിഡ്‌ജെന്നൊരു പരാമര്‍ശമില്ലാത്തതുകൊണ്ട്‌ തല്‌ക്കാലം ആവഴി ചിന്തിക്കേണ്ടതില്ല.

ഇനി ചുണാമി എന്ന്‌ തമിഴനും സുനാമി എന്നു ബാക്കിയുള്ളവരും ലാളിച്ചുവിളിച്ച സംഗതി നക്കിയെടുത്ത ജീവിതങ്ങള്‍ക്ക്‌ രാമന്റെ ചരിത്രത്തോളം പഴക്കമില്ല.

അയോദ്ധ്യാ അംശം കോസലദേശത്ത്‌ ദശരഥന്‍ മകന്‍ ശ്രീരാമന്‍ എന്നയാളുടേ ജനനസര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖകളോ ഇന്നോളം കണ്ടുകിട്ടിയിട്ടില്ല. അതായത്‌ ജനനം രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട്‌ രാമന്‍ ജനിച്ചിട്ടില്ല. ഇനി ദശരഥന്‍ മകന്‍ ശ്രീരാമന്റെ പേരില്‍ ഒരു മരണസര്‍ട്ടിഫിക്കറ്റും ആരും വാങ്ങിയിട്ടില്ല. അതുകൊണ്ട്‌ മരിച്ചു എന്നുപറയാനും വകുപ്പില്ല. ആയൊരു സത്യമാണ്‌ ആര്‍ക്കിയോളജിക്കല്‍ മഹാന്‍മാര്‍ കണ്ടെത്തി കോടതിയില്‍ ബോധിപ്പിച്ചത്‌.

എന്നാല്‍ സുനാമിയെടുത്തുകൊണ്ടുപോയ രാമന്‍മാര്‍ പലരും ജനിച്ചു എന്നതിനു തെളിവുണ്ട്‌. മരിച്ചത്‌ സുനാമി കാരണമാണെന്നും.ഇങ്ങിനെയൊരു കടുംകൈ അവറ്റകള്‍ ചെയ്യുമെന്ന്‌ സര്‍ദാര്‍ജിയും മദാമ്മയും സ്വപ്‌നത്തില്‍ കൂടി കരുതിക്കാണില്ല. നമ്മള്‍ മതേതരര്‍, മതമേതായാലും അതിനുമുന്നില്‍ മുട്ടുകാലിലിഴയുന്നവര്‍ തല്‌ക്കാലം തീരുമാനമെടുക്കേണ്ട. കുറച്ചു ഗുമസ്‌തന്‍മാരും കോടതിയും കൂടി തീരുമാനിക്കട്ടെ. അടി ഗുമസ്‌തനം വോട്ട്‌ ഞമ്മക്കും.

സുനാമി ഇത്രകണ്ട്‌ ഭീകരമായതിന്റെ കാരണം പവിഴപ്പുറ്റുകള്‍ക്കേറ്റ നാശമാണെന്ന കണ്ടെത്തല്‍ നടന്നത്‌ ഏതായാലും ഡോ.പര്‍വീണ്‍ തൊഗാഡിയയുടെ വര്‍ഗീയ ലാബില്‍ നടന്ന പരീക്ഷണത്തിലല്ല.അന്താരാഷ്ട്ര സുനാമി സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ടും ഇന്ത്യാ ഗവണ്‍മെന്റിന്റെ സുനാമി കണ്‍സള്‍ട്ടന്റുമായ സത്യം മൂര്‍ത്തി "That chain of coral islets saved costal kerala that day" എന്നാണ്‌ എഴുതിവച്ചത്‌.

എന്നാലും സുനാമി ഫണ്ട്‌ എല്ലാരെക്കാളും നമ്മള്‌ ഗംഭീരമാക്കുകയും ചെയ്‌തു. കടലുതന്നെ കേട്ടറിവുമാത്രമുള്ള ദൈവപുത്രന്‍മാര്‍ സുനാമിയുടെ അടുത്തവരവും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോഴത്തെ ഫണ്ട്‌ വിവാദം അപ്പോഴെങ്കിലും ഒന്നവവസാനിക്കുമല്ലോ.

