September 16, 2009

സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും


ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ്‌ ആളുകള്‍ മഹാന്മാരാവുന്നത്‌ എന്നു പറഞ്ഞത്‌ ചാണക്യനാണ്‌. ഒരു ശൂദ്രസ്‌ത്രീ അവിഹിതഗര്‍ഭം ധരിച്ചുണ്ടായ ചന്ദ്രഗുപ്‌തനെ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി, ആദ്യ ശൂദ്ര ഭരണാധികാരിയായി വാഴിച്ച മഹാമാന്ത്രികന്‍ ചാണക്യന്റെ വാക്കുകളാവുമ്പോള്‍ സത്യമല്ലാതാവാന്‍ സാദ്ധ്യതയില്ല. അതായത്‌ കര്‍മ്മം കൊണ്ട്‌ മഹാന്‍മാരായവര്‍ ചരിത്രത്തിലേയ്‌ക്ക്‌ നടന്നുകയറുമ്പോള്‍ ജന്മംകൊണ്ടു മഹാന്മാരായവര്‍ തൊട്ടടുത്തുതന്നെ ഭദ്രമായിരിക്കുന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്‌ക്ക്‌ കൂപ്പുകുത്തുകയും ചെയ്യും.

ഭൂമി ഉരുണ്ടതാണെന്ന്‌ ഗലീലിയോ തെളിയിച്ചപ്പോള്‍ കത്തോലിക്കാസഭ ഞെട്ടിയതുപോലെയാണ്‌ ജിന്ന മതേതരവാദിയെന്ന്‌ കേട്ടപ്പോള്‍ പരിവാരം ഞെട്ടുന്നത്‌. ഭൂമി ഉരുണ്ടാല്‍ കര്‍ത്താവ്‌ സൃഷ്ടിച്ച ഭൂമിയുടെയും ബൈബിളിന്റെയും കഥ അതോടെ കഴിഞ്ഞു അരമനകള്‍ വഴിയാധാരമാവും എന്നതായിരുന്നു കത്തോലിക്കാസഭയുടെ പേടി. അതു സംഭവിച്ചില്ല. ശാസ്‌ത്രത്തിന്റെ ഉരുണ്ടഭൂമിയും വിശ്വസത്തിന്റെ പരന്നഭൂമിയും പ്രത്യക്ഷത്തില്‍ പ്രകൃതിവിരുദ്ധമെങ്കിലും സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു കഴിഞ്ഞു. അരമനകള്‍ വിലങ്ങനെ വളര്‍ന്നു.


അതുകൊണ്ട്‌ ഗണവേഷധാരികള്‍ ഒന്നും ഭയക്കേണ്ടതില്ല. അതിലും വലിയ മഹാസത്യമൊന്നുമല്ല ജിന്ന മതേതരവാദിയാണെന്നത്‌. വീരസവര്‍ക്കര്‍ ആയുഷ്‌കാലം മുഴുവന്‍ ഒന്നാംതരം നാസ്‌തികനായിരുന്നൂവെന്നത്‌ അതിലും ഒന്നുകൂടി മുന്തിയ സത്യമാണല്ലോ. നല്ല നാസ്‌തികനേ നല്ല മതനിരപേക്ഷനാവാന്‍ പറ്റുകയുള്ളൂ. ജിന്നയെയും സവര്‍ക്കറെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പരിവാരങ്ങള്‍ക്ക്‌ പറ്റിയെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ.

നഗ്നസത്യം എന്നുപറഞ്ഞാല്‍ ശുദ്ധ സ്വര്‍ണം പോലത്തെ സംഗതിയാണെന്ന്‌ പണ്ട്‌ ഫ്രാന്‍സിസ്‌ ബേക്കണ്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതായത്‌ വിശേഷിച്ച്‌ ആര്‍ക്കും യാതൊരു ഉപകാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സാധനം. ലേശം ചെമ്പുചേര്‍ത്ത്‌ ഒന്ന്‌ കളങ്കപ്പെടുത്തുമ്പോഴാണ്‌ മനോഹരമായ സംഗതിയാവുകയും ഹേമമാലിനിമാര്‍ കലക്കി എന്നു ലാലുമാരെക്കൊണ്ട്‌ പറയിക്കുകയും ചെയ്യുക.

അതുപോലെ ചരിത്രസത്യങ്ങള്‍ നയനമനോഹരമാവണമെങ്കില്‍ തട്ടാന്റെ പണി ചരിത്രകാരനെടുക്കണം. ആവശ്യത്തിന്‌ ഭാവനയുടെ ചെമ്പ്‌ ഊതിക്കാച്ചി അവരവര്‍ക്കുവേണ്ടരീതിയില്‍ ചരിത്രത്തെ പണിതെടുക്കുമ്പോഴാണ്‌ അതിനെക്കൊണ്ട്‌ വല്ല ഉപകാരവുമുണ്ടാവുക. ചരിത്രസത്യത്തിന്റെ നല്ലൊരു ശതമാനം പണിക്കുറവില്‍ വരവുവെച്ചാല്‍ മതി. അതൊരു വഞ്ചനയില്ലാത്ത കാപട്യമായി ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്‌.

സാരാനാഥിലെ അശോകസ്‌തംഭത്തിലെ ധര്‍മ്മചക്രത്തിന്‌ രക്തബന്ധം നിരീശ്വരത്വം പ്രാണവായുവായ ബുദ്ധിസവുമായാണ്‌. ആ ധര്‍മ്മചക്രത്തെ ഉരുട്ടി ദേശീയപതാകയിലെത്തിച്ചതും സവര്‍ക്കര്‍ എന്ന നാസ്‌തികന്റെ കരങ്ങളായിരുന്നു എന്നതും സത്യം. പല സത്യങ്ങളും അങ്ങിനെയാണ്‌. അതുകൊണ്ടുതന്നെ പലപ്പോഴും മുന്‍പ്‌ എഴുതിയത്‌ വീണ്ടുമാവര്‍ത്തിക്കുന്നു. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ കുറേ ശിഷ്യന്‍മാരെ ദൈവം അയച്ചുകൊടുക്കുന്നു എന്ന്‌ ആരോ പറഞ്ഞതിലെന്താണ്‌ തെറ്റ്‌?

ജീവിതത്തില്‍ അടിമുടി വിപ്ലവകാരികളായ ജിന്നയ്‌ക്കും സവര്‍ക്കര്‍ക്കും കിട്ടിയ അനുയായികളെ കണ്ടാല്‍ ഏത്‌ അവിശ്വാസിയും നെഞ്ചത്ത്‌ കൈവെച്ചുപോവും. ശ്രീരാമനും വാനരസൈന്യവും പോലെ. ശ്രീരാമന്‍മാര്‍ കഥാവശേഷന്‍മാരായപ്പോള്‍ വാനരര്‍ക്ക്‌ ചാട്ടം പിഴച്ചതാണ്‌ പിന്നത്തെ ചരിത്രം.

