November 03, 2011

മൂപ്പന്‍സായ്‌വിന്റെ മയ്യഴി, മൂക്കാത്തസായ്‌വിന്റെയും


മയ്യഴി ഇപ്പോള്‍ ഘനഗംഭീരമായി ഒരു വിഷയം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. മാഹി കോളേജില്‍ ശരാശരി ഒരദ്ധ്യാപകന്‍ രണ്ടു പിള്ളേരെ പഠിപ്പിച്ചാല്‍ മതിയോ അതോ  കൂടുതല്‍ പിള്ളാരെ പിഴപ്പിക്കണമോ എന്ന ന്യായമായ സംശയം. മയ്യഴിയിലെ മൂക്കാത്ത സായ്പന്‍മാരെല്ലാംകൂടി കൂലംകഷമായി ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. കേരളത്തിലെ കുട്ടികള്‍ മൊത്തം പ്രശ്‌നക്കാരായതുകൊണ്ട് ഒരെറ്റയെണ്ണത്തിനെയും അങ്ങോട്ടു കയറ്റി കലാശാല കലാപശാലയാക്കരുതെന്ന നല്ല സൊയമ്പന്‍ തീരുമാനം. 

നിത്യന്റെ അറിവുവച്ച് പണ്ടുപണ്ടേ കേരളത്തില്‍ കന്യാകുമാരിമുതല്‍ പാറശ്ശാലവരെയുള്ള ഒരു കോളേജിലും അഡ്മിഷന്‍ കിട്ടാന്‍ സാദ്ധ്യതയില്ലാത്ത മയ്യഴിനിവാസികളാണ് മാഹികോളേജിലേക്ക് അപേക്ഷ  പൂരിപ്പിക്കുക. എസ.്എസ്.എല്‍.സിക്ക് 210ല്‍ ഉന്നതവിജയം കരസ്ഥമാക്കിയ മയ്യഴിനിവാസികള്‍ ഫസ്റ്റുഗ്രൂപ്പിനുതന്നെ പോയി ചേരും. അതായത് മിഷ്യന്‍കല്ലെടുക്കുവാനുള്ള തുമ്പിയുടെ ഒരു എളിയശ്രമം. ഗണിതശാസ്ത്രത്തിന്റെ അഭിന്ന്യതിക്കായി നമ്മളെക്കൊണ്ട് കാര്യമായൊന്നും സംഭാവന ചെയ്യാനില്ലെന്ന ബോധോദയം ആദ്യത്തെ ക്ലാസോടുകൂടി സംഭവിക്കും. പിന്നെ നിലവിലുള്ള വ്യവസ്ഥിതിയില്‍ ഏറ്റവും നല്ലത് മറ്റു സുകുമാരകലകളില്‍ പ്രാവീണ്യം നേടി രണ്ടുകൊല്ലം കൊണ്ടു പുറത്തുകടക്കുകയാണ്. അങ്ങിനെ ഉത്തമവിദ്യാര്‍ത്ഥികളുടെ സമൂഹം കോളേജിനുണ്ടാക്കിയ സല്‍പേര് ഇപ്പോള്‍ അദ്ധ്യാപന്‍ ഒന്നുക്ക്  വിദ്യാര്‍ത്ഥി രണ്ട് എന്ന അനുപാതത്തിലെത്തിനില്‍ക്കുകയാണ്.