"This physical bridge saved thousands of lives in 2004" എന്നെഴുതിവച്ചത്‌ കുമ്മനം രാജശേഖരനും വാനരസേനകളുമല്ല. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍.ഗോപാലകൃഷ്‌ണനാണ്‌. ശ്രീലങ്കന്‍ തീരത്ത്‌ നാശം വിതിച്ച സുനാമി ഈ വന്‍മതിലും കടന്ന്‌ കേരളത്തിലെത്തുമ്പോഴേക്കും കിതച്ചുപോയി എന്നതാണു സത്യം. അതുകൊണ്ട്‌ ശ്രീലങ്കയും ഇന്തോനീഷ്യയും കേരളത്തില്‍ ആവര്‍ത്തിച്ചില്ല എന്നത്‌ അതിലേറെ സത്യം. ഇങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ച മൂര്‍ത്തിയെ ഒരു കട്ടന്‍ ചായക്കും പരിപ്പുവടക്കും ക്ഷണിച്ചു എന്നൊരപരാധമേ സേതുസമുദ്രം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ ചെയര്‍മാന്‍ എന്‍.കെ. രഘുപതി ചെയ്‌തുള്ളൂ. അതോടെ ചെയറിലുള്ള മൂപ്പരുടെ ഇരിപ്പ്‌ നിലത്തായി. താമസിയാതെ പുറത്തുമായി.

3600ഓളം സസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണ്‌ മാന്നാര്‍ കടലിടുക്ക്‌. അതിന്‌ നാശം വരുത്തരുതെന്ന്‌ വാദിക്കുന്നത്‌ ഗ്രീന്‍പീസ്‌ ഇന്ത്യയുടെ ആക്ടിവിസ്റ്റായ അരീസ ഹമീദാണ്‌. സേ്‌തുസമുദ്രം പ്രൊജക്‌റ്റ്‌ ഇതിന്റെ നാശത്തിനായിരിക്കും വഴിവെക്കുക എന്നുവാദിക്കാന്‍ അവര്‍ കൂട്ടുപിടിക്കുന്നത്‌ 2000 ല്‍ ഇപ്പോഴത്തെ മന്ത്രി ടി. ആര്‍ ബാലു ചെയ്‌ത പ്രസംഗത്തെയാണ്‌.

ആസേതുഹിമാചലം (ഈ പ്രയോഗത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ മദാമ്മയും സര്‍ദാര്‍ജിയും കൂടി തയ്യാറാക്കിയിട്ടുണ്ട്‌.) പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. യാഥാര്‍ത്ഥ്യം മാത്രം പടിക്കുപുറത്താക്കിയാണ്‌ ചര്‍ച്ച.

രാമനുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊളിക്കണം അല്ലെങ്കില്‍ അവിടെത്തന്നെ നിന്നോട്ടെ എന്ന മട്ടിലാണ്‌ കരുണാനിധിയുടെ സങ്കീര്‍ത്തനം.

മൂപ്പരുടെ ആത്മീയ നേതാവായ രാവണന്റെ ലങ്ക സൂനാമിയടിച്ച തീരപ്രദേശം പോലെയാക്കുവാന്‍ വേണ്ടി നരനും വാനരനും കൈകോര്‍ത്ത ആദ്യത്തെ സഹകരണസംഘത്തിന്റെ പ്രൊജക്ട്‌്‌ മാനേജര്‍ ഹനുമാന്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച്‌ രാമലക്ഷ്‌മണന്‍മാര്‍ക്ക്‌ കൈമാറിയ വരമ്പാണ്‌ രാമസേതു.

