October 27, 2007

കേരളത്തിലെ കലാപശാലകള്‍ അഥവാ കശാപ്പുശാലകള്‍

ഇന്ത്യയിലെ ആദ്യത്തെ നൂറു കലാശാലകളെടുത്താല്‍ അക്കാദമിക്‌ റാങ്കിങ്ങില്‍ ഒരെണ്ണം പോലും കേരളത്തില്‍ നിന്നുണ്ടാവുകയില്ല. ജനാധിപത്യമര്യാദ പ്രകാരം നാറിയ റാങ്കിങ്ങ്‌ നമ്മള്‍ മാറ്റിവെക്കുക. റാഗിങ്ങില്‍ മുന്തിയ ഒരു പത്തെണ്ണമെടുക്കുക. മുന്നില്‍ നിന്നു നയിക്കുവാന്‍ കൂട്ടബലാല്‍സംഗം ഫെയിം എസ്‌. എം. ഇയും തൊട്ടുതാഴെ ഇന്നലത്തെ പ്രകൃതിവിരുദ്ധം ഫെയിം കാര്‍ഷിക കലാശാലയും കാണാതിരിക്കുകയില്ല.

ഇനി റാഗിങ്ങിനെയും മാറ്റിവെക്കുക. വിവിധ കാമ്പസ്‌ തനതുകലാപരൂപങ്ങളായ അടിച്ചുകൊല്ലല്‍, എറിഞ്ഞുകൊല്ലല്‍, വെട്ടിക്കൊല്ലല്‍, കുത്തിക്കൊല്ലല്‍ ആദിയായവയില്‍ മികച്ച 20 എണ്ണമെടുത്താല്‍ ഇരുപതും നമ്മളുടേതായിരിക്കും.

ഒന്നാം സ്ഥാനം വിപ്ലവകാരികള്‍ക്കു കൊടുക്കാതെ വയ്യ. രണ്ടാം സ്ഥാനത്തിനായി സംഘപരിവാറിന്റെയും എന്‍.ഡി.എഫുകാരുടെയും കുട്ടിക്കുരങ്ങന്‍മാര്‍ മത്സരിക്കട്ടെ.

ഇന്ന്‌ ഈ വരികള്‍ കുറിക്കുമ്പോഴേക്കും നമ്മള്‍ ഒന്നുകൂടി മെച്ചപ്പെട്ടു. ഒരു എ.എസ്‌.ഐ യെ ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌ കോളേജില്‍ വച്ചു തല്ലിക്കൊന്നു. ഇവറ്റകളാണെന്ന്‌ അവറ്റകള്‍. അവറ്റകളാണെന്ന്‌ ഇവറ്റകള്‍. അല്ല ചെറ്റകളാണെന്ന്‌ നാട്ടുകാര്‍. പോലീസുകാര്‍ ത്രിശങ്കുവിലും..

എന്തായാലും പോലീസുകാരുടെ വകയായിരിക്കും ഈയൊരു ഹര്‍ത്താല്‍ എന്നാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപനം കേട്ടപ്പോള്‍ തോന്നിയത്‌. സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടത്‌ അവര്‍ക്കാണല്ലോ. പിന്നെയും ആലോചിച്ചപ്പോള്‍ അച്ചടക്കത്തിന്റെ ഭാഗമായി അവരത്‌ ചെയ്യുമോ എന്നൊരു സംശയം തോന്നി. ഒന്നുകൂടി ആലോചിച്ചൂ. അഭ്യന്തരമന്ത്രിയെ കെട്ടിപ്പിടിച്ച്‌ ജയില്‍പുള്ളി വിപ്ലവാങ്കി പുതപ്പിച്ച്‌ ജയില്‍ നിയമങ്ങള്‍ക്ക്‌ ലാല്‍സലാം പറഞ്ഞസ്ഥിതിക്ക്‌ പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ നടത്തിക്കൂടെന്നുമില്ല. അങ്ങിനെ വന്നാല്‍ മഴമേഘം കണ്ട മയിലിനെപ്പോലെ വിപ്ലവകാരികള്‍ നൃത്തം ചവുട്ടുകയാണ്‌ വേണ്ടത്‌.