ഗുരുവായൂരപ്പന്റെ കഴിഞ്ഞ കൊല്ലത്തെ പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റു നോക്കിയിട്ടല്ല അടുത്ത കൊല്ലത്തെ നടവരവ്.  സരസ്വതീദേവിയുടെ ക്ഷേത്രമാണ്. അവിടുത്തെ ഊരാളന്‍മാര്‍ക്ക് യു,ജി.സി. സ്‌കെയിലിലുള്ള നടവരവ് മുടങ്ങാതെയെത്തിക്കുക കേന്ദ്രന്റെ ഉത്തരവാദിത്വമാണ് അഥവാ മൂപ്പന്‍സായ്‌വിനോടുള്ള ഉപകാരസ്മരണയാണ്.   അതു മുടങ്ങാതെ കൊടുത്തയക്കുകയും ചെയ്യുന്നു.  വിവരമില്ലായ്മ മൗലികാവകാശമായി ചിലര്‍ കരുതുന്നതുകൊണ്ടാണ് വിവരാവകാശനിയമം തന്നെ നമുക്കു പാസാക്കേണ്ടിവന്നത്. അതുപ്രകാരം കിട്ടിയ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തലങ്ങും വിലങ്ങും പാറിനടക്കുമ്പോള്‍ മറനീക്കി പുറത്തുവരുന്നതോ അന്ധമായ പ്രാദേശികവാദത്തിന്റെ സുവര്‍ണരേഖകളും.

ഇനി ഒരല്പം ചരിത്രപശ്ചാത്തലം. മൂപ്പന്‍സായ്‌വിന്റെ  പ്രേതം ആവേശിച്ച ചില്ലറയാളുകളാണ്് മയ്യഴിയുടെ മുതല്‍ക്കൂട്ട്.  കറുമ്പിയമ്മമാരുടെയും കണാരിമാരുടെയും ബോധത്തിന്റെ പാതാറില്‍ മയ്യഴിയുടെ ഹൃദയം ഇന്നും കുടികൊള്ളുന്നത് അങ്ങ് പ്രാന്‍സിലാണെന്നു തോന്നാറുണ്ട്്. ഒരുനാള്‍ സഞ്ജയനോടു മരുമകന്‍ ചോദിച്ചു. 'നമ്മള്‍ വലിയമാടാവില്‍ തറവാട്ടുകാര്‍ക്ക് സര്‍പ്പവിഷം ഏല്ക്കുകയില്ലാന്ന് സ്‌കൂളില്‍ എല്ലാരും പറയുന്നുണ്ട്്, നേരാണോ അമ്മാമാ'?   നാട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാമ്പിനതറിയോ എന്ന കാര്യത്തില്‍ മാത്രമാണൊരു സംശയം എന്നായിരുന്നു സഞ്ജയന്റെ മറുപടി.  പ്രാന്‍സിലെ സായിപ്പിന്റെ സ്ഥിതിയും ആ പാമ്പിന്റേതില്‍ നിന്നും ഏറെ വ്യത്യസ്തമാവാനുള്ള സാദ്ധ്യതയൊന്നുമില്ല.
 കുമാരന്‍മാഷെപ്പോലുള്ള 'വിവരദോഷികള്‍' ഫ്രാന്‍സേ കിത്തേ മാഹി ആഞ്ഞു വിളിക്കാന്‍ തുടങ്ങി. മനസ്സമാധാനത്തോടെ രണ്ടുപെഗ്ഗും വിട്ട് മയ്യഴിയിലെ കാറ്റുകൊള്ളാന്‍ പറ്റാത്ത സ്ഥിതി മാഷും കുട്ട്യേളും കൂടി ഉണ്ടാക്കിയപ്പോള്‍ സായിപ്പ് ആഞ്ഞുതുഴഞ്ഞൂവെന്നു ചരിത്രം. 

