February 28, 2008

നയനമനോഹര ഹര്‍ത്താല്‍

ഒരു ഹര്‍ത്താലിലും വിമാനം പറക്കാതിരുന്നതായി കേട്ടിട്ടില്ല. രാജധാനി പാളത്തിലിറങ്ങാത്തതായും. വില വര്‍ദ്ധിപ്പിക്കുന്നവരൊക്കെ അതിലാണ്‌ സഞ്ചരിക്കുക. അങ്ങ്‌ അണ്ഡകടാഹങ്ങളിലുടെ അനര്‍ഗളമായൊഴുകുന്ന പുഷ്‌പകവിമാനത്തിലെ രാവണന്‍മാര്‍ ഭൂമിയിലെ ഉരുളന്‍ കല്ലുകള്‍ക്ക്‌ അപ്രാപ്യമാണ്‌. വിഡ്ഡികള്‍ക്കും.

വല്യ വില കൊടുക്കേണ്ടവരാണ്‌ കിട്ടിയ ബസ്സില്‍ തൂങ്ങി ആല്‍മരത്തിലെ കടവാതിലിനെപ്പോലെ സഞ്ചരിക്കുക. ഹര്‍ത്താലൊന്നു നടക്കുമ്പോള്‍ അവറ്റകള്‍ രണ്ട്‌ വിലയാണ്‌ കൊടുക്കേണ്ടിവരുന്നത്‌. ഒന്ന്‌ നിശ്ചയമായും അരിയുടെ ഒടുക്കത്തെ വില. രണ്ടാമത്തേത്‌ സ്വന്തം ജീവന്‍. അരിവിലയുടെ അത്രവരാത്തതുകൊണ്ട്‌ അതു സാരമില്ലെന്ന്‌ വെയ്‌ക്കാം. ഹര്‍ത്താലിന്റെ വന്‍വിജയം കണക്കിലെടുക്കുമ്പോള്‍ ഒരു ജീവന്‍, ഛായ്‌.

ഒരു കല്ലും ഒരു വിഡ്ഡിയും അരത്തെമ്മാടിയും ചേര്‍ന്നാല്‍തന്നെ ഹര്‍ത്താല്‍ വന്‍വിജയം. കൂടെ നാലു മുഴുത്തെമ്മാടികള്‍ കൂടിയുണ്ടെങ്കില്‍ ബഹുകേമം. ആകെവേണ്ടത്‌ ജനം നെട്ടോട്ടമോടി കഷ്ടപ്പെട്ടു എന്നുറപ്പുവരുത്തണം. അങ്ങിനെ വന്നാല്‍ ഹര്‍ത്താല്‍ വന്‍വിജയം.

ഇപ്പോള്‍ അരിക്കുവില 22രൂപ. സത്യസന്ധമായി പറഞ്ഞാല്‍ ഇത്‌ ആരെയാണ്‌ കഷ്ടപ്പെടുത്തുന്നത്‌? പൊതുജനത്തെ. രൂപ 220 ആക്കിയാലും ചാണ്ടിക്കും വിജയനും എമ്പക്കത്തിന്റെ എണ്ണത്തിന്‌ കുറവൊന്നും സംഭവിക്കുകയില്ല. അപ്പോ സമരം ആര്‍ക്കുവേണ്ടി? സാദാപരിഷകള്‍ക്കുവേണ്ടി. അതുകൊണ്ട്‌്‌ അവറ്റകളുടെ കഞ്ഞികുടി തന്നെയാണ്‌ മുട്ടിക്കേണ്ടത്‌. ഇടക്കിടെയുള്ള പട്ടിണി ഒരു മുഴുപ്പട്ടിണിയുടെ മുന്നോടിയാണമ്മാവാ എന്നു പറയാനുള്ള തിരിച്ചറിവ്‌ അടുത്തകാലത്തൊന്നും ഉണ്ടാവുകയില്ല.

മനുഷ്യനും മൃഗവും തമ്മില്‍ പലേ വ്യത്യാസങ്ങളുമുണ്ട്‌. കാര്യമായൊരു സാമ്യം രണ്ടും അനുഭവത്തില്‍ നിന്നും പഠിക്കുകയില്ലെന്നതാണ്‌. അറവുകാരന്‍ മുട്ടനാടിന്റെ കഴുത്തിന്‌ കത്തിവെക്കുമ്പോള്‍ പെണ്ണാട്‌ അവസാനത്തെ പ്ലാവിലയ്‌ക്കായി നാവുനീട്ടുന്നുണ്ടാകും.