എന്നാല്‍ വിപ്ലവകാരികളെക്കാളും ബുദ്ധി പോലീസുകാര്‍ക്കുള്ളതുകൊണ്ട്‌ അവര്‍ സംയമനം പാലിച്ചു. അപ്പണികൂടി കൊന്നവര്‍ക്കുതന്നെ വിട്ടുകൊടുത്തു. കൊന്നാല്‍ പാവം തിന്നാല്‍ തീരും എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചുകൊണ്ട്‌ വിഡ്ഡികളെല്ലാം കൂടി സംയുക്തമായി ഹര്‍ത്താലും പ്രഖ്യാപിച്ചു. മരണകാരണമായ പട്ടികക്കെതിരായിട്ടായിരിക്കണം ഈ ഹര്‍ത്താല്‍.

കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ കോടതി നിരീക്ഷിച്ചപ്പോള്‍ എന്തായിരുന്നു പുകില്‌? അതോടുകൂടി കലാലയങ്ങളിലെ ജന്മിത്വം അവസാനിച്ചുണ്ടായേക്കാവുന്ന വന്‍ വിടവിലേക്ക്‌ വര്‍ഗീയത കടന്നുകയറും എന്നായിരുന്നു നിരീക്ഷണം.

എന്‍.ഡി.എഫുകാരും എം.എസ്‌.എഫുകാരും എബിവിപി ക്കാരുമെല്ലാം കോളിജുകളില്‍ തെക്കുവടക്ക്‌ നടന്ന്‌ മതേതരത്വത്തിന്റെ കല്‌പവൃക്ഷത്തിന്‌ വളമിട്ടുകൊടുക്കുകയായിരുന്നു ഇതുവരെ.

ഇപ്പറഞ്ഞ ന്യായം കേരളീയ സമൂഹത്തിലെ അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മൂട്ടകള്‍ക്കും അസ്സലായി ബോധിച്ചു. ജീവശ്ശവമായ ശിഷ്യനെക്കാളും നല്ലത്‌ ചത്ത കുരിക്കളോടു പൊരുതുന്നതാണെന്ന്‌ പറഞ്ഞത്‌ സഞ്‌ജയനാണ്‌. മൂപ്പരുടെ തമാശ യാഥാര്‍ത്ഥ്യമാക്കിയതാണ്‌ ലേറ്റസ്റ്റ്‌ സാംസ്‌കാരികനേട്ടം.

മരിച്ചയായുടെ മക്കള്‍ നാവടക്കാന്‍ പറയുന്നതുവരെ ചലിച്ച അഥവാ ചിലച്ച ആ നാവുകള്‍ ഇപ്പോള്‍ താണുപോയോ? പ്രത്യേകിച്ച്‌ കേരളത്തിലെ വിദ്യാഭ്യാസരംഗം ഉത്തരമൊരു പ്രതിസന്ധി നേരിടുമ്പോള്‍ നാവനങ്ങാത്തതിന്റെ കാരണമെന്താണ്‌?
ഉത്തരം ലളിതം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം. ഉണ്ണാന്‍ പോകുന്നതിന്‌ കുറച്ചേറെയും.

ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ രാഷ്ട്രീയം എന്നായിരുന്നു പഴയനിരീക്ഷണം. കേരളത്തിലെ കാമ്പസുകള്‍ അതു തിരുത്തി ഒരു തെമ്മാടിയുടെ ആദ്യത്തെ അഭയകേന്ദ്രമാണ്‌ കേമ്പസ്‌ രാഷ്ട്രീയം എന്നാക്കുമ്പോള്‍ വിദ്യാഭ്യാസത്തിനു ഭാവിയുണ്ട്‌. രാഷ്ടീയ മുതലാളിമാര്‍ക്കഭിമാനിക്കാന്‍ വഹയുണ്ട്‌.

എന്നാല്‍ ഇവിടത്തെ ചെഗുവേരമാര്‍ സ്വന്തം മക്കളോടു ചെയ്‌തുകളയുന്നത്‌ കനത്ത അനീതിയാണ്‌. അക്ഷരവിരോധികളല്ലാത്തവരെ നേരെ കൊണ്ടുപോയി കൊടി കണ്ണിന്‌ ഹറാമായ മാതയുടേയും നികൃഷ്ട അച്ഛന്‍മാരുടെയും കച്ചവട സ്ഥാപനത്തിലാക്കി വിപ്ലവസ്വപ്‌നങ്ങളുമായി അടുത്ത ഫ്‌ളൈറ്റിന്‌ തിരിക്കും.

