April 19, 2010

പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍


 NKOne.JPG

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.

ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക. 

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ. 

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല. 
ആശയങ്ങള്‍ ചിലരെ മഹാന്‍മാരാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തിഗുണം കൂടിയുണ്ട്. കടലും കടലിലെ കന്പിത്തൂണും പോലെയാണ് മനുഷ്യനും മോഹങ്ങളും. ആയകാലത്ത് കടലിന്‍റെ ഉപ്പിനെയും തിരകളുടെ ആലിംഗനത്തെയും പ്രതിരോധിക്കാന്‍ നോക്കും. പ്രായകാലത്ത് തുരുന്പെടുത്തു തുടങ്ങും. പിന്നെ താമസിയാതെ കടലെടുക്കും. 

ഒരു ഹര്‍ത്താല്‍ സുദിനത്തില്‍ രണ്ടു പ്രായമായ സ്ത്രീകള്‍ രണ്ടും കല്പിച്ച് വരുന്ന വണ്ടിക്ക് കൈകാണിച്ചു. എന്തുസഹായമാണവര്‍ക്ക് വേണ്ടതെന്നറിയാന്‍ ജീപ്പ് ഉടന്‍ നിര്‍ത്തി എസ്.ഐ ചാടിയിറങ്ങി. "അള്ളോ ഞമ്മള് മന്ശന്‍മാരാന്ന് നിരീച്ച് കൈകാണിച്ചുപോയതാണേന്ന്' ഒരു നിലവിളിയായിരുന്നു. 

പോലീസുകാരെ മനുഷ്യരായി കാണാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിലും നമ്മള്‍ അരക്കള്ളന്‍മാരെങ്കിലുമായതു കൊണ്ടാണല്ലോ പോലീസുകാര്‍ മുഴുക്കള്ളന്‍മാരായിട്ടുണ്ടാവുക. മുരിക്കു നാട്ടി ചക്ക പറിക്കുന്ന കൃഷിരീതി ഇസ്രയേലില്‍ കൂടി നടപ്പിലായതായി അറിവില്ല. ആ സ്ഥിതിക്ക് നമ്മളില്‍ നിന്നും നമുക്കുതന്നെ കിട്ടാത്തത് പോലീസുകാരില്‍ നിന്നും പ്രതീക്ഷിക്കുകയെന്നത് ഒരതിമോഹമല്ലാതെ മറ്റെന്താണ്. 

കഴിഞ്ഞദിവസം പോലീസുകാരുടെ കൊള്ളരുതായ്മക്കും അഴിമതിക്കുമെതിരെയുള്ള നാട്ടിന്‍പുറത്തെ ഘോരപ്രഭാഷണമദ്ധ്യേ പുകയുയരുന്നതുകണ്ടപ്പോള്‍ ഒന്നു കൊളുത്തിക്കളയാമെന്നു തോന്നി. മാറിനിന്ന് ഒന്നാഞ്ഞുവലിച്ചു ആരൊക്കെയാണ് ചര്‍ച്ചയിലെന്നു നോക്കി. ഒരുവന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നാലുമണിക്കുതന്നെയെത്തിയ മുങ്ങല്‍ വിദഗ്ധന്‍. രണ്ടാമത്തെയാള്‍ ആയകാലത്ത് പത്തുറുപ്പിക കൈക്കൂലി കൊടുക്കാനില്ലാതിരുന്ന ചെക്കന്‍റെ കീശയില്‍ കൈയിട്ട് ആകെയുണ്ടായിരുന്ന രണ്ടര രൂപയെടുത്തു പയ്യനെ ഏഴുകിലോമീറ്റര്‍ നടത്തിച്ച മഹാന്‍. മൂന്നാമന്‍ എം.ആര്‍.പിയില്‍ ഒരണ കുറയാതെ വാങ്ങിക്കുകയും ഒരുറുപ്പിക നികുതികൊടുക്കാതെയും മാന്യമായ ജീവിതം നയിക്കുന്ന കള്ളക്കച്ചവടക്കാരനും. നമുക്കു നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ മുടങ്ങാതെ അനുസരിക്കണം എന്ന വിശാല കാഴ്ചപ്പാടിന് പേരുകേട്ടവരാണ് നമ്മള്. 