ജിന്ന കണ്ട കോണ്‍ഗ്രസ്‌ ഏതാണ്ട്‌ നമ്മുടെ പണ്ടത്തെ ബ്രാഹ്മണാള്‍ ഹോട്ടല്‍പോലൊരു സംഗതിയായിരുന്നു. കുശിനിക്കാരന്‍മുതല്‍ കാഷ്യര്‍വരെ സവര്‍ണര്‍. ഇടം കൈയ്യില്‍ സിഗരറ്റും വലംകൈയ്യില്‍ ബ്രാണ്ടിക്കുപ്പിയുമായി ജീവിച്ച ജിന്നപോലും തന്റെ സമുദായത്തിന്റെ ഭാവിയെപ്പറ്റി ആലോചിച്ചുപോയത്‌ സ്വാഭാവികം. ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍ ജിന്നയ്‌ക്ക്‌ എന്തെങ്കിലും അയോഗ്യത ഉണ്ടായിരുന്നതായി അറിയില്ല. നെഹറുവിനെക്കാളും ഒന്നുകൂടി മുന്തിയ പരിഷ്‌കാരി എന്നു പറയാം.

സായുധസമരത്തില്‍നിന്നെന്നപോലെ ജനാധിപത്യത്തില്‍ നിന്നും കോണ്‍ഗ്രസ്‌ മാറിനിന്നതുകൊണ്ടുണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളായി എപ്പോഴും വന്നത്‌ മഹാത്മാഗാന്ധിയുടെ മനോഗതങ്ങളായിരുന്നു. തുര്‍ക്കിയിലെ ഖലീഫയക്ക്‌ സ്ഥാനം പോയതിന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെന്താണ്‌ കാര്യം എന്നുചോദിച്ചത്‌ ജിന്നയിലെ നാസ്‌തികനും മതനിരപേക്ഷത്വവുമാണെങ്കില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ രൂപംകൊടുത്തതില്‍ മതപ്രീണനവുമാണ്‌ തെളിയുക.

ജിന്ന വിഭാവന ചെയ്‌ത 'സെക്യുലാര്‍ ഇന്ത്യ' അഥവാ മതനിരപേക്ഷ ഇന്ത്യ നടക്കില്ലെന്നു തോന്നിയപ്പോഴാണ്‌ ഒരു കുട്ടിക്കരണം മറിച്ചിലിലൂടെ ദ്വിരാഷ്ട്രസിദ്ധാന്തത്തില്‍ ചെന്നു നിന്നത്‌.

ജിന്ന ഭയന്നത്‌ നാസ്‌തികനായ സവര്‍ക്കറിന്റെ, ബലികൊടുത്ത മൃഗം സ്വര്‍ഗത്തിലെത്തുമെന്ന്‌ ഉറപ്പാണെങ്കില്‍ നിനക്ക്‌ നിന്റെ അമ്മയെയും അച്ഛനെയും വെട്ടി ബലികൊടുക്കരുതോ എന്നു ചോദിച്ച യുക്തിവാദി ചര്‍വ്വാകനും മഹര്‍ഷി പദവി നല്‌കിയ ഹിന്ദുത്വത്തെയല്ല, കോണ്‍ഗ്രസിലെ വിവേചനത്തെയാണ്‌. മുന്നൂറുകൊല്ലം മുമ്പ്‌ സായിപ്പ്‌ കണ്ടുപിടിച്ച 'സീസറുടേത്‌ സീസറിനും പള്ളിയുടേത്‌ പള്ളിക്കും' സിദ്ധാന്തത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള പ്രായോഗിക രൂപമായിരുന്നു സവര്‍ക്കറുടെ ഹിന്ദുത്വ. തനത്‌ ഇന്ത്യന്‍ മതനിരപേക്ഷത്വം എന്നു വിളിക്കാവുന്നത്‌.

ജിന്നയുടെ ഭയം അസ്ഥാനത്തായിരുന്നില്ലെന്നറിയാന്‍ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി നോക്കിയാല്‍ മതി. സായിപ്പിന്റെ ഭരണമായിരുന്നു ഇതിലും മെച്ചം എന്നു ഏതു ആദിവാസിയാണ്‌ പറയാതിരിക്കുക. ആദിവാസികളെ ദരിദ്രവാസികളാക്കിയതും പോര അവരെ അവരുടെ കാട്ടില്‍ അതിക്രമിച്ചുകടന്ന്‌ ചവുട്ടിയിറിക്കി വെടിവെക്കുകയാണ്‌ സ്വതന്ത്രഭാരതം ചെയ്‌തത്‌. ആദിവാസികള്‍ക്കുവേണ്ടി ചിലവിട്ട ശതകോടികള്‍ ആദിവാസികളെ ദരിദ്രവാസികളാക്കി. പദ്ധതി നടപ്പാക്കിയവരെ കോടീശ്വരന്‍മാരാക്കി.

മഹമൂദ്‌ ഗസ്‌നി മൊത്തത്തില്‍ 24 തവണ സോമനാഥ ക്ഷേത്രം കൊള്ളയടിച്ചൂവെന്ന്‌ ചരിത്രം. ഓരോ കൊള്ളകള്‍ക്കുമുള്ള ഇടവേളകളില്‍ ആ ഭണ്ഡാരം ആവും വണ്ണം നിറച്ചുകൊടുക്കുവാനുള്ള ഗോബുദ്ധിയല്ലാതെ ഗസ്‌നിയുടെ മുട്ടുകാല്‍ തല്ലിയൊടിക്കാന്‍ നാലാളെ ഏര്‍പ്പാടാക്കിയ വ്യാഘ്രബുദ്ധി ഇന്ത്യക്കാര്‍ക്കില്ല. അന്നും ഇന്നും എന്നും.

ഈ സംഗതി നമ്മുടെ ദൈവങ്ങളെ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വാഴക്കൈ ഒടിയുമ്പോള്‍ മൂത്രം പോവുന്നവര്‍ വരെ ആരാധിക്കുക ഏറ്റവും ചുരുങ്ങിയത്‌ ഒരു നാട്‌ മുടിയാന്തരം വരുത്തുവാന്‍ കരുത്തുറ്റ സുദര്‍ശനം വിരലിലുള്ള ശ്രീകൃഷ്‌ണനെയായിരിക്കും.

സായിപ്പിനെ നോക്കുക. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കുകയെന്നത്‌ സായിപ്പിന്‌ അറിയാന്‍ പാടില്ലാത്ത ഒരു കാര്യമാണ്‌്‌. ഈ ജന്മത്തില്‍ ചെയ്യാന്‍ പറ്റാത്തതും. ആയൊരൊറ്റ കാരണം കൊണ്ടാണല്ലോ സായിപ്പ്‌ ജീസസിനെ ആരാധിക്കുന്നതും.