ഇനി പിതാവ്‌ ആദര്‍ശത്തില്‍ നിന്നെന്നപോലെ പുത്രന്‍ അക്ഷരത്തില്‍ നിന്നും തുല്യ അകലത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ നല്ലത്‌ നാട്ടിലെ കോളേജാണെന്ന തിരിച്ചറിവിനും ക്ഷാമമില്ല. ഒരു കൊടി സഹായം. യഥാ പിതാ തഥാ പുത്ര.

കേരളത്തിലെ കലാലയങ്ങളിലെ രാഷ്ട്രീയവും റാഗിങ്ങും ഒന്നണലിയാണെങ്കില്‍ മറ്റേത്‌ പേപ്പട്ടിയാണ്‌. കലാലയങ്ങളുടെ നന്മയ്‌ക്കായി ഏറ്റവും നല്ലത്‌ രണ്ടിനെയും തല്ലിക്കൊല്ലുകയാണ്‌. ഇനി അണലിയെ വേണമെങ്കില്‍ കാഴ്‌ചബംഗ്ലാവിലേക്കു മാറ്റുകയുമാവാം. തിരുവനന്തപുരത്ത്‌ ഇപ്പോള്‍തന്നെ ഒന്നുണ്ടല്ലോ.

കുറച്ചുകാലം മുന്നേ നമ്മെ ഞെട്ടിച്ചത്‌ കൂടെപ്പിറപ്പിനെപ്പോലെ, ഇനി അതിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത്‌ കാമുകിയായെങ്കിലും കരുതേണ്ട ഒരു വിദ്യാര്‍ത്ഥിനിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌ത്‌ ബോധം വന്നപ്പോള്‍ ഭീഷണിസഹിതം ബസ്സില്‍ കയറ്റിവിട്ടുകൊടുത്ത വാര്‍ത്തയാണ്‌. പ്രതികള്‍ സമൂഹത്തിലെ പണച്ചാക്കുകള്‍. കിരീടം വെക്കാത്ത രാജാക്കന്‍മാര്‍. രക്ഷിക്കാന്‍ മുന്‍നിരയില്‍ രാഷ്ട്രീയ-മാഫിയാ കൂട്ടുകെട്ട്‌. ഇരയോ ഉടുതുണിക്കുമറുതുണിയില്ലാത്ത ഒരു പാവം പെണ്‍കുട്ടി. ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലെ നിത്യവൃത്തിക്ക്‌ ഗതിയില്ലാത്ത മാതാപിതാക്കളുടെ ഏകമകള്‍.

ഇപ്പോ കാര്‍ഷിക കോളിജിലെ പിള്ളേര്‍ സംസ്‌കാരത്തിന്റെ ഭൂമി ഉഴുതുമറിച്ച്‌ കൊള്ളിവെക്കുകയാണ്‌. പ്രകൃതിയില്‍ നിന്നും അവറ്റകള്‍ പഠിച്ചത്‌ പ്രകൃതിവിരുദ്ധ പാഠങ്ങളാണ്‌. അവരെ രക്ഷിക്കാന്‍ പാടുപെടുന്ന യൂണിവേഴ്‌സിറ്റിക്കാരുടെ കളി കാണുമ്പോള്‍ അവരുതാനല്ലയോ ഗുരുക്കന്‍മാര്‍ എന്നു തോന്നാം.

മൊത്തം പ്രകൃതിവിരുദ്ധ നേതാക്കന്‍മാരെയും ഇപ്പോള്‍ പ്രകൃതിയില്‍ നിന്നും തപ്പിയെടുക്കേണ്ട ഗതികേടിലാണ്‌ പോലീസുകാര്‍. പ്രതികള്‍ ഒരേതൂവല്‍ പക്ഷികള്‍. എസ്‌.എം.ഇ ബ്രാന്‍ഡ്‌ തന്നെ. ഇര ആണാണെന്നൊരു വ്യത്യാസമുണ്ട്‌. നെയ്‌ത്തുപണിയെടുത്തുണ്ടാക്കിയ കാശുമായി കൃഷിപഠിക്കാന്‍ എത്തിയ ദരിദ്രവാസി.

