November 02, 2007

കിതക്കുന്ന പെണ്ണും കുതിക്കുന്ന വനിതയും

എപ്പോഴും സത്യമായിരിക്കും യുദ്ധത്തിലെയും കലാപത്തിലെയും ആദ്യത്തെ രക്തസാക്ഷി. രണ്ടാമത്തേത്‌ പെണ്ണും. സ്വാഭാവികമായും പിന്നെ മൂന്നാമത്തേത്‌ കുട്ടികളാകാതിരിക്കാന്‍ വേറെ വഴിയൊന്നുമില്ല.

അത്‌ ബൈബിള്‍ കക്ഷത്തില്‍ വച്ച്‌ നടത്തിയ കുരിശുയുദ്ധത്തിലായാലും ഖുറാന്റെ തണലിലെ ജിഹാദായാലും പെണ്ണിന്റെ ഗതി അധോഗതി. മതങ്ങളുടെ പതിനാറടിയന്തിരത്തിനുവേണ്ടി നടന്നത്ര യുദ്ധങ്ങള്‍ എതായാലും രാഷ്ട്രീയത്തിനുവേണ്ടി നടന്നിട്ടില്ല.

യുദ്ധത്തില്‍ സ്‌ത്രീകളോട്‌ മാന്യമായി പെരുമാറും എന്നുപറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും എന്നുതന്നെയാണര്‍ത്ഥം. ലോകത്തെ ഏതുപട്ടാളസാഹിത്യകാരന്‍ വിവര്‍ത്തനം ചെയ്‌താലും അര്‍ത്ഥം മാറിപ്പോവുകയില്ല.

ഇരുപതാം നൂറ്റാണ്ടിലെ ഇമ്മിണി ബല്യ യുദ്ധം രണ്ടാം ലോകമഹായുദ്ധമായിരുന്നല്ലോ. പരാക്രമം പെണ്ണിനോടു നടത്തിയകാര്യത്തില്‍ ചെങ്കുപ്പായക്കാര്‍ നാസികളെ ബഹുദൂരം പിന്നിലാക്കിയതാണ്‌ ചരിത്രം.

ചൈനയിലെ ജപ്പാന്‍ പട്ടാളക്കാര്‍ക്കുവേണ്ടി കംഫര്‍ട്ട്‌ വുമണായി പിടിച്ചുകൊണ്ടുപോയ വനിതകളുടെ എണ്ണം രണ്ടുലക്ഷമായിരുന്നു. നിത്യേന നാല്‌പതോളം ബലാല്‌സംഗത്തിനിരയായി ഇവരില്‍ ചിലരെങ്കിലും. ഇവരുടെ മുക്കാല്‍ഭാഗവും യുദ്ധം തീരുന്നതിനുമുമ്പായിതന്നെ ഒടുങ്ങി.

മുസ്ലീം തീവ്രവാദികളുടെ കൈയ്യില്‍ പെട്ട അള്‍ജീറിയന്‍ യുവതികളുടെ കഥയറിയുമ്പോള്‍ ജപ്പാന്‍ പട്ടാളക്കാര്‍പോലും ലജ്ജിച്ചു തലതാഴ്‌ത്തിപ്പോവും. പെണ്ണിന്റെ മടമ്പുവെളിയില്‍ കണ്ടതിന്‌ അഫ്‌ഗാനിസ്ഥാനില്‍ കാലിനുവെടിവെച്ചെങ്കില്‍ പര്‍ദയിടാതെ വെളിയിലിറങ്ങിയതിനുള്ള അള്‍ജീറിന്‍ മോഡല്‍ തലതന്നെ വെട്ടിക്കളയലായിരുന്നു. തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളിലേക്ക്‌ തട്ടിയെടുക്കുപ്പെടുന്ന വനിതകളുടെ എണ്ണം ആര്‍ക്കും കിട്ടാറുമില്ല.