അതുകൊണ്ടാണ്‌ പറഞ്ഞത്‌ ഓരോ ജനതയ്‌ക്കും അതിന്റേതായ ഒരു ജീവിതബോധമുണ്ട്‌. അതിനൊരു താളവുമുണ്ട്‌. അലക്‌സാണ്ടര്‍മുതല്‍ മെക്കാളെവരെയുളളവര്‍ ആക്രമിച്ചിട്ടും നമ്മുടെ മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നിനുപോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. നാസയിലാണ്‌ പണിയെങ്കിലും വീട്ടില്‍ പൂജ മുടങ്ങാതെ നോക്കുന്നവരാണ്‌ ഭൂരിപക്ഷവും. മാര്‍ക്‌സിലുള്ളതിലും വിശ്വാസം ചൈനക്കാര്‍ക്ക്‌ വ്യാളികളിലായതും വേറൊന്നും കൊണ്ടല്ല.

കേവലസത്യം ശുദ്ധസ്വര്‍ണം പോലെയാണെന്നുപറഞ്ഞു. ഉപകാരമില്ലെങ്കിലും നിത്യേന വിലകൂടിക്കൊണ്ടിരിക്കുന്ന സംഗതികളാണ്‌ രണ്ടും. മഹാത്മജിയും രാജാജിയുടെ മരുമകളായിരുന്ന സരളാദേവിയും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. മഹാത്മജിതന്നെ പണ്ട്‌ സ്‌പിരിച്ച്വല്‍ വൈഫ്‌ എന്നു വിശേഷിപ്പിച്ച സരളാദേവിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ സത്യാന്വേഷണ പരീക്ഷണം പൂര്‍ത്തിയായി ഗ്രന്ഥം വന്നത്‌ രണ്ടാളും പോയശേഷമാണ്‌. സംരംഭം വന്‍വിജയം.

കാരണം നമ്മള്‍ ഒന്നുകില്‍ ഒളിഞ്ഞുനോട്ടക്കാരാണ്‌. അല്ലെങ്കില്‍ സത്യത്തെ ദൂരെനിന്ന്‌ ആരാധനയോടെ നോക്കിക്കാണുന്ന മഹാകള്ളന്‍മാര്‍. അപ്പോള്‍ അതു വിളിച്ചുപറയുന്ന ഒരു ഗ്രന്ഥത്തിന്റെ ഡിമാന്റും സ്വര്‍ണത്തിന്റേതുപോലെ കൂടിക്കൊണ്ടേയിരിക്കും. സംഘപരിവാര്‍ കൂടാരത്തിലെ 30 വര്‍ഷത്തെ സഹവാസം ആയൊരു തിരിച്ചറിവൊക്കെ ജസ്വന്ത്‌ സിങ്ങിന്‌ നേടിക്കൊടുക്കാതിരിക്കുമോ?

എന്തായാലും ധൈര്യമുള്ള പട്ടാളക്കാരന്‍ തന്നെയാണ്‌ സിങ്ങ്‌ എന്ന പണ്ടുതെളിഞ്ഞിട്ടുള്ളതാണ്‌. പാര്‍ലിമെന്റ്‌ ആക്രമണവേളയില്‍. ഉടന്‍ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറണം എന്ന്‌ സുരക്ഷാജീവനക്കാര്‍ ഓടിവന്നു പറഞ്ഞപ്പോഴും അക്ഷോഭ്യനായി ചായകുടിച്ചുകൊണ്ട്‌ സിങ്ങു നില്‌ക്കുമ്പോള്‍ കൊടുംവിപ്ലവകാരികളടക്കം രാഷ്ട്രത്തിന്റെ പരമാധികാരം കാക്കാനായി ജനങ്ങള്‍ തിരഞ്ഞുപിടിച്ചയച്ചവര്‍ തന്നെത്താന്‍ രക്ഷിക്കാന്‍ എവിടെയൊളിക്കണം എന്നാലോചിച്ച്‌ പരക്കം പായുകയായിരുന്നു. അതിനകത്ത്‌ ഏക്കര്‍ കണക്കിന്‌ സ്ഥലമുണ്ടായതുകൊണ്ടായിരിക്കണം തമ്മിലിടിച്ച്‌ അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്‌. അവിടെ ചെണ്ടയില്ലാതിരുന്നതുകൊണ്ടുമാത്രം ധീരന്‍മാര്‍ അതിന്റെ തോലുപൊളിച്ച്‌ അകമേ പുക്കിയില്ല എന്നുവേണം കരുതാന്‍.

സിങ്ങിന്റെ ആ ധൈര്യത്തെ നിത്യന്‍ ആദരിക്കുന്നു. ഇപ്പോള്‍ ഈയൊരു സത്യം വിളിച്ചുപറഞ്ഞ്‌ പാര്‍ട്ടിക്കുപുറത്തേയ്‌ക്കു നടക്കാനെടുത്ത ഈ തീരുമാനത്തേയും. അപ്പോഴും ഖണ്ഡഹാര്‍ വിമാനറാഞ്ചികളെ അഫ്‌ഗാനിസ്ഥാനില്‍ കൊണ്ടുപോയിറക്കിക്കൊടുത്ത തീരുമാനം അങ്ങേയറ്റത്തെ തെറ്റായിപ്പോയി എന്നു വിശ്വസിക്കുകയും ചെയ്യുന്നു.

വോഡ്‌ക രണ്ടെണ്ണം വീശി കണ്‍ട്രോളുപോയപ്പോള്‍ പണ്ടൊരു സഖാവ്‌ അറിയാതെ റോഡിലിറങ്ങിയങ്ങോട്ട്‌ പറഞ്ഞുപോയി "ജോസഫ്‌ സ്റ്റാലിന്‍ എന്നുപറഞ്ഞാല്‍ ഒന്നിനും കൊള്ളാത്തൊരുത്തനാണ്‌്‌"

ചെമ്പട കൈയ്യോടെ പൊക്കി. അന്നു തന്നെ വിചാരണയും കഴിഞ്ഞു. ശിക്ഷയും വിധിച്ചു. പന്ത്രണ്ടുകൊല്ലം കഠിനതടവ്‌.

"അല്ല യൂവര്‍ ഓണര്‍, ഒരാളെ ചീത്തപറഞ്ഞാല്‍ പരമാവധി രണ്ടുകൊല്ലമല്ലേയുള്ളൂ ശിക്ഷ. എന്തു ന്യായത്തിന്‍മേലാണ്‌ എനിക്ക്‌ 12 കൊല്ലം വിധിച്ചിട്ടിരിക്കുന്നത്‌? വിധി കേട്ട്‌ ഞെട്ടിയ പ്രതി അറിയാതെ ചോദിച്ചുപോയി.