രാവണനെ ആരാധിക്കുന്ന ദ്രാവിഡന്റെ മുഖ്യശത്രു കേരളത്തിലെ ആര്യന്‍മാരാണ്‌. ചിന്തയില്‍ ശൂദ്രത്വവും കര്‍മ്മത്തില്‍ ബ്രാഹ്മണ്യവും പ്രാവര്‍ത്തികമാക്കിയ മന്ദബൂദ്ധികള്‍. എല്ലാം രാമനും അയോദ്ധ്യയും പോലുള്ള ഒരു വിശ്വാസം. സത്യത്തിന്റെ പുറത്തു ജീവിക്കുക വെള്ളത്തിനടിയില്‍ കഴിയുന്നതുപോലെയാണ്‌. കൂടിയാല്‍ മുപ്പതു സെക്കന്റ്‌. വിശ്വാസത്തിന്റെ കരയില്‍ എത്രകാലം വേണമെങ്കിലും സുഭിക്ഷം കഴിയാനുള്ള വകുപ്പുണ്ട്‌.

ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ ചുരുങ്ങിയത്‌ ഒരു ജില്ലയിലെയെങ്കിലും ആര്യന്‍മാരെ ജലസമാധിയാക്കുവാന്‍ പറ്റിയ വരുണാസ്‌ത്രമായിരുന്നു. അതിപ്പോള്‍ ഏതാണ്ട്‌ കൈവിട്ടുപോയി. അപ്പോള്‍ വീണുകിട്ടിയ അടുത്ത ആയുധമാണ്‌ രാമസേതു. ഇനി അതെങ്ങിനെയെങ്കിലും ഒന്നു പൊളിച്ചുകിട്ടണം.

സുനാമിക്കുള്ള ചാന്‍സാണെങ്കില്‍ തൊഴിലില്ലായ്‌മ പോലെ കൂടിക്കൂടി വരുന്നേയുള്ളുതാനും. സേതുബന്ധനത്തിന്‌ മോക്ഷം കൊടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒരു സുനാമി നല്‌കി കുലഗുരു ശുക്രാചാര്യര്‍ അനുഗ്രഹിക്കുകയാണെങ്കില്‍ സംഗതി ക്ലീന്‍.പതിനാലു മുല്ലപ്പെരിയാര്‍ ഇഫക്ടുള്ള വരുണാസ്‌ത്രമായിരിക്കും സേതുലസ്‌ സേതുസമുദ്രം.

വയനാട്ടിലെ എടക്കല്‍ ഗുഹയും തുഷാരഗിരിയുമൊക്കെ സന്ദര്‍ശിക്കാന്‍ പോയവരേ ബാക്കിയാവുകയുള്ളൂ. കേരളത്തിലെ ആര്യന്‍മാര്‍ എന്നുകരുതുന്ന ശൂദ്രന്‍മാരുടെ വംശം തന്നെ കുറ്റിയറ്റുപോകും. പത്തുതലയുണ്ടായിരുന്നിട്ടും ഇത്രയും ബുദ്ധി രാവണനുണ്ടായിരുന്നില്ല. ഇതിന്റെ നാലിലൊന്നുണ്ടായിരുന്നെങ്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന്‌ നിവര്‍ന്നുനടക്കുന്ന ഒരു രാമനും ചാടിക്കളിക്കുന്ന കൊച്ചുരാമന്‍മാരും സ്വാഹ എന്നു വാത്മീകി എഴുതുമായിരുന്നു. കരുണാനിധി അന്നു ജനിക്കാതെ പോയതും രാവണന്റെ ഗതികേട്‌ എന്നല്ലാതെന്തുപറയുവാന്‍.

ഏതായാലും നരനില്‍ നി്‌ന്നും വാനരനിലേക്ക്‌ തിരിച്ചുനടക്കാനുള്ള കാലമായി. ആരും വഴിതെറ്റിപ്പോവുകയില്ല. മുന്നില്‍ മദാമ്മയും പിന്നില്‍ സര്‍ദാര്‍ജിയും നയിക്കാനുള്ള കാലത്തോളം.

October 09, 2007

പാഠം ഒന്ന്‌: ഒരു കൂലി പ്രസംഗകനും കൂലി നടനും.

