April 19, 2010

പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍


 NKOne.JPG

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.

ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക. 

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ. 

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല. 
ആശയങ്ങള്‍ ചിലരെ മഹാന്‍മാരാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തിഗുണം കൂടിയുണ്ട്. കടലും കടലിലെ കന്പിത്തൂണും പോലെയാണ് മനുഷ്യനും മോഹങ്ങളും. ആയകാലത്ത് കടലിന്‍റെ ഉപ്പിനെയും തിരകളുടെ ആലിംഗനത്തെയും പ്രതിരോധിക്കാന്‍ നോക്കും. പ്രായകാലത്ത് തുരുന്പെടുത്തു തുടങ്ങും. പിന്നെ താമസിയാതെ കടലെടുക്കും. 

ഒരു ഹര്‍ത്താല്‍ സുദിനത്തില്‍ രണ്ടു പ്രായമായ സ്ത്രീകള്‍ രണ്ടും കല്പിച്ച് വരുന്ന വണ്ടിക്ക് കൈകാണിച്ചു. എന്തുസഹായമാണവര്‍ക്ക് വേണ്ടതെന്നറിയാന്‍ ജീപ്പ് ഉടന്‍ നിര്‍ത്തി എസ്.ഐ ചാടിയിറങ്ങി. "അള്ളോ ഞമ്മള് മന്ശന്‍മാരാന്ന് നിരീച്ച് കൈകാണിച്ചുപോയതാണേന്ന്' ഒരു നിലവിളിയായിരുന്നു. 

പോലീസുകാരെ മനുഷ്യരായി കാണാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കിലും നമ്മള്‍ അരക്കള്ളന്‍മാരെങ്കിലുമായതു കൊണ്ടാണല്ലോ പോലീസുകാര്‍ മുഴുക്കള്ളന്‍മാരായിട്ടുണ്ടാവുക. മുരിക്കു നാട്ടി ചക്ക പറിക്കുന്ന കൃഷിരീതി ഇസ്രയേലില്‍ കൂടി നടപ്പിലായതായി അറിവില്ല. ആ സ്ഥിതിക്ക് നമ്മളില്‍ നിന്നും നമുക്കുതന്നെ കിട്ടാത്തത് പോലീസുകാരില്‍ നിന്നും പ്രതീക്ഷിക്കുകയെന്നത് ഒരതിമോഹമല്ലാതെ മറ്റെന്താണ്. 

കഴിഞ്ഞദിവസം പോലീസുകാരുടെ കൊള്ളരുതായ്മക്കും അഴിമതിക്കുമെതിരെയുള്ള നാട്ടിന്‍പുറത്തെ ഘോരപ്രഭാഷണമദ്ധ്യേ പുകയുയരുന്നതുകണ്ടപ്പോള്‍ ഒന്നു കൊളുത്തിക്കളയാമെന്നു തോന്നി. മാറിനിന്ന് ഒന്നാഞ്ഞുവലിച്ചു ആരൊക്കെയാണ് ചര്‍ച്ചയിലെന്നു നോക്കി. ഒരുവന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നാലുമണിക്കുതന്നെയെത്തിയ മുങ്ങല്‍ വിദഗ്ധന്‍. രണ്ടാമത്തെയാള്‍ ആയകാലത്ത് പത്തുറുപ്പിക കൈക്കൂലി കൊടുക്കാനില്ലാതിരുന്ന ചെക്കന്‍റെ കീശയില്‍ കൈയിട്ട് ആകെയുണ്ടായിരുന്ന രണ്ടര രൂപയെടുത്തു പയ്യനെ ഏഴുകിലോമീറ്റര്‍ നടത്തിച്ച മഹാന്‍. മൂന്നാമന്‍ എം.ആര്‍.പിയില്‍ ഒരണ കുറയാതെ വാങ്ങിക്കുകയും ഒരുറുപ്പിക നികുതികൊടുക്കാതെയും മാന്യമായ ജീവിതം നയിക്കുന്ന കള്ളക്കച്ചവടക്കാരനും. നമുക്കു നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും എന്നാല്‍ മറ്റുള്ളവര്‍ മുടങ്ങാതെ അനുസരിക്കണം എന്ന വിശാല കാഴ്ചപ്പാടിന് പേരുകേട്ടവരാണ് നമ്മള്. 