ചീത്തവിളിച്ചതിന്‌ രണ്ടുകൊല്ലവും ഒരു ദേശീയ രഹസ്യം പരസ്യമാക്കിയതിന്‌ പത്തുകൊല്ലവും കൂട്ടി പന്ത്രണ്ടുകൊല്ലം എന്നായിരുന്നു ജഡ്‌ജിയുടെ വിശദീകരണം.

ജസ്വന്ത്‌ സിങ്ങിന്റെ ദുരവസ്ഥ കാണുമ്പോള്‍ തോന്നിപ്പോയതാണ്‌.

September 04, 2009

ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി


അതൊരു ഒരു നിരുപദ്രവകരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു. പക്ഷേ ഏത്‌ സ്വതന്ത്ര അഭിപ്രായപ്രകടനവും ഇറാനില്‍ ജയിലിലേക്കുള്ള മാര്‍ഗമാണ്‌.

കണ്ണുകെട്ടിയ തുണി മാറ്റിയപ്പോള്‍ മുന്നില്‍ കണ്ടത്‌ ചോദ്യചെയ്യുന്ന ആ തടിയന്‍ ഇട്ടേച്ചുപോയ ഒരു തുണ്ട്‌ കടലാസാണ്‌. ഞാന്‍ കൈയ്യൊപ്പുചാര്‍ത്തേണ്ട കുറ്റസമ്മതങ്ങളുടെ ഒരു നീണ്ട ചാര്‍ത്ത്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടി സെല്ലുകളും എന്റെ സുഹൃത്തുക്കളുമായുള്ള 'വൃത്തികെട്ട ബന്ധ'ങ്ങളുടെ തെളിവുകള്‍. വിദേശ ശക്തികള്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ വഹിച്ച പങ്കിനെപറ്റി എനിക്കറിയാം എന്നു രേഖകളില്‍. കൂടാതെ എന്റെ പ്രൊഫെസറും നല്ല സുഹൃത്തുമായ 'അറാഷ്‌ ഹസ്‌താരി' കമ്മ്യൂണിസത്തെ പുല്‍കിയത്‌, പിന്നെ എനിക്ക്‌ അദ്ദേഹവുമായുള്ള 'ലൈംഗിക ബന്ധ'ത്തിന്റെ തെളിവുകള്‍.

ആ പ്രതിഷേധ സമരത്തിന്റെ നായകനായിരുന്നു അറാഷ്‌. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടും.

ഈ ആരോപണങ്ങളൊക്കെ സത്യമാണെന്ന്‌ അരെങ്കിലും കരുതുമെന്ന്‌ ഇതെല്ലാം എഴുതിക്കൂട്ടിയ ആ തടിയന്‍ കരുതുന്നുണ്ടാവുമോ? മറ്റൊരു മാതാഹരിയായി ചരിത്രം എന്നെ കാണുവാന്‍ ഈയൊരു കുറ്റസമ്മതം തന്നെ ധാരാളം - ഒരുപകുതി ഒറ്റുകാരിയും മറുപകുതി വേശ്യയും. "എന്നെ കുടുക്കിയതാണ്‌, ഞാനിതൊന്നുമല്ല" എന്ന്‌ തെഹ്‌റാനിലെ മുഴുവനാളുകളോടുമായി വിളിച്ചുപറയണമെന്നുണ്ടായിരുന്നൂ എനിക്ക്‌. എന്തുചെയ്യാം. ഒഴിഞ്ഞമുറിയിലെ ആ ചുമരുകളെ നോക്കി ഞാന്‍ അലറിക്കരഞ്ഞു, 'ഇത്‌ പച്ചക്കള്ളമാണ്‌. ഇല്ല ഞാനിതിലൊന്നും ഒപ്പുവെയ്‌ക്കുകയില്ല'

അന്തിമമായി എന്നെ ചോദ്യചെയ്‌തവന്‍, കുറച്ചു വ്യത്യസ്‌തനായൊരാള്‍ കുറെ ഫോട്ടോഗ്രഫുകള്‍ കാണിച്ചു. ഒന്ന്‌ ഞാനും അറാഷും ഒരു കഫേയില്‍ ഒരുമിച്ചിരുന്നു കാപ്പികുടിക്കുന്നത്‌. പിന്നൊന്ന്‌ അറാഷിന്റെ വീട്ടിലേയ്‌ക്ക്‌ ഞാന്‍ പോവുന്നതും മണിക്കുറുകള്‍ക്ക്‌ ശേഷം തിരിച്ചുവരുന്നതും (ഫോട്ടോയിലെ തീയ്യതിയും സമയവും വച്ച്‌). എന്റെ ലക്ഷ്യം അറാഷിന്റെ ലൈബ്രറി സന്ദര്‍ശനമായുരുന്നു എന്ന്‌ അയാളോട്‌ ഞാന്‍ വ്യക്തമാക്കിയതാണ്‌. ഭാഗ്യത്തിന്‌ എന്റെ കൈയ്യില്‍ അവിടെനിന്നും ഞാന്‍ എടുത്ത പുസ്‌തകങ്ങളുണ്ടായിരുന്നു.

അറാഷുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റസമ്മതം മരണത്തിലേയ്‌ക്കുള്ള വഴിയാണ്‌ - അതും എന്റെ മാത്രമല്ല. അറാഷിന്റെ ജീവനായിരുന്നു അവരുടെ ലക്ഷ്യം

തിരിച്ചുമുറിയിലേക്കെത്തിയ ആ തടിയന്‍ ഓര്‍ക്കാപ്പുറത്ത്‌ എന്റെ കവിളത്ത്‌ ആഞ്ഞടിച്ചു. "നീയെന്താടീ കണ്ണുമറയ്‌ക്കാത്തത്‌?"
"നിന്റെയീ അറപ്പുളവാക്കുന്ന മുഖം കാണാനായി" അയാളുടെ കൈകള്‍ എന്റെ ദേഹത്ത്‌്‌ ആഞ്ഞാഞ്ഞുപതിച്ചു. പിന്നെ അയാള്‍ എന്റെ കൈകള്‍ പിന്നോട്ടുവലിച്ച്‌്‌ ഏതോ ഒരു പരുക്കന്‍ സാധനം കൊണ്ട്‌ റിസ്റ്റ്‌ കൂട്ടിക്കെട്ടി. ആ വേദനയില്‍ അലറിക്കരയുമ്പോഴും ജയിലില്‍ ആരെങ്കിലും എന്റെ രക്ഷയ്‌ക്കെത്തുമെന്ന ഞാന്‍ വൃഥാ കരുതി.