സ്റ്റാലിന്റെ പട്ടാളക്കാര്‍ക്ക്‌ മുകളില്‍ നിന്നും കിട്ടിയ ഉത്തരവ്‌ പരമാവധി ജര്‍മ്മന്‍ വനിതകളെ പിടിച്ചുകൊണ്ടുപോയി തടവിലിടാനായിരുന്നു. ഇട്ടാല്‍ മാത്രം പോരാ. നിത്യേന കൂട്ടബലാല്‍സംഗം ചെയ്യുകയും വേണം. പട്ടാളക്കാര്‍ക്ക്‌ ഇതിന്‌ പ്രത്യേകിച്ച്‌ ഒരുത്തരവിന്റെ ആവശ്യം ലോകാരംഭകാലം മുതല്‍ ഇന്നോളം വേണ്ടിവന്നിട്ടില്ല.

ബാക്കി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഉത്തരവിന്റെ ആവശ്യം ഉണ്ടായിരുന്നുതാനും.ജര്‍മ്മന്‍ ജനതയുടെ ആത്മാഭിമാനം തകര്‍ക്കാന്‍ വിപ്ലവബുദ്ധിയിലുദിച്ച ഒരു വഴി പെണ്ണിനെ പിഴപ്പിക്കലായിരുന്നു. ബലാല്‍സംഗം ചെയ്‌താല്‍ മാത്രം പോരാ. കര്‍മ്മം നിരന്തരം അനുഷ്‌ഠിച്ച്‌ ഗര്‍ഭിണിയായെന്നുറപ്പാക്കുകയും വേണം. അതുമാത്രം പോരാ തന്റെയുള്ളില്‍ വളരുന്ന തന്തയാരെന്നറിയാത്തതിനെ നശിപ്പിച്ചുകളയാതിരിക്കാന്‍ ആവശ്യമായ കാലം തടങ്കലില്‍ തന്നെ സൂക്ഷിക്കുകയും വേണം. പ്രസവിക്കലല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ബാക്കിയുണ്ടെങ്കില്‍ തുറന്നുവിട്ടേക്കുക.

അങ്ങിനെ റഷ്യന്‍ പട്ടാളക്കാര്‍ക്ക്‌ പിറന്ന തന്തയില്ലാപ്പൈതങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല നല്ലൊരു ശതമാനം തന്നെയായിരുന്നു ജര്‍മ്മന്‍ തെരുവുകളില്‍ തേരാപാരാ നടന്നു എന്നറിയുമ്പോള്‍ മുന്തിയ ഭീകരന്‍ ഹിറ്റലറോ അതോ സ്‌റ്റാലിനോ എന്നു തോന്നുക സ്വാഭാവികം.

മതരാഷ്ട്രീയ ഭേദമന്യേ വനിതകളോടുള്ള നിലപാട്‌ മേല്‍പറഞ്ഞതായിരുന്നു. അപ്പോള്‍ പെണ്ണിന്‌ എറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടിവന്നത്‌ മതങ്ങളില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നുമാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ആണില്‍ നിന്ന്‌്‌ എന്നും പറയാം.

ഈ പശ്ചാത്തലത്തില്‍ നിന്നും മാറി ഇനി ഏഷ്യാ-പെസഫിക്‌ കോണ്‍ഫറന്‍സ്‌ ഒണ്‍ റിപ്രൊഡക്ടീവ്‌ ആന്റ്‌ സെക്ഷ്വല്‍ ഹെല്‍ത്ത്‌ ഹൈദരാബാദില്‍ വ്‌ച്ച്‌ നടന്നപ്പോഴുണ്ടായ ചില നിരീക്ഷണങ്ങളിലേക്ക്‌. ഫിലിപ്പൈന്‍സില്‍ നിന്നും വന്ന എലിസബത്ത്‌ (മുഴുവന്‍ പേരും വായിക്കാന്‍ പറ്റിയില്ല പിന്നല്ലേ എഴുതല്‍) പറഞ്ഞത്‌ കാത്തലിക്‌ വിശ്വാസം പിന്തുടരുന്ന ഭരണാധികാരികള്‍ സ്‌ത്രീക്ക്‌ വിവാഹമോചനത്തിന്റെ അവകാശം നിഷേധിക്കുന്നു എന്നാണ്‌.