ഇനി ഒന്നു മാറിനിന്നു നോക്കുക. കഴിഞ്ഞ 2009 ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് 632 ആളുകളാണ്. മൊത്തം മരണപ്പാച്ചില്‍ കാരണം നടന്ന അപകടങ്ങള്‍ 3200. ഇനി വിപ്ലവചെഗുവേരകളുടെയും പൂജനീയഹെഡ്ഗെവാര്‍മാരുടെയും നാടായ കണ്ണൂരിന്‍റെ സ്ഥിതിനോക്കുക. 194 ആളുകളെയാണ് ടിപ്പര്‍ വടിയാക്കിയത്. 2008ല്‍ ടിപ്പര്‍ കാലപുരിക്കയച്ചത് 41 പേരെയായിരുന്നു. അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. എന്തേ ടിപ്പര്‍ലോറികളെ നിലയ്ക്കുനിര്‍ത്താന്‍ ആരും ആവശ്യപ്പെടാത്തത്. സ്പീഡ് ബ്രോക്കര്‍ പിടിപ്പിച്ചാലും അതു മോണിറ്റര്‍ ചെയ്താലും ആകാശം ഇടിഞ്ഞുവീണുപോവുമോ? 

കൂരയില്‍ കിടന്നുറങ്ങുന്നവനെ വെട്ടിനുറുക്കി ചാവാതെപോയെങ്കില്‍ ചുരുങ്ങിയത് നാടോടി പിടിച്ച തവളയെപ്പോലെയെങ്കിലുമാക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മിനക്കേട് ഇതിനില്ലല്ലോ. കണ്ണൂരിലെ പാതിരാ ക്കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ സാംസ്കാരികനായകരുണ്ട് രാഷ്ട്രീയനേതാക്കളുണ്ട്, എന്തിന് രാക്ഷസരാജാക്കന്‍മാരും രാവണപ്രഭുക്കളും കൂടിയുണ്ട്. ഓടിക്കാന്‍ കാറില്ലാത്തവനല്ലേ ടിപ്പറിനെ കാര്യമായി പേടിക്കേണ്ടതുള്ളൂ. അവന്‍ ചത്താല്‍ ആര്ക്ക് ചേതം എന്ന സുതാര്യ കാഴ്ചപ്പാടാണെന്നു തോന്നുന്നു. ഇതിലുമെല്ലാം എന്തൊരു സുഖമാണ് ഒബാമയുടെ തന്തയ്ക്കുവിളിക്കാനും കാക്കിക്കുള്ളിലെ കാട്ടളന്‍ സംബോധന മുക്കിനുമുക്കിന് നടത്താനും. അധികാരത്തിലിരിക്കുന്പോള്‍ തങ്കപ്പെട്ട പോലീസുകാര്‍. പ്രതിപക്ഷത്താവുന്പോള്‍ കാക്കിക്കുള്ളിലെ കാട്ടാളന്‍മാര്‍. 

nk2.JPG 
മര്‍ദ്ദനോപാധിയായി ഭരണകൂടം പോലീസിനെ മാറ്റുന്പോള്‍ സ്വാഭാവികമായും ഗുണ്ടകളുടെ സ്ഥാനം അലങ്കരിക്കുക പോലീസുകാരായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ടിവിടെ. സ്റ്റേഷനില്‍ കയറി പോലീസുകാര്‍ക്ക് അടി ചറപറാ കൊടുക്കാനും അറസ്റ്റുചെയ്തവരെ അന്തസ്സോടെ ഇറക്കിക്കൊണ്ടുവരാനും തുടര്‍ന്നു പോലീസുകാരെ വിളിച്ചുവരുത്തി ശാസിക്കാനും സസ്പെന്‍ഷന്‍ എന്ന ഗുഡ്സര്‍വീസ് എന്‍ട്രി പതിച്ചുകൊടുക്കാനും എല്ലാം പ്രത്യേക സംവിധാനങ്ങളാണ്. 