മുറി വിട്ടുപോയ തടിയന്‍ താമസിയാതെ ഒരു കത്രികയുമായി തിരിച്ചെത്തി. എന്റെ ശിരോവസ്‌ത്രം വലിച്ചൂരി. നീണ്ടുകിടന്ന എന്റെ മുടിയിഴകള്‍ അയാളുടെ കൈപ്പിടിയിലായി. എന്റെ നിലവിളിയെ അവഗണിച്ചുകൊണ്ട്‌ അയാള്‍ മുടിമുഴുവന്‍ കത്രിച്ചിടാന്‍ തുടങ്ങി. പിന്നെ ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചു. അഴകാര്‍ന്ന എന്റെ തലമുടിയെ രക്ഷിക്കാന്‍ തലവെട്ടിച്ചപ്പോഴെല്ലാം കത്രികയേറ്റ്‌ തലനിറയെ മുറിവുകളായി. ഒടുവില്‍ ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നു. അപമാനഭാരത്താല്‍ ഞാനിരുന്നു കരഞ്ഞു.

മുടിയുടെ നീളം പോയപ്പോള്‍ കൈ കത്രികവിട്ട്‌ അയാള്‍ ഇലക്ട്രിക്‌ ഷിയേഴ്‌സിലേയ്‌ക്ക്‌ മാറി. ആ വികൃതരൂപം ആസ്വദിക്കാനെന്നോണം ഒന്നു മാറിനിന്നു അയാള്‍ എല്ലാം കഴിഞ്ഞപ്പോള്‍. ആ മുഖത്തേയ്‌ക്ക്‌ ഒന്നു നോക്കാന്‍പോലുമുള്ള ധൈര്യം പിന്നീടെനിക്കുണ്ടായിരുന്നില്ല.

ഇത്‌ എന്റെ മൂന്നാമത്തെ ചോദ്യം ചെയ്യല്‍? അതോ നാലാമത്തേതോ? എനിക്കിപ്പോള്‍ ദിനരാവുകള്‍ തന്നെ അറിയാന്‍ കഴിയുന്നില്ല. ഒരാഴ്‌ചയായി ഞാനീ നരകത്തില്‍ എന്നുതോന്നുന്നു. ആദ്യചോദ്യം ചെയ്യലില്‍ അയാള്‍ എന്റെ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ഞാന്‍ അയാളെ ഒന്നു നോക്കി. ഏതാണ്ട അമ്പതു വയസ്സു വരുന്ന, തലയില്‍ കഷണ്ടി കയറിയ ഒരു തടിയന്‍. മുഖത്ത്‌ വൃത്തിഹീനമായ ഒരു താടി. അയാളെ എന്തോ നാറുകയും ചെയ്യുന്നു. അപ്പോള്‍ എന്നില്‍ അയാള്‍ക്കുള്ള അധികാരം അയാള്‍ നന്നായി ആസ്വദിക്കുന്നതായി തോന്നി. ഭരണകൂടത്തിനെതിരായി വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ പങ്കാളിയായ ലാളിച്ചുവളര്‍ത്തപ്പെട്ട ഒരു മധ്യവര്‍ഗ രാജകുമാരി - അയാള്‍ക്ക്‌ ഞാന്‍ അതുമാത്രമായിരുന്നു.

എന്റെ മാതാപിതാക്കള്‍ കുര്‍ദ്ദുകളായിരുന്നു എന്നതും എനിക്കു വിനയായി. പോരാത്തതിന്‌ വിദ്യാസമ്പന്നരായ ലിബറലുകളും. അമ്മയാണെങ്കില്‍ സൗരാഷ്ട്രിയന്‍, ആ പൗരാണികമതം പിന്തുടരുവാനായിരുന്നു എന്നെ ശീലിപ്പിച്ചത്‌. ഷായുടെ കാലത്ത്‌ പട്ടാളത്തില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ കട നടത്തുന്നു. ഖുമൈനിയുടെ തിരിച്ചുവരവിന്‌ ശേഷമാണ്‌ എന്റെ ജനനം. വളര്‍ച്ച അദ്ദേഹത്തിന്റ വാഴ്‌ചക്കാലത്തും. ഷാ തന്നെയാണ്‌ അധികാരത്തില്‍ എന്ന ചിന്തയിലായിരിക്കണം എന്നെ വളര്‍ത്തിയത്‌. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചേല്‍പിച്ച്‌ രണ്ടാമതൊരു നിയമസംഹിത കൂടി അനുസരിക്കേണ്ടതായി വന്നു.

ഒരു വികൃതിക്കുട്ടിയായല്ല ഞാന്‍ വളര്‍ന്നതെങ്കിലും ജീവിതത്തിലെ തമാശകളും അതിന്റെ നിറഭേദങ്ങളും എന്നെ വല്ലാതാകര്‍ഷിച്ചു. ആ ഷൂസുകള്‍, ഞാനാഗ്രഹിച്ച നിറമുള്ള ലോകത്തിലേയ്‌ക്ക്‌ എന്നെ നയിച്ച ആദ്യ മാന്ത്രിക സാന്നിദ്ധ്യമായിരുന്നു അച്ഛന്‍ എനിക്കു വാങ്ങിത്തന്ന ആ പിങ്ക്‌ ഷൂസുകള്‍. എങ്കിലും താമസിയാതെ നഖശിഖാന്തം കറുപ്പില്‍ പൊതിഞ്ഞ്‌ പുറത്തേക്കിറങ്ങേണിവന്ന ഒരു എട്ടുവയസ്സുകാരിയായി ഞാന്‍. സൂര്യകിരണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്‌ത്രങ്ങളണിഞ്ഞ്‌ നടക്കുവാനുള്ള എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഡ്രസ്‌കോഡുകളില്‍ തട്ടി തരിപ്പണമായി.

zarah.jpgടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ സ്‌പാനിഷ്‌ വിദ്യാര്‍ത്ഥിയായിരുന്ന വേളയില്‍ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്ക്‌ പാത്രമായ ഒരു പ്രഫെസറെ പിരിച്ചുവിട്ടതിനെതിരായി ഒരു പ്രതിഷേധത്തില്‍ ഞാന്‍ പങ്കാളിയായി. ഒരു വലിയവിഭാഗം ജനതയും, നിര്‍ഭയമായ നിലപാടെടുത്ത ചില പത്രങ്ങളും ഞങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. 20 വര്‍ഷത്തോളം അധികാരം കയ്യാളിയ ഭരണകൂടം ക്ഷയോന്മുഖമായതായും, ഒരു നവോത്ഥാനം ആവശ്യമാണെന്നും ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ തോന്നി. ഞങ്ങളെപ്പോലുള്ളവരുടെ വായ മൂടിക്കെട്ടാന്‍ ചില്ലറ ബലപ്രയോഗം മതിയാവുമോ അതോ ഉഗ്രപ്രഹരം തന്നെ വേണ്ടിവരുമോ എന്നു വിലയിരുത്താനായി അധികാരത്തിലുള്ളവര്‍ കരുതലോടെയിരുന്നു. ചില്ലറ ബലപ്രയോഗങ്ങള്‍ എവിടെയുമെത്താതെ വന്നപ്പോള്‍ ഭീകരമുറകള്‍ക്കായി അവര്‍ തയ്യാറെടുത്തു.