എതാണ്ടിന്ത്യന്‍ ജനാധിപത്യം പോലെ. ഒരിക്കല്‍ വരിക്കാനല്ലാതെ നേതാക്കളെ മൊയ്‌ശൊല്ലാനുള്ള അധികാരമില്ല. ശിഷ്ടകാലം മുഴുവന്‍ വിക്രമാദിത്യനും വേതാളവും പോലെ കെട്ടിഞേന്നുപോവുക.

മാടില്‍ പശുവിന്റെ സ്ഥാനമാണ്‌ ദൈവം സഹായിച്ച്‌ മതങ്ങള്‍ പെണ്ണിന്‌ നല്‌കിയിരിക്കുന്നത്‌. ഇണചേര്‍ക്കല്‍, പിന്നെ പ്രസവം, അനന്തരം കറവ. അതുവറ്റിയാല്‍ വീണ്ടും ആദ്യം തൊട്ടു തുടങ്ങും. നാല്‌ക്കാലിക്ക്‌ കറവതുടങ്ങി വറ്റുന്നതുവരെ ഒരിടവേളയുണ്ടെന്ന ഒരാനുകൂല്യവുമുണ്ട്‌. ഇരുകാലിക്ക്‌ തല്‌ക്കാലം ആ ഇടവേളയും ലഭിക്കുന്നില്ലെന്നതാണ്‌ സത്യം.

2005 മാര്‍ച്ചിലെ ടൈംസ്‌ വാരിക പറഞ്ഞത്‌ ശരിയാണെങ്കില്‍, കുട്ടികളുണ്ടാകുന്നത്‌ ലൈംഗീകബന്ധത്തില്‍ കൂടിയാണെന്ന കാര്യം 33% ഫിലിപ്പിനോ ദമ്പതികള്‍ക്കും തിരുപാടില്ല. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്‌. 2.36% ആണ്‌ ജനസംഖ്യാവര്‍ദ്ദന. ലോകത്തില്‍ ഏറ്റവും കൂടുതല്‍. ദിനംപ്രതി 4000 ജനനം. താങ്‌സ്‌ റ്റു മതം ആന്റ്‌ ഗ്രന്ഥം എന്നല്ലാതെന്തുപറയുവാന്‍. 94 ശതമാനം കൃസ്‌ത്യന്‍ ജനത. അതില്‍ 84 ശതമാനം റോ്‌്‌്‌മന്‍ കത്തോലിക്കക്കാരുള്ള രാജ്യത്തിന്റെ സ്ഥിതിയാണിത്‌. അക്കൂട്ടരാണിവിടെ സുവിശേഷം പറഞ്ഞുനടക്കുന്നത്‌.

മരിച്ച ശേഷം മാത്രം ജീവിച്ചുകൊണ്ടിരിക്കുന്ന അഭയ ഇവിടെ ഒരു മതത്തിന്റെ വികലമായ കാഴ്‌ചപ്പാടുകളുടെ ഉത്തരമില്ലാത്ത നടുക്കുന്ന ചോദ്യമായി മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിക്കൊണ്ടേയിരിക്കുന്നു. അന്വേഷണം നടക്കുന്നു. പിന്നെ ഓടുന്നു. ഒന്നു കിതക്കുന്നു. പിന്നെ വിശ്രമിക്കുന്നു. ഒടുവില്‍ അഭയയെപ്പോലെ അന്വേഷണഫലം കൂവ്വത്തില്‍ പതിക്കുന്നു.

ജുഡീഷ്യറിയെയും ജനാധിപത്യത്തെയും ഒരുപോലെ വിഡ്ഡികളാക്കിക്കൊണ്ട്‌ ഏദന്‍തോട്ടത്തില്‍ സാത്താന്‍മാര്‍ നിര്‍ബാധം വിലസുന്നു.