ഇനി ഒന്നു മാറിനിന്നു നോക്കുക. കഴിഞ്ഞ 2009 ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് 632 ആളുകളാണ്. മൊത്തം മരണപ്പാച്ചില്‍ കാരണം നടന്ന അപകടങ്ങള്‍ 3200. ഇനി വിപ്ലവചെഗുവേരകളുടെയും പൂജനീയഹെഡ്ഗെവാര്‍മാരുടെയും നാടായ കണ്ണൂരിന്‍റെ സ്ഥിതിനോക്കുക. 194 ആളുകളെയാണ് ടിപ്പര്‍ വടിയാക്കിയത്. 2008ല്‍ ടിപ്പര്‍ കാലപുരിക്കയച്ചത് 41 പേരെയായിരുന്നു. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. എന്തേ ടിപ്പര്‍ലോറികളെ നിലയ്ക്കുനിര്‍ത്താന്‍ ആരും ആവശ്യപ്പെടാത്തത്. സ്പീഡ് ബ്രോക്കര്‍ പിടിപ്പിച്ചാലും അതു മോണിറ്റര്‍ ചെയ്താലും ആകാശം ഇടിഞ്ഞുവീണുപോവുമോ? 

കൂരയില്‍ കിടന്നുറങ്ങുന്നവനെ വെട്ടിനുറുക്കി ചാവാതെപോയെങ്കില്‍ ചുരുങ്ങിയത് നാടോടി പിടിച്ച തവളയെപ്പോലെയെങ്കിലുമാക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മിനക്കേട് ഇതിനില്ലല്ലോ. കണ്ണൂരിലെ പാതിരാ ക്കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികനായകരുണ്ട് രാഷ്ട്രീയനേതാക്കളുണ്ട്, എന്തിന് രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും കൂടിയുണ്ട്. ഓടിക്കാന്‍ കാറില്ലാത്തവനല്ലേ ടിപ്പറിനെ കാര്യമായി പേടിക്കേണ്ടതുള്ളൂ. അവന്‍ ചത്താല്‍ ആര്ക്ക് ചേതം എന്ന സുതാര്യ കാഴ്ചപ്പാടാണെന്നു തോന്നുന്നു. ഇതിലുമെല്ലാം എന്തൊരു സുഖമാണ് ഒബാമയുടെ തന്തയ്ക്കുവിളിക്കാനും കാക്കിക്കുള്ളിലെ കാട്ടളന്‍ സംബോധന മുക്കിനുമുക്കിന് നടത്താനും. അധികാരത്തിലിരിക്കുന്പോള്‍ തങ്കപ്പെട്ട പോലീസുകാര്‍. പ്രതിപക്ഷത്താവുന്പോള്‍ കാക്കിക്കുള്ളിലെ കാട്ടാളന്‍മാര്‍. 

nk2.JPG 
മര്‍ദ്ദനോപാധിയായി ഭരണകൂടം പോലീസിനെ മാറ്റുന്പോള്‍ സ്വാഭാവികമായും ഗുണ്ടകളുടെ സ്ഥാനം അലങ്കരിക്കുക പോലീസുകാരായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ടിവിടെ. സ്റ്റേഷനില്‍ കയറി പോലീസുകാര്‍ക്ക് അടി ചറപറാ കൊടുക്കാനും അറസ്റ്റുചെയ്തവരെ അന്തസ്സോടെ ഇറക്കിക്കൊണ്ടുവരാനും തുടര്‍ന്നു പോലീസുകാരെ വിളിച്ചുവരുത്തി ശാസിക്കാനും സസ്പെന്‍ഷന്‍ എന്ന ഗുഡ്സര്‍വീസ് എന്‍ട്രി പതിച്ചുകൊടുക്കാനും എല്ലാം പ്രത്യേക സംവിധാനങ്ങളാണ്. 

 ഇത്തരം ആധുനിക ജനകീയപോലീസ് സംവിധാനത്തെപ്പറ്റി കേട്ടുകേള്‍വികൂടിയില്ലാത്തവരാണ് നമ്മുടെ തമിഴകവും കന്നടദേശവുമെല്ലാം. അത്തരം അസുലഭനിമിഷങ്ങള് പോലീസുകാരെ തേടിയെത്തുന്പോള്‍ താമസംവിനാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു സിദ്ധാന്തം പോലീസുകാര് പ്രയോഗത്തില് വരുത്തുന്നതാണ് നമ്മള്‍ കാണുന്നത്. മേല്‍വിലാസമുള്ള ഗുണ്ടയെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ. അല്ലാത്തവന്‍റെ മര്‍മ്മത്തുനോക്കി പാസാക്കിയാല്‍ തന്നെ മൊത്തത്തില് ഒരാശ്വാസമായി. കിട്ടിയാല്‍ ഒരു തെളിവ് പോയാല്‍ ഒരു പോസ്റ്റുമോര്‍ട്ടം.