അന്നേ ദിവസം ഞാന്‍ സുഹൃത്തുക്കളോടൊത്ത്‌ സല്ലപിച്ചുകൊണ്ടു വീട്ടിലേയ്‌ക്ക്‌ നടക്കുകയായിരുന്നു. പെട്ടെന്നു മാര്‍ഗതടസ്സം സൃഷ്ടിച്ച ഒരു പോലീസുകാരന്‍ എന്റെ തിരച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും എന്നെ കാറിലേയ്‌ക്കെടുത്തെറിയുകയും ചെയ്‌തു. ടെഹ്‌റാനിലെ എതാണ്ട്‌ ഒരു പട്ടണത്തോളം തന്നെ വിസ്‌തൃതിയുള്ള കുപ്രസിദ്ധമായ എവിന്‍ ജയിലിലേയ്‌ക്കാണ്‌ എന്നെ കൊണ്ടുപോയത്‌.

ഏതാണ്‌ രണ്ടുമീറ്റര്‍ നീളം - ഒന്നരമീറ്റര്‍ വീതി വരുന്ന മൂന്നു ചെറിയ സ്‌റ്റെപ്പുകള്‍. ഉരുക്കുവാതില്‍. ജനാലകളില്ല. വെറുംതറയില്‍ ഒരു പുതപ്പുമാത്രം. ആ വാതില്‍ പഴുതിലൂടെ കണ്ണുകെട്ടാനുള്ള തുണി ലഭിക്കും. കണ്ണുകെട്ടിവേണം സെല്ലിനു വെളിയിലിറങ്ങാന്‍. കക്കൂസിലേയ്‌ക്ക്‌ പോവണമെങ്കില്‍ ഒരു പച്ച സ്ലിപ്‌ വെളിയിലേക്കിടണം. ഒരേ ഭക്ഷണം. ഒലീവും റൊട്ടിയും. വല്ലപ്പോഴും മത്സ്യമാസാദികളും. ഒന്നുകുളിച്ച്‌ വസ്‌ത്രംമാറാന്‍ അവസരം കിട്ടുക ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌.

എന്നെ രണ്ടാമത്‌ ചോദ്യം ചെയ്‌ത ആ ആളെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. ഒരു ആഞ്ഞുതള്ളിന്‌ അയാള്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി. കുറെ സമയത്തേയ്‌ക്ക്‌ വെറും നിശ്ശബ്ദത. ഒന്നുകില്‍ മുഖമടച്ച്‌ ഒരടി, അല്ലെങ്കില്‍ ഇടി. ശാരീരികമായി ഇതിലേതെങ്കിലും ഒന്ന്‌ സ്വീകരിക്കുവാന്‍ ഞാന്‍ ശരീരത്തെ സജ്ജമാക്കി. ശിക്ഷകളുടേതായ ഒരു ലിസ്‌റ്റ്‌ തന്നെയുണ്ടോ? അസഭ്യവാക്കുകള്‍, ശാരീരികമായ ഉപദ്രവം, ലൈംഗീക പീഢനം?

അയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ എനിക്ക്‌ സമ്മതമാണെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി സ്വയം തയ്യാറെടുത്തു. എന്തു പീഢനവും സഹിക്കാനുള്ള സഹനശേഷിയോ ദൃഢവിശ്വാസമോ ഒന്നും ഉള്ളവളല്ല ഞാന്‍.

ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു, "എന്തൊരു പറഞ്ഞാല്‍ മനസ്സിലാവാത്ത അമ്മയാ നിന്റേത്‌?" നിന്നെപ്പറ്റി ചോദിച്ചുകൊണ്ട്‌ അവളെന്നും ഗേറ്റില്‍ വന്നുപോവുന്നു. "ഞങ്ങള്‍ നിന്നെ കണ്ടിട്ടില്ല, നിന്നെപറ്റി കേട്ടിട്ടുമില്ല" എന്നും ഞങ്ങള്‍ അവളോട്‌ ഇതുതന്നെ പറയുന്നു.

"ഞാനെന്തൊരു പൊട്ടിപ്പെണ്ണ്‌. എന്റെ അമ്മയുടെ വേദനകള്‍ കൂടി അവര്‍ക്ക്‌ എന്നെ പീഢിപ്പിക്കാനുള്ള ഒരു ഉപകരണമാവും എന്നു ഞാന്‍ ആലോചിച്ചതേയില്ല. എനിക്ക്‌ ഇനിയും അവരുടെ ദുരുദ്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലേ? "

മൃദുവായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, "അതേ, ഞാന്‍ ഇവിടെയാണെന്ന്‌ അമ്മയ്‌ക്ക്‌ അറിയാം".

അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. "പക്ഷേ നീയിവിടെയല്ല. ആണോ? ആരും ഇവിടെയല്ല". ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിംഗുകളെപ്പറ്റി അയാള്‍ ചോദിച്ചു.

"ക്ലാസുകള്‍ കാന്‍സലാക്കാന്‍ അയാള്‍ നിങ്ങളോടാവശ്യപ്പെട്ടുവോ?"

എന്റെ പ്രഫെസറെയാണോ ഉദ്ദേശിക്കുന്നത്‌ എന്നു ഞാന്‍ ആരാഞ്ഞു.

അതേ അവന്‍ തന്നെ നിങ്ങളെയെല്ലാം മസ്‌തിഷ്‌കപ്രക്ഷാളം ചെയ്‌ത ആ തെമ്മാടിതന്നെ.

"ഇങ്ങിനെ സംസാരിക്കുന്ന നീയാണ്‌്‌ തെമ്മാടി", ഞാന്‍ തിരിച്ചടിച്ചു. എനിക്കു നിയന്ത്രിക്കാനാവും മുമ്പേ വാക്കുകള്‍ വാ വിട്ടുപോയി. പിന്നീട്‌ കേട്ടത്‌ അയാളുടെ കസാര നിരങ്ങുന്ന ശബ്ദമാണ്‌. പിറകില്‍ നിന്നും അയാള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. പിടിച്ചുകുലുക്കിയശേഷം മുന്നോട്ടേക്ക്‌ ആഞ്ഞുതള്ളി. ഇരുന്ന കസാരയടക്കം മുന്നോട്ടു മറിഞ്ഞു. ആ ശക്തിയായ വീഴ്‌ചയില്‍ എന്റെ താടി മേശയുടെ കോണില്‍ തട്ടി പിളര്‍ന്നു. തറയില്‍ വീണുകിടക്കുമ്പോള്‍ രക്തം ഒഴുകിപ്പോവുന്നത്‌ ഞാന്‍ അറിഞ്ഞു. പതിയെ ഞാന്‍ മുട്ടുകുത്തിയിരുന്നു. പിന്നെ പതുക്കെ കസാരയിലേക്ക്‌ മാറി.