ഹര്‍ത്താലിന്റെ തീവ്രത അഥവാ വിജയം അളക്കുന്ന ഉപകരണമാണ്‌ ഹര്‍ത്താല്‍ബന്ദോമീറ്റര്‍. നടുറോഡില്‍ പെറ്റ പെണ്ണിന്റെ എണ്ണം, അവസാനശ്വാസത്തിലും ഹര്‍ത്താലിന്നഭിവാദ്യമര്‍പ്പിച്ച്‌ ചത്തുപോയ ഹൃദ്രോഗികളുടെ എണ്ണം, ചത്തുപോയ കൂടപ്പിറപ്പുകളെ കാണാനെത്തി വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനില്‍ കുത്തിയിരുന്ന്‌ അലമുറയിടുന്ന ആളുകളുടെ എണ്ണം, പൊളിഞ്ഞ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ചില്ലുകളുടെ എണ്ണം, ചിതറിയ തലകളുടെ എണ്ണം, പുഞ്ചിരിതൂകി പോലീസ്‌ അകമ്പടിയോടെ കാറിലിരുന്ന്‌ ഹര്‍ത്താലിന്‌ നേതൃത്വം നല്‍കുന്ന നേതാക്കളുടെ ചിത്രം എന്നിവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ്‌ തീവ്രതയുടെ മാനദണ്ഡം.

പ്രഖ്യാപിച്ചാല്‍ തന്നെ വിജയമാകുന്ന ഒരു സംരംഭമാണ്‌ ഹര്‍ത്താല്‍ വ്യവസായം. കല്ലെടുത്താല്‍ വന്‍വിജയം. കത്തികൂടി വലിച്ചാല്‍ പിന്നെ പറയുകയും വേണ്ട.

നേതാക്കളുടെ വക ഹര്‍ത്താലില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരൗദാര്യമുണ്ട്‌. പാല്‍, മത്സ്യം, പത്രം, മെഡിക്കല്‍ ഷാപ്പ്‌ എന്നിവയെ ഒഴിവാക്കിയിരിക്കുന്നു എന്നൊരറിയിപ്പ്‌. ഈയൊരൊറ്റ പ്രസ്‌താവനയുടെ പുറത്തുതന്നെ മുഴുവനെണ്ണത്തിനെയും പിടിച്ച്‌ അകത്തിടേണ്ടതാണ്‌. തല്‌ക്കാലം നാട്‌ ബാക്കിയുള്ളവര്‍ നന്നാക്കട്ടെ എന്നുമാത്രം കരുതുക. ജീവിത്തിലൊരുദിവസം പോലും നയിച്ചു തിന്നാത്തോരാണ്‌ മറ്റുള്ളവര്‍ നാളെ എന്തുചെയ്യണമെന്ന്‌ തീരുമാനിക്കാകുക. കോടതിക്ക്‌ തല്‌ക്കാലം നിരീക്ഷിക്കാനേ ആവൂ. നടപ്പിലാക്കേണ്ടത്‌ ബാക്കിയുള്ളവരാണ്‌.

പാലുകിട്ടിയില്ലെങ്കില്‍ ചത്തുപോകുന്ന അവസ്ഥ ചാണ്ടിവിജയാദികള്‍ക്കൊക്കെയുണ്ടാവാം. പിഞ്ചുകുട്ടികളടക്കമുള്ള നിത്യന്റെ കുടിയില്‍ നാല്‌പതുനാള്‍ പാലുകിട്ടിയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. മത്സ്യം കിട്ടിയില്ലെങ്കിലും. ഇനി തലേന്നുതന്നെ ഇതെല്ലാം കരുതിവെക്കാനുള്ള മോര്‍ച്ചറിയുമില്ല.

പിന്നെ പത്രം. മകന്‍ അച്ഛനെ വെട്ടിയതിന്റെയും അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്‌തതിന്റെയും വീരകഥകളും അടിപോയ കുടത്തില്‍ വെള്ളമെടുക്കുന്ന നേതാക്കളുടെ പ്രസ്‌താവനകളും അളിഞ്ഞ മോന്തയും ചിത്രത്തില്‍പോലും കണികണ്ടു എന്നൊരു ഖേദവുമില്ല.

ഇനിയാണ്‌ മെഡിക്കല്‍ ഷാപ്പിന്റെ കാര്യം. സാദാപൗരന്റെ ഏകാശ്രയം സര്‍ക്കാരാശുപത്രിയാണ്‌ മെഡിക്കല്‍ഷാപ്പല്ല. അവിടുത്തെ കലക്കുദ്രാവകമാണ്‌ അവന്റെ സര്‍വ്വരോഗസംഹാരി. അതുഫലിക്കാത്ത ഘട്ടമെത്തിയാല്‍ പിന്നെ രോഗീലേപനവും തുടര്‍ന്ന്‌ അന്ത്യകൂദാശയുമാണ്‌ പതിവ്‌. കേരളത്തിലെ ദരിദ്രവാസികള്‍ ഡോക്ടറെതേടി മെഡിക്കല്‍ഷാപ്പില്‍ പോവാന്‍ തുടങ്ങിയതെപ്പോള്‍ തൊട്ടാണാവോ? നിത്യന്‌ നിശ്ചയമില്ല. ആരോഗ്യടീച്ചറോട്‌ ചോദിച്ചാല്‍മതി.