ബാക്കിയെല്ലാവര്‍ക്കും ഗ്രന്ഥം മനുഷ്യനുവേണ്ടിയാണെങ്കില്‍ ചിലരുടെ വിശ്വാസപ്രകാരം മനുഷ്യന്‍ ഗ്രന്ഥത്തിനുവേണ്ടിയാണ്‌. അവരുടെ വിശ്വാസം അവരെ രക്ഷിക്കുന്നു. ബാക്കിയുള്ളവരെ വഴിയാധാരമാക്കുകയും ചെയ്യുന്നു. ഇന്‍ഷാ അള്ള. അതുകൊണ്ട്‌ ഗര്‍ഭനിരോധനമാര്‍ഗങ്ങളും അബോര്‍ഷനും ഒന്നും അനുവദനീയമല്ല. പ്രത്യുല്‌പാദനപരമല്ലാത്ത ലൈംഗീകതയും അനുവദനീയമല്ല (ലേഡീസ്‌ ഓണ്‍ലി).

അപ്പോള്‍ സ്വാഭാവികമായും ലോകം മുന്നോട്ടുനടക്കുമ്പോള്‍ വനിതകള്‍ ഒരു പ്രകാശവര്‍ഷം പിന്നോട്ടുസഞ്ചരിക്കും. പിന്നാലെ ഒരു സമൂഹവും. ചുരുക്കിപ്പറഞ്ഞാല്‍ തന്റെ മനസ്സിനും ശരീരത്തിനും മേലുള്ള സ്‌ത്രീയുടെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌.

മലേഷ്യയില്‍ നി്‌ന്നുമെത്തിയ സെയ്‌തുല്‍ മുഹമ്മദ്‌ കാസിമിന്റെ അഭിപ്രായത്തില്‍ ഇതെല്ലാം ചെയ്‌തുകൂട്ടുന്നത്‌ ഖുറാനെ വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ചിട്ടാണെന്നാണ്‌. പെണ്ണിനെ അടിമയാക്കാനും ആണിനെ ഉടമയാക്കാനുമായി ചില സ്വയം പ്രഖ്യാപിത പുരോഹിതന്‍മാര്‍ കുരുടന്റെ ആനവിവരണം പോലെ വ്യാഖ്യാനിച്ച്‌ ഖുറാന്‍ ഒരു പരുവമാക്കിയെന്നാണ്‌ അവരുടെ അഭിപ്രായം.

മുഹമ്മദ്‌ മലക്കുപോയി എന്നത്‌ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ചാല്‍ അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഇങ്ങിനെ കിട്ടും - മല മുഹമ്മദിനെ അന്വേഷിച്ചുചെന്നു.

ചിരിക്കാനുള്ള കഴിവും പ്രത്യുത്‌പാദനത്തിലുപരിയായ സെക്‌സുമാണ്‌ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം. പ്രത്യുത്‌പാദനപരമല്ലാത്ത സെക്‌സ്‌ എതിര്‍ക്കപ്പെടുമ്പോള്‍ മനുഷ്യനും മൃഗത്തുനുമിടയിലുള്ള ആ വിടവ്‌ നികത്തലുതന്നെയായിരിക്കണം ഉദ്ദേശം. ലൈംഗീക ബന്ധത്തിന്റെ ഫലമായി ഇന്നോളം ഒരാണും പ്രസവിച്ചതായി അറിയില്ല. അതുകൊണ്ട്‌ പെണ്ണിന്റെ കുലത്തൊഴില്‍ പ്രസവമല്ലാതെ വേറൊന്നുമായിപ്പോവരുത്‌. അരക്കില്ലത്തിലെ തീയെക്കാളും അപകടകാരിയാണ്‌ അരക്കെട്ടിലെ തീയ്യെന്നറിയുവാന്‍ കാമശാസ്‌ത്രം പഠിക്കുകയൊന്നും വേണ്ട.

ഇനി മറ്റൊരു വശം. ഇതേ യോഗത്തില്‍ പങ്കെടുത്ത ചൈനയിലെ ഒരു ഉപമന്ത്രി സെയ്‌ഗ്‌ ഷാവോയുടെ വാക്കുകള്‍. 2006 മുതല്‍ കെയര്‍ ഫോര്‍ ദ ഗേള്‍ പ്രൊജക്ട്‌ എന്നൊരു പദ്ധതി ചൈന നടപ്പിലാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തലാണ്‌ ലക്ഷ്യം. 1980 മുതല്‍ രാഷ്ട്രീയ സാമ്പത്തീക വികസന പ്രകൃയയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്‌ വനിതകള്‍.