പണക്കൊഴുപ്പിന്റെ പ്രകടനവേദിയില്‍ നിയമങ്ങള്‍ പലപ്പോഴും വഴിതെറ്റിപ്പോവുന്നു. രാഷ്ട്രീയക്കാരുടെ ഉരുളിയായി കലാലയങ്ങളും ചട്ടുകങ്ങളായി വിദ്യാര്‍ത്ഥികളും മാറുമ്പോള്‍ രാഷ്ട്രീയ-മാഫിയാ സംരക്ഷണം ഉറപ്പ്‌. നെയ്‌ത്തുപണിയെടുത്ത്‌ കിട്ടിയ നാലുമുക്കാലും കൊണ്ട്‌ കോളിജിലെത്തിയ പാവം പയ്യന്‌ ഞരമ്പുമുറിക്കാന്‍ ബ്ലേഡും ഉറപ്പ്‌. ഇതു താന്‍ടാ വിപ്ലവം. ലാല്‍സലാം

14 comments:

NITHYAN said...

ഇന്ത്യയിലെ ആദ്യത്തെ നൂറു കലാശാലകളെടുത്താല്‍ അക്കാദമിക്‌ റാങ്കിങ്ങില്‍ ഒരെണ്ണം പോലും കേരളത്തില്‍ നിന്നുണ്ടാവുകയില്ല. ജനാധിപത്യമര്യാദ പ്രകാരം നാറിയ റാങ്കിങ്ങ്‌ നമ്മള്‍ മാറ്റിവെക്കുക. റാഗിങ്ങില്‍ മുന്തിയ ഒരു പത്തെണ്ണമെടുക്കുക. മുന്നില്‍ നിന്നു നയിക്കുവാന്‍ കൂട്ടബലാല്‍സംഗം ഫെയിം എസ്‌. എം. ഇയും തൊട്ടുതാഴെ ഇന്നലത്തെ പ്രകൃതിവിരുദ്ധം ഫെയിം കാര്‍ഷിക കലാശാലയും കാണാതിരിക്കുകയില്ല.

keralafarmer said...

തിരുവനന്തപുരം കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥിയെ കാണാനില്ല എന്നൊരു പത്രവാര്‍ത്തയുണ്ടായിരുന്നു. പിന്നൊന്നും അറിയാനില്ല.

NITHYAN said...

നായര്‍സാബ്‌ അതുവേ ഇതു റേ. ഇത്‌ മണ്ണുത്തി സര്‍വ്വകലാപശാലയില്‍ റാഗിങ്ങിന്റെ പേരില്‍ അരങ്ങേറിയ പ്രകൃതിവിരുദ്ധ പീഡനവും തുടര്‍ന്ന്‌ കൈയ്യിലെ ഞരമ്പുമുറിച്ച്‌ വിദ്യാര്‍ത്ഥി നടത്തിയ ആത്മഹത്യാശ്രമവും. മറ്റത്‌ രാഷ്ട്രീയക്കാര്‍ പറയുന്നപോലെ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പാതിരിപ്പറ്റയിലെ സി.പി.എം ഉപരോധം ആന്റ്‌ പീഡനം ഫെയിം വിനീതാ കോട്ടായിയുടെ മകന്‍ ഹൃഷികേശ്‌. കണ്ടെത്തിയോ എന്ന്‌ എനിക്കുമറിയില്ല.

R. said...

ഒന്നും പറയാനില്ല.
ചെറുതായി കൈ തരിക്കുന്നുണ്ട്.
ഒരു കമന്റെങ്കിലും ഇട്ടില്ലേല്‍ മനഃസമാധാനം കിട്ടില്ല.

അങ്കിള്‍. said...

:(
അങ്ങനെ നിത്യന്റെ കുറച്ച്‌ സമയം കൂടി വേസ്റ്റായികിട്ടി.

Anonymous said...

Very touching, Nithyan, as usual. Sometimes I feel this language is not sufficient to describe these bastards. I still believe the 'proud' parents who produced these criminal creatures are the first to be bashed.

A personal note: But for the ragging I witnessed at the then REC Calicut, I would have been a civil engineer!

Carry on Nithyan, your campaign.

Swamy

ദിലീപ് വിശ്വനാഥ് said...

നല്ല ലേഖനം.

Radheyan said...

നല്ല ശ്രമം.