മയ്യഴിയെ കേരളത്തോടു ലയിപ്പിക്കണമെന്നു പറഞ്ഞ മയ്യഴിഗാന്ധിക്ക് ആയുസ്സിന്റെ ബലം കൊണ്ടുമാത്രമായിരിക്കണം മഹാത്മാഗാന്ധിയുടെ വിധി ഏതായാലുമുണ്ടായില്ല. 
പോവാന്‍ കാലത്ത് മൂപ്പന്‍ സായ്‌വ് മയ്യഴിയിലെ തന്റെ പ്രജകളെ വിളിച്ചുകൂട്ടി. ഫ്രഞ്ച് പൗരന്‍മാരായി തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ കൈപൊക്കുവാന്‍ ആജ്ഞാപിച്ചു.  സായിപ്പിന്റെ കല്പനയും അതിന്റെ തര്‍ജ്്ജുമയും ഫ്രഞ്ചിലായിരുന്നതുകൊണ്ട് സംഗതി എല്ലാവര്‍ക്കും അസ്സലായി മനസ്സിലായി. പറഞ്ഞതിന്റെ അര്‍ത്ഥമെന്നോണംം സായിപ്പിന്റെ കയ്യുയര്‍ന്നതോടെ പലകൈകളും മൂപ്പന്‍സായിപ്പിന്റേതിനെക്കാളും അന്തസ്സായി ഉയര്‍ന്നു.  അവര്‍ കപ്പലുകയറി. 

കുമാരന്‍മാഷെപ്പോലെയുള്ള 'ദേശദ്രോഹികള്‍' ആ ശുഭമുഹൂര്‍ത്തത്തിലും ഭാരത്മാതാ കീ ജയ് ആഞ്ഞുവിളിച്ചു മൂപ്പനെ അപമാനിച്ചൂവെന്നുമാണ് ഐതിഹ്യം.
 അന്ന് കപ്പലുകയറിയ നിരക്ഷരകുക്ഷികള്‍ കോട്ടും സൂട്ടും ടൈയ്യും നെഞ്ചത്തൊരു ട്രാന്‍സിസ്റ്ററുമായി മയ്യഴിമണ്ണില്‍ തിരിച്ചെത്തി.  കേരളത്തില്‍ പേരുകേട്ട 'ലക്ഷം' ഗോവിന്ദന്‍നായരുടെ ലക്ഷം വീടാണെങ്കില്‍ മയ്യഴിയെ ഫെയ്മസാക്കിയതാവട്ടെ മൂപ്പന്‍സായ്്പിന്റെ ലക്ഷം പെന്‍ഷനാണ്്. ലക്ഷത്തിന്റെ പെന്‍ഷനും പതിനായിരങ്ങളുടെ തൊഴിലില്ലായ്മാവേതനവും മുടങ്ങാതെ വരവായതോടെ രാജ്യദ്രോഹികളൂടെ അന്തസ്സ് തീപ്പെട്ടി കണ്ട എലിബാണം പോലെ കുതിച്ചുയര്‍ന്നു. ദേശസ്‌നേഹികളുടേത് പടവലം പോലെ താഴോട്ടും.

പ്രാന്‍സ് കണ്ടെന്നും കണ്ടത്  പ്രാന്‍സല്ല ആഫ്രിക്കയിലെ സായ്പിന്റെ ഏതോ കോളനിയാണെന്നും പലരും കരുതുന്ന ഫ്രഞ്ചുപൗരന്‍മാര്‍ മയ്യഴിയില്‍ ആഘോഷിക്കുന്നത് ഫ്രഞ്ച് സ്വാതന്ത്ര്യദിനമാണ്.  ടാഗോര്‍ പാര്‍ക്കിലെ മറിയാന്ന് പ്രതിമക്ക് അഭിവാദ്യമര്‍പ്പിക്കലും ഫ്രഞ്ചുദേശീയഗാനം മര്‍സ്യലേഴ്‌സ് ആലപിക്കലുമാണ് കലാപരിപാടി. കുറച്ചുകൊല്ലങ്ങള്‍ മുന്നേ തലയ്ക്കുവെളിവുള്ളവരോ അതോ വെളിവറ്റവരോ ആരോ മരിയാന്നെ മാറ്റി അറബിക്കടലിലേക്ക് ഇളക്കി പ്രതിഷ്ഠിച്ചതിനുശേഷം ചടങ്ങിന്റെ ഗതിയെന്തായി എന്നത് നിത്യന് നല്ല നിശ്ചയമില്ല.  
  