എന്നെല്ലാം പോലീസില്‍ രാഷ്ട്രീയാധികാരം പിടിമുറുക്കിയോ അപ്പോഴെല്ലാം മാനവികത പോലീസുകാരില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആ ശൂന്യത പിന്നെ നികത്തുക മൃഗീയതയാണ് (മൃഗങ്ങളേ മാപ്പ്). ജനാധിപത്യത്തില്‍ അശേഷം വിശ്വാസമില്ലാത്തവര്‍ ജാതകദോഷം കൊണ്ട് അയ്യഞ്ചുവര്‍ഷം കൂടുന്പോള്‍ ഭരണത്തിലെത്തുന്നതാണ് കേരളത്തിലെ വിപ്ലവം.


സ്വാതന്ത്ര്യവും ജനാധിപത്യവും ശ്വാസവായുപോലെയാണെന്ന് നാവുകൊണ്ടു പറയുകയും അതേ നാവുകൊണ്ടുതന്നെ വഴിതടയലും ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുകയും ചെയ്യുന്ന അപരിഷ്കൃതരാണു നമ്മള്‍. പടിഞ്ഞാറെ പോലീസിനെ പുകഴ്ത്തി പറയുന്നവര്‍ പടഞ്ഞാറെ രാഷ്ടീയക്കാര്‍ ഈ ജനുസ്സില്പെട്ടതാണോ എന്നുകൂടി നോക്കണം. ബാലറ്റു വഴിയുള്ള ജനത്തിന്‍റെ പ്രതിനിധി ജനപ്രതിനിധിയെന്നപോലെ മറ്റൊരു തിരഞ്ഞെടുപ്പുവഴിയുള്ള പ്രതിനിധി തന്നെയാണ് പോലീസുകാരന്‍. അതായത് ശരാശരി ഞാനും നിങ്ങളും. നമ്മള്‍ നിന്നിടത്തുതന്നെ നിന്ന് പോലീസുകാര്‍ മാത്രമായി മാറുന്ന നാളില്‍ മടിച്ചുനില്ക്കാതെ ചക്കയിടാന് മുരിക്കില്‍ കയറുകയുമാവാം.

mk3.JPG 
 സംസ്കാരസന്പന്നരും കഴിവുറ്റവരുമായ ആണിനും പെണ്ണിനുമുപരിയായി മെച്ചപ്പെട്ട എന്താണ് ഒരു രാഷ്ട്രത്തിനു ഉല്പാദിപ്പിക്കാനുള്ളത് എന്നു ചോദിച്ചത് സോക്രട്ടീസ് ആയിരുന്നു. ഒരു ജനതയെ നേര്‍വഴിക്കു നടത്താന്‍ നോക്കിയ സോക്രട്ടീസിന്‍റെ കുറ്റം ഒരു തലമുറയെ വഴിതെറ്റിച്ചു എന്നതുമായിരുന്നു. "ഒരു കോപ്പവിഷം - മിഴിയടഞ്ഞ സോക്രട്ടീസ്". 

സോക്രട്ടീസിന് വഴിതെറ്റിയത് കേരളത്തിലായിരുന്നൂവെങ്കില്‍ തീര്‍ച്ചയായും ഹെംലോക്ക് കഴിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ സൂപ്പര് ഹേഡുമുതല്‍ സാദാ കോണ്‍ഷബിള്‍ വരെയുള്ളവരുടെ അടിയും ഇടിയും ഉരുട്ടലും തൂക്കലും തന്നെ ധാരാളം മതിയാകുമായിരുന്നു. ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു. അതുമാത്രമില്ലാത്തതുകൊണ്ട് നമ്മള്‍ നമുക്കാവും വിധം ഉരുട്ടിയോ ചവുട്ടിയോ കൊല്ലുന്നൂവെന്നുമാത്രം. 