ചിന്തയുടെ ഉച്ചസ്ഥായിയിലിരിക്കുമ്പോള്‍ തന്നെ വിജയന്‍മാഷ്‌ മംഗളം പാടിയവസാനിപ്പിച്ചു. അവസാനം പാടിയത്‌ ജനകീയ ചാരാസൂത്രണം ആട്ടക്കഥയിലെ കോടതി കാണ്ഡമായിരുന്നു.

പരിഷത്തിലെ പാപ്പൂട്ടിയും കൂട്ടരും പാഠത്തിലെ ലേഖനത്തിന്റെ പേരില്‍ മാനനഷ്ടത്തിനു കേസുകൊടുത്തു. ജന്മനാ ഇല്ലാത്തവര്‍ക്ക്‌ അതുപിന്നീട്‌ നഷ്ടപ്പെട്ടു എന്നു പറയുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കോടതി തള്ളി. ലേഖനത്തില്‍ പറഞ്ഞതാകട്ടെ എണ്ണപ്പെട്ട വിപ്ലവകാരികളെല്ലാം ചാരപ്പണിയാണ്‌ എടുക്കുന്നതെന്നും. വിജയന്‍ മാഷ്‌ പറഞ്ഞതില്‍ ഉറച്ചുനില്‌ക്കുകയും ചെയ്‌തു. മാഷു പറഞ്ഞത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി കണ്ടെത്തി. വിപ്ലവരോമാഞ്ചങ്ങള്‍ക്ക്‌ മാനമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.

പറയാനുള്ളതു മുഴുമിപ്പിച്ച്‌ മാഷ്‌ പിന്നോട്ടേക്ക്‌ മറിഞ്ഞു. ശുഭം. വാ വിട്ട വാക്കും കൈവിട്ട ആയുധവും വിട്ടാല്‍ വിട്ടതാണ്‌. തിരിച്ചുപിടിക്കുക അസാദ്ധ്യം. എന്നാല്‍ ഒരു മറുമരുന്ന്‌ ആചാര്യന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. വാ വിട്ടുപോയതിനെ വഴിതിരിച്ചുവിടുക എന്നു പറയും.

വിശേഷ ബുദ്ധി അശേഷമില്ലാത്തവരോ അല്ലെങ്കില്‍ തത്‌ക്കാലം പണയം വെക്കാന്‍ തയ്യാറായവരോ ആയ രണ്ടു അജാനനാക്കുകളെയാണ്‌ ഇതിനാവശ്യം. മാനാപമാനങ്ങള്‍ അരിയപെരിയ തീണ്ടാത്തവരായാല്‍ അത്രയും നല്ലത്‌. അതിലൊരാള്‍ രാവിലെ പറഞ്ഞത്‌ ഉച്ചക്ക്‌ തിരുത്തി പരിചയ സമ്പത്തുള്ള പ്രസംഗത്തൊഴിലാളിയും നാഴികക്കു നാല്‌പതുവട്ടം വേണമെങ്കിലും വാക്കുമാറ്റാന്‍ തയ്യാറുള്ളവനുമായിരിക്കണം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം എന്നതു യോഗ്യത. ഉണ്ണാന്‍ പോകുന്ന ചോറിനുള്ള നന്ദി മുന്‍കൂട്ടി പ്രകാശിപ്പിക്കാനുള്ള സന്നദ്ധത അധികയോഗ്യത.

വരട്ടുതത്വവാദിയായ മാഷെ വിമര്‍ശിക്കുവാനായി ദേശാഭിമാനിയുടെ താളുകളില്‍ ജീന്‍സുമണിഞ്ഞ്‌ കൗബോയ്‌ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ട പുരോഗമനവാദിയും ബുദ്ധഭിക്ഷുവുമായിരിക്കണം അടുത്തയാള്‍. മാഷുടെ മകനെക്കൊണ്ട്‌ പറഞ്ഞത്‌ പൊല്ലാപ്പായപ്പോള്‍ നിരുപാധികം കാലില്‍ വീണ്‌ മാപ്പുപറഞ്ഞത്‌ അധികയോഗ്യത.