മൂവായിരം കൊല്ലം ശുനകരുമായുള്ള സഹവാസമുണ്ടായിട്ടും നന്ദിയെന്തെന്നറിയാത്ത ജീവിയാണ് മനുഷ്യന്‍. പോരാത്തതിന് വാലില്ലാതെതന്നെ അതാട്ടാനും പഠിച്ചു.  ദോഷം പറയരുതല്ലോ അതേ തിയറി ഓഫ് സഹവാസം വച്ച് സായിപ്പിന്റെ ഗുണഗണങ്ങളൊന്നും നമ്മുടെ അരിയപെരിയെ പോയില്ല. കൊള്ളരുതായ്മകളാവട്ടെ ഒന്നൊഴിയാതെ കിട്ടുകയും ചെയ്തു. പുതുച്ചേരിയുമായുള്ള സംബന്ധം വഴി തമിഴന്റെ ദുശ്ശീലങ്ങളും കൂടിയായപ്പോള്‍ പിന്നെ തിരഞ്ഞുനോക്കേണ്ടിവന്നില്ല. സ്വാഭാവികമായും സംഭവിക്കാവുന്നത്  ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. 

കേരളത്തിലും തമിഴകത്തുമെല്ലാം അഞ്ചുകൊല്ലം വീതം നടക്കുന്ന മാമാങ്കത്തിലെ അധികാരക്കൈമാറ്റം കേന്ദ്രഭരണപ്രദേശങ്ങളില്‍ അത്രകണ്ട് നടക്കാത്തൊരു സംഗതിയാണ്. മൂപ്പന്‍ ചത്താല്‍മാത്രം  വഴിക്രമത്തില്‍ മക്കളും അവറ്റകളുടെ മക്കളും രാജാവാകാനുള്ള സംവിധാനമില്ലാത്തത് ജനാധിപത്യത്തിന്റെ ഒരു പോരായ്മയാണെന്ന അഭിപ്രായമേ മയ്യഴിയിലെ വിനീതവിധേയന്‍മാര്‍ക്കുള്ളൂ. 

മയ്യഴിയിലെ സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായതിനാല്‍ അപേക്ഷിക്കുന്നവര്‍  മയ്യഴിയിലെ പ്രജകളായിരിക്കണം. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും കലാലയത്തിലേക്കും പ്രവേശനത്തിനും റസിഡന്‍സി നിര്‍ബന്ധം. ഒരു പാട് അദ്ധ്യാപകരും അദ്ധ്യാപകേതരും സേവിക്കുന്ന പെരിയ സ്‌കൂളുകളില്‍ മണി നീട്ടിയടിച്ചാല്‍ ചിതറുന്ന പിള്ളാരുടെ എണ്ണത്തെക്കാള്‍ ലേശം കൂടുതല്‍ മയ്യഴിയിലെ വലിയ തറവാടുകളിലുണ്ട്. അവിടുത്തെ മാഷമ്മാരും ടീച്ചറുമാരും ഏതായാലും വെറുതേ വന്ന് ശമ്പളം പറ്റുകയല്ലേ അതുകൊണ്ട് ഞങ്ങളുടെ ദാസനെയും ചന്ദ്രികയെയും അവിടെ ചേര്‍ത്തോട്ടെ എന്നാരെങ്കിലും ചോദിച്ചാല്‍ തീര്‍ന്നു കഥ. മൂക്കാത്ത സായ്‌വും റാന്‍മൂളികളും പാസാക്കിയ നിയമം വച്ച് കേരളത്തിലെ പിള്ളേര്‍ അലമ്പുകളാണ്. മഹാ അലമ്പുകള്‍. സകലം അലങ്കോലപ്പെടുത്തുവാന്‍ മാത്രം ജന്മമെടുത്ത അസുരവിത്തുകള്‍. 