ഒരുപാട്‌ ചോദ്യങ്ങളായിരുന്നു പിന്നീട്‌. ചിലത്‌ പുതിയത്‌ ചിലവ പഴയതിന്റെ ആവര്‍ത്തനങ്ങളും. എനിക്ക്‌ പിടിച്ചുനില്‌ക്കാന്‍ പറ്റിയില്ല. ബോധം മറയുന്നതുപോലെ തോന്നി. എല്ലാറ്റിനും എന്റെ മറുപടി 'അതേ' എന്നതിലൊതുങ്ങി.

"എവിടെപ്പോയി എന്റെ ചങ്കുറപ്പ്‌ എന്നുതോന്നി. എല്ലാറ്റിലുമുള്ള വിശ്വാസവും എനിക്കു നഷ്ടപ്പെട്ടുവോ? വേദനയുടെ ആ മൂടല്‍ മഞ്ഞിനും ആത്മനിന്ദയ്‌ക്കും ഇടയില്‍ ഒരു തരം ഭയം എന്നെ കീഴടക്കി. എന്റെ താടിയിലെ ആഴമേറിയ മുറിവ്‌ നാളെ പഴുത്തേക്കാം. മുഖത്തെ വൈരൂപ്യമായി, വൃത്തികേടായി അതു പരിണമിച്ചേക്കാം. നാളെ ആണ്‍കുട്ടികള്‍ എന്നെ ഒഴിവാക്കിയേക്കാം. എന്നിലെ ആ പേര്‍ഷ്യന്‍ സുന്ദരിയുടെ അന്ത്യം ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ചിന്തകള്‍ എത്രമാത്രം നിരര്‍ത്ഥകമായിപ്പോവുന്നു ? എന്റെയീ ലോകം തന്നെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ എന്റെ ചന്തമുള്ള മുഖത്തെ ചുറ്റിപ്പറ്റി മാത്രമായിപ്പോയി"

ടോയ്‌ലറ്റിലേയ്‌ക്ക്‌ പോവാനായി ഞാന്‍ ഒരു പച്ച പേപ്പര്‍ ചീള്‌ വാതിലിനടിയിലൂടെ തള്ളിവിട്ടു. തടവുകാര്‍ മറ്റുതടവുകാര്‍ക്ക്‌ കൈമാറുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക ടോയ്‌ലറ്റ്‌ വാതിലിന്റെ പിന്നിലാണ്‌. അവിടെ എന്നെ സ്വാഗതം ചെയ്‌തത്‌ അറാഷിന്റെ വരികളാണ്‌, പലപ്പോഴും പ്രസംഗം തുടങ്ങുംമുമ്പേ അദ്ദേഹം ചൊല്ലുന്ന ഒരു കവിതയിലെ വരികള്‍. അതേ അറാഷ്‌ ജയിലിലെത്തിയിരിക്കുന്നു.

"സ്വന്തം കൈയ്യിലെ പറവയെ മാനത്തേക്കു നീ പറഞ്ഞുവിടും
സ്‌നേഹത്തിന്റെ മറ്റൊരു കരം വന്ന്‌ നിന്റെ കൈകള്‍ പുണരും"

എന്താണ്‌ അദ്ദേഹം അര്‍ത്ഥമാക്കുന്നത്‌? സത്യം പറഞ്ഞാല്‍ എനിക്കറിയണമെന്നില്ല. ഇപ്പോള്‍ സംഭവിച്ചതില്‍ പകുതിയും അദ്ദേഹം കാരണമാണ്‌. പകുതി ഞാന്‍ ഒരു സ്‌ത്രീയാണെന്നതുകൊണ്ടും.

"എന്റെ പക്ഷിയുടെ ചിറകുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു" മറുപടിയായി ഞാന്‍ കുറിച്ചിട്ടു,

ഏതാണ്ട്‌ മൂന്നാഴ്‌ചകകളോളം നീണ്ടുനിന്ന സകല പീഢനങ്ങള്‍ക്കും ശേഷം ഒരു കോടതിമുറിയിലേക്കാണ്‌ എന്നെ കൊണ്ടുപോയത്‌. സര്‍വ്വകലാശാലയിലെ പഠനാന്തരീക്ഷം തകിടം മറിച്ചതും നിയമവിരുദ്ധ അസാന്മാര്‍ഗിക ബന്ധം പുലര്‍ത്തിയതുമടക്കം ആറു കുറ്റങ്ങളായിരുന്നു എന്റെ പേരില്‍. എനിക്ക്‌ വിശ്വസിക്കാനേ പറ്റിയില്ല.

ആരായിരുന്നു ഈ ആരോപണങ്ങളുന്നയിച്ചവര്‍? ഞാനിതെല്ലാം ചെയ്‌തൂവെന്ന്‌ ആരാണ്‌ പറഞ്ഞത്‌? പതയുന്ന രോഷം എന്റെ ശബ്ദത്തെപ്പോലും കീഴ്‌പ്പെടുത്തി.

"നിനക്കെതിരെ ആരോപണമുന്നയിച്ചത്‌ വിപ്ലവ കോടതിയും പൊതുപ്രതിനിധികളുമാണ്‌. നിയമം അനുശാസിക്കുന്ന എല്ലാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്‌ ഈ കണ്ടെത്തലുകളെല്ലാം" ഒരു സ്യൂട്ടുധാരിയായ ഏതോ പ്രധാനപ്പെട്ട ആ ഉദ്യോഗസ്ഥന്റെ പ്രതികരണം അതായിരുന്നു.

എനിക്ക്‌ ഒരു വക്കീലിനെ ലഭിക്കുമോ?

"തീര്‍ച്ചയായും, നിന്റെ വക്കീല്‍ നിന്റെ സഹകുറ്റവാളി അറാഷ്‌ തന്നെയാണ്‌"

30 ദിവസത്തെ തടവുശിക്ഷയാണ്‌ ലഭിച്ചത്‌. ഇതുവരെ തടവില്‍ കഴിഞ്ഞ ദിനങ്ങളുടെ കുറവുണ്ട്‌. ഭാവിയില്‍ പഠനം തുടരുവാന്‍ പാടില്ല. പത്രസ്ഥാപനങ്ങളില്‍ ജോലി നോക്കുകയുമരുത്‌. എനിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. എന്റെ കാര്യത്തില്‍ എല്ലാം ഏകപക്ഷീയമായി തീരുമാനിച്ചശേഷമായിരുന്നു നിരര്‍ത്ഥകമായ ആ ചോദ്യം. എന്റേതുപോലുള്ള ഏതുരാഷ്ട്രത്തിലെയും ഭരണകൂടത്തിനു കീഴില്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടുവാന്‍ കഴിയുക വെറും ബുദ്ധിശൂന്യര്‍ക്കുമാത്രമായിരിക്കും.

