Showing posts with label ഒളിഞ്ഞുനോട്ടം. Show all posts
Showing posts with label ഒളിഞ്ഞുനോട്ടം. Show all posts

April 06, 2010

ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത്


മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടെ മൗലികാവകാശമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണം എന്ന് ഗുരു പാടിയത് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയത് ആകെ ഒളിഞ്ഞുനോട്ടക്കാരാണെന്നുതോന്നുന്നു. നോക്കുന്നവന്‍ മാത്രം കണ്ടു സമാധിയായാല്‍ പോരാ കണ്ണുള്ളവരെല്ലാം കാണണം എന്ന ഉദാരസമീപനമാണ്.

തൂങ്ങിയാടുന്ന ശവത്തിന്റെ പോട്ടം മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ നിരനിരയായ് നില്ക്കുന്ന നാടാണ് കേരളം. റോഡില്‍ ചിതറിയ ശവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സുകൃതമടയുന്ന മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കണമെന്ന് ഒരു സംസ്ഥാനസമ്മേളനമോ മറ്റോ നടത്തി മനശ്ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിക്കട്ടെ. 3 കോടി ജനമുള്ളേടത്ത് 2 കോടി മൊബൈലുള്ളതായാണ് കണക്ക്. തവണകളായി പണമടച്ചല്ലാതെ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവരുടെ നാട്ടിലെ കണക്കാണിത്.

ഒളിഞ്ഞുനോട്ടത്തിന്റെ തെളിഞ്ഞ കാഴ്ചകളുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്നും മഞ്ഞപുസ്തകങ്ങളില്‍ നിന്നും നാലാളറിയാതെ കൊണ്ടാടപ്പെട്ട അവ്യക്തമായ നീലച്ചിത്രങ്ങളില്‍ നിന്നും കാലം മുന്നോട്ടുപോയി. ശാസ്ത്രസാങ്കേതിക വളര്‍ച്ച കണക്കിലെടുത്ത് ഇനി ത്രീ‍ഡിയില്‍ സംഗതി കണ്‍മുന്നിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. അസാരം അറിവ് വിവേകം അശേഷമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ രക്ഷകന്‍ തന്നെ അന്തകനായി മാറുന്ന കാഴ്ചയാണ്.

ആകാംക്ഷയാണ് ഒളിഞ്ഞുനോട്ടത്തിന്റെ പിതാവ്. അതുകൊണ്ടുതന്നെ ലോകത്തെ ഒളിഞ്ഞുനോക്കുന്ന ഏക സസ്തനി കൂടിയാണ് മനുഷ്യന്‍. വ്യോയര്‍ (voyeur) എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം നോക്കിക്കാണുന്നവന്‍ എന്നുമാത്രമാണ്. അത് ബിലാത്തി സായിപ്പിന്റെ കൈയ്യിലെത്തുമ്പോഴേക്കുമാണ് നഗനത നോക്കിനില്ക്കുന്നവന്‍ എന്നര്‍ത്ഥം കൈവരുന്നത്.

സാദാ ഒളിഞ്ഞുനോട്ടം അത്ര അപകടകാരിയല്ല. ചെറിയ ചികിത്സ കൊണ്ടുതന്നെ ഭേദപ്പെട്ടുപോവുന്ന ഒരസുഖമാണത്. ഈയടുത്ത് വായിച്ചതാണ്. ഒരു സ്ത്രീ ട്രെയിനില്‍ കരയുന്ന കുഞ്ഞിനെ മുലയൂട്ടുവാന്‍ സാഹസപ്പെടുന്നു. ഒടുവില്‍ എങ്ങിനെയൊക്കെയോ മുലവായില്‍ തിരുകി അമ്മ കുഞ്ഞിന്റെ കരച്ചിലടക്കി. കുഞ്ഞില്‍ നിന്നും മുഖമുയര്‍ത്തിയ അമ്മ കാണുന്നത് തുമ്പിയെ കണ്ട കുട്ടിയെപ്പോലെ ചാടിവീഴാന്‍ പാകത്തില്‍ തുറിച്ചുനോക്കിയിരിക്കുന്ന ഒരു സഹോദരനെയാണ്.