ഒരു ചെന്പു പാല്പായസമാണെന്നു പറഞ്ഞിട്ടുകാര്യമില്ല. വന്നുവീണത് ഒരു കാഞ്ഞിരക്കുരുവാണെങ്കില് അതുമതി സംഗതി ക്ലീനാക്കാന്. അടിയന്തിരമായി വേണ്ടത് പോലീസിലെ ഈ കാഞ്ഞിരക്കുരുക്കളെ കണ്ടെത്തുകയാണ്. പോലീസുവകുപ്പ് ഗൂണ്ടാപദവി നല്കി ആദരിച്ച മൂന്നൂറ്റിച്ചില്വാനം പേരുടെ കൂട്ടത്തില് ഈ പേരുകള് കൂടി ചേര്ത്ത് അക്കൂട്ടരുടെ പുറത്തേയ്ക്കുള്ള വഴി സുഗമമാക്കിയാല് തീരുന്നതേയുള്ളൂ കസ്റ്റഡിമരണങ്ങള്. അതിന് അത്യാവശ്യമായി വേണ്ടത് ഒന്നാണ് രാഷ്ട്രീയ ഇച്ഛാശക്തി. മരുന്നിനുകൂടി നമുക്കില്ലാത്തതും അതുതന്നെയാണ്

April 09, 2010

എസ്.എം.ഇ ഫോളോഅപ്പ്

എസ്എംഇ റാഗിങ്: ഹര്‍ജിയുടെ നിയമസാധുത പരിശോധിക്കുന്നു

കൊച്ചി:എസ്എംഇ റാഗിങ് കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി രഞ്ജിത് വര്‍ഗീസ് ശിക്ഷ നിര്‍ത്തിവച്ച് ജാമ്യം കിട്ടാനായി രണ്ടാമതും ഹര്‍ജി നല്‍കി. രണ്ടാമതും നല്‍കിയ ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനായി ജസ്റ്റിസ് വി.രാംകുമാര്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

അപ്പീല്‍ വാദം കേള്‍ക്കുന്നത് നീണ്ടുപോവുന്ന സാഹചര്യത്തില്‍ ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 (വാര്ത്ത മാതൃഭൂമി) മനോരമ ഒന്നുകൂടി വിശദീകരിച്ചിട്ടുണ്ട് - ജസ്റ്റിസ് വി.രാംകുമാര്‍ വിധിച്ചുകൊടുത്ത 10 കൊല്ലം തടവുശിക്ഷ അപ്പീലില്‍ ഒഴിവാകുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇതിനകം ഒരു വര്‍ഷം ജയിലില്‍ കിടന്ന നിരപരാധി പീഢകന്‍ ഇങ്ങിനെയൊരു ഹരജി നല്കിയിരിക്കുന്നതെന്ന്)

നിരീക്ഷണം - സംഗതി ഗ്രാന്‍റ് . കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ല. രഞ്ജിത് വര്‍ഗീസ് മഹാനിഷ്കളങ്കന്‍. കൂട്ടുപ്രതികള്‍ അതിലേറെ നിഷ്കളങ്കര്‍. പണമെന്ന പരുന്തിനുമീതെ നീതിയുടെ വെള്ളരിപ്രാവ് പറന്നുയര്‍ന്നപ്പോഴാണ് കേരളത്തിലെ ഈ സംഭവത്തിന് ഒരു തുന്പുണ്ടായത്. പോലീസും കോടതിയും ഒരു ജനതയും കുട്ടിയോടൊപ്പം അടിയുറച്ചപ്പോഴായിരുന്നു ഇക്കൂട്ടരുടെ അടിതെറ്റിയത്. പ്രിന്‍സിപ്പാളും കുട്ടിയെ പരിശോധിച്ചകൂട്ടരും ഒക്കെ കൂടെയുണ്ടായിരുന്നിട്ടും. അല്ലായിരുന്നൂവെങ്കില്‍ മറ്റൊരു രുചികയായി അവള്‍ മാറുമായിരുന്നു. അതുകൊണ്ടുമാത്രം ഈ ഫോളോഅപ്പ്.
 
പ്രണയവലക്കേസ്: പെണ്‍കുട്ടികളുമായി ബന്ധത്തിന് ഇല്ലെന്നു പ്രതികള്‍
 
കൊച്ചി: പെണ്‍കുട്ടികളെ പ്രണയ, വിവാഹ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്ന കേസില്‍ പ്രതികളും പത്തനംതിട്ട സ്വദേശികളുമായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവര്‍ പെണ്‍കുട്ടികളുമായി ഒരുതരത്തിലും ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പരസ്പരം ഉപദ്രവിക്കാതെ സമാധാന ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തണമെന്നും മജിസ്‌ട്രേട്ടു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൈംഗിക വൈകൃതം എന്നീ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