ചൈനീസ്‌ ജനതയില്‍ 83 ശതമാനം പേരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. നഗരങ്ങളില്‍ മിക്കവാറും ജനനം ഒരു കുട്ടിയിലും ഗ്രാമങ്ങളില്‍ രണ്ടിലും തിബത്തുപോലുള്ള ന്യൂനപക്ഷ പ്രദേശങ്ങളില്‍ രണ്ടിലേറെയും കുട്ടികളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ജനസംഖ്യ ചൈന ഭാരമായല്ല മറിച്ച്‌ മനുഷ്യവിഭവശേഷിയായാണ്‌ കരുതുന്നതെന്നും.

ഇനി വേറൊരു വശം. ഒരു മാനേജ്‌മെന്റെ പഠനപ്രകാരം 2020 ആകുമ്പോഴേക്കും ലോകത്തിലെ കോടീശ്വരരില്‍ കൂടുതല്‍ പെണ്ണുങ്ങളായിരിക്കും. ഇരുപതുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ അറുപതുശതമാനം സമ്പത്തും വനിതകളുടെ അധീനതയിലായിരിക്കും. അതോടെ രാമായണത്തിന്റെ കഥ കഴിയും. കര്‍ക്കടത്തില്‍ യുവാക്കള്‍ സീതായനം മുറിയാതെ ചൊല്ലി കാലയാപനം കഴിക്കേണ്ട കാലം സമാഗതമായെന്നര്‍ത്ഥം. ഇപ്പോ പെണ്ണിന്‌ വിദ്യ കൊടുത്തുകൂടെന്നു പറഞ്ഞതിന്റെ അര്‍ത്ഥം പുരിഞ്ചിതാ?പെണ്ണിന്‌ അടിമയും ആണ്‌ ഉടമയുമാണെന്ന സാര്‍വ്വദേശീയ നയത്തില്‍ മാത്രമാണ്‌ സര്‍വ്വമതസാഹോദര്യം ദര്‍ശിക്കുവാന്‍ കഴിയുക.

ഏതായാലും ദ്രവിച്ച കുറേ ഗ്രന്ഥങ്ങളും കെട്ടിപ്പിടിച്ച്‌ മലര്‍ന്നുകിടന്നു തുപ്പുന്നവര്‍, മാഡത്തിന്റെ കാലൊച്ചകള്‍ക്ക്‌ കാതോര്‍ക്കുവാന്‍ കാലമായെന്നുതോന്നുന്നു. ലോകം ഒരിക്കലും ഗ്രന്ഥത്തിനനുസരിച്ച്‌ മാറുകയില്ല. മാറ്റം രേഖപ്പെടുത്തിവെക്കാന്‍ കൊള്ളുമെന്നതില്‍ കവിഞ്ഞ്‌ അതുകൊണ്ട്‌ വലിയ കാര്യവുമില്ല. ആര്‍ക്കെങ്കിലും ഒരു സ്‌കെയിലും പെന്‍സിലും കൊണ്ട്‌ വരച്ചുവെക്കുവാന്‍ ലോകത്തിന്റെ പ്രയാണം ഒരു നേര്‍രേഖയിലുമല്ല. ഇതു മനസ്സിലാക്കാത്തവര്‍ അഥവാ ഉദരനിമിത്തം കണ്ടില്ലെന്നു നടക്കുന്നവര്‍ക്കായി ഒരിടമുണ്ട്‌, കാലാനുസൃതമായി മാറാത്തതിനെല്ലാമുള്ള ഒരിടം. അതാണ്‌ ചരിത്രത്തിന്റെ ചവറ്റുകുട്ട.

19 comments:

നിത്യന്‍ said...

സ്റ്റാലിന്റെ പട്ടാളക്കാര്‍ക്ക്‌ മുകളില്‍ നിന്നും കിട്ടിയ ഉത്തരവ്‌ പരമാവധി ജര്‍മ്മന്‍ വനിതകളെ പിടിച്ചുകൊണ്ടുപോയി തടവിലിടാനായിരുന്നു. ഇട്ടാല്‍ മാത്രം പോരാ. നിത്യേന കൂട്ടബലാല്‍സംഗം ചെയ്യുകയും വേണം. പട്ടാളക്കാര്‍ക്ക്‌ ഇതിന്‌ പ്രത്യേകിച്ച്‌ ഒരുത്തരവിന്റെ ആവശ്യം ലോകാരംഭകാലം മുതല്‍ ഇന്നോളം വേണ്ടിവന്നിട്ടില്ല.