അനന്തപുരിയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഇരുന്ന്‌ കൈയ്യെത്തും ദൂരത്ത്‌ സകല സൗകര്യങ്ങളും അതേപടി നിലനിര്‍ത്തി നാട്ടുകാര്‍ മുഴുവന്‍ മൂക്കുകൊണ്ട്‌ ക്ഷ വരച്ചശേഷം മാത്രം ചാവണം എന്ന അപാരജനസ്‌നേഹമാണ്‌ ഹര്‍ത്താലുകളുടെ പിന്നിലെ ചേതോവികാരം. ഈയൊരു ജനസ്‌നേഹത്തിനാണ്‌ മലയാളത്തില്‍ സാഡിസം എന്നുപറയുക.

വിദ്യാര്‍ത്ഥികളുടെ കയ്യിലെ അവസാനത്തെ ആയുധമാണ്‌ പഠിപ്പുമുടക്ക്‌. തൊഴിലാളികളുടെ കൈയ്യിലെ അവസാനത്തെ ആയുധമാണ്‌ പണിമുടക്ക്‌.

നന്ദിയാരോടുനാം ചൊല്ലേണ്ടൂ?
അവസാനം ചെലുത്തേണ്ട പ്രഥമനസാരം
ആദ്യം കഴിക്കാന്‍ പഠിപ്പിച്ച തിരുമേനിയോടോ?
കല്ലെറിഞ്ഞകറ്റിയ സ്വാശ്രയത്തെ
പിന്നെകെട്ടിയെഴുന്നള്ളിച്ച തിരുമാലിയോടോ
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
ഹര്‍ത്താലിന്‍ നിര്യാണം ചൊല്ലിയറിയിച്ച
ഉഗ്രപ്രതാപിയാം ഹസ്സനോടോ?
മടിയാതെ ഹര്‍ത്താലിനെ തിരികെയെത്തിച്ച
നൊസ്സനാം ഹസ്സനോടോ?
അറസ്റ്റൊന്നു നടത്തിയ പോലീസിന്നെതിരായി
ജില്ലയിലന്നം മുടക്കിയ വിപ്ലവനീര്‍ക്കോലിയോടോ?
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?
നാലിടത്തൊന്നായി ചുമരെഴുതീടുവാ
ന്‍നാലുപേരില്ലാത്ത നക്‌സല്‍ വിഎച്ച്‌പിയും
വെറുതേയൊരര്‍ത്താല്‍ നിനച്ചപ്പോള്‍ തന്നെയും
സ്വയം നിശ്ചലമായൊരു ജനതയോടോ?
നന്ദിയാരോടു നാം ചൊല്ലേണ്ടൂ?

അതുകൊണ്ടുതന്നെയാണ്‌ പറഞ്ഞത്‌. ഹര്‍ത്താല്‍ ജനങ്ങളെ വലയ്‌ക്കണം. നേതാക്കള്‍ക്ക്‌ സുഖിക്കണം. റോഡില്‍ പെണ്ണുപെറുന്ന രംഗമാലോചിക്കുമ്പോഴുള്ള ഒരു സുഖേയ്‌. ന്താ കളി. വണ്ടി കിട്ടാതെ പയ്യന്‍ പെടച്ചുചത്തരംഗം അലോചിക്ക്വാന്‍ തന്നെ എന്തൊരു സുഖമുണ്ട്‌. നേരം വെളുക്ക്വോളം കളീം കണ്ട്‌ പുലര്‍ച്ചക്കൊരു നോരമ്പോക്കും തരാക്കി വരുന്ന സുഖം രാമാ പിന്നില്‌ നിക്കണം.

നാലേമ്പക്കം ഒന്നായിട്ടുപോയാല്‍ കുഴലേന്തിയവര്‍ പന്ത്രണ്ടെണ്ണവും മാലാഖമാര്‍ ഒരു നാട്ടിലേക്കുള്ളതും ചുറ്റിലും നില്‌ക്കുവാനുളള സംവിധാനത്തിന്‌ ഹര്‍ത്താലുകാരണം വിഘ്‌നം വന്ന്‌ ഒരു നേതാവും അനന്തപുരി വിട്ട്‌ കാലപുരിപൂകിയ ചരിത്രമില്ല. നാളിതുവരെയായി ഹര്‍ത്താല്‍ കാരണം ഒരു മന്ത്രിയുടെയും മക്കള്‍ നടുറോഡില്‍ പെറ്റിട്ടില്ല. ഞായറാഴ്‌ച എന്റെ മോള മോള മോള പാലുകൊടുക്കലാ. അതുകൊണ്ട്‌ ഹര്‍ത്താല്‍ തിങ്കളാഴ്‌ചയായിക്കോട്ടെ എന്നുപറഞ്ഞതല്ലാതെ.