കേസ് എഴുതിത്തള്ളി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ ഉത്തരവുകളൊന്നും തടസ്സമല്ലെന്നു കോടതി വ്യക്തമാക്കി. ജൂണ്‍ ആറിനു കേസ് വീണ്ടും പരിഗണിക്കും. 
(വാര്‍ത്ത- മനോരമ)

 നിരീക്ഷണം - ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകാണണം. യാതൊരുവിധ അജണ്ടകളുമില്ലാത്ത നിര്‍മ്മലപ്രണയത്തില്‍ പിള്ളേര്‍ വീണുപോയതാണ്. ആളുകള്‍ ഉദ്ദേശിച്ചതുപോലെ നിര്‍ബന്ധ മതപരിവര്‍ത്തനമോ പീഢനമോ യാതൊന്നും ഉണ്ടായിരുന്നില്ല. ഇനി ഇതിലെ പ്രതികള്‍ക്ക്  മനസ്സമാധാനത്തോടെ ശിഷ്ടകാലം കഴിഞ്ഞുകൂടിയാല്‍ മതിയെന്നൊരാഗ്രഹമേയുള്ളു.
April 06, 2010

ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത്


മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടെ മൗലികാവകാശമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണം എന്ന് ഗുരു പാടിയത് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയത് ആകെ ഒളിഞ്ഞുനോട്ടക്കാരാണെന്നുതോന്നുന്നു. നോക്കുന്നവന്‍ മാത്രം കണ്ടു സമാധിയായാല്‍ പോരാ കണ്ണുള്ളവരെല്ലാം കാണണം എന്ന ഉദാരസമീപനമാണ്.

തൂങ്ങിയാടുന്ന ശവത്തിന്റെ പോട്ടം മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ നിരനിരയായ് നില്ക്കുന്ന നാടാണ് കേരളം. റോഡില്‍ ചിതറിയ ശവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സുകൃതമടയുന്ന മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കണമെന്ന് ഒരു സംസ്ഥാനസമ്മേളനമോ മറ്റോ നടത്തി മനശ്ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിക്കട്ടെ. 3 കോടി ജനമുള്ളേടത്ത് 2 കോടി മൊബൈലുള്ളതായാണ് കണക്ക്. തവണകളായി പണമടച്ചല്ലാതെ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവരുടെ നാട്ടിലെ കണക്കാണിത്.

ഒളിഞ്ഞുനോട്ടത്തിന്റെ തെളിഞ്ഞ കാഴ്ചകളുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്നും മഞ്ഞപുസ്തകങ്ങളില്‍ നിന്നും നാലാളറിയാതെ കൊണ്ടാടപ്പെട്ട അവ്യക്തമായ നീലച്ചിത്രങ്ങളില്‍ നിന്നും കാലം മുന്നോട്ടുപോയി. ശാസ്ത്രസാങ്കേതിക വളര്‍ച്ച കണക്കിലെടുത്ത് ഇനി ത്രീ‍ഡിയില്‍ സംഗതി കണ്‍മുന്നിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. അസാരം അറിവ് വിവേകം അശേഷമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ രക്ഷകന്‍ തന്നെ അന്തകനായി മാറുന്ന കാഴ്ചയാണ്.

ആകാംക്ഷയാണ് ഒളിഞ്ഞുനോട്ടത്തിന്റെ പിതാവ്. അതുകൊണ്ടുതന്നെ ലോകത്തെ ഒളിഞ്ഞുനോക്കുന്ന ഏക സസ്തനി കൂടിയാണ് മനുഷ്യന്‍. വ്യോയര്‍ (voyeur) എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം നോക്കിക്കാണുന്നവന്‍ എന്നുമാത്രമാണ്. അത് ബിലാത്തി സായിപ്പിന്റെ കൈയ്യിലെത്തുമ്പോഴേക്കുമാണ് നഗനത നോക്കിനില്ക്കുന്നവന്‍ എന്നര്‍ത്ഥം കൈവരുന്നത്.