മൊത്തത്തിലുള്ള തെറി പറച്ചിലിനോട് പൊതുവേ ആഭിമുഖമില്ലെങ്കിലും കാതലിനോട് യോജിക്കാതെ വയ്യ.

ശ്വസിക്കുന്ന ശ്വാസത്തില്‍ പോലും രാഷ്ട്രീയമുള്ള വീട്ടില്‍ നിന്നു വന്നിട്ടും,എല്ലാ വിധ പൊതുപ്രവര്‍ത്തനങ്ങളെയും അനുകൂലിച്ച രാഷ്ട്രീയക്കാരിയായ അമ്മ പറഞ്ഞു.കാമ്പസ് രാഷ്ട്രീയമെന്ന പേരില്‍ നില നില്‍ക്കുന്ന അഴുക്കിലോട്ട് ചാടരുത്.അവിടെ ബുദ്ധി മറ്റാര്‍ക്കോ പണയം വെച്ച ചപലവാനരകുമാരന്മാരെ ഉള്ളൂ.അല്ലാതെ നിങ്ങളുടെ പ്രായം ആഗ്രഹിക്കുന്ന സ്വതന്ത്രചിന്തയുടെ വിപ്ലവജ്വാലയൊന്നുമില്ല.

തിരിഞ്ഞു നോക്കുമ്പോള്‍ അമ്മയെ മനസാ നമസ്കരിച്ചു പോകുന്നു.അറിവിന്റെ ആകാശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ തുറക്കട്ടെ.സ്വാതന്ത്ര്യത്തിന്റെ സത്യം അവര്‍ നുകരട്ടെ.അവര്‍ അവരുടെ രാഷ്ട്രീയം തിരെണ്‍ജെടുത്തുകൊള്ളും.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

മായാവി.. said...

അടിച്ച് കസറിയിട്ടുണ്ട്, പക്ഷെ നിത്യാ..എന്ന്തല്ലേണ്ടമ്മവ്വാ...ഞാന്‍ നന്നവാനില്ല എന്നു പറയുന്ന ഒരു വിഭാഗം ഈ കേരളത്തില്‍ തന്നെ ജീവിക്കുന്നുണ്ട് ആ വിവരം കെട്ടവറാണ്‍ ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത്. കേരളം നശിപ്പിക്കുന്നതും. വിപ്ളവക്കര്‍ മുതലെടുക്കുന്നതും അവരെ വച്ച് തന്നെ.. കണ്ണടച്ചിരുട്ടാക്കാന്‍ ഇക്കൂട്ടറ്ക്ക് യാതൊരു മടിയുമില്ല. പാര്ടിഗ്രാമങ്ങളിലെ കൊള്ളരുതായ്മ മൂടിവെച്ച് ബീഹാരിനെയും ഗുജറാത്തിനെയും കുറ്റം പറയാന്‍ തൊലിക്കട്ടി എത്രമാത്രം വേണം? ഈയിടെ ഒരു റ്റീവീ ഷോയില്‍ ഒരു മാന്യന്‍ പറയുന്നു ഞാന്‍ വീട്ടിലിരുന്ന് വെള്ളമടിക്കാറുണ്ട് എന്ന് മദ്യതിന്‍ യാതൊരു ദോഷവുമില്ലെന്നാണ്‍ ആ മഹാന്റെ കണ്ട് പിടുത്തം, മദ്യം മൂലം വഴിയാധാരമായ ലക്ഷക്കണക്കിനാള്ക്കാരെക്കാള്, മദ്യം വിറ്റ് ജീവിക്കുന്ന ആയിരങ്ങളെയാണ്‍ പാര്ട്ടിക്കും ആവശ്യമ്, പിന്നെ മദ്യം കുടിച്ച് ബോധമില്ലതെ കിടക്കുന്നവരെയും പറഞ്ഞ് കാട് കയ്റി ക്ഷമികൂ

കുറുമാന്‍ said...

ഇവറ്റകളാണെന്ന്‌ അവറ്റകള്‍. അവറ്റകളാണെന്ന്‌ ഇവറ്റകള്‍. അല്ല ചെറ്റകളാണെന്ന്‌ നാട്ടുകാര്‍. പോലീസുകാര്‍ ത്രിശങ്കുവിലും..- കാണാന്‍ വൈകിപ്പോയി.