കയ്യില്‍ കിട്ടിയാല്‍ ശരിപ്പെടുത്തിക്കളയും എന്ന മട്ടിലാണ്‌ ലോറിയുടെ പിന്നാലെ പട്ടിയോടുക. പട്ടിയുടെ ഈയോട്ടത്തിനൊരു മനശ്ശാസ്‌ത്രവശമുണ്ട്‌. പണ്ട്‌ ദിനോസറിനുപിന്നാലെ ഓടിയത്‌ പട്ടി മറന്നിട്ടില്ല. ഇന്ന്‌ പറമ്പുനിറയെ വീടായതുകൊണ്ട്‌ പ്രാകൃതകമ്മ്യൂണിസ കാലഘട്ടത്തില്‍ കായ്‌ച്ചുനില്‌ക്കുന്ന മാവും കല്ലെറിഞ്ഞകറ്റേണ്ട ചെന്നായ്‌ക്കളും ദിനോസറിന്റെ വഴിയേ പോയി. അതുകൊണ്ട്‌ പട്ടികളെക്കാള്‍ ലേശം കൂടി താഴ്‌ന്നവരായ സ്ഥിതിക്ക്‌ തലമുറയായി നമുക്ക്‌ പകര്‍ന്നുകിട്ടിയ അറിവാണ്‌. കിട്ടിയ തഞ്ചത്തിന്‌ നാലേറ്‌ പാസാക്കി നാമിപ്പോള്‍ നിര്‍വൃതിയടയുന്നു.

അങ്ങിനെ ഏറുടെണ്ടന്‍സി കാണിക്കുന്നവര്‍ക്കായി ബുദ്ധിയുള്ളവര്‍ ഒരു സംവിധാനമൊരുക്കുകയാണ്‌ വേണ്ടത്‌. മെക്കയില്‍ വര്‍ഷാവര്‍ഷം ചെകുത്താനെ കല്ലെറിയുന്നതുപോലൊരു ചടങ്ങ്‌. ഇരിക്കട്ടെ ഒരു മുപ്പത്‌ ദിവസം. അതിനുശേഷം എറിയാന്‍ കൈ പൊങ്ങിയാല്‍ പിന്നെ ശിക്ഷയും ശരിയത്തുതന്നെയായിക്കോട്ടെ. ആ കൈ പിന്നെ പൊങ്ങരുത്‌. കല്ലിന്‌ വംശനാശം സംഭവിക്കുകയല്ലാതെ ഏറെത്ര കൊണ്ടാലും ചെകുത്താനൊരു ചുക്കും സംഭവിക്കുകയില്ല. മൂപ്പരുടെ ജീവനെപ്പറ്റി യാതൊരു ഭയവും ദൈവത്തിനുപോലും ആവശ്യമില്ല.

February 15, 2008

കോമ്രേഡ്‌സും കുഞ്ഞാടുകളും

സ്വര്‍ഗരാജ്യം അടിയന്തിരമായി ഭൂമിയില്‍ തന്നെ സ്ഥാപിക്കുകയാണ്‌ മാര്‍ക്‌സിസ്റ്റുകാരുടെ ലക്ഷ്യം. അതിനുവേണ്ടി കൊല്ലാനും ചാവാനും മടിക്കില്ല. മെത്രാന്റെ സ്വര്‍ഗരാജ്യത്തിനു ഭൂമിയുമായി കണക്ഷനില്ല. ആളുകള്‍ വടിയായി എന്ന്‌ വൈദ്യശാസ്‌ത്രം സര്‍ട്ടിഫിക്കറ്റുകൊടുത്താല്‍ മാത്രം ആലോചിക്കേണ്ട സംഗതിയാണ്‌. അതായത്‌ ജനാസ നമസ്‌കാരം കഴിഞ്ഞാല്‍ മാത്രം ലഭ്യമാവുന്ന സുവര്‍ണാവസരം.

ഭൂമിയില്‍ കുറെക്കാലം ഒരു സ്വര്‍ഗമുണ്ടായിരുന്നത്‌ 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അസ്‌തുവായി. അതങ്ങ്‌ റഷ്യയായിരുന്നു. തേനും പാലും തലങ്ങും വിലങ്ങും ഒഴുകുമ്പോള്‍ കൂട്ടിക്കലര്‍ന്നു പോവാതിരിക്കാന്‍ വരമ്പെടുക്കലായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അന്നത്തെ പണി.