ആ രോഗത്തിന് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് അവരു കുറിച്ചുകൊടുത്തത്. ഒരേയൊരു ചോദ്യം. 'എന്താ നിനക്കും വേണോ'? ആ കംപാര്‍ട്ടുമെന്റില്‍ നിന്നുതന്നെ പുള്ളിക്കാരനെ അപ്രത്യക്ഷനാക്കാനുള്ള ഒന്നാംതരം ചികിത്സ. നമ്മുടെ ദുരന്തങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം പ്രതികരിക്കേണ്ട വിഷയത്തില്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ടവിധത്തില്‍ പ്രതികരിക്കാനുള്ള ശേഷിക്കുറവാണ്. വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാണ്.

മനുഷ്യന്‍ ജനിക്കുന്നതുതന്നെ കള്ളനായിട്ടാണെന്ന്് തോന്നിപ്പിക്കും വിധമാണ് നമ്മുടെ സദാചാരസംഹിതകളുടെ ആധിക്യത. ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ മൂക്കറ്റം സദാചാരത്തില്‍ മുങ്ങിക്കിടന്നിരുന്ന കോട്ടൂരച്ചന്‍മാരുടെയും അമൃതചെതന്യമാരുടെയും ഗതി നമ്മള്‍ കണ്ടതാണ്. അരക്കില്ലത്തിലെ അഗ്നിയെക്കാളും അപകടകരമാണ് അരക്കെട്ടിലേത്. കപടസദാചാരത്തിന്റെ തീര്‍ത്ഥജലം തളിച്ച് കെടുത്തിവെക്കാവുന്നതല്ല ലൈംഗികചോദനകള്‍.

നാലാളറിയെ കൈപിടിക്കാതെ, ഒളിച്ചുമാത്രം അനുഷ്ഠിക്കേണ്ട പാപകര്‍മ്മമാണ് ലൈംഗികബന്ധം എന്ന ഒന്നുരണ്ടു പിതാക്കന്‍മാരുടെയും ഒരു സഹോദരിയുടെയും ഉത്തമവിശ്വാസമായിരുന്നല്ലോ മറ്റൊരു സഹോദരിയെ കിണറുമാര്‍ഗം കര്‍ത്താവിങ്കലേയ്‌ക്കെത്തിച്ചത്. രഞ്ജിതയുമായി ആനന്ദസാഗരത്തിലാറാടിയത് ഞാന്‍ തന്നെയാണ് ഈ ലോകത്തിന് അതിലെന്തുകാര്യം എന്നുചോദിക്കാന്‍ ധൈര്യമില്ലാത്ത നിത്യാനന്ദനാണ് മാലോകര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാട്ടിക്കൊടുക്കാന്‍ പോവുന്നത്.

ആകാംക്ഷയില്‍ നിന്നുമാണ് ഒളിഞ്ഞുനോട്ടം സംഭവിക്കുന്നതെന്നു പറഞ്ഞു. അപ്പോള്‍ സ്വാഭാവികമായും ആണുങ്ങള്‍ മാത്രം അനുഷ്ഠിക്കേണ്ട ഒരാചാരമൊന്നുമല്ല, പെണ്ണുങ്ങള്‍ക്കും ഭംഗിയായി നിര്‍വ്വഹിക്കാവുന്നതേയുള്ളൂ. മൂടിവെക്കപ്പെടുന്നതെന്തും തുറന്നുകാണാനുള്ള ആകാംക്ഷ ഒരു കുറ്റകൃത്യവുമാവുന്നില്ല. അതായത് സാദാ ഒളിഞ്ഞുനോട്ടം.

എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ പതിഞ്ഞ ഷാറൂഖ് ഖാന്റെ നഗ്നചിത്രം പ്രിന്റുചെയ്ത് ഖാനെക്കൊണ്ടുതന്നെ ഓട്ടോഗ്രാഫ് ചെയ്യിച്ചത് എയര്‍ഹോസ്റ്റസുമാരാണ്. എയര്‍ഹോസ്റ്റസുമാര്‍ ആണുങ്ങളാവാന്‍ വഴിയില്ലല്ലോ?

ഒളിഞ്ഞുനോട്ടത്തിന്റെ വിപണി ചില്ലറ കോടികളുടേതല്ല. ബോളിവുഡുതൊട്ട് മോളിവുഡ് വരെ ചിതറിക്കിടക്കുന്ന പരസഹസ്രം കോടികളുടെ ഭാവി ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്റെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഒരുപരിധിവരെ വനിതകള്‍ക്ക് കരഗതമായപ്പോള്‍ സിനിമാലോകം മാറിയതുനോക്കുക. ഫുള്‍കൈ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റുമായി മരം ചുറ്റുന്ന നായകനും ഉടുതുണിക്കു ക്ഷാമമുള്ള മദാലസയായ നായികയും. അന്ന് തറതൊട്ട് ബാള്‍ക്കണിവരെ ആണുങ്ങളായിരുന്നു ആസ്വാദകര്‍. ഉടുതുണി അഴിച്ച് ആണിന്റേത് കാണണമെന്ന യാതൊരു ആഗ്രഹവുമില്ലാത്തവര്‍.

അന്ത കാലത്ത് പെണ്ണിന്റെ കുപ്പായത്തിനൊരു പോക്കറ്റും അതിലൊരു നാലുമുക്കാലും ഉണ്ടായിരുന്നില്ല. കാലം മാറി കഥമാറി. പെണ്ണിനും സിനിമ കാണാമെന്നായി. അതോടെ തിരക്കഥയും മാറി. പെണ്ണ് ടിക്കറ്റെടുക്കുന്ന വിവരമറിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ വലിച്ചുപറിച്ചെറിഞ്ഞതാണ് ആണിന്റെ ഫുള്‍കൈഷര്‍ട്ടും ബെല്‍ബോട്ടം പാന്റസും. ഇനിയങ്ങോട്ട് അതിന്റെ ആവശ്യമുണ്ടാവുമെന്നും തോന്നുന്നില്ല.

കത്രീണമാര്‍ക്കുമാത്രമല്ല ഖാന്‍മാര്‍ക്കും ഉടുതുണിയിരിഞ്ഞാലേ നിലനില്പുള്ളൂ എന്നു വന്നത് ചില്ലറക്കാര്യമാണോ? വനിതകളുണ്ടാക്കിയ മുന്നേറ്റം തന്നെയല്ലേ അത്. പ്രേംനസീറിനെയും സത്യനെയും മമ്മൂട്ടിയെയും ലാലിനെയും പോലെ സിംഗിള്‍പാക്ക് വയറും വച്ച് നടന്നാല്‍ പോരാ സിക്‌സ്പായ്ക്ക് തന്നെ വേണം. എന്നെങ്കിലേ തടിമേലിരിക്കുന്നതു വലിച്ചൂരിയിട്ടും കാര്യമുള്ളൂ എന്ന നില വന്നത് ആണുങ്ങളുടെ ഒളിഞ്ഞുനോട്ടം കൊണ്ടാണോ?

പോസ്റ്ററില്‍ മോളിവുഡിലെ ചിന്നപ്പൈയ്യന്റെ തുടമുഴുവന്‍ അങ്ങ് ജങ്ഷന്‍വരെ കാണണമെന്ന് ആഗ്രഹമുണ്ടാവാന്‍ കേരളത്തിലെ ആണുങ്ങളെന്താ മൊത്തത്തില്‍ സ്വവര്‍ഗപ്രേമികളാണോ? ആ പോസ്റ്റര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണിന്റെ പോക്കറ്റാണോ പെണ്ണിന്റേതോ? പണ്ടത്തെ 'അന്നുപെയ്ത മഴയിനിലെ' സില്‍ക്കിന്റെ പോസ്റ്റര്‍ തീര്‍ച്ചയായും നിത്യനെപ്പോലുള്ളവരുടെ പോക്കറ്റുകണ്ട് ഇറക്കിയതായിരുന്നു.

ഇവിടെ ഫിലിമോത്സവങ്ങളില്‍ ആളുകള്‍ ഇടിച്ചുകയറുന്നത് കലാബോധത്തിന്റെ രസക്കയറു വലിഞ്ഞുമുറുകി നില്ക്കക്കള്ളിയില്ലാതാവുമ്പോഴാണെന്നാണ് ധാരണ. അംഗ്രേസിയില്‍ നാലുവാക്കു കൂട്ടിവായിക്കാന്‍ പറ്റാത്തവന്‍ ഇംഗ്ലീഷ് സിനിമയ്ക്കായി ഇടിച്ചുകയറുന്നത് അതുവഴി കലയുടെ അനന്തവിഹായസ്സിലേക്ക് പറന്നുയരാനോ അതോ അന്തസ്സായി ടിക്കറ്റെടുത്ത് ഒളിഞ്ഞുനോക്കേണ്ടത് തെളിഞ്ഞുകാണാനോ? അതു തുറന്നുപറയാന്‍ നമ്മുടെ കപടസദാചാരം അനുവദിക്കുന്നില്ലെന്നതാണ് സത്യം.

ടിക്കറ്റെടുത്തു എ ക്ലാസ് പടം കാണുന്നവന്‍ ക്ലാസിക് സിനിമകള്‍ കാണുന്ന കലാസ്വാദകനും തെരുവുപിള്ളേര്‍ അശ്ലീലം കാണുന്ന തെണ്ടികളുമാവുന്നു. ഒന്ന് നിയമവിധേയം മറ്റേത് നിയമവിരുദ്ധം. പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും തമ്മിലെന്തുണ്ട് വ്യത്യാസം? അതേ വ്യത്യാസമാണ് രണ്ടുകൂട്ടരും തമ്മില്‍.

സ്വാഭാവികമായ ആകാംക്ഷയ്ക്ക് ലൈംഗിക അടിച്ചമര്‍ത്തല്‍ അകമ്പടി സേവിക്കുമ്പോഴാണ് ഒളിഞ്ഞുനോട്ടം അപകടകരമാവുന്നത്. അപ്പോഴാണ് അതൊരു മനോരോഗമായി രൂപാന്തരം പ്രാപിക്കുകയും കാമറ അസ്ഥാനത്ത് സ്ഥാനം പിടിക്കുകയും ചെയ്യുന്നത്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാന്‍ പഠിപ്പിക്കുന്ന സാമൂഹിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ കുറ്റവാളി.

പിതാവിന്റെ മരണസമയത്ത് അരികിലില്ലാതായിപ്പോയതിന്റെ പ്രായശ്ചിത്തമായിട്ടായിരുന്നു മഹാത്മജി പിന്നീട് ബ്രഹ്മചര്യം പ്രഖ്യാപിച്ചത്. അദ്ദേഹം 'ബാ' യോടൊപ്പമായിരുന്നു ആ സമയം. ഇനി ആ സമയത്ത് അദ്ദേഹം മലവിസര്‍ജനം നടത്തുകയായിരുന്നെങ്കില്‍ പിന്നീട് ഒരു പ്രായശ്ചിത്തമെന്നോണം അതും നിര്‍ത്തിക്കളയുമായിരുന്നോ എന്നു ചോദിച്ചിരുന്നത് മലയാളിയായ ഒരു സന്ന്യാസിയാണ്. പേര് ഓര്‍മ്മയിലില്ല. മതങ്ങള്‍ ഉദ്‌ബോധിപ്പിച്ച കപടസദാചാരത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും ലൈംഗികതയെ ഒരു പരിധിവരെ മോചിപ്പിച്ചതാണ് സായിപ്പിന്റെ വിജയം.

ആദ്യം മാറേണ്ടത് സ്ത്രീപുരുഷബന്ധം എന്നാല്‍ പുറത്തു നാലാളറിയാന്‍ പാടില്ലാത്ത ഒരു ഭീകരബന്ധമാണെന്ന ബോധമാണ്. അതായത് നമ്മുടെ കപട സദാചാരബോധം. അതോടുകൂടി കുളിമുറിയിലെയും കക്കൂസിലെയും കാമറയുടെ കണ്ണുകള്‍ താനേയടയുകയും ചെയ്യും. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലപ്പോഴും മനുഷ്യരെ മനോരോഗികളാക്കുന്നത്.

മാറാത്ത മനോരോഗമുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണ്. മൊബൈല്‍മാനിയക്കാരുടെ എണ്ണം കാരണം മാനസികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോഴുള്ള സാമ്പത്തികബാദ്ധ്യത മൊബൈല്‍ കമ്പനികള്‍ വഹിക്കണമെന്ന് ഒരു നിയമനിര്‍മ്മാണവും നടത്താവുന്നതേയുള്ളൂ.