ഇനി മാഹിയിലെ കുട്ടികളോ?  ഒരു സുഹൃത്തിന്റെ ഫെയ്‌സ്ബുക്കു കമന്റുപോലെ രാത്രി  ലോഡുകണക്കിന് കോഴികള്‍  കേരളത്തില്‍ നിന്നു മയ്യഴിയിലെത്തും പകല്‍ കാറുകണക്കിനു പിള്ളേര്‍ മയ്യഴിയില്‍ നിന്നു കേരളത്തിലുമെത്തും. കൃത്യമായി പാലളന്നിട്ടും ഒരു പാലുകൊടുക്കയ്ക്കുള്ള പിള്ളേര്‍ സ്‌കൂളുകളില്ലെങ്കിലും കോളേജുകളിലില്ലെങ്കിലും ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. തറവാട്ടിലെ തേങ്ങ പാട്ടം കൊടുത്തുണ്ടാക്കിയ ഫണ്ടൊന്നുമല്ലല്ലോ?  എടുക്കുന്നതോ ഭാരതം മുയ്മനുമുളള നികുതിദായകരുടെ പണം. കൊടുക്കുന്നതോ നമ്മുടെ പ്രജകള്‍ക്കും എന്ന വിശാല കാഴ്ചപ്പാടാണ്.   

നിന്നോതിക്കോന്‍ മുള്ളുന്നേരം ഉണ്ണികള്‍ മരമേറീം മുള്ളും എന്നു നമ്പ്യാരു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.  തറവാടുവക ക്ഷേത്രത്തില്‍ വിശ്വാസം അശേഷമില്ലാത്ത അദ്ധ്യാപകര്‍ സ്വന്തം മക്കളെ കാറില്‍ കയറ്റി അതിര്‍ത്തികടത്തുമ്പോള്‍ പിന്നെ പൊതുജനം എന്തു ധൈര്യത്തിലാണ് കുട്ടികളെ അങ്ങോട്ടയക്കുക.  'എന്‍ മകന്‍ ഇംഗ്ലീഷുപഠിച്ചീടുവാനായ്/ എന്‍ ഭാര്യതന്‍ പ്രസവം തന്നെയങ്ങ് ഇംഗ്ലണ്ടിലാക്കി ഞാന്‍' എന്നു കുഞ്ഞുണ്ണി പാടിയത് പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഒരേയൊരു വിഷമം മാത്രമാണ് പലര്‍ക്കും. 

ഭാരതമെന്നാല്‍ ഇവിടെ പലര്‍ക്കും ഒമ്പത് സ്‌ക്വയല്‍ കിലോമീറ്റര്‍ പ്രദേശമാണ്. തെക്ക് കോഴിക്കോടുരാജ്യം വടക്ക് കണ്ണൂര്‍ രാജ്യം നടുക്ക് അറബിക്കടലും. അറബിക്കടലുള്ളതുകൊണ്ട് ഉപ്പടക്കം സകലമാന വിഭവങ്ങളും കൊണ്ട് സമ്പല്‍ സമൃദ്ധമായ ഭൂവിഭാഗം എന്ന ധാരണ വേറെയും.  

അമേരിക്കയിലെ അമീഷുകളെ വയനാട്ടിലെ ആദിവാസികളെ വടകരയിലെ സിദ്ധസമാജക്കാരെ നിത്യന് അപാര ബഹുമാനമാണ്. കാരണം അവര്‍ക്കു ജീവിക്കാന്‍ നമ്മുടെ സഹായം ആവശ്യമില്ല. ഒരുപകാരവും അവര്‍ക്കായി നമ്മള്‍ ചെയ്യേണ്ടതുമില്ല. അവരാവശ്യപ്പെടുന്ന ഒരേയൊരു ഉപകാരം നമ്മളായിട്ട് ഉപദ്രവമുണ്ടാക്കാതിരിക്കുക മാത്രമാണ്. അവര്‍  സുഭിക്ഷം കഴിഞ്ഞുകൊള്ളും. മയ്യഴിപ്പുഴയിലെ മലിനവെള്ളവും അറവുമാലിന്യവുമല്ലാതെ സ്വന്തമായി വേറൊന്നുമില്ലാത്ത പ്രദേശത്തിന്റെ അതേ നിലപാട് കേരളവും കൈക്കൊണ്ടാല്‍ പിന്നെ മയ്യഴിയെ കരകയറ്റാന്‍ പവര്‍ഫുള്‍ പരശുരാമന്‍മാര്‍ നിരന്നുനിന്ന് മഴുവെറിയേണ്ടിവരും.