എന്താ പറയാ...കുട്ടിക്കുരനങനെകൊണ്ട് ചോറുവാരിപ്പിക്ക്വാ.......അതന്നെ......റാന്‍ മൂളിക്കാനും മൂളാനും കുറെയെണ്ണം.

Murali K Menon said...

നിത്യ ഇത്തരം വാസ്തവങ്ങളേ, വാസ്തവങ്ങളായ് കാണാന്‍ കേരളത്തിലെ വിരലിലെണ്ണാവുന്നവരൊഴിച്ച് പ്രവാസി മലയാളികള്‍ മാത്രമേ തയ്യാറാവുന്നുള്ളു. കാരണം കൂപമണ്ഡൂകങ്ങള്‍ക്ക് രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളിലൂടെ മാത്രമേ എന്തും കാണാനാവൂ, അതുകൊണ്ട് തല്ലിയത് അമ്മയെ ആണെങ്കിലും അതില്‍ രാഷ്ട്രീയ ചേരിതിരിവോടെ കാണാന്‍ ആളുകളുള്ള നാടാണത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരെണ്ണത്തിനുപോലും ജനതയോട് കൂറില്ലെങ്കിലും ഏറ്റവും കൂടുതല്‍ മുഖം‌മൂടിയണിഞ്ഞിരിക്കുന്നത് നമ്മുടെ വിപ്ലവം പ്രസംഗിക്കുന്നവര്‍ തന്നെയാണ്. വൈരുദ്ധ്യാത്മക ഭൌതികവാദമില്ലെങ്കിലും, ഓരോ പ്രസ്താവനയിലും പ്രവര്‍ത്തിയിലും വൈരുദ്ധ്യാത്മകത സൃഷ്ടിക്കാന്‍ അവരെ കഴിഞ്ഞേ ഉള്ളു. കുട്ടിക്കുരങ്ങന്മാര്‍ക്ക് രാഷ്ട്രീയം ഇല്ലെങ്കില്‍ നാടു നശിക്കുമെന്നും അത് സ്വാതന്ത്ര്യ ഹനനമാണെന്നും പറഞ്ഞ് നടക്കുന്നവരില്‍ കൂടുതലും വിപ്ലവ പ്രസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളിലും വിദാര്‍ത്ഥികള്‍ സംഘടിക്കുകയും കാര്യങ്ങള്‍ നടത്തുകയും, അതോടൊപ്പം പഠിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതൂപോലെ ഒരു വൃത്തികെട്ട ചിന്താഗതിയും അതിന്റെ ന്യായീകരണങ്ങളും നമ്മുടെ കേരളത്തില്‍ മാത്രമേ കാണൂ.

Unknown said...

പതിവ് പോലെ നന്നായി പറഞ്ഞിരിക്കുന്നു . ഭൂരിപക്ഷം എന്ന് തന്നെ പറയാവുന്ന മിണ്ടാപ്രാണി വര്‍ഗ്ഗമാണ് കേരളത്തിന്റെ ശാപം . അല്ലാതെ വിപ്ലവ വായാടികളോ വര്‍ഗ്ഗീയക്കോമരങ്ങളോ അല്ല ! എല്ലാത്തരം അക്രമങ്ങള്‍ക്കും തിന്മകള്‍ക്കും കേരളത്തില്‍ ശോഭനമായ ഭാവിയാണ് ഞാന്‍ കാണുന്നത് . കേരളം വിട്ട മലയാളികള്‍ ഭാഗ്യവാന്മാര്‍ . അവരെക്കണ്ട് മിണ്ടാപ്രാണികള്‍ അസൂയപ്പെടട്ടെ !

Sandeep PM said...

അനുദിനം ദുഷിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം അതിന്റെ സന്തതികളെയും കൂടി ദുഷിപ്പിക്കുന്നു.ഈ പ്രവണതയ്ക്ക്‌ വെറുമൊരു രാഷ്ട്രിയ മാനം മാത്രം കൊടുക്കാതിരിക്കാന്‍ ശ്രമിക്കു.രാഷ്ട്രീയം പിന്നെയാണ് വരുന്നത്‌.ആദ്യം കണ്‍മുന്‍പില്‍ തെളിയേണ്ടത്‌ വ്യക്തികളുടെ മൂല്യച്യുതിയല്ലെ..?