സുകൃതം ചെയ്‌തവര്‍ മാത്രമേ അക്കാലത്ത്‌ റഷ്യയില്‍ ജനിക്കാറുണ്ടായിരുന്നുള്ളൂ. ഇഹത്തിലും സ്വര്‍ഗം പരത്തിലും സ്വര്‍ഗം. ആയൊരൊറ്റക്കാരണം കൊണ്ടുതന്നെ പോപ്പിനു പിടിച്ചില്ല. ഇഹത്തിലെ സ്വര്‍ഗം ഇമ്മിണി ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടാണല്ലോ ചത്തൂ എന്നുറപ്പിച്ചാല്‍ മാത്രം കുഞ്ഞാടുകളോട്‌ സ്വര്‍ഗത്തെപ്പറ്റി ചിന്തിച്ചോളാന്‍ പറഞ്ഞത്‌.

ഭൂമിയില്‍ വേറൊരു സ്വര്‍ഗമുള്ളത്‌ ഇപ്പോ സ്വമേധയാ നരകമാക്കി കണ്‍വേര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ചൈന. ചൈനയിലെ ദരിദ്രപ്രവിശ്യകളിലാവട്ടെ ഏതെങ്കിലും പെണ്ണിന്റെ തലപുറത്തുകണ്ടാല്‍ കഴിഞ്ഞു കഥ. പിന്നെ പൊങ്ങുക ഷാങ്‌ഹായ്‌ സ്വര്‍ഗത്തിലായിരിക്കും. തട്ടിക്കൊണ്ടുപോന്ന പെണ്ണിനെയും കാത്ത്‌ ഷാങ്‌ഹായിലെ വിപ്ലവത്തിന്റെ പട്ടുമെത്തകള്‍ അക്ഷമരായിരിക്കും. അവളെ യഥാവിധി ഉഴുതുമറിച്ചു വിളവെടുപ്പ്‌ കഴിഞ്ഞെന്നുതോന്നിയാല്‍ ജീവനോടെയോ അല്ലാതെയോ അങ്ങോട്ടു വലിച്ചെറിയുക. ഇവിടെയാണെങ്കില്‍ ചിലപ്പോള്‍ പേരിനൊരു പോലീസന്വേഷണമെങ്കിലുമുണ്ടാകും. വ്യാളികള്‍ വേളി കഴിക്കാന്‍ പൊക്കിക്കൊണ്ടുപോയതാണെന്നുകരുതി സമാധാനിക്കുകയാണ്‌ ഏകമാര്‍ഗം. വിപ്ലവം ചിലപ്പോഴല്ല പലപ്പോഴും അതിന്റെ സന്തതികളെയാണ്‌ കൊന്നുതിന്നുക.

കൃസ്‌ത്യാനികളുടെ സ്വര്‍ഗം ചത്താല്‍ കിട്ടുന്ന കാര്യമാണ്‌. അതും ഒട്ടകം സൂചിക്കുഴയിലൂടെ പോകുമെങ്കില്‍ മാത്രമേ ധനികന്‍ സ്വര്‍ഗത്തിലെത്തുകയുള്ളൂവെന്ന്‌ ബൈബിള്‍. ബൈബിളില്‍ പറഞ്ഞ പ്രകാരമാണ്‌ സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമെങ്കില്‍ മാര്‍പ്പാപ്പവരെ പുറത്തുനില്‌ക്കാനാണ്‌ സാദ്ധ്യത. ഏതെങ്കിലും കപ്പ്യാരെങ്ങാന്‍ അകത്തെത്തിയാലായി.

ഭൂമിയില്‍ സമ്പത്തു കുന്നുകൂട്ടുന്നവന്‍ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ ചെകുത്താനാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ ബൈബിളായ മാനിഫെസ്റ്റോ പ്രകാരവും ലോകം ഒരു നരകമാവാനുള്ള കാരണം കേന്ദ്രീകൃത സമ്പത്താണ്‌. അതുകൊണ്ട്‌ സമ്പത്തിന്റെ തുല്യമായ വിതരണം നടക്കണം. സ്വകാര്യസ്വത്ത്‌ കംപ്ലീറ്റ്‌ ഇല്ലാതാവണം. അവനവനാല്‍ കഴിയുന്നത്‌ സമൂഹത്തിനും സമൂഹത്തില്‍നിന്നും അവനവനാവശ്യമുള്ളത്‌ എടുക്കാനും പറ്റുന്ന സുന്ദരമായ അവസ്ഥ.