 കേരളത്തിലെ കുട്ടികളെ പ്രവേശിപ്പിക്കാതിരിക്കാനുള്ള കാരണം ഭാവി ക്രമസമാധാന പ്രശ്‌നങ്ങളാണെങ്കില്‍ കേരളത്തിന് മാസാമാസം മയ്യഴി കൊടുക്കേണ്ട നഷ്ടപരിഹാരം അമേരിക്കക്ക് ഗദ്ദാഫി കൊടുത്തതിലും വലിയ സംഖ്യയായിരിക്കും. പോണ്ടിവാറ്റടിച്ച് നിലം പരിശായവരുടെയും കുടുംബം കൊട്ടത്തേങ്ങയായവരുടേയും നിന്നനില്പില്‍ കാറ്റുപോയവരുടെയും കണക്കുകളുടെ നീളം ഏതാണ്ട് എന്‍.എച്ച് 47 ന്റെ അത്രകാണും.  പിന്നെ സാദാ അടിയില്‍ കൊഴിഞ്ഞ പല്ലുകളുടെ എണ്ണം, ഏറില്‍ പോയ കണ്ണുകളുടെ എണ്ണം, കത്തിക്കുത്തില്‍ പുറംലോകം കണ്ട കുടലുമാലകളുടെ നീളം, ബോബേറില്‍ ചിതറിയ തലകളുടെ എണ്ണം എല്ലാം കരളം നിരത്തിയാല്‍ നഷ്ടപരിഹാരം നല്കാനായി കേന്ദ്രത്തിനുമുന്നില്‍ പുതുച്ചേരിയെ ലേലത്തിനുവെക്കലേ മാര്‍ഗമുണ്ടാവുകയുള്ളൂ. 

മൂപ്പന്‍സായ്‌വിന്റെ അനുഗ്രഹമായിരിക്കണം. കേരളം ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി അറിഞ്ഞതാണെങ്കില്‍ ക്ഷമിച്ചതായിരിക്കാം. വിവരം ദാരിദ്ര്യരേഖയ്ക്ക് താഴെയായവരോട് ക്ഷമിക്കുക വിവേകശാലികളുടെ ഉത്തരവാദിത്വം കൂടിയാണ്. കുടിവെള്ളത്തിന് അഞ്ചരക്കണ്ടിപ്പുഴ ആരോടും ഇന്നുവരെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ചോദിച്ചതായി അറിവില്ല. പുഴയൊഴുകും വഴി വേറെയായില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ടും ചോദിക്കുമെന്നു ഭയവും വേണ്ട. ലാല്‍സലാം.

1 comment:

NITHYAN said...

മയ്യഴിയിലെ മൂക്കാത്ത സായ്പന്‍മാരെല്ലാംകൂടി കൂലംകഷമായി ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. കേരളത്തിലെ കുട്ടികള്‍ മൊത്തം പ്രശ്‌നക്കാരായതുകൊണ്ട് ഒരെറ്റയെണ്ണത്തിനെയും അങ്ങോട്ടു കയറ്റി കലാശാല കലാപശാലയാക്കരുതെന്ന നല്ല സൊയമ്പന്‍ തീരുമാനം.