March 09, 2007

മല്ലികയും മലയാളമങ്കമാരും

പുരുഷന്‍മാരുടെ സ്വകാര്യസ്വത്താവുകയാണോ സ്‌ത്രീയെന്ന്‌ മല്ലികാസാരാഭായി ചോദിക്കുന്നു. ആ പഴയ മലയാളി സ്‌ത്രീയെവിടെയെന്നും മലയാളം വാരികയിലൂടെ മല്ലിക വിലപിക്കുന്നു (ഫെബ്രുവരി 23, 2007 ലെ അഭിമുഖം).

അതുതന്നെയാണ്‌ നിത്യനും പറയാനുള്ളത്‌. സീതാരാമചന്ദ്രന്‍, രാധാശ്രീകൃഷ്‌ണന്‍, പാര്‍വ്വതീ പരമശിവന്‍ എന്നൊന്നും പണ്ട്‌ മങ്കകള്‍ അറിയപ്പെട്ടതായി കേട്ടിട്ടില്ല. അവിടുന്നും ബഹുദൂരം മുന്നോട്ടുപോയപ്പോഴാണ്‌ തുല്യത കൈവരിച്ചത്‌. തുല്യത കൈവന്നപ്പോള്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി. അച്ഛന്റെ അല്ലെങ്കില്‍ കെട്ടിയോന്റെ പേരിന്റെ പാതിയായി പെണ്ണിന്റെ വ്യക്തിത്വം. സംവരണം 33 ശതമാനം മതിയെങ്കിലും പെണ്ണുങ്ങള്‍ക്ക്‌ അടിമത്തം 50 ശതമാനം തന്നെവേണമെന്ന ശക്തമായ അഭിപ്രായമുണ്ട്‌.

കെട്ടിയോനുമായുള്ള സഹവാസം തുല്യത ഒന്നുകൂടി മെച്ചപ്പെടുത്തുമ്പോള്‍ പിന്നെ ഈ പാതിപേരിന്റെ ആവശ്യം കൂടി അപ്രത്യക്ഷമാവും. പരിണാമ സിദ്ധാന്തപ്രകാരം കുരങ്ങന്റെ വാലുപോയതുപോലെ. അതോടുകൂടി ആ കഷ്‌ണം പേരും പോയി അലവലാതിയുടെ പൊണ്ടാട്ടി വെറും മിസിസി. അലവലാതി എന്നാകും. വ്യക്തിത്വം പരമപദം പ്രാപിക്കുക അപ്പോഴാണ്‌.

"ഞാന്‍ ഇന്ന പുരുഷന്റെ സ്വകാര്യസ്വത്താണ്‌ എന്ന്‌ വിളംബരം ചെയ്‌തുനടക്കുന്ന സ്‌ത്രീകളെയല്ലാതെ വ്യക്തിത്വമുള്ള ഒരൊറ്റസ്‌ത്രീയേയും എനിക്കു കാണാന്‍ കഴിയുന്നില്ല". സീമന്തരേഖയില്‍ ഒരു സിന്ദൂരക്കുറിയൊക്കെ ഒട്ടിച്ചുവെച്ച്‌ ഒരു പുരുഷന്റെ സ്വന്തം എന്നു വിളംബരം ചെയ്‌തുനടക്കേണ്ട ആവശ്യം എന്താണെന്നും നമ്മുടെ കരുത്തുറ്റ വനിതാനേതാക്കളും ബുദ്ധിജീവികളും ഇന്നെവിടെയാണെന്നും ഒക്കെ മല്ലിക ചോദിക്കുന്നു.

ഈ ചോദ്യം ന്യായമായും മല്ലികക്കു ചോദിക്കാം. ഒന്നു മല്ലികയോടുതന്നെ. പേരിന്റെയറ്റത്ത്‌ എന്തിനാണൊരു സാരാഭായി എന്ന്‌. രണ്ടാമത്‌ ബൃന്ദാകാരാട്ടിനോട്‌ ചോദിക്കാം. വേണമെങ്കില്‍ സാറാ ജോസഫിനോടും ചോദിക്കാം. ദയവായി മണ്ണുചുമക്കുന്ന നിത്യസുഹൃത്ത്‌ മാതു ദി സംസ്‌കാരസമ്പന്നയോടും കല്ലുചുമക്കുന്ന കല്ലുവിനോടും ചോദിച്ചുകളയരുത്‌. തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ വെവരമറിയും. വെളിച്ചപ്പാടിനെപ്പോലെ സ്വന്തം തലക്കുകൊത്തുകയാണ്‌ എന്തുകൊണ്ടും ആരോഗ്യത്തിനു നല്ലതെന്ന ഒരെളിയ അഭിപ്രായമേ നിത്യനുള്ളൂ.

ബുദ്ധിജീവികളും സാംസ്‌കാരികനായകരുമൊക്കെ എവിടെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം പണ്ട്‌ നാരായണപ്പിള്ള പറഞ്ഞിട്ടുണ്ട്‌. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്‌ അവരുടെ സ്ഥാനം തത്‌ക്കാലം സാംസ്‌കാരിക കേരളത്തിന്റെ പുറമ്പോക്കിലായിട്ടുണ്ട്‌.

അംഗ്രേസി കടലാസുകള്‍ മല്ലികാ സാരാഭായിയെ പറ്റി പലപ്പോഴും എഴുതുക വെറും ഡോ.സാരാഭായി എന്നാണ്‌. തന്റെ വ്യക്തിത്വത്തെ കൊന്നുകൊലവിളിച്ചെന്നും പറഞ്ഞ്‌്‌ മല്ലിക മാനനഷ്ടത്തിനു കേസുകൊടുത്തതായി ഇന്നോളംകേട്ടിട്ടില്ല.

ആ പഴയ മലയാളി സ്‌ത്രീയെവിടെയെന്നു വിലപിക്കുന്ന മലയാളത്തില്‍ മല്ലികയുടെ ഒരു അടിപൊളിച്ചിത്രം കൊടുത്തിട്ടുണ്ട്‌. ആ പഴയമലയാളി സ്‌ത്രീയെക്കണ്ടെത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കിയ നിത്യന്‍ ഒടുവില്‍ പരാജയശ്രീലാളിതനാവുകയാണ്‌ ചെയ്‌തത്‌.

ഒരു കക്ഷംലെസ്‌ ബ്ലൗസും കാതില്‍ പന്നിയൂര്‍ മുളകുപോലുള്ളൊരു കുന്ത്രാണ്ടവുമായി മല്ലിക ആ പഴയ മലയാളി സ്‌ത്രീയുടെ വേഷത്തിലും ഭാവത്തിലും നില്‌ക്കുന്ന നില്‌പ്‌ കണ്ടപ്പോള്‍ അസൂയ തോന്നി.

സാംസ്‌കാരികനായകരായാല്‍ അങ്ങിനെയായിരിക്കണം. കളരിയഭ്യാസിയുടെ കുടവയറുപോലെയും യോഗാഭ്യാസിയുടെ ഗ്യാസ്‌ട്രബ്‌ള്‍ പോലെയും ശോഭിക്കണം സംസ്‌കാരം. സംസ്‌്‌കാരമൊക്കെ വേണ്ടത്‌ മറ്റുള്ളവര്‍ക്കാണ്‌. നമുക്ക്‌ ആകെ വേണ്ടത്‌ ഒരു നാലുമുഴം നാക്കാണ്‌. അതില്‍ നിന്നും വരുന്ന വാക്കുകളാവട്ടെ നാഴികക്ക്‌ നാല്‌പതുവട്ടം മാറുകയും വേണം.

പെണ്ണ്‌ കാതില്‍ എന്തിടണമെന്നു പഠിപ്പിക്കുന്നത്‌ അന്നും ഇന്നും ആണുതന്നെയാണ്‌. അതുണ്ടാക്കി വില്‌ക്കുന്നതും ആണുതന്നെയാണ്‌. പെണ്ണിന്‌ കാലിലും കഴുത്തിലും ചങ്ങലവേണമെന്ന്‌ പഠിപ്പിച്ചത്‌ ആരാണ്‌? ആനക്കു ചങ്ങലയിടാനും നെറ്റിപ്പട്ടം കെട്ടാനും പഠിപ്പിച്ച അതേ ബുദ്ധി തന്നെയാണ്‌ അതിന്റെയും ഉറവിടം. ആലൂക്കാസുകാരന്റെയും ആലപ്പാടുകാരന്റെയും വേദപുസ്‌തകത്തിനനുസൃതമായി ജീവിതം നയിക്കുന്ന മലയാളമങ്കമാരില്‍ നിന്നും മല്ലികയിലേക്കുവല്ല ദൂരവുമുണ്ടോ?

ഗ്രീക്ക്‌ മിഥോളജിയില്‍ പിഗ്മാലിയോണ്‍ എന്നൊരു രാജാവ്‌ ഒരു നാള്‍ ഒരു സുന്ദരീശില്‌പം പണിതു. ആ പ്രതിമ നോക്കിനിന്ന രാജാവില്‍ പ്രണയം പൂത്തുലഞ്ഞു. ഒടുവില്‍ രാജാവിന്റെ പ്രാര്‍ത്ഥന കേട്ട അഫ്രഡൈറ്റിസിന്‌ ആ പ്രതിമയെ ഗലേഷ്യ എന്ന അതിസുന്ദരിയായ കന്യകയാക്കി മാറ്റിക്കൊടുക്കേണ്ടിവന്നതായി കേട്ടിട്ടുണ്ട്‌.

സ്‌ത്രീയൂടെ കോലത്തിന്‌ പുരുഷനിലുള്ള സ്വാധീനം അതാണെങ്കില്‍ മജ്ജയും മാംസവുമുള്ള സ്‌ത്രീക്ക്‌ പുരുഷനിലുള്ള സ്വാധീനം എന്തായിരിക്കും. ഒരായിരം പടക്കപ്പല്‍ കടലിലിറക്കാനുള്ള സൗന്ദര്യം ഹെലനുണ്ട്‌ എന്നു ഹോമ പറയുമ്പോള്‍ ഹെലന്‍ മദ്ധ്യവയസ്‌കയായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഏതുപുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്‌ത്രീ ഉണ്ടായിരിക്കും എന്ന ചൊല്ലുണ്ടായതും.

അതു പിന്നീട്‌ ഏതു പെണ്ണിന്റെ പരാജയത്തിനുപിന്നിലും ഒരു പുരുഷന്‍ ഉണ്ടായിരിക്കും എന്നാക്കിയ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനാണ്‌ വനിതകള്‍ ശ്രമിക്കേണ്ടത്‌. ഒരു സി.ബി.ഐ അന്വേഷണം കപ്പലിലും നടത്തുന്നത്‌ നന്നായിരിക്കും. പുറത്ത്‌ ഒരു വിജിലന്‍സ്‌ അന്വേഷണം തന്നെ ധാരാളം.

കാരണം തൊഴിലിന്റെ ഉല്‌പത്തിപുസ്‌തകത്തിലും ആദ്യത്തെ തൊഴില്‍ മേഖല സ്‌ത്രീയുടേതുതന്നെയായിരുന്നു - വേശ്യാവൃത്തി. അവിടുന്നിങ്ങോട്ട്‌ പിന്നീടൊരു മേഖലയും സ്‌ത്രീക്കന്യമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

അങ്ങിനെ മൊത്തം സാഹചര്യം പെണ്ണിനനുകൂലമാണ്‌. ശരിക്കും പെണ്ണിന്റെ അടിമയായിരിക്കാനുള്ള യോഗ്യതയേ ആണിനുള്ളൂ എന്ന ഒരഭിപ്രായവും നിത്യനുണ്ട്‌. കാരണം നിത്യനാകെ ഒരു പണിയേ ഉള്ളൂ. അതു തോന്നിയപോലെ ജീവിക്കുക എന്നതാണ്‌. അതുതന്നെ പലപ്പോഴും സാധിക്കാത്ത അവസ്ഥയിലാണ്‌. മൂപ്പര്‍ക്കാകട്ടെ മൂന്നുനേരം വെച്ചുവിളമ്പണം. വടക്കോട്ടുചൂണ്ടിയാല്‍ തെക്കോട്ടുപോകുന്ന മോണ്‍സ്‌റ്ററെ നേര്‍വഴിക്ക്‌ തെളിക്കണം. നിത്യന്‌ തോന്നിയപോലെ ജീവിക്കാന്‍ നാലുമുക്കാലുണ്ടാക്കുകയും വേണം. നിത്യന്‍ നിത്യകാമുകിയുടെ കാലിന്‌ വീഴണമോ അതോ തിരിച്ച്‌ വീഴണമോ?

"ഒരു സ്‌ത്രീ വിമോചന പ്രസ്ഥാനത്തിന്‌ പുരുഷന്റെ ലോകവുമായി യാതൊരു ബന്ധവുമില്ല. ആരും താഴെയുമല്ല, ആരും മുകളിലുമല്ല, ആവശ്യമുള്ളത്‌ സമത്വമാണ്‌" - മല്ലിക

മഹാന്‍മാരും മഹതികളും അങ്ങിനെയാണ്‌ പ്രതികരിക്കുക. പുരുഷന്റെ ലോകവുമായി ബന്ധമില്ലെങ്കില്‍ പിന്നെ ഈ മഹാപ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്‌ വാനപ്രസ്ഥം നടത്താന്‍ വേണ്ടിയാണോ? സ്‌ത്രീക്ക്‌ വിമോചനം വേണ്ടത്‌ പുരുഷനില്‍ നിന്നെല്ലങ്കില്‍ പിന്നെ സ്വര്‍ണച്ചങ്ങലകളില്‍ നിന്നാണോ? അതിനാണെങ്കില്‍ ലോകത്തുള്ള മുയ്‌മനാളുകളെയും ചീ്‌ത്തവിളിക്കുന്നതിനുപകരം ആലപ്പാട്ടുകാരന്റെയും ആലൂക്കാസുകാരന്റെ കുടിലുകള്‍ ഉപരോധിക്കുകയല്ലേ വേണ്ടത്‌. ഒരു കല്ല്‌ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനക്കാരനുനേരെയും ചെല്ലട്ടെ.

വനിതാസംവരണം 33 ശതമാനം ഇതാ ഇപ്പ ശരിയാക്കിത്തര എന്ന്‌ വെള്ളാനകളുടെ നാട്ടിലെ പപ്പുവെപ്പോലെ ഭരിക്കുന്നവര്‍ വീമ്പിളക്കാന്‍ തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ല. ആണുങ്ങള്‍ക്ക്‌ പറഞ്ഞവാക്കിനാണ്‌ വില. പെണ്ണിന്‌ വാക്കുമാറ്റുന്നതിനും. പൊതുവില്‍ ഭരിക്കുന്നവര്‍ എന്ന പദം സ്‌ത്രീലിംഗമാണോ എന്നൊരു നേരിയ സംശയം അതുകൊണ്ടുതന്നെ തികച്ചും ന്യായമാണ്‌.

പ്രിയപ്പെട്ട വനിതകളേ മേല്‍ പറഞ്ഞ ഈ സല്‌പ്രവൃത്തിക്ക്‌ മുയ്‌മന്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെയും പിന്തുണയും നിങ്ങള്‍ക്കുണ്ടാവും. നൂറുശതമാനമല്ലേ അവിടെ സംവരണം. പ്രത്യേകിച്ചൊരു 33 ശതമാനം സംഭരണത്തിന്റെ ആവശ്യം യഥാര്‍ത്ഥത്തില്‍ ഉദിക്കുന്നേയില്ല.

അഭിമുഖത്തിന്റെ അവസാനഭാഗത്ത്‌ മല്ലിക പറയുന്നു. "രണ്ടുദിവസം മുന്‍പ്‌ ഞാന്‍ കുറ്റിപ്പുറത്ത്‌ എന്റെ തറവാട്ടില്‍ പോയിരുന്നു. നാട്‌ എന്നും പ്രിയപ്പെട്ടതാണ്‌ എനിക്ക്‌. എങ്കിലും മലയാളം സംസാരിക്കാന്‍ എനിക്കിന്നും കഴിയില്ല."

അതെ, മലയാളം അറിയാത്ത മലയാള മങ്കയാണ്‌ ബാക്കിയുള്ള മങ്കമാരുടെ അവസ്ഥയെപ്പറ്റി 'മലയാള'ത്തില്‍ ഘോരഘോരം പരിതപിച്ചത്‌. കേരളത്തിലെ ഒരു പാടു സ്‌ത്രീകളുമായി ഇടപഴകിയതില്‍ നിന്നും മനസ്സിലായ കാര്യമാണ്‌ പറഞ്ഞതും. കേരളത്തില്‍ 99 ശതമാനം വനിതകളുടെയും ഭാഷ അംഗ്രേസിയായതുകൊണ്ട്‌ ആശയവിനിമയം വലിയ പ്രശ്‌നമായിട്ടുണ്ടാവില്ല എന്നു നമുക്കും കരുതാം.

സമൂഹത്തിന്റെ ആത്മാവാണ്‌ മാതൃഭാഷയെന്നു കേട്ടിട്ടുണ്ട്‌. അതു മരണക്കിടക്കയിലോ ശരശയ്യയിലോ ഒക്കെയാണെന്നു സാംസ്‌കാരികനായകര്‍ വിലപിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ മലയാളത്തില്‍ കാഴ്‌ചവെച്ച ഈ പ്രകടനം കണ്ടപ്പോഴുള്ള ഒരു തോന്നലാണ്‌. മലയാള ഭാഷയെ രക്ഷിക്കാന്‍ മല്ലികക്കുകൂടെ ഒന്നെടുത്തുചാടിക്കൂടെ. മലയാളമറിഞ്ഞുകൂടെന്നൊരു അധികയോഗ്യതയുമുണ്ട്‌. താമസം ഇന്ത്യയില്‍ തന്നെയാണെന്നതു വലിയൊരു പശ്‌നമാക്കേണ്ടതില്ല.

കുഞ്ഞുണ്ണിമാഷ്‌ പാടിയപോലെ, നിര്‍ഭാഗ്യവശാല്‍ കെട്ടിയോളുടെ പേറ്‌ ബിലാത്തിയിലാക്കാന്‍ പലര്‍ക്കും പറ്റിയില്ലെങ്കിലും, പിന്നീട്‌ സകുടുംബം അവിടെയും അമേരിക്കയിലും സ്ഥിരതാമസമാക്കിയാണ്‌ ഇപ്പോള്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ അണിചേരുന്നത്‌. അതുകൊണ്ട്‌ മടിച്ചുനില്‌ക്കാതെ കടന്നുവരൂ. വീണ്ടുമൊരു ഒരു സ്ലീവ്‌ലെസ്‌ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഭാഷയും കരകയറട്ടെ.