നല്ല ആശയങ്ങളെല്ലാം നക്ഷത്രങ്ങളെപ്പോലെയാണ്‌. അതൊരുഭാഗത്തുനിന്ന്‌ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും. അങ്ങോട്ടടുക്കാന്‍ നമ്മളെക്കൊണ്ട്‌ പറ്റുകയില്ല. എന്നാല്‍ അതുനോക്കി നമ്മുടെ യാനപാത്രത്തിന്റെ ഗതി നിയന്ത്രിക്കാം. എന്നാല്‍ നക്ഷത്രങ്ങളെ നോക്കി അവിടെയെത്തിയേ അടങ്ങൂ എന്ന വാശിയില്‍ അങ്ങോട്ടുനോക്കി യാത്രതിരിക്കുന്നവരാണ്‌ കോമ്രേഡ്‌സും കുഞ്ഞാടുകളും. മേലോട്ടുനോക്കി താഴേക്കൂടി ഗമിക്കുകയാണ്‌ പതിവ്‌. സ്വാഭാവികമായും ഓടകള്‍ അവര്‍ക്കുള്ളതാകുന്നു. ആമീന്‍. ഓടയില്‍ നിന്ന്‌ എഴുന്നേല്‌ക്കുമ്പോഴേക്കും കോടിപതികളായി മാറുകയാണ്‌ പതിവ്‌. ഓടയില്‍ പതിച്ച അച്ചന്‍മാരുടെ അരമനയും വിലങ്ങനെ വളര്‍ന്നുകൊണ്ടിരിക്കും. അങ്ങിനെ രണ്ടുകൂട്ടര്‍ക്കും ഇഹത്തില്‍ സ്വര്‍ഗം പിന്നാലെ നടക്കുന്ന കുഞ്ഞാടുകള്‍ക്ക്‌ അന്ത്യകൂദാശക്കുശേഷവും. ഭൂമിയില്‍. ഇത്‌ വൃത്തിയായി തെളിച്ചതാണ്‌ കേരളത്തിലെ കോമ്രേഡ്‌സിന്റയും കുഞ്ഞാടുകളുടേയും ഏറ്റവും വലിയ സംഭാവന.

അച്ചന്‍മാരുടെ കയ്യിലെ മാന്ത്രികവിദ്യകളെല്ലാം ഒന്നൊന്നായി വശത്താക്കിയാണ്‌ സഖാക്കളുടെ പ്രയാണം. പറയുന്നത്‌ ചെയ്യണമെന്നുള്ള നിര്‍ബന്ധം അശേഷം അച്ചന്‍മാര്‍ക്കില്ല. വിപ്ലവകാരികള്‍ക്കുമില്ല. ഇന്നൊരബദ്ധം ചെയ്‌താല്‍ ഒരു മുന്നൂറ്‌ നാനൂറു കൊല്ലം കഴിഞ്ഞാല്‍ പരിഹാരം ചെയ്‌താല്‍ മതി. ഭൂമി ഉരുണ്ടതാണെന്ന പറഞ്ഞതിനാണല്ലോ ബ്രൂണോയെ കത്തോലിക്കാസഭ ചുട്ടുകൊന്നത്‌.

കമ്മ്യൂണിസ്‌റ്റുകാരാവുമ്പോ വേറൊരു വഴിയുണ്ട്‌. പാര്‍ട്ടി സിക്രട്ടറിയുടെ മുമ്പിലെ കുമ്പസാരക്കൂട്ടില്‍ കയറി തെറ്റ്‌ ഏറ്റുപറയുക. ബൈബിളില്‍ ഇതിന്‌ സ്വയം വിമര്‍ശനം എന്നുപറയും. അതിനുശേഷം പരസ്‌പരവിമര്‍ശനം. മാവിലാക്കാവിലെ അടിപോലെ ഗ്രൂപ്പായി നിന്ന്‌ പൂരപ്പാട്ട്‌ ആലപിക്കാം, കട്ടതിന്റെ കണക്കുപറയാം, കിട്ടിയ കമ്മീഷന്റെയും നഷ്ടപ്പെടുത്തിയതിന്റെയും കണക്കെടുക്കാം.

പിന്നെ സകല ആദര്‍ശങ്ങളുടെയും പതിനാറടിയന്തിരം അഥവാ പാര്‍ട്ടികോണ്‍ഗ്രസ്‌ എന്നൊരു സംഗതിയുണ്ട്‌. പണ്ടറിയാതെ ചെയ്‌തുപോയ എല്ലാ ശരികളും അതോടുകൂടി തിരുത്തുകയാണ്‌ പതിവ്‌. ഭാവിയില്‍ ചെയ്യേണ്ട തെറ്റുകളുടെ മുന്‍ഗണനാക്രമത്തിലുള്ള ലിസ്റ്റുമുണ്ടാക്കി പിരിയുകയും ചെയ്യും.