"നിന്റെ കുറ്റസമ്മതം യഥാസമയം ഞങ്ങള്‍ ബഹുജനസമക്ഷം കൊണ്ടുവന്നുകൊള്ളും" അതായിരുന്നു ആ വാക്കുകള്‍.

ആറുദിവസം കൂടി പിന്നിട്ട ശേഷം വീണ്ടും എന്നെ കണ്ണുകെട്ടി പുറത്തെ കാറിലേയ്‌ക്ക്‌ നടത്തി. കാറിന്റെ പിന്നില്‍ കിടക്കാന്‍ പറഞ്ഞു. കോടതിയിലേയ്‌ക്ക്‌ പോയ അതേ വഴിയിലല്ലായിരുന്നു സഞ്ചാരം എന്നെനിക്കു മനസ്സിലായി. വാഹനങ്ങളുടെ ശബ്ദഘോഷവും പ്രഭാതത്തില്‍ തെരുവുണരുന്നതിന്റെ ബഹളവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ കാറ്‌ ഒരു ഹൈവേയിലൂടെ കുതിക്കുകയാണ്‌.

വാഹനങ്ങളുടെ ശബ്ദമൊന്നും വളരെ നേരമായി കേള്‍ക്കാതായി അധികം കഴിയും മുമ്പ്‌ കാര്‍ നിന്നു. എന്നോടു പുറത്തേയ്‌ക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. മുഖത്ത്‌ കാറ്റുവീശുന്നത്‌ ഞാനറിഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടിയ പ്ലാസ്റ്റിക ചരടുകള്‍ മുറിഞ്ഞുവീണു. ഒപ്പം ഇരുകൈകളും ഇരുവശത്തേക്കും താഴ്‌ന്നുനിന്നു. എന്നെ അവിടെയിറക്കിയ കാര്‍ പറന്നുപോയി.

കുറെനേരം ഞാനങ്ങിനെ ചലനമറ്റുനിന്നുപോയി. കാര്‍ പൂര്‍ണമായും മറഞ്ഞു എന്നേതാണ്ടുറപ്പായശേഷം മാത്രം ഞാന്‍ കണ്ണുമൂടിയ തുണി അഴിച്ചുമാറ്റി. ചുറ്റും പരന്നുകിടക്കുന്ന ആ മരുപ്രദേശത്തിന്റെ വിസ്‌തൃതി കണ്ടു ഞാന്‍ വാ പൊളിച്ചുപോയി. ഒരു ഹൈവേ കുറച്ചകലെയായി കണ്ണില്‍പെട്ടു. മാനത്തെ കറുത്തപാടുകള്‍ ടെഹ്‌റാനിലെ മൂടല്‍മഞ്ഞാണെന്നു തോന്നി. ഞാന്‍ നടക്കാന്‍ തുടങ്ങി. ടെഹ്‌റാന്റെ ഏറ്റവും വെളിയില്‍ കിടക്കുന്ന ഒരു പ്രാന്തപ്രദേശം ഏക്‌ബടന്‍ ആയിരുന്നു അത്‌. കുറച്ചുകൂടി നടന്നപ്പോഴേയക്കും ഒരു ടെലിഫോണ്‍ ബുത്ത്‌ ശ്രദ്ധയില്‍പെട്ടു.

അച്ഛനെ ഫോണ്‍ വിളിക്കാനായി അതുവഴി കടന്നുപോയ ഒരാളോട്‌ എനിക്ക്‌ കാശുനു യാചിക്കേണ്ടിവന്നു. അങ്ങോളമിങ്ങോളം മുറിവേറ്റ മൊട്ടത്തലയും വിണ്ടുപിളര്‍ന്ന താടിയും രക്തക്കറയുണങ്ങിപിടിച്ചിരിക്കുന്ന മുഖവും നെറ്റിത്തടവും ചീര്‍ത്ത കണ്ണുകളും പൊട്ടിയ ചുണ്ടുകളുമായി എന്നെ കണ്ട്‌ അയാള്‍ ഭയന്നുപോവാതിരിക്കാനായി ഒന്നു നന്നായി ചിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"ഇതെന്തു പറ്റി കുട്ടീ, എങ്ങിനെ നീയിവിടെയെത്തി?"

താങ്കള്‍ എനിക്ക്‌ ഒരു നാണയം തരുമോ? എന്ന മറുചോദ്യമായിരുന്നു ഉത്തരം.

അയാള്‍ ഒരു കെട്ട്‌ തുറന്ന്‌ നാണയം എടുത്തുകൊടുത്തു.

കൈവശമുണ്ടായിരുന്ന റൊട്ടിക്കഷണങ്ങളില്‍ ചിലതുകൂടി അദ്ദേഹം എനിക്കു നല്‌കി. കൂടാതെ കുറെസമയം വിശ്രമിച്ച്‌ അതേവഴിയില്‍ സഞ്ചരിക്കാനും നിര്‍ദ്ദേശിച്ചു.

തിരക്കിട്ട്‌ ഞാന്‍ ഫോണ്‍ബുത്തിലെത്തി. മാനം കണ്ടിട്ട്‌ ഏതാണ്ട്‌ സമയം രാവിലെ 8 മണിയായി കാണണം. അച്ഛന്‍ കടയിലേയ്‌ക്ക്‌ പോവാനായിട്ടില്ല.

"ഗഹ്‌റാമണി ഭവനം" ഫോണിലൂടെ അച്ഛന്റെ ശബ്ദം.

"അച്ചാ, ഇത്‌ ഞാനാണ്‌ സാറ."
കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുകൊണ്ട്‌ മാതാപിതാക്കളെയും പ്രതീക്ഷിച്ച്‌ ഞാനിരുന്നു, പിന്നീട്‌ എന്റെ കണ്ണുകള്‍ ആ റൊട്ടിയിലുടക്കി. കരച്ചില്‍ അവസാനിപ്പിച്ച ഞാന്‍ വിശപ്പുസഹിക്കാന്‍ കഴിയാതെ അതകത്താക്കാന്‍ തുടങ്ങി. ഇതൊക്കെ തന്നയായിരിക്കും സ്വര്‍ഗത്തിലായിരുന്നുവെങ്കിലും ഞാനാഗ്രഹിക്കുക. പുതിയ റൊട്ടി, സന്തോഷാശ്രുക്കള്‍, മാതാപിതാക്കളുടെ സാമീപ്യം.

ആ കണ്ണുകെട്ടിയിരുന്ന തുണി ഞാന്‍ മുറുകെപിടിച്ചു.

(സാറ 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ആസ്‌ട്രേലിയായില്‍ വിദ്യാഭ്യാസം തുടരുന്നു. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയായിലെ ഒരു കുടിയേറ്റ ഇറാന്‍കാരനെ വിവാഹം കഴിച്ചു. അറാഷ്‌ ഹസ്‌റാതിയ്‌ക്ക്‌ എന്തു സംഭവിച്ചു എന്നറിയാന്‍ സാറയ്‌ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല)