February 24, 2011

നട്ടെല്ലോടെയുള്ള ജീവിതം അതിലേറെ മരണം'എന്റെ ആദര്‍ശങ്ങളൊന്നും  അവസരം പോലെ ഉപയോഗിച്ചിട്ടില്ല. വ്യക്തിപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല'.  എം.എ.ജോണ്‍ ഇങ്ങിനെ പറയുമ്പോള്‍ പറയാതെ പറയുന്നത് ഒരുപാട് ആദര്‍ശധീരന്‍മാര്‍ ആദര്‍ശം അവസരം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നു തന്നെയായിരിക്കണം. കാരണം വാക്ക് തെക്കോട്ടും പ്രവൃത്തി വടക്കോട്ടുമായിരുന്നെങ്കില്‍ ജോണിന്റെ മരണം കുടുസ്സുമുറിയിലാവുമായിരുന്നില്ല. ഒരു ഒന്നൊന്നര ആചാരവെടിയുടെ അകമ്പടി കര്‍ത്താവിങ്കലേക്കുള്ള എന്‍.ഒ.സിക്ക് ലവലേശം സാദ്ധ്യതയില്ലാത്ത ജോണിന്റെ ആത്മാവിനെ അനുഗമിക്കുമായിരുന്നു. ഭാഗ്യവശാല്‍ അതുണ്ടായില്ല.

ആചാരവെടിയുളവാക്കുന്ന ആ പ്രകമ്പനത്തോടെ ഒരു മാതിരപ്പെട്ട രാജ്യസ്‌നേഹികളുടെ ഓര്‍മ്മകളും ജനഹൃദയങ്ങളില്‍നിന്നു ഊര്‍ന്നുതാഴെ പോവുകയാണ് പതിവ്. ആ സ്മരണ തുടര്‍ന്നും നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം അങ്ങിനെയുള്ള മഹാന്‍മാരുടെ ഭീമാകാരപ്രതിമ നടുറോഡില്‍ സ്ഥാപിക്കുകയാണ്.  നവീന ടോള്‍ പിരി സംവിധാനം അനുസ്മരിപ്പിക്കും വിധം കിടക്കട്ടെ പ്രതിമ നടുറോഡില്‍. അതിനിടിച്ച് ചത്തുപോവരുതല്ലോ എന്നുകരുതി അടുത്തെത്തി വെട്ടിത്തിരിച്ചുപോവുന്നവനും അതിലിടിച്ച് കാലുംകൈയ്യുമൊടിഞ്ഞ് കിടക്കുന്നവനിലും ആ സ്മരണ വേതാളം വിക്രമാദിത്യനെയെന്നപോലെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.

നായക്കിരിക്കപ്പൊറുതിയില്ല, പാഞ്ഞുനടന്നതുകൊണ്ടൊട്ടുകാര്യവുമില്ലെന്നു പറഞ്ഞപോലെയായല്ലോ ജോണേ നിന്റെ കാര്യം എന്നു പണ്ട് അമ്മ ഒരു തമാശയെന്നോണം പറഞ്ഞപ്പോള്‍ മകന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. എനിക്കൊരു നല്ല നട്ടെല്ലുകിട്ടിയത് അമ്മയില്‍ നിന്നുമാണല്ലോ, അപ്പോള്‍ അമ്മതന്നെയായിരിക്കണം അതിനുത്തരവാദി.  എഴുതപ്പെട്ട ചരിത്രങ്ങളിലും ഭാവിയില്‍ ഇനി എഴുതപ്പെടാന്‍ പോവുന്ന മഹച്ചരിതമാലകളിലും ജോണിനിടമുണ്ടായെന്നു വരില്ല. കാരണം ജോണ്‍ അച്ചടക്കമുള്ള ആട്ടിന്‍കുട്ടിയായിരുന്നില്ല. കൂട്ടം തെറ്റി മേഞ്ഞവന്‍.

കേരളം കണ്ട രണ്ടു ജോണുമാരും കാലത്തോടൊപ്പം നടന്നില്ല. കാലം അവരോടൊപ്പം നടന്നതാണ് ചരിത്രം. ചരിത്രത്തിന്റെ സുവര്‍ണഏടുകള്‍ അങ്ങിനെ വഴിമാറി സഞ്ചരിച്ചവര്‍ക്കുള്ളതാണ്. വൃത്തികെട്ട കടലാസുകളിലെ കൂലിയെഴുത്തുകാരുടെ അസംസ്‌കൃതവസ്തുവാകേണ്ടവരല്ല അവര്‍. കേരളത്തിലെ വാഴ്ത്തപ്പെട്ട പലരുടേയും ശില്പങ്ങളുടെയും ഫോട്ടോകളുടേയും എണ്ണമെടുത്ത് അത്രയും ആളുകള്‍ അവരെ ഓര്‍ക്കുന്നുണ്ടോയെന്ന് അറിയാന്‍ തുനിഞ്ഞാലാണ് സംഗതിയുടെ കിടപ്പ് പിടികിട്ടുക.


ആദര്‍ശവും അവസരവും കണ്ടും നോക്കിയും പ്രയോഗിക്കുന്നവരെയാണ് ചരിത്രം പലപ്പോഴും അടയാളപ്പെടുത്തുക. അല്ലാത്തവര്‍ കൊള്ളിമീനല്ലെങ്കില്‍ മഴവില്ലുപോലെ ഒരു പ്രതിഭാസമായി വന്നുമറയും. ആ കരുത്തുതാങ്ങാനുള്ള ശേഷി കൂലിയെഴുത്തുകാരുടെ കടലാസിനുണ്ടായെന്നു വരില്ല.  അവാര്‍ഡുകളും ബഹുമതികളും സ്ഥാനമാനങ്ങളും അങ്ങിനെയുള്ളവരെ അവമാനിതരാക്കുകയാണ് ചെയ്യാറ്. ആചാരവെടികളും.

അപൂര്‍വ്വം രാഷ്ട്രീയക്കാര്‍ക്കുമാത്രമാണ് വളയാത്തനട്ടെല്ല് എന്നൊരു സംഗതിയുള്ളത്. തല അധികകാലം കാണുകയില്ലെന്നതാണ് അങ്ങിനെയുള്ളവരെ തിരിച്ചറിയാനുളള ഒരു മാര്‍ഗം. വേറൊന്ന് അമേരിക്കന്‍ പ്രസിഡണ്ടാവേണ്ട കഴിവുണ്ടാവുമെങ്കിലും പഞ്ചായത്ത് പ്രസിഡണ്ടുകൂടിയാകുവാന്‍ അക്കൂട്ടര്‍ക്കു കഴിയുകയില്ല. ഇനി കഴിഞ്ഞാല്‍ തന്നെ കസാലയുടെ ആയുസ്സിന്റെ നാളുകളെണ്ണാന്‍ ഒറ്റക്കൈയ്യിലെ വിരലുകള്‍ മുഴുവനായും വേണ്ടിവരില്ല.

ആദര്‍ശം അവസരത്തിനൊത്തുപയോഗിക്കുമ്പോള്‍ അത് ഒരു ചരിച്ചുവച്ച ഗോവണിയുടെ ഗുണം ചെയ്യും. അവസാനപടി വരെ വലിഞ്ഞുകയറാം. അല്ലാത്ത ആദര്‍ശം കുത്തനെയുള്ള ഒരു  ഗോവണിയാണ്. കയറിയതേ ഓര്‍മ്മകാണുകയുള്ളൂ. ആദര്‍ശത്തെക്കൊണ്ടുള്ള ഉപദ്രവം അസഹ്യമായപ്പോള്‍ നമ്മള്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവാക്കി ആദരിച്ചു വെടിവച്ചുകൊല്ലുകയാണുണ്ടായത്.  ഏണസ്റ്റോ ചെഗുവേര വേണ്ടിവന്നാല്‍ കാട്ടില്‍ വെടികൊണ്ടുമരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫിദല്‍ കാസ്‌ട്രോ താന്‍ ഒഴിയണോ അനിയന്‍ വാഴണം എന്നു തീരുമാനിക്കുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവും അവസരത്തിനൊത്ത ആദര്‍ശവും തമ്മിലുള്ള അന്തരമാണത്.

കാശുകൊടുത്തു കയ്യില്‍ കിട്ടിയ ഡ്യൂപ്ലിക്കേറ്റ് സാധനം തന്നെ തിരിച്ചറിയാത്തവര്‍ക്ക് ആളുടെ ഗുണം മനസ്സിലാവുക ലേശം ബുദ്ധിമുട്ടുള്ള സംഗതിയാണ്. അതുകൊണ്ട് പിടിക്കപ്പെടുമെന്നൊരു ഭയത്തിന്റെ ആവശ്യവും വേണ്ട.  എല്ലാവരേയും കുറച്ചുകാലം വിഡ്ഢികളാക്കാന്‍ ആദര്‍ശാവസരവാദികള്‍ വിചാരിച്ചാല്‍ കഴിയും.

ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ ദേവസ്വത്തിനുകീഴില്‍ വരുന്നതിനെപറ്റി പറഞ്ഞപ്പോള്‍ അതേ നിയമപ്രകാരം കത്തോലിക്കാസഭയുടെ സ്വത്തും മറ്റുപള്ളികളുടെ സ്വത്തുക്കളും സര്‍ക്കാരിന്റെ കീഴിലാക്കാന്‍ പള്ളിസ്വം നടപ്പിലാക്കണമെന്നു പറയുവാന്‍ ചലിച്ച ഒരേയൊരു നാവ് എം.എ.ജോണിന്റേതായിരുന്നു.  വിട്ടുവീഴ്ചയില്ലാത്തതും അവസരവാദപരവുമായ ആദര്‍ശവും തമ്മിലുള്ള വ്യത്യാസത്തിന്റെ വേറൊരുദാഹരണമായിരുന്നു ഇത്.  അനിവാര്യമായത് സംഭവിച്ചു. എല്ലാവരും കൂടി ജോണിനെ ഒരരുക്കാക്കി. ഭാഗ്യത്തിന് കുടുംബത്തിന് ചില്ലറ ഭൂമിയുണ്ടായിരുന്നതുകൊണ്ടും തലയുടെ ശേഷി കൈക്കും കാലിനുമുണ്ടായിരുന്നതുകൊണ്ടും ജോണിന് പട്ടിണികിടന്ന് മരിക്കേണ്ടിവന്നില്ല.

അതേ ചങ്കൂറ്റമാണ് അടിയന്തരാവസ്ഥയ്‌ക്കെതിരേ 'ഇന്ദിരയുടെ അടിയന്തിരം' എന്ന ലേഖനം ജോണിനെക്കൊണ്ടെഴുതിച്ചതും പിടിച്ചകത്തിടാന്‍ കരുണാകരനെക്കൊണ്ട് ഉത്തരവിടീച്ചതും.  വിപ്ലവം ഇപ്പോള്‍ നടത്തിക്കളയും എന്നു വീമ്പിളക്കിനടന്നവര്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചപ്പോള്‍ അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്ന ലേഖനം ചമച്ച് ആസ്ഥാനവിപ്ലവകാരികളായി ഒതുങ്ങിയിരുന്നതും നോക്കുക.

സ്വന്തം വിവാഹവും മക്കളുടെ വിവാഹവും മതാചാരങ്ങള്‍ ലംഘിച്ചു നടത്തിയ ജോണ്‍ മക്കളുടെ സ്‌കൂള്‍ രേഖകളിലും മതവും ജാതിയും ചേര്‍ത്തില്ല.  എം.പി. പോളിനെന്നപോലെ തനിക്കും തെമ്മാടിക്കുഴിയൊരുങ്ങിയേക്കാമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരിക്കണം. താന്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിക്കീഴില്‍ തന്നെ തനിക്ക് ഇടമൊരുക്കാന്‍ സ്വയം തീരുമാനമെടുത്തത് അതുകൊണ്ടായിരിക്കണം. 

തനിക്കു ശരിയെന്നുതോന്നുന്നത് ആരുടെ മുമ്പിലും തുറന്നുപറയാന്‍ മടിക്കാത്ത, തനിക്കു ശരിയെന്നുതോന്നുന്നതിനുവേണ്ടി ഏതറ്റം വരെയും പോവാന്‍ മടിക്കാത്ത, തനിക്കു തെറ്റെന്നുതോന്നുന്നതിനെ മുഖം നോക്കാതെ വിമര്‍ശിക്കുവാന്‍ മടിക്കാത്ത ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു. അയാളായിരുന്നു എം.എ.ജോണ്‍.

ശരിയായ ആളുടെ അടുത്ത്, ശരിയായ രൂപത്തില്‍, ശരിയായ കാര്യത്തിന്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രകോപിതനാവുക എന്നത് ഒരു കലയാണെന്ന് അരിസ്റ്റോട്ടില്‍. അങ്ങിനെയെങ്കില്‍ ശരിയായ കലാപം ഒരു കലയാണ്. കലഹവും കലാപവും കലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മതേതരനായി ജീവിച്ച് കപടമതേതരവാദികള്‍ക്കിടയില്‍ വിട്ടുവീഴ്ചയില്ലാത്ത നട്ടെല്ലുള്ള മതേതരനായി കലഹിച്ചുമരിച്ച എം.എ.ജോണിന് നിത്യന്റെ ആദരാഞ്ജലികള്‍.