പണ്ട്‌ മുണ്ടശ്ശേരിക്ക്‌ ഒരു തെറ്റുപറ്റിയിരുന്നു. മുതലാളി കാശുംവാങ്ങി നിയമിക്കുന്ന മന്ദബുദ്ധിക്ക്‌ അദ്ധ്യാപകന്‍ എന്നപേരില്‍ സര്‍ക്കാര്‍ പാവങ്ങളുടെ നികുതിപ്പണമെടുത്ത്‌ ശമ്പളമായി കൊടുക്കേണ്ടതില്ലെന്ന്‌ ഒരഭിപ്രായം. അല്ലെങ്കില്‍ നിയമനം സര്‍ക്കാര്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ നടത്തണം. ഒരു കവിളത്തുകിട്ടിയാല്‍ മറുകവിളു കാട്ടിക്കൊടുക്കാന്‍ പറഞ്ഞ കര്‍ത്താവിന്റെ അനുയായികള്‍ കൊടുവാളെടുത്തപ്പോള്‍ നമ്പൂതിരിപ്പാടിന്റെ കഥകഴിഞ്ഞു.

മുണ്ടശ്ശേരിക്ക്‌ പറ്റിയ ആ ആനമണ്ടത്തരം രണ്ടാംമുണ്ടശ്ശേരി തിരുത്തി. രൂപതാ പോരെങ്കില്‍ അതിരൂപതാ നിയമനം റെഡി. നമ്മള്‍ പണ്ട്‌ സ്വാശ്രയത്തിനെതിരായിരുന്നു. അഞ്ചെണ്ണത്തിനെ കൂത്തുപറമ്പില്‍ കുരുതിയും കൊടുത്തു. പിന്നെയാണ്‌ സ്വാശ്രയത്തിന്റെ ഗുണം തിരിഞ്ഞത്‌.

മൊയ്‌ചൊല്ലിയതിനെ കെട്ടലാണ്‌ വിപ്ലവമെങ്കില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട വിപ്ലവകാരികളുടെ പറുദീസയാണ്‌ കേരളം. ട്രാക്ടര്‍ വന്നു. ആദ്യം തള്ളി. കൃഷിക്കാരന്‍ വര്‍ഗശത്രു. കായല്‍ കൃഷി കണ്ടുപിടിച്ചതിന്‌ ആദരിക്കപ്പെടേണ്ട മുരിക്കന്‍ കായല്‍ രാജാവ്‌ ആന്റ്‌ നമ്പര്‍ വണ്‍ വര്‍ഗശത്രു. അതു പിടിച്ചുവാങ്ങി വീതിച്ചു. മുരിക്കന്‍ നെഞ്ചുപൊട്ടി മരിച്ചു. കായല്‍ കൃഷി പിന്നെ അറബിക്കടലില്‍. എല്ലാം കഴിഞ്ഞപ്പോള്‍ ട്രാക്ടറിന്‌ വരണമാല്യം ചാര്‍ത്തി പറമ്പിലൂടെഴുന്നള്ളിക്കാന്‍ തുടങ്ങി. ബട്ട്‌ ലേയ്‌റ്റ്‌ മാര്യേജ്‌. ട്രാക്ടര്‍ മാസം തികയാതെ ഇരട്ടപെറ്റു. ഒരാണും ഒരു പെണ്ണും. ആണ്‌ മണ്ണുമാന്തി പെണ്ണ്‌ ടിപ്പര്‍ലോറി. ചെകുത്താന്റെ അതേരൂപം. കോമ്രേഡ്‌സും കുഞ്ഞാടുകളും മാറിമാറി ഉമ്മവച്ചു. കാടെല്ലാം നാടായി. റിസോര്‍ട്ടുകളായി. പാര്‍ട്ടിയോഫീസുകളായി. ഫലമോ നമ്മളു കൊയ്‌തൊരു വയലെല്ലാം കൊട്ടാരങ്ങള്‍ പൈങ്കിളിയേ. കംപ്യൂട്ടര്‍ വന്നു. അടിച്ചുപൊളിച്ചു. എല്ലാരും കെട്ടി മക്കളും അവറ്റകളുടെ മക്കളുമായപ്പോള്‍ നിശ്ചയിച്ചു ഇനി കെട്ടാം. ഇതിനകം നേതാക്കളുടെ മക്കള്‍ അച്ചന്‍മാരുടെ സ്വാശ്രയത്തില്‍ പഠിച്ച്‌ പരാശ്രയ അര്‍ജുനന്‍മാരായി. സാഹചര്യം പോക്കറ്റടിച്ചുപോയ ദരിദ്രവാസികളുടെ പിള്ളേര്‍ കര്‍ണന്‍മാരായി രണഭൂമിയില്‍ ഒടുങ്ങി. ലാല്‍സലാം.