'കുറുനരി ലക്ഷം കൂടുകിലൊരു ചെറുനരിയോടേല്‍ക്കാനെളുതോ' ന്നു ചോദിച്ചത്‌ കുഞ്ചനാണ്‌. നരി പിന്നോട്ടുമറിഞ്ഞുപോയത്‌ പത്രസമ്മേളനത്തിനിടയിലായിരുന്നു. നരിയുടെ അലര്‍ച്ച കേട്ടു മൂത്രം പോവുകയല്ലാതെ അലറി ശീലമില്ലാത്തതുകൊണ്ട്‌ സ്വാഭാവികമായും കുറുനരികള്‍ കിട്ടിയ ചാന്‍സിന്‌ നാലോരിയിട്ടു. അതിനുള്ള സ്വാതന്ത്ര്യമൊക്കെ ഇന്ത്യാമഹാരാജ്യത്തുണ്ട്‌.

വിജയന്‍മാഷ്‌ വടിയായത്‌ ബഹുത്ത്‌ അച്ചാ. പ്രസംഗത്തൊഴിലാളിയുടെ നേതൃത്വത്തില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സുധീഷ്‌ കൊണ്ടുപോയി കൊല്ലിച്ചതാണെന്ന്‌ ക്ലിയറാവുകയും ചെയതു. വിജയന്‍മാഷ്‌ പറഞ്ഞതിലും കോടതി നിരീക്ഷിച്ചതിലും കുച്ച്‌ നഹി.

വിജയന്‍മാഷുടെ മരണം സുകുമാരന്‍മാഷെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്‌. ആ ഞെട്ടലില്‍ നിന്നുവന്ന വെളിപാടായിരുന്നു പത്രസമ്മേളനം. അങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ്‌ ഫോണിലൂടെ ഒഴുകിയെത്തിയ സുധീഷിന്റെ തന്തക്കുവിളി. തന്തക്കുവിളിച്ചതിന്റെ ന്യായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി 'പോടാ പട്ടി' എന്നും. അതും കേട്ട്‌ തൃപ്‌തിയായിരിക്കുമ്പോഴാണ്‌ ചാവുപായില്‍ നിന്നും വിജയന്‍മാഷുടെ പുത്രകളത്രാദികളുടെ വക വൃത്തിയായി അടുത്തത്‌ - നാവടക്കുക ഇന്നുതന്നെ. ശിവ ശിവ! ഒരു സാധാരണക്കാരനാണെങ്കില്‍ സഞ്ചയനം ഇന്നേക്ക്‌ കഴിയേണ്ടതാണ്‌. സുകുമാരന്‍മാഷായതുകൊണ്ട്‌ പോലീസുകാര്‍ തല്‌ക്കാലം രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിജയന്‍ മാഷെ ആദരിച്ചതിന്റെ ബാക്കി ഉണ്ടയുമായി തൃശ്ശൂരേക്ക്‌ വിടേണ്ടിവന്നേനെ.

സ്വന്തം തടി ഭയന്ന്‌ മാളത്തിലിരിക്കലല്ല ജീവിതം. ലക്ഷ്യമെന്താണോ അതിനുവേണ്ടി മരിക്കലാണ്‌ ജീവിതം എന്ന സത്യം തത്ത്വമസി എഴുതിയതുകൊണ്ട്‌ അറിയണമെന്നില്ല. ബുദ്ധഭിക്ഷുക്കള്‍ക്കും തിരുപാടുകിട്ടിക്കൊള്ളണമെന്നില്ല. കൂലിപ്രസംഗകനും നടനും വിജയന്‍ മാഷുടെ ജീവിതത്തില്‍ നിന്നും അഥവാ മരണത്തില്‍ നിന്നും പഠിക്കാവുന്ന പാഠവും അതുതന്നെയാണ്‌.