സാദാ ഒളിഞ്ഞുനോട്ടം അത്ര അപകടകാരിയല്ല. ചെറിയ ചികിത്സ കൊണ്ടുതന്നെ ഭേദപ്പെട്ടുപോവുന്ന ഒരസുഖമാണത്. ഈയടുത്ത് വായിച്ചതാണ്. ഒരു സ്ത്രീ ട്രെയിനില്‍ കരയുന്ന കുഞ്ഞിനെ മുലയൂട്ടുവാന്‍ സാഹസപ്പെടുന്നു. ഒടുവില്‍ എങ്ങിനെയൊക്കെയോ മുലവായില്‍ തിരുകി അമ്മ കുഞ്ഞിന്റെ കരച്ചിലടക്കി. കുഞ്ഞില്‍ നിന്നും മുഖമുയര്‍ത്തിയ അമ്മ കാണുന്നത് തുമ്പിയെ കണ്ട കുട്ടിയെപ്പോലെ ചാടിവീഴാന്‍ പാകത്തില്‍ തുറിച്ചുനോക്കിയിരിക്കുന്ന ഒരു സഹോദരനെയാണ്.

ആ രോഗത്തിന് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് അവരു കുറിച്ചുകൊടുത്തത്. ഒരേയൊരു ചോദ്യം. 'എന്താ നിനക്കും വേണോ'? ആ കംപാര്‍ട്ടുമെന്റില്‍ നിന്നുതന്നെ പുള്ളിക്കാരനെ അപ്രത്യക്ഷനാക്കാനുള്ള ഒന്നാംതരം ചികിത്സ. നമ്മുടെ ദുരന്തങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം പ്രതികരിക്കേണ്ട വിഷയത്തില്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ടവിധത്തില്‍ പ്രതികരിക്കാനുള്ള ശേഷിക്കുറവാണ്. വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാണ്.

മനുഷ്യന്‍ ജനിക്കുന്നതുതന്നെ കള്ളനായിട്ടാണെന്ന്് തോന്നിപ്പിക്കും വിധമാണ് നമ്മുടെ സദാചാരസംഹിതകളുടെ ആധിക്യത. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ മൂക്കറ്റം സദാചാരത്തില്‍ മുങ്ങിക്കിടന്നിരുന്ന കോട്ടൂരച്ചന്‍മാരുടെയും അമൃതചെതന്യമാരുടെയും ഗതി നമ്മള്‍ കണ്ടതാണ്. അരക്കില്ലത്തിലെ അഗ്നിയെക്കാളും അപകടകരമാണ് അരക്കെട്ടിലേത്. കപടസദാചാരത്തിന്റെ തീര്‍ത്ഥജലം തളിച്ച് കെടുത്തിവെക്കാവുന്നതല്ല ലൈംഗികചോദനകള്‍.

നാലാളറിയെ കൈപിടിക്കാതെ, ഒളിച്ചുമാത്രം അനുഷ്ഠിക്കേണ്ട പാപകര്‍മ്മമാണ് ലൈംഗികബന്ധം എന്ന ഒന്നുരണ്ടു പിതാക്കന്‍മാരുടെയും ഒരു സഹോദരിയുടെയും ഉത്തമവിശ്വാസമായിരുന്നല്ലോ മറ്റൊരു സഹോദരിയെ കിണറുമാര്‍ഗം കര്‍ത്താവിങ്കലേയ്‌ക്കെത്തിച്ചത്. രഞ്ജിതയുമായി ആനന്ദസാഗരത്തിലാറാടിയത് ഞാന്‍ തന്നെയാണ് ഈ ലോകത്തിന് അതിലെന്തുകാര്യം എന്നുചോദിക്കാന്‍ ധൈര്യമില്ലാത്ത നിത്യാനന്ദനാണ് മാലോകര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാട്ടിക്കൊടുക്കാന്‍ പോവുന്നത്.

ആകാംക്ഷയില്‍ നിന്നുമാണ് ഒളിഞ്ഞുനോട്ടം സംഭവിക്കുന്നതെന്നു പറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും ആണുങ്ങള്‍ മാത്രം അനുഷ്ഠിക്കേണ്ട ഒരാചാരമൊന്നുമല്ല, പെണ്ണുങ്ങള്‍ക്കും ഭംഗിയായി നിര്‍വ്വഹിക്കാവുന്നതേയുള്ളൂ. മൂടിവെക്കപ്പെടുന്നതെന്തും തുറന്നുകാണാനുള്ള ആകാംക്ഷ ഒരു കുറ്റകൃത്യവുമാവുന്നില്ല. അതായത് സാദാ ഒളിഞ്ഞുനോട്ടം.

എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ പതിഞ്ഞ ഷാറൂഖ് ഖാന്റെ നഗ്നചിത്രം പ്രിന്റുചെയ്ത് ഖാനെക്കൊണ്ടുതന്നെ ഓട്ടോഗ്രാഫ് ചെയ്യിച്ചത് എയര്‍ഹോസ്റ്റസുമാരാണ്. എയര്‍ഹോസ്റ്റസുമാര്‍ ആണുങ്ങളാവാന്‍ വഴിയില്ലല്ലോ?