 ഇത്തരം ആധുനിക ജനകീയപോലീസ് സംവിധാനത്തെപ്പറ്റി കേട്ടുകേള്‍വികൂടിയില്ലാത്തവരാണ് നമ്മുടെ തമിഴകവും കന്നടദേശവുമെല്ലാം. അത്തരം അസുലഭനിമിഷങ്ങള് പോലീസുകാരെ തേടിയെത്തുന്പോള്‍ താമസംവിനാ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു സിദ്ധാന്തം പോലീസുകാര് പ്രയോഗത്തില് വരുത്തുന്നതാണ് നമ്മള്‍ കാണുന്നത്. മേല്‍വിലാസമുള്ള ഗുണ്ടയെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ. അല്ലാത്തവന്‍റെ മര്‍മ്മത്തുനോക്കി പാസാക്കിയാല്‍ തന്നെ മൊത്തത്തില് ഒരാശ്വാസമായി. കിട്ടിയാല്‍ ഒരു തെളിവ് പോയാല്‍ ഒരു പോസ്റ്റുമോര്‍ട്ടം.

എന്നെല്ലാം പോലീസില്‍ രാഷ്ട്രീയാധികാരം പിടിമുറുക്കിയോ അപ്പോഴെല്ലാം മാനവികത പോലീസുകാരില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ആ ശൂന്യത പിന്നെ നികത്തുക മൃഗീയതയാണ് (മൃഗങ്ങളേ മാപ്പ്). ജനാധിപത്യത്തില്‍ അശേഷം വിശ്വാസമില്ലാത്തവര്‍ ജാതകദോഷം കൊണ്ട് അയ്യഞ്ചുവര്‍ഷം കൂടുന്പോള്‍ ഭരണത്തിലെത്തുന്നതാണ് കേരളത്തിലെ വിപ്ലവം.


സ്വാതന്ത്ര്യവും ജനാധിപത്യവും ശ്വാസവായുപോലെയാണെന്ന് നാവുകൊണ്ടു പറയുകയും അതേ നാവുകൊണ്ടുതന്നെ വഴിതടയലും ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുകയും ചെയ്യുന്ന അപരിഷ്കൃതരാണു നമ്മള്‍. പടിഞ്ഞാറെ പോലീസിനെ പുകഴ്ത്തി പറയുന്നവര്‍ പടഞ്ഞാറെ രാഷ്ടീയക്കാര്‍ ഈ ജനുസ്സില്പെട്ടതാണോ എന്നുകൂടി നോക്കണം. ബാലറ്റു വഴിയുള്ള ജനത്തിന്‍റെ പ്രതിനിധി ജനപ്രതിനിധിയെന്നപോലെ മറ്റൊരു തിരഞ്ഞെടുപ്പുവഴിയുള്ള പ്രതിനിധി തന്നെയാണ് പോലീസുകാരന്‍. അതായത് ശരാശരി ഞാനും നിങ്ങളും. നമ്മള്‍ നിന്നിടത്തുതന്നെ നിന്ന് പോലീസുകാര്‍ മാത്രമായി മാറുന്ന നാളില്‍ മടിച്ചുനില്ക്കാതെ ചക്കയിടാന് മുരിക്കില്‍ കയറുകയുമാവാം.

mk3.JPG 
 സംസ്കാരസന്പന്നരും കഴിവുറ്റവരുമായ ആണിനും പെണ്ണിനുമുപരിയായി മെച്ചപ്പെട്ട എന്താണ് ഒരു രാഷ്ട്രത്തിനു ഉല്പാദിപ്പിക്കാനുള്ളത് എന്നു ചോദിച്ചത് സോക്രട്ടീസ് ആയിരുന്നു. ഒരു ജനതയെ നേര്‍വഴിക്കു നടത്താന്‍ നോക്കിയ സോക്രട്ടീസിന്‍റെ കുറ്റം ഒരു തലമുറയെ വഴിതെറ്റിച്ചു എന്നതുമായിരുന്നു. "ഒരു കോപ്പവിഷം - മിഴിയടഞ്ഞ സോക്രട്ടീസ്". 