തെറ്റുകള്‍ അച്ചന്‍മാരെ കണ്ടാല്‍ വഴിമാറിനടക്കുന്നതുകൊണ്ട്‌ കുഞ്ഞാടുകള്‍ മാത്രം കുമ്പസാരിച്ചാല്‍ മതി. കുമ്പസാരക്കൂട്ടില്‍ ആളു കൂടുമ്പോള്‍ എപ്പോഴും ചിരിവരുക ചെകുത്താനാണ്‌. ദൈവമുള്ളിടത്തോളം കാലം ചെകുത്താന്‌ തിരിഞ്ഞുനോക്കേണ്ടിവരില്ല. പിന്നെയേ ഭാവിയെക്കുറിച്ചാലോചിക്കേണ്ടതുള്ളൂ. ദൈവത്തിന്റെ മാലാഖയായിരുന്ന അഭയയുടെ ശരീരം ദൈവദാസന്‍മാരുടെ കിണറ്റിലെത്തിയപ്പോള്‍ നമ്മള്‍ കുഞ്ഞാടുകള്‍ വെറുതെ കര്‍ത്താവിന്റെ ആളുകളെ സംശയിച്ചു. സാത്താന്റെ പേരില്‍ കൊലക്കുറ്റത്തിനും ബലാല്‍സംഗത്തിനും കേസെടുക്കുന്നതിനുപകരം വിവരദോഷികള്‍ സത്യംമാത്രം പറയുന്നവരെ നുണപരിശോധനക്കു വിധേയരാക്കി ദൈവനിന്ദയും നടത്തി. ഇപ്പോള്‍ എന്ത്‌ കിളിരൂര്‍ ഏത്‌ കിളിരൂര്‍? എന്ത്‌്‌ വി.ഐ.പി. ഏത്‌ വി.ഐ.പി?

ഉടുതുണിക്ക്‌ മറുതുണിയില്ലാതലഞ്ഞവര്‍ കോടികളുടെ ആസ്ഥിയുമായി നില്‌ക്കുമ്പോള്‍ കുഴിമാടത്തിലെ മാര്‍ക്‌സിന്റെ അസ്ഥികള്‍ കൂടി അസ്വസ്ഥമാവുന്നുണ്ടാവണം. അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള കോഴക്കോളേജുകളുടെ എണ്ണം കാണാനെങ്കിലും കര്‍ത്താവ്‌ ഒന്നുകൂടി ഉയിര്‍ത്തെഴുന്നേറ്റെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെച്ചപ്പെട്ടത്‌ കുരിശിലുള്ള കിടപ്പുതന്നെയെന്ന്‌ തീരുമാനിക്കുമായിരുന്നു.

അതുകൊണ്ട്‌ രണ്ടുകൂട്ടരും എന്തിന്‌ പോരടിക്കുന്നു? എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം യോജിപ്പിന്‍ മേഖലകള്‍. ലക്ഷ്യവും ഒന്ന്‌ മാര്‍ഗവും ഒന്ന്‌. ലക്ഷ്യം ധനം മാര്‍ഗം ഏതും. എല്ലാം കൊണ്ടും ഇനി ഒരു കാരണത്തിനുമാത്രമേ സാദ്ധ്യതയുള്ളൂ. ഒരു കൂട്ടില്‍ രണ്ടു സിംഹം പാടില്ലെന്ന പൊതുനയം. അല്ലെങ്കില്‍ ആശാരിക്ക്‌ ആശാരീനെ കണ്ടൂകൂടെന്ന സാമാന്യനീതിബോധം.

അപ്പോ തീര്‍ച്ചയായും സമവായത്തിന്റെതായ ഒരു വഴിയുണ്ട്‌. മായാവതി കണ്ടെത്തിയ വഴി. കേരളം അങ്ങോട്ട്‌ വിഭജിക്കുക. തെക്കുഭാഗം കുരിശുകേരളം അഥവാ ചെങ്കൊടികേറാമൂല എന്നും വടക്കന്‍ കേരളം ചെങ്കേരളം അഥവാ കുരിശുകേറാമൂല എന്നും നാമകരണം ചെയ്യുക. രണ്ടുകൂട്ടരും മതിവരുവോളം അനുഭവിക്കട്ടെ. തീയ്‌ക്ക്‌ വിറകുമതിയായ ചരിത്രമില്ല. കള്ളന്‌ കളവ്‌ മടുത്തതും. എന്നാലും ഒരു സമാധാനത്തിനായെങ്കിലും അങ്ങിനെ കരുതുക.
(വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക്‌ നിത്യനെ കൈപിടിച്ചുനയിച്ച, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച അച്ഛന്റെ സ്‌മരണയ്‌ക്കുമുന്നില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു. ജനുവരി 22ന്‌ അന്ത്യശ്വാസം വലിച്ച പിതാവിന്‌, സഖാവിനുള്ള മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍. സഖാവേ ലാല്‍സലാം.)