സിമി said...

നന്നായി.

ലോകത്തിലെ കോടീശ്വരരില്‍ കൂടുതല്‍ പെണ്ണുങ്ങളായാലും യുദ്ധത്തില്‍ പെണ്‍പട്ടാളക്കാര്‍ ഗ്രാ‍മങ്ങളില്‍ കേറി പുരുഷന്മാരെ ബലാത്സംഗം ചെയ്തു നശിപ്പിക്കുന്ന ഗതിവരുമോ ആവോ.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കരക്റ്റ് ... അപ്രിയമാണല്ലോ ഏത് സത്യവും . അത് ഒരിക്കലും ഉച്ഛരിക്കാന്‍ കൂടി പാടില്ല എന്ന അലിഖിത വഴക്കം കര്‍ശനമായി പാലിക്കുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സദാ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന ഒരു ഭാഷാസമൂഹമാണ് മലയാളം . ഈ ധിക്കാരത്തെ ഞാന്‍ മാനിക്കുന്നു . നിസ്സാരമായ ഒരു പിശക് തിരുത്തുമല്ലോ . ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധം...എന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ എന്നോ ,20ആം നൂറ്റാണ്ടിലെ എന്നോ തിരുത്താവുന്നതാണ് .

അങ്കിള്‍ said...

:)

SAJAN | സാജന്‍ said...

2005 മാര്‍ച്ചിലെ ടൈംസ്‌ വാരിക പറഞ്ഞത്‌ ശരിയാണെങ്കില്‍, കുട്ടികളുണ്ടാകുന്നത്‌ ലൈംഗീകബന്ധത്തില്‍ കൂടിയാണെന്ന കാര്യം 33% ഫിലിപ്പിനോ ദമ്പതികള്‍ക്കും തിരുപാടില്ല
ഇതൊന്നുകൂടെ വ്യക്തമാക്കാമോ?

വാല്‍മീകി said...

വളരെ നല്ല ലേഖനം.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുറച്ചു പുതിയ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു..
നല്ല ലേഖനം

കുറുമാന്‍ said...

ഇത്തവണയും ലേഖനം നന്നായി, പക്ഷെ മുന്‍പെഴുതിയ ലേഖനങ്ങളെ അപേക്ഷിച്ച്, വ്യക്തത അല്പം കുറവാണ് ഇതില്‍.

നിത്യന്‍ said...

സുകുമാരേട്ടാ, ആ തെറ്റ്‌ ചെറുതൊന്നുമല്ല. ഇമ്മിണി ബല്യതന്നെയാണേ. തിരുത്തുന്നു. ചൂണ്ടിക്കാണിച്ചതിന്‌ നന്ദി.

സാജന്‍, അതെ 33% ഫിലിപ്പിനോ ദമ്പതികള്‍ക്കും കുട്ടികളുണ്ടാകുന്നത്‌ ലൈംഗീകബന്ധത്തില്‍ കൂടിയാണെന്ന്‌ അറിയില്ല എന്നര്‍ത്ഥം

മൈന said...

തലക്കെട്ടുതന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു. വളരെ നന്നായി.

സഹയാത്രികന്‍ said...

നന്നായി മാഷേ നല്ല ലേഖനം...
:)

ദീപു said...

വീണ്ടും ഒരു വിലാപം!.എന്നാണ് ഈ കരച്ചില്‍ സംസ്കാരത്തില്‍ നിന്നും മലയാളിക്ക്‌ ഒരു മോചനം കിട്ടുക.തന്നാലായ്‌ ഒരു നെയ്യ്ത്തിരിനാളം എങ്കിലും കത്തിക്കുകയല്ലെ നമ്മള്‍ ചെയ്യേണ്ടത്‌.

വളരെ informative ആയിരുന്നു ലേഖനം :)

രാജീവ് ചേലനാട്ട് said...