സോക്രട്ടീസിന് വഴിതെറ്റിയത് കേരളത്തിലായിരുന്നൂവെങ്കില്‍ തീര്‍ച്ചയായും ഹെംലോക്ക് കഴിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ സൂപ്പര് ഹേഡുമുതല്‍ സാദാ കോണ്‍ഷബിള്‍ വരെയുള്ളവരുടെ അടിയും ഇടിയും ഉരുട്ടലും തൂക്കലും തന്നെ ധാരാളം മതിയാകുമായിരുന്നു. ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു. അതുമാത്രമില്ലാത്തതുകൊണ്ട് നമ്മള്‍ നമുക്കാവും വിധം ഉരുട്ടിയോ ചവുട്ടിയോ കൊല്ലുന്നൂവെന്നുമാത്രം. 

ഒരു ചെന്പു പാല്പായസമാണെന്നു പറഞ്ഞിട്ടുകാര്യമില്ല. വന്നുവീണത് ഒരു കാഞ്ഞിരക്കുരുവാണെങ്കില് അതുമതി സംഗതി ക്ലീനാക്കാന്. അടിയന്തിരമായി വേണ്ടത് പോലീസിലെ ഈ കാഞ്ഞിരക്കുരുക്കളെ കണ്ടെത്തുകയാണ്. പോലീസുവകുപ്പ് ഗൂണ്ടാപദവി നല്കി ആദരിച്ച മൂന്നൂറ്റിച്ചില്വാനം പേരുടെ കൂട്ടത്തില് ഈ പേരുകള് കൂടി ചേര്ത്ത് അക്കൂട്ടരുടെ പുറത്തേയ്ക്കുള്ള വഴി സുഗമമാക്കിയാല് തീരുന്നതേയുള്ളൂ കസ്റ്റഡിമരണങ്ങള്. അതിന് അത്യാവശ്യമായി വേണ്ടത് ഒന്നാണ് രാഷ്ട്രീയ ഇച്ഛാശക്തി. മരുന്നിനുകൂടി നമുക്കില്ലാത്തതും അതുതന്നെയാണ്

4 comments:

NITHYAN said...

ഒടുവില്‍ ഉടുത്ത ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ സോക്രട്ടീസ് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയും ചെയ്യുമായിരുന്നു. ലേശം സംസ്കാരമുള്ള ജനതയായിരുന്നതുകൊണ്ട് ഗ്രീസുകാര്‍ സത്യം പറഞ്ഞവന് വിഷം കൊടുത്തു.

SONY.M.M. said...

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി (പോലീസ് )

ViswaPrabha | വിശ്വപ്രഭ said...

ഈ എഴുതിയിരിക്കുന്നതിനു് ആക്ഷേപഹാസ്യം എന്ന ലേബൽ ഒട്ടും യോജിക്കില്ല.
പ്രൌഢമായ ജനാധിപത്യം എന്ന സ്വപ്നതുല്യമായ, സ്വർഗ്ഗതുല്യമായ അവസ്ഥയുടെ തത്വശാസ്ത്രതലങ്ങളിലൂടെയാണു് ഈ ലേഖനം പിടഞ്ഞൊഴുകുന്നതു്. ഒരു പക്ഷേ ഡമ്മി 1/4 പേജുകണക്കിനു നിരക്കു തീരുമാനിച്ച് കൂലിക്കെഴുതുന്നവർക്ക് ഇതൊന്നും വായിച്ചു മനസ്സിലാക്കാൻപോലുമാവില്ല.

സമൂർത്ഥവും സാർത്ഥകവുമായ യഥാർത്ഥജനാധിപത്യം കേരളത്തിന്റെ സാമൂഹ്യപാഠങ്ങളിൽനിന്നും എത്രമാത്രം പിന്തിരിഞ്ഞുനടന്നു എന്നതു് എന്റെ തമ്പുരാനേ, ഇവർക്കു മനസ്സിലാവുന്നില്ലല്ലോ!

നട്ടപിരാന്തന്‍ said...

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും.

What an imagination.....

I am completely admit your view points...

take care.....