ഒളിഞ്ഞുനോട്ടത്തിന്റെ വിപണി ചില്ലറ കോടികളുടേതല്ല. ബോളിവുഡുതൊട്ട് മോളിവുഡ് വരെ ചിതറിക്കിടക്കുന്ന പരസഹസ്രം കോടികളുടെ ഭാവി ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്റെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഒരുപരിധിവരെ വനിതകള്‍ക്ക് കരഗതമായപ്പോള്‍ സിനിമാലോകം മാറിയതുനോക്കുക. ഫുള്‍കൈ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റുമായി മരം ചുറ്റുന്ന നായകനും ഉടുതുണിക്കു ക്ഷാമമുള്ള മദാലസയായ നായികയും. അന്ന് തറതൊട്ട് ബാള്‍ക്കണിവരെ ആണുങ്ങളായിരുന്നു ആസ്വാദകര്‍. ഉടുതുണി അഴിച്ച് ആണിന്റേത് കാണണമെന്ന യാതൊരു ആഗ്രഹവുമില്ലാത്തവര്‍.

അന്ത കാലത്ത് പെണ്ണിന്റെ കുപ്പായത്തിനൊരു പോക്കറ്റും അതിലൊരു നാലുമുക്കാലും ഉണ്ടായിരുന്നില്ല. കാലം മാറി കഥമാറി. പെണ്ണിനും സിനിമ കാണാമെന്നായി. അതോടെ തിരക്കഥയും മാറി. പെണ്ണ് ടിക്കറ്റെടുക്കുന്ന വിവരമറിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ വലിച്ചുപറിച്ചെറിഞ്ഞതാണ് ആണിന്റെ ഫുള്‍കൈഷര്‍ട്ടും ബെല്‍ബോട്ടം പാന്റസും. ഇനിയങ്ങോട്ട് അതിന്റെ ആവശ്യമുണ്ടാവുമെന്നും തോന്നുന്നില്ല.

കത്രീണമാര്‍ക്കുമാത്രമല്ല ഖാന്‍മാര്‍ക്കും ഉടുതുണിയിരിഞ്ഞാലേ നിലനില്പുള്ളൂ എന്നു വന്നത് ചില്ലറക്കാര്യമാണോ? വനിതകളുണ്ടാക്കിയ മുന്നേറ്റം തന്നെയല്ലേ അത്. പ്രേംനസീറിനെയും സത്യനെയും മമ്മൂട്ടിയെയും ലാലിനെയും പോലെ സിംഗിള്‍പാക്ക് വയറും വച്ച് നടന്നാല്‍ പോരാ സിക്‌സ്പായ്ക്ക് തന്നെ വേണം. എന്നെങ്കിലേ തടിമേലിരിക്കുന്നതു വലിച്ചൂരിയിട്ടും കാര്യമുള്ളൂ എന്ന നില വന്നത് ആണുങ്ങളുടെ ഒളിഞ്ഞുനോട്ടം കൊണ്ടാണോ?

പോസ്റ്ററില്‍ മോളിവുഡിലെ ചിന്നപ്പൈയ്യന്റെ തുടമുഴുവന്‍ അങ്ങ് ജങ്ഷന്‍വരെ കാണണമെന്ന് ആഗ്രഹമുണ്ടാവാന്‍ കേരളത്തിലെ ആണുങ്ങളെന്താ മൊത്തത്തില്‍ സ്വവര്‍ഗപ്രേമികളാണോ? ആ പോസ്റ്റര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണിന്റെ പോക്കറ്റാണോ പെണ്ണിന്റേതോ? പണ്ടത്തെ 'അന്നുപെയ്ത മഴയിനിലെ' സില്‍ക്കിന്റെ പോസ്റ്റര്‍ തീര്‍ച്ചയായും നിത്യനെപ്പോലുള്ളവരുടെ പോക്കറ്റുകണ്ട് ഇറക്കിയതായിരുന്നു.