നിത്യന്‍,

അള്‍ജീരിയയിലെ കാര്യം വ്യത്യസ്തമാണ്. അവിടെ ‘ഇസ്ലാമിസ്റ്റൂ’കളും, ‘സോഷ്യലിസ’ത്തിന്റെ മുഖമൂടിയണിഞ്ഞ പട്ടാള സര്‍ക്കാരും ഒരുപോലെ അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. അള്‍ജീരിയന്‍ ജനതക്കെതിരാ‍യി ഫ്രഞ്ച് ഭരണാധികാരികളും ഇത്തരത്തിലുള്ള എണ്ണമറ്റ അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇനി മറ്റൊരു സ്ഥലമുണ്ട്. അര്‍മീനിയ. നാസി വംശഹത്യക്കു തുല്ല്യമോ, അതല്ലെങ്കില്‍, അതിനു തൊട്ടുതാഴെയോ സ്ഥാനം ലഭിക്കാവുന്ന തരത്തിലുള്ള ദുരന്തമായിരുന്നു അത്.

ലേഖനത്തിലെ പ്രധാന വാദമുഖം സത്യമാണ്. ഏതൊരു യുദ്ധത്തിലും ആദ്യം ബലിയാടാകുന്നത്, സത്യവും, നീതിയും, സ്ത്രീകളും, കുട്ടികളുംതന്നെയാണ്.

Anonymous said...

paRayoo, iniyum, pachcha sathyangaL!

Thanks Nithyan, for the stark realities unrolled in an absorbing article.

This was exactly my feeling when I wrote in my poem 'sthReejanmam':

"....oru kaNNil kanavum
maRu kaNNil nanavum
kayyil oru vaikkOl thurumbum!....."

Narayana Swamy (Goa)

കടവന്‍ said...

കലക്കന്‍ ലേഖനം.
സ്റ്റാലിന്റെ പട്ടാളക്കാര്‍ക്ക്‌ മുകളില്‍ നിന്നും കിട്ടിയ ഉത്തരവ്‌ പരമാവധി ജര്‍മ്മന്‍ വനിതകളെ പിടിച്ചുകൊണ്ടുപോയി തടവിലിടാനായിരുന്നു. ഇട്ടാല്‍ മാത്രം പോരാ. നിത്യേന കൂട്ടബലാല്‍സംഗം ചെയ്യുകയും വേണം.ഇവരുടെ പിന്‍ഗാമികള്‍ ഇവിടെ നാട് കുട്ടിച്ചോറാക്കുന്നു,

താരാപഥം said...

ലേഖനം നന്നായി മാഷെ.
നമ്മള്‍ വായിക്കുന്ന ചരിത്രം എല്ലാം തന്നെ പക്ഷം പിടിച്ചുള്ള വിവരണങ്ങളാണ്‌. ഞാന്‍ എന്തു കേട്ടാലും അതിന്റെ പിന്നിലെ സത്യം അന്വേഷിക്കാനാണ്‌ ശ്രദ്ധിക്കാറ്‌. മെലോസെവിച്ച്‌ ചെയ്തുകൂട്ടിയ പരാക്രമങ്ങളും കൂട്ടക്കുരുതികളും കമ്മ്യൂണിസ്റ്റ്‌ ചിന്തകന്‍ വളരെ സൗമ്യമായി വിമര്‍ശിക്കുന്നത്‌ കൈരളിചാനലില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പട്ടാളക്കാര്‍ കൂട്ടത്തോടെ കുഴിച്ചിട്ട മൃതദേഹങ്ങള്‍ "ജെ സി ബി" ഉപയോഗിച്ച്‌ മാന്തിയെടുക്കുന്നത്‌ ധാരാളം കാണാനിടയായിട്ടുണ്ട്‌.

CresceNet said...

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. If is possible add the CresceNet(www.provedorcrescenet.com) in your blogroll, I thank. Good bye friend.

Anonymous said...

nalla lekhanam.. shayliyum nannayittund..
thudaruka..
Aashamsakal.

Anonymous said...

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

This absolutely free anywhere in India. No SMS charges for receiving the news. LIFE TIME FREE service