ഇവിടെ ഫിലിമോത്സവങ്ങളില്‍ ആളുകള്‍ ഇടിച്ചുകയറുന്നത് കലാബോധത്തിന്റെ രസക്കയറു വലിഞ്ഞുമുറുകി നില്ക്കക്കള്ളിയില്ലാതാവുമ്പോഴാണെന്നാണ് ധാരണ. അംഗ്രേസിയില്‍ നാലുവാക്കു കൂട്ടിവായിക്കാന്‍ പറ്റാത്തവന്‍ ഇംഗ്ലീഷ് സിനിമയ്ക്കായി ഇടിച്ചുകയറുന്നത് അതുവഴി കലയുടെ അനന്തവിഹായസ്സിലേക്ക് പറന്നുയരാനോ അതോ അന്തസ്സായി ടിക്കറ്റെടുത്ത് ഒളിഞ്ഞുനോക്കേണ്ടത് തെളിഞ്ഞുകാണാനോ? അതു തുറന്നുപറയാന്‍ നമ്മുടെ കപടസദാചാരം അനുവദിക്കുന്നില്ലെന്നതാണ് സത്യം.

ടിക്കറ്റെടുത്തു എ ക്ലാസ് പടം കാണുന്നവന്‍ ക്ലാസിക് സിനിമകള്‍ കാണുന്ന കലാസ്വാദകനും തെരുവുപിള്ളേര്‍ അശ്ലീലം കാണുന്ന തെണ്ടികളുമാവുന്നു. ഒന്ന് നിയമവിധേയം മറ്റേത് നിയമവിരുദ്ധം. പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലെന്തുണ്ട് വ്യത്യാസം? അതേ വ്യത്യാസമാണ് രണ്ടുകൂട്ടരും തമ്മില്‍.

സ്വാഭാവികമായ ആകാംക്ഷയ്ക്ക് ലൈംഗിക അടിച്ചമര്‍ത്തല്‍ അകമ്പടി സേവിക്കുമ്പോഴാണ് ഒളിഞ്ഞുനോട്ടം അപകടകരമാവുന്നത്. അപ്പോഴാണ് അതൊരു മനോരോഗമായി രൂപാന്തരം പ്രാപിക്കുകയും കാമറ അസ്ഥാനത്ത് സ്ഥാനം പിടിക്കുകയും ചെയ്യുന്നത്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാന്‍ പഠിപ്പിക്കുന്ന സാമൂഹിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ കുറ്റവാളി.

പിതാവിന്റെ മരണസമയത്ത് അരികിലില്ലാതായിപ്പോയതിന്റെ പ്രായശ്ചിത്തമായിട്ടായിരുന്നു മഹാത്മജി പിന്നീട് ബ്രഹ്മചര്യം പ്രഖ്യാപിച്ചത്. അദ്ദേഹം 'ബാ' യോടൊപ്പമായിരുന്നു ആ സമയം. ഇനി ആ സമയത്ത് അദ്ദേഹം മലവിസര്‍ജനം നടത്തുകയായിരുന്നെങ്കില്‍ പിന്നീട് ഒരു പ്രായശ്ചിത്തമെന്നോണം അതും നിര്‍ത്തിക്കളയുമായിരുന്നോ എന്നു ചോദിച്ചിരുന്നത് മലയാളിയായ ഒരു സന്ന്യാസിയാണ്. പേര് ഓര്‍മ്മയിലില്ല. മതങ്ങള്‍ ഉദ്‌ബോധിപ്പിച്ച കപടസദാചാരത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും ലൈംഗികതയെ ഒരു പരിധിവരെ മോചിപ്പിച്ചതാണ് സായിപ്പിന്റെ വിജയം.

ആദ്യം മാറേണ്ടത് സ്ത്രീപുരുഷബന്ധം എന്നാല്‍ പുറത്തു നാലാളറിയാന്‍ പാടില്ലാത്ത ഒരു ഭീകരബന്ധമാണെന്ന ബോധമാണ്. അതായത് നമ്മുടെ കപട സദാചാരബോധം. അതോടുകൂടി കുളിമുറിയിലെയും കക്കൂസിലെയും കാമറയുടെ കണ്ണുകള്‍ താനേയടയുകയും ചെയ്യും. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലപ്പോഴും മനുഷ്യരെ മനോരോഗികളാക്കുന്നത്.

മാറാത്ത മനോരോഗമുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണ്. മൊബൈല്‍മാനിയക്കാരുടെ എണ്ണം കാരണം മാനസികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോഴുള്ള സാമ്പത്തികബാദ്ധ്യത മൊബൈല്‍ കമ്പനികള്‍ വഹിക്കണമെന്ന് ഒരു നിയമനിര്‍മ്മാണവും നടത്താവുന്നതേയുള്ളൂ.